'രാഹുല്‍ ഗാന്ധിക്കു ഞങ്ങള്‍ ഉറപ്പു കൊടുത്തു; സ്ഥാനാര്‍ത്ഥിയാക്കാന്‍ ഗ്രൂപ്പ് നോക്കില്ല'

ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥ ഇവിടെയുണ്ടെന്ന് ഇതുപോലെ സ്വപ്നലോകത്തു നിന്നുകൊണ്ട് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ
മുല്ലപ്പള്ളി രാമചന്ദ്രൻ
മുല്ലപ്പള്ളി രാമചന്ദ്രൻ

അഞ്ചുവര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന എല്‍.ഡി.എഫ് മുന്‍പില്ലാത്തവിധം പ്രതീക്ഷവയ്ക്കുന്നത് ഭരണത്തുടര്‍ച്ചയിലാണ്. യു.ഡി.എഫും കോണ്‍ഗ്രസ്സും എങ്ങനെയാണ് ആ പ്രതീക്ഷയെ കാണുന്നത്? 

രണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ കാലാവസ്ഥ ഇവിടെയുണ്ടെന്ന് ഇതുപോലെ സ്വപ്നലോകത്തു നിന്നുകൊണ്ട് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി പറയേണ്ടത് അവരുടെ ഭരണകാലത്തെ നേട്ടങ്ങളാണ്. ഞങ്ങള്‍ അഞ്ചുവര്‍ഷംകൊണ്ട് ഈ കാര്യങ്ങളൊക്കെ ചെയ്തു എന്ന് എണ്ണിയെണ്ണി പറയാന്‍ കഴിയണം. പക്ഷേ, ചങ്കൂറ്റത്തോടെ നേട്ടങ്ങളെക്കുറിച്ചു സംസാരിക്കാന്‍ ഇവര്‍ക്കു കഴിയില്ല. എല്ലാ തലങ്ങളിലും ഗുരുതരവും വ്യാപകവുമായ അഴിമതി. സ്വര്‍ണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെത്തന്നെ അറസ്റ്റുചെയ്തു ജയിലിലാക്കി. വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നിട്ടുപോലും വന്‍തുക ശമ്പളം കൊടുത്ത് ഐ.ടി മിഷനില്‍ നിയമിച്ച സ്ത്രീയാണ് ആ കേസിലെ മറ്റൊരു മുഖ്യകണ്ണി. വലിയൊരു ഉപജാപകവൃന്ദം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു എന്നു സംശയിക്കത്തക്ക സ്ഥിതി. മുഖ്യമന്ത്രിക്ക് ഇതില്‍നിന്നു കൈകഴുകി ഒഴിയാന്‍ സാധിക്കില്ല. 

മറ്റൊന്ന് മയക്കുമരുന്ന് കേസ്. അതിലെ പ്രധാന പ്രതികളിലൊരാള്‍ സി.പി.എമ്മിന്റെ യഥാര്‍ത്ഥ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന ചരിത്രമുള്ള നേതാവും സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ മെമ്പറുമാണ് അദ്ദേഹം. മകന്‍ രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ കാത്തിരിക്കുന്ന സ്ഥിതി. എവിടെയാണ് ഈ പാര്‍ട്ടി എത്തിയിരിക്കുന്നത്? ഇതുപോലെ ധാര്‍മ്മികച്യുതിയില്‍ ഈ പാര്‍ട്ടി മാത്രമല്ല, മറ്റൊരു പാര്‍ട്ടിയും മുന്‍പ് എത്തിയിട്ടില്ല. ഏതു മേഖലയിലാണ് ജനങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്തതിന്റെ അവകാശവാദം അവര്‍ക്ക് ഉന്നയിക്കാന്‍ കഴിയുക? യുവാക്കള്‍ക്കുവേണ്ടി, ഉദ്യോഗം കാത്തിരിക്കുന്നവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ അല്ലെങ്കിലും ഈ സര്‍ക്കാരിനോടു ചോദിക്കേണ്ട ഒരു ചോദ്യമാണ്. ഈ സമരം ചെയ്തവരില്‍ വലിയൊരു വിഭാഗം കോണ്‍ഗ്രസ് അനുഭാവികളല്ല, ഇടതുപക്ഷ ചിന്താഗതിയുള്ള കുടുംബങ്ങളില്‍നിന്നു വന്നവരാണ്. സമരമുഖത്തു നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അവര്‍ പി.എസ്.സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ വന്നവരാണ്. 

തൊഴിലില്ലായ്മയുടെ കാര്യത്തില്‍ ദേശീയ ശരാശി ആറു ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ അത് 11.4 ശതമാനം. 43.3 ലക്ഷം യുവജനങ്ങളാണ് എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അത്രയും രൂക്ഷമാണ് തൊഴിലില്ലായ്മ; അതും അഭ്യസ്തവിദ്യര്‍. പഠിച്ചു പി.എസ്.സി പരീക്ഷ എഴുതിയവര്‍ക്ക് ജോലി ഉറപ്പില്ലാത്ത സ്ഥിതി; പകരം പിന്‍വാതില്‍ നിയമനങ്ങള്‍. കേരളത്തിലെ പി.എസ്.സി പ്രശസ്തമായിരുന്നു, ഇന്ത്യയ്ക്കു മാതൃകയായിരുന്നു. മഹാരഥന്മാരായ ആളുകള്‍ അതിന്റെ തലപ്പത്ത് ഇരുന്നിട്ടുണ്ട്. പരാതികള്‍ ആര്‍ക്കുമുണ്ടായിട്ടില്ല. പിന്നീട് ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് ദാനംചെയ്ത് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന രീതി ഉണ്ടായപ്പോള്‍ അതു പാടില്ല എന്നു നിലപാടെടുത്തത് കോണ്‍ഗ്രസ് ഗവണ്‍മെന്റാണ്. നരേന്ദ്ര മോദി എങ്ങനെയാണോ കേന്ദ്രത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തച്ചുടച്ചുകൊണ്ടിരിക്കുന്നത് അതേ വിധത്തിലാണ് ഇവിടെ പിണറായി വിജയന്‍ സംശുദ്ധവും സത്യസന്ധവുമായി പ്രവര്‍ത്തിച്ചിരുന്ന പി.എസ്.സിയെ നശിപ്പിക്കുന്നത്. ഇവര്‍ ഇരട്ട സഹോദരങ്ങളാണെന്ന് അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത്. രണ്ടുപേരും ഫാസിസ്റ്റു മനോഭാവമുള്ളവരാണ്; രണ്ടുപേരും ഏകാധിപതികളെപ്പോലെ പെരുമാറുന്നവരാണ്; രണ്ടുപേര്‍ക്കും ജനങ്ങളോടു പ്രതിബദ്ധതയില്ല. 

പ്രതിപക്ഷം സര്‍ക്കാരിനെതിരെ നിരവധി വിഷയങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണമായാണ് സി.പി.എമ്മും എല്‍.ഡി.എഫും അവയെ കണ്ടത്. പ്രതിപക്ഷം കൊവിഡ് കാലത്തുപോലും സര്‍ക്കാരിനെ കാരണമില്ലാതെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചു എന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പുരംഗത്ത് യു.ഡി.എഫ് ഇതിനെ എങ്ങനെയാണ് പ്രതിരോധിക്കുക? 

പ്രതിപക്ഷത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കാനും സര്‍ക്കാരിനെതിരായ കാര്യങ്ങള്‍ അവതരിപ്പിക്കാനും ജനാധിപത്യപരമായ അവസരം കിട്ടുന്ന വേദിയാണ് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന നിയമനിര്‍മ്മാണ സഭ. ഈ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കാര്യക്ഷമതയും ഉത്തരവാദിത്വവുമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. പ്രതിപക്ഷമാണ് വിഷയങ്ങളൊക്കെ കൊണ്ടുവന്നത്. സ്പ്രിംഗ്ലറാകട്ടെ, ലൈഫ് മിഷനാകട്ടെ, ബവ്റിജസ് കോര്‍പ്പറേഷന്‍ അഴിമതിയാകട്ടെ എല്ലാം ഞങ്ങളാണ് പുറത്തുകൊണ്ടുവന്നത്. ഇവിടെ ബ്രൂവറികള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി കേരളത്തെ മദ്യത്തില്‍ മുക്കാനായിരുന്നു സര്‍ക്കാരിന്റെ പരിപാടി. ഞങ്ങളാണത് നടക്കാന്‍ അനുവദിക്കാതിരുന്നത്. ഓരോരോ വിഷയങ്ങളിലും ഞങ്ങള്‍ സമരമുഖത്താണ്; കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നിങ്ങനെ ഞങ്ങളുടെ ഒരു സംഘടനയും വിശ്രമിച്ചില്ല. 

കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഞാനും ഈ ഗവണ്‍മെന്റിനെ കൃത്യമായി വിലയിരുത്തി സത്യസന്ധമായി വിമര്‍ശനം ഉന്നയിച്ചാണ് മുന്നോട്ടു പോകുന്നത്. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വവും ദൗത്യവും നിറവേറ്റുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് എന്ന് അവര്‍ പറയുന്നത് തുറന്നുകാട്ടപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ്. പ്രതിപക്ഷം പിന്തുണ നല്‍കേണ്ട സന്ദര്‍ഭങ്ങളിലൊക്കെ സര്‍ക്കാരിനു പിന്തുണ നല്‍കിയിട്ടുമുണ്ട്. പക്ഷേ, ജനവിരുദ്ധ സര്‍ക്കാരിന് ഓശാന പാടലല്ല പ്രതിപക്ഷ ധര്‍മ്മം.

കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം അഭിമുഖീകരിച്ച വെല്ലുവിളികള്‍ കേരളം മുന്‍പ് കാണാത്തവയാണ്. രണ്ടു പ്രളയങ്ങള്‍, ഓഖി കൊടുങ്കാറ്റ്, നിപ, ഇപ്പോഴും അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊവിഡ്. ഈ പ്രതിസന്ധിഘട്ടങ്ങളില്‍ പ്രതിപക്ഷം ജനപക്ഷത്തല്ല നിന്നത് എന്നാണ് വാദം. അത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ എന്തായിരിക്കും മറുപടി? 

ഈ ചോദ്യം ചോദിച്ചതു നന്നായി. സത്യത്തില്‍ ഈ ഗവണ്‍മെന്റ് വന്നപ്പോള്‍ മുതല്‍ കേരളത്തിനു ദുരിതങ്ങളാണ്. ഓഖി കൊടുങ്കാറ്റിന്റെ ദുരിതത്തില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ആദ്യത്തെ ഒരാഴ്ച ഇവിടെയൊരു സര്‍ക്കാരിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കണ്ടില്ല. സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നു. ഒരാഴ്ച കഴിഞ്ഞു മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളില്‍ പോയപ്പോള്‍ ജനം തടഞ്ഞില്ലേ. മാധ്യമപ്രവര്‍ത്തകരോടു മുഖ്യമന്ത്രി പറഞ്ഞതുപോലെ മുഖ്യമന്ത്രിയോടു പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു, കടക്കു പുറത്ത് എന്ന്. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്നതിന്റെ സങ്കടമാണ് അവര്‍ തീര്‍ത്തത്. 

അതുകഴിഞ്ഞ് രണ്ടു പ്രളയങ്ങള്‍ ഉണ്ടായി. രണ്ടും മനുഷ്യനിര്‍മ്മിതമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡാമുകളില്‍ അമിത അളവില്‍ നിറഞ്ഞ വെള്ളം വേണ്ട സമയത്തു തുറന്നുവിടാതെ വൈദ്യുതി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം മാത്രം വച്ചുകൊണ്ട് നിലനിര്‍ത്തി. അത് ഡാം മാനേജ്മെന്റിന്റെ പ്രാഥമിക തത്ത്വങ്ങള്‍ക്കുതന്നെ എതിരായ പ്രവൃത്തിയായിരുന്നു. പിന്നീട്, പെരുമഴ നിലയ്ക്കുന്നില്ല എന്നു കണ്ടപ്പോള്‍ എല്ലാ ഡാമുകളും ഒന്നിച്ചു തുറന്നുവിട്ടു. ഇങ്ങനെ ചെയ്യുന്ന മറ്റൊരു ഗവണ്‍മെന്റുണ്ടോ. ഒരു പരിഷ്‌കൃത രാജ്യത്ത് ഒരു ഗവണ്‍മെന്റ് ജനങ്ങളോടു ചെയ്ത വലിയ കുറ്റകൃത്യമായിരുന്നു അത്. പിണറായിയുടെ മധുരമനോജ്ഞ ചൈനയിലാണെങ്കില്‍ ഇദ്ദേഹത്തെ കുറ്റവിചാരണ ചെയ്തു ജയിലില്‍ അടയ്ക്കുമായിരുന്നു. പ്രളയത്തിലെ ഒന്നാം പ്രതി പിണറായി വിജയനാണ്. പിന്നീട് കവളപ്പാറയിലും പെട്ടിമുടിയിലും ഉണ്ടായ ദുരന്തങ്ങള്‍ക്കു കാരണമെന്താ. നിയമവിരുദ്ധമായി നിര്‍മ്മിച്ച സ്വകാര്യ ചെക്ഡാമുകള്‍ ഉള്‍പ്പെടെയാണ് അവിടെ തകര്‍ന്നത്. പരിസ്ഥിതി നിയമങ്ങള്‍ ഈ ഗവണ്‍മെന്റിന്റെ കാലത്തെപ്പോലെ ലംഘിക്കപ്പെട്ടിട്ടില്ല. പരിസ്ഥിതിയോടുള്ള ക്രൂരത ഇത്ര ലാഘവത്തോടെ നോക്കിനിന്ന ഗവണ്‍മെന്റുണ്ടായിട്ടില്ല. അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവന്നത് പാവപ്പെട്ട ജനങ്ങളാണ്. അതിരപ്പള്ളിയില്‍ കണ്ടില്ലേ. ജലവൈദ്യുതി പദ്ധതി നടപ്പാക്കും എന്നു വാശിയാടെയാണ് നിലകൊണ്ടത്. സി.പി.ഐ ഉള്‍പ്പെടെ എതിര്‍ത്തു. പരിസ്ഥിതിശാസ്ത്രജ്ഞരെ മാത്രമല്ല, സ്വന്തം ഘടകകക്ഷിയെപ്പോലും പിണറായിക്കു ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയും ഒരിക്കലും ഉത്തരവാദിത്വത്തോടെ പെരുമാറാന്‍ അറിയാത്ത വൈദ്യുതിമന്ത്രിയും ദുരൂഹമായ വാശിയോടെയാണ് പെരുമാറിയത്. ജനങ്ങളോടു പ്രതിബദ്ധതിയില്ലാത്ത ഗവണ്‍മെന്റാണിത് എന്നതിനു മറ്റൊരു തെളിവാണ് അത്. പ്രളയദുരിതബാധിതരായ നിരവധിയാളുകളെ ഇപ്പോഴും പുനരധിവസിപ്പിച്ചിട്ടില്ല. ആയിരങ്ങളാണ് ഗവണ്‍മെന്റു പ്രഖ്യാപിച്ച സഹായധനംപോലും ലഭിക്കാത്തവര്‍.

പിൻവാതിൽ നിയമനത്തിനെതിരെ സമരം ചെയ്ത യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
പിൻവാതിൽ നിയമനത്തിനെതിരെ സമരം ചെയ്ത യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കോണ്‍ഗ്രസ്സും യു.ഡി.എഫും തെരഞ്ഞെടുപ്പിന് സംഘടനാപരമായി എത്രത്തോളം സജ്ജമായി? 

തെരഞ്ഞെടുപ്പ് എത്രയും വേഗം വരുമെന്നു പ്രതീക്ഷിച്ചാണ് ഞങ്ങള്‍ നീങ്ങുന്നത്. ഏപ്രില്‍ പകുതിയോടെ തെരഞ്ഞെടുപ്പുണ്ടായേക്കും. അതിനുവേണ്ട എല്ലാ തയ്യാറെടുപ്പുകളിലും ഞങ്ങള്‍ പൂര്‍ണ്ണമായി മുഴുകിയിരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്കു കുറച്ചു ശ്രദ്ധക്കുറവുണ്ടായി. ഞങ്ങള്‍ താഴേക്കു കൊടുത്ത നിര്‍ദ്ദേശമനുസരിച്ചുള്ള അര്‍ഹതയുള്ള സ്ഥാനാര്‍ത്ഥികളെയല്ല മിക്കയിടത്തും മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പു മാനേജ്മെന്റ് മൊത്തത്തില്‍ വളരെ മോശമായിരുന്നു. റിബലുകളെ പൂര്‍ണ്ണമായും പിന്മാറ്റുന്ന കാര്യത്തിലൊന്നും വിജയിച്ചില്ല. കുറച്ചുകൂടി നേട്ടമുണ്ടാക്കാമായിരുന്നു എന്നൊക്കെ കണക്കുകള്‍ വെച്ച് വേണമെങ്കില്‍ പറയാം. പക്ഷേ, എന്തു പറഞ്ഞാലും ലഭിച്ചത് നല്ല വിജയമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു മികച്ച വിജയമാണ്, മിന്നുന്ന വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം അത്രയ്ക്ക് അനുകൂലമായിരുന്നു. അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെ എല്ലാ പഴുതുകളും അടച്ചുകൊണ്ടു നേരിടുക എന്നതുതന്നെയാണ് ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും പ്രധാന ലക്ഷ്യം. അതിനു സര്‍വ്വസജ്ജമാണ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് കോണ്‍ഗ്രസ്സിന് എപ്പോഴും പ്രശ്‌നമാകാറ്. എന്താകും ഇത്തവണ? 

സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങള്‍ മുന്‍പൊക്കെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും പ്രചരിക്കാറുണ്ടായിരുന്നു. പക്ഷേ, എവിടെയെങ്കിലും ഇന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യം സംബന്ധിച്ച് ഇത്തവണ ഒരു നേതാവിന്റെ ഭാഗത്തുനിന്നുപോലും വിദൂരമായ സൂചനപോലും മാധ്യമങ്ങള്‍ക്കു കിട്ടിയിട്ടില്ല. ഇത് ഞങ്ങള്‍ എ.ഐ.സി.സിക്ക് കൊടുത്ത വാക്കാണ്. രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എ.കെ. ആന്റണിയും കെ.സി. വേണുഗോപാലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസ്സനും ഞാനുമാണ് പങ്കെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് നടന്നത്. രാഹുല്‍ ഗാന്ധിക്ക് കേരളത്തെക്കുറിച്ചു ഞങ്ങളെക്കാള്‍ നന്നായി അറിയാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു. അത് ലഭിക്കാന്‍ സ്രോതസ്സുകളുണ്ടല്ലോ. ഇങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകാന്‍ പറ്റില്ല എന്നു പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് മുഖ്യ പരാജയകാരണം. അതുകൊണ്ട് ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി, ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി എന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാന്‍ പാടില്ല എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതു പൂര്‍ണ്ണമായും ശിരസാവഹിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. പുതിയ തലമുറയ്ക്കു മികച്ച പ്രാതിനിധ്യം കൊടുക്കും. സ്ത്രീകള്‍ക്കു നല്ല പ്രാതിനിധ്യം കൊടുത്തേ പറ്റുകയുള്ളു. പിന്നാക്ക സമുദായങ്ങള്‍ക്ക് അവഗണിക്കപ്പെട്ടുവെന്ന വല്ലാത്ത ധാരണയുണ്ട്. അവരുടെ അസംതൃപ്തി പൊട്ടിത്തെറിയുടെ വക്കിലെത്തിയിട്ടുണ്ട്. അതുപോലെതന്നെ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്നവര്‍. ഇവര്‍ക്കെല്ലാം തന്നെ അര്‍ഹമായ പ്രാതിനിധ്യം കൊടുത്തുകൊണ്ടുള്ള ഒരു പട്ടികയായിരിക്കും തയ്യാറാക്കുക. അതില്‍ കഴിവും കാര്യശേഷിയും മാത്രമായിരിക്കും മാനദണ്ഡം.

ഗ്രൂപ്പ് പ്രധാന പരിഗണനയായി മാറില്ല എന്നാണോ? 

അത്തരത്തിലുള്ള പരിഗണനകളുടെ മുന്‍കാല അനുഭവവും യാഥാര്‍ത്ഥ്യവും മനസ്സില്‍ വച്ചുകൊണ്ടാണ് ഞാനിതു പറയുന്നത്. അതൊന്നും തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ല എന്നു നിര്‍ബ്ബന്ധമുണ്ട്. ഇതാണ് ഞങ്ങളുടെ നിലപാട്.

പിന്നാക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സില്‍നിന്ന് അകലുന്ന സ്ഥിതിയുണ്ട് എന്ന വിലയിരുത്തലുണ്ടോ? 

പിന്നാക്ക വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ്സില്‍ മതിയായ പ്രാതിനിധ്യമില്ല എന്ന അസംതൃപ്തിയുണ്ട്. അതു ഞങ്ങള്‍ കണക്കിലെടുക്കും. അങ്ങനെ ഏതെങ്കിലുമൊരു വിഭാഗം അവഗണിക്കപ്പെട്ടു എന്നു തോന്നുന്ന സാഹചര്യം കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഉണ്ടാകാന്‍ പാടില്ല. ആ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനു ശരിയായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമംകൂടി ഞങ്ങള്‍ നടത്തുന്നുണ്ട്.

കോണ്‍ഗ്രസ്സിന് ഈ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായി മാറിയിരിക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് ഐശ്വര്യ കേരളയാത്രയുടെ യോഗങ്ങളില്‍ പറയുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ നിലനില്‍പ്പിനുപോലും അത്രയ്ക്കു നിര്‍ണ്ണായകമാണോ ഈ തെരഞ്ഞെടുപ്പ്? 

സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഒരു അന്തര്‍ധാര സജീവമാണ് എന്ന് ആദ്യം പറഞ്ഞതു ഞാനാണ്. അത് ഇന്നു പറഞ്ഞതല്ല, എത്രയോ മാസങ്ങളായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ എന്ന നിലയില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പ് അതിന്റെ പരീക്ഷണമായിരുന്നു. ഈ ധാരണ രൂപപ്പെട്ടിരിക്കുന്നത് ഡല്‍ഹിയിലാണ്. ബി.ജെ.പിയുടേയും സി.പി.എമ്മിന്റേയും അഖിലേന്ത്യാ നേതൃത്വങ്ങള്‍ തന്നെയാണ് അതിനു മുന്‍കയ്യെടുത്തത്. കേരളത്തില്‍നിന്നുള്ള പ്രധാന നേതാക്കളുടെ അറിവോടേയും സമ്മതത്തോടേയുമാണ് പാക്കേജ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് ഫലപ്രദമായി അവര്‍ നടപ്പാക്കിയെന്ന് ബൂത്തുതലത്തിലെ വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചപ്പോള്‍ കൃത്യമായി മനസ്സിലായി. പാറശാല മുതല്‍ മഞ്ചേശ്വരം വരെ വോട്ടു മറിഞ്ഞു. അതിന്റെ കണക്കു ഞങ്ങളുടെ കയ്യിലുണ്ട്. തില്ലങ്കേരി മോഡല്‍ എന്ന ഒന്നുതന്നെ രൂപപ്പെട്ടു. ഒരുകാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മാത്രം കോട്ടയായിരുന്നു കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി. കണ്ണൂരില്‍ ദീര്‍ഘകാലം എം.പിയായിരുന്നപ്പോള്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആധിപത്യമുള്ള ആ പ്രദേശത്ത് പോകാന്‍പോലും എനിക്കു കഴിയില്ലായിരുന്നു. പിന്നീട് ആ സ്ഥിതിക്കു മാറ്റം വന്നു. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടെ നാടായ അവിടെ രണ്ടായിരത്തോളം ബി.ജെ.പി വോട്ടുകള്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മറിഞ്ഞു. ആ തില്ലങ്കേരി മോഡല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നടപ്പാകും. പത്ത് സീറ്റിലാണ് ധാരണ. അതില്‍ അഞ്ചിടത്തും ബി.ജെ.പിയുടെ ജയം ഉറപ്പാക്കും; നിയമസഭയില്‍ ബി.ജെ.പിക്ക് ഒരു ഇടമാകും. അതുണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം സഹായിക്കുക. പകരം അതിന്റെ പ്രത്യുപകാരം ബി.ജെ.പി സി.പി.എമ്മിനു ചെയ്യും. സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും മുഖ്യശത്രു കോണ്‍ഗ്രസ്സാണ്. ബി.ജെ.പി കോണ്‍ഗ്രസ് മുക്ത ഭാരതം പറയുന്നു, സി.പി.എം ഇവിടെ കോണ്‍ഗ്രസ് മുക്ത കേരളത്തിനായി ശ്രമിക്കുന്നു. കണ്ണൂര്‍ വിമാനത്താവളം ഔദ്യോഗികമായി തുറക്കുന്നതിനു മുന്‍പ് അമിത്ഷായ്ക്ക് ഇറങ്ങാന്‍ തുറന്നുകൊടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഞാനാണെങ്കില്‍ അതു ചെയ്യില്ലായിരുന്നു. ഇവര്‍ തമ്മില്‍ കൂട്ടുകച്ചവടമാണ്.

ഇടതുപക്ഷത്തിനു ഭരണത്തുടര്‍ച്ച നല്‍കാന്‍ ബി.ജെ.പി സഹായിക്കും എന്നാണോ കോണ്‍ഗ്രസ് പറയുന്നത്? 

രണ്ടുകൂട്ടരുടേയും മുഖ്യശത്രു കോണ്‍ഗ്രസ്സാണല്ലോ. കോണ്‍ഗ്രസ്സിനെ കേരളത്തില്‍ ഇല്ലാതാക്കാനുള്ള ധാരണയാണ് അവര്‍ തമ്മില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പരസ്പര സഹായ സംഘമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം, അതായത് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണ വലിയ ചര്‍ച്ചയായി. അത് എല്‍.ഡി.എഫ് പ്രചാരണരംഗത്ത് ഉപയോഗിച്ചപ്പോള്‍ യു.ഡി.എഫിനു ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞില്ല. ഈ തെരഞ്ഞെടുപ്പില്‍ അവരുമായി നീക്കുപോക്കോ ധാരണയോ ഇല്ല എന്നു തീരുമാനിക്കുന്നവിധം ശക്തമായ തിരിച്ചടി കിട്ടി എന്നാണോ വിലയിരുത്തല്‍? 

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കാര്യം ഇനി ആവര്‍ത്തിച്ചു പറയേണ്ട എന്നുവച്ചിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രണ്ടുതവണയാണ് ഞാന്‍ പറഞ്ഞത്. പറയേണ്ടിവന്നതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നു വന്നപ്പോള്‍ അത് അഖിലേന്ത്യാതലത്തില്‍ത്തന്നെ വലിയ ചര്‍ച്ചയായി. സ്വാഭാവികമായും എ.ഐ.സി.സി എന്നോടു വിശദീകരണം ചോദിക്കുമല്ലോ. ചിലയിടത്തെങ്കിലും അവരുമായി ധാരണയുണ്ടാക്കി എന്ന പ്രചാരണം ഡല്‍ഹിയില്‍ കാര്യമായി നടക്കുന്നുണ്ട് എന്നാണ് എ.ഐ.സി.സി ചൂണ്ടിക്കാട്ടിയത്. ഇതിലെ വസ്തുത കെ.പി.സി.സി അറിയിക്കണം എന്നും ആവശ്യപ്പെട്ടു. ഞാന്‍ കൃത്യമായി പറഞ്ഞു, കോണ്‍ഗ്രസ്സും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ ഒരിടത്തും ധാരണയുണ്ടാക്കിയിട്ടില്ല. ഘടകകക്ഷികളില്‍ ചിലത് ധാരണയുണ്ടാക്കിയോ എന്നു കൃത്യമായി പറയാന്‍ സാധിക്കില്ല; ഉണ്ടെന്നു തോന്നുന്നു. ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസ്സുമായി രാജ്യത്തൊരിടത്തും ബന്ധമില്ലെന്നും അങ്ങനെ ബന്ധമുണ്ടാക്കാന്‍ പാടില്ലെന്നുമാണ് എ.ഐ.സി.സി നല്‍കിയ നിര്‍ദ്ദേശം. അതുകഴിഞ്ഞ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ വന്നു. അദ്ദേഹം ഇക്കാര്യം ശക്തമായ ഭാഷയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കി. 14 ജില്ലകളിലും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയപ്പോള്‍ മാധ്യമങ്ങള്‍ ഈ കാര്യം ചോദിച്ചു. അദ്ദേഹം കൃത്യമായി മറുപടിയും നല്‍കി. അവരുമായി ഒരു ധാരണയും ഞങ്ങള്‍ക്കില്ല; ഉണ്ടാവുകയുമില്ല.

പക്ഷേ, ഈ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കോ ധാരണയോ ഉണ്ടാക്കിയാല്‍ അതു വിലക്കാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന് ഇല്ലേ? 

ഘടകകക്ഷികളുടെ ആഭ്യന്തര കാര്യത്തില്‍ സാധാരണ ഞങ്ങള്‍ ഇടപെടാറില്ല. സൗമ്യമായും രഞ്ജിപ്പിന്റെ ഭാഷയിലുമാണ് ഞങ്ങള്‍ സംസാരിക്കാറ്. പറയുക എന്നല്ലാതെ, ഞങ്ങള്‍ പറയുന്നതുപോലെ ചെയ്തേ പറ്റൂ എന്ന് ഇന്നത്തെ സംവിധാനത്തില്‍ പറയാന്‍ സാധ്യമല്ല. പക്ഷേ, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കാര്യത്തില്‍ മുസ്ലിം ലീഗ് വ്യക്തമായിത്തന്നെ അവരുടെ നിലപാട് പറഞ്ഞിട്ടുണ്ട്. ഈ കാര്യത്തെക്കുറിച്ച് ഒരു പുതിയ ചര്‍ച്ച തുറക്കേണ്ട സാഹചര്യമുണ്ടെന്നു തോന്നുന്നില്ല. 

യുഡിഎഫ് വിട്ട ശേഷം എകെജി സെന്ററിലേക്ക് എത്തുന്ന ജോസ് കെ മാണിയും സഹപ്രവർത്തകരും
യുഡിഎഫ് വിട്ട ശേഷം എകെജി സെന്ററിലേക്ക് എത്തുന്ന ജോസ് കെ മാണിയും സഹപ്രവർത്തകരും

ഈ തെരഞ്ഞെടുപ്പില്‍ പാലാ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. എല്‍.ഡി.എഫ് എം.എല്‍.എ മാണി സി. കാപ്പന്റെ വരവ് യു.ഡി.എഫിനു ഗുണം ചെയ്യുമോ. അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണം എന്നാണല്ലോ താങ്കള്‍ ആവര്‍ത്തിച്ചു പറയുന്നത്? 

ജോസ് കെ. മാണിയുടെ പാര്‍ട്ടി ഒരു സാഹചര്യത്തിലും യു.ഡി.എഫ് വിട്ടുപോകാന്‍ പാടില്ലായിരുന്നു. പോയത് ഇടതുമുന്നണിയിലേക്കാണ്. അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പിതാവിനെക്കുറിച്ചും രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് ഇടതുപക്ഷം സംസാരിച്ചിരുന്നത്. കെ.എം. മാണിയെ വലിയ അഴിമതിക്കാരനായി ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ട് എന്നുപോലും പറഞ്ഞു. അങ്ങനെയുള്ളവരുടെ കൂട്ടത്തിലേക്ക് യു.ഡി.എഫ് വിട്ടുപോയത് ജോസ് കെ. മാണിക്കു സംഭവിച്ച ഗുരുതര വീഴ്ചയാണ്. ജോസ് കെ. മാണിയോ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിയോ മത്സരിക്കുമ്പോള്‍ പാലാ എന്തുവില കൊടുത്തും പിടിച്ചെടുക്കുക എന്നത് ഇപ്പോള്‍ യു.ഡി.എഫിനു മുന്നിലുള്ള വെല്ലുവിളിയാണ്. മറുപടി കൊടുക്കണം എന്നതു ഞങ്ങളുടെ നിലപാടാണ്. അതുകൊണ്ടാണ് മാണി സി. കാപ്പന്‍ ഇങ്ങോട്ടു വരുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നത്. മാണി സി. കാപ്പന്‍ കോണ്‍ഗ്രസ്സിലേക്കു വരട്ടെ എന്നാണ് ഞാന്‍ പറഞ്ഞത്. അത് വളരെ കൃത്യതയോടെ പറഞ്ഞതാണ്. കോണ്‍ഗ്രസ്സിലേക്കു വന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാം എന്ന്. അദ്ദേഹത്തിന്റെ പിതാവ് എം.പിയും എം.എല്‍.എയുമായിരുന്നു. കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസ് ഉണ്ടാക്കാന്‍ കഷ്ടപ്പെട്ടയാളാണ്. മറക്കാന്‍ കഴിയില്ല. അതുകൊണ്ട് മാണി സി. കാപ്പനെ കോണ്‍ഗ്രസ്സിലേക്കു ക്ഷണിക്കുകയാണ്. പിന്നെ, അദ്ദേഹം പുതിയ കക്ഷിയുണ്ടാക്കിക്കഴിഞ്ഞാല്‍ ആ കക്ഷിയുടെ നിലപാടെന്താണ്, ചെയര്‍മാന്‍ ആരാണ്, നയമെന്താണ്, മതേതര രാഷ്ട്രീയമാണോ പ്രതിനിധീകരിക്കുന്നത്, അതോ ആരുമായും കൂട്ടുചേരാന്‍ തയ്യാറാകുന്ന കക്ഷിയായിരിക്കുമോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിച്ചു മാത്രമേ ഘടകകക്ഷിയാക്കി എടുക്കണോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ. ആ വ്യക്തതയൊന്നുമില്ലാതെ ഞങ്ങളിപ്പോള്‍ എങ്ങനെയാണ് ഒരു ധാരണയെക്കുറിച്ചു പറയുക? ആ വിഷയം ഇതുവരെ ഞങ്ങളുടെ മുന്നില്‍ വന്നിട്ടില്ല. എ.ഐ.സി.സിയുടെ അഭിപ്രായം തേടാതെ ഞങ്ങള്‍ക്ക് ഒരു ഘടകകക്ഷിയെ എടുക്കാന്‍ പറ്റില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അറിയാതെ ഒരു തീരുമാനം എനിക്കെടുക്കാന്‍ പറ്റുമോ? ആ ഒരു സന്ദിഗ്ദ്ധഘട്ടത്തിലാണ്. എങ്കിലും അദ്ദേഹം ഒറ്റയ്ക്കാണ് വരുന്നതെങ്കില്‍പ്പോലും അദ്ദേഹത്തെ സ്വീകരിക്കാം. മറ്റു കാര്യങ്ങളില്‍ എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല. മാത്രമല്ല, എന്‍.സി.പി യു.പി.എയുടെ ഭാഗമാണ്. അതുകൂടി പരിഗണിച്ചു മാത്രമേ എന്‍.സി.പി വിട്ടുവരുന്നവരോടു നിലപാടെടുക്കാന്‍ കഴിയുകയുള്ളൂ. വളരെ കരുതലോടേയും ജാഗ്രതയോടേയും മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളൂ. 

ആരാകും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി? 

ഇത്രയും നേതൃനിര സമ്പന്നമായ മറ്റൊരു പാര്‍ട്ടിയുണ്ടോ കേരളത്തില്‍? കാര്യശേഷിയും അനുഭവസമ്പത്തും സ്വഭാവശുദ്ധിയുമുള്ള നിരവധി നേതാക്കളുണ്ട്. പക്ഷേ, കോണ്‍ഗ്രസ്സിന് ഒരു പരമ്പരാഗത രീതിയുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്റിന്റെ നിര്‍ണ്ണായക പങ്കുണ്ടാകും. പലയിടത്തും കുതിരക്കച്ചവടങ്ങള്‍ക്കും ആളെക്കൂടെ നിര്‍ത്താന്‍ പണം ചെലവഴിക്കാനുമൊക്കെ താല്പര്യപ്പെടുന്നവര്‍ക്ക് നിരാശരാകേണ്ടിവന്നിട്ടുണ്ട്. ആര്‍ക്കാണ് നല്ല രീതിയില്‍, സുസ്ഥിര ഭരണം ജനങ്ങള്‍ക്കു കൊടുക്കാന്‍ സാധിക്കുക എന്നതാണ് പരിഗണന. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു മുന്നോട്ടു പോകാന്‍ ആര്‍ക്കാണ് സാധിക്കുക എന്നതാണ് കണക്കിലെടുക്കുക. മുന്നണി സംവിധാനത്തില്‍ എല്ലാവരേയും കൂട്ടി യോജിപ്പിച്ചുകൊണ്ട് പോകാനും കഴിയുന്ന ആളായിരിക്കണം. അത് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലാതെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഹൈക്കമാന്‍ഡാണ് തീരുമാനിക്കുക എന്നതില്‍ നേതാക്കള്‍ക്കാര്‍ക്കും സംശയമില്ല. ഞങ്ങള്‍ അധികാരത്തില്‍ വരികതന്നെ ചെയ്യും എന്നതിലുമില്ല സംശയം. ഈ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ഐശ്വര്യ കേരളയാത്രയുടെ സമാപനം രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചു നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തുടക്കം കൂടിയാക്കി മാറ്റിയതോടെ ഞങ്ങള്‍ പോരാട്ടം തുടങ്ങിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com