കംപോഡിയ; വഴിത്താരകളിലെ മര്‍മ്മരങ്ങള്‍

ഹോചിമിന്‍ സിറ്റിയില്‍നിന്ന് കംപോഡിയയുടെ തലസ്ഥാനമായ നോംപെങ്ങിലേയ്ക്ക് ബസില്‍ യാത്ര ചെയ്യാനുള്ള ദൂരമേയുള്ളൂ. ഒന്നുപോയി വന്നാലോ എന്ന് ഫാക്കി ചേദിച്ചപ്പോള്‍ എനിക്ക് തിരിച്ചു ചോദിക്കാതിരിക്കാനായില്ല
നോം പെൻ ന​ഗരം: ഫ്രഞ്ച് ഭരണ കാലം മുതൽ കംപോഡിയയുടെ തലസ്ഥാന ന​ഗരമാണ് ഇത്. ഏഷ്യയുടെ മുത്ത് എന്നാണ് വിശേഷണം. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഈ ന​ഗരത്തിൽ ഫ്രഞ്ച് കോളനിവത്കരണത്തിന്റെ ശേഷിപ്പുകൾ ഇന്നും കാണാം
നോം പെൻ ന​ഗരം: ഫ്രഞ്ച് ഭരണ കാലം മുതൽ കംപോഡിയയുടെ തലസ്ഥാന ന​ഗരമാണ് ഇത്. ഏഷ്യയുടെ മുത്ത് എന്നാണ് വിശേഷണം. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഈ ന​ഗരത്തിൽ ഫ്രഞ്ച് കോളനിവത്കരണത്തിന്റെ ശേഷിപ്പുകൾ ഇന്നും കാണാം

18
ഹോചിമിന്‍ സിറ്റിയില്‍നിന്ന് കംപോഡിയയുടെ തലസ്ഥാനമായ നോംപെങ്ങിലേയ്ക്ക് ബസില്‍ യാത്ര ചെയ്യാനുള്ള ദൂരമേയുള്ളൂ. ഒന്നുപോയി വന്നാലോ എന്ന് ഫാക്കി ചേദിച്ചപ്പോള്‍ എനിക്ക് തിരിച്ചു ചോദിക്കാതിരിക്കാനായില്ല:

''ഭക്ഷണത്തിന്റെ അവസ്ഥ ഇങ്ങനെയൊക്കെത്തന്നെയാവുമോ?''

''നീ വാടാ, മ്മക്ക് പോയി നോക്കാ. ഇങ്ങള് എഴുത്തിന്റെ സൂക്കേടുള്ളോര്‍ക്ക് എല്ലാ കാര്യോം എപ്പോം സംശയാ. ഒന്നും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റൂല. ഞങ്ങള് കച്ചോടക്കാര് അങ്ങനെയല്ല. എന്തും സഹിക്കും; എന്തും തിന്നും; ഏടേം കെടക്കും...'' ഫാക്കി വീണ്ടും ലോകത്തെ സൃഷ്ടിച്ചവര്‍ എന്നു സ്വയം വിശ്വസിക്കുന്ന തന്റെ വണിക് വംശത്തെ പ്രകീര്‍ത്തിച്ചു തുടങ്ങി. എനിക്ക് ഈ മനുഷ്യന്‍ കസാന്‍ദ് സാക്കീസിന്റെ 'സോര്‍ബ ദ ഗ്രീക്ക്' എന്ന നോവലിലെ അലക്‌സിസ് സോര്‍ബയെപ്പോലെ തോന്നിച്ചു. അദ്ധ്വാനി, പ്രായോഗമതി, സദാ ആനന്ദവാന്‍. ഈ ലോകം സൃഷ്ടിക്കപ്പെട്ടത് അക്ഷരങ്ങള്‍കൊണ്ടല്ല, കച്ചവടസംഘങ്ങള്‍ കടന്നുപോയ വഴിത്താരകളിലെ പൊടിമണ്‍ ധൂളികള്‍കൊണ്ടാണ് എന്ന് ഈ മനുഷ്യന്‍ വിശ്വസിക്കുന്നു.

അയാള്‍ അങ്ങനെത്തന്നെ വിശ്വസിക്കട്ടെ, ഞാന്‍ തര്‍ക്കിക്കാന്‍ പോയില്ല. കംപോഡിയ എങ്കില്‍ കംപോഡിയ.

രാവിലെ ഏഴ് മണിക്കായിരുന്നു ബസ്. കോഴിക്കോട്ട് നിന്നും ബാംഗ്ലൂരിലേയ്ക്ക് പോകുന്നതുപോലെയുള്ള ഒരു സെമി സ്ലീപ്പര്‍. ഞാനതിന്റെ ജാലകവശത്തുതന്നെ ഇടംപിടിച്ചു. എല്ലാ സീറ്റുകളിലും ആളുകള്‍ ഉണ്ടായിരുന്നു. വിയറ്റ്നാമിനേക്കാളും ഖമര്‍ ഭാഷയായിരുന്നു മര്‍മ്മരങ്ങളില്‍ നിറയെ. കേള്‍വിയില്‍ അതിന് അല്‍പ്പം ഏണും കോണുമൊക്കെ ഉള്ളതുപോലെ തോന്നി. പതിഞ്ഞ വേഗത്തില്‍ ബസ് ഓടിത്തുടങ്ങി. പ്രഭാതത്തിലെ തണുത്ത കാറ്റ് മരങ്ങളേയും പൂക്കളേയും തഴുകി വീശുന്നു.

അങ്കോർവാറ്റ്: 402 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ മത സ്മാരക സൗധം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ എന്ന ഖമർ രാജാവാണ് ഇതിന്റെ നിർമാണം തുടങ്ങിവച്ചതെന്ന് കരുതപ്പെടുന്നു. ഇന്ന് രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്
അങ്കോർവാറ്റ്: 402 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ മത സ്മാരക സൗധം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ സൂര്യവർമ്മൻ രണ്ടാമൻ എന്ന ഖമർ രാജാവാണ് ഇതിന്റെ നിർമാണം തുടങ്ങിവച്ചതെന്ന് കരുതപ്പെടുന്നു. ഇന്ന് രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇത്

വഴിയിലൊരു സ്ഥലത്ത് ബസ് നിര്‍ത്തി. കംപോഡിയയിലേക്കു കടക്കുന്ന ചെക് പോസ്റ്റാണ്. വിശദമായ പരിശോധനയ്ക്കുശേഷം ഞങ്ങളെ കടത്തിവിട്ടു. വിയറ്റ്നാമുമായി കലര്‍ന്നുകിടക്കുന്ന അതിര്‍ത്തിപ്രദേശങ്ങള്‍ കഴിഞ്ഞതോടെ കംപോഡിയ അതിന്റെ തനി നിറങ്ങളും കാഴ്ചകളും തുറന്നിട്ടുതന്നു. കരിമ്പനകള്‍ കാവല്‍നില്‍ക്കുന്ന വയലുകള്‍, ഷെര്‍ലക്ഹോംസിന്റെ മൂക്കുപോലെ അഗ്രം വളഞ്ഞ പച്ചമാങ്ങകള്‍ കുലകുലയായി തൂങ്ങുന്ന വിശാലമായ മാന്തോപ്പുകള്‍, തകരം മേഞ്ഞ വീടുകള്‍, ഖമര്‍ ശില്‍പ്പകലയെ ഓര്‍മ്മിപ്പിക്കുന്ന കമാനങ്ങള്‍, അവയ്ക്കിടയിലൂടെ നൂണ്ട് പോവുന്ന ഒറ്റയടിപ്പാതകള്‍... എവിടെയൊക്കെയോ ഞാന്‍ പാലക്കാടിനേയും പറളിയേയും മുതലമടയേയുമൊക്കെ ഓര്‍ത്തു; പട്ടാമ്പിയെ മണത്തു. ഒരുപാട് ദൂരം പോയപ്പോള്‍ ബസ് വീതികൂടിയ ഒരു നദിയുടെ കരയിലെത്തി. അവിടെ ഒരു ചെറിയ അങ്ങാടിയുണ്ടായിരുന്നു. മഹാനദിയാണ് മെക്കോങ്ങ്; ഇന്ത്യയ്ക്ക് ബ്രഹ്മപുത്രപോലെ, ചൈനയ്ക്ക് മഞ്ഞനദിപോലെ, ഈജിപ്തിന് നൈല്‍പോലെ കംപോഡിയക്കും ലാവോസിനും വിയറ്റ്നാമിനും മെക്കോങ്ങ്. നൂറ്റാണ്ടുകളുടെ ഉദയാസ്തമയങ്ങളും വിപ്ലവങ്ങളുടെ രക്തമുഖങ്ങളും കണ്ടതാണ് ഈ പ്രവാഹം. അതിനു മുകളില്‍ ഉച്ചസൂര്യന്‍ ഉരുകിയൊലിച്ചുനിന്നു.

ഇരുമ്പ് ചങ്ങാടത്തിലേറി വേണം ബസ് പുഴ കടക്കാന്‍. ചങ്ങാടം അക്കരെനിന്നുള്ള വാഹനങ്ങളുമായി വരുന്നേയുണ്ടായിരുന്നുള്ളൂ. പുഴയോട് തട്ടിനില്‍ക്കുന്ന വിശാലമായ ഒരു ഉരുക്ക് പാളിമേല്‍ ബസ് കയറ്റിനിര്‍ത്തി. ഒപ്പം മറ്റു നിരവധി വാഹനങ്ങളും. വട്ടത്തിലുള്ള പാത്രത്തില്‍ നിറയെ പൊരിച്ച ഭക്ഷണസാധനവുമായി നടന്നുവില്‍ക്കുന്നവര്‍ എന്റെ ജനലിനു താഴെയുമെത്തി എന്തൊക്കെയോ വിളിച്ചുപറഞ്ഞു. പല നിറങ്ങളിലും മണങ്ങളിലുമുള്ള എണ്ണപ്പൊരി സാധനങ്ങള്‍. ഞാനതില്‍ത്തന്നെ സൂക്ഷിച്ചുനോക്കി. അപ്പോള്‍ ഫാക്കി പറഞ്ഞു:

''പച്ചത്തുള്ളന്‍ മുതല്‍ എല്ലാ തരത്തിലുമുള്ള പാറ്റകളും വണ്ടുകളും പ്രാണികളും ആ കൂട്ടത്തിലുണ്ടാവും. വേണേങ്കി വാങ്ങിക്കഴിച്ചോ...''

എന്റെയുള്ളില്‍നിന്നും തിരമാലപോലെ ഒരു ഓക്കാനം വന്നു. ഞാന്‍ അവയില്‍നിന്നും കണ്ണുകള്‍ പിന്‍വലിച്ചു.

അല്‍പ്പസമയത്തിനകം ഞങ്ങളുടെ ബസ് ചങ്ങാടത്തിലേറി പുഴ കടന്നുതുടങ്ങി. മനുഷ്യനാഗരികതയുടെ ചരിത്രത്തിലെ ഒരു മഹാനദിയെയാണ് മുറിച്ചുകടക്കുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് അഭിമാനം തോന്നി. തലയെടുപ്പുള്ള ആനകളെപ്പോലെ തന്നെയാണ് മഹാനദികളും. അവയുടെ കാഴ്ചയും ഓളങ്ങളുടെ കനവും ഇരുകരകളുടെ ഭിത്തികളിലും ഓളങ്ങള്‍ ചെന്നുമുട്ടുന്ന രീതിയും ഒന്നുവേറെത്തന്നെയാണ് എന്നു സൂക്ഷിച്ചു നോക്കിയാലറിയാം. മെക്കോങ്ങ് അങ്ങനെയായിരുന്നു.

അഞ്ച് മണിക്കൂറിലധികം ഓടിയാണ് ബസ് കംപോഡിയയുടെ തലസ്ഥാനമായ നോംപെങ്ങില്‍ എത്തിയത്. ഒരു രാജ്യതലസ്ഥാനത്തിന്റെ പകിട്ടോ പ്രൗഢിയോ ഒന്നും പുറത്തു കാണിക്കാത്ത നഗരമായിരുന്നു അത്. വലിയൊരു തടാകവും അതിനെ ചുറ്റുന്ന പഴയതും പണിതീര്‍ന്നു കൊണ്ടിരിക്കുന്നതുമായ വഴികളും വാഴക്കുലകളും പലതരം പച്ചക്കറികളും നിറഞ്ഞ നാട്ടുചന്തകളും വിദേശികള്‍ മാത്രം കയറുന്ന ബാറുകളും മോട്ടോര്‍ സൈക്കിള്‍ ടാക്‌സികളും ചോരമണക്കുന്ന പലതരം ഇറച്ചിക്കടകളും അവയ്ക്കിടയില്‍ വിരോധാഭാസംപോലെ ഖമര്‍ രാജവംശത്തിന്റെ സ്വര്‍ണ്ണത്തിളക്കമാര്‍ന്ന കൊട്ടാരവും. ഇതായിരുന്നു നോംപെങ്ങ്. അവിടെ ജനബഹുലമായ ഒരു ചന്തയുടെ മുകളില്‍ ഞങ്ങള്‍ ഒറ്റദിവസത്തേയ്ക്ക് ഒരു മുറിയെടുത്തു.

താഴെ ഹോട്ടലായിരുന്നു. ഭക്ഷണത്തിനു ചെന്നപ്പോള്‍ വിയറ്റ്നാമിനേക്കാള്‍ കഷ്ടമായിരുന്നു അവസ്ഥ. ഞാന്‍ ചോറിലും ചെറുനാരങ്ങനീരിലും തന്നെ അഭയം പ്രാപിച്ചു. ഫാക്കി കംപോഡിയന്‍ കുശിനിയുടെ ആഴങ്ങളിലേയ്ക്കിറിങ്ങി നുണഞ്ഞുകൊണ്ടിരുന്നു.

ഉച്ചയ്ക്കുശേഷം രണ്ട് മണിക്കൂര്‍ കച്ചവടകാര്യവും അതുകഴിഞ്ഞാല്‍, കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന പോള്‍പോട്ടിന്റെ കില്ലിംഗ് ഫീല്‍ഡ് കാണലുമായിരുന്നു പദ്ധതികള്‍. പിറ്റേന്നു രാവിലെ തിരിച്ചുപോവണം.

രണ്ട് മണിയോടെ ഫാക്കിയെ കാണാന്‍ കുറേ കംപോഡിയക്കാര്‍ വന്നു. ഞങ്ങള്‍ അവരുടെ കൂടെ പുറത്തേക്കിറങ്ങി. ഒരു കാറില്‍ കൊള്ളുന്നതിലുമധികം ആളുകളുണ്ടായിരുന്നു ഞങ്ങള്‍. എന്നിട്ടും എങ്ങനെയൊക്കെയോ തിക്കിക്കയറിയിരുന്നു. പലരും പലരുടേയും മടിയിലായിരുന്നു. കാര്‍ ഓടിക്കൊണ്ടിരിക്കേ ഫാക്കി പറഞ്ഞു:

പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖമർ റുഷ് അധികാരം പിടിച്ചെടുത്തതോടെ ലോകത്തെ ഏറ്റവും വലിയ വംശഹത്യയ്ക്കാണ് കംപോഡിയയിൽ കളമൊരുങ്ങിയത്. 20 ലക്ഷം പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയുടെ നാലിലൊന്ന്
പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖമർ റുഷ് അധികാരം പിടിച്ചെടുത്തതോടെ ലോകത്തെ ഏറ്റവും വലിയ വംശഹത്യയ്ക്കാണ് കംപോഡിയയിൽ കളമൊരുങ്ങിയത്. 20 ലക്ഷം പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. മൊത്തം ജനസംഖ്യയുടെ നാലിലൊന്ന്

''കണ്ടോടാ കച്ചോടക്കാര്‍ യാത്ര ചെയ്യുന്നത്. ഈ അരച്ചന്തീന്റെ മേല്‍ ഇരുന്ന് ഇവര് അഞ്ഞൂറ് കിലോമീറ്ററിലധികം താണ്ടും. കാരണമെന്താന്നോ? കാര്യം നടക്കണം. എന്നെ ഏതോ കുപ്പീലെറക്കാന്‍ കൊണ്ട്വോവാണ് എല്ലാരും കൂടി.'' അവരുടെകൂടെ ഞാന്‍ ഏതൊക്കെയോ സ്ഥലങ്ങളില്‍ പോയി. ഫാക്കിയും അവരും തമ്മില്‍ എന്തൊക്കെയോ സംസാരിച്ചു. ഞാന്‍ ഒന്നും മനസ്സിലാവാതെ കാഴ്ചക്കാരനായിരുന്നു. മൂന്നരമണിയോടെ അവര്‍ പിരിഞ്ഞു. ഞങ്ങള്‍ പോള്‍പോട്ടിന്റെ കൊലനിലങ്ങള്‍ തേടി യാത്ര തുടങ്ങി - ഒരു സ്‌കൂട്ടര്‍ റിക്ഷയില്‍.

കയ്യിലുണ്ടായിരുന്നു ടൂറിസ്റ്റ് മാപ്പില്‍ നിറയെ ഖമര്‍ ക്ഷേത്രങ്ങളായിരുന്നു. ബാക്കി നിശാക്ലബ്ബുകളുടേയും ഭൂലോകത്തെ എല്ലാ എംബസികളുടേയും വിവരങ്ങളും. അവയ്ക്കിടയില്‍ കൂട്ടംതെറ്റിയതുപോലെ ഒരു തലയോട്ടിച്ചിത്രം. എനിക്ക് കുട്ടിക്കാലത്ത് വായിച്ച ഫാന്റം കഥകള്‍ ഓര്‍മ്മവന്നു. ആ ചിത്രത്തിനു മുകളില്‍ ഇങ്ങനെ എഴുതിയിരുന്നു: TUOLSLENG GENOCIDE MUESEUM. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പോള്‍പോട്ടിന്റെ കുപ്രസിദ്ധമായ കശാപ്പുശാല എസ്-21. മനുഷ്യചരിത്രത്തില്‍ കണ്ണീരും ചോരയും വിലാപങ്ങളും കലര്‍ന്ന് ഉറച്ചുപോയ കറ. ലോകമെങ്ങുമുള്ള വിവേകമുള്ള കമ്യൂണിസ്റ്റുകാര്‍ മറക്കാനും മറച്ചുവെയ്ക്കാനും ശ്രമിക്കുന്ന, മാവോവാദികള്‍ക്ക് ചുവടുതെറ്റുന്ന ഇടം.

രാജകൊട്ടാരത്തെ വലംവച്ച് സ്‌കൂട്ടര്‍ റിക്ഷ കൊല്‍ക്കത്തയെ ഓര്‍മ്മിപ്പിക്കുന്ന ചില പുരാതന തെരുവുകള്‍ കടന്നു ചെന്നുനിന്നത് തുരുമ്പ് ഗേറ്റും കൂറ്റന്‍ ചുറ്റുമതിലുമുള്ള കെട്ടിട സമുച്ചയത്തിന്റെ മുന്നിലായിരുന്നു. രണ്ട് നിലകളിലായി നാല് ബ്ലോക്കുകളുടെ ആ കെട്ടിടക്കൂട്ടവും മുന്നിലെ വിശാലമായ മുറ്റവും കണ്ടാലറിയാം അതൊരു സ്‌കൂള്‍ ആയിരുന്നു എന്ന്. 1975 വരെ അവിടെ ഒരു ബുദ്ധമത സ്‌കൂള്‍ പ്രവര്‍ത്തിച്ചു. കുട്ടികള്‍ പ്രാര്‍ത്ഥിക്കാന്‍ പഠിച്ചു; മന്ത്രങ്ങളും മഹത്തായ ദര്‍ശനങ്ങളും ജീവിതങ്ങളും പഠിച്ചു. പ്രപഞ്ചത്തോട് മുഴുവന്‍ സ്‌നേഹവും അനുകമ്പയും പ്രസരിപ്പിച്ചുകൊണ്ട് ബുദ്ധമത സന്ന്യാസിമാര്‍ വസിച്ചു. സൗമ്യമായ പ്രഭാതങ്ങളും ശാന്തമായ സന്ധ്യകളും ഹൃദ്യമായ മണിനാദങ്ങളും ധ്യാനപൂര്‍ണ്ണമായ രാത്രികളും ഈ പാഠശാലയെ വലംവച്ചുനിന്നു.

1975 ഏപ്രിലില്‍ ഖമര്‍റൂഷ് കംപോഡിയയുടെ അധികാരം പിടിച്ചടക്കുകയും അതിന്റെ നേതാവും കംപോഡിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന പോള്‍പോര്‍ട്ടിന്റെ തലയോടിനുള്ളില്‍ നീചവും ഭ്രാന്തവുമായ വെളിപാടുകള്‍ ഉദിക്കുകയും ചെയ്തപ്പോള്‍ ഈ ഗേറ്റ് കടന്നു കാലിക്കൂട്ടങ്ങളെപ്പോലെ നിസ്സഹായരായ പതിനായിരക്കണക്കിനു മനുഷ്യര്‍ വന്നു. പട്ടാളക്കാര്‍, അക്കാദമിക പണ്ഡിതര്‍, ഡോക്ടര്‍മാര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഫാക്ടറി തൊഴിലാളികള്‍, ബുദ്ധസന്ന്യാസിമാര്‍, കൊച്ചുകുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍... വന്നുകയറിയ ഇവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഈ മതിലകത്തുനിന്നും മടങ്ങിപ്പോയുള്ളൂ. ഈ ഭൂമിയില്‍ കര്‍ഷകര്‍ മാത്രം മതി എന്ന് പോള്‍പോര്‍ട്ട് തീരുമാനിച്ചപ്പോള്‍ ഇരുപതിനായിരത്തിലധികം മനുഷ്യരാണ് ഇതിനകത്ത് മരിച്ചുവീണത്.

ചുമരില്‍ വലിയ ബ്ലാക്ക് ബോര്‍ഡുകള്‍ പതിച്ച ക്ലാസ്സ്മുറികളാണ് ബ്ലോക്ക് എയുടെ മുകള്‍നിലയിലും താഴെയുമുള്ളത്. ജനലുകള്‍ ഇരുമ്പിന്റെ പട്ടകള്‍കൊണ്ട് ബന്ധിച്ചിരുന്നു. മുറിയുടെ നടുവില്‍ ഒരു ഇരുമ്പ് കട്ടില്‍. കട്ടില്‍ക്കാലിനോട് ചേര്‍ത്തു കെട്ടിയിട്ട തകരമഗ്ഗ് തുരുമ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതിനോട് ചേര്‍ന്നുതന്നെ മനുഷ്യന്റെ കാലുകള്‍ ബന്ധിക്കാനുള്ള ഇരുമ്പ് ലാടം. വികൃതമായ ഒരു മൃതദേഹം അതേ കട്ടിലില്‍ കിടക്കുന്നതിന്റെ ഫോട്ടോ തോട്ടപ്പുറത്തെ ചുമരിലുണ്ട്. 1979-ല്‍ ഖമര്‍റൂഷ് തോല്‍പ്പിക്കപ്പെട്ടപ്പോള്‍ ഈ മുറിയിലേക്കു കടന്നുവന്ന വിയറ്റ്നാം സേന കണ്ട ദൃശ്യങ്ങളായിരുന്നു ഇവയെല്ലാം. ഇവിടെ അവസാനമായി കൊല്ലപ്പെട്ട മനുഷ്യരുടെ ശവക്കല്ലറകള്‍ സ്‌കൂള്‍ മുറ്റത്തുതന്നെയുണ്ട്.

തൊട്ടടുത്ത ബ്ലോക്കുകളിലെല്ലാം മനുഷ്യരെ പീഡിപ്പിക്കാനും കൊല്ലാനും ഉപയോഗിച്ചിരുന്ന അതിക്രൂരമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. ചങ്ങലകള്‍, ഇരുമ്പ് കമ്പികള്‍, കഴുമരങ്ങള്‍, കാല്‍വിലങ്ങുകള്‍, കയറുകള്‍, കത്തികള്‍, വാളുകള്‍, തോക്കുകള്‍, ഇലക്ട്രിക്ക് ഷോക്കിംഗ് യന്ത്രങ്ങള്‍, വെള്ളത്തൊട്ടികള്‍, ചാട്ടവാറുകള്‍, കത്രികപ്പൂട്ടുകള്‍... ചെയ്ത തെറ്റ് എന്തെന്നറിയാതെ മരിച്ചുവീണ അജ്ഞാതരായ മനുഷ്യരുടെ വസ്ത്രങ്ങള്‍ ചില്ലലമാരയില്‍ കൂട്ടിയിട്ടിരിക്കുന്നു. അക്കൂട്ടത്തിലെ കുഞ്ഞുടുപ്പുകള്‍ കാണുമ്പോള്‍ കാലംപോലും നിശ്ചലമായി നിന്നു കരയും. തലയോട്ടികളുടെ ഒരു കൂമ്പാരം തുടര്‍ന്നങ്ങോട്ടുള്ള മുറികളിലുണ്ട്. മരുന്നുപീടികയിലെ റാക്കില്‍ മരുന്നുപാത്രങ്ങള്‍ എന്നപോലെ അവ നിരന്നിരിക്കുന്നു. മനുഷ്യവംശങ്ങളേയും അവര്‍ പടച്ച പ്രത്യയശാസ്ത്രങ്ങളേയും നോക്കി അവ പല്ലിളിച്ചുകൊണ്ടേയിരിക്കുന്നു.

പോള്‍പോര്‍ട്ടിന്റെ ഖമര്‍റൂഷ് എങ്ങനെയൊക്കെയാണ് മനുഷ്യരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിരുന്നത് എന്നു മനസ്സിലാക്കിത്തരുന്ന എണ്ണച്ചായ ചിത്രങ്ങള്‍ എല്ലാ മുറികളിലുമുണ്ട്. ഈ മുറികളില്‍ തടവുകാരനാവുകയും ഒടുവില്‍ ആയുസ്സിന്റെ ബലംകൊണ്ടു മാത്രം രക്ഷപ്പെടുകയും ചെയ്ത വാന്‍ നാത്ത് എന്ന ചിത്രകാരന്‍ പിന്നീട് വരച്ചവയാണ് അവ. കാല്‍ പിറകില്‍ കെട്ടി കഴുത്തറുക്കപ്പെടുന്നവര്‍, കഴുമരത്തില്‍ തൂങ്ങിയാടുന്നവര്‍, ചാട്ടവാറുകൊണ്ടുള്ള അടിയേറ്റ് പുളയുന്നവര്‍, അമ്മയുടെ കയ്യില്‍നിന്നു വലിച്ചെടുത്ത് മരത്തിനടിച്ച് കൊല്ലപ്പെടുന്ന കുട്ടികള്‍, കത്രികപ്പൂട്ടിലൂടെ കൈ മുറിക്കപ്പെടുന്നവര്‍... ബ്രദര്‍ നമ്പര്‍ വണ്‍ എന്നു സ്വയം പേരിട്ടുവിളിച്ച സഖാവിന്റെ സഹോദരസ്‌നേഹം! മരിച്ചുവീഴുന്നവരുടെ മുഖത്തുനോക്കി പോള്‍പോര്‍ട്ട് പറഞ്ഞു: ''നിങ്ങള്‍ ജീവിക്കുന്നതുകൊണ്ട് ഒരു ലാഭവുമില്ല; നിങ്ങളെ കൊല്ലുന്നതുകൊണ്ട് ഒരു നഷ്ടവുമില്ല.'' ''എനിക്കു പിറകില്‍ തോക്കുപിടിച്ചയാള്‍ എന്റെ അടുത്തേക്കു നടന്നുവന്ന് എന്റെ ശരീരത്തിലേയ്ക്കു വൈദ്യുതി പ്രവഹിക്കുന്ന വയറുകള്‍ ബന്ധിച്ചു. ''ആരൊക്കെയാണ് നിന്റെ കൂട്ടാളികള്‍?'' അവര്‍ ചോദിച്ചു. എന്നിലെ വാക്കുകളെല്ലാം അസ്തമിച്ചിരുന്നു. എന്റെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി. ദാഹിച്ചു ദാഹിച്ചു ഞാന്‍ അബോധത്തിലേയ്ക്കു മറഞ്ഞു. അപ്പോഴും വിദൂരതയില്‍നിന്നും കേള്‍ക്കാം ''നിന്റെ സംഘത്തില്‍ എത്ര പേരുണ്ട്? എങ്ങനെയാണ് നിങ്ങള്‍ ബന്ധപ്പെട്ടിരുന്നത്?'' തന്റെ അനുഭവക്കുറിപ്പില്‍ വാന്‍ നാത്ത് പിന്നീട് എഴുതി. എസ്-21 ജയിലിലെ ആരും ലംഘിക്കാന്‍ പാടില്ലാത്ത പത്തു കല്‍പ്പനകളിലൊന്ന് അടിയേല്‍ക്കുമ്പോഴോ ഷോക്കേല്‍ക്കുമ്പോഴോ കരയാന്‍ പാടില്ല എന്നതായിരുന്നു!കരച്ചില്‍പോലും പുറത്തുവരാതെയാണ് മനുഷ്യര്‍ ഇവിടെ മരിച്ചുവീണത്.

ആ കശാപ്പുശാലയുടെ മുറ്റത്ത് ശവകുടീരങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ മരങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ ചെന്തീത്തരികള്‍ എറിഞ്ഞു. അതുവരെയുള്ള എന്റെ ജീവിതകാലത്ത് ഞാന്‍ അനുഭവിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും തീവ്രവും മൂകവുമായി തോന്നി ആ സന്ധ്യ. ആ അന്തരീക്ഷത്തില്‍, സന്ധ്യയില്‍ എല്ലാം നിറയെ നിലവിളികള്‍ ഉള്ളതുപോലെ. ജനലഴികള്‍ക്കിടയിലൂടെ നിസ്സഹായമായ ഏതൊക്കെയോ കൈകള്‍ വന്നു തൊടുന്നതുപോലെ. വിലപിക്കുന്ന ആയിരക്കണക്കിനു കണ്ണുകള്‍ പിറകില്‍നിന്നു നോക്കുന്നതുപോലെ... മനുഷ്യനെക്കുറിച്ചുള്ള കടകവിരുദ്ധമായ വിചാരങ്ങളുടെ അസഹ്യമായ കടച്ചിലുമായി ഞാന്‍ ആ സ്‌കൂളിന്റെ മതിലകത്തുനിന്നു പുറത്തേക്കിറങ്ങി, പിന്‍തിരിഞ്ഞു നോക്കാന്‍ ധൈര്യപ്പെടാതെ.

19
കശാപ്പുശാലയില്‍നിന്നും പുറത്തേക്കിറങ്ങിയത് മാവോ സേതൂങ്ങിന്റെ പേരിലുള്ള റോഡിലേയ്ക്കാണ്. ആ റോഡിലൂടെ, മറ്റേതൊക്കെയോ ഉള്‍വഴികളും അങ്ങാടികളും കടന്നു ഞങ്ങള്‍ ഗ്രാമത്തിന്റെ തുറസ്സിലെത്തി. മങ്ങിയ സന്ധ്യ കരിമ്പനകള്‍ക്കിടയില്‍ വിഷാദിച്ചുനിന്നു. വയലിലൂടെ പോവുന്ന ചെമ്മണ്‍പാത ചെന്നുചേരുന്നത് വിശാലമായ ഒരു പറമ്പിന്റെ മുന്നിലാണ്. വലിയ കുളങ്ങളും ഒരുപാട് വൃക്ഷങ്ങളും നിറഞ്ഞ ആ പറമ്പിനു ചരിത്രത്തിലെ പേര് 'കില്ലിംഗ് ഫീല്‍ഡ്' എന്നാണ്. രണ്ടു ലക്ഷത്തിലധികം മനുഷ്യരെയാണ് പോള്‍പോട്ട് ഈ പറമ്പില്‍ കൊന്നൊടുക്കിയത്!

ഒരു കൂറ്റന്‍ ചില്ലുഗോപുരം ആ പറമ്പിന്റെ മധ്യത്തിലായി ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. മനുഷ്യന്റെ തലയോട്ടികളും ശരീരത്തിന്റെ പല ഭാഗങ്ങളിലുള്ള എല്ലുകളും ചില്ലുകൂട്ടില്‍ കൂമ്പാരമായിക്കിടക്കുന്നു. ഇങ്ങനെയൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു. എനിക്കു പരിചിതരല്ലാത്ത ഏതൊക്കെയോ മനുഷ്യര്‍ ആ തലയോട്ടിയിലെ കണ്‍കുഴികളിലൂടെ, പല്ലുകള്‍ക്കിടയിലൂടെ നോക്കി വിഷാദത്തോടെ മന്ദഹസിക്കുന്നതുപോലെ. ഇപ്പോഴും ആ കണ്‍കുഴികളില്‍നിന്നും ജീവിച്ചുതീരാത്ത ജീവിതത്തിന്റെ കണ്ണീര്‍ ഒഴുകുന്നതുപോലെ. തലയ്‌ക്കേറ്റ ക്ഷതം കാരണമാവാം ചില തലയോട്ടികള്‍ നീളത്തില്‍ പൊട്ടിയിരുന്നു. അസ്ഥികള്‍ കുറേശ്ശേ പൊടിഞ്ഞുതുടങ്ങിയിട്ടുണ്ട്.

പറമ്പില്‍ അവിടവിടെയായി നിരവധി മണ്‍കുഴികള്‍. കൊലയ്ക്കുശേഷം മനുഷ്യരെ ഒന്നിച്ചു തള്ളിയിരുന്നവയായിരുന്നു ആ കുഴികള്‍. കെട്ടിയിട്ട് കൊല്ലാന്‍ ഉപയോഗിച്ചിരുന്ന മരങ്ങള്‍ സര്‍വ്വസാക്ഷികളെപ്പോലെ സഹനത്തിന്റെ ഇലവിരിച്ച് നില്‍ക്കുന്നു. കഴുമരങ്ങള്‍ തലകുനിച്ചു നില്‍ക്കുന്നു. എല്ലാം കണ്ട ജലാശയത്തില്‍ സന്ധ്യയിലെ ഈര്‍പ്പമുള്ള കാറ്റ് ഞൊറിയിടുന്നു.

ആ പറമ്പിന്റെ പല ഭാഗങ്ങളിലായി മരസ്റ്റാന്റിന്റെമേല്‍ ചെറിയ ചില്ലുകൂടുകള്‍ വച്ചിട്ടുണ്ട്. മനുഷ്യന്റെ പല്ലുകളും അസ്ഥിച്ചീളുകളുംകൊണ്ട് അവ നിറഞ്ഞിരിക്കുന്നു. ചിലതില്‍ നിറയെ കുഞ്ഞുങ്ങളുടെ ഉടുപ്പുകളാണ്. അവയില്‍നിന്നും കാലത്തേയും ദിഗന്തങ്ങളേയും ഭേദിച്ചുകൊണ്ട് നിഷ്‌കളങ്കമായ നിലവിളികള്‍ നിശ്ശബ്ദം ഉണര്‍ന്നുവരുന്നുണ്ടാവാം. ശിശുഹത്യയുടെ മഹാപാപം ആ പ്രദേശത്തെ ശപിച്ചുകൊണ്ട് ചൂഴ്ന്നുനില്‍ക്കുന്നു.

അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചു, ഞാന്‍ ചവിട്ടിനില്‍ക്കുന്ന ആ മണ്ണില്‍നിന്നും ഇപ്പോഴും മനുഷ്യാസ്ഥികള്‍ ലഭിച്ചുകൊണ്ടേയിരിക്കുന്നു!

അങ്ങനെ ലഭിക്കുന്ന അസ്ഥികള്‍ നിക്ഷേപിക്കേണ്ട ഇടമാണ് ചില്ലുകൂടുകള്‍.

കേട്ടത് വിശ്വസിക്കാനാവാതെ ഞാന്‍ മണ്ണില്‍ കാലുരച്ച് കാലുരച്ച് നടന്നു. ഒരിടത്ത് കാലുരച്ചപ്പോള്‍ എന്തോ തടഞ്ഞതുപോലെ. അവിടത്തന്നെ ആഞ്ഞുരച്ചു. അപ്പോള്‍ മേല്‍മണ്ണിനെ വകഞ്ഞ് ഒരു വെണ്മ തെളിഞ്ഞുതെളിഞ്ഞുവന്നു. ആദ്യം മരക്കഷണമാണ് എന്നു തോന്നി. മുകള്‍മണ്ണ് മുഴുവന്‍ മാറിയപ്പോള്‍ അടിയില്‍നിന്നും ഒരു മനുഷ്യന്റെ കൈ എല്ല് പുറത്തേയ്ക്കു വന്നു. മണ്ണിലുറച്ച ആ അസ്ഥി വിറച്ചുവിറച്ചുകൊണ്ട് ഞാന്‍ വലിച്ചെടുത്തു. അതു പാതി പൊട്ടി എന്റെ കയ്യിലും ബാക്കി മണ്ണിനടിയിലും ശേഷിച്ചു. എന്റെ നട്ടെല്ലിലൂടെ ഒരു വിറ മുകളിലേയ്ക്കു പടര്‍ന്നതു ഞാനറിഞ്ഞു. ഈ മണ്ണില്‍ എന്നെപ്പോലെ ജീവിച്ച്, ചരിച്ചിരുന്ന ഒരു മനുഷ്യന്റെ എല്ലു കഷണവുമായി ആ ത്രിസന്ധ്യയില്‍ നിന്നപ്പോള്‍ എല്ലാ യുദ്ധങ്ങളുടേയും വംശഹത്യകളുടേയും നരമേധങ്ങളുടേയും പാപഭാരം മുഴുവന്‍ എന്റെമേല്‍ വന്നു പതിച്ചതുപൊലെ തോന്നി. ഞാന്‍ എന്നതിനെ ഒരു വ്യക്തിയായി കാണേണ്ട. ഈ ഭൂമിയില്‍ നമ്മെപ്പോലെതന്നെ ജീവിക്കാന്‍ അവകാശമുള്ള ഒരു ഉറുമ്പിനെപ്പോലും കൊന്നുതള്ളുന്ന ഭ്രാന്തന്‍ പ്രത്യയശാസ്ത്രം തലയില്‍പ്പേറുന്ന മനുഷ്യകുലത്തിന്റെ പ്രതീകമാണ് ഞാന്‍. തണുത്ത കാറ്റിനേയും കടന്ന് എന്റെ ഉടല്‍ വിയര്‍ത്തു. പുറത്തും എന്റെ കണ്ണിലും ഇരുട്ട് പടര്‍ന്നു പടര്‍ന്നു നിറഞ്ഞുതുടങ്ങി. കയ്യില്‍ കിട്ടിയ ആ എല്ലു കഷണം ഞാനൊരു ചില്ലുകൂട്ടില്‍ നിക്ഷേപിച്ചു. ആ കൊലനിലത്തിനെ പൂര്‍ണ്ണമായും ഇരുട്ട് വിഴുങ്ങി. നിശ്ശബ്ദത മാത്രം. യഥേഷ്ടം സംസാരിച്ചിരുന്ന ഫാക്കിയും ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. ഈ മണ്ണിന്റെ അസ്ഥിക്കുടുക്കയില്‍ ഇനിയുമെത്ര മനുഷ്യരുടെ ചിതറിയ എല്ലിന്‍കൂടുകള്‍ ഉണ്ടാവും ദൈവമേ!

തിരിച്ചുള്ള യാത്രയില്‍ ഞാന്‍ മനോരോഗിയായ പോള്‍പോട്ടിനെ ഓര്‍ത്തു. അയാളെ എങ്ങനെയെങ്കിലും ന്യായീകരിക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം കുട്ടിസഖാക്കന്മാരെ ഓര്‍ത്തു. വിപ്ലവം തോക്കിന്‍കുഴലിലൂടെ തന്നെയാണ് വരിക എന്നു വിശ്വസിക്കുന്ന പരമദ്രോഹികളായ വിഡ്ഢികളെ ഓര്‍ത്തു. അവരെ ഈ കൊലനിലത്ത് ഒരു രാത്രി പാര്‍ക്കാന്‍ വിടണം. അപ്പോള്‍ മനുഷ്യരുടെ വിലാപങ്ങള്‍ അവരെ മൂടും; പച്ചയായ നേരുകള്‍ പ്രത്യയശാസ്ത്രങ്ങളെ നെടുകേ പിളര്‍ക്കും; അമ്മമാരുടെ തേങ്ങലുകളും കുഞ്ഞുങ്ങളുടെ കരച്ചിലുകളും വൃദ്ധരുടെ അന്തിമ ഞരക്കങ്ങളും അവരെ കെട്ടിവരിയും; തലയോട്ടികള്‍ അവരെ തുറിച്ചുനോക്കും; മണ്‍കുഴിയില്‍നിന്നും മനുഷ്യരുടെ മുരള്‍ച്ചകള്‍ ഉയരും; കാറ്റുകള്‍ നിലയ്ക്കും; അവര്‍ വായിച്ച നാലണമാത്രം വിലയുള്ള പുസ്തകങ്ങളും തത്ത്വശാസ്ത്രങ്ങളും നിന്നുകത്തും - അവര്‍ ഈ ഭൂമിയില്‍ തനിച്ചാവും. അത്തരം ഒരു നിമിഷം സ്വപ്നം കണ്ട് അന്ന് കംപോഡിയയില്‍ ഞാനുറങ്ങി. എന്റെയുള്ളില്‍ പല തവണ ആരൊക്കെയോ നിലവിളിച്ചു. ആ നിലവിളിയുടെ ഭാഷ മനുഷ്യവംശത്തിനാകെ മനസ്സിലാവുന്നതായിരുന്നു.

20
ഹാനോയിയില്‍നിന്ന് ബാങ്കോക്ക് വഴി അബുദാബിയിലേയ്ക്കും അവിടെനിന്നും മുംബെയിലേയ്ക്കും മുംബെയില്‍നിന്നും കോഴിക്കോട്ടേയ്ക്കുമായിരുന്നു വിമാനം. ഹാനോയിയില്‍നിന്നും കയറിയ ഉടനെ ഞങ്ങള്‍ രണ്ടുപേരും ഉറക്കത്തിലേയ്ക്ക് വീണു. ഉണര്‍ന്നത് ബാങ്കോക്കിന്റെ മണ്ണില്‍ വിമാനത്തിന്റെ ചക്രങ്ങള്‍ ഉരസിത്തൊട്ടപ്പോഴാണ്. അബുദാബിയിലേയ്ക്കുള്ള വിമാനം പുറപ്പെടുന്ന ഗേറ്റിലേയ്ക്ക് ഓടിയത് പാതിയുറക്കത്തിലായിരുന്നു. പാതിരാത്രിയുടെ ഏതോ മണിക്കൂറുകളായിരിക്കണം അത്. അടുത്ത വിമാനത്തിലും ഉറക്കം തന്നെ. ഉണര്‍ന്നത് അബുദാബിയില്‍ എത്തിയപ്പോള്‍. സമയത്തേയും സ്ഥലരാശികളേയും തകിടംമറിച്ച് പുലരിയുടെ ഏതോ യാമത്തിലാണ് അബുദാബിയില്‍ എത്തിയത്.

ഇവിടെ വച്ചു ഞാനും ഫാക്കിയും വേര്‍പിരിയണം. കുറേ ദിവസങ്ങള്‍ ഏതൊക്കെയോ വഴികളിലൂടെ ഒന്നിച്ചലഞ്ഞ് ഉറച്ച സൗഹൃദം തല്‍ക്കാലത്തേയ്‌ക്കെങ്കിലും വിടപറയുന്നു. ഓരോ വേര്‍പിരിയലും അതെത്ര ചെറിയ സമയത്തേക്കാണെങ്കില്‍പ്പോലും എത്രമേല്‍ വേദനാകരമാണ് എന്നും ഒന്നിച്ചുചേരലുകളും വേര്‍പിരിയലുകളുമാണ് ജീവിതത്തിന്റെ നിരന്തരസത്ത എന്നും 'തപാല്‍ മാസ്റ്റര്‍' എന്ന കഥയില്‍ ടാഗോര്‍ പറഞ്ഞുവച്ചത് എത്രമാത്രം ശരിയാണ്!

ഫാക്കി എന്നെ കെട്ടിപ്പിടിച്ചു;

മുഖം എന്റെ ഇടതുതോളില്‍ താങ്ങി അല്‍പ്പനേരം നിന്നു.... എന്നിട്ട് പറഞ്ഞു:

''പോട്ടെടാ... സൂക്ഷിച്ചു പോണം. വീട്ടില് അമ്മേനോടും അച്ഛനോടുമെല്ലാം എന്റെ അന്വേഷണം പറ. ഞാന്‍ നാട്ടിലെത്തീറ്റ് വിളിക്കാ.''

ഞാന്‍ ഫാക്കിയുടെ കണ്ണുകളിലേയ്ക്കു നോക്കിയില്ല; ഫാക്കി തിരിച്ചും.

ജീവിതത്തിന്റെ അതീവ യാദൃച്ഛികമായ ഒരു ഘട്ടത്തില്‍ പരിചയപ്പെട്ട ഈ മനുഷ്യന്‍ എന്റെയാരാണ്, ഇത്രമേല്‍ ഞാന്‍ വികാരാധീനനാവാന്‍?

ജനിതക ബന്ധങ്ങളില്‍ ഇയാള്‍ എന്റെ ആരുമല്ലെങ്കിലും ആരോ ആണ്. അതുകൊണ്ടാണ് വിടപറയുമ്പോള്‍ കണ്ണു നനയുന്നത്. ലോകത്തെ ഒരു ശാസ്ത്രത്തിനും ഇതിന്റെ കാരണം പഠിക്കാനായിട്ടില്ല. ഈ പ്രപഞ്ചവും അതില്‍ മനുഷ്യനും ഉള്ള കാലത്തോളം അതിനു സാധിക്കുകയുമില്ല.

എന്റെ പുറത്തുതട്ടി ഫാക്കി തിരിച്ചുനടന്നു. അയാള്‍ നടന്നകലുന്നതു ഞാന്‍ നോക്കിനിന്നു. വിമാനത്താവളത്തിന്റെ മുകള്‍നിലയില്‍നിന്നു താഴേയ്ക്കു നോക്കിയപ്പോള്‍ ഫാക്കി തന്റെ പ്രത്യേകമായ താളത്തില്‍ നടന്നുനടന്നു പോവുന്നു - അന്ന് ദുബായിയിലെ ഗ്രാന്‍ഡ് ഹയാത്തിന്റെ തിളങ്ങുന്ന തളത്തിലേയ്ക്ക് എന്നെത്തേടി വന്ന അതേപോലെ.

ഒടുവില്‍ ഒരു പൊട്ടുപോലെ ഫാക്കി ആള്‍ക്കൂട്ടത്തില്‍ ചെറുതായി വിമാനത്താവളത്തിന്റെ പുറംവാതില്‍ കടന്നുപോയി. ഞാന്‍ തനിച്ചായി.

പുലര്‍ച്ചെ എപ്പോഴോ മുംബെയിലേക്കുള്ള വിമാനത്തില്‍ കയറിയിരുന്നു. വീണ്ടും തളര്‍ന്നുറങ്ങി. മുംൈബയില്‍ ഇറങ്ങിയപ്പോള്‍ പുറത്ത് വെയിലു പരന്നിരുന്നു. ഇന്ത്യയുടെ വെയില്‍, ഇന്ത്യയുടെ മണം വീണ്ടും...

പത്തരയ്ക്കുശേഷമായിരുന്നു കോഴിക്കോട്ടേയ്ക്കുള്ള ഫ്‌ലൈറ്റ്. ഞാനാകെ മുഷിഞ്ഞിരുന്നു. എന്റെ കയ്യില്‍ വിയറ്റ്നാമില്‍നിന്നും വാങ്ങിയ ഒരു കൂമ്പന്‍ തൊപ്പിയുണ്ടായിരുന്നു. അത് ആളുകള്‍ക്ക് എന്നെ ഒരു കൗതുകവസ്തുവാക്കി. വിമാനത്തില്‍ സുഖമായുറങ്ങി. കോഴിക്കോട്ടെ ടേബിള്‍ടോപ്പ് റണ്‍വേയില്‍ വിമാനം താണുതൊട്ടപ്പോള്‍ സമയം ഒന്നര.

ഹാനോയ് ഇപ്പോള്‍ എത്രമാത്രം ദൂരെയാണ്!

ആവുന്ന വേഗത്തില്‍ ഞാന്‍ വീട്ടിലേയ്ക്കു കുതിച്ചു. സസ്യനിബിഡമായ പറമ്പിലെ വീട് കാത്തിരിപ്പുണ്ടായിരുന്നു. ഞാനാദ്യം പോയത് അടുക്കളയിലേക്കായിരുന്നു. അവിടെ കടുകുവറക്കുന്ന മണം; അരി വെന്ത് തൂവിയതിന്റെ മണം; മുരിങ്ങയിലെ വഴറ്റിയെടുക്കുന്ന മണം; പപ്പടത്തിന്റെ മണം...
വേനലില്‍ കരിഞ്ഞ പുല്‍ത്തകിടിയില്‍ മഴ ചാറിവീണപോലെ എന്റെ നാസാരന്ധ്രങ്ങള്‍ തളിര്‍ത്തു. ശ്വാസകോശത്തില്‍ നിറയെ മലയാളമണം നിറഞ്ഞു.

ഹിമസാഗര തൈലം തലയിലും ശരീരത്തിലും പുരട്ടി ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു. പറമ്പില്‍പ്പോയി ഒരു നീളന്‍ നാക്കില വെട്ടിയെടുത്തു. തുഞ്ചത്ത് നെയ്യൊഴിച്ചു, അഷ്ടചൂര്‍ണ്ണം വിതറി, ചോറില്‍ച്ചേര്‍ത്ത് കുഴച്ച് കഴിച്ചു. നല്ല പഴുത്ത മത്തന്റെ പുളിങ്കറി, മുരിങ്ങയിലയുപ്പേരി, കണ്ണിമാങ്ങാ അച്ചാര്‍, പപ്പടം, കാച്ചിയ മോര്, കയ്പക്കക്കൊണ്ടാട്ടം, ചുക്കുവെള്ളം... ഒരുപാട് കാലമായി ഭക്ഷണം നിഷേധിക്കപ്പെട്ട ഒരാളെപ്പോലെ ഞാന്‍ വാരിവാരി വിഴുങ്ങി. വാടിയ ഇലയുടെ മണം അധികരുചിയായി. ചുടുള്ള കഞ്ഞിവെള്ളത്തില്‍ ഉപ്പ് വിതറിക്കുടിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോള്‍ കസേരയില്‍ നീണ്ടുകിടന്നു. പിന്നെ, വെട്ടിയിട്ടതുപോലെ കിടന്നുറങ്ങി.
ഉണര്‍ന്നപ്പോള്‍ കണ്ണില്‍ നിറയെ നിറങ്ങള്‍. മനസ്സ് തളിര്‍ത്തിരിക്കുന്നു. ലോകം പ്രകാശമാനമായിരിക്കുന്നു.

അതെ, കഴിക്കുന്ന അന്നമാണ് മനുഷ്യന്‍;
ശ്വസിക്കുന്ന വായുവാണ് മനുഷ്യന്‍;
അമ്മയുടെ രുചിയാണ് മനുഷ്യന്‍...

മറ്റുള്ളതെല്ലാം കണ്ട് തിരിച്ചുപോരേണ്ട കാനല്‍ ജലം മാത്രം.

(പരമ്പര ഈ ലക്കം അവസാനിക്കുന്നു. മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന സോര്‍ബയോടൊപ്പമുള്ള സഞ്ചാരങ്ങള്‍ എന്ന പുസ്തകത്തിലെ ആദ്യ അധ്യായമാണിത്.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com