'നിങ്ങളുടെ വാഹനത്തില്‍ ഭാര്യയും കൂടെ ഉണ്ടെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ വാഹനം തടഞ്ഞ് ഭാര്യയെ ഇറക്കി വിടുമോ?' 

എന്തോ ചെറിയ കുറ്റത്തിന്റെ പേരില്‍  രണ്ടു യുവാക്കളെ പൊലീസ് നിര്‍ബ്ബന്ധിച്ച് തല മൊട്ട അടിച്ചുവത്രെ
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

ര്‍വ്വീസില്‍നിന്നും വിരമിച്ച് ഏതാനും മാസങ്ങള്‍ക്കുശേഷം  പാലക്കാടു നിന്നുന്നൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അവിടൊരു പൊലീസ് സ്റ്റേഷനില്‍ എന്തോ ചെറിയ കുറ്റത്തിന്റെ പേരില്‍  രണ്ടു യുവാക്കളെ പൊലീസ് നിര്‍ബ്ബന്ധിച്ച് തല മൊട്ട അടിച്ചുവത്രെ. ചില പത്രങ്ങളില്‍ അവരുടെ ഫോട്ടോയുമുണ്ടായിരുന്നു; മൊട്ടത്തലയുമായി. മുടി എത്ര വളര്‍ത്തണം? മീശ എങ്ങനെയായിരിക്കണം എന്നതൊക്കെ തികച്ചും  വ്യക്തിപരമായ ഇഷ്ടാനിഷ്ടമാണ്; സ്വാതന്ത്ര്യമാണ്.   അടിയന്തരാവസ്ഥക്കാലത്ത് ചില ഉദ്യോഗസ്ഥര്‍ ആ സ്വാതന്ത്ര്യത്തിലും കൈ വച്ചിരുന്നു. പില്‍ക്കാലത്ത് കേരളത്തിലെ പൊലീസില്‍ ഏതാണ്ട് പൂര്‍ണ്ണമായി ആ ദുഷ്പ്രവണത ഇല്ലാതായി. എങ്കിലും  വളരെ അപൂര്‍വ്വമായി അതുണ്ടായിട്ടുമുണ്ട്. തിരിഞ്ഞുനോക്കിയപ്പോള്‍ ഓര്‍മ്മയിലെത്തിയ സംഭവങ്ങളിലെല്ലാം ഇരകള്‍ ദളിതരായിരുന്നുവെന്ന് കണ്ടു. ഇപ്പോള്‍ പാലക്കാട്ടും ആ യുവാക്കള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. എന്തേ ഇങ്ങനെ? ഇത് ആകസ്മികമാണോ? നിയമപാലനത്തിലും സ്വത്വപ്രശ്നമുണ്ടോ? ഒരു പൗരന്റെ ജാതി, മതം, ദേശം  ഇതിനൊക്കെ പൊലീസില്‍ എന്ത് പ്രസക്തി?

ഈ ചിന്തകള്‍ എന്നെ നാഷണല്‍ പൊലീസ് അക്കാദമിയിലേക്ക് തിരികെ കൊണ്ടുപോയി. ശീതീകരിച്ച ക്ലാസ്സ്മുറിയിലിരിക്കുന്ന ഐ.പി.എസ് പ്രൊബേഷണറാണ് ഞാനിപ്പോള്‍. 'Once you are in uniform, that is your identtiy. All other identities- your religion, caste, region, etc.- become irrelevant.' (നിങ്ങള്‍ യൂണിഫോം ധരിക്കുന്നതോടെ, അതാണ് നിങ്ങളുടെ സ്വത്വം അഥവാ വ്യക്തിത്വം. നിങ്ങളുടെ ജാതി, മതം, പ്രദേശം തുടങ്ങി മറ്റെല്ലാം അപ്രസക്തമാകുന്നു) അവിടെ കേട്ട വാക്കുകളാണിത്. പറഞ്ഞതാകട്ടെ,  ജെ.എഫ് റെബെയിറോ അന്നത്തെ പഞ്ചാബ് ഡി.ജി.പി. പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സിക്കുവിരുദ്ധ കലാപവും കൂട്ടക്കൊലയും കൈകാര്യം ചെയ്യുന്നതിലുണ്ടായ പൊലീസ് വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് ഇത് പറഞ്ഞത്. നമ്മുടേതുപോലെ ധാരാളം വൈവിധ്യങ്ങളുള്ള രാജ്യത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിത്വം ഏതെങ്കിലും സങ്കുചിത വീക്ഷണങ്ങള്‍ക്കും ചിന്തകള്‍ക്കുമപ്പുറമായിരിക്കണം എന്ന ആശയം പരിശീലനകാലത്ത് ആവര്‍ത്തിച്ചു കേട്ടിട്ടുള്ളതാണ്. ''ഭരണഘടന ആയിരിക്കണം പൊലീസുദ്യോഗസ്ഥന്റെ മതം'' എന്നൊക്കെ പറഞ്ഞുവെയ്ക്കുന്ന വാഗ്വൈഭവള്‍ക്കും ഏറെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരൊക്കെ അങ്ങനെ തന്നെയാണോ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നൊന്നും അറിയില്ല.
 
അക്കാലത്ത് ഞങ്ങളുടെ ഡയറക്ടറായിരുന്ന എ.എ. അലി, ഇക്കാര്യത്തില്‍ ഉജ്ജ്വലമായ ഒരു  മാതൃക തന്നെയായിരുന്നുവെന്നതില്‍ സംശയമില്ല. പരിശീലനത്തിന്റെ കാഠിന്യംകൊണ്ടാണോ അതോ ഞങ്ങളുടെ പ്രായത്തിന്റെ കുഴപ്പംകൊണ്ടാണോ എന്നറിയില്ല, അക്കാലത്ത് ഞങ്ങള്‍ വിശ്രമവേളകളില്‍ പലപ്പോഴും ആനന്ദം കണ്ടെത്തിയത് അലി ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ഗുരുസ്ഥാനീയരെ കളിയാക്കിക്കൊണ്ടായിരുന്നു. പക്ഷേ, തമാശയായിപ്പോലും ഒരുതരത്തിലുള്ള സങ്കുചിതത്വവും ഞങ്ങള്‍ക്ക് ഞങ്ങളുടെ ഡയറക്ടറില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ പ്രസക്തമായ വിഷയം, യൂണിഫോം ലഭിക്കുന്നതോടെ ജാതി, മതം, ഭാഷ, ദേശം മുതലായ പരിഗണനകളില്ലാതെ  ഭരണഘടന വിഭാവന ചെയ്യുന്ന ഉദാത്തമായ തലങ്ങളിലേയ്ക്കുയരാന്‍ ഒരു പൊലീസുദ്യോഗസ്ഥന്, പ്രത്യേകിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥന് കഴിയുമോ എന്നതാണ്?

ആള്‍ ഇന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രത്തെ ഒന്നായി കാണണമെന്നും ദേശീയ വീക്ഷണം അതാണെന്നും ഒക്കെ ഉള്ള ഗിരിപ്രഭാഷണങ്ങള്‍ ധാരാളം കേട്ടു. 'മേരാ ഭാരത് മഹാന്‍', സംശയമില്ല. പക്ഷേ,  ഞങ്ങളുടെ  കേഡര്‍ അലോക്കേഷന്‍ വന്ന ദിവസം ചില പ്രശ്നങ്ങളുണ്ടായി.  ഓരോ ഐ.പി.എസ് ഉദ്യോഗസ്ഥനും ഏത് സംസ്ഥാനത്താണ് ജോലി ചെയ്യേണ്ടത് എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് കേഡര്‍ അലോക്കേഷന്‍. അസാധാരണമായ രംഗങ്ങളാണ് അന്നവിടെ അരങ്ങേറിയത്. ഐ.പി.എസ് മെസ്സ് ഹാളായിരുന്നു രംഗവേദി. വിശാലമായ ആ ഹാളില്‍ ഡിന്നറിനായി ഞങ്ങളൊത്തുകൂടുമ്പോള്‍ അവിടെ അത്യന്തം തീവ്രമായ വികാരപ്രകടനങ്ങളുണ്ടായി. അപ്രതീക്ഷിതമായ കാഡര്‍ ലഭിച്ച പലരും ആ ഞെട്ടലിലായിരുന്നു. അതില്‍നിന്നും മോചനം നേടാന്‍ കുറെ പേരെങ്കിലും എവിടെനിന്നോ എങ്ങനെയോ സംഘടിപ്പിച്ച മദ്യം ക്രമാതീതമായി അകത്താക്കിയിരുന്നു. പക്ഷേ, അതവരെ സഹായിച്ചില്ല. രോഷവും സങ്കടവും അവിടെ അണപൊട്ടി ഒഴുകി. നാടുകടത്തലിനു ശിക്ഷിക്കപ്പെട്ട തടവുകാരെപ്പോലെ ആയിരുന്നു പലരുടേയും അവസ്ഥ. സ്വന്തം സംസ്ഥാനം ലഭിച്ചവര്‍ അതീവ സന്തുഷ്ടരായിരുന്നു. ഞാനും ആ ഗണത്തില്‍പ്പെട്ടു. അക്കാര്യങ്ങളില്‍ കുറേയേറെ വ്യക്തത നേരത്തേ  ഉണ്ടായിരുന്നു. ഒരു സംസ്ഥാനത്തുള്ള ഒഴിവുകളില്‍ മൂന്നിലൊന്ന് അവിടെ നിന്നുള്ളവര്‍ക്കും ബാക്കി മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും എന്നായിരുന്നു വ്യവസ്ഥ. ഈ പരിഷ്‌കാരം തൊട്ടു മുന്‍വര്‍ഷം രാജീവ്ഗാന്ധി ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന ചിദംബരത്തിന്റെ ബുദ്ധിയിലുദിച്ചതെന്നായിരുന്നു കേള്‍വി. ആള്‍ ഇന്‍ഡ്യ സര്‍വ്വീസ് എന്നാല്‍, ശരിക്കും അതിനൊരു അഖിലേന്ത്യാ സ്വഭാവം വേണമെന്നും അതിനുള്ള കുറുക്കുവഴിയാണ് പുതിയ സമ്പ്രദായം  എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. 

പുതിയ രീതിയിലെ വലിയ മാറ്റം, സ്വന്തം സംസ്ഥാനം കിട്ടാത്തവര്‍ക്ക് പിന്നീട് മറ്റൊരു സംസ്ഥാനവും  തെരഞ്ഞെടുക്കാന്‍ അവകാശമില്ല എന്നതായിരുന്നു. തൊട്ടുമുന്‍പ് വരെ, കേരളം ലഭിക്കാത്ത മലയാളി തൊട്ടടുത്ത തമിഴ്നാടോ കര്‍ണാടകയോ തിരഞ്ഞെടുക്കും. അതുപോലെ യു.പികാരന്‍ ഡല്‍ഹിക്കോ രാജസ്ഥാനോ മുന്‍ഗണന കൊടുക്കും. അതായിരുന്നു അവസ്ഥ. പുതിയ സമ്പ്രദായത്തില്‍ കേരളം കിട്ടിയില്ലെങ്കില്‍ തമിഴ്നാടെങ്കിലും മോഹിക്കുന്ന മലയാളി എത്തുന്നത് ബീഹാറിലായിരിക്കും. യു.പിയെങ്കിലും കിട്ടുമെന്ന് മോഹിക്കുന്ന ബീഹാറുകാരന്‍ തമിഴ്നാട്ടിലുമെത്തും. കാരണം, സ്വന്തം സംസ്ഥാനം കിട്ടിയില്ലെങ്കില്‍ പിന്നീട് മറ്റ് സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഉദ്യോഗസ്ഥന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഒരു വിലയുമില്ല. ഈ പുതിയ വ്യവസ്ഥകൊണ്ട് ചിദംബരം ആഗ്രഹിച്ചപോലെ 'ദേശീയത' വളര്‍ത്താന്‍ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. വലിയൊരു മത്സരപരീക്ഷ പാസ്സായി ഐ.എ.എസും ഐ.പി.എസ്സും ഒക്കെ കിട്ടിയെന്ന വിജയാഹ്ലാദ ലഹരിയിലായിരുന്ന ഒട്ടേറെ യുവതീയുവാക്കളെ സര്‍വ്വീസിന്റെ തുടക്കത്തില്‍ത്തന്നെ നിരാശയുടെ ഗര്‍ത്തത്തിലേക്ക് തള്ളിയിടാന്‍ ഈ പുതിയ സമ്പ്രദായത്തിനു കഴിഞ്ഞുവെന്നതില്‍ സംശയമില്ല.

ഓരോ സംസ്ഥാനങ്ങളുടെ പേരിലുള്ള സങ്കടവും സന്തോഷവുമൊക്കെ കുറേ സ്വാഭാവികമായിരുന്നു. എന്നാലത് പൂര്‍ണ്ണമായും യുക്തിസഹമായിരുന്നില്ല. ചില മുന്‍വിധികള്‍ സംസ്ഥാനങ്ങളെക്കുറിച്ച് ഐ.എ.എസ്/ഐ.പി.എസ് പ്രൊബേഷണര്‍മാരുടെ ഇടയിലുണ്ടായിരുന്നു. ചില സംസ്ഥാനങ്ങള്‍ നല്ലത്, ചിലത് വളരെ മോശം എന്നിങ്ങനെ പല ധാരണകളും ഉണ്ടായിരുന്നു. ഇത്തരം ധാരണകള്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളും  പുലര്‍ത്തിയിരുന്നു. ഞങ്ങളുടെ ഇടയില്‍ ഒരു സംഭാഷണം ഇങ്ങനെ പോയി. തനിക്ക് ഗുജറാത്ത് കാഡറാണെന്നറിഞ്ഞപ്പോള്‍  ഒരു ഐ.എ.എസ് പ്രൊ ബേഷണര്‍ വീട്ടില്‍ അമ്മയ്ക്ക് ഫോണ്‍ ചെയ്തുവത്രെ. ''മാജി, മേം ക്രോര്‍പതി ബനൂംഗാ'' (അമ്മേ, ഞാന്‍ കോടിപതിയാകും). എന്തു നല്ല അമ്മയും കുഞ്ഞും. ഇങ്ങനെ 'ലക്ഷ്യബോധം' പ്രകടിപ്പിച്ചവര്‍ അപൂര്‍വ്വമായിരുന്നു.  കേരളത്തെപ്പറ്റി പൊതുവേ വളരെ മോശം അഭിപ്രായമായിരുന്നു സര്‍വ്വീസ് ഭേദമന്യേ. മുജ്ജന്മത്തില്‍ പാപം ചെയ്തവര്‍ക്കത്രേ കേരളം കിട്ടുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത എന്തെല്ലാം അബദ്ധ ധാരണകളായിരുന്നു നിലനിന്നിരുന്നത്. പില്‍ക്കാലത്ത് ഞാനൊരു സീനിയര്‍ കോഴ്സിന്  നാഷണല്‍ പൊലീസ് അക്കാഡമിയില്‍ പോയപ്പോള്‍ അക്കാലത്തെ ഒരു പ്രൊബേഷണര്‍ എന്നോട് ധാരാളം സംശയം ചോദിച്ചു. അതിലൊരു സംശയം കൗതുകകരമായിരുന്നു. നിങ്ങളുടെ വാഹനത്തില്‍ ഭാര്യയും കൂടെ ഉണ്ടെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ വാഹനം തടഞ്ഞ് ഭാര്യയെ ഇറക്കി വിടുമോ? കേരളവും കമ്യൂണിസ്റ്റ് ഭരണവുമായുള്ള ബന്ധമാണ് പല തെറ്റിദ്ധാരണകളുടേയും  അടിസ്ഥാനമെന്ന രഹസ്യം ഞാന്‍ മനസ്സിലാക്കിയതന്നാണ്. ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധത്തില്‍ ഒരുപാട് ഉദാരവല്‍ക്കരണം നടന്ന നാടാണ്  കേരളമെന്ന് അവരുണ്ടോ അറിയുന്നു. ഐ.എ.എസ്/ഐ.പി.എസ്സുകാരുടെ സ്വപ്നഭൂമിയാണ്  കേരളം. സധൈര്യം കടന്നുവരിക. ഞാനന്നും പ്രോത്സാഹിപ്പിച്ചു. 

കാഡറിന്റെ കാര്യത്തില്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒരു സംഭവമുണ്ടായത് ഞങ്ങള്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ്. സെയില്‍സിംഗ് ആയിരുന്നു രാഷ്ട്രപതി. അദ്ദേഹം, ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ആസ്സാം സംസ്ഥാനക്കാരി ദ്യുതിറാണിദോലെയുടെ സമീപം വന്ന് തോളില്‍ കൈവച്ച്, 'ബേട്ടി' എന്ന് സംബോധന ചെയ്ത് ഹിന്ദിയില്‍ ഏത് സംസ്ഥാനമാണ് കിട്ടിയതെന്ന് ചോദിച്ചു. ജമ്മു & കശ്മീര്‍ എന്നു പറഞ്ഞപ്പോള്‍, ''നിങ്ങള്‍ക്ക് ആസ്സാമാണല്ലോ കിട്ടേണ്ടത്'' എന്നദ്ദേഹം പറഞ്ഞു. ''ഇപ്പോള്‍ rules വളരെ കര്‍ക്കശമാണ്, അത് ബുദ്ധിമുട്ടാണ് സര്‍'' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി: ''എന്താ പറയുന്നത്?  ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഞാനെത്ര പേര്‍ക്ക് അവരുടെ ഹോം സ്റ്റേറ്റ് നല്‍കി.'' ഔപചാരികതയുടെ കണികപോലുമില്ലാതിരുന്ന രാഷ്ട്രപതി സെയില്‍സിംഗിന്റെ സംഭാഷണം ഏവര്‍ക്കും പ്രിയങ്കരമായി.

അപ്രതീക്ഷിതമായി  പുതിയൊരു സംസ്ഥാനത്ത് ജോലി ചെയ്യേണ്ടിവരും എന്ന അറിവ് സൃഷ്ടിക്കുന്ന നിരാശാബോധത്തെ ഏതെങ്കിലും തരത്തിലുളള സങ്കുചിതത്ത്വമായി മാത്രം വ്യാഖ്യാനിക്കുന്നത് ശരിയല്ല. തികച്ചും പ്രായോഗികമായ പലവിധ ബുദ്ധിമുട്ടുകളും അഭിമുഖീകരിച്ച  പലരേയും എനിക്കറിയാം. ചുരുക്കത്തില്‍  യൂണിഫോം ധരിച്ചതുകൊണ്ടോ ആള്‍ ഇന്ത്യാ സര്‍വ്വീസില്‍ അംഗമായതുകൊണ്ടോ ഓരോ പ്രദേശത്തോടുമുള്ള വ്യക്തിപരമായ പ്രതിപത്തിയും  വിപ്രതിപത്തിയും പ്രശ്നങ്ങളും ഒന്നും ഇല്ലാതാകുന്നില്ല.  

അതുപോലെ പൊലീസ് എന്ന പുതിയ ഐഡന്റിറ്റി കൊണ്ടുമാത്രം ഇല്ലാതാകുന്നതല്ല സ്വന്തം മനസ്സിന്റെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന മുന്‍ധാരണകളും പ്രവണതകളും. അനുഭവങ്ങളിലൂടെ അത്  ചിലപ്പോള്‍ വെളിപ്പെടും നമ്മെ അമ്പരപ്പിച്ചുകൊണ്ട്. വടകരയിലെ എന്റെ പരിശീലനകാലത്ത് ഒരു സംഭവമുണ്ടായി. അക്കാലത്ത് ഇരുവശത്തും പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ വയ്‌ക്കോല്‍ കയറ്റിപ്പോകുന്ന ലോറികള്‍ അവിടെ  വലിയ ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. എങ്ങനെയോ ഇതെന്റെ ശ്രദ്ധയാകര്‍ഷിച്ചു. അത്തരം വാഹനങ്ങള്‍ക്കെതിരെ വലിയതോതില്‍ നിയമനടപടി സ്വീകരിക്കാന്‍ തുടങ്ങി. സാധാരണയായി അങ്ങനെയുള്ള വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയശേഷം ഡ്രൈവര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകളുമായി ഇറങ്ങിവരും. രേഖകള്‍ പരിശോധിച്ച് ഫൈന്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു രീതി. അക്കാലത്ത് 200 രൂപയായിരുന്നു ഫൈന്‍ എന്നാണ് ഓര്‍മ്മ. ലോറി ഡ്രൈവര്‍മാര്‍ക്കതൊരു വലിയ തുകയായിരുന്നു. അവരെല്ലാം തുച്ഛവരുമാനക്കാരാണല്ലോ. മാത്രവുമല്ല, പൊലീസ് നടപടി അവരുടെ നീക്കത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. അവരുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളുമൊക്കെ കേള്‍ക്കുമ്പോള്‍ അല്പം വിഷമം തോന്നിയിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല.    

അങ്ങനെ പിടിക്കപ്പെട്ട ഒരു ലോറിയുടെ ഡ്രൈവര്‍ രേഖകളുമായി എന്റെ മുന്നില്‍ വന്നു. ആ ഡ്രൈവര്‍ വല്ലാത്ത പരിഭ്രാന്തിയിലും ദൈന്യതയിലുമായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് എന്റെ നേരെ നീട്ടുമ്പോള്‍ അയാളുടെ കൈകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അല്ല, ദേഹമാസകലം വിറയ്ക്കുന്നതുപോലെയാണ് എനിക്ക്  തോന്നിയത്. ആ മനുഷ്യന്റെ അവസ്ഥ എന്നെയും അസ്വസ്ഥനാക്കുന്നുണ്ടായിരുന്നുവെന്ന് തോന്നുന്നു. ഞാനാ ഡ്രൈവിംഗ് ലൈസന്‍സ് വാങ്ങി നോക്കി. അയാളുടെ പേര് - ശ്രീധരന്‍ നമ്പൂതിരി. ആ പേര് വായിച്ചപ്പോള്‍ നേരത്തെ അനുഭവപ്പെട്ട അസ്വസ്ഥത പിന്നെയും വര്‍ദ്ധിച്ച് കൂടുതല്‍ സഹതാപമായി  എന്നതാണ് സത്യം. ഒരുപക്ഷേ, പേര് ശ്രീധരന്‍ എന്നോ ശ്രീധരന്‍ പിള്ള എന്നോ ആയിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്നാണെനിക്കു തോന്നുന്നത്. എന്തുകൊണ്ട്? അതെനിക്ക് വ്യക്തമല്ല. പക്ഷേ, പേരിലെ 'നമ്പൂതിരി' എന്നത് അയാളോടുള്ള എന്റെ സഹതാപം വര്‍ദ്ധിപ്പിച്ചു എന്നത് വസ്തുതയാണ്. എന്റെ അറിവിലുണ്ടായിരുന്ന നമ്പൂതിരിമാരെല്ലാം മൃദു (soft)  ജോലികളിലുള്ളവരായിരുന്നു. ലോറിഡ്രൈവര്‍ പോലുള്ള കഠിന (hard)  ജോലിയില്‍ അയാളെ കണ്ടത് അസാധാരണമായി തോന്നിയിരിക്കാം. അതുകൊണ്ടാകാം കൂടുതല്‍ വൈകാരികമായി അതനുഭവപ്പെട്ടത്. അതിന്റെ പേരാണല്ലോ വിവേചനം. ഒരു മനുഷ്യാവസ്ഥ നമ്മില്‍ സൃഷ്ടിക്കുന്ന വികാരത്തിന്റെ പിന്നില്‍ ആ മനുഷ്യന് കല്പിക്കുന്ന ലേബല്‍, അഥവാ ഐഡന്റിറ്റി പ്രസക്തമാകാന്‍ പാടില്ലല്ലോ. പക്ഷേ, പ്രസക്തമായി എന്നത് ഒരേസമയം അസ്വസ്ഥതയും കൗതുകവും പകരുന്ന അനുഭവമായി. സര്‍വ്വീസിന്റെ തുടക്കത്തില്‍ ഉണ്ടായ സംഭവത്തിലൂടെ  ലഭിച്ച തികച്ചും വ്യക്തിഗതമായ ഈ ഉള്‍ക്കാഴ്ച വളരെ വിലപ്പെട്ടതായിരുന്നു .  

ആവര്‍ത്തിക്കുന്ന വിവേചനം

സര്‍വ്വീസില്‍ പലപ്പോഴും ഈ അനുഭവം ഓര്‍മ്മയില്‍ തിരിച്ചെത്തി. ആലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍  മലയാള മനോരമയുടെ ഒന്നാം പേജില്‍  ബോക്‌സില്‍  ഒരു വാര്‍ത്ത കണ്ടു. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് അച്ഛനെക്കൊണ്ട് മകന്റെ മുടിമുറിപ്പിച്ചുവെന്നായിരുന്നു വാര്‍ത്ത. അവരും  ദളിതരായിരുന്നു. പൊലീസിനെതിരെ ലോക്കപ്പ് മര്‍ദ്ദനം, അനധികൃത കസ്റ്റഡി തുടങ്ങിയ ചെറുതും വലുതുമായ പരാതികള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. പക്ഷേ, മുടിമുറിക്കല്‍, മൊട്ടയടിക്കല്‍ തുടങ്ങിയ ആക്ഷേപങ്ങള്‍ അപൂര്‍വ്വമായിരുന്നു. അതുപോലുള്ള പൊലീസ് ആക്രമണങ്ങള്‍ക്കിരയാകുന്നത് കൂടുതലും ദളിത്, ആദിവാസി വിഭാഗങ്ങളില്‍പ്പെടുന്നവരാണ് എന്നത് യാദൃച്ഛികമാണോ? ഒരുവശത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം, ഒപ്പം നിയമങ്ങള്‍ മൂലമുള്ള കര്‍ശനമായ വ്യവസ്ഥകള്‍ അതൊക്കെ പാലിക്കുന്നതിനുള്ള ഗവണ്‍മെന്റുകളുടേയും പൊലീസ് വകുപ്പിന്റേയും നിരവധി നിര്‍ദ്ദേശങ്ങള്‍, അതിന്റെയൊക്കെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനുമുള്ള എത്രയെത്ര കമ്മിഷനുകള്‍, കമ്മിറ്റികള്‍ എല്ലാമുണ്ട്. മറുവശത്ത് വേലിതന്നെ വിളവുതിന്നുന്നതുപോലെ ഇത്തരം പ്രവൃത്തികള്‍ സ്റ്റേറ്റിന്റെ തന്നെ ഉപകരണമായ പൊലീസിന്റെ ഭാഗത്തും. അതുകൊണ്ട് പത്രവാര്‍ത്ത ഏറ്റവും ഗൗരവമായിട്ടെടുക്കണമെന്ന് എനിക്കുതോന്നി.  

പത്രത്തില്‍ അപ്രധാനമല്ലാത്ത രീതിയില്‍ വാര്‍ത്ത വന്നുവെങ്കിലും കാര്യമായ മറ്റ് പ്രതികരണങ്ങളൊന്നും അതുണ്ടാക്കിയില്ല. സാധാരണയായി പൊലീസിനെതിരായ ആക്ഷേപം രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യസംഘടനകളും മറ്റും വളരെ ഗൗരവമായിട്ടെടുക്കും; ധാരാളം പരാതികളയയ്ക്കും; പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പോലുള്ള സമരങ്ങളുണ്ടാകും; അങ്ങനെ പലതും അരങ്ങേറും. അതുപോലെതന്നെ അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ മാധ്യമങ്ങളില്‍ വാര്‍ത്ത സജീവമാക്കി നിലനിര്‍ത്തി പൊലീസ് ഉന്നതങ്ങളിലും ഗവണ്‍മെന്റിലും സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിക്കും. അതിക്രമത്തിനിരയാകുന്ന വ്യക്തി ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി അംഗമോ ജാതിമത സംഘടനകളില്‍ സ്വാധീനമുള്ളയാളോ അല്ലെങ്കില്‍ വ്യാപാരി-വ്യവസായി, സര്‍ക്കാര്‍ ജീവനക്കാരന്‍, തൊഴിലാളി തുടങ്ങിയ ഏതെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട വ്യക്തിയോ ഒക്കെ ആണെങ്കില്‍ ബന്ധപ്പെട്ട സാമൂഹ്യ, രാഷ്ട്രീയ ശക്തികള്‍ അതൊരു അഭിമാന പ്രശ്‌നമായെടുത്ത് വസ്തുതകളുടെ സത്യസന്ധതപോലും നോക്കാതെ ഉടനെ പൊലീസുദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യണം, കേസെടുക്കണം തുടങ്ങിയ ആവശ്യവുമായി ഉടന്‍ മുന്നോട്ടുവരും. ഇവിടെ അതൊന്നുമുണ്ടായില്ല.

അതെന്തായാലും വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ സത്യമാണെങ്കില്‍ അത് ഗൗരവത്തോടെ വീക്ഷിക്കേണ്ടതാണ് എന്നെനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വരുന്ന വ്യക്തി ആരുമായിക്കൊള്ളട്ടെ, അയാള്‍ വാദിയോ പ്രതിയോ സാക്ഷിയോ ആരായാലും  ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും? ഗുരുതരമായ പല അടിസ്ഥാനപ്രശ്നങ്ങളും അതിലുണ്ട്. അവിടുത്തെ സ്പെഷ്യല്‍ ബ്രാഞ്ച് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കൃഷ്ണന്‍കുട്ടി, സംഭവം സത്യമാണെന്നും എസ്.ഐ തന്നെയാണത് ചെയ്യിച്ചതെന്നും എന്നെ അറിയിച്ചു. ആ പൊലീസ് സ്റ്റേഷന്‍ ചുമതല വഹിച്ചിരുന്നത് ഒരു യുവ സബ്ബ് ഇന്‍സ്‌പെക്ടറായിരുന്നു. വാര്‍ത്ത വന്ന അന്നുതന്നെ ആ ഉദ്യോഗസ്ഥന്‍ എന്നെ വന്നു കണ്ടു. കടുത്ത നടപടി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അതിനുമപ്പുറം, സംഭവം സത്യമാണെന്ന് മറ്റാരെക്കാളും ആ ഉദ്യോഗസ്ഥനറിയാമായിരുന്നു. അയാളില്‍നിന്നും മനസ്സിലാക്കിയത് ഇപ്രകാരമായിരുന്നു:

പൊലീസ് സ്റ്റേഷനില്‍വെച്ച് സ്വന്തം അച്ഛനെക്കൊണ്ട് മുടിമുറിക്കലിനു വിധേയനായത് ദളിത് വിഭാഗത്തില്‍പ്പെട്ട കൗമാരപ്രായക്കാരനായിരുന്നു. വളരെ നിസ്സാരമായ ഒരു പരാതിയുടെ പേരിലാണ് ആ ബാലനെ പൊലീസ് സ്റ്റേഷനില്‍ വരുത്തിയത്. അയല്‍പക്കക്കാരനായിരുന്നു പരാതിക്കാരന്‍. ഒരു വാക്കുതര്‍ക്കത്തിനപ്പുറം അതിലൊന്നുമുണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനില്‍ വന്നപ്പോള്‍ കൂലിപ്പണിക്കാരനായ അച്ഛനേയും കൂട്ടിയാണ് അയാള്‍ വന്നത്. അയല്‍ക്കാരനുമായുള്ള തര്‍ക്കം വലിയ പ്രശ്നമില്ലാതെ പറഞ്ഞുതീര്‍ത്തു. വിഷയം അവിടെ തീരേണ്ടതാണ്. ആ ബാലന്‍ സാധാരണയില്‍ കൂടുതല്‍ മുടി നീട്ടി വളര്‍ത്തിയിരുന്നുവത്രെ. പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച് പരാതിയൊക്കെ തീര്‍പ്പാക്കിയ ശേഷം അച്ഛനോടും മകനോടുമായി എന്തിനാണ് മുടി ഇങ്ങനെ നീട്ടി വളര്‍ത്തുന്നതെന്ന് ചോദിച്ചുവത്രെ. അപ്പോള്‍ അച്ഛനും മുടി നീട്ടിയതിനോട് യോജിപ്പില്ലായിരുന്നു.  എങ്കില്‍ അവിടെ വച്ചുതന്നെ അതങ്ങ് വെട്ടിക്കളഞ്ഞുകൂടെ എന്ന് ചോദിച്ചുവത്രെ. അങ്ങനെയാണ് പൊലീസ് സ്റ്റേഷനില്‍വെച്ച് അച്ഛന്‍ മകന്റെ മുടി വെട്ടിയതെന്നായിരുന്നു അയാളുടെ പക്ഷം. പറയുന്നത് കേട്ടാല്‍ തോന്നുക എസ്.ഐ അവര്‍ക്കൊരു സഹായം ചെയ്തുവെന്നാണ്. സംഭവം എത്ര നിസ്സാരം. ഞാന്‍ ആ ഉദ്യോഗസ്ഥനോട് ചോദിച്ചു: ''നിങ്ങളാണ് അച്ഛന്റെ സ്ഥാനത്തെങ്കില്‍ നിങ്ങള്‍ക്കെന്തു തോന്നും? അല്ലെങ്കില്‍ നിങ്ങളാ കുട്ടിയുടെ സ്ഥാനത്താണെങ്കിലോ? നാട്ടില്‍ അവര്‍ അപമാനിതരായില്ലേ?'' ''ഇങ്ങനെയൊക്കെയാണ് സംഭവിച്ചതെങ്കില്‍ നിങ്ങളെ സര്‍വ്വീസില്‍നിന്ന് സസ്പെന്റ് ചെയ്യും'' എന്നും ഞാന്‍ പറഞ്ഞു. ആ ഉദ്യോഗസ്ഥനുവേണ്ടി ചില രാഷ്ട്രീയ നേതാക്കളും എന്നോട് വ്യക്തിബന്ധമുള്ള മറ്റു ചിലരും ഫോണ്‍ ചെയ്തിരുന്നു. സംഭവത്തെ നിസ്സാരവല്‍ക്കരിച്ചാണ് പലരും സംസാരിച്ചത്. ചിലര്‍ നേരിട്ട് കണ്ടും അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ വാര്‍ത്ത വന്ന ദിവസം മറ്റെന്തോ കാര്യത്തിന് ഡി.ജി.പി ഫോണ്‍ ചെയ്ത അവസരത്തില്‍ ഇക്കാര്യവും ചര്‍ച്ചാ വിഷയമായി. അത് ഗൗരവമായി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും ആ എസ്.ഐയെ സസ്പെന്റ് ചെയ്യേണ്ടിവരും എന്ന് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം, അതാവശ്യമാണോ എന്നായിരുന്നു. പക്ഷേ, വസ്തുതകള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹവും അതിനോട് പൂര്‍ണ്ണമായും യോജിച്ചു. ആ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. ഇക്കാര്യത്തില്‍ ആ അച്ഛനും മകനും വേണ്ടി ആരും മുന്നോട്ട് വന്നില്ല. ഒരു ദളിത് സംഘടന എന്തോ പ്രതിഷേധം ആലോചിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ചിലെ കൃഷ്ണന്‍കുട്ടി പിന്നീട് പറഞ്ഞു. കേരളം മനുഷ്യാവകാശബോധം ഉള്ള സമൂഹം തന്നെ, സംശയമില്ല. എങ്കിലും ചിലര്‍ക്കത് കൂടും; ചിലര്‍ക്ക് കുറയും. 

ജനാധിപത്യത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് നിയമപരമായ അധികാരത്തിന്റെ പരിധിയെക്കുറിച്ച് വ്യക്തമായ ബോധമുണ്ടാകണം. സര്‍വ്വീസിലുടനീളം ഞാനെന്റെ സഹപ്രവര്‍ത്തകരോട് ഇത് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. അങ്ങേയറ്റം സങ്കീര്‍ണ്ണവും ദുഷ്‌കരവുമായ ചില ഘട്ടങ്ങളില്‍ ഈ ലക്ഷ്മണരേഖ കടന്നുപോയെന്നു വരാം. അത് ഞാന്‍ കണ്ടിട്ടുണ്ട്; ചിലപ്പോള്‍ കണ്ണടച്ചിട്ടുമുണ്ട്. പക്ഷേ, ആലപ്പുഴയിലും പാലക്കാട്ടും നമ്മള്‍  കണ്ടതു് പൊലീസിനോ മറ്റേതെങ്കിലും ഏജന്‍സികള്‍ക്കൊ പരിശോധിക്കാന്‍ പോലും   ഒരു അധികാരവുമില്ലാത്ത വ്യക്തിജീവിതത്തിന്റെ ഒരു മേഖലയില്‍ നടത്തുന്ന  കൈകടത്തല്‍ ആണ്. പൊലീസിന് ഉള്ള അധികാരം പ്രയോഗിക്കുമ്പോള്‍ പരിധി കടക്കുന്നതും ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിയമത്തിന്റെ കരുത്ത് ദുര്‍ബ്ബലന്റെ പ്രതീക്ഷയാകേണ്ടതാണ്; ദുര്‍ബ്ബലനെ നീതിയിലേക്ക് നയിക്കേണ്ടതാണ്. ഇവിടെ സംഭവിക്കുന്നത് അതിന് വിരുദ്ധവും. വലിയ വിരോധാഭാസമാണത്. യാന്ത്രികമായി  പൊലീസ് യൂണിഫോം ധരിക്കുന്നതിനപ്പുറം ഭരണഘടനാമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള സജീവ ജാഗ്രതയുണ്ടെങ്കിലേ ഗുരുതരമായ ഇത്തരം പാളിച്ചകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയൂ.      
       
അച്ഛനും മകനും ഉള്‍പ്പെട്ട സംഭവത്തില്‍ പൊലീസുദ്യോഗസ്ഥന്‍ തീര്‍ത്തും  അവഗണിച്ച മറ്റൊരു മാനുഷികപ്രശ്നമുണ്ട്. ആ പശ്ചാത്തലത്തില്‍  ഒരു വിഖ്യാത കഥയിലെ ഏതാനും വരികള്‍ പ്രസക്തമാണ്:  ''ഒരു കുട്ടിയുടെ കണ്‍മുമ്പില്‍വെച്ച് അവന്റെ അച്ഛനെ തല്ലി. ഒരു കൊച്ചു കുട്ടിക്ക് അവന്റെ അച്ഛന്‍ എപ്പോഴും അമാനുഷനായിരിക്കും. അവന്റെ കൊച്ചുലോകത്തെ ചക്രവര്‍ത്തിയാണ് അവന്റെ അച്ഛന്‍. ആ ലോകമാണ് നീ തകര്‍ത്തുകളഞ്ഞത്.''  (ഒരു മനസ്സാക്ഷി പ്രശ്‌നം എന്ന ഇറ്റാലിയന്‍ എഴുത്തുകാരന്‍ ജൊവാന്നിവ്രേസ്‌കിയുടെ കഥ, പരിഭാഷ ഡോ. ടി.എസ്. ഗിരീഷ്‌കുമാര്‍) പൊലീസ് സ്റ്റേഷനില്‍ മകന്റെ മുന്നില്‍ നിസ്സഹായനായി അച്ഛന്‍ മുടി മുറിക്കുമ്പോള്‍ അതവരുടെ മനസ്സില്‍ സൃഷ്ടിക്കുന്ന മുറിവ് എത്ര ആഴത്തിലുള്ളതാണ്?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com