അറസ്റ്റിലായ മുഴുവന്‍ 'പിഞ്ചു കുഞ്ഞുങ്ങളേ'യും ഉടന്‍ വിട്ടയയ്ക്കണം, ഇതായിരുന്നു രണ്ടാമത്തെ ആവശ്യം- വിലപേശല്‍ വ്യക്തം

അങ്ങനെ സംഭവബഹുലമായ മണിക്കൂറുകളാണ് കടന്നുപോയത്. അവസാനം എല്ലാം ശാന്തം എന്ന തോന്നല്‍ വരുമ്പോഴേയ്ക്കും വിപരീത സൂചനകളും കിട്ടിത്തുടങ്ങി. പൊലീസ്, എപ്പോഴും അങ്ങനെതന്നെയായിരുന്നു
അബ്​ദുൾ നാസർ മഅ്​​ദനി അനുയായികൾക്കൊപ്പം (ഫയൽ ചിത്രം)
അബ്​ദുൾ നാസർ മഅ്​​ദനി അനുയായികൾക്കൊപ്പം (ഫയൽ ചിത്രം)

താണ്ട് 48 മണിക്കൂര്‍ നേരം മനസ്സിന്റെ താളം ഉച്ചാവസ്ഥയിലായിരുന്നു- വ്യാഴാഴ്ച രാത്രി (1992 ആഗസ്റ്റ് 6) ഒമ്പതു മണിയോടെ  അബ്ദുള്‍ നാസര്‍ മ​​ദനിയുടെ നേരെ ബോംബാക്രമണം ഉണ്ടായി എന്ന് വിവരം കിട്ടിയ സമയം മുതല്‍ ശനിയാഴ്ച രാത്രി 9 മണിയോടെ നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് ജനസഞ്ചയം സുരക്ഷിതമായി ആലപ്പുഴ വിടുന്നതുവരെയുള്ള സമയം. അതിനിടയില്‍ ഹര്‍ത്താല്‍, അനുബന്ധ അക്രമങ്ങള്‍, കുറെ മീറ്റിംഗുകള്‍, ധാരാളം വി.ഐ.പി സന്ദര്‍ശനം, വള്ളം കളിക്കിടയിലെ പ്രതിഷേധ പ്രകടനം, അക്രമം, കല്ലേറ്, അറസ്റ്റ്, ലാത്തിച്ചാര്‍ജ്, അതിനിടയിലൂടെ കേന്ദ്രമന്ത്രി പങ്കെടുത്ത വള്ളംകളി, രക്തസമ്മര്‍ദ്ദം കൂട്ടുന്ന ഫോണ്‍വിളികളും വയര്‍ലെസ്സ് സന്ദേശങ്ങളും. അങ്ങനെ സംഭവബഹുലമായ മണിക്കൂറുകളാണ് കടന്നുപോയത്. അവസാനം  എല്ലാം ശാന്തം എന്ന തോന്നല്‍ വരുമ്പോഴേയ്ക്കും വിപരീത സൂചനകളും കിട്ടിത്തുടങ്ങി. പൊലീസ്, എപ്പോഴും അങ്ങനെതന്നെയായിരുന്നു.   

തലസ്ഥാനത്തുനിന്ന് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന സി.വി. പത്മരാജന്‍ വിളിച്ചപ്പോള്‍ വള്ളംകളിക്കു  മുന്‍പ് അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് പള്ളിയില്‍ കയറി എന്നൊരു ആരോപണം ഉന്നയിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. മാധ്യമങ്ങള്‍ ആലപ്പുഴയിലെ സംഭവവികാസങ്ങള്‍ എങ്ങനെ ചിത്രീകരിക്കും എന്നതില്‍ അദ്ദേഹത്തിന് ഉല്‍ക്കണ്ഠയുണ്ടായിരുന്നു. നെഹ്‌റുട്രോഫി ജലോത്സവത്തിന് തൊട്ടുമുന്‍പ് ആലപ്പുഴയുടെ  നഗരഹൃദയത്തില്‍ അക്രമത്തിനു മുതിര്‍ന്നവര്‍ക്കെതിരായിരിക്കും പൊതുവികാരം എന്നായിരുന്നു എന്റെ വിലയിരുത്തല്‍. അത് ശരിയായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യമായി. 

രാത്രി  വീട്ടിലെത്തി അധികം വൈകുംമുന്‍പേ ഒരു നിവേദകസംഘം എന്നെ കാണാനെത്തി. ജമാ അത്ത് കൗണ്‍സിലിന്റെ ഭാരവാഹിയായിരുന്ന, മുന്‍പരിചയമുള്ള ഒരു അഭിഭാഷകന്റെ നേതൃത്വത്തിലാണ്  വന്നത്. ഒരു ജാമ്യപ്രശ്‌നമായിരുന്നു അവരുടെ മുഖ്യ അജണ്ട. അന്നുച്ചയ്ക്ക് വള്ളംകളിക്കു തൊട്ടുമുന്‍പ് ഉണ്ടായ അക്രമസംഭവങ്ങളില്‍ അറസ്റ്റിലായ നാല്‍പ്പതോളം പേര്‍ കസ്റ്റഡിയിലുണ്ടായിരുന്നു. കല്ലേറിലും അക്രമത്തിലും പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായിരുന്നു. അതിലുപരി അറസ്റ്റിലായവരില്‍നിന്നും സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ  പിടിച്ചെടുത്തിരുന്നു. അങ്ങനെ അവരെല്ലാം ജാമ്യം കിട്ടാത്ത കുറ്റം ആരോപിക്കപ്പെട്ടവരായിരുന്നു. നിവേദകസംഘം അവരെ ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അത് സാധ്യമല്ലെന്ന് ഞാനും വ്യക്തമാക്കി. പിന്നെയും പിന്നെയും അവര്‍ ആ ആവശ്യത്തില്‍ ഉറച്ചുനിന്നു. ഒരു ഘട്ടത്തില്‍  പറഞ്ഞു: ''അവര്‍ ജാമ്യം ഇല്ലാത്ത കുറ്റം ചെയ്തവരാണ്. അവരെ സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിടാനാവില്ല. ഇന്ത്യന്‍ പ്രസിഡന്റ് വിചാരിച്ചാലും അത് സാദ്ധ്യമല്ല.'' വലിയ ആലോചനയൊന്നുമില്ലാതെ പറഞ്ഞതാണ്. ഈ വിഷയത്തില്‍ ഇന്ത്യന്‍ പ്രസിഡന്റിനെ പരാമര്‍ശിക്കേണ്ട  കാര്യമില്ലായിരുന്നു. അത്  പിന്നീട് ചര്‍ച്ചയായി. ഒഴിവാക്കേണ്ടിയിരുന്ന ആ പ്രയോഗംകൊണ്ട് ഒരു പ്രയോജനമുണ്ടായി. ജാമ്യം എന്ന ആവശ്യം അന്ന് പിന്നീട് ഉന്നയിച്ചില്ല. മറ്റൊരു കാര്യം അവരാവശ്യപ്പെട്ടു. അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിലുള്ളവരെ രാത്രിയില്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കരുത്. അത്  സമ്മതിച്ചു. അതിനിടെ മറ്റൊരു വിഷയവും അവരുന്നയിച്ചു. പ്രതിഷേധക്കാര്‍ പലഭാഗത്തേയ്‌ക്കോടിയപ്പോള്‍  പള്ളിയില്‍ കയറിയ ഒരു വിഭാഗത്തെ പിന്‍തുടര്‍ന്ന് ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും പള്ളിയില്‍ കടന്നുകയറി അവിടെ നാശനഷ്ടങ്ങള്‍ വരുത്തിയത്രെ. അക്കാര്യത്തില്‍ നടപടി വേണമെന്നാണാവശ്യം. പരാതി  പരിശോധിച്ചു വേണ്ടതു ചെയ്യാം എന്നുമാത്രം പറഞ്ഞു. ആ സന്ദര്‍ശനം അങ്ങനെ അവസാനിച്ചു. അവരല്പം പ്രതിരോധത്തില്‍ ആണെന്നെനിക്കു  തോന്നി. പക്ഷേ, വരാനിരിക്കുന്ന കൊടുംകാറ്റുകളുടെ ആരംഭം മാത്രമായിരുന്നു അത്. 

രാത്രി വൈകി ജില്ലാ കളക്ടര്‍ പോള്‍ ആന്റണി ഫോണില്‍ വിളിച്ചു. എന്നെ കണ്ട സന്ദര്‍ശക സംഘം അദ്ദേഹത്തേയും കണ്ടിരുന്നു. പൊലീസ് പള്ളിയില്‍ കയറി അതിക്രമം നടത്തി എന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചത്. അവരുടെ ആവശ്യപ്രകാരം അദ്ദേഹം ആ പള്ളി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അവിടെ ഒരു പൊട്ടിയ ക്ലോക്കും മറിച്ചിട്ട ഫര്‍ണിച്ചറും കണ്ടു. പൊലീസ് നശിപ്പിച്ചെന്നു പറഞ്ഞ് ഒരു ഖുറാനും അവരവിടെ കാണിച്ചുകൊടുത്തു.  ഉടനടി ഒരു സര്‍വ്വകക്ഷി സമാധാന സമ്മേളനം  വിളിച്ചുകൂട്ടണം എന്ന് അവര്‍ ആവശ്യപ്പെട്ടതായി കളക്ടര്‍ പറഞ്ഞു.  സമ്മേളനം അനാവശ്യമാണ് എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. ഞാനത്  വിശദീകരിച്ചു. ജില്ലയില്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമോ ഏറ്റുമുട്ടലോ ഉണ്ടായിട്ടില്ല. പ്രതിഷേധ  ജാഥ അക്രമാസക്തമായപ്പോള്‍ പൊലീസ് ബലപ്രയോഗം നടത്തുകയാണുണ്ടായത്. പള്ളിയില്‍ കയറി എന്ന് ആക്ഷേപമുന്നയിക്കുന്നതും പൊലീസിനെതിരെയാണ്. ആ നിലയ്ക്ക് ജില്ലയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നമൊന്നും ഇല്ലാത്തതിനാല്‍ സമാധാന യോഗത്തിനു പ്രസക്തിയില്ല. മറുപടിയായി കളക്ടര്‍  പറഞ്ഞു:  ''നമുക്കൊരു ക്യാരറ്റ് ആന്റ് സ്റ്റിക്ക് പോളിസി(carrot and stick policy തല്ലും തലോടലും ചേര്‍ന്ന നയം) സ്വീകരിക്കാം. അതുകൊണ്ട് നാളെ രാവിലെ ഒരു സമാധാന യോഗം വിളിക്കാം എന്നു പറഞ്ഞിട്ടുണ്ട്.''  യോഗത്തിന്റെ ആവശ്യകതയെക്കുറിച്ച്  വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും  യോഗം വിളിക്കാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും ഞാനും ഒപ്പമുണ്ട് എന്നദ്ദേഹത്തോട് വ്യക്തമാക്കി. പൊതു പ്രാധാന്യമുള്ള വിഷയങ്ങളില്‍ ജില്ലയിലെ  കളക്ടറും പൊലീസ് മേധാവിയും ആത്മാര്‍ത്ഥമായി  സഹകരിച്ചില്ലെങ്കില്‍ തല്പരകക്ഷികള്‍ ആ സാഹചര്യം ചൂഷണം ചെയ്യും; സംശയമില്ല.   വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സ്വാഭാവികമാണെങ്കിലും അടിസ്ഥാനപരമായി താനൊരു പബ്ലിക്ക് സെര്‍വന്റ്  ആണ് എന്ന ബോദ്ധ്യമാണ് ഉദ്യോഗസ്ഥനെ നയിക്കുന്നതെങ്കില്‍, 'ഞാനല്ലേ സ്ഥലത്തെ പ്രധാന ദിവ്യന്‍' എന്ന സന്ദേഹം കളക്ടര്‍ക്കും ഉണ്ടാകില്ല; എസ്.പിക്കും ഉണ്ടാകില്ല.   

രാഷ്ട്രീയ കൗശലത്തിന്റെ പരിണതി

അങ്ങനെ നെഹ്റുട്രോഫി ജലോത്സവത്തിന്റെ തൊട്ടടുത്ത ദിവസം, ഞായറാഴ്ച കാലത്ത് 11 മണിയോടെ കളക്ടറുടെ ഓഫീസില്‍ സര്‍വ്വകക്ഷി സമാധാന യോഗത്തിനു നേരത്തെ ഞാനെത്തി.  ഓഫീസിനോട് ചേര്‍ന്നാണ് സാമാന്യം വലിപ്പമുള്ള കോണ്‍ഫറന്‍സ് ഹാള്‍. എന്തായിരിക്കണം നമ്മുടെ സമീപനമെന്നതിനെക്കുറിച്ച് മീറ്റിംഗിനു മുന്‍പ് കളക്ടറുമായി  സംസാരിച്ചു. സമാധാന യോഗത്തില്‍  പരമാവധി അഭിപ്രായങ്ങള്‍ വരട്ടെ, എന്നിട്ട് ആലോചിക്കാം എന്ന കാഴ്ചപ്പാടോടെ ഞങ്ങള്‍  കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറി സ്റ്റേജില്‍ ഇരുന്നു. മുന്നിലെ കാഴ്ച അല്പം അസാധാരണമായിരുന്നു. ആ നീണ്ട ഹാള്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ഏതാണ്ടെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സാമുദായിക സംഘടനകളുടേയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. ആദ്യ രണ്ടു വരികളില്‍ അവരെല്ലാം ഇരുന്നു. അതിന്റെ പിന്നിലുള്ള മുഴുവന്‍ കസേരകളും  വിവിധ പ്രാദേശിക മുസ്ലിം  പള്ളികളുടെ ഭാരവാഹികളെക്കൊണ്ട് നിറഞ്ഞിരുന്നു. അങ്ങനെ ആകുമ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തിയും  താന്‍ ജില്ലയിലെ മുസ്ലിം സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത് എന്ന പ്രതീതി ഉണ്ടാകും. വളരെ ചുരുങ്ങിയ വാക്കുകളില്‍ കളക്ടറുടെ ആമുഖത്തിനു ശേഷം പ്രതിനിധികള്‍ക്ക് സംസാരിക്കുന്നതിനുള്ള അവസരമായിരുന്നു. തലേന്ന് എന്നെ വന്നു കണ്ട ജമാഅത്ത് കൗണ്‍സില്‍ ഭാരവാഹിയാണ് സംഭാഷണം തുടങ്ങിയത്. തലേന്ന് കണ്ട ആളായിരുന്നില്ല ഇന്ന്. അതിവൈകാരികതയുടെ ഭാഷയിലും ശൈലിയിലുമായിരുന്നു സംസാരിച്ചത്. 'പൊലീസ് അതിക്രമം' ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യ അജണ്ട. യാതൊരു കാരണവുമില്ലാതെ പൊലീസ് ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പള്ളിക്കുള്ളില്‍ വലിയ അക്രമം നടത്തി. കണ്ണില്‍ക്കണ്ടതെല്ലാം തല്ലിപ്പൊളിച്ചെന്നു മാത്രമല്ല, പരിശുദ്ധ ഖുറാന്‍ വരെ കീറി നശിപ്പിച്ചുവത്രെ.  പാവനമായ ആ ആരാധനാലയത്തില്‍ അരങ്ങേറിയ   പൊലീസ് താണ്ഡവം  വിശ്വാസികളുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്പിച്ചുവത്രേ. അങ്ങനെ മുന്നേറി ആ വികാരവിസ്‌ഫോടനം. അക്കാര്യത്തില്‍ അടിയന്തരമായി പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ എടുത്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് ഒന്നാമത്തെ ആവശ്യം.

സിവി പത്മരാജൻ
സിവി പത്മരാജൻ

പിന്നീട് അദ്ദേഹം കടന്നത് പൊലീസ് കസ്റ്റഡിയിലായിരുന്ന നാല്‍പ്പതോളം പേരുടെ കാര്യമാണ്. അദ്ദേഹം അവരെ ആവര്‍ത്തിച്ച് വിശേഷിപ്പിച്ചത് 'പിഞ്ചു കുഞ്ഞുങ്ങള്‍', 'കുരുന്നുകള്‍' എന്നൊക്കെയാണ്. അവരെല്ലാം തികച്ചും നിരപരാധികളാണത്രേ. സമാധാനപരമായ ജാഥയെ പൊലീസ് ഒരു കാരണവും കൂടാതെ ക്രൂരമായി മര്‍ദ്ദിക്കുകയാണത്രേ ഉണ്ടായത്. അതുകൊണ്ട് അറസ്റ്റിലായ മുഴുവന്‍ 'പിഞ്ചു കുഞ്ഞുങ്ങളേ'യും ഉടന്‍ വിട്ടയയ്ക്കണം. ഇതായിരുന്നു രണ്ടാമത്തെ ആവശ്യം. കൗശലത്തോടെ  ആസൂത്രണം ചെയ്ത ഒരു തന്ത്രമായിരുന്നു അത്.  ഒരു  വിലപേശല്‍ വ്യക്തമായിരുന്നു. ആരാധനാലയത്തിന്റെ പവിത്രത പൊലീസ് നശിപ്പിച്ചുവെന്ന് അലമുറയിട്ട് അതിവൈകാരികതയുടെ ഒരന്തരീക്ഷം സൃഷ്ടിച്ച് പൊലീസിനെ പ്രതിരോധത്തിലാക്കുക, അങ്ങനെ ദുര്‍ബ്ബലപ്പെടുന്ന പൊലീസിനെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്തി ജയിലില്‍ ആക്കേണ്ട നാല്‍പ്പതോളം പേരെ പൊലീസ് സ്റ്റേഷനില്‍നിന്നും ഇറക്കുക - ഇതായിരുന്നു ലക്ഷ്യം എന്നു തോന്നി. ആ തന്ത്രം വിജയിക്കുന്ന രൂപത്തില്‍ തന്നെയായിരുന്നു രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍ സംസാരിച്ചത്. ഭരണപ്രതിപക്ഷ  രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതാണ്ട് മിക്കവരും പൊലീസ് അതിക്രമത്തിന് എഫ്.ഐ.ആര്‍, 'പിഞ്ചുകുഞ്ഞുങ്ങള്‍'ക്ക് ജാമ്യം എന്ന നിലപാടിനെ ഏറിയും കുറഞ്ഞും അനുകൂലിക്കുന്ന മട്ടിലാണ് സംസാരിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍ നിറഞ്ഞിരുന്ന  പള്ളി പ്രതിനിധികളുടെ താല്പര്യം കഴിയുന്നത്ര ഉള്‍ക്കൊണ്ട് സംസാരിക്കാനാണ് അവര്‍ ശ്രമിച്ചത് എന്നു വ്യക്തമായിരുന്നു. പൊലീസിനെ വിമര്‍ശിച്ചവര്‍ പലരും ഒരുതരം 'ചട്ടപ്പടി' വിമര്‍ശനം മാത്രമാണ് നടത്തിയത് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകുമായിരുന്നു.  ഒരു വസ്തുത അടിവരയിട്ടുതന്നെ പറയേണ്ടതാണെന്നു തോന്നുന്നു.  ആ യോഗത്തില്‍ പൊലീസിനെ അനുകൂലിക്കുന്ന ഒരു ശബ്ദം പോലും ഉയര്‍ന്നില്ല. നെഹ്‌റുട്രോഫി ജലോത്സവ ദിവസം അക്രമത്തിനു മുതിര്‍ന്നവരെ വിമര്‍ശിക്കാനൊന്നും ആരും തയ്യാറായില്ല.  അക്രമികള്‍ക്കെതിരെ ഒരു വാക്കുപോലും അവിടെ കേട്ടില്ല. മുന്നിലിരിക്കുന്ന കേള്‍വിക്കാരെ 'സുഖിപ്പിക്കുക' എന്നതിലായിരുന്നു ശ്രദ്ധ. ഒരു ചെറു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് പറഞ്ഞു: പ്രതിഷേധ  പ്രകടനത്തിന് പൊലീസിന്റെ 'മൗനാനുവാദം' ഉണ്ടായിരുന്നു എന്നും  അതനുവദിക്കരുതായിരുന്നു എന്നും.  സമാധാന സമ്മേളന ചര്‍ച്ചകള്‍ ഇങ്ങനെ ഏകപക്ഷീയമായ രീതിയില്‍ മുന്നേറി; ഫുട്‌ബോളില്‍ ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലൂടെ ഗോളടിക്കുന്നത്ര അനായാസമായി. 

പോൾ ആന്റണി ഐഎഎസ്
പോൾ ആന്റണി ഐഎഎസ്

എല്ലാം കേട്ടുകൊണ്ട് അല്പം ഉയര്‍ന്ന സ്റ്റേജില്‍ പോള്‍ ആന്റണിയും ഞാനും ഇരുന്നു. ഗോളുകള്‍ ഒരുപാടായപ്പോള്‍,  പോള്‍ ആന്റണി  എന്റെ ചെവിയില്‍ മന്ത്രിച്ചു:  ''പോക്ക് കണ്ടിട്ട് ആ എഫ്.ഐ.ആര്‍ എങ്കിലും നമുക്ക് concede ചെയ്യേണ്ടി(അനുവദിക്കേണ്ടി)വരും എന്ന് തോന്നുന്നു.'' ''വരട്ടെ, ഞാന്‍ മറുപടി പറയാം'' എന്ന്  സൂചിപ്പിച്ചു. മുന്നിലെ വാഗ്‌ധോരണികള്‍ ശ്രദ്ധിക്കുമ്പോള്‍ മനസ്സില്‍ മറുപടി രൂപം കൊള്ളുകയായിരുന്നു. മറുപടി കഴിയുന്നത്ര ശാന്തമായും  പ്രതിപക്ഷ ബഹുമാനത്തോടെയും പറയണം എന്ന് പ്രത്യേകം കരുതി. ഒപ്പം മുന്നിലിരിക്കുന്ന കേള്‍വിക്കാരായ പള്ളി പ്രതിനിധികളെ യഥാര്‍ത്ഥ വസ്തുതകള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കണം. പ്രതിഷേധ പ്രകടനത്തിന് 'മൗനാനുവാദം' നല്‍കി എന്ന ആരോപണത്തില്‍ ആദ്യമേ ഊന്നി. നല്‍കിയത് മൗനാനുവാദമായിരുന്നില്ല,  പൂര്‍ണ്ണ സമ്മതത്തോടെയുള്ള അനുവാദമായിരുന്നു എന്നാണ് തുടങ്ങിയത്. മുന്നിലിരുന്നവരെ നോക്കി, ''ഒരു സംഘടനയുടെ നേതാവിനെ കൊല്ലത്ത് ആക്രമിച്ചു.  അതില്‍  പ്രതിഷേധിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് ജനാധിപത്യ അവകാശമാണ്'' എന്നു  പറഞ്ഞു. രണ്ടു മണിക്കൂറിലധികം സമാധാനപരമായി പ്രകടനം നടത്തിയപ്പോള്‍ പൊലീസ് അതനുവദിച്ചു. പ്രതിഷേധക്കാര്‍ അക്രമം നടത്തിയതാണ് പ്രശ്‌നമായതെന്ന് പറഞ്ഞു. എത്ര പൊലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു? എത്ര വാഹനങ്ങള്‍ തകര്‍ത്തു? അറസ്റ്റ് ചെയ്തത് അക്രമം നടത്തിയ സ്ഥലത്തുനിന്ന് എന്റെ കൂടി സാന്നിദ്ധ്യത്തിലാണ്. അവര്‍ ജാമ്യമില്ലാത്ത കുറ്റം ചെയ്തവരാണെന്നും അതുകൊണ്ടവരെ കോടതിയില്‍ ഹാജരാക്കും; അതാണ് നിയമം എന്നും വിശദീകരിച്ചു. അവര്‍ 'കുഞ്ഞുങ്ങളാ'ണെങ്കില്‍ അവര്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ ആനുകൂല്യം കിട്ടുമല്ലോ എന്നു പറഞ്ഞപ്പോള്‍ അവര്‍ അത്ര ചെറിയ 'കുഞ്ഞുങ്ങള്‍'അല്ലാതായി. ജാമ്യപ്രശ്‌നത്തില്‍ അതായിരുന്നു നിലപാട്. 

വികാരങ്ങളുടെ കളി

വലിയ വൈകാരികതയോടെ അവതരിപ്പിച്ച പള്ളിയിലെ 'അതിക്രമ'ത്തില്‍ നിയമത്തിലൂന്നിയാണ് മറുപടി നല്‍കിയത്. കുറ്റകൃത്യമുണ്ടായാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്ന നടപടിയുണ്ട്. ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലെ 154 വകുപ്പ് അനുസരിച്ച് പരാതി പൊലീസ് സ്റ്റേഷനില്‍ നല്‍കണം. അവിടെ നിരസിച്ചാല്‍ എസ്.പിക്കു പരാതി നല്‍കാം. അല്ലെങ്കില്‍ കോടതി മുഖേനയും നടപടി സ്വീകരിക്കാം. അതാണ് നിയമം. അക്കാര്യം സര്‍വ്വകക്ഷിയോഗത്തിനു തീരുമാനിക്കാനാകില്ല. മറുപടിയുടെ കേന്ദ്രബിന്ദു അതായിരുന്നു.  

ഇങ്ങനെ നിയമവും യുക്തിയും ഒക്കെയായി മുന്നോട്ടു പോയാല്‍ ലക്ഷ്യം കാണില്ല എന്ന് വേഗം സമാധാന സമ്മേളനക്കാര്‍ക്കു പിടികിട്ടി. അവരതൊക്കെ വിട്ട് വജ്രായുധം കയ്യിലെടുത്തു. അതിന്റെ പേരാണ് 'വ്രണപ്പെട്ട വികാരം'. 'വികാരം' ഉടന്‍ തണുപ്പിക്കണം. അല്ലെങ്കിലെന്ത് സംഭവിക്കും? അതു കേട്ടാല്‍ ഞെട്ടും. 'അറബിക്കടലിന് തീ പിടിക്കും', 'ആലപ്പുഴ കത്തും', 'കേരളം കത്തും' ഇങ്ങനെ പോയി ലിസ്റ്റ്. അവസാനം അതിനെല്ലാം ഉത്തരവാദി പൊലീസ് മാത്രമായിരിക്കുമെന്നും. 1982-ല്‍ ആലപ്പുഴയില്‍ സംഘര്‍ഷവും വെടിവെയ്പും ഉണ്ടായതും അത് കേരളമാകെ വ്യാപിച്ചതും എല്ലാം  ആവര്‍ത്തിക്കും എന്നായി. അത്യന്തം വൈകാരികവും നാടകീയവുമായ ഒരുപാട് രംഗങ്ങള്‍ അവിടെ അരങ്ങേറി. ആവശ്യമായ ഘട്ടങ്ങളിലെല്ലാം നിയമത്തിന്റെ പിന്‍ബലത്തില്‍ നിലപാട് കഴിയുന്നത്ര സൗമ്യമായി വിശദീകരിച്ചു. ജാമ്യമില്ലാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ പൊലീസിനു അധികാരമില്ല എന്നതായിരുന്നു എന്റെ നിലപാട്. അതിനു മറുപടിയായി മുന്‍കാലങ്ങളില്‍ അങ്ങനെയുള്ള എത്രയോ കേസുകളില്‍ ജാമ്യമില്ലാത്തത് ജാമ്യമുള്ളതായതും മറിച്ചും ഒക്കെ ഉള്ള 'കഥ'കള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റ് വിചാരിച്ചാലും ജാമ്യമില്ലാത്ത കേസില്‍ പൊലീസിനു പ്രതിയെ വിടാനാകില്ല എന്ന് തലേ ദിവസം ഞാന്‍ പറഞ്ഞതും ചര്‍ച്ചാ വിഷയമായി. അതെല്ലാം എന്റെ പിടിവാശിയാണത്രേ.  എനിക്കല്പം ബുദ്ധിമുട്ട് തോന്നിയത് മുസ്ലിം നേതൃത്വത്തിലുണ്ടായിരുന്ന ചില മുതിര്‍ന്ന വ്യക്തികളുടെ ഇടപെടലാണ്. ഒരു നല്ല മനുഷ്യന്‍ എന്ന നിലയില്‍ കുറച്ച് വിട്ടുവീഴ്ചയൊക്കെ ചെയ്ത്, ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കണം എന്നവര്‍ അഭ്യര്‍ത്ഥിച്ചു. അവരുടെ അഭ്യര്‍ത്ഥന ആത്മാര്‍ത്ഥമായിരുന്നു. അവരോട് പറഞ്ഞു: ''ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുമ്പോള്‍ ഞാന്‍ നിയമത്തിന്റെ ഒരുപകരണം മാത്രമാണ്. നിയമം മറന്ന് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലല്ലോ.'' ആ വലിയ ഹാളില്‍ വൈകാരിക പ്രകടനങ്ങള്‍ ഒരുപാടായപ്പോള്‍ ഒരു നിര്‍ദ്ദേശം വന്നു. ഹാളിലെ ചര്‍ച്ച അവസാനിപ്പിക്കാം. നേതാക്കള്‍  മാത്രമായി കളക്ടറുടെ ഓഫീസില്‍ കൂടി ആലോചിക്കാം എന്ന്. 

അവിടെയും നിലപാടുകള്‍ മാറിയില്ല. വീണ്ടും  വൈകാരികതയിലൂന്നി വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അതിനുത്തരവാദി പൊലീസ് മാത്രമായിരിക്കുമെന്നും പറഞ്ഞപ്പോള്‍ ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. തലേ ദിവസത്തെ അക്രമത്തില്‍ പ്രതികളായ ധാരാളം പേരുണ്ടെങ്കിലും രാത്രിയില്‍ ഒരാളേയും അറസ്റ്റ് ചെയ്യാന്‍ വീടുകളൊന്നും റെയ്ഡ് ചെയ്തില്ല. പൊലീസ് തികഞ്ഞ സംയമനത്തോടെയാണ് മുന്നോട്ടു പോകുന്നത്. 'വികാരം', 'വികാരം' എന്നു പറഞ്ഞ് നിയമം  കയ്യിലെടുക്കാന്‍ തുനിഞ്ഞാല്‍ ആ സംയമനം വെടിയേണ്ടിവരും. ഏറെ ചര്‍ച്ച ചെയ്തിട്ടും യോജിപ്പിലെത്തിയില്ല. അവസാനം നാടകീയമായി ''ഞങ്ങളെയങ്ങ് വെടിവെച്ച് കൊന്നോളു'' എന്നു പറഞ്ഞ് നെഞ്ചുംകാട്ടി, രണ്ടു കയ്യും വശത്തേയ്ക്ക് വീശി കുറേ പേര്‍ പുറത്ത് പോയി. കൂട്ടത്തില്‍ ഒരു മുതിര്‍ന്ന വ്യക്തി  എന്റെ അടുത്ത് വന്നു. ഞാനെണീറ്റപ്പോള്‍ ചെവിയില്‍   പതുക്കെ പറഞ്ഞു: ''കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല സാര്‍.'' ഒരു നിസ്സഹായത ആ മുഖത്ത് പ്രകടമായിരുന്നു. സൗമ്യമായി ഞാന്‍ പറഞ്ഞു: ''നമുക്ക് നോക്കാം.'' പിന്നീട് മറ്റ്  നേതാക്കളും പോയി. ''പൊലീസിന്റെ നല്ല കരുതല്‍ വേണം'' എന്നു പറഞ്ഞിട്ടാണ് ഓരോരുത്തരം ഇറങ്ങിയത്. അവസാനം കളക്ടര്‍ പോള്‍ ആന്റണിയും ഞാനും ഒറ്റയ്ക്കായി. ''ഈ യോഗം വേണ്ടായിരുന്നു,'' പോള്‍ ആന്റണി പറഞ്ഞു. ''ഹേയ് കുഴപ്പമില്ല, നമ്മള്‍ അവസരം കൊടുത്തില്ലെന്ന് പറയില്ലല്ലോ'' എന്നായിരുന്നു എന്റെ പ്രതികരണം. എന്തായാലും നിരോധനാജ്ഞ വേണ്ടിവരും എന്ന്  കളക്ടര്‍ അഭിപ്രായപ്പെട്ടു. ഉടനെ പ്രഖ്യാപിക്കേണ്ട എന്നെനിക്കു തോന്നി. സാഹചര്യം പൊലീസ് സസൂക്ഷ്മം നിരീക്ഷിക്കും. എവിടെ എങ്കിലും നിയമലംഘനത്തിന്റെ ലാഞ്ഛന കണ്ടാല്‍ ഉടന്‍ പൊലീസ് അനൗണ്‍സ്മെന്റ് നടത്തും. അതേ സമയം നിരോധനാജ്ഞ പ്രഖ്യാപന ഉത്തരവും റെഡിയാകും. അങ്ങനെ ഒരു ക്രമീകരണം ഞങ്ങള്‍ തീരുമാനിച്ചു. അപ്പോഴേയ്ക്കും സമയം ഏതാണ്ട് ഉച്ചയ്ക്ക് 3 മണി. ഞങ്ങള്‍ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ അവിടുത്തെ ഒരു സ്റ്റാഫ് എന്നോട് കളക്ടറേറ്റിനു പുറത്ത് കുറച്ച് ആളുകള്‍ കൂടിയിട്ടുണ്ടെന്നും അവര്‍ ചിലപ്പോള്‍ എസ്പിയുടെ വാഹനം തടയുമെന്നും അറിയിച്ചു. ഒരു നിമിഷം ആലോചിച്ച ശേഷം ഞാനിറങ്ങി. എന്റെ വാഹനം ഗേറ്റിനു പുറത്തുകടക്കുമ്പോള്‍ അവിടെ ചെറിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നെങ്കിലും ആരും തടയാനൊന്നും വന്നില്ല. 

വീട്ടിലെത്തുമ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. എന്റെ ഒറ്റയാന്‍ നിലപാട് വലിയ ജനവികാരത്തിനും പൊലീസ് വെടിവെയ്പിനും ഒക്കെ ഇടയാക്കുമോ എന്ന ഉല്‍ക്കണ്ഠ മനസ്സില്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഉടന്‍ തിരുവനന്തപുരത്തുനിന്ന് ഐ.ജി ജോസഫ് തോമസ് സാര്‍ വിളിച്ചു. അദ്ദേഹത്തോട് കളക്ടര്‍ വിളിച്ച് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അടുത്തതായി എന്നെ വിളിച്ചത് അവിടുത്തെ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു. പേര് കുഞ്ഞുപിള്ള എന്നാണ് ഓര്‍മ്മ. അദ്ദേഹം സമാധാന യോഗത്തിലുണ്ടായിരുന്നു. ''എസ്.പി, നിങ്ങളുടെ നിലപാടാണ് ശരി.'' അദ്ദേഹം എന്നോട് വ്യക്തമായി പറഞ്ഞു. അവര്‍ക്ക് സമാധാന യോഗത്തില്‍ സംസാരിക്കുന്നതിനുള്ള പരിമിതിയെക്കുറിച്ച് സൂചിപ്പിച്ചു.
 
ആ നിര്‍ണ്ണായക ഘട്ടത്തില്‍ എന്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ സഹപ്രവര്‍ത്തകരായിരുന്നുവെന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഒന്നടങ്കം സന്ദര്‍ഭത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിച്ചു. ടൗണില്‍, പല ദുര്‍ഘട ഘട്ടങ്ങളിലും ജോലിയിലെ വൈഭവംകൊണ്ടും സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലുള്ള പ്രാപ്തികൊണ്ടും സി.ഐ. വി.സി. സോമന്‍ നല്‍കിയ സംഭാവന വളരെ വലുതായിരുന്നു. 

സര്‍വ്വകക്ഷി സമ്മേളനത്തില്‍ 'മുറിവേറ്റ വികാരം' ഉയര്‍ത്തിപ്പിടിച്ച്  'ആലപ്പുഴ കത്തും', 'അറബിക്കടലിനു തീ പിടിക്കും', 'കേരളം കത്തും' എന്നൊക്കെ  ഭീതിജനകമായ പ്രവചനങ്ങള്‍ കേട്ടുവല്ലോ. പക്ഷേ, അവിടെ യാതൊന്നും സംഭവിച്ചില്ല. സമാധാന ജീവിതം തടസ്സപ്പെട്ടില്ല. നിരോധനാജ്ഞപോലും വേണ്ടിവന്നില്ല.   തല്പരകക്ഷികള്‍ സര്‍ക്കിളിനെ സസ്പെന്റ് ചെയ്യണം, എസ്.പിയെ സ്ഥലം മാറ്റണം എന്നൊക്കെ പ്രസ്താവന ഇറക്കുകയും അധികാരത്തിന്റെ ഉപശാലകളില്‍ കയറി ഇറങ്ങുകയുമൊക്കെ ചെയ്തെങ്കിലും അപ്പോഴേയ്ക്കും 'മുറിവേറ്റ വികാരം' നനഞ്ഞ പടക്കമായി മാറിയിരുന്നു.

പൊതുജീവിതത്തിന്റെ പല മേഖലകളിലും 'മുറിവേറ്റ വികാരം' ഇന്നും അതിശക്തമായ ഒരായുധമാണ്. ജാതി, മതം, രാഷ്ട്രീയം, ദേശസ്‌നേഹം എന്നൊക്കെ പറഞ്ഞ് ഉയര്‍ത്താന്‍ ശ്രമിക്കുന്ന 'മുറിവേറ്റ വികാരം' സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്കുള്ള കുറുക്കുവഴി ആണ്. ഇന്ന്, സാമൂഹ്യ മാദ്ധ്യമങ്ങളുടെ രാക്ഷസീയമായ സാദ്ധ്യതകള്‍ കൂടി ചൂഷണം ചെയ്യുമ്പോള്‍ ആ പഴയ ആയുധത്തിന്റെ പ്രഹരശേഷി പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com