സീറ്റുകളല്ല, ഭരണമാണ് ലക്ഷ്യം

പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ബി.ജെ.പിക്കുവേണ്ടി മത്സരത്തിനിറങ്ങും
കെ സുരേന്ദ്രൻ
കെ സുരേന്ദ്രൻ

മുന്‍ തെരഞ്ഞെടുപ്പുകളിലേതുപോലെയുള്ള പ്രചാരണതന്ത്രങ്ങളും സമീപനങ്ങളുമായല്ല ഇത്തവണ നിയമസഭാമത്സരത്തിലേക്ക് ബി.ജെ.പി ഇറങ്ങുന്നത്. സീറ്റുകളല്ല, ഭരണമാണ് ലക്ഷ്യം എന്നാണ് പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ബി.ജെ.പിക്കുവേണ്ടി മത്സരത്തിനിറങ്ങും. നേതാക്കള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിജയയാത്രയ്ക്കിടെ തെരഞ്ഞെടുപ്പിലെ പ്രതീക്ഷകളും പാര്‍ട്ടികളോടുള്ള സമീപനങ്ങളും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പങ്കുവെയ്ക്കുന്നു.

കേരളത്തില്‍ ബി.ജെ.പിയുടെ പ്രതീക്ഷ എന്താണ്? 

സര്‍ക്കാര്‍ ഉണ്ടാക്കണം എന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. ശക്തമായ ത്രികോണ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള എതാണ്ട് 90-91 മണ്ഡലങ്ങളുണ്ട്. ബി.ജെ.പിക്ക് ലഭിച്ച 16 ശതമാനം വോട്ട് എന്നുപറയുന്നത് ഇപ്പോഴത്തെ സംവിധാനങ്ങളൊന്നുമില്ലാതെ നടത്തിയ തെരഞ്ഞെടുപ്പില്‍ ഉണ്ടായതാണ്. അതില്‍നിന്നൊക്കെ വലിയ മാറ്റം വന്നു. മാറ്റം എന്നുപറഞ്ഞാല്‍ പല ആളുകളും ചെറുതും വലുതുമായിട്ടുള്ള പല സാമൂഹ്യജനവിഭാഗങ്ങളും ബി.ജെ.പിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. സാധ്യമായ ഒരു ബദലായി ഞങ്ങള്‍ക്കു വരാന്‍ സാധിക്കുമോ എന്ന സംശയം ഉള്ളതുകൊണ്ടാണ് ആളുകള്‍ കൂടുതലായി വരാതിരുന്നത്. അങ്ങനെയുള്ള സംശയം ജനങ്ങള്‍ക്കിപ്പോള്‍ മാറിത്തുടങ്ങി. അതുകൊണ്ട് ഞങ്ങള്‍ ശക്തമായ മത്സരം എല്ലാ മണ്ഡലങ്ങളിലും നടത്തി സീറ്റ് പിടിക്കാന്‍ തന്നെയാണ് തീരുമാനം. 

എത്ര സീറ്റാണ് ലക്ഷ്യം? 

എത്ര സീറ്റ് എന്നത് പറയുന്നില്ല. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പരിശ്രമിക്കും. 71 സീറ്റിന്റെ ആവശ്യമില്ല ഞങ്ങള്‍ക്ക് സര്‍ക്കാറുണ്ടാക്കാന്‍. എല്‍.ഡി.എഫിനും യു.ഡി.എഫിനും 71 സീറ്റുണ്ടെങ്കിലെ സര്‍ക്കാര്‍ ഉണ്ടാക്കാനാവൂ. ഞങ്ങള്‍ക്ക് ഒരു 40 സീറ്റുണ്ടെങ്കില്‍ സര്‍ക്കാറുണ്ടാക്കാം. അതുകൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനുവേണ്ടിയാണ് ശ്രമങ്ങളും. അല്ലാതെ കുറച്ചു സീറ്റുകള്‍ പിടിക്കുക എന്നതല്ല. ആളുകള്‍ ചോദിക്കും നിങ്ങള്‍ക്ക് 71 സീറ്റ് എവിടുന്ന് കിട്ടും എന്ന്. ഞങ്ങള്‍ക്ക് അത്ര വേണ്ട. 35- 40 സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കും. 

മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തിയ പരീക്ഷണമാണോ ഉദ്ദേശിച്ചത്? 

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് അതിനു യാതൊരു പ്രയാസവുമുണ്ടാവില്ല. ഈ രണ്ട് മുന്നണികളുടെ വോട്ട് ഷെയര്‍ വെച്ചിട്ടാണ് ജയിക്കാന്‍ ഇത്ര ശതമാനം വോട്ട് വേണം എന്നുപറയുന്നത്. ഞങ്ങള്‍ ജയിക്കാന്‍ അത്ര ശതമാനം വോട്ടൊന്നും വേണ്ട. ഞങ്ങള്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ വരുമ്പോള്‍ വലിയ തോതില്‍ രണ്ട് മുന്നണികളും ഒന്നിച്ചില്ലെങ്കില്‍ 35 ശതമാനം വോട്ട് കിട്ടിയാല്‍ മതി. ഈ രണ്ടുമുന്നണികള്‍ക്കും 45-46 ശതമാനം വോട്ട് കിട്ടിയാലെ ജയിക്കൂ. ഞങ്ങള്‍ക്ക് അതുവേണ്ട; 35 ശതമാനം മതി. അതുപോലെതന്നെയാണ് സര്‍ക്കാര്‍ ഉണ്ടാക്കാനും. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തില്‍നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല ഈ തെരഞ്ഞെടുപ്പില്‍. 

മണ്ഡലങ്ങളില്‍ വോട്ട് മറിക്കുന്നതിനെക്കുറിച്ച് എന്താണ് കണക്കുകൂട്ടല്‍? 

എല്ലാ മുന്നണികളും ഇത്തവണ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഇടതുമുന്നണിക്കും വലതുമുന്നണിക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. വലിയ ഭൂരിപക്ഷം ആര്‍ക്കും കിട്ടില്ല എന്നതാണ് ഇപ്പോഴത്തെ ഒരു തോന്നല്‍. അതുകൊണ്ടുതന്നെ വോട്ട് മാറി ചെയ്താല്‍ ഓരോരുത്തരുടേയും സാധ്യതകള്‍ അവരവര്‍ ഇല്ലാതാക്കുകയാണ്. അങ്ങനെയൊരു നീക്കം ഇത്തവണ ആര്‍ക്കും നടത്താന്‍ കഴിയില്ല. പണ്ടെങ്ങനെയാണെന്നുവെച്ചാല്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാതിരിക്കാന്‍ വേണ്ടിയാണ് തോല്‍പ്പിക്കുന്നത്. അതാണ് മഞ്ചേശ്വരത്തൊക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടത്. പക്ഷേ, ഒരു സ്ഥലത്ത് തോല്‍പ്പിച്ചാല്‍ ഞങ്ങള്‍ വേറൊരു സ്ഥലത്ത് ജയിക്കും. പണ്ടത്തെ സാഹചര്യമല്ല ഇന്ന്. ബി.ജെപിക്ക് കേരളത്തില്‍ ഇടമില്ല എന്നു വരുത്തിത്തീര്‍ക്കാനാണ് അന്നു ചെയ്തത്. ഇപ്പോള്‍ അങ്ങനെയാണെങ്കില്‍ എത്ര സ്ഥലത്ത് ചെയ്യേണ്ടിവരും.

കെ സുരേന്ദ്രൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
കെ സുരേന്ദ്രൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

പാര്‍ട്ടിയിലെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നുണ്ടോ. പാര്‍ട്ടി പ്രസിഡന്റുമായി ഒരടുപ്പം ചില നേതാക്കള്‍ക്കില്ലല്ലോ, ശോഭാ സുരേന്ദ്രനടക്കം? 

എല്ലാവരും പാര്‍ട്ടിയില്‍ തിരിച്ചെത്തിയല്ലോ. മാധ്യമങ്ങള്‍ പറഞ്ഞത് ചിലയാളുകള്‍ വരില്ല, പാര്‍ട്ടിയുമായി സഹകരിക്കില്ല, പാര്‍ട്ടി വിട്ടുപോകും എന്നൊക്കെയല്ലേ. അതിനൊന്നും ഒരു അടിസ്ഥാനവുമില്ല. പിന്നെ പാര്‍ട്ടി പ്രസിഡന്റുമായി എന്തെങ്കിലും ഒരടുപ്പക്കുറവ് ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നില്ല. അതൊക്കെ പ്രചരണങ്ങള്‍ മാത്രമാണ്. പിന്നെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. ബി.ജെ.പിയില്‍ കാര്യങ്ങള്‍ നടക്കുന്നത് ഒരു ഐഡിയോളജിയുടെ അടിസ്ഥാനത്തിലാണ്. ഞങ്ങളുടെ സംഘടന മുന്നോട്ടുകൊണ്ടുപോകുന്നതിന് ഒരു മെക്കാനിസം ഉണ്ട്. ആ മെക്കാനിസം എന്താണെന്നും ആ ഐഡിയോളജിക്കനുസരിച്ച് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഓരോ പ്രവര്‍ത്തകനും ധാരണകളുണ്ട്. പുറമെ എന്തു സംഭവിച്ചാലും ആളുകളെ എന്തുകൊണ്ടു സഹകരിപ്പിച്ചുപോണം എന്നതിലെനിക്ക് ആശയത്തിന്റെ ഒരു തലമുണ്ട്. സംഘടനയ്ക്കകത്തും മെക്കാനിസമുണ്ട്. അതില്‍നിന്നു വ്യതിചലിച്ച് ആര്‍ക്കും പോകാന്‍ കഴിയില്ല. 

പെട്രോള്‍ വില, കര്‍ഷക സമരം തുടങ്ങി ആളുകളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളെ ബി.ജെ.പി എങ്ങനെയാണ്  അഭിമുഖീകരിക്കുക? 

കര്‍ഷകസമരത്തെക്കുറിച്ചു പറയുകയാണെങ്കില്‍ ആ സമരം പൊളിഞ്ഞു. അതിനു നിലനില്‍പ്പില്ല. പിന്നെ പെട്രോള്‍വിലയുടെ കാര്യം-പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ഞങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറാണ്. ജി.എസ്.ടി കൗണ്‍സിലില്‍ രണ്ടോ മൂന്നോ സംസ്ഥാനങ്ങളാണ് കടുംപിടുത്തം പിടിക്കുന്നത്. അതിലൊരു സംസ്ഥാനം കേരളമാണ്. മറ്റു വരുമാനമൊന്നും ഇല്ലാത്തതുകൊണ്ട് കേരളം പെട്രോളിയം നികുതിയെ ആശ്രയിച്ചാണ് സമ്പദ്ഘടന നിലനിര്‍ത്തുന്നത്. പെട്രോളിയം, മദ്യം, ലോട്ടറി-ഇതല്ലാതെ ഈ സര്‍ക്കാര്‍ വേറെ വരുമാന മാര്‍ഗ്ഗങ്ങളൊന്നും തേടുന്നില്ല. നികുതി സമാഹരിക്കാനാവശ്യമായ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ അവര്‍ പെട്രോളിനെത്തന്നെ ആശ്രയിക്കുന്നു. കേരള സര്‍ക്കാര്‍ തയ്യാറായാല്‍ പെട്രോളിന്റെ വിലയില്‍ നല്ല വ്യത്യാസം ഉണ്ടാകും. എന്തിനാണ് ജി.എസ്.ടി ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നത് എന്ന് ഇവര്‍ പറയണം. ഇക്കാര്യം ജനങ്ങളെ ഞങ്ങള്‍ ബോധവല്‍ക്കരിക്കും. സംസ്ഥാനത്തിന്റെ നികുതി, കേന്ദ്രത്തിന്റെ നികുതി എല്ലാത്തിനും കണക്കുകള്‍ ഉണ്ടല്ലോ, കള്ളം പറയാന്‍ പറ്റില്ലല്ലോ. എല്ലാ പെട്രോള്‍ പമ്പിലും ബോര്‍ഡ് വെയ്ക്കണം എന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. ജി.എസ്.ടി വന്നാല്‍ എന്താവും പെട്രോളിന്റെ വില എന്നതൊക്കെ ആളുകള്‍ക്കറിയാം. ജനങ്ങള്‍ അത്ര അജ്ഞരൊന്നുമല്ലല്ലോ. 

ശബരിമല കേസ്, സി.എ.എ കേസ് എന്നിവ സര്‍ക്കാര്‍ പിന്‍വലിച്ചു. ശബരിമല കേസ് പിന്‍വലിക്കല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉന്നയിക്കുന്ന വിഷയമായിരുന്നല്ലോ? 

സി.എ.എ കേസുകള്‍ പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദം ശക്തമായിരുന്നു. അപ്പോള്‍പ്പിന്നെ ശബരിമല കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ചു. ശബരിമല കേസില്‍ ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കില്ല എന്ന ഒരു ക്ലോസ് കൂടി വെച്ചിട്ടുണ്ട്. മുക്കാല്‍ ഭാഗം കേസുകളും ക്രിമിനല്‍ കേസുകളാണ്. നിരോധനാജ്ഞ ലംഘനം, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നിവയടക്കമുള്ള കേസുകള്‍ ജാമ്യമില്ലാ വകുപ്പുകളാണ്. ജാമ്യമില്ലാ വകുപ്പുകള്‍ എങ്ങനെയാണ് വന്നത് എന്നും നോക്കണം. സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു, പൊലീസിനെ വിന്യസിച്ചു, അപ്പോള്‍ സ്വാഭാവികമായി ഉണ്ടായ നിയമലംഘനമാണ്. അല്ലാതെ ആരും അക്രമം ഉണ്ടാക്കിയതല്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ വെച്ചിട്ടുള്ള ആ ക്ലോസ് പിന്‍വലിക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കണം. 1000 തെരഞ്ഞെടുപ്പില്‍ തോറ്റാലും ശബരിമല നിലപാട് മാറ്റില്ല എന്നാണ് സി.പി.എം പറഞ്ഞത്. എന്നിട്ട് അതെല്ലാം മാറ്റിയില്ലേ. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനു ദയനീയ പരാജയം ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണിതും. വിശ്വാസികളെ സംബന്ധിച്ച് ഇതൊരു വിജയമാണ്. പക്ഷേ, അതേസമയം ഇങ്ങനെയൊരു ക്ലോസ് വെച്ചതില്‍ ദുഷ്ടലാക്കുണ്ട്.

ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്ന രണ്ട് പ്രധാന വിഷയങ്ങളാണ് ശബരിമലയും വര്‍ഗ്ഗീയതയും. പക്ഷേ, ഇത്തവണ ശബരിമല യു.ഡി.എഫ് ഒരു പടികൂടി മുന്നേ ഏറ്റെടുത്തു. വര്‍ഗ്ഗീയവാദം എല്‍.ഡി.എഫും ഉയര്‍ത്തിക്കാട്ടുന്നു. ഇതിനെ എങ്ങനെ കാണുന്നു? 

അത് ബി.ജെ.പിക്കുള്ള സാധ്യതകള്‍ കൂട്ടുകയേ ഉള്ളൂ. വിശ്വാസികളുടെ പ്രശ്‌നവും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഞങ്ങളുടെ അജന്‍ഡയാണ്. ഞങ്ങള്‍ കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ആ അജന്‍ഡയെ ചര്‍ച്ച ചെയ്യാന്‍ ഇവര്‍ നിര്‍ബ്ബന്ധിതരായി എന്നത് ബി.ജെ.പിയുടെ വിജയമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ ഞങ്ങളിപ്പോള്‍ ഉന്നയിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയ വിമുക്തമാക്കണം, ദേവസ്വം ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത് തിരിച്ചുകൊടുക്കണം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഞങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനൊന്നും ഇവര്‍ക്കു മറുപടി പറയാന്‍ പറ്റില്ല. അതുകൊണ്ട് ആ വിഷയത്തില്‍ ഞങ്ങള്‍ കുറേക്കൂടി വ്യക്തമായ കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വെയ്ക്കും. ഇവര്‍ക്കു പേടിയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോകുന്നതിനു മുന്‍പ് ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന വിഷയങ്ങളെയെല്ലാം ഇവര്‍ ഭയപ്പെടുന്നു. അതാണ് ഈ വിഷയങ്ങളില്‍ കാണുന്നത്. അല്ലാതെ ആത്മാര്‍ത്ഥത ഉണ്ടായിട്ടൊന്നുമല്ല. അതുകൊണ്ട് അക്കാര്യങ്ങള്‍ ഞങ്ങള്‍ ജനങ്ങളുടെ മുന്നില്‍ ഉന്നയിക്കും. 

ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്ന മറ്റു പ്രധാന വിഷയങ്ങള്‍ എന്തായിരിക്കും? 

അഴിമതിരഹിത സംസ്ഥാനമുണ്ടാകണം എന്നതാണ് പ്രധാനം. മോദിയുടെ അഴിമതിവിരുദ്ധ മോഡല്‍ ഇവിടെ ഉണ്ടാവണം. കേരളത്തിന്റെ വികസന പിന്നാക്കാവസ്ഥ, തൊഴിലില്ലായ്മ എന്നിവയും ഉന്നയിക്കും. അതോടൊപ്പം വോട്ട്ബാങ്ക് രാഷ്ട്രീയം, വര്‍ഗ്ഗീയപ്രീണനം. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും രണ്ടു മുന്നണികളിലും സ്വാധീനമുറപ്പിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിലും എസ്.ഡി.പി.ഐ., എല്‍.ഡി.എഫിലും സ്വാധീനമുറപ്പിച്ചു. പ്രത്യേക മലബാര്‍ സ്റ്റേറ്റിനുവേണ്ടിയുള്ള ആവശ്യങ്ങളുയരുകയാണ്. അത്തരത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് കീഴടങ്ങുന്ന രണ്ട് മുന്നണികളുടേയും നിലപാട് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. 

സര്‍ക്കാര്‍ ഉണ്ടാക്കും എന്ന വാദം മാറ്റിവെച്ചാല്‍ സി.പി.എമ്മിന്റെ ഒരു തുടര്‍ഭരണമാണോ ബി.ജെ.പി ആഗ്രഹിക്കുന്നത്? 

അങ്ങനെയൊരു ആഗ്രഹവും പ്രതീക്ഷയും ഞങ്ങള്‍ക്കില്ല. ഞങ്ങളാഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും രണ്ട് മുന്നണികളേയും പരാജയപ്പെടുത്തി ഞങ്ങള്‍ മുന്നില്‍ വരണം എന്നതാണ്. അതിന് ആവശ്യമായ തന്ത്രങ്ങളാണ് ഞങ്ങള്‍ പ്രയോഗിക്കുന്നത്. സി.പി.എമ്മിന്റെ തുടര്‍ഭരണം ആഗ്രഹിക്കില്ല. ഞങ്ങളുടെ ഇത്രയധികം ആളുകളെ കൊന്ന ഒരു പാര്‍ട്ടിയാണത്. ആശയപരമായി രാജ്യത്തിന് എതിരെ നില്‍ക്കുന്ന പാര്‍ട്ടിയും.

കണ്ണൂര്‍ ജില്ലാപഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനില്‍ ബി.ജെ.പിയുടെ വോട്ടുകുറഞ്ഞതിന്റെ പശ്ചാത്തലത്തിലും സി.പി.എമ്മുമായി തെരഞ്ഞെടുപ്പ് ധാരണ എന്ന പ്രചാരണം ശക്തിപ്പെട്ടിരുന്നു? 

തില്ലങ്കേരി ഡിവിഷനില്‍ കുറേ കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് നടന്നത്. മറ്റു തെരഞ്ഞെടുപ്പിനൊപ്പമായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിനോ ടനുബന്ധിച്ച് എല്ലാ വാര്‍ഡുകളിലും അതിന്റെ പ്രവര്‍ത്തനമുണ്ടായിരുന്നു. പക്ഷേ, പിന്നീട് ഒരു മാസം കഴിഞ്ഞാണ് അവിടെ തെരഞ്ഞെടുപ്പ് നടന്നത്. അത് വോട്ടിംഗിനെ ബാധിച്ചിട്ടുണ്ടാകാം. വോട്ട് കുറഞ്ഞത് അവിടത്തെ സംഘടനാപരമായ ദൗര്‍ബ്ബല്യമാണ്. അല്ലാതെ 'തില്ലങ്കേരിമോഡലൊ'ന്നുമല്ല.

ആര്‍.എസ്.എസ് ശക്തമായ സ്ഥലമല്ലേ തില്ലങ്കേരി. അവിടെ സംഘടനാപരമായ ദൗര്‍ബ്ബല്യം എന്നു പറയാന്‍ പറ്റുമോ? 

ഒരു പഞ്ചായത്തില്‍ മാത്രമാണ് അവിടെ ആര്‍.എസ്.എസ്സിനു മുന്‍തൂക്കം. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്ന പറയുന്നത് രണ്ടര പഞ്ചായത്ത് വരും. ആര്‍.എസ്.എസ്സിനു മുന്‍തൂക്കമുള്ള പഞ്ചായത്തില്‍ വോട്ട് കിട്ടിയിട്ടുണ്ട്. അത് വെറുതെ കോണ്‍ഗ്രസ് നടത്തിയ പ്രചരണം മാത്രമാണ്. ഒരു ലോക്കല്‍ ബോഡി വാര്‍ഡിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ പറയാന്‍ കഴിയില്ല. എല്ലാ പാര്‍ട്ടികള്‍ക്കും വോട്ട് കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ ദയനീയമായ ചിത്രമായിരുന്നില്ലേ. അതുവെച്ച് അസംബ്ലിയില്‍ യു.ഡി.എഫ് തീരെ ഇല്ലാതാകും എന്നു നമുക്കു പറയാന്‍ പറ്റുമോ.

സര്‍ക്കാറിനെതിരെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നടത്തുന്നത്ര പ്രതിഷേധങ്ങള്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ, ഏറ്റവുമൊടുവില്‍  പി.എസ്.സി വിഷയത്തിലടക്കം? 

പി.എസ്.സിയിലൊക്കെ ഞങ്ങള്‍ നന്നായി സമരം ചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ കൊടുക്കാത്തതുകൊണ്ടാണ്. മാധ്യമങ്ങള്‍ എപ്പോഴും ഇടത് അല്ലെങ്കില്‍ വലത് എന്നൊരു സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്. മൂന്നാമതൊരു ബദല്‍ വളര്‍ന്നുവരുന്നത് അവരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കു നല്‍കുന്ന സ്പേസ് കുറവാണ്. സി.പി.എമ്മിനെ നേരത്തെ ബി.ജെ.പി ശക്തമായി ആക്രമിക്കുന്ന സമയത്ത് യു.ഡി.എഫ് ദുര്‍ബ്ബലമായിരുന്നു. അന്നൊക്കെ ഞങ്ങള്‍ക്ക് സ്പേസ് കിട്ടി. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ഇടതിനെതിരെയുള്ള ജനവികാരം യു.ഡി.എഫിലേക്ക് മാത്രമായി പോകണം എന്നു ചിലര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ബി.ജെ.പിയെ അവഗണിക്കുന്നു. റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം ആദ്യം ഏറ്റെടുത്ത് നടത്തിയത് ഞങ്ങളാണ്. അതിനുവേണ്ടി എത്രയോ തല്ല് ഞങ്ങള്‍ കൊണ്ടിട്ടുണ്ട്. യു.ഡി.എഫിന്റെ രണ്ട് എം.എല്‍.എമാര്‍ നിരാഹാരം കിടന്നപ്പോള്‍ വലിയ കവറേജ് അവര്‍ക്ക് കിട്ടി. പക്ഷേ, റാങ്ക് ഹോള്‍ഡേഴ്സിനറിയാം ഇതു ചെയ്യുന്നതൊക്കെ.

ഇ. ശ്രീധരനെപ്പോലെ  പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്ത  മുഖങ്ങള്‍ കൂടുതല്‍ ഉണ്ടാവുമോ?  

പുതുമുഖങ്ങള്‍ ധാരാളം വേണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ പാര്‍ട്ടി പ്രവര്‍ത്തകരല്ലാത്ത കുറച്ചുപേര്‍ മത്സരിക്കുമ്പോഴാണ് സമൂഹത്തിന്റെ പാനല്‍ വരുന്നത്. അല്ലെങ്കില്‍ അതു വെറും പാര്‍ട്ടി പാനലാകും. എല്ലാ പാര്‍ട്ടികളും അവരുടെ പാര്‍ട്ടിയുടെ മാത്രം പാനലാണ് വെയ്ക്കുന്നത്. നമ്മള്‍ അതിനുപകരം പാര്‍ട്ടിക്കാരോടൊപ്പം പാര്‍ട്ടിക്കാരല്ലാത്തവരേയും ജനപിന്തുണയുള്ള മറ്റാള്‍ക്കാരേയും മുന്നില്‍ നിര്‍ത്തണം എന്നാഗ്രഹിക്കുന്നു. 

സി.പി.എം നേതാവ് തോട്ടത്തില്‍ രവീന്ദ്രനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചതായി അദ്ദേഹം പറയുന്നു. മറ്റു പാര്‍ട്ടികളിലെ നേതാക്കളേയും ഇങ്ങനെ ലക്ഷ്യംവെയ്ക്കുന്നുണ്ടോ?  

തോട്ടത്തില്‍ രവീന്ദ്രനെ ഞാന്‍ കണ്ടിരുന്നു എന്നതു സത്യമാണ്. അദ്ദേഹം എനിക്കു പരിചയമുള്ള ആളാണ്. പക്ഷേ, ബി.ജെ.പിയില്‍ ചേരാനോ മറ്റോ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടില്ല. ഞാന്‍ അഭ്യര്‍ത്ഥിച്ചു എന്ന് അദ്ദേഹം പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്തായാലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്. മറ്റു പാര്‍ട്ടികളിലുള്ളവരേയും പരിഗണിക്കും. പക്ഷേ, ജനപിന്തുണയില്ലാത്ത സി.പി.എം, കോണ്‍ഗ്രസ് നേതാക്കളെ വെറുതെ കൊണ്ടുവന്നിട്ട് കാര്യമില്ല. കിട്ടുമ്പോള്‍ ജനപിന്തുണയുള്ള ആള്‍ക്കാരെ കിട്ടണം. കോണ്‍ഗ്രസ്സില്‍നിന്നു ധാരാളം ആള്‍ക്കാര്‍ വരാനുണ്ട്. പക്ഷേ, അവിടെ ആര്‍ക്കും വേണ്ടാത്തവരെ ഞങ്ങളിവിടെ സ്വീകരിക്കുന്നില്ല. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അംഗീകാരമുള്ളയാളുകളേയേ ഞങ്ങള്‍ നോക്കുന്നുള്ളൂ. അങ്ങനെയുള്ള ആളുകള്‍ വരുമ്പോള്‍ എടുക്കും.

കെ സുരേന്ദ്രനും വി മുരളീധരനും ബിജെപിയുടെ രാഷ്ട്രീയ യോ​ഗത്തിൽ
കെ സുരേന്ദ്രനും വി മുരളീധരനും ബിജെപിയുടെ രാഷ്ട്രീയ യോ​ഗത്തിൽ

കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാന്‍ ഇവിടേയും തോല്‍പ്പിക്കുക എന്ന തരത്തില്‍ പ്രചരണമുണ്ടല്ലോ?
 
കോണ്‍ഗ്രസ്സിന് ഇനി നിലനില്‍പ്പില്ല. രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തകര്‍ന്നു. കേരളത്തിലും അതേ സ്ഥിതിയാണ്. സ്വയം തകരുന്നതാണ്. ഞങ്ങള്‍ തകര്‍ത്തതൊന്നുമല്ല. കോണ്‍ഗ്രസ് വര്‍ഗ്ഗീയശക്തികള്‍ക്കു മുന്നില്‍ കീഴടങ്ങി. ഈ തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം സീറ്റിലും കോണ്‍ഗ്രസ്സിന് അവരുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ പറ്റില്ല. ലീഗിന്റെ തീരുമാനമനുസരിച്ചേ അവര്‍ക്കതിനു പറ്റുള്ളൂ. മുസ്ലിം വോട്ടിനെ സ്വാധീനിക്കാന്‍ കഴിയാത്ത ഒരൊറ്റ കോണ്‍ഗ്രസ് ഹിന്ദു നേതാവിനും ഇനിയിവിടെ നിലനില്‍പ്പില്ല. ലീഗ് അക്കാര്യത്തില്‍ വളരെയധികം കണ്‍സേണ്‍ഡായി മാറികഴിഞ്ഞു. ലീഗിന്റെ ഒരു അപ്രമാദിത്വമാണ്. അടുത്ത അഞ്ചുകൊല്ലം കഴിയുമ്പോള്‍ ലീഗിന് സര്‍ക്കാര്‍ ഉണ്ടാക്കണം എന്നതാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടിയുള്ള പദ്ധതിയാണ് അവരുടേത്. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയുന്നില്ല. 

യു.ഡി.എഫ് അധികാരത്തില്‍ വരുകയാണെങ്കില്‍ മുസ്ലിംലീഗ് കേരളം ഭരിക്കും എന്ന പ്രചരണം ഈ തെരഞ്ഞെടുപ്പിലുണ്ട്? 

മുസ്ലിംലീഗ് ഇത്തവണ തന്നെ ഉപമുഖ്യമന്ത്രി ചോദിക്കും. അടുത്ത തവണ മുഖ്യമന്ത്രി പദം ചോദിക്കും. കേരളത്തില്‍ ലീഗിനു വളരെയധികം സീറ്റുകള്‍ വര്‍ദ്ധിക്കുന്ന ഒരു അതിര്‍ത്തി പുനര്‍നിര്‍ണ്ണയമായിരിക്കും അടുത്ത തവണത്തേത്. മലബാറില്‍ സീറ്റുകള്‍ വര്‍ദ്ധിക്കും. ഡെമോഗ്രാഫിക് ചെയ്ഞ്ചസ് അങ്ങനെയാണ് വരുന്നത്. പ്രത്യേക മലബാര്‍ സ്റ്റേറ്റൊക്കെ അതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നതാണ്. ശക്തമായ ഒരു നിലപാടെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും. മാത്രമല്ല, ഏതുസമയത്തും എല്‍.ഡി.എഫിലേക്ക് പോകാനും ലീഗിനു മടിയില്ല. ഞങ്ങളുടെ വിലയിരുത്തല്‍ അതാണ്. 

മുസ്ലിംലീഗ് കേരളം ഭരിച്ചാല്‍ എന്താണ് പ്രശ്‌നം? 

ലീഗ് കേരളം ഭരിച്ചാല്‍ ഇതൊരു മതാധിഷ്ഠിത രാജ്യമാകും. അതിനുവേണ്ടിയാണ് അവര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ അവര്‍ മതേതരത്വം പറഞ്ഞ് ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണെന്നൊക്കെ പറയുന്നുണ്ടെങ്കിലും അവരുടെ ഉള്ളിന്റെയുള്ളില്‍ വിഭജനവാദം തന്നെയാണ്. പ്രത്യേക മലബാര്‍ സംസ്ഥാനം പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡയാണ്. ഇപ്പോള്‍ ലീഗ് അതേറ്റെടുക്കുകയാണ്. എസ്.കെ.എസ്.എസ്.എഫിന്റെ മുഖപത്രമാണ് അതിന് അനുകൂലമായി എഡിറ്റോറിയല്‍ എഴുതിയത്. മുസ്ലിംലീഗിനെ അങ്ങനെയാണ് കാണുന്നതെങ്കില്‍ അഞ്ചാംമന്ത്രി വിവാദം വന്നപ്പോള്‍ എന്തിനാണ് അന്ന് കോണ്‍ഗ്രസ് പിന്മാറിയത്. ലീഗിനെ തൊപ്പിയഴിപ്പിച്ച് വെച്ച് സ്പീക്കറാക്കിയ കേരളമാണിത്. എന്തിനാണ് അങ്ങനെ ചെയ്തത്. അന്നു ഞങ്ങളില്ലായിരുന്നല്ലോ. അപ്പോള്‍ ലീഗിനെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണെന്നും അതിന്റെ പ്രതിച്ഛായ എന്താണെന്നും എല്ലാവര്‍ക്കുമറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com