ഞങ്ങള്‍ കൂടെ നിന്നു; ജനം ഞങ്ങള്‍ക്കൊപ്പം നില്‍ക്കും

തെരഞ്ഞെടുപ്പുദിനം അടുക്കുന്തോറും ഇനിയും കൂടുതല്‍ കള്ള പ്രചാരണങ്ങള്‍ ഉണ്ടാകും എന്നുതന്നെയാണ് ഞങ്ങള്‍ കാണുന്നത്. 
കെഎൻ ബാല​ഗോപാൽ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
കെഎൻ ബാല​ഗോപാൽ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

നങ്ങളുടെ മനസില്‍ ഇടതുമുന്നണിക്ക് അനുകൂലമായ വികാരമുണ്ടെന്നാണ് വിശ്വാസം. തെരഞ്ഞെടുപ്പുദിനം അടുക്കുന്തോറും ഇനിയും കൂടുതല്‍ കള്ള പ്രചാരണങ്ങള്‍ ഉണ്ടാകും എന്നുതന്നെയാണ് ഞങ്ങള്‍ കാണുന്നത്. അപ്പോഴും, ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട് എന്ന ആത്മവിശ്വാസമാണ് ഞങ്ങള്‍ക്കു തദ്ദേശ തെരഞ്ഞെടുപ്പു നല്‍കിയത്-സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ രാജ്യസഭാംഗവുമായ ബാലഗോപാല്‍ പറഞ്ഞു തുടങ്ങിയതിങ്ങനെ. 

സമരങ്ങളും ആരോപണങ്ങളും മറ്റും ഭരണത്തുടര്‍ച്ചയ്ക്കു കൂടുതല്‍ അധ്വാനം വേണ്ടിവരും എന്നു വിലയിരുത്താന്‍ കാരണമായിട്ടുണ്ടോ? 

ജനങ്ങള്‍ അനുകൂലമായി വോട്ടു ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. അവര്‍ക്ക് സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്ന മെച്ചപ്പെട്ട ഭരണം കിട്ടുകയാണ് അനുകൂലമായി വോട്ടു ചെയ്യുന്നതിനുള്ള അടിസ്ഥാനകാരണം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇടതുമുന്നണി സര്‍ക്കാര്‍ മെച്ചപ്പെട്ട ഭരണം നല്‍കുന്നുണ്ട്. കേരളവും ലോകവും ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിലൊക്കെ അതു നേരിടുന്നതിനു മാതൃകാപരമായ നേതൃത്വം നല്‍കാന്‍, രാജ്യമാകേയും ലോകമാകേയും ശ്രദ്ധിക്കുന്ന നേതൃത്വം നല്‍കാന്‍ ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞു. സാമ്പത്തികരംഗം വലിയ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍പ്പോലും വികസനകാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ടരീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞ ഒരു സര്‍ക്കാര്‍ എന്ന നിലയില്‍, തെരഞ്ഞെടുപ്പിന് അടുത്തു നടക്കുന്ന പ്രചരണങ്ങളിലല്ല തുടര്‍ച്ചയായി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനപക്ഷത്തു നില്‍ക്കുന്ന സര്‍ക്കാര്‍ എന്ന നിലയിലാണ്, അതിനു നേതൃത്വം കൊടുക്കുന്ന മുന്നണി എന്ന നിലയിലാണ് ഞങ്ങള്‍ കാര്യങ്ങളെ കാണുന്നത്. അങ്ങനെ വരുമ്പോള്‍, ജനങ്ങളുടെ മനസ്സില്‍ എല്‍.ഡി.എഫിന് അനുകൂലമായ വികാരമുണ്ട് എന്നാണ് ആത്മാര്‍ത്ഥമായ വിശ്വാസം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അത് വ്യക്തമായതാണ്. അതിനു മുന്‍പ് നടന്ന വലിയ എതിര്‍പക്ഷ പ്രചാരണം കേരളം കണ്ടു. സത്യത്തില്‍ ഇത്രയും വലിയ ആരോപണങ്ങള്‍ സംഘടിതമായി ഉന്നയിച്ച ഒരു കാലമില്ല. യു.ഡി.എഫിന്റെ, ബി.ജെ.പിയുടെ, കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍. കേന്ദ്ര ഏജന്‍സികള്‍ അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായും ഇടപെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഈ ഏജന്‍സികള്‍ നടത്തിയ ഇത്തരം ഇടപെടലുകളുടെ അനുഭവങ്ങള്‍ ഉണ്ടായിട്ടും ഇവിടെ യു.ഡി.എഫ് അവര്‍ക്കു കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍, ജനങ്ങളുടെ മനസ്സിലേക്ക് എത്താന്‍ ഇടതുമുന്നണിക്കു കഴിഞ്ഞു. ഇപ്പോഴും ധാരാളം പ്രചാരണങ്ങള്‍ നടക്കുന്നു. ഉദാഹരണത്തിന് പി.എസ്.സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സമരം. അതിന്റെ വസ്തുതകള്‍ ആളുകള്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം പി.എസ്.സി നിയമനങ്ങള്‍ നടത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. നിലവിലുള്ള പി.എസ്.സി ലിസ്റ്റില്‍ നാലേകാല്‍ ലക്ഷത്തോളം ആളുകളുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം, സ്‌കൂള്‍ അദ്ധ്യാപകരൊഴികെ മൂന്നര ലക്ഷമാണ്. ഈ നാലേകാല്‍ ലക്ഷം ആളുകളുടെ പകുതി കൊടുത്താല്‍പ്പോലും എവിടെ കൊടുക്കാന്‍ പറ്റും. ശരാശരി 25000, 30000 ഒഴിവുകളാണ് ഓരോ വര്‍ഷവും വരുന്നത്. ഞങ്ങള്‍ക്കെല്ലാം ജോലി കിട്ടണമെന്ന് കുറേപ്പേര്‍ പറയുമെങ്കിലും മഹാഭൂരിപക്ഷത്തിനു കാര്യങ്ങള്‍ മനസ്സിലാകും. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുകയും നിയമനങ്ങള്‍ നടത്തുകയും ചെയ്തു സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പി.എസ്.സിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന സമരം വലിയ പ്രചാരണപരമായ രാഷ്ട്രീയ ഇടപെടലാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്; ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഈ പ്രചരണം വലിയ പ്രചരണം തന്നെയാണ്. അതിനെ ചെറുതാക്കി കാണുന്നില്ല, ലാഘവത്തോടെ കാണുന്നില്ല. ഞങ്ങള്‍ ജനങ്ങളുടെ അടുത്തു ചെല്ലുകയും കാര്യങ്ങള്‍ തുറന്നു പറയുകയുമാണ് ചെയ്യുന്നത്. അവര്‍ക്കത് ബോധ്യപ്പെടുകതന്നെ ചെയ്യും എന്ന പ്രതീക്ഷയുമുണ്ട്. ജനങ്ങളുടെ മുന്നില്‍ ഈ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുണ്ട്. അതിനു മുന്നില്‍ ഈ കള്ളപ്രചരണങ്ങള്‍ നിലനില്‍ക്കില്ല. 

ഉദ്യോഗാര്‍ത്ഥികളുടെ സമരം യു.ഡി.എഫ് നടത്തിയ ശ്രമങ്ങളുടെ ഭാഗമാണെന്നാണോ കരുതുന്നത്? 

പ്രചാരണങ്ങളിലും സമരം സംഘടിപ്പിക്കുന്നതിലുമൊക്കെ യു.ഡി.എഫ് ചില മാനേജ്മെന്റ് ടെക്നിക്കുകള്‍ പ്രയോഗിക്കുന്നുണ്ട്. സ്പൊണ്ടേനിയസായി വന്നതാണ് എന്നു കരുതുന്നില്ല. ഈ ഒരു സമരത്തിലും ഉദ്യോഗാര്‍ത്ഥികളെ വ്യക്തിപരമായി കുറ്റം പറയാന്‍ ഞങ്ങള്‍ തയ്യാറല്ല. അവര്‍ക്കൊരു ജോലി കിട്ടുമെന്നു തോന്നിയാല്‍ അവര്‍ വരും. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം തന്നെയാണ് അത്. സാമ്പത്തിക വശം മനസ്സിലാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയൊക്കെ മനസ്സിലാകും. ജീവനക്കാരുടെ ശമ്പളം കൊടുക്കാനുള്ള പണം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ ജി.എസ്.ടി വലിയ കുറവാണ് വരുത്തിയത്. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം തകര്‍ക്കുകയും സംസ്ഥാനങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന നിയമമാണ് ജി.എസ്.ടി., ജി.എസ്.ടി ബില്ല് പാര്‍ലമെന്റ് പാസ്സാക്കുമ്പോള്‍ ഞാന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. അന്ന് അതിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ അപൂര്‍വ്വം പേരിലൊരാളാകാന്‍ കഴിഞ്ഞിരുന്നു. ഇടതുപക്ഷവും എ.ഐ.എ.ഡി.എം.കെയുമാണ് അന്ന് വിയോജിച്ചത്. കോണ്‍ഗ്രസ് അനുകൂലിക്കുകയാണ് ചെയ്തത്. 

പി.എസ്.സി ലിസ്റ്റിന്റെ കാര്യം പറഞ്ഞാല്‍, സി.പി.ഒ ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. ഇടയ്ക്ക് രണ്ടുമൂന്നു മാസം നിയമനം നടന്നില്ല, അതുകൊണ്ട് അവര്‍ക്ക് വേക്കന്‍സി കിട്ടിയില്ല എന്നാണ് പറയുന്നത്. പക്ഷേ, ഒരു മാസം നിയമനങ്ങള്‍ നടത്തിയില്ലെങ്കിലും അതുകൂടി ചേര്‍ത്താണല്ലോ അടുത്തമാസം നിയമിക്കുന്നത്. അങ്ങനെ മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തിയെന്നു മാത്രമല്ല, നിലവില്‍ സീറോ വേക്കന്‍സി ലിസ്റ്റാണ് പൊലീസിന്റേത്. അടുത്ത ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ കണ്ട് നിയമനങ്ങള്‍ നടത്തി. ഡിസംബറിലേക്കു വരുമ്പോള്‍ പൊലീസിന്റെ 5000 ഒഴിവുണ്ടാകുന്നു എന്നിരിക്കട്ടെ. അവരെ പരിശീലിപ്പിക്കാന്‍ ഒരു വര്‍ഷം വേണം. ഡിസംബറില്‍ അവരെ നിയമിക്കും. അതായത് ഒഴിവുകളില്ല. എന്നാലും ലിസ്റ്റു കഴിഞ്ഞ് ആറുമാസം കഴിഞ്ഞവര്‍ സമരത്തിനു വരുന്നു. ആ വിഷയം കോടതിയിലാണ്; കോടതി പരിഗണിക്കട്ടെ. പരിശോധിക്കണമെന്ന് കോടതി പറഞ്ഞാല്‍ നിയമപരമായി സര്‍ക്കാരിനതു നോക്കണമല്ലോ. 

മറ്റൊന്ന്, ക്ലാസ്സ്ഫോര്‍ ജീവനക്കാരുടെ കാര്യമാണ്. ഉള്ള വേക്കന്‍സികളില്‍ നിയമിക്കുകയും അഞ്ചിലൊന്നു പേരെ നിയമിക്കാന്‍ വേക്കന്‍സിയുണ്ടാക്കുകയും ചെയ്യുക എന്നു പറഞ്ഞാല്‍, സാധാരണഗതിയില്‍ അങ്ങനെയൊരു നടപടിക്രമമില്ല. പക്ഷേ, സമരം ചെയ്യുന്നവരുടെ മനസ്സിലെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്നല്ല പറയുന്നത്. ഈ സമരം വന്ന രീതിയാണ് പ്രധാനം. സമരം വന്നത് ആസൂത്രിതമായാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മുപ്പതിനായിരത്തില്‍ താഴെ നിയമനങ്ങളാണ് പി.എസ്.സി വഴി നടത്തിയത്. കേരളത്തേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണല്ലോ. ബി.ജെ.പിയുടെ കേന്ദ്രസര്‍ക്കാര്‍ ബി.എസ്.എന്‍.എല്ലില്‍ മാത്രം 80,000 പേരെയാണ് പിരിച്ചുവിട്ടത്. കേരളത്തിലെ 8,000 പേരില്‍ പകുതിയോളമാളുകളെ പിരിച്ചുവിട്ടു. ഇതൊക്കെ ഇങ്ങനെയായിരിക്കുമ്പോഴാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും ഉദ്യോഗാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്നത്. 

കെഎൻ ബാല​ഗോപാൽ
കെഎൻ ബാല​ഗോപാൽ

പക്ഷേ, സര്‍ക്കാരിനേയും ഭരണരാഷ്ട്രീയ നേതൃത്വത്തേയും പ്രതിരോധത്തിലാക്കാന്‍ ആ പ്രചരണങ്ങള്‍ക്കു കഴിഞ്ഞില്ലേ? 

പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്നതിനും മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നതിനും കപടപ്രചരണങ്ങള്‍ നടത്തുന്നതിനുമൊന്നും മടിയില്ലാത്തവരാണ് ഇവര്‍. പക്ഷേ, പഴയതുപോലെ ഇതൊന്നും ജനങ്ങള്‍ അതേവിധം വിശ്വസിക്കില്ല. പല മാധ്യമങ്ങളുണ്ട്, സമൂഹമാധ്യമങ്ങളുണ്ട്. അവയിലെല്ലാം വസ്തുതകള്‍ വസ്തുതകളായിത്തന്നെ വരുന്നുമുണ്ട്. ഒളിപ്പിച്ചു വയ്ക്കാന്‍ പറ്റില്ല. പ്രതിപക്ഷ നേതാവിന്റെ ജാഥ കൊല്ലത്തു വന്നപ്പോള്‍ മത്സ്യമേഖലയുമായി ബന്ധപ്പെട്ട കരാറിനെക്കുറിച്ച് നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞു. അതിന്റെ അടുത്ത ദിവസം രാഹുല്‍ ഗാന്ധി കൊല്ലത്തു വന്നു. പ്രത്യേക സുരക്ഷയുള്ള രാഹുല്‍ ഗാന്ധിയെപ്പോലൊരാള്‍ എത്രയോ മുന്‍പാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുക. പ്രതിപക്ഷ നേതാവിന്റെ ആരോപണവും ഈ സന്ദര്‍ശനവുമൊക്കെ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നു മനസ്സിലാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷം വിജയിച്ച ജില്ലയാണ് കൊല്ലം. അതും ഈ ആരോപണവും അതിലെ ആസൂത്രണവും തമ്മില്‍ ബന്ധമുണ്ട്. മാത്രമല്ല, ഈ കരാര്‍ ഒപ്പിട്ട ഉദ്യോഗസ്ഥന്‍ പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സ്റ്റാഫിലുണ്ടായിരുന്നയാളാണ്. ഗവണ്‍മെന്റ് സെക്രട്ടറിയോടുപോലും പറയാതെ അങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഒപ്പിടുകയാണ് ചെയ്തതെന്നു പുറത്തു വന്നിരിക്കുന്നു. രമേശ് ചെന്നിത്തല അത് ഏറ്റെടുക്കുന്നു, തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി വരുന്നു. ഇതൊക്കെ വളരെ ആസൂത്രിതമാണ്.

ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന പുതുച്ചേരിയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ ബി.ജെ.പി റാഞ്ചുമ്പോള്‍ അതിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കാതെയാണ് ഇവിടെ വന്ന് ഇതൊക്കെ ചെയ്തത്. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം കത്തിച്ചുവിടാന്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് സംഘടിത ശ്രമമുണ്ടായിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇവരുടെ ആളുകളെ കടത്തിവിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ചെയ്തതെന്താണെന്ന് അവര്‍ പറയില്ല. കോണ്‍ഗ്രസ്സാണ് ഇന്ത്യയില്‍ ഏറ്റവുമധികം കര്‍ഷക ആത്മഹത്യകളുണ്ടായ കാലത്ത് ഭരിച്ചിരുന്നത്. അന്ന് നയങ്ങള്‍ മാറ്റിയില്ല. പിന്നീട് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യു.പി.എ സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്താണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയൊക്കെ ഉണ്ടായത്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ കാര്‍ഷിക മേഖലയെക്കുറിച്ചു പറയുന്ന ഭാഗത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയ നിലപാട് ഇപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളുടെ അതേ സ്വഭാവത്തിലുള്ളതാണ്. അതേ കോണ്‍ഗ്രസ്സിന്റെ നേതാവ് കേരളത്തില്‍ വന്ന് ട്രാക്ടര്‍ സമരം നടത്തുന്നത് എന്തൊരു കാപട്യമാണ്. നാടകം നടത്താന്‍ അവര്‍ക്കു നല്ല കഴിവുണ്ട്. പക്ഷേ, ജനങ്ങള്‍ എന്നും ആ നാടകം വിശ്വസിക്കില്ല.

കൊവിഡ് മഹാമാരി അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളേയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി എന്ന വിമര്‍ശനം തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുമോ? 

തീര്‍ച്ചയായിട്ടും ജനങ്ങള്‍ തന്നെ കണ്ടുകൊണ്ടിരിക്കുകയാണ്. അവര്‍ക്കിതൊന്നും മനസ്സിലാകില്ല എന്നു കരുതരുത്. ഇടതുപക്ഷത്തിനു വിജയവും തോല്‍വിയും ഉണ്ടായിട്ടുണ്ട്. തോല്‍ക്കുമ്പോള്‍ ജനങ്ങള്‍ക്കു വിവരമില്ല എന്നു ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്കെന്തോ പോരായ്മയുണ്ടെന്നു മനസ്സിലാക്കി പരിഹരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വിജയമുണ്ടാകുമ്പോള്‍ അതിന്റെ പേരില്‍ അഹങ്കാരമോ അമിതാഹ്ലാദമോ ഉണ്ടായിട്ടുമില്ല. കാര്യങ്ങള്‍ മനസ്സിലാക്കുന്നത് എങ്ങനെയാണോ അതനുസരിച്ചാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്. ഞങ്ങള്‍ ചിലപ്പോള്‍ ചിലതു ചെയ്യുന്നതിലെ ആത്മാര്‍ത്ഥത അതേ വിധത്തില്‍ ജനങ്ങള്‍ക്കു മനസ്സിലായിട്ടുണ്ടാകില്ല. തൊട്ടുമുന്‍പാണല്ലോ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടന്നത്. അതിനു മുന്‍പ് കേരളത്തില്‍ നിലനിന്ന പശ്ചാത്തലമെന്താ. കൊവിഡിന്റെ ഘട്ടം; ആളുകള്‍ക്കു പുറത്തിറങ്ങാന്‍ ഭയം. വീടുകളില്‍ കഴിയുന്നവര്‍ക്കു ഭക്ഷണംപോലും കിട്ടാനില്ല. ഈ സമയത്ത് അവരെ സഹായിക്കാനുണ്ടായിരുന്നത് സാധാരണ ഇടതുപക്ഷ പ്രവര്‍ത്തകരാണ്. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാന്‍ മുന്നില്‍നിന്നു. കോളറക്കാലത്തേയോ വസൂരിക്കാലത്തേയോ കുറിച്ചു നമ്മള്‍ വായിക്കുക മാത്രം ചെയ്തിട്ടുള്ള ഭീകരതയാണ് നേരില്‍ കണ്ടത്. കോഴിക്കോട്ട് നിപ വന്നപ്പോള്‍ കളക്ട്രേറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാന്റും ആരാധനാലയങ്ങളും അടച്ചു. ഭീകരമായിരുന്നു സ്ഥിതി. നമുക്കതു നല്ലതുപോലെ മാനേജ് ചെയ്യാന്‍ പറ്റി. പ്രളയകാലത്തെക്കുറിച്ച് ഇപ്പോള്‍ പറഞ്ഞുപോകാമെങ്കിലും അനുഭവിച്ചപ്പോള്‍ ഇതല്ലല്ലോ സ്ഥിതി. ഇപ്പോള്‍ വന്നു കടലില്‍ ചാടിയവരൊന്നും അന്നുണ്ടായിരുന്നില്ല. അന്നും പിന്നീട് കൊവിഡ് കാലത്തും ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഓരോ ആളുകള്‍ക്കും വേണ്ടതൊക്കെ എത്തിക്കുന്നതിലും ബുദ്ധിമുട്ടുകള്‍ വരാതെ നോക്കുന്നതിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കിട്ടുന്നുവെന്ന് ഉറപ്പു വരുത്തുന്നതിലും മുന്നില്‍ നിന്നു. തെരഞ്ഞെടുപ്പില്‍ അവരെയൊക്കെ ജനം സ്വീകരിക്കുകയും ചെയ്തു. അതാണ് കാര്യം. കൂടെ നില്‍ക്കുന്നവര്‍ക്കൊപ്പം ജനങ്ങളും നില്‍ക്കും. 

ഈ തെരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തി ജയിക്കാനുള്ള യു.ഡി.എഫ് ശ്രമത്തെ എങ്ങനെയാണ് നേരിടാനുദ്ദേശിക്കുന്നത്? 

ഒരു ചക്ക വീണു മുയല്‍ ചത്തതുകൊണ്ട് പിന്നീട് ചക്ക വീഴുമ്പോഴെല്ലാം മുയല്‍ ചാകണമെന്നില്ല. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചതിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ഇടപെടല്‍ നടത്താന്‍ അന്ന് കോണ്‍ഗ്രസ്സിനു കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ്, നെഹ്രു കുടുംബാംഗം എന്നീ നിലകളിലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായുമാണല്ലോ ആളുകള്‍ അദ്ദേഹത്തെ കണ്ടത്. 19 സീറ്റുകളിലെ പരാജയം ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണം എന്നും സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ക്കു കഴിയണം എന്നും ആഗ്രഹിച്ചവര്‍ വോട്ടു ചെയ്തു. അത് എല്‍.ഡി.എഫോ പിണറായി വിജയന്‍ സര്‍ക്കാരോ മോശമായതുകൊണ്ടല്ല. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസ്സിനു സീറ്റു കൂടിയെങ്കിലും അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്സിനെ തകര്‍ക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. കോണ്‍ഗ്രസ്സിനുള്ളില്‍ ദേശീയതലത്തില്‍ ഉണ്ടായിരിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളുമൊക്കെയായി ബന്ധപ്പെട്ട് അതു ചര്‍ച്ചയായി മാറിയിട്ടുണ്ട്. യു.പിയില്‍ അദ്ദേഹം മത്സരിച്ചിരുന്ന സീറ്റ് നഷ്ടപ്പെട്ടത് പരാജയഭീതികൊണ്ട് വയനാട്ടില്‍ക്കൂടി മത്സരിച്ചതുകൊണ്ടാണ്. മാത്രമല്ല, രാജ്യമാകെ ഉണ്ടായ തോല്‍വിയിലും രാഹുല്‍ ഗാന്ധിയുടെ ഈ മാറ്റം കാരണമായി. കോണ്‍ഗ്രസ്സിനു ക്യാപ്റ്റന്‍ ഇല്ലാതായി മാറി. ഓര്‍ക്കണം, റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി തോറ്റെങ്കിലും അവര്‍ അധികനാളെടുത്തില്ല തിരിച്ചുവരാന്‍. അങ്ങനെ ഫൈറ്റു ചെയ്തില്ല എന്നതുകൊണ്ട് ഉത്തരേന്ത്യയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് കുറഞ്ഞു.

ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും ഒന്നിച്ചു നില്‍ക്കുന്നു, ബംഗാളില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നു. പക്ഷേ, കേരളത്തില്‍ അതൊക്കെ മറക്കുകയാണോ? 

അഖിലേന്ത്യാതലത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഒരു പൊളിറ്റിക്‌സുണ്ട്. അതില്ലെന്നു ഞങ്ങളൊന്നും പറയുന്നില്ല. പുതുച്ചേരിയില്‍ നാരായണസ്വാമി സര്‍ക്കാരിനെ വീഴ്ത്തിക്കൊണ്ട് കോണ്‍ഗ്രസ്സുകാര്‍ ഉള്‍പ്പെടെ ബി.ജെ.പിയില്‍ പോയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ കൂടെ നിന്ന 12 പേരില്‍ ഒരാള്‍ സി.പി.എമ്മിന്റെ ഏക എം.എല്‍.എ ആയിരുന്നു. അതൊരു നയത്തിന്റെ ഭാഗമാണ്. ആ നയമൊക്കെ തകര്‍ത്ത്, ബി.ജെ.പിയുടെ നാലു വോട്ടുകൂടി കിട്ടാന്‍ കേരളത്തില്‍ വന്ന് ഈ നാടകമൊക്കെ കാണിക്കുന്നതിനു ഫലമുണ്ടാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെപ്പോലെ ഇവരെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്ന് ജനങ്ങള്‍ കരുതുന്നില്ല. ഇവര്‍ കുറച്ചാളുകള്‍ പറയുന്നതുകേട്ട് തുള്ളുന്ന ആള്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള മതിപ്പു കുറയുകയേ ഉള്ളൂ. 

ശബരിമല വിഷയം യു.ഡി.എഫ് ഇടയ്ക്ക് എടുത്തിട്ടെങ്കിലും പിന്നീട് അവരത് ഉപേക്ഷിച്ചതുപോലെയാണ്; ബി.ജെ.പിയും ആ വിഷയത്തില്‍ തൊടുന്നില്ല. കൃത്യമായി ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കാന്‍ പ്രതിപക്ഷത്തിനു കഴിയുന്നില്ല എന്നു കരുതുന്നുണ്ടോ. അതെങ്ങനെയാണ്  തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്നത്? 

ഞങ്ങള്‍ രാഷ്ട്രീയം കൃത്യമായി പറഞ്ഞുതന്നെയാണ് എല്ലാ തെരഞ്ഞെടുപ്പിനേയും നേരിടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രശ്‌നമെന്താ. ബി.ജെ.പി അപകടകരമായ സ്ഥിതിയിലേക്കാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ആകെ മാറ്റിയിരിക്കുന്നത്. ഫാസിസ്റ്റു രീതികളെല്ലാമുണ്ട്. പക്ഷേ, ഫാസിസത്തിനു വര്‍ഗ്ഗീയത അവരുടെ ഒരു ഉപകരണം മാത്രമാണ്. മുഴുവന്‍ സംവിധാനങ്ങളേയും അവരുടെ കയ്യിലേക്കു കൊണ്ടുവരാനാണ് വര്‍ഗ്ഗീയതയെ അവര്‍ ഉപയോഗിക്കുന്നത്. ഏറ്റവും അനുയോജ്യമായ ഒരു ഉപകരണമായാണ് അവരതിനെ കാണുന്നത്. സാമ്പത്തികരംഗം മുഴുവന്‍ അവര്‍ കീഴ്പെടുത്തിക്കഴിഞ്ഞു. അതിനുവേണ്ടി എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും അട്ടിമറിക്കുന്നു. ഭൂരിപക്ഷമുള്ള സര്‍ക്കാരുകളെ അട്ടിമറിക്കുന്നു, ജുഡീഷ്യറി എവിടെത്തിയിരിക്കുന്നു എന്നു നമുക്കു കൃത്യമായി അറിയാം. ഉദ്യോഗസ്ഥ സംവിധാനത്തെയാകെ വരുതിയിലാക്കി. അഭിപ്രായസ്വാതന്ത്ര്യത്തെ തടഞ്ഞുവയ്ക്കുന്നു. ബി.ജെ.പിയുടെ ഈ അപകടകരമായ പോക്കിന്റെ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്താന്‍ ശക്തമായി നിലകൊള്ളുന്നത് ഇടതുപക്ഷമാണ്. ഞങ്ങള്‍ക്കു സംഘടനാപരമായി രാജ്യത്തെല്ലായിടത്തും ഒരേപോലെ കരുത്തില്ലായിരിക്കാം. പക്ഷേ, പൗരത്വ നിയമപ്രശ്‌നം വന്നാലും കാര്‍ഷിക പരിഷ്‌കരണ ബില്ല് വന്നാലുമൊക്കെ ഞങ്ങളുടെ ആശയപരമായ നേതൃത്വവും സ്വാധീനവും ഇവര്‍ കാണുന്നുണ്ട്. അതുകൊണ്ട് ഇടതുപക്ഷത്തെ മോദിക്കു തീരെ ഇഷ്ടമില്ല. ഞങ്ങളെ ഇല്ലാതാക്കാനുള്ള അവരുടെ ശ്രമത്തില്‍ കോണ്‍ഗ്രസ്സും നിര്‍ഭാഗ്യവശാല്‍ അവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കോണ്‍ഗ്രസ്സല്ല ഇന്നത്തെ കോണ്‍ഗ്രസ്. അവര്‍ കൂടുതല്‍ വലത്തേക്കു പോകുന്നതുകൊണ്ടാണ് ബി.ജെ.പിക്കു ബദലായി മാറാന്‍ പറ്റാതെ പോകുന്നത്. ഈ രാഷ്ട്രീയം ഞങ്ങള്‍ക്കു പറയാതിരിക്കാന്‍ പറ്റില്ല. 

അതിനൊപ്പമാണ് ഈ സര്‍ക്കാരിന്റെ ജനപക്ഷ പ്രവര്‍ത്തനങ്ങളുടെ വലിയ നിര. കൊവിഡ് കാലത്തേയും തുടര്‍ന്നുമുള്ള സൗജന്യ ഭക്ഷ്യക്കിറ്റും കൊവിഡ് സൗജന്യ ചികിത്സയും. സാമ്പത്തിക പ്രതിസന്ധിക്കകത്തുനിന്നുകൊണ്ടുപോലും നാട്ടില്‍ വലിയതോതില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നു. റബ്ബറിന്റേയും നെല്ലിന്റേയും താങ്ങുവില വര്‍ദ്ധിപ്പിച്ചു. അങ്ങനെ നിരവധി കാര്യങ്ങളുണ്ട്. അതെല്ലാം ജനങ്ങളോടു വിശദീകരിക്കും. അവരുടെ രാഷ്ട്രീയത്തെ ഞങ്ങള്‍ ഇങ്ങനെയൊക്കെയാണ് നേരിടുന്നത്. 

ബി.ജെ.പിയും കോണ്‍ഗ്രസ്സും കേരളത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങളും വിമര്‍ശനങ്ങളും ഒരേപോലെയാകുന്നത് രണ്ടു പ്രതിപക്ഷ പാര്‍ട്ടികള്‍ എന്ന നിലയിലുള്ള സ്വാഭാവിക സാമ്യമാണ് എന്നു കെ. സുരേന്ദ്രന്‍ പറയുന്നു. എല്‍.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോഴും ഇതേ സാമ്യം ഉണ്ടായിരുന്നു എന്നും പറയുന്നു. ഇതിനെ എങ്ങനെയാണ് കാണുന്നത്? 

അവര്‍ കാര്യങ്ങള്‍ ചെയ്യുന്നത് പരസ്പര ധാരണയോടെ തന്നെയാണ്; അണ്ടര്‍സ്റ്റാന്റിംഗില്‍ തന്നെയാണ് പോകുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ഞങ്ങളും ബി.ജെ.പിയും പ്രതിപക്ഷത്തായിരുന്നല്ലോ. പക്ഷേ, ഭരണത്തിലായാലും പ്രതിപക്ഷത്തായാലും കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും നയങ്ങള്‍ ഒന്നുതന്നെയാണ്. കര്‍ഷകവിരുദ്ധമായ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ക്കെതിരെ രാജ്യസഭയിലോ ലോക്സഭയിലോ കോണ്‍ഗ്രസ് ഒരൊറ്റ വിയോജിപ്പുപോലും എഴുതിക്കൊടുത്തിട്ടില്ല. കാരണം, അവര്‍ പ്രകടനപത്രികയില്‍ എഴുതിവച്ച കാര്യങ്ങളാണല്ലോ ബി.ജെ.പി സര്‍ക്കാര്‍ ആ ബില്ലിലൂടെ നടപ്പാക്കിയത്. അതുകൊണ്ട് അതു നിയമമാകുന്നതില്‍ തത്ത്വത്തില്‍ അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. കേവലം തെരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട രാഷ്ട്രീയകാര്യങ്ങളില്‍ മാത്രമല്ല, നയപരമായ കാര്യങ്ങളിലും യോജിപ്പ് പ്രകടമാണ് എന്നാണ് പറഞ്ഞുവന്നത്. തെരഞ്ഞെടുപ്പില്‍ അവരുടെ ഇടതുപക്ഷ വിരുദ്ധ കൂട്ടായ്മ എങ്ങനെയാണ് നടപ്പാകാന്‍ പോകുന്നതെന്നു കണ്ടറിയുകതന്നെ വേണം. നേരത്തേയുള്ളതിനേക്കാള്‍ യോജിപ്പു പലതുമുണ്ട്. പക്ഷേ, പുതുച്ചേരിയില്‍ മാത്രമല്ല പലയിടത്തും തക്കം നോക്കിയിരുന്ന് ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തി. ആകെ അവശേഷിക്കുന്നത് ഇനി മൂന്നു സംസ്ഥാനങ്ങളാണ്. ഇവിടെ യു.ഡി.എഫ് തകര്‍ന്നുകൂടാ എന്ന് കോണ്‍ഗ്രസ്സും ലീഗും പറയുന്നത്, തകര്‍ന്നാല്‍ ബി.ജെ.പി ശക്തിപ്പെടും എന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ്. അതായത് ഇവിടെനിന്ന് അങ്ങോട്ട് ഒഴുക്കുണ്ടാകും എന്ന്. അതുകൊണ്ട് യു.ഡി.എഫിനെ നിലനിര്‍ത്താന്‍ ഇത്തവണ വിജയിപ്പിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇതുതന്നെ എത്ര ദുര്‍ബ്ബലമായ ക്യാംപെയ്നാണ്. കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചു വിട്ടതാണല്ലോ പുതുച്ചേരിയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമെല്ലാം. അവിടൊക്കെ നല്ലതുപോലെ പണമുപയോഗിച്ച് കോണ്‍ഗ്രസ്സുകാരെ ബി.ജെ.പി അവരുടെ ഭാഗത്തേക്കു മാറ്റി. വെള്ളിത്തളികയില്‍ കോണ്‍ഗ്രസ്സുകാരെ ബി.ജെ.പിക്കു കൊണ്ടുക്കൊടുക്കുന്നതാണ് ഇന്ത്യയിലെ ഇന്നത്തെ പൊതുചിത്രം. പക്ഷേ, ഇടതുപക്ഷത്തിനെതിരെ അവര്‍ രാഷ്ട്രീയമായും നയപരമായും യോജിക്കുന്നു. പക്ഷേ, ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തി പറയുന്ന കാര്യങ്ങള്‍ തന്നെയാണ് പ്രതിപക്ഷ നേതാവും ആ ദിവസങ്ങളില്‍ പറഞ്ഞുകൊണ്ടിരുന്നത്. ഇ.ഡി വരുന്നതും കസ്റ്റംസ് വരുന്നതുമൊക്കെ അങ്ങനെയാണല്ലോ. അതേസമയം, ജനങ്ങള്‍ വിമര്‍ശിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം അതീതമാണ് ഇടതുപക്ഷം എന്ന ധാരണ ഞങ്ങള്‍ക്കില്ല. ജനങ്ങള്‍ പറയുന്നതെല്ലാം കേള്‍ക്കാന്‍ ഇടതുപക്ഷം തയ്യാറാണ്; അല്ലാതെ, ഞങ്ങളിതൊന്നും കേള്‍ക്കില്ല; ഞങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന നിലപാട് ഞങ്ങള്‍ക്കില്ല. സമരം ചെയ്യുന്ന കര്‍ഷകരെ സമരജീവികള്‍ എന്നു വിളിച്ച ബി.ജെ.പിയും സുപ്രീംകോടതി ഇടപെട്ടപ്പോള്‍ മാത്രം അഴിമതിക്കാരെ മാറ്റാന്‍ തയ്യാറായ കോണ്‍ഗ്രസ്സും നമ്മുടെ മുന്നിലുണ്ട്. അവര്‍ എങ്ങനെയൊക്കെ ഒന്നിച്ചു നിന്നാലും കേരളം അതു കണ്ടുപിടിക്കും.

സി.പി.എം മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നുവെന്നും ഇസ്ലാംഭീതി വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും പ്രചരണമുണ്ടല്ലോ? എങ്ങനെയാണ് പ്രതിരോധിക്കുന്നത്?

സി.പി.എമ്മിനു മൃദുഹിന്ദുത്വം ഉണ്ടെന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ ആളെ കിട്ടില്ല. ഞങ്ങള്‍ മുസ്ലിം വിരുദ്ധരാണെന്നു പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാത്തെ ഇസ്ലാമിയുടെ യു.ഡി.എഫ് ബന്ധത്തിനെതിരെ ശക്തമായി ചിലത് പറഞ്ഞതുകൊണ്ടാണ് ഈ പ്രചരണം വരുന്നത്. അവരാണ് ഇതിനു പിന്നില്‍. തീവ്രവാദ സംഘടനാ സ്വഭാവമുള്ളവരാണ് ഈ പ്രചാരണം നടത്തുന്നത്. ഒരു സമുദായത്തിലേയും യഥാര്‍ത്ഥ വിശ്വാസികള്‍ വര്‍ഗ്ഗീയതയ്ക്കു പിന്നാലെ പോകുന്നവരല്ല. വിശ്വാസിക്ക് വര്‍ഗ്ഗീയവാദിയാകാന്‍ കഴിയില്ല എന്നതാണ് അടിസ്ഥാന കാര്യം. വര്‍ഗ്ഗീയവാദിക്കു വിശ്വാസിയാകാനും കഴിയില്ല. ഇടതുപക്ഷത്തിന്റേയും സി.പി.എമ്മിന്റേയുമൊക്കെ പ്രവര്‍ത്തകര്‍ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളാണ്. ഞങ്ങള്‍ക്കെല്ലാം ഇവരുമായി നല്ല ബന്ധമുണ്ട്. മറ്റൊരു മതത്തിലെ വിശ്വാസിക്കു ദോഷമുണ്ടാകണം എന്നു പ്രാര്‍ത്ഥിക്കുന്ന ഏതെങ്കിലും വിശ്വാസിയുണ്ടോ. ഇല്ലല്ലോ. പക്ഷേ, വര്‍ഗ്ഗീയതയുടെ പേരില്‍ ഒരാളെ കൊന്നിട്ടു വന്നാലും സംരക്ഷിക്കുന്നവരുണ്ട്. അവര്‍ വിശ്വാസികളല്ല, ചെകുത്താനെ പ്രാര്‍ത്ഥിക്കുന്നവര്‍ക്കേ അങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വിശ്വാസിയേയും വര്‍ഗ്ഗീയവാദിയേയും വെവ്വേറെ കാണണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇപ്പോഴത്തെ ഈ പ്രചാരണം നോക്കൂ. ഞങ്ങള്‍ പറയുന്നത്, ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ എല്ലാ മേഖലയിലും പിടിമുറുക്കിക്കൊണ്ടിരിക്കുന്നു എന്നാണ്. പക്ഷേ, അതിനു പകരമല്ല മുസ്ലിം വര്‍ഗ്ഗീയവാദം. ജനാധിപത്യവും മതനിരപേക്ഷതയും ശക്തമായി ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രമേ വര്‍ഗ്ഗീയവാദത്തെ തകര്‍ക്കാന്‍ പറ്റുകയുള്ളു. ഇതു ഞങ്ങള്‍ എന്നും പറയുന്ന കാര്യമാണ്. എല്ലാ വിഭാഗങ്ങളിലേയും തീവ്രവര്‍ഗ്ഗീയവാദികളില്‍നിന്ന് കമ്യൂണിസ്റ്റു നേതാക്കള്‍ ആക്രമണം നേരിടുന്നത് ഇപ്പോഴല്ല. ശരീഅത്ത് വിവാദകാലത്ത് ഇ.എം.എസ്സിനെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്. അവഹേളിക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചല്ലോ. എ.കെ.ജിയെ തല്ലി ബോധംകെടുത്തിയില്ലേ, കണ്ണൂരില്‍? പി. കൃഷ്ണപിള്ളയെ ഗുരുവായൂരില്‍ മണിയടിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ചല്ലോ. അദ്ദേഹം തൊഴാന്‍ പോകുന്ന ആളായിരുന്നില്ല; വിശ്വാസിയുടെ അവകാശസംരക്ഷണത്തിന്റെ ഭാഗമായി പോയതാണ്. ഹിന്ദുവര്‍ഗ്ഗീയവാദികളും ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദികളും മുസ്ലിം വര്‍ഗ്ഗീയവാദികളും ഇടതുപക്ഷത്തിന് എതിരാണ്; ആ വിഭാഗങ്ങളിലെ യഥാര്‍ത്ഥ വിശ്വാസികള്‍ ഞങ്ങളെ ശരിയായി മനസ്സിലാക്കുന്നുമുണ്ട്. 

വര്‍ഗ്ഗീയവാദികള്‍ പരസ്പരം ശക്തിപ്പെടുത്തുന്നു എന്നു വെറുതേ പറയുന്നതല്ല. എവിടെ ഒരു വിഭാഗത്തിന്റെ വര്‍ഗ്ഗീയത ശക്തമാകുന്നുണ്ടോ മറുവിഭാഗത്തിന്റെ വര്‍ഗ്ഗീയതയും അവിടെ ശക്തിപ്പെടും. സി.പി.എമ്മിനെതിരെ മുസ്ലിം വിരുദ്ധത ആരോപിക്കുന്നതൊക്കെ ജനത്തിനു മനസ്സിലാകും. എ. വിജയരാഘവന്റെ പ്രസംഗത്തിലെ ചെറിയൊരു നാക്കുപിഴപോലും തെറ്റായി പ്രചരിപ്പിക്കുന്നതിലെ ദുരുദ്ദേശ്യം വളരെ വ്യക്തമാണ്. അത് കോണ്‍ഗ്രസ് ഏറ്റുപിടിക്കുന്നു. ഗുജറാത്തില്‍ ബി.ജെ.പി വന്നശേഷം മുസ്ലിങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാന്‍പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നു മനസ്സിലാക്കണം. 

ആര്‍.എസ്.എസ്സിന്റേയും പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്റേയും കൊലക്കത്തിക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇരകളായിട്ടുള്ളത് സി.പി.എമ്മില്‍ നിന്നാണ്. പക്ഷേ, വര്‍ഗ്ഗീയതയ്‌ക്കെതിരായ നിലപാട് ഞങ്ങള്‍ തുടരുകതന്നെ ചെയ്യും. ഇത്തരം ശക്തികള്‍ ഞങ്ങളെ ടാര്‍ഗറ്റു ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നത്. 

പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മാണി സി. കാപ്പനെ കേരള കോണ്‍ഗ്രസ്സിനുവേണ്ടി അപമാനിച്ചു എന്നാണല്ലോ ആരോപണം. മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോഴും പാലായുടെ കാര്യത്തില്‍ കൃത്യമായ തീരുമാനം പറയാതെ ഒഴിഞ്ഞുമാറിയെന്ന് കാപ്പന്‍ തന്നെ പറയുന്നു? 

കെ.എം. മാണിയുടെ പാര്‍ട്ടി എല്‍.ഡി.എഫിലേക്കു വരുമ്പോള്‍ പാലായുടെ കാര്യത്തില്‍ അവര്‍ അവകാശവാദം ഉന്നയിക്കുമെന്ന് ഊഹമുണ്ടായിരുന്നു. പക്ഷേ, എല്‍.ഡി.എഫ് ഇക്കാര്യം ചര്‍ച്ച ചെയ്യുകയോ എന്തെങ്കിലും പറയുകയോ ചെയ്യുന്നതിനു മുന്‍പുതന്നെ മാണി സി. കാപ്പന്‍ പോവുകയാണ് ചെയ്തത്. എല്‍.ഡി.എഫ് ചര്‍ച്ച ചെയ്യാത്ത ഒരു കാര്യത്തിലാണ് അദ്ദേഹം തീരുമാനമെടുത്തത്. മുഖ്യമന്ത്രി അദ്ദേഹത്തോട് പറ്റുമെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. പാര്‍ട്ടിയുടേയും മുന്നണിയുടേയും സര്‍ക്കാരിന്റേയും ഏറ്റവും വലിയ പദവിയിലിരിക്കുന്ന മുഖ്യമന്ത്രി മുന്നണി ചര്‍ച്ച ചെയ്യാത്ത കാര്യത്തില്‍ വേറെന്താ പറയേണ്ടത്. നിഷേധാത്മക നിലപാടെടുത്തില്ല; ഉറപ്പു കൊടുക്കാനും പറ്റില്ല. മുഖ്യമന്ത്രി വാക്കു കൊടുത്തിട്ടു പാലിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല. പാലാ മാണി ഗ്രൂപ്പിന്റെ പ്രധാന സീറ്റാണ് എന്നത് അവര്‍ക്കും അറിയാം, ജനങ്ങള്‍ക്കും അറിയാം. സീറ്റ് കൊടുക്കേണ്ടത് അവര്‍ക്കായിരിക്കും എന്ന് അദ്ദേഹത്തിനുതന്നെ തോന്നിയതുകൊണ്ടായിരിക്കുമല്ലോ അങ്ങനെയൊരു കാര്യം വരുന്നതിനു മുന്‍പേ പോയത്. അദ്ദേഹത്തിന്റെ ആശങ്കകൊണ്ടാകും പോയത്. അല്ലാതെ ഇടതുപക്ഷത്തുനിന്ന് ആരും പറഞ്ഞിട്ടില്ല, സീറ്റു തരില്ലെന്ന്. അവരുടെ പാര്‍ട്ടിയില്‍ത്തന്നെ അതിനു പിന്തുണ കിട്ടിയിട്ടില്ലല്ലോ. ഒറ്റയ്ക്കു പോകേണ്ടിവന്നത് അതുകൊണ്ടാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലേക്കാള്‍ ഇടത് മുന്നണി വലുതായി. സീറ്റുവിഭജനത്തില്‍ സി.പി.എമ്മിനു നിലവിലെ സീറ്റുകള്‍ കുറയുന്നു? 

കഴിഞ്ഞ തവണ ഇല്ലാതിരുന്ന കക്ഷികള്‍ ഇടതുപക്ഷത്തേക്കു വന്നിട്ടുണ്ട്. സ്വാഭാവികമായും അവര്‍ക്കുവേണ്ടി എല്ലാവരും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നു മുന്നണിയുടെ പ്രധാന നേതാക്കള്‍ പറഞ്ഞുകഴിഞ്ഞു. വിട്ടുവീഴ്ച നഷ്ടമായി ഞങ്ങള്‍ കാണുന്നില്ല. ഉറപ്പായും എല്‍.ഡി.എഫ് വീണ്ടും വരും. 

മുതിര്‍ന്ന നേതാക്കളെ മത്സരരംഗത്തുനിന്നു മാറ്റിനിര്‍ത്തുന്നത് എത്രത്തോളം ഗുണകരമാകും? 

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചു ഞങ്ങള്‍ പൊതുമാനദണ്ഡങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. അതു നടപ്പാക്കും. പുതുമുഖങ്ങളെ കൊണ്ടുവരും. പക്ഷേ, ഭരണപരിചയം പ്രധാനപ്പെട്ട കാര്യമാണ്. സര്‍ക്കാര്‍ വെറുതേ ഉണ്ടാകില്ലല്ലോ. അനുഭവസമ്പത്തുള്ളവര്‍ അതില്‍ വേണം. അക്കാര്യത്തിലൊക്കെ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കും. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ വേഗത്തില്‍ തീരുമാനമുണ്ടാകും. സി.പി.എമ്മിലും എല്‍.ഡി.എഫിലും അതൊരു വിഷയമാകാറില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com