വീണുടയുന്ന അലങ്കാരവിളക്കുകള്‍

ചലച്ചിത്രകാരന്‍ പരാജയപ്പെടുന്നിടത്താണ് പശ്ചാത്തലസംഗീതത്തിന്റെ അനിവാര്യത എന്നത് റായിയുടെ ഏറെ പ്രശസ്തമായ നിലപാടാണ്
ജൽസാഘർ എന്ന ചിത്രത്തിൽ നിന്ന്
ജൽസാഘർ എന്ന ചിത്രത്തിൽ നിന്ന്

സിനിമ സംസാരിക്കാന്‍ തുടങ്ങിയ ആദ്യ ദശകങ്ങളില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലേയും ചലച്ചിത്രങ്ങള്‍ ഗാനനിബിഡമായിരുന്നു. നാല്‍പ്പതും അന്‍പതും എഴുപതും പാട്ടുകള്‍ വരെ കുത്തിത്തിരുകിയ ചിത്രങ്ങളുണ്ടായിരുന്നു. ലളിതഗാനങ്ങള്‍ മാത്രമല്ല, ക്ലാസ്സിക്കല്‍ സംഗീതവും ഇവയിലുള്‍പ്പെട്ടിരുന്നു. എന്നാല്‍, അന്യാദൃശമായ തരത്തില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തിയ ഒരു പ്രത്യേക ശാഖ തമിഴില്‍ പ്രാമുഖ്യം നേടിയിരുന്നു. മികച്ച സംഗീതജ്ഞര്‍ ശാസ്ത്രീയസംഗീതം അതിന്റെ പൂര്‍ണ്ണതയോടെ ആലപിക്കുന്ന ചിത്രങ്ങളായിരുന്നു അവ. ഉത്സവപ്പറമ്പിലെ സംഗീതക്കച്ചേരിക്ക് സമമായിരുന്നു അവ. പാടുന്ന സംഗീതജ്ഞര്‍ തന്നെ അവയില്‍ അഭിനയിക്കുകയും ചെയ്തു. സിനിമയിലേയ്ക്ക് വരുംമുന്‍പുതന്നെ ത്യാഗരാജ ഭാഗവതര്‍ സംഗീതലോകത്ത് സാര്‍വ്വഭൗമത്വം നേടിയിരുന്നു. അതേ സംഗീതവുമായി  സിനിമയിലേയ്ക്ക് പരകായപ്രവേശം നടത്തുകയാണ് ഭാഗവതര്‍ ചെയ്തത്. അചിരേണ അദ്ദേഹം സിനിമയിലും സൂപ്പര്‍ താരമായി. ഭാഗവതരുടെ കച്ചേരി കേള്‍ക്കാന്‍ വേദിക്കു മുന്‍പിലിരിക്കുന്ന അതേ മനോഭാവത്തോടെ വെള്ളിത്തിരയ്ക്കു മുന്നില്‍ കാത്തുകെട്ടിക്കിടക്കുന്ന ആസ്വാദകരുണ്ടായിരുന്നു. അവരെ പൂര്‍ണ്ണ തൃപ്തരാക്കുന്ന കര്‍ണാടക സംഗീതമാണ് അതിന്റെ പൂര്‍ണ്ണതയില്‍ ഭാഗവതര്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. വാസ്തവത്തില്‍, സംഗീതാലാപനം തുടങ്ങുന്നതോടെ സിനിമ താല്‍ക്കാലികമായി നിലയ്ക്കുന്നു. പ്രേക്ഷകര്‍ സംഗീതാസ്വാദകരായി പരിണാമം പ്രാപിക്കുകയാണ്. അഞ്ചോ പത്തോ മിനിട്ടുകള്‍ അവരുടെ അസ്തിത്വം സംഗീതത്തിന്റെ ലോകത്തില്‍ മാത്രമായിരിക്കും. പിന്നെ മെല്ലെ സിനിമയിലേയ്ക്ക് മടങ്ങിവരുന്നു. ത്യാഗരാജ ഭാഗവതര്‍ക്കൊപ്പം താരമൂല്യമുള്ള പി.യു. ചിന്നപ്പ ഭഗവതരുടെയായാലും  കെ.ബി. സുന്ദരാംബാളിന്റെയായാലും സിനിമകളുടെ കഥ ഇങ്ങനെ തന്നെ. സിനിമയുടെ ജൈവാംശമായി ഉള്‍ച്ചേരാന്‍ കഴിയാത്ത സംഗീതമാണത്. ഈ അനുഭവത്തിന്റെ എതിര്‍ ധ്രുവത്തിലാണ് ശാസ്ത്രീയസംഗീതാധിഷ്ഠിതമായ 'ജല്‍സാഘറി'ന്റെ നില. ദൈര്‍ഘ്യമേറിയ നൃത്തസംഗീതരംഗങ്ങളുണ്ടെങ്കിലും ചിത്രത്തിന്റെ അവിഭാജ്യമായ ആത്മാംശമാണത്; ചിത്രം സത്യജിത് റായിയുടേതാകുമ്പോള്‍ അതങ്ങനെയല്ലാതാവാന്‍ തരമില്ലല്ലോ.

ചലച്ചിത്രകാരന്‍ പരാജയപ്പെടുന്നിടത്താണ് പശ്ചാത്തലസംഗീതത്തിന്റെ അനിവാര്യത എന്നത് റായിയുടെ ഏറെ പ്രശസ്തമായ നിലപാടാണ്. രവിശങ്കര്‍, വിലായത് ഖാന്‍, അലി അക്ബര്‍ ഖാന്‍ എന്നീ വിശ്രുത സംഗീതജ്ഞന്മാര്‍ സംഗീതം പകര്‍ന്ന ചിത്രങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്വയം സംഗീതം ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിനു പിന്നില്‍ ഈ ബോധ്യം തന്നെയാണ്. (അപുത്രയം, പരാഷ് പത്ഥര്‍ എന്നിങ്ങനെ നാല് ചിത്രങ്ങള്‍ക്ക് രവിശങ്കര്‍, ജല്‍സാഘറില്‍ വിലായത് ഖാന്‍, ദേവിയില്‍ അലി അക്ബര്‍ഖാന്‍). സംഗീതാനുഭവം സൃഷ്ടിക്കാന്‍ സിനിമയില്‍ സംഗീതത്തിന്റെ ആവശ്യമില്ല എന്ന് വിശ്വസിക്കുന്ന റായ് ശാസ്ത്രീയ സംഗീതം ഉടനീളം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഒരു ചിത്രം സൃഷ്ടിക്കുമ്പോള്‍ അതെങ്ങനെ ആ സിനിമയുടെ ജൈവാംശമായി മാറുന്നു എന്നാണ് 'ജല്‍സാഘര്‍' ദൃഷ്ടാന്തപ്പെടുത്തുന്നത്.

സത്യജിത്ത് റായ്
സത്യജിത്ത് റായ്

'ജല്‍സാഘര്‍', 'ചാരുലത', 'ഗൂപി ഗായ്നെ ബാഘ ബായ്നെ', 'ഹീരക് രാജാര്‍ ദേശേ' എന്നിവയാണ് റായിയുടെ സംഗീതചിത്രങ്ങള്‍. എന്നാല്‍, ചലച്ചിത്രങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല, അവയില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്ന  സംഗീതത്തിന്റെ കാര്യത്തിലും അവ ഒന്നിനൊന്നു ഭിന്നമാണ്. രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയിലാണ് 'ചാരുലത' ഉള്‍ത്തടങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത്. റായ് തന്നെ ഉരുത്തിരിയിച്ചെടുത്ത ഒരു സംഗീതപദ്ധതിയാണ്  'ഗൂപി ഗായ്നെ ബാഘ ബായ്നെ'യുടെ വ്യതിരിക്തത. അതിന്റെ തന്നെ മറ്റൊരു കൈവഴിയാണ് 'ഹീരക് രാജാര്‍ ദേശേ'യില്‍ പ്രയോഗിക്കപ്പെടുന്നത്. എന്നാല്‍, പരമ്പരാഗത ഹിന്ദുസ്ഥാനി സംഗീതത്തിന്റെ അഗാധതലങ്ങളിലേയ്ക്കാണ് 'ജല്‍സാഘര്‍' ഒഴുകിപ്പടരുന്നത്. സംഗീതനൃത്തരംഗങ്ങളില്‍ തിരശ്ശീലയില്‍ സാന്നിദ്ധ്യമാവുന്നത് ബീഗം അഖ്തര്‍, റോഷന്‍ കുമാരി, വഹീദ് ഖാന്‍, ബിസ്മില്ലാ ഖാന്‍ തുടങ്ങിയവരാണ്. തിരശ്ശീലയ്ക്കു പിന്നിലാവട്ടെ, ദക്ഷിണാമോഹന്‍ ഥാക്കൂര്‍, ആഷിഷ്‌കുമാര്‍, റോബിന്‍ മജുംദാര്‍, ഇമ്രാത് ഖാന്‍ എന്നിവരുമുണ്ട്.

തകര്‍ച്ചയിലേയ്ക്കടിയുന്ന പ്രഭുക്കന്മാരുടെ കഥകള്‍ ഒട്ടും കുറവല്ല സിനിമയില്‍. ഏകാധിപതികളുടേയും അധികാരപ്രമത്തരുടേയും പതനവും ലോകമെമ്പാടുമുള്ള സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. 'ജല്‍സാഘറി'ല്‍ സത്യജിത് റായ് ആവിഷ്‌കരിക്കുന്നതും ഒരു ഫ്യൂഡല്‍ പ്രഭുവിന്റെ ദയനീയമായ പതനം തന്നെ. എന്നാല്‍, വിശ്വംബര്‍  റോയ് എന്ന ഈ പ്രഭുവിന്റെ തകര്‍ച്ചയ്ക്ക് സിനിമയില്‍ സമാനതകളില്ല. കാരണം, സംഗീതസാന്ദ്രമായ ഒരു പതനമാണിത്. സംഗീതത്തിന്റെ ആരോഹണവരോഹണങ്ങളില്‍ നീന്തിത്തുടിച്ചുകൊണ്ടിരുന്ന സഹൃദയനായ ഒരു പ്രഭു മദ്യചഷകത്തിലെ ദ്രാവകത്തില്‍ വീണ് പിടയ്ക്കുന്ന  ഒരു ഷഡ്പദത്തെപ്പോലെ ദുരന്തത്തിന്റെ കയങ്ങളിലേയ്ക്ക് കൈകാലുകളടിച്ചു വീഴുന്നതിന്റെ ആഖ്യാനമാണിത്.

ജല്‍സാഘര്‍ എന്നാല്‍ സംഗീതവിരുന്നു നടക്കുന്ന മുറി എന്നാണ് അര്‍ത്ഥം. സംഗീതശാല  പ്രാമാണ്യത്തിന്റേയും ജന്മിത്തത്തിന്റേയും പ്രതീകമാണ്. പേരുകേട്ട സംഗീതജ്ഞരേയും നര്‍ത്തകരേയും ഈ സംഗീതശാലകളിലേയ്ക്കാനയിച്ചു  അവരുടെ കലാപ്രകടനം ബഹുജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുക ജന്മിമാരുടെ ഒരു വിനോദമായിരുന്നു. ഇക്കാര്യത്തില്‍ കിടമത്സരങ്ങളുമുണ്ടാവാറുണ്ട്. ഏറ്റവും പ്രശസ്തനായ ഒരു കലാകാരനെ ആദ്യം ആരാണ് കൊണ്ടുവരിക എന്നത് ആഢ്യത്വത്തിന്റെ അളവുകോലായിത്തീര്‍ന്നിരുന്നു. വിശ്വംബര്‍ റോയിയുടെ സംഗീതശാല  അനാഥമായിപ്പോകുന്നതും അവിടെ ഒരു കേള്‍വിക്കാരന്‍  മാത്രമായിരുന്ന  മാഹിമിന്റെ സംഗീതശാല  സമ്പന്നമായിത്തീരുന്നതുമാണ് കഥയിലെ സുപ്രധാനമായ ക്രിയാസന്ധി. അതിലൂടെ ജന്മിത്തത്തിന്റെ പതനവും പുത്തന്‍പണക്കാരുടെ ആവിര്‍ഭാവവും സത്യജിത് റായ് കാവ്യാത്മകമായി ആവിഷ്‌കരിക്കുന്നു.

ഭീമാകാരമായ ഒരു ഷാന്‍ഡലിയറിന്റെ സമീപദൃശ്യത്തിലാണ് ചിത്രാരംഭം. ശീര്‍ഷകങ്ങള്‍ തീരുവോളം ഈ അലങ്കാരവിളക്ക് പ്രേക്ഷകന്റെ കണ്ണുകളെ വിരുന്നൂട്ടുന്നുണ്ട്. ആ ദൃശ്യചാരുതയ്ക്കപ്പുറം ആഖ്യാനം ചെയ്യാന്‍ പോകുന്ന പ്രഭുജീവിതത്തിന്റെ പ്രതീകമായും നേര്‍ക്കാഴ്ചയായും അവതരിപ്പിക്കപ്പെടുകയാണത്. ഈ അലങ്കാരവിളക്കിന് അനുയോജ്യമായ പ്രൗഢഗംഭീരമായ ഒരു കൊട്ടാരസമുച്ചയം തന്നെയാണ് ശീര്‍ഷകങ്ങള്‍ കഴിയുമ്പോള്‍ തിരശ്ശീലയില്‍ നിറയുന്നത്. ഇക്കഥയിലെ ജീവിതരംഗങ്ങളെല്ലാം ആടിത്തീരുന്നത് ഈ കൊട്ടാരത്തില്‍ വച്ചാണ്. കൊട്ടാരത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ ഋതുക്കളിലൂടെയാണ് റായ് അനുവാചകനെ നയിച്ചുകൊണ്ടുപോകുന്നത്. കഥാഗതി മുന്നോട്ടുപോകുമ്പോള്‍  പ്രമേയത്തിന് ഇത്രമേല്‍ ഇണങ്ങുന്ന ഒരു ലൊക്കേഷന്‍ കണ്ടെത്തിയ റായിയെ അനുമോദിക്കാതെ വയ്യെന്ന് തോന്നും. ഈ ലൊക്കേഷന്റെ ലബ്ധിക്കും  അതിന്റെ  പുരാവൃത്തങ്ങളുറങ്ങുന്ന  സംഗീതശാലയ്ക്കും യാദൃച്ഛികതകളുടെ ചില കഥകളുണ്ട് പറയാന്‍. 'ജല്‍സാഘറി'ന് യോജിച്ച ഒരു ലൊക്കേഷന്‍ കണ്ടെത്താനാവാതെ ഇതികര്‍ത്തവ്യതാമൂഢനായിരിക്കുന്ന വേളയില്‍ വഴിവക്കില്‍ക്കണ്ട ഒരു വൃദ്ധനാണ് മൂര്‍ഷിദാബാദില്‍നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള നിംതിതാ രാജ്ബാരിയെപ്പറ്റി പറഞ്ഞത്. ആ കൊട്ടാരം കണ്ടപ്പോള്‍ താന്‍ മനസ്സില്‍ക്കണ്ടത് മൂര്‍ത്തരൂപം കൈക്കൊണ്ട് മുന്നില്‍ നിലകൊള്ളുന്നതായി റായിക്കു തോന്നി. താന്‍ കണ്ടെത്തിയ ഈ ലൊക്കേഷനെപ്പറ്റി ചിത്രത്തിനാധാരമായ കഥ രചിച്ച താരാശങ്കര്‍ ബന്ദ്യോപാധ്യായയ്ക്ക് റായ് ആവേശപൂര്‍വ്വം എഴുതുകയുണ്ടായി. താന്‍ ആ കൊട്ടാരം കണ്ടിട്ടില്ലെന്നും എന്നാല്‍, ആ കൊട്ടാരത്തിന്റെ ഉടമയായിരുന്ന ഉപേന്ദ്രനാരായണനെ മാതൃകയാക്കിയാണ് വിശ്വംബര്‍ റോയിയെ സൃഷ്ടിച്ചിട്ടുള്ളതെന്നുമായിരുന്നു താരാശങ്കറിന്റെ മറുപടി. ഉപേന്ദ്രനാരായണന്‍ സംഗീതപ്രേമിയായിരുന്നെങ്കിലും ആ കൊട്ടാരത്തിലെ സംഗീതശാല റായിക്ക് തൃപ്തികരമായി തോന്നിയില്ല. അതിനാല്‍ അദ്ദേഹം സംഗീതശാലയുടെ സെറ്റ് പണിത് അതിലാണ് ആ രംഗങ്ങള്‍ ചിത്രീകരിച്ചത്. കല്‍ക്കത്തയിലെ അറോറാ ഫിലിം കോര്‍പ്പറേഷന്റെ സ്റ്റുഡിയോയിലായിരുന്നു സെറ്റ് നിര്‍മ്മിച്ചത്. അതുവരെയുള്ള തന്റെ ചിത്രങ്ങളിലൊക്കെ വാതില്‍പ്പുറങ്ങളെ മാത്രം ആശ്രയിച്ചു ചിത്രീകരണം നടത്തിയിരുന്ന റായിയുടെ വലിയൊരു വഴിത്തിരിവായിരുന്നു അത്. സ്റ്റുഡിയോ സെറ്റുകള്‍ക്ക് കലാപരമായ മാനം നല്‍കുന്ന ഇന്ത്യയിലെ  അപൂര്‍വ്വം ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു റായ്.

ഛബി ബിശ്വാസ്; ജൽസാഘറിൽ നിന്നുള്ള ദൃശ്യം
ഛബി ബിശ്വാസ്; ജൽസാഘറിൽ നിന്നുള്ള ദൃശ്യം

പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ട വിശ്വംബറിന്റെ ഏകാന്തതയില്‍നിന്നാണ് ചിത്രം തുടങ്ങുന്നത്. എങ്കിലും അയാളുടെ ജീവിതശൈലിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും നാം മനസ്സിലാക്കുന്നുണ്ട്. പരിചാരകനായ അനന്തന്‍  അയാളുടെ മുന്‍പില്‍ ഉപചാരപൂര്‍വം  ഹൂക്ക കൊണ്ടുവന്നു വയ്ക്കുന്നു. പ്രതാപങ്ങളുടെ ലക്ഷണങ്ങള്‍ പുലര്‍ത്തിക്കൊണ്ടുതന്നെ അയാള്‍ ധൂമപാനം നടത്തുന്നു. അകലെനിന്ന് ഷഹണായിയുടെ നാദവീചികള്‍ കടന്നെത്തുമ്പോള്‍ അയാള്‍ ചെവി വട്ടം പിടിക്കുന്നു. ഗുമസ്തനെ വരുത്തി എവിടെനിന്നാണ് ഷഹണായി കേള്‍ക്കുന്നതെന്ന് അന്വേഷിക്കുമ്പോള്‍  മാഹിം ഗാംഗുലിയുടെ വീട്ടിലെ ഉപനയനത്തോടനുബന്ധിച്ചുള്ള സംഗീതപരിപാടിയാണതെന്ന് അയാള്‍ മറുപടി പറയുന്നു. ബന്ദേ അലിയുടെ ഷഹണായി അല്ലേ  അതെന്ന് റോയ് ആത്മഗതം ചെയ്യുമ്പോള്‍ സംഗീതം മനസ്സിലാക്കാനുള്ള അയാളുടെ കഴിവിന്റെ  സൂചനകൂടി നമുക്ക് ലഭിക്കുന്നു. സംഗീതപരിപാടിയിലേയ്ക്ക്  ക്ഷണിച്ചുകൊണ്ട് കത്ത് ലഭിച്ചിട്ടുണ്ടെന്ന് ഗുമസ്തന്‍ പറയുന്നു. ഇത് കേള്‍ക്കവേ തന്റെ മകന്റെ ഉപനയനത്തെക്കുറിച്ചുള്ള ഓര്‍മ്മയിലേയ്ക്ക് അയാള്‍ വഴുതിവീഴുകയാണ്; പിന്നെ ഫ്‌ലാഷ്ബാക്കിലൂടെയാണ് കഥാവതരണം നിര്‍വ്വഹിക്കപ്പെടുന്നത്. അപൂര്‍വ്വമായി മാത്രമാണ് റായ് ഫ്‌ലാഷ്ബാക്കുകളിലൂടെ ആഖ്യാനത്തിന് ഒരുങ്ങാറ്. അത്തരം സന്ദര്‍ഭങ്ങളിലൊന്നാണിത്.

ഫ്‌ലാഷ്ബാക്ക് ആരംഭിക്കുന്നതോടെ ചിത്രത്തിന്റെ രൂപഭാവതലങ്ങളില്‍ പരിണാമം സംഭവിക്കുന്നു. മരുഭൂമി മലര്‍ക്കാടായി മാറുന്നതുപോലെ ഒരു പരിണാമമാണത്. ഏകാന്തതയുടെ തുരുത്തില്‍നിന്ന് ഉത്സവവേദിയിലേയ്ക്കുള്ള ഒരു ചുവടുമാറ്റം. അകലെനിന്ന് തൂഫാന്‍ എന്ന് പേരുള്ള തന്റെ പ്രിയപ്പെട്ട വെള്ളക്കുതിരയില്‍ പാഞ്ഞെത്തുന്ന വിശ്വംബറിനെയാണ് ഫ്‌ലാഷ്ബാക്കില്‍ ആദ്യമായി നാം കാണുന്നത്. കുതിരയില്‍നിന്നിറങ്ങി കൊട്ടാരത്തിനകത്തേയ്ക്കു കയറുമ്പോള്‍ത്തന്നെ വരാന്‍പോകുന്ന പതനത്തിന്റെ സൂചന നമുക്ക് ലഭിക്കുന്നുണ്ട്. ബാങ്കില്‍നിന്ന് ആളെത്തിയിരുന്നുവെന്നും ലോണിനെ സംബന്ധിച്ചാണവര്‍ പറഞ്ഞതെന്നും പരിചാരകന്‍ അയാളെ അറിയിക്കുന്നു. തുടര്‍ന്ന്  പരിചാരകന്‍ അയാളോട് പറയുന്നു, മാഹിം ഗാംഗുലി അയാളെ കാണാനവസരം ചോദിച്ചിട്ടുണ്ട് എന്ന്. ഏത് മാഹിം ഗാംഗുലി എന്ന് ചോദിക്കുമ്പോള്‍ ഇവിടത്തെ ആശ്രിതനായ ജനാര്‍ദ്ദന്‍ ഗാംഗുലിയുടെ മകനാണെന്നു അയാള്‍ മറുപടി കൊടുക്കുന്നു. സംഗീതശാലയിലേയ്ക്ക് പറഞ്ഞുവിടാനാണ് വിശ്വംബര്‍  പരിചാരകനോടു പറയുന്നത്. അയാളുടെ ആഢ്യത്വത്തിന്റേയും പ്രതാപത്തിന്റേയും പ്രദര്‍ശനവേദിയാണ് സംഗീതശാല. അയാള്‍ സംഗീതശാലയിലേയ്ക്കു കയറുന്നു. അപ്പോഴാണ് പ്രേക്ഷകനും ആദ്യമായി സംഗീതശാലയിലേയ്‌ക്കെത്തിപ്പെടുന്നത്. പൂര്‍വ്വികരുടെ ഛായാചിത്രങ്ങളും കൂറ്റന്‍  നിലക്കണ്ണാടിയും അപൂര്‍വ്വതയുള്ള അലങ്കാരവിളക്കും ആ മുറിയെ പ്രതാപത്തിന്റെ പ്രതീകമായി മാറ്റുന്നു. അവിടെയാണ് ഒരു ഭിക്ഷാംദേഹിയെപ്പോലെ മാഹിം ഗാംഗുലി കടന്നുവരുന്നത്. അപ്പോഴേക്ക് സിംഹാസനത്തില്‍ ഉപവിഷ്ടനായിക്കഴിഞ്ഞ വിശ്വംബറിന് സര്‍ബത്തുമായി പരിചാരകനെത്തുന്നുണ്ട്. വിശ്വംബര്‍ മാഹിമിനോട് ഇരിക്കാന്‍ പറയുകയോ കുടിക്കാന്‍ കൊടുക്കുകയോ ചെയ്യുന്നില്ല. വിശ്വംബറിന്റെ അഹംഭാവവും ഔദ്ധത്യവും സ്ഫുടീകരിക്കുകയാണ് റായ്. മാഹിമിനോടുള്ള വിശ്വംബറിന്റെ അപരിചിതത്വത്തിന്റെ ഹേതുവും അയാളുടെ വാക്കുകളില്‍നിന്ന് നമുക്ക് ബോധ്യമാവുന്നു. താന്‍ ഇരുപതു കൊല്ലക്കാലം അന്യനാടുകളിലായിരുന്നുവെന്ന് മാഹിം  പറയുന്നു. അലഹബാദ്, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലായിരുന്നു അയാളുടെ ജീവിതം. ഇപ്പോള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തി ബിസിനസ്സിനൊരുങ്ങുകയാണ്. പില്‍ക്കാലത്ത് മലയാളമടക്കമുള്ള പല ഇന്ത്യന്‍ ഭാഷകളിലേയും ചിത്രങ്ങളില്‍ അന്യദേശങ്ങളില്‍നിന്നു സമ്പാദ്യവുമായെത്തി നാട്ടിലുള്ളവരെ സമ്പത്തിലും അധികാരശക്തിയിലും പിന്‍തള്ളുന്ന കഥാപാത്രങ്ങളെ നാം കണ്ടുമുട്ടിയിട്ടുണ്ട്. മാഹിം ഇവരുടെ മുന്‍ഗാമിയത്രേ.

മടിച്ചുമടിച്ച്   വിശ്വംബറിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അയാള്‍ അതിവേഗം മുകളിലേയ്ക്ക് കുതിച്ചുകൊണ്ടിരുന്നപ്പോള്‍ വിശ്വംബര്‍  താഴേക്കു പതിക്കുകയായിരുന്നു. മാഹിം ഗാംഗുലിയുടെ ലോറി പൊടിപരത്തി കടന്നുപോകുമ്പോള്‍ വിശ്വംബറിന്റെ ആന ആ പൊടിയില്‍ മറഞ്ഞുപോകുന്നത് ചിത്രം പുരോഗമിക്കുമ്പോള്‍ നാം കാണുന്നുണ്ട്. നവമുതലാളിത്തം ഫ്യുഡലിസ്റ്റ് പ്രഭുത്വത്തെ പിന്തള്ളുന്നതിന്റെ സൂചനയാണത്. ഇത്തരം പ്രതിരൂപങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ ചലച്ചിത്രം. ചിലതൊക്കെ സര്‍വ്വസാധാരണമായ പ്രതീകങ്ങളാണെങ്കില്‍ മറ്റു ചിലവ സാഹിത്യത്തില്‍ സാധാരണ പ്രയോഗിക്കപ്പെടുന്നവയാണ്. ഇനിയും ചിലത് തികച്ചും മൗലികവും റായ് പ്രതിഭയുടെ പൊന്‍പരാഗങ്ങള്‍ അണിഞ്ഞവയുമത്രേ. മകന്റെ ഉപനയനത്തോടനുബന്ധിച്ചു  ഗംഭീരമായ ഒരു സംഗീതപരിപാടി നടത്തുകയാണ് വിശ്വംബര്‍ റായ്. ആഭരണങ്ങള്‍ പണയം വച്ചാണ് ഈ സംഗീതപരിപാടി അയാള്‍  നടത്തിയത്. അത്രനാളും വിശ്വംബര്‍ പറയുന്നതെന്തും വിശ്വസിച്ചിരുന്ന ഭാര്യ ഇതാദ്യമായി അയാളോട് ആവലാതി പറയുന്നു. പ്രളയത്തില്‍ തങ്ങളുടെ ഭൂമി നഷ്ടമായതിനെപ്പറ്റി അവള്‍ പറയുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി താന്‍ കണ്ട ദുഃസ്വപ്നത്തെപ്പറ്റിയും അവള്‍ പറയുന്നു. അത് നിസ്സാരമാക്കിത്തള്ളുന്ന വിശ്വംബര്‍ താന്‍ കണ്ട ഗംഭീര സ്വപ്നത്തെക്കുറിച്ചാണ് അവളോടു പറയുന്നത്. ഈ സ്വപ്നത്തില്‍ ഇന്ദ്രസന്നിധിയിലാണയാള്‍. സ്വര്‍ഗ്ഗീയ സംഗീതംകൊണ്ടും നൃത്തച്ചുവടുകള്‍കൊണ്ടും മുഖരിതമാണവിടം. രംഭയും ഉര്‍വശിയും മേനകയുമെല്ലാം അവിടെയുണ്ട്. ആ സ്വപ്നവര്‍ണ്ണനയില്‍നിന്ന് മുഖം തിരിച്ചു പോകുകയാണവള്‍.

തന്നെപ്പോലെ പ്രതാപശാലിയും സംഗീതജ്ഞനുമായി മകന്‍ വളരണമെന്ന് വിശ്വംബര്‍ ആഗ്രഹിക്കുന്നു. മകനെ കുതിരസവാരി പഠിപ്പിക്കാനും സംഗീതം അഭ്യസിപ്പിക്കാനും അയാള്‍ ശ്രദ്ധിക്കുന്നു. പാരമ്പര്യത്തെപ്പറ്റി വ്യഗ്രതപ്പെടുന്ന ഫ്യൂഡലിസ്റ്റ് പ്രഭുവിന്റെ ഒരു തികഞ്ഞ മാതൃകയാണ് വിശ്വംബര്‍ എന്ന് ഈ രംഗങ്ങള്‍ വെളിവാക്കുന്നു. താനെന്താണോ അതാവണം തന്റെ പുത്രനും എന്നവര്‍ ആഗ്രഹിക്കുന്നു. ആ ലക്ഷ്യത്തില്‍നിന്നുള്ള ചെറിയ കുതറിച്ചാട്ടം പോലും സഹിക്കാനവര്‍ക്കാവുകയില്ല. എന്നാല്‍, സ്വന്തം പ്രതാപപ്രദര്‍ശനത്തിനായി തന്റെ അനന്തരാവകാശിക്കു ചെല്ലേണ്ട മുതലുകളെടുത്ത് ധൂര്‍ത്തടിക്കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല.

തന്റെ പിതാവിന് അസുഖം കൂടുതലാണെന്നറിഞ്ഞ് ഭാര്യ സ്വന്തം വീട്ടിലേയ്ക്ക് മകനോടുകൂടി യാത്രയാവുന്നു. തനിക്ക്  കൂടെപ്പോരാന്‍ സാധിക്കില്ലെന്നാണ് വിശ്വംബര്‍ പറയുന്നത്. താന്‍ പോയാല്‍ ജമീന്ദാരെ ആരു സംരക്ഷിക്കും? ജമീന്ദാരിയില്‍ ഇനിയൊന്നും അവശേഷിച്ചിട്ടില്ലെന്നറിയുന്ന ഭാര്യ സഹതാപത്തോടെ ചിരിക്കുന്നു. ഇവിടെയും ഫ്യൂഡല്‍ കുടുംബത്തലവന്റെ പൊള്ളയായ പൊങ്ങച്ചമാണ് നാം കാണുന്നത്. സ്വന്തമായ എല്ലാം നഷ്ടപ്പെടുമ്പോഴും താന്‍ സമ്പന്നനാണെന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുകയാണയാള്‍.

തന്റെ വീട്ടിലെ ഒരു സംഗീതപരിപാടിക്കു ക്ഷണിക്കാനായി ഈ സന്ദര്‍ഭത്തില്‍ മാഹിം ഗാംഗുലിയെത്തുന്നു. ആ ക്ഷണം ഒരു അപമാനിക്കലായാണ് വിശ്വംബര്‍ കാണുന്നത്. ഒരു നിമിഷംപോലും ആലോചിക്കാതെ അതേ ദിവസം തന്നെ തന്റെ ഭവനത്തില്‍ സംഗീതപരിപാടിയുണ്ടെന്ന് വിശ്വംബര്‍ അയാളെ അറിയിക്കുന്നു. അവശേഷിച്ച സര്‍വ്വവും പണയം വച്ചാണെങ്കിലും വിശ്വംബറിന്റെ ഭവനത്തില്‍ സമൃദ്ധമായ സംഗീതവിരുന്നു നടക്കുന്നു.

ഈ സംഗീതവിരുന്നോടെ തകര്‍ച്ചയില്‍നിന്നു രക്ഷപ്പെടാനാവാതെ കൈകാലിട്ടടിക്കുകയാണ് വിശ്വംബര്‍ റായ്. ഈ ദൃശ്യത്തില്‍ വൈകാരികതയുണര്‍ത്തുന്ന ഒരു പ്രതീകം വിനിവേശിപ്പിച്ചിട്ടുണ്ട് റായ്. മദ്യചഷകത്തില്‍ വീണു പിടയുന്ന ഒരീച്ചയെ റായ് കാട്ടുന്നു. വിശ്വംബര്‍ ചെന്നെത്തിയിരിക്കുന്ന അവസ്ഥയുടെ ദയനീയതയും പരിഹാസ്യതയുമെല്ലാം ഈ പ്രതീകത്തിലൂടെ ഭംഗിയായി പ്രതിഫലിപ്പിക്കപ്പെടുന്നു. റായ് ചിത്രങ്ങളില്‍ ആഗാമിയായ മൃത്യുവിന്റേയും താളപ്പിഴകളുടേയും മുന്നറിയിപ്പായി കൊടുങ്കാറ്റുകള്‍ വീശിയടിക്കാറുണ്ട്. ദുര്‍ഗ്ഗയുടെ മരണത്തിനു മുന്‍പും ഹരിഹറിന്റെ മരണത്തിനു മുന്‍പും നാമത് കണ്ടതാണ്. 'ചാരുലത'യില്‍ കുടുംബത്തിന്റെ താളപ്പിഴ സൃഷ്ടിക്കുന്ന അമലിന്റെ രംഗപ്രവേശസമയത്തും ആഞ്ഞുവീശുന്നുണ്ട് ശക്തിയേറിയ കാറ്റ്. 'ജല്‍സാഘറി'ല്‍ കാറ്റുവീശുക മാത്രമല്ല, ആ കാറ്റില്‍ കളിക്കോപ്പായ പായ്ക്കപ്പല്‍ മറിഞ്ഞുവീഴുന്നുമുണ്ട്.

ഇതിന്റെ തുടര്‍ച്ചയായാണ് കൊട്ടാരത്തിലേയ്ക്ക്  മടങ്ങിവരികയായിരുന്ന ഭാര്യയും മകനും ബോട്ടപകടത്തില്‍ മരണമടഞ്ഞുവെന്ന വാര്‍ത്ത എത്തുന്നത്. വിശ്വംബറിന്റെ തകര്‍ച്ചയ്ക്ക് ഇതോടെ വേഗം വര്‍ദ്ധിക്കുന്നു. തനിക്ക് പിന്തുടര്‍ച്ച നഷ്ടപ്പെടുന്നു എന്നറിയുന്ന ഫ്യൂഡല്‍ കുടുംബനാഥന്റെ ദുഃഖം സമാനതകളില്ലാത്തതാണ്. ഫ്‌ലാഷ്ബാക്കിലൂടെ ഇത്രയും കഥ പറഞ്ഞശേഷം സത്യജിത് റായ് വര്‍ത്തമാനകാലത്തിലേയ്ക്ക് മടങ്ങിവരികയാണ്.

മാഹിം ഗാംഗുലി കൂടുതല്‍ കൂടുതല്‍ പ്രതാപവാനാകുന്നു. തന്റെ പുതിയ സംഗീതശാലയുടെ  ഉദ്ഘാടനത്തിന് വിശ്വംബറിനെ ക്ഷണിക്കാനെത്തുന്നു അയാള്‍. പുതിയ സംഗീതശാലയുടെ പ്രാരംഭം കുറിക്കുന്നത് വിശ്രുതയായ കൃഷ്ണാ ഭായിയുടെ നൃത്തപരിപാടിയോടെയാണെന്ന് അയാളറിയിക്കുന്നു. മാഹിമിനു മുന്നില്‍ തോല്‍ക്കാന്‍ വിശ്വംബര്‍ തയ്യാറല്ല. മാഹിമിനു മുന്‍പേ കൃഷ്ണാ ഭായിയെ വരുത്തി നൃത്തപരിപാടി നടത്താന്‍ വിശ്വംബര്‍ ഒരുങ്ങുന്നു. 'ജല്‍സാഘറി'ന്റെ തുടക്കം തൊട്ട് ഒടുക്കം വരെ വിശ്വംബറിനോടൊപ്പം പ്രത്യക്ഷപ്പെടുന്ന രണ്ടു കഥാപാത്രങ്ങളുണ്ട്. പരിചാരകനായ അനന്തനും ഗുമസ്ഥനായ താരാപ്രസന്നയും. വിശ്വംബറിനോട് അങ്ങേയറ്റം വിശ്വസ്തതയുള്ള, ഫ്യൂഡല്‍ കാലഘട്ടത്തിന്റെ സഹജസ്വഭാവം പുലര്‍ത്തുന്ന കഥാപാത്രങ്ങളാണ് അവര്‍. ഒരാള്‍ യജമാനനെ കണക്കറ്റ് വിശ്വസിക്കുന്നു. ഏതു തകര്‍ച്ചയില്‍നിന്നും അയാള്‍ കരകയറുമെന്നു വിശ്വസിക്കുന്നു. ദൈവത്തിന്റെ പ്രതിപുരുഷനായല്ല, ദൈവം തന്നെയായാണ് അനന്തന്‍ യജമാനനെ കാണുന്നത്. അടഞ്ഞുകിടക്കുന്ന സംഗീതശാല തുറക്കാന്‍ പോകുന്നുവെന്നറിയുമ്പോള്‍ അയാള്‍ക്ക് ആഹ്ലാദം അടക്കിനിര്‍ത്താനാവുന്നില്ല. ഇതേ വിശ്വസ്തത യജമാനനോട് പുലര്‍ത്തുന്നുവെങ്കിലും കൂടുതല്‍ പ്രായോഗികമതിയാണ് കാര്യസ്ഥന്‍. ചില വേളകളില്‍ യജമാനനെ തടയാനും ഉപദേശിക്കാനും അയാള്‍ മുതിരുന്നുണ്ട്. അതൊന്നും വിശ്വംബര്‍ ചെവിക്കൊള്ളുന്നില്ലെങ്കിലും. അവസാനത്തെ ജല്‍സയ്ക്കുവേണ്ടി വിശ്വംബര്‍ തയ്യാറെടുക്കുമ്പോള്‍ കനത്ത ആശങ്കയോടെയാണ് അയാളതിനെ കാണുന്നത്. ഒരു കാലഘട്ടത്തിലെ ജന്മിയും ജോലിക്കാരും തമ്മിലുള്ള ബന്ധത്തിന്റെ സത്യസന്ധമായ ചിത്രമാണ് റായ് അവതരിപ്പിക്കുന്നത്. കൃഷ്ണാ ഭായി വിശ്വംബറിന്റെ സംഗീതമന്ദിരത്തിലെത്തുന്നു. കൃഷ്ണാ ഭായിയുടെ നൃത്തം വിശ്വംബറിന്റെ സംഗീതശാലയ്ക്ക് പുതുജീവന്‍ പകരുന്നു. സംഗീതാസ്വാദനത്തിലെ മാഹിമിന്റെ പരിമിതികളും ഈ ദൃശ്യം ബോധ്യപ്പെടുത്തുന്നുണ്ട്. വിരസത അനുഭവപ്പെടുമ്പോള്‍ അയാള്‍ പൊടിവലിക്കുന്നു. അതാരെങ്കിലും കാണുന്നുണ്ടോ എന്ന് ശങ്കിച്ച് നാലു ചുറ്റും പരുങ്ങലോടെ നോക്കുന്നുണ്ട് അയാള്‍.

നൃത്തം കഴിയുമ്പോള്‍ മാഹിം നര്‍ത്തകിക്ക് പാരിതോഷികം നല്‍കാ നൊരുങ്ങുന്നു. വിശ്വംബര്‍ അത് തടയുന്നു. ആദ്യത്തെ പാരിതോഷികം നല്‍കാനുള്ള അവകാശം വീട്ടുടമയ്ക്കാണെന്നയാള്‍  ഓര്‍മ്മിപ്പിക്കുന്നു. മാഹിം ഇളിഭ്യനാവുന്നു. പരാജയത്തിന്റെ വഴിത്താരയില്‍ വിശ്വംബര്‍ നേടുന്ന ഒറ്റപ്പെട്ട വിജയമാണിത്. ആ രാത്രിയില്‍ വിശ്വംബറിന് ഉറങ്ങാന്‍ കഴിയുന്നില്ല. ചഷകം കാലിയാവുമ്പോഴെല്ലാം മദ്യം പകര്‍ന്നുകൊണ്ട് വിശ്വസ്ത ഭൃത്യനായ അനന്തനും ഉണര്‍ന്നിരിക്കുന്നു. പൂര്‍വ്വികരുടെ ഛായാചിത്രങ്ങളിലൂടെ ആ പാരമ്പര്യവാദിയുടെ കണ്ണുകള്‍ പാഞ്ഞുനടക്കുന്നു. അതിന്റെ തുടര്‍ച്ചയായി സ്വന്തം ചിത്രത്തിനു മുന്നിലെത്തുമ്പോള്‍ ചിത്രത്തിലെ തന്റെ ദേഹത്തേക്കരിച്ചുകയറിയിരിക്കുന്ന  എട്ടുകാലി അയാളെ അരിശം പിടിപ്പിക്കുന്നു. അതിന്റെ തുടര്‍ച്ചയായി അലങ്കാരവിളക്കിലെ തിരികളോരോന്നായി കണ്ണടയ്ക്കുന്നു. എങ്ങും ഇരുട്ടാണല്ലോ എന്നയാള്‍ കേഴുമ്പോള്‍ വിശ്വസ്ത ഭൃത്യന്‍ ആശ്വസിപ്പിക്കുന്നു. സൂര്യനുദിക്കാന്‍ പോകുകയാണ്. വെളിച്ചം പരക്കാന്‍ തുടങ്ങുകയാണ്. സൂര്യനുദിക്കുകയും വെളിച്ചം പരക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അത് വിശ്വംബറിനു വേണ്ടിയായിരുന്നില്ലെന്നു മാത്രം.

മാഹിമിനുമേല്‍ നേടിയ വിജയത്തിന്റെ ആഹ്ലാദംകൊണ്ടോ തന്റെ ആത്യന്തിക പരാജയത്തെക്കുറിച്ചുള്ള ഭഗ്‌നചിന്തയാലോ  വിശ്വംബര്‍ കുതിരപ്പുറത്തുകയറി ഓടിച്ചുപോകുന്നു. ആ യാത്ര അയാളുടെ അന്ത്യയാത്രയാവുന്നു. വിശ്വംബറിന്റെ മരണത്തിലേയ്ക്കുള്ള യാത്ര. ഒരു വലിയ യുദ്ധഭൂമിയിലെ യുദ്ധാന്ത്യത്തിന്റെ പ്രതീതിയാണ് സത്യജിത് റായ് പ്രതിഫലിപ്പിക്കുന്നത്. നദിക്കരയില്‍ അടിഞ്ഞുപോയ ബോട്ടിനരികില്‍ വീണുകിടക്കുന്ന കുതിര, മണ്ണില്‍ കെട്ടഴിഞ്ഞുകിടക്കുന്ന തലപ്പാവ്, ദൂരെ വീണുകിടക്കുന്ന വടി - ഇതെല്ലാം കാട്ടിയ ശേഷമാണ് മണ്ണോടു ചേര്‍ന്നു കിടക്കുന്ന വിശ്വംബറിനെ കാട്ടുന്നത്.
വിശ്വംബറുമായി സാമ്യമുള്ള ഒരു കഥാപാത്രത്തെ പില്‍ക്കാലത്ത് ഒരിക്കല്‍ക്കൂടി റായ് വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയുണ്ടായി. 'ശത് രഞ്ജ് കേ ഖിലാഡി'യിലെ വാജിദ് അലി ഷായാണത്. സംഗീതത്തിന്റെ മാത്രമല്ല, ചതുരംഗത്തിന്റേയും അടിമയാണ് അലി ഷാ. വിശ്വംബര്‍ റോയിയെപ്പോലെ അയാളും സര്‍വ്വനാശത്തിലേയ്ക്ക് കൂപ്പുകുത്തുകയാണ്.

അനുഗൃഹീത നടനായ ഛബി ബിശ്വാസിന്റെ ഏകാംഗ പ്രകടനമാണ് 'ജല്‍സാഘറി'ല്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നത്. ഈ ചിത്രത്തിലാണ് ആദ്യമായി റായ് താരമൂല്യമുള്ള ഒരാളെ തന്റെ ചിത്രത്തില്‍ പങ്കാളിയാക്കുന്നത്. ബിശ്വാസിലുള്ള വിശ്വാസം തന്നെയാവണമല്ലോ അതിന്റെ ഹേതു. ആ വിശ്വാസത്തെ പൂര്‍ണ്ണമായും തിരയില്‍ പ്രതിബിംബിപ്പിക്കുകയാണ് ബിശ്വാസ്.

അച്ഛന്റെ വീട്ടിലേയ്ക്കുള്ള യാത്രാവേളയില്‍ അമ്മയോടൊപ്പം പോകുന്ന മകന്‍ വിശ്വംബറിനോട്  'പോട്ടേ' എന്ന് യാത്ര ചോദിക്കുന്നു. ''പോട്ടേ എന്നല്ല പറയേണ്ടത്, വരട്ടേ എന്നാണ്'' എന്ന് വിശ്വംബര്‍ കുട്ടിയെ തിരുത്തുന്നുണ്ട്. അവിടെയും പരാജയം നേരിടുന്നത് വിശ്വംബര്‍ റോയിയാണ്. മകന്‍ തിരികെ വരുന്നില്ല. അവന്‍ പറഞ്ഞതുപോലെ അവന്‍ പോകുകയാണ്. മടങ്ങിവരാത്ത യാത്രയിലേയ്ക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com