ചേതസ്സിലെ പ്രേമവായ്പാല്‍ വിശ്വത്തെ ദിവ്യാമൃതമാക്കിയ കവി

ആശയം, ഭാവം അവ സമന്വയിപ്പിക്കുമ്പോള്‍ ഉല്‍ഭൂതമാകുന്ന സൗന്ദര്യം എന്നിവ ഇഴപിരിയിക്കാനാവാത്തവിധം ചേര്‍ത്തുവെയ്ക്കുന്ന ഒരു കവി കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു
വിഷ്ണു നാരായണൻ നമ്പൂതിരി
വിഷ്ണു നാരായണൻ നമ്പൂതിരി

ശയം, ഭാവം അവ സമന്വയിപ്പിക്കുമ്പോള്‍ ഉല്‍ഭൂതമാകുന്ന സൗന്ദര്യം എന്നിവ ഇഴപിരിയിക്കാനാവാത്തവിധം ചേര്‍ത്തുവെയ്ക്കുന്ന ഒരു കവി കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. ദീപ്തചിന്തയേകുന്ന വിവേകത്തെ സ്വീകരിക്കാനും നിശ്ചിത ലക്ഷ്യങ്ങളെ കൈവരിക്കാനുമാണ് ആ കവിത പ്രേരിപ്പിച്ചത്. കിഴക്കും പടിഞ്ഞാറും ഏറ്റുമുട്ടുന്നില്ല കാഴ്ചയില്‍ അവ കലര്‍ന്നു കൂടുന്നുണ്ട് എന്നദ്ദേഹം കരുതി. അതുപോലെ തന്നെയാണ് ശാസ്ത്രവും സാഹിത്യവും 'നിന്‍ കാഴ്ച നിന്‍ വഴിവെട്ടം' എന്ന ശക്തമായ ബോധം ഉണ്ടായിരുന്നതുകൊണ്ടാകാം മലയാള സാഹിത്യചരിത്രത്തില്‍ ഈ കവി എന്നും വ്യതിരിക്തനായിരുന്നു. ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേയും സാര്‍ത്ഥകമാക്കി. കര്‍മ്മത്തിലൂന്നി ജീവിക്ക കാരണം പദവികള്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. 'ആദവും ദൈവവും' എന്ന കവിതയുടെ പേരില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോഴും തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരിക്കേ ഭാരതീയ തത്ത്വചിന്തയെക്കുറിച്ച് സംസാരിക്കാന്‍ കടലുകടന്നതിന്റെ പേരില്‍ അശുദ്ധനായെന്ന് ആചാരനിഷ്ഠരായ ഒരു വിഭാഗം കല്പിച്ചപ്പോഴും കവിതയില്‍ ആര്യപാരമ്പര്യത്തിന്റെ പിന്‍വിളിയുടെ പേരില്‍ അപഹസിക്കപ്പെട്ടപ്പോഴുമൊന്നും അക്ഷോഭ്യനാകാതെ നില്‍ക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഉള്‍ക്കൊണ്ട ജീവിതദര്‍ശനം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഹിംസയേയും ക്രൂരതയേയും നീചവാസനകളേയും നേരിന്റെ ഇളംചിരിയാല്‍ മെരുക്കിയെടുക്കുക, സ്വാഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍, വ്യക്തികളെ വേദനിപ്പിക്കുന്ന അപശബ്ദങ്ങള്‍ കടന്നുകൂടാതെ ശ്രദ്ധിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പഠിപ്പിച്ച, ഉടലാണ്ട വേദ ചൈതന്യമായ വിഷ്ണു അമ്മാവനാണ് കവിയുടെ മനോവാക്കര്‍മ്മങ്ങള്‍ക്ക് ദിശാബോധം നല്‍കിയത് എന്നദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട് (അമൃതസ്മൃതി). ഈ സംസ്‌കാരം കവിതയിലും ജീവിതത്തിലും അദ്ദേഹം പാലിച്ചു. അതുകൊണ്ടുതന്നെ മാതൃകാദ്ധ്യാപകനായി അദ്ദേഹം വാഴ്ത്തപ്പെട്ടു. താന്‍ ഇടപെട്ട മണ്ഡലങ്ങളിലെല്ലാം വിശുദ്ധിയുടെ വെണ്‍മ പ്രസരിപ്പിച്ച ഒരപൂര്‍വ്വ വ്യക്തിത്വം. 

സാഹിത്യലോകത്ത് തന്റെ മഹാഗുരു എന്‍.വി. കൃഷ്ണവാരിയരാണെന്ന് വിഷ്ണു നാരായണന്‍ നമ്പൂതിരി പലയിടത്തും സ്മരിച്ചിട്ടുണ്ട്. എന്നാല്‍, കവിതയില്‍ അദ്ദേഹത്തിന്റെ ചായ്‌വ് സംസ്‌കൃതത്തില്‍ കാളിദാസനോടും ഇംഗ്ലീഷില്‍ ഡബ്ല്യു.ബി. യേറ്റ്‌സിനോടും  മലയാളത്തില്‍ വൈലോപ്പിള്ളിയോടുമായിരുന്നു. ഹാ, ഉദദ്രരമണീയാപൃഥ്വിവീ എന്ന കാളിദാസ വാക്യം ഇത്രത്തോളം സ്വംശീകരിച്ച കവി വേറെയില്ല. തന്റെ പൈതൃകത്തെക്കുറിച്ച് പറയുമ്പോള്‍ 

ഭൂമിയോടൊട്ടി നില്‍ക്കുമ്പോള്‍ 
ഭൂമിഗീതങ്ങളോര്‍ക്കുവോന്‍
ഭൂമിയെന്നാലെനിക്കെന്റെ
കുലപൈതൃകമല്ലയോ (പിതൃയാനം)

എന്നദ്ദേഹം സൂചിപ്പിക്കുന്നു. തന്റെ വിശ്രാമസന്ധ്യയെ മധുരോദാരമാക്കുന്നു കാളിദാസ സദ്കാവ്യ പാരായണം എന്നദ്ദേഹം സ്മരിക്കുന്നുണ്ട് (കാളിദാസനു നന്ദി). 'ഋതുസംഹാരം' ലളിതമനോഹരമായി തര്‍ജ്ജമ ചെയ്യുകയും കാളിദാസ ലോകത്തുനിന്ന് നിരവധി ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്ത ആ കാവ്യലോകത്ത് കാളിദാസീയമായ തെളിച്ചവും വെളിച്ചവും പരന്നുകിടക്കുന്നതില്‍ അത്ഭുതമില്ല. 'ഇന്ത്യയെന്ന വികാരം' എന്ന കവിത മുതല്‍ ആരംഭിക്കുന്ന ഈ തെളിച്ചം 'ഹേ കാളിദാസ' ഉജ്ജയിനിയിലെ രാപ്പകലുകള്‍' തുടങ്ങി നിരവധി കവിതകളില്‍ അനുഭവവേദ്യമാണ്. ആനന്ദം പാപമല്ല എന്നു വിശ്വസിച്ചിരുന്ന ഈ കവി ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ ഉഴിഞ്ഞാലാക്കിത്തീര്‍ത്തതാണ് മനുഷ്യജന്മത്തിന്റെ മേന്മ എന്നു പാടിയ വൈലോപ്പിള്ളിക്ക് ശിഷ്യനായതില്‍ തെല്ല് അത്ഭുതമില്ല. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ 'ഉര്‍വ്വശീനൃത്തം' വാസ്തവത്തില്‍ മനുഷ്യജന്മത്തിനുള്ള അര്‍ച്ചനയാണ്. 

കവിതയിലെ ശുഭോദര്‍ക്കമായ വീക്ഷണം

സാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്തുമ്പോള്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിയെ ആധുനികരുടെ ഒപ്പമാണ് ചര്‍ച്ച ചെയ്യാറ്. ആധുനിക ഭാവുകത്വത്തെ മലയാള ആസ്വാദനശീലം അംഗീകരിക്കാന്‍ വൈമുഖ്യം കാണിച്ചിരുന്ന കാലത്ത് 'പുതുമുദ്രകള്‍' എന്ന പേരില്‍ ചില ആധുനിക കവിതകളെ സമാഹരിച്ച് അദ്ദേഹം ഒരു പുസ്തകം ഇറക്കുകയുണ്ടായി. എന്നാല്‍, അവരില്‍ പലരിലും കണ്ടിരുന്ന വിഷാദവും സര്‍വ്വവിനാശബോധവും വിഷ്ണു നാരായണന്‍ നമ്പൂതിരിയില്‍ പ്രായേണ കാണാനില്ല. 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം' എന്ന സമാഹാരത്തിലെ പല കവിതകളിലും നെഹ്‌റുവിയന്‍ നേതൃത്വത്തിലെ ഉത്സാഹവും സന്തോഷവും കാണുന്നുമുണ്ട്. വികസനത്തിന്റെ പാതയെക്കുറിച്ച് ശുഭോദര്‍ക്കമായ വീക്ഷണമാണ് കവി വെച്ചുപുലര്‍ത്തുന്നത്. ആധുനിക കവികള്‍ പൗരാണിക കഥാപാത്രങ്ങളെ വര്‍ത്തമാനകാലത്തിന്റെ സമസ്യകള്‍ ആവിഷ്‌കരിക്കാന്‍ വിദഗ്ദ്ധമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ആധുനിക മനുഷ്യന്റെ മൗലികമായ ചോദനയെ ആവിഷ്‌കരിക്കാനുള്ള ഉപാധിയായിട്ടാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി പൗരാണിക കഥാപാത്രങ്ങളെ ഉപയോഗിച്ചത്. 'ദിലീപന്‍', സുഭദ്രാര്‍ജ്ജുനം, ലക്ഷ്മണന്‍, അഹല്യാമോക്ഷം, ഉര്‍വ്വശീനൃത്തം എന്നീ കവിതകളില്‍ വേറിട്ട ഒരു സമീപനരീതിയാണ് കവി കൈക്കൊള്ളുന്നത്. ചിത്തതാരള്യം അപൂര്‍ണ്ണതയാകാം. എന്നാല്‍, മനുഷ്യജീവിതത്തിന് ഈ അപൂര്‍ണ്ണത സൗന്ദര്യം നല്‍കുന്നു എന്ന പക്ഷക്കാരനാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി. 

ബിരുദതലത്തില്‍ ഭൗതികശാസ്ത്രവും ബിരുദാനന്തരതലത്തില്‍ ഇംഗ്ലീഷും പഠിച്ച വിഷ്ണു നാരായണന്‍ നമ്പൂതിരിയില്‍ ശാസ്ത്രത്തിന്റേയും സാഹിത്യത്തിന്റേയും സമന്വയം ഉണ്ടായി എന്നതില്‍ അത്ഭുതപ്പെടാനില്ല. ജെ.ബി.എസ്. ഹാല്‍ ഡെയ്‌നിനോടുള്ള ആദരവ്

അപരന്നായ്ത്തല പുക,ച്ചതിലശ്രു
കണമാം പുണ്യത്തെക്കറകളഞ്ഞെടു
ത്തണിഞ്ഞ പുത്ര! ഞാന്‍ കൃതാര്‍ത്ഥയായ് മാറി
ലണിവൂ നീയാകുമനര്‍ഘരത്‌നത്തെ
(ഭാരതപുത്രന്‍)

എന്ന വരികളില്‍ സൂചിതമാകുന്നുണ്ട്. ശാസ്ത്രത്തെ അദ്ദേഹം ഒരിക്കലും തള്ളിപ്പറയുന്നില്ല. എന്നാല്‍, കണ്ടുപിടിത്തങ്ങളെ വിനാശകരമായ അവസ്ഥയിലേക്കെത്തിക്കുന്ന പ്രവണതയെയാണ് അദ്ദേഹം അംഗീകരിക്കാത്തത്. ബഹിരാകാശ യാത്രയില്‍ മൃതനായ വ്‌ലാഡിമര്‍ കോമറോവിനെ മര്‍ത്ത്യമേധതന്‍ ദിഗ്‌വിജയാധ്വരത്തിന്റെ യൂപത്തിലേക്ക് വരിച്ചവനായിട്ടാണ് കവി കാണുന്നത്. ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുള്ള ഒരു മനസ്സിലേ 'ഐന്‍സ്റ്റീന്റെ അതിഥി' പോലൊരു കവിത പിറക്കൂ, സാപേക്ഷത, ഏകീകൃത മണ്ഡലം, കേവലകണിക എന്നിവയെപ്പറ്റി ഐന്‍സ്റ്റീനും ഹൈസന്‍ ബര്‍ഗും ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ 

വെളിച്ചം തേടിച്ചിന്തി
ച്ചിറങ്ങും മനസ്സുകള്‍ 
ഒരിക്കല്‍ പുലര്‍വെട്ടം
കണ്ട തുമ്പികള്‍ പോലെ
ഏകമാം അസ്വാസ്ഥ്യത്തില്‍
തരിപ്പാലുമേഷലപൂ
ണ്ടേകേ ഭാവനയോടെ
തട്ടിയും തടവിയും 
വട്ടമിട്ടുരുമ്മിയും
പുല്‍കിയും, പറന്നുയര്‍
ന്നൊട്ടുനേടിയ മലര്‍ 
മട്ടു പങ്കുവെച്ചുണ്ടും
വാണ നാളുകള്‍ വരി
ല്ലിങ്ങിനിയെന്നോ

എന്ന് ആശങ്കപ്പെടുന്നുണ്ട്. ഹ്യൂസ്റ്റണിലെ ബഹിരാകാശ കേന്ദ്രമായ നാസ സന്ദര്‍ശിച്ച അവസരത്തിലും സമ്മിശ്രമായ വികാരങ്ങളാണ് കവിയ ഭരിക്കുന്നത്. സയന്‍സിന്റെ കുതിപ്പ് എന്നാല്‍ മറുവശത്ത് ഉയിരെപ്പുലര്‍ത്താന്‍ ഇത്തിരിവറ്റ് ആശിക്കുന്ന മര്‍ത്ത്യവര്‍ഗ്ഗവും ഉണ്ടെന്ന ചിന്ത കവിയെ മഥിക്കുന്നു. അതുകൊണ്ടുതന്നെ

പുറത്തുപോലൊന്നു ജയിക്കുവാനു
ണ്ടകത്തുമാകാശം  ഇതെന്റെ വാക്കില്‍
പൂവിട്ടു നില്‍ക്കാന്‍ കനിയേണമെന്നും
പൂവത്തുമട്ടില്‍ക്കുടികൊള്ളുമമ്മേ
എന്നാണ് കവി പ്രാര്‍ത്ഥിക്കുന്നത്. 

സ്വാതന്ത്ര്യത്തെക്കുറിച്ചും സമകാലീന സാമൂഹ്യ രാഷ്ട്രീയ പരിതോവസ്ഥകളെക്കുറിച്ചും സൂക്ഷ്മമായി വിശകലനം നടത്തിയിട്ടുള്ള കവിയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി. 
വന്‍ തോക്കിനു തുല്യം കറുകപ്പുല്ലിനെ ബലവാനായും
വന്‍ മേടകള്‍ ചെറ്റകളെക്കാള്‍പ്പഴുതേ ദുര്‍ബ്ബലമായും
വന്‍ കുഴി സമതലമായും വന്‍കുന്നുകള്‍ തരിമണലായും
വന്‍ കടലുകള്‍ വയലുകളായും ജീവിതമുന്നതമായും
ക്ഷീരപഥം കീഴിലടക്കിക്കൊടികളുയര്‍ത്തിയ ചിന്താ
ധീരന്മാര്‍ മാനവരത്ഭുത സാഹസികമാരായും
കല്യതയാര്‍ന്നിന്നത്തേക്കാള്‍ നാളെ മഹോജ്ജ്വലമായും
കാണൂ ഞാന്‍
(സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം)

എന്നു പാടാനും ഭക്രാനംഗല്‍ അണക്കെട്ടില്‍ വിണ്ണുവെടിഞ്ഞണയും ഭാസുര ഗംഗയെ കാണാനും കവിക്കു കഴിയുമായിരുന്നു. എന്നാല്‍, പതുക്കെപ്പതുക്കെ ഈ ശുഭപ്രതീക്ഷയ്ക്ക് മങ്ങലുണ്ടാകുന്നു. ആഗസ്റ്റ് പതിനഞ്ച്, കുറ്റവാളി, മൃത്യുഞ്ജയം, ബാല്യദര്‍ശനം, മുഖമെവിടെ, എന്റെ രാഷ്ട്രത്തോട്, സ്വാതന്ത്ര്യദിന ചിന്തകള്‍, നരബലി, ശവരാഷ്ട്രീയം എന്നിങ്ങനെ ഒട്ടനവധി കവിതകളില്‍ തന്റെ ആകുലതകളും ആകാംക്ഷകളും കവി പങ്കുവെയ്ക്കുന്നു. വികസനത്തില്‍ ആഹ്ലാദംകൊണ്ട് കവി ചിത്തം എങ്ങനെ നിരാശയിലേക്ക് വീഴുന്നു എന്നതിന്റെ അനുക്രമ ചരിത്രം വിശദമാക്കുന്ന ഉജ്ജ്വല കവിതയാണ്  'ഇന്ത്യയെന്ന വികാരം' 'എന്റേതായൊന്നുമില്ലെന്നാലെല്ലാറ്റിന്റേയുമാണു ഞാന്‍' എന്ന സോഫോക്ലീസ് ഭാവനയെ ആരാധിക്കുന്ന കവിക്ക് കൊന്ന് നേടുന്ന യുദ്ധവിജയങ്ങളെ അംഗീകരിക്കാന്‍ പറ്റുന്നില്ല. ദിവ്യ സ്വാതന്ത്ര്യത്തെയാണ് കവി വിഭാവനം ചെയ്യുന്നത് എന്ന് 'റിപ്പബ്ലിക്' എന്ന കവിതയില്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി പറഞ്ഞുവെയ്ക്കുന്നു. സ്വാതന്ത്ര്യത്തിനു കാവലിരിക്കുന്നതാണ് കവിത (കയ്യൊപ്പുമരം) എന്ന ചിന്തയല്ല

വാക്കുകളേക്കാള്‍ വരം അകമേ
ദീപ്രതരം നിശിതം മൗനം
കൂടണയൂ പ്രിയ വാക്കുകളേ (ഒരു സ്വകാര്യക്കത്ത്)
എന്ന തോന്നലിലേക്കു വരെ കവി ചെന്നെത്തിയ സന്ദര്‍ഭങ്ങളുണ്ട്. 
എന്നാല്‍, 
കുടി തീനും നല്ലിണയും
കുഴല്‍പാട്ടും ചേര്‍ന്നാലും
തികയാതെ വേറെന്തോ
തിരയും നിന്‍ ഉയിര്‍നാളം
(കുറെ റഷ്യന്‍ കവികളോട്)

എന്ന ഉള്‍വിളി കവിയെ വേറൊരു വിതാനത്തിലെത്തിക്കയാണ്. നെഹ്‌റുവിന്റെ ആരാധകനായിരുന്ന വിഷ്ണു നാരായണന്‍ നമ്പൂതിരി പതുക്കെപ്പതുക്കെ തന്റെ ദേശസങ്കല്പങ്ങളില്‍ കാളിദാസനോടൊപ്പം പ്രതിഷ്ഠിക്കുന്നത് ഗാന്ധിജിയേയും ജയപ്രകാശ് നാരായണനേയുമാണ്. നല്ലവരായ വാഴ്‌വോരും വഞ്ചകരും എക്കാലത്തും ഉണ്ടാകും എന്നറിയാഞ്ഞിട്ടല്ല (ഒരു കുട്ടനാടന്‍ പാട്ട്), എന്നാല്‍ ലളിത ജീവിതവും മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള കര്‍മ്മാനുഷ്ഠാനങ്ങളുമാകാം കവിയെ ഇവരോടടുപ്പിക്കുന്നതും. ഗാന്ധിജിയുടെ ജീവിതത്തേയും ദര്‍ശനത്തേയും കവി സ്വാംശീകരിക്കയാണ്. ജയം, സദ്ദുവും ജിദ്ദുവും, ചരിത്രത്തിന്റെ വഴി എന്നീ കവിതകളില്‍ കവി ജയപ്രകാശ് നാരായണനെ ഉദ്‌ഘോഷിക്കുന്ന

തന്റേതായ് ഒന്നുമില്ലെന്നാല്‍ 
എല്ലാറ്റിന്റേയുമാണു താന്‍ 
എന്നു തീക്കുണ്ഡമായ് ഏഴു
പതിറ്റാണ്ടു പുലര്‍ത്തിയോന്‍ (ചരിത്രത്തിന്റെ വഴി) 
എന്ന വരികള്‍ റിപ്പബ്ലിക്കില്‍ പരാമര്‍ശിച്ച സോഫോക്ലിസിനെ ഓര്‍മ്മിപ്പിക്കുന്നു. 

കവിത മതത്തിനു പകരം നില്‍ക്കണമെന്ന ആശയത്തോട് തനിക്കു യോജിപ്പാണെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് (എന്റെ കവിത, എന്റെ ദര്‍ശനം) അരവിന്ദ മാധുരിയും, ടാഗോര്‍ സങ്കല്പനങ്ങളും, വിവേകാനന്ദ സ്മൃതിയും ഇടശ്ശേരി ദര്‍ശനവും ഒക്കെ ഈ ചിന്തയെ ബലവത്താക്കുന്നു. തന്റെ ചിന്ത ഉന്മിഷത്താകുന്നത് തന്നില്‍ ശക്തമായിരിക്കുന്ന പാരമ്പര്യബോധമാണ് എന്നു കവി ഉറച്ചുവിശ്വസിക്കുന്നു. ഭൂമിക്കു നഷ്ടമാകുന്നതിനെ തിരിച്ചുപിടിക്കാനാണ് കവി യത്‌നിക്കുന്നത്. സ്‌നേഹമല്ലാതെ മറ്റൊരു നിയമവും നിലവിലില്ലാത്ത പ്രകൃതിയുടെ മടിത്തട്ടില്‍ മനുഷ്യന്‍ മനുഷ്യാതീതത്വത്തിലേക്ക് എത്തിനോക്കുന്ന ദിവ്യമുഹൂര്‍ത്തത്തില്‍ വേദവും കാളിദാസനും, വൈലോപ്പിള്ളിയും യേറ്റ്‌സും കണ്ട സ്വപ്‌നത്തെ സാക്ഷാല്‍ക്കരിക്കുന്ന ഒരനുഭവത്തെക്കുറിച്ച് കവി പറയുന്നുണ്ട് (അഥീനയുടെ ചിരി). ഇവിടെ തിരുവല്ലയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച ഒരു വ്യക്തി വിശ്വപൗരനായി വളരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതാണ് ബ്രാഹ്മണ്യം ഉണ്ടാകേണ്ടത് കര്‍മ്മത്തില്‍നിന്നാണ് എന്ന് അടിവരയിട്ട് പറയുന്ന 'ഗംഗാനാരായണനും' 

കര്‍മ്മം താന്‍ കൊണ്ടളക്കേണം
കൈക്കൊള്ളേണ്ടും പരിഗ്രഹം;
അമിതം ധനമാകുന്നു
ശിഷ്ടമൂല്യം  ധരിക്കുക!

ശിഷ്ടമൂല്യം ഭുജിക്കുമ്പോള്‍ 
ശിഷ്ടയത്‌നം ഭുജിക്കയാം
ശിഷ്ടയത്‌നത്തിനായ് വൈശ്യന്‍
പിഡീപ്പിക്കുന്നു ലോകരെ

എന്നു പറയുന്ന ശോണമിത്രനും പിറക്കൂ. സമത്വവാദം സ്മരിക്കുന്ന മാര്‍ക്‌സിയന്‍ തത്ത്വശാസ്ത്രത്തിന്റെ സ്വാധീനം മറ്റു പല കവിതകളും വരുന്നുണ്ട്. ചേതസ്സില്‍ വാക്കും വാക്കില്‍ ചേതസ്സുമര്‍പ്പിക്കുന്ന പുത്രനായ് മാറുന്ന ബ്രഹ്മദത്തന്‍ ധര്‍മ്മത്താന്‍ തൂക്കിനോക്കുന്നു കര്‍മ്മം, എന്നാല്‍ പലപ്പോഴും വ്യക്തിയെക്കൊണ്ടളക്കേണ്ടിവരുന്നു ധര്‍മ്മനീതിയെ എന്ന് കുലഗുരുവിന്റെ മുഖത്തുനോക്കി ചോദിക്കുന്ന മിത്രാവതിയും ഉജ്ജ്വല കവിതകളാണ്. 

ഭൂമിഗീതങ്ങളുടെ കവി

ചരാചര പ്രകൃതിയോട് വേഴ്ചയിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാന്‍ വേണ്ട വിവേകം ആര്‍ജ്ജിച്ചിരുന്നവരുടെ കാലം മറഞ്ഞുപോയ്ത്തുടങ്ങി എന്ന ബോധം കവിക്കുണ്ട്. ഹിമാലയം എട്ടു പ്രാവശ്യം സന്ദര്‍ശിച്ച കവിക്ക് ദിവ്യമായ പ്രപഞ്ചലീലയുടെ വൈദിക കല്പനകള്‍ സ്വായത്തമാക്കാന്‍ ഇവ ഉപകരിച്ചിരിക്കാം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. വ്യക്തിതലത്തില്‍ ഒരാള്‍ക്കു നിര്‍വ്വഹിക്കാവുന്ന ധര്‍മ്മത്തെക്കുറിച്ച് 'യുഗള പ്രസാദന്‍' എന്ന കവിതയില്‍ പറയുന്നുണ്ട്. പാരിസ്ഥിതിക വാദം പ്രബലമാകുന്നതിന് എത്രയോ മുന്‍പുതന്നെ 'ഭൂമിഗീതങ്ങള്‍' എന്ന കവിത അദ്ദേഹം എഴുതി. 

ചെവി പാര്‍ത്തു നില്‍ക്കുമീ
ഭൂതധാത്രി തന്‍ ക്ഷേത്ര
നടയില്‍; കേള്‍ക്കുന്നീലേ
താങ്കള്‍ താരമാ ഗാനം

എന്ന ആമുഖത്തോടെ തുടങ്ങുന്ന ഗീതത്തില്‍ പ്രകൃതിയോട് മനുഷ്യന്‍ പുലര്‍ത്തേണ്ടുന്ന സഹവര്‍ത്തിത്വത്തെക്കുറിച്ചാണ് കവി പാടുന്നത്. എന്റെ കരുത്തറിഞ്ഞില്ലേ എന്ന് ഭൂമിയോട് ചോദിക്കുന്ന ഇടിവാളിനോട് ഭൂമി പറയുന്ന മറുപടി

നിനക്കുണ്ണി, മിന്നല്‍
പ്പെരമ്പു തന്നതു
കളിപ്പാനല്ലി ഞാന്‍

എന്നത്രേ. 1967ല്‍ രചിച്ച ഈ കവിതയില്‍ത്തന്നെ അദ്ദേഹത്തില്‍ പാരിസ്ഥിതികാവബോധം നാമ്പിടുന്നതായി കാണാം. കാലം തെറ്റിയുള്ള വര്‍ഷത്തിന്റെ വരവ് (തകിടം മറിഞ്ഞ വ്യവസ്ഥിതിപോലെ) എങ്ങനെ ഭൂമിയിലെ ജീവിതത്തെ ബാധിക്കുന്നു എന്ന് 'വര്‍ഷം വരുന്നു' എന്ന കവിതയില്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി സൂചിപ്പിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണം വേണം 'ഉജ്ജയിനിയിലെ രാപ്പകലുകള്‍' എന്ന കവിതയെ കാണാന്‍. ഹിമാലയത്തിന്റെ പ്രകൃതിയുടെ താളം മനസ്സിലാക്കിത്തന്നെയാണ് അദ്ദേഹം 'ഹിമഗന്ധ'വും 'തേഹരി'യും രചിക്കുന്നത്. വസുന്ധര കവിക്ക് ജീവിതസഖി തന്നെയാണ് (ഭൂമിക്ക് നഷ്ടമാകുന്നവന്‍) പച്ച മണ്ണില്‍ ചവുട്ടിനില്‍ക്കാനാണ് കവിക്കെന്നും താല്പര്യം. നിര്‍ദ്വന്ദ്വശാന്തമാം പ്രൗഢിയില്‍ നില്‍ക്കുന്ന വൃക്ഷ മുത്തച്ഛനേയും വൃക്ഷ മുത്തശ്ശിയേയും കാണുമ്പോള്‍ കവിയുടെ മനസ്സിലുണരുന്ന അനുഭൂതികള്‍ 

...ആയിരത്താണ്ടുകള്‍ 
കാക്കുമതിന്‍ നിറതുള്ളിയൊന്നുണ്ടെന്റെ
വാക്കില്‍...
(കാലിഫോര്‍ണിയയിലെ മരമുത്തച്ഛന്മാര്‍)

എന്നു സവിനയം ഓതാന്‍ കവിയെ പ്രേരിപ്പിക്കുന്നു. അപ്പോള്‍ കവിക്ക് പ്രാര്‍ത്ഥിക്കാന്‍ ഒന്നേയുള്ളു
പഠിക്ക നാമീ വനവാസിയോടു
പാഠാന്തരം പ്രാകൃതമാം വിവേകം
പുഴുക്കള്‍, പുല്ലും, പുലിയും പുലര്‍ത്തും
പൊരുത്തമത്രേ ജഗദഗ്രസത്യം
(വനരോദനം)

ഈ ആരണ്യക സംസ്‌കാരം തന്നെയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതയുടെ ബലരേഖ. അതുകൊണ്ടാണ് 

ഏതു തോണികളുമെന്റേ, തേതുപുഴകളുമെന്റെ
ലോകമെന്നുമനുഭവപ്പെട്ടതുപോലെ
(കൂരച്ചാല്‍) ഉള്ള ബോധം കവിക്കു സ്വായത്തമാകുന്നത്. 

വിശ്വത്തില്‍ എല്ലാവരിലും കരുണ ചൊരിയേണ്ടതാണെന്ന ബോധം തന്റെ ചുറ്റുമുള്ള വേദനിക്കുന്നവരുടെ ലോകത്തിലേക്ക് കവിയുടെ കണ്ണ് പായിക്കുന്നു. തെരുവിലെ സന്ധ്യ, പുതുനഗരം, കാരയ്ക്കല്‍ തൃപ്പൂണിത്തുറ കുറ്റവാളി തുടങ്ങിയ കവിതകളില്‍ വ്യര്‍ത്ഥജന്മങ്ങളും കരിയുന്ന താരുണ്യലാവണ്യങ്ങളും കടന്നുവരുന്നു. വീടിന്റെ പടിവാതിലില്‍ തഴമ്പുറ്റ പള്ളകൊട്ടിപ്പാടുന്ന കുഞ്ഞിന്റെ ദാരുണചിത്രം ബാല്യദര്‍ശനം എന്ന കവിതയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. എന്റെ രാഷ്ട്രത്തോട് 'സഹജാതരെ', 'രാവും പകലും' എന്നിങ്ങനെ നിരവധി കവിതകളില്‍ തന്റെ ചുറ്റും നടമാടുന്ന അനീതിക്കെതിരെ കവി ശബ്ദമുയര്‍ത്തുന്നുണ്ട്. ഈ അവസ്ഥയെ തീ പിടിച്ച പുരയോടാണ് കവി ഉപമിക്കുന്നത്. തന്റെ ആകാശത്തിലെ അമ്പിളി വിളറുന്നല്ലോ എന്ന് ഉല്‍ക്കണ്ഠപ്പെടുന്നു

തിങ്കള്‍ക്കലപോലെ, വിളത്തോരെന്നുയിരിന്‍
താമരനൂലുകള്‍
പൊട്ടാതെ, ഈ പടര്‍മുള്ളില്‍ തട്ടാതെ
എമ്മെട്ടെച്ചിലില്‍ 
മുട്ടാതെ പോറ്റേണ്ടു ഞാന്‍ 
എന്ന് ആകാംക്ഷപ്പെടുന്നു. 

തന്റെ ചുറ്റുമുള്ള പ്രപഞ്ചത്തോട് നിറഞ്ഞൊഴുകുന്ന സ്‌നേഹം ഉദ്ഭൂതമാവുന്നത് വിഷ്ണു നാരായണന്‍ നമ്പൂതിരിയില്‍ നിര്‍ല്ലീനമായിരിക്കുന്ന പ്രണവ്രതകൊണ്ടുമാത്രമാണ്. കൗമാരത്തിന്റെ ധിക്കാരത്തില്‍ തന്റെ പൂണുനൂല്‍ പൊട്ടിച്ചതിനെക്കുറിച്ച് കവി ഒരിടത്ത് പരാമര്‍ശിക്കുന്നുണ്ട് (ഭയം). എന്നാല്‍ പ്രണവ്രത എന്ന ഭാവം പുറമെ ഒരു നൂലല്ലെന്നും അതു തന്റെ ആത്മാവില്‍ ചേര്‍ന്നുകിടക്കുന്ന ഒരു ഭാവമാണെന്നും കവി മനസ്സിലാക്കുന്നു. തന്റെ ദുര്‍ബ്ബലമായ ആത്മീയതയെ വായനയിലൂടെ, അനുഭവത്തിലൂടെ, പരിശീലനത്തിലൂടെ, മൗനത്തിലൂടെ കവി സ്ഫുടം ചെയ്‌തെടുക്കുന്നു. അര്‍ത്തില്‍ ദുര്‍ഗ്ഗയാമിനീ യോഗം, തീയെരിയുന്നു എന്നീ കവിതകളില്‍ ഇതു വ്യക്തമാണ്. ഈ പരിവര്‍ത്തനത്തിന്റെ ചരിത്രമാണ് 'പരിണാമ സങ്കീര്‍ത്തനം' എന്ന കവിത. ചരാചര പ്രകൃതിയില്‍ വിശ്വം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഐശ്വര സത്തയെ അനുഭവിക്കുന്നതിന്റെ ഹൃദയഹാരിയായ ചിത്രമാണ് 'സാക്ഷാല്‍ക്കാരം ഒരു ഉദ്ഗാനം' എന്ന കവിത. 'ആത്മീയത എന്നാല്‍ ഏതെങ്കിലും ഒരു കക്ഷിയുടേയോ മതത്തിന്റേയോ സ്വകാര്യമല്ല; ചിരപുരാതനമായ നമ്മുടെ ഈ രാഷ്ട്രത്തിനു പ്രാണപ്രതിഷ്ഠ ചെയ്യുന്ന നടപടിയാണത്' എന്നാണ് അദ്ദേഹം വിശ്വസിച്ചത്. (വേനലില്‍ കിനിയുന്ന മധുരം  ശ്രീവല്ലി ആമുഖം) അതുകൊണ്ടുതന്നെയാണ് വിവാദങ്ങള്‍ കണ്ണുതെറ്റിക്കാന്‍ ശ്രമിക്കുമ്പോള്‍ പതര്‍ച്ച പറ്റാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 

ഗുരുശിഷ്യ സംവാദത്തിലൂടെ കൈവരുന്ന ഉയര്‍ച്ചയും തിളക്കത്തിനുമപ്പുറം ഒരാത്മീയ സത്യം ഏതെങ്കിലും ഒരുപാസനാമാര്‍ഗ്ഗത്തിനു നല്‍കാനാകുമെന്ന് ഭാരതീയ പാരമ്പര്യത്തില്‍ ഉറച്ചുവിശ്വസിക്കുന്ന കവി കരുതുന്നില്ല (വേനലില്‍ കിനിയുന്ന മധുരം). അതു സാക്ഷാല്‍ക്കരിച്ച ഒരു ജന്മമായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടേത്. ഒരു വലിയ ശിഷ്യപരമ്പര തന്നെയുണ്ട് അദ്ദേഹത്തിന്. ക്ലാസ്സുമുറിക്കപ്പുറം അവരില്‍ ഒട്ടുമിക്ക പേരുടേയും ജീവിതം മാസ്റ്ററുമായി ഏതെല്ലാമോ തരത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നു. 'ഗാന്ധിജിയുടെ അതിഥി' എന്നൊരു കവിത അദ്ദേഹം രചിച്ചിട്ടുണ്ട്. വാര്‍ദ്ധയിലെ ആശ്രമത്തില്‍ ചെന്നെത്തുന്ന അനാഥനായ കുട്ടി ഗാന്ധിജിയോട് സംവദിക്കുന്നതാണ് പ്രമേയം. അമ്മയും അച്ഛനുമില്ലാത്ത തൊഴില്‍പരിചയം ഇല്ലാത്തവനാണ് താനെന്നു പറയുന്ന കുട്ടിയോട് ഗാന്ധിജി പറയുന്നു:

ഒന്നല്ല, പത്തല്ല കുഞ്ഞേ, മക്കള്‍
ഒരു നൂറുകോടിയെ പോറ്റിയിട്ടും
ഇനിയുമമ്മയ്ക്കു മടിത്തടത്തില്‍ 
ഇടമുണ്ട്

നിങ്ങള്‍ നാടിന്‍ കണ്ണീരൊപ്പാന്‍ കരുത്തിയന്നാല്‍ മാത്രം മതി എന്ന്. ശ്രീവല്ലി എന്ന ആശ്രമത്തിലേയും സ്ഥിതി ഇതുതന്നെയായിരുന്നു. തന്റെ വിപുലമായ ശിഷ്യഗണത്തിന് എല്ലാത്തരത്തിലും ആശ്രയമായിരുന്നു അദ്ദേഹം. അവിടെ ജാതിമതമില്ല. കക്ഷിരാഷ്ട്രീയമില്ല ഉള്ളവന്‍ ഇല്ലാത്തവന്‍ എന്ന വേര്‍തിരിവില്ല. ആ ജന്മത്തിന്റെ സുകൃതവും അതുതന്നെയാണ്. 

നുള്ളിപ്പെറുക്കി കവിതയുടെ പറ നിറയ്ക്കുന്നവനാണ് താനെന്ന് എന്നദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, വാസ്തവമതല്ല. ആ കവിതയുടെ അമൃതബിന്ദുക്കള്‍ എന്റെ തലമുറയെ മാത്രമല്ല, ഇനി എത്രയോ തലമുറകളെ മുന്നോട്ടു നയിക്കും. 1972ല്‍ അദ്ദേഹം എഴുതിയ ഒരു കഥയുണ്ട്  'വേരോടും അഥവാ ഒരു കലാരഹസ്യം'. മണ്ണില്‍ വേരോടി ദിശാന്തരങ്ങളിലേക്ക് വ്യാപിച്ച് വെളിച്ചം ശേഖരിച്ച് മധുരമൊരുക്കുന്ന ആലിനോട് വഴിപോക്കന്‍ പണ്ഡിതന്‍ കൊമ്പുപടര്‍ന്നോ ഇല വിരിഞ്ഞോ കാറ്റുകിട്ടിയോ എന്നതല്ല പ്രശ്‌നം ആവുന്നത്ര വേരു നീട്ടുക അല്ലെങ്കില്‍ നിലനില്‍ക്കാന്‍ കഴിയില്ല എന്നു പറഞ്ഞു. അസ്വസ്ഥനായ ആല്‍ ശിരസ്സില്‍നിന്ന് വേര് പുറപ്പെടുവിച്ചു. അത് മണ്ണില്‍ത്തൊട്ടു പിന്നെയും പിന്നെയും വേരുകള്‍ പൊട്ടി. തിരിച്ചുവരും വഴി ഇതുകണ്ട പണ്ഡിതന് സന്തോഷമായി പക്ഷേ, വേരുകള്‍ക്കായുള്ള ആക്രാന്തത്തില്‍ ഇല പൊഴിഞ്ഞ് തണലില്ലാതെയായി എന്നു മാത്രമല്ല, നാവു വിടര്‍ത്താനുള്ള ശേഷി നഷ്ടപ്പെടും മുന്‍പേ ആലിന്റെ നാവു മുരടിച്ചുപോയിരുന്നു. സമകാലിക ജീവിതത്തെ മുന്നേ അറിഞ്ഞ് ഈ കഥ എഴുതിയ കവിതതന്നെയല്ലേ ഋഷി. ആ വെണ്‍മയുടെ ജൈത്രയാത്രയ്ക്കു നമോവാകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com