ഹിമപഥങ്ങളിലെ വാക്ക്

ഗംഗോത്രീമാര്‍ഗ്ഗത്തില്‍, ടെഹ്‌രിയില്‍, ഭാഗീരഥിയുടെ ഒഴുക്ക് തടഞ്ഞു നിര്‍മ്മിതമായ ആപല്‍സാധ്യതകളുള്ള അണക്കെട്ടിന്റെ നിര്‍മ്മാണവേളയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി ഇങ്ങനെ എഴുതി
വിഷ്ണു നാരായണൻ നമ്പൂതിരി
വിഷ്ണു നാരായണൻ നമ്പൂതിരി

ഗംഗോത്രീമാര്‍ഗ്ഗത്തില്‍, ടെഹ്‌രിയില്‍, ഭാഗീരഥിയുടെ ഒഴുക്ക് തടഞ്ഞു നിര്‍മ്മിതമായ ആപല്‍സാധ്യതകളുള്ള അണക്കെട്ടിന്റെ നിര്‍മ്മാണവേളയില്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി ഇങ്ങനെ എഴുതി:

'എങ്ങു തപോവനയജ്ഞസുഗന്ധിയാം 
പുണ്യഹിമാലയം? വ്യാസന്റെ കാലടി
ചുംബിച്ച ലക്ഷ്മീവനം? കാളിദാസന്റെ
കണ്ണില്‍ നിലാവിരുള്‍ക്കംബളം നീര്‍ത്തിയ
ദേവപ്രയാഗം?...'

ശാന്തിതാഴ്വാരങ്ങളില്‍ ഉയരുന്ന പൊടിപടലങ്ങളെക്കുറിച്ച്, വന്‍മുടികള്‍ വീണടയുന്ന മലമ്പാതകളെക്കുറിച്ച്, പ്രളയാട്ടഹാസങ്ങളെക്കുറിച്ച്, കവി വളരെ മുന്‍പേ തന്നെ ആകുലപ്പെട്ടിരുന്നു. മൂന്നാം ധ്രുവം എന്നു പറയാവുന്ന ഹിമാലയനിരകളും ഹിമാനികളും നിരന്തര ശൈഥില്യത്തിലാണിന്ന്. അതിനാല്‍ സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങള്‍ ലോകത്തെയാകെ ബാധിക്കുന്ന നിലയിലാണ്. മൂന്നു ദശാബ്ദങ്ങളിലേറെയായ് ഞാന്‍ നടത്തിവന്ന ഹിമാലയ യാത്രകളെക്കുറിച്ച് മൂന്നു കൊല്ലം മുന്‍പ് വരെ വിഷ്ണുമാഷുമായി സംസാരിക്കുമായിരുന്നു. ശാരീരികമായ ക്ഷീണാവസ്ഥകളിലേയ്ക്ക് മാഷ് എത്തുന്ന കാലം വരെ ഓരോ വര്‍ഷവും പര്‍വ്വതഭൂപ്രകൃതിയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചാണ് മാഷ് ഏറെയും അന്വേഷിച്ചിരുന്നത്. പ്രകൃതിയുടെ നാശം, ഭാഷയുടെ നാശം പോലെ തന്നെ, സംസ്‌കൃതിയുടെ നാശത്തിലേക്ക് നമ്മെ എത്തിക്കുമെന്ന് അദ്ദേഹം ഉത്ക്കണ്ഠപ്പെട്ടുകൊണ്ടേയിരുന്നു. ഒപ്പം പര്‍വ്വതജനജീവിതത്തിന്റെ താളംതെറ്റലിനെക്കുറിച്ചും അദ്ദേഹം വേദനിച്ചുകൊണ്ടിരുന്നു.

***
1990ന്റെ ആദ്യമാസങ്ങളിലൊന്നില്‍ ഹിമാലയത്തിലെ പൂക്കളുടെ താഴ്വരയിലേക്കുള്ള (വാലി ഓഫ് ഫ്‌ലവേഴ്‌സ്) നടത്താനുദ്ദേശിക്കുന്ന യാത്രയെക്കുറിച്ച് വിഷ്ണുമാഷ്‌ക്ക് എഴുതി. പൂക്കളുടെ താഴ്വരയെ ലോകത്തിനു മുന്‍പില്‍ ആദ്യമായി അവതരിപ്പിച്ച ഫ്രാങ്ക് സ്മിത്തിന്റെ 'The valley of flowers' എന്ന പുസ്തകം ഞാന്‍ വായിച്ചിരുന്നില്ല. 1930കളില്‍ കാമത്ത് പര്‍വ്വതം കീഴടക്കി മടങ്ങുമ്പോള്‍ വഴി തെറ്റിയാണ് സ്മിത്തും സംഘവും പൂക്കളുടെ താഴ്വരയില്‍ എത്തിപ്പെടുന്നത്. അങ്ങനെ വിസ്മയകരമായ ഒരു ഭൂപ്രദേശം ലോകത്തിനു മുന്നില്‍ മിഴിവാര്‍ന്നു. അഞ്ഞൂറിലേറെ ഇനം പൂക്കളുള്ള അതിമനോഹരമായ ഹിമാലയജൈവമേഖല. ചുറ്റിനും ഹിമഗിരികള്‍. വിഷ്ണുമാഷ് അവിടെ പോയിട്ടില്ല. എന്നാല്‍, ആ സുന്ദരഭൂമിയെക്കുറിച്ചു നല്ല ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. മറുപടിക്കത്തില്‍ അദ്ദേഹമെഴുതി: 'പൂക്കളുടെ താഴ്വരയിലെത്താന്‍ അളകയുടെ കരയ്ക്ക് ഗോവിന്ദഘട്ടം എന്ന സ്ഥലത്ത് (രുദ്രപ്രയാഗ ബദരി റൂട്ടില്‍) ബസിറങ്ങണം. മടങ്ങും വഴി ജോഷിമഠിലും (ജ്യോതിര്‍മഠം) തങ്ങുക: ശ്രീശങ്കരന്റെ മെതിയടിയും ഹോമകുണ്ഡവും കല്പവൃക്ഷവും (മള്‍ബെറിയുടെ ഇനമാണിത്) കാണാം. ഗ്രാമത്തില്‍ പുഴക്കരയിലേക്ക് ഇറങ്ങിച്ചെന്നാല്‍ നമ്മുടെ നാടന്‍മട്ടിലുള്ള (ആ ദിക്കിലപൂര്‍വ്വമായ) കണ്ണാടിവിഗ്രഹത്തോടുകൂടിയ ഒരു ദേവീക്ഷേത്രവും ദര്‍ശനീയം.' ആ ഹരിതാക്ഷരലിഖിതം യാത്രയ്ക്ക് ഒട്ടൊന്നുമല്ല പ്രേരകമായത്. കത്തുകളിലെല്ലാം കവിതയോടൊപ്പം ഹിമാലയവും രജതപ്രഭയാര്‍ന്നു. ദര്‍ശനസുരഭിലമായ കത്തുകള്‍. ഒടുവില്‍ അക്കൊല്ലം ആഗസ്തില്‍, താഴ്വരയില്‍ പൂക്കള്‍ ഭാസുരമാകുന്ന വേളയില്‍, അവിടെ പോയി വന്നു. ഇടത്താവളമായ ഗഗാറിയയില്‍നിന്നു പൂക്കളുടെ താഴ്വരയിലേക്കു പോകും വഴി ഒരു ചെറു ഹിമാനി കടക്കേണ്ടതുണ്ട്. അതു കടന്നാല്‍ ഭൂര്‍ജ്ജവൃക്ഷങ്ങളുടെ ഒരു വനഖണ്ഡമുണ്ട്. അവിടെ വീണുകിടന്ന ഭൂര്‍ജ്ജപത്രത്താളുകള്‍ ചിലതു ശേഖരിച്ചു. മടങ്ങിയെത്തി മാഷ്‌ക്ക് ഭൂര്‍ജ്ജപത്രങ്ങള്‍ അയച്ചുകൊടുത്തു. ഉടന്‍ വന്നൂ, മറുപടി 'അതീവഹൃദ്യമായ എന്നും സൂക്ഷിച്ചുവയ്‌ക്കേണ്ടുന്ന ഒന്ന്. കാളിദാസന്‍ പറയുന്നത് ഇതില്‍ ചുകന്ന മഷി കൊണ്ടെഴുതണമെന്നാണ്. (കുഞ്ജര ബിന്ദുശോണാ:) എഴുതുന്നത് അനംഗലേഖ പദ്യങ്ങളുമായിരിക്കണം. രണ്ടും സാധിക്കുമല്ലോ. എഴുതുക' പ്രണയഗീതങ്ങളുടെ കവിയുടെ മറുപടി കൂടിയാണിത്. തിരുനെല്‍വേലിയില്‍ നിന്നായിരുന്നു ആ കത്ത്. അവിടെ മകള്‍ക്കൊപ്പം താമസിക്കുകയാണെന്ന് എഴുതിയിരുന്നു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഹിമാലയം ഒരു വികാരമായി മാത്രമല്ല, ആന്തരികതേജസ്സായി അദ്ദേഹം കൊണ്ടുനടന്നു. ചതുര്‍ധാമങ്ങളിലേക്കു പലവട്ടം യാത്രചെയ്തു. തന്റെ ഭവനമായ ശ്രീവല്ലിയിലിരുന്നുകൊണ്ട് ബദരീവിശാലതയും കേദാരപ്രഭാതവും ഗംഗോത്തരീ തടങ്ങളും വീണ്ടും വീണ്ടും കണ്ടു. 'ഉത്തരസ്യാം ദിശി'യില്‍നിന്ന് കാവ്യസന്ദേശങ്ങള്‍ അദ്ദേഹത്തിലേക്ക് പറന്നെത്തി. മഹാപര്‍വ്വതനിരകളുടെ ധ്യാനദീപ്തി പല കവിതകളിലും നിറഞ്ഞു.

'നട്ടുച്ചയ്ക്കും വിറയ്ക്കും ഹിമഗിരിശിഖിരം
 പുണ്യകേദാരനാഥം
സ്വര്‍ഗ്ഗം വിട്ടൂര്‍ന്ന മന്ദാകിനിയുടെ മധുരാ
 ലാപ സമ്മോഹലാസ്യം
ഹൃദ് പദ്മത്തില്‍ സമാധിസ്മൃതിമണമരുളും
 ശങ്കരാചാര്യവാടം
കര്‍പ്പൂരജ്വാല ചൂഴും തിരുനടയില്‍
 മുഴങ്ങുന്ന ശംഖപ്രണാദം'

എന്ന് ഭക്തിസ്മൃതിനിര്‍ഭരമാകവേ തന്നെ, പഹാഡി ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും വിഷാദങ്ങളും അദ്ദേഹം കവിതയില്‍ അനുഭവമാക്കി. വിറകുകെട്ടും ചുമന്ന് പശുവിനേയും തെളിച്ചു പോകുന്ന പര്‍വ്വതപുത്രിയില്‍ അദ്ദേഹം ഇന്ത്യയെ കണ്ടു.

'പാറിച്ചിന്നിയ കൂന്തല്‍മീതെ വിറകിന്‍
കെട്ടും വലംകയ്യിനാല്‍
കൂറോടേന്തിയ കാലിതന്‍ കയറുമായ്
ഗംഗാപ്രപാതങ്ങളില്‍
ഊറും ജീവരസത്തില്‍ മൂളിമുഴുകി
ത്താളം പിഴയ്ക്കാതെ 
കുന്നേറും മണ്‍മകളില്‍ കുതിര്‍ന്ന മിഴിയാല്‍
കാണുന്നു ഞാനിന്ത്യയെ.'

ഹിമാലയമെന്ന ഈ വികാരത്തിനു രണ്ട് തലങ്ങളുണ്ട്. ഒന്ന് ബഹുഭാവതരംഗിതമായ പ്രകൃതി തന്നെ. ആ പ്രകൃതിയിലെ നൈസര്‍ഗ്ഗിക ജീവിതം. മറ്റൊന്ന് മഹാഭാരതത്തിന്റേയും കാളിദാസകവിതയുടേയും ഭൂമികയായി വരുന്ന ഭൂപ്രദേശങ്ങളോടുള്ള കാവ്യാത്മകമായ പരിചരണം.

'ആളുന്നൂ, പകല്‍രാക്കള്‍, പാതകള്‍ പുള 
ഞ്ഞേറും ഹിമശ്രേണിയില്‍
കാളുന്നൂ, സദസദ് വിവേകരുചിയാം
പ്രാചീന ബോധസ്മിതം.'

ബദരീനാഥിനപ്പുറം മാനാ ഗ്രാമത്തില്‍ സരസ്വതീനദി ഭൂമിയില്‍ പ്രത്യക്ഷമാകുന്നു എന്നു കരുതപ്പെടുന്ന ഒരു സ്ഥലമുണ്ട്. അഗാധതയില്‍നിന്നു പാറക്കെട്ടുകളുടെ പിളര്‍പ്പിലൂടെ ഭൂമിക്കടിയില്‍നിന്ന് ഉദ്ഭൂതമാകുന്ന സരസ്വതീപ്രവാഹം. ആ നദീധാര 200 മീറ്ററോളം ഒഴുകി അളകനന്ദയില്‍ ചേരുന്നു. ആ സംഗമത്തെ കേശവപ്രയാഗ എന്നു വിളിക്കും. ഈ സരസ്വതീധാരയ്ക്കുമേല്‍ വെയില്‍ വീഴുമ്പോള്‍ ജലശീകരങ്ങളില്‍ മഴവില്ല് വിടരുന്നതു കാണാം. ഈ സരസ്വതീസരിത്തിനെ ഭാരതീയ കാവ്യധാരയായ് അദ്ദേഹം കണ്ടു. ഉള്ളിലെ കവിതയെ ഉജ്ജീവിപ്പിക്കുന്ന സംസ്‌കാരധാര. 'സരസ്വതി' എന്ന കവിത അങ്ങനെയാണ് പിറന്നത്. അന്തസ്സലിലത്തില്‍, ഉള്‍ബോധസരിത്തില്‍നിന്നു വചനധാര. ഭൂമിക്കടിയിലെ ജലധാരയെ ഇളാതന്തുവിലൂറും ശിവാമൃതഭാരതിയായ് അദ്ദേഹം അറിഞ്ഞു.

***
കേദാരനാഥ മാര്‍ഗ്ഗത്തില്‍ സോനപ്രയാഗിനടുത്തുനിന്നു വഴിതിരിഞ്ഞാല്‍, ത്രിയുഗിനാരായണില്‍ എത്താം.
 
ശിവപാര്‍വ്വതീവിവാഹം നടന്ന സ്ഥലം. ആയിരത്താണ്ടുകളായ് എരിയുന്ന ഹോമകുണ്ഡം. ഈ സ്ഥലത്തെ ഓരോ കാഴ്ചകളേയും വിഷ്ണുമാഷ് കുമാരസംഭവവുമായി അന്വയിപ്പിക്കുന്നു. ഉമാമഹേശ്വരന്മാരുടെ വിവാഹവേദി ഇവിടെയാണ്. വൃഷഭവാഹനത്തില്‍നിന്ന് വിഷ്ണു ശിവനെ കൈപിടിച്ചിറക്കിയ സ്ഥാനം. ബ്രഹ്മാവ് ഇരുന്ന ഇടം, ഒക്കെ കുമാരസംഭവത്തില്‍ വിവരിച്ച വിധം കണ്ടറിയാം. പവിത്രമായ വിവാഹഹോമകുണ്ഡം ഇന്നും എരിയുന്നു. ഹിമവാന്റെ രാജധാനിയായ ഓഷധിപ്രസ്ഥം അടുത്താണ്. മയില്‍ തെരുവിലാടുന്ന കാട്ടുപട്ടണം. ഉമയും ശിവനും 150 ഋതുക്കള്‍ (25 വര്‍ഷം) നീണ്ട മധുവിധു ആഘോഷിച്ച ഗന്ധമാദനശൈലം തെല്ലകലെയാണ്. അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന പാര്‍വ്വതിയുടെ തിരുനടയില്‍ എത്രനേരം ഇരുന്നാലാണ് മതിവരിക! ഇനിയങ്ങോട്ട് ഗൗരീകുണ്ഡം വരെ കുമാരസംഭവം കാവ്യത്തിന്റെ ഭൂമികയാകുന്നു. ഉമ പിച്ചവെച്ചും പാവകളിച്ചും നടന്ന മന്ദാകിനീതീരം. ശിവന്‍ ഇന്ദ്രിയനിഗ്രഹം ചെയ്ത് തപസ്സനുഷ്ഠിച്ച ദേവദാരുവനം. 'ഉമ ശിവനെ മെരുക്കി തന്റെ ക്രീതദാസനാക്കുന്ന ഗൗരീകുണ്ഡം.' കാളിദാസ കാവ്യഭൂമികയുടെ പ്രഭാവവിലാസങ്ങളത്രയും അദ്ദേഹം യാത്രയില്‍ ഉള്‍ക്കൊള്ളുകയാണ്. അതിന്റെ സത്ത തന്റെ കവിപ്രതിഭയുടെ അനുഗ്രഹമാക്കുകയാണ്. ഇവിടെ യാത്ര ഭൂമിയിലൂടെ മാത്രമല്ല, കവിതയുടെ മാനസതടങ്ങളിലൂടെയുമാണ്. അതിനാല്‍ത്തന്നെ മടങ്ങിവന്നാലും ആ സ്ഥലരാശി മനസ്സില്‍ സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു. അത് യാത്രയുടേയും കവിതയുടേയും ദര്‍ശനശിഖരങ്ങള്‍ ആവിഷ്‌കരിക്കുന്നു.

***
ഒരു ഗംഗോത്തരീ യാത്രയില്‍, ടെഹ്‌രിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സുന്ദര്‍ലാല്‍ ബഹുഗുണയെ കാണണമെന്നു തോന്നി. ചമ്പാ ഗ്രാമത്തിലാണ് സുന്ദര്‍ലാല്‍ജി വസിച്ചിരുന്നത്. ടെഹ്‌രിയിലെ ഒരു കടയില്‍ കയറി വഴി ചോദിച്ചു. കടയിലിരുന്ന ആള്‍ പറഞ്ഞു: 'ദാ , അതാണ് വഴി. ചമ്പയില്‍ ആരെ കാണാന്‍ പോകുന്നു?' 'സുന്ദര്‍ലാല്‍ ബഹുഗുണയെ കാണാന്‍.' അപ്പോള്‍ കടയിലിരുന്ന ആള്‍ പറഞ്ഞു: 'അവന്‍ അവിടെയില്ല. ഞാന്‍ അവന്റെ ജ്യേഷ്ഠനാണ്. ഹേമലാല്‍ ബഹുഗുണ.' 'സുന്ദര്‍ലാല്‍ജി എവിടെയാണ്? സത്യാഗ്രഹസമരം നടക്കുന്നില്ലേ?' 'സംഭാഷണങ്ങള്‍ക്കായി ദില്ലിയിലേക്ക് സര്‍ക്കാര്‍ വിളിച്ചിട്ടു പോയിരിക്കുന്നു. ഏതു സമരരംഗത്തും കൂടിയാലോചനയ്ക്കുള്ള വാതില്‍ അടക്കാന്‍ പാടില്ലെന്ന് ജെ.പി പറഞ്ഞിട്ടുണ്ടത്രെ.' സുന്ദര്‍ലാല്‍ ബഹുഗുണ ജെ.പിയുടെ അനുയായികൂടിയായിരുന്നു. വിഷ്ണുനാരായണ കവിയും ജെ.പിയെ ഹൃദയത്തോട് ചേര്‍ത്ത ആളാണ്. ഗാന്ധിയെക്കുറിച്ചും ജെ.പിയെക്കുറിച്ചും എഴുതിയ ആള്‍. ദലായ്‌ലാമയെ എത്രയും ബഹുമാനത്തോടെ കണ്ടിരുന്ന ആള്‍. തിബത്തന്‍ ജനതയുടെ സ്വാതന്ത്ര്യകാംക്ഷകള്‍ക്കൊപ്പം നിന്ന ആള്‍. 'ദലായ്‌ലാമയും തുമ്പിയും' എന്നൊരു കവിത മാഷ് എഴുതിയിട്ടുണ്ട്. പര്‍വ്വതപഥങ്ങളിലെ പ്രവാസബുദ്ധനെ അദ്ദേഹം ബഹുമാനിച്ചു. ബീജിങ്ങില്‍ ഒരു വിവേകചന്ദ്രോദയമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ടിരുന്നു. 

***
1991ന്റെ ആദ്യമാസങ്ങളിലൊന്നില്‍ കോട്ടയത്ത് ഒരു ഹിമാലയയാത്രീസംഗമം നടന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്നു നടത്തിയിരുന്ന 'അന്യോന്യം' എന്ന സൗഹൃദസംഘമായിരുന്നു അത് നടത്തിയത്. അതേക്കുറിച്ചു പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹം ഉത്സാഹിയായി. വിളിക്കേണ്ട ആളുകളുടെ ഒരു പട്ടിക തന്നെ അദ്ദേഹം എഴുതി അറിയിച്ചു. സ്വാമി ശ്രീദാനന്ദ, കുഞ്ഞുണ്ണിമാസ്റ്റര്‍, സി.ജി. ശങ്കരന്‍ നമ്പൂതിരി, പി. നാരായണക്കുറുപ്പ്, ശാന്തിനികേതനം കൃഷ്ണന്‍ നായര്‍ എന്നിങ്ങനെ. 

വിഷ്ണുമാഷും ആഷാ മേനോനും സ്വാമി ഗുരുവായൂരപ്പദാസും അതില്‍ പങ്കെടുത്തു. രാജന്‍ കാക്കനാടന്‍ വരാമെന്നേറ്റിരുന്നെങ്കിലും വരാന്‍ കഴിഞ്ഞില്ല. അദ്ദേഹം കൊല്ലൂരില്‍ ചിത്രരചനയിലായിരുന്നു. ഏറെ വൈകാതെ രാജന്‍ കാക്കനാടന്‍ ഈ ഭൂമി വിട്ട്, ഹിമവല്‍ ജീവിതത്തിന്റെ ജൈവകാന്തികളുടെ അക്ഷരരൂപം അവശേഷിപ്പിച്ചുകൊണ്ട് നിത്യയാത്രികനായി. ആ കൂട്ടായ്മയില്‍ വിഷ്ണുമാഷ് ഹിമഗിരിതടങ്ങളിലും കാളിദാസകവിതയിലും ആനന്ദത്തോടെ അലഞ്ഞു. ദേവപ്രയാഗയില്‍ അളകനന്ദയുടേയും ഭഗീരഥിയുടേയും സംഗമജലത്തില്‍ കാല്‍ നനച്ചു നില്‍ക്കവേ അദ്ദേഹത്തിന്റെ കാവ്യവൈഖരി ഉണര്‍ന്നു.

'തിളവെള്ളവും കുഴ
മഞ്ഞും ഉത്ഭവിക്കുമീ
പെരുതാം ആഴത്തില്‍ ഞാന്‍
കാല്‍ നനച്ചിറങ്ങവേ
ഏതനര്‍ഘമാം ആദി
സൗരഭപരാഗങ്ങള്‍
മൂടിനില്‍ക്കുന്നൂ, മൂകം
എന്‍ മനോമുകുളത്തെ?'

എന്ന് അദ്ദേഹം വിസ്മയിച്ചു. ഹിമാലയത്തെ ഒടുങ്ങാത്ത വിസ്മയമായി അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടിരുന്നു. ഗംഗാ നാരായണന്‍ എന്ന കവിതയില്‍ അതിന്റെ ദാര്‍ശനികമായ ഗരിമകള്‍ അദ്ദേഹം കണ്ടെത്തി. ഗംഗാനാരായണനെ കുലഭ്രഷ്ടനാക്കി മാനാ ഗ്രാമത്തിനപ്പുറത്തേക്ക് പിണ്ഡം വച്ച് കടത്തുകയാണുണ്ടായത്. തുടര്‍ന്നുള്ളത് മഹാപ്രസ്ഥാന മാര്‍ഗ്ഗമാണ്. യുധിഷ്ഠിരന്‍ പോയ വഴി. കേശവപ്രയാഗയിലെ അളക സരസ്വതി സംഗമജലത്തില്‍ മുങ്ങിനിവര്‍ന്ന് ഗംഗാ നാരായണന്‍ ലക്ഷ്മീവനവും മാനാ ഹിമഘട്ടവും കടന്ന്, ആത്മവിചാരണകളിലൂടെ, ക്ലേശ ഹിമപാതകളിലൂടെ, മാനസസരോവരം പിന്നിട്ട്, കൈലാസ പരിക്രമം ചെയ്ത് വിശുദ്ധിയിലേക്കെത്തുകയാണ്. അവിടെ ശിവമായ്, ശുഭ്രമായ്, അനാദ്യന്തശുദ്ധമായ്, ആലിനും വേരിനും ബീജതത്വമായ്, അമൃതത്വമായ് പരിണമിക്കുന്നു. ജീവിതഭൗതികതയില്‍നിന്ന് ആത്മീയ നിര്‍മ്മലതയിലേക്കുള്ള പരിണാമം ആഖ്യാനം ചെയ്യുന്ന ഈ കവിതയ്ക്ക് ഹിമാലയം അധികമാനങ്ങള്‍ നല്‍കുന്നു.

ബ്രഹ്മദത്തന്‍, ശോണമിത്രന്‍, ഗംഗാനാരായണന്‍, മിത്രാവതി, ദേവപ്രയാഗ, കാടിന്റെ വിളി, കേദാരസന്ധ്യ, നീരാട്ട്, സരസ്വതി, ഹിമഗന്ധം, ആയൂരര്‍ദ്ധം, തേഹരി എന്നി കവിതകളിലെല്ലാം ഹിമാലയം ആണ് ഭൂമിക. ഹിമാലയത്തെ നമ്മുടെ കവിതയിലേക്ക് ആവാഹിച്ച മറ്റൊരാള്‍ ഡി. വിനയചന്ദ്രനാണ്. രണ്ടു രീതിയില്‍ ഇരുവര്‍ക്കും പര്‍വ്വതായനം പ്രിയപ്പെട്ടതായിരുന്നു. ഒരാള്‍ അതിന്റെ ദാര്‍ശനികഗരിമകളിലേക്ക് കൂടുതല്‍ ആകൃഷ്ടമായപ്പോള്‍ മറ്റൊരാള്‍ അതിന്റെ ജൈവവന്യതയില്‍ ഉലഞ്ഞുനടന്നു. ഇരുവര്‍ക്കും കാളിദാസന്‍ പ്രിയങ്കരനായി. വിഷ്ണുനാരായണകൃതമായി ബദരീശ സുപ്രഭാതം എന്ന രചന സംസ്‌കൃതത്തില്‍ പിറന്നു.

'ഭാഗീരഥീ നിര്‍ത്സരലാസ്യചക്രം 
യസ്‌ചോത്തരാഖണ്ഡ പവിത്രദേശം
ജഗത്യനുഗ്രാഹക ആസ്ഥിതസ്‌തേ
ബദ്രീവിശാലേശ്വര സുപ്രഭാതം' എന്നു തുടങ്ങുന്ന 30 ശ്ലോകങ്ങള്‍ ബദരീവിശാലതയിലേക്കുള്ള അയനങ്ങളാണ്.

***
താന്‍ ഹിമാലയത്തില്‍ പോയി വരുന്നത് കാത്തിരിക്കുന്ന, തിരുവല്ലയിലെ ഒരമ്മയെക്കുറിച്ച് കവി ഓര്‍മ്മിക്കുന്നുണ്ട്. ശാന്തമ്മ എന്ന ആ അമ്മയ്ക്കുവേണ്ടിയിരുന്നത് ദേവപ്രയാഗയിലെ സംഗമജലത്തില്‍നിന്നെടുക്കുന്ന വെള്ളമാണ്. അത് സേവിച്ചുകൊണ്ടാണ് അവര്‍, മനക്കരുത്തിനാല്‍ക്കൂടി, മഹാരോഗത്തെ മെരുക്കിനിര്‍ത്തിയത്. ഒരു നോക്ക് കാണാന്‍ ഭാഗീരഥിയിലേക്ക് അവരുടെ നടുങ്ങുന്ന കണ്ണുകള്‍ നീളുന്നത് താന്‍ കാണുന്നതായി മാഷ് എഴുതിയിട്ടുണ്ട്. ഇത് യുക്തിയുടെ തര്‍ക്കവിഷയമല്ല. പര്‍വ്വതങ്ങളുടെ ഈ വിധം അനുഗ്രഹ സാന്ത്വനങ്ങള്‍ കൂടിയാണ് അദ്ദേഹത്തിന് ഹിമാലയം. അമൂര്‍ത്തമോ അതിനിഗൂഢമോ ആയ ആഖ്യാനങ്ങള്‍ അദ്ദേഹം നടത്തിയിട്ടില്ല. ഗിരിപ്രകൃതിയുടെ ധ്യാനഭാവങ്ങളും കാവ്യഭാവങ്ങളും ലാവണ്യവും തന്നെയാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. അതിനാല്‍ത്തന്നെ അതിനു സംഭവിക്കുന്ന ശൈഥില്യങ്ങളില്‍ അദ്ദേഹം എക്കാലവും ആകുലനായിരുന്നു. വികസനത്തിന്റെ പേരില്‍ അവിടെ നടക്കുന്ന വിനാശങ്ങള്‍ കണ്ട അദ്ദേഹം ആ മലകളോടും മഹാഗംഗയോടും ക്ഷമ ചോദിച്ചു.

'പിതൃപിതാമഹന്മാരുടെ ചിതാഭസ്മം കലര്‍ന്ന ഗംഗാതടത്തില്‍ കമിഴ്ന്നുവീണു ഞാന്‍ മാപ്പിരക്കുന്നു.

ജഗജ്ജനനി, ജടാശങ്കരി! അരുതേ, ഈ പിഴച്ച മക്കളുടെ തലമുറയില്‍ നിന്റെ ശാപം വീഴ്ത്തരുതേ' വിഷ്ണു നാരായണന്‍ വിലപിച്ചുകൊണ്ടേയിരിക്കുന്നു. ഹിമാലയ പ്രകൃതി സങ്കീര്‍ണ്ണമായ പ്രതിസന്ധികളിലൂടെ കടന്നുപോയ്‌ക്കൊണ്ടേയിരിക്കുന്നു.

ഹിമവല്‍ചൈതന്യം പലവട്ടം അനുഭവിച്ചതിന്റെ വിനയമാകാം, താഴെക്കാണുന്ന വരികളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

'പിന്നിട്ടേന്‍ പല വത്സരം പ്രൊഫസറായ്
അഞ്ചെട്ടു കാവ്യങ്ങളെ 
ക്കൊണ്ടേറ്റേന്‍ കവിയെന്ന പേര്‍; മുറ
തികച്ചു, പിന്നെ മേല്‍ശാന്തിയായ്:
വെള്ളത്തുള്ളി കണക്കു വെയിലുയരവേ
വറ്റുന്നു കേമത്തമൊന്നൊന്നായ്
ആറടിയെല്ലിറച്ചി പൊതിയും
പൈദാഹമൊന്നല്ലി ഞാന്‍'

ആ ആറടിമാനവന്‍, വിഷ്ണുനാരായണന്‍ ഇന്ന് ഏത് ആത്മശൈലത്തിലൂടെയാകും വിനീതനായ് ചരിക്കുന്നത്? രേണുകൂടത്തിലെ സന്ധ്യാചുംബനദ്യുതിപോലെ, കേശവപ്രയാഗയിലെ അരുണോദയകാന്തിപോലെ ഒരു കവിതാവെളിച്ചം നമ്മെ എക്കാലവും തൊട്ടുനില്‍ക്കില്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com