'ഹിന്ദു ഏകീകരണം സുഗമമാക്കാന്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ബി.ജെ.പിയെ അവിടെ വലിയ തോതില്‍ സഹായിച്ചു'

'ഹിന്ദു ഏകീകരണം സുഗമമാക്കാന്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ബി.ജെ.പിയെ അവിടെ വലിയ തോതില്‍ സഹായിച്ചു'
BJP
BJP

ടിഞ്ഞാറന്‍ ബംഗാളില്‍ 1977 തൊട്ട് 34 വര്‍ഷം തുടര്‍ച്ചയായി വാഴ്ചയിലിരുന്ന ഇടതുപക്ഷം 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് തലകുത്തി വീണത്. മുഖ്യ പ്രതിയോഗിയായിരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, തുടര്‍ന്ന് ആധിപത്യമുറപ്പിച്ചു. 'ഓപ്പറേഷന്‍ ബര്‍ഗ' എന്ന പേരില്‍ ഇടതുപക്ഷം നടപ്പാക്കാന്‍ ശ്രമിച്ച ഭൂപരിഷ്‌കരണം എന്ന അജന്‍ഡ ഏറ്റെടുത്തുകൊണ്ട് കര്‍ഷകരുടെ പിന്തുണ നേടിയ മമത മുസ്ലിം ന്യൂനപക്ഷത്തിന്റെ അനുഭാവം ആര്‍ജ്ജിക്കുന്നതിലും മിടുക്ക് കാണിച്ചു. പക്ഷേ, നാളുകള്‍ നീങ്ങവെ തൃണമൂല്‍ നേതൃത്വത്തെ ഗ്രസിച്ചുകൊണ്ടിരുന്ന അഹന്തയും ഭരണതലത്തില്‍ വ്യാപകമായിത്തീര്‍ന്ന അഴിമതിയും മമതയുടെ ജനപ്രിയതയില്‍ വിള്ളലുണ്ടാക്കി. 2018-ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി അവലംബിച്ച പേശീബല രാഷ്ട്രീയം തൃണമൂലിനു ക്ഷീണമുണ്ടാക്കിയ മറ്റൊരു ഘടകമാണ്.

ഈ രാഷ്ട്രീയ സാഹചര്യം നിലനല്‍ക്കെയാണ് നേരത്തേ മമത ബാനര്‍ജിയുടെ പ്രധാന രാഷ്ട്രീയ എതിരാളിയായിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനത്തേയ്ക്ക് ഭാരതീയ ജനത പാര്‍ട്ടി ഉയര്‍ന്നുവന്നത്. മുന്‍കാലത്ത് ബി.ജെ.പിക്ക് തെല്ലും വേരോട്ടമില്ലാതിരുന്ന ബംഗാളില്‍ ആ പാര്‍ട്ടി വലിയ അളവില്‍ കരുത്താര്‍ജ്ജിച്ചു എന്നതിന്റെ തെളിവായിരുന്നു 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം. 42 പാര്‍ലമെന്റ് സീറ്റുകളില്‍ 18 എണ്ണം ബി.ജെ.പി സ്വന്തമാക്കി. 2014-ല്‍ 34 സീറ്റ് കിട്ടിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് 22 ആയി കുറഞ്ഞു. വോട്ട് വിഹിതത്തിലും വന്‍കുതിപ്പാണ് ബി.ജെ.പി നടത്തിയത്. 2014-ലെ 17 ശതമാനത്തില്‍നിന്നു 40.3 ശതമാനമായി ഉയര്‍ന്നു ആ പാര്‍ട്ടിയുടെ വോട്ട് വിഹിതം.

തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മുസ്ലിം പ്രീണനം പൊക്കിപ്പിടിച്ച് ബി.ജെ.പി കരുത്ത് നേടിയപ്പോള്‍ മമതയോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വമോ മാത്രമല്ല, അമ്പരന്നത്. മുസ്ലിം സമുദായത്തില്‍ സക്രിയരായ ചില പുരോഹിതരും അധികാരമോഹികളും താരതമ്യേന കൂടുതല്‍ അമ്പരന്നു. അക്കൂട്ടത്തില്‍ പ്രമുഖനാണ് അബ്ബാസ് സിദ്ദീഖി എന്ന മുപ്പത്തിനാലുകാരന്‍. ഹുഗ്ലി ജില്ലയില്‍പ്പെടുന്ന ഫുര്‍ഫുറ ശരീഫ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന മുസ്ലിം തീര്‍ത്ഥാടന കേന്ദ്രത്തിലെ പീര്‍സാദയാണ് സിദ്ദീഖി. ഇസ്ലാം മതവികാരവും മുസ്ലിം സമുദായ വികാരവും ഭ്രാന്തമെന്നു വിലയിരുത്താവുന്ന അളവില്‍ ഉള്‍ക്കൊള്ളുന്ന ഈ പുരോഹിതന്‍ ഇക്കഴിഞ്ഞ ജനുവരി 21-ന്  ഒരു പുതിയ രാഷ്ട്രീയപ്പാര്‍ട്ടി രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റ് (ഐ.എസ്.എഫ്.) എന്നതറിയപ്പെടുന്നു.

പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ മുസ്ലിം വര്‍ഗ്ഗീയ സംഘടനകള്‍ അവകാശപ്പെടുന്നതുപോലെ സിദ്ദീഖിയുടെ ഐ.എസ്.എഫും അവകാശപ്പെടുന്നത് മുസ്ലിങ്ങളുടെ മാത്രമല്ല, ദളിതര്‍, ആദിവാസികള്‍ മുതലായ വിഭാഗങ്ങളുടെ കൂടി ഉന്നമനവും ശാക്തീകരണവുമാണ് തങ്ങളുടെ ആഗമനോദ്ദേശ്യം എന്നത്രേ. പാര്‍ട്ടി 'മതേതര'മാണെന്നു മാലോകരെ ബോദ്ധ്യപ്പടുത്താന്‍ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട സിമല്‍ സോറന് സംഘടനയില്‍ ഒരു പദവി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചിട്ടുമുണ്ട്. പക്ഷേ, പാര്‍ട്ടി സ്ഥാപകന്റെ പല പ്രസ്താവനകളും നിരീക്ഷണങ്ങളും ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റിന്റെ മതേതരത്വ വിരുദ്ധതയും മുരത്ത വര്‍ഗ്ഗീയതയും പ്രസരിപ്പിക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്. ഡല്‍ഹിയില്‍ 2020-ല്‍ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടു നടന്ന ലഹളയില്‍ മുസ്ലിം പള്ളികള്‍ കത്തിച്ചതിനു പ്രതികാരമായി അല്ലാഹു ഒരു കൊടും വൈറസ്സിനെ അയക്കണമേയെന്നും 20-50 കോടി ജനതകളെങ്കിലും വൈറസ് ബാധയേറ്റ് മരിക്കണമേയെന്നും പ്രാര്‍ത്ഥിച്ച മതപുരോഹിതനാണ് അബ്ബാസ് സിദ്ദീഖി. ഫ്രാന്‍സില്‍ പ്രവാചക കാര്‍ട്ടൂണ്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിന്റെ പേരില്‍ അദ്ധ്യാപകന്റെ ശിരസ്സറുത്തവരെ ന്യായീകരിച്ചതോടൊപ്പം പ്രവാചകനെ അപമാനിച്ചവരെ പിതൃശൂന്യരെന്നു വിശേഷിപ്പിച്ച ചരിത്രവും അയാള്‍ക്കുണ്ട്. വന്ദേമാതരം ആലപിക്കുന്ന മുസ്ലിങ്ങളെ കാഫിര്‍ ആയി മുദ്രകുത്തുന്നു. പീര്‍സാദ കല്‍ക്കത്ത മേയറായ ഫിര്‍ഹാദ് ഹിന്ദുക്കളുടെ ദുര്‍ഗ്ഗപൂജയില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിനും ചാര്‍ത്തിക്കൊടുത്തു കാഫിര്‍ പട്ടം. തൃണമൂല്‍ എം.പിയും മുന്‍ നടിയുമായ നുസ്രത്ത് ജഹാനെ 'ശരീരം പ്രദര്‍ശിപ്പിച്ച് കാശുണ്ടാക്കുന്നവള്‍' എന്നാണ് സിദ്ദീഖി അധിക്ഷേപിച്ചത്. അവരെ മരത്തില്‍ കെട്ടിയിട്ട് തൊഴിക്കണമെന്നു ഫുര്‍ഫുറ ശരീഫിലെ പീര്‍സാദ ആവശ്യപ്പെടുകയും ചെയ്തു.

ഹിന്ദു ഏകീകരണത്തിന്റെ രാഷ്ട്രീയവഴികള്‍ 

അബ്ബാസ് സിദ്ദീഖിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ സങ്കുചിതത്വവും ശ്രദ്ധിക്കേണ്ടതാണ്. മുഖ്യമന്ത്രി മമത ബാനര്‍ജിയോട് അയാള്‍ക്കുള്ള ഏറ്റവും വലിയ വിരോധത്തിന്റെ വേരുകള്‍ കിടക്കുന്നത് ഹിന്ദുക്കളുടെ മതപരമായ ആവശ്യങ്ങളോട് അവര്‍ അനുഭാവം പുലര്‍ത്തുന്നു എന്നതിലാണ്. ദുര്‍ഗ്ഗ പൂജ കമ്മിറ്റികള്‍ക്ക് തൃണമൂല്‍ സര്‍ക്കാര്‍ ധനസഹായം നല്‍കിയതു പോലുള്ള സംഭവങ്ങള്‍ സിദ്ദീഖിയും കൂട്ടരും എടുത്തുകാട്ടുന്നു. ഇതുപോലുള്ള ആനുകൂല്യങ്ങള്‍ മുസ്ലിങ്ങള്‍ക്കു നല്‍കിയതിലേക്ക് കൈചൂണ്ടിയാണ് സംസ്ഥാനത്ത് ഹിന്ദുത്വശക്തികള്‍ വളര്‍ന്നതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, മമതയുടെ ദുര്‍ഗ്ഗപൂജ ഫണ്ടിംഗിന്റെ പിന്നിലുള്ളത് ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കടന്നുകയറ്റത്തിന്റെ പ്രതിരോധമാണെന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഭരണകൂടം മുസ്ലിം പ്രശ്‌നങ്ങള്‍ മാത്രം ശ്രദ്ധിക്കുകയും അവയ്ക്ക് പരിഹാരം കാണുന്നതില്‍ സവിശേഷ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യണമെന്നതാണ് ഐ.എസ്.എഫ് മേധാവിയുടെ  നിലപാട്. ദളിത്-ആദിവാസി വിഭാഗങ്ങളെക്കൂടി തന്റെ പാര്‍ട്ടി ഉള്‍ക്കൊള്ളുന്നു എന്നു പറയുന്ന സിദ്ദീഖി ആ ജനവിഭാഗങ്ങള്‍ അനേകം നൂറ്റാണ്ടുകളായി അനുഭവിക്കുന്ന പീഡനങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും അറുതിവരുത്താന്‍ ഭരണകൂടം വല്ല നടപടികളും കൈക്കൊണ്ടോ എന്നു അന്വേഷിക്കാറുപോലുമില്ല.

ഇത്തരം ഒരു മതപുരോഹിതന്‍ സത്തയില്‍ വര്‍ഗ്ഗീയമായ ഒരു പാര്‍ട്ടിയുമായി സമൂഹമദ്ധ്യത്തിലിറങ്ങിയപ്പോള്‍ അയാളെ വാരിപ്പുണരാന്‍ പശ്ചിമ ബംഗാളില്‍ ചില മതേതര പാര്‍ട്ടികള്‍ മുന്നോട്ടുവന്നു എന്നത് വിസ്മയകരമെന്നതുപോലെ പരിതാപകരവുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിനേയും ഭാരതീയ ജനതപാര്‍ട്ടിയേയും നേരിടാന്‍ ഏത് മതോന്മാദ-വര്‍ഗ്ഗീയ കൂട്ടായ്മകളുടേയും സഹകരണം തേടാം എന്ന തത്ത്വം ഉത്തരവാദിത്വബോധമുള്ള സെക്യുലര്‍ പാര്‍ട്ടികള്‍ പിന്തുടര്‍ന്നുകൂടാത്തതാണ്. പക്ഷേ, ബംഗാളിലെ ഇടതുപക്ഷത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും അബ്ബാസ് സിദ്ദീഖിയേയും ഐ.എസ്.എഫിനേയും കൂടെകൂട്ടുന്നതില്‍ മനസ്സാക്ഷിക്കുത്തുകളും അനുഭവപ്പെട്ടു കാണുന്നില്ല.

ശ്രദ്ധേയമായ ഒരേയൊരു അപവാദം കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളില്‍ ഒരാളായ ആനന്ദ് ശര്‍മ്മയാണ്. വര്‍ഗ്ഗീയതയുടെ ഒരു പ്രതിനിധാനത്തെ (ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭൂരിപക്ഷ വര്‍ഗ്ഗീയതയെ) തോല്‍പ്പിക്കാന്‍ വര്‍ഗ്ഗീയതയുടെ മറ്റൊരു പ്രതിനിധാനത്തെ (ഐ.എസ്.എഫിന്റെ ന്യൂനപക്ഷ വര്‍ഗ്ഗീയതയെ) ഒപ്പം കൂട്ടുന്നത് അപകടകരമാണ് എന്നു ചൂണ്ടിക്കാട്ടിയ ശര്‍മ, ഗാന്ധിയുടേയും നെഹ്‌റുവിന്റേയും മതനിരപേക്ഷതാ സങ്കല്‍പ്പങ്ങളോച് ഒരുതരത്തിലും ഒത്തുപോകാത്തതാണ് അതെന്നു തുറന്നടിക്കുകയും ചെയ്തു.

അബ്ബാസ് സിദ്ദീഖിയുടെ പാര്‍ട്ടിക്ക് ഇടതുപക്ഷത്തോടും കോണ്‍ഗ്രസ്സിനോടും മാത്രമല്ല രാഷ്ട്രീയ ബാന്ധവമുള്ളത്. അസദുദ്ദീന്‍ ഒവൈസിയുടെ അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന തീവ്ര വര്‍ഗ്ഗീയ കക്ഷിയോടും അതിനു ആഴത്തിലുള്ള സൗഹൃദമുണ്ട്. യഥാര്‍ത്ഥത്തില്‍ സിദ്ദീഖിയുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ആദ്യം ശ്രമിച്ചത് ഒവൈസിയാണ്. ആന്ധ്രയിലേയും തെലങ്കാനയിലേയും മഹാരാഷ്ട്രയിലേയും മുസ്ലിം മേഖലകളില്‍ ഒതുങ്ങിയിരുന്ന ഒവൈസിയുടെ പാര്‍ട്ടി 2020-ല്‍ ബീഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഏതാനും സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. ബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് ആ നാളുകളില്‍ത്തന്നെ ഒവൈസി വ്യക്തമാക്കിയിരുന്നതാണ്. അബ്ബാസ് സിദ്ദീഖി രാഷ്ട്രീയപ്പാര്‍ട്ടി രൂപവല്‍ക്കരണത്തിനു കോപ്പുകൂട്ടുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ മജ്ലിസിന്റെ നേതാവ് മുസ്ലിം വികാരമെന്ന മൂലധനവുമായി ഫുര്‍ഫുറയിലെ പീര്‍സാദയുമായി ബന്ധപ്പെട്ടത് സ്വാഭാവികം.

മാര്‍ച്ച് 27 മുതല്‍ എട്ടു ഘട്ടങ്ങളിലായി പടിഞ്ഞാറന്‍ ബംഗാളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ നാല് കക്ഷികള്‍ രംഗത്തുണ്ട്-ദീദിയുടെ തൃണമൂലും ബി.ജെ.പിയും ഇടതുപക്ഷ-കോണ്‍ഗ്രസ് സഖ്യവും ആ സഖ്യത്തോട് സഹകരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രന്റും. സെക്യുലര്‍ ഫ്രന്റിന്റെ അതേ തരംഗദൈര്‍ഘ്യം സൂക്ഷിക്കുന്ന മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനുമുണ്ട് ഗോദയില്‍.

ഇമ്മട്ടിലൊരു രാഷ്ട്രീയ സിനാറിയോ വംഗനാട്ടില്‍ ഉരുത്തിരിഞ്ഞുവന്നതില്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്നത് ഭാരതീയ ജനത പാര്‍ട്ടിയാകാനാണ് സാധ്യത. ബീഹാറില്‍ ഇത്തിഹാദുല്‍ മുസ്ലീമിന്റെ രംഗപ്രവേശം കൊണ്ട് കൂടുതല്‍ നേട്ടം കൊയ്തത് ആ പാര്‍ട്ടിയായിരുന്നു. ഹിന്ദു ഏകീകരണം സുഗമമാക്കാന്‍ ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം ബി.ജെ.പിയെ അവിടെ വലിയ തോതില്‍ സഹായിച്ചു. ഇപ്പോള്‍ ബംഗാളില്‍ അബ്ബാസ് സിദ്ദീഖിയുടെ ഐ.എസ്.എഫും ഒവൈസിയുടെ  മജ്ലിസും കളത്തിലിറങ്ങുമ്പോള്‍ വോട്ട് വിഹിതത്തിന്റേയും സീറ്റുകളുടെ എണ്ണത്തിന്റേയും ഗ്രാഫില്‍ ഉയര്‍ച്ച രേഖപ്പെടുത്തുക മോദിയുടെ പാര്‍ട്ടിയായിരിക്കുമെന്നു വിലയിരുത്താന്‍ സാമാന്യബുദ്ധി മാത്രം മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com