സംഘപരിവാറിന്റെ മുഖ്യശത്രു ഇടതുപക്ഷം

സമീപകാലത്ത് രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങളും കടന്നാക്രമണങ്ങളും ഏറ്റവുമധികം നേരിട്ട നേതാവാണ് ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുമുള്ള എ. വിജയരാഘവന്‍
എ വിജയരാഘവൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
എ വിജയരാഘവൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

മീപകാലത്ത് രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങളും കടന്നാക്രമണങ്ങളും ഏറ്റവുമധികം നേരിട്ട നേതാവാണ് ഇടതുമുന്നണി കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുമുള്ള കേന്ദ്രക്കമ്മിറ്റി അംഗവുമായ എ. വിജയരാഘവന്‍. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ മുസ്ലിം വിരുദ്ധമായി വ്യാഖ്യാനിച്ചു നടത്തിയ ആക്രമണമാണ് ഇതില്‍ പ്രധാനം; അലകള്‍ അടങ്ങിയിട്ടുമില്ല. നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണരംഗത്തേക്ക് ഉന്നംപിടിച്ചു കാത്തുവച്ചിരിക്കുന്ന അമ്പുകളിലൊന്ന് അതുതന്നെ. ''എല്ലാ വിമര്‍ശനങ്ങള്‍ക്കും വേണമെങ്കില്‍ മറുപടി പറയാം. പക്ഷേ, അതിന്റെ ആവശ്യമുണ്ടോ അതുകൊണ്ടു കാര്യമുണ്ടോ എന്നതാണ്. നമ്മുടെ മുഖ്യശത്രു സംഘപരിവാറും അവരുടെ അക്രമോത്സുകമായ കരുത്തും വര്‍ഗ്ഗീയ രാഷ്ട്രീയവും തന്നെയാണ്. മറിച്ചുള്ള നുണപ്രചരണങ്ങളില്‍ നിസ്സഹായരാണ്. പക്ഷേ, വിമര്‍ശിക്കപ്പെടേണ്ട ഘടകങ്ങള്‍ എവിടെ രൂപപ്പെട്ടാലും അതിനെ തീക്ഷ്ണമായി വിമര്‍ശിക്കുകതന്നെ ചെയ്യും.'' വിജയരാഘവന്‍ വ്യക്തമാക്കുന്നു. 

പുതിയ ആക്രമണങ്ങളും ആരോപണങ്ങളും സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ഉയരുന്നത് ഭരണത്തുടര്‍ച്ച ഒരു കാരണവശാലും ഉണ്ടാകാതിരിക്കാനാണ്  എന്ന ഇടതുമുന്നണിയുടെ വിമര്‍ശനം എങ്ങനെയാണ് വിശദീകരിക്കുക? 

കേരളത്തിന്റെ രാഷ്ട്രീയഘടനയില്‍ സുപ്രധാനമായ ഒരു ഘട്ടമാണിത്. ഇന്ത്യയുടെ ദേശീയസാഹചര്യത്തില്‍നിന്നു വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുകയാണ് ഈ എല്‍.ഡി.എഫ് ഗവണ്‍മെന്റ് ചെയ്തത്. അത് ജനാഭിമുഖ്യമുള്ള നയങ്ങളും നിലപാടുകളും എന്ന ഗുണപരമായ മാറ്റമാണ്. പൂര്‍ണ്ണമായും ഒരു കോര്‍പ്പറേറ്റ് അനുകൂല ഇന്ത്യയെ രൂപകല്പന ചെയ്യുന്നതാണ് കേന്ദ്രഗവണ്‍മെന്റ് നയങ്ങളുടെ ദിശ. അതിനുള്ള എല്ലാ വിഭവങ്ങളും എല്ലാ പൊതുസമ്പത്തും അവരുടെ കയ്യിലുണ്ട്. ഇതു രണ്ടും സംയോജിപ്പിച്ചാണ് അവര്‍ നീങ്ങുന്നത്. അതിനു വിരുദ്ധമായി ഇവിടെ, ലോകത്തും ഇന്ത്യയിലും നടക്കുന്ന ഈ മുതലാളിത്ത അനുകൂല നിലപാടുകളുടെ എതിര്‍ഭാഗത്ത് സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ വലിയ ഇടിവു സംഭവിക്കുന്നുണ്ട്. ആ സാധാരണ മനുഷ്യരെ അഭിമുഖീകരിച്ചുകൊണ്ട് നമുക്ക് സമൂഹത്തിന്റെ പൊതുവികസനം മെച്ചപ്പെടുത്താനാകുമോ എന്ന അന്വേഷണമാണ് ഇടതുപക്ഷവും സംസ്ഥാന ഗവണ്‍മെന്റും നടത്തുന്നത്. സ്വാഭാവികമായും സാധാരണ മനുഷ്യരുടെ താല്പര്യം സംരക്ഷിക്കുക എന്നത് സൂക്ഷ്മതല വികസനമാണ്. എന്നാല്‍, നമ്മുടെ പൊതു ഇടങ്ങളെ സംരക്ഷിക്കുക എന്നത് വിപുലമായ വികസനമാണ്. ഒന്ന് മൈക്രോ ലെവലും മറ്റൊന്ന് മാക്രോ ലെവലും. ഇതു രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു വികസന സമീപനം സ്വീകരിക്കാനായി എന്നതാണ് ഈ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. അതു മാത്രമല്ല, ഇവിടെ ആളുകളെ വേര്‍തിരിക്കുന്ന വിഭജനരേഖ ഡിജിറ്റല്‍ ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. നിങ്ങള്‍ക്ക് ഈ ഡിജിറ്റല്‍ ഭാഷ അറിയുമോ എന്നത് വളരെ പ്രധാന ചോദ്യമായി മാറുന്നു. ആധുനിക സാങ്കേതികവിദ്യ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അറിയുമോ എന്ന ചോദ്യം. ഇതു വളരെ ചുരുക്കി അതിസമ്പന്നര്‍ക്കു മാത്രം ഒരുക്കിക്കൊടുക്കുകയാണ് ദേശീയതലത്തിലെ നയം. എന്നാല്‍, ഇത് അതിവിപുലമാക്കി അതിസാധാരണക്കാരന് എത്തിച്ചുകൊടുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ബദല്‍ രാഷ്ട്രീയം തന്നെയാണ് അഞ്ചു വര്‍ഷം കേരളത്തില്‍ നടപ്പാക്കിയത്. രാജ്യത്തെ ഏറ്റവും മികവാര്‍ന്ന ഭരണനിര്‍വ്വഹണം ഇവിടെ നടന്നു. അഴിമതി ഇല്ലാത്ത ഒരുകാലം; മതനിരപേക്ഷമായ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ന്നുനിന്നു. ഒപ്പം, കേരളത്തെ വളരെ പ്രയാസകരമായ ഒരുകാലത്തെ അതിജീവിക്കാന്‍ പ്രാപ്തമാക്കി എന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവം തെളിയിച്ചത്. അതിന്റെ അനുഭവ പശ്ചാത്തലത്തില്‍ ജനവിശ്വാസം ഇടതുപക്ഷത്തിനൊപ്പമാണ് എന്ന ഉറപ്പുള്ളതുകൊണ്ടുകൂടിയാണ് 'ഉറപ്പാണ് ഇടതുപക്ഷം' എന്ന മുദ്രാവാക്യം വയ്ക്കുന്നത്. ഇത്തരം നല്ല കാര്യങ്ങളോട് ഒരിക്കലും കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഒത്തുപോകാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ ഈ ഗവണ്‍മെന്റിനെ ശത്രുവായി കാണുന്നത്. 

ഭരണപരമായ നേട്ടങ്ങളുടെ അഞ്ചു വര്‍ഷമാണ് കടന്നുപോയത് എന്ന് അവകാശപ്പെടുന്നു. പക്ഷേ, രാഷ്ട്രീയമായി ഈ ഗവണ്‍മെന്റിന് എന്തുകൊണ്ട് തുടര്‍ച്ചയുണ്ടാകണം എന്നാണ് വാദിക്കുന്നത്? 

ഇന്ത്യന്‍ രാഷ്ട്രീയം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് അത്. ഇന്ത്യന്‍ രാഷ്ട്രീയഘടനയുടെ ഇന്നത്തെ പ്രത്യേകത അത് ദേശീയ സ്വാതന്ത്ര്യസമരത്തിലെ ശരിയായ മൂല്യങ്ങളുടെ എതിര്‍ദിശ കൈകാര്യം ചെയ്തിരുന്നവരുടെ കൈകളില്‍ എത്തി എന്നതാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പ്രത്യേകത എല്ലാവരേയും ഉള്‍ക്കൊള്ളല്‍ ആയിരുന്നു. എല്ലാവരേയും ഒന്നിപ്പിച്ചുകൊണ്ട് നമുക്കു ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യാം, നമുക്കൊരുമിച്ച് സ്വതന്ത്ര ഇന്ത്യയില്‍ നല്ല നിലയില്‍ ജീവിക്കാനുള്ള വഴി കണ്ടെത്താം എന്നതായിരുന്നു. അതാണല്ലോ സ്വാതന്ത്ര്യസമരത്തിനു പിന്നിലെ ഉള്‍ക്കാഴ്ച. നമ്മുടെ ഇന്ത്യ എന്ന തിരിച്ചറിവ്. അതേസമയം ആ ഇന്ത്യയെ ഭിന്നിപ്പിച്ച് അതിലെ ഭൂരിപക്ഷ ഹിന്ദുത്വത്തെ മുന്നോട്ടു കൊണ്ടുപോവുക, ന്യൂനപക്ഷം വിരോധം പ്രകടിപ്പിക്കുക, പ്രത്യേകിച്ചും മുസ്ലിം സമൂഹത്തോടുള്ള വിദ്വേഷം ഉയര്‍ത്തിപ്പിടിക്കുക- ഇതായിരുന്നു ദേശീയ സ്വാതന്ത്ര്യസമരത്തിലെ പ്രതിലോമ ധാര. ആ പ്രതിലോമ ധാരയ്ക്കു സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മേധാവിത്വം കിട്ടി. ഇന്ന് അവരുടെ കയ്യിലാണ് കാര്യങ്ങള്‍ വന്നെത്തിയിരിക്കുന്നത്. അവര്‍ക്ക് അതു സാധിച്ചത് കോണ്‍ഗ്രസ് സ്വീകരിച്ച സാമ്പത്തിക നയങ്ങളും അവസരവാദ രാഷ്ട്രീയ നിലപാടുകളും കാരണമാണ്. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയില്‍നിന്ന് ഇവര്‍ക്കു മുന്നോട്ടു വരാന്‍ കഴിഞ്ഞു. സംഘപരിവാറിന്റെ നേതൃത്വത്തില്‍ അതിനുള്ള രാഷ്ട്രീയ ശക്തിയായി ബി.ജെ.പിയെ രൂപപ്പെടുത്തി. വളരെ അപകടകരമായ ഒരു ഭരണം ഇന്ത്യയില്‍ നടക്കുകയാണ്. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയും ഗവണ്‍മെന്റുമല്ല, പിന്നില്‍ നില്‍ക്കുന്ന സംഘപരിവാറാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന അപകടകരമായ സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. അതിന് ഒരു സാമ്പത്തിക നയമുണ്ട്. അത് കോര്‍പ്പറേറ്റ് അനുകൂലമാണ്. അത്തരം ഒരു സാഹചര്യത്തിന്റെ രാഷ്ട്രീയത്തെ എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. ആ എതിര്‍പ്പിന്റെ രാഷ്ട്രീയം കേരളത്തില്‍നിന്ന് ആരംഭിക്കുകയാണ്. അതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത. അതൊരു പൊളിറ്റിക്‌സ് മുന്നോട്ടുവയ്ക്കുന്നുണ്ട്, ഒരു ബദല്‍ രാഷ്ട്രീയമാണത്. ആ ബദല്‍ രാഷ്ട്രീയം ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തുന്ന തീവ്രഹിന്ദുത്വത്തിന്റെ രാഷ്ട്രീയവും അതിന്റെ ഭാഗമായ കോര്‍പ്പറേറ്റ്, തീവ്ര മുതലാളിത്ത അനുകൂല രാഷ്ട്രീയവുമായി നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്; ലോകത്താകമാനം ഇന്നു വ്യാപിച്ചുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ പ്രതിനിധികളുമായാണ് ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഈ ബദല്‍ രാഷ്ട്രീയം ഏറ്റുമുട്ടുന്നത്. നിഷേധാത്മക രാഷ്ട്രീയത്തെ മുറിച്ചുകടക്കാനുള്ള ജനങ്ങളുടെ ആത്മവിശ്വാസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നുണ്ട് കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്റ്. അതുകൊണ്ടുതന്നെ ഈ ഗവണ്‍മെന്റിനു തുടര്‍ച്ചയുണ്ടാകേണ്ടത് ആ ബദല്‍ രാഷ്ട്രീയം ശക്തിപ്പെടാന്‍ കൂടി അനിവാര്യമാണ്.

എ വിജയരാഘവൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
എ വിജയരാഘവൻ/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

യു.ഡി.എഫിന്റെ ആക്രമണം മുഖ്യമായും സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും എതിരേയാണ്; അവര്‍ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും മൃദുവായി മാത്രം ആക്രമിക്കുന്നു എന്നാണ് സി.പി.എമ്മിന്റെ വിമര്‍ശനം. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ബി.ജെ.പിയില്‍ പോകാതിരിക്കാന്‍ വിജയം അത്യാവശ്യമാണ് എന്ന മട്ടില്‍ മറുഭാഗത്തു പ്രചരണം നടക്കുന്നു. ഈ സാഹചര്യം എല്‍.ഡി.എഫ് എങ്ങനെയാണ് ഉപയോഗപ്പെടുത്തുക? 

പൊയ്ക്കാലില്‍ കെട്ടിപ്പൊക്കിയ ഒരു നേതൃത്വനിരയാണ് കേരളത്തിലെ കോണ്‍ഗ്രസ്. സ്വന്തം നിലപാട് എന്നത് മറ്റു പല ഘടകങ്ങളുമായി കൂട്ടിച്ചേര്‍ത്താണ് അവര്‍ എല്ലായ്പോഴും രൂപപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ കേരളത്തിന്റെ പൊതു രാഷ്ട്രീയഘടനയില്‍ അവര്‍ക്കു വ്യക്തിത്വമില്ല. അവരുടെ വ്യക്തിത്വം വിമോചന സമരത്തിന്റേയാണ്. അവരുടെ വ്യക്തിത്വം ഏതെങ്കിലും പ്രത്യേക കാലത്തിന്റെ തീവ്ര മതവൈകാരികതയോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും സാമൂഹിക വൈകാരികതയോ ആയി ബന്ധപ്പെട്ടതാണ്. കേരളത്തെ സംബന്ധിക്കുന്ന മൗലിക വിഷയങ്ങളില്‍ അവര്‍ക്കു വ്യക്തതയില്ല. മാത്രമല്ല, അധികാരത്തില്‍ വരുമ്പോഴെല്ലാം അഴിമതിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ ജനകീയ അടിത്തറ ശുഷ്‌കമാണ്. ശുഷ്‌കമായ ബഹുജന അടിത്തറയില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് നിലപാടുകള്‍ വച്ചുകൊണ്ടു മുന്നോട്ടു പോകാന്‍ കഴിയില്ല. അവര്‍ അവസരവാദപരമായ രാഷ്ട്രീയധാരണകളെക്കുറിച്ചു തീവ്രമായി ചിന്തിക്കുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ബി.ജെ.പിയുമായി ഒരു സ്ഥിര സൗഹൃദം കോണ്‍ഗ്രസ്സിനുണ്ട്. അവരുടെ ദേശീയ സ്ഥിതിയില്‍ അതില്ല. ഇവിടെ 1991 മുതല്‍ ഉണ്ട്. വിവിധ ഘട്ടങ്ങളില്‍ അവര്‍ ഇ.എം.എസ്സിന് എതിരേയും എ.കെ.ജിക്ക് എതിരേയും ആര്‍.എസ്.എ.സ് അനുകൂലികളെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. അതിന്റെ സ്വാഭാവിക തുടര്‍ച്ചയായിരുന്നു 1991-ലെ കോലീബി സഖ്യം. അതിന്റെ പൂര്‍ണ്ണത എത്തിയ രൂപമുണ്ടാക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. മുഖ്യരാഷ്ട്രീയ ശത്രുവായി കേരളത്തില്‍ ബി.ജെ.പിയെ കാണുന്നില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കോണ്‍ഗ്രസ്സിന്റെ ഇത്തരം സമീപനങ്ങള്‍മൂലം അവര്‍ എല്ലായിടത്തും തകര്‍ച്ച നേരിടുകയാണ്. ഒരു സീറ്റുപോലും ബി.ജെ.പി ജയിക്കാത്ത പോണ്ടിച്ചേരിയില്‍ അഞ്ചു വര്‍ഷംകൊണ്ട് അവര്‍ക്ക് കോണ്‍ഗ്രസ്സിനെ തകര്‍ത്ത് മേധാവിത്വം സ്ഥാപിക്കാന്‍ കഴിഞ്ഞു. കേരളത്തിലും കോണ്‍ഗ്രസ്സിന്റെ ബഹുജനാടിത്തറയെ വലിയ തോതില്‍ റാഞ്ചിയെടുക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ അപകടത്തില്‍പ്പെട്ട കോണ്‍ഗ്രസ് സ്വന്തം എം.എല്‍.എമാരെ സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. നൂറിലധികം എം.എല്‍.എമാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കാലുമാറി. ലോകചരിത്രത്തില്‍ത്തന്നെ ഏതെങ്കിലുമൊരു ജനാധിപത്യ രാജ്യത്ത് അത്യപൂര്‍വ്വമായ സംഭവമാണിത്. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് വര്‍ഗ്ഗീയ സ്വഭാവമുള്ള പാര്‍ട്ടിയിലേക്ക് ദീര്‍ഘകാലം രാജ്യം ഭരിച്ച മതേതര രാഷ്ട്രീയ കക്ഷിയില്‍നിന്ന് സാമാജികരും നേതാക്കളും ഒഴുകുന്നു. സ്വന്തം നിലനില്‍പ്പുതന്നെ അപകടത്തിലാണ് എന്ന് കോണ്‍ഗ്രസ്സിനു തോന്നലുണ്ടാകും. അതുകൊണ്ടുതന്നെ ബി.ജെ.പിയിലേക്കുള്ള ആകര്‍ഷണീയതയാണ് അവരെ നയിക്കുന്ന ഒരു ഘടകം. അത്തരം ഒരു പാര്‍ട്ടിയാണ് സി.പി.എമ്മിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ആരു വിചാരിച്ചാലും കോണ്‍ഗ്രസ്സിനു തകര്‍ച്ചയില്‍നിന്നു സംരക്ഷണം കൊടുക്കാന്‍ കഴിയില്ല. സ്വന്തമായി വ്യക്തിത്വമില്ലാത്ത ഒരു പാര്‍ട്ടിക്കു വന്നുചേരാവുന്ന സ്വാഭാവികമായ ഒരു തകര്‍ച്ചയാണ് കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ ഇപ്പോള്‍ കാണുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ നില്‍ക്കുമ്പോള്‍, ഭരണത്തിലെ തിരുത്താമായിരുന്ന ഏതെങ്കിലും വീഴ്ചകളെക്കുറിച്ച് പാര്‍ട്ടിയും മുന്നണിയും സ്വയംവിമര്‍ശനപരമായി ചിന്തിക്കുന്നുണ്ടോ. തുറന്നു പറഞ്ഞില്ലെങ്കിലും അത് പ്രചാരണത്തിലോ നിലപാടുകളിലോ പ്രതിഫലിക്കുമോ? 

ഗവണ്‍മെന്റ് അഭിമുഖീകരിച്ച പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഇതിനെ കാണേണ്ടത്. അതിഭീകരമായ ലോകസാമ്പത്തിക തകര്‍ച്ചയുടെ കാലത്താണ് ഈ ഗവണ്‍മെന്റ് കേരളം ഭരിച്ചത്. കേന്ദ്രഗവണ്‍മെന്റ് എല്ലാ ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടുകയല്ലാതെ ജനോപകാരപ്രദമായ ഒന്നും ചെയ്യുന്നില്ല. ഗവണ്‍മെന്റ് ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നതിനു തെളിവാണ് ഈ വിലവര്‍ദ്ധിപ്പിക്കല്‍. സ്വന്തം വരുമാനങ്ങള്‍ അവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യമായി കൊടുത്തുകഴിഞ്ഞു. ദൈനംദിന ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ എല്ലാ ദിവസവും ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നു. അങ്ങനെയൊരു കേന്ദ്ര ഗവണ്‍മെന്റ് ജനപക്ഷ നടപടികളില്ലാതെ നിര്‍ജ്ജീവാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് നമ്മള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഒരു രാജ്യം എന്ന നിലയില്‍ എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളുടേയും പ്രതിഫലനം കേരളത്തിലും ഉണ്ടാകും. പിന്നെ, മഹാരോഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ എന്നിവയുടെ ആവര്‍ത്തനം. ഇത്തരം അതിസങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ അവയെ അതിജീവിക്കാന്‍ എടുക്കുന്നവയാണ് കേരള ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍. അതിലെന്തെങ്കിലും കുറവുകളുണ്ട് എന്നു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ തയ്യാറാണ്. പക്ഷേ, അടിസ്ഥാനപരമായി അത്തരം ചെറിയ പിഴവുകള്‍ സംഭവിക്കുന്നുണ്ടെങ്കില്‍പ്പോലും അതിനെ വിപുലമായ പ്രശ്‌നങ്ങളുടെ കാന്‍വാസില്‍ കാണണം. ഗവണ്‍മെന്റ് ഏറ്റെടുത്തു പരിഹരിച്ച പ്രശ്‌നങ്ങളുടെ അളവും ഗൗരവവും മനസ്സിലാക്കിയാല്‍ ഈ ഗവണ്‍മെന്റിന് എന്തെങ്കിലും വലിയ പിഴവുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ കഴിയില്ല. പ്രതിപക്ഷവും കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമങ്ങളും എല്ലായ്പോഴും നടത്തുന്ന കുപ്രചരണങ്ങള്‍ നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ഗവണ്‍മെന്റ് വളരെ കാര്യക്ഷമതയോടെയാണ് പ്രവര്‍ത്തിച്ചുവന്നത്.

വലിയ വെല്ലുവിളികള്‍ നേരിട്ട ഈ അഞ്ചു വര്‍ഷം പ്രതിപക്ഷം രാഷ്ട്രീയമായി സര്‍ക്കാരിനെ എതിര്‍ത്തുകൊണ്ടിരുന്നു എന്നാണല്ലോ സി.പി.എം വിമര്‍ശനം. ഇത് തെരഞ്ഞെടുപ്പു പ്രചരണവിഷയമാകുമോ? 

പ്രതിപക്ഷം എന്ന നിലയില്‍ അവര്‍ സ്വീകരിച്ചത് നിഷേധാത്മക സമീപനമാണ് എന്നാണല്ലോ വ്യക്തമാകുന്നത്. ഈ പ്രതിപക്ഷം ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ സ്വന്തം നിലപാടില്ലാത്തവരാണ്. അവരുടെ നിലപാടുതറ എപ്പോഴും ബി.ജെ.പിയുടേതു തന്നെയാണ്. സാമ്പത്തിക നയം ഒന്നുതന്നെയാണ്. തീവ്രഹിന്ദുത്വവും മൃദുഹിന്ദുത്വവും എന്ന വ്യത്യാസം മാത്രമേ ആ വിഷയത്തില്‍ അവര്‍ തമ്മിലുള്ളൂ. സ്വാഭാവികമായും ഇടുങ്ങിയ ചിന്ത മാത്രമുള്ള പ്രതിപക്ഷത്തിനു മൗലികമായി പ്രശ്‌നങ്ങളെ വിശകലനം ചെയ്ത് ഒരു അഭിപ്രായത്തിലെത്താന്‍ കഴിയില്ല. ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും, സമൂഹത്തെ ബാധിച്ചിട്ടുള്ള പ്രകൃതിദുരന്തം ഉണ്ടാകുമ്പോഴും അവര്‍ ആലോചിക്കുന്നത് എങ്ങനെ ഇതുപയോഗിച്ച് ഇടതുപക്ഷ ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്താമെന്നും ദുര്‍ബ്ബലപ്പെടുത്താമെന്നുമാണ്. അതൊരു പ്രവര്‍ത്തന ശൈലിയാണ്. സമൂഹത്തിലെ സാധാരണക്കാരോട് പ്രതിബദ്ധത ഇല്ലാത്ത സമ്പന്നാനുകൂല നിലപാടിന്റെ ഉല്പന്നമാണ് അവരുടെ ഈ പൊതുബോധം. അവര്‍ക്ക് അങ്ങനെതന്നെയേ ചിന്തിക്കാന്‍ കഴിയുകയുള്ളൂ. അത് ഞങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകതന്നെ ചെയ്യും.

മുസ്ലിം വിരുദ്ധനും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന ആളുമാണെന്നു വരുത്താനുള്ള ശ്രമത്തിനു മറുപടി എന്താണ്? 

തീവ്ര ഹിന്ദുത്വത്തെയാണ് സി.പി.എം ഏറ്റവും ശക്തമായി എതിര്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം; യാതൊരു സംശയവുമില്ല അതില്‍. അത് ഭൂരിപക്ഷത്തിന്റെ വര്‍ഗ്ഗീയതയാണ്. ചരിത്രാനുഭവങ്ങളിലൂടെയാണ് നമ്മള്‍ കാര്യങ്ങളെ കാണുന്നത്. കേവലമായി മുന്നില്‍ വന്ന അനുഭവങ്ങള്‍ മാത്രല്ല അത്. ചരിത്രപരമായ കാഴ്ചപ്പാടില്‍ വസ്തുതകളെ വിശകലനം ചെയ്യുമ്പോള്‍ തീവ്ര ഹിന്ദുത്വത്തിന്റെ ആപത്ത് എപ്പോഴും ഭീതിജനകമായ അവസ്ഥയിലായിരുന്നു. ആ വിഷയം ഗൗരവപൂര്‍ണ്ണമായി ചര്‍ച്ച ചെയ്യുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ നാനാവിധ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. അത് സമൂഹത്തില്‍ വരുത്തുന്ന നാനാവിധത്തിലുള്ള അക്രമോത്സുകതയുണ്ട്. അതു ചരിത്രത്തേയും സംസ്‌കാരത്തേയും പൊതുബോധ നിര്‍മ്മിതിയേയും നമ്മുടെ അഭിരുചികളേയുമൊക്കെ ഇന്ന് വലിയ തോതില്‍ കടന്നാക്രമിക്കുകയാണ്. ഭക്ഷണശീലങ്ങളെ വിമര്‍ശിക്കുകയാണ്. ആധുനിക സാംസ്‌കാരിക മൂല്യങ്ങളെയാണ് അത് കടന്നാക്രമിക്കുന്നത്. സ്വാഭാവികമായും നമ്മുടെ രാഷ്ട്രീയം രൂപപ്പെടുത്തുക അതിനോടുള്ള വിമര്‍ശനത്തിലാണ്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ മാനിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നു. അത് മാറ്റമില്ലാത്ത നിലപാടാണ്. പക്ഷേ, മതനിരപേക്ഷതയില്‍ ഊന്നിനിന്നുകൊണ്ട് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ചെറുക്കുന്നതിനു നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ പരമാവധി ശ്രമിക്കുന്ന വിധത്തിലാണ് ഈ പറഞ്ഞ ന്യൂനപക്ഷ വര്‍ഗ്ഗീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ വര്‍ഗ്ഗീയമായി സംഘടിക്കലാണ് മൗലികാവകാശം എന്ന് അവര്‍ വാദിക്കാന്‍ ശ്രമിക്കുന്നു. വര്‍ഗ്ഗീയത ഞങ്ങളുടെ മൗലികാവകാശമാണ്, പൊതുധാരയിലേക്കു ഞങ്ങളില്ല; അതു പരസ്യമായി പറയാന്‍ മടിയുമില്ല എന്ന് ഇവര്‍ പറയുകയാണ്. സംഘപരിവാറിനെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ചേര്‍ന്നു ശ്രമിച്ചെങ്കിലേ അവരെ തോല്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ, ആ പൊതുധാരയില്‍ ഞങ്ങള്‍ വരുന്നില്ല, ആരും പോകരുത് എന്നാണ് ഇവര്‍ പറയുന്നത്. ഇത്തരം അപകടകരമായ ഒരു ആശയനിര്‍മ്മിതി നമുക്ക് ആലോചിക്കാനേ പറ്റില്ല. വിമര്‍ശിക്കുമ്പോഴുള്ള അവരുടെ പെരുമാറ്റം കണ്ടല്ലോ. അതിലും അത്ഭുതപ്പെടേണ്ട കാര്യമില്ല. പറയുന്നതിനിടയില്‍ ഒരു വാക്കിന്റെ ഉപയോഗത്തില്‍ ഒരു ക്ഷതം വന്നാല്‍ അതിന്റെ പേരില്‍ കോലാഹലം സൃഷ്ടിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. അതുവഴി അവരുടെ ഉദ്ദേശ്യം വ്യക്തമാക്കപ്പെടുകയാണ്. ഞങ്ങളുടെ നിലപാട് തീവ്ര ഹിന്ദുത്വവിരുദ്ധമല്ല എന്ന തോന്നല്‍ ആ പ്രസംഗം കേള്‍ക്കുന്ന ഒരാളിലും ഉണ്ടാക്കില്ല. തെറ്റുപറ്റിയതാണെന്നു മനസ്സിലാകും. അടുത്ത വാചകത്തില്‍ അതു സ്വാഭാവികമായിത്തന്നെ തിരുത്തുന്നുമുണ്ട്. അവിടെയാണ് മനസ്സിലാക്കേണ്ടത്. തങ്ങള്‍ വര്‍ഗ്ഗീയമായാണ് ചിന്തിക്കുന്നതെന്ന് ഇവര്‍ വ്യക്തമാക്കിത്തരികയാണ്. അങ്ങനെയേ പ്രതീക്ഷിക്കാവൂ. പക്ഷേ, നമ്മുടെ മുഖ്യശത്രു സംഘപരിവാറും അവരുടെ അക്രമോത്സുകമായ കരുത്തും തന്നെയാണ്. ഇത്തരം നുണപ്രചരണങ്ങളില്‍ നമ്മള്‍ നിസ്സഹായരാണ്. പക്ഷേ, വിമര്‍ശിക്കപ്പെടേണ്ട ഘടകങ്ങള്‍ അവിടെ രൂപപ്പെട്ടാല്‍ അതിനെ തീക്ഷ്ണമായി വിമര്‍ശിക്കുകതന്നെ ചെയ്യും. 

മുസ്ലിം വിരുദ്ധനാണ് എന്ന വ്യാപക പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലേ? 

തീവ്രഹിന്ദുത്വത്തെ തുറന്നു കാണിക്കുന്നതിനൊപ്പം ഇവരുടെ നിലപാടില്ലായ്മയും അവസരവാദവും നമ്മള്‍ ചൂണ്ടിക്കാണിക്കും. അപ്പോള്‍ അസഹിഷ്ണുത ഉണ്ടാകും. അസഹിഷ്ണുതയില്‍നിന്നു വരുന്നതാണ് ഈ കുപ്രചരണം. ഞങ്ങള്‍, പാര്‍ട്ടിയോ വ്യക്തിപരമായി ഞാനോ അതിനെ ഭയപ്പെടുന്നില്ല. ഉയര്‍ന്നുവരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും വേണമെങ്കില്‍ മറുപടി പറയാം. പക്ഷേ, അതിന്റെ ആവശ്യമുണ്ടോ, അതുകൊണ്ടു കാര്യമുണ്ടോ എന്നതാണ്. ഈ രാഷ്ട്രീയത്തെ കൃത്യമായി ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. വെറുതേ പറയുന്നതല്ല ഒന്നും. ഇവരൊക്കെ അതിജീവന വെല്ലുവിളി നേരിടുന്നവരാണ്. അധികാരം ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല എന്ന വലിയ പ്രശ്‌നം ലീഗ് ഇന്ന് അഭിമുഖീകരിക്കുന്നു. അത്തരം സംഘടനകള്‍ സ്വാഭാവികമായും കൂടുതല്‍ മതാധിഷ്ഠിത കാഴ്ചപ്പാടിലേക്കു പോകും, അതാണ് ഈ ബന്ധത്തിന് ഇടയാക്കുന്ന പ്രധാന കാരണം. 

മുന്നണിയെ നയിക്കുന്ന സി.പി.എമ്മാണല്ലോ സീറ്റുവിഭജനത്തില്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. ആ വിട്ടുവീഴ്ച രാഷ്ട്രീയമായി എത്രത്തോളം ഗുണകരമാണ്? 

ഇടതുമുന്നണി ജയിക്കുക എന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഞങ്ങളുടെയൊരു സീറ്റ്; അല്ലെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റ് എന്നതിനല്ല. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ ഒരു ഓറിയന്റേഷനുണ്ട്. അത് അതിപ്രധാനമാണ്. വളരെ പുരോഗമനപരമായി ചിന്തിക്കുന്ന ഒരുപാടു മനുഷ്യരുണ്ട് ഇന്ത്യയില്‍. ഈ കാണുന്നതൊന്നുമല്ല ഇന്ത്യ. എല്ലായിടത്തും പുരോഗമന മനസ്സുള്ളവരുണ്ട്. ഈ ഇടം ഉപയോഗപ്പെടുത്താനുള്ള സംഘടന ഇപ്പോഴില്ല. എല്ലാ പ്രദേശത്തും കുറേശ്ശേക്കുറേശ്ശേയായി ചിതറിക്കിടക്കുന്ന ഒന്നിനെ ഒരുമിപ്പിക്കുക എന്നതു പ്രധാനമാണ്. അതിന്റെ ഭാഗമായിരുന്നു ബംഗാളിലും ത്രിപുരയിലുമുണ്ടായിരുന്ന ഇടതുപക്ഷ ഗവണ്‍മെന്റുകള്‍. വളരെ ബോധപൂര്‍വ്വം അവയെ അട്ടിമറിച്ചു. വിരുദ്ധന്മാര്‍ ശ്രമിക്കുന്നത് കേരളത്തില്‍ക്കൂടി ഞങ്ങളെ അട്ടിമറിക്കാനാണ്. അതിനെ ചെറുത്തു തോല്‍പ്പിക്കുക പ്രധാനമാണ്. ആ പ്രക്രിയയില്‍ നമുക്ക് ഒന്നോ രണ്ടോ സീറ്റുകള്‍ പോകുന്നതൊന്നും പ്രശ്‌നമല്ല. മുന്നണി വിപുലപ്പെടുത്തുമ്പോള്‍ എല്ലാ പാര്‍ട്ടികളും അവര്‍ക്ക് അനുയോജ്യമായ വിധത്തില്‍ സീറ്റുകള്‍ കൊടുക്കണം; സി.പി.എം കുറച്ചുകൂടുതല്‍ കൊടുക്കേണ്ടി വരും. പക്ഷേ, മുന്നണിയില്‍ അതൊരു വിഷയമേ അല്ല. എല്‍.ഡി.എഫില്‍ അതൊരു പ്രയാസവും ഉണ്ടാക്കുന്നില്ല. ഈ മുഴുവന്‍ കക്ഷികളേയും ഉള്‍ക്കൊണ്ടുകൊണ്ട് നല്ല നിലയില്‍ എല്‍.ഡി.എഫിനു മികച്ച ഒരു പാനല്‍ വച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റും.

സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീപ്രാതിനിധ്യം കുറയുന്നതും രണ്ടു ടേം മാനദണ്ഡത്തിന്റെ പേരില്‍, വിജയം ഉറപ്പുള്ള ചില നേതാക്കളെ മത്സരിപ്പിക്കാതിരിക്കുന്നതും പി.കെ. ജമീല, ആര്‍. ബിന്ദു എന്നിവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വന്നതും സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ ചര്‍ച്ചയായല്ലോ. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍  പിഴവുകളുണ്ടായോ? 

ഇവരെല്ലാം സമൂഹത്തില്‍ പൊതുപ്രവര്‍ത്തനരംഗത്തുള്ളവരാണ്. പൊതുപ്രവര്‍ത്തന രംഗത്തുള്ളപ്പോള്‍ത്തന്നെ ജോലിയെടുത്തു ജീവിച്ച, ജീവിക്കുന്ന ആള്‍ക്കാരാണ്. തൊഴില്‍ചെയ്തു ജീവിക്കുന്നതിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി. കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്ക് ഈ തീരുമാനങ്ങളെ ന്യായീകരിക്കാന്‍, അവരെ ന്യായീകരിക്കാന്‍ പോകേണ്ട കാര്യമില്ല; അവര്‍ അവരുടെ സ്വന്തം വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ടവരാണ്. എന്റെ ഭാര്യ എന്ന പേരില്‍ ബിന്ദു ഒരിടത്തും ഒരു പരിഗണനയ്ക്കും ശ്രമിക്കാറില്ല. അവരെ അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞേക്കും. അതൊന്നും കാര്യമാക്കേണ്ടതില്ല. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രക്കമ്മിറ്റി അംഗവുമാണല്ലോ. വിമര്‍ശിക്കാന്‍ കാരണം കാത്തിരിക്കുന്നവര്‍ക്ക് അതൊന്നും അന്വേഷിക്കുക കൂടി വേണ്ട. ഒന്നും ചെയ്തില്ലെങ്കിലും ന്യായമായ കാര്യങ്ങള്‍ ചെയ്താലും വിമര്‍ശിക്കുന്നവരുണ്ട്. ബിന്ദു കേരളവര്‍മ്മ കോളേജിലെ ഉയര്‍ന്ന തസ്തികയിലെത്തിയത് അവിടുത്തെ സീനിയര്‍ മോസ്റ്റ് അദ്ധ്യാപിക ആയതിനാലാണ്. വേറെ ഒരാളെ, ജൂനിയറായ ഒരാളെ അതിനു പകരം വയ്ക്കാന്‍ പറ്റുമോ. അതിനെതിരെ എത്ര വാര്‍ത്തകള്‍ വന്നു. കമ്യൂണിസ്റ്റു വിരുദ്ധര്‍ ഏതു മാധ്യമം ഉപയോഗിച്ചും നമ്മളെ ആക്രമിച്ചുകൊണ്ടേയിരിക്കും. അതില്‍ വേവലാതിപ്പെട്ടിട്ടു കാര്യമില്ല. സമൂഹത്തില്‍ ഇതൊക്കെയുണ്ടാകും. വസ്തുതകളെ ഉള്‍ക്കൊള്ളുന്നതിനു പകരം തെറ്റായ പ്രചരണത്തിനു സമൂഹമാധ്യമം ഉപയോഗിക്കുന്നവര്‍ കുറേയുണ്ട്. അതൊക്കെ സമൂഹം വളരെ വേഗം തിരിച്ചറിയും. കമ്യൂണിസ്റ്റു വിരുദ്ധര്‍ എപ്പോഴും ഇങ്ങനെയൊക്കെയേ ചിന്തിക്കുകയുള്ളൂ, അതാണ് സംഗതി.

സ്ത്രീകളുടെ പ്രാതിനിധ്യം സി.പി.എം സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഒരു കാരണവശാലും കുറഞ്ഞിട്ടില്ല. പാര്‍ട്ടി പുറത്തുവിടുന്നതിനു മുന്‍പേ ചിലര്‍ പ്രചരിപ്പിച്ച പട്ടികയിലാണ് കുറവ്. വളരെ മാതൃകാപരമായ പാനലാണ് സി.പി.എമ്മിന്റേത്. ഒരിക്കലും യു.ഡി.എഫിനു തുല്യനിലയില്‍ നേരിടാന്‍ കഴിയാത്തവിധം ഗംഭീരമാണ് അത്. കമ്യൂണിസ്റ്റു പാര്‍ട്ടിക്കു മാത്രം കഴിയുന്ന വിധമാണ് അതു തയ്യാറാക്കിയത്. മറ്റൊന്ന് രണ്ടു ടേമിന്റെ കാര്യമാണ്. കമ്യൂണിസ്റ്റുകാര്‍ ചിലപ്പോള്‍ നിയമസഭയിലും പാര്‍ലമെന്റിലും എത്തും. അവിടെ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. പക്ഷേ, അവിടമാണ് പ്രധാനമെന്നും ഈ സ്ഥാനങ്ങളില്ലെങ്കില്‍ നമുക്കൊന്നും ചെയ്യാനാകില്ല എന്നുമുള്ള പരാജയബോധത്തിലേക്കും ചെന്നെത്തുന്ന സ്ഥിതിയല്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ നിയമസഭയിലും പാര്‍ലമെന്റിലുമൊക്കെ പ്രവര്‍ത്തിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സാധാരണക്കാര്‍ക്കുവേണ്ടി സമര്‍പ്പിതമായതാണ് കമ്യൂണിസ്റ്റു ജീവിതം. അതില്‍ യാതൊരു സംശയവുമില്ല. ആ മൂല്യബോധത്തെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ഉയര്‍ത്തിപ്പിടിക്കുന്നത്. അത് ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിക്കും അതു കഴിയില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തെരഞ്ഞെടുപ്പു വിജയത്തിനു കാരണമായി ഇതു മാറും. 

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം പ്രാദേശിക വിഷയങ്ങളിലേക്കാള്‍ ഉപരി രാഷ്ട്രീയ വിജയമായിരുന്നോ. അതിന്റെ തുടര്‍ച്ചയാണോ പ്രതീക്ഷിക്കുന്നത്? 

തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രവണത സാധാരണയായി ഭരിക്കുന്ന ഗവണ്‍മെന്റിനെതിരെ ഉണ്ടാകാറുള്ള ഭരണവിരുദ്ധ വികാരം ഉണ്ടായില്ല എന്നതാണ്. ഞങ്ങള്‍ക്കെതിരായി സംഘപരിവാറും കമ്യൂണിസ്റ്റുവിരുദ്ധ മാധ്യമങ്ങളും കേന്ദ്ര ഏജന്‍സികളും യു.ഡി.എ   ഫും ജമാഅത്തെ ഇസ്ലാമിയും ഉള്‍പ്പെടെ വലതുപക്ഷ ഐക്യമുണ്ടാക്കി. അതാണ് ആ തെരഞ്ഞെടുപ്പിനെ കൂടുതല്‍ പ്രസക്തമാക്കിയത്. അതിനെ അതിജീവിക്കാന്‍ കഴിഞ്ഞു. മികച്ച വിജയമുണ്ടായി. പ്രത്യേകിച്ചും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്കുശേഷം എല്‍.ഡി.എഫ് കുതിച്ചു തിരിച്ചുവന്ന തെരഞ്ഞെടുപ്പായി മാറി. പക്ഷേ, എല്ലായ്പോഴും എതിരാളികളുടെ കുതന്ത്രങ്ങളേയും കുടിലബുദ്ധികളേയും ചുരുക്കി കാണുന്നില്ല. കേന്ദ്രത്തിലെ ബി.ജെ.പി, ആര്‍.എസ്.എസ് ഭരണത്തിന്റെ മുഖ്യശത്രു ഞങ്ങളാണ്. ഞങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ അവര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. പക്ഷേ, അവര്‍ക്ക് ഇവിടെനിന്നു കാലുമാറ്റി ആളെപ്പിടിക്കാനൊന്നും കഴിയില്ല. പോണ്ടിച്ചേരിയില്‍ അവസാനിക്കും. ഇവിടേക്കു കയറ്റിക്കൊണ്ടു വരാന്‍ പറ്റില്ല. അതുകൊണ്ട് അവര്‍ തകര്‍ക്കാന്‍ ശ്രമിക്കും. അതിനെതിരെ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. ആ ജാഗ്രതയിലാണ് സി.പി.എം അതിന്റെ ഈ തെരഞ്ഞെടുപ്പിലെ സമീപനത്തെ രൂപപ്പെടുത്തുന്നത്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രതീക്ഷവച്ചും രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഉപയോഗപ്പെടുത്തിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള യു.ഡി.എഫ് ശ്രമത്തെ എങ്ങനെ കാണുന്നു? 

ഒന്നിനേയും ലളിതവല്‍ക്കരിക്കാനാകില്ല. ഞങ്ങള്‍ എപ്പോഴും ജാഗ്രതയില്‍ത്തന്നെയാണ് വിഷയങ്ങളെ കാണുന്നത്. പക്ഷേ, ഒരു ജനതയെ ആകെ പറ്റിക്കുകയാണ് യു.ഡി.എഫും യു.ഡി.എഫ് അനുകൂല മാധ്യമങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചെയ്തത്. ജനങ്ങള്‍ ഇപ്പോഴതു തിരിച്ചറിയുന്നുണ്ട്. ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയുമായി ബന്ധപ്പെട്ട് അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. പ്രധാനമന്ത്രിയാകും എന്ന പ്രചരണമാണ് നടത്തിയത്. പക്ഷേ, പ്രതിപക്ഷ നേതാവു പോലുമായില്ല എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നിലാണ് അവരുള്ളത്. ആ നിലയിലൊരു താരമൂല്യം രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴുണ്ടെന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. രാഷ്ട്രീയേതര വിഷയങ്ങള്‍ മുന്നിലേക്കു കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും; അവരെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ക്കും അതില്‍ താല്പപ്പര്യമുണ്ടായിരിക്കും. പക്ഷേ, രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വിധിയെഴുത്തു നടത്തും. 

അഞ്ചു വര്‍ഷത്തെ ഈ ഇടതുപക്ഷ ഭരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നടക്കാത്ത വികസനക്കുതിപ്പിന്റേയും സാമൂഹിക സുരക്ഷയുടേയും സാധാരണ ജനങ്ങളുടെ ജീവിതാവസ്ഥകളെ മെച്ചപ്പെടുത്താന്‍ എടുത്ത മുന്‍കയ്യുടേയും പേരില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തും. അതിദുര്‍ഘടമായ ഒരുകാലത്തെ അതിജീവിച്ചവര്‍ എന്ന കേരളീയരുടെ അഭിമാനബോധമുണ്ട്. അതു ലോകമാകെയുള്ള മലയാളികള്‍ക്കുള്ളതാണ്. ഈ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലൂടെ രൂപപ്പെടുത്തിയതാണ് അത്. ഈ പ്രതിസന്ധികാലത്തെ അതിജീവിക്കാന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയൊക്കെ മുന്നോട്ടുവച്ചിട്ടുള്ള, കേരളത്തിന്റെ എല്ലാ മൗലികപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകുന്ന പൊതുകാഴ്ചപ്പാടിനെ പ്രയോഗത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ വിജയം സവിശേഷമായ സാഹചര്യത്തില്‍ കേരളത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും അതിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പ്രധാനമാണ്. ആ നിലയ്ക്കുതന്നെയാണ് കേരളം ഈ വിഷയങ്ങളെ ചര്‍ച്ച ചെയ്യുന്നത്. ഇടതുപക്ഷത്തെ അപകടപ്പെടുത്താന്‍ കളവുകള്‍ പ്രചരിപ്പിക്കുകയാണ്. അസത്യങ്ങളും അപവാദങ്ങളും സംയോജിപ്പിച്ച ഒരു പ്രചരണരീതിയാണ് ഉപയോഗിക്കുന്നത്. ആ പ്രചരണരീതി ഇത്തവണ ജയിക്കില്ല. വസ്തുതകള്‍ ജനങ്ങള്‍ക്കറിയാം. മുഖ്യമന്ത്രി ജനങ്ങളുടെ മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് അദ്ദേഹം പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്റേയും ഒരു പ്രതീകമായി മാറുന്നു. ജാഗ്രതയോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com