സി.പി.എം ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്ത കേരളം

കേരള രാഷ്ട്രീയത്തില്‍ മുന്‍പെന്നത്തേക്കാളേറെ ലീഗ് ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണിത് 
ഡോ. എംകെ മുനീർ
ഡോ. എംകെ മുനീർ

കേരള രാഷ്ട്രീയത്തില്‍ മുന്‍പെന്നത്തേക്കാളേറെ ലീഗ് ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണിത്. യു.ഡി.എഫിനെ ആക്രമിക്കുക എന്നതില്‍നിന്ന് മുസ്ലിംലീഗിനേയും ആക്രമിക്കുക എന്ന തന്ത്രത്തിലേക്ക് സി.പി.എമ്മും ബി.ജെ.പിയും ഊന്നുന്നുണ്ട്. ഒരുപക്ഷേ, കോണ്‍ഗ്രസ്സിനെ ആക്രമിക്കുന്നതിനേക്കാളേറെ ലീഗ് ആക്രമണത്തിനു കേന്ദ്രമാകുന്നു. മതേതര കക്ഷിയെന്ന നിലയിലുള്ള ലീഗിന്റെ അസ്തിത്വത്തെ അവര്‍ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, യു.ഡി.എഫിന്റെ ഭരണത്തിലേക്കുള്ള തിരിച്ചുവരവില്‍ മുസ്ലിംലീഗ് വഹിക്കുന്ന പങ്ക് ചെറുതല്ല. ലീഗ് മുന്നോട്ടുവെച്ച രാഷ്ട്രീയമാതൃക മുസ്ലിം സമുദായത്തിലെ മറ്റു സംഘടനകളും ഏറെക്കുറെ അംഗീകരിക്കുന്ന കാലം കൂടിയാണിത്. പ്രസക്തിയേറുന്നു എന്നു പറയുമ്പോള്‍ത്തന്നെ മുന്‍പത്തേക്കാള്‍ പ്രതിസന്ധിയും ലീഗ് ഈ തെരഞ്ഞെടുപ്പില്‍ നേരിടുന്നുണ്ട്. അതിനാല്‍ വിജയം ഉറപ്പാക്കുക എന്നതിനോടൊപ്പം തന്നെ തങ്ങള്‍ക്കു നേരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കേണ്ടിയും വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്ലിംലീഗുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ ഉപനേതാവും മുസലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡോ. എം.കെ. മുനീര്‍ സംസാരിക്കുന്നു.

എന്താണ് ഈ തെരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍  മുസ്ലിംലീഗിനു പറയാനുള്ളത്? 

നമ്മുടെ സോഷ്യല്‍ ഫാബ്രിക്കില്‍ ഇടതുപക്ഷം ഭയങ്കരമായ വിള്ളലുകള്‍ വീഴ്ത്തി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍-ജാതി, ഉപജാതി ഇതിനെയൊക്കെയെടുത്ത് ഉപയോഗിക്കുകയായിരുന്നു അവര്‍ ചെയ്തത്. ഓരോ ഉത്തരവുകള്‍ ഇറക്കുമ്പോഴും അവര്‍ക്ക് ഒരു ലക്ഷ്യമുണ്ട്- ആ ആളുകളെ കൂടെ നിര്‍ത്തുക എന്നുള്ളത്. പക്ഷേ, അത് മറ്റു വിഭാഗങ്ങള്‍ക്കുണ്ടാക്കുന്ന വിഷമമോ പ്രയാസമോ അവര്‍ കണക്കിലെടുത്തില്ല. ഒരു പാര്‍ട്ടിയുടെ സെക്രട്ടറി പദവിയിലിരിക്കുന്ന, മുന്നണിയുടെ കണ്‍വീനറായി ഇരിക്കുന്നയാള്‍ തന്നെ വര്‍ഗ്ഗീയത സംസാരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇതുപോലെ തെരഞ്ഞെടുപ്പിനുവേണ്ടി ജാതിയേയും മതത്തേയും ഉപയോഗിച്ച ഒരുകാലം മുന്‍പുണ്ടായിട്ടില്ല. ശബരിമല മുതല്‍ നോക്കിക്കഴിഞ്ഞാല്‍ അറിയാം. സത്യത്തില്‍ എന്തിനാണ് ശബരിമല വിഷയത്തില്‍ വിശ്വാസികളേയും അവിശ്വാസികളേയും തമ്മില്‍ അകറ്റിയത്. സ്ത്രീകളേയും പുരുഷന്മാരേയും ആശയക്കുഴപ്പത്തിലാക്കിയത് എന്തിനാണ്. അവര്‍ക്കുതന്നെ അറിയില്ല. എന്നിട്ടവര്‍ ആ മുഴുവന്‍ കാര്യത്തിലും പിന്നോട്ട് പോയി. അത്രയും സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമുണ്ടാക്കി കേരളത്തിലെ സാമൂഹ്യാന്തരീക്ഷം തച്ചുതകര്‍ത്ത ശേഷം പിന്നോട്ട് പോയിട്ട് കാര്യമില്ലല്ലോ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ക്കത് ഒരു പാഠമായി. ജനങ്ങളതിനു മറുപടി കൊടുത്തു. 
അന്നവര്‍ പറഞ്ഞത് സര്‍ക്കാറിനെ സംബന്ധിച്ച് കോടതിവിധി നടപ്പാക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല എന്നാണ്. സത്യത്തില്‍ കോടതിവിധി വന്ന പശ്ചാത്തലം പോലും ജനങ്ങള്‍ക്ക് മുന്നില്‍ മറച്ചുവെക്കുകയായിരുന്നു. സര്‍ക്കാര്‍ തന്നെ കൊടുത്ത ഒരു സത്യവാങ്മൂലമാണ് ഇതിനു മുഴുവന്‍ കാരണമായത്. കോടതി എപ്പോഴും നോക്കുന്നത് ഒരു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്താണ് പറയുന്നത് എന്നതാണ്. അല്ലാതെ കോടതിക്ക് ഇവിടുത്തെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കണം എന്നൊന്നുമുണ്ടാവില്ല. അതു തകര്‍ക്കുക എന്ന ഉദ്ദേശ്യത്തില്‍ത്തന്നെയാണ് ഇവര്‍ സത്യവാങ്മൂലം കൊടുത്തത്. ഇപ്പോള്‍ അവര്‍ പറയുന്നത് എല്ലാം നോക്കിയതിനുശേഷമേ നമ്മള്‍ ചെയ്യുകയുള്ളൂ എന്നാണ്. അവരിപ്പോള്‍ സംസാരിക്കുന്നത് ഭക്തന്മാരുടെ കാര്യമാണ്. ഒരു സമുദായത്തിന്റെ പുരോഗതി ആ സമുദായത്തില്‍നിന്നുതന്നെ ഉണ്ടായി വരേണ്ടതാണ്. സ്റ്റേറ്റ് മതകാര്യങ്ങളില്‍ അമിതമായി കയറി ഇടപെടേണ്ടതില്ല. അങ്ങനെ ഇവര്‍ കത്രികകൊണ്ട് മുറിച്ചുകളഞ്ഞിട്ടുള്ള സാമൂഹ്യാന്തരീക്ഷം, മതങ്ങള്‍ക്കിടയിലുണ്ടാക്കിയിട്ടുള്ള വിള്ളലുകള്‍ ഇതൊക്കെ തുന്നിച്ചേര്‍ക്കണ്ടതാണ്. കത്രികയുടെ ദൗത്യമാണ് അവര്‍ നിര്‍വ്വഹിച്ചതെങ്കില്‍ സൂചിയുടേയും നൂലിന്റേയും ദൗത്യമാണ് ഐക്യജനാധിപത്യ മുന്നണിക്കുള്ളത്. വരും നാളുകളില്‍ ഇതെല്ലാം തുന്നിച്ചേര്‍ത്ത് ഒരു സൗഹൃദ അന്തരീക്ഷം തിരിച്ചുകൊണ്ടുവരണം.

യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ മുസ്ലിംലീഗാണ് ഭരിക്കുക എന്ന തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്? 

മുസ്ലിംലീഗ് മുഖ്യമന്ത്രിയാകും എന്ന പ്രചാരണം സ്ഥാനത്തോ അസ്ഥാനത്തോ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല. കേരളം ഒരു മുസ്ലിം ഭരണപ്രദേശമാകാന്‍ പോകുന്നു എന്നു മറ്റു സമുദായങ്ങളില്‍ എന്തിനാണിങ്ങനെ ഭയപ്പാടുണ്ടാക്കുന്നത്? ഇനി കേരളം ഭരിക്കാന്‍ പോകുന്നത് എം.എം. ഹസ്സന്‍  കുഞ്ഞാലിക്കുട്ടി - അമീര്‍ അച്ചുതണ്ടാണ് എന്നാണ് പറയുന്നത്. അമീറിനെന്താണ് കേരള രാഷ്ട്രീയത്തില്‍ കാര്യം. അപ്പോള്‍ അമീറിനെ വലിച്ചിഴച്ചുകൊണ്ടുവരുന്നത് ഒരു മതരാഷ്ട്രവാദത്തിലേക്ക് പോകുന്നു എന്നു കാണിക്കാനാണ്. എന്നാല്‍, എല്‍.ഡി.എഫ് ഇതിനെയെല്ലാം ഉപയോഗിച്ചിട്ടുമുണ്ട്. എ. വിജയരാഘവനോട് ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനമെന്താണ് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നത് അവരുടെ വോട്ട് വേണ്ട എന്നൊന്നും ഞങ്ങള്‍ പറയില്ല എന്നാണ്. അപ്പോള്‍ ഇവിടെ ഇവര്‍ക്കൊരു നീതി, മുസ്ലിംലീഗിനു വേറൊരു നീതി, കോണ്‍ഗ്രസ്സിനു മറ്റൊരു നീതി എന്ന രീതിയിലാണ് ഇവരെപ്പോഴും സംസാരിക്കുക. ഇവര്‍ കഴിഞ്ഞകാലങ്ങളില്‍ മുഴുവന്‍ ജമാഅത്തെ വോട്ട് വാങ്ങി എന്നുമാത്രമല്ല, ഈയടുത്തു നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലടക്കം എത്രയോ സ്ഥലങ്ങളില്‍ ഭരണപങ്കാളിത്തം ഉണ്ടാക്കിയിട്ടുമുണ്ട്. അതേസമയം യു.ഡി.എഫ് വന്നാല്‍ മുസ്ലിങ്ങളാണ് കൈകാര്യം ചെയ്യുക എന്നു പറയുന്നവര്‍ തന്നെ ബി.ജെ.പിയില്‍നിന്നു സംരക്ഷണം തരുന്നത് ഞങ്ങളാണ് എന്ന തോന്നല്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടാക്കി കൊടുക്കാനും നോക്കുകയാണ്.

മുസ്ലിംലീഗ് അങ്ങനെയൊരു ആവശ്യം ഒരുകാലത്തും ഉയര്‍ത്തിയിട്ടില്ല. മുസ്ലിംലീഗ്  നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിട്ടുണ്ട്. അന്ന് ഏതെങ്കിലും വാതില്‍പ്പടിയില്‍ പോയി മുട്ടിയതു കൊണ്ട് മുസ്ലിംലീഗിനെ മുഖ്യമന്ത്രിയാക്കിയതല്ല. എല്ലാ മതേതര പ്രസ്ഥാനങ്ങളും ഇങ്ങോട്ട് വന്നു നിങ്ങള്‍ നയിക്കണം എന്നു പറഞ്ഞപ്പോഴാണ് ലീഗ് ആ സ്ഥാനം ഏറ്റെടുക്കുന്നത്. അതിനുവേണ്ടി ഒരു ചരടുവലിയും മുസ്ലിംലീഗ് ആ സമയത്ത് നടത്തിയിട്ടില്ല. അന്നത്തെ കോണ്‍ഗ്രസ്സും ജനതാദളും ഒക്കെ ചേര്‍ന്ന് എടുത്ത ഒരു തീരുമാനത്തിന്റെ ഭാഗമായിരുന്നു അത്. അതുകഴിഞ്ഞ് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടാനുള്ള കാരണം, മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി പിന്നീട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു മന്ത്രിപദവിയിലേക്ക് പോകണ്ട എന്നു കരുതി കെ. കരുണാകരന്‍ ഉണ്ടാക്കിയ മറ്റൊരു ഫോര്‍മുലയാണ്. ഉപമുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് എന്റെ പിതാവിന്റെ മരണം. അപ്പോള്‍ അതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് അവ്വുഖാദര്‍കുട്ടി നഹ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയാകുന്നത്. അതൊക്കെ ഐക്യകണ്‌ഠ്യേ എടുത്ത തീരുമാനമാണ്. അതുംകഴിഞ്ഞ് മുസ്ലിംലീഗിനു വേണമെങ്കില്‍ ആ അവകാശവാദം നിലനിര്‍ത്തി പോരാമായിരുന്നല്ലോ. കാരണം അന്നത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റോടെ പിന്നീട് മുസ്ലിംലീഗ് ജയിച്ചിട്ടുണ്ട്. 20 സീറ്റുകളില്‍ വരെ മുസ്ലിംലീഗ് ജയിച്ച സന്ദര്‍ഭമുണ്ടായിട്ടുണ്ട്. അന്നൊന്നും ഞങ്ങള്‍ അങ്ങനെയൊരു അവകാശവാദം ഉന്നയിച്ചിട്ടില്ലല്ലോ. 

ഇപ്പോഴും അങ്ങനെയൊരു അവകാശവാദം മുസ്ലിംലീഗ് ഉന്നയിച്ചിട്ടില്ല. മറ്റുള്ള സമൂഹങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും പിന്തുണയോടുകൂടി അവരെടുക്കുന്ന തീരുമാനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്നല്ലാതെ ഉപമുഖ്യമന്ത്രി ഉണ്ടാക്കാന്‍ വേണ്ടിയല്ല മുസ്ലിംലീഗ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ഭരണം തിരിച്ചുകൊണ്ടുവരാനാണ്. പ്രഥമലക്ഷ്യം ഇടതുപക്ഷത്തെ താഴെയിറക്കി ഭരണം തിരിച്ചുകൊണ്ടുവരികയാണ്.

രമേശ് ചെന്നിത്തലയും എംകെ മുനീറും യുഡിഎഫ് റാലിയിൽ
രമേശ് ചെന്നിത്തലയും എംകെ മുനീറും യുഡിഎഫ് റാലിയിൽ

നേരത്തെ സൂചിപ്പിച്ചതുപോലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ന്യൂനപക്ഷത്തേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും കുറിച്ചുള്ള പരാമര്‍ശങ്ങളെ എങ്ങനെ കാണുന്നു? 

ന്യൂനപക്ഷ വര്‍ഗ്ഗീയതയാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയെക്കാള്‍ അപകടകരം എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ജവഹര്‍ലാല്‍ നെഹ്റുവൊക്കെ പറഞ്ഞതിന് എതിരാണ്. 

നെഹ്റു എന്നും പറഞ്ഞിട്ടുള്ളത് ഭൂരിപക്ഷ വര്‍ഗ്ഗീയതയെയാണ് നമ്മള്‍ കൂടുതല്‍ ഭയപ്പെടേണ്ടത് എന്നാണ്. കാരണം ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് ഭരണം കൊണ്ടുവരാന്‍ പറ്റും. അതാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടന്നിട്ടുള്ളത്. ഭൂരിപക്ഷ വര്‍ഗ്ഗീയത ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയപ്പോഴുള്ള അപകടം നമ്മള്‍ കണ്ടല്ലോ. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക് എല്ലാം കൈപ്പിടിയിലൊതുക്കുന്ന ഒരവസ്ഥ ഉണ്ടാക്കാന്‍ പറ്റില്ല. പക്ഷേ, ഇതു രണ്ടും അപകടകരമാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതയാണ് വലുത് ഭൂരിപക്ഷ വര്‍ഗ്ഗീയത ചെറുത് എന്നു പറയുന്നതു ശരിയല്ല. ഇതു പരസ്പരപൂരകമാണ്. ന്യൂനപക്ഷത്തിനിടയില്‍ തീവ്രവാദം വളര്‍ന്നുകഴിഞ്ഞാല്‍ അതു ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്ക് വളരാനുള്ള ആക്കം കൂട്ടും. അതുകൊണ്ടാണ് മുസ്ലിംലീഗ് എന്നും ന്യൂനപക്ഷ തീവ്രവാദത്തെ എതിര്‍ത്തിട്ടുള്ളത്. തീവ്രവാദ ശക്തികള്‍ക്കെതിരെ എന്നും ശക്തമായ നിലപാട് എടുത്തിട്ടുള്ള പ്രസ്ഥാനമാണ് മുസ്ലിംലീഗ്. 

പി.ഡി.പി, എസ്.ഡി.പി.ഐ, എന്‍.ഡി.എഫ്. പോപ്പുലര്‍ ഫ്രണ്ട് തുടങ്ങി ഏത് സംഘടനയും വളര്‍ന്നുവരുന്ന സമയത്ത് തന്നെ അതിനെ മറ്റു മതസംഘടനകളുടെ കൂടെനിന്നു ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. കേരളത്തിലുണ്ടായ സവിശേഷമായ ഒരു സാഹചര്യം മതസംഘടനകള്‍ മതതീവ്രവാദത്തിനെതിരെ നിലകൊണ്ടു എന്നുള്ളതാണ്. സുന്നികളും മുജാഹിദുകളുമടക്കം ഒറ്റക്കെട്ടായിനിന്നാണ് മതതീവ്രവാദത്തിനെതിരെയുള്ള ക്യാംപെയ്ന്‍ നടത്തിയത്. മുസ്ലിംലീഗും അതിന്റെ കൂടെ നിന്നിട്ടുണ്ട്. പൊളിറ്റിക്കലി മുസ്ലിംലീഗിന്റെ ഒരു ദൗത്യമായിരുന്നു അത്. ഇന്നും ഞങ്ങള്‍ ആ നിലപാടിനു മാറ്റം വരുത്തിയിട്ടില്ല. പക്ഷേ, എന്തുകൊണ്ട് ഇപ്പോഴും വളരുന്നു എന്നു ചോദിച്ചാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വരുമ്പോഴൊക്കെ വേദികളില്‍ കയറ്റി ഇവരെ ലെജിറ്റിമൈസ് ചെയ്തിട്ടുണ്ട്.

എസ്.ഡി.പി.ഐയെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുസ്ലിംലീഗിനെ ഇല്ലാതാക്കാന്‍ ഏതു വര്‍ഗ്ഗീയ ശക്തിയോടും തീവ്രവാദത്തോടും അവര്‍ കൂടും. മുസ്ലിംലീഗ് എന്ന പൊളിറ്റിക്കല്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയാല്‍ മാത്രമേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നിലനില്‍പ്പുള്ളൂ. കാരണം മുസ്ലിംലീഗ് എപ്പോഴും മതേതരത്വം പറയും. മതേതരത്വം പറയുന്ന ഒരു പ്രസ്ഥാനം ഇവിടെ ഉണ്ടെങ്കില്‍ മുസ്ലിം സമുദായം അതിലേയ്ക്ക് പോകും. അതിനൊപ്പം മറ്റു മതവിശ്വാസികളും നില്‍ക്കും. അതു രാഷ്ട്രീയമായി ഇടതുപക്ഷത്തിനു നഷ്ടമാണ്. ഈ രണ്ട് വര്‍ഗ്ഗീയതയേയും കത്തിച്ച് നിര്‍ത്തിയാലെ ഇവര്‍ക്ക് നില്‍ക്കാന്‍ പറ്റൂ. ഒരു ഭാഗത്ത് കത്തിച്ചുകൊടുക്കുക, ഇപ്പുറത്ത് വന്നു ഞങ്ങളാണ് ബദല്‍ എന്നു പറയുക. ഇവരുടെ രണ്ട് കക്ഷത്തിലും ന്യൂനപക്ഷ തീവ്രവാദവും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഉണ്ട്.

പോളറൈസേഷന്‍ നടത്തിയാലെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പറ്റൂ എന്ന ഒരവസ്ഥ കേരളത്തിലുണ്ടോ? 

ഇടതുപക്ഷം ലാഘവത്തില്‍ രാഷ്ട്രീയത്തെ കണ്ടതിന്റെ ഫലമായി കേരളത്തില്‍ വന്നുവന്ന് ത്രികോണ മത്സരമായി. പണ്ട് എല്‍.ഡി.എഫും. യു.ഡി.എഫും തമ്മിലല്ലേ മത്സരം. 

ശരിക്കുപറഞ്ഞാല്‍ കണ്ണൂര്‍ ജില്ലയിലുണ്ടാക്കുന്ന സി.പി.എം-ആര്‍.എസ്.എസ് അക്രമങ്ങള്‍ പോലും പ്ലാന്‍ഡ് ആണ്. ഇപ്പുറത്ത് അടിക്കുക, അപ്പുറത്ത് ശ്രീ എമ്മിനെ കൂട്ടി അവര്‍ ഒന്നാകുക. 

പി. ജയരാജന്‍ പറഞ്ഞത് ഒരു തരത്തിലുള്ള വിദ്വേഷവും മനസ്സില്‍ വെച്ച് നടക്കുന്നവരല്ല ഞങ്ങള്‍ എന്നാണ്. എന്തൊരു ഹിപ്പോക്രസിയാണത്. എത്ര കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷിക്കുന്ന ഒരാളാണത്. അദ്ദേഹം പറയുകയാണ് ഞാന്‍ വിദ്വേഷം മനസ്സില്‍ കൊണ്ടുനടക്കുന്ന ആളല്ല എന്ന്. 

പോളറൈസേഷന്‍ ഉണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. കോണ്‍ഗ്രസ് മുക്ത കേരളമാണ് അന്തിമമായി അവര്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പിയുടെ മുദ്രാവാക്യവും ഇതുതന്നെയാണ്. രണ്ടുപേരും അതില്‍ ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് മുക്തമായി കഴിഞ്ഞാല്‍ പിന്നെ രണ്ട് ചോയ്സേ ഉള്ളൂ ജനങ്ങള്‍ക്ക്. ഒന്നുകില്‍ കമ്യൂണിസ്റ്റ് ആവുക ഇല്ലെങ്കില്‍ ആര്‍.എസ്.എസ് ആവുക. 

ജനങ്ങള്‍ ചിലപ്പോള്‍ കുറച്ചുകാലം അവരുടെ ചോയ്സ് ആയി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ എടുത്തേക്കാം. പിന്നെ പതുക്കെ ത്രിപുരയിലും ബംഗാളിലും സംഭവിച്ചതുപോലെ പാര്‍ട്ടി മാത്രമല്ല, പാര്‍ട്ടി ഓഫീസുകള്‍ തന്നെ കാവിയടിക്കുന്ന അവസ്ഥയിലേക്ക് വരും. പശ്ചിമ ബംഗാളിലുള്ള ഓഫീസുകളെല്ലാം വാടകയ്ക്ക് കൊടുത്തുകഴിഞ്ഞു. തിരുവനന്തപുരത്തുതന്നെ ഒന്നോ രണ്ടോ ഓഫീസുകള്‍ അവര്‍ ബി.ജെ.പിക്ക് കൈമാറിക്കഴിഞ്ഞു. ചെഗുവേരയുടെ ചിത്രത്തില്‍ താമര അടിച്ചു. ഈ പരിണാമം കാണിക്കാന്‍ വേണ്ടി ചെഗുവേരയുടെ ചിത്രത്തിന്റെ പകുതി അവര്‍ വെച്ചിരിക്കുകയാണ്. എന്തു രസകരമായിട്ടാണ് ബി.ജെ.പിക്ക് ഇവര്‍ വഴിമാറി കൊടുക്കുന്നത്.

സി.പി.എം-ബി.ജെ.പി അന്തര്‍ധാര എന്ന ആരോപണം യു.ഡി.എഫ് ഉന്നയിക്കുന്നുണ്ട്? 

ഈ തെരഞ്ഞടുപ്പില്‍ അതു പ്രകടമാണ്. 10 സീറ്റെങ്കിലും അവര്‍ക്കു കിട്ടും എന്നു പറയുന്ന തരത്തില്‍ ഒരു ധാരണ അവരുണ്ടാക്കി കഴിഞ്ഞു. പത്ത് സീറ്റുകള്‍ ബി.ജെ.പിക്ക് ബാക്കി സീറ്റുകളില്‍ ബി.ജെ.പി സഹായിക്കാം എന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതിന്റെ പരീക്ഷണം നടന്നിട്ടുണ്ട്. പാലക്കാടടക്കമുള്ള സ്ഥലങ്ങളില്‍ അവര്‍ പരീക്ഷണം നടത്തി വിജയിച്ചിരിക്കുകയാണ്. ബി.ജെ.പിയെ ആളുകളുടെ മുന്നില്‍ വെച്ച് ഭയങ്കരമായി വിമര്‍ശിക്കുകയും ഞങ്ങളാണ് ബി.ജെ.പിയെ തടുക്കുന്നവര്‍ എന്ന രീതിയില്‍ പ്രചരണം നടത്തുകയും ചെയ്യും. എന്നാല്‍, ഇവര്‍ക്ക് ബി.ജെ.പിയുമായി കൃത്യമായ അന്തര്‍ധാരയുണ്ട്. 

ദിനേഷ് നാരായണന്‍ എഴുതിയ 'ദ ആര്‍.എസ്.എസ് ആന്റ് ദ മേക്കിംഗ് ഓഫ് ദ ഡീപ് നേഷന്‍' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്, പല സന്ദര്‍ഭങ്ങളിലും എസ്‌കോര്‍ട്ട് പോലും ഒഴിവാക്കി മുഖ്യമന്ത്രി ആര്‍.എസ്.എസ്സുമായി ചര്‍ച്ചയ്ക്കു പോയിട്ടുണ്ട് എന്ന്. 1987-ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ വരുന്നതിനുവേണ്ടി ആര്‍.എസ്.എസ് സഹായിച്ചു എന്നുപോലും അതില്‍ പറയുന്നുണ്ട്. ആര്‍.എസ്.എസ്-സി.പി.എം ബന്ധമാണ് ചരിത്രത്തില്‍ പലയിടത്തും നമുക്കു കാണാന്‍ പറ്റുന്നത്. 

പിന്നെ പാലക്കാട്ടെ തദ്ദേശ തെരഞ്ഞെടുപ്പ് നോക്കിയാല്‍ ഒന്നാം സ്ഥാനത്ത് ബി.ജെ.പി വന്ന സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള എല്‍.ഡി.എഫിനു പന്ത്രണ്ടും പതിനഞ്ചും വോട്ടൊക്കെയാണ് കിട്ടിയിരിക്കുന്നത്. അവിടെയുള്ള ബാക്കി മാര്‍ക്‌സിസ്റ്റുകാരൊക്കെ ആവിയായി പോയോ. അപ്പോള്‍ വോട്ട് എങ്ങോട്ട് പോയി. ഇതിനെ നമ്മള്‍ ചോദ്യം ചെയ്യുന്നതുകൊണ്ടാണ് ഒരു മുഴം മുന്‍പേ ഇങ്ങോട്ട് എറിയുന്നത്, ഇവിടെ കോ-ലീ-ബീ സഖ്യമാണ് ഉള്ളതെന്ന്. സത്യത്തില്‍ ഈ ആരോപണം ലോജിക്കലി എങ്ങനെയാണ് ശരിയാവുക. കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധമുണ്ടാക്കി കഴിഞ്ഞാല്‍ പിന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തിയെന്താണ്. പ്രതിപക്ഷമില്ലാത്ത ഒരു ഇന്ത്യാരാജ്യം ഉണ്ടാകും എന്നാണോ ഇവര്‍ പറയുന്നത്. ബി.ജെ.പിയോട് പോരാടിക്കൊണ്ടുനില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്ത് താല്‍ക്കാലിക ലാഭത്തിനായാലും ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നത് അത്യന്തം അപകടകരമാണ് എന്നു തിരിച്ചറിയാനുള്ള ബുദ്ധി കോണ്‍ഗ്രസ്സിനുണ്ട്. മുസ്ലിംലീഗിനും അതേ നിലപാട് തന്നെയാണ്. 

പിന്നെ, മുസ്ലിംലീഗ് ഉള്ള സ്ഥലങ്ങളെടുത്താല്‍- ഉദാഹരണത്തിന് മഞ്ചേശ്വരം. അവിടെ ഒന്നാംസ്ഥാനം ലീഗിനായിരുന്നു. രണ്ടാം സ്ഥാനം ബി.ജെ.പിക്ക്, മൂന്നാം സ്ഥാനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. അവിടെ ലീഗിനെ തകര്‍ക്കുക എന്ന നിലയില്‍ ബി.ജെ.പിക്ക് വോട്ടുപോകുകയാണ്. കാസര്‍കോടും അങ്ങനെയാണ്. മുരളീധരന്‍ മത്സരിച്ചയിടത്തും ഷാഫി മത്സരിച്ചയിടത്തും അങ്ങനെതന്നെയാണ്. അപ്പോള്‍ പലയിടത്തും അവര്‍ ഇതു പരീക്ഷണാര്‍ത്ഥം പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. അതു വിജയത്തിന്റെ അടുത്തെത്തും എന്നവര്‍ക്ക് തോന്നിയിട്ടുണ്ട്. അതിനെ ഫുള്‍ ഫ്‌ലഡ്ജ്ഡ് ആക്കി കഴിഞ്ഞാല്‍ ബി.ജെ.പിക്ക് സീറ്റ് വാങ്ങിക്കൊടുക്കാന്‍ പറ്റും. ഇപ്രാവശ്യത്തെ നിയമസഭാ വോട്ടിംഗ് പാറ്റേണ്‍ നോക്കിയാല്‍ അതു മനസ്സിലാവും. പക്ഷേ, കേരളത്തിലെ മതേതരവിശ്വാസികള്‍ വിജിലന്റായിരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതു കണ്ടു. നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ അത്ര ഉയര്‍ന്നു ചിന്തിക്കുന്നവരാണ് മലയാളികള്‍.

കെ.എം. ഷാജി, എം.സി. കമറുദ്ദീന്‍, ഇബ്രാഹിംകുഞ്ഞ് വിഷയങ്ങളെ മുസ്ലിംലീഗ് എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ നേരിടുക? 

ഇബ്രാഹിംകുഞ്ഞിന്റെ വിഷയത്തില്‍ ജി. സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്, മന്ത്രി കുറ്റം ചെയ്തിരിക്കാന്‍ സാധ്യതയില്ല; മറ്റു തലത്തില്‍ നടന്ന ഗൂഢാലോചനയായിരിക്കാം എന്ന് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണ് പറയുന്നത്. 

എം.സി. കമറുദ്ദീന്റേത് ഒരു കച്ചവടം പൊട്ടിയ കേസാണ്. അതില്‍ 20 പേരുണ്ട്. ബാക്കിയാരേയും തൊട്ടിട്ടില്ല. ഏതു കേസാണെങ്കിലും ആദ്യം അറസ്റ്റിനു വിധേയമാകേണ്ടത് അതിന്റെ എം.ഡി ആണ്. ഇവിടെ അയാളെ വെറുതെവിടുന്നു. അപ്പോള്‍ ആളുകളുടെ മുന്നില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നു കാണിക്കാന്‍ എത്രയോ ദിവസം പിടിച്ചു ജയിലിലിട്ടു. പലരേയും കൊണ്ട് കേസ് കൊടുപ്പിച്ചു. ജാമ്യത്തിലിറങ്ങാതിരിക്കാന്‍ വേണ്ടി പുതിയ പുതിയ കേസുകളുണ്ടാക്കി. അങ്ങനെയൊക്കെ കുറെ കൃത്രിമത്വം ഇതിലൊക്കെ നടന്നിട്ടുണ്ട്. ഷാജിയുടെ വിഷയത്തിലും അങ്ങനെ തന്നെ. ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല. ഷാജിയുടെ വീട് കണ്ടുകെട്ടാന്‍ വിജിലന്‍സ് പറയുന്നു. അദ്ദേഹം വീടെടുത്തത് 2011-ലാണ്. അദ്ദേഹത്തിനെതിരെയുള്ള കൈക്കൂലി ആരോപണം 2014-ലാണ്. അപ്പോള്‍ ഒരു യുക്തിയുമില്ലാത്ത കാര്യങ്ങളാണ്. പക്ഷേ, തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇതൊക്കെ. സി.പി.എമ്മിന്റെ പ്രൊപ്പഗാന്‍ഡ എന്നു പറയുന്നത് ഹിറ്റ്ലറിനേയും ഗീബല്‍സിനേയുമൊക്കെ നാണിപ്പിക്കുന്ന തരത്തിലുള്ളതാണ്. 

ശോഭാ സുരേന്ദ്രന്‍ മുസ്ലിംലീഗിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു? 

അതിന്റെ പിന്നില്‍ എന്താണ് എന്നു ഞങ്ങള്‍ക്കുതന്നെ മനസ്സിലാകുന്നില്ല. ബി.ജെ.പി എന്തിനാണ് മുസ്ലിംലീഗിനെ ക്ഷണിക്കുന്നത്. അത്യന്തം അപകടമുള്ള ഒരു കാര്യമായിട്ടാണ് തോന്നിയത്. മുസ്ലിംലീഗ് അരയില്‍ കെട്ടിവെച്ച തീവ്രവാദ പ്രസ്ഥാനങ്ങളെ ഉപേക്ഷിച്ചു വരികയാണെങ്കില്‍ എന്നുകൂടി അവര്‍ പറഞ്ഞു. അതിന്റെ പോയിന്റ് അവിടെയാണ്. ഏതു തീവ്രവാദ പ്രസ്ഥാനത്തെയാണ് ഞങ്ങള്‍ മടിയില്‍ വെച്ചിട്ടുള്ളത്. കുറുക്കന്‍ കോഴിയെ സംരക്ഷിക്കാന്‍ വിളിക്കുന്നതുപോലെയാണിത്. മറ്റൊന്ന്, ബി.ജെ.പിയില്‍ ശോഭാ സുരേന്ദ്രന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയല്ലേ. ആദ്യം അവര്‍ ബി.ജെപിയാവാനുള്ള ശ്രമം നടത്തട്ടെ. അതിനുള്ള വഴി കെ. സുരേന്ദ്രന്‍ തുറന്നുകൊടുക്കണം. അവര്‍ക്കിപ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലപോലും നല്‍കിയിട്ടില്ല. എനിക്കു തോന്നുന്നത് ശോഭാ സുരേന്ദ്രന്‍ ഞങ്ങളെ വിളിക്കുന്നത് പാര്‍ട്ടിയില്‍ കെ. സുരേന്ദ്രനെ നേരിടാന്‍ സഹായിയായിട്ടാണോ എന്നാണ്.

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംകെ മുനീർ
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംകെ മുനീർ

ഇത്രയധികം ആരോപണങ്ങള്‍ കൊണ്ടുവന്നെങ്കിലും യു.ഡി.എഫിന് അനുകൂലമായ ഒരു സാഹചര്യമാക്കാന്‍ എത്രത്തോളം പറ്റിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം കൂടി വിലയിരുത്തിയാല്‍? 

പ്രതിപക്ഷം ഇല്ലായിരുന്നെങ്കില്‍ ഇതില്‍ ഏതു പ്രശ്‌നമാണ് പുറത്തേയ്ക്ക് വന്നിട്ടുണ്ടാകുക. ജനങ്ങളുടെ മുന്നില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പ്രകടനപരതയെക്കാള്‍ ജനങ്ങള്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. സ്പ്രിംഗ്ലര്‍ മുതല്‍ ആഴക്കടല്‍ വരെ. നിയമസഭയില്‍ത്തന്നെ ഓരോ തവണ വാക്കൗട്ട് നടത്തി ചെയ്ത പ്രസംഗങ്ങളൊന്നും അസ്ഥാനത്തായിരുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം എന്ന നിലയ്ക്ക് ഞങ്ങള്‍ ഞങ്ങളുടെ കര്‍ത്തവ്യം 100 ശതമാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പിന്നെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശികമായി നടക്കുന്ന നീക്കുപോക്കുകളും അടിയൊഴുക്കുകളും അവിശുദ്ധ കൂട്ടുകെട്ടുകളും ഒക്കെ അവരുടെ വിജയത്തിനു കാരണമായിട്ടുണ്ടാകും. എസ്.ഡി.പി.ഐയുമായും ബി.ജെ.പിയുമായും ധാരണയുണ്ടാക്കി. കൊവിഡ് വോട്ടുകള്‍ ചെയ്യുന്നതില്‍ അവര്‍ കൃത്രിമത്വം കാണിച്ചിട്ടുണ്ട്. പലയിടങ്ങളിലും പരാതി കൊടുത്തിട്ടും മറുപടിയുണ്ടായില്ല. എങ്കിലും മൊത്തം വോട്ടെടുത്താല്‍ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ. സാധാരണ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വരാറുള്ളത്. പക്ഷേ, നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അതിന്റെ സമവാക്യങ്ങള്‍ മാറും. 

ശ്രീ എമ്മിനു തിരുവനന്തപുരത്ത് നാലേക്കര്‍ ഭൂമി കൊടുത്ത വിവാദത്തെക്കുറിച്ച്? 

നമുക്കിവിടെ ആദിവാസിക്ക് ഭൂമി കൊടുക്കാനില്ല. ഭൂരഹിതരായ ദളിതര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ല. ആശിക്കുന്ന ഭൂമി ആദിവാസിക്ക് എന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തുടങ്ങിയതാണ്. ഇവര്‍ വന്നപ്പോള്‍ അതു നിര്‍ത്തി. നമ്മുടെ ഏറ്റവും പ്രധാനമായ വിഷയം യോഗ അല്ലല്ലോ. യോഗ നമുക്ക് എവിടുന്നും ചെയ്യാം. വീട്ടിലും ചെയ്യാം. അതിനായി നാല് ഏക്കര്‍ ഒരാള്‍ക്ക് കൊടുക്കുകയാണ്. കൊടുത്തതിനേക്കാള്‍ അതിന്റെ പ്രക്രിയയാണ് നോക്കേണ്ടത്. ചിറക് വെച്ചാണ് ആ ഫയല്‍ പറന്നത്. ഒരു മാസം കൊണ്ട് ഭൂമി കിട്ടി. അദ്ദേഹവുമായി മുന്‍പേയുള്ള ബന്ധവുമായി ഇതു കൂട്ടിവായിക്കേണ്ടിവരും. പിണറായിയും ശ്രീ എമ്മും തമ്മിലുള്ള ബന്ധം, ശ്രീഎമ്മും ആര്‍.എസ്.എസ്സുമായുള്ള ബന്ധം എല്ലാം നമ്മള്‍ കാണണം. ശ്രീ എം. ആദ്യം ജോലി ചെയ്തത് ഓര്‍ഗനൈസറില്‍ ആണ്. ഒരു വ്യക്തിബന്ധത്തിന്റെ പേരില്‍ ഒരാള്‍ക്ക് നാല് ഏക്കര്‍ ഭൂമി കൊടുക്കാന്‍ പറ്റുമോ? ഞാനും പിണറായിയും തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ടെങ്കില്‍ എനിക്ക് ഒരു പത്തേക്കര്‍ തരുമോ. ഞാനും യോഗ തന്നെ നടത്തിക്കൊള്ളാം. അല്ലെങ്കില്‍ കളരി നടത്താം. 

എല്ലാം വിറ്റു കാശാക്കി കഴിഞ്ഞു. ആഴക്കടല്‍ വരെ വിറ്റു. നമ്മള്‍ തമാശയ്ക്ക് പറയാറുണ്ട് സെക്രട്ടേറിയറ്റ് വരെ വില്‍ക്കും എന്ന്. അതും ഇവര്‍ ചെയ്തു. സെക്രട്ടറിയേറ്റിന്റെ ഒരു നില ഇവര്‍ പി.ഡബ്ല്യ.സിക്ക് വിറ്റിരുന്നു. ഒരു സ്വകാര്യക്കമ്പനിക്ക് ബാക്ക് ഓഫീസിനുവേണ്ടി സെക്രട്ടേറിയറ്റിന്റെ ഒരു നില കൊടുക്കുകയാണ്. നമ്മളന്ന് ബഹളമുണ്ടാക്കിയപ്പോഴാണ് ഓഫീസ് അവിടെനിന്നു മാറ്റിയത്. നമ്മള്‍ മിണ്ടാതിരുന്നെങ്കിലോ? അതിന്റെ പല നിലകളും ഇങ്ങനെ കൊടുത്തേനെ. ഒരു ദിവസം ചെന്നുനോക്കുമ്പോള്‍ സെക്രട്ടേറിയറ്റ് മുഴുവന്‍ വാടക ബില്‍ഡിങായി മാറിയിട്ടുണ്ടാകും. ഇതൊക്കെ എവിടെയെങ്കിലും നടക്കുമോ. അവസാനം അവര്‍ സെക്രട്ടേറിയറ്റും വില്‍ക്കും എന്ന പഴയകാലത്തെ പ്രയോഗമുണ്ടല്ലോ, അതു നടന്ന കാലമാണിത്. പ്രതിപക്ഷം കൃത്യമായി ഇടപെട്ട് അവരെ കുടിയൊഴിപ്പിച്ചതുകൊണ്ടാണ്. ഇല്ലെങ്കില്‍ ഓരോ നിലയും ഓരോ കമ്പനികള്‍ക്ക് ലീസിനു കൊടുക്കുമായിരുന്നു. പിന്നെ നമ്മള്‍ അവിടെ ചെല്ലുന്ന സമയത്ത് വാടകയ്ക്ക് കൊടുക്കുന്ന കെട്ടിടമായി സെക്രട്ടേറിയറ്റ് മാറിയിട്ടുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com