മദനിക്ക് നേരെ ബോംബാക്രമണം; കല്ലേറും അക്രമവും പൊലീസ് നടപടിയും; ഭീതിയും അനിശ്ചിതത്വവും എങ്ങും നിറഞ്ഞുനിന്നു

ഇത്തരം ചിന്തകളുമായി വീട്ടിലെത്തുമ്പോള്‍ തൊട്ടടുത്ത കൊല്ലം ജില്ലയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു
മദനിക്കെതിരേയുള്ള ആക്രമണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍
മദനിക്കെതിരേയുള്ള ആക്രമണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍

തൊരു വ്യാഴാഴ്ചയായിരുന്നു. രാത്രി എട്ട് മണി കഴിഞ്ഞ്  ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍  ചെറിയ സന്തോഷം തോന്നി. ഒരു ദിവസം കഴിഞ്ഞാല്‍ വീണ്ടും നെഹ്റുട്രോഫി ജലോത്സവമാണ്. കഴിഞ്ഞ വര്‍ഷം എന്തെല്ലാം പുകിലുകളായിരുന്നു. മാധവറാവു സിന്ധ്യയുടെ സന്ദര്‍ശനം സൃഷ്ടിച്ച പ്രശ്നങ്ങള്‍ ആയിരുന്നു മുഖ്യം. ഇത്തവണ പ്രശ്നങ്ങളൊന്നുമില്ല. ശുഭലക്ഷണങ്ങളാണ് എല്ലാം. അതിലുപരി ഒരു വള്ളംകളിക്ക് കൂടി ഞാന്‍ എസ്.പി ആയി ഉണ്ടല്ലോ എന്നതും അത്ഭുതമായി തോന്നി. ഒരു വര്‍ഷത്തിനിടയില്‍ പലവട്ടം സ്ഥലംമാറ്റ ഭീഷണി ഉയര്‍ന്നിരുന്നു. ഒരവസരത്തില്‍ തലസ്ഥാനത്തുനിന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ അതറിയിച്ചു. കൂട്ടത്തില്‍ ഭീഷണി ഒഴിവാക്കാനുള്ള വഴിയും ഉപദേശിച്ചു. ഉടനെ തന്നെ ഞാന്‍ ഒരു സമുദായ നേതാവിനെ ഇടപെടുവിക്കണമത്രേ. അങ്ങനെയെങ്കില്‍ മാറിക്കൊള്ളട്ടെ എന്ന് നിലപാടെടുത്തു. എങ്കിലും  നേരിയ വിഷമം തോന്നാതിരുന്നില്ല. അങ്ങനെ തട്ടിത്തടഞ്ഞ്, അടുത്ത വള്ളംകളിയെത്തിയപ്പോള്‍ മനസ്സില്‍ അത്ഭുതം, ആഹ്ലാദം. പാവം മാനവഹൃദയം, സുഗതകുമാരി ടീച്ചര്‍ എഴുതിയതെത്ര ശരി.
       
ഇത്തരം ചിന്തകളുമായി വീട്ടിലെത്തുമ്പോള്‍ തൊട്ടടുത്ത കൊല്ലം ജില്ലയില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു. അവിടെ ശാസ്താംകോട്ടയില്‍ അന്‍വാര്‍ശ്ശേരി പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് തൊട്ടടുത്തുള്ള യത്തീംഖാനയിലേയ്ക്ക് തന്റെ അനുയായികളുമായി പോകവെ അബ്ദുള്‍ നാസര്‍ മദനിക്ക് നേരെ ബോംബാക്രമണമുണ്ടായി. രാത്രി എട്ടര കഴിഞ്ഞിരുന്നു, അക്രമണമുണ്ടാകുമ്പോള്‍. ആലപ്പുഴയില്‍  എനിക്ക് വൈകാതെ വിവരം കിട്ടി. മദനിയുടെ പരിക്ക് ലഘുവല്ല എന്നറിയാന്‍ അല്പം കൂടി കഴിഞ്ഞു.  അക്കാലത്ത് മദനി ഇസ്ലാമിക്ക് സേവാ സംഘ് (ISS) എന്ന സംഘടനയുടെ ഏറ്റവും വലിയ നേതാവായിരുന്നു. ആര്‍.എസ്.എസ്സുകാരാണ് ആക്രമണം നടത്തിയതെന്ന് ഐ.എസ്.എസ് ഭാരവാഹികള്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു. വലിയൊരു വിഭാഗം മുസ്ലിം യുവാക്കളുടെ ഇടയില്‍ മദനി അന്നൊരു വികാരമായിരുന്നു. പ്രത്യേകിച്ചും തന്റെ ആസ്ഥാനമായ കൊല്ലം ജില്ലയിലും തൊട്ടടുത്ത ആലപ്പുഴയിലും.  അദ്ദേഹത്തിന്റെ യോഗങ്ങളിലെ വലിയ ജനസാന്നിദ്ധ്യവും വികാരപ്രകടനങ്ങളും എല്ലാം കൊണ്ടത് വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ അനുയായിവൃന്ദം ഇത്തരമൊരു സന്ദര്‍ഭത്തില്‍ എങ്ങനെയൊക്കെ പ്രതികരിക്കും എന്നത് പ്രവചനാതീതമായിരുന്നു. തല്പര കക്ഷികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കും. സങ്കുചിത വര്‍ഗ്ഗീയ ശക്തികളും സാമൂഹ്യവിരുദ്ധരും പുതിയ സാഹചര്യം പരമാവധി ചൂഷണം ചെയ്യും.  ക്രമസമാധാന പാലനത്തിന് അതൊരു വലിയ വെല്ലുവിളിയായിരുന്നു. സംഭവമുണ്ടായ അന്നു രാത്രിതന്നെ ആലപ്പുഴയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് വിന്യാസം ഉറപ്പാക്കി. പ്രധാന ഉദ്യോഗസ്ഥരോടെല്ലാം നേരിട്ട് സംസാരിച്ചു. ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗത്തേയും സജ്ജമാക്കി. അപ്പോഴും  36 മണിക്കൂര്‍ മാത്രം അകലെ ആയിരുന്ന നെഹ്റുട്രോഫി ജലോത്സവം ഒരു ചോദ്യചിഹ്നമായി മാറി. 

ആ സമയത്ത് ആലപ്പുഴയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും പ്രത്യക്ഷത്തില്‍ ഇല്ലായിരുന്നു. അങ്ങനെ കുറേ വൈകിയപ്പോള്‍ കൊല്ലത്തെ സ്ഥിതി എന്തായിരിക്കും എന്നറിയാന്‍ എനിക്കു താല്പര്യം തോന്നി. അവിടുത്തെ സംഭവവികാസങ്ങള്‍ ആലപ്പുഴയിലും പ്രതിഫലിക്കുമെന്ന് വ്യക്തമായിരുന്നു. ഞാന്‍ വയര്‍ലെസ്സില്‍ കൊല്ലം ചാനല്‍ ശ്രദ്ധിച്ചു. അവിടെ മദനിയുടെ അനുയായികളും പൊലീസും തമ്മില്‍ പലേടത്തും സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കാര്യമായി നടക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഐ.ജി ജോസഫ് തോമസ് കൊല്ലത്തെ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് കേട്ടു. അപ്പോള്‍ സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നിരിക്കണം. ഐ.ജിയും ഉണര്‍ന്നിരിക്കുകയാണപ്പോള്‍. ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടു. ആലപ്പുഴയിലെ അവസ്ഥ ചുരുക്കത്തില്‍  ധരിപ്പിച്ചു. വലിയ സമ്മര്‍ദ്ദമുള്ള സാഹചര്യമാണെങ്കിലും അദ്ദേഹം വളരെ സ്‌നേഹത്തോടെയാണ് സംസാരിച്ചത്. ''ഈ നേരത്തും ഉണര്‍ന്നിരിക്കുകയാണ് അല്ലേ, നിന്റെയൊക്കെ ഒരു യോഗം, ഇനി കുറച്ച് നാള്‍ ഇതൊക്കെത്തന്നെ'' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തെറ്റിദ്ധാരണയുണ്ടാകാതിരിക്കാന്‍ വേണ്ടി പറയട്ടെ 'നിന്റെയൊക്കെ' എന്നദ്ദേഹം പറയുന്നത് ഒരുതരം വാത്സല്യത്തോടെ ചിരിച്ചുകൊണ്ടാണ്. ഇതുപോലുള്ള വലിയ സംഘര്‍ഷമുണ്ടാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം അപ്രതീക്ഷിതമായിരിക്കും. അത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അന്ന്  രാത്രി ആലപ്പുഴയില്‍ വലിയ പ്രശ്‌നമൊന്നുമുണ്ടായില്ല; അടുത്ത ദിവസം, വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം മുന്‍കരുതലായി നിരോധനാജ്ഞ ഉണ്ടായിരുന്നു. മദനി അനുകൂലികള്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു.  തൊട്ട് മുന്‍പ് തലസ്ഥാനത്ത് പൂന്തുറയിലും മറ്റും വലിയ വര്‍ഗ്ഗീയ സംഘട്ടനങ്ങളും പൊലീസ് വെടിവെയ്പും ഒക്കെ നടന്നിരുന്നു. ക്രമസമാധാന പാലനത്തിന് അവിടെ പട്ടാളത്തെ വിളിക്കേണ്ട അവസ്ഥയുമുണ്ടായി. കേരളത്തിലുടനീളം സാമൂഹ്യാന്തരീക്ഷം പൊതുവെ അത്ര സുഖകരമായിരുന്നില്ല. സങ്കുചിത മതവികാരം മത്സരബുദ്ധിയോടെ പത്തിവിടര്‍ത്തി ആടാന്‍ തുടങ്ങിയതിന്റെ പ്രതിഫലനം ക്രമസമാധാനരംഗത്ത് കാര്യമായി പ്രതിഫലിച്ചു തുടങ്ങിയിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ച്  പല ജില്ലകളിലും വലിയ അനിഷ്ട സംഭവങ്ങളുമുണ്ടായി. വലിയ തോതില്‍ കല്ലേറും ബോംബേറും പൊലീസ് ലാത്തിച്ചാര്‍ജും ചില സ്ഥലങ്ങളില്‍ വെടിവെയ്പും ഉണ്ടായി. 

ആലപ്പുഴയില്‍ നിരോധനാജ്ഞ കര്‍ശനമായിത്തന്നെ നടപ്പിലാക്കി. വ്യക്തമായ നിര്‍ദ്ദേശം തന്നെയാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്. നിരോധനം എന്നാല്‍ നിരോധനം തന്നെ. അത് ലംഘിക്കാനാവില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം ഏറ്റവും താഴേത്തട്ടു വരെ കൃത്യമായി എത്തിച്ചിരുന്നു. നിരോധനം ലംഘിക്കുന്നത് ചെറിയ ആള്‍ക്കൂട്ടമാണെങ്കില്‍ അവരെ അറസ്റ്റ്‌ചെയ്യുക. അത് സാദ്ധ്യമാകാത്തവണ്ണം കൂടുതല്‍ പേരുണ്ടെങ്കില്‍ ബലം പ്രയോഗിച്ച് പിരിച്ചുവിടുക. നിര്‍ദ്ദേശങ്ങള്‍ ഞാന്‍ തന്നെ നേരിട്ട് വയര്‍ലെസ്സിലൂടെ കൃത്യമായി നല്‍കിയിരുന്നു. നിരോധനാജ്ഞ ലംഘിക്കുന്നവരെ ചെറിയ ആള്‍കൂട്ടം ആയിരിക്കുമ്പോള്‍ തന്നെ ടിയര്‍ഗ്യാസ്, ലാത്തിച്ചാര്‍ജ് തുടങ്ങി മിതമായ ബലപ്രയോഗത്തിലൂടെ പിരിച്ചുവിട്ടാല്‍  വെടിവെയ്പ് പോലുള്ള ഗുരുതര  സാഹചര്യം ഒഴിവാകും. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അതിന്റെ ലംഘനത്തിനു നേരെ പൊലീസ് കണ്ണടയ്ക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം.  നടപ്പാക്കാന്‍ കഴിവില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാതിരിക്കുകയാണ് നല്ലത്. പൊലീസിന് നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ അത് പ്രതിഷേധക്കാര്‍ക്ക് വേഗം മനസ്സിലാകും, മറിച്ചാണെങ്കില്‍ അതും.   ഹര്‍ത്താലിന്റെ തിരക്കിനിടയില്‍ ഉച്ചസമയത്ത് ഒരു ഫോണ്‍ വന്നു. സംസ്ഥാന ജമാഅത്ത് കൗണ്‍സിലിന്റെ ഭാരവാഹി  ആണ് വിളിച്ചത്. ടൗണില്‍  ഒരു പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയവര്‍ നിരോധനാജ്ഞ ലംഘിച്ച് ഘോഷയാത്ര നടത്തുമത്രെ. അവര്‍ അത്രയ്ക്ക് വാശിയിലാണെന്നും അവരെ ഒരുതരത്തിലും പിന്തിരിപ്പിക്കാനാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.  തുടര്‍ന്ന് എന്നോട് നേരിട്ട് അവിടെ വന്നിരുന്നുവെങ്കില്‍ നന്നായിരുന്നു എന്നദ്ദേഹം  അഭ്യര്‍ത്ഥിച്ചു. മറുപടിയായി, അവിടെ വരുന്നതിനൊന്നും വിരോധമില്ലെന്നും പക്ഷേ, നിരോധനാജ്ഞ ലംഘിക്കുന്നതിന് കാര്‍മ്മികത്വം വഹിക്കാന്‍ ആയിരിക്കില്ല വരുന്നതെന്നും വളരെ ശാന്തമായി അറിയിച്ചു. അത് കേട്ടപ്പോള്‍, അദ്ദേഹം തന്നെ അവരെ സമാധാനമായി പറഞ്ഞുവിടാന്‍ ശ്രമിക്കാം എന്നായി. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഇതെല്ലാം  ചില 'നമ്പരു'കളാണ്.  പൊലീസ് സംവിധാനത്തിന്റെ കരുത്ത് പരീക്ഷിക്കാന്‍ വേണ്ടിയാണിത്. അങ്ങനെ ഒരുപാട് 'നമ്പരു'കള്‍ പിറകേ വരുന്നുണ്ടായിരുന്നു. 

നെഹ്‌റുട്രോഫി ജലോത്സവത്തില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി സുഖ്ബാന്‍സ് കൗര്‍ അന്നത്തെ വിജയികളായ കല്ലുപറമ്പന്‍ ചുണ്ടന്റെ ക്യാപ്റ്റന്‍ വേലപ്പന് ട്രോഫി നല്‍കുന്നു
നെഹ്‌റുട്രോഫി ജലോത്സവത്തില്‍ മുഖ്യാതിഥിയായിരുന്ന കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി സുഖ്ബാന്‍സ് കൗര്‍ അന്നത്തെ വിജയികളായ കല്ലുപറമ്പന്‍ ചുണ്ടന്റെ ക്യാപ്റ്റന്‍ വേലപ്പന് ട്രോഫി നല്‍കുന്നു

നഗരവീഥികളില്‍ പരിഭ്രാന്തി     

ആ ദിവസം കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ പോകേണ്ടത് അത്യാവശ്യമായിരുന്നു. അല്ലെങ്കില്‍ തൊട്ടടുത്ത ദിവസം കേന്ദ്ര ടൂറിസം മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടുന്ന വള്ളംകളി കുഴപ്പത്തിലാകും. എത്രയോ മാസത്തെ തയ്യാറെടുപ്പുകള്‍ക്കു ശേഷം നടക്കുന്ന ആ ജനകീയോത്സവം അവസാന നിമിഷം വേണ്ടെന്നുവയ്ക്കുക എന്നത് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. കരുതലെന്ന നിലയില്‍ ജില്ലാ കളക്ടര്‍ പോള്‍ ആന്റണി ഒരു സര്‍വ്വ കക്ഷിയോഗം കളക്ടറേറ്റില്‍ വിളിച്ചു. നാല്‍പ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള നെഹ്‌റുട്രോഫി മുടങ്ങരുത് എന്ന കാര്യത്തില്‍ എല്ലാപേരും ഒരുമ പ്രകടിപ്പിച്ചു. എങ്കിലും ഒറ്റപ്പെട്ട ഒരു ശബ്ദം അവിടെ കേട്ടു. നെഹ്‌റുട്രോഫിക്ക് നാല്‍പ്പത് വര്‍ഷത്തെ പാരമ്പര്യമാണെങ്കില്‍ ഇസ്ലാമിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെന്ന് മദനിയുടെ നേരെയുണ്ടായ ബോംബാക്രമണത്തെ ബന്ധിപ്പിച്ച് ഒരു പരാമര്‍ശമുണ്ടായി.  നെഹ്‌റുട്രോഫിയുമായി മുന്നോട്ട് പോകുമ്പോഴും പ്രശ്‌നങ്ങളുണ്ട് എന്നതിന്റെ വ്യക്തമായ  സൂചന കൂടിയായിരുന്നു അത്. ആ ദിവസം ആലപ്പുഴയില്‍ ജനജീവിതം ഏതാണ്ട് പൂര്‍ണ്ണമായും തടസ്സപ്പെട്ടു. എങ്കിലും അക്രമസംഭവങ്ങള്‍ മറ്റ് തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് കുറവായിരുന്നു. ഏതാനും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി എന്നുമാത്രം. 

വലിയ ക്രമസമാധാനപ്രശ്നമില്ലാതെ വെള്ളിയാഴ്ച  കടന്നുകിട്ടിയപ്പോള്‍ ഞങ്ങള്‍ക്ക് കുറേക്കൂടി ആത്മവിശ്വാസമായി. പക്ഷേ ശരിക്കുള്ള പരീക്ഷ അടുത്ത ദിവസമായിരുന്നു.  വള്ളംകളി നടക്കുന്ന ആ ദിവസം പതിനായിരക്കണക്കിനാളുകള്‍ ആലപ്പുഴ നഗരത്തിലെത്തി പുന്നമടക്കായലിലേയ്ക്ക് നീങ്ങും. കേരളത്തിനു പുറത്തുനിന്നുള്ളവരേയും വിദേശ ടൂറിസ്റ്റുകളേയും എല്ലാം ആകര്‍ഷിക്കുന്ന     വള്ളംകളി  ദിവസം ആലപ്പുഴയിലും പരിസരത്തും എങ്ങനെ നിരോധനാജ്ഞ പ്രഖ്യാപിക്കാനാകും? ബോംബേറില്‍ പരിക്കേറ്റ് വലതു കാല്‍ നഷ്ടപ്പെട്ട് ആശുപത്രിയിലായ മദനിക്ക് അന്ന് ആലപ്പുഴയില്‍  മുസ്ലിം യുവാക്കള്‍ക്കിടയില്‍ കുറേയേറെ സ്വാധീനമുണ്ടായിരുന്നു. അത്തരക്കാരുടെ പ്രതിഷേധം വള്ളംകളിയെ അലങ്കോലപ്പെടുത്തിയാലോ എന്ന ഉല്‍ക്കണ്ഠയുണ്ടായിരുന്നു. അതു തടയാന്‍ പൊതുവായ നിരോധനാജ്ഞ അപ്രായോഗികമായിരുന്നു. വേണമെങ്കില്‍ നിശ്ചിത റൂട്ടുകളിലേക്കുള്ള പ്രതിഷേധപ്രകടനം മാത്രം നിരോധിക്കാം. പക്ഷേ, പ്രതിഷേധത്തിന്റെ ശബ്ദം പ്രകടിപ്പിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍, അവര്‍ പുന്നമടക്കായലില്‍ വള്ളംകളിയുടെ വേദി തന്നെ അതിനു പ്രയോജനപ്പെടുത്തിയാലോ? വെള്ളത്തിലും കരയിലുമായി പതിനായിരങ്ങള്‍ ഒരുമിക്കുന്ന ജലോത്സവത്തില്‍ അങ്ങനെ സംഭവിച്ചാല്‍ അത് സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്നങ്ങള്‍ എത്ര വലുതായിരിക്കും? ഇങ്ങനെ സാദ്ധ്യതകള്‍ വിലയിരുത്തിയപ്പോള്‍ വള്ളംകളി ദിവസം നിരോധനാജ്ഞകളൊന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്ന നിഗമനത്തില്‍ ഞങ്ങളെത്തി.

അങ്ങനെ വള്ളംകളി ദിവസം വന്നുചേര്‍ന്നു. നഗരത്തിലേക്ക് നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങള്‍ ഒഴുകിയെത്തിത്തുടങ്ങി. മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉയര്‍ന്ന ഉദ്യോ ഗസ്ഥര്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയ ധാരാളം വി.ഐ.പികളേയും  ജലോത്സവം കാണാന്‍ പ്രതീക്ഷിച്ചിരുന്നു. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ നെഹ്റുട്രോഫിയ്ക്ക് നല്ല പ്രാധാന്യം  കിട്ടിത്തുടങ്ങിയിരുന്നതുകൊണ്ട് വിദേശ ടൂറിസ്റ്റുകളും ധാരാളമായി വന്നുചേര്‍ന്നു. അങ്ങനെ നാടും നഗരവുമെല്ലാം ഉത്സവലഹരിയിലേയ്ക്ക് നീങ്ങുമ്പോള്‍, പ്രതിഷേധക്കാരും അണിനിരന്നു. അത് തീരെ അപ്രതീക്ഷിതമായിരുന്നില്ല. 'ഇസ്ലാമിക്ക് സേവാ സംഘ്' എന്ന സംഘടനയുടെ പേരില്‍ ഒരു പ്രതിഷേധ പ്രകടനം.  നെഹ്‌റുട്രോഫി വള്ളംകളിയുടെ വിപുലമായ പൊലീസ് സംവിധാനത്തിനിടയിലും നഗരത്തില്‍ ഒരു പ്രതിഷേധം കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പ്  ഞങ്ങള്‍ക്കുണ്ടായിരുന്നു. ടൗണിലെ പൊലീസുദ്യോഗസ്ഥരെയെല്ലാം തന്നെ നഗരത്തിലെ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചിരുന്നു.
  
രാവിലെ 11 മണിയോടെ ജാഥ തുടങ്ങുമ്പോള്‍ത്തന്നെ മുന്നിലും പിന്നിലുമെല്ലാം പൊലീസുണ്ടായിരുന്നു. അങ്ങേയറ്റം പ്രകോപനപരമായ മുദ്രവാക്യങ്ങളായിരുന്നു അവര്‍ മുഴക്കിയിരുന്നത്. വികാരാവേശത്തോടൊപ്പം ഒരുതരം അക്രമണോത്സുകതയും പ്രകടമായിരുന്നു. പൊലീസിന്റെ നയം വ്യക്തമായിരുന്നു. പ്രകോപനമെന്തായാലും പരമാവധി സംയമനം പാലിക്കുക. അക്രമത്തിലേയ്ക്ക് നീങ്ങിയാല്‍ മാത്രം അറസ്റ്റ്, ലാത്തിച്ചാര്‍ജ് തുടങ്ങിയവയിലേയ്ക്ക് നീങ്ങും. പ്രതിഷേധക്കാര്‍ക്ക് ചുമതലാബോധമുള്ള നേതൃത്വമൊന്നും ഇല്ലായിരുന്നു. ഏതാണ്ട് ഭൂതാവിഷ്ടരെപ്പോലെ ''ജീവന്‍ വേണോ, ജീവനിതാ; രക്തം വേണോ രക്തമിതാ'' എന്നൊക്കെ ഉച്ചത്തില്‍ വിളിച്ച് അമിതാവേശത്തോടെ അവര്‍ നഗരത്തില്‍ തലങ്ങും വിലങ്ങും നടന്നു.  മണിക്കൂറുകള്‍  കഴിഞ്ഞിട്ടും  ജാഥ അവസാനിപ്പിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല. ഞാന്‍ ടൗണില്‍ ബോട്ട് ജെട്ടിയിലുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലിരുന്ന് പ്രതിഷേധത്തിന്റെ അവസ്ഥ നിരീക്ഷിച്ചു. പ്രതിഷേധക്കാരെല്ലാം പിരിഞ്ഞതിനു ശേഷം വള്ളംകളി  സ്ഥലത്തേയ്ക്ക് പോകുന്നതായിരിക്കും ഉചിതം എന്നു കരുതി. ജലോത്സവം ആരംഭിക്കാറായതിനാല്‍ ടൗണിലേയ്ക്ക് ധാരാളം വി.ഐ.പികള്‍ വന്നുകൊണ്ടിരുന്നു. ആ സമയം പ്രതിഷേധക്കാരും നഗരഹൃദയത്തില്‍ത്തന്നെ കേന്ദ്രീകരിക്കുകയായിരുന്നു. പെട്ടെന്ന്  വയര്‍ലെസ്സില്‍ വലിയ ബഹളം. പ്രതിഷേധം അക്രമാസക്തമായി. ജില്ലാ കോടതി പാലത്തിനടുത്തായിരുന്നു  സംഭവം. കുറേപ്പേര്‍ പൊലീസ് കണ്‍ട്രോള്‍റൂമിനടുത്തേയ്ക്കും ഓടുന്നുണ്ടായിരുന്നു. ഞാനുടനെ പ്രശ്‌നം നടക്കുന്ന സ്ഥലത്തേയ്ക്കു പോയി. മിനിട്ടുകള്‍ക്കകം അവിടെ എത്തി. അക്രമാസക്തരായ പ്രതിഷേധക്കാര്‍ പെട്ടെന്നുതന്നെ അതിശക്തമായ കല്ലേറു തുടങ്ങിയിരുന്നു.  വാഹനങ്ങള്‍ക്കും കടകള്‍ക്കും പൊലീസിനും നേരെ കല്ലേറുണ്ടായി. പൊലീസ് ഉടന്‍ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ തുടങ്ങി. അതോടെ അക്രമകാരികള്‍ ബഹുഭൂരിപക്ഷവും പലവഴിക്കായി പിരിഞ്ഞോടി. ചെറുകൂട്ടമായി പിരിഞ്ഞോടുന്ന അവര്‍ അതിനിടയില്‍ കല്ലേറും നടത്തുന്നുണ്ടായിരുന്നു. അത്തരക്കാരെയെല്ലാം പിന്തുടര്‍ന്ന് പിരിച്ചുവിടുകയോ അറസ്റ്റ് ചെയ്യുകയോ വേണമെന്നും ഒരു കാരണവശാലും പുന്നമട ഭാഗത്തേയ്ക്ക് പോകാന്‍ അനുവദിക്കരുതെന്നും വയര്‍ലെസ്സിലൂടെ നിര്‍ദ്ദേശം നല്‍കി. പൊലീസ് അക്രമകാരികളെ വളരെ കാര്യക്ഷമമായിത്തന്നെ നേരിട്ടു. അക്രമം തുടങ്ങിയ സ്ഥലത്ത് ഞാനെത്തുമ്പോള്‍ ഒരു സംഘം പ്രതിഷേധക്കാര്‍ അവിടെ നിയന്ത്രണമില്ലാത്ത മട്ടില്‍ ആവേശത്തോടെ മുദ്രവാക്യം മുഴക്കി പൊലീസുമായി ഉന്തും തള്ളുമായി നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന പൊലീസ് വലയം  ഭേദിച്ച് അവര്‍ക്ക് നീങ്ങാനായില്ല. പ്രതിഷേധക്കാര്‍ എല്ലാം തന്നെ ഏതാണ്ട് കൗമാരപ്രായക്കാരായിരുന്നുവെന്നു തോന്നി. കൂടുതല്‍ പൊലീസ് പാര്‍ട്ടിയെത്തിയ ശേഷം അവരെ എല്ലാം അറസ്റ്റ് ചെയ്ത്  പൊലീസ് സ്റ്റേഷനിലേയ്ക്ക് നീക്കി. അക്രമം തുടങ്ങി പരമാവധി അരമണിക്കൂറിനുള്ളില്‍  അക്രമകാരികളെ ബലം പ്രയോഗിച്ച് പിരിച്ചുവിട്ടും അറസ്റ്റ് ചെയ്തും സമാധാനനില പുനഃസ്ഥാപിച്ചു. മുഴുവന്‍ പൊലീസുദ്യോഗസ്ഥരും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ചു. ഏതാനും പൊലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. അക്രമികള്‍ പിന്‍തിരിഞ്ഞോടുന്നതിനിടയില്‍ ഒരു ചെറുസംഘം പൊലീസ് കണ്‍ട്രോള്‍റൂമിനു മുന്നിലുള്ള കനാലിന്റെ മറുകരയിലൂടെ പുന്നമട ഭാഗത്തേയ്ക്ക് ഓടുന്നുണ്ടായിരുന്നു. അവര്‍ ജലോത്സവസ്ഥലത്തെത്താനുള്ള സാദ്ധ്യത മനസ്സിലാക്കിയ ടൗണ്‍ സി.ഐ സോമന്‍ പൊലീസ് പാര്‍ട്ടിയുമായി അവരെ പിന്തുടര്‍ന്നു. അവരാകട്ടെ, കുറെ ഓടിയ ശേഷം ഇടത് ഭാഗത്തോട്ട് തിരിഞ്ഞ് ഒരു പള്ളിക്കോമ്പൗണ്ടില്‍ കയറി. ആ കോമ്പൗണ്ടില്‍നിന്നും പൊലീസുകാരെ എറിഞ്ഞു. പൊലീസ് കോമ്പൗണ്ടിനുള്ളില്‍ കടക്കുമെന്നായപ്പോള്‍  അവര്‍  പള്ളിക്കുള്ളില്‍ കയറി. അത്യന്തം അപകടകരമായ ഇത്തരം സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിയന്ത്രണം ദുഷ്‌ക്കരമാണ്. പരിചയസമ്പന്നനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പൊലീസ് പാര്‍ട്ടിയെ നിയന്ത്രിച്ച് പിന്‍മാറി. അപ്പോഴതങ്ങനെ അവസാനിച്ചുവെങ്കിലും പിന്നീടതിനു വളരെ വലിയ മാനങ്ങള്‍ കൈവന്നു.

നഗരത്തിന്റെ ഹൃദയം കേന്ദ്രമായി ഉണ്ടായ ഈ സ്ഫോടനാത്മകമായ സംഭവം  ഏതാണ്ട്  അരമണിക്കൂറിനുള്ളില്‍ നിയന്ത്രണവിധേയമാക്കി. പക്ഷേ, അതൊരു വല്ലാത്ത സമയമായിരുന്നു. ജലോത്സവം ആരംഭിക്കാന്‍ അരമണിക്കൂര്‍ മാത്രം. നഗരവീഥികള്‍  മുഴുവന്‍ സന്ദര്‍ശകരേയും വി.ഐ.പികളേയും  നാട്ടുകാരേയുംകൊണ്ട് നിറഞ്ഞുനില്‍ക്കുന്നു. പതിനായിരങ്ങള്‍ തൊട്ടപ്പുറത്ത് ജലോത്സവലഹരിക്കായി വെമ്പിനില്‍ക്കുന്നു. അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു വല്ലാത്ത പരിഭ്രാന്തി സൃഷ്ടിച്ചു എല്ലായിടത്തും. പരിഭ്രാന്തി തലസ്ഥാനത്തും പ്രതിഫലിച്ചുവെന്നു തോന്നുന്നു. അക്രമികളെ അറസ്റ്റുചെയ്തു നീക്കിയ ശേഷം ഞാന്‍ കണ്‍ട്രോള്‍റൂമില്‍ എത്തിയ ഉടന്‍ തിരുവനന്തപുരത്തു നിന്ന് ഐ.ജി ജോസഫ് തോമസ് സാര്‍ വയര്‍ലെസ്സില്‍ വിളിച്ചു. ''ഹേമചന്ദ്രാ, അവിടെ വെടിവെയ്പ് നടന്നോ?'' ''ഇല്ല സാര്‍, ഇതുവരെ വെടിവെയ്പുണ്ടായില്ല, ലാത്തിച്ചാര്‍ജൊക്കെ നടന്നു.'' അദ്ദേഹം സംഭാഷണം ദീര്‍ഘിപ്പിച്ചില്ല. ഞങ്ങള്‍ ജോലിയിലാണെന്ന് അദ്ദേഹത്തിനറിയാം. വല്ലാത്ത അനിശ്ചിതത്വം നിലനില്‍ക്കുന്ന അന്തരീക്ഷം. കല്ലേറും അക്രമവും പൊലീസ് നടപടിയും തല്‍ക്കാലം അവസാനിച്ചുവെങ്കിലും ഭീതിയും അനിശ്ചിതത്വവും എങ്ങും നിറഞ്ഞുനിന്നു. വെപ്രാളപ്പെട്ട ധാരാളം ഫോണ്‍കോളുകള്‍ കണ്‍ട്രോള്‍ റൂമില്‍ വന്നുകൊണ്ടിരുന്നു. അതിനിടയില്‍ അവിടുത്തെ ഇന്റലിജെന്‍സ് ഡി.വൈ.എസ്.പി പി.എം. മാനുവല്‍ എന്നെ വിളിച്ചു. ''സാര്‍ വള്ളംകളിയുടെ മുഖ്യാതിഥിയായ കേന്ദ്രമന്ത്രി എറണാകുളത്തുനിന്നു ആലപ്പുഴയ്ക്ക് തിരിച്ചിട്ടുണ്ട്. മന്ത്രി വരുന്നത് സുരക്ഷിതം ആണോ എന്ന് തിരുവനന്തപുരത്തുനിന്ന് ചോദിക്കുന്നു  സാര്‍, മന്ത്രിയെ അരൂര്‍ വച്ച് നിര്‍ത്തി തിരികെ അയയ്ക്കുന്നതല്ലേ സാര്‍ നല്ലത്'' - അദ്ദേഹം ചോദിച്ചു. ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് പറഞ്ഞു: ''വേണ്ട, കേന്ദ്രമന്ത്രി വരട്ടെ.'' അക്രമികളെ പേടിച്ച് കേന്ദ്രമന്ത്രിയെ തിരിച്ചയക്കേണ്ട എന്നായിരുന്നു എന്റെ തോന്നല്‍. കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി സുഖ്ബാന്‍സ് കൗര്‍ ആയിരുന്നു ആ മുഖ്യാതിഥി. കേന്ദ്രമന്ത്രി വരുന്ന ആലപ്പുഴയ്ക്കുള്ള റോഡില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കി. ഏത് പ്രതിഷേധക്കാരെ കണ്ടാലും ഉടന്‍ അറസ്റ്റു ചെയ്യുക, അത് സാദ്ധ്യമല്ലെങ്കില്‍ ബലം പ്രയോഗിച്ച് പിരിച്ചുവിടുക എന്ന് നിര്‍ദ്ദേശവും നല്‍കി. 

മുഖ്യാതിഥിയെ കാത്തിരിക്കുന്നതിനിടയില്‍ തൊട്ടുമുന്‍പുണ്ടായ അക്രമത്തിന്റേയും അനന്തര നടപടികളുടേയും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ലാത്തിച്ചാര്‍ജ്ജിനെ ഭയന്ന് നഗരത്തില്‍ പലവഴിയിലൂടെയും അക്രമികള്‍ ഓടുമ്പോള്‍ അപ്രതീക്ഷിതമായി പല വിശിഷ്ട വ്യക്തികളും അതില്‍പ്പെട്ടു. തിരുവനന്തപുരത്തുനിന്നും വന്ന എയര്‍ വൈസ്മാര്‍ഷല്‍ അവിചാരിതമായി തുടങ്ങിയ അക്രമത്തിനു മുന്നില്‍പ്പെട്ടു. അദ്ദേഹത്തിന്റെ വാഹനത്തിനു മുന്നിലായി സായുധരായ ഒരു സംഘം എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസിന്റെ പൈലറ്റും ഉണ്ടായിരുന്നു. അതിനിടയില്‍ ഏതാനും കല്ലുകളും ആ വിശിഷ്ട വ്യക്തിയുടെ വാഹനത്തില്‍ കൊണ്ടു. ശക്തമായ കല്ലേറിനു മുന്നില്‍നിന്ന് ഒഴിവാക്കാന്‍ പെട്ടെന്ന് പൊലീസ് പൈലറ്റ്  റോഡിന്റെ വശത്തുണ്ടായിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി  ഓഫീസ് കോമ്പൗണ്ടില്‍ കയറ്റി അവിടെ നിര്‍ത്തി. സുരക്ഷാ പ്രശ്‌നത്തില്‍ എയര്‍ വൈസ്മാര്‍ഷല്‍ പൊട്ടിത്തെറിക്കുമെന്നുറപ്പായിരുന്നു.  ആലപ്പുഴ എ.എസ്.പി ആയിരുന്ന പത്മകുമാറിനെ  അദ്ദേഹത്തിന്റെ അടുത്തേയ്ക്കയച്ചു. വസ്തുതകള്‍ വിശദീകരിച്ച് അദ്ദേഹത്തെ തണുപ്പിക്കുക എന്നതായിരുന്നു ദൗത്യം. അത് വിജയിച്ചു. അദ്ദേഹം വിശാലമനസ്‌കതയോടെയാണത് കണ്ടത്. പൊലീസിനെ കുറ്റപ്പെടുത്തിയില്ല. സംഭവത്തിന് അനാവശ്യ പബ്ലിസിറ്റി ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നടപ്പാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. അതെളുപ്പമായത് പത്രക്കാരെല്ലാം പുന്നമടയില്‍ ജലോത്സവ ലഹരിയിലായിരുന്നതുകൊണ്ടാണ്. അതിനിടയില്‍ കേന്ദ്രമന്ത്രി കല്ലേറേല്‍ക്കാതെ കണ്‍ട്രോള്‍ റൂമിനു മുന്നിലെത്തി. വിശിഷ്ടാതിഥിയെ  പുന്നമടയ്ക്ക് ബോട്ടില്‍ യാത്രയാക്കിയെങ്കിലും ഞാന്‍ അങ്ങോട്ട് പോയില്ല. നഗരം അപ്പോഴും സംഘര്‍ഷത്തിലും അനിശ്ചിതത്വത്തിലും ആയിരുന്നുവല്ലോ.  പുന്നമടയില്‍ ജലോത്സവം  ഭംഗിയായി നടന്നു. കല്ലുപറമ്പന്‍ ചുണ്ടന്‍  നെഹ്‌റുട്രോഫി നേടി.  കുറേശ്ശെ വിശിഷ്ടാതിഥികളെല്ലാം പിരിഞ്ഞുപോയിത്തുടങ്ങി. ജലോത്സവം കാണാനെത്തിയ പതിനായിരങ്ങള്‍  സുരക്ഷിതമായി പിരിഞ്ഞുപോകുന്നതുവരെ ഞങ്ങള്‍ മുള്‍മുനയിലായിരുന്നു. സംഭവരഹിതമായി കാണികളെല്ലാം പിരിഞ്ഞപ്പോള്‍ എല്ലാം ശുഭം എന്ന തോന്നല്‍ വന്നുതുടങ്ങി. അപ്പോള്‍  തലസ്ഥാനത്തുനിന്ന് മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്ന മന്ത്രി സി.വി. പത്മരാജന്റെ ഫോണ്‍ വന്നു. വലിയ സംഘര്‍ഷങ്ങള്‍ക്കിടയിലും നെഹ്‌റുട്രോഫി ജലോത്സവം വിജയകരമായി നടത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. ജലോത്സവം തുടങ്ങുന്നതിന് തൊട്ട് മുന്‍പ് അക്രമാസക്തരായ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് പള്ളിയില്‍ കയറി എന്നൊരു ആരോപണം ഉന്നയിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. 
നാടകം ശുഭകരമായി അവസാനിക്കുകയാണെന്ന എന്റെ വിചാരം തെറ്റിപ്പോയി. അടുത്ത രംഗത്തിന്റെ തിരക്കഥ അണിയറയില്‍ തയ്യാറാകുകയായിരുന്നു. അതില്‍ ഞങ്ങളുടേത് വില്ലന്‍ റോളായിരുന്നു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com