രാഷ്ട്രീയപാര്‍ട്ടികളിലെ 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നിയോഗിക്കപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല
കായംകുളത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥി അരിത ബാബു പര്യടനത്തിൽ
കായംകുളത്ത് കോൺ​ഗ്രസ് സ്ഥാനാർത്ഥി അരിത ബാബു പര്യടനത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ നിയോഗിക്കപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ആണുങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും തീരുമാനിക്കുകയും ചെയ്യുന്ന കക്ഷിരാഷ്ട്രീയരംഗം കേരളത്തിലെ ഏറ്റവും മന്ദഗതിയില്‍ മാത്രം മാറ്റത്തിനു വിധേയമാകുന്ന മേഖലയാണ്. പോരാത്തതിന് അടുത്തകാലത്തായി, ശബരിമല പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ ശക്തമായ, യാഥാസ്ഥിതിക ബോധം സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറേക്കൂടി സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഇപ്പോഴും 'ഗ്രേറ്റ് ഇന്ത്യ കിച്ചണു'കള്‍ പുനരുല്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് പ്രതീക്ഷയായി ലതിക സുഭാഷിന്റേതുപോലുള്ള നിലപാടുകള്‍ ഉണ്ടാകുന്നത്. അവര്‍ക്ക് പിന്തുണ നല്‍കാന്‍ സ്ത്രീകളായ രാഷ്ട്രീയക്കാര്‍ എഴുന്നേറ്റുവരുന്നുവെന്നത് ഒരു മുന്നറിയിപ്പുകൂടിയാണ്. മുസ്ലിംലീഗ് പോലുള്ള പാര്‍ട്ടികളില്‍ കാല്‍നൂറ്റാണ്ടിനുശേഷം വനിതാസ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നു. വടകരയില്‍ കെ.കെ. രമയെപ്പോലുള്ളവര്‍ പ്രതിനിധാന രാഷ്ട്രീയത്തില്‍ എത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് യു.ഡി.എഫ് പിന്തുണ നല്‍കുന്നു. സി.പി.എമ്മിലാണെങ്കില്‍ കെ.കെ. ശൈലജ ഉള്‍പ്പെടെ നിലവിലെ വനിതാ പ്രതിനിധികളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ ഉറപ്പുള്ള സീറ്റുകള്‍ നല്‍കുന്നു. എങ്കിലും എല്ലാ പാര്‍ട്ടികളിലും വനിതകള്‍ക്ക് ജയസാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കുന്ന പ്രവണത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എണ്ണം കുറവാണെങ്കിലും ഉള്ളവര്‍ അവരുടെ സാന്നിധ്യം ശക്തമായി അറിയിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ത്രീപ്രതിനിധികളുടെ പ്രത്യേകത. എങ്കിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ കമ്മിറ്റികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താറില്ല എന്നതുതന്നെ ഒരു പ്രശ്‌നമാണ്.

മൂന്ന് മുന്നണികളിലുമായി 420 സ്ഥാനാര്‍ത്ഥികളെയാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ സ്ത്രീകളുടെ എണ്ണം 41. എല്‍.ഡി.എഫ് 15, യു.ഡി.എഫ് 10, എന്‍.ഡി.എ 16 എന്നിങ്ങനെയാണ് വനിതകളുടെ എണ്ണം. നാമമാത്രമായ സീറ്റുകള്‍ നല്‍കുന്ന പാര്‍ട്ടികള്‍പോലും 'ഇത്ര വനിതകളെ മത്സരിപ്പിക്കുന്നുണ്ട്' എന്ന് അഹങ്കാരത്തോടേയും ഔദാര്യത്തോടേയും പറയുന്നുമുണ്ട്. 

മറ്റെല്ലായിടങ്ങളിലും സ്ത്രീ രാഷ്ട്രീയം ഏറ്റവും ചര്‍ച്ചയാവുകയും ഇടം നേടുകയും ചെയ്യുന്ന ഇക്കാലത്തും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല. ചെറിയ പ്രതിഷേധങ്ങള്‍ക്കപ്പുറം സ്ഥാനങ്ങളൊന്നും ചോദിച്ചുവാങ്ങാനും പിടിച്ചുവാങ്ങാനും പാര്‍ട്ടിയുടെ അച്ചടക്കത്തിനുള്ളില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്കും കഴിയാറില്ല. പ്രതിഷേധിക്കുന്നവര്‍ മുഖ്യധാരയില്‍ നിന്നു മാഞ്ഞുപോകുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നിലപാട് എന്ന രീതിയില്‍ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷിന്റെ തലമുണ്ഡനത്തെ കാണാം. കെ.കെ. ശൈലജ, ആനിരാജ, ടി.എന്‍. സീമ, പത്മജ വേണുഗോപാല്‍, കെ.സി. റോസക്കുട്ടി, ശോഭനാ ജോര്‍ജ് തുടങ്ങി എല്ലാ പാര്‍ട്ടികളിലുമുള്ള പല സ്ത്രീ നേതാക്കളും ആ പ്രതിഷേധത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് ഇടം നല്‍കണമെന്നതിനെക്കുറിച്ചും തെരഞ്ഞെടുപ്പിനിടയിലും സംസാരിക്കാന്‍ തയ്യാറായി. പ്രതിഷേധമുയര്‍ത്തുന്ന സ്ത്രീകളെ പാര്‍ട്ടി അണികള്‍ തെറിവിളിച്ചും അപമാനിച്ചും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരള സമൂഹത്തിനു മുന്നില്‍ അവരുടെ നിലപാടുകള്‍ ബഹുമാനിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്യുന്നു എന്നതു പ്രതീക്ഷയാണ്. ഏറ്റുമാനൂരില്‍ ലതികയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു കിട്ടുന്ന പിന്തുണ ഈ രീതിയില്‍ കാണാം.

പത്ത് ശതമാനത്തില്‍ താഴെ 

സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പത്ത് ശതമാനത്തില്‍ താഴെയാണ് വനിതകളുടെ പ്രാതിനിധ്യം. നിലവിലെ കണക്കുകൂട്ടലുകളനുസരിച്ച് പത്തില്‍ താഴെ വനിതകള്‍ മാത്രമാണ് നിയമസഭയിലെത്താന്‍ സാധ്യതയുള്ളത്. ലതിക സുഭാഷും ഷാഹിദ കമാലും പി.കെ. സൈനബയും സിന്ധു ജോയിയും പോലെ എത്രയോ നേതാക്കള്‍ തോല്‍ക്കാന്‍ വേണ്ടി മാത്രം മത്സരിച്ച ചരിത്രം കേരളത്തിനുണ്ട്. ഇത്തവണ മുസ്ലിംലീഗിന്റെ ഉറച്ചകോട്ടയായ വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ എല്‍.ഡി.എഫ് നിയോഗിച്ചത് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം പി. ജിജിയെയാണ്. മുപ്പതിനായിരവും നാല്‍പ്പതിനായിരവും വോട്ടുകള്‍ക്ക് മുസ്ലിംലീഗ് ജയിക്കുന്ന മണ്ഡലത്തില്‍ ജയിക്കാനായി അസാധ്യമായ പ്രവര്‍ത്തനം വേണ്ടിവരും.

വണ്ടൂരിലും ഇതുതന്നെയാണ് അവസ്ഥ. 2001 മുതല്‍ കോണ്‍ഗ്രസ്സിലെ എ.പി. അനില്‍കുമാര്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചുവരുന്ന മണ്ഡലത്തിലാണ് സി.പി.എമ്മിന്റെ മറ്റൊരു സ്ഥാനാര്‍ത്ഥിയായ പി. മിഥുന മത്സരിക്കുന്നത്. മുസ്ലിംലീഗിന്റെ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിഥുന പാര്‍ട്ടിയില്‍ നടപടി നേരിട്ട ശേഷം ഇടതിനൊപ്പം ചേരുകയായിരുന്നു. യു.ഡി.എഫ് മണ്ഡലമായ ആലുവയില്‍ ഷെല്‍ന നിഷാദ് അലിയെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. 

കഴിഞ്ഞ മൂന്നു തവണയായി എല്‍.ഡി.എഫിലെ അയിഷ പോറ്റിയുടെ മണ്ഡലമാണ് കൊട്ടാരക്കര. ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മിക്ക് കോണ്‍ഗ്രസ് നല്‍കിയത് ഈ സീറ്റാണ്. കെ. എന്‍. ബാലഗോപാലാണ് എതിര്‍ സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫിനു മുന്‍തൂക്കമുള്ള തരൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരീക്ഷിക്കുന്നത് കെ.എ. ഷീബയെയാണ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ചിറ്റൂര്‍ നഗരസഭ മുന്‍ അധ്യക്ഷയും കൂടിയാണവര്‍. എ.കെ. ബാലനാണ് കഴിഞ്ഞ രണ്ടുതവണയും ഈ മണ്ഡലത്തില്‍ ജയിച്ചത്. പി.പി. സുമോദാണ് ഇത്തവണ ഇടതുസ്ഥാനാര്‍ത്ഥി.

വൈക്കം മണ്ഡലത്തില്‍ മൂന്നു മുന്നണികളും വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എല്‍.ഡി.എഫിലെ സി.കെ. ആശ, യു.ഡി.എഫില്‍ പി.ആര്‍. സോന, എന്‍.ഡി.എയില്‍ അജിതാ സാബു. സി.കെ. ആശയുടെ സിറ്റിങ് മണ്ഡലമാണ് വൈക്കം. എല്‍.ഡി.എഫിന്റെ ഉറച്ച കോട്ടയായ വൈക്കത്ത് യു.ഡി.എഫിന്റെ പരീക്ഷണ സ്ഥാനാര്‍ത്ഥിയാണ് സോന. കോട്ടയം നഗരസഭ ചെയര്‍പേഴ്സണായിരുന്നു സോന. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും ദലീമ ജോജോയും തമ്മിലാണ് മത്സരം. എല്‍.ഡി.എഫില്‍നിന്നും മണ്ഡലം കഴിഞ്ഞതവണ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തിരുന്നു. 2006 മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുന്ന മണ്ഡലമാണ് കായംകുളം. സിറ്റിങ് എം.എല്‍.എ പ്രതിഭാ ഹരിക്കെതിരെ മുന്‍ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അരിത ബാബുവിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.

നിലവില്‍ ഒറ്റ എം.എല്‍.എ മാത്രമുള്ള ബി.ജെ.പിയില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ ജയസാധ്യത വിലയിരുത്താന്‍ കഴിയില്ല. വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി എ ക്ലാസ്സ് മണ്ഡലങ്ങളായി പരിഗണിക്കുന്ന സീറ്റുകളിലൊന്നും വനിതകളില്ല. ബി.ജെ.പിയുടെ സംസ്ഥാനത്തെ കരുത്തുറ്റ നേതാവായ ശോഭാ സുരേന്ദ്രന്‍ പോലും ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടില്ല. സംസ്ഥാന പ്രസിഡന്റ് രണ്ട് മണ്ഡലങ്ങളില്‍ വരെ മത്സരിക്കുന്ന സാഹചര്യത്തിലും തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ ശോഭ സുരേന്ദ്രന് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു. 

പരീക്ഷണാടിസ്ഥാനത്തില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികള്‍ പലരും ജയിച്ചേക്കാം. എന്നാല്‍, അങ്ങനെയൊരു പ്രതീക്ഷയുമായല്ല പാര്‍ട്ടികള്‍ ഇവര്‍ക്ക് സീറ്റുകള്‍ നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം.

ഉറച്ച മണ്ഡലത്തില്‍ കെ.കെ. ശൈലജ 

ജയസാധ്യതയുള്ള വനിതാ സ്ഥാനാര്‍ത്ഥികളില്‍ മുന്നില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തന്നെയാണ്. മണ്ഡലം മാറിയെങ്കിലും ടീച്ചര്‍ക്ക് ഉറച്ച മണ്ഡലമായ മട്ടന്നൂരാണ് പാര്‍ട്ടി നല്‍കിയത്. കഴിഞ്ഞ രണ്ട് തവണ ഇ.പി. ജയരാജന്‍ ജയിച്ച മണ്ഡലം. എല്‍.ജെ.ഡി ഇടതുമുന്നണിലെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച കൂത്തുപറമ്പ് ദളിന് നല്‍കിയതിനാലാണ് മണ്ഡലം മാറേണ്ടിവന്നത്. മൂന്ന് തവണ നിയമസഭയിലെത്തിയ ടീച്ചര്‍ ഇത്തവണയും സഭയിലുണ്ടാകുമെന്ന് കരുതാം. 2006 മുതല്‍ എല്‍.ഡി.എഫ് ജയിക്കുന്ന കൊയിലാണ്ടിയില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കാനത്തില്‍ ജമീലയെ മത്സരിക്കുന്നു. കെ. ദാസനാണ് നിലവിലെ എം.എല്‍.എ. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. 

മണ്ഡല രൂപീകരണത്തിനുശേഷം കഴിഞ്ഞ രണ്ട് തവണയും എല്‍.ഡി.എഫിലെ കെ.വി. വിജയദാസ് വിജയിച്ച മണ്ഡലമാണ് കോങ്ങാട്. ഇവിടെ എല്‍.ഡി.എഫ് കെ. ശാന്തകുമാരിക്ക് സീറ്റ് നല്‍കി. 2006 മുതല്‍ ഇടതിനൊപ്പമുള്ള കുണ്ടറയില്‍ത്തന്നെയാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഇത്തവണയും മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിലെ രാജ്മോഹന്‍ ഉണ്ണിത്താനെയാണ് മേഴ്സിക്കുട്ടിയമ്മ പരാജയപ്പെടുത്തിയത്. ആറന്മുളയില്‍ വീണാജോര്‍ജും കായംകുളത്ത് പ്രതിഭയും വൈക്കത്ത് സി.കെ. ആശയും അരൂരില്‍ ഷാനിമോള്‍ ഉസ്മാനും സ്വന്തം മണ്ഡലങ്ങളില്‍ വീണ്ടുമെത്തുന്നു. ഇടതുപക്ഷത്തിനു മുന്‍തൂക്കമുള്ള ഇരിങ്ങാലക്കുട മണ്ഡലത്തിലാണ് പ്രൊഫ. ആര്‍. ബിന്ദു മത്സരിക്കുന്നത്. സി.പി.എമ്മിന്റെ കെ.യു. അരുണനാണ് നിലവിലെ എം.എല്‍.എ.

മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാനന്തവാടിയില്‍ മത്സരിക്കുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍നിന്നുള്ള കേരളത്തിലെ ആദ്യമന്ത്രിയായിരുന്നു പി.കെ. ജയലക്ഷ്മി. എന്നാല്‍, മന്ത്രിസഭാ കാലാവധി കഴിഞ്ഞ ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ കാര്യമായി ഇടപെടലുകളൊന്നും ഉണ്ടായില്ല. വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ മാത്രമായി ഒതുങ്ങി. 2016-ല്‍ എല്‍.ഡി.എഫിലെ ഒ.ആര്‍. കേളുവിനോടാണ് അവര്‍ പരാജയപ്പെട്ടത്. ഇരുമുന്നണികളേയും ജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലമാണ് മാനന്തവാടി. ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാനാണ് ജയലക്ഷ്മി ഇറങ്ങുന്നത്. ഒ.ആര്‍. കേളു തന്നെയാണ് ഇത്തവണയും സി.പി.എം സ്ഥാനാര്‍ത്ഥി.

ആലുവയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ഷെൽന നിഷാദ് വോട്ടഭ്യർത്ഥിക്കുന്നു
ആലുവയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ഷെൽന നിഷാദ് വോട്ടഭ്യർത്ഥിക്കുന്നു

യു.ഡി.എഫിന്റെ മണ്ഡലമായിരുന്ന തൃശൂര്‍ കഴിഞ്ഞ തവണ വി.എസ്. സുനില്‍കുമാറിലൂടെ എല്‍.ഡി.എഫ് സ്വന്തമാക്കിയിരുന്നു. പത്മജ വേണുഗോപാലായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. പത്മജ ഇക്കുറിയും ഇവിടെ മത്സരത്തിനുണ്ട്. ബി.ജെ.പി പ്രധാന കക്ഷിയായി മണ്ഡലത്തില്‍ ഇക്കാലത്തിനിടയില്‍ മാറി എന്നത് ശ്രദ്ധേയമാണ്. സുരേഷ്ഗോപിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കൊല്ലത്ത് കോണ്‍ഗ്രസ്സിനായി മത്സരിക്കുന്ന ബിന്ദുകൃഷ്ണയാണ് മറ്റൊരു പ്രമുഖ. എന്നാല്‍, സീറ്റ് കിട്ടുന്നതിനായി അവര്‍ക്ക് നിരവധി സമ്മര്‍ദ്ദങ്ങള്‍ പാര്‍ട്ടിയില്‍ ചെലുത്തേണ്ടിവന്നു. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ബിന്ദുകൃഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെടുന്നത്. സിറ്റിങ് എം.എല്‍.എ മുകേഷിനെതിരെയാണ് ബിന്ദുകൃഷ്ണയുടെ മത്സരം. 

25 വര്‍ഷത്തിനുശേഷമാണ് മുസ്ലിംലീഗില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി പരിഗണിക്കപ്പെടുന്നത്. ഇനിയങ്ങോട്ടുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങളില്‍ സ്ത്രീകളെ ഒഴിവാക്കാന്‍ കഴിയില്ല എന്ന കാര്യം അംഗീകരിച്ചുകൊണ്ടാണ് നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്തില്‍ മുസ്ലിംലീഗ് മത്സരിപ്പിക്കുന്നത്. മതസംഘടനകളുടെ എതിര്‍പ്പുണ്ടാകും എന്നു പറഞ്ഞാണ് എല്ലായ്പോഴും ലീഗ് സ്ത്രീകളെ ഒഴിവാക്കിയിരുന്നത്. സമസ്തയുടെ അതൃപ്തി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കേള്‍വി. എന്നാല്‍, അതിനെ മറികടന്ന് ഒരു തീരുമാനത്തിലെത്താന്‍ ലീഗിനു കഴിഞ്ഞു. 27 മണ്ഡലത്തിലാണ് മുസ്ലിംലീഗ് ഇത്തവണ മത്സരിക്കുന്നത്. അതില്‍ ഒരു സീറ്റിലാണ് വനിതാ സ്ഥാനാര്‍ത്ഥിയുള്ളത്.

വനിതാലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയാണ് നൂര്‍ബീന. 1995 മുതല്‍ 2005 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്നു. കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് അഭിഭാഷക കൂടിയായ നൂര്‍ബിന മത്സരിക്കുന്നത്. എം.കെ. മുനീറാണ് സിറ്റിങ് എം.എല്‍.എ. 1996-ല്‍ മുസ്ലിംലീഗിന്റെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥിയായി ഖമറുന്നീസ അന്‍വര്‍ മത്സരിച്ചതും ഇവിടെയാണ്. അന്ന് കോഴിക്കോട്-രണ്ടായിരുന്നു മണ്ഡലം. 2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുശേഷം ഈ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തി കോഴിക്കോട് സൗത്തായി മാറി. എളമരം കരീമിനെതിരെയായിരുന്നു ഖമറുന്നീസയുടെ പോര്. 1991-ല്‍ എം.കെ. മുനീര്‍ ആദ്യമായി മത്സരിച്ച് ജയിച്ചതും ഇവിടെനിന്നാണ്. മുസ്ലിംലീഗിനു സ്വാധീനമുള്ള മണ്ഡലമാണ് കോഴിക്കോട് സൗത്ത്. ജയസാധ്യതയുള്ള ഒരു മണ്ഡലം തന്നെ വനിതാ സ്ഥാനാര്‍ത്ഥിക്കു നല്‍കി എന്ന കാര്യത്തില്‍ മുസ്ലിംലീഗിന് ആശ്വസിക്കാം. എന്നാല്‍, മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റികളില്‍ നിന്നടക്കം നൂര്‍ബീനയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധവുമുണ്ട്.

കെ.കെ. രമയും സി.കെ. ജാനുവും 

ആര്‍.എം.പി. മത്സരിക്കുന്ന വടകരയിലെ കെ.കെ. രമയുടെ സ്ഥാനാര്‍ത്ഥിത്വമാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രത്യേകത. യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചതോടെ രമയുടെ ജയസാധ്യത ഏറി. രമയുടെ സ്ഥാനാര്‍ത്ഥിത്വത്തിനും ആര്‍.എം.പിയെ പിന്തുണയ്ക്കാനും കെ. മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഏറെ വാദിച്ചെങ്കിലും കെ.പി.സി.സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന് അവസാന നിമിഷം വരെ എതിര്‍പ്പായിരുന്നു. കെ.കെ. രമ മത്സരിക്കേണ്ടതിന്റേയും ജയിക്കേണ്ടതിന്റേയും രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് കെ. മുരളീധരനെപ്പോലുള്ളവര്‍ ശക്തമായി വാദിച്ചത് രമയ്ക്ക് ഗുണമായി. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സി.കെ. ജാനുവും മത്സരത്തിനുണ്ട്. ഏത് മുന്നണിയിലായാലും അധികാരത്തിലെത്തിലെത്തിയാല്‍ മാത്രമേ നമ്മുടെ ശബ്ദം കേള്‍പ്പിക്കാന്‍ കഴിയൂ എന്നു വിശ്വസിക്കുന്ന നേതാവാണ് സി.കെ. ജാനു. 

പരിഗണിക്കപ്പെട്ട വനിതാ സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ സംഘടനാപരമായും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും കഴിവ് തെളിയിച്ചവരാണ്. ആണത്തപ്പാര്‍ട്ടികള്‍ എന്ന ലേബലില്‍നിന്ന് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറേണ്ട സമയം കഴിഞ്ഞു. പക്ഷേ, രാഷ്ട്രീയപ്പാര്‍ട്ടികളിലെത്തുന്ന യുവാക്കള്‍പോലും പരമ്പരാഗത ആണ്‍ശൈലിയില്‍നിന്നു മാറാന്‍ തയ്യാറാകുന്നില്ലെന്നതാണ് വിരോധാഭാസം.

പ്രാതിനിധ്യത്തെക്കുറിച്ചുള്ള പ്രതികരണം ചുരുക്കിക്കാണരുത്

അഭിപ്രായം പറയുന്ന സ്ത്രീകളെ അവര്‍ക്കു സീറ്റ് കിട്ടാത്തതുകൊണ്ടാണ് പറയുന്നത് എന്ന രീതിയില്‍ ചുരുക്കിക്കാണുന്നത് ശരിയല്ല. അവരെ സൈബര്‍ പോരാളികളെ വെച്ച് അക്രമിക്കുന്നതും ശരിയല്ല. ഇത്രയും സ്ത്രീകളുള്ള, സ്ത്രീ സാക്ഷരതയില്‍ മുന്നിലുള്ള ഒരു സംസ്ഥാനത്ത് സ്ത്രീകളെ മാറ്റിനിര്‍ത്തുകയാണ്. എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. പഞ്ചായത്തിലൊക്കെ നിയമം വന്നതുകൊണ്ട് സ്ത്രീകള്‍ക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പറ്റുന്നുണ്ട്. പക്ഷേ, ഇതൊന്നും നിയമസഭയില്‍ എത്തുന്നില്ല. അവരെ ഉള്‍പ്പെടുത്തേണ്ടത് പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണ്. തോല്‍ക്കുന്ന സീറ്റോ സംവരണ സീറ്റോ ഒക്കെയാണ് പലപ്പോഴും സ്ത്രീകള്‍ക്കു നല്‍കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ സ്ത്രീകള്‍ തന്നെ അക്രമിക്കുന്ന ഒരവസ്ഥയാണ് കാണുന്നത്. ആരെങ്കിലും പ്രാതിനിധ്യത്തെക്കുറിച്ച് പ്രതികരിച്ചാല്‍ സ്വന്തം കാര്യത്തിനുവേണ്ടിയാണ് എന്നു പറഞ്ഞു വ്യക്തിഹത്യ നടത്തും. അതും സ്ത്രീകളെ ഉപയോഗിച്ചുതന്നെ ഇതിനെ പ്രതിരോധിക്കുന്ന പ്രവണതയാണ് കാണുന്നത്. വനിതാകമ്മിഷന്‍ അധ്യക്ഷയായി ഇരുന്നതുകൊണ്ട് സ്ത്രീകളുടെ വിഷമങ്ങളും കണ്ണീരുമൊക്കെ എനിക്കു കൂടുതലായി മനസ്സിലാക്കാന്‍ പറ്റും. പ്രതിഷേധം എന്ന നിലയില്‍ ലതികാ സുഭാഷ് മുടിമുറിച്ചതിനെ അപഹസിക്കുന്നത് ശരിയല്ല. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരെയും അക്രമങ്ങള്‍ നടക്കുകയാണ്. ഞാന്‍ പ്രതികരിച്ചത് എനിക്കുവേണ്ടിയല്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇനിയെങ്കിലും ഇതിനെക്കുറിച്ച് ചിന്തിക്കണം. ഇപ്പോഴെങ്കിലും ഇതു ചര്‍ച്ചയായത് നന്നായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com