പണ്ഡിതന്മാരെ, സ്ത്രീകളെ വിശ്വസിക്കാം, അവര്‍ ഒപ്പം നില്‍ക്കും

പഴയ തലമുറയുടെ ഓര്‍മ്മകളില്‍ ചിരിയും ആത്മീയതയുടെ യുക്തിസഹമായ ചില വഴികളും മനോഹരമായി അവതരിപ്പിച്ചത് വൈലിത്തറ ഉസ്താദാണ്
പണ്ഡിതന്മാരെ, സ്ത്രീകളെ വിശ്വസിക്കാം, അവര്‍ ഒപ്പം നില്‍ക്കും

ലയാളി മുസ്ലിം പ്രഭാഷണങ്ങളും ഓണ്‍ലൈന്‍ ക്ലാസ്സുകളും ചര്‍ച്ചയ്‌ക്കെടുക്കുന്നു.

കൊവിഡ് കാലം വേദിയിലെ മതപ്രഭാഷണങ്ങള്‍ക്കും എക്കോ സൗണ്ടിലുള്ള സ്വര്‍ഗ്ഗ-നരക കാഹളങ്ങള്‍ക്കും (സൂര്‍ എന്ന കാഹളത്തില്‍ ഇസ്റാഫീല്‍ മാലാഖ ഊതുമ്പോള്‍ ലോകം അവസാനിക്കുമെന്നാണ് ഇസ്ലാമിക വിശ്വാസം. ചില മതപ്രഭാഷകര്‍ ഉപയോഗിക്കുന്ന മൈക്ക് ആണ് 'സൂര്‍' എന്ന കാഹളം). 'ഭക്തിയുടെ ശബ്ദകല' എന്ന നിലയില്‍ എങ്കിലും മതപ്രഭാഷണങ്ങള്‍ ആസ്വാദ്യകരമാണ്.

ചെറുപ്പത്തില്‍ കേട്ട ഏറ്റവും മനോഹരമായ 'വഅള്' (മതപ്രഭാഷണം) വൈലിത്തറ ഉസ്താദിന്റേയാണ്. പഴയ തലമുറയുടെ ഓര്‍മ്മകളില്‍ ചിരിയും ആത്മീയതയുടെ യുക്തിസഹമായ ചില വഴികളും മനോഹരമായി അവതരിപ്പിച്ചത് വൈലിത്തറ ഉസ്താദാണ്. ഒരു ടവ്വല്‍കൊണ്ട് തല മറച്ച ഉസ്താദ്. വിരട്ടലും വെല്ലുവിളികളുമില്ല. മനോഹരമായ സ്പിരിച്ച്വല്‍ ലിറ്ററേച്ചര്‍. പ്രസാദാത്മകമായ ശൈലി. ഫലിതങ്ങളും സൂറത്തുകളും സ്വാഭാവികമായ താളത്തോടെ വരും. സംശയമില്ല, വൈലിത്തറയാണ് ഞാന്‍ കേട്ട മനോഹരമായ വഅള് പറഞ്ഞ ആള്‍. ഒരുപാട് വിയോജിപ്പുകളുണ്ടെങ്കിലും എനിക്കേറെ പ്രിയപ്പെട്ട ഒരു മതപ്രഭാഷകന്‍ ടി.കെ. അബ്ദുള്ള മൗലവിയാണ്. ജമാഅത്തെ ഇസ്ലാമിക്കാരില്‍ പൊതുവെ കാണാത്ത നര്‍മ്മബോധം ഇദ്ദേഹത്തിന്റെ പഴയ പ്രഭാഷണങ്ങളില്‍ കേള്‍ക്കാം. ജമാഅത്തെ ഇസ്ലാമിയിലെ 'സുന്നി'യാണ് ടി.കെ. അബ്ദുള്ള സാഹിബ്.

മൈത്രിയുടെ മഴവില്ല്

മതപ്രഭാഷണരംഗത്തേക്ക് 'ഗസലാല' പനവുമായി കടന്നുവന്ന ആള്‍ അബ്ദുസമദ് സമദാനിയാണ്. ശങ്കരാചാര്യരുടെ സൂക്തങ്ങളും അല്ലാമ ഇഖ്ബാല്‍ വരികളും ഒഴുകിവന്നു ആ പ്രഭാഷണങ്ങളില്‍. ശബ്ദത്തില്‍ വശ്യമായ സുഖം. 'അതാണ് ഫാത്തിമ' എന്ന മതപ്രഭാഷണം കേട്ട് മുഹമ്മദ് നബി(സ)യും മകളും തമ്മിലെ അഗാധമായ ബന്ധം അറിഞ്ഞു കരഞ്ഞ എത്രയോ പേരെ കണ്ടിട്ടുണ്ട്. പിതാവ് എന്ന നിലയില്‍ അസ്തമിക്കാത്ത നിലാവായിരുന്നു നബിയുടെ വാത്സല്യം. സമദാനിയുടെ ആ ശൈലിക്ക് ഏറെ അനുകര്‍ത്താക്കളുമുണ്ടായി. എങ്കിലും, 'പഴയതെല്ലാം നല്ലത്' എന്നൊരു യാഥാസ്ഥിതിക വാദിയാണ് സമദാനി. പുതിയ തലമുറയുടെ ഒരു നന്മയും കാണാത്ത കണ്ണുകള്‍. ലക്ഷണമൊത്ത പാരമ്പര്യവാദി. എന്നാല്‍, മൈത്രിയുടെ മഴവില്ല് നിറയുന്ന വാക്കുകളാണ് സമദാനിയുടേത്. മതേതര ദേശീയതയുടെ പ്രതീകം.

കബീര്‍ ബാഖവിയുടെ പ്രഭാഷണം ശബ്ദഘോഷമാണ്. ശബ്ദം കൂടുമ്പോള്‍ ആത്മീയത ചെവിയടച്ച് ഓടിപ്പോകുന്നു. പ്രഭാഷണത്തില്‍ മികച്ചൊരു പെര്‍ഫോമറാണ് കബീര്‍ ബാഖവി. മൈക്ക് എടുത്തുമാറ്റിയാല്‍ അവിടെ പിന്നെ ഒന്നും അവശേഷിക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണവേദികള്‍ അന്യമത വിദ്വേഷം പരത്തുന്നില്ല.

സമദാനിയുടെ ശൈലി കോപ്പി പേസ്റ്റ് ചെയ്ത പ്രഭാഷകനാണ് സിംസാറുല്‍ ഹഖ്. ഏറെ ആകര്‍ഷകമാണ് ആ മുഖം. സ്വച്ഛമായ മുഖപ്രസന്നത. സ്വര്‍ഗ്ഗത്തിലെ ആണുങ്ങള്‍ക്ക് സിംസാറുല്‍ ഹഖിന്റെ മുഖമായിരിക്കുമെന്നുപോലും തോന്നാറുണ്ട്. പക്ഷേ, എന്തു ചെയ്യാന്‍! ഇത്രയും യാഥാസ്ഥിതികനായ ഒരു പ്രഭാഷകനായിപ്പോയല്ലോ സിംസാറുല്‍ ഹഖ്. ഏത് നൂറ്റാണ്ടിലാണ് ഈ ചെറുപ്പക്കാരന്‍ ജീവിക്കുന്നത് എന്നുപോലും ചില പ്രഭാഷണങ്ങള്‍ കേട്ട് തോന്നിപ്പോയിട്ടുണ്ട്. 'സ്ത്രീ/പുരുഷ' തുല്യത എന്ന ആശയം അടുത്തുകൂടി പോയിട്ടില്ല. നബിയുമായി സംസാരിച്ച ജിന്ന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നൊക്കെ ഏതൊ ഒരു പുസ്തകം ഉദ്ധരിച്ച് 'ആധികാരികമായി' പറഞ്ഞു നമ്മെ അത്ഭുതപ്പെടുത്തിക്കളയും. സ്ത്രീകള്‍ ഊഞ്ഞാലാടുന്നത് ഹറാമാണ് എന്നു പറഞ്ഞത് ഇദ്ദേഹമാണോ? എങ്കിലും പ്രവാചകന്റെ വഫാത്തിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം മനോഹരവും ഹൃദയസ്പര്‍ശിയുമാണ്.

ഏറ്റവും വിരസവും ഒട്ടും പ്രചോദിപ്പിക്കാത്തതുമായ പ്രഭാഷണങ്ങള്‍ നടത്തുന്നത്, മിക്കവാറും മുജാഹിദുകളാണ്. അവരില്‍നിന്ന് ഒന്നും എടുക്കാനില്ല. അവരൊഴിച്ച് മറ്റെല്ലാവരും അവരുടെ കാഴ്ചപ്പാടില്‍ 'കാഫിറു'കളാണ്. ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഷെഹനായി കേള്‍ക്കുന്ന, ഒ.വി. വിജയന്റെ നോവല്‍ വായിക്കുന്ന സലഫികളെ നിങ്ങള്‍ക്ക് പരിചയമുണ്ടോ? ക്ഷമിക്കണേ, ഈ ലേഖകന്റെ പരിചയത്തില്‍ ഇല്ല.
കൊവിഡ് കാലം മതപ്രഭാഷണങ്ങളുടെ വേദികള്‍ എടുത്തുമാറ്റിയെങ്കിലും ദര്‍ശന ടി.വിയിലെ സമസ്ത ഓണ്‍ലൈന്‍ മദ്രസാ ക്ലാസ്സുകള്‍ ഏറെ ആകര്‍ഷകമാണ്. ചൂരല്‍ പേടിയില്ലാതെ കുട്ടികള്‍ ടി.വിക്കു മുന്നിലിരിക്കുന്നു. ചിരിക്കുന്ന ഉസ്താദുമാര്‍, പാട്ടുപാടുന്ന ഉസ്താദുമാര്‍. മദ്രസയിലെ ഉസ്താദുമാരല്ല, ടെലിവിഷനിലെ ഉസ്താദുമാര്‍. അവര്‍ മികച്ച നടന്മാര്‍ കൂടിയാണ്. അഭിനയകല അവരെ സര്‍ഗ്ഗാത്മകമായി തുണക്കുന്നു. ഓണ്‍ലൈനിലൂടെ സുന്നികള്‍ ഈ അടഞ്ഞ കാലത്തെ ഏറ്റവും ആത്മവിശ്വാസത്തോടെ മറികടന്നു.

ഹിന്ദുവും മുസല്‍മാനും ഒരേ ഫ്‌ലാറ്റില്‍ താമസിക്കുന്നു. ഹിന്ദുവിന്റെ വസ്ത്രങ്ങളോടൊപ്പം മുസല്‍മാന്റെ വസ്ത്രം ഒരേ അലക്കു മെഷീനില്‍ അലക്കാമോ?

ചോദ്യം ഒരു മുസ്ലിം യുവപ്രഭാഷകനോടാണ്.

എന്നോടോ നിങ്ങളോടോ ആണ് ഈ ചോദ്യമെങ്കില്‍ നമ്മളെന്താണ് ചെയ്യുക? 'മതി, മതി, ചോദ്യം അവസാനിച്ചു' എന്നെങ്കിലും പറയും. ഇത്തരം ചോദ്യം തന്നെ 'ഹറാ'മാണ് എന്നെങ്കിലും പറയും. 
എന്നാല്‍, ആ യുവപണ്ഡിതന്‍ പറഞ്ഞ മറുപടി! അതിവിടെ എഴുതുന്നില്ല.

എന്തായാലും മുസ്ലിം സ്ത്രീകളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത് എന്നു പറഞ്ഞ സമസ്തയുടെ ഒരു യുവപ്രഭാഷകനെ സമസ്തയും മുസ്ലിംലീഗും തള്ളി. കോഴിക്കോട് സൗത്തില്‍ ഒരു സ്ത്രീ നീണ്ട 25 വര്‍ഷങ്ങള്‍ക്കുശേഷം മുസ്ലിംലീഗ് ചിഹ്നത്തില്‍ മത്സരിക്കുന്നു. സ്ത്രീകളെ എന്തിനാണ് നമ്മുടെ മതപണ്ഡിതന്മാര്‍ ഇത്രയും ഭയക്കുന്നത്? ഹിറാ ഗുഹയില്‍ ദൈവ പ്രബോധനം വന്നിറങ്ങിയപ്പോള്‍ പേടിച്ചുവിറച്ച പ്രവാചകനെ ചേര്‍ത്തുപിടിച്ചതും ഒപ്പം നിന്നതും ഒരു സ്ത്രീയായിരുന്നു, ഖദീജ. 

സ്ത്രീകളെ വിശ്വസിക്കാം, അവര്‍ ഒപ്പം നില്‍ക്കും. നിങ്ങള്‍ നെറികേടുകളുമായി വരുമ്പോഴാണ് അവര്‍ പുറംകാല്‍കൊണ്ട് ചവിട്ടുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com