അപ്പോഴും ചോദ്യം ബാക്കിനില്‍ക്കുന്നു, എന്താണ് കെടി ജലീലിന്റെ രാഷ്ട്രീയം? 

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സിമിക്കാരനും പിന്നീട് എം.എസ്.എഫുകാരനും യൂത്ത് ലീഗുകാരനുമൊക്കെയായിരുന്നു കക്ഷി
കെടി ജലീൽ
കെടി ജലീൽ

ഇന്ത്യയില്‍ സമ്മതിദായകനെ വിശേഷിപ്പിക്കാന്‍ അല്പം പരിഹാസത്തോടേയും എന്നാല്‍, യാഥാര്‍ത്ഥ്യബോധത്തോടേയും ഉപയോഗിച്ചു പോരുന്ന ഒരു പ്രയോഗമുണ്ട്: 'ഏക് ദിന്‍ കാ സുല്‍ത്താന്‍.' വോട്ട് രേഖപ്പെടുത്തുന്ന ഒരു ദിവസത്തെ രാജാവാണ് സമ്മതിദായകന്‍. അതു കഴിഞ്ഞാല്‍ പിന്നെ അവന്/അവള്‍ക്ക് വിലയൊട്ടുമില്ല. ജയിച്ചുകയറുന്ന ജനപ്രതിനിധിയുടെ സ്വഭാവം തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ അടിമുടി മാറും. ജനപ്രതിനിധി ഞൊടിയിടയില്‍ രാജപാദത്തിലേയ്ക്കുയരും. 'ഒരു ദിവസത്തെ രാജാവ്' വിലയേതുമില്ലാത്ത വെറും പ്രജയായി പരിണമിക്കുകയും ചെയ്യും.
ഈ യാഥാര്‍ത്ഥ്യം ജനാധിപത്യം എന്ന ആശയം പിറവികൊണ്ട പ്രാചീന ഗ്രീസിന്റെ ഭാഗമായ ഏതന്‍സിലെ ജനങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നു എന്നത് കൗതുകകരമാണ്. തങ്ങള്‍ തെരഞ്ഞെടുത്തയക്കുന്ന പ്രതിനിധികള്‍ ജനഹിതത്തിനു (പൊതുനന്മയ്ക്ക്) വിരുദ്ധമാംവിധം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത്തരക്കാരെ തിരിച്ചുവിളിക്കാനുള്ള അവകാശം സമ്മതിദായകര്‍ക്കുണ്ടാകണമെന്ന് ഏതന്‍സ് വാസികള്‍ തീരുമാനിച്ചു. അമ്മട്ടിലൊരു ചട്ടം രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് അവരുണ്ടാക്കുകയും ചെയ്തു.

പില്‍ക്കാലത്ത് ജനാധിപത്യരഥ്യയിലേക്ക് നീങ്ങിയ രാഷ്ട്രങ്ങള്‍ പലതിലും ജനങ്ങള്‍ തെരഞ്ഞെടുത്തയക്കുന്നവരെ കാലാവധിക്കു മുന്‍പേ തിരിച്ചുവിളിക്കാനുള്ള അവകാശം കൂടി അവര്‍ക്കുണ്ടാകണമെന്ന എന്ന ചിന്ത കാലക്രമേണ സ്വാധീനം നേടിയതു കാണാം. അമേരിക്ക, കാനഡ, അര്‍ജന്റീന, കൊളംബിയ, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം ദേശീയതലത്തിലല്ലെങ്കില്‍ പ്രവിശ്യാതലത്തിലെങ്കിലും ഭരണഘടനാതത്ത്വം എന്ന നിലയില്‍ നിലവില്‍ വന്നിട്ടുണ്ട്.

ഇന്ത്യയില്‍ ഇത്തരമൊരാവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടത് ബ്രിട്ടീഷ് വാഴ്ചക്കാലത്ത് 1924-ലാണ്. ഭഗത്സിംഗിനെപ്പോലുള്ള വിപ്ലവകാരികള്‍ അംഗങ്ങളായിരുന്ന ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ സ്ഥാപകനായ സചീന്ദ്രനാഥ് സന്യാല്‍ തന്റെ സംഘടനയ്ക്കുവേണ്ടി തയ്യാറാക്കിയ മാനിഫെസ്റ്റോയിലാണ് അതു കടന്നുവന്നത്. അതിനുശേഷം 1944-ല്‍ എം.എന്‍. റോയിയും അതേ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭയിലും ആ നിര്‍ദ്ദേശം ചര്‍ച്ചയ്ക്ക് വരുകയുണ്ടായി. പലര്‍ക്കും അതിനോട് യോജിപ്പുണ്ടായിരുന്നെങ്കിലും അംബേദ്കറെപ്പോലുള്ളവര്‍ക്ക് അതു സ്വീകാര്യമായിരുന്നില്ല. തന്മൂലം കഴിവുകെട്ടവരോ അഴിമതിക്കാരോ ക്രിമിനലുകള്‍ പോലുമോ ആയ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം വോട്ടര്‍മാര്‍ക്ക് നല്‍കുന്ന വകുപ്പ് ഇന്ത്യന്‍ ഭരണഘടനയിലോ ജനപ്രാതിനിധ്യ നിയമത്തിലോ ഇല്ലാതെ പോയി.

സ്വാതന്ത്ര്യത്തിനുശേഷം, ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശം പൗരന്മാര്‍ക്ക് നല്‍കണമെന്ന ആവശ്യം 1974-ല്‍ ശക്തമായി ഉയര്‍ത്തിയത് ജയപ്രകാശ് നാരായണനാണ്. അതേ കാലത്ത് സി.കെ. ചന്ദ്രപ്പന്‍ ഇതേ ആവശ്യമുള്‍ക്കൊള്ളുന്ന ഒരു ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. എ.ബി. വാജ്‌പേയിയുടെ പിന്തുണ ബില്ലിനുണ്ടായിരുന്നെങ്കിലും അതു പാസ്സായില്ല. ഒരു വ്യാഴവട്ടക്കാലം മുന്‍പ് സോമനാഥ ചാറ്റര്‍ജിയും 2016-ല്‍ ബി.ജെ.പി എം.പിയായിരുന്ന വരുണ്‍ ഗാന്ധിയും ഈ ദിശയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഇവിടെ ഓര്‍ക്കാം.

ജനപ്രതിനിധികളുടെ കര്‍മ്മശൈലി ജനവിരുദ്ധമാകുന്നു എന്ന് ഒരു നിശ്ചിത ശതമാനം വോട്ടര്‍മാര്‍ക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ അത്തരക്കാരെ അസംബ്ലി, പാര്‍ലമെന്റ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നു മടക്കിവിളിക്കാന്‍ സമ്മതിദായകര്‍ക്ക് അവകാശം സിദ്ധിക്കുമ്പോള്‍ മാത്രമേ ജനാധിപത്യം സാര്‍ത്ഥകമാകൂ. തങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച പ്രതിനിധി പൊതുനന്മയെന്ന മഹത്തായ ലക്ഷ്യം മറന്ന് സ്വാര്‍ത്ഥതയുടേയും അഴിമതിയുടേയും അഹന്തയുടേയും സ്വജനപക്ഷപാതത്തിന്റേയും ക്രിമിനലിസത്തിന്റേയും പാത സ്വീകരിക്കുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ വോട്ടര്‍മാര്‍ക്ക് സാധിക്കൂവെങ്കില്‍ അതിനെ ജനാധിപത്യം എന്നല്ല, കുറ്റവാളിയാധിപത്യം എന്നാണ് വിളിക്കേണ്ടത്.

മേല്‍പ്പറഞ്ഞ മട്ടിലുള്ള സ്ഥിതിവിശേഷം സംജാതമാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട പലരുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളത്രേ ജെയിംസ് മില്‍ (1773-1836) എന്ന സ്‌കോട്ടിഷ് ചരിത്രകാരന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍: ''ജനപ്രതിനിധികള്‍ എന്നറിയപ്പെടുന്ന വിഭാഗത്തിന് അധികാരം കൈവന്നാല്‍ മറ്റു മനുഷ്യരെപ്പോലെ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം സമൂഹനന്മയ്ക്ക് എന്നതിനു പകരം സ്വന്തം നന്മയ്ക്ക് അവരുപയോഗിച്ചേക്കുമെന്നത് നിസ്തര്‍ക്കമാണ്.''

സ്വജനപക്ഷപാത കാര്യത്തിലെ ഒരേ തൂവല്‍പ്പക്ഷികള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും ഇത് സംഭവിച്ചിട്ടുണ്ട് എന്നതും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതും വസ്തുതയത്രേ. നമ്മുടെ ജനപ്രതിനിധികളില്‍ പലര്‍ക്കെതിരേയും അഴിമതിയാരോപണങ്ങള്‍ മാത്രമല്ല, ലൈംഗികക്കുറ്റവും കൊലക്കുറ്റവും വരെയുള്ള ആരോപണങ്ങള്‍പോലും കാലാകാലങ്ങളിലുണ്ടായിട്ടുണ്ട്. വിഹിതമല്ലാത്ത വഴികളിലൂടെ വലിയ അളവില്‍ സ്വത്ത് വാരിക്കൂട്ടിയ ജനപ്രതിനിധികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ട് എന്നതും യാഥാര്‍ത്ഥ്യം മാത്രം. ഇക്കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രമൊന്നും വലിയ വിഷയമോ പ്രതിബന്ധമോ ആവാറില്ല. വലത്തുള്ളവരും ഇടത്തുള്ളവരും മധ്യത്തിലുള്ളവരുമെല്ലാം അഴിമതിയിലും അവിഹിത ധനാര്‍ജ്ജനത്തിലും സ്വജനപക്ഷപാതിത്വത്തിലും ഒരേ തൂവല്‍പക്ഷികളാണ്. മിക്കപ്പോഴും ഈദൃശ 'ബിസിനസ്സു'കളില്‍ അവര്‍ കക്ഷിരാഷ്ട്രീയാതീതമായി അലിഖിത പാര്‍ട്ട്ണര്‍ഷിപ്പ് ഉള്ളവരുമാണ്.

നമ്മുടെ സംസ്ഥാനത്ത് സമീപകാലത്ത് കോളിളക്കം സൃഷ്ടിച്ച ഒരു സ്വജനപക്ഷപാത കേസിലേക്ക് ഒന്നിറങ്ങി നോക്കൂ. 2016-ല്‍ ഇടതുമുന്നണി സര്‍ക്കാരില്‍ മന്ത്രിപദത്തിലെത്തിയ കെ.ടി. ജലീലിന്റെ കാര്യമാണിവിടെ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്താണെന്ന് ഇതെഴുതുന്നവനറിയില്ല. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സിമിക്കാരനും പിന്നീട് എം.എസ്.എഫുകാരനും യൂത്ത് ലീഗുകാരനുമൊക്കെയായിരുന്നു കക്ഷി. 2006-ല്‍ ഒരു സുപ്രഭാതത്തില്‍ ടിയാന്‍ ഇടതുപക്ഷ സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തി. അപ്പോഴും ജലീലിന്റെ രാഷ്ട്രീയം എന്തെന്നത് അവ്യക്തമായിരുന്നു. സി.പി.എം, സി.പി.ഐ പോലുള്ള ഇടതു പാര്‍ട്ടികളിലൊന്നും അദ്ദേഹം ചേര്‍ന്നില്ല. 2006-ലും 2011-ലും 2016-ലും 2021-ലും നിയമസഭയിലേക്ക് 'ഇടത് സ്വതന്ത്രന്‍' എന്ന മേല്‍വിലാസത്തില്‍ മത്സരിച്ചു. 2016-ല്‍ മന്ത്രിയുമായി.

അപ്പോഴും ചോദ്യം ബാക്കിനില്‍ക്കുന്നു. എന്താണ് കെ.ടി. ജലീലിന്റെ രാഷ്ട്രീയം? കക്ഷി കമ്യൂണിസ്റ്റുകാരനല്ല. ഇടതുമുന്നണിയുടെ ഭാഗമായ മറ്റേതെങ്കിലും പാര്‍ട്ടിയില്‍പ്പെട്ടവനുമല്ല ഈ വളാഞ്ചേരിക്കാരന്‍. പക്ഷേ, കമ്യൂണിസ്റ്റുകാര്‍ക്ക് മേധാവിത്വമുള്ള മന്ത്രിസഭയില്‍ 2016 മെയ് തൊട്ട് മന്ത്രിപദവിയിലിരുന്ന ജലീലിനു ലോകായുക്തയുടെ നൈതിക, നൈയാമിക പ്രഹരം കടുകട്ടിയില്‍ കിട്ടി. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അശേഷം അര്‍ഹതയില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. എന്നിട്ടും ഇടതുമൂല്യങ്ങളുടെ ബാലപാഠമറിയാത്ത ജലീല്‍ മന്ത്രിപദവിയില്‍ കടിച്ചുതൂങ്ങി നിന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഏത് ദുസ്സാഹചര്യത്തിലും തന്നെ താങ്ങിനിര്‍ത്തുമെന്ന പ്രതീക്ഷ നിശ്ശേഷം അസ്തമിച്ചപ്പോഴാണ് ലോകായുക്ത റിപ്പോര്‍ട്ട് വന്ന് നാല് ദിവസങ്ങള്‍ക്കുശേഷം 'സ്വതന്ത്ര മന്ത്രി' ജലീല്‍ മനമില്ലാമനസ്സോടെ മന്ത്രിക്കസേരയുടെ പിടിവിട്ടത്.

മാര്‍ക്ക് ദാനവും സ്വര്‍ണ്ണക്കടത്തും ഖുര്‍ആന്‍ കടത്തുമുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ നേരിട്ട ന്യൂനപക്ഷ ക്ഷേമമന്ത്രിയെ ആ ആരോപണങ്ങളുടെയൊന്നും പേരിലല്ല കുറ്റക്കാരനെന്നു വിധിച്ചത്. താന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ജനറല്‍ മാനേജരായി അടുത്ത ബന്ധുവിനെ നിയമിക്കാന്‍ അയാളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് തസ്തികയുടെ യോഗ്യതയില്‍ മാറ്റം വരുത്തി എന്നതാണ്. ജലീല്‍ ചെയ്ത കുറ്റം, ചെരിപ്പിനനുസരിച്ച് കാല് മുറിക്കുന്ന പണിയാണത്. മന്ത്രിസ്ഥാനമുണ്ടെന്ന ഒറ്റക്കാരണത്താല്‍ ഏതു നിയമവും ചട്ടവും വകുപ്പും തന്റെ അഭീഷ്ടപ്രകാരം മാറ്റിമറിക്കാം എന്നു വിചാരിക്കുന്നവര്‍ക്ക് ജനപ്രതിനിധി എന്ന വിശേഷണം തെല്ലും ചേരില്ല. ജനത്തെ പ്രതിനിധാനം ചെയ്യുന്നു എന്നതിനു മാനങ്ങള്‍ പലതുണ്ട്. അവയില്‍ ഏറ്റവും പ്രധാനമാണ് ഭരണഘടനാമൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നത്. ഭരണഘടനാമൂല്യങ്ങളെ പ്രതിനിധീകരിക്കുക എന്നതിനര്‍ത്ഥം സത്യത്തേയും നീതിയേയും വിവേചനരാഹിത്യത്തേയും പ്രതിനിധീകരിക്കുക എന്നാണ്.

ആ പ്രതിനിധ്യം അവകാശപ്പെടാന്‍ കെ.ടി. ജലീലിന് അര്‍ഹതയില്ല എന്നാണ് ഏപ്രില്‍ ഒന്‍പതിന് ലോകായുക്ത വ്യക്തമാക്കിയത്. സമൂഹവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ജനപ്രതിനിധികളെ കാലാവധിക്കു മുന്‍പേ തിരിച്ചുവിളിക്കാന്‍ സമ്മതിദായകര്‍ക്ക് അവകാശമുണ്ടായിരുന്നെങ്കില്‍, ബന്ധുനിയമനത്തിന് ജലീല്‍ ചരടുവലി ആരംഭിച്ച 2016 ജൂലൈയില്‍ത്തന്നെ അദ്ദേഹത്തെ തിരിച്ചുവിളിക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്തെ ഉദ്ബുദ്ധരായ വോട്ടര്‍മാര്‍ രംഗത്ത് വരുമായിരുന്നില്ലേ? സമ്മതിദായകരായ നാം എത്ര നിസ്സഹായരാണെന്നു വെളിവാക്കുന്ന ഒന്നാന്തരം ഉദാഹരണമാണ് ജലീല്‍ എപ്പിസോഡ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com