ദുരന്തകാല സര്‍വാധിപത്യം

By അരവിന്ദ് ഗോപിനാഥ്  |   Published: 13th May 2021 02:14 PM  |  

Last Updated: 13th May 2021 02:14 PM  |   A+A-   |  

WhatsApp_Image_2021-05-12_at_10

 

ല്ലാ ദുരന്തങ്ങളും ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നത് ഒരു ചരിത്ര വസ്തുതയാണ്. ആശ്രയമറ്റ മനുഷ്യര്‍ ഭരണകൂടത്തിന്റെ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നു. അതില്‍ മാത്രമായി പ്രതീക്ഷകള്‍ ചുരുക്കുന്നു. പ്രജകളുടെ പൂര്‍ണ്ണവിധേയത്വമാണ് ഇക്കാലത്ത് ഭരണകൂടം ഉറപ്പുവരുത്തുന്നത്. നിര്‍ണ്ണായക സമയങ്ങളില്‍, അതുകൊണ്ട് തന്നെ യുദ്ധങ്ങളായും ആഭ്യന്തര സംഘര്‍ഷങ്ങളായും ദുരിതം വിതയ്ക്കുകയെന്നതും ഭരണകൂടത്തിന്റെ സാമ്പ്രദായിക മാര്‍ഗ്ഗങ്ങളാണ്. ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയ കൊവിഡ് മഹാമാരിയെന്ന ദുരന്തത്തെ തന്റെ അശാസ്ത്രീയതയും കെടുകാര്യസ്ഥതയുംകൊണ്ട് വഷളാക്കുകയും, ഒടുവില്‍  ജനങ്ങള്‍ തെരുവില്‍ പ്രാണവായു കിട്ടാതെ മരിക്കുന്ന അവസ്ഥയിലെത്തിയപ്പോള്‍ കോര്‍പ്പറേറ്റ് ദാസ്യവൃത്തികൊണ്ട് തന്റെ രാഷ്ട്രീയ ദൗത്യം നിര്‍വ്വഹിക്കുകയും ചെയ്യുന്ന മോദി ഭരണത്തിന്റെ പ്രജകളാണ് ഇന്ത്യക്കാര്‍. 

കൊവിഡ് കാലത്ത് തീവ്ര വലതുപക്ഷ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കുമേല്‍ വിതച്ച ദുരിതം ലോകം കണ്ടതാണ്. ഡൊണാള്‍ഡ് ട്രംപും ബൊല്‍സോനരോയും അമേരിക്കയിലേയും ബ്രസീലിലേയും ജനങ്ങളുടെ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ ദുരിതത്തിലാക്കിയതിന്റെ കഥകള്‍ ഇപ്പോഴും മാധ്യമങ്ങള്‍ പറഞ്ഞു തീര്‍ന്നിട്ടില്ല. അത് വ്യക്തികളുടെ പ്രശ്‌നവുമല്ല, ദുരന്തകാലത്തെ മുതലാളിത്തം അതിന്റെ ദംഷ്ട്രകളാഴ്ത്താന്‍ വേണ്ടി ഉപയോഗിക്കുന്നത് ലോകം നേരത്തെ കണ്ടതാണ്. നവോമി ക്ലെയിനിനെ പോലുള്ളവര്‍ നേരത്തെ അത് വിശദീകരിച്ചതുമാണ്. ഡിസാസ്റ്റര്‍ ക്യാപിറ്റലിസം എന്ന പ്രയോഗം തന്നെ അങ്ങനെ ഉണ്ടായതാണ്. പ്രതിരോധമരുന്ന് ഉല്പാദകരുടെ ലാഭേച്ഛയ്ക്ക് ജനതയെ എറിഞ്ഞു കൊടുക്കുന്നതിനെ എന്ത് വിളിക്കുമെന്നതാണ് ആലോചിക്കേണ്ടത്. കൊവിഡ് കാലം മുഴുവന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത് ഇതൊക്കെ തന്നെയാണ്. ഒരു വര്‍ഷമായി ആവശ്യത്തിന് ഓക്സിജന്‍ പ്ലാന്റുകള്‍ പോലും നിര്‍മ്മിച്ചു നല്‍കാന്‍ കഴിയാത്തവരാണ് ഹൈപ്പര്‍നാഷണലിസം ബാധിച്ച് ഇന്ത്യ കൊവിഡ് കീഴടക്കിയെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വീമ്പിളക്കിയത്. പ്രതിരോധമരുന്നിനെക്കാള്‍ പ്രധാനം പൗരത്വ രേഖകളുടെ പരിശോധനയ്ക്ക് നല്‍കുന്ന ഭരണകൂടം ജനാധിപത്യ സമ്പ്രദായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യത്തെ ദുരന്തകാല സര്‍വ്വാധിപത്യ സര്‍ക്കാര്‍ കൂടിയായിരിക്കും.

ദുരന്തങ്ങളെ നേരിടാന്‍ സ്വതന്ത്രവിപണിയാണ് പരിഹാരമെന്ന് ഭരണാധികാരികള്‍ ബോധപൂര്‍വം കണ്ടെത്തുന്ന തീരുമാനം നിലവിലെ അസമത്വത്തെ വര്‍ദ്ധിപ്പിക്കുമെന്നതാണ് ഇതുവരെയുള്ള അനുഭവം. നിരവധി നവലിബറല്‍ നയങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ദുരന്ത മുതലാളിത്തത്തിന്റെ ചില ഘടകങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു സാമ്പത്തിക വിദഗ്ദ്ധയായ ജയന്തി ഘോഷ്. എന്നാല്‍, ഇതിന്റെ ഇന്ത്യന്‍ പതിപ്പ് വ്യത്യസ്തമാണ്. ദുരന്തകാല സര്‍വ്വാധിപത്യമാണ് ഇവിടെയുള്ളത്- അവര്‍ വിലയിരുത്തുന്നു. അധികാരകേന്ദ്രീകരണത്തിനുള്ള നയങ്ങള്‍ നടപ്പാക്കുക മാത്രമല്ല എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ദുരന്തകാലത്തെ മറയാക്കുന്നു. ശക്തമായ നടപടികളാണ് എടുക്കുന്നതെന്ന് ഭാവിക്കുകയും അത് പ്രചരിപ്പിക്കയും ചെയ്യുകയാണ് ഇവര്‍ ചെയ്യുക. എല്ലാവരുടെയും സംരക്ഷണത്തിന് ഇത്തരം നവലിബറല്‍ തീരുമാനങ്ങള്‍ ആവശ്യമാണെന്ന് ജനത്തെ ബോധ്യപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുക. സ്ഥാപനങ്ങള്‍ നടത്തലല്ല സര്‍ക്കാരിന്റെ ജോലി എന്ന മോദിയുടെ പ്രഖ്യാപനം അതിന്റെ ചുവടുപിടിച്ചായിരുന്നു.

കഴിഞ്ഞതവണ നാലുമണിക്കൂര്‍ അവശേഷിപ്പിച്ച് മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പ്രത്യാഘാതങ്ങളുടെ ദുരിതം മുഴുവന്‍ പേറിയത് സാധാരണക്കാരായിരുന്നു. ലോക്ക്ഡൗണ്‍ മാറിയപ്പോള്‍ വ്യാവസായിക-സാമ്പത്തികരംഗം തകര്‍ന്നടിഞ്ഞെന്ന് പറഞ്ഞ് തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചു. തൊഴില്‍സമയം കൂട്ടി, പിരിച്ചുവിടുന്നതിനുള്ള മാനദണ്ഡങ്ങള്‍ എടുത്തുകളഞ്ഞു. ലോക്ക്ഡൗണ്‍ സൃഷ്ടിച്ച അനിശ്ചിതത്ത്വങ്ങള്‍ക്കിടെയാണ് ഉത്തര്‍പ്രദേശ് മന്ത്രിസഭ 38 തൊഴില്‍നിയമങ്ങളില്‍ 35 എണ്ണവും മൂന്നു വര്‍ഷത്തേക്ക് റദ്ദാക്കിയത്. ദീര്‍ഘമായ സമരങ്ങളിലൂടെ തൊഴിലാളിവര്‍ഗ്ഗം നേടിയെടുത്ത അവകാശങ്ങളാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. സംഘടിക്കാനും കൂലി ആവശ്യപ്പെട്ട് സമരം നടത്താനുമുള്ള അവകാശങ്ങള്‍ റദ്ദാക്കപ്പെട്ടു. പണിമുടക്കാനുള്ള ഔചിത്യം പോലും ചോദ്യം ചെയ്യപ്പെട്ടു. വിശ്രമമുറിയും കുടിവെള്ളവും പോലും തൊഴിലാളികള്‍ക്ക് നഷ്ടമായി. കൊറോണ രോഗബാധ തകര്‍ത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപിച്ച പരിഷ്‌കരണ നടപടിയെന്ന പേരിലാണ് ഇതെല്ലാം നടപ്പാക്കപ്പെട്ടത്.

തൊഴില്‍മേഖലയില്‍ പൊടുന്നനെ നടത്തിയ ഈ നയപരിഷ് കരണത്തിന്റെ ആവശ്യം മുതലാളിത്തത്തിനായിരുന്നു. വികസ്വര രാജ്യങ്ങളിലെ ഉല്പാദനമേഖലയിലെ തൊഴില്‍പരിഷ്‌കാരങ്ങളായിരുന്നു കോര്‍പ്പറേറ്റുകളുടെ ആദ്യ ആവശ്യങ്ങളിലൊന്ന്. ഏറ്റവും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം എന്ന രീതിശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത കമ്പനികള്‍ ലാഭക്കണക്കുകളിലെ വര്‍ദ്ധനയൊഴിച്ച് തൊഴില്‍സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. അടച്ചുപൂട്ടിയ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ അനുവദിച്ചാല്‍ ആയിരക്കണക്കിനു ടണ്‍ ഓക്സിജന്‍ ഉല്പാദിപ്പിച്ചു സൗജന്യമായി നല്‍കാമെന്ന വേദാന്ത ഗ്രൂപ്പിന്റെ ആവശ്യം തന്നെ ഉദാഹരണം. ഓക്സിജന്‍ പ്രതിസന്ധി മുന്‍നിര്‍ത്തി, വന്‍ പ്രതിഷേധത്തെ തുടര്‍ന്നു 2018-ല്‍ തമിഴ്നാട് സര്‍ക്കാര്‍ അടച്ചുപൂട്ടിയ പ്ലാന്റ് തുറക്കണമെന്ന ആവശ്യമാണ് കമ്പനി മുന്നോട്ടുവച്ചത്. തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ വേദാന്തയുടെ ആവശ്യത്തോടു യോജിക്കുകയാണുണ്ടായത്. സാഹചര്യം മുതലെടുത്ത കമ്പനിക്ക് അനുകൂല നിലപാടാണ് സുപ്രീംകോടതിയും സ്വീകരിച്ചത്. 2018-ല്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവയ്പ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ്, മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.

മഹാമാരികളുടെ ഉത്ഭവത്തിലും വ്യാപനത്തിലും മുതലാളിത്തത്തിന്റെ ഇടപെടലുകളുണ്ട്. 2014-ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്ന് പിടിച്ച എബോള രണ്ടര വര്‍ഷം മുന്നേ തന്നെ തിരിച്ചറിയപ്പെട്ടിരുന്നു. എന്നാല്‍, 2014-2016 കാലയളവിലാണ് അത് രോഗമായി പ്രഖ്യാപിക്കപ്പെട്ടത്. ഏകദേശം 28,000-ത്തിലധികം പേരെ അസുഖം ബാധിച്ചു. 11,325 പേര്‍ മരിച്ചു. അപ്പോഴൊന്നും അതിനെതിരേയുള്ള വാക്സിന്‍ തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നില്ല. ഒരുപക്ഷേ, പടിഞ്ഞാറന്‍ ആഫ്രിക്കയിലേത് ദരിദ്രരാജ്യങ്ങളായതുകൊണ്ടാവണം. വാക്സിനുണ്ടാക്കാന്‍ വലിയ നിക്ഷേപം നടത്തിയാല്‍ അത് തിരിച്ചുപിടിക്കാന്‍ പറ്റുമോ എന്ന ആശങ്കയായിരുന്നു കമ്പനികള്‍ക്ക്. വാക്സിന്‍ വന്‍തോതില്‍ ജനങ്ങള്‍ക്ക് നല്‍കാനായി ആ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് സാമ്പത്തികക്ഷമതയും ഉണ്ടായിരുന്നില്ല. മരണനിരക്ക് ഉയര്‍ന്നതുകൊണ്ടല്ല, മറ്റു രാജ്യങ്ങളെ അത് അപകടകരമായി ബാധിക്കുമെന്ന് കണ്ടപ്പോഴാണ് വാക്സിന്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനികള്‍ തുടക്കം കുറിച്ചത്. ആ ശ്രമം നീണ്ടുപോയി. ഒടുവില്‍  വാക്സിന്‍ കണ്ടെത്തുമ്പോഴേക്കും എബോള വൈറസ് വലിയ പ്രശ്‌നമല്ലാതായി മാറി. വലിയ നഷ്ടമാണ് വാക്സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് അന്നുണ്ടായത്.

2005 ഓഗസ്റ്റില്‍ കത്രീന ചുഴലിക്കാറ്റിനു ശേഷമുണ്ടായ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ദുരന്തമുതലാളിത്തത്തിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു. നവോമി ക്ലിന്‍ തന്റെ പുസ്തകത്തില്‍ (ദി ഷോക്ക് ഡോക്ട്രിന്‍) ഇക്കാര്യം വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകള്‍ ഇടിച്ചുനിരത്തി അവര്‍ക്ക് വാങ്ങാന്‍ സാധിക്കാത്ത തരത്തിലുള്ള വലിയ വന്‍കിട കെട്ടിടങ്ങളാണ് പകരം നിര്‍മ്മിച്ചത്. നമുക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ, നമുക്കുവേണ്ടി ദൈവം അത് ചെയ്തു തന്നുവെന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം റിച്ചാര്‍ഡ് ബേക്കറുടെ വാക്കുകള്‍ കുപ്രസിദ്ധമാണ്. നമുക്ക് വീണ്ടും തുടങ്ങാന്‍, ഒഴിഞ്ഞ ഒരു സംസ്ഥാനം കിട്ടി, ഒപ്പം വമ്പന്‍ അവസരങ്ങളും എന്നാണ് ന്യൂ ഓര്‍ലിയന്‍സിലെ ഏറ്റവും സമ്പന്നനായ ഡെവലപ്പര്‍ ജോസഫ് കാനിസാരോ പറഞ്ഞത്. അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ സമൂലം പരിഷ്‌കരിക്കാനുള്ള അവസരമായാണ് മില്‍ട്ടണ്‍ ഫ്രീഡ്മാന്‍ ദുരന്തത്തെ കണ്ടത്. തകര്‍ന്നുപോയതിന് ശേഷം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സ്വകാര്യ സ്‌കൂളുകള്‍ ഉയര്‍ന്നു. സ്വകാര്യമൂലധനത്തിന് കടന്നുകയറാന്‍ കഴിയാത്ത സ്ഥലത്തേക്ക് ഒരു ചുഴലിക്കാറ്റിലൂടെ മുതലാളിത്തം കടന്നുകയറുകയായിരുന്നു. 2004-ലെ സുനാമിക്ക് ശേഷം ശ്രീലങ്കയിലും ഇത് തന്നെയാണ് നടന്നത്. മനോഹരമായ കടലോരങ്ങളിലെ തകര്‍ന്നുപോയ കുടിലുകള്‍ക്ക് പകരം നിര്‍മ്മിക്കപ്പെട്ടത് കോര്‍പ്പറേറ്റുകളുടെ റിസോര്‍ട്ടുകളായിരുന്നു. മഹാദുരന്തത്തില്‍നിന്ന് ലോക നിലവാരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രം ഉയര്‍ന്നുവരും എന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അതിനെ ന്യായീകരിച്ചത്.

ഇത്തരത്തില്‍ സര്‍വ്വനാശത്തിന്റെ സന്ദര്‍ഭങ്ങളെ ഉപയോഗപ്പെടുത്തി അതിക്രമിച്ചു കയറുന്ന ദുരന്തമുതലാളിത്തത്തിന്റെ മറ്റൊരു പതിപ്പാണ് ഇന്ത്യയിലും കണ്ടത്. ഒരു പ്രതിസന്ധി ഘട്ടം തരുന്ന അവസരത്തെ ആ സമയത്ത് വേണ്ട വിധം ഉപയോഗിക്കാനായില്ലെങ്കില്‍, പിന്നീട് അങ്ങനെയൊരവസരം കിട്ടില്ലെന്നു വരാം എന്ന് വാദിക്കുന്ന ഫ്രീഡ്മാനെപ്പോലെയുള്ളവരാണ് മുതലാളിത്തത്തെ നയിക്കുന്നത്. അതുകൊണ്ടാണ് മഹാമാരിയുടെ ദുരന്തസന്ദര്‍ഭത്തെ ബഹുരാഷ്ട്ര കുത്തകകളുടെ അധിനിവേശത്തിനായി കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കിയതും. ഒരുപക്ഷേ, നവലിബറല്‍ ഉദാരവത്കരണം നടപ്പാക്കിയ കോണ്‍ഗ്രസ് പോലും ധൈര്യപ്പെടാതിരുന്ന മേഖലകളാണ് സ്വകാര്യമൂലധന നിക്ഷേപത്തിനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുറന്നു നല്‍കിയത്. കൊവിഡ് ദുരിതത്തിന്റെ മറവില്‍ പ്രതിരോധം, വ്യോമയാനം, ബഹിരാകാശ ഗവേഷണം, ധാതുഖനനം, വൈദ്യുതി വിതരണം, ആണവ ഗവേഷണം എന്നിങ്ങനെയുള്ള മേഖലകളാണ് തുറന്നുനല്‍കിയത്. 2021-22 ബജറ്റ് ലക്ഷ്യം വയ്ക്കുന്നത് 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ്. ഏറ്റവും കുറഞ്ഞവിലയ്ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് ഓഹരി വാങ്ങാം എന്നതാണ് സര്‍ക്കാര്‍ വ്യാപാരമേഖലയ്ക്ക് കനിഞ്ഞുനല്‍കിയ സൗജന്യം. 2022 ഓടുകൂടി ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും സംരംഭങ്ങളും പൂര്‍ണ്ണമായി സ്വകാര്യവല്‍ക്കരിക്കപ്പെടും. 

കാര്‍ഷികമേഖലയിലെ കോര്‍പ്പറേറ്റ്വല്‍ക്കരണത്തിനെതിരേ നടന്ന കര്‍ഷകപ്രക്ഷോഭം ഇപ്പോഴും തുടരുന്നു. കൊവിഡ് പരത്തുകയാണ് കര്‍ഷകരെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ വാദം. എന്നാല്‍, നയങ്ങളില്‍നിന്നു പിന്നോട്ടുപോകാന്‍ കൂട്ടാക്കാതെ സമരത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയൊരുക്കുകയാണ് ചെയ്തത്. കര്‍ഷകരുടെ വരുമാനം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നു പറഞ്ഞ് 2014-ല്‍ മോദി അധികാരത്തിലെത്തിയത്. വരുമാനം പകുതിയായെന്നു മാത്രമല്ല 2015-19 കാലയളവില്‍ 58783 കര്‍ഷകര്‍ ആത്മഹത്യയും ചെയ്തു. ഇത് പാര്‍ലമെന്റില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിച്ച ഔദ്യോഗിക കണക്ക് മാത്രമാണ്. ആഗോളവല്‍ക്കരണത്തോടെ വ്യാപാരക്കരാറുകളില്‍ ഒപ്പിട്ടും ഇറക്കുമതി നയങ്ങളിലും സര്‍ക്കാരുകള്‍ മാറ്റം വരുത്തിയപ്പോള്‍ ഗതിയില്ലാതെയാണ് ഓരോ കൃഷിക്കാരനും മരണം വരിച്ചത്. നിലവിലുള്ള  സര്‍ക്കാര്‍  തറവില പോലും കൃഷിക്കാര്‍ക്ക് ലഭ്യമാകാത്ത വിധം കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷികോല്പന്നങ്ങള്‍ ചുളുവിലക്ക് തട്ടിയെടുക്കാന്‍ അവസരം നല്‍കുകയായിരുന്നു മോദി സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മ്മാണത്തിലൂടെ. 

കരുതല്‍ ആരുടെ?

കൊവിഡ് ഇന്ത്യയില്‍ പടര്‍ന്നയുടന്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്തത് ഒരു ഫണ്ട്, രൂപീകരിക്കുകയായിരുന്നു. പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍സ് അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍സ് ഫണ്ട് എന്ന പേരില്‍ രൂപീകരിച്ച പി.എം. കെയേഴ്സ് ഫണ്ട് നിയന്ത്രിക്കുന്നത് ഒരു ട്രസ്റ്റാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നാലുദിവസത്തിനുള്ളില്‍ ഫണ്ട് രൂപീകരണവും നടന്നു. പ്രധാനമന്ത്രിയും ധനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിമാരുമാണ് ട്രസ്റ്റംഗങ്ങള്‍. എന്നാല്‍, ഈ ട്രസ്റ്റില്‍ പൗരസമൂഹത്തിന്റെ പ്രതിനിധികളാരുമില്ല. സാമ്പത്തിക വിദഗ്ദ്ധരും സാമൂഹ്യശാസ്ത്ര വിദഗ്ദ്ധരുമില്ല. നിലവില്‍ ദുരന്തനിവാരണത്തിന് പ്രൈം മിനിസ്റ്റേഴ്സ് നാഷണല്‍ റിലീഫ് ഫണ്ടുണ്ട്. എന്തിനാണ് വേറെ ഫണ്ട് എന്നൊരു ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു. പ്രതിപക്ഷം ഈ ചോദ്യം ഏറ്റെടുത്തു. എന്നാല്‍, അത് സര്‍വ്വദുരന്തങ്ങള്‍ക്കും വേണ്ടിയുള്ള ഫണ്ടാണ് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. അതായത് കൊവിഡ് പ്രതിരോധത്തിനും വ്യാപനത്തിനും വേണ്ടി മാത്രമാണ് ഈ ഫണ്ട് രൂപീകരിച്ചതത്രെ. വിഭജനത്തിനു ശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്ന് എത്തിയവരെ സഹായിക്കുന്നതിനു വേണ്ടി അന്നത്തെ പ്രധാനമന്ത്രി 1948-ല്‍ തുടങ്ങിയതാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി. 

വലിയ തോതില്‍ പണം ഈ ഫണ്ടിലേക്ക് എത്തി. ആദായ നികുതിയില്‍നിന്ന് ഇളവ്, വ്യവസായങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടില്‍ പെടുത്തും തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് സംഭവാന ചെയ്യുന്നവര്‍ക്ക് മുന്നില്‍ വെച്ചത്. വ്യവസായ സ്ഥാപനങ്ങള്‍ പി.എം. കെയേഴ്സില്‍ കൊടുത്താല്‍ മതി സി.എസ്.ആറിനുവേണ്ടി വേറെ ചിലവഴിക്കേണ്ടതില്ല. ഒരു മാസം കഴിഞ്ഞപ്പോള്‍ എത്ര തുക കിട്ടിയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ആദ്യത്തെ ഒരാഴ്ചത്തെ കണക്ക് ഒരു മാധ്യമം പുറത്തുവിട്ടത് പ്രകാരം 6500 കോടി രൂപ കിട്ടിയെന്നാണ്. ഇപ്പോള്‍ എത്ര എന്നതിനെ സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. എല്ലാ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളോടും ഫണ്ടിലേക്ക് തുക സംഭാവന ചെയ്യാന്‍ നിര്‍ബ്ബന്ധം പിടിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ മന്ത്രാലയങ്ങള്‍ ഇതിനകം തന്നെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളമായും അല്ലാതെയും ഉള്ള തുക ഫണ്ടിലേക്ക് നല്‍കികൊണ്ടിരിക്കുന്നു. ഇന്ത്യന്‍ റെയില്‍വെ നല്‍കിയത് 151 കോടി രൂപയാണ്. ഇങ്ങനെ ഒട്ടുമിക്ക വകുപ്പുകളും സ്ഥാപനങ്ങളും നല്‍കുന്നു. അതിന് പുറമെ കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങള്‍ നല്‍കുന്ന തുക എത്രയെന്നതിന് വ്യക്തതയുമില്ല. ഈ തുകയുടെ വരവും ചെലവും ആര് പരിശോധിക്കുമെന്ന ചോദ്യവും ഉയര്‍ന്നു. 

ഫണ്ടിന്റെ സര്‍വ്വവിധ തീരുമാനങ്ങളും ഓഡിറ്റിങ്ങ് അടക്കം തീരുമാനിക്കുക ട്രസ്റ്റാണ്.  അതായത്, ജനങ്ങളുടെ പണം ആണെങ്കിലും ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന് ഇതില്‍ വലിയ പങ്കൊന്നും ഇല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇലക്ട്രറല്‍ ബോണ്ട് പോലെ ആയി പി.എം. കെയര്‍ ഫണ്ടും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ നിന്ന് പോരാടിക്കുന്നത്, പദ്ധതികള്‍ തയ്യാറക്കുന്നത്, ആളുകള്‍ക്ക് ദുരിതാശ്വാസം എത്തിക്കുന്നത് എന്നിവയിലൊക്കെ പ്രധാന പങ്ക് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. ചില സംസ്ഥാനങ്ങളെക്കുറിച്ച് പരാതിയുണ്ടെങ്കിലും വലിയ തോതില്‍ സാമ്പത്തികം ആവശ്യമുള്ള അവസരമായിരുന്നു ഇത്. എന്നാല്‍, ഈ സംസ്ഥാനങ്ങള്‍ക്കൊന്നും പി.എം. കെയേഴ്സ് ഫണ്ടില്‍നിന്ന് ദുരിതാശ്വാസത്തിനായി നല്‍കിയില്ല. ചില നടപടികള്‍ പേരിന് സ്വീകരിച്ചുവെന്നു മാത്രം.