കരിഞ്ഞു തീരുന്ന കാടുകള്‍

കാട്ടുതീ തടയുന്നതില്‍ എവിടെയൊക്കെ ചുവടുകള്‍ പിഴയ്ക്കുന്നു എന്നതിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ ദുരന്തം
നീല​ഗിരി പാറ്റപിടിയിൻ- പശ്ചിമ ഘട്ടത്തിലെ തനതുപക്ഷി‌‌
നീല​ഗിരി പാറ്റപിടിയിൻ- പശ്ചിമ ഘട്ടത്തിലെ തനതുപക്ഷി‌‌

ഴിഞ്ഞ വര്‍ഷമാണ് തൃശൂര്‍ ദേശമംഗലം കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കെ.എം. ദിവാകരന്‍, എം.കെ. വേലായുധന്‍, വി.എം. ശങ്കരന്‍ എന്നീ വനപാലകരുടെ ജീവന്‍ കാട്ടുതീ കവര്‍ന്നത്. നമ്മെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നു. കാട്ടുതീ തടയുന്നതില്‍ എവിടെയൊക്കെ ചുവടുകള്‍ പിഴയ്ക്കുന്നു എന്നതിന് ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ ദുരന്തം. ഓരോ വേനല്‍ക്കാലവും കേരളത്തിലെ വനാന്തരങ്ങള്‍ കാട്ടുതീയുടെ ഭീഷണിയുടെ നിഴലിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത വേനലില്‍ കാട്ടില്‍ വീഴുന്ന ഒരു ചെറു തീപ്പൊരിപോലും കാടിനെ ഭസ്മീകരിക്കാന്‍ കെല്പുള്ളവയാണ്. ഇത്രയേറെ മഴ പെയ്തിട്ടും പ്രളയക്കെടുതികളാല്‍ വലഞ്ഞിട്ടും കേരളം ഫെബ്രുവരി മദ്ധ്യം മുതലേ കടുത്ത ചൂടിലും വേനലിന്റെ തീക്ഷ്ണതയിലും ആയിരുന്നു.

വേനല്‍ക്കാലം കടുക്കുമ്പോള്‍ വെന്തെരിയുക വനാന്തരങ്ങളാണ്. എത്രയൊക്കെ മുന്‍കരുതല്‍ എടുത്താലും വേനല്‍ക്കാലങ്ങളില്‍ വനംകയ്യേറ്റക്കാരും ഭൂമാഫിയകളും വ്യക്തികളും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും സ്വാര്‍ത്ഥലാഭങ്ങള്‍ക്കും വേണ്ടി പടര്‍ത്തുന്ന കാട്ടുതീ അനേകം ഹെക്ടര്‍ വനഭൂമിയെ നിമിഷനേരംകൊണ്ട് ചുട്ടുചാമ്പലാക്കുന്നു. എല്ലാ വേനല്‍ക്കാലങ്ങളിലും കാന്താരങ്ങള്‍ തനിയാവര്‍ത്തനമാക്കുന്ന കാഴ്ച.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് ആമസോണ്‍ കാടുകള്‍ കത്തിയെരിഞ്ഞത്. ആമസോണ്‍ മഴക്കാടുകള്‍ തീര്‍ത്തും സ്വകാര്യലാഭത്തിനാണ് ഇല്ലാതാക്കിയത്. കന്നുകാലികള്‍ക്ക് മേയാനും കൃഷിയിടങ്ങള്‍ വികസിപ്പിക്കാനുമായി മനുഷ്യര്‍ മത്സരിച്ചു കത്തിച്ചത് ഭൂമിയുടെ ശ്വാസകോശത്തേയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി പതിവിലും നേരത്തെ ഓസ്‌ട്രേലിയയെ വിഴുങ്ങിയ കാട്ടുതീയും പരോക്ഷമായി മനുഷ്യനിര്‍മ്മിതം തന്നെയാണ്. കാട്ടുതീയില്‍നിന്നും രക്ഷപ്പെടാന്‍ മരണപ്പാച്ചില്‍ നടത്തുന്ന സഞ്ചിമൃഗങ്ങളുടെ ദുരന്ത കാഴ്ചകള്‍ നാം കണ്ടതാണ്.

വേനല്‍ക്കാലം പശ്ചിമഘട്ട വനാന്തരങ്ങള്‍ക്ക് ആസുരകാലമാണ്. മനുഷ്യനിര്‍മ്മിതമായ കാട്ടുതീയില്‍ നാമാവശേഷമാകുന്ന ജന്തുസസ്യജാലങ്ങളുടെ കൃത്യമായ കണക്കുകളോ യഥാര്‍ത്ഥ വിവരങ്ങളോ വനംവകുപ്പിനുപോലും ലഭ്യമല്ല. ആയതിനാല്‍ ഓരോ വര്‍ഷവും കാട്ടുതീയില്‍ നഷ്ടമാകുന്ന വനസമ്പത്തിനെക്കുറിച്ച് അറിയുക സാധ്യമല്ല.

വനാതിര്‍ത്തികളോട് ചേര്‍ന്നുള്ള മനുഷ്യ സഹവാസ കേന്ദ്രങ്ങളില്‍നിന്ന്/ ജനവാസകേന്ദ്രങ്ങളില്‍നിന്നുമാണ് കാട്ടുതീ ഏറ്റവും കൂടുതല്‍ പടര്‍ത്തപ്പെടുന്നത്. ഇഴജന്തുകളില്‍നിന്നും രക്ഷനേടാനും കന്നുകാലികള്‍ക്ക് പുതുപുല്‍നാമ്പുകള്‍ ലഭിക്കുന്നതിനായും കാട് കത്തിക്കുന്നതിനും പുറമെ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായും കാടുകള്‍ കത്തിക്കുന്നു. വനം കയ്യേറ്റക്കാരും ക്വാറി മാഫിയകളും കാട്ടുതീ പടര്‍ത്തുന്ന പ്രധാന കാരണഭൂതരാണ്. ഇവര്‍ക്കു പുറമെ വന്യജീവികളെ ആകര്‍ഷിക്കാനായി വനത്തോടു ചേര്‍ന്നുള്ള റിസോര്‍ട്ട് ഉടമകളും തീ പടര്‍ത്താറുണ്ട്.

ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയുടെ 2019-ലെ കണക്കു പ്രകാരം കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുള്ള 1719 പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. അതില്‍ 22 എണ്ണം ഏറ്റവും ഉയര്‍ന്ന തോതിലോ അപകടകരമായ രീതിയിലോ കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളുമാണ്.

കാട്ടുതീ തടയാനായി വനംവകുപ്പ് സ്വീകരിക്കുന്ന പ്രധാന മാര്‍ഗ്ഗം ഫയര്‍ ലൈനുകളാണ്. തീ പിടിത്തത്തിനു സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ 5.2 മീറ്റര്‍ വീതിയില്‍ കാടും പുല്ലും കുറ്റിച്ചെടികളും നീക്കം ചെയ്തു തീ പടര്‍ന്നുപിടിക്കുന്നതില്‍നിന്നുള്ള പ്രതിരോധ മാര്‍ഗ്ഗമാണിത്. ഇതൊരു പരിധി വരെ വിജയം കണ്ട മാര്‍ഗ്ഗമാണെങ്കിലും കാട്ടുതീ തടയാനുള്ള ആധുനിക സംവിധാനങ്ങളൊന്നും തന്നെ വനം വകുപ്പിനു ലഭ്യമല്ല. ഇതു കൂടാതെ നിബിഡമായ ഉള്‍ക്കാടുകളിലും ദുര്‍ഘടപാതകള്‍ താണ്ടി എത്തപ്പെടാനാകാത്തതും തീയണയ്ക്കാന്‍ വേണ്ട വെള്ളം ലഭിക്കാത്തതും ഫയര്‍ ഗാര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിബന്ധം സൃഷ്ടിക്കുന്നു.

കമ്പുകളും മരച്ചില്ലകളുമായി തീയണയ്ക്കാനുള്ള പരിശ്രമത്തിനിടയിലാണ് ശക്തമായ കാറ്റില്‍ മാനംമുട്ടെ പടര്‍ന്ന അഗ്‌നിവലയത്തില്‍പ്പെട്ട് കൊറ്റമ്പത്തൂരിലെ മൂന്നു വനപാലകര്‍ മരണപ്പെട്ടത്. ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാട്ടുതീയെ ചെറുക്കുന്നതിനുള്ള ആധുനിക പ്രതിരോധമാര്‍ഗ്ഗങ്ങള്‍ വനം വകുപ്പ് സ്വീകരിച്ചേ മതിയാകൂ. കാട്ടുതീ കൂടാതെ വനം വകുപ്പിന്റെ നിയന്ത്രിത കത്തിക്കലും (Controlled burn
) പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമായാണ് ഭവിക്കാറുള്ളത്. കാട്ടുതീ മൂലമുണ്ടാകുന്ന അത്യാഹിതങ്ങളും വിനാശങ്ങളും എങ്ങനെ നിയന്ത്രിതമാക്കാമെന്നുള്ള റിപ്പോര്‍ട്ടുകളില്‍പ്പോലും കാട്ടുതീ തടയാനുള്ള മാര്‍ഗ്ഗരേഖയില്‍ നിയന്ത്രിത കത്തിക്കല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താതേയും വേണ്ടത്ര ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതേയും അശാസ്ത്രീയമായി നടത്തുന്ന ഈ കത്തിക്കലുകള്‍ വന്നതിനും വന്യജീവികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുണ്ടാക്കുന്ന നഷ്ടം ചെറുതല്ല.

മൂന്നു വര്‍ഷം മുന്‍പൊരു വേനല്‍ക്കാലത്ത് മൂന്നാറിലെ ചോലക്കാടുകളില്‍ വസിക്കുന്ന പശ്ചിമഘട്ടത്തിലെ തനതു പക്ഷികളായ സന്ധ്യക്കിളി, കരിഞ്ചെമ്പന്‍ പാറ്റ പിടിയന്‍, നീലഗിരി വരമ്പന്‍, വടക്കന്‍ ചിലുചിലപ്പന്‍, ചെഞ്ചിലപ്പന്‍, മരപ്രാവ് എന്നിവയുടെ പ്രജനനം നിരീക്ഷിക്കുന്നതിനും പശ്ചിമഘട്ടത്തിലെ തനതു ചിത്രശലഭങ്ങളായ നീലഗിരിക്കടുവ, തീക്കണ്ണന്‍, ചോലനീലി, ചോലശലഭം, ചോലക്കാടുകളില്‍ വസിക്കുന്ന ചോല രാജന്‍ എന്നിവയേയും തനതു തുമ്പിയായ ചോലത്തുമ്പിയുടെ സാന്നിദ്ധ്യവും ചില അപൂര്‍വ്വ ഉരഗങ്ങളേയും നിരീക്ഷിക്കുന്നതിനായി കുറച്ചുദിവസം ചെലവിടുകയുണ്ടായി. ഈ യാത്രയില്‍ മേല്‍പ്പറഞ്ഞ പക്ഷികളും ചിത്രശലഭങ്ങളും തുമ്പികളും ഉരഗങ്ങളും അധിവസിക്കുന്ന പുല്‍മേടും ചെറുവൃക്ഷങ്ങളും യൂക്കാലി മരങ്ങളും നിറഞ്ഞൊരു കുന്നിന്‍പ്രദേശം കത്തുന്നത് കണ്ടു. അന്വേഷണത്തില്‍ നിയന്ത്രിത കത്തിക്കല്‍ ആണെന്നറിഞ്ഞു.

വേനല്‍ക്കാലം പുല്‍മേടുകളും ചോലക്കാടുകളും പശ്ചിമഘട്ടത്തിലെ തനതും അപൂര്‍വ്വരും നിലനില്‍പ്പ് ഭീക്ഷണി നേരിടുന്ന പക്ഷികളുടെ കൂടുകെട്ടല്‍ കാലമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. വൈകുന്നേരം തീയണക്കാമെന്നും പക്ഷികളുടെ കൂടുകള്‍ക്ക് ദോഷമുണ്ടാകില്ല എന്ന ഉറപ്പും ലഭിച്ചു. എന്നാല്‍, ശക്തമായ കാറ്റ് വീശിയതോടെ നിയന്ത്രണവിധേയമെന്ന് അവകാശപ്പെട്ടിരുന്ന കാടുകത്തല്‍ നിയന്ത്രണാതീതമാകുകയും ആ കുന്നിന്‍ചെരുവിലെ വൃക്ഷതരുലതാതികളെ ഒന്നടങ്കം തീ വിഴുങ്ങുന്നത് മനസ്സില്‍ വിങ്ങല്‍ നിറച്ച ഒരു നേര്‍ക്കാഴ്ചയായി മാറി. ഒരു ബക്കറ്റില്‍ വെള്ളവുമെടുത്ത് തീയണക്കാന്‍ ഓടിനടക്കുന്ന ഒരു ഫയര്‍ ഗാര്‍ഡിന്റെ ദയനീയമായ വിഫലശ്രമവും കണ്ടു. ഇത്തരം നിയന്ത്രിത കത്തിക്കല്‍ അനിയന്ത്രിതമായി കത്തി നശിപ്പിക്കുന്നതിന് ഒട്ടനവധി തവണ സാക്ഷിയായിട്ടുണ്ട്. മൂന്നു വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഈ പുല്‍മേടും കാടും പൂര്‍വ്വസ്ഥിതിയിലായിട്ടില്ല. പക്ഷികള്‍ കൂടു കെട്ടാന്‍ എത്തിയിട്ടുമില്ല.

നിയന്ത്രിത കത്തിക്കല്‍ എത്രമാത്രം ജൈവവൈവിധ്യ നഷ്ടമുണ്ടായി എന്ന വിവരങ്ങളോ മറ്റു കണക്കുകളോ നിലവില്‍ വനം വകുപ്പില്‍ ലഭ്യമല്ല. ഈ ജീവജാലങ്ങളേയും ഈ ആവാസവ്യവസ്ഥയേയും പുനഃസൃഷ്ടിക്കാന്‍ നമുക്കു കഴിയുകയുമില്ല. വനാന്തരങ്ങള്‍ക്കും അന്യം നിന്നു പോയേക്കാവുന്ന പക്ഷികളുടേയും ചിത്രശലഭങ്ങളുടേയും ഷഡ്പദങ്ങളുടേയും എട്ടുകാലികളുടേയും ഉരഗങ്ങളുടേയും ഉഭയജീവികളുടേയും നിലനില്‍പ്പിനു ദോഷകരമായി ഭവിക്കുന്ന കത്തിക്കല്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

മുന്‍ വര്‍ഷങ്ങളില്‍ വട്ടവടയിലുണ്ടായ തീപിടിത്തം മനുഷ്യനിര്‍മ്മിതമായിരുന്നു. പഴത്തോട്ടം, ജണ്ടമല, കടവരി, ആനമലയുള്‍പ്പെടെ വനപ്രദേശങ്ങളും യൂക്കാലിപ്റ്റ്സ് തോട്ടങ്ങളും അഗ്‌നിക്കിരയായി. വട്ടവടയില്‍ കുറിഞ്ഞി ഉദ്യാനമുള്‍പ്പെടെയുള്ള ഭാഗത്തെ പുല്‍മേടുകളും തോട്ടങ്ങളും യൂക്കാലിയും കത്തിയമര്‍ന്നു. ഈ കാടുകത്തിക്കലിനു പിന്നില്‍ കുറിഞ്ഞി ഉദ്യാനത്തില്‍ ഭൂമിയുള്ള ഭൂവുടമകളും ഉണ്ടായിരുന്നു എന്നാണറിയുന്നത്. കുറിഞ്ഞി ഉദ്യാനത്തിലുള്‍പ്പെട്ട തങ്ങളുടെ ഭൂമി കാടുകത്തിക്കലിലൂടെ തിരിച്ചെടുക്കുകയിരുന്നു ലക്ഷ്യം. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന അപൂര്‍വ്വമായ നീലക്കുറിഞ്ഞിച്ചെടികള്‍ ഉള്‍പ്പെടെ കത്തിനശിച്ചു് ഇനിയൊരു പൂക്കാലം ഉണ്ടാകാതിരിക്കാനും കുറിഞ്ഞി ഉദ്യാനം സാധ്യമല്ലാതാക്കാനുമാണ് ഈ ഖാണ്ഡവദാഹം നടത്തിയത്. 1000 ഹെക്ടറിലേറെ വനഭൂമിയാണ് കാടുകയ്യേറ്റക്കാര്‍ പടര്‍ത്തിയ കാട്ടുതീയില്‍ എന്നെന്നേക്കുമായി ഇല്ലാതായത്. വയനാട് ബാണാസുരമലയിലും വയനാട്ടിലെ മറ്റു പ്രദേശങ്ങളിലും എല്ലാ വര്‍ഷവും അനേകം ഹെക്ടര്‍ വനമാണ് ഇങ്ങനെ കാട്ടുതീയില്‍ കത്തി നശിച്ചുപോകുന്നത്.

കാട്ടുതീയില്‍ എല്ലാ വര്‍ഷവും കൂടുതല്‍ അഗ്‌നിക്കിരയാകുന്നത് പുല്‍മേടുകളും ചോലക്കാടുകളുമാണ്. കോടമഞ്ഞിന്റെ കണങ്ങളെ പുല്‍ത്തോപ്പുകളില്‍ ആഗിരണം ചെയ്ത് അവ ചെറു ജലകണങ്ങളായും നീര്‍ച്ചോലകളായും ചെറു നീരുവകളായും പൊട്ടിയൊഴുകി താഴ്വാരങ്ങളിലേക്ക് പാഞ്ഞൊഴുകിയാണ് ഓരോ പുഴയും ഉത്ഭവിക്കുന്നത്. ഭാരതപ്പുഴയും പെരിയാറുമുള്‍പ്പെടെ കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് ഇത്തരത്തിലാണ്. പുല്‍മേടുകളും ചോലക്കാടുകളും കാട്ടുതീയില്‍ ശുഷ്‌ക്കിക്കുന്നതു മൂലം മഞ്ഞിന്‍ കണങ്ങളെ ആഗിരണം ചെയ്യാനാകാതെ പുഴകള്‍ വറ്റി വരണ്ടുപോകുകയും വേനല്‍ക്കാലത്ത് വരള്‍ച്ചയും ജലക്ഷാമവും അതിരൂക്ഷമാക്കുകയും ചെയ്യുന്നു.

സന്ധ്യക്കിളി- നലിനിൽപ്പ് ഭീഷണി നേരിടുന്ന പശ്ചിമ ഘട്ടത്തിലെ തനതുപക്ഷി‌‌
സന്ധ്യക്കിളി- നലിനിൽപ്പ് ഭീഷണി നേരിടുന്ന പശ്ചിമ ഘട്ടത്തിലെ തനതുപക്ഷി‌‌

ഇതെഴുതുമ്പോള്‍ വയനാട്ടിലേയും പാലക്കാടിലേയും വനാന്തരങ്ങളില്‍ കാട്ടുതീ പടരുന്നതായി കണ്ടു. ഒപ്പം വാഴച്ചാല്‍ അതിരപ്പിള്ളി വനമേഖലയിലും കാട്ടുതീ പടരുന്നതായി വാര്‍ത്തകള്‍ ഉണ്ട്. വേനല്‍ക്കാലം തുടങ്ങിയിട്ടേയുള്ളൂ.
വര്‍ഷാവര്‍ഷം കാട്ടുതീയില്‍ നശിക്കുന്നത് ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യ കലവറയായ മഴക്കാടുകളും ആര്‍ദ്ര ഇലപൊഴിയും കാടുകളും ചോലക്കാടുകളും പുല്‍മേടുകളുമൊക്കെയാണ്. ഒപ്പം കാട്ടുതീ മനുഷ്യജീവനും കവരുന്നുവെന്ന് ദേശമംഗലവും തേനിയിലെ വിനോദ സഞ്ചാരികളുടെ ദുരന്തവും നമ്മെ ഓര്‍മപ്പെടുത്തുന്നു.

കാട്ടുതീ തടയുന്നത് വനം വകുപ്പിന്റെ മാത്രം ബാധ്യതയെന്ന ചിന്താഗതി ഉപേക്ഷിച്ച് നമ്മുടെ വനസമ്പത്ത് നല്ലൊരു ആവാസവ്യവസ്ഥയ്ക്കായി പരിരക്ഷിച്ച് നിലനിര്‍ത്തേണ്ടതുമാണ് എന്ന ബോധം നാമും പുലര്‍ത്തേണ്ടതാണ്. വിനോദ സഞ്ചാരത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിനിടയില്‍ കാട് കാണുമ്പോള്‍ കൂക്കിവിളിക്കുന്നതിനോടൊപ്പം അശ്രദ്ധമായി ഒരു രസത്തിനു കാടിനുള്ളിലും പുല്‍മേടുകളിലും വലിച്ചെറിയുന്ന തീക്കൊള്ളികള്‍ ഉണ്ടാക്കുന്ന വന്‍ദുരന്തത്തെയോര്‍ത്ത് വനയാത്രകളില്‍ അതീവ ശ്രദ്ധാലുവാകുക. ഈ വേനല്‍ക്കാലം കാട്ടുതീ സംരക്ഷിതമായി വനാന്തരങ്ങളെ നിലനിര്‍ത്തുക വഴി വരള്‍ച്ചയേയും പ്രളയമുള്‍പ്പെടെ മറ്റു പ്രകൃതി ദുരന്തങ്ങളേയുമാണ് നാം അകറ്റി നിര്‍ത്തുന്നതെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാകട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com