പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ജീവനു വേണ്ടിയുള്ള ക്യൂവില്‍ ആചാര ലംഘനമില്ല, ആര്‍ത്തവമില്ല, മതമില്ല'

നേരത്തെ ജൈവലോകത്ത് സംഭവിക്കാനിടയുള്ള യുദ്ധമായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറഞ്ഞ 'ജലത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍' വാക്സിനു വേണ്ടിയുള്ള യുദ്ധമായി മാറിയിരിക്കുന്നു

പകലുകള്‍ മരിച്ചുവീഴുന്ന
ഈ ഹേമന്തത്തിന്റെ
പ്രേതഭൂമിയില്‍
വാനമുത്തശ്ശിയുടെ ജീര്‍ണ്ണ ജഡത്തിന്റെ
ദുര്‍ഗന്ധം അലഞ്ഞുതിരിയുന്നു.

ഇനി
ഒരു നക്ഷത്രവും പിറവിയെടുക്കില്ല.
എങ്കിലും
പാടാന്‍ പറ്റാത്ത ഗാനത്തിന്റെ
ദു:ഖമായി മാറിയ ഹൃദയം
ചെവിയോര്‍ക്കുന്നു -
ആരാണ് കരയുന്നത്?

-ആര്‍. രാമചന്ദ്രന്‍ -

കൊവിഡ് രണ്ടാം തരംഗം വലിയ ആപത്തായി ഇന്ത്യയില്‍ പടരുകയാണ്, ഇതെഴുതുമ്പോള്‍. ജീവനഷ്ടങ്ങളുടെ കണക്കില്‍,  ആത്മബോധം തകര്‍ന്നുപോകുന്ന വര്‍ദ്ധനയുണ്ടായി. ഡല്‍ഹി,  'ദൈവത്തിനും കൊവിഡിനും ജനങ്ങള്‍ക്കുമിടയില്‍' വിശുദ്ധരായ മദ്ധ്യസ്ഥരില്ലാത്ത ഇടമായി മാറി. ഭരണകൂടത്താല്‍ പരാജിതരായ ഒരു ജനതയായി പല വാര്‍ത്തകള്‍, നിലവിളിക്കാന്‍ പോലുമാകാന്‍ ശ്വാസം കിട്ടാത്തവിധം ജീവിതത്തിന്റെ പിന്‍മടക്കങ്ങള്‍. ആശുപത്രികളും ആംബുലന്‍സുകളും നിറഞ്ഞു.

ഇവിടെയാണ്, 'മരണത്തിന്റെ വക്കില്‍ ജനതയെ നിര്‍ത്തിയുള്ള വിപണി വിജയങ്ങള്‍ക്ക് ' വാക്സിന്‍ ഒരു കാരണമായി തീരുന്നത്. നേരത്തെ ജൈവലോകത്ത് സംഭവിക്കാനിടയുള്ള യുദ്ധമായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറഞ്ഞ 'ജലത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍' വാക്സിനു വേണ്ടിയുള്ള യുദ്ധമായി മാറിയിരിക്കുന്നു. അത്, ജീവിക്കാനുള്ള മനുഷ്യരുടെ ആഗ്രഹത്തെ കച്ചവടം ചെയ്യുകയാണ്. നിര്‍ലജ്ജമായ ഒരു നയമാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചത്. തുല്യമായ രീതിയില്‍ പൗരത്വം കൊവിഡിനു മുന്നില്‍ സംഭീതമായ ഒരു ജീവഭയത്തിലമര്‍ന്നു. കൊവിഡ്, വാങ്ങാന്‍ ശേഷിയുള്ളവരും ഇല്ലാത്തവരും എന്ന വിഭജന രേഖ കൃത്യമായി അത് രേഖപ്പെടുത്തി. കൊവിഡിന്റെ റൂട്ട് മാപ്പ് വളരെ വിചിത്രമായ, സങ്കീര്‍ണ്ണമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ പ്രകാശനമാണ്.

യഥാര്‍ത്ഥത്തില്‍ പ്രാണഭയത്തില്‍ ഓടുന്ന, നിലവിളിക്കുന്ന, വാക്സിനുവേണ്ടി ക്യൂ നില്‍ക്കുന്ന ജനതയെ വേറെ ജീവലോകങ്ങള്‍ അത്ഭുതത്തോടെയാവും കണ്ടുകൊണ്ടിരിക്കുന്നത്. സോളമന്‍ പ്രവാചകനെപ്പോലെ ഉറുമ്പുകളുടേയും പക്ഷികളുടേയും ഭാഷ ഗ്രഹിക്കാന്‍ നമുക്കറിയാത്തതിനാല്‍, മനുഷ്യര്‍ കടന്നുപോകുന്ന ഈ ആഗോള ദുരന്തത്തെ അവ എങ്ങനെ സ്വന്തം ഭാഷയില്‍ അടയാളപ്പെടുത്തുന്നു എന്നറിയാന്‍ നിര്‍വ്വാഹമില്ല. എങ്കിലും, ചെറിയൊരു പരിഹാസം കാണാതെയിരിക്കില്ല. എല്ലാം വെട്ടിപ്പിടിക്കുന്ന മനുഷ്യര്‍ ഒടുവില്‍ എത്തിപ്പെട്ട അവസ്ഥ! ''ഇതും കടന്നുപോകും'' എന്ന് കാവ്യാത്മകമായി ആത്മവിശ്വാസം കണ്ടെത്തുമെങ്കിലും, പ്രാണഭയത്തിന്റെ ശബ്ദതാരാവലിയാണ്, കൊവിഡ് എന്ന ഒറ്റവാക്ക്.
മനുഷ്യര്‍ ആനന്ദത്തിനും ജീവനും വേണ്ടി ക്യൂ നില്‍ക്കുന്നു. ബിവറേജിനു മുന്നിലെ ക്യൂവില്‍നിന്ന് വ്യത്യസ്തമാണ് വാക്സിനുവേണ്ടിയുള്ള ക്യൂ. വാക്സിന്‍ ക്യൂവില്‍ 'ആണ്‍/പെണ്‍ തുല്യ പങ്കാളിത്തം' കാണാം. ജീവനുവേണ്ടിയുള്ള ക്യൂവില്‍ ആചാരലംഘനമില്ല, ആര്‍ത്തവമില്ല, മതമില്ല. മനുഷ്യര്‍ ക്യൂ നില്‍ക്കുന്നത് 'മതമില്ലാത്ത ജീവനായ' കൊവിഡില്‍നിന്ന് രക്ഷ നേടാനാണ്. കൊവിഡ് മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നത്, ജീവനു മതമില്ല എന്നുതന്നെയാണ്. വാക്സിനും മദ്യത്തിനും കൊവിഡിനും മതമില്ല. മതമില്ലാത്ത ക്യൂ!

രണ്ട്

വളരെ പ്രസക്തമായ ചില സന്ദേഹങ്ങള്‍ പങ്കുവെയ്ക്കുകയാണ്, കേരളത്തിലെ ധൈഷണിക ബുദ്ധിജീവികളില്‍ പ്രമുഖനും ജനകീയാരോഗ്യത്തിന്റെ രാഷ്ട്രീയ വായനകള്‍ക്ക് തുടക്കമിടുകയും ചെയ്ത രാമചന്ദ്രന്‍, 'കെ. പയ്യന്നൂര്‍ ഹെല്‍ത്ത് ഫോറം' പ്രചോദനം നിറഞ്ഞ ഒരു അന്വേഷണത്തിന്റെ മലബാര്‍ കാലങ്ങളാണ്. എങ്ങനെ ആരോഗ്യത്തിന്റെ ജനപക്ഷ വിതരണം എന്ന ചിന്ത ഈ കാലത്ത് ഏറെ പ്രസക്തമാണ്. പല ജനപക്ഷ പ്രതിരോധങ്ങള്‍ക്കും തുടക്കമിട്ട പയ്യന്നൂരില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആ ശബ്ദവും പുറപ്പെട്ടത്. വാക്സിനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടയിലാണ്, കെ. രാമചന്ദ്രന്റെ ശ്രദ്ധേയമായ ഈ കുറിപ്പ്, അത് ചുവടെ ചേര്‍ക്കുന്നു:

കൊവിഡ്-19 എന്ന രോഗത്തെക്കുറിച്ചോ അതിനെതിരായി നല്‍കപ്പെടുന്ന വാക്സിനുകളെക്കുറിച്ചോ വസ്തുനിഷ്ഠമോ സുതാര്യമോ സത്യസന്ധമോ ആയ ഒരു ചര്‍ച്ച ഇനി സാദ്ധ്യമല്ലാത്തവിധം വൈകാരികമായ ഒരു ഹിസ്റ്റീരിയ നാടെങ്ങും പടര്‍ത്തുന്നതില്‍ വാക്സിന്‍ - ഔഷധക്കമ്പനികളും ലോകത്തെ വിവിധ സര്‍ക്കാരുകളും ചേര്‍ന്ന കൂട്ടുകെട്ട് വിജയിച്ചിരിക്കുന്നു. ഇന്ത്യയില്‍, മിക്ക സംസ്ഥാനങ്ങളിലും ആരോഗ്യത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഒട്ടും വികസിപ്പിക്കാത്തതുമൂലം സംഭവിക്കുന്ന കൂട്ടമരണങ്ങള്‍ ചൂണ്ടിക്കാട്ടി, അതൊക്കെ കൊവിഡ് മൂലമാണെന്ന് ഭയപ്പെടുത്തി അതില്‍നിന്നുള്ള ആത്യന്തിക മോചനം എന്തു വില കൊടുത്തും വാക്സിന്‍ എടുക്കലാണ് എന്ന് പ്രചരിപ്പിക്കുന്ന കച്ചവടതന്ത്രത്തിന് ഫലം കണ്ടു തുടങ്ങി. ഭരണകൂടങ്ങള്‍ക്ക് ആരോഗ്യരംഗത്ത് സംഭവിച്ച വീഴ്ചകള്‍ മറച്ചുവെക്കാന്‍ കൊവിഡിനെ കൂട്ടുപിടിക്കാം; തങ്ങളുടെ രഹസ്യ അജണ്ടകള്‍ നിര്‍ബ്ബാധം നടത്താന്‍ കൊവിഡിന്റെ പേരിലുള്ള നിയന്ത്രണങ്ങളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.

കൊവിഡിനെക്കുറിച്ചുള്ള ശാസ്ത്രീയ സത്യങ്ങള്‍ ഇതിനിടയില്‍ കുഴിച്ചുമൂടപ്പെടും. ജനപക്ഷത്തുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരുടേയും ഡോക്ടര്‍മാരുടേയും വിയോജനക്കുറിപ്പുകള്‍ നമ്മുടെ നാട്ടില്‍ വെളിച്ചം കാണില്ല. ലോകാരോഗ്യ സംഘടനയും ലോക സാമ്പത്തിക ഫോറവും ബില്‍ & മെലിന്‍ഡാ ഗേയ്റ്റ് ഫൗണ്ടേഷനും എല്ലാം ഈ  കളിയില്‍ പങ്കാളികളാണെന്ന് ഒട്ടേറെ പ്രശസ്ത വിദേശ പ്രസിദ്ധീകരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ 'ഗൂഢാലോചനാവാദം' എന്ന് പറഞ്ഞു വസ്തുതകളെ പുച്ഛിച്ചു തള്ളുവാനാണ് നമ്മുടെ ആസ്ഥാന പണ്ഡിതന്മാര്‍ക്ക് താല്പര്യം. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തിന് കള്ളങ്ങളിലൂടെയാണ് നിലനില്‍പ്പ് എന്നതുകൊണ്ട് അവര്‍ കോര്‍പ്പറേറ്റ് നുണകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഇതിന്റെയെല്ലാം ദുരന്തഫലങ്ങള്‍ ഒന്നിച്ച് നാം സാധാരണ മനുഷ്യര്‍ അനുഭവിക്കുക മാത്രമേ നിര്‍വ്വാഹമുള്ളൂ എന്ന ദയനീയാവസ്ഥയില്‍ രാജ്യം എത്തിപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയില്‍, ആരോഗ്യത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്നു. കൊവിഡിനു മുന്‍പില്‍ ഭാവിയുടെ അനിശ്ചിതത്വം അതേപടി നിലനില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യരംഗത്തെ അതിന്റെ ഉത്തരവാദിത്വങ്ങള്‍ 'പ്രതിസന്ധിഘട്ട'ത്തിലും കയ്യൊഴിയുകയാണ്. കൊവിഡ് നിവാരണത്തിന് 35000 കോടി രൂപ ബജറ്റില്‍ വിലയിരുത്തിയിട്ടും ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുക എന്നതല്ല, അതിന്റെ വില കൂട്ടി വ്യാപാരികളുടെ ലാഭം വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായിക്കഴിഞ്ഞു. എന്നിട്ടും, മിക്ക ആളുകള്‍ക്കും ഈ വസ്തുതകള്‍ ഒന്നും ഇപ്പോഴും ബോധ്യപ്പെടാത്തതെന്തുകൊണ്ട്? 

''രോഗത്തില്‍നിന്ന് രക്ഷപ്പെടാനുള്ള യുക്തിസഹമായ എന്തെങ്കിലും മുന്‍കരുതലുകള്‍ സ്വയം സ്വീകരിക്കുക മാത്രമേ  വ്യക്തികള്‍ക്ക് ഈ സന്ദര്‍ഭത്തില്‍ ചെയ്യാനുള്ളൂ. ഭാഗ്യവശാല്‍ കേരളത്തില്‍, ആളുകള്‍ക്ക് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്തുണയും ലഭിക്കുമെന്ന ആശ്വാസം ഇപ്പോള്‍ ഉണ്ട്.''

കെ. രാമചന്ദ്രന്‍, രാഷ്ട്രീയമായ ദുരുദ്ദേശ്യത്തോടെയല്ല ഈ കുറിപ്പെഴുതിയത് എന്നുറപ്പുണ്ട്. നാം ജീവനു വേണ്ടി ക്യൂ നില്‍ക്കുമ്പോള്‍, അത് 'വാക്സിന്‍ കമ്പനികള്‍' സൃഷ്ടിക്കപ്പെട്ട 'കോര്‍പ്പറേറ്റ് നിര്‍മ്മിതമായ ഒരു ക്യൂ' ആണോ എന്ന സന്ദേഹം ഒരു രാഷ്ട്രീയ ചോദ്യമാണ്. കൊവിഡിനു ലാഭമില്ല, മനുഷ്യരാല്‍ നിയന്ത്രിക്കപ്പെടുന്ന പലതും ലാഭത്തിനുവേണ്ടി നിലനില്‍ക്കുന്നവയും മനുഷ്യരുടെ ഭയത്തെ വിപണി വിജയമാക്കി തിരിച്ചുവിടാന്‍ കരുത്തുള്ളവയുമാണ്. എങ്കിലും, സംശയമില്ല, നാം അതിജീവിക്കും. കാരണം, ജീവനുവേണ്ടി നാം മതമില്ലാത്ത ക്യൂവില്‍ അക്ഷമരായി നില്‍ക്കും. സ്വയം പ്രതിരോധിക്കുക എന്ന ശാസ്ത്രയുക്തി ആ ക്യൂ വെളിപ്പെടുത്തുന്നു.  കമ്പനികളുടെ വാണിജ്യ യുക്തിയെ ചോദ്യം ചെയ്യുമ്പോഴും, കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യം മനുഷ്യരില്‍ കൈവന്നത് വാക്സിന്‍ കുത്തിവെയ്പിലൂടെയാണ് എന്നുകൂടി ഊന്നിപ്പറയേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com