'21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന രാഹുല്‍ ഈശ്വറിന്റെ ശരീരത്തില്‍ തുടിക്കുന്നത് 19-ാം നൂറ്റാണ്ടില്‍ ജീവിച്ച വല്ല ജാതിവെറിയന്റേയും മനസ്സാണോ?'

ഏതാനും ദിവസങ്ങള്‍ മുന്‍പ് മലയാളത്തിലെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇന്ത്യയിലെ ഡീപ് സ്റ്റെയ്റ്റ് പരാമര്‍ശിക്കപ്പെടുകയുണ്ടായി
രാഹുൽ ഈശ്വർ/ ഫെയ്സ്ബുക്ക്
രാഹുൽ ഈശ്വർ/ ഫെയ്സ്ബുക്ക്

ഡീപ് സ്റ്റെയ്റ്റ് (Deep State) എന്നത് താരതമ്യേന ഒരു പുതിയ പ്രയോഗമാണ്. ടര്‍ക്കിഷ് ഭാഷയില്‍നിന്നാണ് ആ പ്രയോഗം ഇംഗ്ലീഷിലേക്ക് കടന്നുവന്നത്. ടര്‍ക്കിഷിലെ 'ഡെറിന്‍ ഡെവ്ലെറ്റി'ന്റെ പരിഭാഷയാണ് 'ഡീപ് സ്റ്റെയ്റ്റ്'. മലയാളത്തില്‍ അതിനെ 'നിഗൂഢ ഭരണകൂടം' എന്നു വിളിക്കാമെന്നു തോന്നുന്നു. ഭരണകൂടത്തിനു പിന്നിലുള്ള ഭരണകൂട(State behind State)മാണ് യഥാര്‍ത്ഥത്തില്‍ ഡീപ് സ്റ്റെയ്റ്റ്.

തുര്‍ക്കിയില്‍ 1923-ല്‍ മുസ്തഫ കമാല്‍ പാഷയുടെ ഭരണകാലത്താണ് ആധുനികാര്‍ത്ഥത്തിലുള്ള ഡീപ് സ്റ്റെയ്റ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പാഷയുടെ കാലത്ത് അതിന്റെ പ്രവര്‍ത്തനം സദുദ്ദേശ്യപരമായിരുന്നു എന്നു പൊതുവെ പറയാം. മത യാഥാസ്ഥിതികത്വത്തില്‍നിന്നും ഇസ്ലാമിക സങ്കുചിതത്വങ്ങളില്‍നിന്നും രാഷ്ട്രത്തെ വിമോചിപ്പിക്കുകയും സമൂഹത്തെ മതേതരവല്‍ക്കരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അവിടെ ഡീപ് സ്റ്റെയ്റ്റിന്റെ ഭാഗമായ പൊലീസും സൈന്യവും ബ്യൂറോക്രസിയും പ്രവര്‍ത്തിച്ചത്. എന്നാല്‍, മറ്റു പലയിടങ്ങളിലും അധീശവര്‍ഗ്ഗത്തിന്റെ (ഭരണവര്‍ഗ്ഗത്തിന്റെ) താല്പര്യങ്ങള്‍ ജനാധിപത്യ വിരുദ്ധമായി പരിരക്ഷിക്കുന്ന രഹസ്യശക്തി എന്ന നിലയിലായിരുന്നു ഡീപ് സ്റ്റെയ്റ്റിന്റെ പ്രവര്‍ത്തനം.

ഏതാനും ദിവസങ്ങള്‍ മുന്‍പ് മലയാളത്തിലെ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇന്ത്യയിലെ ഡീപ് സ്റ്റെയ്റ്റ് പരാമര്‍ശിക്കപ്പെടുകയുണ്ടായി. ചര്‍ച്ചാവിഷയം യു.പിയിലെ ഹത്രാസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പന്‍ എന്ന മലയാളി മാധ്യമപ്രവര്‍ത്തകനോട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ടതായിരുന്നു. കാപ്പന്റെ ഭാര്യ റൈഹാനത്തിനു പുറമെ 'ഹിന്ദു പാര്‍ലമെന്റി'ന്റെ സെക്രട്ടറിയായ രാഹുല്‍ ഈശ്വറും മറ്റൊരു പാനലിസ്റ്റും കൂടി ആ ചര്‍ച്ചയില്‍ പങ്കെടുക്കുകയുണ്ടായി. ഡീപ് സ്റ്റെയ്റ്റ് പരാമര്‍ശം നടത്തിയത് രാഹുല്‍ ഈശ്വറാണ്.
തന്റെ ഭര്‍ത്താവിനെ കേസില്‍നിന്നു രക്ഷിച്ചെടുക്കാന്‍ 'റൈഹാനച്ചേച്ചി'ക്ക് രാഹുല്‍ ഈശ്വര്‍ നല്‍കുന്ന ഉപദേശങ്ങളുടെ മദ്ധ്യേയാണ് ഡീപ് സ്റ്റെയ്റ്റ് പ്രയോഗം കടന്നുവന്നത്. അതിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ്, റൈഹാനത്ത് 'വളരെ ശ്രദ്ധിച്ചു കേള്‍ക്കാന്‍' വേണ്ടി ഈശ്വര്‍ പറഞ്ഞുവെച്ച ചില കാര്യങ്ങളിലൂടെ ഒന്നു കടന്നുപോകാം. അവയില്‍ ഒന്നാമത്തെ കാര്യം ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും റൈഹാനത്തിനെ (സിദ്ദീഖ് കാപ്പനെ) പിന്തുണക്കാന്‍ പോകുന്നില്ല എന്നതാണ്. ബി.ജെ.പിയില്‍ ശുദ്ധഗതിക്കാരായ ആളുകളുണ്ടെങ്കിലും അവരാരും പിന്തുണയുമായി എത്തില്ല. കാരണം, അവര്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് കുടപിടിക്കുകയാണെന്നോ ദേശീയതയില്‍ വെള്ളം ചേര്‍ക്കുകയാണെന്നോ ഉള്ള ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയരും. കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആ പാര്‍ട്ടി ഇതിനകം ദുര്‍ബ്ബലമായിക്കഴിഞ്ഞിട്ടുണ്ട്. സിദ്ദീഖിനെ സഹായിക്കാന്‍ പോയാല്‍ മുസ്ലിം പ്രീണനം എന്ന ആക്ഷേപം അവര്‍ക്കെതിരെ വരും. കൂടാതെ, ദേശീയതയുടെ കാര്യത്തിലുള്ള തങ്ങളുടെ നിലപാടിനു മങ്ങലേല്‍ക്കുമോ എന്ന ഭയവും അവര്‍ക്കുണ്ടാകും. തന്മൂലം കോണ്‍ഗ്രസ്സും സഹായഹസ്തം നീട്ടില്ല. സി.പി.എമ്മോ പിണറായി വിജയനോ സഹായിക്കുമെന്നും കരുതേണ്ടതില്ല. ഹിന്ദു വോട്ട് നഷ്ടപ്പെട്ടേക്കുമെന്ന ആശങ്ക നിമിത്തം അവരും ഇക്കാര്യത്തില്‍ ഇടപെടില്ല.

പ്രധാനപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെയൊന്നും സഹായം കാപ്പന്‍ വിഷയത്തില്‍ ലഭിക്കില്ലെന്നു പറഞ്ഞുവെച്ചശേഷം രാഹുല്‍ ഈശ്വര്‍, സിദ്ദീഖ് കാപ്പന്‍ പ്രതിനിധാനം ചെയ്യുന്നതായി താന്‍ കരുതുന്ന പ്രത്യയശാസ്ത്രത്തിലേക്കു കടക്കുന്നു. പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയടക്കമുള്ള ഇസ്ലാമിസ്റ്റ് സംഘടനകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനാണ് കാപ്പനെന്ന ദൃഢബോധ്യത്തില്‍ നിന്നുകൊണ്ട് ഹിന്ദു പാര്‍ലമെന്റ് സെക്രട്ടറി പറയുന്നതിങ്ങനെ: മുസ്ലിം-ദളിത് ഐക്യമുണ്ടാക്കുകയും ശത്രുപക്ഷത്ത് ബ്രാഹ്മണരടക്കമുള്ള സവര്‍ണ്ണ ഹിന്ദുക്കളെ സ്ഥാപിക്കുകയും ചെയ്യുന്ന ഒരാഖ്യാനത്തില്‍ അധിഷ്ഠിതമാണ് ആ പ്രത്യയശാസ്ത്രം. പ്രസ്തുത ആഖ്യാനം താനുള്‍പ്പെടെയുള്ള ബ്രാഹ്മണര്‍ക്കോ മറ്റു സവര്‍ണ്ണ ഹിന്ദുക്കള്‍ക്കോ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അവരുടെയൊന്നും സഹായം ഇക്കാര്യത്തില്‍ കാപ്പന് ലഭിക്കാനും പോകുന്നില്ല.

ഇത്രയും വ്യക്തമാക്കിയ ശേഷം രാഹുല്‍ ഇന്ത്യയിലെ ഡീപ് സ്റ്റെയ്റ്റിലേക്ക് കടക്കുന്നു. ഭാരതത്തിലെ നിഗൂഢ ഭരണകൂടം ബ്രാഹ്മണരും ഇതര സവര്‍ണ്ണ ഹിന്ദുക്കളുമടങ്ങിയതാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബ്രാഹ്മണരും അബ്രാഹ്മണരുമായ സവര്‍ണ്ണ ഹിന്ദുക്കളാണ് ഡീപ് സ്റ്റെയ്റ്റില്‍ കൂടുതലുള്ളത് എന്നു വെളിവാക്കിയശേഷം, സവര്‍ണ്ണ ഹിന്ദുക്കളെ ശത്രുപക്ഷത്ത് നിര്‍ത്തി മുസ്ലിം-ദളിത് ഐക്യം എന്ന ആഖ്യാനം വിരചിക്കുന്നവര്‍ക്ക് സാധാരണഗതിയില്‍ ഡീപ് സ്റ്റെയ്റ്റിന്റെ പിന്തുണ കിട്ടില്ലെന്നു തറപ്പിച്ചു പറയുകയത്രേ അദ്ദേഹം ചെയ്യുന്നത്.

മുസ്ലിം-ദളിത് ഐക്യം

ഡീപ് സ്റ്റെയ്റ്റിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്നതിനു മുന്‍പ് രാഹുല്‍ ഈശ്വരര്‍ സൂചിപ്പിച്ച മുസ്ലിം-ദളിത് ഐക്യത്തെക്കുറിച്ച് രണ്ടു വാക്ക് പറഞ്ഞുകൊള്ളട്ടെ. പരാമൃഷ്ട ടെലിവിഷന്‍ ചര്‍ച്ചയില്‍ രാഹുല്‍ മുന്നോട്ടുവെച്ച ചില കാര്യങ്ങളോട് ശക്തമായി വിയോജിക്കുമ്പോള്‍ത്തന്നെ, പോപ്പുലര്‍ ഫ്രന്റ് ഉള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റ് സംഘടനകള്‍ 'സവര്‍ണ്ണാധിപത്യത്തിനെതിരെ മുസ്ലിം-ദളിത് ഐക്യം' എന്ന പ്രമേയത്തിന്റെ പ്രചാരകരാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശരിയാണെന്നു സമ്മതിച്ചേ മതിയാവൂ. ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ബ്രാഹ്മണ-സവര്‍ണ്ണ മേധാവിത്വമാണെന്നും അതു തകര്‍ക്കാന്‍ മുസ്ലിം-ദളിത് സഖ്യം കൂടിയേ തീരൂ എന്നുമുള്ള ആശയം പോപ്പുലര്‍ ഫ്രന്റിന്റെ മുന്‍ഗാമിയായ 'സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ' (സിമി) 1980-കളില്‍ ശക്തമായി അവതരിപ്പിച്ചിരുന്നു. 'ദളിത് വോയ്‌സി'ന്റെ സ്ഥാപകനും പത്രാധിപരുമായ വി.ടി. രാജശേഖറാണ് യഥാര്‍ത്ഥത്തില്‍ അതിന്റെ ഉപജ്ഞാതാവ്. സവര്‍ണ്ണ ഹിന്ദുക്കളെയാകമാനം ശത്രുപക്ഷത്ത് സ്ഥാപിക്കുന്ന ഈ ആഖ്യാനം അടിമുടി വര്‍ഗ്ഗീയവും ജാതീയവും വിഘടനപരവുമാണ്. സാമൂഹിക ഉദ്ഗ്രഥനത്തിനു പകരം സാമൂഹിക ശിഥിലീകരണത്തിലേയ്ക്കാണ് അത്തരം ആഖ്യാനം നയിക്കുക.

പക്ഷേ, ഇതേ ആഖ്യാനത്തിന്റെ സവര്‍ണ്ണാവിഷ്‌ക്കാരമാണ് ഡീപ് സ്റ്റെയ്റ്റ് എന്ന ആശയത്തിലൂടെ രാഹുല്‍ ഈശ്വര്‍ നടത്തുന്നത് എന്നതാണ് വിചിത്രമായ വസ്തുത. അദ്ദേഹം റൈഹാനത്തിനു നല്‍കുന്ന മുഖ്യ ഉപദേശം എന്താണെന്നു നോക്കൂ. സിദ്ദീഖ് കാപ്പന്‍ കുറ്റവിമുക്തനായി പെട്ടെന്നു തിരിച്ചുവരണമെങ്കില്‍ റൈഹാനത്തും ഭര്‍ത്താവും ഡീപ് സ്റ്റെയ്റ്റിനെ ആശ്രയിക്കണം എന്നതാണത്. ഡീപ് സ്റ്റെയ്റ്റിന്റെ (ബ്രാഹ്മണ-സവര്‍ണ്ണ സ്വരൂപത്തിന്റെ) ഭാഗമായ ന്യായാധിപനേയും അഭിഭാഷകനേയും കൂട്ടുപിടിച്ച് കേസ് നടത്തണമെന്നത്രേ ഹിന്ദു പാര്‍ലമെന്റിന്റെ കാര്യദര്‍ശി ഉപദേശിക്കുന്നത്. ന്യായാധിപനേയും അഭിഭാഷകനേയും അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. സവര്‍ണ്ണരായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും അഡ്വക്കേറ്റ് കബില്‍ സിബലുമാണവര്‍. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബഞ്ചില്‍ കേസെത്തിക്കണമെന്നും സിബലിനെപ്പോലുള്ള ഒരു സവര്‍ണ്ണ അഭിഭാഷകനെക്കൊണ്ട് കേസ് വാദിപ്പിക്കണമെന്നും ഉപദേശകന്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ ഡീപ് സ്റ്റെയ്റ്റിന്റെ മുഖമുദ്ര സവര്‍ണ്ണതയാണെന്നും ബ്രാഹ്മണരാലും മറ്റു സവര്‍ണ്ണ ജാതിക്കാരാലും നിയന്ത്രിക്കപ്പെടുന്ന ആ നിഗൂഢ ഭരണകൂടം ഇച്ഛിക്കുന്നതേ ഇവിടെ നടക്കൂ എന്നുമത്രേ രാഹുല്‍ ഈശ്വര്‍ പറഞ്ഞതിന്റെ അകപ്പൊരുള്‍. ആ നിഗൂഢ ഭരണകൂടത്തെ മറികടക്കാന്‍ വല്ലവര്‍ക്കും സാധിക്കുമെന്നത് വ്യാമോഹം മാത്രമാണെന്ന ശക്തമായ ധ്വനിയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ വിവേകമതികളായ ആരും ചോദിച്ചുപോകും, 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്ന രാഹുല്‍ ഈശ്വറിന്റെ ശരീരത്തില്‍ തുടിക്കുന്നത് 19-ാം നൂറ്റാണ്ടില്‍ ജീവിച്ച വല്ല ജാതിവെറിയന്റേയും മനസ്സാണോ എന്ന്.
സവര്‍ണ്ണ മേധാവിത്വം എന്ന അടിക്കല്ലിനുമേല്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യന്‍ ഡീപ് സ്റ്റെയ്റ്റിനു സ്വീകാര്യമാംവിധം ജീവിക്കുക എന്നത് മാത്രമാണ് ഇന്നാട്ടിലെ അഹിന്ദുക്കള്‍ക്കും അവര്‍ണ്ണ ഹിന്ദുക്കള്‍ക്കും കരണീയം എന്ന് ഉപദേശിക്കുന്ന ഹിന്ദു പാര്‍ലമെന്റ് കാര്യദര്‍ശി ശ്രീനാരായണഗുരുവിന്റെ സമകാലികനായിരുന്നുവെങ്കില്‍, എന്ത് ഉപദേശമായിരിക്കും അദ്ദേഹം ഗുരുവിന് നല്‍കിയിരിക്കുക എന്നൊന്ന് സങ്കല്പിച്ചു നോക്കൂ. ജാതിഭ്രാന്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗുരു അരുവിപ്പുറത്ത് ഈഴവശ്ശിവനെ പ്രതിഷ്ഠിച്ചപ്പോള്‍ രാഹുല്‍ ഈശ്വറിന്റെ വായില്‍നിന്നു പുറപ്പെട്ട വാക്കുകള്‍ ഇങ്ങനെയാവും: 'നാരായണാ നിന്റെ ഈ വേലകൊണ്ടൊന്നും ബ്രാഹ്മണരായ ഞങ്ങളുടെ മേധാവിത്വത്തിന് ഒരു പോറലും ഏല്പിക്കാനാവില്ല. ഇത്തരം കളികള്‍ നിര്‍ത്തി അടങ്ങിയൊതുങ്ങി ജീവിക്കാന്‍ നോക്ക്.' സാധുജന പരിപാലന സഖ്യമുണ്ടാക്കുകയും സവര്‍ണ്ണരെ വെല്ലുവിളിച്ചുകൊണ്ട് വില്ലുവണ്ടിയില്‍ സഞ്ചരിക്കുകയും ചെയ്ത അയ്യന്‍കാളിയോടും ചെറായിയില്‍ മിശ്രഭോജനം സംഘടിപ്പിച്ച സഹോദരന്‍ അയ്യപ്പനോടും അദ്ദേഹം പ്രതികരിച്ചതും സമാന ശൈലിയില്‍ തന്നെയാവും. 

''ഏറ്റവും വലിയ വിപ്ലവ പ്രവര്‍ത്തനവും ഏറ്റവും വലിയ ധാര്‍മ്മിക പ്രവര്‍ത്തനവും ഏറ്റവും വലിയ ആത്മീയ പ്രവര്‍ത്തനവും സത്യം പറയുക എന്നതാണ്'' എന്ന ചാനല്‍ അവതാരകയെ ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ തന്റെ വാക്കുകള്‍ ഉപസംഹരിക്കുന്നത്. പക്ഷേ, അദ്ദേഹം പറയാത്ത ഒരു വലിയ സത്യമുണ്ട്. പല ഡീപ് സ്റ്റെയ്റ്റുകളേയും കാലം കടന്നാക്രമിക്കുകയും കുടഞ്ഞെറിയുകയും ചെയ്തിട്ടുണ്ട് എന്നതാണ് ആ ജ്വലിക്കുന്ന സത്യം. അടിമത്തത്തിനും ജന്മിത്വത്തിനും വംശീയ ദുരഭിമാനത്തിനും വര്‍ണ്ണവെറിക്കും ശാസ്ത്രവിരുദ്ധതയ്ക്കും ലിംഗവിവേചനത്തിനും അതത് സ്ഥലകാലങ്ങളില്‍ പിന്തുണ നല്‍കിപ്പോന്ന ഡീപ് സ്റ്റെയ്റ്റുകള്‍ അക്കൂട്ടത്തില്‍പ്പെടും. ജാതീയ ദുരഭിമാനത്തിന് പിന്തുണയേകുന്ന ഡീപ് സ്റ്റെയ്റ്റും ഏറെയൊന്നും വൈകാതെ കാലത്താല്‍ കശക്കിയെറിയപ്പെടും എന്നതും സത്യമാണ്-അതു വിളിച്ചുപറയാന്‍ രാഹുല്‍ ഈശ്വറിന്റെ നാവ് പൊങ്ങില്ലെങ്കിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com