'പെട്ടെന്നൊരു ദിവസം, ഈ കൈനടി ഞങ്ങള്‍ക്കു വലിയ തലവേദനയായി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്'

ആലപ്പുഴയില്‍ എസ്.പി ആയിരിക്കുമ്പോള്‍ അവിടുത്തെ 'നാടുകടത്തല്‍' പൊലീസ് സ്റ്റേഷനായിരുന്നു അക്കാലത്ത് കൈനടി. അവിടെ പോസ്റ്റിംഗ് ആവശ്യപ്പെടുന്നവര്‍ തീരെയില്ലായിരുന്നു
കൈനടി പൊലീസ് സ്റ്റേഷൻ
കൈനടി പൊലീസ് സ്റ്റേഷൻ

'എന്റെ അപ്പൂപ്പന്‍ 'ഖൈദി' ആയിരുന്നു സാര്‍'', അങ്ങനെയാണ് അഷറഫ് സ്വയം പരിചയപ്പെടുത്തിയത്, അഭിമാനപൂര്‍വ്വം. ആന്റമാനിലെ നീല്‍ ദ്വീപില്‍വെച്ചാണ് ഒരു വര്‍ഷം മുന്‍പ് ഞാന്‍ ആ മലയാളമറിയാവുന്ന പൊലീസുകാരനെ കണ്ടത്. 'ഖൈദി', ഹിന്ദി വാക്കാണ്; തടവുകാരന്‍ എന്നര്‍ത്ഥം. സ്വാതന്ത്ര്യസമരകാലത്ത്, 1921-ലെ മലബാര്‍ കലാപത്തെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഉപയോഗിച്ച ഒരു തന്ത്രമായിരുന്നു ആന്റമാനിലേക്കുള്ള നാടുകടത്തല്‍. സ്വാതന്ത്ര്യസമര സേനാനികളെ തടവില്‍ പാര്‍പ്പിച്ചിരുന്ന സെല്ലുലാര്‍ ജയിലിലെ ഫോട്ടോഗാലറിയില്‍ മലയാളികളായ ചില 'ഖൈദി'കളെ ഞാന്‍ കണ്ടു. പിന്നീടാണ് അഷറഫിനെ കണ്ടത്. അയാളുടെ ഭാര്യ നാടുകടത്തപ്പെട്ട മറ്റൊരു 'ഖൈദി'യുടെ കൊച്ചുമകളായിരുന്നു. മറ്റൊരു തരം 'നാടുകടത്തല്‍' പ്രതിഭാസം കേരളത്തില്‍ പൊലീസിലും കണ്ടിട്ടുണ്ട്. ഏതെങ്കിലും ഉള്‍പ്രദേശത്ത് ടൗണുകളില്‍ നിന്നകന്ന് പ്രധാന റോഡുകളോ ബസ് സര്‍വ്വീസോ ഒന്നുമില്ലാത്ത സ്ഥലത്തെ പൊലീസ് സ്റ്റേഷന്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും വേണ്ടാതാകും. അങ്ങനെയാകുമ്പോള്‍ അച്ചടക്കനടപടിക്ക് വിധേയരായി സസ്പെന്‍ഷനും ശിക്ഷയും ഒക്കെ കഴിഞ്ഞവരേയോ മറ്റേതെങ്കിലും നിലയില്‍ പ്രശ്നക്കാരായവരേയൊ നിര്‍ബ്ബന്ധമായി അങ്ങോട്ടയയ്ക്കും. കേരളത്തിലെ ഇത്തരം ഒരു 'നാടുകടത്തല്‍' പൊലീസ് സ്റ്റേഷനെക്കുറിച്ച് ഞാനാദ്യം കേള്‍ക്കുന്നത് ഹൈദ്രബാദിലെ നാഷണല്‍ പൊലീസ് അക്കാഡമിയിലെ പരിശീലനകാലത്താണ്. 

എൻ കൃഷ്ണൻ നായർ ‌‌
എൻ കൃഷ്ണൻ നായർ ‌‌

അന്നവിടെ കേരളത്തില്‍നിന്നുള്ള ഐ.ജി എന്‍. കൃഷ്ണന്‍ നായര്‍ അതിഥി ആയി വന്നിരുന്നു. ഞങ്ങളുടെ തൊട്ട് മുന്‍പുള്ള ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ കേരളത്തെ പ്രതിനിധീകരിച്ച് വന്നതായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത വളരെ പ്രധാന സംഭവമായിരുന്നു അത്. കേരളത്തില്‍നിന്നുള്ള അതിഥിയെ സ്വീകരിക്കാനും അദ്ദേഹത്തിന്റെ ക്ഷേമാന്വേഷണത്തിനും പ്രൊബേഷണറായിരുന്ന എന്നെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അന്നാദ്യമായിരുന്നു ഞാന്‍ പൊലീസ് യൂണിഫോമണിഞ്ഞ് അക്കാഡമിക്ക് പുറത്തുകടന്നത്. അക്കാഡമിയില്‍നിന്നും 'സ്റ്റൈലില്‍' യൂണിഫോമൊക്കെ ധരിച്ച് പൊലീസ് കാറില്‍ ആന്ധ്രാക്കാരനായ ഡ്രൈവര്‍ റെഡ്ഡി എന്നെയും കൊണ്ട് ബീഗംപെട്ട് എയര്‍പോര്‍ട്ടില്‍ പോയി അതിഥിയെ സ്വീകരിക്കാന്‍. ആദ്യമായി യൂണിഫോമിട്ട് കാറില്‍ കയറി അക്കാഡമിക്ക് പുറത്ത് കടന്നപ്പോള്‍ എനിക്കാകെപ്പാടെ ഒരു വെപ്രാളമായിരുന്നു. എവിടെയാണ് എയര്‍പോര്‍ട്ടെന്നോ ഞാനവിടെ പോയി എന്താണ് ചെയ്യുകയെന്നോ ഒന്നും ഒരു ധാരണയും ഇല്ല. പരിഭ്രമത്തോടെയാണ് കാറിലിരുന്ന് പുറത്തേയ്ക്ക് നോക്കിയത്. ഡ്രൈവര്‍ റെഡ്ഡി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു; ഹിന്ദിയില്‍. എന്റെ പരിഭ്രമം ഉള്ളിലൊതുക്കിയാണ് സംസാരിക്കാന്‍ ശ്രമിച്ചത്. അങ്ങനെ കാര്‍ എയര്‍പോര്‍ട്ടില്‍ ഒരിടത്ത് കൊണ്ടുചെന്ന് നിര്‍ത്തി. അതുവഴി എയര്‍പോര്‍ട്ടിനുള്ളില്‍ കയറാം എന്ന് റെഡ്ഡി പറഞ്ഞു. ഞാന്‍ പുറത്തിറങ്ങി. പുതിയ വേഷത്തില്‍ ഞാന്‍ ആദ്യമായി ഒരു പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആകെപ്പാടെ ഒരു വല്ലായ്മ. ആദ്യത്തെ ഭയം എയര്‍പോര്‍ട്ടിനുള്ളില്‍ എങ്ങനെ കടക്കും എന്നതായിരുന്നു. എന്റെ കൈയില്‍ യാത്രയ്ക്കുള്ള ടിക്കറ്റൊന്നുമില്ലല്ലോ. ടിക്കറ്റുമായി പോയിട്ടുള്ളപ്പോള്‍ തന്നെ ഇവനൊരു 'വിമാനറാഞ്ചി' ആയിരിക്കുമോ എന്ന സംശയം ദൂരീകരിച്ചിട്ടു മാത്രമാണ് എയര്‍പോര്‍ട്ടില്‍ കടമ്പകള്‍ ഓരോന്ന് കടന്നത്. അങ്ങനെ ഓരോന്ന് ആലോചിച്ച് അറപ്പോടെ മന്ദം മന്ദം ഞാനാ പ്രവേശന കവാടത്തിലേയ്ക്ക് നടന്നു. എന്റെ അവസ്ഥ മനസ്സിലാക്കി ആയിരിക്കണം ഡ്രൈവര്‍ റെഡ്ഡി പെട്ടെന്ന് ഓടിവന്ന് മുന്‍പേ നടന്നു; ഉറച്ച കാല്‍വെയ്പുകളോടെ. ഞാന്‍ പിറകെ നടന്നു. റെഡ്ഡി അവിടെയുണ്ടായിരുന്ന പൊലീസുകാരോട് എന്തോ അടക്കം പറയുന്നതു കേട്ടു. ഇടയ്ക്കു 'ഐ.പി.എസ്' എന്നു മാത്രം കേട്ടു. ഉടന്‍ പൊലീസുകാരനെന്നെ സല്യൂട്ട് ചെയ്തു. ഞാന്‍ പ്രതികരിച്ചില്ല. അവര്‍ എന്നെ അകത്തേയ്ക്ക് കടത്തിവിട്ടു; ഒരു ചോദ്യവുമില്ലാതെ. മുന്‍പ് യാത്രാരേഖകളുമായി ചെല്ലുമ്പോഴെല്ലാം സംശയദൃഷ്ടിയോടെ ഒരുപാട് പരിശോധനകള്‍ക്കു ശേഷം  മാത്രം എയര്‍പോര്‍ട്ടില്‍ കടന്നിരുന്ന എന്റെ മുന്നില്‍ ഒരു രേഖയുമില്ലാതെ എത്രവേഗമാണ് ആ കവാടം തുറന്നത്. ഇനി ഏത് കവാടവും തുറക്കും എന്നെനിക്കു മനസ്സിലായത് അന്നാണ്. കാരണം, അധികാരസംവിധാനത്തിന്റെ ശീതളച്ഛായയിലായിക്കഴിഞ്ഞിരുന്നു ഞാന്‍. സുഗമമായി ഉള്ളില്‍ കടന്നെങ്കിലും അടുത്ത കാല്‍വെയ്പ് എന്താണെന്ന് സംശയിച്ചു നില്‍ക്കുമ്പോള്‍, ഡ്രൈവര്‍ റെഡ്ഡി പിന്നെയും പിറകെ എത്തി. ''സാറിന് വി.ഐ.പി റൂമിലിരിക്കാം'' എന്നു പറഞ്ഞു. അതൊരു വിലപ്പെട്ട പുതിയ  അറിവായിരുന്നു. റെഡ്ഡി തന്നെ വി.ഐ.പി റൂമിലേയ്ക്ക്  നയിച്ചു. അയാള്‍ തന്നെ കൈപ്പിടി തിരിച്ച് കതക് തുറന്നു. പതുക്കെ അകത്തേയ്ക്ക് കടന്നു. അങ്ങനെ തീരെ  പ്രതീക്ഷിച്ചിരിക്കാതെ ഞാനും  'വി.ഐ.പി' ആയി. 'വി.ഐ.പി'യെ കണ്ടപ്പോള്‍ അകത്തിരുന്ന രണ്ടാളുകള്‍ ഞെട്ടി എണീറ്റു. ആരെങ്കിലുമൊക്കെ ഞെട്ടിയില്ലെങ്കില്‍ പിന്നെന്തു്  വി.ഐ.പി? അവരവിടുത്തെ ജീവനക്കാരായിരുന്നുവെന്ന്  തോന്നുന്നു.  ആ പാവങ്ങളുടെ സൈ്വര സംഭാഷണം പെട്ടെന്ന് നിര്‍ത്തി, അല്പം 'ചമ്മലോടെ' അവര്‍ പുറത്തേയ്ക്ക് നടന്നു. ഏതാണ്ടാ മാനസികാവസ്ഥയില്‍ത്തന്നെ 'വി.ഐ.പി' അകത്തുകടന്ന് സോഫയിലിരുന്നു. ഒറ്റയ്ക്കായപ്പോള്‍ ഉള്ളിലൊരു സംശയം. 'വി.ഐ.പി' ഉള്ളിലുണ്ടെന്ന് അറിയാതെ ആരെങ്കിലും മുറിപൂട്ടി പോയാലോ. ഹേയ്, 'വി.ഐ.പി'യോടങ്ങനെ ചെയ്യില്ല എന്ന് സ്വയം ആശ്വസിച്ചെങ്കിലും ഇരിപ്പുറച്ചില്ല. പതിയെ എണീറ്റ് കതകിനടുത്ത് ചെന്ന്, അതു തുറക്കാന്‍ പറ്റുമോ എന്ന് നോക്കി. ഭാഗ്യം, അത് പൂട്ടിയിട്ടില്ല. ഉള്ളതു പറഞ്ഞാല്‍, ഈ പരിശോധന  പിന്നെയും  ആവര്‍ത്തിച്ചു. എന്റെ കണ്ണുകള്‍ ആ കതകില്‍ത്തന്നെ ആയിരുന്നു. ഇതവസാനിച്ചത് കതക് തുറന്ന് ഡ്രൈവര്‍ റെഡ്ഡി  പ്രത്യക്ഷപ്പെട്ടപ്പോള്‍ മാത്രമാണ്. കേരളത്തില്‍നിന്നുള്ള വിമാനം എത്തിയിരുന്നു. ഞാന്‍ മുറിക്ക് പുറത്തിറങ്ങി 'വി.ഐ.പി' വീണ്ടും 'സാദാ മനുഷ്യന്‍' ആയി. ചില ആളുകള്‍ ഏതാണ്ടൊരു കൗതുകവസ്തുവിനെ കണ്ടപോലെ എന്നെ നോക്കുന്നതായി തോന്നി. അതിഷ്ടപ്പെട്ടു, പുറമേ കാണിച്ചില്ലെങ്കിലും. വേഗം ഡ്രൈവര്‍ റെഡ്ഡി നയിച്ചിടത്തേയ്ക്ക് നീങ്ങി. അവിടെ നിന്നു. കുറേ കഴിഞ്ഞപ്പോള്‍ ദൂരെനിന്ന് യാത്രക്കാര്‍ ഓരോരുത്തരായി നടന്നുവരുന്നതു കണ്ടു. എന്റെ അതിഥി, ഐ.ജി എന്‍. കൃഷ്ണന്‍നായര്‍ അല്പം അകലെ ആയിരുന്നു. ഫോട്ടോ  കണ്ട ഓര്‍മ്മയില്‍നിന്ന് അദ്ദേഹത്തെ ദൂരെ വെച്ച് തന്നെ തിരിച്ചറിഞ്ഞു. കൈയിലൊരു സൂട്ട്‌കേസും ഉണ്ടായിരുന്നു. സൂട്ട് കേസ് ഞാന്‍ വാങ്ങണമോ എന്നൊരു സംശയം മനസ്സിലുണ്ടായി. മിനിട്ടുകള്‍ക്കു മുന്‍പ് 'വി.ഐ.പി' ആയിരുന്ന ആളല്ലേ ഞാന്‍. സൂട്ട്‌കേസ് വാങ്ങല്‍ ദാസ്യപ്രവൃത്തിയാണോ സാമാന്യ മര്യാദയാണോ എന്ന സംവാദം തീരുമാനമാകും മുന്‍പേ അദ്ദേഹം അടുത്തെത്തി. ഉടന്‍ സല്യൂട്ട് ചെയ്തു, പൊലീസ് അക്കാഡമിയില്‍നിന്നും സ്വീകരിക്കാന്‍ വന്ന ഐ.പി.എസ് പ്രബേഷണര്‍ എന്ന് പരിചയപ്പെടുത്തി. എന്നിട്ട്, ''സര്‍, സൂട്ട് കേസ്'' എന്ന് പറഞ്ഞ് ഒരുതരം വേണോ വേണ്ടയോ എന്ന ഭാവത്തില്‍ കൈനീട്ടി. ഒന്നറച്ച ശേഷം, അദ്ദഹം 'വേണ്ട' എന്ന്  പറഞ്ഞപ്പോള്‍ കൈ ഉടന്‍  പിന്‍വലിച്ചു. വേഗം ഞങ്ങള്‍ പുറത്തുകടന്നു. പുറത്തേയ്ക്കുള്ള വാതിലില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ ഞാന്‍ നോക്കി. അയാള്‍ എന്നെ സല്യൂട്ട് ചെയ്തു. അത് സ്വീകരിച്ച് ഞാനും തിരികെ സല്യൂട്ട് ചെയ്തു, ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍. അല്പം മുന്‍പ് അകത്തേയ്ക്ക് കടന്ന ആളായിരുന്നില്ല പുറത്തുവന്നത് എന്നു വ്യക്തം.

നാലഞ്ചു ദിവസം അദ്ദേഹം  അക്കാഡമിയിലുണ്ടായിരുന്നു. ഒരുപാട് പൊലീസ് അനുഭവങ്ങളും രസകരമായ സംഭവങ്ങളും നേരിട്ട് കേള്‍ക്കാന്‍ എനിക്ക് അവസരം കിട്ടി. അക്കാലത്ത് അദ്ദേഹം പ്രസംഗകലയെക്കുറിച്ച് ഒരു ഗ്രന്ഥം രചിക്കുവാനുള്ള ശ്രമത്തിലായിരുന്നു. സുബ്രഹ്മണ്യഭാരതിയുടെ നാമധേയത്തിലുള്ള സമ്പന്നമായ അക്കാഡമി ലൈബ്രറിയില്‍ പ്രസംഗത്തെക്കുറിച്ച് ധാരാളം പുസ്തകങ്ങളുണ്ടായിരുന്നത് ഞാനദ്ദേഹത്തിനു നല്‍കി. അവയൊക്കെ വായിച്ച് ഒരുപാട് കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കി. ലൈബ്രറിയിലെ മലയാള വിഭാഗത്തില്‍ അദ്ദേഹമെഴുതിയ ആത്മകഥാപരമായ ഒരു നോവല്‍, ഉണ്ടായിരുന്നു. 'വിലങ്ങുകളേ വിട' എന്നാണോര്‍മ്മ. അവിടെ വച്ച് ഞാനത് വായിച്ചിരുന്നു. അതിലൊരു വായനക്കാരന്‍ 'ആദ്യപകുതി ഗംഭീരം, രണ്ടാം പകുതി നിരാശപ്പെടുത്തി' എന്നെഴുതിയിരുന്നു. എനിക്കും അങ്ങനെ തോന്നിയിരുന്നു. ഇക്കാര്യം ഞാനദ്ദേഹത്തോട് പറഞ്ഞു. ചില കാരണങ്ങളാല്‍ രണ്ടാം പകുതി മാറ്റി എഴുതേണ്ടിവന്നു എന്നദ്ദേഹം പറഞ്ഞു.

'നാടുകടത്തല്‍' പൊലീസ് സ്റ്റേഷനുകളെപ്പറ്റി ആദ്യം കേട്ടത് അക്കാഡമിയില്‍ വച്ച് കൃഷ്ണന്‍നായര്‍ സാര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കിട്ടപ്പോഴാണ്. 1980-കളില്‍ തൃശൂര്‍ ജില്ലയിലെ മലക്കിപ്പാറ പൊലീസ് സ്റ്റേഷനില്‍ ഒരു കസ്റ്റഡി മരണം ഉണ്ടായി. ഈ മലക്കിപ്പാറ പൊലീസ് സ്റ്റേഷന്‍ കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ മലമ്പ്രദേശത്തായിരുന്നു. കാട്ടാനകളൊക്കെ ധാരാളമുള്ള വനപ്രദേശങ്ങളും ആ സ്റ്റേഷന്‍പരിധിയിലുണ്ടായിരുന്നു. പ്രകൃതിരമണീയമായ ഇത്തരം പ്രദേശങ്ങള്‍ വിനോദസഞ്ചാരികള്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും  സന്ദര്‍ശിക്കാനും കാല്പനിക സ്വപ്നങ്ങള്‍ മെനയാനും ഒക്കെ പ്രിയങ്കരമാണെങ്കിലും അവിടെ സ്ഥിരമായി താമസിക്കാനോ ജോലി ചെയ്യാനോ പൊതുവേ ആര്‍ക്കും താല്പര്യമുണ്ടാകില്ല. അതുകൊണ്ട് പല സ്ഥലങ്ങളില്‍നിന്നും 'പ്രശ്‌നക്കാരായ' പൊലീസുകാരെ നിര്‍ബ്ബന്ധിതമായി മലക്കിപ്പാറയ്ക്കയച്ചിരുന്നു. ഇങ്ങനെ ഒറ്റപ്പെട്ട പൊലീസ് സ്റ്റേഷനാകുമ്പോള്‍ പൊലീസ് സംവിധാനത്തിന്റെ നിയന്ത്രണം കുറവായിരിക്കും. അതൊക്കെയാണ്  മലക്കപ്പാറയിലന്ന് കസ്റ്റഡി മരണത്തിലേയ്ക്ക് നയിച്ചത്. അവിടെ ഒരു ആദിവാസി മുള്ളന്‍പന്നിയുടെ തേറ്റയുമായി ചന്തയില്‍ വില്‍ക്കാന്‍ വന്നത്രേ. അവിടുത്തെ ഒരു പൊലീസുകാരന്‍, അയാള്‍ മദ്യത്തിന്റെ സ്വാധീനത്തിലെന്ന് പറയപ്പെടുന്നു, ആനക്കൊമ്പെന്ന് പറഞ്ഞ് അയാളെ കസ്റ്റഡിയിലെടുത്തുവത്രെ. ആ ആദിവാസിയാണ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. സംഭവത്തിനു ശേഷം അന്ന് എറണാകുളത്ത് ഡി.ഐ.ജി ആയിരുന്ന കൃഷ്ണന്‍ നായര്‍ സാറായിരുന്നു ഒറ്റപ്പെട്ടുള്ള ആ സ്റ്റേഷനില്‍ ആദ്യം എത്തിയത്. അങ്ങനെയാണ് പൊലീസിലെ 'നാടുകടത്തല്‍' ആദ്യമായി എന്റെ ശ്രദ്ധയില്‍ വരുന്നത്. സാന്ദര്‍ഭികമായി പറയട്ടെ, വര്‍ഷങ്ങള്‍ കഴിഞ്ഞ് 1998-ല്‍ ഞാന്‍ തൃശൂരില്‍ എസ്.പി ആയെത്തുമ്പോള്‍ മലക്കപ്പാറയുടെ അവസ്ഥ മാറിയിരുന്നു. പഴയ 'നാടുകടത്തല്‍' പൊലീസ് സ്റ്റേഷന്‍ ചെറുപ്പക്കാരായ പൊലീസുകാരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആയി മാറിയിരുന്നു. അവിടെ ജോലി കുറവാണ്. സ്റ്റേഷനില്‍ത്തന്നെ താമസിച്ച് വിശ്രമസമയത്ത് മെച്ചപ്പെട്ട ജോലിതേടി പി.എസ്.സി പരീക്ഷയ്ക്കും എല്ലാം തയ്യാറെടുക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു അവര്‍. 

ആലപ്പുഴയില്‍ എസ്.പി ആയിരിക്കുമ്പോള്‍ അവിടുത്തെ  'നാടുകടത്തല്‍' പൊലീസ് സ്റ്റേഷനായിരുന്നു അക്കാലത്ത് കൈനടി. അവിടെ പോസ്റ്റിംഗ്   ആവശ്യപ്പെടുന്നവര്‍ തീരെയില്ലായിരുന്നു. മിക്കവാറും പൊലീസുകാരെല്ലാം എന്തെങ്കിലും ശിക്ഷയുടെ ഭാഗമായി അങ്ങോട്ട് നിര്‍ബ്ബന്ധമായി പോസ്റ്റ് ചെയ്യപ്പെട്ടവരായിരുന്നു. അന്നവിടെ കാര്യമായി പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല. അതായിരുന്നു അവസ്ഥ. പക്ഷേ, പെട്ടെന്നൊരു ദിവസം, ഈ കൈനടി ഞങ്ങള്‍ക്കു വലിയ തലവേദനയായി. തികച്ചും അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്.

ഗൗരിയമ്മ
ഗൗരിയമ്മ

 മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ കുറേ നാളായി ഉണ്ടായിരുന്ന പ്രശ്‌നങ്ങളെത്തുടര്‍ന്ന് കെ.ആര്‍. ഗൗരി അമ്മ പുറത്തുപോയ കാലമായിരുന്നു അത്.  ആലപ്പുഴയില്‍ എസ്.പി ആയെത്തുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഗൗരി അമ്മ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍, 1994 ജനുവരിയോടെ പാര്‍ട്ടിക്കു പുറത്തായി. ജനാധിപത്യ സംരക്ഷണസമിതി (JSS) എന്ന രാഷ്ട്രീയപ്പാര്‍ട്ടി ഗൗരി അമ്മ രൂപീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ലയില്‍ പല സ്ഥലങ്ങളിലും ജെ.എസ്.എസ്സില്‍ പോയവരും സി.പി.എമ്മുകാരും തമ്മില്‍ സംഘര്‍ഷവും കുറേ ഏറ്റുമുട്ടലും ഒക്കെയുണ്ടായി. ചേര്‍ത്തല, അരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു രൂക്ഷമായ പ്രശ്‌നങ്ങളുണ്ടായത്. കുട്ടനാട് മേഖലയിലും ചെറിയ ചില സംഘര്‍ഷങ്ങളുണ്ടായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അന്ന് പ്രതിപക്ഷത്തായിരുന്നു. പുതുതായി രൂപീകരിച്ച ജെ.എസ്.എസ് ഭരണപക്ഷത്തേയ്ക്ക് നീങ്ങും എന്നൊരു പ്രതീതി അന്നുണ്ടായിരുന്നു. അതെന്തായാലും ഇവര്‍ തമ്മില്‍ ഏറ്റുമുട്ടി ക്രിമിനല്‍ക്കേസുണ്ടാകുമ്പോള്‍ പൊലീസ് അക്കാര്യത്തില്‍ പക്ഷം പിടിക്കരുത് എന്ന്  ഉദ്യോഗസ്ഥരോട് നിഷ്‌കര്‍ഷിച്ചിരുന്നു. ഒരു ദിവസം പൊലീസ് ഒരു പ്രാദേശിക നേതാവിനെ കള്ളക്കേസില്‍ പ്രതിയാക്കിയെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. അത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഞാന്‍ ബന്ധപ്പെട്ട ഡി.വൈ.എസ്.പിയെ വിളിച്ച് എന്താണ് അത്തരം ഒരാരോപണത്തിന് അടിസ്ഥാനം എന്ന് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞത് എഫ്.ഐ.ആറില്‍ ഈ പ്രാദേശിക നേതാവിന്റെ പേരുണ്ടായിരുന്നു. പക്ഷേ, പൊലീസിനു ബോധ്യം വരാത്തതുകൊണ്ട് അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നില്ല. ആ ഘട്ടത്തില്‍ അറസ്റ്റില്‍നിന്നും നേതാവിനെ ഒഴിവാക്കരുതെന്ന് അവര്‍ തന്നെ ഡി.വൈ.എസ്.പിയോട് ശുപാര്‍ശ ചെയ്തുവത്രേ. അങ്ങനെ  'ഇഷ്ടാനുസരണമുള്ള' അറസ്റ്റിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. പക്ഷേ, ഒന്നെനിക്ക് ബോധ്യം വന്നു. ക്രിമിനല്‍ക്കേസ് അന്വേഷണത്തില്‍  നിയമത്തിന്റെ അളവുകോലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ അളവുകോലും വ്യത്യസ്തമാണ്. പാര്‍ട്ടികളുടെ അളവുകോല്‍ വെച്ച് കേസന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമം സര്‍വ്വീസിലുടനീളം ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നം വഷളാകുന്നത് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തന്നെ നിയമത്തിന്റെ അളവുകോലുപേക്ഷിച്ച് ഭരണകക്ഷിയുടേത് സ്വീകരിക്കുമ്പോഴാണ്.  
  
ജെ.എസ്.എസ് ജന്മമെടുത്തതിനെത്തുടര്‍ന്ന് ഇങ്ങനെ തട്ടിയും മുട്ടിയും എന്നാല്‍ വലിയ പ്രശ്നങ്ങളില്ലാതേയും മുന്നോട്ടു പോകുന്നതിനിടയിലാണ് ഒരു ദിവസം വൈകുന്നേരം നാലുമണിയോടെ കൈനടി പൊലീസ് സ്റ്റേഷനില്‍നിന്നൊരു വയര്‍ലെസ്സ് സന്ദേശം. അവിടെ ഇരുകൂട്ടരും തമ്മില്‍ അതിഭയങ്കരമായ സംഘട്ടനം നടക്കുന്നു. പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരും സംഭവസ്ഥലത്തേയ്ക്ക്  പോയിട്ടുണ്ടെന്നും സാഹചര്യം  ഗുരുതരമാണെന്നും പറഞ്ഞു. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തരമായി കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്തെത്തിക്കുക എന്നത് പ്രധാനം ആണ്. മിക്കവാറും സ്ഥലങ്ങളില്‍ ജാഗ്രതയുള്ള പൊലീസ് സംവിധാനമാണെങ്കില്‍ അത് വേഗത്തില്‍ സാധിക്കും. വയര്‍ലെസ്സിലൂടെ നിര്‍ദ്ദേശം നല്‍കുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അതില്‍ ശ്രദ്ധിക്കുകയും ചെയ്താല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍നിന്നൊക്കെ പത്തോ പതിനഞ്ചോ മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ ആളെ എത്തിക്കാനാകും. പക്ഷേ, കൈനടി വളരെ ഒറ്റപ്പെട്ട പൊലീസ് സ്റ്റേഷനാണ്. അവിടേയ്ക്ക് ജലമാര്‍ഗ്ഗമാണ് കൂടുതലുള്ളത്. കരയിലൂടെ ആലപ്പുഴ-ചങ്ങനാശേരി റോഡ് വഴിയും പോകാം. പക്ഷേ, അന്നത്തെ അവസ്ഥയില്‍ ഏതു മാര്‍ഗ്ഗമായാലും ഒരു മണിക്കൂറിലധികം  സമയമെടുക്കും. അതുവരെ കൈനടിയിലെ പൊലീസുകാര്‍ ഒറ്റയ്ക്ക് ആ സംഘട്ടനം നേരിടണം. ആകെ പത്തോളം പൊലീസുകാരേ ആ സമയത്തവിടെ ഉണ്ടാകാനിടയുള്ളു. ആലപ്പുഴയിലെ ഡി.വൈ.എസ്.പി അന്ന് തൃശൂര്‍ സ്വദേശിയായ ചന്ദ്രന്‍ ആയിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അദ്ദേഹം പ്രതികരിച്ചു. ലഭ്യമായ പൊലീസുകാരെ ഉടന്‍ ബോട്ട് മാര്‍ഗ്ഗവും കരയിലൂടെയും കൈനടിക്കയച്ചു. അതൊക്കെ ഏര്‍പ്പാടാക്കിയ ശേഷം ഡി.വൈ.എസ്.പി നേരിട്ട് കൂടുതല്‍ പൊലീസുമായി കൈനടിക്കു പുറപ്പെട്ടു. അതിനിടെ കൈനടിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ വന്നുകൊണ്ടിരുന്നു. സംഘട്ടനത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. അയാളേയും പരിക്കേറ്റ മറ്റുള്ളവരേയും പൊലീസ് സ്റ്റേഷനില്‍നിന്നും ഫോണ്‍ വിളിച്ച് സ്വകാര്യവാഹനത്തില്‍ ആശുപത്രിയിലേയ്ക്കയച്ചു. പക്ഷേ, സംഘട്ടനം അപ്പോഴും തുടരുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ മാത്രം വയര്‍ലെസ്സും ഫോണും മറ്റുത്തരവാദിത്വവും നോക്കാന്‍ നിന്ന ശേഷം മുഴുവന്‍ ആളുകളും സംഭവസ്ഥലത്തായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വലിയ ഉത്തരവാദിത്വത്തോടെയും പക്വതയോടുമാണ് സംസാരിച്ചത്. 

എത്രയും വേഗം കൂടുതല്‍ പൊലീസുകാരെത്തും എന്ന ധൈര്യത്തിലാണ് സംഘര്‍ഷമേഖലയിലുള്ളവര്‍ നില്‍ക്കുന്നത്. എസ്.പി തന്നെ വയര്‍ലെസ്സില്‍ പിന്തുണയും നിര്‍ദ്ദേശവുമായി നില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള സാഹചര്യം നേരിടുന്ന പൊലീസുകാര്‍ക്ക് ബലം തന്നെയാണ്. അതിനിടയില്‍ വീണ്ടും വിവരം വന്നു. മറ്റൊരാള്‍കൂടി ഗുരുതരാവസ്ഥയിലാണ്. അയാളേയും ഉടന്‍ ആശുപത്രിയിലേയ്ക്കയച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരേയും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കാണ് കൊണ്ടുപോയത്. ഇത്രയുമായപ്പോള്‍ പലഭാഗങ്ങളില്‍ നിന്നുമായി കരയിലൂടെയും ജലമാര്‍ഗ്ഗത്തിലൂടെയും അയച്ച പൊലീസ് സംഘങ്ങള്‍ ഓരോന്നായി കൈനടിയിലെത്തി. അവര്‍ കൂടി എത്തിയതോടെ സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാകാതെ നിയന്ത്രിക്കാം എന്നായി. ആലപ്പുഴയില്‍നിന്ന് ഡി.വൈ.എസ്.പി ചന്ദ്രനും അവിടെയെത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും കുറേപ്പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയവരുടെ ജീവന്‍ രക്ഷിക്കാനാകുമോ എന്ന ആശങ്ക ആ രാത്രി മുഴുവന്‍ നിലനിന്നു. കൈനടിയിലുണ്ടായിരുന്ന പൊലീസുകാരുടെ അങ്ങേയറ്റം ആത്മാര്‍ത്ഥവും സമര്‍ത്ഥവുമായ പ്രവര്‍ത്തനംകൊണ്ടാണ് ആ വലിയ ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കാനായത്. കൂടുതല്‍ പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അവര്‍ മുഖ്യ ആക്രമണത്തിലെ പ്രതികളെപ്പോലും കസ്റ്റഡിയിലെടുത്തിരുന്നു. വളരെ തന്ത്രപൂര്‍വ്വമാണ് അവരത് നിര്‍വ്വഹിച്ചത്. രണ്ടുപേരുടെ ജീവന്‍ അപകടത്തിലായതുകൊണ്ട് എതിരാളികളുടെ പേരില്‍ ഗുരുതരമായ ക്രിമിനല്‍ക്കേസുണ്ടാകും. അതുകൊണ്ട് പ്രതിരോധത്തിനായി പ്രതിഭാഗത്തുള്ളവരുടെ പരാതിയും രേഖപ്പെടുത്തുന്നതായിരിക്കും നല്ലത് എന്നൊക്കെ പറഞ്ഞപ്പോള്‍ അവര്‍ വഴങ്ങി. അങ്ങനെ അക്രമണത്തിലെ മുഖ്യപ്രതികളെ പൊലീസുകാരന്റെ ബൈക്കിന്റെ പുറകില്‍ കയറ്റി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. അന്നു രാത്രി ഡി.വൈ.എസ്.പി ചന്ദ്രനും പൊലീസ് സംഘവും കൈനടിയില്‍ത്തന്നെ ക്യാമ്പ് ചെയ്തു കൂടുതല്‍ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കി. 

അടുത്ത ദിവസം രാവിലെ ഞാന്‍ കൈനടി പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ അഭിമാനം തോന്നി. വെറും സാധാരണക്കാരായ 8-10 പൊലീസുകാരാണ് ഒരു വലിയ പ്രശ്‌നം സമര്‍ത്ഥമായി നിയന്ത്രിച്ചത്. അവരാകട്ടെ, കുഴപ്പക്കാരെന്ന ലേബലില്‍ കൈനടിക്ക് 'നാട് കടത്ത'പ്പെട്ടവരും. പ്രശ്‌നത്തിന്റെ ഗൗരവം വിലയിരുത്തി കൃത്യമായി വയര്‍ലെസ്സിലൂടെ ഉടന്‍ വിവരം അറിയിക്കുന്നതു മുതല്‍ കൂടുതല്‍ പൊലീസും ഉയര്‍ന്ന ഉദ്യോഗസ്ഥരും അവിടെ എത്തുന്നതുവരെയുള്ള സമയം അവര്‍ അതികഠിനമായും സമര്‍ത്ഥമായും പ്രവര്‍ത്തിച്ചതുകൊണ്ടാണ് അക്രമം നിയന്ത്രിക്കാനായത്. അല്ലെങ്കില്‍ അവിടെ വലിയ  ജീവനഷ്ടം തന്നെ സംഭവിക്കാമായിരുന്നു. എവിടെയും സ്ഥലത്തുള്ള   പൊലീസുദ്യോഗസ്ഥന്‍ യഥാസമയം ചുമതലാബോധത്തോടും സമര്‍ത്ഥമായും നടത്തുന്ന പ്രവര്‍ത്തനമാണ് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നത്. അവിടെ വീഴ്ചയുണ്ടായാല്‍ എത്ര ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പിന്നീട് എന്തെല്ലാം ചെയ്താലും പകരമാവില്ല. 

മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ ആ പൊലീസുകാരെല്ലാം ശിക്ഷണനടപടിയുടെ ഭാഗമായി അവിടെ എത്തിയവരാണ്. അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞ അവരെ ഓരോരുത്തരേയും ഞാന്‍ വിളിച്ച് അഭിനന്ദിച്ചു. അവരുടെ 'നാടുകടത്തലും' അതോടെ അവസാനിപ്പിച്ചു. അവര്‍ക്കെല്ലാം അവരുടെ അപേക്ഷ അനുസരിച്ചുള്ള പൊലീസ് സ്റ്റേഷനുകളില്‍ നിയമനം നല്‍കുവാന്‍ ഉത്തരവിട്ടു. 'നാടുകടത്തല്‍' രീതി പിന്നീട് ഞാനൊരിടത്തും പിന്തുടര്‍ന്നിട്ടില്ല.  ഏതെങ്കിലും ഒരു തെറ്റായ പ്രവൃത്തിയെ മാത്രം കേന്ദ്രീകരിച്ച് പൊലീസുദ്യോഗസ്ഥന്റെ വ്യക്തിത്വം വിലയിരുത്തുന്നത്   തെറ്റാണ് എന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. വ്യക്തിപരമായി എനിക്ക് അതൊരു വലിയ പാഠമായിരുന്നു. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com