ഭരണത്തുടര്‍ച്ച പറയുന്നത് മാറുന്ന രാഷ്ട്രീയ ബോധം

1957 മുതല്‍ ഇങ്ങോട്ട് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ ഭരണകാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുകയും അതിനനുസൃതമായി ഭരണം നടത്തുകയുമാണ് ചെയ്യുന്നത്
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അം​ഗങ്ങൾ
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അം​ഗങ്ങൾ

കേരളത്തില്‍ തുടര്‍ഭരണം സംഭവിച്ചത് കേവലം യാദൃച്ഛികമല്ല. അതു കേരളസമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ഫലമാണ്. അതിനു ചരിത്രകാരണങ്ങളുമുണ്ട്. അതിന്റെതന്നെ ഭാഗമായ മികച്ച ഭരണം ഭരണത്തുടര്‍ച്ചയ്ക്കു വെട്ടിത്തിളക്കമേകി.

പിറവികൊള്ളുമ്പോള്‍ ഐക്യകേരളത്തിന്റെ മനസ്സ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനാധിപത്യരീതിയില്‍ അധികാരത്തിലേറ്റാന്‍ പറ്റിയ രാഷ്ട്രീയബോധം ആര്‍ജ്ജിച്ചിരുന്നു എന്നത് ലോകത്തിനുതന്നെ അത്ഭുതമായിരുന്നു. കമ്യൂണിസ്റ്റ് ഭരണം തെരഞ്ഞെടുത്തതിലൂടെ പിറന്നയുടന്‍ ലോകം അറിഞ്ഞ സംസ്ഥാനം! പിന്നീടു പലപ്പോഴും ലോകം ചര്‍ച്ച ചെയ്ത കേരളം എന്ന പേര് ലോകം ആദ്യം അറിയുന്നത് അന്നാണ്.

കേരളം അങ്ങനെ ചിന്തിച്ചതിനു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. തിരുക്കൊച്ചിയും ബ്രിട്ടീഷ് മലബാറും ആയി നിന്ന ഭൂഭാഗത്തെ ഐക്യകേരളം എന്ന ഒറ്റ സംസ്ഥാനമാക്കി ഏകീകരിക്കാന്‍ ശക്തമായ പ്രചാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനവും പ്രക്ഷോഭവും സംഘടിപ്പിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപംകൊണ്ട വിഭാഗം കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റുപക്ഷമായി ഉരുത്തിരിയുന്നതുതന്നെ വികസനം, ഭൂവുടമസ്ഥത, കാര്‍ഷികബന്ധം, തൊഴിലാളിചൂഷണം, ഭരണസമ്പ്രദായം, അധികാര വികേന്ദ്രീകരണം തുടങ്ങിയ ഒട്ടെല്ലാ കാര്യങ്ങളിലും കോണ്‍ഗ്രസ്സില്‍നിന്നു വ്യത്യസ്തമായ കാഴ്ചപ്പാട് വികസിപ്പിച്ചുകൊണ്ട് ആയിരുന്നു. ഇത്തരം കാര്യങ്ങളിലെല്ലാം നിരന്തര പഠനങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളും നടത്തിയാണ് ആ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയത്. അതിന്റെയെല്ലാം ഭാഗമായിരുന്നു മലബാറില്‍ ജന്മി-നാടുവാഴിത്ത-വിദേശക്കോയ്മകള്‍ക്കെതിരേയും തിരുവിതാംകൂറില്‍ രാജഭരണത്തിനും വിഘടനവാദത്തിനും എതിരേയും നടന്ന ഐതിഹാസിക സമരങ്ങള്‍.

ഇതൊക്കെക്കൊണ്ടു കേരളത്തെ കയ്യേല്പിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 1957-ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭയ്ക്കു രൂപം കൊടുത്തപ്പോള്‍ മുന്‍ഗണന നല്‍കിയത് രാഷ്ട്രീയത്തിന് അതീതമായി മികവുറ്റ സ്വതന്ത്രരെക്കൂടി ഉള്‍പ്പെടുത്താനാണ്. വി.ആര്‍. കൃഷ്ണയ്യരെപ്പോലുള്ളവരെ നിയമം പോലുള്ള വകുപ്പുകള്‍ നല്‍കി മന്ത്രിയാക്കുമ്പോള്‍ പാര്‍ട്ടിക്കു മനസ്സിലുണ്ടായിരുന്നത് കാര്‍ഷികബന്ധ-ഭൂപരിഷ്‌കരണ-വിദ്യാഭ്യാസ-അധികാര വികേന്ദ്രീകരണ മേഖലകളിലൊക്ക നടത്താനുദ്ദേശിച്ച നിയമനിര്‍മ്മാണങ്ങള്‍ ആയിരുന്നു. ഇതു വ്യക്തമാക്കുന്നത്, കേരളത്തെ എങ്ങനെ രൂപപ്പെടുത്തണം എന്നതില്‍ സുവ്യക്തമായ കാഴ്ചപ്പാട് അന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നു എന്നതാണ്.

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇഎംഎസ് എത്തുന്നു
കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇഎംഎസ് എത്തുന്നു

കേരളത്തെ ചതിച്ച വിമോചനസമരം
 
ചിരസ്ഥായിയായ വലിയ മാറ്റങ്ങളിലൂടെ ആധുനിക കേരളത്തെ പുതുക്കിപ്പണിയാന്‍ ഉദ്ദേശിച്ച് ഒന്നാം ഇ.എം.എസ് മന്ത്രിസഭ തുടങ്ങിവച്ച ഭൂപരിഷ്‌കരണം, കുടികിടപ്പവകാശം, വിദ്യാഭ്യാസ പരിഷ്‌കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു ദൗര്‍ഭാഗ്യവശാല്‍ തുടര്‍ച്ചയുണ്ടായില്ല.

കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും അശ്ലീലം എന്നു വിശേഷിപ്പിക്കപ്പെടുന്ന വിമോചനസമരത്താല്‍ ഭരണത്തിന് അകാലാന്ത്യം ഉണ്ടായതാണ് കേരളത്തിന്റെ പില്‍ക്കാല സാദ്ധ്യതകളെ ഗുരുതരമായി ബാധിച്ചത്. 

കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടു എന്നതു മാത്രമല്ല വിമോചനസമരത്തിലൂടെ ഉണ്ടായത്. കമ്യൂണിസ്റ്റുകാര്‍ ദൈവനിഷേധികളും മതവിരുദ്ധരുമാണെന്നും അവര്‍ 'സെല്‍ ഭരണം' എന്ന പാര്‍ട്ടിഭരണമാണ് നടത്തുന്നതെന്നുമൊക്കെയുള്ള പ്രചാരണത്തിലൂടെ അതിശക്തമായ കമ്യൂണിസ്റ്റ് വിരുദ്ധ മനോഭാവം കേരള സമൂഹത്തില്‍ സൃഷ്ടിച്ചു. 

മതജാതിസംഘടനകളുടെ ഐക്യവും രാഷ്ട്രീയത്തില്‍ അവയുടെ ഇടപെടലിനുള്ള അവിഹിത സ്വാധീനവും ഉണ്ടായി എന്നതാണ് വിമോചനസമരത്തിന്റെ മറ്റൊരു ദുരന്തഫലം. രാഷ്ട്രീയപ്രബുദ്ധമായി വികസിക്കേണ്ടിയിരുന്ന കേരളസമൂഹത്തെ ജാതിമതങ്ങളുടെ അടിസ്ഥാനത്തില്‍ ശിഥിലീകരിച്ചു ധ്രുവീകരിക്കുന്നതിലേക്ക് അതു നയിച്ചു.

പരിധിക്കുമേല്‍ ഭൂമിയുള്ളവരില്‍നിന്ന് അതു പിടിച്ചെടുത്ത് ഭൂമിയില്ലാത്ത ജനലക്ഷങ്ങള്‍ക്കു നല്‍കാനും അവരെ കുടിപാര്‍പ്പിക്കാനും കുടിയൊഴിപ്പിക്കല്‍ തടയാനും നിരന്തര ചൂഷണത്തിന് ഇരയായിക്കൊണ്ടിരുന്ന ആയിരക്കണക്കിനു സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകര്‍ക്കു മെച്ചപ്പെട്ട ശമ്പളം ഉറപ്പാക്കാനുമൊക്കെ നടപടിയും നിയമവും കൊണ്ടുവരാന്‍ തയ്യാറായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ആ വിഭാഗങ്ങളിലെ നല്ലൊരു പങ്കിനെയടക്കം തിരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ എടുത്തുപറയേണ്ട ഒരു വിപത്ത്.

സി അച്യുത മേനോൻ
സി അച്യുത മേനോൻ

അനിശ്ചിതത്വത്തിന്റെ ദുരന്തം 

ഇവയ്ക്കു പുറമെ, കേരളഭരണത്തെ നീണ്ടകാലത്തെ അസ്ഥിരതയിലേക്കു നയിച്ചു എന്നതാണ് വിമോചനസമരത്തിന്റെ മറ്റൊരു പ്രത്യാഘാതം. അടിയന്തരാവസ്ഥയുടെ കൂടി പശ്ചാത്തലത്തില്‍ ആറുകൊല്ലം അഞ്ചുമാസം 21 ദിവസം നീണ്ട, കോണ്‍ഗ്രസ് പിന്തുണയോടെയുള്ള അച്യുതമേനോന്‍ മന്ത്രിസഭ മാത്രമാണ് കാലാവധി പൂര്‍ത്തിയാക്കിയ 1882-ലെ കരുണാകരന്‍ മന്ത്രിസഭയ്ക്കു മുന്‍പു കാലാവധി തികച്ച ഏക മന്ത്രിസഭ. ആ 25 കൊല്ലത്തിനിടെ നാലു തവണ രാഷ്ട്രപതിഭരണവും 12 മന്ത്രിസഭകളും ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളും ആറു നിയമസഭകളും കേരളത്തില്‍ ഉണ്ടായി!

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നാലു കൊല്ലം രണ്ടുമാസം 22 ദിവസം ഭരിച്ച 1987-ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയ്ക്കു മുന്‍പ് 57-ലെ ഇ.എം.എസ് മന്ത്രിസഭ രണ്ടുകൊല്ലവും നാലുമാസവും 1967-ലെ ഇ.എം.എസ് മന്ത്രിസഭ രണ്ടു കൊല്ലവും എട്ടുമാസവും 1980-ലെ ഇ.കെ. നായനാര്‍ മന്ത്രിസഭ ഒരുകൊല്ലം എട്ട് മാസവും തികച്ചു ഭരിച്ചില്ല. ഇതില്‍ 1967-ലെ മന്ത്രിസഭയെ ഘടക കക്ഷികള്‍തന്നെ സി.പി.ഐ.എമ്മിനെ ഒറ്റപ്പെടുത്തി കുറുമുന്നണി ഉണ്ടാക്കി അട്ടിമറിച്ചതിനാല്‍ 1957-ല്‍ തുടങ്ങിവച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള മതിയായ സമയവും സ്വസ്ഥതയും ലഭിച്ചില്ല. 

കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഭരിച്ച അച്യുതമേനോന്‍ മന്ത്രിസഭ അവയില്‍ ചില നിയമങ്ങള്‍ നടപ്പാക്കിയെങ്കിലും അവയുടെ അന്തസ്സത്ത ചോര്‍ന്നുപോയെന്നു പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1964-ലെ പിളര്‍പ്പിനെത്തുടര്‍ന്ന് വലതു കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് അറിയപ്പെട്ട സി.പി.ഐ., കോണ്‍ഗ്രസ് പിന്തുണയോടെ ഭരിക്കവെ ഇവ നടപ്പാക്കിയതിനെ വിലയിരുത്തി ചരിത്രകാരന്‍ ഡോ. മൈക്കിള്‍ തരകന്‍ പറഞ്ഞിട്ടുള്ളത് ''അത്രയെങ്കിലും നടപ്പായത് അച്യുതമേനോന്‍ അത് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനായതുകൊണ്ടും എ.കെ. ഗോപാലന്‍ പുറത്തുനിന്നു സമരം ചെയ്തതുകൊണ്ടുമാണ്'' എന്നാണ്. ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെടാന്‍ കാരണം അതിന്റെ ഉപജ്ഞാതാക്കള്‍ക്ക് അത് നടപ്പാക്കാന്‍ അവസരമുണ്ടാകാത്തതാണെന്നും മൈക്കിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിന്നീട് ഇടതു മന്ത്രിസഭ വന്നത് 1980-ലാണ്. ആ നായനാര്‍ മന്ത്രിസഭയും നിലനിന്നത് ഒരുകൊല്ലവും ഒന്‍പത് മാസവും മാത്രം. ഇന്ദിരാഗാന്ധിയോടു കലഹിച്ചു പിളര്‍ന്ന എ.കെ. ആന്റണിയുടെ കോണ്‍ഗ്രസ് എസും കേരള കോണ്‍ഗ്രസ് മാണിയും പിന്തുണ പിന്‍വലിച്ചതിനാല്‍ രാജിവച്ച ആ മന്ത്രിസഭയ്ക്കും ഇടതുപക്ഷ വികസന അജന്‍ഡ അനുസരിച്ചു കാര്യമായൊന്നും ചെയ്യാന്‍ സാവകാശം ലഭിച്ചില്ല. 1980-ലേതടക്കം 1957-നും 1987-നും ഇടയിലെ 30 കൊല്ലത്തില്‍ ഇടതുഭരണം ഉണ്ടായത് വെറും ആറുകൊല്ലവും എട്ടുമാസവും!

ഇകെ നായനാർ
ഇകെ നായനാർ

ഭരണമാറ്റത്തിന്റെ യുഗം
 
1987 മാര്‍ച്ച് 26-ല്‍ നിലവില്‍വന്ന നായനാര്‍ മന്ത്രിസഭയാണ് നാലു കൊല്ലവും രണ്ടര മാസവും നീണ്ട ഇടതുപക്ഷ ഭരണം. അന്നുമുതലാണ് ഒന്നിടവിട്ട എല്‍.ഡി.എഫ് - യു.ഡി.എഫ് ഭരണം എന്ന നില വരുന്നത്. ആ മന്ത്രിസഭയാണ് സമ്പൂര്‍ണ്ണ സാക്ഷരതായജ്ഞം സംഘടിപ്പിച്ചത്. 1959-ല്‍ ഇ.എം.എസ് കൊണ്ടുവന്ന ജില്ലാ കാണ്‍സില്‍ ബില്ലില്‍നിന്നു വ്യത്യാസങ്ങള്‍ ഉള്ളതാണെങ്കിലും അധികാരവികേന്ദ്രീകരണ ചരിത്രത്തിലെ സുവര്‍ണ്ണാദ്ധ്യായമായ ജില്ലാ കൗണ്‍സില്‍ നിയമവും ജില്ലാ കൗണ്‍സിലുകളും കൊണ്ടുവന്നതും ആ മന്ത്രിസഭയാണ്.

അന്നുമുതലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി താരതമ്യേന സുസ്ഥിരഘടന ആര്‍ജ്ജിക്കുന്നത്. ഒന്നിടവിട്ടുള്ള ഇടതു-വലതു ഭരണങ്ങള്‍ എന്ന സാഹചര്യത്തിലേക്ക് കേരള രാഷ്ട്രീയം മാറുന്നതും അന്നുമുതലാണ്. എന്നാല്‍, അതുവരെ നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു സുസ്ഥിരമായ ഭരണത്തിന് അവസരം ലഭിക്കാതിരുന്നതും ഭരണം നേടാനുള്ള ആലോചനകള്‍ക്ക് ഏറെ സമയവും ചിന്തയും വിനിയോഗിക്കേണ്ടിവന്നതും ഒക്കെ 1957-ലെ തുടക്കങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞില്ല. 

''ഫ്യൂഡലിസത്തില്‍നിന്നു മോചനം നേടിയ കേരളജനതയുടെ സര്‍വ്വതോമുഖമായ പുരോഗതിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്കു കഴിഞ്ഞില്ല'' എന്നാണ് അതുവരെയുള്ള രാഷ്ട്രീയ സാഹചര്യത്തെപ്പറ്റി ഇ.എം.എസ് പറഞ്ഞത്. 1994-ല്‍ '38 വര്‍ഷത്തിനുശേഷം കേരളം എങ്ങോട്ട്' എന്ന ലേഖനത്തിലെ ''കേരളം രൂപംകൊള്ളുന്നതിനു മുന്‍പ്, ഈ സംസ്ഥാനം ഏതു വഴിയിലൂടെ മുന്നേറണമെന്ന കാഴ്ചപ്പാടുള്ള ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടിയേ സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ - അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി'' എന്ന ഇ.എം.എസ്സിന്റെ പ്രസ്താവം ഇവിടെ ചേര്‍ത്തുവയ്ക്കണം.

1996-ലെ പത്താം നിയമസഭയില്‍ ഭൂരിപക്ഷം കിട്ടും എന്ന സാദ്ധ്യത തെളിയുന്നതോടെയാണ് കേരള വികസനത്തെപ്പറ്റി സി.പി.ഐ(എം) ഗവേഷണപഠനങ്ങള്‍ വിപുലമായി ആരംഭിക്കുന്നത്. അതിന്റെ തുടക്കമായിരുന്നു 1994-ലെ ഒന്നാം അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ്. 1996-ലെ നായനാര്‍ മന്ത്രിസഭ നടപ്പാക്കിയ ജനകീയാസൂത്രണം 1994-ലെ പഠനകോണ്‍ഗ്രസ്സിന്റെ സൃഷ്ടിയായിരുന്നു.

വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻ

2006-ലെ വി.എസ്. മന്ത്രിസഭയ്ക്കു മുന്നോടിയായും അന്താരാഷ്ട്ര പഠനകോണ്‍ഗ്രസ് നടത്തി. അതിലെ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ജനകീയാസൂത്രണത്തെ വ്യവസ്ഥാപിതമാക്കുന്ന പ്രവര്‍ത്തനങ്ങളും ആ സര്‍ക്കാര്‍ കൈക്കൊണ്ടു. 1996-ലെ മന്ത്രിസഭ സൃഷ്ടിച്ചതുപോലെ തുടര്‍ഭരണ പ്രതീക്ഷ ആ സര്‍ക്കാരും ഉണര്‍ത്തിയെങ്കിലും 2011-ലെ തെരഞ്ഞെടുപ്പില്‍ നാലു സീറ്റിന്റെ കുറവില്‍ അതു യാഥാര്‍ത്ഥ്യമായില്ല. അന്ന് 67 സീറ്റാണ് എല്‍.ഡി.എഫിനു കിട്ടിയത്.

2016-ലെ പിണറായി വിജയന്‍ സര്‍ക്കാര്‍ നിലവില്‍വരും മുന്‍പും പഠനകോണ്‍ഗ്രസ് സംഘടിപ്പിച്ചു. അതിന്റെകൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രകടനപത്രികയാണ് ആ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ചത്. അതിലെ വാഗ്ദാനങ്ങളാണ് നവകേരളത്തിനുള്ള മിഷനുകളായും മറ്റു പ്രവര്‍ത്തനങ്ങളായും നടപ്പാക്കിയത്. അക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വര്‍ഷംതോറും പ്രോഗ്രസ് റിപ്പോര്‍ട്ടും പുറത്തിറക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ പഠനകോണ്‍ഗ്രസ് സംഘടിപ്പിക്കാനായില്ലെങ്കിലും വിപുലമായ അഭിപ്രായസമാഹരണം നടത്തിയാണ് ഇത്തവണയും പ്രകടനപത്രിക തയ്യാറാക്കി തെരഞ്ഞെടുപ്പിനെ എല്‍.ഡി.എഫ് നേരിട്ടത്.

പിണറായി വിജയൻ
പിണറായി വിജയൻ

മാറ്റത്തുടക്കം പഠനത്തുടര്‍ച്ച 

ഇത്രയും പറഞ്ഞത്, ആധുനിക കേരളത്തെ വാര്‍ത്തെടുക്കുന്നതില്‍ വ്യക്തമായ കാഴ്ചപ്പാടും ഫലപ്രദമായ പരിപാടിയും അവ ആവിഷ്‌കരിക്കാനുള്ള പഠനവുമെല്ലാം ഉള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അവര്‍ നയിക്കുന്ന എല്‍.ഡി.എഫിനുമാണ് എന്ന കാര്യം ചൂണ്ടിക്കാട്ടാനാണ്. ഭൂപരിഷ്‌കരണവും തൊഴിലാളി ക്ഷേമവും മിനിമം വേതനവും വിപുലമായ ആരോഗ്യ, വിദ്യാഭ്യാസ സംവിധാനങ്ങളും അധികാര വികേന്ദ്രീകരണവും ഉള്‍പ്പെടെയുള്ള ലക്ഷ്യബോധത്തോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് ലോകം വാഴ്ത്തുന്ന 'കേരള മോഡല്‍ വികസനം' എന്ന വിസ്മയം സാദ്ധ്യമാക്കിയത്. കേരളത്തിന്റെ വികസനത്തിലും ജനക്ഷേമത്തിലും അധികാര വികേന്ദ്രീകരണം പോലുള്ള കാര്യങ്ങളിലും ഇടതുപക്ഷത്തിനുള്ള സവിശേഷ താല്പര്യം സമൂഹം തിരിച്ചറിഞ്ഞു. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ സവിശേഷത ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ കേരള സമൂഹത്തിന്റെ ആ പാര്‍ട്ടിയോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതുകൂടി സംഗ്രഹിച്ചു പറയാം.

1987-നു മുന്‍പുള്ള സാഹചര്യത്തില്‍നിന്നു വ്യത്യസ്തമായി ഒന്നിടവിട്ട് ഇടതു-വലതു ഭരണങ്ങള്‍ വന്നത് ജനങ്ങള്‍ക്കു രണ്ടിനേയും താരതമ്യം ചെയ്യാന്‍ അവസരമൊരുക്കി.

വിമോചനസമരത്തിലൂടെ സൃഷ്ടിക്കപ്പെട്ട കമ്യൂണിസ്റ്റ് വിരോധവും ചുവപ്പിനോടും അരിവാളിനോടുമുള്ള അലര്‍ജിയും കുറഞ്ഞുവന്നു. കമ്യൂണിസ്റ്റ്വിരുദ്ധ മനോഭാവം എന്നത് വളരെ യാഥാസ്ഥിതികരായ ചിലരിലും ചില വിഭാഗങ്ങളിലുമായി ചുരുങ്ങി. വിമോചന സമരകാലത്തു ജീവിച്ചവരും കമ്യൂണിസ്റ്റ് വിരോധം പകര്‍ന്നുകിട്ടിയ അടുത്ത തലമുറയും കാലയവനികയിലേക്കു മറഞ്ഞുകൊണ്ടിരിക്കെ പുതിയ തലമുറ അവയില്‍നിന്നെല്ലാം മുക്തരാകുകയും സ്വതന്ത്രമായി രാഷ്ട്രീയത്തെ വിലയിരുത്താന്‍ തയ്യാറാകുകയും ചെയ്യുന്നതാണ് കാണുന്നത്. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും സ്വീകരിച്ച നയസമീപനങ്ങള്‍ നിര്‍ണ്ണായക വിഭാഗമായ ഇടത്തരക്കാരുടെ പിന്തുണകൂടി ആര്‍ജ്ജിക്കാനും ഇക്കാലയളവില്‍ അവരെ സഹായിച്ചു. അതോടൊപ്പം വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ മാതൃകാപ്രവര്‍ത്തനം ആ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതാണ് ഇന്നു കാണുന്ന പ്രവണത. ഈ മൂന്നു പതിറ്റാണ്ടിലെ ഐ.റ്റി.സി, പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍ അടക്കമുള്ള കലാലയങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഇതിന്റെ സാക്ഷ്യമാണ്. (ഗവേഷണകുതുകികളായ ആരെങ്കിലും ആ തെരഞ്ഞെടുപ്പുകളിലെ വോട്ടിന്റേയും സീറ്റിന്റേയും കണക്കു ശേഖരിച്ചു വിശകലനം ചെയ്യുന്നതു നന്നായിരിക്കും.) സമീപകാലത്തു സമൂഹമാദ്ധ്യമങ്ങളില്‍ കാണുന്ന പുരോഗമന-ഇടതുപക്ഷ ആശയങ്ങളുടെ മുന്നേറ്റവും ഇതിന്റെ തെളിവാണ്.

ഈ സാഹചര്യങ്ങള്‍ക്കൊപ്പം ഇക്കാലത്തു ശക്തിപ്പെട്ട ഭൂരിപക്ഷ വര്‍ഗ്ഗീയതയും അതിനെതിരെ കോണ്‍ഗ്രസ്സും എല്‍.ഡി.എഫും എടുത്ത നിലപാടുകളും ന്യൂനപക്ഷ വിഭാഗങ്ങളെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചു.

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് കേരളം ഇടതുപക്ഷത്തേക്കു മാറുന്നു എന്നതാണ്. 1957-ലെ ചരിത്രവിജയത്തിനുശേഷം ദീര്‍ഘകാലം ഭരണത്തില്‍നിന്ന് അകന്നുനില്‍ക്കേണ്ടി വന്ന ആദ്യഘട്ടവും മാറിമാറി അധികാരത്തിലെത്തുന്ന രണ്ടാം ഘട്ടവും കഴിഞ്ഞ് തുടര്‍ച്ചയായി ഭരിക്കുക എന്ന പുതിയ ഘട്ടത്തിലേക്ക് ഇടതുപക്ഷം മാറിയിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്.

എകെജി പഠന ഗവേഷണ കേന്ദ്രം നടത്തിയ കേരള പഠന കോണ്‍ഗ്രസ് കേരളത്തിലെ ബൗദ്ധിക രംഗത്ത് വലിയ സംഭവമായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കേണ്ട അതിഥികളെക്കാത്ത് പഠന ഗവേഷണ കേന്ദ്രം ഡയറക്ടറായ ഇഎംഎസ്/ ഫോട്ടോ കടപ്പാട്: ദേശാഭിമാനി
എകെജി പഠന ഗവേഷണ കേന്ദ്രം നടത്തിയ കേരള പഠന കോണ്‍ഗ്രസ് കേരളത്തിലെ ബൗദ്ധിക രംഗത്ത് വലിയ സംഭവമായിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കേണ്ട അതിഥികളെക്കാത്ത് പഠന ഗവേഷണ കേന്ദ്രം ഡയറക്ടറായ ഇഎംഎസ്/ ഫോട്ടോ കടപ്പാട്: ദേശാഭിമാനി

ഭരണമികവിന്റെ ഇടതുപക്ഷം 

ഈ രാഷ്ട്രീയ മാറ്റത്തിനൊപ്പം ഭരണത്തുടര്‍ച്ചയിലേക്കു നയിച്ച വേറെയും സുപ്രധാന ഘടകങ്ങളുണ്ട്. പിണറായി വിജയന്റെ ഭരണമികവാണ് അതില്‍ ഒന്നാമത്തേത്. എല്ലാ ജനവിഭാഗങ്ങളുടേയും ക്ഷേമം ഉറപ്പാക്കിയും യുവാക്കള്‍ക്കു വന്‍തോതില്‍ തൊഴില്‍ ലഭ്യമാക്കാന്‍ ഉതകുന്ന പദ്ധതികളും അടിസ്ഥാന സൗകര്യവികസനവും ആവിഷ്‌കരിച്ചു നടപ്പാക്കിയും അസാദ്ധ്യമെന്നു വിധിയെഴുതിയിരുന്ന വികസനപദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കിയുമൊക്കെ മുന്നേറിയ ഭരണം കേരളത്തിന്റെ ഇടത്തേക്കുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. പിണറായിയുടെ ഭരണമികവ് വ്യക്തമായി മനസ്സിലാക്കാന്‍ അടിക്കടിവന്ന പ്രതിസന്ധിഘട്ടങ്ങളും ജനങ്ങള്‍ക്ക് അവസരമായി.

ഭരണം എന്നത് കെടുകാര്യസ്ഥതയും അഴിമതിയുമൊക്കെയായി അനുഭവിച്ചിരുന്ന ജനങ്ങള്‍ വ്യത്യസ്തമായി കാര്യക്ഷമതയും കാഴ്ചപ്പാടുമുള്ള ഭരണം ഇടതുപക്ഷത്തിനാണ് സാദ്ധ്യമാകുക എന്നു മനസ്സിലാക്കി. പൊതുവിലും പ്രളയം, പകര്‍ച്ചവ്യാധി തുടങ്ങിയവയുടെ ഘട്ടത്തില്‍ വിശേഷിച്ചും സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളില്‍ രാഷ്ട്രീയത്തിനതീതമായി സര്‍ക്കാരിനോട് അനുഭാവം വളര്‍ത്തി.

പ്രതിപക്ഷം നടത്തിയ ശബരിമലപ്രക്ഷോഭം അടക്കമുള്ള കാര്യങ്ങളും അവരുയര്‍ത്തിയ വിമര്‍ശങ്ങളും വിവാദങ്ങളും അതതു സമയത്ത് ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും അവയൊക്കെ വീണ്ടുവിചാരത്തില്‍ ജനങ്ങള്‍ തള്ളിക്കളയുന്ന നിലയുണ്ടായി. പൊതുവില്‍ പ്രതിപക്ഷങ്ങള്‍ കഴിവുകെട്ട നേതൃത്വങ്ങള്‍കൊണ്ടു സ്വയം പരാജയപ്പെട്ടു.

ഇതെല്ലാംകൂടി സൃഷ്ടിച്ച, ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വ്വമായ 'ഭരണവിരുദ്ധവികാരം ഇല്ലായ്മ'യും തുടര്‍ഭരണം ഉണ്ടാകും എന്ന ധാരണയും ജനങ്ങളില്‍ മനോഭാവമാറ്റം ശക്തിപ്പെടുത്തി.

വിമോചനസമരത്തിനു സമാനമായ വര്‍ഗ്ഗീയ-വലതുരാഷ്ട്രീയ-മാദ്ധ്യമ കൂട്ടുചേരലും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന ചിന്ത തൊഴിലാളികളും അധഃസ്ഥിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും അടക്കമുള്ള വിഭാഗങ്ങളില്‍ വളര്‍ന്നതടക്കം ഒട്ടനവധി താല്‍ക്കാലിക ഘടകങ്ങളും ഈ വിജയത്തിന് ആക്കം കൂട്ടി. 

ഇതെല്ലാമുള്ളപ്പോഴും കേരളസമൂഹം ഇടതുപക്ഷാനുകൂലമായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ കാണുന്ന ഏറ്റവും പ്രധാനമായ കാര്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com