'പുസ്തകം കത്തിക്കുന്നവര്‍ മനുഷ്യനേയും കത്തിക്കും'

അറിവ് അധികാരത്തെ ഉലയ്ക്കുന്നു എന്നത് ഒരു പഴയ ചൊല്ലാണ്. അതാണ് ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും മൗലികമായ സമസ്യയും. സ്വാഭാവികമായും അവ അറിവിനു നേരെ തിരിയുന്നു
'പുസ്തകം കത്തിക്കുന്നവര്‍ മനുഷ്യനേയും കത്തിക്കും'

നാധിപത്യം വാക്കുകളുടെ ഉത്സവമാണ്. ഇതു പറഞ്ഞത് മറ്റാരുമല്ല, പ്രശസ്ത അമേരിക്കന്‍ കവിയും എഴുത്തുകാരനുമായ വാള്‍ട്ട് വിറ്റ്മാനാണ് (Walt Whitman). എഴുത്തിലൂടെയും സംഭാഷണങ്ങളിലൂടെയും അവ പൂത്ത് ഉലയുന്നു. കഥയും കവിതയും ഗദ്യവും സംവാദവും വിമര്‍ശനവുമൊക്കെ അവയുടെ രൂപാന്തരങ്ങളാണ്. അധികാരിവര്‍ഗ്ഗത്തോട് സത്യം വിളിച്ചുപറയാനും അവരോട് സന്ധിചെയ്യാനും വാക്കുകള്‍ക്ക് കഴിയുന്നു. ആദിയില്‍ വചനമുണ്ടായെന്നും അതിനുശേഷം മൗനമുണ്ടായെന്നും ഫ്രെഞ്ച് ദാര്‍ശനികന്‍ ജീന്‍ ബോദ്രിയാഡ് (Jean Baudrillard) പറഞ്ഞത് അധികാരവര്‍ഗ്ഗവുമായുള്ള എഴുത്തുകാരന്റെ ഈ ബന്ധത്തെ - പിണക്കത്തേയും ഇണക്കത്തേയും - സൂചിപ്പിക്കാനാണ്. വാക്കുകള്‍ സംസ്‌കാരത്തിന്റേയും നാഗരികതയുടേയും അടയാളവുമാണ്. വായിക്കുന്ന മനുഷ്യനാണ് രണ്ടിന്റേയും ആണിക്കല്ല്.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഭരണകൂടങ്ങള്‍ എക്കാലവും പ്രോത്സാഹിപ്പിക്കുന്നത് വായിക്കുന്ന മനുഷ്യനെയല്ല, വായിക്കാത്ത മനുഷ്യനെയാണ്. കാരണം പുസ്തകങ്ങള്‍ - അപവാദം മാറ്റിനിര്‍ത്തിയാല്‍ - കൈകാര്യം ചെയ്യുന്നത് അധികാരത്തിന്റെ പ്രശ്നങ്ങളാണ്. അധികാരത്തിനു വെളിയിലുള്ള ആശയങ്ങള്‍ അവ മനുഷ്യരില്‍ എത്തിക്കുന്നു. അവരെ ചോദ്യങ്ങള്‍ ചോദിക്കാന്‍  അറിവുള്ളവരാക്കുന്നു. ആദിമനുഷ്യനായ ആദാമിന്റെ പാപം അയാള്‍ അറിവിന്റെ ഫലം ഭക്ഷിച്ചതാണെന്ന കാര്യം ഓര്‍ക്കുക. അറിവ് അധികാരത്തെ ഉലയ്ക്കുന്നു എന്നത് ഒരു പഴയ ചൊല്ലാണ്. അതാണ് ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും മൗലികമായ സമസ്യയും. സ്വാഭാവികമായും അവ അറിവിനു നേരെ തിരിയുന്നു. പല രീതികളാണ് ഇതിനായി അവലംബിക്കുന്നത്. പുസ്തകങ്ങളെ കത്തിക്കുന്നു, അവയെ നിരോധിക്കുന്നു, എഴുത്തുകാരേയും കലാകാരന്മാരേയും വകവരുത്തുന്നു, കരുതല്‍ തുറങ്കലില്‍ അടയ്ക്കുന്നു, വിദ്യാഭ്യാസത്തിനുള്ള അവസരം പരിമിതപ്പെടുത്തുന്നു. മേയ് 10 ഇത്തരമൊരു ഓര്‍മ്മപ്പെടുത്തലിനെ കുറിക്കുന്നതാണ്- നാസി ജര്‍മനിയില്‍ പുസ്തകങ്ങള്‍ കൂട്ടത്തോടെ അഗ്‌നിക്ക് ഇരയാക്കിയ ദിനം. മേയ് പത്തുകള്‍ പലവിധത്തില്‍ ഇപ്പോഴും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് പുസ്തകങ്ങളെ മുന്‍കാല ഭരണകൂടങ്ങളെപ്പോലെ വര്‍ത്തമാനകാല ഭരണകൂടങ്ങളും എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ്.

മേയ് 10, 1933: അഗ്‌നിസാക്ഷി

നാസി ജര്‍മനിയില്‍ പുസ്തകം തീയിടുന്ന ഏര്‍പ്പാട് ആരംഭിച്ചത് 1933 മേയ് പത്തിനാണ്. ഇതിന് തെരത്തെടുത്ത നഗരം ബെര്‍ലിനും.  വലിയൊരു തടിക്കൂടാരത്തില്‍ ഏതാണ്ട് ഇരുപത്തയ്യായിരത്തോളം പുസ്തകങ്ങള്‍ നിറച്ച്  അഗ്‌നിക്കിരയാക്കി എന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ത്തുവിളിച്ച ഒരു വലിയ ജനസഞ്ചയത്തെ (ഉദ്ദേശ്യം ഒരു ലക്ഷം പേര്‍ വരുമെന്ന് കണക്കാക്കപ്പെടുന്നു) സാക്ഷിനിര്‍ത്തി നടത്തിയ ഈ നൃശംസകൃത്യം ഉദ്ഘാടനം ചെയ്തത് അഡോള്‍ഫ് ഹിറ്റ്ലറുടെ പബ്ലിക്ക് റിലേഷന്‍സ് മന്ത്രി  ജോസഫ് ഗീബല്‍സായിരുന്നു എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ''ഭൂതകാലത്തിന്റെ മാലിന്യത്തെ അഗ്‌നിയിലേക്ക് വലിച്ചെറിയുക വഴി നിങ്ങള്‍ ഈ രാവില്‍ ഒരു സദ്കര്‍മ്മത്തിന് തുടക്കം കുറിച്ചിരിക്കുന്നു. പഴയകാലത്തിന്റെ ചിത കത്തിയമരുന്നു. അതില്‍നിന്ന് പുതിയ യുഗപ്പിറവിയുടെ ഫീനിക്സ് പക്ഷി പറന്നുയരാന്‍ തുടങ്ങുന്നു'', ഇങ്ങനെ പോയി  അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം. 

1933 മെയ് പത്തിന് നാസി ജര്‍മ്മനിയില്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നു
1933 മെയ് പത്തിന് നാസി ജര്‍മ്മനിയില്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നു

മനുഷ്യനെ പച്ചയ്ക്കു ചുട്ടുകൊല്ലുന്ന ആവേശത്തോടെ കാണികളും തങ്ങളുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങള്‍ അഗ്‌നികുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു. ആള്‍ക്കൂട്ടത്തിന്റെ ഈ പ്രവൃത്തിയെ ഗൊഥെ കൊലപാതകത്തോടാണ് ഉപമിച്ചത്. ''അചേതനമായ വസ്തുക്കളെ ഈവിധം ശിക്ഷിക്കുന്നത് കാണുന്നതുതന്നെ മഹാദുരന്തമാണെന്ന്'' അദ്ദേഹം കരുതി. സിഗ്മണ്ട് ഫ്രോയിഡ്, എച്ച്.ജി. വെല്‍സ്, തോമസ് മന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, എമിലി സോള, ഏണസ്റ്റ് ഹെമിംഗ്വെ, മാര്‍സല്‍ പ്രൂസ്റ്റ്, കാള്‍ മാര്‍ക്സ്, ജോണ്‍ സ്റ്റായിന്‍ബെക്ക് (John Steinbeck), ഹൈന്റിക്ക് ഹൈനെ (Heinrich Heine), ജാക്ക് ലണ്ടന്‍, ബെര്‍റ്റോള്‍റ്റ് ബ്രഹത്ത് (Bertolt Brecht)  തുടങ്ങിയ അനേകം വിശ്വപ്രസിദ്ധ എഴുത്തുകാരുടെ/ശാസ്ത്രജ്ഞരുടെ കൃതികള്‍ അഗ്‌നിക്ക് ഇരയാക്കപ്പെട്ട പുസ്തകങ്ങളില്‍പ്പെടുന്നു. ഗീബല്‍സിന്റെ ഉദ്ഘാടന പ്രസംഗവും  ആള്‍ക്കൂട്ടത്തിന്റെ ആരവവും പുസ്തകദഹനത്തെ കര്‍മ്മാനുഷ്ഠാന പ്രധാനമായൊരു ചടങ്ങാക്കി മാറ്റി എന്ന് ദൃക്സാക്ഷികള്‍ വിവരിക്കുന്നു. ഇതിലൂടെ ചരിത്രത്തിന്റേയും  ഭൂതകാലത്തിന്റേയും ഉദകക്രിയയ്ക്കാണ് നാസികള്‍ തുടക്കം കുറിച്ചത്.

ചരിത്രം 

പുസ്തകം കത്തിക്കല്‍ നാസികാലത്ത് തുടങ്ങിയെന്നല്ല ഇതിനര്‍ത്ഥം. പുസ്തകത്തോളം തന്നെ പഴക്കമുണ്ട് അതിന്റെ കത്തിക്കലിനും. ഭരണകൂടം മാത്രമല്ല, സംഘടിത മതങ്ങളും ഇതിലെ പങ്കാളികളാണ്. 213 ബി.സിയില്‍ തന്റെ രാജ്യത്തെ മുഴുവന്‍ പുസ്തകങ്ങളും തീ ഇടാന്‍ ചൈനീസ് ചക്രവര്‍ത്തി ഷീ ഹുയാങ് സി ആജ്ഞാപിച്ചത് ഇതിന്റെ ആദ്യകാല ഉദാഹരണങ്ങളില്‍ ഒന്നു മാത്രം. 168 ബി.സിയില്‍ ജെറുസലേമിലെ ജൂത ഗ്രന്ഥശാലയെ വെണ്ണീറാക്കിയതും 303 എ.ഡി യില്‍ ക്രിസ്തുമത ഗ്രന്ഥങ്ങള്‍ റോമാ ചക്രവര്‍ത്തി ഡയക്ലീഷന്‍ ചാമ്പലാക്കിയതും ഈ രംഗത്തെ മറ്റു ചില സുപ്രധാന നീക്കങ്ങളാണ്. 624-ല്‍ അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല തീയിടുന്നതിന് കാലിഫ് ഒമര്‍ മുന്നോട്ടുവച്ച യുക്തി രസകരമാണ്. ''ഗ്രന്ഥപ്പുരയിലെ പുസ്തകങ്ങള്‍ ദൈവത്തിന്റെ പുസ്തകവുമായി യോജിക്കുന്ന പക്ഷം അവയുടെ ആവശ്യമില്ല; ഇനി അതുമായി ചേര്‍ന്നു പോകുന്നില്ലെങ്കില്‍, അവ ആശാസ്യകരവുമല്ല. അതുകൊണ്ടുതന്നെ അവയെ നശിപ്പിക്കേണ്ടത് ആവശ്യമാണ്.''

പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഈ തന്ത്രം യൂറോപ്യന്‍ നാടുകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. നവീകരണ പ്രസ്ഥാനത്തിന്റെ (Reformation) വക്താക്കളുടെ പുസ്തകങ്ങളായിരുന്നു പ്രധാന ഇരകള്‍, പ്രത്യേകിച്ച് മാര്‍ട്ടിന്‍ ലൂതറിനെ പോലുള്ളവരുടെ കൃതികള്‍. പുസ്തകങ്ങള്‍ ഈവിധം നശിപ്പിക്കുന്നത് നമുക്ക് ചരിത്രാനുഭവം മാത്രമല്ല, സമീപകാലാനുഭവം കൂടിയാണ്. ചൈനയില്‍ 'സാംസ്‌കാരിക' വിപ്ലവകാലത്ത്(Cultural Revolution) ദശലക്ഷക്കണക്കിന് അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ പേപ്പര്‍ പള്‍പ്പാക്കി മാവോയുടെ ലിറ്റില്‍ റെഡ്ബുക്ക് (Little Redbook) അച്ചടിക്കാന്‍ ഉപയോഗിച്ചത് ഇനിയും മറക്കാറായിട്ടില്ല. തൊണ്ണൂറുകളിലും ഈ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ഹാരി പോട്ടര്‍ കൃതികളും സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്സസും തീയിട്ട സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് നാം ഈ നൃശംസകൃത്യത്തില്‍നിന്ന് ഏറെ അകലെയല്ല നില്‍ക്കുന്നത് എന്നാണ്. ഇതിനേക്കാള്‍ ഭയാനകമാണ്  സെര്‍ബിയയിലും കൊസോവൊയിലും നടന്നത്. ഒരു ജനതയേയും അവരുടെ സംസ്‌കാരത്തേയും ഉന്മൂലനം ചെയ്യാന്‍ അവരുടെ ഭാഷയിലെ (അല്‍ബേനിയന്‍ ഭാഷ) മുഴുവന്‍ പുസ്തകങ്ങളും അഗ്‌നിക്കിരയാക്കി! പുസ്തകങ്ങള്‍ കത്തിക്കുന്നവര്‍ താമസംവിനാ മനുഷ്യനേയും കത്തിക്കുമെന്ന് ഹൈന്റിക്ക് ഹൈനെ പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്.

ജോസഫ് ഗീബല്‍സ്‌
ജോസഫ് ഗീബല്‍സ്‌

കൊലപാതകം, നിരക്ഷരത, സെന്‍സര്‍ഷിപ്പ്, നിരോധനം

പുസ്തകം അഗ്‌നിക്കിരയാക്കുന്നതിന് ഒരു മറുവശവും ഉണ്ട്. അത് അപൂര്‍വ്വമായി ദേശീയ മുന്നേറ്റത്തിന്റേയും സ്വയം പ്രതിരോധത്തിന്റേയും ഭാഗം ആകാറുണ്ട്. കോളണിവാഴ്ചയില്‍ കഴിഞ്ഞിരുന്ന രാജ്യങ്ങളില്‍ അതിനെതിരായുള്ള സമരത്തിന്റെ ഭാഗമായി അത് മാറിയിട്ടുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. ഇന്ത്യയിലെ സ്വദേശി പ്രസ്ഥാനം (1905-11) ഇതിന്റെ ഉദാഹരണമാണ്. വിദേശവസ്തുക്കള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വിദേശ വസ്ത്രങ്ങളും പുസ്തകങ്ങളുമൊക്കെ പൊതു ഇടങ്ങളില്‍ കൂട്ടിയിട്ട് കത്തിച്ച അനേകം സംഭവങ്ങള്‍ അക്കാലത്ത് നമ്മുടെ രാജ്യത്ത് നടക്കുകയുണ്ടായി. ഫറൂക്കിലെ (ഈജിപ്റ്റ്) അലക്സാണ്ട്രിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ അഗ്‌നിക്കിരയാക്കിയത്  ഇതിന്റെ മറ്റൊരു ഉദാഹരണമാണ്. ഇത് ഇന്ത്യയിലും ഈജിപ്റ്റിലും മാത്രമല്ല, ദക്ഷിണാഫ്രിക്കയിലും മറ്റ് മൂന്നാംലോക രാഷ്ട്രങ്ങളിലും അരങ്ങേറിയിട്ടുണ്ട്. ഇവിടെ അഗ്‌നിസാക്ഷിയായത് സ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനല്ല, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനാണ്.

പുസ്തകം കത്തിക്കല്‍ അറിവ് നിഷേധത്തിന്റെ ഒരു രൂപം മാത്രമേ ആവുന്നുള്ളു. ഇതിനായി ഭരണകൂടവും മതവും  മറ്റ് സംഘടിത ശക്തികളും (സമുദായ നേതൃത്വവും രാഷ്ട്രീയപ്പാര്‍ട്ടികളും) പരോക്ഷവും പ്രത്യക്ഷവുമായ മറ്റു പല മാര്‍ഗ്ഗങ്ങളും അവലംബിക്കാറുണ്ട്. ഇതില്‍ ഏറ്റവും ഹിംസാത്മകം എഴുത്തുകാരന്റെ കൊലപാതകമാണ്. കൊലപാതകത്തെ 'സെന്‍സര്‍ഷിപ്പിന്റെ ഏറ്റവും തീവ്രരൂപം' എന്നാണ് വി.എസ്. നെയ്പാള്‍ വിശേഷിപ്പിക്കുന്നത്. ഗൗരി ലങ്കേഷും എം.എം. കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരേയും നരേന്ദ്ര ധബോല്‍ക്കറും ഇതിന്റെ പ്രതീകങ്ങളാണ്. നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഇത്തരം സെന്‍സര്‍ഷിപ്പിന്റെ മറ്റൊരു രൂപമാണ്. മനുഷ്യനെ - എഴുത്തുകാരനായാലും രാഷ്ട്രീയക്കാരനായാലും മറ്റാരായാലും - നിശ്ശബ്ദമാക്കുന്നതെന്തും സെന്‍സര്‍ഷിപ്പാണല്ലോ. ''എന്നെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് എന്തവകാശം'' എന്ന് ദസ്തയേവ്‌സ്‌കിയുടെ ഒരു കഥാപാത്രം, ദി ഗ്രേറ്റ് ഇന്‍ക്വിസിറ്റര്‍ (The Great Inquisitor), ഉന്നയിക്കുന്ന അതേ ചോദ്യമാണ് ഇവര്‍ നമ്മോട് ചോദിക്കുന്നത്. ഇവിടെ ചോദ്യം താഴെനിന്ന് (പൊതുസമൂഹത്തില്‍നിന്ന്) മുകളിലോട്ടല്ല (അധികാര വര്‍ഗ്ഗത്തോട്) സഞ്ചരിക്കുന്നത്, നേരെ തിരിച്ചാണ്. തലകീഴായി നില്‍ക്കുന്ന ജനാധിപത്യം. ഇതാണ് സത്യാനന്തര കാലത്തെ രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവം.

ഇതിനെക്കാള്‍ കുറച്ചുകൂടി തന്ത്രപരവും സങ്കീര്‍ണ്ണവുമാണ് മറ്റു മാര്‍ഗ്ഗങ്ങള്‍. ഇതിലൊന്ന് വിദ്യ നിഷേധിച്ച് മനുഷ്യരെ നിരക്ഷരരായി നിലനിര്‍ത്തുക എന്നതാണ്. വായിക്കണമെങ്കില്‍ വായിക്കാന്‍ അറിയണമല്ലോ. അങ്ങനെ വരുമ്പോള്‍ വായിക്കാന്‍ പഠിപ്പിക്കാതിരിക്കുന്നതാണ് ഭരണവര്‍ഗ്ഗത്തിന് ഏറ്റവും അനുയോജ്യം. ഇന്ത്യയിലെ ജാതിവ്യവസ്ഥയില്‍ അതാണ് സംഭവിച്ചത്. സവര്‍ണ്ണര്‍ ഒഴികെയുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം നിക്ഷേധിക്കുകയും നിയമം ലംഘിക്കുന്നവരെ ക്രൂരമായ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തു. സ്വയം ആര്‍ജ്ജിച്ച വിദ്യയ്ക്ക് പോലും   ഗുരുദക്ഷിണയായി പെരുവിരല്‍ മുറിച്ചുനല്‍കേണ്ടിവന്ന ഏകലവ്യന്‍തന്നെ ഇതിന്റെ ഉദാഹരണം. ഇതാണ് അടിമത്ത സമ്പ്രദായത്തില്‍  കറുത്തവര്‍ഗ്ഗക്കാര്‍ അനുഭവിച്ചതും.

സെന്‍സര്‍ഷിപ്പും നിരോധനവുമാണ് മറ്റു മാര്‍ഗ്ഗങ്ങള്‍. ഇത് എക്കാലത്തും മനുഷ്യന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. കത്തോലിക്കാസഭ പുറത്തിറക്കിയ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ഇന്‍ഡെക്സ് ഇതിന്റെ ഏറ്റവും വലിയ നിദാനമാണ്. 1559-ല്‍ പുറത്തിറക്കിയ ആദ്യ ഇന്‍ഡെക്സ് - പോളിന്‍ ഇന്‍ഡെക്സ് - 1564-ല്‍ പുതുക്കിയപ്പോള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയോടൊപ്പം സഭ ഒരു കാര്യം കൂടി എഴുതിച്ചേര്‍ത്തു: ''തിരുവെഴുത്തുകള്‍ (scriptures) വിശ്വാസികള്‍ക്ക് വ്യാഖ്യാനിക്കാന്‍ സ്വാതന്ത്ര്യമില്ല, അത് സഭയുടെ മൗലികാവകാശമാണ്.'' അതായത് വിശ്വാസികള്‍ക്ക് വേദപുസ്തകം വായിക്കാനെ അവകാശമുള്ളു, വ്യാഖ്യാനിക്കാന്‍ (interpretative reading) അവകാശമില്ല. ഇത് സെന്‍സര്‍ഷിപ്പിന്റെ മറ്റൊരു രൂപമാണ്. 1948 വരെ ആകെ ഇരുപത് ഇന്‍ഡെക്സുകളാണ് സഭ പുറത്തിറക്കിയത്. 1966-ല്‍ പോള്‍ നാലാമന്‍ മാര്‍പാപ്പയാണ് ഈ ഏര്‍പ്പാട് അവസാനിപ്പിച്ചത്. 

ഇത് ക്രൈസ്തവസഭയുടെ മാത്രം പ്രശ്നമല്ല. മറ്റു മതങ്ങള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടിക ഇറക്കുന്നില്ലന്നെ ഉള്ളു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത പുസ്തകങ്ങള്‍ നിരോധിക്കാനും അവയുടെ എഴുത്തുകാരേയും പ്രസാധകരേയും വധശിക്ഷയ്ക്ക് വിധിക്കാനും വധിക്കാനും അവ യാതൊരു അമാന്തവും കാണിക്കുന്നില്ല. സല്‍മാന്‍ റുഷ്ദി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കാര്യം മുന്‍പ് സൂചിപ്പിച്ചത് ഓര്‍ക്കുക. ഏറ്റവും ശ്രദ്ധേയമായ കാര്യം പലപ്പോഴും വളരെ വിചിത്രമായ കാരണങ്ങളാണ് പുസ്തകങ്ങള്‍/കലാരൂപങ്ങള്‍ നിരോധിക്കുന്നതിന് ഇത്തരക്കാര്‍  ചൂണ്ടിക്കാണിക്കുന്നത് എന്നതാണ്. 2011-ല്‍ ഇറാനില്‍ നടന്നൊരു സംഭവം ഇത്തരുണത്തില്‍ സ്മരണീയമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവി  നെസാമി ഗാഞ്ചാവിയുടെ (Nezami Ganjavi) മഹാകാവ്യത്തിന്റെ പുനഃപ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതാണ് സംഭവം. അതിന് ഇറാന്‍ ഭരണകൂടവും അവിടുത്തെ പൗരോഹിത്യവര്‍ഗ്ഗവും ചൂണ്ടിക്കാണിച്ച കാരണം എന്തെന്നല്ലേ? ഒരു സ്ത്രീ സ്വന്തം ഭര്‍ത്താവിന്റെ മൃതശരീരത്തില്‍ പബ്ലിക്കായി ആലിംഗനം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരണം പ്രസ്തുത കവിതയില്‍ ഉണ്ടെന്നതാണ്! ഇതൊരു വലിയ സദാചാര പ്രശ്നമാണത്രെ!

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള ഇത്തരം കടന്നുകയറ്റത്തിന്റെ കാര്യത്തില്‍ പ്രത്യയ ശാസ്ത്രങ്ങളും പിന്നിലല്ല. ലെനിന്റേയും സ്റ്റാലിന്റേയും കാലത്തെ സോവിയറ്റ് യൂണിയനും മാവോയുടെ ചൈനയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും  ഒരു വശത്ത് സാക്ഷരതയെ പ്രോത്സാഹിപ്പിച്ചെങ്കില്‍,  മറുവശത്ത് എന്തെഴുതണമെന്നും എന്ത് വായിക്കണമെന്നും കലാസൃഷ്ടികള്‍ എങ്ങനെയാവണമെന്നും സ്വയം തീരുമാനിച്ചു. റഷ്യയുടെ രഹസ്യപൊലീസായിരുന്ന കെ.ജി.ബിയുടെ സെല്ലാറിനെ  സാഹിത്യകൃതികളുടെ സ്വര്‍ണ്ണഖനിയായാണ് വിമര്‍ശകര്‍ വിശേഷിപ്പിക്കുന്നത്. അത്രയധികം നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്നുവത്രെ. ഉത്തര കൊറിയയില്‍ കിം-ഇല്‍-സുങ് പ്രേമഗാനങ്ങളും പ്രേമകഥകളും നാടോടിപ്പാട്ടുകളും ബിഥോവന്റേതടക്കം ക്ലാസ്സിക്കല്‍ സംഗീതവും, എന്തിനേറെ മാര്‍ക്സിന്റേയും എംഗല്‍സിന്റേയും മൂലഗ്രന്ഥങ്ങള്‍ വായിക്കുന്നതുവരെ വിലക്കി സെന്‍സര്‍ഷിപ്പിന് പുത്തന്‍ നിര്‍വ്വചനം നല്‍കി!

ഇതേ പാതയാണ് ആധുനിക ജനാധിപത്യ രാഷ്ട്രങ്ങളും ഏറിയകൂറും പിന്തുടരുന്നത് എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. ഇതിന് മറ്റെങ്ങും നാം അന്വേഷിക്കേണ്ടതില്ല. നമ്മുടെ തന്നെ അനുഭവത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതി. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഇക്കാര്യത്തില്‍ കക്ഷികള്‍ തമ്മിലുള്ള വ്യത്യാസം ആപേക്ഷികമാണെന്നതാണ്. കോണ്‍ഗ്രസ് തുടങ്ങിവച്ചത് ബി.ജെ.പി, അരികും മൂലയും ചെത്തി വെടിപ്പാക്കി, ഒരു മഹാകലയായി വളര്‍ത്തിയെടുത്തിരിക്കുന്നു എന്നുമാത്രം. ഇന്ത്യയില്‍ സെന്‍സര്‍ഷിപ്പിന്റെ ഏറ്റവും വലിയ ഉത്സവകാലം അടിയന്തരാവസ്ഥയായിരുന്നല്ലോ. റുഷ്ദിയുടെ സാത്താനിക് വേഴ്സസ് നിരോധിച്ചതും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ത്തന്നെ (രാജീവ് ഗാന്ധിയുടെ കാലത്ത്) എ.കെ. രാമാനുജന്റെ, 'ത്രീ ഹണ്‍ഡ്രഡ് രാമായണാസ്' (Three Hundred Ramayanas), ജെയിംസ് ലെയ്ന്റെ 'ശിവജി: ഹിന്ദു കിങ് ഇന്‍ ഇസ്ലാമിക്ക് ഇന്ത്യ' (Shivaji: Hindu King in Islamic India), പീറ്റര്‍ ഹീസിന്റെ 'ദി  ലൈവ്സ് ഒഫ് ശ്രീ അരബിന്ദോ' (The Lives of Sri Aurobindo), വെന്‍ഡി ഡോണിഗറിന്റെ 'ദി ഹിന്ദൂസ്: ആന്‍ ആല്‍റ്റര്‍നേറ്റിവ് ഹിസ്റ്ററി' (The Hindus: An Alternative History) തുടങ്ങി ഒട്ടനേകം കൃതികളും ചലച്ചിത്രങ്ങളും അനുമതി നിക്ഷേധിക്കപ്പെട്ട പട്ടികയില്‍ ഇടം തേടി. കേരളവും ഇതിനൊരപവാദം ആയിരുന്നില്ലല്ലോ. പി.എം. ആന്റണിയുടെ നാടകം, 'ക്രിസ്തുവിന്റെ ആറാം തിരുമുറിവും' (1986) ജോസ് ചിറമ്മലിന്റെ, 'കുരിശിന്റെ വഴിയും' ചില ഉദാഹരണങ്ങള്‍ മാത്രം.

എന്നാല്‍, ബി.ജെ.പി കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും  അധികാരത്തില്‍ വന്നതോടെ ഇതിന്റെ പുഷ്‌കല കാലമായി ഇന്ത്യയില്‍. എത്ര പുസ്തകങ്ങളും ചലച്ചിത്രങ്ങളുമാണ് സെന്‍സര്‍ ചെയ്യപ്പെട്ടത്. ചില വാക്കുകളുടെ പ്രയോഗം തന്നെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. 'ലൗ ജിഹാദ്' 'അര്‍ബന്‍ നക്സലൈറ്റ്' 'സെക്കുലറിസം' തുടങ്ങിയവയെല്ലാം വലിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് ഇടനല്‍കി. 2017-ല്‍ അമര്‍ത്ത്യാസെന്നിനെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍നിന്ന് 'ഗുജറാത്ത്', 'പശു', 'ഹിന്ദു ഇന്ത്യ' തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കണമെന്ന് ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ബ്ബന്ധം പിടിച്ചതും സാമൂഹ്യ മാധ്യമങ്ങളില്‍ 'ലാല്‍ സലാം', 'സഖാവ്' എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നതും ലെനിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നതും അസം സര്‍ക്കാര്‍ വിലക്കിയതും ഇതിനോട് ചേര്‍ത്തു വായിക്കാം. 

ഫാസിസത്തിന്റെ വരവ് ആദ്യം പ്രതിഫലിക്കുന്നത് ഭാഷയിലാണല്ലോ. ചില വാക്കുകള്‍ ഉച്ചരിക്കാനാവാതെ വരും. ചില പുതിയ വാക്കുകള്‍ അവയുടെ സ്ഥാനം കയ്യടക്കും. നര്‍മ്മം തന്നെ അപ്രത്യക്ഷമായെന്നു വരും. നര്‍മ്മബോധം നഷ്ടപ്പെട്ടൊരു സമൂഹം ഫാസിസത്തെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ഒന്നാണെന്നാണ് ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം.

പ്രശ്നം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. രോഹിത് വെമുലയെക്കുറിച്ച് പി.എന്‍. രാമചന്ദ്ര തയ്യാറാക്കിയ 'ദി അണ്‍ബെയറബിള്‍ ബീയിംഗ് ഒഫ് ലൈറ്റ്നെസ്' (The Unbearable Being of Lightness), ജെ.എന്‍.യുവിനെക്കുറിച്ച് കാത്തു ലൂക്കോസ് തയ്യാറാക്കിയ 'മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച്' (March, March, March), ജമ്മുകശ്മീരിനെക്കുറിച്ച് എന്‍.സി. ഫെയ്സിലും ഷാന്‍ സെബാസ്റ്റ്യനും സംയുക്തമായി തയ്യാറാക്കിയ 'ഇന്‍ ദി ഷെയ്ഡ് ഒഫ് ഫാളന്‍ ചിനാര്‍' (In the Shade of Fallen Chinar) തുടങ്ങിയവയെല്ലാം അനുമതി നിഷേധിക്കപ്പെട്ട ഡോക്യുമെന്ററികളാണ്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഹാന്‍സ്ഡ സൊവേന്ദ്ര ശേഖറിന്റെ കൃതി 'ദി ആദിവാസി വില്‍ നോട്ട് ഡാന്‍സ്: സ്റ്റോറീസ്' (The Adivasi Will Not Dance: Stories), പ്രിയങ്ക പഥക് നാരായണന്റെ  ബാബ രാംദേവിനെക്കുറിച്ചുള്ള 'ഗോഡ്മാന്‍ ടു ടൈക്കൂണ്‍' (Godman to Tycoon) നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിലെ പ്രധാനപ്പെട്ടവയാണ്. എഴുത്തുകാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കുന്നതും സര്‍വ്വസാധാരണമായി. ഒരു സംഘം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തുപോലും കേസിലേക്ക് നയിച്ചു എന്നതുതന്നെ ധാരാളമാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാന്‍. 

പുസ്തകങ്ങളുടെ സംരക്ഷണം

ഈവിധം ആവിഷ്‌കാര സ്വാതന്ത്ര്യം ലോകത്തെമ്പാടും വെല്ലുവിളിക്കപ്പെട്ടപ്പോള്‍, പുസ്തകങ്ങളെ സംരക്ഷിക്കാനുള്ള ചില രസകരമായ ശ്രമങ്ങള്‍ മറുവശത്ത് അരങ്ങേറിയത് ആശ്വാസകരമായി. നാസി ജര്‍മനി പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്ന ഒരു സംഘം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും 1934 - ല്‍ പാരീസില്‍ ഒത്തുചേര്‍ന്ന് 'അഗ്‌നിക്ക് ഇരയാക്കപ്പെട്ട പുസ്തകങ്ങളുടെ ഗ്രന്ഥപ്പുര' (The Library of Burned Books) സ്ഥാപിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റി. ഇതേ ഗണത്തില്‍പ്പെട്ട മറ്റൊരു ഗ്രന്ഥാലയം ന്യൂയോര്‍ക്കിലും ഈ കാലയളവില്‍ സ്ഥാപിക്കപ്പെട്ടു - 'ദി അമേരിക്കന്‍  ലൈബ്രറി ഒഫ് നാസി ബേണ്‍ഡ് ബുക്ക്സ്' (The American Library of Nazi Burned Books). തൊട്ടടുത്ത വര്‍ഷം പാരീസില്‍ വച്ച് നടന്ന ഗ്രന്ഥശാലയുടെ (The Library of Burned Books) വാര്‍ഷിക സമ്മേളനത്തില്‍ തോമസ് മന്‍ മുഖ്യ അതിഥിയായി എത്തിയത് ഏറെ ആകര്‍ഷകമായി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീക്കങ്ങള്‍ക്കെതിരെയുള്ള പ്രതിരോധവും അവയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും എന്ന നിലയ്ക്ക്, നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ഇന്‍ഡെക്സ് തയ്യാറാക്കാനുള്ള മറ്റൊരു ശ്രമവും നടക്കുകയുണ്ടായി. 1996-ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസാധകന്‍ ജേക്കബ്സെണ്‍ (Jacobsen) ആയിരുന്നു ഇതിന് മുന്‍കൈ എടുത്തത്. 1950 മുതല്‍ '94 വരെ രാജ്യത്തെ അപ്പാര്‍ത്തീഡ് ഭരണകൂടം സെന്‍സര്‍ ചെയ്ത മുഴുവന്‍ കൃതികളുമടങ്ങുന്ന ഇന്‍ഡെക്സാണ് അദ്ദേഹം തയ്യാറാക്കിയത്. അമേരിക്കയില്‍ ഇത് മറ്റൊരു രൂപത്തിലാണ് അവതരിച്ചത്. പബ്ലിക്ക്  ലൈബ്രറികളില്‍നിന്നും സ്‌കൂള്‍ ലൈബ്രറികളില്‍നിന്നും ഒഴിവാക്കണമെന്ന് പൊതുജനങ്ങള്‍  ആവശ്യപ്പെട്ട പുസ്തകങ്ങളുടെ ഇന്‍ഡെക്സാണ് അവിടെ തയ്യാറാക്കപ്പെട്ടത്. അമേരിക്കന്‍  ലൈബ്രറി അസോസിയേഷന്റെ ബൗദ്ധിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഓഫീസിനാണ് ഇതിന്റ ചുമതല. ഓരോ ദിവസവും ഓരോ പുസ്തകം വീതം ഈ ഗ്രന്ഥശാലകളില്‍നിന്ന് ഇപ്പോഴും ഒഴിവാക്കപ്പെടുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

നിരോധിക്കപ്പെട്ട കൃതികള്‍ പുറത്തേക്ക് കടത്തി അന്യരാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന രീതിയും തീരെ വിരളമല്ല. അങ്ങനെ വെളിച്ചം കണ്ട കൃതിയാണ് ബോറിസ് പാസ്റ്റര്‍നാക്കിന്റെ ഡോക്ടര്‍ ഷിവാഗോ. സോവിയറ്റ് യൂണിയനില്‍നിന്ന്  കയ്യെഴുത്തുപ്രതി ഇറ്റലിയിലേക്ക് കടത്തുകയും ഒടുവില്‍ 1957-ല്‍ മിലാനില്‍നിന്ന് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചൈനീസ് ചക്രവര്‍ത്തി ഷീ ഹുയാങ് സി പുസ്തകങ്ങള്‍ തീയിടാന്‍ ആജ്ഞാപിക്കുന്നു (ചിത്രകാരന്റെ ഭാവനയില്‍)
ചൈനീസ് ചക്രവര്‍ത്തി ഷീ ഹുയാങ് സി പുസ്തകങ്ങള്‍ തീയിടാന്‍ ആജ്ഞാപിക്കുന്നു (ചിത്രകാരന്റെ ഭാവനയില്‍)

സെന്‍സര്‍ഷിപ്പിന്റെ/ നിരോധനത്തിന്റെ രാഷ്ട്രീയം

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ശ്രദ്ധേയമായ  ചില വ്യക്തിഗത നീക്കങ്ങള്‍ക്കും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക്ക് വേഴ്സസിനെതിരെ ഇറാന്‍ ഭരണകൂടം ഫത്വാ പുറപ്പെടുവിച്ചപ്പോള്‍ അമേരിക്കന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ജോണ്‍ ഇന്നെസ് ചെയ്തത്. നിരോധനം നിലവില്‍ വന്നതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രോഗ്രാമുകള്‍ ടെലിക്കാസ്റ്റ്  ചെയ്തപ്പോഴൊക്കെത്തന്നെ, പ്രേക്ഷകര്‍ക്കു കാണാന്‍ പാകത്തില്‍, സാത്താനിക്ക് വേഴ്സസിന്റെ ഒരു കോപ്പി തന്റെ മേശപ്പുറത്ത് പ്രദര്‍ശിപ്പിച്ചു പോന്നു. പുസ്തകത്തെക്കുറിച്ചോ അയത്തൊള്ള ഖൊമേനിയെക്കുറിച്ചോ റുഷ്ദിയെക്കുറിച്ചോ ഒരക്ഷരവും ഉരിയാടിയില്ലെങ്കിലും പുസ്തകത്തിനോടും അതിന്റെ കര്‍ത്താവിനോടുമുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി അത് നിന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ലോകത്തെമ്പാടും നടന്ന മറ്റ് നീക്കങ്ങളില്‍നിന്ന് തികച്ചും വ്യതിരിക്തമായതായിരുന്നു മുകളില്‍ സൂചിപ്പിച്ചവ.

സെന്‍സര്‍ഷിപ്പും പുസ്തകം കത്തിക്കലും നിരോധിക്കലുമെല്ലാം അടിവരയിടുന്നത് വായനയും അധികാരവും തമ്മിലുള്ള ബന്ധത്തെയാണ്. എല്ലാ അധികാരവും നിലവിലുള്ള അറിവിന്റെ അസ്തിവാരത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത് എന്നോര്‍ക്കുന്നത് നന്നായിരിക്കും. എന്നാല്‍, പുതിയ വായന പുതിയ അറിവിനെ സൃഷ്ടിക്കുകയും അത് (പുത്തന്‍ അറിവ്) നിലവിലുള്ള അറിവിന്റെ അസ്തിവാരം തോണ്ടുകയും ചെയ്യും. പുസ്തകവും കലയും പ്രത്യയശാസ്ത്രങ്ങളെ സൃഷ്ടിക്കുക മാത്രമല്ല, പ്രത്യയശാസ്ത്രങ്ങളെ വെല്ലുവിളിക്കുകയും ഭരണകൂടങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. വ്യക്തികള്‍ താന്താങ്ങളുടെ ചുറ്റുപാടുകള്‍ മറികടന്നുകൊണ്ട്  സ്ഥലവും കാലവുമായി പുതുബന്ധം സ്ഥാപിക്കുകയും സമൂഹത്തെ വിമര്‍ശനപരമായി കാണുകയും ചെയ്യും എന്നര്‍ത്ഥം.

ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം ഇത് തങ്ങളുടെ തലയ്ക്കു മുകളില്‍ തൂങ്ങിയാടുന്ന ഡെമക്ലീസിന്റെ വാളാണ്. അതുകൊണ്ടുതന്നെ അതിനെ തിരിച്ച് ഉറയിലിടേണ്ടത് അവരുടെ നിലനില്പിനു അത്യന്താപേക്ഷിതമാണ്. ഇതിനാവശ്യം അറിവിന്റേയും ആശയങ്ങളുടേയും സ്രോതസ്സുകളെ കൊട്ടിയടച്ച് പൗരസമൂഹത്തെ ചിന്താശൂന്യതയിലേക്ക് തള്ളിവിടുക എന്നതാണ്. ചിന്താശൂന്യത ആവിഷ്‌കാര സ്വാതന്ത്ര്യത്തെത്തന്നെ അപ്രസക്തമാക്കുന്നു. സ്വതന്ത്ര ചിന്ത ഉള്ളിടത്താണല്ലോ അത് ആവശ്യമായി വരുന്നത്. പുസ്തകവും കലയും, ചിന്തയും ഭാഷയും, ശബ്ദവും അധികാരവും - എല്ലാം പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. പുസ്തകവും കലയും നിരോധിക്കപ്പെടുമ്പോള്‍ ചിന്തയും ഭാഷയും അപ്രത്യക്ഷമാവുന്നു; ചിന്തയും ഭാഷയും ഇല്ലാതാവുമ്പോള്‍ നമുക്ക് ശബ്ദവും അധികാരവും നഷ്ടമാവുന്നു.

ഓരോ ഭരണകൂടവും അത് സ്വയം സൃഷ്ടിക്കുന്ന കാപട്യത്തിന്റേയും പൊള്ളത്തരത്തിന്റേയും തടവുപുള്ളിയാണ്. തന്മൂലം അതിന് എല്ലാറ്റിനേയും - ചരിത്രത്തേയും വര്‍ത്തമാനത്തേയും ഭാവിയേയും - വക്രീകരിക്കേണ്ടിവരുന്നു. ഇതിനു പറ്റിയ ഉപകരണങ്ങളാണ് സെന്‍സര്‍ഷിപ്പും നിരോധനവും. വാക്ക് സമുദ്രമാണെന്നാണ് ഐതരേയ ബ്രാഹ്മണ്യം പറയുന്നത്. എന്നാല്‍,  സെന്‍സര്‍ഷിപ്പിന്റേയും മറ്റും സഹായത്തോടെ സമുദ്രമായ വാക്കിനെ കുപ്പിയിലടച്ച് അത് (ഭരണകൂടം) ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. കുപ്പിവെള്ളത്തിന്റെ പേറ്റന്റ് അതിന്റെ കമ്പനിക്ക് എന്നതുപോലെ, കുപ്പിയിലടച്ച വാക്കിന്റെ പേറ്റന്റ് ഭരണകൂടത്തിനാണ്. നമ്മള്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ അത് തെരഞ്ഞെടുക്കുന്നു. നവലിബറല്‍ കാലഘട്ടത്തില്‍ വ്യക്തിയുടെ സ്വാതന്ത്ര്യം വാക്കുകള്‍ തെരഞ്ഞെടുക്കുന്നതിലല്ല, ഉല്പന്നങ്ങള്‍ തെരഞ്ഞെടുക്കുന്നതിലാണ്. 'നൈക്ക്' (Nike)  വേണമോ 'അഡിദാസ്' (Adidas) വേണമോ എന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ കുടികൊള്ളുന്നത്. ജനാധിപത്യമായാലും സമഗ്രാധിപത്യമായാലും, ഇന്ത്യ ആയാലും  ചൈന ആയാലും, അമേരിക്ക ആയാലും ബ്രസീല്‍ ആയാലും നാം ജീവിക്കുന്നത് സാംസ്‌കാരിക മരുഭൂമിയിലാണ്. അതിന്റെ വിസ്തൃതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇതുകൊണ്ടാവുമോ ''രാവില്‍ നക്ഷത്രങ്ങള്‍ ഇല്ല. വാവലും മൂങ്ങയും ഭ്രാന്തനായ ചന്ദ്രനും മാത്രം'' എന്ന് ഫ്രെഡറിക്ക് നിത്ഷേ പറഞ്ഞത്? മാനവികതയുടെ ഭാവിയെക്കുറിച്ചുള്ള സന്ദേഹമാവാം ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com