കവിയുടെ പ്രണയവും, വിപ്ലവ ജീവിതവും

കലാലയം വിട്ടതോടെ ഈ പ്രണയപുഷ്പവും പൊലിഞ്ഞു. പിന്നീടെപ്പോഴോ രാജനെ തിരക്കിയപ്പോള്‍ അദ്ദേഹം മരിച്ചുപോയെന്ന വാര്‍ത്തയാണ് ഗൗരിയുടെ ചെവിയിലെത്തിയത്
കെആർ ​ഗൗരിയമ്മ
കെആർ ​ഗൗരിയമ്മ

രിത്രമായിരുന്നു ഗൗരിയുടെ ഐച്ഛിക വിഷയം. ഗൗരി ചെന്ന വര്‍ഷം ചരിത്ര വിഭാഗം മേധാവിയായിരുന്ന വെങ്കിടേശ അയ്യര്‍ പെന്‍ഷനായി പിരിഞ്ഞു. പകരം പ്രൊഫ. പി.എസ്. വേലായുധന്‍ ചാര്‍ജെടുത്തു. മലയാളമായിരുന്നു രണ്ടാം ഭാഷയായി ഗൗരി തെരഞ്ഞെടുത്തത്. കുറ്റിപ്പുഴ കൃഷ്ണപിള്ള സാറാണ് മലയാളം അധ്യാപകന്‍. മറ്റൊരാള്‍ പ്രൊഫ. ജി. ശങ്കരക്കുറുപ്പും.
കുറ്റിപ്പുഴ കൃഷ്ണപിള്ള സാറിന്റെ മലയാളം ക്ലാസ്സില്‍ ഒരു ആകസ്മിക സംഭവം ഉണ്ടായി. ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന കൃഷ്ണന്‍പിള്ള സാര്‍ ചോദിച്ചു. ആരെങ്കിലും ചങ്ങമ്പുഴ എന്നു കേട്ടിട്ടുണ്ടോ? എല്ലാവരും കൂടി ഏറ്റുപറഞ്ഞു കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. എന്നാല്‍ ആര്‍ക്കെങ്കിലും അദ്ദേഹത്തെ പരിചയം ഉണ്ടോ? എല്ലാവരുടേയും മുഖത്ത് മ്ലാനത. ഇനി ആര്‍ക്കെങ്കിലും അദ്ദേഹത്തെ കാണണോ എന്നായി അടുത്ത ചോദ്യം. എവിടെ, എവിടെ, ഞങ്ങളുടെ സ്‌നേഹഗായകന്‍? അന്ന് ചങ്ങമ്പുഴ എഴുതിയ മഹാകാവ്യം രമണന്‍ വായിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. നിരക്ഷരരായ ആളുകള്‍പോലും.

''കാനനഛായയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെ... 
പാടില്ല പാടില്ല നമ്മെ നമ്മള്‍ 
പാടെ മറന്നൊന്നും ചെയ്തുകൂടാ...''

ഈ വരികള്‍ ഈണമിട്ട് പാടിക്കൊണ്ടിരുന്ന കാലം. കുറ്റിപ്പുഴ സാര്‍ പറഞ്ഞു എടോ ചങ്ങമ്പുഴേ ഒന്ന് എഴുന്നേറ്റു നിന്നെ തന്നെ എല്ലാവരും ഒന്ന് കാണട്ടെ. എല്ലാ കണ്ണുകളും ആണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു. അതാ ആണ്‍കുട്ടികള്‍ക്കിടയില്‍നിന്നും കറുത്ത് മെലിഞ്ഞ് നീളംകൂടിയ ഒരാള്‍ എഴുന്നേറ്റ് നില്‍ക്കുന്നു. ക്ലാസ്സില്‍ ഭയങ്കര കയ്യടിയും ബഹളവും അങ്ങനെ സ്വന്തം ക്ലാസ്സില്‍ ഒപ്പം പഠിച്ച കവിയെ എല്ലാവരും തിരിച്ചറിയുകയായിരുന്നു. കുട്ടികള്‍ എല്ലാവരും സന്തോഷഭരിതരായി എല്ലാവരും ഓടി ചങ്ങമ്പുഴയുടെ അടുത്തേക്കെത്തി പരിചയപ്പെട്ടു. സന്തോഷം അറിയിച്ചു. ഒന്ന് രണ്ട് ആഴ്ചത്തേക്ക് ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ക്ക് ഇത് തന്നെയായിരുന്നു പണി. മറ്റു ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ചങ്ങമ്പുഴയെ പരിചയപ്പെടുത്തി കൊടുക്കുക. ഞങ്ങളുടെ സ്വന്തമാണ് ചങ്ങമ്പുഴയെന്ന പേരില്‍ ഒരുതരം മേനിനടിക്കല്‍. കവിക്കും ഉണ്ടായിരുന്നു ചില സവിശേഷതകള്‍. വല്ലപ്പോഴുമൊക്കെയേ കോളേജില്‍ എത്തുകയുള്ളൂ. അതും സമയമേറെ വൈകിയും. അന്നേ അദ്ദേഹം സ്വപ്നജീവിയായിരുന്നെന്നാണ് ഗൗരിയമ്മയുടെ പക്ഷം. ഈ സ്വപ്നജീവി ഒരിക്കല്‍ ഗൗരിയമ്മയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. കുളത്തിപറമ്പില്‍ രാമന്റെ മകളുടെ മറുപടി കേട്ട കവി ഞെട്ടിക്കാണണം. ആദ്യം കവിയെ ഗൗരി സുക്ഷിച്ചൊന്ന് നോക്കി പിന്നെ കഴിയുന്നത്ര ഉച്ചത്തില്‍ തന്നെ പറഞ്ഞു.

പറ്റില്ല... പറ്റില്ല... പറ്റില്ല... കാരണം ഞാന്‍ മറ്റൊരാളെ ഇഷ്ടപ്പെട്ടുകഴിഞ്ഞിരുന്ന. പിന്നെ ശബ്ദം താഴ്ത്തിത്തന്നെ കവി ചോദിച്ചു ആരാടോ ഗൗരി ആ ഭാഗ്യവാന്‍. പാലക്കാട്ടുകാരന്‍ ഒരു രാജന്‍. അയാള്‍ പലനാളുകളായി എന്റെ പിന്നാലെ നടന്ന് ഞാന്‍ വീണുപോയതാണ്. 

കലാലയം വിട്ടതോടെ ഈ പ്രണയപുഷ്പവും പൊലിഞ്ഞു. പിന്നീടെപ്പോഴോ രാജനെ തിരക്കിയപ്പോള്‍ അദ്ദേഹം മരിച്ചുപോയെന്ന വാര്‍ത്തയാണ് ഗൗരിയുടെ ചെവിയിലെത്തിയത്. ഒരു ദിവസം മുഴുവന്‍ തന്റെ സ്‌നേഹിതന്റെ സ്മരണകളുമായി ഗൗരി ഉപവാസം അനുഷ്ഠിച്ചു. അന്നത്തെ കാലാലയാന്തരീക്ഷത്തിന്റെ മുഖമുദ്രയായിരുന്നു പെണ്‍കുട്ടികളെ നോക്കിയുള്ള കമന്റടി. ഏത് പെണ്‍കുട്ടി ഏതിലെ പോയാലും കൂട്ടംകൂടി നില്‍ക്കുന്ന ആണ്‍കുട്ടികള്‍ ഒരു അഭിപ്രായ പ്രകടനം നടത്തും. ഈ ആണ്‍കുട്ടികളില്‍ പലരും വ്യക്തിപരമായി നല്ല മനസ്സിനുടമകള്‍ ആണെന്നാണ് ഗൗരിയുടെ പക്ഷം. എന്നാല്‍, ഒത്തുകൂടുമ്പോള്‍ അവര്‍ ഒന്നു ഷൈന്‍ ചെയ്യുന്നു എന്നുമാത്രം. അതുപോലെ കലാലയ പ്രേമവും ധാരാളം. വണ്‍വേ പ്രേമവും മരംചുറ്റി പ്രേമവുമൊക്കെ ധാരാളമായി അരങ്ങേറി. കമന്റടി വീരന്മാര്‍ ഒത്തുകൂടുന്ന ചില സ്ഥലങ്ങളും കലാലയ ചുറ്റുപാടുമായി ഉണ്ടായിരുന്നു. ഇവിടം ഗൗരിയടക്കമുള്ള പെണ്‍കുട്ടികള്‍ക്ക് അന്ന് പേടിസ്വപ്നമായിരുന്നു. ഇന്റര്‍ മീഡിയറ്റ് പഠനകാലത്തെ സദനം ലിറ്റററി അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം ഗൗരിയെ ആകെപ്പാടെ മാറ്റിമറിച്ചു. വായനാശീലത്തിനൊപ്പം സാഹിത്യാഭിരുചിയും വര്‍ദ്ധിക്കാനിത് കാരണമായി. എന്തും വായിക്കാനുള്ള ഒരു ത്വര. വായിച്ചതിനെ വീണ്ടും മനസ്സിലേക്ക് വിന്യസിച്ച് വിശകലനം ചെയ്തു. അതോടെ വായനയില്ലാത്ത ഒരു നിമിഷവും ഇല്ലാതെയായി. കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകരുമായുള്ള ബന്ധവും പ്രൊഫ. അഗസ്റ്റിന്റെ ഇംഗ്ലീഷ് കവിത, നാടകം എന്നിവ പഠിപ്പിക്കാനുള്ള വൈഭവവും കൊച്ചു ഗൗരിയെ ഒരു സ്വപ്നജീവിയാക്കി മാറ്റി. ഇംഗ്ലീഷ് കവിതകളുടെ കാല്പനികഭാവങ്ങളിലൂടെ ഗൗരിയുടെ മനസ്സും യാത്ര നടത്തി. പ്രൊഫ. അഗസ്റ്റിന്റെ ഷേക്സ്പിയര്‍ ക്ലാസ് സാഹിത്യാഭിവാഞ്ഛയുടെ ഉള്‍പുളകങ്ങള്‍ ഗൗരിയില്‍ സൃഷ്ടിച്ചു. അതോടെ ഗൗരി കഥകളും കവിതകളുമെല്ലാം എഴുതാന്‍ തുടങ്ങി. സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനായി ആര്‍ക്കും അയച്ചുകൊടുത്തില്ലെങ്കിലും ഗൗരി അതിലെല്ലാം ആത്മസംതൃപ്തി ദര്‍ശിച്ചു. കോളേജില്‍നിന്നും നാട്ടിലെത്തുമ്പോള്‍ നാടിന്റെ ഗ്രാമഭംഗിയും കനാലും ഗ്രാമനന്മയുമെല്ലാം ഗൗരിക്ക് കഥാതന്തുക്കളും കവിതാകാരണങ്ങളുമായി മാറി. നിലാവുള്ള രാത്രികളില്‍ ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളോട് ഗൗരി കൂട്ടുകൂടി. കാല്പനിക ദൃശ്യഭംഗിയോടെ അവയെല്ലാം കവിതകളായി പരിണമിക്കപ്പെട്ടു. ഗ്രാമത്തിന്റെ നന്മമനസ്സുള്ള സാധാരണക്കാരും അവര്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഓടിനടക്കുന്ന പറപ്പള്ളിച്ചിറയും ഹരിതാഭവര്‍ഷിച്ച് നില്‍ക്കുന്ന നെല്‍പ്പാടങ്ങളും ഇളംകാറ്റില്‍പോലും ഈയലാടുന്ന തെങ്ങോലകളുമെല്ലാം ഗൗരിയുടെ മനസ്സില്‍ കവിതകളായിവിടര്‍ന്നിറങ്ങി. മനസ്സ് നിറയെ എപ്പോഴും കവിതകളും, കഥകളും മാത്രമായി. 

കൂടാതെ സിനിമ കാണലും ഒരു ഹരമായി മാറി. അന്ന് കണ്ട  'ഹരിജന്‍ ബാലിക'യെന്ന സിനിമയുടെ ക്ലൈമാക്‌സ് ഇന്നും ഗൗരിയുടെ കണ്ണുകളെ ഈറനണിയിക്കുന്നു. ദേവികാറാണിയും അശോക് കുമാറും തകര്‍ത്തഭിനയിച്ച ചിത്രം. സാമൂഹ്യനീതി സമത്വാധിഷ്ഠിതമല്ലാത്ത കാലം. (ബ്രാഹ്മണ യുവാവും ഹരിജന്‍ യുവതിയും തമ്മില്‍ പെരുത്ത പ്രണയം. മതാന്ധത ബാധിച്ച സമൂഹം. അംഗീകാരം നല്‍കാത്ത പ്രണയത്തിനെന്നും പുല്ലുവില. അവള്‍ക്ക് ഒരു ഹരിജന്‍ യുവാവ് തന്നെ താലി ചാര്‍ത്തി. കാമുകന്‍ അവിവാഹിതനായും ജീവിതം തുടര്‍ന്നു. പിന്നീട് ഒരു ഉത്സവ സ്ഥലത്തുവച്ച് പരസ്പരം കണ്ടുമുട്ടിയ യുവതിയെ ബ്രാഹ്മണ യുവാവ് കുതിരവണ്ടിയില്‍ രാത്രി വീട്ടിലെത്തിക്കുന്നു. ഇതിന്റെ പേരില്‍ വാക്കുതര്‍ക്കവും മല്‍പ്പിടുത്തവും അരങ്ങേറി. മല്‍പ്പിടുത്തം റയില്‍വേ ട്രാക്കിലേക്കും എത്തി. ഇതിനിടെ ഇവരെ വേര്‍പെടുത്താന്‍ തുനിഞ്ഞ ഹരിജന്‍ യുവതി ട്രെയിന്‍ കയറി മരിക്കുന്നു. കുറേനാളുകള്‍ക്കുശേഷം ഹരിജന്‍ യുവാവ് മറ്റൊരു വിവാഹം കഴിച്ച് പോയിട്ടും ബ്രാഹ്മണ യുവാവ് അവിവാഹിതനായി തന്നെ ജീവിച്ചു. ദിവസവും ഹരിജന്‍ യുവതിയുടെ കുഴിമാടത്തില്‍ അയാള്‍ പുഷ്പവൃഷ്ടി നടത്തി പ്രാര്‍ത്ഥിച്ചു.

ഈ സിനിമ ഗൗരിയുടെ മനസ്സിനെ ദിവസങ്ങളോളം മഥിച്ചുകൊണ്ടിരുന്നു. (ബ്രാഹ്മണ യുവാവിനെ പരിശുദ്ധ പ്രണയത്തിന്റെ രക്തസാക്ഷിയായി ഗൗരി കണ്ടു. ആ പ്രണയ ജോഡികള്‍ക്കായി കണ്ണീര്‍ വാര്‍ത്തു. ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍ സദനത്തിന്റെ ഇരുളടഞ്ഞ ഇടനാഴികളില്‍ ഗൗരി തേങ്ങികരഞ്ഞുകൊണ്ടിരുന്നു. യഥാര്‍ത്ഥ പ്രണയത്തിന്റെ ദുരവസ്ഥയില്‍ പരിതപിച്ചു.

ലാത്തിക്ക് ബീജം ഉണ്ടെങ്കില്‍...
 
ജയില്‍ അനുഭവങ്ങള്‍ കെ.ആര്‍. ഗൗരിയെന്ന കമ്യൂണിസ്റ്റിനെ പോരാട്ടങ്ങളുടെ കനല്‍വഴികള്‍ താണ്ടാന്‍ പ്രാപ്തയാക്കിക്കൊണ്ടിരുന്നു. രാഷ്ട്രീയ തടവുകാരുടെ ഭക്ഷണമെനുവില്‍ ചിലപ്പോള്‍ പൊരിച്ച മീനും കടന്നുകൂടുമായിരുന്നു. ഗൗരി അതില്‍ ഒരു കഷണം പ്രത്യേകം പൊതിയിലാക്കി വിളമ്പുകാര്‍ വശം കൂത്താട്ടുകുളം മേരിക്ക് എത്തിക്കുമായിരുന്നു. അതായിരുന്നു ഗൗരിയുടെ സ്‌നേഹം. കലര്‍പ്പില്ലാത്ത കരുതല്‍.

ജയിലില്‍ തടവുകാര്‍ തമ്മില്‍ കാണുമ്പോഴെല്ലാം രാഷ്ട്രീയമായിരുന്നു ചര്‍ച്ച. ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഒറ്റയ്ക്ക് നില്‍ക്കാനാണ് തിരുവിതാംകൂറിന്റെ തീരുമാനം. പിന്നെ നേരത്തെ രാജഭക്തിയുമായി ഓടിനടന്നിരുന്ന ഗുണ്ടകള്‍ എല്ലാം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ വക്താക്കള്‍ ആണ്. അവരാണിപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും പൊലീസ് സ്റ്റേഷനുമെല്ലാം ഭരിക്കുന്നത്. നാട്ടിലിപ്പോഴും മര്‍ദ്ദകപ്രമാണിമാര്‍ വിലസുകയാണ്. അവരെ എതിര്‍ക്കുന്നവരെ കള്ളകേസുകളില്‍വരെ കുടുക്കും. ഇത്തരക്കാരായ തടവുപുള്ളികളുമായി വാര്‍ഡന്മാരും പൊലീസും സെല്ലിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ സെല്ലില്‍ കിടക്കുന്നവര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കും.

ഇങ്ക്വിലാബ് സിന്ദാബാദ്,
കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്...
തോറ്റിട്ടില്ല... തോറ്റിട്ടില്ല... തോറ്റ ചരിത്രം കേട്ടിട്ടില്ല.

എന്നൊക്കെ. ഇത് പുതുതായി എത്തിയ തടവുകാര്‍ക്കും ആവേശമാകും. അവരും ഏറ്റുവിളിക്കും.

ഇങ്ക്വിലാബ് സിന്ദാബാദ്...
ഒരുനാള്‍ ഇതൊരു വിഷയമായി. കെ.ആര്‍. ഗൗരിയെന്ന കറപുരളാത്ത കമ്യൂണിസ്റ്റ് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ദിവസം. ഗൗരിയമ്മയുടെ ജീവിതത്തിലെ കറുത്ത ദിവസമെന്നും ഈ ദിവസത്തെ നമുക്ക് നിര്‍വ്വചിക്കാം...

സെല്ലിലും പുറത്തും ഉണ്ടായ മുദ്രാവാക്യം വിളി അവിടെ ഉണ്ടായിരുന്ന വാര്‍ഡന്മാരില്‍ ചിലര്‍ക്ക് രസിച്ചില്ല. അവര്‍ പുരുഷ തടവുകാരുടെ വാര്‍ഡിലേക്ക് ഇരച്ചുകയറി. മുദ്രാവാക്യം വിളിച്ചുനിന്ന തടവുകാരെയവര്‍ നിര്‍ഭയം മര്‍ദ്ദിച്ചു. ലാത്തിയടിയേറ്റ് പലരുടേയും തലപൊട്ടി. ചിലരുടെ കൈ ഒടിഞ്ഞു. ചിലരുടെ പല്ല് തെറിച്ചുപോയി. ജയിലറകളില്‍നിന്നും അവരുടെ നിലവിളികള്‍ പുറത്തേക്കൊഴുകിയെത്തി. ഈ സമയം അതുവഴിവന്ന ഗൗരിയും സഹതടവുകാരും അവിടെ എന്താണ് നടക്കുന്നതെന്നറിയാനാണ് ഓടിയെത്തിയത്. എന്നാല്‍, ഇവരെ തടഞ്ഞ വാര്‍ഡന്മാര്‍ സ്ത്രീ തടവുകാര്‍ക്ക് നേരെയും മര്‍ദ്ദനം അഴിച്ചുവിട്ടു. ഏറ്റവും മുന്നില്‍നിന്ന ഗൗരിക്കാണ് അടിയേറ്റവും കൂടുതല്‍ കിട്ടിയത്.

ലക്ഷ്മിക്കുട്ടിയെന്ന വാര്‍ഡനാണ് ഗൗരിയെ ആദ്യം തടഞ്ഞതും മര്‍ദ്ദിച്ചതും. ലാത്തിയടി സഹിക്കാതെ വന്നപ്പോള്‍ ഗൗരി അവരുടെ കയ്യില്‍ ശക്തിയായി ഒരു കടി കൊടുത്തു. ഇവരുടെ കരച്ചില്‍കേട്ട് സെല്ലിനുള്ളിലെ പുരുഷ വാര്‍ഡന്മാര്‍ ഓടിയെത്തി. ഗൗരിയെ തല്ലാന്‍ തുടങ്ങി. അടികൊണ്ട് തറയില്‍ വീണ ഗൗരിയെ അവര്‍ വരാന്തയിലൂടെ വലിച്ചിഴച്ച്... എടീ കൊട്ടി കഴുവേറീടെ മോളേ... വാര്‍ഡന്മാര്‍ ഗൗരിയെ അസഭ്യവര്‍ഷങ്ങള്‍ കൊണ്ട് പൊതിഞ്ഞു. ഉടുത്തിരുന്ന സാരി വലിച്ചുകീറി ദൂരെയെറിഞ്ഞു. ബ്ലൗസും പാവാടയുമെല്ലാം കീറിക്കളഞ്ഞു. ഒരു വാര്‍ഡന്‍ വയറ്റില്‍ ബൂട്ടിട്ട് ചവിട്ടി അലറി ഈ പട്ടിയെ പച്ചയ്ക്ക് ചവിട്ടി തൂറിച്ചാല്‍പ്പോരാ ഇവടെ മറ്റേ അണ്ണാക്കില്‍ കമ്പി പഴുപ്പിച്ച് കേറ്റണം... ഇതു കേള്‍ക്കേണ്‍  താമസം ഒരു വാര്‍ഡന്‍ മുട്ടന്‍ ലാത്തി ഗൗരിയുടെ നാഭിക്കുഴിയിലേക്ക് കുത്തിയിറക്കി. ഇത് കണ്‍േ ാടിവന്ന വാര്‍ഡന്മാരും പ്രോത്സാഹിപ്പിച്ചപ്പോള്‍ അയാള്‍ കയ്യിലുണ്‍ ായിരുന്ന ലാത്തികളെല്ലാം മാറിമാറി ഇതിനായി ഉപയോഗിച്ചു.

പൊട്ടിക്കീറിയ സിമന്റ് തറയില്‍ക്കിടന്ന് ഗൗരി തലതല്ലിക്കരഞ്ഞു. തറയില്‍ കിടന്നുരുണ്ട ഗൗരിയെ ലാത്തിപ്രയോഗത്തിനായി മറ്റൊരു വാര്‍ഡന്‍ കൂട്ടിപ്പിടിച്ച് കിടത്തികൊടുത്തു. വാര്‍ഡന്മാരുടെ അട്ടഹാസം മുഴങ്ങി. ലാത്തിതുമ്പില്‍നിന്നും രക്തം വാര്‍ന്നൊഴുകിയപ്പോള്‍ അവര്‍ പൊട്ടിച്ചിരിച്ചു. ലാത്തിപ്രയോഗം കാണാനായി കുനിഞ്ഞ് നോക്കിക്കൊണ്ടിരുന്ന വാര്‍ഡന്റെ മുഖത്തേക്ക് ഗൗരി ആഞ്ഞ് തുപ്പി. നിഷേധിയുടെ തുപ്പല്‍ക്കറ മുഖത്ത് വീണ വാര്‍ഡന്‍ ഗൗരിയുടെ തൊണ്ടക്കുഴിയിലൂടെ വിരലമര്‍ത്തി അലറി. എടീ... കൊട്ടികഴുവേറീ നിന്റെ അമ്മേടെ കമ്യൂണിസം... നിന്റെ അന്ത്യം ഈ ജയിലില്‍ത്തന്നെയാണ്. അയാള്‍ ഗൗരിയുടെ മുഖത്തേയ്ക്ക് ആഞ്ഞ് തൊഴിച്ചു.

പിന്നെയും ശകാരവും മര്‍ദ്ദനവും കൂടിക്കൂടി വന്നു. തല്ലുകൊണ്ട മുറിവുകളില്‍നിന്നെല്ലാം രക്തം വാര്‍ന്നൊഴുകി. തനിക്കെല്ലാം നഷ്ടപ്പെട്ടതായി ഞെട്ടലോടെ ഗൗരി തിരിച്ചറിഞ്ഞു. കണ്ണില്‍ ഇരുട്ട് കയറുകയാണ്. നേരിയ ബോധത്തിന്റെ പിന്‍ബലം മാത്രം. അവര്‍ അറിയാതെ മന്ത്രിച്ചു. ഞാന്‍ ഒരു കമ്യൂണിസ്റ്റാണ്... ഒരു കമ്യൂണി...

പിന്നീട് ആ ബോധവും മറഞ്ഞു... മണിക്കൂറുകള്‍ക്കുശേഷമാണ് ആ ധീരവനിതയ്ക്കു ബോധം തെളിഞ്ഞത്. ഉണര്‍ന്നപ്പോള്‍ ദേഹമാസകലം വേദന. പൊട്ടിയൊഴുകിയ രക്തം പലയിടത്തും കട്ടപിടിച്ചിരിക്കുന്നു. മൂക്കില്‍നിന്നൊഴുകിയ രക്തം ചുണ്ടിലൂടെ നാവിലേക്കുമെത്തി. പലയിടത്തും നീര് വന്ന് വീര്‍ത്തിരിക്കുന്നു. അരക്കെട്ടിന്റെ ഭാഗത്ത് അസ്ഥികള്‍ നുറുങ്ങുന്ന വേദന. രക്തപ്പാടുകളില്‍ എറുമ്പരിച്ച് തുടങ്ങിയിരുന്നു. തലമെല്ലെ പൊക്കിനോക്കിയപ്പോള്‍ താന്‍ നഗ്‌നയാണെന്നും ബോധ്യപ്പെട്ടു. സംഭവിച്ചതൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോഴേക്കും വീണ്ടും ബോധം മറഞ്ഞു. പിന്നെയും മണിക്കൂറുകള്‍ക്കുശേഷമാണ്. ഗൗരി ശരിക്കും ബോധഭാവത്തിലേക്കെത്തിയത്.

ഉടന്‍തന്നെ അകാരണമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗൗരി ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു. സമരം ദിവസങ്ങള്‍ പിന്നിട്ടു. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചതായി വരുത്തി. സമരം 17 ദിവസം നീണ്ടു. ഇതിനിടയില്‍ ഗൗരി മരിച്ചെന്നും വാര്‍ത്ത പരന്നു. ഗൗരിയെ ആശുപത്രിയിലേക്കു മാറ്റി. രക്തം ശരീരത്തിലേക്ക് കുത്തിവയ്ക്കാന്‍ നോക്കിയിട്ട് കയറുന്നില്ല. ശരീരത്ത് മര്‍ദ്ദനമേറ്റ പല ഭാഗത്തും രക്തം കട്ടപിടിച്ചു കിടക്കുന്നു.

എന്നിട്ടും ഗൗരി വാശിയോടെ ഉറച്ചുനിന്നു. കാരണം അത്രയ്ക്ക് കിരാതമായ തേര്‍വാഴ്ചയാണന്ന് വാര്‍ഡന്മാര്‍ ചെയ്തു കൂട്ടിയത്. ഈ സംഭവത്തെപ്പറ്റി പിക്കാലത്ത് ഗൗരിയമ്മ പ്രതികരിച്ചത് ഇങ്ങനെ:
 ''ലാത്തിക്ക് ബീജം ഉണ്ടായിരുന്നെങ്കില്‍ മാസങ്ങള്‍ക്കുശേഷം ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു...'' വിവരത്തിന്റെ തീവ്രത മനസ്സിലാക്കിയ അന്നത്തെ മന്ത്രി ആനിമസ്‌ക്രീന്‍ ജയിലിലെത്തി ഗൗരിയെ സന്ദര്‍ശിച്ചു. ജയില്‍ ഡോക്ടറോടവര്‍ ആജ്ഞാപിച്ചു. ഗൗരിയെ ശരിക്ക് ശുശ്രൂഷിക്കണം. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍പ്പിന്നെ താന്‍ സര്‍വ്വീസില്‍ ഉണ്ടാവില്ല. അന്നു വൈകിട്ട് ജയില്‍ സൂപ്രണ്ടും ഗൗരിയെ കാണാനായെത്തി. ഗൗരിയമ്മയുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കുന്നതായി അദ്ദേഹം എഴുതി നല്‍കി. 

സൂപ്രണ്ടിന്റെ സറണ്ടറിന് മറ്റൊരു കാരണം കൂടിയുണ്ട്. ഗൗരിയുടെ ലോക്കപ്പ് മര്‍ദ്ദനം ഇതിനോടകം പുറംലോകമറിഞ്ഞിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. ആളുകള്‍ സമാധാനപരമായി പിരിഞ്ഞ് പോകണം. പൊലീസ് ആവശ്യപ്പെട്ടു. ഗൗരിയെ മര്‍ദ്ദിച്ചതില്‍ രോഷംപൂണ്ട് നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തൊണ്‍ പൊട്ടുമാറുച്ചത്തില്‍ വിളിച്ചു... 

ഇങ്ക്വിലാബ് സിന്ദാബാദ്... 
കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ്... 
ലാത്തിതല്ലും വെടിയും കുത്തും 
വേണ്ടേ വേണ്ട ... വേണ്ടേ വേണ്ട
  
പാര്‍ട്ടി പ്രവര്‍ത്തകരുടെ അമര്‍ഷം അണപൊട്ടിയൊഴുകി. പൊലീസ് കണ്ണില്‍ ചോരയില്ലാത്ത ലാത്തിച്ചാര്‍ജ് ആരംഭിച്ചു. തുടര്‍ന്ന് വെടിവയ്പ്പും. വെടിവയ്പ്പില്‍ ജനാര്‍ദ്ദനന്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ മരിച്ചു.

ഗൗരിയുടെ അനുജത്തി ഗോമതി അന്ന് ആലപ്പുഴ എസ്.ഡി കോളേജില്‍ പഠിക്കുന്ന സമയം. ജയില്‍ സൂപ്രണ്ട് കെ. കരുണാകരന്‍ കര്‍ത്തയുടെ മകളും എസ്.ഡി കോളേജില്‍ പഠിക്കുന്നുണ്ട്. ഗൗരിയെ മര്‍ദ്ദിച്ച സംഭവം ആലപ്പുഴ എസ്.ഡി കോളേജിലും സമരകോലാഹലങ്ങള്‍ക്ക് കാരണമായി. സ്റ്റുഡന്‍സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം. കെ. ഗോവിന്ദപിള്ളയാണ് സ്റ്റുഡന്‍സ് ഫെഡറേഷന്‍ സെക്രട്ടറി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഗൗരിയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട ജയില്‍ സൂപ്രണ്ടിന്റെ മകളെ കോളേജില്‍ തടഞ്ഞുവച്ചു. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് ജയില്‍ സൂപ്രണ്ട് നിരാഹാരസമരം നടത്തുന്ന ഗൗരിയെ കണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ചതായി എഴുതി നല്‍കിയത്.

അതോടെ ഗൗരി നിരാഹാരസമരം അവസാനിപ്പിച്ചു. പിന്നെയും കുറേനാള്‍ ആശുപ്രതിയിലായിരുന്നു. ശ്വാസകോശത്തില്‍ എന്തൊക്കെയോ അസ്വസ്ഥതകള്‍. ക്ഷയം ആണെന്ന് ആദ്യം കരുതിയെങ്കിലും ബ്രോങ്കൈറ്റിസ് ആയിരുന്നു. പിന്നെ വര്‍ഷങ്ങള്‍ നീണ്ട ആയുര്‍വ്വേദ ചികിത്സയിലൂടേയും ഉഴിച്ചിലിലൂടെയുമാണ് ഗൗരിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞത്.

ആറ് മാസം നീളുമ്പോള്‍ ജയില്‍ വാസം നിശ്ചയിച്ചതായി പറയും. പക്ഷേ, വീണ്ടും ഡെറ്റിന്യൂ അറസ്റ്റ് നടന്നതായി രേഖകള്‍ ഉണ്ടാക്കും. പിന്നെ തടവിലുമാകും. കോടതിയില്‍ കേസ് വാദിക്കുന്നത് അന്ന് ഗൗരി തനിച്ചായിരുന്നു. ജഡ്ജി ഗോവിന്ദനാണ് തുടര്‍ച്ചയായ ഡെറ്റിന്യു അറസ്റ്റില്‍നിന്നും ഗൗരിയെ മോചിപ്പിച്ചത്. അങ്ങനെ 1950 ആഗസ്റ്റ് ഒന്നിന് ഗൗരി ജയിലില്‍നിന്നും മോചിതയാകപ്പെട്ടു. നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും മേലാസകലം നീറ്റലും വേദനയും ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍. ഈ ദുര്‍ഘടസന്ധികളില്‍നിന്നും ഗൗരിയെന്ന കമ്യൂണിസ്റ്റിനു സാന്ത്വനമേകിയത് വലത് കൈവിരലിലണിഞ്ഞിരുന്ന ഒരു ശ്രീകൃഷ്ണന്റെ ചിത്രമുള്ള മോതിരം. ആപത്ബാന്ധവനായ ഭഗവാന്‍ ശ്രീകൃഷ്ണനോട് ഗൗരി മനസ്സുരുകി പ്രാര്‍ത്ഥിച്ചു. മനസ്സിനെ ശാന്തമാക്കാന്‍ ഒപ്പം തന്റെ മാതാവിന്റേയും സഹോദരങ്ങളുടേയും ആയുരാരോഗ്യ സൗഖ്യത്തിനായും ഗൗരി പ്രാര്‍ത്ഥിച്ചു.

അവസാനം ഗൗരി ജയില്‍ മുക്തയായപ്പോള്‍ മോതിരം ഊരി ജയിലിലെ ഒരു വാര്‍ഡനു നല്‍കി. ജയിലില്‍ തന്നെ കരുതിയ ഒരു വാര്‍ഡനോട് കളത്തിപറമ്പില്‍ രാമന്റെ മകള്‍ ഗൗരിക്കുള്ള ഉപകാരസ്മരണ.

ഗൗരി പഴയ സഖാവായി മാറി. ദിവസവും രണ്ടും മൂന്നും മീറ്റിങ്ങുകള്‍, സ്വീകരണ യോഗങ്ങള്‍, സ്വീകരണയോഗങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി പി.കെ. മേദിനിയെന്ന ഗായികയും. ആലപ്പുഴ ചീരംചിറ വാസിയായ പി.കെ. മേദിനി പുന്നപ്ര- വയലാര്‍ സമര സേനാനിയായിരുന്നു.

റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് രക്തസാക്ഷി ഗ്രാമങ്ങളേ,
പുന്നപ്ര-വയലാര്‍ ഗ്രാമങ്ങളേ, പുളകങ്ങളേ വിരപുളകങ്ങളെ എന്ന വിപ്ലവഗാനം മേദിനി പാടുമ്പോള്‍ നിലയ്ക്കാത്ത കയ്യടിയായിരുന്നു ഉണ്‍ ാകുന്നത്, അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി മീറ്റിങ്ങുകളുടെ നോട്ടീസില്‍ പ്രാസംഗികരുടെ പേരിനൊപ്പം ഒരു അറിയിപ്പുകൂടി കൊടുത്തിരുന്നു. മീറ്റിങ്ങില്‍ പി.കെ. മേദിനിയുടെ ഗാനാലാപനവും ഉണ്ടാകും.

മിക്കദിവസങ്ങളിലും പാര്‍ട്ടി മീറ്റിങ്ങ് അല്ലെങ്കില്‍ ജയില്‍ മോചിതയായ ഗൗരിക്കും മറ്റു സഖാക്കള്‍ക്കും സ്വീകരണം. അങ്ങനെ ആലപ്പുഴ കോണ്‍സ്റ്റല്‍ ടാക്കീസില്‍ വച്ച് ഒരു കമ്യൂണിസ്റ്റ് കണ്‍വെന്‍ഷന്‍ നടന്നു. പാര്‍ട്ടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട നാളുകള്‍. മുഖ്യ പ്രാസംഗിക ഗൗരി തന്നെ. ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാതെ നില്‍ക്കുന്ന തിരുവിതാംകൂര്‍ രാജാവിനെതിരെയും പൊലീസിന്റെ ഇഷ്ടക്കാരായി മാറിയ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെയും ഗൗരി കണ്‍വെന്‍ഷനില്‍ വാചാലയായി. ടാക്കീസ് പൊലീസ് വളഞ്ഞു. അറസ്റ്റിനു പിടികൊടുക്കാതെ രക്ഷപ്പെടാന്‍ ടി.വി. മറ്റാരോ മുഖേന ഗൗരിക്ക് നിര്‍ദ്ദേശം നല്‍കി. ടാക്കീസില്‍നിന്നും പുറത്തിറങ്ങിയ ഗൗരി സാരി തലയിലൂടെ പുതച്ച് ഒരു ബാഗും കക്ഷത്തില്‍ വച്ച് വേഗം നടന്നു. പക്ഷേ, സി.ഐ.ഡി പൊലീസ് തങ്കച്ചന്‍ ഗൗരിയെ തിരിച്ചറിഞ്ഞു. അയാള്‍ ഉറക്കെ വിളിച്ചുകൂകി. അതാ പോകുന്നു കമ്യൂണിസ്റ്റ് ഗൗരി. പിടിക്കവളെ, അടിച്ച് വീഴ്ത്തവളെ. പൊലീസുകാര്‍ ഗൗരിക്ക് ചുറ്റും ചാടിവീണു. ലാത്തിവീശാന്‍ ഒരുങ്ങിയ ഒരു പൊലീസുകാരനെ സി.ഐ.ഡി തങ്കപ്പന്‍ തന്നെ വിലക്കി. തല്ലേണ്‍  വലിച്ച് ജീപ്പില്‍ കയറ്റൂ വേഗം. അയാള്‍ പറഞ്ഞു. പൊലീസുകാര്‍ ഗൗരിയെ വലിച്ച് ജീപ്പിന്റെ പിന്നിലേക്കിട്ടു. വിവരം അറിഞ്ഞും കണ്‍ ും ഓടിയെത്തിയതുമായ ടി.വി. അടക്കമുള്ള നേതാക്കളെ പൊലീസുകാര്‍ പിടിച്ച് അറസ്റ്റു ചെയ്തു.

നാല് ജീപ്പുകളിലായിട്ടാണ് അറസ്റ്റ് ചെയ്തവരെ ആലപ്പുഴ സബ് ജയിലിലേക്ക് കൊണ്ടുപോയത്. ജീപ്പിന്റെ പിന്നില്‍ പൊലീസുകാരുടെ ബൂട്ടിന്റെ ചവിട്ടേറ്റിരുന്ന കമ്യൂണിസ്റ്റുകാര്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു. 

മര്‍ദ്ദകാ... മര്‍ദ്ദകാ... നിന്റെ മരണമണിയടിച്ചു...
വിശ്വമാകെയും... നീ കുഴിച്ച 
കുഴിയിലിന്നു നിന്നെമൂടിയിട്ടും 
നീയെടുക്കുമായുധത്താല്‍- 
നിന്നെയും ചുടും... 

ആലപ്പുഴ സബ് ജയിലില്‍നിന്നും പിന്നീട് എല്ലാവരേയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിനു കളം ഒരുങ്ങി. ഗൗരി വീണ്ടും ചേര്‍ത്തലയില്‍ നിന്നുതന്നെ പ്രതിക നല്‍കി. പ്രചാരണംപോലും രഹസ്യമായാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി ജയിലിലും. ഗൗരി മാത്രമല്ല, ടി.വി. അടക്കം പലരും ജയിലില്‍ കിടന്നുതന്നെയാണ് 1952-ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം ആര്‍.എസ്.പിയും കെ.എസ്.പിയും കൈകോര്‍ത്തിട്ടുണ്ട്. ഈ മുന്നണിയുടേതായി 108 സ്ഥാനാര്‍ത്ഥികള്‍. വോട്ടെണ്ണിയപ്പോള്‍ ഇതില്‍ 32 പേര്‍ വിജയിച്ചു. കൂട്ടത്തില്‍ കെ.ആര്‍. ഗൗരിയും. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നാണ് എല്ലാവരേയും ജയില്‍ വിമുക്തരാക്കിയത്.

1948-ലെ തിരുക്കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരാളിനു മാത്രം വിജയിക്കാന്‍ കഴിഞ്ഞ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കിത് അഭിമാനനിമിഷമായി മാറി. ഇന്നലെവരെ ഒളിവില്‍ കഴിഞ്ഞിരുന്ന പാര്‍ട്ടി സഖാക്കള്‍ തെരുവിലേക്കിറങ്ങി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. അവരുറക്കെ വിളിച്ചു... 

ഇങ്ക്വിലാബ് സിന്ദാബാദ് 
ഉയരട്ടങ്ങനെ ഉയരട്ടെ! 
വാനില്‍ ചെങ്കൊടി ഉയരട്ടെ! 
അടങ്ങുകില്ലിനി ഞങ്ങള്‍ 
അടിമകളല്ല ഞങ്ങള്‍... 
അടിയുറച്ച് നിന്ന്- 
പൊരുതും കമ്യൂണിസ്റ്റുകള്‍ ഞങ്ങള്‍...

ഇത്തവണത്തെ ജയില്‍വാസം കഴിഞ്ഞെത്തിയ ടി.വിക്കും ഗൗരിക്കും സുഗതനുമെല്ലാം ആവേശോജ്ജലമായ സ്വീകരണമാണൊരുക്കിയത്. ആലപ്പുഴയ്‌ക്കൊപ്പം തിരുക്കൊച്ചിയിലും അതിഗംഭീരമായ സ്വീകരണങ്ങള്‍ ഒരുക്കി. ഓച്ചിറയില്‍ നടന്ന ഒരു സ്വീകരണവേദിക്ക് സമീപം ഗൗരിയുടെ കാര്‍ ചെളിയില്‍ പുതഞ്ഞു. കണ്ടുനിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൗരിയെ ഉള്‍പ്പെടെ പൊക്കിയെടുത്ത് വേദിക്ക് സമീപമെത്തിച്ചു. കൊല്ലത്തും കോട്ടയത്തും കൊച്ചിയിലുമെല്ലാം നടന്ന സ്വീകരണ സമ്മേളനങ്ങളിലേക്ക് ആളുകള്‍ ഒഴുകിയെത്തി.

---
പി.എസ്. സതീഷ് കുമാര്‍ എഴുതിയതും ഉടന്‍ പ്രസിദ്ധീകരിക്കപ്പെടുന്നതുമായ കെ.ആര്‍. ഗൗരിയമ്മയുടെ ജീവചരിത്ര ഗ്രന്ഥമായ 'കനലോര്‍മ്മകളില്‍' നിന്നുള്ള ഭാഗങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com