'പങ്കായം വീണുപോയ നൗക'- വിട പറഞ്ഞ കഥാകൃത്ത് വി.ബി ജ്യോതിരാജിനെക്കുറിച്ച്

കാണാത്ത ഒരുവളോടൊന്നിച്ചുള്ള പ്രയാണങ്ങള്‍. അതാണ് ജ്യോതിരാജിന്റെ മരണപത്രം എന്നുകൂടി വിളിക്കാവുന്ന 'ഏതോ ഒരാള്‍' എന്ന കഥ
വി.ബി ജ്യോതിരാജ്
വി.ബി ജ്യോതിരാജ്

രണപത്രത്തില്‍ സ്‌നേഹത്തിന്റേയും കാമത്തിന്റേയും രതിയുടേയും കണക്കുകള്‍ ആരും രേഖപ്പെടുത്താറില്ല.

അതും, കാണാത്ത ഒരുവളോടൊന്നിച്ചുള്ള പ്രയാണങ്ങള്‍. അതാണ് ജ്യോതിരാജിന്റെ മരണപത്രം എന്നുകൂടി വിളിക്കാവുന്ന 'ഏതോ ഒരാള്‍' എന്ന കഥ.

മരണത്തിന്റെ തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ ഒരാള്‍ക്ക് സൈബര്‍ ലോകം നല്‍കിയ സ്‌നേഹവായ്പുകളാണത്. അല്ലെങ്കില്‍ മരണത്തിനു മുന്നിലെ മനുഷ്യന്‍ തികഞ്ഞ യാഥാര്‍ത്ഥ്യമെന്ന രീതിയില്‍ അണയാന്‍ വെമ്പിയ ഒരു അനുഭവത്തിന്റെ ബാക്കിപത്രം.

വരാനിരിക്കുന്ന മരണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചുമൊക്കെ പലരും കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഇത് അതൊന്നുമല്ല. 'ഏതോ ഒരാള്‍' എന്ന കഥയുടെ ശീര്‍ഷകംപോലെ ഒരാളുടെ ജീവിതത്തിലെ പല പല കാലങ്ങളിലെ അനുഭവങ്ങള്‍ ഒരു കൊളാഷ് കണക്കെ മരണത്തിനു തൊട്ടു മുന്നിലുള്ള ഒരനുഭവത്തോട് സമ്മേളിക്കുന്ന വിധമാണ് കഥ.

വി.ബി. ജ്യോതിരാജ് സമകാലിക മലയാളം വാരികയില്‍ 2021 ജനുവരി 25-ല്‍ എഴുതിയ 'ഏതോ ഒരാള്‍' ഒരു അറംപറ്റിയ രചന എന്ന പേരില്‍ വര്‍ഗ്ഗീകരിച്ച് മാറ്റിനിര്‍ത്താം.

അതിനുശേഷം തന്റെ മരണത്തിനു മുന്‍പ് വി.ബി. ജ്യോതിരാജ് കഥയെഴുതിയോ എന്നോ മറ്റെന്തെങ്കിലും പറഞ്ഞോ എന്നൊന്നും എനിക്കറിയില്ല. പറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു എഴുത്തുകാരന്‍ എന്നറിയാന്‍ കഴിഞ്ഞിരുന്നു.

എന്‍.എന്‍. കക്കാട് എന്ന കവിയുടെ അനുഭവരാശിയില്‍ ഇരുളും വെളിച്ചവുമായി പടര്‍ന്നു കിടക്കുന്ന ജീവിതത്തെ സംബന്ധിച്ചും ഒടുവില്‍ വന്നെത്തുന്ന മരണത്തെ സംബന്ധിച്ചുമുള്ള ആ വരികള്‍ തന്നെ ഓര്‍മ്മയിലെത്തുന്നു:

''വ്രണിതമാം കണ്ഠത്തിലിന്നു
നോവിത്തിരിക്കുറവുണ്ട്.
വളരെ നാള്‍ കൂടി ഞാന്‍ നേരിയ
നിലാവിന്റെ 
പിന്നിലെയനന്തതയിലലിയുന്നിരുള്‍ നീലിമയില്‍
എന്നോ പഴകിയൊരോര്‍മ്മ മാതിരി
നിന്നു വിറയ്ക്കുമീ 
യേകാന്തതാരകളെ നിന്നൊട്ടു 
നീ തൊട്ടുനില്‍ക്കൂ...''

സഫലമീ യാത്രയിലെ കവിയുടെ രോഗാനുഭവം ജ്യോതിരാജിനുമുണ്ടായിരുന്നു. കവിതയിലെ സഖി പുതിയ കാലത്തിന്റെ ജീവിതവും സാങ്കേതികതയും കൈമുതലാക്കി വന്നവള്‍ തന്നെ. കവിതയിലെ അവള്‍ മൂര്‍ത്തവും അമൂര്‍ത്തവുമായ അനുഭവരാശികളില്‍ വിരാജിക്കുന്നതു പോലത്തെ അവസ്ഥയും ഇവിടെയില്ലാതില്ല. പിന്നെയെന്താണ് വ്യത്യാസം എന്നല്ലേ?

അതാണ് കഥാകാരന്റെ അവസാന വാക്കുകള്‍ പോലത്തെ ഈ കഥയുടെ സവിശേഷത. കഥ അന്നുതന്നെ എന്നെ വായിപ്പിച്ച വിധമാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. മരണത്തിനു തൊട്ടു മുന്‍പ് അവനവനിലെ ബുദ്ധിയും മനസ്സും അഥവാ വിചാരവും വികാരവും ഏറ്റുമുട്ടുമ്പോള്‍ സംഭവിക്കുന്ന ഒന്നാണത്.

അത് ഏറ്റവും പുതിയ കാലത്തെ സംബോധന ചെയ്യുന്നു എന്നതുകൊണ്ട് ഏറ്റവും അധികം വേദനിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന കഥയായി മാറുകയും ചെയ്തു. മനുഷ്യജീവിതത്തെ പ്രണയവും മരണവും കാമവും രതിയുമായി ബന്ധപ്പെടുത്തി ആഴത്തില്‍ വിചാരണ ചെയ്യുന്ന ഒന്ന്.

കഥയെ ഒരു മരണപത്രമായി കാണുക എന്ന ഗൂഢോദ്ദേശ്യം എന്നെപ്പോലുളള വായനക്കാരില്‍ അന്നുതന്നെ ഉണ്ടായിരുന്നോ? അതോ വായനക്കാരെ അത്തരത്തില്‍ത്തന്നെ വായിപ്പിക്കാന്‍ കഥാകാരന്‍ കൃത്യമായി ഉദ്ദേശിച്ചിരുന്നോ?

അതുകൊണ്ടായിരിക്കാം ഇന്ന് വി.ബി. ജ്യോതിരാജ് എന്ന കഥാകാരനെ മരണം വന്ന് വായിച്ച ദിവസം, മരണത്തെ കഥാകാരന്‍ എങ്ങനെയാണ് തിരിച്ചു വായിച്ചത് എന്നറിയാനുള്ള കൗതുകത്തില്‍ വീണ്ടും ഞാനാ കഥയെ പുനര്‍വായിച്ചത്.

'ഏതോ ഒരാള്‍' എന്ന കഥയുടെ പേര് അന്വര്‍ത്ഥമാവുന്നത് അത് ഞാനോ നീയോ അവനോ ആരുമായിക്കൊള്ളട്ടെ, ഏറെ വേദന കലര്‍ന്ന ഒരു സ്വരത്തില്‍ മാത്രം വായിച്ചെടുക്കാന്‍ കഴിയുന്ന ഒന്നായി മാറുന്നു എന്നതുകൊണ്ടാണ്. മനുഷ്യന്റെ അവസാനിക്കാത്ത കാമനകളെ അതെങ്ങനെ അടയാളപ്പെടുത്തുന്നു എന്നിടത്താണ്, പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് മനുഷ്യന്‍ ഒരിറ്റു ശ്വാസത്തിനായി പൊരുതുമ്പോള്‍ അവനിലെ കാമാതുരമായ ജീവിതാവസ്ഥകള്‍ എന്താണ്? ഭക്ഷണവും ശ്വാസവുംപോലെ താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരിണയുടെ ഉടല്‍ സഞ്ചാരങ്ങളില്‍ മനസ്സും ശരീരവും കൊരുത്തിടുന്ന അവസ്ഥ. പിന്നീട് അതിനു സംഭവിക്കുന്ന പരിണാമങ്ങള്‍. ഇത്തരം ഒന്നിലൂടെ ജീവിതം, പ്രണയം, കാമം, രതി, മരണം എന്നീ അവസ്ഥകളെ സമഗ്രമായി ദര്‍ശിക്കാനും അതോടൊപ്പം ഇഴപിരിച്ചെടുക്കാനും എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.

കഥ തുടങ്ങുന്നത് കൊവിഡ് കാലത്തുതന്നെയാണ്. കഥയിലേയ്ക്കുള്ള പ്രവേശിക എടുത്തു പറയാനാവാതെ കഥയിലേയ്ക്ക് കടക്കാന്‍ ആവില്ല എന്നതുകൊണ്ട് എഴുത്തുകാരന്റെ വാക്കുകളിലൂടെ തന്നെ സൂചിപ്പിക്കട്ടെ.

''അവന്‍ ഒരു മരണപുസ്തകം വായിക്കുകയായിരുന്നു. കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ട്. മരണനേരത്ത് ഒരാളുടെ അവസാനത്തെ ഓര്‍മ്മകള്‍ എന്തായിരിക്കും? ഒരുപാട് പേര്‍ മരിച്ചു വീഴുമ്പോള്‍ ആരും ആരെക്കുറിച്ച് ഓര്‍ത്ത് കരയാതെയാകും, മരിച്ചുകിടക്കുമ്പോഴും കനത്ത ശോകഭാരം ചിലരുടെ മുഖത്തു കാണും. ജീവിതം ജീവിച്ചു തീര്‍ന്നിട്ടില്ലാത്തതിന്റെ അസംതൃപ്തി അസ്ഥികളിലും ദ്രവിക്കാത്തവണ്ണം ചിലരുടെ ശവക്കുഴിയില്‍ പൂക്കുന്നുണ്ടാകും.''

ജീവിതം ജീവിച്ചു തീര്‍ന്നിട്ടില്ലാത്തതിന്റെ അസംതൃപ്തി ഒരു മനുഷ്യനെ സംബന്ധിച്ച്, മരണത്തെ സംബന്ധിച്ച് ഏറ്റവും യുക്തിസഹമായ ഒരു വിലയിരുത്തല്‍ അതുതന്നെയാണ്. അതൊരു ഭൂരിപക്ഷ മതം കൂടിയാണ്.

ഈയൊരു കാലത്തുനിന്നും കഥ തികച്ചും വൈയക്തികമായ ഒന്നിലേയ്ക്ക് മാറുന്നുണ്ട്. ഇതുവരെ വായിച്ചുവെച്ച ഏടുകളെ മുഴുവന്‍ അപ്രസക്തമാക്കുന്ന മരണമെന്ന വേര്‍പാടിന്റെ അനിവാര്യതയാണത്. അത്തരം ഒരവസ്ഥയെ ആവിഷ്‌കരിക്കാന്‍ എഴുത്തുകാരന്‍ ഉപയോഗിക്കുന്ന ബിംബങ്ങള്‍ക്ക് ഏകാന്തവും അതിദാരുണവും ദു:ഖഭരിതവുമായ ഒരു മുഖമുണ്ട്. ഒരു നട്ടുച്ച നേരത്തെ അലതല്ലുന്ന കടല്‍. വിജനമായ ഒരു പകലിന്റെ മദ്ധ്യത്തില്‍ എവിടെയോ ഉള്ള ഒരു വീടിന്റെ മുഷിഞ്ഞ അകത്തളം. അവിടെ ഏകാന്തതയില്‍ തുണിക്കീറലുകള്‍ തുന്നുന്ന പെണ്‍കുട്ടി.

എണ്ണമയമില്ലാത്ത മുടി ചറപറാ എന്നു മാന്തിക്കൊണ്ട് അവള്‍ ഒരു നാടന്‍പാട്ട് മൂളുന്നു. വേര്‍ഡ്സ്വര്‍ത്തിന്റെ സോളിറ്ററി റീപ്പറിലെ പെണ്‍കുട്ടിയെപ്പോലെ അവള്‍ പാടുന്നത് ഏകാന്തതയെക്കുറിച്ചു തന്നെയാണ്.

ഷേക്സ്പിയറുടെ സോണറ്റിലും വേര്‍ഡ്സ്വര്‍ത്തിന്റെ കവിതയിലും ആ പെണ്‍കുട്ടിയുടെ കയ്യില്‍ കാലത്തിന്റെ ഒരു കൊയ്ത്തരിവാളുണ്ട്. ശെരസഹല യലിറശിഴ എന്ന വാക്കാണ് Wordsworth അവിടെ ഉപയോഗിക്കുന്നത്. ഇവിടുത്തെ കഥയിലും ഒരു പെണ്‍കുട്ടി കടന്നുവരുന്നുണ്ട്. അവളാണ് കഥയെ നിര്‍ണ്ണയിക്കുന്നത്. കഥയെ മാത്രമല്ല, കഥയിലെ ഏതോ ഒരാളുടെ ജീവിതവും പ്രണയവും മരണവും നിര്‍ണ്ണയിക്കുന്നത്.

കഥയിലെ ജീവിത കാമനകള്‍

ഇനി ജ്യോതിരാജിന്റെ കഥയിലൂടെ തന്നെ ഏകാന്തമായി സഞ്ചരിക്കാം. കഥയുടെ ഒരു വലിയ പ്രത്യേകത കഥാകാരന്റെ ആത്മഗതം എന്നതിലുപരി കഥയുടെ ശീര്‍ഷകം പോല അത് ഞാനോ നീയോ അവനോ അവളോ എന്ന രീതിയില്‍ പരസ്പരം മാറിമറിയുന്നു എന്നതാണ്.

ഞാന്‍ എന്ന ഒറ്റ വീക്ഷണകോണില്‍ കഥ ഒതുങ്ങിനില്‍ക്കാതെ പലരിലേയ്ക്കും പല കാലങ്ങളിലേയ്ക്കും പ്രയാണം നടത്തുന്നു. ഒടുവില്‍ വീണ്ടും വര്‍ത്തമാനകാലത്തില്‍ത്തന്നെ എത്തി നില്‍ക്കുന്നു.

പ്രവാസം എന്ന വാക്കിന് അര്‍ത്ഥമെഴുതി വിശദീകരിക്കാനാവില്ല. എത്രയോ കാലം പ്രവാസിയായിരുന്ന ഒരാള്‍ അത്തരം ജീവിതത്തിനൊടുവില്‍ സ്വന്തം നാട്ടിലേയ്ക്ക് പറിച്ചു നടപ്പെടുന്നു. ഹെമിംഗ് വേയുടെ 'കടലും കിഴവനും' നോവലിലെ കഥാപാത്രംപോലെ ഒരു തിമിംഗലത്തിന്റെ അസ്ഥികൂടവുമായാണ് അയാള്‍ നാട്ടില്‍ വന്നിറങ്ങുന്നത്. ആര്‍ക്കും വേണ്ടാത്ത ഒരു പാഴ്വസ്തു പോലെ കിടപ്പുമുറിയുടെ ഏകാന്തതയില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്ന അയാള്‍.

സുന്ദരിയായ ഭാര്യയുടെ പ്രണയത്തുടിപ്പുകള്‍, മക്കളോടൊത്തുള്ള സഹവാസം എല്ലാം അയാള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു.

അത്തരം ഒരവസ്ഥയില്‍ എങ്ങനെയോ അയാള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ കയ്യില്‍ കിട്ടുന്നു. അതയാള്‍ക്ക് ഭാരമായിരുന്നു.

അതിലൂടെ വരുന്ന വര്‍ത്തമാനങ്ങള്‍ അയാളെ കുറ്റപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. അതിനിടയിലാണ് അയാള്‍ക്ക് അവള്‍ എന്നു പറയുന്നവളില്‍നിന്നും ഒരു എസ്.എം.എസ്. സന്ദേശം ലഭിക്കുന്നത്. അത് അയാളുടെ നെഞ്ചിടിപ്പിന്റെ വേഗം വര്‍ദ്ധിപ്പിക്കുന്നു. മൊബൈല്‍ ഫോണിനകത്തെ കടലിരമ്പം അയാളില്‍ സൃഷ്ടിക്കുന്ന അനുഭൂതിസാരങ്ങളാണ് പിന്നീട് കഥയില്‍. അത് അയാളില്‍ ഒരു സമ്മിശ്ര വികാരം ജനിപ്പിക്കുന്നുണ്ട്; സ്ഥലകാലങ്ങള്‍ക്കപ്പുറത്തെവിടെയോ നിന്ന്, ഏതോ വിദൂരതയില്‍നിന്ന് അവളുടെ ശബ്ദം ഒഴുകി വരുന്നു.

ആ ശബ്ദം അയാളില്‍ ജനിപ്പിക്കുന്ന വികാരങ്ങള്‍ എന്ത് എന്ന് അയാള്‍ പറയുന്നുണ്ട്. ''എന്നെക്കുറിച്ച് അവള്‍ പറഞ്ഞതുകേട്ട് എനിക്ക് ചിരി വന്നു. ചിരിയോടൊപ്പം കണ്ണുനീര്‍ ഒലിച്ചിറങ്ങി. കവിളുകള്‍ നനഞ്ഞു. ഞാന്‍ സ്‌നേഹമുള്ളവനാണത്രെ. വിശ്വസ്തനും നല്ലവനുമാണത്രെ. എന്നെപ്പോലെ ഒരാള്‍ ഈ ഭൂമിയില്‍ ആയിരത്തിലൊരാളാണ് പോലും! അത് കേട്ടപ്പോള്‍ എനിക്ക് എന്നോടുതന്നെ പരമപുച്ഛവും വെറുപ്പും തോന്നി. എന്തൊക്കെ പറഞ്ഞിട്ടും അവള്‍ക്കാകട്ടെ, ഒരു പല്ലവി മാത്രം.

ഐ ലൗ യു, ഐ ലൗ യു ...''

അവര്‍ക്കിടയിലെ ബന്ധം എല്ലാ അതിര്‍ത്തികളേയും ഭേദിക്കുന്നു.

അവള്‍ ഇങ്ങനെ പറയുന്നതായി അയാള്‍ കേള്‍ക്കുന്നു: ''എനിക്ക് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യം എന്താണെന്ന് നിനക്കറ്യാമോ? എന്റെ വായില്‍ക്കൂടിയും കണ്ണില്‍ക്കൂടിയും പൊക്കിളില്‍ കൂടിയും എല്ലാ ദ്വാരങ്ങളിലൂടെയും നിന്നില്‍നിന്നു ഗര്‍ഭം ധരിക്കണം.''

അയാളുടെ അവളോടുള്ള ആസക്തികള്‍ ഹൃദയത്തിലൂടെയും തലച്ചോറിലൂടെയും കവിഞ്ഞൊഴുകി. അവളോടൊപ്പമുള്ള ഉറക്കമില്ലാത്ത രാത്രികള്‍. ഏതോ അജ്ഞാതകേന്ദ്രത്തില്‍ നിന്നുള്ള ഗൂഢശക്തി അയാളുടെ വിചാരങ്ങളെ, വികാരങ്ങളെ, ചോര്‍ത്തിയെടുക്കുന്നതുപോലെയുള്ള അനുഭവം.

രതിയുടേയും കാമത്തിന്റേയും പല പല സാധ്യതകള്‍ അവളിലൂടെ അയാള്‍ക്ക് കൈവരുന്നു. ലൈംഗികഗന്ധമുള്ള മോശപ്പെട്ട വാക്കുകള്‍ അവര്‍ പരസ്പരം കൈമാറുന്നു. അവള്‍ അയാള്‍ക്കയച്ചു കൊടുക്കുന്ന കാപ്സ്യൂള്‍ രൂപത്തിലുള്ള നീലക്കഥകള്‍. നിറയെ തെറിവാക്കുകള്‍. ഉദ്ധാരണ സമയത്ത് അയാളുടെ ലിംഗത്തിന്റെ നീളം എത്രയാണെന്ന അവളുടെ ചോദ്യം. അവളുടെ അടിവസ്ത്രത്തിന്റെ നിറം. അവളുടെ ദുര്‍ഗന്ധമുള്ള ശരീരഭാഗങ്ങള്‍ അയാള്‍ക്കേറ്റവും അടുപ്പം തോന്നിക്കുന്ന വിധം.

അയാള്‍ ഒരു കഥാകാരനാണെന്നറിഞ്ഞ അവള്‍ കഥയ്ക്ക് ഒരു സാര്‍വ്വദേശീയ ഭാഷയുണ്ടോ എന്നു ചോദിക്കുന്നുണ്ട്. എന്നാല്‍, അയാള്‍ അവളുടെ ശരീരം എന്ന സാര്‍വ്വദേശീയ ഭാഷയില്‍ മാത്രം സംസാരിക്കുന്ന ഒരു കാട്ടുമൃഗമായി മാറുന്നു.

അതിനിടയിലെവിടെയോ വീണ്ടും അയാള്‍ അയാളെത്തന്നെ തിരയുന്നു. പങ്കാളിയെ പ്രാണനു തുല്യം സ്‌നേഹിക്കുന്ന ഒരാള്‍ എന്നതിനപ്പുറം അയാള്‍ ഏതൊരു നേരവും അവള്‍ എന്ന ശരീരത്തിന്റെ ഇംഗിതത്തെക്കുറിച്ചുള്ള ഒഴിയാബാധയില്‍ മാത്രം പുലരുന്നു. അവളാകട്ടെ, ദിനം പ്രതി ആത്മാവില്ലാത്ത ഒരു ജഡശരീരമായി അയാളില്‍ മരിച്ചുകൊണ്ടിരിക്കുന്നു. അവള്‍ അയാള്‍ക്ക് ഉടല്‍ രഹസ്യങ്ങളുടെ തീരാത്ത അക്ഷയഖനിയാകുന്നു.

ഇനി ഞാന്‍ വീണ്ടും വി.ബി. ജ്യോതിരാജ് എന്ന എഴുത്തുകാരന്റെ ജീവിതപുസ്തകം വായിക്കുകയാണ്. തൊണ്ടയില്‍ അര്‍ബുദ ബാധിതനായി ശരീരം മുഴുവന്‍ ക്ഷയിച്ച് ഒരു വാക്കും ഉരിയാടാനാവാതെ ഇരിക്കുന്ന അവസ്ഥയില്‍ വീണ്ടും ജീവിതമെന്ന അക്ഷയഖനിയെ വാരിപ്പുണരാനും ജീവിക്കാനും എഴുതാനുമുള്ള അദമ്യമായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഇത് ഏതൊരു സാധാരണ മനുഷ്യന്റേയും അവസ്ഥ തന്നെയാണ്. 

തന്റെ കാല്‍ച്ചുവട്ടില്‍നിന്നു ജീവിതം നഷ്ടപ്പെട്ടതുപോലെയാണ് കഥയുടെ പിന്നീടുള്ള ഘട്ടത്തില്‍ അയാള്‍ക്ക് അവളെ നഷ്ടപ്പെടുന്നത്. അയാളുടെ മെസ്സേജ് ബോക്‌സ് വീണ്ടും ശൂന്യമാകുന്നു.

അവളെ തിരിച്ചുവിളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരപരിചിതന്‍ ഫോണെടുക്കുന്ന അനുഭവവും പിന്നീട് മനസ്സിലാകാത്ത ഭാഷയില്‍ ആ അപരിചിതന്‍ എന്തൊക്കെയോ അയാളോട് പറയുകയും ചെയ്യുന്നു.

അവള്‍ തെരുവുഗുണ്ടകള്‍ക്ക് അടിമപ്പെടുകയോ അതുമല്ലെങ്കില്‍ ആത്മഹത്യ ചെയ്തിരിക്കുകയോ ആവാമെന്ന് അയാളുടെ മനോഗതം പറയുന്നുണ്ടായിരുന്നു. പിന്നീട് മനസ്സിലാകുന്ന ഭാഷയില്‍ ഒരു സ്ത്രീ ശബ്ദം അയാളോട് എന്റെ മകളെ നീ എന്തു ചെയ്യുകയായിരുന്നുവെന്നു ചോദിക്കുന്നു.

കഥയില്‍ ഞാനും നീയും അവനും അവളും അപരിചിതനും അമ്മയും മകളും ഒക്കെയായി വന്നു ഭവിക്കുന്ന ശ്ലഥബിംബങ്ങള്‍. നമ്മളെക്കൊണ്ട് ഒരു എഴുത്തുകാരന്റെ മരണപത്രം തന്നെയാണ് വായിപ്പിക്കുന്നത്. ആ മരണപത്രത്തില്‍, ജീവിക്കാനുള്ള അടങ്ങാത്ത അഭിവാഞ്ഛ അവളുടെ നഗ്‌നശരീര ഭൂപടത്തിന്റെ നിമ്നോന്നതങ്ങളിലൂടെ തെളിയുന്നു.

സ്ത്രീ ശരീരം അവന്റെ ആവിഷ്‌കാരത്തില്‍ അനന്തസാധ്യതകള്‍ വരച്ചിടുന്നു.

കഥയുടെ തുടക്കം ജീവിതമെന്ന ശ്വാസത്തിനായി കേഴുന്ന ലോക്ക്ഡൗണ്‍ കാലം തന്നെയാണ്. കഥയുടെ ഒടുവെത്തുമ്പഴും കാലം മാറിയിട്ടില്ല.

''ഇതെഴുതിയത് ലോക്ഡൗണ്‍ നാളുകളിലെ ഇടവേളയിലാണ്. മുറ്റത്തെ സപ്പോട്ട മരത്തില്‍ പേരറിയാത്ത ഒരു കിളി കൂ കൂ കരയുന്നുണ്ട്. നേരമിപ്പോള്‍ വെളുത്തുവരുന്നതേയുള്ളു. കുറേയേറെ ദിവസങ്ങള്‍ ഞാനുറങ്ങാറില്ലായിരുന്നു.

ശ്വസിക്കാനാവാത്തവിധം ഒരു ശ്വാസതടസ്സം തൊണ്ടയിലിപ്പോള്‍ കുറുകിയിരിക്കുന്നു. അവളിപ്പോള്‍ എവിടെയായിരിക്കും? ആ പെണ്‍കുട്ടി...

പ്രായപൂര്‍ത്തിയാകാത്ത...

കഥയുടെ ഒടുവില്‍ മനുഷ്യന്റെ വന്യമായ കാമനകള്‍ക്ക് സാരള്യത്തിന്റെ, സൗമ്യതയുടെ, കാരുണ്യത്തിന്റെ മുഖം കൈവരുന്നു. ഒരുകാലത്തെ തീവ്ര പ്രണയസഞ്ചാരങ്ങള്‍ക്കൊടുവില്‍ അവളുടെ മാംസത്തിന്റെ നിശ്ശബ്ദദേവാലയം അവന്റെ പ്രാര്‍ത്ഥനകള്‍കൊണ്ട് മുഖരിതമാകുന്ന നിമിഷം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആ വരികള്‍ വീണ്ടും പ്രസക്തമാകുന്നു:

''അരുത് ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക.
സമയമാകുന്നു പോകുവാന്‍ രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍''

വീണ്ടും കക്കാടിന്റെ കവിത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
രതികാമനകള്‍ക്കപ്പുറം അവള്‍ ജീവിതത്തിന് ഊന്നുവടിയാകേണ്ടവള്‍ തന്നെ.

''ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ''

കഥാകാരനുമായി തീവ്രമായ ഹൃദയബന്ധം ഉണ്ടായിരുന്നു. അവസാന നാളുകളില്‍ ഒന്ന് നേരിട്ട് കാണാന്‍ ആഗ്രഹിച്ചു. കഴിഞ്ഞില്ല. എഴുത്തുകാരനായ ഉദയശങ്കര്‍ അദ്ദേഹത്തെ പോയി കണ്ട അനുഭവം പങ്കുവെയ്ക്കുകയുണ്ടായി.
പ്രതിഭാശാലിയായ, വികൃതിയായ കഥാകാരാ, ഉദയശങ്കര്‍ താങ്കള്‍ക്കായി എഴുതിയ കവിതയിലെ വരികള്‍കൊണ്ട് സ്‌നേഹാഞ്ജലി:

''പങ്കായം വീണുപോയ നൗക
ചോര തുടിക്കുന്ന 
കയ്യെഴുത്തു പ്രതി
തമസ്സ് മാത്രം
അവശേഷിപ്പിക്കുന്ന
വ്യര്‍ത്ഥതയുടെ വിതുമ്പല്‍
നീ പിന്‍വിളി കാതോര്‍ക്കാതെ
വിലയിച്ചിരിക്കുന്നു.
നിശ്ശൂന്യമായിരിക്കുന്നു.
നിശ്ശബ്ദമായിരിക്കുന്നു.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com