രാജീവ് ഗാന്ധിയുടെ ഓര്‍മ്മയ്ക്ക് 30 വര്‍ഷം... കോണ്‍ഗ്രസ് ഓര്‍മ്മയായി മാറുന്ന 30 വര്‍ഷം

ഇന്ന് രാജ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും അനുഭവിക്കുന്ന നന്മകളുടേയും തിന്മകളുടേയും വേരുകള്‍ ആഴത്തില്‍ കിടക്കുന്നത് രാജീവ് ഗാന്ധി രാഷ്ട്രനായക സ്ഥാനത്തും സംഘടനാനേതൃത്വത്തിലും ഇരുന്ന ഒരു കാലത്തിലാണ്
രാജീവ് ഗാന്ധി/ ഫെയ്സ്ബുക്ക്
രാജീവ് ഗാന്ധി/ ഫെയ്സ്ബുക്ക്

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ് തമിഴ് പുലികളുടെ ചാവേറാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഇക്കഴിഞ്ഞ മെയ് 21ന് മുപ്പതുവര്‍ഷം പൂര്‍ത്തിയായി ആ സംഭവം നടന്നിട്ട്. 47 വയസ്സായിരുന്നു കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്.  പല നിലയ്ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുമ്പെട്ട് അവ പൂര്‍ത്തീകരിക്കാനാകാതെ മടങ്ങേണ്ടിവന്ന നേതാവായിരുന്നു അദ്ദേഹം. സാമൂഹിക-സാമ്പത്തികരംഗങ്ങളില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച രാഷ്ട്രത്തേയും ഒരു ദശകത്തിനു മുന്‍പേ തകര്‍ന്നു തുടങ്ങിയ സ്വന്തം രാഷ്ട്രീയപാര്‍ട്ടിയേയും രക്ഷിച്ചെടുക്കാനുള്ള വലിയ ദൗത്യമായിരുന്നു രാജീവ് ഗാന്ധി ഏറ്റെടുത്തിട്ടുണ്ടായിരുന്നത്. ഇന്ന് രാജ്യവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അനുഭവിക്കുന്ന നന്‍മകളുടേയും തിന്മകളുടേയും വേരുകള്‍ ആഴത്തില്‍ കിടക്കുന്നത് അദ്ദേഹം രാഷ്ട്രനായകസ്ഥാനത്തും സംഘടനാനേതൃത്വത്തിലും ഇരുന്ന ഒരു കാലത്തിലാണ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇനിയൊരു വീണ്ടെടുപ്പില്ലാത്ത വിധം അനാഥമായതാകട്ടേ കോണ്‍ഗ്രസ് പാര്‍ട്ടിയും. അതു പിന്നീട് തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയും ചെയ്തു.
  
അടിയന്തരാവസ്ഥയ്ക്കുശേഷം കോണ്‍ഗ്രസ്സിനു സംഭവിച്ച മാറ്റത്തിന് ആ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയുമായി വലിയ സമാനതകളുണ്ട്. തോല്‍വിയെ തുടര്‍ന്ന് ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് കാര്യമായ മങ്ങലേല്‍ക്കുകയും അവരുടെ നേതൃത്വം വെല്ലുവിളിക്കപ്പെടുകയും ചെയ്തു. ഇന്ന് നേതൃരാഹിത്യമാണ് പ്രശ്‌നമെങ്കില്‍ അന്നു പ്രശ്‌നമായത് ഇന്ദിരാഗാന്ധിയുടെ നേതൃത്വം വെല്ലുവിളിക്കപ്പെട്ടതാണ്. പൊതുവേ ആശയങ്ങളുടെ ഒരു ഭാരവുമില്ലാത്ത രാഷ്ട്രീയകക്ഷിയാണ് എക്കാലവും കോണ്‍ഗ്രസ് പാര്‍ട്ടി. ആശയപരമായ അടിത്തറ ഇല്ലെങ്കില്‍ പിന്നെ നേതൃത്വത്തിന്റെ അധീശത്വമാണ് രാഷ്ട്രീയകക്ഷികളെ പൊതുവേ സംഘടന എന്ന നിലയില്‍ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഘടകം. അടിയന്തരാവസ്ഥയിലെ തോല്‍വിക്കുശേഷം അതും വെല്ലുവിളിക്കപ്പെട്ടു. അധികാരവുമില്ല സംഘടനയുമില്ല എന്നതായിരുന്നു അവസ്ഥ. 

എന്നാല്‍, '80-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 351 സീറ്റുകളോടെ 42.7 ശതമാനം വോട്ടോടെ ഇന്ദിരാഗാന്ധി തിരിച്ചുവന്നു. ആന്ധ്രപ്രദേശിലെ മേധക്കില്‍നിന്നും ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍നിന്നും അവര്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ജയിച്ചുവന്നത്. പാര്‍ട്ടിയിലെ അവരുടെ അധികാരം വീണ്ടും പഴയപോലെ ചോദ്യം ചെയ്യപ്പെടാത്തതായി മാറി. '80-നുശേഷം ''തികച്ചും പുതിയ ഒരു ഉല്‍പ്പന്നമായി തീരുന്നുണ്ട് കോണ്‍ഗ്രസ്'' എന്നാണ് മുന്‍ പ്രധാനമന്ത്രിയായ ഐ.കെ. ഗുജ്‌റാള്‍ ഒരിക്കല്‍ നിരീക്ഷിച്ചത്. പഴയകാല അനുഭവങ്ങളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് സംഘടനയേയും രാജ്യത്തേയും നയിക്കാന്‍ ഇന്ദിര കൂടുതല്‍ കെല്‍പ്പുനേടിയെന്നത് സ്പഷ്ടമായിരുന്നു. ഒരുകാലത്ത് പശ്ചിമബംഗാളിലൊഴികെ രാജ്യത്തിന്റെ മറ്റിടങ്ങളിലെല്ലാം ദുര്‍ബ്ബലമായിരുന്ന യൂത്ത് കോണ്‍ഗ്രസ് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയ ഉണര്‍വ്വ് നേടിയിരുന്നു അപ്പോഴേക്കും. പഴയ സത്രപികളും സഞ്ജയിന്റെ നേതൃത്വത്തിലുള്ള പുതിയ പടക്കുതിരകളും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചിരുന്നെങ്കിലും പൊതുതെരഞ്ഞെടുപ്പ് ഇന്ദിരയുടേയും പുത്രന്റേയും അപ്രമാദിത്വം ജനം ഒരു കുറ്റമായി കണ്ടില്ലെന്നതിനു തെളിവായി. 

സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1981 ഫെബ്രുവരിയില്‍ അദ്ദേഹം അമേഥിയില്‍നിന്ന് ലോകസഭയിലേക്ക് മത്സരിച്ചു. നേരത്തെ സഞ്ജയ് ഗാന്ധിയുടെ മണ്ഡലമായിരുന്നു 2019-ല്‍ രാജീവിന്റെ മകന്‍ കനത്ത പരാജയം നുണഞ്ഞ അതേ അമേഥി. അധികാര രാഷ്ട്രീയത്തില്‍നിന്ന് അകന്നുനില്‍ക്കാനായിരുന്നു രാജീവ് ഗാന്ധി ആദ്യമൊക്കെ ഇഷ്ടപ്പെട്ടിരുന്നത്. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനോട് രാജീവ് വിയോജിച്ചിരുന്നെന്ന് 'ഓട്ടം ഓഫ് ദ പാട്രിയാര്‍ക്: ഇന്ദിരാഗാന്ധീസ് ഫൈനല്‍ ടേം ഇന്‍ ഒഫിസ്' എന്ന പുസ്തകത്തില്‍ ഡിയേഗോ മയാനാരോ എഴുതിയിട്ടുണ്ട്. 

സ്വന്തം സഹോദരന്റെ മണ്ഡലമായ അമേഥിയില്‍നിന്നും വലിയ ഭൂരിപക്ഷത്തിനാണ് രാജീവ് ഗാന്ധി വിജയിക്കുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഒട്ടും തല്‍പ്പരനല്ലാതിരുന്നയാളായിരുന്ന അദ്ദേഹം ഭരണപരമായ നൈപുണ്യവും മികവും രാഷ്ട്രീയകുശലതയും തനിക്ക് അന്യമല്ലെന്ന് പിന്നീട് തെളിയിച്ചു. 1982-ല്‍ ഏഷ്യന്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം എന്ന നിലയില്‍ അദ്ദേഹം തന്റെ ഭരണപരമായ കഴിവ് പ്രകടമാക്കിയത് ശ്രദ്ധേയമായി. ഇന്ത്യന്‍ ചരിത്രത്തില്‍ ഏഷ്യന്‍ ഗെയിംസ് പല നിലയ്ക്കും ഒരു ടേണിംഗ് പോയിന്റ് ആയിരുന്നു. ഇതര ലോകരാഷ്ട്രങ്ങളുടെ തലസ്ഥാനങ്ങളോട് കിടപിടിക്കുന്ന നിലയില്‍ ദില്ലി ഒരു രാജ്യതലസ്ഥാനത്തിന്റെ എല്ലാ പകിട്ടും ആര്‍ജ്ജിക്കുന്നത് ഏഷ്യന്‍ ഗെയിംസോടു കൂടിയായിരുന്നു. വന്‍തോതിലുള്ള പശ്ചാത്തല സൗകര്യവികസനമാണ് അക്കാലത്ത് ദില്ലിയിലുണ്ടായത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ദില്ലിയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുവേ ജനങ്ങളിലും വിശിഷ്യാ നഗരമധ്യവര്‍ഗ്ഗത്തിലും രാജീവിന്റെ നേതൃപാടവത്തെ സംബന്ധിച്ച് മതിപ്പുനല്‍കാന്‍ ഇടയാക്കി. അതുവരെ കറുപ്പിലും വെളുപ്പിലും മാത്രം തെളിഞ്ഞിരുന്ന കാഴ്ചകള്‍ പലനിറങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് അക്കാലത്താണ്. രാജ്യത്ത് ആദ്യമായി കറുപ്പിലും വെളുപ്പിലുമല്ലാതെ ദൂരദര്‍ശന്‍ സംപ്രേഷണം ആരംഭിക്കുന്നത് ഏഷ്യാഡിനോട് അനുബന്ധിച്ച് 1981 നവംബര്‍ ഒന്നുമുതലാണ്. നിസ്സാരമായ ഇറക്കുമതി തീരുവ നല്‍കിക്കൊണ്ട് 11 ദശലക്ഷം കളര്‍ ടിവികള്‍ ഇന്ത്യയിലെ മധ്യവര്‍ഗ്ഗക്കാര്‍ സ്വന്തമാക്കി. അതിലൂടെ അവര്‍ ഏഷ്യാഡ് കണ്ടു. അയല്‍ക്കാരനെ അസൂയപ്പെടുത്തുന്ന നേട്ടമായി, മധ്യവര്‍ഗ്ഗാഭിലാഷമായി ടെലിവിഷന്‍. 1985 ആകുമ്പോഴേക്കും ജനതയില്‍ 70 ശതമാനത്തിനും ടെലിവിഷന്‍ ലഭ്യമാക്കുമെന്ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചത് ഇന്ത്യക്കാര്‍ ആവേശത്തോടെ കേട്ടു. അതേ ആവേശത്തോടെ ഏഷ്യാഡിന്റെ സംഘാടനത്തിനു നേതൃത്വം നല്‍കിയ രാജീവ് ഗാന്ധിയുടെ ഭരണപരമായ കഴിവിനേയും നോക്കിക്കണ്ടു. ഇന്ദിരാഗാന്ധിയെപ്പോലെ ഇന്ത്യന്‍ ജനതയുടെ ഉല്‍ക്കര്‍ഷേച്ഛ രാജീവ് ഗാന്ധി നിറവേറ്റുമെന്ന് അവര്‍ കരുതി. 

ഇന്ദിരാഗാന്ധിയുടെ അപ്രതീക്ഷിതമായ വേര്‍പാടിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായ അദ്ദേഹം മധ്യവര്‍ഗ്ഗാഭിലാഷങ്ങളെ പരിഗണിക്കുക തന്നെ ചെയ്തു. വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി ജീവിതം മെച്ചപ്പെടുത്താന്‍ അവശ്യം വേണ്ടതെന്നു അവര്‍ കരുതുന്നവയെല്ലാം അവര്‍ക്ക് ലഭ്യമാക്കാന്‍ ഇറക്കുമതിനയം ഉദാരമാക്കി. മധ്യവര്‍ഗ്ഗത്തെ മാത്രമല്ല, ദരിദ്രരും പാര്‍ശ്വവല്‍ക്കൃതരുമടങ്ങുന്ന ജനവിഭാഗങ്ങളേയും ഗ്രാമീണജനതയേയും നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ അദ്ദേഹം പരിഗണിച്ചു. 

ഭരണപാടവവും നയവൈകല്യങ്ങളും 

രാജ്യം ആഭ്യന്തരമായ ശൈഥില്യങ്ങളെ നേരിട്ടുകൊണ്ടിരുന്ന ഒരു കാലം അന്ന് അവസാനിച്ചിരുന്നില്ല മിസോറം, അസം, പഞ്ചാബ് എന്നിവിടങ്ങള്‍ കലാപകലുഷിതങ്ങളായിരുന്നു.  പ്രധാനമന്ത്രിയായിരുന്ന അഞ്ചുവര്‍ഷക്കാലം അദ്ദേഹം പരിശ്രമിച്ചത് ഈ ആഭ്യന്തരപ്രശ്‌നങ്ങളെ ഇല്ലായ്മ ചെയ്യാനും ദേശീയോദ്ഗ്രഥനം ഉറപ്പുവരുത്താനുമായിരുന്നു. ഈ സംസ്ഥാനങ്ങളിലെ കലാപവും അക്രമവും അവസാനിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം കലാപ ഗ്രൂപ്പുകളുമായി സമാധാന കരാറുകളില്‍ ഒപ്പുവെച്ചു. പ്രതിപക്ഷകക്ഷികളെ നേരിടുന്നതിന്റെ ഭാഗമായി ഇന്ദിരാഗാന്ധിയുടെ കാലത്ത് കൈക്കൊണ്ട ചില നടപടികളുടെ സൃഷ്ടിയായിരുന്നു ഇവയെങ്കിലും പിന്നീട് രാജ്യത്തെ തകര്‍ക്കുന്നതരത്തിലേക്കു വളരുമെന്ന് അദ്ദേഹം കണ്ടു.
 
1985-ലാണ് രാജീവ്-ലോംഗോവാള്‍ കരാര്‍ എന്നറിയപ്പെടുന്ന പഞ്ചാബ് കരാര്‍, അകാലിദളിന്റെ പ്രസിഡന്റായിരുന്ന സന്ത് ഹര്‍ചന്ദ് സിംഗ് ലോംഗോവാളുമായി ഒപ്പുവച്ചു. അതേ വര്‍ഷം ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനുമായി (എ.എസ്.യു) ഒരു കരാര്‍ ഒപ്പിട്ടു. ഒരു വര്‍ഷത്തിനുശേഷം, മിസോ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാപകനായ ലാല്‍ഡെംഗയുമായി മിസോ സമാധാന കരാറും ഒപ്പിട്ടു. 'Behind Closed Doors: Politics of Punjab, Haryana and the Emergency' എന്ന പുസ്തകത്തില്‍ പത്രപ്രവര്‍ത്തകന്‍ ബി.കെ. ചം രേഖപ്പെടുത്തുന്നത് ''രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ അമ്മയേക്കാള്‍ ധൈര്യശാലിയാണെന്നും പഞ്ചാബ് പ്രശ്‌നം പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെന്നും'' ലോംഗോവാള്‍ പറഞ്ഞതായിട്ടാണ്. എന്നാല്‍, ആഭ്യന്തരരംഗത്തു മാത്രമല്ല, സ്ഥിതി ഭദ്രമാക്കാന്‍ അദ്ദേഹം തുനിഞ്ഞത്. പാകിസ്താന്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇതര അയല്‍രാജ്യങ്ങളുമായി ബന്ധം കൂടുതല്‍ ശക്തമാക്കാനും രാജീവ് ഗാന്ധി താല്‍പ്പര്യപ്പെട്ടു.

1985 അദ്ദേഹം പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് സ്ഥാപിതമായ സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപറേഷന്‍ (സാര്‍ക്ക്) സ്ഥാപിതമാകുന്നത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവയുമായി ഇതിന് കരാറും ഒപ്പിട്ടു. 
എന്നാല്‍, ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇടപെടാനും തമിഴ്-സിംഹള സംഘര്‍ഷത്തിനു അയവുവരുത്താനും അദ്ദേഹം തുനിഞ്ഞത് പില്‍ക്കാലത്ത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഒടുവില്‍ സമാധാനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെയെടുക്കുകയും ചെയ്തു. 

ആധുനികവല്‍ക്കരണത്തിന്റെ പാതയിലേക്ക് ഇന്ത്യാരാജ്യത്തെ ആനയിച്ചയാളായിരുന്നു രാജീവിന്റെ മുത്തച്ഛന്‍ രാഷ്ട്രശില്പിയായ ജവഹര്‍ലാല്‍ നെഹ്‌റു. എന്നാല്‍, ആധുനികവല്‍ക്കരണത്തിന്റെ രണ്ടാംഘട്ടത്തിനു തുടക്കമാകുന്നത് രാജീവിന്റെ കാലത്താണ് എന്നത് ശ്രദ്ധേയമാണ്. 21-ാം നൂറ്റാണ്ടിലേക്ക് നാടിനെ നയിക്കുകയായിരുന്നു ഉദ്ദേശ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ശാസ്ത്രസാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കും പ്രയോഗത്തിനും അദ്ദേഹം പ്രാധാന്യം നല്‍കി. രാഷ്ട്രീയമായ ചില കണക്കുകൂട്ടലുകളും അദ്ദേഹത്തിനു ഇക്കാര്യത്തിലുണ്ടായിരുന്നു. നേരത്തെ ചൂണ്ടിക്കാണിച്ച മധ്യവര്‍ഗ്ഗാഭിലാഷങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നത് തന്റെ പിന്തുണ വര്‍ദ്ധിപ്പിക്കുമെന്ന തന്നെ രാജീവ് ഗാന്ധി കരുതി. ഒരു തരത്തില്‍ വൈജ്ഞാനിക സമ്പദ്വ്യവസ്ഥയിലേക്ക് ആദ്യ ചുവട് എന്ന നിലയില്‍ അദ്ദേഹം കംപ്യൂട്ടറുകളുടെ ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്തു. 

ഉദാരവല്‍ക്കരണത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചു തുടങ്ങിയ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി. '80-കളുടെ തുടക്കത്തിലേ ട്രേഡ് റിഫോംസിന്റെ രൂപത്തിലും മറ്റുമായി സാമ്പത്തികരംഗത്ത് ചില ഉദാരവല്‍ക്കരണ നടപടികള്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നു. എന്നാല്‍, ഇതിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കണമെന്ന് രാജീവ് ഗാന്ധി കരുതിയിരുന്നു. ഇറക്കുമതി നയങ്ങളുടെ ഉദാരീകരണത്തിന്റെ കൂടി ഫലമായിട്ടാണ് നമ്മുടെ നാട്ടില്‍ ഓട്ടോമൊബൈല്‍  വിപ്ലവത്തിനും പ്രാരംഭമാകുന്നത്. ഇതും രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് സംഭവിക്കുന്നത്. എന്നാല്‍, ഇതിന്റെ ഗുണഫലത്തില്‍ ഒരോഹരി രാജ്യത്തെ യുവാക്കള്‍ക്കു നല്‍കണമെന്ന് അദ്ദേഹത്തിനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തി അദ്ദേഹം കൈക്കൊണ്ട നടപടി ഓട്ടോറിക്ഷയും മറ്റും വാങ്ങി ഉപജീവനം കണ്ടെത്തുന്നതിന് അവര്‍ക്ക് ഉദാരമായി വായ്പ അനുവദിക്കലായിരുന്നു.  

രാജീവ് ഗാന്ധി എന്ന രാഷ്ട്രീയക്കാരന്‍ 

ഒരു പ്രദേശത്ത് ഒരു അതിശക്തനായ നേതാവ്, ഈ അതിശക്തനു ചുറ്റും ചെറിയ കുറേ നേതാക്കളും അനുയായികളും. ഇങ്ങനെ അതിശക്തന്മാരായ നേതാക്കള്‍ വലംവെയ്ക്കുന്ന അവരിലും ശക്തയായ സൂര്യപ്രഭാവമുള്ള ഇന്ദിരാഗാന്ധി എന്ന നേതാവ്. ഇതായിരുന്നു പോയകാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഘടന. ഇന്ദിരാഗാന്ധിയുടെ വിനീതദാസനായി ജീവിക്കാന്‍ തയ്യാറുള്ള സെയില്‍ സിംഗിനെപ്പോലെയും ഇന്ത്യയെന്നാല്‍ ഇന്ദിര എന്നു വിശ്വസിച്ച ഡി.കെ. ബറുവയെപ്പോലെയും ഉള്ള നേതാക്കള്‍ സംഘടനയുടെ വ്യത്യസ്ത ശ്രേണികളെ അലങ്കരിച്ചുപോന്നു. ഈ അവസരത്തിലാണ് സഞ്ജയ് ഗാന്ധി തന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് (ഐ)യെ ശക്തിപ്പെടുത്തുന്നത്. സ്വാഭാവികമായും പഴയ പടക്കുതിരകളും സഞ്ജയ് ഗാന്ധിയുടെ യുവനേതൃത്വവും തമ്മില്‍ വലിയൊരു വൈരുദ്ധ്യം വളര്‍ന്നുവന്നിരുന്നു. എന്നാല്‍, ഇന്ദിര സംഘടനയില്‍ തന്റെ പിടിമുറുക്കം അയവില്ലാതെ തുടര്‍ന്നത് കുറേയൊക്കെ സംഘടനാപരമായ ശൈഥില്യത്തെ പടിക്കു പുറത്തുനിര്‍ത്തി. സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കു അധികാരത്തിന്റെ ഇടനാഴികളില്‍ അനാഥരായി തുടങ്ങുകയായിരുന്നു.

എന്നാല്‍, രാജീവ് ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനം ഇവര്‍ക്കു പ്രതീക്ഷകള്‍ നല്‍കി. യൂത്ത് കോണ്‍ഗ്രസ്സിന് സഞ്ജയ് ഗാന്ധിയുടെ കാലത്തെ പ്രതാപം തിരിച്ചുകിട്ടുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍, നിരാശയായിരുന്നു ഫലം. സഞ്ജയ് ഗാന്ധിയുടെ കൂട്ടാളികളില്‍ പലരേയും അദ്ദേഹം അടുപ്പിച്ചില്ല. സഞ്ജയ് ഗാന്ധിയുടെ അനുയായികളില്‍ പലരും മോശം പ്രതിച്ഛായ ഉള്ളവരായിരുന്നു. മി. ക്ലീന്‍ എന്നു മാധ്യമങ്ങളാല്‍ വിശേഷിപ്പിക്കപ്പെടുന്ന ആളായിരുന്നു രാജീവ് ഗാന്ധി. ഇത്തരക്കാരുമായി ബന്ധമുണ്ടെന്നു വരുന്നത് പ്രതിച്ഛായാനഷ്ടത്തിന് ഇടയാക്കുമെന്ന് അദ്ദേഹം കരുതിക്കാണണം. മിക്കവരേയും അദ്ദേഹത്തിന് വ്യക്തിപരമായി ഇഷ്ടമല്ലായിരുന്നുവെന്ന് മയനാരോ എഴുതുന്നു. 1980 നവംബറില്‍ ഗുലാം നബി ആസാദിനെ യൂത്ത് കോണ്‍ഗ്രസ് (ഐ) അഖിലേന്ത്യാ അദ്ധ്യക്ഷനായി നിയോഗിച്ചത് സഞ്ജയ് ഗാന്ധിയുടെ ആളുകളെ സംരക്ഷിക്കാന്‍ താന്‍ തയ്യാറല്ല എന്ന സന്ദേശം നല്‍കുന്ന നടപടിയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സഞ്ജയ് ഗാന്ധിയുടെ അനുയായികളെയല്ല, സ്വന്തം ആളുകളെയാണ് അദ്ദേഹം സഹായത്തിനെടുത്തത്. 

യൂത്ത് കോണ്‍ഗ്രസ്സിനു പുതുജീവന്‍ നല്‍കുക മാത്രമായിരുന്നില്ല, മറിച്ച് കോണ്‍ഗ്രസ് (ഐ) എന്ന രാഷ്ട്രീയപ്പാര്‍ട്ടിയെ അപ്പാടെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ദൗത്യമാണ് തനിക്കു നിര്‍വ്വഹിക്കാനുള്ളത് എന്നതായിരുന്നു പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെടുന്നതിനു മുന്‍പേ രാജീവ് ഗാന്ധിയുടെ ബോധ്യം. സ്വന്തം ആളുകളെക്കൊണ്ട് സംഘടനയുടെ വിവിധ തലങ്ങള്‍ നിറയ്ക്കുക എന്നതായിരുന്നില്ല ലക്ഷ്യം. പഴയകാലനേതാക്കളുടെ പിടിയലമര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ബദല്‍ എന്ന നിലയിലായിരുന്നു യൂത്ത് കോണ്‍ഗ്രസ്സിനെ സഞ്ജയ് ഗാന്ധി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചതെങ്കില്‍ അതിനു വിരുദ്ധമായി പുതുകാല നേതാക്കളേയും പ്രവര്‍ത്തകരേയും ഒരുക്കിയെടുക്കുന്ന ഒരു പരീക്ഷണശാലയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവിഭാജ്യഘടകവും എന്ന നിലയിലാണ് രാജീവ് ഗാന്ധി യൂത്ത് കോണ്‍ഗ്രസ്സിനെ കണ്ടത്. 1982 സെപ്തംബറില്‍ രാജ്യത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി അദ്ദേഹം പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചുതുടങ്ങി. ഓരോ സംസ്ഥാനത്തും 25-ഓളം ക്യാംപുകള്‍ നടന്നുവെന്നാണ് കണക്ക്. 1983-ല്‍ ദില്ലിയില്‍ ദേശീയ ക്യാംപും സംഘടിപ്പിക്കപ്പെട്ടു. ഭാവിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിക്കാന്‍ പോരുന്ന നേതാക്കളെ വാര്‍ത്തെടുക്കുന്നത് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ ക്യാംപില്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത 150 പ്രതിനിധികളാണ് പങ്കെടുത്തത്. സേവാദള്‍, എന്‍.എസ്.യു. (ഐ) മഹിളാ കോണ്‍ഗ്രസ് തുടങ്ങിയവയ്ക്കുവേണ്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടിയും ഇത്തരം ക്യാംപുകള്‍ രാജ്യത്തുടനീളം നടന്നു. ആ പാര്‍ട്ടി അതോടെ ഒരു തേനീച്ചക്കൂടുപോലെ പ്രവര്‍ത്തന നിരതമാകുകയായിരുന്നു. 

ഏറെ വര്‍ഷങ്ങളായി താഴെത്തട്ടില്‍നിന്നുമുള്ള പ്രതികരണങ്ങള്‍ വേണ്ടുംവിധം ഉന്നതനേതൃത്തില്‍ എത്തുന്ന പതിവ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായിരുന്നില്ല. രാജീവ് ഗാന്ധി ഇതിന് ഒരു മാറ്റം വരുത്തി. 434 യുവബിരുദധാരികളെ താഴെത്തട്ടില്‍നിന്നുള്ള വിവരശേഖരണത്തിനായി അദ്ദേഹം നിയോഗിച്ചു. പുതിയ ഇരുപതിന പരിപാടിയെക്കുറിച്ച് ജനം എന്തുകരുതുന്നുവെന്ന് ഓരോ ജില്ലകളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യലായിരുന്നു ഇവരുടെ ദൗത്യം. ഓരോ മണ്ഡലത്തിലും കുപ്രസിദ്ധി നേടിയ, ജനത്തിനു താല്‍പ്പര്യമില്ലാത്ത, നേതാക്കളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അവരെ ഏല്‍പ്പിച്ചു. ദില്ലിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് ഒരു കംപ്യൂട്ടറില്‍ ഈ വിവരങ്ങളെല്ലാം ശേഖരിച്ചു സൂക്ഷിക്കപ്പെട്ടു. ഇങ്ങനെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായി സംഘടനക്ക് പതിയേ ഒരു പുതുജീവന്‍ കൈവരികയായിരുന്നു. 

ഭരണതലത്തില്‍ കേന്ദ്രം കൈക്കൊള്ളുന്ന നടപടികള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പ്രണബ് മുഖര്‍ജി, നരസിംഹറാവു, ഭൂട്ടാ സിംഗ്, വി.പി. സിംഗ്, ശിവ് ശങ്കര്‍ എന്നീ നേതാക്കളുള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടു. ഇത്തരത്തില്‍ നിരവധി നടപടികള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ഭരണത്തിന്റെ സദ്ഫലങ്ങള്‍ താഴെത്തട്ടില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും രാജീവ് ഗാന്ധി കൈക്കൊണ്ടു. 1983-ല്‍ ബോംബെയില്‍ പാര്‍ട്ടിയുടെ പ്ലീനറി സെഷന്‍ നടന്നു. 

എന്നാല്‍, ഈ നടപടികളെല്ലാം തൊലിപ്പുറമേ മാത്രമാണ് ഫലം ഉളവാക്കിയത്. ദില്ലിക്കു പുറത്ത് രാജീവ് ഗാന്ധിയെ വേണ്ടരീതിയില്‍ അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ കയ്യാളുകളെ പാര്‍ട്ടിയിലെ സത്രപികള്‍ ശത്രുതാപൂര്‍വ്വമാണ് കണ്ടിരുന്നത്. ഗുണപരമായ മാറ്റങ്ങള്‍ക്കായുള്ള രാജീവ് ഗാന്ധിയുടെ ശ്രമങ്ങളെ പ്രാദേശിക നേതാക്കള്‍ അസഹിഷ്ണുതയോടെയാണ് വീക്ഷിച്ചത്. തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് അതുവരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളാണ് ചെയ്തിരുന്നതെങ്കില്‍ രാജീവ് ഗാന്ധി ഈ ദൗത്യം നിറവേറ്റുന്നതിന് അവയ്ക്കു സമാന്തരമായി കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റികളെ നിയോഗിച്ചു. ഇതും വലിയ എതിര്‍പ്പിന് ഇടയാക്കി. 

എന്നാല്‍, പഴയ നേതൃത്വത്തിന്റേയും പുതുകാല നേതൃത്വത്തിന്റേയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് അനിവാര്യമാണ് എന്നു ബോദ്ധ്യമുള്ള നേതാവായിരുന്നു രാജീവ് ഗാന്ധി. നിര്‍ഭാഗ്യവശാല്‍ പഴയകാല നേതൃത്വം പൂര്‍ണ്ണമനസ്സോടെ അദ്ദേഹത്തിന്റെ ശ്രമങ്ങളോട് യോജിക്കാന്‍ മടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, ഇന്ദിരാഗാന്ധി വധവും തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടതും പാര്‍ട്ടിയില്‍ രാജീവ് ഗാന്ധിയുടെ അധികാരത്തെ പിന്നീട് ബലപ്പെടുത്തുകയായിരുന്നു. 

ഉയര്‍ച്ചയും പതനവും 

എണ്‍പതുകളുടെ ആദ്യപകുതി ഇന്ത്യന്‍ സമൂഹം വര്‍ഗ്ഗീയവും ജാതീയവുമായ അന്തച്ഛിദ്രങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് സാക്ഷ്യം വഹിച്ച കാലമാണ്. വര്‍ഗ്ഗീയവും ജാതീയവുമായ കലാപങ്ങള്‍ സാധാരണമായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ദില്ലി ഇമാമിനെപ്പോലുള്ള മതപുരോഹിതരുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ആയെങ്കിലും ഇന്ദിരാ കോണ്‍ഗ്രസ്സിന് അടിയന്തരാവസ്ഥക്കാലം മുതലേ ന്യൂനപക്ഷ സംരക്ഷകര്‍ എന്ന പ്രതിച്ഛായ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. രാഷ്ട്രീയ പ്രാതിനിധ്യത്തിനു വേണ്ടിയുള്ള ദാഹം എസ്.സി, എസ്.ടി. വിഭാഗങ്ങളേയും പിന്നാക്കക്കാരേയും ബദല്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കുവേണ്ടിയുള്ള അന്വേഷണങ്ങള്‍ക്കു പ്രേരിപ്പിച്ചു തുടങ്ങിയിരുന്നു. 1984-ല്‍ കന്‍ഷിറാമിന്റെ നേതൃത്വത്തില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത് ഒരു ഉദാഹരണം. 

സുരക്ഷാ മുന്നറിയിപ്പുണ്ടായിട്ടും സിഖുകാരായ അംഗരക്ഷരെ ജോലിയില്‍നിന്നു പറഞ്ഞയക്കാന്‍ ന്യൂനപക്ഷത്തിലര്‍പ്പിച്ച വിശ്വാസത്തിന്റെ പേരില്‍ തയ്യാറാകാതിരുന്ന നേതാവായിരുന്നു ഇന്ദിരയെങ്കിലും അടിയന്തരാവസ്ഥ കാലത്തെ സഞ്ജയ് ഗാന്ധിയുടെ നടപടികളും പഞ്ചാബിലെ രാഷ്ട്രീയ ഇടപെടലുകളും ന്യൂനപക്ഷങ്ങളില്‍ കോണ്‍ഗ്രസ്സിനെക്കുറിച്ച് സംശയം ജനിപ്പിച്ചിരുന്നു. ഇന്ദിരയുടെ വധത്തെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപവും ന്യൂനപക്ഷങ്ങളിലെ കോണ്‍ഗ്രസ് വിരോധം ശക്തിപ്പെടാന്‍ നിമിത്തമായി. അതേസമയം, രാമജന്മഭൂമി പ്രക്ഷോഭത്തിലും അതിനുവേണ്ടിയുള്ള പ്രചരണയാത്രയിലും കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തമാകട്ടേ കൈമോശംവന്നുപോകുന്ന മതേതര പ്രതിച്ഛായ സംബന്ധിച്ച അവര്‍ക്ക് യാതൊരു ആശങ്കയുമില്ലെന്ന കാഴ്ചപ്പാട് പൊതുവേ ഉണ്ടാക്കുകയും ചെയ്തു. 

ന്യൂനപക്ഷങ്ങളെ തങ്ങളോട് മറ്റൊരു വിധത്തില്‍ അടുപ്പിച്ചു നിര്‍ത്താനാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ പിന്നീട് കോണ്‍ഗ്രസ് ശ്രമിച്ചത്. അതിനു വലിയൊരു ഉദാഹരണമാണ് ഷാ ബാനു കേസില്‍, ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്ക് ജീവനാംശത്തിനു അധികാരമുണ്ടെന്ന സുപ്രിംകോടതി വിധിയെ മറികടക്കുന്നതിന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ നിയമനിര്‍മ്മാണം നടത്തിയ സംഭവം. മുസ്ലിം വ്യക്തിനിയമങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമായിട്ടാണ് ഷാ ബാനു കേസില്‍ സുപ്രിംകോടതി വിധിയെ ഇസ്ലാമിക മതമൗലികവാദികളും യാഥാസ്ഥിതിക പുരോഹിതരും വ്യാഖ്യാനിച്ചത്. മതന്യൂനപക്ഷങ്ങളോടുള്ള അനുഭാവം ആ വിഭാഗത്തില്‍പ്പെട്ട യാഥാസ്ഥിതികത്വത്തോടുള്ള അനുഭാവമായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം വീക്ഷിച്ചത്. രാജ്യത്തിന്റെ നിയമപരമായ ഏകത തകര്‍ക്കുന്ന നടപടി എന്നു ഹിന്ദുത്വരാഷ്ട്രീയക്കാര്‍ വിലപിച്ചപ്പോള്‍ രാമജന്മഭൂമി പ്രശ്‌നത്തില്‍  ഹിന്ദുത്വവികാരത്തിനൊപ്പം നിലകൊള്ളുകയും ചെയ്തു കോണ്‍ഗ്രസ്.

ഏതു നിലയ്ക്കായാലും ഇന്ദിരയുടേയും രാജീവിന്റേയും  നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിന്റെ ഭരണം ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരുന്നു. സാമ്പത്തികരംഗത്ത് ഉദാരവല്‍ക്കരണത്തിന്റേയും  സാമൂഹികതലത്തില്‍ ഹിന്ദുത്വവല്‍ക്കരണത്തിന്റേയും വിത്തുകള്‍ മുളപൊട്ടി പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങുന്നത്  ആ കാലത്താണ്. അന്ന് അവയെ ശരിയാംവിധം കൈകാര്യം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു സംഭവിച്ച അപചയമാണ് ഇന്നും ആ പാര്‍ട്ടിയെ വേട്ടയാടുന്നത്. അതേസമയം, സാമൂഹിക, സാമ്പത്തികരംഗങ്ങളില്‍ ചലനാത്മകത സൃഷ്ടിക്കുന്നതിന് ഭരണതലത്തില്‍ രാജീവ് ഗാന്ധിയും ഇന്ദിരയും എടുത്ത നടപടികള്‍ പ്രയോജനപ്പെട്ടു എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നു കൂടാ.  
 
മികവുകളും പിഴവുകളും

രാജ്യത്തിന്റെ ഭാസുരഭാവി ഉറപ്പുവരുത്താന്‍ പോരുന്നയാളെന്ന് കാലവും ചരിത്രവും സമൂഹവും കരുതിയ രാഷ്ട്രനേതാവായിരുന്നു രാജീവ് ഗാന്ധി എന്ന രാജീവ് രത്‌ന ബിര്‍ജീസ് ഗാന്ധി. സ്വന്തം അമ്മയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് രാഷ്ട്രനായക സ്ഥാനത്ത് അവരോധിക്കപ്പെട്ട അദ്ദേഹത്തിന്റെ ഭരണകാലം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ടുള്ള ചില പുതിയ നീക്കങ്ങളുടേതും ചില വലിയ പിഴവുകളുടേതുമായിരുന്നു. 
  
മികവുകള്‍ 

ശാസ്ത്രസാങ്കേതിക പുരോഗതി ലക്ഷ്യമിട്ടുള്ള നയങ്ങള്‍. സോഫ്റ്റ്‌വെയര്‍ രംഗത്തും ടെലികമ്യൂണിക്കേഷന്‍ രംഗത്തും കുതിപ്പുകളുണ്ടാക്കാന്‍ നിയമങ്ങളും നയങ്ങളും. 1984-ലെ ഐ.ടി നയം. സി-ഡോട്ട് സ്ഥാപിക്കപ്പെട്ടു. ഇന്ന് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലി കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുള്ള രാജ്യമാണ് ഇന്ത്യ. വാര്‍ത്താവിനിമയരംഗത്തുണ്ടായ വലിയ കുതിപ്പുകള്‍ക്ക് രാജ്യം കടപ്പെട്ടിരിക്കുന്നത് രാജീവ് ഗാന്ധിയോടാണ്. 

അധികാരം താഴെത്തട്ടിലേക്ക്. അധികാര വികേന്ദ്രീകരണം ലാക്കാക്കി. 64-ാമത് ഭേദഗതി ബില്‍. ലോകബാങ്ക് നിര്‍ജദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള നീക്കമെന്ന് വിമര്‍ശനമുണ്ടായെങ്കിലും ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ ആശയം വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള സമൂഹമെന്ന നിലയില്‍ ഇന്ത്യ പൊതുവേ ഈ നീക്കത്തെ സ്വാഗതം ചെയ്തു. 

1986-ലെ ദേശീയ വിദ്യാഭ്യാസനയം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ആധുനികവല്‍ക്കരണത്തിനു തുടക്കം. വിദ്യാഭ്യാസരംഗത്ത് ലിംഗസമത്വവും പാര്‍ശ്വവല്‍ക്കൃതസമൂഹങ്ങള്‍ക്ക് പങ്കാളിത്തവും ഉറപ്പുവരുത്താനുതകി ഈ നീക്കമെന്ന് അവകാശവാദമുണ്ട്.
 
വോട്ടിംഗ് അവകാശം 21-ല്‍ നിന്ന് 18 ആക്കിയത്. യുവജനങ്ങളില്‍ അദ്ദേഹം അര്‍പ്പിച്ച വിശ്വാസത്തിന്റേയും പ്രതീക്ഷയുടേയും പ്രതീകമായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 

പാളിച്ചകള്‍ 

1984-ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയോടുള്ള സമീപനം. ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ പങ്കാളിത്തത്തോടെ നടന്നതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നതുമായ കൂട്ടക്കൊലയെ അദ്ദേഹം''വന്‍മരങ്ങള്‍ വീഴുമ്പോള്‍ ചില ഭൂമികുലുക്കങ്ങള്‍ സ്വാഭാവികമാണെന്ന്'' പറഞ്ഞു ന്യായീകരിച്ചത് വലിയ വിവാദങ്ങളുണ്ടാക്കി.

ഭോപാല്‍ ഗ്യാസ് ദുരന്തത്തിന്റേയും കൂട്ടക്കൊലയുടേയും മുഖ്യ ഉത്തരവാദിയായ വാറന്‍ ആന്‍ഡേഴ്‌സണെ യു.എസ്. താല്പര്യങ്ങള്‍ക്കു വഴങ്ങി രാജ്യം വിടാന്‍ അനുവദിച്ചത്. 

ഷാ ബാനു കേസില്‍ സുപ്രിംകോടതി വിധിയെ മറികടക്കാന്‍ മുസ്‌ലിം മതമൗലികവാദികളുടെ താല്പര്യങ്ങള്‍ക്കു വഴങ്ങി നിയമനിര്‍മ്മാണം നടത്തിയത്. 

1989-ല്‍ രാമജന്മഭൂമി എന്ന് ഹിന്ദു മതമൗലികവാദികള്‍ അവകാശപ്പെടുന്ന സ്ഥലത്ത് ശിലാന്യാസം അനുവദിച്ചത്. തന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനു അയോധ്യയില്‍നിന്നു തുടക്കമിട്ടതും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും രാജീവ് ഗാന്ധിയുടേയും മതേതര പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചു. 

സ്വീഡിഷ് ആയുധക്കമ്പനിയായ ബോഫോഴ്‌സില്‍നിന്നും പീരങ്കികള്‍ വാങ്ങുന്നതില്‍ കമ്മിഷന്‍ പറ്റി സ്വിസ് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചത് വന്‍ അഴിമതി ആരോപണം ഉയര്‍ത്തി. 
ശ്രീലങ്കയിലെ ആഭ്യന്തരകലാപം അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സമാധാനസേനയെ ആ രാജ്യത്തേക്ക് അയച്ചത്. 
 
രാജീവ് ഗാന്ധി ജീവിതരേഖ 

ഓഗസ്റ്റ് 20, 1944: ഫിറോസിന്റേയും ഇന്ദിരയുടേയും മകനായി ജനനം.

1954-1966: ഡൂണ്‍ സ്‌കൂളിലും വെല്‍ഹാം ബോയ്‌സ് സ്‌കൂളിലും സഹോദരന്‍ സഞ്ജയുമൊത്ത് വിദ്യാഭ്യാസം. എന്‍ജിനീയറിംഗ് പഠിക്കുന്നതിനായി ട്രിനിറ്റി കോളേജിലും ഇംപീരിയല്‍ കോളേജിലും ചേര്‍ന്നെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചില്ല.

1966-1970: ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദവിയില്‍ അവരോധിക്കപ്പെട്ടതോടെ രാജീവ് രാജ്യത്തേക്കു മടങ്ങുന്നു. ഫ്‌ലൈയിംഗ് ക്ലബ്ബില്‍ ചേര്‍ന്ന് വൈമാനികനാകുന്നു. എയര്‍ ഇന്ത്യയില്‍ പൈലറ്റ്. 

1968: മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷം ഇറ്റലിക്കാരിയായ എഡ്വിജ് അന്റോണിയ ആല്‍ബിന മെയ്‌നോയെ വിവാഹം ചെയ്യുന്നു. വധു സോണിയാ ഗാന്ധി എന്നു പേരു സ്വീകരിക്കുന്നു. 

1980: സഹോദരനായ സഞ്ജയ് ഗാന്ധി വിമാന അപകടത്തില്‍ മരിക്കുന്നു. ഇന്ദിരയുടെ ആഗ്രഹപ്രകാരം അതുവരെ രാഷ്ട്രീയത്തില്‍ താല്പര്യമൊന്നും പ്രകടിപ്പിക്കാതിരുന്ന രാജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നു. 

1982: പാര്‍ലമെന്റ് അംഗമായ രാജീവ് ഗാന്ധി ഏഷ്യാഡ് സംഘാടനത്തില്‍ സ്തുത്യര്‍ഹമായ നേതൃത്വവും പങ്കാളിത്തവും വഹിക്കുന്നു. 

1984: സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നു. സിഖ് കൂട്ടക്കൊല അരങ്ങേറുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നു.

1985: ഷാ ബാനു കേസിന്റെ പശ്ചാതലത്തില്‍ വിവാദമായ നിയമനിര്‍മ്മാണം.

1989: ബോഫോഴ്‌സ് അഴിമതി ആരോപണം. തെരഞ്ഞെടുപ്പു പരാജയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com