കാലിഫോര്‍ണിയ; കാഴ്ചകളുടെ വസന്തം

ആ ദേശം അത്ര വിശാലമാണ്. പോരെങ്കില്‍ പല ദേശക്കാരുടേയും ഭാഷക്കാരുടേയും ഒരു മിശ്രിതമാണ് ആ നാട്. ലോകത്തിന്റെ പല ദേശങ്ങളില്‍നിന്നും പല കാലങ്ങളിലായി കുടിയേറിപ്പാര്‍ത്ത ജനങ്ങളുടെ സങ്കരവര്‍ഗ്ഗം 
കാലിഫോര്‍ണിയ; കാഴ്ചകളുടെ വസന്തം

മേരിക്ക എന്നും പരദേശികള്‍ക്ക് ഒരു വിസ്മയലോകമാണ്. അവിടത്തെ കാലാവസ്ഥ, ജീവിതരീതികള്‍, സംസ്‌കാരം ഇതെല്ലാം ഒരു സംസ്ഥാനത്തില്‍നിന്നും മറ്റൊരു സംസ്ഥാനത്തിലേയ്ക്ക് മാറുമ്പോള്‍ വിഭിന്നമാണ്. ഒന്നാമതായി ആ ദേശം അത്ര വിശാലമാണ്. പോരെങ്കില്‍ പല ദേശക്കാരുടേയും ഭാഷക്കാരുടേയും ഒരു മിശ്രിതമാണ് ആ നാട്. ലോകത്തിന്റെ പല ദേശങ്ങളില്‍നിന്നും പല കാലങ്ങളിലായി കുടിയേറിപ്പാര്‍ത്ത ജനങ്ങളുടെ സങ്കരവര്‍ഗ്ഗം. എന്റെ രണ്ടു തവണയായുള്ള അമേരിക്കന്‍ യാത്രകളില്‍നിന്നുള്ള അനുഭവസാക്ഷ്യമാണിത്.

മകളുടെ സ്‌നേഹപൂര്‍ണ്ണമായ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഞങ്ങള്‍ അവളുടെ വാസസ്ഥലമായ ലോസ് ആഞ്ചലസിലേയ്ക്ക് പറന്നത്. ഇത് എന്റെ രണ്ടാമത്തെ അമേരിക്കന്‍ യാത്രയാണ്. മുന്‍പ് പോയത് അവള്‍ സിയാറ്റിലില്‍ ആയിരുന്നപ്പോഴാണ്. രണ്ടും പസിഫിക് കടലോര പ്രദേശങ്ങളാണ്. എങ്കിലും ഒന്ന് കാനഡയുടെ അടുത്താണെങ്കില്‍ മറ്റേത് മെക്‌സിക്കോയുടെ അടുത്താണ്. എന്റെ മകള്‍ അവളുടെ ജോലിത്തിരക്കിനിടെ ഞങ്ങളെ ലോസ് ആഞ്ചലസിനു ചുറ്റിലും മറ്റു പ്രാന്തപ്രദേശങ്ങളായ ലാസ് വെഗാസിലും സാന്‍ഡിയാഗോയിലും കൊണ്ടുപോയി. ലാസ് വെഗാസ് അമേരിക്കയുടെ ചൂതാട്ട കേന്ദ്രമാണ്. സാന്‍ഡിയാഗോ മെക്‌സിക്കോയുടെ അതിര്‍ത്തിക്കടുത്തുള്ള മനോഹരമായ തുറമുഖപട്ടണമാണ്.

ആദ്യം ലോസ് ആഞ്ചലസില്‍ത്തന്നെ തുടങ്ങാം. ഞങ്ങള്‍ ആദ്യം കണ്ടത് ഹോളോകാസ്റ്റ് മ്യൂസിയം. യഹൂദര്‍ക്കെതിരെ ഹിറ്റ്ലര്‍ നടത്തിയ കൂട്ട നരബലിയുടെ അനുസ്മരണമാണ് ഈ മ്യൂസിയത്തില്‍ കണ്ടത്. വിശാലമായ പാര്‍ക്കിനകത്തു പണിതിട്ടുള്ള കെട്ടിടത്തില്‍ യഹൂദരുടെ ചരിത്രവും അവര്‍ നേരിട്ട കൊടുംഭീകരമായ നരവേട്ടയുടെ ചരിത്രവും ആലേഖനം ചെയ്ത കൂറ്റന്‍ പടങ്ങള്‍ അനുക്രമം തലക്കെട്ടോടുകൂടി ചിത്രീകരിച്ചിരിക്കുന്നു. മ്യൂസിയത്തിലേക്കു കടക്കുവാനുള്ള പാസ് എടുക്കുമ്പോള്‍ ലഭിക്കുന്ന ഉപകരണവും ഹെഡ്ഫോണും വച്ച് ഏത് ചിത്രത്തെപ്പറ്റിയും താല്പര്യാനുസരണം വിവരണം ലഭിക്കും. പത്തുലക്ഷം യഹൂദരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലൂടെ പട്ടിണിക്കിട്ടും അല്പവസ്ത്രധാരികളാക്കി കൊടുംതണുപ്പിലിട്ടും ക്രമാനുഗതമായി മരണത്തിലേക്കെത്തിച്ചതും ചുട്ടുകൊന്നതും മരണവണ്ടിയില്‍ കയറ്റിയതും മറ്റും അതിന്റെ എല്ലാ ഭീകരതകളോടും കൂടിയേ നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുകയുള്ളൂ. ആ കാലങ്ങളിലെ പ്രധാനപ്പെട്ട പത്രങ്ങള്‍ ഇടയ്ക്കുള്ള ഇടനാഴികളില്‍ തൂക്കിയിട്ടിരിക്കുന്നു. എന്തായാലും വംശീയവിവേചനവും ഇന്നു കേള്‍ക്കുന്ന ഭീകരവാദവും മറ്റൊരു ഹോളോകാസ്റ്റിലേയ്ക്കു നയിക്കാനുള്ള സാധ്യതകള്‍ വിദൂരമല്ല എന്ന തിരിച്ചറിവോടെ മാത്രമേ നമുക്കു മ്യൂസിയം വിട്ടുപോകാന്‍ കഴിയുകയുള്ളൂ.

ഹോളോകാസ്റ്റ് മ്യൂസിയം
ഹോളോകാസ്റ്റ് മ്യൂസിയം

മ്യൂസിയത്തിന് എതിര്‍വശത്താണ് ഫാര്‍മേഴ്സ് മാര്‍ക്കറ്റ്. വഴിയില്‍നിന്നു പ്രവേശന കവാടം വഴി അകത്തേയ്ക്കു കടന്നാല്‍ വിസ്തൃതമായ മാര്‍ക്കറ്റിനകത്ത് ആദ്യം വരവേല്‍ക്കുന്നത് ഭക്ഷണശാലകളാണ്. ചെറിയ കടകളില്‍, തട്ടുകട എന്നു പറയാം; വിവിധ തരം പാനീയങ്ങളും ഭക്ഷ്യവിഭവങ്ങളും ഒരുക്കിയിരിക്കുന്നു. ഞങ്ങള്‍ ഓരോ കാപ്പി കുടിച്ചു. അതിനുള്ളിലേയ്ക്ക് പോകുംതോറും കാര്‍ഷിക വിഭവങ്ങള്‍, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പൂക്കള്‍ തുടങ്ങി ഒരു വന്‍ശേഖരം നമ്മെ കാത്തിരിക്കുന്നു. കൃഷിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന എല്ലാ വിഭവങ്ങളുടേയും വിപണനകേന്ദ്രമാണത്. ഈ ചന്തയുടെ ഒരു വശം മാത്രം നടന്നു കാണാന്‍ കുറെ സമയമെടുത്തു. ഫാര്‍മേഴ്സ് മാര്‍ക്കറ്റ് ഒരു ബ്രാന്‍ഡ് നെയിം ആണ്. യു.എസില്‍ പല സ്ഥലത്തും അതുണ്ട്.

അടുത്ത ദിവസം ഞങ്ങള്‍ നാച്ച്യുറല്‍ ഹിസ്റ്ററി മ്യൂസിയം പര്യവേക്ഷണം ചെയ്യാന്‍ പോയി. വിശാലമായ മുന്‍വാതിലിനകത്തു ഞങ്ങളെ എതിരേറ്റത് വലിയൊരു ദിനോസറിന്റെ എല്ലിന്‍കൂടാണ്. അവിടെനിന്നു പതിവുപോലെ ഫോട്ടോയെടുത്തു. പിന്നീട് പോയത് ഒരു ആംഫി തിയേറ്റര്‍പോലെ വലിയ ഹാളില്‍ വിസ്തൃതമായ കണ്ണാടിക്കൂടുകളില്‍ അവയുടെ സാമാന്യ മുഴുപ്പില്‍ പഞ്ഞികൊണ്ട് നിറച്ച വന്യമൃഗങ്ങള്‍. കണ്ടാല്‍ ജീവനുള്ളപോലെ തോന്നിപ്പിക്കും. അവയെ പ്രകൃതിദത്തമായ വാസസ്ഥലത്തിന്റെ പശ്ചാത്തലത്തിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ ആന മുതല്‍ റൈനോ, എമുപക്ഷി, കലമാന്‍, കോലാട്, ചെന്നായ, കീരി തുടങ്ങി എല്ലാ വന്യജീവികളേയും അവയുടെ യഥാര്‍ത്ഥ വലിപ്പത്തിലും പശ്ചാത്തലത്തിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കണ്ണാടിക്കൂട്ടിനകത്തുള്ള ഒരു മൃഗശാല എന്നു തോന്നിപ്പിക്കുംവിധം കൗതുകകരമായി ഈ കാഴ്ചവസ്തുക്കളെ വിന്യസിച്ചിരിക്കുന്നു. 

മ്യൂസിയത്തിന്റെ അടുത്ത വിഭാഗം രത്‌നങ്ങളുടേയും വിവിധ കാരറ്റ് വരുന്ന സ്വര്‍ണ്ണത്തിന്റേയും ശേഖരമാണ്. വിലയേറിയ രത്‌നങ്ങള്‍ അവയുടെ മൂലാധാരമായ കല്ലുകള്‍ സഹിതം കണ്ണാടിക്കൂടുകളില്‍ തിളങ്ങുന്നു. സ്വര്‍ണ്ണമാകട്ടെ, 10 മുതല്‍ 24 കാരറ്റ് വരെയുള്ള ഫലകങ്ങളായി വച്ചിരിക്കുന്നു. ആ വിസ്മയലോകം കണ്ടിറങ്ങിയ ഞങ്ങള്‍ ഭക്ഷണശാലയിലേയ്ക്കു പോയി. എനിക്കു കാണാന്‍ ഏറെ കൗതുകം തോന്നിയ ദിനോസറുകളുടെ ലോകം ബാക്കിവെച്ചിട്ടാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുവാന്‍ പുറപ്പെട്ടത്. ഓരോ ബര്‍ഗറില്‍ ഒതുക്കിയ ഉച്ചഭക്ഷണം കഴിഞ്ഞു. പഞ്ഞി നിറച്ചുവെച്ചിരുന്നതുപോലെയോ അഥവാ തിരശ്ശീലയില്‍ ലോസ്റ്റ് വേള്‍ഡ് പോലെയോ കാണാന്‍ പറ്റുമെന്നു വൃഥാ പ്രതീക്ഷിച്ച ഞാന്‍ അവിടെ കണ്ടത് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മരിച്ച ഭീമന്‍ മൃഗങ്ങളുടെ ദേഹഭാഗങ്ങളുടെ കൂറ്റന്‍ ഫോസിലുകളാണ്. എന്റെ അമളി ഞാന്‍ പുറത്തു പറഞ്ഞില്ല. എങ്കിലും മുഴുവന്‍ വലിപ്പമുള്ള ദിനോസറുകളുടെ എല്ലിന്‍കൂടും ഉദ്വേഗജനകമായ കാഴ്ച തന്നെയായിരുന്നു. അവയ്ക്ക് കാലാന്തരത്തില്‍ ഓസ്ട്രിച്ചുപോലുള്ള വലിയ പക്ഷികളിലേയ്ക്കും തുടര്‍ന്നു ചെറിയ പല പക്ഷികളിലേക്കും ഉള്ള പരിണാമം ഇവയെല്ലാം ചിത്രങ്ങളിലൂടെയും അടിക്കുറിപ്പുകളിലൂടെയും പ്രതിപാദിച്ചിരുന്നു.

കടലിലേക്കിറങ്ങുന്ന പാലം

അടുത്ത വിനോദസഞ്ചാരകേന്ദ്രം സാന്റ മോണിക്ക ബീച്ച് ആയിരുന്നു. ഉച്ചയ്ക്ക് അവിടെ എത്തിയ ഞങ്ങള്‍ ബീച്ചിനെതിര്‍വശത്തുള്ള ഹോട്ടല്‍ ശൃംഖലയില്‍ ഒരിടത്തുപോയി മെക്‌സിക്കന്‍ ഭക്ഷണം ആസ്വദിച്ചു കഴിച്ചു. മെക്‌സിക്കന്‍ ഭക്ഷണത്തിനു നമ്മുടെ ഭക്ഷണത്തോട് സാമ്യതയുണ്ട്. ഡെസേര്‍ട്ട് ആയി പഴം തേനില്‍ പുഴുങ്ങിയതുമുണ്ടായിരുന്നു. ആഹാരശേഷം ഞങ്ങള്‍ ബീച്ചിലേയ്ക്കു നടന്നു. ബീച്ച് കടലിനുള്ളിലേയ്ക്കു നീണ്ടുകിടന്നിരുന്നു. പക്ഷേ, അവിടത്തെ വിശേഷമെന്തെന്നാല്‍ ബീച്ചിനു മുകളിലായി ഒരു കടല്‍പ്പാലം ഒന്നൊന്നര കിലോമീറ്റര്‍ തള്ളിനില്‍ക്കുന്നു. റോഡില്‍നിന്ന് കടലിന്റെ ഉപരിതലത്തിലേയ്ക്ക് നീണ്ടുനില്‍ക്കുന്ന പാലം (പിയെര്‍) ഉയര്‍ച്ചയും താഴ്ചയുമുള്ളതാണ്. ആയാസപ്പെട്ട് നടന്നുകയറി. അതിന്റെ അറ്റത്തുനിന്നു നോക്കിയാല്‍ ചുറ്റിനും കടലാണ്. പിയെര്‍ തുടങ്ങുന്ന ഭാഗത്തു റോഡിനടുത്തായി ആഫ്രിക്കന്‍ വംശജര്‍ ഉടുക്കുകൊട്ടി പാട്ടുപാടി അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. കടല്‍പ്പാലത്തിന്റെ ഇങ്ങേ അറ്റത്തുള്ള ചെറിയ ഒരു മേല്‍പ്പാലത്തില്‍ കടലിനുമീതെ ജയന്റ് വീല്‍, ട്രപ്പീസ് ഊഞ്ഞാല്‍ തുടങ്ങി സാഹസിക അഭ്യാസങ്ങള്‍ക്കുള്ള വേദികളുണ്ടായിരുന്നു. കടല്‍ക്കാറ്റു തണുപ്പ് പരത്തി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. കടല്‍ക്കാക്കകളും മറ്റിനം കടല്‍പ്പക്ഷികളും കടലിനുമീതെ വട്ടം കറങ്ങി, പെട്ടെന്നു വെള്ളത്തിലേയ്ക്ക് നൂണ്ടിറങ്ങി, മീന്‍ കൊത്തിയെടുത്ത് പറക്കുന്നത് രസകരമായ കാഴ്ചയായിരുന്നു.

അടുത്ത ദിവസം ഞങ്ങള്‍ ടാക്‌സി വിളിച്ചു ഹോളിവുഡിലേയ്ക്കു പോയി. ലോക സിനിമയുടെ കേന്ദ്രമായ ഹോളിവുഡ്. ഹോളിവുഡ് സ്ട്രീറ്റ് എന്നറിയപ്പെടുന്ന വിശാലമായ നിരത്തിലൂടെ ഞങ്ങള്‍ നടന്നു. നിരത്തിനൊരു വശം സിനിമ സ്റ്റുഡിയോകളും മറുവശം വ്യാപാര കേന്ദ്രങ്ങളുമാണ്. അതുകൂടാതെ സംഗീതനിശകള്‍ നടത്തുന്ന പല തിയേറ്ററുകളും നിരത്തിനൊരു വശത്ത് കണ്ടു. നിരത്തിന്റെ രണ്ടുവശത്തും ലോക സിനിമയിലെ വിഖ്യാതരായ താരങ്ങളുടെ പേരുകളും അവരുടെ കാല്‍പ്പാദ ചിഹ്നങ്ങളും പതിപ്പിച്ചിരിക്കുന്നത് മറ്റൊരു കൗതുകക്കാഴ്ചയായിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് നല്‍കുന്ന ഡോള്‍ബി തിയേറ്റേഴ്സും ചൈനീസ് സിനിമ സ്റ്റുഡിയോ ആയ മാമാ തിയറ്ററും കാഴ്ചയില്‍ എടുത്തുനില്‍ക്കുന്നു. മറുവശത്തുള്ള ഹോട്ടലുകളില്‍ നല്ല തിരക്കുണ്ടായിരുന്നു.

മാഡം ടൗസ്സഡ് വാക്‌സ് മ്യൂസിയം
മാഡം ടൗസ്സഡ് വാക്‌സ് മ്യൂസിയം

മാഡം ടൗസ്സഡ് വാക്‌സ് മ്യൂസിയം കാണാന്‍ കയറി. ഹോളിവുഡിലെ പ്രശസ്തരായ താരങ്ങളുടെ മെഴുകുപ്രതിമകള്‍ പല നിലകളില്‍ നിരത്തിവച്ചിരിക്കുന്നു. പ്രദര്‍ശനരൂപങ്ങളുടെ തുടക്കത്തില്‍ തന്നെ അമിതാഭ് ബച്ചന്റെ പൂര്‍ണ്ണകായ രൂപം! അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഞാന്‍ കൂടെനിന്നു ഫോട്ടോയെടുത്തു. മറ്റു രൂപങ്ങളെല്ലാം ഹോളിവുഡ് സിനിമയിലെ അതികായന്മാരുടേതായിരുന്നു. പേരുകേട്ട ചലച്ചിത്രങ്ങളിലെ ദൃശ്യപശ്ചാത്തലം സഹിതം നടീനടന്മാരുടെ പ്രതിമകള്‍ കണ്ടു. താരങ്ങളുടെ ഇടയില്‍ മുന്‍ പ്രസിഡന്റ് ഒബാമയുമുണ്ടായിരുന്നു. വാക്‌സ് രൂപങ്ങളോട് ചേര്‍ന്നുനിന്നു പടമെടുക്കുന്ന അമേരിക്കക്കാരെ കണ്ടാല്‍ ആളേത് പ്രതിമയേത് എന്നു മാറിപ്പോകും.

ഹോളിവുഡില്‍നിന്നു യാത്ര തിരിക്കും മുന്‍പ് ഞങ്ങള്‍ യു.എസില്‍ പ്രശസ്തമായ ഗിരാടെല്ലി എന്ന ചോക്ലേറ്റ് കമ്പനിയുടെ ലോസ് ആഞ്ചല്‍സ് വില്പനകേന്ദ്രത്തില്‍ കയറി. വീട്ടുകാര്‍ക്കെല്ലാം കൊടുക്കാന്‍ കുറെ പാക്കറ്റുകള്‍ വാങ്ങി. ഹോളിവുഡിന്റെ ചിഹ്നമായ ഓസ്‌കാര്‍ അവാര്‍ഡ് പ്രതിമയുടെ ചെറുപകര്‍പ്പ് മകള്‍ ഞങ്ങള്‍ക്കു സമ്മാനിച്ചു.

ജെ. പോള്‍ ഗെറ്റി എന്ന അമേരിക്കക്കാരന്‍ തനിക്ക് പസിഫിക് തീരത്തുണ്ടായിരുന്ന ഭൂസ്വത്തില്‍ ഗെറ്റി വില്ല എന്ന വിശാലമായ മെഡിറ്ററേനിയന്‍ വില്ല പണിതത് റോമന്‍ ശിലാ കല്പനയിലുള്ള വില്ല ഡി പാപിരിയെന്ന സൗധത്തിന്റെ അനുകരണമായാണ്. എ.ഡി '79-ല്‍ അഗ്‌നി പര്‍വ്വത സ്ഫോടനം നിമിത്തം മണ്ണിനടിയിലായി ഈ സൗധം. 18-ാം നൂറ്റാണ്ടിലെ ഗവേഷകര്‍ കുഴിച്ചെടുത്തു വരച്ച പ്ലാന്‍ പ്രകാരമാണ് ഗെറ്റി തന്റെ വില്ല പണിതത്. ഒരു ശില്പകലാപ്രേമിയായ ഗെറ്റി തന്റെ അനേക കോടികള്‍ വിലമതിക്കുന്ന ശില്പരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തതാണ് പഴയകാല റോമന്‍ മാതൃകയിലുള്ള ഈ വില്ല. നാണയങ്ങള്‍, പഴയകാല രാജകീയ കിരീടങ്ങള്‍ തുടങ്ങി കളിമണ്ണിലും മറ്റു ലോഹങ്ങളിലും പണിത വിശേഷപ്പെട്ട പാത്രങ്ങള്‍, ഇങ്ങനെ കണ്ണിനു ആനന്ദദായകമായ പ്രദര്‍ശനവസ്തുക്കള്‍. ടെംപിള്‍ ഓഫ് ഹെര്‍ക്കുലീസ് എന്ന ഹാളില്‍ പ്രാചീന മാര്‍ബിളുകളുടെ മാതൃകയിലുള്ള വിശേഷപ്പെട്ട തറയോടും അമൂല്യങ്ങളായ കുഴിച്ചെടുക്കപ്പെട്ട വിഗ്രഹങ്ങളോടും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കെട്ടിടത്തിനകത്തും പുറത്തുമുള്ള നീലത്തടാകങ്ങള്‍ കണ്ണിനു കുളിര്‍മയേകുന്നു. അനേകം ഫൗണ്ടനുകള്‍ വെള്ളം ചീറ്റുന്നു. പുഷ്പലതാദി വൃക്ഷങ്ങള്‍ സുഗന്ധം പരത്തുന്നു. 1974-ല്‍ തുറന്ന ഈ പ്രദര്‍ശനശാല ശില്പകലാപ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പഠനകേന്ദ്രമാണ്.

മറ്റൊരു ബീച്ചാണ് മാലിബുയിലേത്. ഗെറ്റി വില്ലയില്‍നിന്ന് കാര്‍ വിളിച്ചു ഞങ്ങള്‍ മലനിരയും കടലും ചേര്‍ന്നുകിടക്കുന്ന മനോഹര തീരത്തിലൂടെ മാലിബുവിലെത്തി. അവിടെയും കടലിനു മീതെ പാലമുണ്ടായിരുന്നു. പക്ഷേ, നീളം കുറവായിരുന്നു. ഈ പിയറിന്റെ രണ്ടറ്റത്തും റെസ്റ്റോറന്റുകള്‍ ഉണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതശീര്‍ഷര്‍ മാത്രം രമിക്കാന്‍ എത്തുന്ന ഈ സ്ഥലത്തു തന്റെ ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യം ചെലവഴിച്ചാണ് അവള്‍ ഞങ്ങളെ സല്‍ക്കരിച്ചത്. പിയറിനു അറ്റത്തേയ്ക്കു പോകുന്ന വഴിക്കു അനേകം ചൂണ്ടകള്‍ പാലത്തിന്റെ വശത്ത് ഉറപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ചൂണ്ടയിടുന്ന ഒരു വ്യക്തിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യമാദ്യം അയാള്‍ വലിയ പ്രതീക്ഷയോടെ വലിച്ചെടുത്തത് ചൂണ്ടയില്‍ കുരുങ്ങിയ ചപ്പും ചവറുമായിരുന്നു. ഇതു വളരെ ക്ഷമ പരീക്ഷിക്കേണ്ട കാര്യമാണെന്നു തോന്നി. ഞങ്ങള്‍ പാലത്തിന്മേല്‍ കയറി ഒരു ബെഞ്ചില്‍ അയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. മറ്റു പലരും ഇതു ചെയ്യുന്നുണ്ടായിരുന്നു. അയാളുടെ ചൂണ്ടയില്‍ കാര്യമായി എന്തോ കുരുങ്ങി. ചൂണ്ടയുടെ ബലം പരീക്ഷിക്കാതെ അയാളനുബന്ധിച്ചു വച്ചിരിക്കുന്ന കുട്ടയില്‍ വലിച്ചുകയറ്റി പുറത്തെടുത്തു. ഭീമാകാരമായ പിടയ്ക്കുന്ന ഒരു മീന്‍. എല്ലാവരും കൈ കൊട്ടിയും ആര്‍പ്പുവിളിച്ചും അയാളെ പ്രശംസിച്ചു. ചിലര്‍ ഫോട്ടോയെടുത്തു. ആ കാഴ്ച കണ്ടുകഴിഞ്ഞു ഞങ്ങള്‍ പാലത്തിനറ്റത്തേയ്ക്കു പോയി. തണുത്ത കടല്‍ക്കാറ്റ് ആസ്വദിച്ചു. ഇവിടെ വിവിധയിനം പക്ഷികള്‍ മീന്‍ പിടിക്കാനായി പറക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ സന്ധ്യയോടെ മാലിബൂയില്‍ നിന്നു മടങ്ങി.

കാണാന്‍ കൊതിച്ച നാട്

ലാസ് വെഗാസ്: ഞാന്‍ കാണാന്‍ കൊതിച്ചിരുന്ന നാട്. പുസ്തകങ്ങളില്‍ മാത്രം വായിച്ചറിഞ്ഞ വിവരണങ്ങള്‍ വെച്ച് ഒരു ധാരണയുണ്ടായിരുന്നു. ചൂതാട്ടകേന്ദ്രങ്ങള്‍, വിദ്യുത്പ്രഭയാല്‍ അലങ്കരിച്ച കെട്ടിടങ്ങള്‍, ഭക്ഷണശാലകള്‍, പലവിധ വിനോദ കലാപ്രകടനങ്ങളുടേയും സങ്കേതം. എന്റെ ധാരണകള്‍ തെറ്റിയില്ല. ലോസ് ആഞ്ചലസില്‍നിന്നും ഏകദേശം ഒരു മണിക്കൂര്‍ ഫ്‌ലൈറ്റ് സമയം. എയര്‍പോര്‍ട്ടില്‍നിന്നു നഗര പ്രാന്തപ്രദേശങ്ങളിലൂടെ കാറ് പാഞ്ഞു. വഴിമദ്ധ്യേ ട്രംപ് ടവര്‍ കണ്ടു. മറ്റനേകം അംബരചുംബികളായ കെട്ടിടങ്ങള്‍ നിരന്നുനിന്നു. ഒടുവില്‍ ഉദ്ധിഷ്ട ഹോട്ടലില്‍ എത്തി. ഹോട്ടല്‍ പലാസോ വെനീഷ്യ, നിരത്തിന്റെ ഒരറ്റം മുതല്‍ പകുതിയോളം അതു നീണ്ടുകിടക്കുന്നു. അത് ട്വിന്‍ ഹോട്ടലുകളായിരുന്നു. ഒന്നിനകത്തുകൂടി മറ്റേതിലേക്കു കടക്കാം. ഞങ്ങളെ പലാസോയിലാണ് താമസിപ്പിച്ചത്. വിശാലമായ പരവതാനി വിരിച്ച സ്വീകരണമുറിയുള്ള പലാസോയില്‍ പുഷ്പങ്ങളുടെ വര്‍ണ്ണപ്രപഞ്ചം. ജലധാരായന്ത്രങ്ങള്‍ വെള്ളം വര്‍ഷിക്കുന്നു. ആളുകള്‍ സ്വച്ഛമായി ഫോട്ടോ എടുക്കുന്നു. ഞങ്ങളും മുറ തെറ്റിച്ചില്ല. പിന്നീട് ചെക്ക് ഇന്‍ ചെയ്യാനായി മകള്‍ കൗണ്ടറിലേക്കു പോയി. അവിടെ നീണ്ട ക്യൂ ആയിരുന്നു. ഒരുവിധം നടപടി ക്രമങ്ങള്‍ തീര്‍ത്തു മുറിയെടുത്തു.
 
മുപ്പത്തേഴാം നിലയിലാണ് ഞങ്ങള്‍ക്കു മുറി ഒരുക്കിയിരുന്നത്. അങ്ങോട്ടുള്ള ലിഫ്റ്റിലേയ്ക്കു പോകാന്‍ കാസിനോ കടക്കണം. നാലുപാടും വ്യാപിച്ചു കിടക്കുന്ന കാസിനോ ആദ്യകാഴ്ചയില്‍ വിഭ്രമജനകമാണ്. അതിനകത്തുകൂടി ഒരു കിലോമീറ്റര്‍ നടന്നാലേ എലിവേറ്റര്‍ റൂമിലെത്തുകയുള്ളൂ. പക്ഷേ, പരവതാനികള്‍ വിരിച്ച നിലത്തുകൂടെ നടക്കാന്‍ ആയാസം തോന്നുകയില്ല.

ഞങ്ങളുടെ മുറി സ്വീറ്റ് ആയിരുന്നു. രണ്ടു ഇരട്ടക്കട്ടിലുകളും കൂടാതെ സ്വീകരണ ഭാഗവും. വിശാലമായ ജനല്‍ ചില്ലിലൂടെ താഴെ നഗരം കാണാം. കുറച്ചു വിശ്രമത്തിനുശേഷം ഞങ്ങള്‍ ഫ്രഷായി ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. താഴെ കാസിനോയില്‍ എത്തി. അതിനു ചുറ്റിലുമായി അന്‍പതിലധികം ഭക്ഷണശാലകളും അതിനോടടുത്ത് ബിയര്‍ പാര്‍ലറുകളും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു ഇറ്റാലിയന്‍ ഭക്ഷണശാല തിരഞ്ഞെടുത്തു. ഭക്ഷണം ഞങ്ങള്‍ ആസ്വദിച്ചു. അതു കഴിഞ്ഞ് കാസിനോയിലേയ്ക്ക് ഇറങ്ങി. ആദ്യമായി കറങ്ങുന്ന വലിയ ചക്രം പരീക്ഷിച്ചു. അഞ്ച് ഡോളര്‍ ഇട്ട് ലിവര്‍ വലിച്ചാല്‍ അതു കറങ്ങാന്‍ തുടങ്ങും. അപ്പോള്‍ മുന്‍പിലുള്ള മേശയില്‍ പതിച്ചുവച്ച ബട്ടണുകളില്‍ ഇഷ്ടമുള്ള സംഖ്യ തിരഞ്ഞെടുത്ത് ബട്ടണ്‍ അമര്‍ത്താം. ചക്രത്തിന്റെ കറക്കം ശ്വാസം പിടിച്ചു നോക്കിനിന്നു. അത് അതിവേഗം കറങ്ങി താനെ വേഗത കുറഞ്ഞു തിരഞ്ഞെടുത്ത നമ്പറിനു മുകളിലൂടെ പലവട്ടം സൂചി പോയി അവസാനം വളരെ പതുക്കെ എന്റെ നമ്പറിന് അടുത്തുള്ള മറ്റൊരു നമ്പറില്‍ പോയി നിന്നു. ഞാന്‍ പതിയെ ദീര്‍ഘനിശ്വാസം വിട്ടു. അഞ്ച് ഡോളര്‍ പോയിക്കിട്ടി. ഒട്ടും തളരാതെ അഞ്ച് ഡോളര്‍ മോള്‍ക്ക് കൊടുത്തു. അവള്‍ കഴിഞ്ഞ തവണ നിന്ന നമ്പര്‍ തിരഞ്ഞെടുത്തു. ഇത്തവണ ചക്രം ഞാന്‍ ആദ്യം തിരഞ്ഞെടുത്തിരുന്ന നമ്പറില്‍ പോയി നിന്നു. വീണ്ടും അഞ്ച് ഡോളര്‍ കബൂല്‍. ഇത് കണ്ടിട്ട് തന്നെ കാര്യമെന്ന് ഞങ്ങള്‍ തുനിഞ്ഞിറങ്ങി. മറ്റു സജ്ജീകരണങ്ങളിലേക്ക് നീങ്ങി. ഒരു ഡോളര്‍ ഇട്ടാല്‍ കളിക്കാവുന്ന വിഭിന്ന കളികള്‍ കണ്ടുപിടിച്ചു. (ഇത് ഇന്ത്യക്കാര്‍ മാത്രം തിരഞ്ഞെടുക്കുന്ന മേഖലയാണ് എന്നു മകള്‍ പഞ്ഞുതന്നു.)

എന്തിനേറെ പറയുന്നു. ഒരു ഡോളര്‍ ഇട്ട ഒരു ഗെയിമില്‍ എനിക്ക് 22 ഡോളര്‍ ഏഴ് സെന്റ് കിട്ടി. അതു വിവരിക്കാം. ഒരു ഡോളറിനെ അഞ്ച് സെന്റിന്റെ പല കളികളായി വിഭജിച്ചു കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് എനിക്ക് കുറെ ഫ്രീ ഗെയിമുകള്‍ കിട്ടി. ഉടനെ മെഷീന്‍ കലപില ശബ്ദങ്ങളും ഹുറേ വിളികളും നടത്താന്‍ തുടങ്ങി. ഞാന്‍ അന്തംവിട്ടു എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു. അതു വഴി വന്ന ഒരു പ്രായംചെന്ന അമേരിക്കന്‍ വനിത എനിക്ക് ഏതു സ്‌ക്രീനില്‍ തൊടണമെന്നു കാണിച്ചു തന്നു. ഞാന്‍ എനിക്കു തോന്നിയ സ്ഥലത്തെല്ലാം കുത്തിനോക്കി. തുടരെ തുടരെ ഫ്രീ ഗെയിമുകള്‍ കിട്ടിക്കൊണ്ടിരുന്നു. മെഷീന്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഗെയിമുകള്‍ തീര്‍ന്നു സ്‌ക്രീനില്‍ ഒരു ചക്രം കറങ്ങാന്‍ തുടങ്ങി. എനിക്കു കിട്ടിയ പണം ഒരു സെന്റില്‍ തുടങ്ങി ഒന്നൊന്നായി 2207-ലെത്തി നിന്നു. കറക്കം നിര്‍ത്തി. ഞാന്‍ താടിക്കു കൈവച്ചു നോക്കിയിരുന്നു. ആ വനിത എന്നെ പുറത്തുതട്ടി അഭിനന്ദിച്ചു. ഞാന്‍ അവരുമായി ഹസ്തദാനം ചെയ്തു. പണം വാങ്ങുവാനുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ഒരു വൗച്ചര്‍ പുറത്തുവന്നു. 22.07 എന്ന് എഴുതിയിരിക്കുന്നു. അടുത്തുള്ള എ.ടി.എം മെഷീനില്‍ വൗച്ചര്‍ കൊടുത്തപ്പോള്‍ 22 ഡോളര്‍ പുറത്തുവന്നു. പിന്നെ ചില്ലറ നാണയങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. പിന്നീടും പല സമയങ്ങളിലായി കളിച്ചു കിട്ടിയ വൗച്ചറുകളും ഡോളറും എല്ലാം നഷ്ടപ്പെടുത്തി സമാധാനത്തോടെ തിരിച്ചുവന്നു. കളി ഒരു ഡോളറിന്റെ ആയാലും 100 ഡോളറിന്റെ ആയാലും ഒരു ഹരമായി മാറും.

ഞങ്ങള്‍ മൂന്നു ദിവസത്തേക്കാണ് മുറിയെടുത്തത്. ആദ്യത്തെ ദിവസം ചൂതാട്ടമെല്ലാം തീര്‍ത്തു രണ്ടാമത്തെ നിലയിലുള്ള വിസ്തൃതമായ ഷോപ്പിംഗ് മാളില്‍ കറങ്ങിനടന്നു. പിന്നീട് താഴെ വന്ന് ഓപ്പണ്‍ എയര്‍ ഭക്ഷണശാലകളുടെ സമൂഹത്തിലെത്തി. അതിനു നടുവിലായി സാമാന്യം ആഴമുള്ള ഒരു കനാല്‍ ഒഴുകുന്നു. അതില്‍ ഗൊണ്ടോലകള്‍ (ഒരുതരം അലങ്കാര വഞ്ചികള്‍) ആളുകളെ കയറ്റി തുഴഞ്ഞുപോയിരുന്നു. പലരും ഈ കാഴ്ച കാണാന്‍ നടുവിലുള്ള മേല്‍പ്പാലത്തില്‍ കയറി നിന്നിരുന്നു. മറ്റൊരിടത്ത് ഒരു ഗായകസംഘം ഗാനാലാപനം ചെയ്യുന്നുണ്ടായിരുന്നു. മുകളില്‍ നീലാകാശത്തില്‍ മേഘപാളികള്‍. ഞാന്‍ അതു നോക്കിയിരുന്നപ്പോള്‍ മോള്‍ പറഞ്ഞു: അത് ആകാശമല്ല അമ്മെ സ്‌ക്രീന്‍ ഉണ്ടാക്കിവച്ചിരിക്കുകയാണ്. അതു തെളിയിക്കാന്‍ എന്നോണം ഏതോ ബാലനു കൈമോശം വന്ന ഹൈഡ്രജന്‍ ബലൂണ്‍ മുകള്‍ത്തട്ടില്‍ തൂങ്ങിക്കിടന്നിരുന്നു. ഞാന്‍ സ്തബ്ധയായി. ഭക്ഷണവും വിശ്രമവും കഴിഞ്ഞു. 

പിറ്റേന്നു ഞങ്ങള്‍ പ്രാതല്‍ കഴിച്ചു മോണോ റെയിലില്‍ സവാരി ചെയ്യാന്‍ പോയി. മറ്റൊരു ചെറിയ കാസിനോയില്‍ക്കൂടെ അകത്തേയ്ക്കു പോയി അതിന്റെ പുറകറ്റത്തുള്ള എസ്‌കലേറ്റര്‍ വഴി മുകളിലെത്തി. പ്ലാറ്റ്ഫോമില്‍ ഉള്ള മെഷീനില്‍നിന്നു ടിക്കറ്റ് എടുത്തു. കുറച്ചു സമയത്തിനുള്ളില്‍ ട്രെയിന്‍ എത്തി. മെട്രോ ട്രെയിന്‍ പോലെ. എന്നാല്‍, ബോഗിക്ക് കൂടുതല്‍ പഴക്കമുണ്ട്. അത് ഞങ്ങളെ നഗരത്തിനു ചുറ്റും കൊണ്ടുപോയി. പ്രധാന നഗരവീഥിയല്ല, കാസിനോകളുടെ പിന്‍വശത്തുകൂടിയാണ് പോയത്. യാത്ര ഉല്ലാസപ്രദമായിരുന്നു. വൈകിട്ട് ഒരു മ്യൂസിക്കല്‍ ഷോയ്ക്ക് ടിക്കറ്റ് എടുത്തു. മറ്റൊരു റിസോര്‍ട്ടില്‍ ഉള്ള ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. ഞങ്ങള്‍ ആറു മണിയോടെ ഷോയ്ക്ക് കയറി. തിയേറ്റര്‍ തിങ്ങിനിറഞ്ഞിരുന്നു. ബീറ്റില്‍സ് എന്ന ഗായകസംഘത്തിന്റെ പാട്ട് സ്‌ക്രീനില്‍ കാണിച്ചിരുന്നു. അതിനനുസരിച്ചുള്ള വിഷയം സ്വീകരിച്ച് ഒരു സര്‍ക്കസ് ഷോ. ചടുലവും ഉദ്വേഗജനകവുമായ ചലനങ്ങള്‍. പാട്ടിന്റെ പശ്ചാത്തലത്തില്‍ ആകര്‍ഷകമായ പ്രകടനങ്ങള്‍. ഞങ്ങള്‍ നല്ലവണ്ണം ആസ്വദിച്ചു. ഒന്‍പത് മണിക്ക് ഷോ തീര്‍ന്നു.

ഇതുകൂടാതെ വഴിവക്കില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം, ജലധാരായന്ത്ര പ്രകടനം തുടങ്ങി പലതും കണ്ടു. പിറ്റേന്നു ഞങ്ങളുടെ ബാഗുകള്‍ അടുക്കി ചെക്ക് ഔട്ട് ചെയ്യാന്‍ ഏല്പിച്ചശേഷം പ്രാതല്‍ ഒരു ഇന്ത്യന്‍ ഭക്ഷണശാലയില്‍നിന്നു കഴിച്ചു. നെയ്റോസ്റ്റും വടയുമായിരുന്നു വിഭവങ്ങള്‍. പിന്നീട് ഞങ്ങള്‍ പുറത്തിറങ്ങി ഒട്ടുദൂരം കാഴ്ചകള്‍ കണ്ടു നടന്നു. പിസ്സ ഗോപുരം പോലെയും എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ് പോലെയും ഉള്ള കെട്ടിടങ്ങള്‍ കാസിനോകളായി ഉണ്ടായിരുന്നു. ഉച്ചഭക്ഷണവും കഴിഞ്ഞു അവസാനവട്ട ചൂതുകളിയും കഴിഞ്ഞു ഞങ്ങള്‍ മടങ്ങാന്‍ തയ്യാറായി. കൊടുത്തേല്പിച്ച ബാഗുകള്‍ തിരിച്ചുവാങ്ങി മടക്കയാത്ര നടത്തി.

മനുഷ്യനിര്‍മ്മിത ദ്വീപില്‍

രോഹിണിയുടെ ഭര്‍ത്താവ് അജിത്തിന് ഉദ്യോഗത്തിരക്കുമൂലമാണ് ഈ യാത്രകളില്‍ ഞങ്ങളെ അനുഗമിക്കാന്‍ പറ്റാഞ്ഞത്. പക്ഷേ, ഞങ്ങള്‍ തിരിച്ചെത്തിയതിനുശേഷം അജിത്ത് ലീവെടുത്ത് ഞങ്ങളോടൊപ്പം കൂടി. അടുത്ത യാത്ര സാന്‍ഡിയാഗോയിലേയ്ക്കായിരുന്നു. കാറില്‍ രണ്ട് മണിക്കൂര്‍. കാര്‍ ഒരു ഗാരേജില്‍നിന്നു വാടകയ്‌ക്കെടുത്തു. രോഹിണിയാണ് ഓടിച്ചത്. അവര്‍ കൊടുത്തത് ഒരു പഴഞ്ചന്‍ കാറായിരുന്നു. പോരാത്തതിനു വാരാന്ത്യത്തിലെ തിരക്കും. വല്ലാത്ത ട്രാഫിക് ജാമിലൂടെ ഓടിച്ച് മൂന്നര മണിക്കൂര്‍ കൊണ്ട് സാന്‍ഡിയാഗോയിലെത്തി. മാരിയറ്റ് ഹോട്ടലില്‍ ആയിരുന്നു മുറി പറഞ്ഞിരുന്നത്. അവള്‍ അവരുടെ പ്ലാറ്റിനം ബ്രാന്‍ഡ് കസ്റ്റമര്‍ ആയിരുന്നു. അതുകൊണ്ട് അവര്‍ രാവിലെതൊട്ട് ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. രോഹിണിക്ക് പ്രത്യേകമായി ഹോട്ടലിന്റെ ആതിഥേയം ഉണ്ടായിരുന്നു. ബ്രാന്‍ഡ് അംബാസഡര്‍ എന്നാണ് അവരെ പറയുക. അവര്‍ കൂടെ മുറിയില്‍ വന്നു. ഞങ്ങള്‍ക്ക് എല്ലാം തൃപ്തികരമായോ എന്ന് ഉറപ്പിക്കാനായിരുന്നു അവര്‍ വന്നത്. ഉപചാരങ്ങള്‍ കഴിഞ്ഞ് അവര്‍ യാത്ര പറഞ്ഞു. മേശപ്പുറത്ത് കുറെ ചീസും ഡ്രൈ ഫ്രൂട്ട്സും കൂടാതെ മറ്റനേകം ലഘുഭക്ഷണങ്ങളും അടച്ചു വെച്ചിരുന്നു. അവരുടെ മുറിയില്‍ നിറയെ ചോക്ലേറ്റ് ആയിരുന്നു. രോഹിണിയുടേത് എക്‌സിക്യൂട്ടീവ് റൂം ആയിരുന്നെങ്കില്‍ ഞങ്ങളുടേത് അതിമനോഹര പുറംകാഴ്ചയുള്ള മൂലയിലെ മുറിയായിരുന്നു. ഗ്ലാസ്സ് ജനലിനു പുറത്ത് ശാന്തമായ പസിഫിക് കടലിന്റെ കൈവഴിയായി കയറിക്കിടക്കുന്ന കായലോരത്തെ തുറമുഖം കൊച്ചിയെ പകര്‍ത്തിവച്ചതുപോലെ. അതും മനുഷ്യനിര്‍മ്മിതമായ ദ്വീപാണ്. അവിടെയും നേവല്‍ ബേസ് ഉണ്ട്. തുറമുഖം മറുവശത്താണ്. ജനലിനു കീഴില്‍ വൃത്തിയായി സംരക്ഷിക്കപ്പെടുന്ന നടപ്പാതയും മനോഹരമായ പൂന്തോപ്പും. അതിനപ്പുറം വെളുത്ത ബോട്ടുകള്‍ നിരയായി കിടക്കുന്ന വിസ്തൃതമായ ബോട്ട് ജെട്ടിയും. സാന്‍ഡിയാഗോയില്‍ ആളുകള്‍ കാറ് വാങ്ങിക്കുന്നതിനു പകരം ബോട്ടുകളാണ് വാങ്ങിക്കുന്നത്, മകള്‍ പറഞ്ഞുതന്നു.

ഞങ്ങള്‍ മൂന്നു ദിവസത്തേക്കാണ് മുറിയെടുത്തത്. എത്തിയ ദിവസം പുറത്ത് ഒരു ഉത്തരേന്ത്യന്‍ ഭക്ഷണശാലയില്‍നിന്ന് ഉച്ചയൂണ് കഴിച്ചു. ചുറ്റുപാടുകള്‍ കണ്ടു നടന്നു. ലാസ് വെഗാസ് ഭൂപ്രകൃതി കൊണ്ടും നിര്‍മ്മാണരീതികൊണ്ടും ദുബായ് പട്ടണത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെങ്കില്‍ സാന്‍ഡിയാഗോ സിംഗപ്പൂരുപോലെയാണ് എന്നു ഭര്‍ത്താവ് അഭിപ്രായപ്പെട്ടു. വരുന്ന വഴിക്കു റോഡിനു കുറുകെ റയില്‍പ്പാത കണ്ടു. ട്രാമിന്റെ വഴിയായിരുന്നു. അത് വരാറാകുമ്പോള്‍ അവിടെ ഘടിപ്പിച്ചിട്ടുള്ള മെഷീനുകളില്‍നിന്ന് ഉച്ചത്തില്‍ അലാം ബെല്ലുകളും പ്രഘോഷണങ്ങളും കേള്‍ക്കാം. ആകെ ബഹളമയം. ഞങ്ങള്‍ തിരിച്ച് മാരിയറ്റ് മാര്‍ക്വിസിലെത്തി. മകളും അജിത്തും കായലോരത്ത് നടക്കാന്‍ പോയി. ഞങ്ങള്‍ മുറിയില്‍ തന്നെയിരുന്നു കായലിലെ കാഴ്ചകള്‍ നോക്കിയിരുന്നു. 17-ാം നിലയിലായതുകൊണ്ട് പുറംകാഴ്ചകളുടെ ആകമാന ചിത്രം കാണാം.

നീലനിറത്തില്‍ സ്ഫടികം പോലെ തിളങ്ങുന്ന കായല്‍ജലത്തില്‍ക്കൂടെ വിഹരിക്കുന്ന യാനങ്ങള്‍, പായ്വഞ്ചികള്‍, വെള്ളത്തില്‍ നുരയിട്ട് അതിവേഗം പോകുന്ന വാട്ടര്‍ സ്‌കൂട്ടറുകള്‍ (ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ട് പോലുള്ള ജലവാഹനം) എന്നീ കാഴ്ചകള്‍ നോക്കിയിരുന്നാല്‍ സമയം പോകുന്നതറിയില്ല. അന്തിക്ക് സൂര്യാസ്തമയം കാണുവാന്‍ കാത്തിരുന്നു. അസ്തമയ സൂര്യന്‍ കടലില്‍ താഴുമ്പോള്‍ ആകാശത്തിലെ വര്‍ണ്ണവിതാനങ്ങള്‍ മതിമയക്കുന്നതായിരുന്നു. ഞങ്ങള്‍ ചീസ് ബോര്‍ഡിലെ ഭക്ഷ്യവിഭവങ്ങള്‍ കഴിച്ചു. കുട്ടികള്‍ പുറത്തുനിന്ന് ഞങ്ങള്‍ക്കു കഴിക്കാന്‍ ബര്‍ഗറും കൊണ്ടുവന്നു. പക്ഷേ, ഞങ്ങള്‍ക്കു വയര്‍ നിറഞ്ഞിരുന്നു. അത് അവര്‍ തന്നെ പങ്കുവച്ചു. പിറ്റേന്ന് ആകാശം മേഘാവൃതമായി. മഴ ഇടയ്ക്കിടെ പെയ്തു. കായലില്‍ ബോട്ടുകളൊന്നും ഇറങ്ങിയില്ല. അന്നത്തെ ദിവസം ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. ദിനം മുഴുവന്‍ സൂര്യന്‍ കാര്‍മേഘപാളികള്‍ക്കുള്ളില്‍ മറഞ്ഞിരുന്നു.

അടുത്ത ദിവസം സൂര്യപ്രകാശം തട്ടിയാണ് ഞാന്‍ ഉണര്‍ന്നത്. തെളിഞ്ഞ ആകാശം. പുഞ്ചിരി തൂകുന്ന ദിനകരന്‍. പക്ഷേ, അന്നു ഞങ്ങള്‍ക്കു മടങ്ങേണ്ടിയിരുന്നു. പ്രകൃതിയുടെ പ്രതിഭാസം. രാവിലെ ഭക്ഷണത്തിനുശേഷം ഞാനും ഭര്‍ത്താവും ഹോട്ടലിന്റെ പിന്‍വശത്തുകൂടെ ബോട്ട് യാര്‍ഡിനരികിലുള്ള വാക്വേയിലൂടെ നടക്കാനിറങ്ങി. നല്ല വെയിലില്‍ തണുപ്പിന്റെ കുളിരും കായല്‍ക്കാറ്റും ഏറ്റു നടന്നു. സാമാന്യം വലിയ ബോട്ടുകളും വളരെ വലിയ ആഡംബര ബോട്ടുകളും കണ്ടു. എല്ലാം വെള്ള നിറം. ജോലിക്കാര്‍ രാവിലെതന്നെ അതാത് ബോട്ടുകളില്‍ കയറി ഓരോ ഭാഗവും സൂക്ഷ്മതയോടെ തുടച്ചുമിനുക്കുന്നു. ഈ ആഡംബര ബോട്ടുകള്‍ കടലിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകുവാനുള്ളതാണെന്നു തോന്നി. രാവിലെതന്നെ യാത്രക്കാര്‍ വരുന്നുണ്ടായിരുന്നു. പല നിലകളുള്ള വെട്ടിത്തിളങ്ങുന്ന ബോട്ടില്‍ പാര്‍ട്ടി നടത്താന്‍പോലും സൗകര്യമുണ്ട്. കുറെ സമയം കാഴ്ച കണ്ടപ്പോഴേക്കും കുട്ടികള്‍ ഞങ്ങളോടൊപ്പമെത്തി. ഞങ്ങള്‍ വാക്വേയുടെ മറുവശത്തേക്കു നീങ്ങി. ഇവിടെ പൊതുജനങ്ങള്‍ക്കുള്ള ബോട്ട് ജെട്ടിയുണ്ട്. ബോട്ടില്‍ ഡീസലൊഴിച്ചു സഞ്ചാരികള്‍ക്ക് തനിയെ ബോട്ട് ഓടിക്കുവാനുള്ള സൗകര്യമുണ്ട്. വാട്ടര്‍ സ്‌കൂട്ടറുകളും അവിടെനിന്നു നുരകുത്തിപ്പായുന്നുണ്ടായിരുന്നു. അവിടെനിന്നു നീങ്ങിയപ്പോള്‍ ഒരു മാര്‍ക്കറ്റ് ശൃംഖലയിലെത്തി. ചെറിയ ചെറിയ കൗതുകവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍. നടുവില്‍ ജലധാരായന്ത്രങ്ങള്‍. പനിനീര്‍ തടാകങ്ങള്‍ എന്നിങ്ങനെ പലതും കണ്ടു. 

വൈകാതെ ഭക്ഷണം കഴിച്ചു ഞങ്ങള്‍ തിരികെ പോകാനൊരുങ്ങി. ഹോട്ടലില്‍നിന്നു ചെക്ക് ഔട്ട് ചെയ്തു കാര്‍ പുറത്തെടുത്തു ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. ഇത്തവണ വഴിയില്‍ തിരക്കു കുറവായിരുന്നു. ഞങ്ങള്‍ മൂന്നു മണിക്കൂര്‍കൊണ്ട് തിരിച്ചെത്തി. വീണ്ടും ലോസ് ആഞ്ചലസ്.

ഞങ്ങളുടെ ഒരു മാസത്തെ പര്യടനത്തിന്റെ അവസാന ഘട്ടം യൂണിവേഴ്സല്‍ സ്റ്റുഡിയോ ആയിരുന്നു. നല്ല തെളിച്ചമുള്ള ഒരു പ്രഭാതത്തില്‍ ഞങ്ങള്‍ അങ്ങോട്ട് തിരിച്ചു. ഹോളിവുഡിനടുത്താണ് യൂണിവേഴ്സല്‍ സ്റ്റുഡിയോ. രോഹിണി ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. ടാക്‌സി ഞങ്ങളെ അങ്ങോട്ടെത്തിച്ചു. പ്രവേശനകവാടത്തില്‍ ക്യൂ നില്‍ക്കാതെ എളുപ്പത്തില്‍ അകത്തേയ്ക്കു കടന്നു. ഗേറ്റിനടുത്തുതന്നെ ഒരു ചുവരില്‍ വര്‍ണ്ണവിതാനത്തില്‍ രണ്ടു വലിയ ചിറകുകള്‍ ചിത്രീകരിച്ചിരിക്കുന്നു. ആളുകള്‍ അതിന്റെ ഒത്തനടുവില്‍നിന്നു ഫോട്ടോ എടുക്കുന്നു. ഞങ്ങള്‍ അതു പിന്നീടേയ്ക്ക് മാറ്റിവച്ചു. അകത്തു വ്യാപാരശാലാവൃന്ദവും ഹോട്ടല്‍ ശൃംഖലയും ചുറ്റിലുമുണ്ടായിരുന്നു. പിന്നെയും നടന്നുപോയപ്പോള്‍ യൂണിവേഴ്സല്‍ സ്റ്റുഡിയോ എന്ന ഭീമന്‍ ഗ്ലോബ് കറങ്ങുന്നത് കണ്ടു.

രോഹിണി ആദ്യം ബസ് റൈഡിങ്ങിനു പോകാം എന്ന് അഭിപ്രായപ്പെട്ടു. മാപ്പ് നോക്കി ടിക്കറ്റ് എടുക്കുന്ന സ്ഥലം കണ്ടുപിടിച്ചു. ക്യൂയില്‍നിന്നു ടിക്കറ്റ് വാങ്ങി. വണ്ടികള്‍ തുടരെ വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ ഊഴം വന്നപ്പോള്‍ നാലുപേരും കയറി. രണ്ടുവശവും തുറന്ന ജനലുകളോടുകൂടിയ ബോഗികള്‍ തമ്മിലിണക്കി ഒന്നിച്ചു കൊണ്ടുപോകുന്നു. ബസില്‍ കയറുമ്പോള്‍ ഞങ്ങള്‍ക്ക് ത്രി ഡി ഗ്ലാസ്സ് തന്നു. ആദ്യത്തെ ബോഗിയില്‍ ഉള്ള ബസ്സ് ഡ്രൈവര്‍ അനൗണ്‍സ്മെന്റുകള്‍ ചെയ്തുകൊണ്ടിരുന്നു. ബസു കുലുങ്ങുമെന്നു മുന്നറിയിപ്പ് തന്നു. ഞങ്ങള്‍ ഒരു സാഹസിക യാത്രയ്ക്കായി കാത്തിരുന്നു. ബസ് നീങ്ങാന്‍ തുടങ്ങി. ആദ്യം യൂണിവേഴ്സലില്‍ ഛായാഗ്രഹണം ചെയ്ത പല സിനിമകളുടേയും പശ്ചാത്തലം കാണിച്ചുതന്നു. നമ്മുടെ റാമോജിറാവു ഫിലിം വേള്‍ഡ് പോലെ, അതിന്റെ പല ഇരട്ടിയാണെന്നു മാത്രം. അതുകഴിഞ്ഞ് ബസ് വനപ്രദേശങ്ങളിലേയ്ക്കു കടന്നു. അപായ സിഗ്‌നലുകള്‍ തന്നു. പെട്ടെന്ന് ഒരു കൂറ്റന്‍ ദിനോസര്‍ തലയുയര്‍ത്തി വന്നു. ഒരു വശത്തുനിന്നും കിംങ്കോങ് എന്ന ചിമ്പാന്‍സിയും. അവ തമ്മിലുള്ള ഭീകര യുദ്ധത്തിനിടെ ബസിനകത്തേയ്ക്കും അവയുടെ ആക്രമണം വരുന്നതുപോലെ തോന്നിക്കും. ബസ് കുലുങ്ങിമറിഞ്ഞു. ഞാന്‍ മുന്‍പിലത്തെ ബാറില്‍ അള്ളിപ്പിടിച്ചിരുന്നു. അവര്‍ണ്ണനീയമായ കൗതുകമേകി ആ ഗുഹ കടന്നു. വണ്ടി പിന്നെയും മുന്നോട്ടു പോയി. വെള്ളച്ചാട്ടത്തിലൂടെയും തീയിലും പുകയിലൂടെയും വെടിയുണ്ട ഉതിര്‍ക്കുന്ന തോക്കുകള്‍ക്കിടയിലൂടെയും സ്ഫോടനങ്ങള്‍ക്കിടയിലൂടെയും ബസ് നിന്നും നിരങ്ങിയും ഞങ്ങളെ ഉത്തേജിതരാക്കി. ഒരു മണിക്കൂറിലധികമുള്ള ബസ് റൈഡ് കഴിഞ്ഞു ഞങ്ങള്‍ തിരിച്ചെത്തി. പിന്നീട് കറങ്ങിനടന്നു പല ഷോയും കണ്ടു. ജയിന്റ് വീല്‍ പോലെയുള്ള സാഹസിക പ്രകടനങ്ങള്‍ക്കൊന്നും ഞങ്ങള്‍ പോയില്ല. പക്ഷേ, പാണ്ഡ, മിനിയന്‍സ് തുടങ്ങി പല റൈഡുകളിലും കയറി. തിയേറ്റര്‍ പോലെയുള്ള സംവിധാനത്തില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ ഇരിപ്പുറപ്പിക്കും. ഷോ തുടങ്ങിയാല്‍ സ്‌ക്രീനില്‍ വരുന്ന രൂപങ്ങളുടെ കഥകളില്‍ നാമും സംബന്ധിക്കുന്നു എന്നു തോന്നിക്കുന്ന വിധത്തില്‍ കസേര ഇളകി മുന്‍പോട്ട് നീങ്ങിയും മുകളില്‍നിന്നു വെള്ളം തളിച്ചും തികച്ചും ഉദ്വേഗജനകമായ അനുഭവം തരും. പാണ്ടയില്‍ കുതിരവണ്ടിയിലും മറ്റുമുള്ള യാത്രയുടെ പ്രതീതിയാണെങ്കില്‍ മിനിയന്‍സില്‍ ഗഗനചാരികളായി മേലോട്ടും താഴോട്ടും പോകുന്ന പ്രതീതിയാണ്. ഞാന്‍ കസേരയില്‍ അള്ളിപ്പിടിച്ചിരുന്നു.

ഇങ്ങനെ പലതും കണ്ടും കേട്ടും ഭക്ഷണം കഴിച്ചും ഞങ്ങള്‍ അവസാനമായി ഏട്ടനു പ്രിയങ്കരമായ വാട്ടര്‍ഷോ കാണാന്‍ പോയി. യൂണിവേഴ്സല്‍ സ്റ്റുഡിയോ 1995-ല്‍ വാട്ടര്‍ വേള്‍ഡ് എന്ന പടമെടുത്തു. അത് ഒരു വന്‍ പരാജയമായി. തളരാതെ അതിന്റെ സെറ്റ് പണിത ആ കഥ, നാവികരും കടല്‍ക്കൊള്ളക്കാരും തമ്മില്‍ ആകാശത്തിലൂടെയും വെള്ളത്തിലൂടെയും കടലില്‍ നടക്കുന്ന ഒരു യുദ്ധം അവതരിപ്പിച്ചു. ഇത് ഒരു വന്‍ വിജയമായി. തുടര്‍ന്നു ലോകത്തിന്റെ നാനാ ഭാഗത്തുള്ള യൂണിവേഴ്സല്‍ സ്റ്റുഡിയോകളില്‍ വാട്ടര്‍ ഷോ ഒരു അവശ്യഘടകമായി. ഞങ്ങള്‍ മുന്‍പ് നടത്തിയ സിംഗപ്പൂര്‍ യാത്രയിലും വാട്ടര്‍ ഷോ കാണുകയുണ്ടായി. കൃത്രിമമായ തടാകത്തില്‍ നാവികരും കടല്‍ക്കൊള്ളക്കാരും തമ്മിലുള്ള പയറ്റാണ് വാട്ടര്‍ സ്റ്റണ്ട് ഷോ. അതിലുള്ള രണ്ട് അഭിനേതാക്കള്‍ കാണികളെ വെള്ളം കോരി ചീറ്റിവിട്ടും പല ഹാസ്യ വിനോദങ്ങളിലൂടെയും ജനങ്ങളെ കയ്യിലെടുത്തു. കാണികള്‍ നിറഞ്ഞപ്പോള്‍ ഷോ തുടങ്ങി. നാവികരുടെ പലവിധ പ്രകടനങ്ങള്‍ കടലില്‍ നടക്കുന്നതിന്റെ പ്രതീതിയുളവാക്കിക്കൊണ്ടുള്ള കലാപ്രകടനങ്ങള്‍. യാത്രയില്‍ ഞാന്‍ മനസ്സിലാക്കിയത് യു.എസ്സിലെ ഓരോ ദേശത്തിലും ആളുകള്‍ പ്രകൃതത്തിലും ജീവിതരീതികളിലും വ്യത്യസ്തരാണ് എന്നാണ്. സങ്കരവര്‍ഗ്ഗക്കാരും പരദേശികളും നിറഞ്ഞ സ്ഥലമാണ് ലോസ് ആഞ്ചല്‍സിന്റെ ഡൗണ്‍ടൗണ്‍. പക്ഷേ, അതിന്റെ അതിരുകള്‍ കാക്കുന്ന മലനിരകളില്‍ ഹോളിവുഡിലെ അതികായന്മാരും പ്രശസ്തരും നിവസിക്കുന്നു. ലാസ്വെഗാസാവട്ടെ, സഞ്ചാരികളുടെ അവസാന വാക്കാണ്. ഞാന്‍ നാല് വര്‍ഷം മുന്‍പ് കണ്ട സിയാറ്റില്‍ യാഥാസ്ഥിതികരായ അമേരിക്കന്‍ ജനതയുടേതും. ലോസ് ആഞ്ചല്‍സില്‍ കാലാവസ്ഥ പൊതുവെ സൗമ്യമാണ്. കൊടും ചൂടോ കൊടും തണുപ്പോ ഇല്ല. എന്നാല്‍, ഷിക്കാഗോ തണുപ്പിന്റെ രാജ്യമാണ്. ഇത്ര വലിയ ആ ദേശത്തു ഭാഷ ഒന്നാണെന്നത് അത്ഭുതകരമാണ്. ഞങ്ങള്‍ വിനോദസഞ്ചാരികളെപ്പോലെ കൃത്യമായ യാത്രാക്രമത്തോടെ അല്ല പോയത്. മകളുടെ ഉദ്യോഗസമയാനുസരണം യാത്രാപരിപാടികള്‍ ചിട്ടപ്പെടുത്തുകയായിരുന്നു. ചിലപ്പോള്‍ വിനോദകേന്ദ്രങ്ങളില്‍ താമസിക്കുമ്പോള്‍ അജിത്തിനു രാത്രിസമയം തന്റെ ലാപ്ടോപ്പില്‍ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. അവരുടെ ഏറ്റവും വലിയ പ്രശ്‌നം ഞങ്ങളുടെ ഭക്ഷണകാര്യങ്ങള്‍ എങ്ങനെ ആസൂത്രണം ചെയ്യും എന്നായിരുന്നു. പക്ഷേ, ഞങ്ങള്‍ മടികൂടാതെ അമേരിക്കന്‍ ഭക്ഷണത്തോടു പൊരുത്തപ്പെട്ടു. അവിടത്തെ ശീലങ്ങളും സ്വാംശീകരിച്ചു.

ഞങ്ങള്‍ യാത്രയുടെ അന്തിമഘട്ടത്തിലെത്തി. തിരിച്ചു വരുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരു നല്ല പെട്ടിയുടെ നമ്പര്‍ ലോക്ക് നമ്പര്‍ മറന്നുപോയതുകൊണ്ട് തല്ലിപ്പൊട്ടിക്കേണ്ടിവന്നു. അത് അവിടെ നിഷ്‌കാസനം ചെയ്തു പുതിയൊരു ബാഗ് വാങ്ങിച്ചു. 90 ഡോളറിനു വലിയ നല്ല ഉറപ്പുള്ള ഒരു പെട്ടി അടുത്തുള്ള മാര്‍ക്കറ്റില്‍നിന്നു വാങ്ങിച്ചു പായ്ക്കിംഗ് നടത്തി. ജൂണ്‍ രണ്ടിനു വൈകിട്ട് നാല് മണിക്കുള്ള ഫ്‌ലൈറ്റില്‍ ഞങ്ങള്‍ മടക്കയാത്ര ചെയ്തു. അനേക വൈശിഷ്ട്യങ്ങളുള്ള ആ നാടിനോടും പ്രിയപ്പെട്ട മക്കളോടും യാത്ര പറഞ്ഞു. സെക്യൂരിറ്റി ചെക്കിന് എസ്‌കലേറ്റര്‍ വഴി പോകണം. അതിന്റെ താഴെ വരെ ഞങ്ങളെ അവര്‍ അനുഗമിച്ചു. മുകളില്‍ ചെന്ന് കണ്ണില്‍നിന്നു മറയുംവരെ കൈവീശി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com