​കളിസ്ഥലം നഷ്ടപ്പെടുന്ന കോൺ​ഗ്രസ്

By ഹമീദ് ചേന്നമംഗലൂര്‍   |   Published: 30th May 2021 04:58 PM  |  

Last Updated: 30th May 2021 04:58 PM  |   A+A-   |  

chennithala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

 

ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജയിച്ചുകയറുമെന്ന് ഇടതുമുന്നണിക്കോ അതിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന സി.പി.ഐ.എമ്മിനോ അത്ര വലിയ ഉറപ്പൊന്നുമുണ്ടായിരുന്നില്ല. ആ ഉറപ്പില്ലായ്മയാണ് 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന മുദ്രാവാക്യത്തില്‍ പ്രതിഫലിച്ചത്. ഇടതു ജനാധിപത്യ മുന്നണി വീണ്ടും അധികാരമേറും എന്ന അവബോധം സമൂഹമനസ്സില്‍ പടര്‍ത്തുന്നതിനുള്ള മാനേജ്‌മെന്റ് തന്ത്രമായിരുന്നു ആ മുദ്രാവാക്യം. എല്‍.ഡി.എഫിലെ ഏറ്റവും വലിയ ശുഭാപ്തിവിശ്വാസികള്‍പോലും മുന്നണി കഷ്ടിച്ചു കയറിപ്പറ്റിയാല്‍ ഭാഗ്യം എന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ, എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട് എല്‍.ഡി.എഫ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ചരിത്രവിജയം കരസ്ഥമാക്കി. യു.ഡി.എഫാകട്ടെ, ലജ്ജാകരമായ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.

ഐക്യജനാധിപത്യ മുന്നണിയുടെ അമരത്തുള്ള കോണ്‍ഗ്രസ്സിന് ഇത്രമേല്‍ കനത്ത പരാജയം എങ്ങനെ വന്നുപെട്ടു? ഈ ചോദ്യത്തിനു വ്യത്യസ്ത കോണുകളില്‍നിന്നു വ്യത്യസ്ത ഉത്തരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ അനൈക്യത്തിലേക്കും വിഭാഗീയതയിലേക്കുമാണ് കൈചൂണ്ടിയത്. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ഗ്രൂപ്പ് മൂപ്പന്മാര്‍ താന്താങ്ങളുടെ ഗ്രൂപ്പിന്റെ താല്പര്യങ്ങളിലാണ് ശ്രദ്ധവെച്ചത്. തന്മൂലം ഗ്രൂപ്പ് സങ്കുചിതത്വങ്ങള്‍ക്കതീതമായി രാഷ്ട്രീയ പ്രതിയോഗിയെ തോല്‍പ്പിക്കണമെന്ന അവബോധം പാര്‍ട്ടിയുടെ കീഴ്ത്തട്ടിലുണ്ടായില്ല.

കേഡര്‍ പാര്‍ട്ടിയല്ലാത്ത കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ ദൗര്‍ബ്ബല്യത്തെയാണ് വേറെ ചിലര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. അണികളെ ഏകോപിപ്പിക്കാനും കര്‍മ്മോത്സുകരാക്കാനുമുള്ള മെഷിനറി പാര്‍ട്ടിക്കില്ല. പല ബൂത്തുകളിലും മണ്ഡലങ്ങളിലും പാര്‍ട്ടി നിര്‍ജ്ജീവമായിരുന്നു. തെരഞ്ഞെടുപ്പ് ഒരു യുദ്ധമാണെന്നും എതിരാളിയെ പരാജയപ്പെടുത്താന്‍ സര്‍വ്വതും മറന്ന് ഐക്യപ്പെടണമെന്നുമുള്ള ധാരണ പാര്‍ട്ടിക്കാരില്‍ ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളൊന്നും ആവശ്യമായ അളവില്‍ ഉണ്ടായില്ല. എല്‍.ഡി.എഫ് ഭരണത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിക്കൊണ്ടുവന്ന കാമ്പുള്ള ആരോപണങ്ങള്‍പോലും സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി ജനമധ്യത്തിലെത്തിക്കുന്നതില്‍ പാര്‍ട്ടിനേതൃത്വം പരാജയപ്പെട്ടു.

ഓഖിയും നിപയും രണ്ടു വന്‍പ്രളയങ്ങളും ഏറ്റവും ഒടുവില്‍ കൊവിഡും അവയുണ്ടാക്കിയ ദുരന്തങ്ങളും ഇടതുമുന്നണിക്ക് തുണയായി എന്നതാണ് മൂന്നാമത്തെ നിരീക്ഷണം. പ്രകൃതിദുരന്തങ്ങളെ വെല്ലുവിളി എന്നതിലധികം അവസരമായി സി.പി.ഐ.എം. കണ്ടു. അവയുണ്ടാക്കിയ കഷ്ടപ്പാടുകള്‍ മുതലെടുത്ത് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യക്കിറ്റുള്‍പ്പെടെയുള്ള വെല്‍ഫെയറിസ്റ്റ് പദ്ധതികള്‍ ഒരു വലിയ വിഭാഗം സമ്മതിദായകരെ ഇടതുമുന്നണിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചത് നിമിത്തം കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി.

നാലാമതായി, കേരളത്തിലെ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് 'അവസാനത്തെ ബസാ'ണെന്ന് പലരും ഓര്‍മ്മിപ്പിച്ചിരുന്നു. അത് ചെവിക്കൊള്ളാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല, ദേശീയ കോണ്‍ഗ്രസ് നേതാക്കളും കൂട്ടാക്കിയില്ല. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം കൊയ്ത യു.ഡി.എഫ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്ന ഉദാസീനതയ്ക്ക് ഇരുവിഭാഗം നേതാക്കളും വശംവദരായി. ഇച്ചൊന്ന ഉദാസീനത ദേശീയ നേതൃത്വത്തെ ബാധിച്ചിരുന്നില്ലെങ്കില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസ്സിനെ അസംബ്ലി ഇലക്ഷന്‍ വേളയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാന്‍ അവര്‍ ശ്രമിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചില്ല.

പകുതിയില്‍ നിര്‍ത്തിയ കുഞ്ഞാലിക്കുട്ടിയുടെ 'യുദ്ധം'

അഞ്ചാമത്തെ നിരീക്ഷണം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടതാണ്. 2019-ല്‍ എം.പിയായി ഡല്‍ഹിയിലേയ്ക്ക് പോയ ലീഗ് നേതാവ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലേയ്ക്ക് മടങ്ങിവന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വലതു മുന്നണി ജയിക്കുമെന്നും തനിക്ക് കേരള രാജാവല്ലെങ്കില്‍ കേരള ഉപരാജാവെങ്കിലുമായി വിലസാമെന്നുമായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറിയുടെ കണക്കുകൂട്ടല്‍. കുഞ്ഞാലിക്കുട്ടിയുടെ ഈ ദുര്‍മോഹം ലീഗണികളിലോ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളിലോ മാത്രമല്ല, നിഷ്പക്ഷ വിഭാഗങ്ങള്‍ക്കിടയിലും കടുത്ത നീരസത്തിനും അമര്‍ഷത്തിനും വഴിവെച്ചു. അത്രകണ്ട് ഐക്യജനാധിപത്യ മുന്നണിയുടെ വോട്ടുകള്‍ ചോരുകയും ചെയ്തു.

കോണ്‍ഗ്രസ്സിന്റെ തോല്‍വിക്ക് ചൂണ്ടിക്കാട്ടപ്പെടുന്ന ആറാമത്തെ കാരണം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറുപഴഞ്ചന്‍ നിലപാടുകളാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം എഴുതിയ മുഖപ്രസംഗത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ വിശേഷിപ്പിച്ചത് അറുപഴഞ്ചന്‍ (antediluvian)  എന്നാണ് (See The Hindu, 3-9-2021). 2018ല്‍ സുപ്രീംകോടതിയുടെ ശബരിമല വിധി വന്നപ്പോള്‍ അതിനെതിരെ (ഭരണഘടനാദത്തമായ ലിംഗസമത്വത്തിനെതിരെ) നിലപാടെടുക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തത്. രാഹുല്‍ ഗാന്ധിയടക്കം കേന്ദ്ര കോണ്‍ഗ്രസ് നേതാക്കള്‍ പലരും വിധിയെ സ്വാഗതം ചെയ്തപ്പോഴാണ് മറിച്ചൊരു തീരുമാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് മേലാളന്മാര്‍ ഉറച്ചുനിന്നത്. പുരോഗമനപരമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ ബലംപോലും മലയാളക്കരയിലെ കോണ്‍ഗ്രസ് മേധാവികള്‍ക്കില്ലെന്നു ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു അവരുടെ നിലപാട്.

മേല്‍പ്പറഞ്ഞ കാരണങ്ങളെല്ലാം ചെറുതോ വലുതോ ആയ അളവില്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഭീമ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍, അവയോടൊപ്പം മറ്റൊരു പ്രധാനപ്പെട്ട ഘടകം കൂടി കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും പതനത്തിനു വഴിയൊരുക്കിയെന്ന് എടുത്തു കാട്ടുന്നവരുണ്ട്. ആ വിഭാഗത്തിന്റെ പ്രതിനിധിയായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ ചരിത്രപഠന പ്രൊഫസറായ ബേര്‍ട്ടന്‍ ക്ലീറ്റസ്സിനെ കണക്കാക്കാം. ഒരു ദേശീയ ആംഗ്ലേയ ദിനപത്രത്തില്‍ ക്ലീറ്റസ് എഴുതിയ ലേഖനത്തില്‍ സി.പി.ഐ.എമ്മിന്റെ വര്‍ഗ്ഗകാഴ്ചപ്പാട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വന്ന കാതലായ മാറ്റങ്ങളിലേക്ക് വായനക്കാരുടെ, വിശിഷ്യാ കോണ്‍ഗ്രസ്സുകാരുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

കേരളമുള്‍പ്പെടെ ഇന്ത്യയിലാകമാനം നിലവിലുള്ളത് ബൂര്‍ഷ്വാ ഭരണവ്യവസ്ഥയാണെന്നും അതില്‍ കമ്യൂണിസ്റ്റ് കാഴ്ചപ്പാടനുസരിച്ചുള്ള സമൂല പരിവര്‍ത്തനം സാധ്യമാക്കണമെന്നുമുള്ളതായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ദീര്‍ഘനാളായുള്ള രാഷ്ട്രീയ സമീപനം. അതുകൊണ്ടുതന്നെ സര്‍ക്കാരിനായിരുന്നില്ല, പാര്‍ട്ടിക്കായിരുന്നു സി.പി.ഐ.എം പ്രാമുഖ്യം കല്പിച്ചുപോന്നത്. പാര്‍ട്ടി തീരുമാനിക്കുന്നത് പ്രത്യക്ഷരം നടപ്പാക്കാനുള്ള ഉപകരണം മാത്രമായിരുന്നു സര്‍ക്കാര്‍. അചിരേണ ഈ നിലപാടില്‍ മാറ്റം വന്നു. ആദ്യം പശ്ചിമ ബംഗാളും പിന്നെ ത്രിപുരയും നഷ്ടപ്പെട്ടതോടെ, പാര്‍ട്ടിക്കുവേണ്ടി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോ അതീവ ദുര്‍ബ്ബലമായി. തല്‍ഫലമായി കേരളത്തിലെ സി.പി.ഐ.എം നിയന്ത്രിത എല്‍.ഡി.എഫ് സര്‍ക്കാരിനുമേല്‍ പി.ബിക്കുള്ള നിയന്ത്രണം നാമമാത്രമായിത്തീര്‍ന്നു.

ഈ സ്ഥിതിവിശേഷം സംജാതമാകുന്നതിനു മുന്‍പു തന്നെ വര്‍ഗ്ഗസിദ്ധാന്താധിഷ്ഠിത ഏറ്റുമുട്ടല്‍ രാഷ്ട്രീയ(confrontational politics)ത്തില്‍നിന്ന് സി.പി.ഐ.എം പതുക്കെപ്പതുക്കെ പിന്‍വലിയാന്‍ തുടങ്ങിയിരുന്നു. കേരളത്തില്‍ വ്യാപാര-വ്യവസായി ഏകോപന സമിതി എന്ന പേരില്‍ ബിസിനസ്സുകാരും വ്യവസായികളും സംഘടിച്ചത് ഈ പിന്‍വലിയലിനെ സ്വാധീനിച്ച സുപ്രധാന ഘടകങ്ങളിലൊന്നാണ്. വ്യാപാരി-വ്യവസായി സമൂഹവുമായും പൊതുജനങ്ങളുമായുള്ള ഇടപെടലുകളില്‍ സി.ഐ.ടി.യു തൊഴിലാളികള്‍ മിതത്വം പാലിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിക്കുകയും പില്‍ക്കാലത്ത് നോക്കൂകൂലി എന്ന അധാര്‍മ്മികതയ്‌ക്കെതിരെ നിലപാടെടുക്കുകയും ചെയ്തത് ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തില്‍നിന്നുള്ള പിന്‍മാറ്റത്തിന്റെ സൂചനകളായിരുന്നു. ഭൂവുടമകളും കര്‍ഷകത്തൊഴിലാളികളും തമ്മിലും വ്യവസായികളും വ്യാവസായിക തൊഴിലാളികളും തമ്മിലും ക്വാറി മുതലാളിമാരും ക്വാറി തൊഴിലാളികളും തമ്മിലുമൊന്നും സംഘര്‍ഷാത്മകത വേണ്ട, സഹകരണാത്മകത മതി എന്ന സമീപനത്തിലേക്ക് പാര്‍ട്ടി നീങ്ങി.

ഈ മാറ്റത്തിനു പ്രേരകമായി ഭവിച്ച പ്രധാന ഘടകങ്ങളിലൊന്ന് സംസ്ഥാനത്തിന്റെ സാമൂഹിക, സാംസ്‌കാരിക ജനസംഖ്യാ ഭൂമികയില്‍ വന്ന പരിവര്‍ത്തനമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ കേരളത്തില്‍ മധ്യവര്‍ഗ്ഗം വലിയതോതില്‍ വികസിച്ചിട്ടുണ്ട്. അതിനനുസരിച്ച് കര്‍ഷകത്തൊഴിലാളികളടക്കമുള്ള 'അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം' ശോഷിച്ചിട്ടുമുണ്ട്. ''നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ'' എന്ന കവിതാശകലത്തിന് ആധുനിക കേരളീയ സമൂഹത്തില്‍ പ്രസക്തിയില്ല. ''അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗം'' എന്ന സംജ്ഞ ഇടതു പ്രസിദ്ധീകരണങ്ങളില്‍പ്പോലും മേയ്ദിനത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രയോഗമായി ചുരുങ്ങിയിരിക്കുന്നു. ആധുനിക സ്റ്റെയ്റ്റ് പരിവര്‍ത്തിപ്പിക്കപ്പെടേണ്ട ബൂര്‍ഷ്വാ സ്റ്റെയ്റ്റാണെന്ന പഴയ കമ്യൂണിസ്റ്റ് ധാരണയില്‍ പറ്റിപ്പിടിച്ച ക്ലാവ് ചുരണ്ടിക്കളയാന്‍പോലും മുഖ്യധാരാ ഇടതുപക്ഷം ഇപ്പോള്‍ മുതിരാറില്ല. ഇടതു സ്വതന്ത്രന്മാരായി ശതകോടീശ്വരന്മാരെ മത്സരിപ്പിക്കുന്നതിന് അവര്‍ക്ക് മടിയില്ലാതായിത്തീരുകയും ചെയ്തിട്ടുണ്ട്. കാരണം, ബൂര്‍ഷ്വാ സ്റ്റെയ്റ്റുകളെപ്പോലെ മധ്യ-ഉപരിവര്‍ഗ്ഗങ്ങളുടെ ആശയാഭിലാഷങ്ങളോട് ചേര്‍ന്നുനില്‍ക്കുകയും അവ സംരക്ഷിക്കുകയും ചെയ്യുന്നതിലാണ് അവര്‍ക്കിപ്പോള്‍ താല്പര്യം.

ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത കളിസ്ഥലം സി.പി.ഐ.എം കയ്യടക്കിയിരിക്കുന്നു എന്നതാണ്. പഴയകാലത്ത് മധ്യ-ഉപരിവര്‍ഗ്ഗങ്ങള്‍ കോണ്‍ഗ്രസ്സിന്റെ കൂടെയായിരുന്നു. ആ രണ്ടു കൂട്ടരും ഇപ്പോള്‍ നില്‍ക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൂടെയാണ്. തങ്ങള്‍ കളിച്ചുകൊണ്ടിരുന്ന മൈതാനം നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ്. അതു തിരിച്ചുപിടിക്കാനുള്ള ത്രാണിയെ ആശ്രയിച്ചിരിക്കുന്നു കേരളത്തില്‍ ആ പാര്‍ട്ടിയുടെ ഭാവി.