മാടമ്പ് എന്ന സ്‌നേഹവും സാന്ത്വനവും
By പി. രഘുനാഥ് | Published: 31st May 2021 03:23 PM |
Last Updated: 31st May 2021 03:23 PM | A+A A- |

മാടമ്പ് കുഞ്ഞുകുട്ടൻ/ ഫോട്ടോ: കണ്ണൻ സൂരജ്
വല്ലാത്തൊരു കാലത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പല പ്രതിഭകളും കൊവിഡ് മഹാമാരിക്കു മുന്നില്‍ കടപുഴകി വീണുകൊണ്ടിരിക്കുന്നു. ഇപ്പോഴിതാ കൊവിഡ് മാടമ്പിനേയും കൊണ്ടുപോയിരിക്കുന്നു. ഒരിക്കലും അദ്ദേഹം ഇങ്ങനെയൊരു മരണം കരുതിയിട്ടേ ഉണ്ടായിരുന്നില്ല. എത്രതന്നെ രോഗാതുരനായിരിക്കുമ്പോഴും മരണത്തെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. ചുരുങ്ങിയത് എണ്‍പത്തിനാല് വയസ്സുവരെ താനിവിടെ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുമായിരുന്നു. അത്യാവശ്യം ജ്യോതിഷവും മറ്റും വശമുള്ള അദ്ദേഹത്തിന് തന്റെ ആയുസ്സിന്റെ കാര്യത്തില്‍ അങ്ങനെ ഒരു സംശയമേ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ താന്‍ മരിച്ചുകഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നതേയില്ല. ഇനിയും നാലഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞുവരാനുള്ള ഒരു കാര്യത്തിനായി ഇപ്പോഴേ എന്തിനു കരുതിയിരിക്കണം എന്നൊരു ഭാവമായിരുന്നു അദ്ദേഹത്തിന്. കോവിലന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്ന നേരത്ത് ഡ്രൈവറാണെങ്കിലും എന്തിനും ഏതിനും ഒരു കാര്യസ്ഥനെപ്പോലെ കൂടെയുണ്ടാകുമായിരുന്ന കൊച്ചപ്പന്‍ ചോദിച്ചത്രേ: ''തമ്പുരാന്‍ മരിച്ചാലും ഇതുപോലെ പൊലീസൊക്കെ വന്ന് ആകാശത്തേക്ക് വെടിവെക്കില്ലേ'' എന്ന്. അന്ന് ചിരിച്ചുകൊണ്ട് മാടമ്പ് പറഞ്ഞുവത്രേ: ''ഉണ്ടാവൂലോ അത് വേണം ല്ലോ'' എന്ന്. കൊവിഡ് മരണമായിരുന്നെങ്കിലും ഇല്ലത്തുതന്നെ ചിത വെക്കാനും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനുമുള്ള സൗകര്യങ്ങളൊക്കെ മാടമ്പിനു കിട്ടി. കറുത്ത തുണിയില്‍ ആകെ കെട്ടിപ്പൊതിഞ്ഞു മുഖംപോലും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ആകെയുള്ള ആശ്വാസം അതുമാത്രമാണ്.
മാടമ്പിനെ അവസാനമായി കാണുന്നതും സംസാരിക്കുന്നതും മാര്‍ച്ച് 30-നാണ്. അതിനും രണ്ടു ദിവസം മുന്‍പ്, മനോഹരന്‍ വി. പേരകത്തിനും ബഷീര്‍ മേച്ചേരിക്കുമൊപ്പം അവരെ മാടമ്പിനെയൊന്നു പരിചയപ്പെടുത്താനായി അവിടെ പോയിരുന്നു. കോവിലനെക്കുറിച്ച് മനോഹരന്‍ വി. പേരകം എഴുതുന്ന പുസ്തകത്തിനു വേണ്ടുന്ന കാര്യങ്ങള്‍ അറിയുന്നതിനു വേണ്ടിയിട്ടായിരുന്നു അത്. ഗുരുസ്ഥാനീയനായി മാടമ്പ് കരുതിയിരുന്നത് കോവിലനെയായിരുന്നു. പലപ്പോഴും കോവിലനെക്കുറിച്ചുള്ള കാര്യങ്ങള്‍ സംസാരത്തിനിടയില്‍ പറയുമായിരുന്നു. അന്നും വളരെ സന്തോഷത്തിലും താല്പര്യത്തിലും ആ പഴയ കാലങ്ങള്‍ മാടമ്പ് ഓര്‍മ്മയില്‍നിന്നും പറഞ്ഞുകൊണ്ടിരുന്നു. ഏറെ നേരം മാടമ്പിന്റെ സ്‌നേഹസാന്നിധ്യവും ആ പ്രകൃതിയുടെ കുളിര്‍മ്മയും ഊര്‍ജ്ജവും ഉള്‍ക്കൊണ്ടാണ് ഞങ്ങളവിടെനിന്നു തിരിച്ചത്.
ഞാന്‍ അവസാനമായി കാണുമ്പോള്‍ തനിയേയായിരുന്നില്ല. പ്രിയസുഹൃത്ത് സുരേഷ് മച്ചാടും കൂടെ ഉണ്ടായിരുന്നു. എന്നും അവിടേക്ക് പോയിരുന്നത് ഞങ്ങള്‍ ഒന്നിച്ചായിരുന്നു. എന്നെക്കാള്‍ മുന്‍പ് സുരേഷിന് മാടമ്പുമായി ബന്ധമുണ്ട്. സുരേഷ് വഴിയാണ് ഞാന്‍ മാടമ്പുമായി ബന്ധപ്പെടുന്നത്. സുരേഷ് 2004 മുതല്‍ അദ്ദേഹത്തെ കണ്ടു തുടങ്ങിയപ്പോള്‍ പിന്നെയും ആറുമാസം കഴിഞ്ഞു എനിക്കവിടെ എത്തിച്ചേരാന്‍. അതിനുശേഷം പിന്നീട് അവിടെ പോയിരുന്നതെല്ലാം ഞങ്ങള്‍ ഒന്നിച്ചാണ്. പിന്നീട് മാടമ്പിന്റെ തന്നെ രണ്ടു നോവലുകളായ കോളനിയും ഉത്തരകോളനിയും ഒന്നിച്ചു ചേര്‍ത്ത് മൗനം എന്നൊരു സിനിമ ചെയ്തതോടെ മാടമ്പുമായുള്ള ബന്ധം കൂടുതല്‍ മുറുകി. മെഡിക്കല്‍ റെപ്രെസന്റിറ്റീവായ ഞാന്‍ വര്‍ക്ക് കഴിഞ്ഞു ഒഴിവുകിട്ടുന്ന വേളകളിലൊക്കെ കിരാലൂരുള്ള മാടമ്പ് മനയില്‍ പോകുമായിരുന്നു. പ്രധാനമായും മെഡിക്കല്‍ കോളേജ്, തൃശൂര്‍ ടൗണ്‍, കേച്ചേരി, കുന്നംകുളം ഏരിയകളില്‍ വര്‍ക്ക് ചെയ്യുമ്പോഴൊക്കെ മാടമ്പിലേക്ക് പോകേണ്ടതിനെക്കുറിച്ചു പ്ലാന്‍ ചെയ്തു വെയ്ക്കും. ആദ്യകാലങ്ങളിലൊക്കെ നാലുമണി നാലരയോടെ അവിടെയെത്തുന്ന ഞങ്ങള്‍ക്ക് അഞ്ചര ആറുമണി വരെയെ അവിടെ ഇരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അദ്ദേഹം വാര്‍ദ്ധക്യത്തിലേക്ക് അടുക്കുംതോറും ഞങ്ങള്‍ക്കവിടെ ഇരിക്കാനുള്ള സമയവും കൂടിവന്നു. ഏഴുമണിക്ക് അദ്ദേഹം അകത്തേക്ക് ഭക്ഷണം കഴിക്കാന്‍ എഴുന്നേറ്റു പോകുന്നതുവരെ അവിടെയിരിക്കാമെന്നായി. അതുവരെ അവിടെ ഞങ്ങള്‍ ഉണ്ടാകണമെന്ന് ഒരു നിര്‍ബ്ബന്ധം അദ്ദേഹത്തില്‍ കൂടിവന്നു. ഇതിനിടയില്‍ അദ്ദേഹത്തിനു ഞങ്ങളെ ഒഴിവാക്കണമെന്നു തോന്നിയാല്‍, സംസാരിച്ചു തീര്‍ന്നു, മതിയായി എന്നയാള്‍ ഉടനടി പറയുകയായി: ''അപ്പൊ ശരി, കാണാം യാത്രയില്ല'' എന്ന്. പലപ്പോഴും രണ്ടു കൈ മുകളിലേക്ക് തൊഴുതു പിടിച്ചാണ് പറയുക. അദ്ദേഹത്തെ കാണാന്‍ പുറമെനിന്ന് ആരെങ്കിലും വന്നാല്‍ അവരുടെ സംസാരം രസിക്കുന്നില്ല എന്നായാല്‍ ഉടനെ മുഖം നോക്കാതെ പറയും - ''അപ്പൊ ശരി കാണാം'' എന്ന്. ആദ്യകാലങ്ങളിലൊക്കെ ആറുമണിയാകുമ്പോഴേക്കും അങ്ങനെ പറഞ്ഞു ഞങ്ങളെ ഒഴിവാക്കിയപ്പോള്‍ പിന്നീടത് ഏഴുമണിയായി. മിക്ക ദിവസവും ഞങ്ങള്‍ ഇടതും വലതും നിന്ന് അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോകുമായിരുന്നു. ആ സമയത്ത് അദ്ദേഹം ഞങ്ങളെ വിളിച്ചിരുന്നത് ഇടതനും വലതനും എന്നാണ്. വാര്‍ദ്ധക്യത്തിനും അസുഖത്തിനും അദ്ദേഹത്തെ ഒരുതരത്തിലും കീഴടക്കാന്‍ പറ്റിയില്ലെങ്കിലും പലപ്പോഴും പകല്‍ മുഴുവനുള്ള ഏകാന്തതയില്‍ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. ഒരുകാലത്ത് സിനിമാക്കാരും സാഹിത്യകാരന്മാരുമായി ധാരാളം പേര്‍ വന്നുപോയിക്കൊണ്ടിരുന്ന ഇല്ലത്ത് വരുന്നവരുടെ എണ്ണം കുറഞ്ഞു. എന്നാലും തമാശരൂപത്തില്‍ സുരേഷ് പറയും: ''തിരുമേനിക്കെന്താ കുറവ്. സിനിമാക്കാരനായിട്ട് ഞാനും സാഹിത്യകാരനായിട്ട് രഘുവും എപ്പോഴും ഇവിടെ വരുന്നുണ്ടല്ലോ. അത് പോരെ...''
അതു കേള്‍ക്കുമ്പോള്‍ മൂപ്പര്‍ ചിരിച്ചിട്ട് തലകുലുക്കും. എന്തിനും ഏതിനും ചിരിച്ചുകൊണ്ടെ അദ്ദേഹം മറുപടി പറയുമായിരുന്നുള്ളൂ. ആറുമണിക്ക്: ''അപ്പോ ശരി ഞങ്ങള്‍ പോകട്ടെ'' എന്നു പറഞ്ഞ് എഴുന്നേറ്റാല്‍ പറയും: ''എന്താ ത്ര ധൃതി. കുറച്ചൂടെ കഴിഞ്ഞിട്ട് പോരെ'' എന്ന്. ചില സമയത്ത് ഞങ്ങള്‍ക്ക് അല്പം ജാഡയുണ്ട് എന്നു തോന്നിയാല്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് നില്‍ക്കാതെ അദ്ദേഹം പറയും: ''അപ്പൊ ശരി അങ്ങനെയാവട്ടെ.'' എന്നിട്ട് കൈകള്‍ ഉയര്‍ത്തി പറയും: ''അടുത്ത തവണ കാണും വരെ വണക്കം.'' അടുത്ത തവണ പടിക്കലെ വളവു തിരിഞ്ഞു ബൈക്കില്‍ വരുന്ന ഞങ്ങളെ കാണുമ്പോള്‍ മുഖത്തുനിന്നും കണ്ണടയൂരി വായിച്ചുകൊണ്ടിരുന്ന പുസ്തകം തിണ്ണയില്‍ വെച്ച് പറയും: ''നമസ്‌കാരം ഉണ്ട്. നായരേശന്മാര് വര്വാ വര്വാ'' എന്ന്. കുട്ടികളെപ്പോലെ വല്ലാത്ത ഒരു സന്തോഷമാണ് അപ്പോള്‍ മുഖത്തുണ്ടാവുക. മുറ്റത്തുനിന്നും ഉമ്മറത്തേക്ക് കയറിയിരുന്നാല്‍ പിന്നെ സംസാരം തുടങ്ങുകയായി. അതുവരെ ഞങ്ങള്‍ മൊബൈല്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അവിടെ എത്തിയാല്‍ ഉടനടി നിര്‍ത്തിവെയ്ക്കണം. കാള്‍ വന്ന് അത് എടുക്കാന്‍ തുനിഞ്ഞാല്‍ പറയും: ''നിര്‍ത്തേടോ തന്റെയൊരു ഫോണ്‍. ഇതിനാച്ചാ പിന്നെ എന്തിനാ ഇങ്ങട് വരണേ...'' അത്യാവശ്യമുള്ള വല്ലതും പറയാന്‍ കമ്പനി മാനേജരാണ് വിളിക്കുന്നതെങ്കില്‍ അതെടുത്ത് ഞാന്‍ മാവിന്‍ ചുവട്ടിലേക്ക് പോകും. അന്നേരം ഞാന്‍ പറയും: ''മാനേജരാണ്. എടുത്തില്ലെങ്കി ചിലപ്പോ പണിപോണ വഴിയറിയില്ല. തിരുമേനിക്ക് ഇവിടെ സ്വസ്ഥായിട്ട് ഇരുന്നാ മതീലോ.'' അത് കേട്ടാല്‍ അപ്പൊ പറയും: ''ആ കാര്യം താന്‍ പറഞ്ഞത് നേരാ. ഇന്നേവരെ ഒരാള്‍ടെ കീഴിലും എനിക്ക് ജോലി ചെയ്യേണ്ടിവന്നിട്ടില്ല. നല്ല പ്രായത്തില് കൊടുങ്ങല്ലൂര് ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ പ്പണീം. ജോലി എന്നുപറയാന്‍ അത്രേ ഉള്ളൂ...''
കൊടുങ്ങല്ലൂരെ ആ ട്യൂട്ടോറിയല്‍ കാലം ഓര്‍മ്മിച്ചു പറയും: അന്ന് മാസത്തില്‍ നൂറുരൂപയാണ് ശമ്പളം എന്ന വകയില്‍ കിട്ടിയിരുന്നതത്രെ. ഏകദേശം അക്കാലത്തു തന്നെയാണ് മാതൃഭൂമിയില്‍ അശ്വത്ഥാമാവ് ഖണ്ഡശ്ശയായി വരുന്നതും. അശ്വത്ഥാമാവിനന്ന് ആഴ്ചയില്‍ 25 രൂപ കിട്ടുമായിരുന്നു. അതുകൊണ്ട് കാശിനൊരു ക്ഷാമവുമില്ല. താന്‍ എന്നും ജീവിച്ചിരുന്നത് സമൃദ്ധിയോടെയാണെന്നും ഒരുകാലത്തും തനിക്ക് കാശിനു ബുദ്ധിമുട്ടോ പട്ടിണിയോ അനുഭവിക്കേണ്ടിവന്നിട്ടില്ല എന്നു പറയുമ്പോഴും അദ്ദേഹത്തിന് അഭിമാനം തോന്നിയിരുന്നു. പഴയകാലത്തെ കാര്യങ്ങള്‍ പറയുന്നത് അദ്ദേഹത്തിനു വല്ലാത്തൊരു ഓര്‍മ്മയും രസവുമായിരുന്നു. മാതൃഭൂമിയില്‍ വാസുദേവന്‍ നായര്‍ ഉള്ള കാലത്താണ് തന്റെ നോവല്‍ അവിടെ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തതെന്നും അന്ന് എം.ടി. എഴുതിയ എഴുത്തിനെക്കുറിച്ചും ഇടയ്ക്കിടെ പറയുന്നത് അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു. അശ്വത്ഥാമാവ് എഴുതിക്കഴിഞ്ഞപ്പോള്‍ ആദ്യം കാണിച്ചത് ആചാര്യസ്ഥാനീയനായ കോവിലനെയാണെന്നും അദ്ദേഹമാണ് പുസ്തകം മാതൃഭൂമിയില്‍ കൊടുക്കാന്‍ പറഞ്ഞതെന്നും എപ്പോഴും ഒരേ ആവര്‍ത്തിയില്‍ പറയുമായിരുന്നു. മാതൃഭൂമിയില്‍ത്തന്നെ അടുപ്പിച്ച് രണ്ടു നോവലുകള്‍ വന്ന ഒരെഴുത്തുകാരനാണ് താനെന്നു പറയാനും അദ്ദേഹത്തിന് ഒരു പ്രത്യേക രസമുണ്ടായിരുന്നു. എം.ടി. വാസുദേവന്‍ നായരോട് അദ്ദേഹത്തിന് എന്തോ ഒരു അടുപ്പവും ബഹുമാനവുമുള്ളതുപോലെയാണ് തോന്നിയിട്ടുള്ളത്. അങ്ങനെയിരിക്കുമ്പോള്‍ ഞാന്‍ ചോദിക്കും ഇപ്പോള്‍ മാതൃഭൂമിയില്‍ ഒന്നും കാണാനില്ലല്ലോ എന്താണ് കാരണം എന്ന്. അപ്പോള്‍ ചെറുതായൊന്നു ചിരിച്ച് അല്പം നിര്‍മമതയോടെ പറയും: ''ഞാനങ്ങോട്ട് ഒന്നും കൊടുക്കുന്നില്ല വേണമെന്നു പറഞ്ഞ് അവരിങ്ങോട്ടു വിളിക്കുന്നുമില്ല.'' അപ്പോള്‍ പഴയൊരു കാര്യം അദ്ദേഹത്തില്‍നിന്നും കേട്ടത് ഞാന്‍ തിരിച്ചു പറയും: ''മുന്‍പൊരിക്കല്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഡിസി ബുക്‌സില്‍നിന്നും വിളിച്ചപ്പോള്‍ നിങ്ങള് പറയുമ്പോള്‍ എഴുതാനിരിക്കുന്ന ആളല്ല ഞാന്‍ എന്നല്ലേ പറഞ്ഞത്. പിന്നെ എങ്ങന്യാ അവരൊക്കെ വിളിക്ക്യാ...'' കുറച്ചുനേരം അപ്പോള്‍ ആലോചിക്കും. എന്നിട്ട് ഒന്ന് ചിരിക്കും. എന്നിട്ട് പറയും: ''ശരിയാ ആ സമയത്ത് ഒന്നും കയ്യില്‍ ഉണ്ടായിരുന്നില്ല. അപ്പൊ അങ്ങനെ പറയാന്‍ തോന്നി. അങ്ങനെ പറഞ്ഞു. അത്രതന്നെ.''
പുതിയ തലമുറയിലെ എഴുത്തുകാരെക്കുറിച്ചും മറ്റും ചോദിച്ചാല്‍ അധികമൊന്നും പറയുമായിരുന്നില്ല. പുതുതലമുറയില്‍പ്പെട്ടവരുടെ കൃതികള്‍ വായിച്ചിരുന്നത് കുറവായിരുന്നു. കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും ചോദിച്ചാല്‍ കഥകളും നോവലുകളും വായിക്കാറില്ലെന്നും നല്ല എന്തെങ്കിലും ലേഖനം ഉണ്ടെങ്കിലേ നോക്കുകയുള്ളൂ എന്നും പറയും: ഏതെങ്കിലും എഴുത്തുകാരുടെ രചനയെക്കുറിച്ചു എടുത്തു ചോദിച്ചാല്‍ പറയും: ''അതൊക്കെ വായിക്കണമെങ്കില്‍ ഇങ്ങോട്ടു കാശുതരണം.'' അല്ലെങ്കില്‍ പറയും: ''അയാളോട് ഇതൊന്നു നിര്‍ത്താന്‍ പറയാന്‍, മനുഷ്യനെ ഇങ്ങനെ പീഡിപ്പിക്കാമോ'' എന്ന്. അതുപോലെ തന്നെ മറ്റുതരത്തിലുള്ള പീഡനങ്ങളും തന്നെ തേടിവരുന്നുണ്ടെന്നു പറയും. എഴുതി പൂര്‍ത്തിയായ പല കവിതാസമാഹാരങ്ങളും നോവലുകളും ലേഖനങ്ങളും പുസ്തകരൂപത്തില്‍ ആക്കി ഒന്നു വായിച്ചു നോക്കാന്‍ പറഞ്ഞ് ഇല്ലത്തു കൊണ്ടുവന്നേല്പിക്കുമായിരുന്നു. അഞ്ചാറു പേജ് വായിച്ചുകഴിഞ്ഞാല്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതവിടെത്തന്നെ മടക്കിവെയ്ക്കും. എന്തെങ്കിലും അതേക്കുറിച്ചു ചോദിച്ചാല്‍: ''തനിക്ക് വേണമെങ്കില്‍ കൊണ്ടുപോയി വായിച്ചുനോക്കിക്കൊള്ളാന്‍'' പറയും. ഏല്പിച്ച പുസ്തകങ്ങളുടെ വായന എന്തായി എന്നു ചോദിച്ചു വിളിക്കുന്ന എഴുത്തുകാരോട് അപ്പോള്‍ തന്നെ പറയും: ''അസാരം ബോറാണ്. എന്തിനാ ഇങ്ങനെ അറിയാത്ത പണിക്ക് നില്‍ക്കണെ'' എന്ന്. എഴുത്തു മോശമായാല്‍ തുറന്നു ചീത്തപറയാന്‍ ഒരു മടിയുമില്ലായിരുന്നു. അതുപോലെ നന്നായാലോ അതും പറയും: ''ഇത് കൊള്ളാം ട്ടോ. താനൊന്ന് വായിച്ചുനോക്ക്.'' എന്റെ കൃതികളൊന്നും പ്രസിദ്ധീകരണത്തിനു മുന്‍പ് ഞാന്‍ വായിക്കാന്‍ കൊടുക്കുമായിരുന്നില്ല. പുസ്തകരൂപത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു കോപ്പി ഒപ്പിട്ടുവേണമെന്നു നിര്‍ബ്ബന്ധവുമുണ്ട്. എങ്ങനെയുണ്ട് എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ പറയും സാമാന്യം ബോറായിട്ടുണ്ട് എന്ന്. പക്ഷേ, എന്റെ മച്ചാട് ടാക്കീസ് എന്ന നോവല്‍ വായിച്ചപ്പോള്‍ നല്ല അഭിപ്രായം പറയുകയും ചെറിയൊരു കുറിപ്പ് എഴുതി തരികയും ചെയ്തു എന്നത് മറക്കാന്‍ കഴിയാത്ത ഓര്‍മ്മയാണ്. പലപ്പോഴും കഥകള്‍ സ്വയം വായിക്കുന്നതിനേക്കാള്‍ ഇഷ്ടം ഉറക്കെ ഭാവം കലര്‍ത്തി വായിച്ചുകൊടുക്കുന്നതായിരുന്നു. ഇഷ്ടപ്പെടുന്ന കഥയാണെങ്കില്‍ മുഴുവന്‍ വായിച്ചു തീരുന്നതുവരെ കേട്ടിരിക്കും. ഇഷ്ടമായില്ലെങ്കില്‍ പകുതിയെത്തിയാല്‍ പറയും: ''മതി കേട്ടിടത്തോളം ധാരാളം. അത്യാവശ്യം ബോറായിട്ടുണ്ട്. വായിച്ചു ബുദ്ധിമുട്ടേണ്ട എന്നു കരുതിയിട്ടാണ് തന്നോട് ഉറക്കെ വായിക്കാന്‍ പറഞ്ഞത്. എന്നിട്ടും കൊള്ളില്ലെങ്കിലോ...'' എന്നിരുന്നാലും ടി. പത്മനാഭന്റെ ഏത് കഥ കണ്ടാലും കിട്ടിയാലും വായിക്കുമായിരുന്നു. മലയാളത്തില്‍ ഇപ്പോഴും ഏറ്റവും നല്ല കഥകള്‍ എഴുതുന്നത് ടി. പത്മനാഭനാണെന്നും ഒരു കഥയ്ക്കയാള്‍ 25,000 രൂപ വാങ്ങുന്നുണ്ടെന്നും അതാണ് ആ കഥകളുടെ മഹത്വമെന്നും പറയും.
ഏതെങ്കിലും പുസ്തകങ്ങളോ മറ്റോ വായിക്കാന്‍ എടുത്താല്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പേജുകള്‍ മറിച്ചു പോകുകയോ പുസ്തകം അടച്ചുവെയ്ക്കുകയോ ചെയ്യും. അവസാനകാലമായപ്പോഴേക്കും ഫിക്ഷന്‍ വായന വളരെ കുറഞ്ഞിരുന്നു. കൂടുതലും ചരിത്രത്തിലേക്കും പുരാണത്തിലേക്കും തിരിഞ്ഞു. ഒരിക്കല്‍ ഡ്രാക്കുള നോവലിനെക്കുറിച്ചു സംസാരിക്കും വേളയില്‍ ആ നോവല്‍ ഇംഗ്ലീഷില്‍നിന്ന് കെ.വി. രാമകൃഷ്ണന്‍ രക്തരക്ഷസ്സ് എന്ന പേരില്‍ എം.ടിയുടെ കാലത്ത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്ന കാലവും കാത്തിരുന്ന് അത് വായിച്ചതും പറഞ്ഞു. അന്നേരം വേദങ്ങളും പുരാണങ്ങളും മന്ത്രങ്ങളും നന്നായി അറിയുന്ന സ്ഥിതിക്ക് ഒരു ഭീകര നോവല്‍ അല്ലെങ്കില്‍ മാന്ത്രിക നോവല്‍ എഴുതിക്കൂടെ എന്നു ചോദിച്ചു. തന്റെ കയ്യില്‍ നല്ലൊരു മാന്ത്രിക നോവലിനുള്ള പ്രമേയമുണ്ടെന്നും ഈജിപ്തിലെ മമ്മികളെക്കുറിച്ചുള്ളതാണെന്നും അതിന്റെ ആദ്യത്തെ അധ്യായത്തില്‍ കേരളത്തില്‍നിന്നുള്ള ഒരാള്‍ ഈജിപ്തിലെ എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങിയതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു. കേട്ടപ്പോള്‍ എനിക്ക് വളരെ താല്പര്യം തോന്നി. ഇടയ്ക്കിടെ എഴുത്തിനെക്കുറിച്ചു ചോദിക്കും. അപ്പോഴൊക്കെ പറയും ആ ആദ്യ അധ്യായത്തില്‍ത്തന്നെ നില്‍ക്കുകയാണെന്ന്. ഒരിക്കല്‍ പറഞ്ഞു, തന്നെ കൊണ്ടത് എഴുതാന്‍ പറ്റില്ലെന്നും എനിക്ക് താല്പര്യമുണ്ടെങ്കില്‍ എഴുതിക്കൊള്ളാനും. എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള ഞങ്ങളുടെ സംസാരത്തിലൊന്നും അത് കയറിവരികയുണ്ടായില്ല. അങ്ങനെ ആ നോവല്‍ മാടമ്പിനുള്ളില്‍ത്തന്നെ ഉറച്ചുപോയി. ആദ്യം പറഞ്ഞ അദ്ധ്യായം അദ്ദേഹം എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ ആവോ? ശ്രീരാമകൃഷ്ണ പരമഹംസരെക്കുറിച്ചുള്ള അമൃതസ്യ പുത്ര എന്ന നോവല്‍ ആദ്യത്തെ ഒരുവരി 1994 ആഗസ്ത് 11-നു എഴുതി. '98-ല്‍ ഒരധ്യായം. '99 ഏപ്രിലില്‍ വീണ്ടും തുടങ്ങി. മുടങ്ങിയും നിന്നും മുറിഞ്ഞും വീണ്ടും തുടര്‍ന്നും അവസാനം അത് പുസ്തകമായി പുറത്തു വന്നു. ഈജിപ്ത്യന്‍ ഭീകര നോവല്‍ അങ്ങനെ ആദ്യ അധ്യായം എഴുതിവെച്ച ശേഷം എന്നോട് എഴുതിക്കൊള്ളാന്‍ പറഞ്ഞെങ്കിലും പിന്നെയും പൂര്‍ത്തികരിച്ചു വരുമെന്ന് കരുതിയെങ്കിലും വെറുതെയായി. അതുപോലെ തന്നെയാണ് ഗബ്രിയേല്‍ മാര്‍ക്വിസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളെക്കുറിച്ചു പറയുമ്പോഴും വാചാലനാകും. ആ നോവല്‍ വായിച്ചിട്ടുള്ള ആദ്യത്തെ മലയാളികളില്‍ താനുണ്ടാവുമെന്നും അതിലെ തുടക്കത്തിലുള്ള വരികളിലെ സൗന്ദര്യം വല്ലാത്ത ഒന്നാണെന്നും പറഞ്ഞ് ആ വരികള്‍ ഓര്‍മ്മയില്‍നിന്ന് എടുത്തുപറയുമായിരുന്നു. ഇഷ്ടപ്പെട്ട കൃതികളോട് എന്നും അങ്ങനെയായിരുന്നു. അതില്‍നിന്നുള്ള ഏതെങ്കിലും വരികളോ ഭാഗങ്ങളോ ഓര്‍മ്മയില്‍നിന്നും പറയും. അവസാനകാലത്ത് പുതിയ എഴുത്തിനെക്കുറിച്ചു ചോദിച്ചാല്‍ പറയും പഴയതുപോലെ എഴുതാന്‍ വയ്യെന്നും കുറേനേരം കുനിഞ്ഞിരുന്നാല്‍ കഴുത്തു വേദനിക്കുമെന്നും. അപ്പോള്‍ പറഞ്ഞുകൊടുത്ത് ആരെക്കൊണ്ടെങ്കിലും എഴുതിക്കൂടെ എന്നു ചോദിച്ചു. ആ ഒരു രീതി തനിക്കൊരിക്കലും പറ്റില്ലെന്നും എഴുതുന്നെങ്കില്‍ അത് മഷി നിറച്ച പേനകൊണ്ട് വരയിടാത്ത പേപ്പറില്‍ത്തന്നെ വേണമെന്നും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും ഈ അടുത്തകാലത്ത് ഫെബ്രുവരി 10-ന് കൊവിഡൊക്കെ ഒന്നൊതുങ്ങി കാര്യങ്ങള്‍ ശരിയായി ഹോട്ടല്‍ മുറികള്‍ തുറന്നിട്ട് കൊടുത്തപ്പോള്‍ അയ്യന്തോള്‍ അപ്പന്‍ തമ്പുരാനില്‍ സ്വന്തം ചെലവില്‍ റൂം ബുക്ക് ചെയ്ത് മൂന്നു ദിവസം അവിടെ ചെന്നിരുന്ന് സുരേഷ് മച്ചാടിനുവേണ്ടി ഗോള്‍ഡന്‍ ടെംപിള്‍ (പൊന്നമ്പലം) എന്ന പേരില്‍ ഒരു തിരക്കഥ എഴുതാന്‍ തുടങ്ങിയിരുന്നു. മൂന്നു ദിവസമിരുന്നിട്ട് സുരേഷുമായി ഡിസ്‌കഷനും മറ്റും നടത്തി രണ്ടു സീന്‍ എഴുതി. നാലാംദിനം കാലത്ത് എഴുത്തൊക്കെ മതിയെന്നും ഇനി ബാക്കിയുള്ളത് ഇല്ലത്തിരുന്ന് എഴുതാമെന്നും പറഞ്ഞു പോയി. അതില്‍ രണ്ടു ദിവസം വര്‍ക്ക് കഴിഞ്ഞു വൈകുന്നേരം ഞാനവിടെ ചെന്നിരുന്നു. മുറിയിലും ശേഷം ഉമ്മറത്തും വന്നിരിക്കുമ്പോള്‍ എനിക്ക് തോന്നിയത് കുറെ നാളായുള്ള അടച്ചിടലില്‍നിന്നും ഒരു മാറ്റത്തിനുവേണ്ടിയാണ് അദ്ദേഹം അവിടെ വന്നതെന്നാണ്. എന്തായാലും മാടമ്പിന്റെ പൂര്‍ത്തിയാകാത്ത അവസാന തിരക്കഥ എന്നത് ആ രണ്ടു സീന്‍ മാത്രം എഴുതിയ പൊന്നമ്പലമാണ്. ആ രണ്ടു സീനും ഇല്ലത്തെ പുറത്തുനിന്നും പൂട്ടിയിട്ട അദ്ദേഹത്തിന്റെ എഴുത്തുമേശയില്‍ ഇരിക്കുന്നുണ്ടാകും എന്നു തോന്നുന്നു. ഇടയ്ക്കിടെ ഒ.വി. വിജയനെക്കുറിച്ചു പറയുമ്പോള്‍: ''മാടമ്പേ, ഭ്രഷ്ട് എഴുതിയ ആ കയ്യൊന്നു ഞാന്‍ കാണട്ടെ'' എന്നു പറഞ്ഞ് അദ്ദേഹം ആ വലതു കൈ എടുത്ത് താലോലിക്കാറുണ്ട് എന്നു പറയുമായിരുന്നു. അതുപോലെ തന്നെ എഴുത്തുകാരില്‍ വി.കെ. എന്നെ അദ്ദേഹത്തിന് വലിയ കാര്യമായിരുന്നു. എന്തെങ്കിലും ഫലിതം പറഞ്ഞു തുടങ്ങിയാല്‍ വി.കെ. എന്നെ ക്വാട്ട് ചെയ്യുമായിരുന്നു. ''വി.കെ. എന്നിനെപ്പോലെ എഴുതാന്‍ മലയാളത്തില്‍ അയാള്‍ക്കു മാത്രമേ കഴിയുകയുള്ളൂ'' എന്നൊരു തീര്‍പ്പായിരുന്നു മാടമ്പിന്. സിനിമയ്‌ക്കെഴുതുന്ന സാഹിത്യകാരന്മാരില്‍ പത്മരാജനെ വലിയ കാര്യമായിരുന്നു. പത്മരാജന്റെ എല്ലാ സിനിമകളും വ്യത്യസ്തങ്ങളാണെന്നും കുറേക്കൂടി നാള്‍ നല്ല സൃഷ്ടികള്‍ക്കായി ഉണ്ടാകേണ്ടതായിരുന്നു എന്നും പറയുമായിരുന്നു.
കഴിഞ്ഞ കൊറോണക്കാലത്ത് രാജ്യം മുഴുവന്‍ അടച്ചിട്ട നേരത്ത് ഇടയ്ക്കിടെ എന്നെയും സുരേഷിനേയും വിളിക്കുമായിരുന്നു. ''എന്നാ നമുക്കിനി കാണാന്‍ പറ്റുക'' എന്നു ചോദിച്ചു വിഷമിക്കുമായിരുന്നു. അടച്ചിടല്‍ കഴിഞ്ഞിട്ടും കൊവിഡ് ബോധവല്‍ക്കരണം മൂലം അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാനും പ്രത്യേകിച്ച് പ്രായമായവരുള്ളിടത്ത് പോകരുതെന്ന് പറഞ്ഞപ്പോഴും ഞങ്ങള്‍ കിരാലൂരിലെ ഇല്ലത്ത് പോകുന്നത് കുറച്ചു. മാര്‍ച്ചു മാസത്തിലെ അവസാന ആഴ്ചയില്‍ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടതും ഏഴുമണിവരെ സംസാരിച്ച് അകത്തേക്ക് ഇടതനും വലതനും കൂടി കൈപിടിച്ച് കൊണ്ടുനടത്തി കിടക്കയില്‍ ഇരുത്തി. ''ഒരു സെല്‍ഫിയെടുക്കട്ടെ ഒന്നു ചിരിക്കൂ'' എന്നു പറഞ്ഞപ്പോള്‍ നിഷ്‌കളങ്കമായി ചിരിച്ചു. ആ സമയത്ത് ഞങ്ങള്‍ക്കിടയില്‍ ഒരു വൈറസും ഉണ്ടായിരുന്നില്ല. എന്നും ഫോട്ടോയ്ക്ക് മുന്നില്‍ പോസുചെയ്യാനും കാമറയ്ക്കു മുന്നില്‍ നില്‍ക്കാനും അദ്ദേഹത്തിനിഷ്ടമായിരുന്നു. മാര്‍ച്ച് 30-ന് ഇനി കാണുന്നതുവരെ വണക്കം എന്നു യാത്ര പറയാന്‍ അദ്ദേഹത്തിനു തോന്നിയില്ല. ഏപ്രില്‍ എട്ടിന് കൊവിഡിന്റെ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ ഞാന്‍ ചിത്രേട്ടനെ വിളിച്ചു. പത്തിന് വേലൂരില്‍ അവര്‍ക്ക് വാക്‌സീന്‍ ഉണ്ടെന്നും എടുക്കുന്നുണ്ടെന്നും പറഞ്ഞു. വാക്‌സീന്‍ എടുത്തു കഴിഞ്ഞ മാടമ്പ് ചെറിയ മകളുടെ മേഴത്തൂരിലുള്ള വീട്ടില്‍ പോകുകയും ശേഷം ശരീരവേദനയും ക്ഷീണവും വയറുവേദനയുമൊക്കെയായി 13-ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതിനേക്കാള്‍ വലിയ അസുഖത്തെ ചിരിച്ചു തോല്‍പ്പിച്ചു വന്ന അദ്ദേഹം അക്കുറിയും വരുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. ഇനിയും എങ്ങനെ നോക്കിയാലും തനിക്ക് അഞ്ചു വര്‍ഷം ആയുസ്സുണ്ടെന്നും 84 വയസ്സായിട്ടേ താന്‍ ഈ ലോകം വിട്ടുപോകുകയുള്ളൂവെന്നും എപ്പോഴും പറയുമായിരുന്നു. ഞങ്ങളും അത് വിശ്വസിച്ചു. അത് ശരിവെയ്ക്കും മട്ടില്‍ ഏപ്രില്‍ അവസാനത്തോടെ ആശുപത്രിയില്‍നിന്ന് ഡിസ്ച്ചാര്‍ജ് ആയപ്പോള്‍ വല്ലാത്ത സമാധാനം തോന്നി. ഇനിയും സന്തോഷവും സ്‌നേഹവാത്സല്യങ്ങളും ശാസന കലര്‍ന്ന ഉപദേശങ്ങളും സരസവും സൗമ്യവുമായ ആ സാന്നിധ്യത്തിലൂടെ ഞങ്ങളിലേക്ക് നിറയാന്‍ പോകുകയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ പോസിറ്റീവ് എനര്‍ജി തീരെ ചെറുതായിരുന്നില്ല. എന്നും എപ്പോഴും ഞങ്ങള്‍ക്കുള്ള ഒരത്താണിയും അഭയകേന്ദ്രവും ആയിരുന്നു മാടമ്പ്. പക്ഷേ, ആ സമാധാനത്തിനു ഒട്ടും ആയുസുണ്ടായിരുന്നില്ല. വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോള്‍ സുഖമില്ലാതെ അദ്ദേഹം അഡ്മിറ്റായി. പിറ്റേന്ന് റിപ്പോര്‍ട്ടില്‍ കൊവിഡ് പോസിറ്റീവ് ആണെന്നും അറിഞ്ഞു. ആ കൊവിഡിനേയും തോല്‍പ്പിച്ചുകളഞ്ഞു തിരിച്ചുവന്ന് ഇല്ലത്തെ ഉമ്മറത്തിണ്ണയ്ക്കരികില്‍ ചാരുകസേരയിട്ട് മാടമ്പ് ഇനിയും ഉണ്ടാകുമെന്നു കരുതിയത് വെറുതെയായി. ഇല്ലത്തൊന്നും വന്നു പിടിക്കാതിരുന്ന കൊവിഡ് അദ്ദേഹത്തെ കാത്ത് ആശുപത്രിമുറിയിലോ അതോ മറ്റേതെങ്കിലും സഞ്ചാരപഥത്തിലോ ഇരുന്നിരുന്നു എന്നു തോന്നുന്നു. ആശുപത്രിയില്‍നിന്നും ഡിസ്ച്ചാര്‍ജ് ചെയ്തു മേഴത്തൂര്‍ക്ക് പോകുന്ന വഴിയില്‍ അഞ്ചു മിനിറ്റ് ഇല്ലത്ത് ഒന്നിറങ്ങണമെന്നും വിശ്രമിക്കണമെന്നും കൊച്ചുമകളോട് പറഞ്ഞിരുന്നുവത്രെ. പക്ഷേ, അഞ്ചു മിനിട്ടല്ല, എന്നന്നേക്കുമായി വിശ്രമിക്കാനായി ആ ഇല്ലപ്പറമ്പിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കുളത്തിനരികില്‍ത്തന്നെ അദ്ദേഹത്തിന്റെ വൃക്ഷ കാമുകി ചക്കരക്കുട്ടിപ്പാറുവില്‍ (ആ പേരില്‍ ഒരു നോവല്‍ ഉണ്ട്, മാടമ്പിന്റേതായി) നിന്ന് ഏറെ ദൂരത്തല്ലാതെ ദേഹം എരിഞ്ഞൊടുങ്ങി. അതുകണ്ട് അദ്ദേഹത്തിന്റെ നിത്യഹരിത കാമുകി ചക്കരക്കുട്ടിപ്പാറുവിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കണം.
ഇപ്പോള്‍ വെറുതെ ആലോചിക്കുമ്പോള്‍ തോന്നുന്നു, അന്ന് ആ ഫസ്റ്റ് ഡോസ് വാക്‌സീന്‍ എടുത്തില്ലെങ്കില്‍ ഒരുപക്ഷേ, ഇപ്പോഴും മാടമ്പ് മനയിലെ ഉമ്മറത്ത് ആ ചാരുകസേരയില്‍ ''വരണം വരണം'' എന്നു പറഞ്ഞു ഞങ്ങളെയൊക്കെ ഹാര്‍ദ്ദമായി സ്വീകരിക്കാന്‍ മാടമ്പ് ഉണ്ടാകുമായിരുന്നോ? സുരേഷിന് ഉറപ്പുണ്ടത്രേ ഉണ്ടാകുമായിരുന്നു എന്ന്; എനിക്കത്രയ്ക്ക് ഇല്ലെങ്കിലും. എങ്കിലും എന്തസുഖവും വേദനയും ഉണ്ടെങ്കിലും അവനവന്റെ കാര്യങ്ങള്‍ സ്വന്തമായിട്ട് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ വേദനയൊന്നും പുറത്തുകാണിക്കാതെ ചിരിച്ചുകൊണ്ടുതന്നെ അദ്ദേഹം അങ്ങനെ അവിടെയുണ്ടാകുമായിരുന്നു. വെറുതെയെങ്കിലും ആഗ്രഹിച്ചു പോകുകയാണ് അങ്ങനെ കുറെ ദിനങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്. ആ സ്‌നേഹവും സാന്ത്വനവും മറ്റെവിടെനിന്നാണ് കിട്ടുക, മാടമ്പില്‍ നിന്നല്ലാതെ. മാടമ്പില്ലാതെ എങ്ങനെയാണിനി മാടമ്പിലേക്ക് ചെല്ലുന്നത്. പക്ഷേ, മാടമ്പിനെ ഒന്നു കാണണമെങ്കില്‍ അവിടെത്തന്നെ പോകണമല്ലോ. സംസ്‌കാരവും മറ്റും കഴിഞ്ഞു പോരുമ്പോള്‍ ചിത്രേട്ടന്‍ ചോദിച്ചു: ''ഇനി ഇങ്ങോട്ടൊന്നും വരവുണ്ടാവില്ല അല്ലെ... ആര് വരാന്‍...'' അതുതന്നെ പോരുമ്പോള്‍ സൂര്യന്‍മാഷും കൊച്ചപ്പനും മാടമ്പിന്റെ എപ്പോഴത്തേയും കയ്യാള് ചാത്തനെന്നും സ്വാമിയെന്നും ഞങ്ങള്‍ വിളിക്കുന്ന ജയചന്ദ്രനും ചോദിച്ചു. പക്ഷേ, ഞങ്ങള്‍ പറഞ്ഞു: ''ലോക്ഡൗണ്‍ കഴിയട്ടെ പഴയതുപോലെ ഇടയ്ക്കിടെ ഞങ്ങള്‍ ഇവിടെ വരും.'' മാടമ്പ് ഇവിടെയുണ്ട്. ഇവിടെനിന്ന് എവിടേക്കു പോകാന്‍. ഉമ്മറത്തെ ആ ചാരുകസേരയില്‍ നോക്കുമ്പോള്‍ കാണില്ലെങ്കിലും അദ്ദേഹം ഉണ്ട്. ചിത്രേട്ടന്റെ തൊട്ടടുത്തായി. അവിടം ശൂന്യമാണെന്ന് ആര് കരുതിയാലും ചിത്രേട്ടനും ടീച്ചറും കരുതില്ല. കാരണം എപ്പോഴും അവര്‍ മൂവരും ഒന്നിച്ചായിരുന്നല്ലോ ആ വീട്ടില്‍. അവരെ അങ്ങനെ അവിടെയിട്ടു പോകാന്‍ മാടമ്പിന് എങ്ങനെ കഴിയാനാണ്. അപ്പോള്‍ പിന്നെ ഞങ്ങള്‍ക്കെങ്ങനെ അവിടെ പോകാതിരിക്കാനാകും.