പിതാമഹനു മുന്നില്‍, പോയന്റ് ബ്ലാങ്കില്‍

നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശേഷം, അകത്തെ ഇരുട്ടില്‍നിന്നും വെളുത്ത മുണ്ടും ഹാഫ് കൈ ഷര്‍ട്ടും ധരിച്ച വി.കെ.എന്നിന്റെ വിരാട് സ്വരൂപം തെളിഞ്ഞു
പിതാമഹനു മുന്നില്‍, പോയന്റ് ബ്ലാങ്കില്‍

രുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. എറണാകുളത്ത് പത്രപ്രവര്‍ത്തനം അക്കാദമിക്കായി പഠിക്കുന്ന കാലം. 

പെട്ടെന്നൊരു ദിവസം തിരുവില്വാമലവരെ പോയാലോ എന്നൊരു തോന്നല്‍. ഉണ്ടിരിക്കുമ്പോള്‍ തോന്നിയ ഉള്‍വിളിയായിരുന്നില്ല അത്. കാരണമുണ്ടായിരുന്നു: തൃശൂര്‍പൂരത്തിനു ശേഷം നടക്കുന്ന പറക്കോട്ടുകാവ് പൂരം കാണുക എന്നതായിരുന്നു പ്രധാനം. ഉപകാരണങ്ങള്‍ രണ്ടുണ്ടായിരുന്നു: തിരുവില്വാമലയില്‍ രണ്ട് 'വി'കളാണ് പ്രധാനം: ആദ്യത്തേത് വില്വാദ്രിനാഥന്‍; രണ്ടാമത്തേത് പുഴക്കരവീട്ടിലെ വി.കെ.എന്‍. രണ്ടിടത്തും ഒരേ സമയം ദര്‍ശനം നടത്താം.

പില്‍ക്കാലത്ത് മാധ്യമം ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന ജി. രാജേഷ് കുമാറായിരുന്നു എന്റെ സഹയാത്രികന്‍. (രാജേഷ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരുനാള്‍ ആത്മഹത്യ ചെയ്ത് വിടപറഞ്ഞു). സാമ്പത്തികശാസ്ത്രത്തില്‍ എം.എ കഴിഞ്ഞാണ് പത്രപ്രവര്‍ത്തനപഠനത്തിലേക്കുള്ള രാജേഷിന്റെ വരവ്. തലയില്‍ നിറച്ചും സാമ്പത്തികശാസ്ത്രവും വി.കെ.എന്നും പിന്നെ ഡോസ്റ്റോവിസ്‌കിയും.

വി.കെ.എന്നിന്റെ ബന്ധുവും സുഹൃത്തുമായ നാരായണന്‍കുട്ടിയുടെ വീട്ടില്‍ തലേ ദിവസം ഞങ്ങളെത്തി. നാടാകെ പൂരത്തിനൊരുങ്ങിയിരുന്നു. രാത്രിഭക്ഷണം കഴിഞ്ഞപ്പോള്‍  നാരായണന്‍കുട്ടിയോട് വന്ന ലക്ഷ്യങ്ങള്‍ പറഞ്ഞു:

''പൂരവും വില്വാദ്രിനാഥനും ഞാന്‍ സാധിപ്പിച്ചുതരാം. മൂന്നാമത്തേത് മൂത്താരുടെ മൂഡ് പോലിരിക്കും. പോയി നോക്കാം. അത്രേ പറയാന്‍ പറ്റൂ''- ഇതായിരുന്നു മറുപടി.

രാവിലെ വില്വാദ്രിനാഥനെ തൊഴുതശേഷം ഞങ്ങള്‍ തിരുവില്വാമല കവലയിലെത്തി. നാരായണന്‍കുട്ടി ഞങ്ങളെ ഒരു ഓട്ടോയില്‍ കയറ്റി വി.കെ.എന്നിന്റെ വീട്ടിലെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്തു. വളവുതിരിവുകള്‍ മറഞ്ഞ് ഓട്ടോ പുരോഗമിച്ചു. ഒരു നേരിയ കയറ്റത്തിലെത്തി നിന്നു. പ്രധാന പാതയില്‍നിന്നും അകത്തേയ്ക്ക് ഒരു ദീര്‍ഘരേഖപോലെ നീളുന്ന വഴി ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു:

''അതാണ് വീട്.''

പണം കൊടുത്ത് ഞങ്ങള്‍ ഇറങ്ങിനടന്നു. നാലോ അഞ്ചോ  ചുവടുകള്‍ വച്ച് ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ഓട്ടോറിക്ഷ പോവാതെ അവിടെത്തന്നെ നില്‍ക്കുന്നു.

''പൊയ്ക്കോളൂ, കാത്ത് നില്‍ക്കേണ്ട'' ഞാന്‍ തിരിച്ചുവന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞു.

''പുതിയ ആള്‍ക്കാരെ ഇവടെ എറക്കിയാല്‍ ഞങ്ങള്‍ ഇത്തിരി കാത്ത് നില്‍ക്കും. അതൊരു പതിവാ. എന്താ മൂത്താരുടെ മൂഡ് എന്നറിയില്ലല്ലോ. ഓടിച്ചാല്‍ പാവങ്ങള്‍ക്ക് ഇവിടെനിന്ന് തിരിച്ചുപോവാന്‍ വാഹനം കിട്ടില്ല. അതോണ്ടാ...'' അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ഓടിച്ചുവിട്ടാലും തിരിച്ചുപോരാന്‍ ഓട്ടോയുണ്ട് എന്ന ധൈര്യത്തില്‍ ഞങ്ങള്‍ മുന്നോട്ട് നടന്നു.

വി.കെ.എന്നിന്റെ വീട് അദ്ദേഹത്തെപ്പോലെതന്നെ തറയില്‍നിന്നും അല്പം ഉയര്‍ന്ന്, തലയുയര്‍ത്തിയാണ് നില്‍ക്കുന്നത്. പടവുകള്‍ കയറി തറയുയരത്തിലെത്തി ഞാന്‍ ബെല്ലടിച്ചു. മരയഴികള്‍ക്കപ്പുറം ഒരു യുവതി പ്രത്യക്ഷപ്പെട്ടു. (വി.കെ.എന്നിന്റെ മകന്റെ ഭാര്യയായിരുന്നു അത്). ആരാണ്, എവിടെനിന്നാണ് എന്നീ ചോദ്യങ്ങളില്‍ ആദ്യത്തേതിനു മാത്രം ഞാന്‍ മറുപടികൊടുത്തു. സ്വന്തമായി മേല്‍വിലാസമില്ലാത്ത കാലമായതിനാല്‍ രണ്ടാമത്തേതിന് മറുപടിയില്ലായിരുന്നു.

നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്ക് ശേഷം, അകത്തെ ഇരുട്ടില്‍നിന്നും വെളുത്ത മുണ്ടും ഹാഫ് കൈ ഷര്‍ട്ടും ധരിച്ച വി.കെ.എന്നിന്റെ വിരാട് സ്വരൂപം തെളിഞ്ഞു. നടന്നു വന്ന് അദ്ദേഹം പുറത്തേക്കുള്ള വാതില്‍ തുറന്ന് അതിന്റെ ഫ്രെയിമില്‍ നിറഞ്ഞുനിന്നു. തന്റെ മുന്നില്‍ ഇരിക്കാന്‍ യോഗ്യതയുള്ളവര്‍ അധികമൊന്നുമില്ല എന്ന് ദ്യോതിപ്പിക്കുന്നതുപോലെ, ആ പൂമുഖത്ത് രണ്ട് കസേരയേ ഉണ്ടായിരുന്നുള്ളൂ. ഒന്നില്‍ വി.കെ.എന്‍ ഇരുന്നു; മറ്റേതില്‍ ഞാനും. രാജേഷ് മരയഴികളുടെ വീതികുറഞ്ഞ തിണ്ടില്‍ പാതി ആസനസ്ഥനായി. പേരുകള്‍ ചോദിക്കപ്പെട്ടു; മറുപടികള്‍ പറഞ്ഞു:

''എന്താ ചെയ്യണെ?'' തുടര്‍ ചോദ്യം.
''പത്രപ്രവര്‍ത്തനം പഠിക്കുകയാണ്.''
''അദ്പ്പം എന്താത്ര പഠിക്കാന്‍ ള്ളേ?''
മറുപടിയായി ഞാന്‍ ചമ്മിയ ചിരി ചിരിച്ചു.
''എവടെയാ പഠനം?''
''കേരള പ്രസ്സ് അക്കാദമി. സര്‍ക്കാരിന്റെ ലാവണമാണ്.''
''എത്രകൊല്ലാ പഠിപ്പ്?''
''ഒരുവര്‍ഷം'' രാജേഷാണ് പറഞ്ഞത്.
''സമാധാനം. അധികം സഹിക്കണ്ടല്ലോ'' അത് പറഞ്ഞ വി.കെ.എന്‍. മുക്തകണ്ഠം ചിരിച്ചു.
''എന്തൊക്കെയാ അവടെ പഠിപ്പിക്കണെ?''
''വാര്‍ത്തയെഴുത്ത്, ഭാഷ, നിയമം...അങ്ങനെ പലതും.''
''ഇതൊന്നും ആരും പഠിപ്പിക്കേണ്ടതല്ല. സ്വയം പഠിക്കേണ്ടതാ. ഇന്‍ട്രോ (വാര്‍ത്തയുടെ ആദ്യ വാചകങ്ങള്‍) എഴുത്തിനെക്കുറിച്ച് പഠിപ്പിച്ചോ?''
''ഉവ്വ്, വിശദമായിത്തന്നെ.''

അപ്പോള്‍ വി.കെ.എന്‍ ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു ഇന്‍ട്രോ, അല്പം ദീര്‍ഘമായിത്തന്നെ ഓര്‍മ്മയില്‍നിന്നും ഉദ്ധരിച്ചു. അതിന്റെ സാരമിതായിരുന്നു: ഒരു വലിയ പട്ടണം കത്തുകയാണ്. ആള്‍ക്കാര്‍ ജീവനുംകൊണ്ട് ഓടുന്നു. കെട്ടിടങ്ങള്‍ കത്തിയമരുന്നു. എല്ലാറ്റിന്റെയും ഇടയില്‍നിന്നും ഒരു പോക്കറ്റടിക്കാരന്‍ ഓടി രക്ഷപ്പെടുന്ന ഒരാളുടെ പോക്കറ്റടിക്കുന്നു. ഓരോ വാചകവും ഒരു ദൃശ്യമായിരുന്നു.

''ഇത് പഠിപ്പിച്ച്വോ.''
''ഇല്ല.''
''പിന്നെ എന്ത് ഇന്‍ട്രോയാണ് അവടെ പഠിപ്പിക്കണത്?''
''സാര്‍ ഒരു ദിവസം ഞങ്ങളെ പഠിപ്പിക്കാന്‍ വരണം'' ഞാന്‍ പറഞ്ഞു.
''ഇപ്പം സഖാക്കളല്ലേ ഭരിക്കണത്? എന്നെ വിളിയ്ക്കില്ല്യ. ചാത്തന്‍സ് എഴുതിയതോണ്ട്''-വി.കെ.എന്‍ കണ്ണിറുക്കിച്ചിരിച്ചു.

രാജേഷ് സാമ്പത്തികശാസ്ത്രമാണ് പഠിച്ചത് എന്ന് പറഞ്ഞപ്പോള്‍ ചോദിച്ചു:
''ഗാല്‍ബ്രേത്തിനെ വായിച്ചിട്ടുണ്ടോ?''
ആദം സ്മിത്തായിരുന്നു അവന്റെ പരമാചാര്യന്‍. അവന്‍ ഇളിഞ്ഞ ചിരി ചിരിച്ചു.
''ഹരോള്‍ഡ് ലാസ്‌കിയേയോ?''-പോയന്റ് ബ്ലാങ്കിലായിരുന്നു അടുത്ത വെടി.

രാജേഷിന്റെ മുഖം മഞ്ഞനിറമായി. ഇരുവരെപ്പറ്റിയും വി.കെ.എന്‍ മൂന്ന് പുറത്തില്‍ കവിയാതെ ഇരുന്ന ഇരുപ്പില്‍ ഉപന്യസിച്ചു. ഞങ്ങള്‍ സംഹരിക്കപ്പെട്ടു. ഭസ്മമായി.

''ഇനി എന്താ പരിപാടി?'' വി.കെ.എന്‍ ചോദിച്ചു.
''പൂരം കാണണം'' ഞാന്‍ പറഞ്ഞു.
''പോയിക്കണ്ട് വന്ന് വിശേഷങ്ങള്‍ പറഞ്ഞുതരൂ. ഞാന്‍ കഥയാക്കിക്കോളാം. കാലിന് തീരെ വയ്യ, ആ തെരക്കിലേക്ക് പോവാന്‍.''

ഞങ്ങള്‍ നമസ്‌കാരം പറഞ്ഞിറങ്ങി. അന്ന് വൈകുന്നേരം പൂരം വരവിന് പിറകേ ഞങ്ങള്‍ നടക്കുമ്പോള്‍ ദൂരെ, വീട്ടുപറമ്പിന്റെ മുള്ളുവേലിയില്‍പ്പിടിച്ച് വി.കെ.എന്‍ ഏകാകിയായി, നിര്‍ന്നിമേഷനായി ആ ഘോഷയാത്രയെ നോക്കിനില്‍ക്കുന്നത് കണ്ടു.

***
സ്വതന്ത്രമായി പത്രപ്രവര്‍ത്തനം ആരംഭിച്ച സമയത്താണ് രണ്ടാമത് വി.കെ.എന്നിന്റെ സമക്ഷത്ത് ചെല്ലേണ്ടിവന്നത്. മാതൃഭൂമി വാരാന്തപ്പതിപ്പിനുവേണ്ടി ഒരു അഭിമുഖം തയ്യാറാക്കാന്‍. തിക്കോടിയന്റെ ശുപാര്‍ശയുടെ ബലത്തിലായിരുന്നു ഇത്തവണത്തെ തിരുവില്വാമല യാത്ര. ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ അവിടെ എത്തി. ആദ്യ സീനില്‍ കണ്ടതുപോലെ വി.കെ.എന്‍ നടന്നുവന്ന് വാതില്‍ തുറന്നു. സീറ്റിലിരുന്നു, എന്നോട് ഇരിക്കാന്‍ പറഞ്ഞില്ല. ദീര്‍ഘനേരത്തെ മൗനം.

''എന്നെ ഇന്റര്‍വ്യൂ ചെയ്താല്‍ തന്റെ പേരല്ലേ അടിച്ചുവരിക?'' ആദ്യ ചോദ്യം അസ്ത്രംപോലെ വന്ന് എന്റെ കഴുത്തില്‍ തറച്ചു.
''അതെ'' ഞാന്‍ പരുങ്ങി
''തനിയ്ക്കല്ലേ കാശ് കിട്ടുക?'' അടുത്ത ചോദ്യം.
''അങ്ങനെയാണ് പതിവ്.''
''എന്നാല്‍ അത് വേണ്ട. എന്നെ ഒരു ഗിനിപ്പെഗ്ഗാക്കാന്‍ പറ്റില്ല. കോഴിക്കോട്ടില്ലേ നിരവധി ആളുകള്‍... അവരെ ആരെയെങ്കിലും വധിച്ചാല്‍ പോരായിരുന്നോ?''
ഞാന്‍ ഒന്നും മിണ്ടിയില്ല.
''അല്ലെങ്കിലും മലയാളത്തിലെ ഈ ഇന്റര്‍വ്യൂവൊക്കെ ഒരു വഹയാ. പാരീസ് റിവ്യൂ ഇന്റര്‍വ്യൂ വായിക്കണം. ഇബടെ ഇപ്പഴും ആദ്യത്തെ പ്രസവം എപ്പഴാ എന്നല്ലേ ആദ്യ ചോദ്യം...''
അതിനും ഞാന്‍ മറുപടി പറഞ്ഞില്ല. ദീര്‍ഘമായ മൗനം.
''ഏതായാലും ഇത്രേടം വന്നതല്ലേ, ഒരു ചോദ്യം ചോദിക്യാ...'' വി.കെ.എന്‍ പറഞ്ഞു.
പരിഹസിക്കുകയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ ഞാന്‍ ചോദിച്ചു:

''വി.കെ.എന്നിന്റെ രചനകള്‍ക്ക് സ്ഥലകാലങ്ങള്‍ വിഷയമല്ല. ലണ്ടനിലെ തെംസ് നദീതീരത്തുനിന്നും താങ്കള്‍ ഭാരതപ്പുഴയിലേക്ക് കട്ട് ചെയ്യും. ഇത് മനപ്പൂര്‍വ്വം ചെയ്യുന്നതാണോ?''
അപ്പോള്‍ വി.കെ.എന്‍ എന്റെ മുന്നില്‍ എഴുന്നേറ്റ് നിന്നു. ഉടുത്ത മുണ്ട് കക്ഷത്തിലേക്ക് കയറ്റിക്കെട്ടി. വലതുകൈപ്പത്തി വായയുടെ അടുത്ത് വച്ച് കുനിഞ്ഞ് പറഞ്ഞു:
''ഇനി മേലാല്‍ എഴുതുമ്പോള്‍ അങ്ങനെയല്ലാതെ നോക്കാം.''
ഞാന്‍ ഇരുന്നുരുകി. പിന്നെയും മൗനം.

അപ്പോള്‍ അവിടേയ്ക്ക് നോവലിസ്റ്റായ കെ. രഘുനാഥന്റെ ഫോണ്‍വന്നു (രഘുനാഥനാണ് പിന്നീട് വി.കെ.എന്നിന്റെ ജീവചരിത്രമായ 'മുക്തകണ്ഠം വി.കെ.എന്‍' എഴുതിയത്). രഘു അന്ന് മാതൃഭൂമിയിലാണ് ജോലി ചെയ്തിരുന്നത്. 

കുശലാന്വേഷണങ്ങള്‍ക്കു ശേഷം എന്നെ മുന്നിലിരുത്തി വി.കെ.എന്‍ പറഞ്ഞു:

''ഇന്റര്‍വ്യൂ വധത്തിന് മുന്നിലിരിക്കുകയാണ്.''
എവിടെനിന്നാണ് എന്ന് രഘുവിന്റെ ചോദ്യം?
''തന്റെ മാതൃഭൂമിയില്‍നിന്നുതന്നെ.''
അല്പനിമിഷങ്ങള്‍ക്കു ശേഷം വി.കെ.എന്‍ തുടര്‍ന്നു:

''ഇയാളെ ഇബട്ന്ന് എങ്ങനെയാ ഒന്ന് പറഞ്ഞുവിടുക എന്നാലോചിക്കുയാണ് ഞാന്‍.''
അതോടെ  ശവദാഹം കഴിഞ്ഞപോലെയായി ഞാന്‍. എല്ലുപോലുമില്ലാതെ എല്ലാം ചാരം.
ഫോണ്‍സംഭാഷണത്തിനു ശേഷം ഞാനും വി.കെ.എന്നും കുറേ നേരം മിണ്ടാതിരുന്നു. മൗനം മുറിച്ചത് വി.കെ.എന്‍ തന്നെ:

''താനേതായാലും തൃശൂര് വഴി പൊയ്ക്കോളൂ. ഇന്ന് സാഹിത്യഅക്കാദമി അവാര്‍ഡ് പ്രഖ്യാപനമാണ്. കിട്ടിയോര്ടെ വീരസ്യം കേള്‍ക്കാം; കിട്ടാത്തോര്‌ടെ നെലോളീം. രണ്ടായാലും വാര്‍ത്തയാണ്.''
വിയര്‍ത്തൊലിച്ച് ഞാന്‍ പുറത്തെ ഉച്ചയിലേക്കിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com