അശാന്തപര്‍വ്വങ്ങളിലെ ശാന്തന്‍

ഈയിടെ അന്തരിച്ച എ. ശാന്തകുമാര്‍ എന്ന നാടകപ്രവര്‍ത്തകന്റെ വേര്‍പാട് കേരളത്തിലെ നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സങ്കടമുണര്‍ത്തിയ ഒന്നായിരുന്നു
എ ശാന്തകുമാർ
എ ശാന്തകുമാർ

യിടെ അന്തരിച്ച എ. ശാന്തകുമാര്‍ എന്ന നാടകപ്രവര്‍ത്തകന്റെ വേര്‍പാട് കേരളത്തിലെ നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സങ്കടമുണര്‍ത്തിയ ഒന്നായിരുന്നു. നാടകത്തിലൂടെ കണ്ണിചേര്‍ക്കപ്പെട്ട എണ്ണമറ്റ സൗഹൃദങ്ങള്‍ മലയാളത്തിലെ ഒരു നാടകപ്രവര്‍ത്തകന്റെ കുടുംബത്തിന് 25 ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കി എന്നതുതന്നെ അയാളുടെ സൗഹൃദങ്ങളുടെ ആഴം ബോധ്യപ്പെടുത്തുന്നു. ഒരുപക്ഷ, കേരളത്തില്‍ ഇത്രയുമധികം തുക ഒരു നാടകപ്രവര്‍ത്തകനും മരണാനന്തരം ലഭിച്ചിരിക്കാനിടയില്ല. ശാന്തകുമാരനുമായി അഭിനയിക്കേണ്ടിവന്ന ഒരു ജീവിതനാടകം ഞാനോര്‍ക്കുകയാണ്. 

എ. സോമന്റെ അനിയന്‍ ശാന്തകുമാര്‍ അര്‍ബ്ബുദത്തിന്റെ പിടിയില്‍പ്പെട്ട് ആസന്നമരണനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നറിഞ്ഞു നാടകപ്രവര്‍ത്തകന്‍ രത്‌നാകരനും ചലച്ചിത്ര സംവിധായകന്‍ ഗിരീഷ് ദാമോദരനും മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദിനുമൊപ്പം മെഡിക്കല്‍ കോളേജില്‍ ചെന്നു. സന്ദര്‍ശകരെ അനുവദിക്കാത്ത ഒരു വാര്‍ഡിലാണ് ശാന്തന്‍ കിടന്നിരുന്നതെങ്കിലും വാതിലിനപ്പുറത്തു നില്‍ക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ പരിക്ഷീണമായ കൈകളുയര്‍ത്തി ശാന്തന്‍ അതീവ ശാന്തനായി ഞങ്ങളെ അഭിവാദ്യം ചെയ്തു; ഒരു യാത്രപറച്ചില്‍പോലെ. ഞങ്ങള്‍ തിരിച്ചുപോന്നു. അത്ഭുതം! അല്പദിവസങ്ങള്‍ക്കുശേഷം ആശുപത്രി മോചിതനായി ശാന്തന്‍ സ്വന്തം ഭവനത്തിലെത്തി.

ഞാനും സുഹൃത്തുക്കളും ശാന്തനെ കാണാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അയാള്‍ ഊണുകഴിക്കുകയായിരുന്നു എന്നു പറഞ്ഞാല്‍ അതു ശരിയല്ല. ശാന്തന്റെ നാടകീയ ഭാഷ്യത്തില്‍ 'ചോറുതിന്നുക' എന്നായിരിക്കും അതിനെ പറയുക. വെട്ടിയെടുത്ത നാക്കിലയില്‍ പ്രിയതമ വിളമ്പിക്കൊടുക്കുന്ന പുത്തരിച്ചോറും പലവിധ കറികളും വാരിക്കഴിക്കുന്ന ശാന്തന്‍ പലതവണ കൂടെയിരുന്നു കഴിക്കാന്‍ ക്ഷണിച്ചെങ്കിലും ആര്‍ത്തിയും വിശപ്പും സ്‌നേഹവും ചേര്‍ത്തുകുഴച്ച ചോറ് മരണത്തില്‍നിന്നും മടങ്ങിവന്ന ഒരാള്‍ വാരിത്തിന്നുന്നതിലെ കാവ്യഭംഗിയില്‍ ഞങ്ങളുടെ വിശപ്പ് വഴിമാറി.

1981 മാർച്ച് 23ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറെ ജനകീയ സാംസ്കാരികവേദി പ്രവർത്തകർ ജനകീയ വിചാരണ ചെയ്തത് ഈ റൗണ്ടിൽ വച്ചാണ്
1981 മാർച്ച് 23ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറെ ജനകീയ സാംസ്കാരികവേദി പ്രവർത്തകർ ജനകീയ വിചാരണ ചെയ്തത് ഈ റൗണ്ടിൽ വച്ചാണ്

ശാന്തന്റെ നാടകങ്ങളും അങ്ങനെയാണ്; എല്ലാം തനി ഗ്രാമ്യമാണ്. തൊടിയിലെ പുള്ളിപ്പയ്യിനെക്കുറിച്ചായാലും പെരുംകൊല്ലനെക്കുറിച്ചായാലും അരങ്ങില്‍ നാടന്‍ ജീവിതം വിട്ടുള്ള ഒരു കളിയില്ല ശാന്തന്. അതായിരിക്കാം അക്കാദമിക്ക് പഠനഭാരം ഇല്ലാത്തതിന്റെ സ്വാതന്ത്ര്യം തുളുമ്പുന്ന നാടകങ്ങള്‍ അയാളില്‍നിന്നും പിറന്നുവീഴാന്‍ കാരണം. ജീവിതത്തെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന ഒരാളുടെ സ്വപ്നങ്ങള്‍ കുത്തിനിറച്ച തീവണ്ടികളായിരുന്നു അവകളോരോന്നും. വറുതിയുടേയും ഏകാന്തതയുടേയും അരങ്ങിലെ പ്രതിഷേധങ്ങള്‍ വെറും മുദ്രാവാക്യ നാടകങ്ങളായി ഒടുങ്ങിപ്പോകാഞ്ഞതിന്റെ കാരണവും അതുതന്നെ.

വീട് തന്നെ അരങ്ങാക്കി വളര്‍ന്നവനായതുകൊണ്ടായിരിക്കാം 'വീടുകള്‍ക്ക് എന്തുപേരിടും' എന്ന പേരില്‍ത്തന്നെ ശാന്തന്‍ ഒരു നാടകമെഴുതിയത്. അക്കാദമിക പാരമ്പര്യമോ ഗുരുമുഖങ്ങളോ ഇല്ലാതെതന്നെ ഒരാള്‍ക്ക് നാടകം കളിച്ചും കളിപ്പിച്ചും ജീവിക്കാം എന്ന് ഈ ഡിജിറ്റല്‍ കാലത്തും ശാന്തകുമാര്‍ കാണിച്ചുതന്നുകൊണ്ടിരുന്നു. കാരണം അയാള്‍ പറയുന്നതില്‍ ജീവിതമുണ്ടായിരുന്നു. ജീവിതം വെച്ചുള്ള ഒരു കളിയായിരുന്നു ശാന്തനു നാടകം. ശാന്തനെപ്പറ്റി പറയുമ്പോള്‍ അയാളുടെ ജ്യേഷ്ഠന്‍ എ. സോമനെപ്പറ്റി പറയാതെ വയ്യ. സോമന്‍ ഉണ്ടെങ്കിലേ ശാന്തന്‍ എന്ന നാടകപ്രതിഭ ഉണ്ടാകുമായിരുന്നുള്ളൂ എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!

ജനകീയ സാംസ്‌കാരിക വേദിയിലെ ധിഷണാശാലി

ശാന്തകുമാറിനെ ഞാന്‍ പരിചയപ്പെടുമ്പോള്‍ അയാള്‍ നാടകങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നില്ല. എ. സോമന്റെ അനിയന്‍ മാത്രമായിരുന്നു എനിക്കയാള്‍. ശാന്തനെക്കുറിച്ച് ഏറെ പ്രതീക്ഷകള്‍ സോമന്‍ അന്നേ വെച്ചുപുലര്‍ത്തിയിരുന്നു എന്ന കാര്യം സോമനെ അടുത്തറിയുന്നവര്‍ക്കറിയാം. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരുടെ താല്‍ക്കാലിക താവളങ്ങളായിരുന്ന പാരലല്‍ കോളേജുകളിലെ അക്കാലത്തെ ഡിമാന്റുള്ള ഒരദ്ധ്യാപകനായിരുന്നു എ. സോമന്‍. ഒരേസമയം രണ്ടും മൂന്നും കോളേജുകളില്‍ വര്‍ഗ്ഗസമരത്തിലേര്‍പ്പെടുക (classstruggle!) എന്നത് സോമനും അനുഷ്ഠിച്ചുപോന്നിരുന്നു.

കോഴിക്കോട്, തലശ്ശേരി, പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി, തിരുവമ്പാടി തുടങ്ങിയ വിവിധങ്ങളായ സ്ഥലങ്ങളിലുള്ള പാരലല്‍ കോളേജുകളില്‍ കുട്ടികളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു സോമന്‍. തിരുവമ്പാടിയില്‍ കുരിയാച്ചന്‍ എന്നൊരാള്‍ നടത്തിയിരുന്ന നാഷണല്‍ കോളേജില്‍ ചെറിയൊരു കാലം സോമനോടും കവി ആര്‍. മോഹനനോടുമൊപ്പം ഞാനും അദ്ധ്യാപകവേഷം കെട്ടിയാടിയിരുന്നു. ഒടുവില്‍ കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജില്‍ സ്ഥിരജോലിയില്‍ പ്രവേശിക്കുംവരെ അലച്ചില്‍ തന്നെയായിരുന്നു സോമയോഗം. കുട്ടികളുടെ പ്രിയപ്പെട്ട ഒരു അദ്ധ്യാപകന്‍ എന്നതിനേക്കാള്‍ ജനകീയ സാംസ്‌കാരിക വേദിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാളായിട്ടായിരിക്കാം എ. സോമനെ കാലം അടയാളപ്പെടുത്തുക.

കോളേജ് അദ്ധ്യാപകര്‍ക്ക് സാഹിത്യം കലശലായി അനുഭവപ്പെട്ടിരുന്ന ഒരു കാലം കൂടിയായിരുന്നു അക്കാലം. അക്കാര്യത്തില്‍ പാരലല്‍/അണ്‍പാരലല്‍ എന്നിങ്ങനെ തരംതിരിവുകളുമില്ലായിരുന്നു. എഴുത്തുകാരുടെ സാമ്പത്തികസ്ഥിതി ഇന്നത്തെപ്പോലെ തന്നെ അന്നും ആധാരം എഴുത്തുകാരേക്കാള്‍ മോശംതന്നെയായിരുന്നുവെങ്കിലും സാഹിത്യം എഴുതുന്നതിലെ ഹരം ആധാരം എഴുത്തുകാര്‍ക്ക് കിട്ടില്ലല്ലോ എന്നതാണ് സാഹിത്യ രചയിതാക്കളുടെ ഏക ആശ്വാസം. എ. സോമനും ഇത്തരം ആശ്വാസങ്ങള്‍ അനുഭവിച്ചിരുന്നു. അത്യാവശ്യം നന്നായിത്തന്നെ കഥകളും സാമൂഹ്യവിമര്‍ശനങ്ങളുമൊക്കെ അയാളും എഴുതിയിരുന്നു. ശാന്തന്റെ സാഹിത്യശീലങ്ങള്‍ക്കുള്ള തുടക്കവും ഇവിടെനിന്നുതന്നെ. എഴുത്തില്‍ത്തന്നെ അക്കാലത്തും രണ്ടുവിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഒരു വിഭാഗം സായാഹ്നവീഞ്ഞ് കടകളിലിരുന്നു വിപ്ലവത്തിന്റെ അസാദ്ധ്യതകളെ ചര്‍ച്ചചെയ്ത് സായൂജ്യമടയുമ്പോള്‍ രണ്ടാമതൊരു വിഭാഗം, വീഞ്ഞുകടകള്‍ക്കു പുറത്ത് ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരുടെ കുതറിത്തെറിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളികളായവരായിരുന്നു. ഈ രണ്ടാമത്തെ കൂട്ടത്തിലായിരുന്നു എ. സോമന്‍. പുതിയൊരു നീതിബോധം മുന്നോട്ടുവെച്ച രാഷ്ട്രീയസ്വപ്നം പ്രാവര്‍ത്തികമാക്കുന്നതില്‍ ആനന്ദം പങ്കിടുന്നവരോടൊപ്പം സംഘംചേര്‍ന്ന സോമന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൈക്കൂലിക്കാരനായ ഒരു ഡോക്ടറെ ജനകീയ വിചാരണ നടത്തിയതിലൂടെ കേരളത്തിലെ ആദ്യത്തെ ജനകീയ ന്യായാധിപനുമായി.

പക്ഷേ, കാലം സോമനു കാത്തുവെച്ചത് അര്‍ബ്ബുദത്തിന്റെ രക്തഹാരമായിരുന്നു. അത് തിരിച്ചറിയുമ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. രോഗം അയാളെ തളര്‍ത്തി. ജോലിക്കു പോകാനാവാത്തവിധം അസുഖം മൂര്‍ച്ഛിച്ചു. തുടക്കത്തില്‍ ഉണ്ടായിരുന്ന ചങ്ങാതിമാര്‍ സ്വാഭാവികമായും ഒന്നൊന്നായി പൊഴിഞ്ഞു തുടങ്ങി. എന്നാല്‍, ചിലരൊക്കെ പേരിനു ഒന്നെത്തി നോക്കാറുമുണ്ടായിരുന്നു. വിപ്ലവമാണെങ്കിലോ പിരിയാതെ പിരിഞ്ഞ പാല്‍പോല്‍ തൂവാതേയും തുളുമ്പാതേയും സഖാക്കളുടെ മനസ്സില്‍ പാടകെട്ടിക്കിടന്നു. സുരക്ഷയും സൗകര്യങ്ങളും തിരക്കി കൂടെയുള്ള പലരും പലതരം തോണികളില്‍ കയറി മറഞ്ഞെങ്കിലും സോമനും വളരെ കുറച്ചുപേരും അതേ ദ്വീപില്‍ത്തന്നെ തമ്പടിച്ച് തങ്ങളുടെ തകര്‍ന്ന പായ്ക്കപ്പലിന്റെ അലകും പിടിയും മാറ്റാന്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടേയിരുന്നു.

എ സോമൻ
എ സോമൻ

മാസാമാസം തിരുവനന്തപുരം ആര്‍.സി.സിയിലേക്കുള്ള യാത്ര സോമന് വയ്യാതായി. തിരുവനന്തപുരത്തുനിന്നും ഒരു നാട്ടുവൈദ്യന്‍ കൊടുക്കുന്ന പച്ചിലമരുന്നുകളുമായി ഏഷ്യാനെറ്റിലെ കെ.പി. രമേശന്റെ തീവണ്ടി ഓരോ ആഴ്ചയും കോഴിക്കോട്ടെത്തും. സോമന്‍ തീര്‍ത്തും കിടപ്പിലായി. കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലിലേക്കും മറ്റും ടെസ്റ്റുകള്‍ എടുക്കാന്‍ കൊണ്ടുപോകാന്‍ ഞാന്‍ കാറുമായി എത്തും. അന്നു ഞങ്ങളുടെ കൂട്ടത്തില്‍ ഡ്രൈവിംഗ് അറിയാവുന്ന ഒരാള്‍ ഞാന്‍ മാത്രമേയുള്ളൂ. വാഹനം ഓടിക്കുക, സ്വന്തമായി ഒരു വാഹനം ഉണ്ടായിരിക്കുക എന്നീ ശാസ്ത്രവേഗങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയൊക്കെ ജീവിതവ്രതമാക്കിയ സഖാക്കള്‍ക്ക് അന്നും കുറവുണ്ടായിരുന്നില്ല. ഉള്ളതു പറയാമല്ലോ, സോമനും അക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല.

പക്ഷേ, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കാറ് തന്നെവേണം എന്ന കാര്യം സോമനും വൈകാതെ തിരിച്ചറിഞ്ഞു. അസുഖവിവരം അന്വേഷിച്ച് ഒന്നിക്കൊന്നരാടം ഞാന്‍ അങ്ങോട്ടും സോമന്റെ ഭാര്യ ആശയോ അനിയന്‍ ശാന്തനോ അയല്‍പക്കത്തെ ടെലിഫോണില്‍നിന്നും എന്നെ ഇങ്ങോട്ടോ വിളിക്കും. സോമന്റെ നില അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലാണ് ഞാനാദ്യമായി ശാന്തനെ അശാന്തനായി കണ്ടത്. കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനം സോമന് എന്തെങ്കിലും സംഭവിച്ചാല്‍ പെന്‍ഷന്‍ തുകയും പ്രൊവിഡന്റ് ഫണ്ട് മുതലായ ആനുകൂല്യങ്ങളും ഭാര്യക്കും മകള്‍ക്കും ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. കാരണം രണ്ടു സുഹൃത്തുക്കള്‍ക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന ചിട്ടികള്‍ക്ക് സോമന്‍ ജാമ്യക്കാരനായി നിന്നിട്ടുണ്ട്. അവര്‍ രണ്ടുപേരും തിരിച്ചടവില്‍ വീഴ്ചവരുത്തി സംഗതി ആകെ ഗുലുമാലായിക്കിടക്കുകയാണ്. വീഴ്ചവരുത്താനും അത് കണ്ണില്‍ച്ചോരയില്ലാതെ തിരിച്ചുപിടിക്കാനുമാണല്ലോ ഗവണ്‍മെന്റ് ഇത്തരം ബ്ലേഡ് കമ്പനികള്‍ നടത്തുന്നതു തന്നെ! സോമന്റെ ഭാര്യ ആശയും ഇതേ കാര്യം പറഞ്ഞ് എന്നെ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. ഞാനാണെങ്കിലോ, വറചട്ടിയില്‍ത്തന്നെയാണ് അക്കാലത്ത് സ്ഥിരതാമസം. എനിക്കുവേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ രത്‌നാകരന്‍, രവിശങ്കര്‍ എന്നീ രണ്ടു സുഹൃത്തുക്കള്‍ എരിതീയുമായി എന്നെ കാത്തുനില്‍ക്കുന്നു എന്നത് എന്റെ ഉറക്കം നഷ്ടപ്പെട്ട തലയിലുണ്ട്, അതുകൊണ്ടുതന്നെ ശാന്തന്‍ പറഞ്ഞതിന്റെ ഗുരുതരാവസ്ഥ എനിക്ക് പെട്ടെന്നു മനസ്സിലായി. പോരാത്തതിന് രണ്ടു ജാമ്യക്കാരില്‍ ഒരാളെ ഞാന്‍ തന്നെയാണ് സോമന് പരിചയപ്പെടുത്തിക്കൊടുത്തത്. അപ്പോള്‍ ഇക്കാര്യത്തിലുള്ള എന്റെ ഉത്തരവാദിത്വം സ്വാഭാവികമായും ഇരട്ടിച്ചു.

സോമന് ഞാന്‍ പരിചയപ്പെടുത്തിയ സുഹൃത്താണ് ഉദയന്‍. നമ്മുടെ നാട്ടില്‍ ഗ്യാസ് ഏജന്‍സികള്‍ പൊട്ടിമുളക്കുന്ന കാലമായിരുന്നു എണ്‍പതുകള്‍-വിറകിനോടും മണ്ണെണ്ണ സ്റ്റൗവ്വിനോടും മലയാളി വിടപറയുന്ന കാലം. അപ്പോള്‍ ഉദയനും ഒരു ഗ്യാസ് ഏജന്‍സി തുടങ്ങാനുള്ള അവസരം വന്നുചേരുന്നു. ഉദയനാണെങ്കില്‍ കാഴ്ചയില്‍ നിരുന്മേഷന്‍, മിതമായിട്ടുപോലും സംസാരിക്കാത്ത ആള്‍, ബുദ്ധിജീവി വേഷഭൂഷാദികളൊന്നുമില്ലാത്തയാള്‍. പക്ഷേ, സാംസ്‌കാരിക പരിപാടികളിലൊക്കെ പ്രത്യക്ഷന്‍. സര്‍വ്വോപരി അന്നശ്ശേരി-അണ്ടിക്കോട് സംഘത്തില്‍പ്പെട്ടയാള്‍. അതൊരു പ്രത്യേക സംഘമാണ്. അടിയന്തരാവസ്ഥക്കാലത്ത് നിലവിലുണ്ടായിരുന്ന സി.പി.എം പാര്‍ട്ടി ഓഫീസ് പിടിച്ചെടുത്ത് അവിടെ അന്നശ്ശേരി സാംസ്‌കാരിക കേന്ദ്രം എന്നൊരു ബോര്‍ഡും വെച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അഭയം തേടാന്‍ ഒരിടം ഒരുക്കാന്‍ ധൈര്യം കാണിച്ചവരാണ് അണ്ടിക്കോടുകാര്‍. രണ്ടു പുഴകള്‍ നീന്തക്കടന്നു പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ആര്‍.സി. എന്ന് അടുപ്പമുള്ളവര്‍ ചുരുക്കപ്പേരിലും മീശവക്കീല്‍ എന്നു മറ്റുള്ളവര്‍ക്കിടയിലും അറിയപ്പെടുന്ന രാമചന്ദ്രന്‍, അയാളുടെ അമ്മാവനും പാര്‍ട്ടി പ്രവര്‍ത്തകനുമായ ബാബുമ്മാവന്‍ എന്നു വിളിക്കുന്ന മറ്റൊരു മീശക്കാരന്‍ തുടങ്ങി കൊമ്പന്‍ മീശക്കാരുടെ മാത്രമായ ഒരു ലിബറേറ്റഡ് സോണ്‍ ആയിരുന്നു അത്തോളിക്കടുത്തുള്ള അണ്ടിക്കോട് എന്ന പ്രദേശം.

ആ ഗ്യാങ്ങില്‍പ്പെട്ടയാളായിരുന്നു ഉദയന്‍. ഒരു വ്യത്യാസമുള്ളത് ഉദയനന്ന് മീശകൊമ്പനായിരുന്നില്ല; പകരം വരയന്‍ മീശയായിരുന്നുവെങ്കിലും ആള്‍ നന്മയുള്ളവന്‍ തന്നെയായിരുന്നു. തന്റെ ഗ്യാസ് ഏജന്‍സി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഉദയന്‍ എന്നോട് ചോദിച്ചത് നമുക്ക് വാസുവേട്ടന് (ഗ്രോവാസുവേട്ടന്‍) ഒരു കണക്ഷന്‍ കൊടുക്കണ്ടേ എന്നാണ്. അത്യാവശ്യം പീഡനങ്ങളൊക്കെ സൗജന്യമായി ലഭിക്കുന്ന ജയില്‍വാസമൊക്കെ കഴിഞ്ഞു തന്റെ സഖാവായിരുന്ന വര്‍ഗ്ഗീസിന്റെ പേരില്‍ ഒരു ബുക്ക്സ്റ്റാള്‍ ആരംഭിച്ച് സ്വന്തമായി വെപ്പും തീനുമൊക്കെയായി കഴിയുകയാണ് കോഴിക്കോട്ടുകാരുടെ വാസുവേട്ടന്‍. പുസ്തകവില്‍പ്പനയെക്കാള്‍ കുടനിര്‍മ്മാണമായിരുന്നു വാസുവേട്ടന്റെ പ്രധാന ഏര്‍പ്പാട്. മാര്‍ക്വേസിന്റെ കഥാപാത്രമായ കേണല്‍ ഔറേലിയ യാനോബു വന്തിയലൈന്‍. പക്ഷേ, മാര്‍ക്വേസിന്റെ കഥാപാത്രം സ്വര്‍ണ്ണമത്സ്യങ്ങളാണ് ലാഭരഹിതമായി നല്‍കുന്നതെങ്കില്‍ വാസുവേട്ടന്‍ കുടകളാണ് കൊടുക്കുന്നതെന്നു മാത്രം!

സഖാക്കളുടെ മനസും ബാധ്യതയും

ഗ്യാസ് കണക്ഷന് പൊന്നിനേക്കാള്‍ വിലയുണ്ടായിരുന്ന കാലമാണെന്നോര്‍ക്കണം. സ്റ്റൗവ് വാങ്ങിയാലേ കണക്ഷന്‍ കിട്ടൂ എന്നതാണ് ഗ്യാസ് ഏജന്‍സികളുടെ ഉദാരമനസ്‌കത. ഉദയനും ഞാനും കൂടി ഒരു ഗ്യാസ് സിലിണ്ടറും താങ്ങി ചെന്നപ്പോള്‍ ലളിതജീവിതനും ഒറ്റയാനുമായ വാസുവേട്ടന് അത്ഭുതമായി: ''എനിക്കെന്തിനാ ഇതൊക്കെ; ഇത് കത്തിക്കാന്‍ സ്റ്റൗവ് വേണ്ടേ?'' എന്നായി വാസുവേട്ടന്‍. അപ്പോള്‍ അതും ഉദയന്റെ വക ഫ്രീ.

ഏതോ പുണ്യഗേഹത്തില്‍ വഴിപാട് നടത്തുന്നപോലെയാണ് ഉദയന്‍ വാസുവേട്ടന് ഗ്യാസ് കണക്ഷനും സ്റ്റൗവുമൊക്കെ സമര്‍പ്പിച്ചത് എന്നു ഞാനോര്‍ക്കുന്നു. അപ്പോള്‍ മറ്റൊരു സഖാവും എഴുത്തുകാരനുമായ ജെ. രഘു കോഴിക്കോട് പ്രത്യക്ഷപ്പെടുന്നു. രഘുവിനും വേണം ഒരു ഗ്യാസ് കണക്ഷന്‍. റെക്കമെന്റേഷന് ഞാന്‍ റെഡിയാണല്ലോ. ഇന്നാ പിടിച്ചോ കണക്ഷന്‍ എന്ന് ഉദയനും. അങ്ങനെ വന്നവര്‍ക്കും പോയവര്‍ക്കുമായി യഥേഷ്ടം കണക്ഷനുകള്‍ വാരിക്കോരിക്കൊടുത്ത് ഉദയന്റെ ഗ്യാസ് പോയിക്കിട്ടി. ഉള്ളതു പറയണമല്ലോ, കൂട്ടത്തില്‍ എനിക്കും കിട്ടി ഒരു കണക്ഷന്‍. സ്വാഭാവികമായും ഉദയന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലാകാതെ തരമില്ലല്ലോ. ഇത് ഉദയന്റെ മാത്രം കാര്യമല്ല, പുന്നപ്ര-വയലാര്‍ സമരനേതാവ് കുന്തക്കാരന്‍ പത്രോസ് മുതല്‍ വിപ്ലവം മതിയാക്കി കച്ചവടത്തിലേക്ക് തിരിഞ്ഞ നിരവധി ഉദയന്മാരുടേയും അവസ്ഥ ഇങ്ങനെയൊക്കെത്തന്നെ. ശാന്തനെ ഞാന്‍ സമാധാനിപ്പിച്ചു. ഞാന്‍ ഉദയനെ വിളിക്കുന്നു. പൊതുവെ മൗനിയായ ഉദയന്‍ സംഗതി കേട്ടപ്പോള്‍ അതിലേറെ മൗനിയായി. പിന്നെ ഒരു വാക്ക് ഉച്ചരിച്ചു: ''നമുക്ക് ശരിയാക്കാം.'' പെട്ടെന്നു പണം സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടുകള്‍ എനിക്കും ഊഹിക്കാവുന്നതാണല്ലോ. എങ്കിലും എവിടുന്നൊക്കെയോ പണം സംഘടിപ്പിച്ചു വിചാരിച്ചതിലും നേരത്തെ ഉദയന്‍ കുടിശ്ശിക തീര്‍ത്തു താനുണ്ടാക്കിവെച്ച ബാധ്യതകളില്‍നിന്നും സോമനെ മോചിപ്പിച്ചു; ഉദയന്‍ താരമായി. എനിക്കും ഒരര്‍ത്ഥത്തില്‍ സമാധാനമായി.

പക്ഷേ, ശാന്തന്‍ അപ്പോഴും അശാന്തന്‍ തന്നെയായിരുന്നു. അതിനു കാരണമുണ്ട്. ശാന്തന്‍ പറഞ്ഞു: ''ഇനി ഒരാള്‍ കൂടിയുണ്ട്, ഒരു ഡോക്ടര്‍ സമദ്.'' ആരാണ് അയാള്‍? ആ രക്തത്തില്‍ എനിക്ക് പങ്കില്ലല്ലോ?'' ഇല്ല, ഇത് സോമേട്ടനെ വേറെ ചില ചങ്ങാതിമാര്‍ കൊണ്ട് ചാടിച്ചതാണ്. ജോയേട്ടനും കൂടെവരണം.'' ആയിക്കോട്ടെ എന്നു ഞാനും പറഞ്ഞു: മുഹൂര്‍ത്തം കുറിച്ചു. ഫറോക്കിനടുത്ത് കൊള്ളാവുന്ന രീതിയില്‍ ഒരു ക്ലിനിക്ക് നടത്തിക്കൊണ്ടിരുന്ന ഒരു ഡോക്ടറാണ് കക്ഷി. ഡോക്ടര്‍ ഒരു ജനകീയനാണെന്ന കാര്യം നാട്ടുകാര്‍ പെട്ടെന്നു തിരിച്ചറിഞ്ഞു. കാരണം രോഗികളോടുള്ള സമീപനം, പണത്തിനോടുള്ള അനാര്‍ത്തി. അതു പക്ഷേ, ഡോക്ടര്‍ക്ക് ഒരു വിനയായി. പ്രത്യേകിച്ച് പണിയും തൊരവുമില്ലാതെ നടക്കുന്ന പ്രാദേശിക ബുദ്ധിജീവി സംഘങ്ങള്‍ക്കിടയിലും പെന്‍ഷനായ വിപ്ലവകാരികള്‍ക്കിടയിലും ഇങ്ങനെയൊരു ഡോക്ടര്‍ നാട്ടില്‍ അവതരിച്ചിട്ടുണ്ടെന്നും കക്ഷി ഒരു സഹൃദയനാണെന്നുമുള്ള വിവരം ചാരന്മാര്‍ ഈ സംഘത്തിനു ചോര്‍ത്തിക്കൊടുക്കുന്നു. അക്കാലത്ത് ഇത്തരം നഷ്ടഗോത്രങ്ങള്‍ സംസ്ഥാനത്തിനകത്ത് ഒരുപാടുണ്ടായിരുന്നു. ഇവരുടെ പ്രധാന പ്രശ്‌നം ഒത്തുചേരാന്‍ ഒരിടം ഇല്ല എന്നുള്ളതായിരുന്നു.

എ ശാന്തകുമാർ: പകർന്നാട്ടങ്ങളുടെ അരങ്ങ്
എ ശാന്തകുമാർ: പകർന്നാട്ടങ്ങളുടെ അരങ്ങ്

ചിന്തകള്‍ യൂറോപ്യന്‍ ആണെങ്കിലും സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കും സാഹിത്യ സല്ലാപത്തിനുമായി 'ഒരിട'ത്തിന്റെ അഭാവം നമ്മുടെ നാട്ടില്‍ ഒരു പ്രശ്‌നം തന്നെയായിരുന്നു. ഇന്നു കാണുന്ന ബാറുകളും കോഫീ ഷോപ്പുകളും അങ്ങനെയൊരു നിലവാരത്തിലേക്ക് എത്തിയിരുന്നുമില്ല. ഉണ്ടായിരുന്ന കോലായകളൊക്കെ ഇക്കാലമായപ്പോഴേക്കും അന്യംനിന്നുപോയിരുന്നു. ഹന്ത! അതാ ജനകീയനായ ഒരു ഡോക്ടര്‍ തങ്ങള്‍ക്കു സമീപത്തുണ്ടെന്നറിവ് നഷ്ടഗോത്രികര്‍ക്കു കിട്ടുന്നു. താമസിച്ചില്ല, സംഘം ആദ്യം അവിടെ ചെന്നെത്തിനോക്കി. ഡോക്ടറേയും പരിസരവും കണ്ടമാത്രയില്‍ ബോധിച്ചു. കാരണം മദ്യപിക്കാന്‍ പറ്റിയ ഒരിടം. ആതിഥേയനാണെങ്കില്‍ സഹൃദയന്‍; സല്‍ക്കാരപ്രിയന്‍. സര്‍വ്വോപരി വരുമാനമുള്ള ജോലിയും!

ആനന്ദലബ്ധിക്കിനി എന്തുവേണ്ടൂ? നിത്യവും വരുന്ന രോഗികളുടെ സങ്കടസാന്നിധ്യങ്ങളല്ലാതെ സഹൃദയരായ ഒരു സംഘത്തെ പരിചയപ്പെടാനായത് ഡോക്ടറും ഒരു ഭാഗ്യമായി കരുതി. കടപൂട്ടും മുന്‍പേ വന്നുകയറുന്ന ഇവരാരും ചില്ലറക്കാരല്ല എന്ന് ഡോക്ടര്‍ വേഗം തിരിച്ചറിഞ്ഞു. ബര്‍ഗ്മാനും ഗൊദാര്‍ദും ചെഗുവേരയും വാന്‍ഗോഗും ആഫ്രിക്കന്‍ കവികളും പിക്കാസോയും സാര്‍ത്രും ബ്രെഹ്തും ഒക്കെയാണ് വരുന്നത്. പോരാത്തതിന് നഗരത്തില്‍നിന്നും പുതിയ ചില കഥാപാത്രങ്ങളേയും ചിലപ്പോള്‍ സംഘം ക്ഷണിച്ചുകൊണ്ടുവരും. കാരണം ഈ കോലായയും സല്‍ക്കാരവും സൗജന്യമാണല്ലോ. സുരപാനോത്സവങ്ങളില്‍ പുസ്തകപ്രസാധനം, ആധുനിക പാര്‍പ്പിട നിര്‍മ്മാണം തുടങ്ങി സിനിമാപിടുത്തം വരെ അവിടെ സംഭവിക്കുമെന്നുറപ്പായി. അതിലേക്കുള്ള അവശ്യസാധനങ്ങളുടെ പട്ടികയില്‍ പ്രഥമഗണനീയനായി മദ്യം സ്ഥാനംപിടിച്ചടക്കി.

മദ്യപാനം പതിവില്ലാതിരുന്ന ഡോക്ടര്‍ വിശിഷ്ടരായ ആഗതരുടെ ആവശ്യപ്രകാരം അതുകൂടി പഠനവിഷയമാക്കാന്‍ ശ്രമം തുടങ്ങി. ക്രമേണ മരുന്നുകുപ്പികളേക്കാള്‍ മദ്യക്കുപ്പികള്‍ നഴ്‌സിംഗ് ഹോം കീഴടക്കി. ചുരുക്കത്തില്‍ മേല്‍പ്പറഞ്ഞ ഈ നഷ്ടഗോത്രിതരുടെ കയ്യില്‍പ്പിടഞ്ഞ് ഡോക്ടറുടെ ജീവിതം താളംതെറ്റി; കുടുംബം കുളമായി. ഇതിലാരുടെയോകൂടെ വഴിതെറ്റി ഒരിക്കല്‍ അവിടെയെത്തിയ എ. സോമനും ഡോക്ടറുടെ സുഹൃത്തായി. അക്കാലത്ത് ഞങ്ങള്‍ക്കിടയില്‍ ആര്‍ക്കെങ്കിലും ഒരു സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ആദ്യം ചെയ്യേണ്ടത് സുഹൃത്തുക്കള്‍ക്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നുകൊടുക്കുക എന്നതാണ്. സോമനും അതുതന്നെ ചെയ്തു. (എന്നാല്‍, മിടുക്കന്മാരായ ബുദ്ധിജീവികള്‍ ജോലികിട്ടിയാല്‍ ആദ്യമേ വീട് പണിയാന്‍ സ്വയം വായ്പയെടുക്കും. അപ്പോള്‍ മറ്റാര്‍ക്കും കടംകൊടുക്കുകയോ ജാമ്യംനില്‍ക്കുകയോ വേണ്ടല്ലോ!)

ഡോക്ടറുടെ ജീവിതം താളംതെറ്റിയതോടെ വായ്പയുടെ തിരിച്ചടവിന്റേയും പാളം മുറിഞ്ഞു. തിരിച്ചടവുകള്‍ തെറ്റിക്കുവനാണല്ലോ പണമിടപാട് സ്ഥാപനങ്ങള്‍ മനുഷ്യര്‍ക്ക് വായ്പതരുന്നതു തന്നെ! അപ്പോള്‍ സോമന്റെ പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട് എന്നിവയ്ക്ക് ഇതും പ്രശ്‌നമായി. ഡോക്ടറുമായി ബന്ധപ്പെട്ടപ്പോഴൊക്കെ ശാന്തനോട് അദ്ദേഹം ഓരോരോ അവധികള്‍ പറഞ്ഞുകൊണ്ടേയിരുന്നു; അതല്ലേ അദ്ദേഹത്തിനും ചെയ്യാന്‍ പറ്റൂ. സോമനാണെങ്കില്‍ മരണത്തോട് കൂടുതലായി അടുക്കാനും തുടങ്ങി. അപ്പോഴാണ് ശാന്തന്‍ ഇക്കാര്യം എന്നോട് പറയുന്നതും ഞങ്ങള്‍ ഡോക്ടറെ കാണാന്‍ കാറുമെടുത്ത് ഇറങ്ങിയതും. അശാന്തനായ ശാന്തനോടൊപ്പം അയാളുടെകൂടെ നാട്ടുകാരനായ ഒരു സുഹൃത്തും ഉണ്ടായിരുന്നു.

ഡോക്ടര്‍ ഞങ്ങളെ കണ്ടപ്പോള്‍ ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും അതു പുറമേ കാണിച്ചില്ല. അങ്ങേരുടെ അപ്പോഴത്തെ അവസ്ഥ പരിതാപകരമായിരുന്നു. തലേദിവസത്തെ അലമ്പിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള കവിളുകളും കണ്ണുകളും. അലക്കിയിട്ടുണ്ടെങ്കിലും ഇസ്തിരിയിടാത്തതിനാല്‍ ചുളിവുകളില്‍ കുളിച്ച കുപ്പായം. ഷേവിംഗ് ബ്ലേഡ് കാണാതെ എഴുന്നുനില്‍ക്കുന്ന മുഖരോമങ്ങള്‍. ചുരുക്കത്തില്‍ പാളംതെറ്റിയോടുന്ന ഒരു തീവണ്ടിപോലെ. ഡോക്ടറെ ഞാന്‍ ആദ്യം കാണുകയാണ്. കൂട്ടത്തില്‍ കാരണവരുടെ സ്ഥാനം ശാന്തന്‍ എനിക്ക് കല്പിച്ചു തന്നിരുന്നതിനാല്‍ സോമന്റെ അവസ്ഥയും മറ്റും സൗമ്യമായിത്തന്നെ ഞാന്‍ സംസാരിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

''നമുക്ക് വഴിയുണ്ടാക്കാം'' എന്നു ഡോക്ടര്‍ പറഞ്ഞു.

''എന്ത് വഴി? എന്റെ ഏട്ടന്‍ ചത്തിട്ടാണോ നീ വഴിയുണ്ടാക്കുന്നത്?'' ശാന്തന്‍ പൊട്ടിത്തെറിച്ചു.

മരണാസന്നനായി കിടക്കുന്ന ചേട്ടന്റെ സ്‌നേഹം ലഭിച്ചുവളര്‍ന്ന ഏതൊരു അനുജനേയുംപോലെ ശാന്തന്‍ ക്ഷുഭിതനായി.

അതിനിടയ്ക്ക് തികച്ചും അപ്രതീക്ഷിതമായി ശാന്തന്റെ കൂടെയുള്ള അപരിചിത സുഹൃത്ത്: ''യ്യ് ഞങ്ങളെ സോമേട്ടന്റെ പൈസകൊടുക്കൂല്ലെടാ'' എന്ന് ആക്രോശിച്ചുകൊണ്ട് എളിയില്‍ ഒളിപ്പിച്ച് വെച്ചിരുന്ന കത്തിയുമായി മുന്നോട്ടാഞ്ഞു.

അപ്രതീക്ഷിതമായ കത്തി പ്രവേശനം ഡോക്ടറെ കസേരയടക്കം തറയിലെത്തിച്ചു. ഡോക്ടര്‍ മാത്രമല്ല, ഞാനും ഭയന്നുപോയി. കാരണം ഈ സീന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്ത നാടകത്തില്‍ ഉണ്ടായിരുന്നില്ലല്ലോ!

ഡോക്ടര്‍ മോഹാലസ്യപ്പെട്ടില്ലെന്നേയുള്ളൂ. കത്തിധാരിയെ ഞാനും ശാന്തനും ചേര്‍ന്ന് ഒരുവിധത്തില്‍ ബലമായിത്തന്നെ കാറില്‍ക്കയറ്റിയിരുത്തി. അപ്പോള്‍ ശാന്തനെക്കാളും എന്നെക്കാളും എന്തിനു സോമനെക്കാളും ക്ഷോഭവും വിഷമവും കത്തിധാരിയായ അയാള്‍ക്കായിരുന്നു. നാടകത്തിനു തിരശ്ശീലയിട്ടു ഞങ്ങള്‍ പെട്ടെന്നു സ്ഥലംവിട്ടു. ഡോക്ടറുടെ ഭാര്യ ഇടപെട്ടിട്ടാണെന്നു തോന്നുന്നു രണ്ടു ദിവസത്തിനുള്ളില്‍ ഡോക്ടര്‍ വരുത്തിവെച്ച സാമ്പത്തിക ബാധ്യതയില്‍നിന്നും സോമനെ മുക്തനാക്കി. ഇതൊന്നും ആരും മനപ്പൂര്‍വ്വം ചെയ്യുന്നതല്ല എന്ന് എല്ലാവര്‍ക്കുമറിയാം. കാലം കളിക്കുന്ന പല കളികളില്‍ ഏറ്റവും പ്രയാസമേറിയ കളിയാണല്ലോ കാശുകൊണ്ടുള്ള കളി. കൂടുതല്‍ കളികള്‍ക്കൊന്നും പിടികൊടുക്കാതെ സോമന്‍ മരിച്ചു. അപ്പോഴേക്കും പെന്‍ഷന്‍ തുക, പ്രൊവിഡന്റ് ഫണ്ട് തുടങ്ങി എല്ലാ ആനുകൂല്യങ്ങള്‍ക്കും സോമന്റെ കുടുംബം അര്‍ഹരായിരുന്നു. സോമന്റെ മരണശേഷമാണ് ശാന്തകുമാര്‍ എന്ന നാടകക്കാരന്‍ ശരിക്കും തന്റെ സ്വന്തം കഠാര പുറത്തെടുക്കുന്നത് എന്നു വേണമെങ്കില്‍ പറയാം. അയാളിലെ നാടകകൃത്ത് മലയാള നാടക അരങ്ങില്‍ വീശിയ കഠാരപ്രയോഗങ്ങള്‍ മലയാള നാടകത്തിലെ വരേണ്യസാഹിത്യത്തെ നിരന്തരം കീറിമുറിക്കാന്‍ പര്യാപ്തമായിരുന്നു. ഉള്ളടക്കത്തിലും അവതരണത്തിലും പഴയകാല മലബാര്‍ നാടക പാരമ്പര്യത്തോടായിരുന്നു ശാന്തന്റെ നാടകങ്ങള്‍ക്ക് അടുപ്പം. ഇ.കെ. അയമുവിന്റേയും കെ.ടി. മുഹമ്മദിന്റേയുമൊക്ക നാടകങ്ങളുടെ കാമ്പും കരുണയും ഉള്‍ച്ചേര്‍ന്ന നാടകങ്ങള്‍. നാടിന്റേയും നാട്ടാരുടേയും കഥയും കാര്യവും പറയാനാണ് ശാന്തന്റെ നാടകങ്ങള്‍ ശ്രമിച്ചത്. വൈയക്തിക സന്ദിഗ്ദ്ധതകള്‍പോലും സാമൂഹ്യപ്രശ്‌നങ്ങളുടെ പരിണതഫലമാണ് എന്നു ദ്യോതിപ്പിക്കുന്ന രചനകള്‍.

അജ്ഞാത യോദ്ധാവിന്റെ 'ആക്രമണം'

വര്‍ഷങ്ങള്‍ കഴിഞ്ഞു. തട്ടിയും മുട്ടിയും ഞാന്‍ എന്റെ ആദ്യ സിനിമയായ 'ഷട്ടര്‍' ഉണ്ടാക്കിയെടുക്കുകയാണ്. സോമന്റേയും ശാന്തന്റേയും വീട് നില്‍ക്കുന്നതിനടുത്തുള്ള പറമ്പില്‍ ബസാര്‍ എന്ന സ്ഥലത്താണ് ലൊക്കേഷന്‍. നടന്‍ ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീനാണ്. ഷൂട്ടിംഗ് ഇടവേളകളിലൊന്നില്‍ ആള്‍ക്കൂട്ടത്തിന്റെ നടുവിലിരിക്കുന്ന ലാല്‍ അല്പം അസ്വസ്ഥനായി കാണപ്പെട്ടു. കാരണം അന്വേഷിച്ചപ്പോള്‍ ഒരു മദ്യപാനി ചെറുതായി ലാലിനെ ശല്യം ചെയ്യുന്നുണ്ട് എന്നാരോ പറഞ്ഞതുകേട്ട് ഞാന്‍ ചെന്നു നോക്കി. അതാ നില്‍ക്കുന്നു ശാന്തനോടൊപ്പം കത്തിയുമായി വന്ന നമ്മുടെ അജ്ഞാത യോദ്ധാവ്.

ഞാന്‍ അയാളുടെ പേരോര്‍മ്മിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. എന്നെ കണ്ടപ്പോള്‍ അയാള്‍ എന്റെയടുത്തേക്ക് വന്നു.

ഷട്ടർ എന്ന ചിത്രത്തിൽ വനയ് ഫോർട്ടും ലാലും
ഷട്ടർ എന്ന ചിത്രത്തിൽ വനയ് ഫോർട്ടും ലാലും

''ജോയേട്ടാ, നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാന്‍ ഇവിടെയുണ്ട്'' അവന്‍ എളിയില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു. എന്റെ ഉള്ളം ഒന്നു കാളി. അവന്‍ പറഞ്ഞു: ''ഞാന്‍ അയാളോട് (ലാലിനെ ചൂണ്ടിക്കൊണ്ട്) പറഞ്ഞിട്ടുണ്ട്, ഇത് പറമ്പില്‍ ബസാറാണ്. ഇത് ഞമ്മളെ നാടാണ്. സിനിമയിലെ കളിയൊന്നും ഇവിടെ വേണ്ട. ജോയേട്ടന്റെ സിനിമ ഫുള്‍ അഭിനയിച്ചിട്ട് പോയാ മതി.'' ലാലിന് അവന്റെ കോഴിക്കോടന്‍ ഭാഷ മനസ്സിലാകാഞ്ഞത് ഭാഗ്യം.

ഞാന്‍ ആളെ വിട്ട് ശാന്തനെ വിളിപ്പിച്ചു കാര്യം പറഞ്ഞു. അപ്പോള്‍ ശാന്തനാണ് പറഞ്ഞത്, ലാല്‍ മറ്റൊരു പടത്തില്‍ അഭിനയിക്കാന്‍ നാളെ പോകും എന്നോ മറ്റോ സെറ്റിലെ ആരോടോ പറയുന്നതു കേട്ടുനിന്നപ്പോഴാണ് നമ്മുടെ യോദ്ധാവിനു ഇടപെടാന്‍ തോന്നിയതത്രെ.

''ഓന്‍ കുഴപ്പമൊന്നും ഉണ്ടാക്കില്ല ജോയേട്ടാ, നിങ്ങളുടെ അന്നത്തെ ഇടപെടലിനുശേഷം അവന് നിങ്ങളോട് ഭയങ്കര സ്‌നേഹമാണ്. നിങ്ങളുടെ ഷൂട്ടിംഗിന് ആരും തടസ്സം നില്‍ക്കാതിരിക്കാനാണ് അവന്‍ അവിടെ നിത്യവും വന്നുനില്‍ക്കുന്നത്.''

തുടര്‍ന്നുള്ള എല്ലാ ദിവസവും ഷൂട്ട് തീരുന്നതുവരെ കക്ഷി റോഡരുകില്‍, ആര്‍ക്കും ഒരുപദ്രവവുമില്ലാതെ എല്ലാവരേയും നിരീക്ഷിച്ചുകൊണ്ട് നില്‍ക്കും. ഇടയ്ക്ക് ഞാന്‍ ഒന്നു പാളിനോക്കും. അപ്പോള്‍ കക്ഷി എന്നോട് ഒന്ന് കയ്യുയര്‍ത്തിക്കാണിക്കും. ''നിങ്ങള്‍ പേടിക്കേണ്ട ജോയേട്ടാ ഞാന്‍ ഇവിടെയുണ്ട്'' എന്നാണ് ആ കൈ ഉയര്‍ത്തിക്കാണിക്കുന്നതിന്റെ സാരം.

ചില കോഴിക്കോടന്‍ ചെങ്ങായിമാര്‍ അങ്ങനെയാണ്, എം.ടിയുടെ സ്രാങ്കിനെപ്പൊലെ, ചെങ്ങായിമാര്‍ക്കുവേണ്ടി ചത്തുകളയും, ശാന്തന്‍ അക്കാര്യത്തില്‍ സമ്പന്നനുമായിരുന്നു. ഒരു നാടകക്കാരനു കിട്ടാവുന്ന വലിയ സമ്പാദ്യം. ശാന്തനു ചുറ്റും സൗഹൃദങ്ങളുടെ ഒരു പടതന്നെ എപ്പോഴുമുണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ കിട്ടുന്ന സ്‌നേഹത്തെക്കാള്‍ വലുതല്ലല്ലോ മരണാനന്തരം കിട്ടുന്ന ഖ്യാതി.

ഇനി ക്ലൈമാക്‌സിലേക്ക്: വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. കാലം യവനികയുമായി പോയിമറഞ്ഞു. ഞാന്‍ സിനിമകളിലൊക്കെ അഭിനയിക്കാന്‍ തുടങ്ങിയ സമയം. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നും വിമാനം കയറാനായി കാത്തിരിക്കുന്ന എനിക്കരികിലേക്ക് വൃത്തിയായി വസ്ത്രം ധരിച്ച ഒരു മാന്യന്‍ വന്നു പരിചയപ്പെടുന്നു.

''ഞാന്‍ ഡോക്ടര്‍ സമദ്. ഓര്‍മ്മയുണ്ടോ ഫറോക്കില്‍... അന്നു നിങ്ങള്‍...''

എനിക്ക് പെട്ടെന്ന് ആളെ മനസ്സിലായി. ഞാന്‍ പറഞ്ഞു: ''അന്നു ഞങ്ങള്‍ കത്തിയെടുക്കാനും കുത്തിക്കൊല്ലാനുമൊന്നും വന്നതായിരുന്നില്ല.''

ഡോക്ടര്‍ പറഞ്ഞു: ''എനിക്കറിയാം, നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാവും; പക്ഷേ, എന്റെ അവസ്ഥ അതിലും മോശമായിരുന്നു.''

''ഡോക്ടര്‍ ഇപ്പോഴും ഫറോക്കില്‍ത്തന്നെയാണോ?'' ഞാന്‍ ചോദിച്ചു.

''അല്ല. അവിടുന്നൊക്കെ രക്ഷപ്പെട്ടു. ഞാനിപ്പോള്‍ ഇവിടെ ഡോക്ടറാണ്.''

''അതിനു ഇവിടെ ആശുപത്രിയുണ്ടോ?''

''ഇല്ല; നിങ്ങളെപ്പോലുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും അസുഖമോ അസ്വസ്ഥതയോ വന്നാല്‍ ഞാനാണ് നോക്കേണ്ടത്.''

എയര്‍പോര്‍ട്ടില്‍ അങ്ങനെയൊരു ഏര്‍പ്പാടുള്ളത് അപ്പോഴാണ് ഞാന്‍ അറിയുന്നത്. തന്റെ പഴയ നരകജീവിതം അവസാനിച്ചെന്നും ഇപ്പോള്‍ ജീവിതം സുഖകരമാണെന്നും മക്കള്‍ രണ്ടുപേരും ഡോക്ടര്‍മാരാണെന്നും ഇവിടെ വന്നാല്‍ എന്താവശ്യത്തിനും തന്നെ വിളിക്കാന്‍ മറക്കരുതെന്നും ആ സഹൃദയ രക്തസാക്ഷി പറഞ്ഞു.

''ഹൃദയമോ മറ്റോ അസ്വസ്ഥത കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വിളിക്കാം, ഡോക്ടര്‍ ഉണ്ടാവുമല്ലോ'' എന്നു ഞാന്‍ തമാശിച്ചു നില്‍ക്കെ എന്റെ വിമാനം വന്നു. ഞങ്ങള്‍ കൈകൊടുത്തു പിരിഞ്ഞു.
മാസങ്ങള്‍ക്കുശേഷം ഒരു പത്രവാര്‍ത്ത കണ്ടു ഞാന്‍ ഞെട്ടി. എന്നേക്കാള്‍ നേരത്തെ ഹൃദയം നിലച്ചത് പാവം ഡോക്ടര്‍ സമദിന്റേയായിരുന്നു. ഇപ്പോള്‍ മൂവരും അരങ്ങൊഴിഞ്ഞു. കഥയിലെ രണ്ടു കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നു. ഈ ഞാനും എന്റെ നന്മയെക്കരുതി എളിയില്‍ കഠാര തിരുകി എവിടെയോ കഴിയുന്ന എന്റെ അജ്ഞാതനായ രക്ഷകനും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com