പന്നഗ ശയനേ... ഒ.വി.വിജയന്റെ നാല് നോവലുകളിലൂടെ ഒരു യാത്ര 

ശരീരത്തിനേയും മനസ്സിനേയും ക്ഷതപ്പെടുത്തിയതിനു പുറമേ, ആ നോവല്‍ ആഴത്തില്‍ മുറിവുണ്ടാക്കുന്നതുമായിരുന്നു. ആ അനുഭവം ആവര്‍ത്തിച്ചപ്പോള്‍, സ്വാഭാവികമായി ഞാന്‍ എന്നോട് ചോദിച്ചു: എന്താണിങ്ങനെ?
ഒവി വിജയൻ
ഒവി വിജയൻ

രീരത്തിനേയും മനസ്സിനേയും ക്ഷതപ്പെടുത്തിയതിനു പുറമേ, ആ നോവല്‍ ആഴത്തില്‍ മുറിവുണ്ടാക്കുന്നതുമായിരുന്നു. ആ അനുഭവം ആവര്‍ത്തിച്ചപ്പോള്‍, സ്വാഭാവികമായി ഞാന്‍ എന്നോട് ചോദിച്ചു: എന്താണിങ്ങനെ? എത്രയോ നോവലുകള്‍ ഞാന്‍ വായിച്ചു. ചിലപ്പോള്‍ സൗഖ്യവും മറ്റു ചിലപ്പോള്‍ സംഘര്‍ഷവും അവ തന്നു. ദിവസങ്ങളോളം നീണ്ടുപോയിരുന്ന ഒരുതരം സുഖാലസ്യം. ആ നോവലുകളിലൂടെ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായി സല്ലപിച്ചു. ഒപ്പം സുഖവിവരങ്ങള്‍ ആരാഞ്ഞു. അവരുടെ പിന്നാലെ മായാത്ത നിഴല്‍പോലെ ഞാന്‍ നടന്നു. എന്നാല്‍, ഈ നോവല്‍ അത്തരത്തിലുള്ളതായിരുന്നില്ല. എന്താണ് അതെനിക്ക് തന്നത്? സ്വപ്‌നങ്ങളാണോ? പ്രത്യാശകളായിരുന്നോ? ഇല്ല, അത്തരം മായാവിദ്യകളൊന്നും ആ നോവലില്‍ ഇല്ലായിരുന്നു. പ്രഭാതത്തിലെ നനുത്ത വെളിച്ചം പോലെ, ആ നോവലില്‍ നിശ്ശബ്ദം ചലിച്ചിരുന്നത് ജീവിതത്തില്‍നിന്ന് മാഞ്ഞുപോകാന്‍ വിസമ്മതിക്കുന്ന തുടിപ്പുകളായിരുന്നു. ''വെള്ളത്തിന്റെ വില്ലീസ് പടുതകളിലൂടെ അയാള്‍ നീങ്ങി. ചില്ലുവാതിലുകള്‍ കടന്ന്, സ്വപ്‌നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ തന്നെ കൈനീട്ടി വിളിച്ച പൊരുളിന്റെ നേര്‍ക്ക് അയാള്‍ യാത്രയായി. അയാള്‍ക്ക് പിന്നില്‍ ചില്ലുവാതിലുകള്‍ ഒന്നൊന്നായടഞ്ഞു.'' മുങ്ങാങ്കോഴി''യുടെ അനുഭവം ഓര്‍മ്മിക്കവെ, എന്നെപ്പോലുള്ളവര്‍ ആ അനുഭവത്തിന്റെ തടവുകാരനായതെന്തുകൊണ്ടാണെന്ന് പലവട്ടം ഞാന്‍ വിജയനോട് ചോദിച്ചിരുന്നു. അഴിഞ്ഞു വീഴാത്ത ഒരു മന്ദഹാസത്തിന്റെ നേര്‍മ്മയില്‍ അതിനുള്ള മറുപടി അദ്ദേഹം ഒളിച്ചുവയ്ക്കുകയാണ് ചെയ്തത്, അപ്പോഴെല്ലാം. 

കൊടുക്കലുകളുടേയും വാങ്ങലുകളുടേയും വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. എങ്കിലും ആ ചോദ്യത്തിനുള്ള ഉത്തരമില്ലായ്മ അലട്ടിക്കൊണ്ട് ഇപ്പോഴും എന്നോട് ജീവിക്കുന്നു.

ഒഴിവാക്കാനാവാത്ത ഒരു ചടങ്ങ് 

വര്‍ഷങ്ങള്‍ക്കു മുന്‍പേ, റെയില്‍വേ പാളത്തിനരികിലുള്ള ഒരു വീട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തെ ആഴ്ചയിലൊരിക്കല്‍ കാണുന്നത്, ഒഴിവാക്കാനാവാത്ത ഒരു ചടങ്ങായിരുന്നു എനിക്ക്. അദ്ദേഹത്തിന്റെ അടുത്തിരിക്കുകയും വാക്കുകള്‍ മറന്നുപോയ ഏതാനും മണിക്കൂറുകള്‍ ചെലവിടുകയും ചെയ്യുന്ന പതിവ്. ചെളിനിറഞ്ഞ പുഴയുടെ അരികിലുള്ള ആ വീട്ടില്‍ അലങ്കാരങ്ങളില്ലാത്ത പൂമുഖത്ത് സ്ഥാപിച്ചിരുന്ന ചാരുകസേരയില്‍ ഇരുന്നും ചരിഞ്ഞും ഇരുന്ന് അദ്ദേഹം എഴുതി. പഞ്ചസാരക്കല്ലുകള്‍ വഹിച്ചുകൊണ്ട് നീങ്ങുന്ന ഉറുമ്പുകളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു, വാക്കുകള്‍ നുള്ളിപ്പെറുക്കി വെള്ളക്കടലാസില്‍ നടത്തുന്ന ആ വാക്യരചന. അതേപ്പറ്റി മുന്‍പ് ഇങ്ങനെ ഞാനെഴുതി: ''കോട്ടയത്ത് എം.ജി. യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ അതിരമ്പുഴയിലെ പഴയ ഒരു വീട്ടിലും മറ്റൊരിക്കല്‍ ഡോക്ടര്‍ ബേബിയുടെ വീട്ടിലും പാര്‍ക്കുമ്പോള്‍ പല തവണ ഞാന്‍ പോയി വിജയനെ കാണുമായിരുന്നു. എന്റെ ഉള്ളില്‍ വിറകളിളക്കുന്നതായിരുന്നു ആ സാന്നിദ്ധ്യം. കാല്‍മുട്ടുവരെയുള്ള കൈലിയും കോളറില്ലാത്ത അരക്കയ്യന്‍ ജൂബയും ധരിച്ച് മുഖത്തു നിറയുന്ന നിരാധാരമായ ഉദാസീനതയുമായി അനങ്ങാതെ, സംസാരിക്കാനാവാതെ അദ്ദേഹം എന്റെ മുന്‍പിലിരിക്കുന്നു. വഴങ്ങാത്ത വിരലുകളില്‍നിന്നും ഊര്‍ന്നുപോകുന്ന പേനയിലൂടെ തുണ്ടുകടലാസ്സില്‍ പകര്‍ന്നുവീഴുന്ന ഉറുമ്പുകള്‍. 'സുഖം' എന്ന വാക്കിലൊതുങ്ങിയിരുന്നു അദ്ദേഹവുമായുള്ള സംഭാഷണം. കണ്ണുകളില്‍ മിന്നിമായുന്ന വെളിച്ചത്തിന്റെ പരല്‍മീനുകള്‍ സംസാരിക്കാന്‍ ആയാസപ്പെട്ടിരുന്നു. കണ്ണുകള്‍ നനഞ്ഞുതുടങ്ങുന്നതോടെ ഞാന്‍ പുറത്തിറങ്ങുന്നത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ആത്മീയമായ സാന്ത്വനമായിരുന്ന വിജയന്‍ എനിക്ക് ഒരെഴുത്തുകാരന്‍ എന്നതിനേക്കാള്‍; സമഷ്ടിയെ ഇരു കൈകളും കൊണ്ട് ആശ്ലേഷിച്ചിരുന്ന ഒരു ഭിക്ഷുവിനെപ്പോലെ നിരവധി കൊല്ലങ്ങള്‍ പിന്നിട്ടുവെങ്കിലും മനസ്സില്‍ വിജയന്‍ നിറഞ്ഞുനില്‍ക്കുന്നു. കടലിനകത്ത് ഒളിഞ്ഞിരിക്കുന്ന കടലിന്റെ ശബ്ദത്തെപ്പോലെ.''

വാക്കുകളും വരകളും വിജയന്റെ മുന്നില്‍ വിനീതമായി നിന്നു. ഒരു ഐന്ദ്രജാലികന്റെ  കയ്യടക്കത്തോടെ അവയിലൂടെ, നവ്യമായൊരു ലാവണ്യസിദ്ധാന്തം അദ്ദേഹം നിര്‍മ്മിച്ചു. ശബ്ദം താഴ്ത്തി സംസാരിക്കുകയും അതില്‍ ശ്രോതാവറിയാതെ അമ്പുകള്‍ കോര്‍ത്തുവയ്ക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്ന അദ്ദേഹം ഒടുവില്‍ വാക്കുകള്‍ക്കു മുന്‍പില്‍ നിരാധാരനായിരിക്കുന്നതു കാണേണ്ടിവന്നത് എനിക്ക് ഒരിക്കലും മറക്കാവുന്നതല്ല. കടഞ്ഞെടുത്ത മുത്തുകള്‍ പോലുള്ള വാക്കുകളുടെ ഉറുമ്പുകള്‍, പറഞ്ഞുതീരാന്‍ കഴിയാത്ത ദുഃഖങ്ങള്‍ മൗനമായി സംസാരിച്ചുകൊണ്ടിരുന്നു. എത്ര പ്രാവശ്യം  ആ കാഴ്ചകള്‍ കണ്ട് എനിക്ക് വീര്‍പ്പടക്കേണ്ടിവന്നു. ഒരിക്കലും എഴുതാനാവാത്ത ഒരു ഇതിഹാസത്തിന്റെ ആദ്യാക്ഷരികള്‍ പോലെ. തുടക്കവും ഒടുക്കവുമില്ലാത്ത ദുഃഖത്തിന്റെ സാഗരം. ''ഈ തറവാടിന്റെ സാന്ദ്രസ്ഥലികളില്‍ നിന്റെ പിതൃക്കള്‍ നിനക്കായി കാത്തിരിക്കുന്നു - കാറ്റുയര്‍ന്നു, കരിയിലയനങ്ങി. നൂലിഴപോലെ നേര്‍ത്ത എന്റെ ശബ്ദം അതില്‍ നഷ്ടപ്പെട്ടു. ചിലന്തികള്‍ നായാടാനെത്തുകയായി... ദൈവമേ, എന്റെ മൗഢ്യം മൂലമായിരുന്നല്ലോ നിന്റെ സനാതനമായ ആവര്‍ത്തനം ഞാന്‍ മറന്നത്. നീയാണല്ലോ, തടവുപുള്ളികളുടെ വാതില്‍.'' വിജയന്‍ ഓര്‍മ്മിച്ചു. 

ഒവി വിജയൻ
ഒവി വിജയൻ

ഒരു പഴയ മഞ്ഞുകാലം 

ഒരു മഞ്ഞുകാലത്ത് ഡല്‍ഹിയില്‍ വച്ച് കണ്ട ദിവസങ്ങള്‍. അപ്പോള്‍ കുറേ നേരം അദ്ദേഹത്തോടൊപ്പം ഞാന്‍ ചെലവഴിച്ചു. പ്രായത്തിന്റെ അസ്‌കിതകള്‍ക്കിടയിലും മങ്ങാതെ അവശേഷിക്കുന്ന ഓര്‍മ്മകളില്‍ ഒന്നായിരുന്നു ആ കൂടിക്കാഴ്ച. ''ഊശാന്‍ താടി ഭംഗിയായി വെട്ടിയൊതുക്കി കുപ്പിഗ്ലാസ് കണ്ണടയും മുഴുനീളന്‍ ഷര്‍ട്ടിന് പുറത്ത് കറുത്ത നിറത്തിലുള്ള ഷട്ട് കോട്ടും ധരിച്ചെത്തിയ വിജയന്‍ വടക്കേയിന്ത്യയിലെ ഏതോ ഒരു ഗസല്‍ പാട്ടുകാരനെ ഓര്‍മ്മിപ്പിച്ചിരുന്നു.'' ആ ഓര്‍മ്മകളിലേയ്ക്ക് മടങ്ങിപ്പോകുമ്പോഴെല്ലാം ''മഞ്ഞച്ചായം പൂശിയ ഇരുനില വീട്ടിലെ മുകള്‍ത്തട്ടിലെ കൈവരിയിലിരുന്ന് പൂച്ചക്കുട്ടികളെ ലാളിക്കുകയായിരുന്ന വിജയന്‍ തെളിഞ്ഞുവരുമായിരുന്നു.'' കൈവിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്ന തവണകളില്‍ പരിമിതപ്പെടുത്താവുന്നതാണ് അദ്ദേഹവുമായിട്ടുള്ള കൂടിക്കാഴ്ചകള്‍. പരിചയം അല്ലെങ്കില്‍ വ്യക്തിപരമായ അടുപ്പം. അത്തരത്തില്‍ വിശേഷിപ്പിക്കാവുന്നതായിരുന്നില്ല ആ ബന്ധം. ഒരെഴുത്തുകാരനും ഒരു പത്രപ്രവര്‍ത്തകനും തമ്മിലുള്ള തൊഴില്‍പരമായ ബന്ധമായിരുന്നോ അത്? അങ്ങനെയും അതിനെ പരിമിതപ്പെടുത്താനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം അതൊരു കണ്ടെത്തലിന്റെ ഊഷ്മളത നിറഞ്ഞതായിരുന്നു. ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരാള്‍ക്കുണ്ടാകുന്ന അവിശ്വസനീയതയും അന്ധാളിപ്പും നിറഞ്ഞതായിരുന്നു ആ ബന്ധമെന്ന്  ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. 

ഖസാക്കെഴുതിയ ഒരെഴുത്തുകാരന്‍ മാത്രമായിരുന്നില്ല വിജയന്‍ എനിക്ക്. ടോള്‍സ്റ്റോയിയിലും ഡെസ്റ്റോവ്സ്‌കിയിലും തോമസ് മന്നിലും നിന്ന് വിട്ടുപിരിയാന്‍ കഠിനമായി എനിക്ക് ക്ലേശിക്കേണ്ടിവന്നിട്ടുണ്ട്. വിജയനുമായുള്ള ബന്ധം അത്തരത്തിലുള്ളതായിരുന്നില്ല. വിശേഷിച്ച് രോഗവിവശനായ അദ്ദേഹത്തിന്റെ അവസാന ദിവസങ്ങള്‍. ശാരീരികമായി താന്‍ അവശനാണെന്ന് ആരും കരുതരുതെന്നതില്‍ വിജയന് ഒരുതരം ശാഠ്യമുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു രോഗവുമായി ബന്ധപ്പെട്ട ആരായലുകളുടെ നേര്‍ക്ക് കവാടങ്ങള്‍ കൊട്ടിയടച്ച് മൗനത്തിലേക്ക് അദ്ദേഹം പിന്‍മാറിയിരുന്നത്. എത്രയോ ദിവസങ്ങള്‍, അദ്ദേഹത്തിന്റെ ഇരിപ്പിടത്തിനരികെ, ശബ്ദമില്ലാതെ ആര്‍ദ്രതയോടെ  ഞാനിരുന്നു. ആ ദിവസങ്ങളിലേയ്ക്ക് മടങ്ങുമ്പോഴെല്ലാം വീര്‍പ്പുമുട്ടലുകള്‍ പതിവായിരുന്നു. ഒറ്റ ഇരുപ്പിന്, അതും മണിക്കൂറുകളോളം പൂച്ചക്കുട്ടികളെ ഓമനിക്കുന്നതുപോലെ അക്ഷരങ്ങളെ മിനുക്കിയെടുത്തും വികാരത്തിന്റെ പറവകളായി അവ ചിറകുകള്‍ വിടര്‍ത്തുന്നതും. അതു നോക്കിയിരിക്കുന്നത് മറ്റൊരര്‍ത്ഥത്തില്‍ കുരിശാരോഹണം പോലെ വേദനിപ്പിക്കുന്നതായിരുന്നു. കടലാസിന്റെ ഒരു പുറം നിറയ്ക്കാനുള്ള ക്ലേശങ്ങള്‍ക്കൊടുവില്‍ അദ്ദേഹം പറയാതെ പറയുമായിരുന്നു. ''കഴിഞ്ചത് മയില് ചാരേ.'' സ്വയം കുത്തിനോവിപ്പിക്കലായിരുന്നു അപ്പോഴെല്ലാം അദ്ദേഹം നടത്തിയിരുന്നതെന്ന തോന്നല്‍ എന്നെ എപ്പോഴും ദുഃഖിപ്പിച്ചു. എങ്ങനെയും എഴുതാതിരിക്കാന്‍ അദ്ദേഹത്തിനു  സാദ്ധ്യമായിരുന്നില്ല. അങ്ങനെയാണ് അദ്ദേഹം വര്‍ത്തമാനകാലത്തിന്റെ ആഖ്യാതാവായി  സ്വയം മാറുന്നത്. വെട്ടിനുറുക്കുന്ന നിശിതമായ നിരീക്ഷണങ്ങള്‍. മാനുഷികത്തെ വെട്ടിക്കുറയ്ക്കുന്ന 'സിസ്റ്റ'ത്തിന്റെ മനുഷ്യത്വമില്ലായ്മയ്ക്കെതിരെ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ വിജയന്‍ പ്രദര്‍ശിപ്പിച്ച നിശിതത്വം കാലത്തിന്റെ ഹൃദയതാളമായി. രാഷ്ട്രീയത്തിന്റെ (നിരന്തരമായ ഉപയോഗം കാരണം ആ വാക്ക് മലീമസമായിട്ടുണ്ട്.) ആത്മീയത അദ്ദേഹത്തിന്റെ സാമീപ്യത്തിന് മറ്റൊരു തെളിച്ചവും വെളിച്ചവും നല്‍കി. മറ്റൊരു എഴുത്തുകാരനും ചെന്നെത്താനാവാത്ത, സങ്കല്പിക്കാന്‍ കഴിയാത്ത ഉയരങ്ങളിലായിരുന്നു ആ നിരീക്ഷണങ്ങളിലൂടെ അദ്ദേഹം എത്തിയത്. വായനക്കാര്‍ വിസ്മയിച്ചു. അപരിചിതമായ ലോകത്ത് കടന്നുചെല്ലുന്ന അനുഭവം. 

പിറവിയുടെ സത്യം തേടല്‍ 

ചരിത്രത്തിന്റെ കുളമ്പടി ശബ്ദം കൊണ്ട് മുഖരിതമായ ലേഖനങ്ങള്‍, കുഞ്ഞുകുറിപ്പുകളെന്ന് വിശേഷിപ്പിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം, ആയിരം ദളങ്ങളുള്ള പൂവിനെ ഓര്‍മ്മിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദാമ്പത്യജീവിതത്തിലെ പരാഗണങ്ങളായിരുന്നു അവ. അവയില്‍നിന്ന് ചെറുചെടികളും മഹാവൃക്ഷങ്ങളും പൊട്ടിക്കിളിര്‍ത്തു. ആരെയും സ്തബ്ധരാക്കിയിരുന്ന ആ സാഹിത്യജീവിതം മറ്റൊരര്‍ത്ഥത്തില്‍ അശ്വത്തെയായിരുന്നു ഓര്‍മ്മിപ്പിച്ചത്. നോവലുകളും കഥകളും പിന്നെ കാര്‍ട്ടൂണുകളും (ഇത്തിരി നേരമ്പോക്ക്, ഒത്തിരി ദര്‍ശനം) കൊണ്ട് സമ്പന്നമായ ആ ജീവിതം അന്വേഷണത്തിലേര്‍പ്പെട്ടത്, ജീവിതത്തെ ജീവിതമാക്കുന്ന സത്യമറിയാനായിരുന്നു. 'പിറവിയുടെ സത്യം' എന്നാണ് അതേപ്പറ്റി അദ്ദേഹം എഴുതിയത്. പലപ്പോഴും ആ അന്വേഷണം എല്ലാം നഷ്ടപ്പെട്ട വന്ധ്യഭൂമിയില്‍ കൊണ്ടെത്തിച്ചു. കാലത്തിന്റെ എരിതീയില്‍ എല്ലാം കത്തിയെരിഞ്ഞ ഭൂമി. വീണ്ടും പച്ചപ്പുകള്‍ നാമ്പിടുന്നതു കാത്തുകഴിഞ്ഞ വിജയന്, അത് കണ്ടെത്താനായോ? അതിനുള്ള മറുപടിയായിരുന്നു, ഖസാക്കിനെ പിന്തുടര്‍ന്ന് അദ്ദേഹം എഴുതിയ നോവലുകളും കഥകളും. 

ഒരു പലായനത്തിനു ശേഷം  

എഴുത്തുകാരനായ വിജയന്റെ ഭൂമി സൗഖ്യങ്ങള്‍ നിറഞ്ഞ ഭൗതികതയായിരുന്നില്ല. ഒരിക്കലും അദ്ദേഹം നിരാകരിച്ചില്ല. ഒപ്പം അതില്‍ മുങ്ങിപ്പോകാതിരിക്കാന്‍ അദ്ദേഹം കരുതലെടുത്തു. അപകടങ്ങള്‍ പിണയുമെന്ന് അറിയിക്കാന്‍ അദ്ദേഹത്തിന്റെ ആറാമിന്ദ്രിയം സദാ ജാഗരൂകരായിരുന്നു. 

ആരില്‍ നിന്നാണ് രവി ഒളിച്ചോടിയത് എന്ന ചോദ്യം അതില്‍നിന്നാണ് ഉയരുന്നത്.  സ്വന്തം ജീവിതത്തില്‍ നിന്നായിരുന്നോ? തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായിരുന്നോ ആ ഒളിച്ചോട്ടം. പാപഭരിതമാണ് തന്റെ ജീവിതമെന്നും അതില്‍നിന്നും മോചനമില്ലെന്നുമുള്ള തിരിച്ചറിവായിരുന്നോ സ്വയം അപ്രത്യക്ഷനാകാന്‍ നടത്തിയ അയാളുടെ ശ്രമം? സ്വത്വവിധ്വംസനമായിരുന്നു ആ സംരംഭങ്ങളെന്ന് വിശേഷിപ്പിക്കാനാവില്ല. ''രാത്രിയില്‍ രോഗത്തിന്റെ ഉച്ഛ്വാസനം ചെകിടോര്‍ക്കുന്നു. വേദനയില്ല. അക്ഷമയും വേദനയും മാത്രം. കമ്പിളിപ്പുതപ്പിനകത്ത് മോഹാലസ്യപ്പെട്ടു കിടന്ന അച്ഛന്റെ കാല് കെട്ടിപ്പിടിച്ച് യാത്ര ചോദിക്കുന്നു. പുരികങ്ങളുടേയും കണ്ണുകളുടേയും ചുവന്ന പാതയിലെ സായാഹ്ന യാത്രകളുടേയും അച്ഛാ, ഇലകള്‍ തുന്നിച്ചേര്‍ത്ത ഈ കൂടുവിട്ട് ഞാന്‍ പുറത്തേക്ക് പോവുകയാണ്. യാത്ര...''

''...ഒരു തീവണ്ടിമുറിയില്‍നിന്ന് ആ പലായനം തുടങ്ങി. പരിചയമില്ലാത്ത, പേരില്ലാത്ത മുഖങ്ങള്‍. അവയൊന്നും തന്റെ കഥയറിയാന്‍ തിരക്കിയില്ല. അവ തന്നെ തനിച്ച് വിട്ടു. ഉറക്കം വരുമ്പോള്‍ ലഗേജ് റാക്കുകളില്‍ ചുരുണ്ടു കിടന്നുറങ്ങി. ഈ ഉറക്കത്തിനിടയില്‍ റെയിലുകള്‍ പതിഞ്ഞ സ്വരത്തില്‍ താളം കൊട്ടി. തീവണ്ടിയാപ്പീസുകളുടെ പേരുകള്‍ മാറി. പൊടിപടലത്തിന്റെ നിറങ്ങള്‍ മാറി. മണങ്ങള്‍ മാറി. ഋതുക്കള്‍ മാറി. ഉദയത്തിന്റേയും അസ്തമയത്തിന്റേയും ദിക്കുകള്‍ മാറി. ബസുകളില്‍ ഓരം ചുറ്റിപ്പോകുന്ന ചുവന്ന ചരല്‍പ്പാതകളിലൂടെ ആ യാത്ര പിന്നെയും നീണ്ടു... അങ്ങനെ എത്രകാലം കഴിഞ്ഞു? എന്തിന്? എന്തിനെന്നറിയാതിരിക്കാന്‍?''
ഒടുവില്‍ യാത്രയുടെ അവസാനം കൂമന്‍കാവിലെത്തുമ്പോഴും അതൊരു ഇടത്താവളമാകുന്നേയുള്ളു രവിക്ക്. അവിടെ അയാളെ കാത്തിരുന്നത്, കുറേ മനുഷ്യരും അവരുടെ നിര്‍ദോഷതയും നിഷ്‌കളങ്കതയും കൊണ്ട് ആര്‍ദ്രമായ, നിരാധാരമായ ജീവിതമായിരുന്നു. ആ ജീവിതങ്ങളിലൂടെയുള്ള പലായനം പ്രതിപാദിക്കന്ന 'ഖസാക്കിന്റെ ഇതിഹാസം' വായനയിലും വിചാരത്തിലും പുതുതിണര്‍പ്പുകള്‍ സൃഷ്ടിക്കുന്നു. തീരാദുഃഖമോ യാതനയോ വേദനയോയായി അത് അവശേഷിക്കുന്നു. മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍, പ്രകാശമാനമായ ഒരു അദ്ധ്യായമായിത്തീര്‍ന്നതാണ്, അസാധാരണമായ ഈ രചന. 

വിജയന്‍ എഴുതിയ ആറു നോവലുകളില്‍ ആദ്യത്തേതാണ്, ഖസാക്കിന്റെ ഇതിഹാസം. അന്‍പതില്‍പ്പരം (1969) കൊല്ലങ്ങള്‍ക്കു ശേഷവും വാടാമലരായി നില്‍ക്കുന്ന ഈ നോവല്‍ എന്താണ് നല്‍കുന്നതെന്ന അന്വേഷണത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. കലര്‍പ്പില്ലാത്ത സ്നേഹം. ''തോടിനും സ്‌കൂളിനുമിടയ്ക്ക് തെല്ലൊരറ്റത്തേയ്ക്ക് മാറി സ്ഥലവും ജീര്‍ണ്ണമായൊരു പള്ളി, കയ്യും കാലും കുത്തി നിന്നു. തോടിനക്കരെ പാടങ്ങളാണ്. ഒരു താമരക്കുളം. വീണ്ടും പരന്ന പാടങ്ങള്‍. അതിനപ്പുറത്ത് സന്ധ്യയുടെ സിന്ദൂരക്കുറി. നീരൊഴുക്കില്‍ രവി ഒന്നു തിരിഞ്ഞിരുന്നു. അയാള്‍ സ്‌കൂളിലേയ്ക്കും ഖസാക്കിലേയ്ക്കും നോക്കി. ഖസാക്കിനു പുറകില്‍ ചെതലിമല ഇരുണ്ടു കഴിഞ്ഞിരുന്നു.'' അലസവും വിരസവുമായ യാത്രയ്ക്കു ശേഷം ഏകാദ്ധ്യാപക വിദ്യാലയത്തില്‍ മാഷായെത്തിയ രവി കാണുന്ന കാഴ്ചകള്‍, കടന്നുപോകുന്ന അനുഭവങ്ങള്‍, അവിസ്മരണീയങ്ങളായിരുന്നു. നാടകത്തിലെ രംഗങ്ങള്‍ ഓരോന്നായി തിരശ്ശീലയില്‍ മാഞ്ഞുപോകുന്നതുപോലെ, താന്‍ അവയുടെ ഭാഗമാണെന്നറിയാമായിരുന്നിട്ടും അതില്‍ ഭാഗമാകാതെ രാപകലുകള്‍ പിന്നിടുന്ന രവി. അയാളുടെ ജീവിതം അത്തരത്തിലൊരു ഒളിച്ചോട്ടമായിരുന്നു. മോചനമില്ലാത്ത പാരതന്ത്ര്യം. ഒടുവില്‍ ആ തിരിച്ചറിവുമായി കൂമന്‍കാവിനോട് വിടപറയാന്‍ ബസിനായി കാത്തുനില്‍ക്കുന്ന രവി, മറ്റൊരു യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നോ? അതിനൊരു ഉത്തരം രവിയുടെ കയ്യിലില്ലായിരുന്നു. ഉത്തരമില്ലാത്ത ചോദ്യത്തിന് അയാള്‍ സ്വയം വഴങ്ങുകയായിരുന്നോ? അവിടെ വച്ച് അതവസാനിപ്പിക്കാനും ഉത്തരം നേടാനോ അദ്ദേഹം നടത്തിയ പരിശ്രമങ്ങളായിരുന്നു ഗുരുസാഗരവും മധുരം ഗായതിയും പ്രവാചകന്റെ വഴിയും. ഖസാക്കുള്‍പ്പെടെ നാല് നോവലുകള്‍ നിര്‍മ്മിച്ചുയര്‍ത്തിയ ലാവണ്യയുക്തി മലയാള സാഹിത്യത്തിന് അപരിചിതമായിരുന്നു. വായനയിലൂടെ പരിമിതമായ ഒരു ലോകമായിരുന്നില്ല. അവിടെ കഥാപാത്രങ്ങളോ കഥാസന്ദര്‍ഭങ്ങളോ ഇല്ലായിരുന്നു. ശാന്തതയ്ക്ക് പകരം നിഷ്ഠൂരങ്ങളായ യാഥാര്‍ത്ഥ്യങ്ങള്‍. അത് തിരിച്ചറിഞ്ഞ വിജയന്‍, വെള്ളായിയപ്പന്റെ വഴിയാണ് തിരഞ്ഞെടുത്തത്. ''വെള്ളായിയപ്പന്‍ പൊതിയഴിച്ചു. വെള്ളായിയപ്പന്‍ അന്നം നിലത്തേയ്ക്കെറിഞ്ഞു. വെയിലിന്റെ മുകള്‍ത്തട്ടുകളിലെവിടെനിന്നോ ബലിക്കാക്കകള്‍ അന്നം കൊത്താന്‍ ഇറങ്ങിവന്നു.'' ഒരര്‍ത്ഥത്തില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം അര്‍പ്പിച്ച 'അന്ന'മായിരുന്നു ആ നോവലുകള്‍. 

അലസവും അശാന്തവുമായ യാത്രയ്ക്കൊടുവില്‍ തേവാരത്തു ശിവരാമന്‍ നായരുടെ  ഞാറ്റുപുരയില്‍ എത്തുന്ന രവിക്കു പോകാന്‍ മറ്റൊരിടമില്ലായിരുന്നു. നിഴലുപോലെ, തന്നെ പിന്തുടര്‍ന്നിരുന്ന ഓര്‍മ്മകളുമായെത്തിയ ഖസാക്കിലെ രവിയുടെ വാസക്കാലത്തെ  ബന്ധങ്ങളും പരിചയങ്ങളും അടുപ്പങ്ങളും ഏകാദ്ധ്യാപക വിദ്യാലയത്തിനായി ഞാറ്റുപുര വിട്ടുകൊടുത്ത്, അവിടെ സൗകര്യങ്ങള്‍ ഒരുക്കിയ ശിവരാമന്‍ നായര്‍ക്ക് ഒരു കാര്യത്തില്‍ യോജിക്കാനായില്ല. മൊല്ലാക്കയുടെ സമുദായക്കാരനായ രാവുത്തരുമാര്‍ കുട്ടികള്‍ (ബൗദ്ധ കുട്ടികള്‍) കോണെഴുത്തു പഠിക്കാന്‍ സ്‌കൂളില്‍ വരുന്നതിനോട് അയാള്‍ക്ക് യോജിക്കാനായില്ല. മൊല്ലാക്കയുടെ എതിര്‍പ്പ് വേറൊരു വിധത്തിലുള്ളതായിരുന്നു. തന്റെ ഓത്തുപള്ളിയിലെത്തുന്ന കുട്ടികള്‍ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പോയാല്‍ എല്ലാം മുടങ്ങുമെന്ന് അയാള്‍ ഭയപ്പെട്ടു. എല്ലാ ദിവസവും പ്രഭാതഭക്ഷണം അയാള്‍ക്ക് കൊണ്ടുവരാനുള്ള ബാദ്ധ്യത ആ കുട്ടികള്‍ക്കായിരുന്നു. അത് മുടങ്ങിയാലോ? 

ഒരു പ്രഭാതത്തില്‍ വെള്ളയപ്പവുമായി വന്ന കുഞ്ഞാമിന, വഴിവക്കില്‍ വച്ച് മയിലുകള്‍ക്ക് വെള്ളയപ്പം കൊടുത്തതുകൊണ്ടായിരുന്നു അങ്ങനെ സംഭവിച്ചത്. മൊല്ലാക്കയുടെ ഓത്തുപള്ളിക്ക് പുറമെ ആശാന്‍മാരുടെ എഴുത്തുപള്ളിക്കൂടം അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വഴിവക്കില്‍ വച്ചുകിട്ടിയ അനാഥനായ നൈജാമലിയെ തന്നോടൊപ്പം താമസിക്കുവാന്‍ കൊണ്ടുവന്നതും മൊല്ലാക്കയ്ക്ക് വിനയായി. ഖസാക്കിലെ യാഗാശ്വമായ മൈമുനയുടെ ഭാവിവരനായാണ് അയാളെ മൊല്ലാക്കയും അയാളുടെ ഭാര്യ തിത്തിബിയുമ്മയും സങ്കല്പിച്ചിരുന്നത്. അതും പാളി, ഒരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ അവന്‍ വീടുവിട്ടുപോയി.  ബീഡിത്തൊഴിലാളി, ബീഡിക്കമ്പനി ഉടമ, ട്രേഡ് യൂണിയന്‍ നേതാവ്, ഒടുവില്‍ അവന്‍ ജയിലിലായി. അവിടെനിന്ന് അവന്‍ പോയത്, ഖസാക്കിലെ ഇടിഞ്ഞുപൊളിഞ്ഞ പള്ളിയിലേക്കായിരുന്നു. ഷെയ്ക് തങ്ങളുടെ ഖാലിയാരായി, ചെതലിയുടെ അടിവാരത്തില്‍, വെയിലിന്റെ വെളിച്ചത്തില്‍, മൃഗതൃഷ്ണയില്‍, സുഗന്ധത്തില്‍, താന്‍ കണ്ട സുന്ദരനായ പതിന്നാലുകാരന്റെ  ഓര്‍മ്മ മൊല്ലാക്കയെ വേദനിപ്പിക്കുന്നതായിരുന്നു.

ഏകാദ്ധ്യാപക വിദ്യാലയത്തില്‍ കുട്ടികള്‍ എത്തുന്നതു തടയാനായി പലതരം തന്ത്രങ്ങളില്‍ മൊല്ലാക്ക കുടുങ്ങുന്നതിനിടയില്‍, ചതുപ്പിലെ മീസാന്‍ കല്ലുകള്‍ക്കിടയില്‍ നിഴലുപോലെ ജീവിച്ചിരുന്ന നൈജാമലി നീലമുടി പകുത്തു ചുമലിലേയ്ക്കിട്ട് രവിയുടെ മുന്‍പില്‍ ചെന്നുനിന്ന് ''ഞങ്ങള് സെയ്ദു മിയാന്‍ ഷെയ്ഖ് തങ്ങളിന്റെ ഖാലിയാരാണ്''  എന്നറിയിച്ചു. കുട്ടികളെ സ്‌കൂളില്‍ വരുന്നത് തടയാന്‍ താന്‍ അനുവദിക്കില്ലെന്ന് അവന്‍ അറിയിച്ചു. ''ഖസാക്കിലെ കുട്ടികള്‍ കോണെഴുത്ത് പഠിക്കണമെന്ന് പറയാന്‍ നൈജാമലിയുടെ അവകാശമെന്തെന്ന് മൊല്ലാക്ക ചോദിച്ചു.'' അറബിക്കുളത്തിലെ പാതിരാക്കുളി, രാജാവിന്റെ പള്ളിയിലെ സര്‍പ്പശയനം, ചതുപ്പില്‍ കത്തിയെരിഞ്ഞ വെടിമരുന്നിന്റെ പാട്, വെളിമ്പുറങ്ങളില്‍ രാത്രിയിലൂടെ മൂളിമൂളി കടന്നുപോകുന്ന പ്രവചന സ്വരം... അപ്പോള്‍ അലിയാരുടെ ചായക്കടയിലെത്തിയ അവര്‍ ചോദിച്ചു: ''അവനോടെ സത്തിയം എന്നാ.'' ചെത്തുകാരനും കുപ്പുവിനും പൊന്തുരാവുത്തരണ്ണനും മറുപടി ഉണ്ടായിരുന്നില്ല. ആരും ഒന്നും തിരിച്ചറിഞ്ഞില്ല. അതിനിടയില്‍ രോഗത്തിന്റെ നിശ്ശബ്ദാക്രമണത്തില്‍ മൊല്ലാക്ക അവശനാവുകയായിരുന്നു. പള്ളിയിലെ വാങ്കുവിളി പോലും തടസ്സപ്പെട്ടു. 

ഒവി വിജയൻ
ഒവി വിജയൻ

ഇരുപത്തഞ്ചും മുപ്പതും വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഹാജര്‍ പുസ്തകത്തിലാക്കാന്‍ രവിയെ സഹായിച്ച തുന്നല്‍ക്കാരന്‍ മാധവന്‍ മാത്രമായിരുന്നു ഏകാദ്ധ്യാപക വിദ്യാലയം അടഞ്ഞുപോകാതിരിക്കാന്‍ പരിശ്രമിച്ചത്. അതിന്റെ ഭാഗമായാണ്, അഞ്ച് അമ്മമാരുടേയും നാല് അപ്പന്‍മാരുടേയും അരുമയായി വളര്‍ന്ന്, പ്രായമായപ്പോള്‍ വളര്‍ച്ച മുരടിച്ച അപ്പുക്കിളി വിദ്യാര്‍ത്ഥിയാകുന്നത്. കുഞ്ഞാമിനയും കുരുവും മുന്നുമായും ചാത്തനും പെര്യെക്കാനും ഉള്‍പ്പെടെ നിരവധി കുട്ടികളെത്തിയതും വഴി വാര്‍ഷിക പരിശോധനയെ അതിജീവിച്ച് തുടരാന്‍ വിദ്യാലയത്തിനു സാധിച്ചു. 

ഏതാണ്ട് രണ്ട് കൊല്ലം പിന്നിട്ടിരുന്നു, അന്വേഷണത്തിനൊടുവില്‍ പത്മ എത്തുമ്പോള്‍, (ബോധാനന്ദന്റെ ആശ്രമത്തിലെ നിവേദിത എന്ന പേരുള്ള വെളുത്തു തടിച്ച സ്വാമിനിയില്‍ നിന്നാണ് രവി അവിടെയുണ്ടെന്ന് അറിയുന്നത്.) അസ്ട്രോ ഫിസിക്സില്‍ അവളുമൊത്ത് പഠനം തുടരുന്നതിനിടയില്‍. ഉന്നതപഠനത്തിനായി പ്രമുഖ അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ കവാടമാണ് തന്റെ മുന്നില്‍ തുറക്കുന്നതെന്ന് അറിഞ്ഞില്ല. രവിക്കും അതില്‍ വലിയ കൗതുകം തോന്നിയില്ല. പത്മയുമായി വഴിപിരിയുന്നതില്‍  അപ്പോള്‍ അയാള്‍ എത്തിയിരുന്നു. 

രോഗം മൂലം അച്ഛന്‍ അവശനാണെന്ന വിവരവും രവിയെ ഹതാശനാക്കിയിരുന്നു. ശയ്യാവലംബിയായ അച്ഛനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍, ചിറ്റമ്മയുമായുണ്ടായ ബന്ധം അയാളെ പീഡിപ്പിച്ചു. അരുതാത്തതില്‍ അറിയാതെ ചെന്നു വീണതാണോ? സ്നേഹനിധിയായ അച്ഛനെ അതുവഴി നിന്ദിക്കുകയായിരുന്നോ? അയാള്‍ക്കറിയാമായിരുന്നു, ''പ്രയാണത്തിന്റെ കാലമായെന്ന്. അവധിക്കാലത്തിന് ശേഷം മടങ്ങിയെത്തിയ രവി കഴിഞ്ഞ കാലാനുഭവങ്ങളിലൂടെ സഞ്ചരിച്ചു.'' രവി ഉറങ്ങാന്‍ കിടന്നു. ജനാലയിലൂടെ  ആകാശം മുന്‍പില്‍ തുടിക്കുന്നു. ഈശ്വരാ ഒന്നുമറിയരുത്. ഉറങ്ങിയാല്‍ മതി. ജന്മത്തില്‍നിന്ന് ജന്മത്തിലേക്ക്. മാസങ്ങള്‍ക്കു ശേഷം കാനഡയില്‍നിന്നും മടങ്ങിയെത്തിയ പത്മയുമായുള്ള പുനസ്സമാഗമവും രവിക്ക് ആശ്വാസമായില്ല. ഏതാനും ദിവസങ്ങള്‍ ചെലവിട്ട ശേഷം മടങ്ങിയ പത്മയ്ക്കു നല്‍കിയ ഉറപ്പനുസരിച്ച് ഖസാക്കിനോട് വിടപറയുന്ന അയാള്‍ കൂമന്‍കാവില്‍ ബസിനു കാത്തുനില്‍ക്കുകയായിരുന്നു. 

''കൂമന്‍കാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമന്‍കാവങ്ങാടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റില്‍ നിലംപൊത്തിയിരുന്നു... മണ്‍ചുമരിന്റെ കട്ടകള്‍ കുമിഞ്ഞുകിടന്നു. മാവുകളുടെ കാനലില്‍ അവ പിന്നെയും കുതിര്‍ന്നു... ഒറ്റയ്ക്ക് രവി അവിടെ നിന്നു. ബസ് വരാന്‍ ഇനിയും നേരമുണ്ട്. രവി കട്ടകളെ പതുക്കെ കാലുകൊണ്ടുയര്‍ത്തി. നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്‍പ്പോട്ട് നോക്കി. ഇണര്‍ന്നു പൊട്ടിയ കറുത്ത നാക്ക് പുറത്തേക്ക് വെട്ടിച്ച്, പാമ്പിന്റെ പത്തി വിടരുന്നത് രവി കൗതുകത്തോടെ നോക്കി, വാത്സല്യത്തോടെ. കാല്പടത്തില്‍ പല്ലുകള്‍ അമര്‍ന്നു...'' ബസ് വരാനായി രവി കാത്തുകിടന്നു. 

മലയാള നോവല്‍ സാഹിത്യത്തിനു പുതിയൊരു ഭാവുകത്വം പ്രദാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഇതിവൃത്തം മാത്രമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. സംഗ്രഹത്തിന് വിധേയമാകുന്നതല്ല ഈ നോവല്‍. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കൊല്ലം മുതല്‍ (1990), (2020നകം എണ്‍പത്തിയെട്ട് പതിപ്പുകള്‍ പിന്നിട്ടുവെന്ന പ്രസാധകരായ ഡി.സി. പറയുന്നു.) വിസ്മയത്തിന്റെ ചെപ്പ് അടയ്ക്കാതിരിക്കാന്‍ കഴിയാതെ പുതിയ കണ്ടെത്തലുകള്‍ക്ക് അത് വഴിതെളിച്ചുകൊണ്ടിരിക്കുന്നു. 

ഖസാക്കിനു ശേഷം അഞ്ചോളം നോവലുകളും നിരവധി കഥകളും വിജയന്റേതായി  വായനക്കാരെ അനുഗ്രഹിക്കാനെത്തിയെങ്കിലും, ഖസാക്കിന് കിടപിടിക്കുന്നതോ അതിനു തുല്യമായതോ ആയ ഒരു രചനയ്ക്ക് അദ്ദേഹത്തിനു കഴിഞ്ഞില്ല. (വിശ്വപ്രസിദ്ധരായ നോവലിസ്റ്റുകള്‍ നിരവധി രചനകള്‍ നടത്താറുണ്ടെങ്കിലും അവരുടെ അനശ്വരത ഉറപ്പാക്കുന്നത് ഒന്നോ രണ്ടോ നോവലുകളിലാണെന്ന വസ്തുത ഇവിടെ ഓര്‍മ്മിക്കാം). 
സെക്സിന്റെ പരാഗം പടര്‍ന്നുകിടക്കുന്ന അതിമധുരമായ ഭാവസാന്ദ്രമായ ഒരു കൃതി എന്നതിനു പുറമെ പഞ്ചതന്ത്രത്തിന്റേയോ വിക്രമാദിത്യന്‍ കഥകളുടേയോ ജാതകകഥകളുടേയോ ഉയരങ്ങളിലെത്തുക മാത്രമല്ല, ഒരിക്കല്‍ വായിച്ചാല്‍ പിന്നീട് ഒരിക്കലും മറഞ്ഞുപോകാത്ത അനുഭവത്തിന്റെ പാടായി ഇത് മനസ്സില്‍ അവശേഷിക്കുന്നു. വാക്യങ്ങള്‍ മെനയുന്നതിലും അവയിലൂടെ പേശലമായ വികാരങ്ങളെ ഹൃദയസൗരഭ്യമാക്കുന്നതിലും വിജയന്‍ പ്രദര്‍ശിപ്പിക്കുന്ന ഭാവനാചാതുര്യം അതിശയകരമായിട്ടുള്ളതാണ്. പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൊച്ചു ഗ്രാമവും അവിടെ പ്രവര്‍ത്തിക്കുന്ന ഏകാദ്ധ്യാപക വിദ്യാലയവും അതിനെ നിലനിര്‍ത്തുന്ന പാവപ്പെട്ട കുറേ കുട്ടികളും. അതിനിടയില്‍ സ്പര്‍ദ്ധയും സ്നേഹവും വിദ്വേഷവും പരിഹാസവും ഇടകലര്‍ന്ന് ആ ഗ്രാമാന്തരീക്ഷത്തെ ചലനാത്മകമാക്കുക മാത്രമല്ല, ആഖ്യാനിക്കപ്പെടുന്ന മനുഷ്യജീവിതങ്ങളുടെ നിസ്സഹായത ഉള്ളുലയ്ക്കുന്ന വിധത്തിലുള്ളതുമാണ്. 

''സ്നേഹവും പാപവും തേഞ്ഞുതേഞ്ഞില്ലാതാകുന്ന വര്‍ഷങ്ങള്‍...പൗര്‍ണ്ണമി നിറയുമ്പോള്‍ അവര്‍ കലവറ വാതിലുകള്‍ തുറന്നു വച്ചു. സംക്രാന്തി രാത്രികളില്‍, സാമ്പ്രാണിയുടെ സുഖഗന്ധമയം... ചരിത്രത്തിന്റെ രഥം ഉരുണ്ടു കൊണ്ടിരിക്കുന്നു.'' 

ഖസാക്കില്‍നിന്നും എത്രയോ കാതം അകലെ നില്‍ക്കുന്നതാണ് ഗുരുസാഗരവും പ്രവാചകന്റെ വഴിയും മധുരം ഗായതിയും. ഭൗതിക യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ആത്മീയതയുടെ അലൗകിക തലങ്ങളിലെത്തുന്ന ഈ നോവലുകളുടെ രചനയിലും പരിലാളനത്തിലും വിജയന്‍ പുലര്‍ത്തുന്ന മൗലികത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ ധൈര്യമില്ലാത്ത വഴിയിലൂടെ നടക്കാന്‍ ധീരത കാണിക്കുന്ന ഒരു യാത്രികന്റെ കൂസലില്ലായ്മയ്ക്ക് പുറമെ, ആ വഴിയിലൂടെ നടക്കുമ്പോള്‍ ആരും കാണാതെ അല്ലെങ്കില്‍ കാണാന്‍ കൗതുകം പ്രദര്‍ശിപ്പിക്കാത്ത കാഴ്ചകള്‍ തേടുകയാണ് അദ്ദേഹം. സാധാരണഗതിയില്‍ കഥ പറയുകയല്ല ഇവിടെ. കഥയ്ക്കകത്തുള്ള കഥകള്‍ തേടുന്ന അദ്ദേഹം ചെന്നെത്തുന്ന പ്രപഞ്ചം, അതിനെ ദുഃഖസാന്ദ്രവും സംഘര്‍ഷഭരിതവുമാക്കുന്ന അനുഭവങ്ങള്‍, ശരാശരി സങ്കല്പങ്ങളെ ഭേദിക്കുന്നവയാണ്. ഡല്‍ഹി ജീവിതത്തോട് വിടപറഞ്ഞ് ഗൃഹാതുരത്വവുമായി കുടുംബത്തില്‍ മടങ്ങുന്ന കുഞ്ഞുണ്ണിയുടെ വേദനകള്‍ ആരും അറിഞ്ഞില്ല. അതിന്റെ നേര്‍ക്ക് ഘനമുള്ള തിരശ്ശീല വലിച്ചിട്ട് സങ്കടങ്ങളുടേയും നിരാശകളുടേയും കൂര്‍ത്ത മുള്ളുകള്‍ ഏറ്റുവാങ്ങി സ്വയം പീഡിപ്പിക്കുകയായിരുന്നു കുഞ്ഞുണ്ണി. വര്‍ഷങ്ങളുടെ നീണ്ട യാത്രകള്‍ക്കു ശേഷം തറവാട്ടില്‍ തിരിച്ചെത്തിയ കുഞ്ഞുണ്ണി ചോദ്യങ്ങള്‍ക്ക് മറുപടിയായി മടങ്ങുന്നില്ലെന്നും ജോലി വേണ്ടെന്നു വച്ചുവെന്നും പറയാന്‍ എന്തായിരുന്നു പ്രേരണ.  അതിലേക്ക് നയിച്ച കാരണങ്ങള്‍? ''മെത്തയില്‍ കിടന്നുകൊണ്ട് ദുഃഖത്തിന്റേയും പരിക്കിന്റേയും പാരവശ്യത്തില്‍ കുഞ്ഞുണ്ണി ഗാഢമായുറങ്ങി. ഉറക്കത്തിന്റെ കരിംചുമരില്‍  ഒരു ജാലകം തെളിഞ്ഞു. ജാലകത്തില്‍ പ്രാണവായുവിന്റേയും കുളിര്‍വെയിലിന്റേയും സങ്കലനം...''

ബംഗ്ലാദേശ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനായി നിയോഗിക്കപ്പെടുന്ന കുഞ്ഞുണ്ണി യാത്രയ്ക്കു മുന്‍പ്, സന്ന്യാസ ജീവിതത്തിലെത്തിയ സ്നേഹിതനായ ബാലകൃഷ്ണനുമായി ഏതാനും ദിവസങ്ങള്‍ ചെലവിടാനായി ധാമിലെ ആശ്രമത്തില്‍ പോയി. സഹായിയായി കൂടെ പാര്‍ക്കുന്ന ശ്യാംനന്ദന്‍ അയാളുടെ ജീവിതത്തില്‍ ഒരു സാക്ഷിയാകുന്നു. ശിവാലിക്ക് പര്‍വ്വതനിരകളുടെ സന്തതിയായ ആ കിഴവന്‍ കുഞ്ഞുണ്ണിയെ പരിപാലിക്കുന്നതില്‍ ശ്രദ്ധിച്ചു. നിര്‍മ്മലാനന്ദനായി മാറിയ കേണല്‍ ബാലകൃഷ്ണന്റെ  സഹായിയും പരിചാരകനുമായ നിഹാലു യുദ്ധത്തിനിടെ കൊല്ലപ്പെട്ട ബേലിറാമിന്റെ മകനായിരുന്ന പ്രഭയെന്ന പഞ്ചാബുകാരിയായിരുന്നു കേണലിന്റെ ഭാര്യ. ഒരു വിമാനാപകടത്തില്‍ ഭാര്യ പ്രഭയും മകള്‍ നളന്ദയും മരണമടഞ്ഞതോടെ, പഞ്ചാബില്‍ തനിക്ക് കിട്ടിയ സ്വത്തുകള്‍ മുഴുവന്‍ കേണല്‍ ഉപേക്ഷിച്ചു. സിംലയില്‍ വച്ച് പരിചയത്തിലായ  രൂദ്രാപാനന്ദനിലൂടെയായിരുന്നു കേണല്‍ സന്ന്യാസത്തിലെത്തിച്ചേര്‍ന്നത്. നിര്‍മ്മലാനന്ദനായി മാറിയ കേണല്‍ ബാലകൃഷ്ണന്റെ തോഴനായിരുന്നു കുഞ്ഞുണ്ണി. ബംഗ്ലാദേശ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനായി കല്‍ക്കത്തയിലേക്ക്  പോകുകയാണെന്ന് പറയുന്ന കുഞ്ഞുണ്ണിയോട് പത്‌നി ശിവാനിയെ പോയിക്കാണാന്‍ നിര്‍മ്മലാനന്ദന്‍ നിര്‍ദ്ദേശിച്ചു. 

ഒവി വിജയൻ പഴയകാല ചിത്രം
ഒവി വിജയൻ പഴയകാല ചിത്രം

കല്‍ക്കത്തയിലേക്ക് തിരിക്കുന്നതിനു മുന്‍പായി പത്രാധിപരുമായി ഒരു സായാഹ്നം ചെലവഴിക്കാന്‍ കുഞ്ഞുണ്ണി അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിച്ചു. അവിടെ വച്ചാണ് പത്രാധിപരുടെ സ്നേഹിതയായ ഓള്‍ഗയുമായി കുഞ്ഞുണ്ണി പരിചയപ്പെടുന്നത്. ചെക്കസ്ലോവാക്യക്കാരിയായ ഓള്‍ഗയിലൂടെ പ്രാഗ്വസന്തവും ദുബ്ചെക്കും വസന്തത്തിലേയ്ക്ക് ഉരുണ്ടുവന്ന സോവിയറ്റ് ടാങ്കുകളും വീണ്ടും സജീവ സ്മരണകളായി. അവയില്‍നിന്ന് ആര്‍ക്കും മോചനമില്ലെന്ന് പത്രാധിപരെപ്പോലെ കുഞ്ഞുണ്ണിക്കും അറിയാമായിരുന്നു. സൈനിക സേവനക്കാലത്ത് അച്ഛന്‍ താമസിക്കുമായിരുന്ന, അര്‍മീനിയക്കാരുടെ ഹോട്ടലായ അരത്തുണ്‍സിലായിരുന്നു കുഞ്ഞുണ്ണിയും എത്തിയത്. അവിടെ വച്ച് അള്ളാബക്സ് എന്ന ബാര്‍മാനെ കുഞ്ഞുണ്ണി കണ്ടുമുട്ടി. തന്റെ പിതാവിനെക്കുറിച്ചുള്ള ഊഷ്മളങ്ങളായ ഓര്‍മ്മകള്‍ അയാള്‍ കുഞ്ഞുണ്ണിയുമായി പങ്കിട്ടു. ഹോട്ടലില്‍ ഒരു രാത്രി ചെലവിട്ടശേഷം കല്യാണി മോളേയും ശിവാനിയേയും പോയിക്കാണാന്‍ ഒരുങ്ങുമ്പോഴാണ് പിനാകി ബാബുവുമൊത്ത് അവര്‍ പോയിരിക്കുകയാണെന്നത് അറിയുന്നത്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം മടങ്ങിവരുന്നത് കാത്തിരിക്കുന്നതിനിടയില്‍ ചൗരംഗിയില്‍ താമസിക്കുന്ന നിഹാരികയും ദീദിയെ സന്ദര്‍ശിച്ചപ്പോഴാണ്, അവരുടെ മകന്‍ താപസചന്ദ്രന്‍ അച്ഛനെപ്പോലെ വിപ്ലവ സംഘടനയില്‍ അംഗമാണെന്ന് കുഞ്ഞുണ്ണി അറിയുന്നത്. 'വസന്തത്തിന്റെ ഇടിമുഴക്കം' എന്ന് വിശേഷിപ്പിക്കപ്പെട്ട പുതിയ വിപ്ലവാശയത്തില്‍ ആകൃഷ്ടനായ മകന്‍ തടവിലായതോടെ വിധവയായ നിഹാരിക തളര്‍ന്നു വിവശയായി. ആ വിവരം അവരില്‍ നിന്നറിഞ്ഞ കുഞ്ഞുണ്ണി വഴിതെറ്റിയ ആ ചെറുപ്പക്കാരനെ സന്ദര്‍ശിച്ച് നേരായ വഴിയിലെത്തിക്കാന്‍ ശ്രമിച്ചു. വിഫലമായ ഒരു യത്‌നമാണ് അതെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. 

മൂന്നാലു ദിവസത്തെ വിശ്രമത്തിനു ശേഷം മടങ്ങിയെത്തിയ ശിവാനിയെ പോയിക്കണ്ട കുഞ്ഞുണ്ണി തനിക്കു വേണ്ടി കാത്തിരിക്കുകയായിരുന്ന കല്യാണിയുമൊത്ത് ഏറെ നേരം ചെലവിട്ടു. അതിനിടയ്ക്ക് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടയില്‍ അപകടത്തില്‍പ്പെട്ട കുഞ്ഞുണ്ണി ആശുപത്രിയിലായി. അപ്പോഴാണ് പനിപിടിച്ച് അവശയായ കല്യാണിയും  ആശുപത്രിയിലായത്. രക്താര്‍ബ്ബുദമാണ് അവള്‍ക്കെന്ന് ഡോക്ടര്‍ പിനാകി സെന്‍ ഗുപ്ത  അറിയിക്കുമ്പോള്‍ എല്ലാം വൈകിയിരുന്നു. രോഗത്തിന്റെ ഇടവേളകളില്‍ അച്ഛനെ അവള്‍ തിരക്കിയിരുന്നുവെന്നും അപ്പോള്‍ അയാള്‍ അറിയിച്ചു. ആശുപത്രിയില്‍നിന്ന് വിശ്രമിക്കാന്‍ ഹോട്ടല്‍മുറിയിലേക്ക് പോകുന്നതിനിടയില്‍ കുഞ്ഞുണ്ണി തളര്‍ന്നുവീണു. ''തളര്‍ന്നുവീഴുന്ന കുഞ്ഞുണ്ണിയെ ശിവാനി അവളുടെ കൈകളിലേക്കു വാങ്ങി. ആ ആശ്ലേഷത്തില്‍ ഒതുങ്ങിനിന്നു കൊണ്ട് കുഞ്ഞുണ്ണി സ്വയം കരഞ്ഞുതീര്‍ത്തു...''
ഹോട്ടലിലെത്തി ശിവാനിയുടെ മുറിയില്‍ കടലോരത്തെ മൗനം... ''ഞാന്‍ പറയട്ടെ...'' അവള്‍ തുടങ്ങി വ്യഗ്രതയോടെ കുഞ്ഞുണ്ണി കാത്തു. ''കല്യാണി പോവുകയാണ്.'' ശിവാനി പറഞ്ഞു. ''യാതൊരു ഭാരവും നാം അവളുടെ മേല്‍ ഏല്പിച്ചുകൂടാ.'' ''ശിവാനി എന്താണ് പറയുന്നത്.'' ''അങ്ങ് കനിവോടെ കേള്‍ക്കണം'' ''പറയൂ.'' ശിവാനി പറഞ്ഞില്ല. കുഞ്ഞുണ്ണിയുടെ മുന്‍പില്‍ ഒരു പാടുനേരം അങ്ങനെയിരുന്നു. പിന്നെ പതുക്കെ, പിന്നെ ഉള്ളം കലങ്ങി അവള്‍ കരഞ്ഞുതുടങ്ങി. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച കുഞ്ഞുണ്ണിയുടെ കൈകള്‍ക്ക് വഴങ്ങാതെ അവള്‍ അയാളുടെ കാല്‍ക്കലിരുന്ന് കരഞ്ഞു. ''എന്റെ ഈ തെറ്റ് അങ്ങേയ്ക്ക് പൊറുക്കാനാവില്ല.'' അവളപ്പോള്‍ പറഞ്ഞു. ''ശിവാനി...'' (ഇതൊരു നോവലിന്റെ സംഗ്രഹമല്ല. ഉയരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗിരിശൃംഗത്തിലേയ്ക്ക് കയറാന്‍ സഹായിക്കുന്ന പടവുകള്‍ മാത്രമാണ് ഇവിടെ കുറിച്ചിട്ടുള്ളത്. ക്ലേശങ്ങളെ അതിജീവിച്ച്, ഉയരത്തിലെത്തിയാല്‍ നിങ്ങളെ കാണാതിരിക്കുന്ന വിസ്മയങ്ങള്‍. വാക്കുകള്‍, ഇവിടെ നിരുപയോഗമാക്കുന്ന നേരിട്ടനുഭവിക്കുക മാത്രമാണ് വഴി.) 

ഖസാക്കിനു പിന്നാലെ ഗുരുസാഗരവുമായെത്തിയ വിജയന്‍, ഒരിക്കലും അമ്പുകള്‍  ഒഴിയാത്ത ആവനാഴിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഒരു നോവല്‍ എഴുതുകയല്ല അദ്ദേഹം ചെയ്യുന്നത്. കുഞ്ഞുണ്ണിയെന്ന മദ്ധ്യവയസ്‌കനിലൂടെ ജീവിതത്തിന്റെ കാണാപ്പുറങ്ങളില്‍ സഞ്ചരിക്കാന്‍, അവിടെ മൊട്ടിട്ടു നില്‍ക്കുന്ന കൃഷ്ണകാന്തികളെ തൊട്ടുതലോടാന്‍ വഴി ഒതുക്കുന്നതിന്  പുറമെ, വഴിയുടെ ഇരുവശത്തുമുള്ള കാണാക്കുഴികളെ ഉറപ്പിച്ചും അദ്ദേഹം ഓര്‍മ്മിച്ചിരുന്നു. 

പ്രവാചകന്റെ വഴി 

മരുഭൂമിയിലെ തിരച്ചിലിന്റെ പകലും ചൂടും സുധാമയമായ രാവിനു വഴിമാറി. പ്രണവം അവനോട് പറഞ്ഞു. ''മകനേ, നിനക്ക് വേണ്ടി ഞാനിതാ വീണ്ടും സംഭവിക്കുന്നു...'' പ്രവാചകന്‍ കണ്ണുയര്‍ത്തി മരുഭൂമിയുടെ ആകാശത്തേയ്ക്ക് നോക്കി. സ്വാതന്ത്ര്യത്തിന്റെ  ഉടമ്പടിയായി, അടയാളമായി, അവിടെ ഒരു ചന്ദ്രക്കല ദിക്കുകള്‍ നിറഞ്ഞുനിന്നു. ഇതളുകള്‍ അടര്‍ന്നുവീഴുന്ന ആ പൂവിന്റെ ചേതോഹരമായ കാഴ്ച കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിന് തുല്യമായിട്ടുള്ളതാണ് 'പ്രവാചകന്റെ വഴി' എന്ന നോവല്‍ പാരായണം. ആ ഒരു കഥ പറയുകയോ ആ കഥയും മജ്ജയും മാംസവും ചോരയും നല്‍കുന്ന  കഥാപാത്രങ്ങളെ രൂപപ്പെടുത്തുകയോയല്ല ഇവിടെ വിജയന്‍ ചെയ്യുന്നത്. ജീവിതത്തിന്റെ   ബാഹ്യതലങ്ങളെയെന്നതുപോലെ ആന്തരിക ജീവിതത്തേയും തള്ളുകയും കൊള്ളുകയും ചെയ്ത കുറെ മനുഷ്യര്‍ക്കിടയില്‍ ജീവിക്കാന്‍  വായനക്കാരനെ നിയോഗിക്കുന്നതോടൊപ്പം, അവരുടെ കണ്ണും കണ്ണീരും നിങ്ങളുടേതാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ അവസ്ഥയില്‍നിന്ന് തന്നെപ്പോലെ മറ്റാര്‍ക്കും മോചനമില്ലെന്ന യാഥാര്‍ത്ഥ്യവും ആ ഓര്‍മ്മപ്പെടുത്തലിനകത്ത് അദ്ദേഹം സൂക്ഷിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രമ അവളുടെ പൊന്‍പൂശിയ പുസ്തകത്തില്‍ ഇങ്ങനെ കുറിച്ചത്: ''നാരായണേട്ടാ, അങ്ങ് എന്റെ ഗുരു ഗ്രന്ഥത്തിലേക്ക് കടന്നുവന്ന് എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. എന്റെ താളുകളില്‍ ഒരു പ്രവാചകനു മാത്രമേ ഞാന്‍ സ്ഥലം കൊടുത്തിരുന്നുള്ളു...'' കാര്‍ ഡ്രൈവറായ സുജാന്‍സിംഗും അതാണ് നാരായണനെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചത് - വചനം അശുദ്ധമായിക്കൂടെന്ന് എന്റെ ഗുരു എന്നെ പഠിപ്പിക്കുന്നു. 

ശിവാസ് വീക്ക്ലിയുടെ പ്രതിനിധിയായി തവാങ് സന്ദര്‍ശിക്കവെ, ചരിത്രത്തിന്റേയും  ഇതിഹാസത്തിന്റേയും അതിരുകള്‍ പൊരുത്തപ്പെടാതെ കിടക്കുന്നത് നാരായണന്‍ തിരിച്ചറിഞ്ഞു. യാത്രാനുഭവങ്ങള്‍ രമയുമായി പങ്കുവയ്ക്കവേ പത്രപ്രവര്‍ത്തകനായി തുടരാന്‍ തനിക്ക് സാധിക്കുകയില്ലെന്ന് നാരായണന്‍ സൂചിപ്പിച്ചു. ആയിടയ്ക്കാണ് വീക്ക്ലിയുടെ പ്രസിദ്ധീകരണം അവസാനിപ്പിക്കാന്‍ അതിന്റെ ഉടമസ്ഥന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ തന്നോടൊപ്പം വരാന്‍ നാരായണന്‍ ക്ഷണിച്ചെങ്കിലും  രമയ്ക്ക് അത് സ്വീകാര്യമായില്ല. തന്റെ അസാന്നിദ്ധ്യത്തില്‍ കുടുംബം അനാഥമാക്കുമെന്ന് അറിയാമായിരുന്ന അവള്‍, റയില്‍വേയില്‍ ഗുമസ്തയായി പണിയെടുത്തു ജീവിക്കാന്‍ താന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്ന് നാരായണനോട് ഖേദപൂര്‍വ്വം അറിയിച്ചു. യാത്ര ചെയ്യുമ്പോഴെല്ലാം തന്റെ വംശം നേരിടുന്ന ഭീഷണികളേയും അപകടങ്ങളേയും പറ്റി കുഞ്ഞുണ്ണിയോട് സുജാന്‍സിംഗ് പറയുമായിരുന്നു. സിക്കുകാരുടെ ആരാധനാലയങ്ങളായ ഗുരുദ്വാരകള്‍ അപകടം നേരിടുകയാണെന്നതില്‍ അയാള്‍ ഉത്കണ്ഠപ്പെട്ടു. ''രാഷ്ട്രം എന്നത് ബീഭത്സമായ മിഥ്യയാണ്. സുജാന്‍സിംഗ്. ഇതാ, ഈ നമ്മുടെ അടുപ്പം, എന്റെ നിളാനദി, താങ്കളുടെ മകനുവേണ്ടിയുള്ള കാത്തിരിപ്പ്. ഇതൊക്കെയാണ് ജീവനുള്ള ഒരുനാട്, ഇതൊക്കെ മാത്രം. എന്നാല്‍ ഈ ശുദ്ധ വികാരത്തെ ആയുധ കച്ചവടക്കാരനും പണം വെട്ടിപ്പുകാരനും റാഞ്ചിക്കൊണ്ട് പോകുന്നു. ഇങ്ങനെ രണ്ടു രാഷ്ട്രങ്ങള്‍...'' കുഞ്ഞുണ്ണിയുടെ വാക്കുകളൊന്നും സുജാന്‍സിംഗിന്റെ അനാഥത്വത്തെ  ആശ്വസിപ്പിച്ചിരുന്നില്ല. തന്റേയും തന്റെ വംശത്തിന്റേയും അന്ത്യം അടുക്കാറായിയെന്ന് തന്നെ അയാള്‍ കരുതി. എങ്കിലും ഒന്നും ഉപേക്ഷിക്കാന്‍  അയാള്‍ ഒരുക്കുമായിരുന്നില്ല.  അയാളുടെ സ്ഥിരചിത്തത സ്വാഭാവികമായും കുഞ്ഞുണ്ണിയില്‍ പഴയകാല ഓര്‍മ്മകള്‍ ഉയര്‍ത്തുകയുണ്ടായി. കോളേജ് കാലത്ത് നാരായണനേയും അയാളുടെ കൂട്ടുകാരനായ  കൃഷ്ണനുണ്ണിയേയും ജോസഫിനേയും  അവരുടെ പ്രൊഫ. രാധാകൃഷ്ണമേനോന്‍  ഗൂഢസംഘം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ''പ്രകൃതിയെ വിപ്ലവത്തിന്റെ പ്രവചനത്തിന് കീഴ്പ്പെടുത്തുക'' എന്ന ദൗത്യവുമായി ജോസഫ് ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ ഇത്തിരികാലം അലഞ്ഞു.  ഒടുവില്‍ അയാള്‍ പൊലീസിന്റെ പിടിയിലും ജയിലിലുമായി. കൃഷ്ണനുണ്ണി എല്ലാത്തിലും നിന്നൊഴിഞ്ഞു ജീവിച്ചു. ''വേണ്ടപ്പെട്ടവര്‍ക്കും തന്നോട് കലഹിച്ചിരുന്നവര്‍ക്കും ആര്‍ക്കൊക്കെയോ ആയി നിലം വീതിച്ചു. ദാനം ചെയ്തിട്ട് കൃഷ്ണനുണ്ണി കല്ലടിക്കോട്ടേയ്ക്ക് താമസം മാറ്റി.'' നാരായണന്‍ ഡല്‍ഹിയിലേയ്ക്കും. 

ഒവി വിജയൻ
ഒവി വിജയൻ

''സുവര്‍ണ്ണ ക്ഷേത്രത്തിലേയ്ക്ക് പൂക്കളും സുഗന്ധദ്രവ്യങ്ങളുമെന്നപോലെ ആയുധങ്ങളും ഒഴുകി നിറഞ്ഞു'' എന്ന വാക്യം, ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ സൈനികാക്രമണത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സുജാന്‍സിംഗിനെപ്പോലെയുള്ള യഥാര്‍ത്ഥ ഭക്തന്മാരെ തകര്‍ക്കുന്നതായിരുന്നു ആ സംഭവം. ശിവാസ് വീക്ക്ലിയുടെ പ്രസിദ്ധീകരണം നിലച്ച പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തുടരുന്നതില്‍ താല്പര്യമില്ലാതായ സാഹചര്യത്തിലാണ് നാരായണനെ തേടി കൃഷ്ണനുണ്ണിയുടെ കത്തുവരുന്നത്. ''അച്ഛന്‍ സഹിഷ്ണുതയോടെ എനിക്ക് ചെവിതരുന്നു.'' കൃഷ്ണനുണ്ണി എഴുതി. ''ശ്രദ്ധിച്ച്, പുഞ്ചിരിച്ച് അച്ഛന്‍ ഒരു കാര്യം അറിയിക്കാന്‍ എന്നെ ഏല്പിച്ചിരിക്കുകയാണ്, നീ നാട്ടില്‍ വന്ന് കുറച്ച് ദിവസം അച്ഛന്റെ കൂടെ കഴിച്ചാല്‍ നന്നെന്ന്. ഇവിടെ സുഖകരമായ ഒരോണക്കാലം കഴിഞ്ഞുപോയി. ഇപ്പോള്‍ മഴ തുവര്‍ന്ന കുളിര്‍മ്മയും വെളിച്ചവും നിറഞ്ഞ ദിവസങ്ങള്‍. നീ വരുന്നുണ്ടെങ്കില്‍ കല്ലിടിക്കോടും രണ്ടു നാലു ദിവസം ചെലവിടാന്‍ മനസ്സില്‍ സ്ഥലം കരുതിവയ്ക്കൂ.'' കൃഷ്ണനുണ്ണിയുടെ കത്ത്. അച്ഛന്റെ ഇംഗിതം. കുറച്ചുകാലത്തേയ്ക്കെങ്കിലും അച്ഛന്റെ കൂടെ കഴിക്കാന്‍ നാരായണന്‍ നിശ്ചയിച്ചു. 

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്ന ഡ്രൈവര്‍ കോയമൂപ്പില്‍ നിന്നാണ്, ജോസഫ് വീട്ടിലുണ്ടെന്ന്  നാരായണന്‍ അറിയുന്നത്. വിപ്ലവ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊലപാതകിയായി ജയിലിലായ അയാളെ രക്ഷിക്കാന്‍ നാരായണന്‍ ശ്രമിച്ചിരുന്നു. അത് നടന്നില്ല. അതിനുശേഷം, ജോസഫിനെ കാണുന്നത് ഡല്‍ഹിയില്‍ വച്ചായിരുന്നു. നാരായണനെത്തേടി വീക്ക്ലി ഓഫീസിലെത്തുമ്പോഴേയ്ക്ക് ജോസഫ് മുന്തിയ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. അതിനുശേഷം തറവാട്ടില്‍ അയാള്‍ കാത്തിരിക്കുന്നു. അതേപ്പറ്റി പിന്നീടൊരിക്കല്‍ രമയ്ക്കെഴുതിയ കത്തില്‍ നാരായണന്‍ ഓര്‍മ്മിച്ചതിങ്ങനെയാണ്: ''മങ്കരയുടെ രാത്രിയാണിത് രമേ. എന്റെ അസ്തിത്വം ഇപ്പോഴും വിശ്രമിക്കുന്ന ഗര്‍ഭപാത്രം. പുറത്ത് പൗര്‍ണ്ണമി. അതില്‍ നിള ഒഴുകുന്നു. ഈ നാലുകെട്ടില്‍ നിറയെ വൃദ്ധതയും ഓര്‍മ്മയുമാണ്.'' വിപ്ലവ കക്ഷികളില്‍ സംഭവിച്ച ഭാഗംവയ്ക്കലുകളില്‍ ജോസഫ് ഒറ്റപ്പെട്ടു. എല്ലാം ഉപേക്ഷിച്ച് കാവിമുണ്ടില്‍ അഭയം തേടിയ അയാളെ, സഹപ്രവര്‍ത്തകരായ ബ്രഹ്മദത്തനും സുധീന്ദ്രനും ശത്രുവായി പ്രഖ്യാപിച്ചു. അയാളെ മാത്രമല്ല, അയാള്‍ക്ക് അഭയം നല്‍കിയ നാരായണന്റെ പിതാവിനേയും അവര്‍ ശത്രുവാക്കി. 

രോഗവിവശനായ നാരായണന്റെ പിതാവിനെ ഔഷധങ്ങള്‍ക്ക് രക്ഷിക്കാനായില്ല. വാര്‍ദ്ധക്യത്തിന്റെ ആക്രമണത്തില്‍ അവസാനിച്ച ഒരു നല്ല മനുഷ്യന്റെ ഭൗതികശരീരവുമായി ആശുപത്രിയില്‍നിന്ന് മടങ്ങിയ നാരായണനും ജോസഫും കാണുന്നത്, കത്തിയെരിയുന്ന നാലുകെട്ടായിരുന്നു വിപ്ലവക്കാര്‍, അങ്ങനെ ശത്രുത പ്രകടിപ്പിച്ചിരുന്നു. ഇതിനകം സിക്കുകാര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ സുജാന്‍സിംഗ് മരിച്ചിരുന്നു. എല്ലാം അവസാനിക്കുകയായിരുന്നു. ഡല്‍ഹി സന്ദര്‍ശനം മതിയാക്കി നാട്ടിലേയ്ക്കും നാരായണന്‍ മടങ്ങി. ''കരഞ്ഞും ചിരിച്ചും രമ ഉറക്കം പിടിച്ചു. എന്നാല്‍, പ്രവാചകന്‍ വീണ്ടും സംഭവിക്കുന്ന, നാരായണേട്ടാ, രമ പറയുന്നതു പോലെ നാരായണന് തോന്നി...''

മധുരം ഗായതി 

ഗുരുസാഗരത്തിനും പ്രവാചകന്റെ വഴിക്കും പിന്നാലെ വിജയന്‍ രചിച്ച മധുരം ഗായതിയെ ഒരു ഗദ്യകാവ്യം എന്ന് വിശേഷിപ്പിക്കുന്നതാണ് ഉചിതം. സുകന്യയിലൂടെ കാലത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന ഈ രചനയെ ഏതാനും വാക്യങ്ങളില്‍ സംഗ്രഹിക്കാനുള്ള ശ്രമം വിഫലമാകുകയേയുള്ളു. വായനയിലൂടെ മാത്രം അനുഭവമാകുന്നതാണ് ഈ കൃതി. ഇതില്‍ വിജയന്‍ ഇങ്ങനെ എഴുതുന്നു: ''സംഗീതം ശ്രമിച്ചപ്പോള്‍ ഭൂമി ശുദ്ധയായി. യന്ത്രിമയുടേയും വൈരുദ്ധ്യത്തിന്റേയും സ്ഫോടനത്തിന്റേയും ഓര്‍മ്മ അകന്ന് ധന്യമായി. ഭൂമിയില്‍ സസ്യവും മൃഗവും ധാതുവും വീണ്ടും ഒത്തുചേര്‍ന്നു. കാറ്റുകളും ആര്‍ദ്രങ്ങളും കടലുകള്‍ അലസങ്ങളുമായി. കാലത്തിന്റെ ഗൂഢമായ വഴിത്താരയിലൂടെ, വിദൂരമായ യുഗസന്ധികളിലേയ്ക്കു സംഗീതം ഒഴുകിക്കിടന്നു. ഭൂമി അതിനെത്തേടി പ്രയാണം തുടര്‍ന്നു.''

അക്ഷരാര്‍ത്ഥത്തില്‍, നോവലുകളിലൂടെ വിജയന്‍ ഒരു സ്രഷ്ടാവുകയാണ്; പുതിയ  ഒരു പ്രപഞ്ചം. അതിനെ ധന്യമാക്കുന്ന കുറേ മനുഷ്യജീവികളെ അടുത്തുനിന്നും അകന്നുനിന്നും നോക്കുകയും അവരുടെ സ്നേഹത്തിലും നഷ്ടത്തിലും വിരഹങ്ങളിലും ആകുലചിത്തനായി പങ്കാളിയാവുകയും ചെയ്യുന്ന അദ്ദേഹത്തിലൂടെ മലയാള നോവല്‍ സാഹിത്യം അതുവരെ ചെന്നെത്തിയിട്ടില്ലാത്ത ഉയരങ്ങള്‍ തേടുക മാത്രമല്ല, അവയെ സ്വന്തമാക്കുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com