മുസ്ലിം ലീഗ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി

ഈ അടുത്താണ് എ.ആര്‍. നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക തട്ടിപ്പിന്റെ, അഴിമതിയുടെ കഥകള്‍ പുറത്തുവന്നത്. അത് അറിഞ്ഞപ്പോള്‍ അതില്‍ വസ്തുതകള്‍ ഉണ്ടെന്ന് എനിക്കു മനസ്സിലായി
കെടി ജലീൽ/ ഫെയ്സ്ബുക്ക്
കെടി ജലീൽ/ ഫെയ്സ്ബുക്ക്

പി.കെ. കുഞ്ഞാലിക്കുട്ടിയോടുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കാനാണോ എ.ആര്‍. നഗര്‍ സഹകരണ ബാങ്ക് വിവാദം ഉപയോഗിച്ചത്? 

വ്യക്തിപരമായി പി.കെ. കുഞ്ഞാലിക്കുട്ടിയോട് എനിക്ക് എന്തെങ്കിലും പ്രശ്‌നം ഇല്ല. അത് ഉണ്ടാകണമായിരുന്നുവെങ്കില്‍ 2006-ല്‍ അദ്ദേഹത്തെ തോല്‍പ്പിച്ച ഉടനെ വന്ന വി.എസ്സിന്റെ മന്ത്രിസഭയെ ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിനെതിരെ എന്തെങ്കിലുമൊക്കെ നീക്കങ്ങള്‍ ഞാന്‍ നടത്തേണ്ടിയിരുന്നു. പക്ഷേ, അതു ചെയ്തിട്ടില്ല. ഈ അടുത്താണ് എ.ആര്‍. നഗര്‍ ബാങ്കുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക തട്ടിപ്പിന്റെ, അഴിമതിയുടെ കഥകള്‍ പുറത്തുവന്നത്. അത് അറിഞ്ഞപ്പോള്‍ അതില്‍ വസ്തുതകള്‍ ഉണ്ടെന്ന് എനിക്കു മനസ്സിലായി. ആ പ്രശ്‌നമാണ് പൊതുസമൂഹത്തിനു മുന്നില്‍ ഞാന്‍ ഉയര്‍ത്താന്‍ ശ്രമിച്ചത്. ഞാന്‍ അത് ഉയര്‍ത്തിയില്ലായിരുന്നെങ്കില്‍ പല കേസുകളിലുമെന്നപോലെ ഉദ്യോഗസ്ഥന്മാര്‍ അതു കുഴിച്ചുമൂടുമായിരുന്നു. അതിനുള്ള ഒരു സാഹചര്യം ഒരുക്കിക്കൊടുക്കരുത് എന്ന നിര്‍ബ്ബന്ധം എനിക്കുണ്ടായി. ഒരു പൊതുപ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം സാമ്പത്തികരംഗത്ത് അയാള്‍ പാലിക്കേണ്ട അച്ചടക്കം, മര്യാദ എന്നിവയുടെയെല്ലാം സീമകള്‍ ലംഘിച്ചുകൊണ്ട് മലപ്പുറം രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടി അതികായനാകാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ പല സന്ദര്‍ഭങ്ങളിലും എനിക്ക് ഉണ്ടായിട്ടുണ്ട്. അദ്ദേഹം വിചാരിക്കുന്നത് എന്തിനേയും പണം കൊടുത്തു നേരിടാം എന്നാണ്. ഈ വിഷയം ഞാന്‍ ഉന്നയിച്ചതിനു ശേഷം ഞാനുമായി പലരും ബന്ധപ്പെട്ടിരുന്നു, സംസാരിച്ചിരുന്നു. എന്തിനാണ് ഇങ്ങനെയൊരു വിഷയം നിങ്ങള്‍ എടുത്തിടുന്നത്; നിങ്ങള്‍ക്കെന്താണ് വേണ്ടത് എന്ന് അവര്‍ ചോദിച്ചു. അങ്ങനെയൊക്കെ ചോദിക്കുന്നു എന്നതിലൂടെ മനസ്സിലാക്കേണ്ടത് പണം കൊടുത്താല്‍ ആരെയും വിലയ്ക്കു വാങ്ങാന്‍ കഴിയുമെന്ന് അദ്ദേഹത്തെപ്പോലെ ചിലരെങ്കിലും വിശ്വസിക്കുന്നു എന്നതാണ്. സാധാരണയായി, സാമ്പത്തിക ഇടപാടുകളൊന്നും ആരും പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കില്ല. അവര്‍ക്കും ഉണ്ടാകും എന്തെങ്കിലുമൊക്കെ. അതും സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടും എന്നതുകൊണ്ട് പലരും അതിനു മുതിരാതിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒന്നുമില്ല എന്ന ഉത്തമബോധ്യം തന്നെയാണ് ഇതിന് ഇറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ഉണ്ടെങ്കില്‍ കൊണ്ടുവരട്ടെ, എനിക്കെതിരായി ഇ.ഡിയുടെ എന്നല്ല, മറ്റെന്ത് അന്വേഷണവും ലീഗ് ആവശ്യപ്പെടട്ടെ. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. 

ഈ വിളികള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഉറപ്പാണോ? 

അദ്ദേഹത്തിന്റെ സമ്മതപ്രകാരം തന്നെയാകാനാണ് സാധ്യത. ഈ നാട്ടില്‍ വിലക്കെടുക്കാന്‍ പറ്റാത്ത ആളുകളും ഉണ്ടെന്ന് അത്തരക്കാരെ ബോധ്യപ്പെടുത്തിക്കൊടുക്കണം; അത് എന്റെയൊരു വാശിയായിരുന്നു. അതുകൊണ്ടുകൂടിയാണ് ഈ വിഷയത്തില്‍ ഒരു കോംപ്രമൈസ് ഇല്ലാതെ മുന്നോട്ടുപോകണം എന്നു ഞാന്‍ തീരുമാനിച്ചത്. അദ്ദേഹം 10-12 വര്‍ഷം മന്ത്രിയായിരുന്നിട്ടുണ്ട്. ഞാനും മന്ത്രിയായിരുന്നു. മന്ത്രിയായാല്‍ സമ്പത്തുണ്ടാകണമെങ്കില്‍, സ്വാഭാവിക സമ്പത്താണെങ്കില്‍ എനിക്കുണ്ടാകേണ്ടേ? ഇത് അങ്ങനെയല്ല; അസ്വാഭാവികമായി, പദവികളൊക്കെ ഉപയോഗിച്ച് പലതും ചെയ്തു. അതുമായി ബന്ധപ്പെട്ട പണമാണ് എ.ആര്‍. നഗര്‍ ബാങ്കിലെ വിവിധ അക്കൗണ്ടുകളില്‍ തല്‍ക്കാലത്തേക്കു നിക്ഷേപിച്ചത്. പിന്നീടതു പിന്‍വലിച്ചു റിവേഴ്സ് ഹവാല വഴി വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഖത്തറില്‍ എത്തിച്ച് അവിടെ വലിയൊരു ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു. ഇതു ബോധ്യപ്പെട്ടതിന്റെ കൂടി വെളിച്ചത്തിലാണ് ഈ വിഷയം സമൂഹമധ്യത്തില്‍ ഉയര്‍ത്തേണ്ടതുണ്ട് എന്നു തീരുമാനിച്ചത്.

ആഷിഖിന്റെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് നിയമസഭയില്‍ താങ്കള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് എന്‍.ആര്‍.ഇ നിക്ഷേപമാണ് എന്നാണല്ലോ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയ ഗൗരവമുള്ള കാര്യമാണല്ലോ. മുഖ്യമന്ത്രിക്ക് അതു മനസ്സിലാകാത്തതല്ല. അദ്ദേഹത്തിന് ഒരു മൃദുസമീപനമുണ്ടോ? 

ഞാന്‍ അദ്ദേഹത്തോടു സംസാരിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം ഇതിന്റെ ഗൗരവവും മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് മനസ്സിലായത്. ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടത്താം എന്നും പറഞ്ഞിട്ടുണ്ട്. എന്‍.ആര്‍.ഇ അക്കൗണ്ട് ഒരു കാരണവശാലും തുടങ്ങാന്‍ കഴിയുന്ന ഒരു ബാങ്കല്ല എ.ആര്‍. നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. എ.ആര്‍. നഗര്‍ ബാങ്കിന് എസ്.ബി.ഐയുടെ കൂരിയാട് ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് ഖത്തറില്‍നിന്ന് ആഷിഖ് മൂന്നു തവണയായി മൂന്നുകോടി രൂപ അയച്ചത്. എന്നിട്ട് എ.ആര്‍. നഗര്‍ ബാങ്ക് ഈ പണം ഫിക്സഡ് ഡിപ്പോസിറ്റായി ആഷിഖിന്റെ അക്കൗണ്ടിലേക്കു മാറ്റുകയാണ് ചെയ്തത്. ഇതു നിലവിലുള്ള ബാങ്കിംഗ് നിയമപ്രകാരം ശരിയായിട്ടുള്ള ഒരു കാര്യമല്ല. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇതു ശക്തമായി വിലക്കുന്നു. 

പിണറായി വിജയൻ
പിണറായി വിജയൻ

ബെനാമി അക്കൗണ്ടുകള്‍ക്കായി ആളുകള്‍ അറിയാതെ പേരും വിലാസവും ഉപയോഗപ്പെടുത്തിയത് എന്തുകൊണ്ടാണ് വലിയൊരു പ്രശ്‌നമായി ഉയര്‍ന്നു വരാത്തത്? 

ഇക്കാര്യത്തില്‍ നിരവധി പരാതികളുണ്ട്; കൂടാതെ ബാങ്ക് ജീവനക്കാരുടെ പരാതികളുമുണ്ട്. തങ്ങളറിയാതെ ഹരികുമാര്‍ ചെയ്തതായി അവരെല്ലാം പറയുന്നുണ്ട്. ഞെട്ടിക്കുന്ന ഒരു കാര്യം ഇനി വരാന്‍ പോകുന്നത് കേരളത്തിലെ നൂറിലധികം മുസ്ലിം ലീഗ് കമ്മിറ്റികളുടെ അക്കൗണ്ടുകള്‍ അവിടെയുണ്ട് എന്നതാണ്. അതു മുഴുവന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവ റിട്രീവ് ചെയ്ത് എടുത്തപ്പോഴാണ് മുസ്ലിം ലീഗ് കമ്മിറ്റികളുടേതാണ് എന്ന് അറിയുന്നത്. ലീഗ് കമ്മിറ്റികളുടെ സെക്രട്ടറിയുടേയും ട്രഷററുടേയും മറ്റും പേരിലാണിത്. അവരറിഞ്ഞിട്ടില്ല. ഹരികുമാറിനു മാത്രം ഒരു കാരണവശാലും അതു ചെയ്യാന്‍ ധൈര്യം വരില്ല. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അറിവും സമ്മതവുമില്ലാതെ, അദ്ദേഹത്തിന്റെ സമ്മര്‍ദ്ദത്തിനു വഴിപ്പെട്ടല്ലാതെ മുസ്ലിം ലീഗിന്റെ നൂറിലധികം കമ്മിറ്റികളുടെ പേരില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ ഒരിക്കലും കഴിയില്ല. മുസ്ലിം ലീഗ് പാര്‍ട്ടിയേയും പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയേയും കള്ളപ്പണം സൂക്ഷിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഉപയോഗിക്കുന്ന വളരെ മോശം കീഴ്വഴക്കമാണ് കുഞ്ഞാലിക്കുട്ടി ആരംഭിച്ചിരിക്കുന്നത്. 

അനുഭവസമ്പത്തുള്ള വലിയ നേതാക്കള്‍ ഇപ്പോഴുമുള്ള പാര്‍ട്ടിയാണല്ലോ അത്? 

കുഞ്ഞാലിക്കുട്ടി നേതൃത്വത്തില്‍ വന്ന ശേഷം കുറേക്കാലമായി മുസ്ലിം ലീഗിന്റെ ഒരു ജനകീയ പിരിവ് നടന്നിട്ടില്ല. എല്ലാ പാര്‍ട്ടികള്‍ക്കും ഓരോ വര്‍ഷവും പാര്‍ട്ടി ഫണ്ട് പിരിവുണ്ടാകും. സമീപകാലത്ത് എപ്പോഴെങ്കിലും മുസ്ലിം ലീഗിന്റെ പാര്‍ട്ടി ഫണ്ട് പിരിക്കുന്നതിന്റെ ഒരു ക്യാംപെയ്ന്‍, ഒരു പോസ്റ്റര്‍, നോട്ടീസ് കണ്ടതായി ഓര്‍ക്കുന്നുണ്ടോ? കുഞ്ഞാലിക്കുട്ടി വന്ന ശേഷം ലീഗില്‍ ഉണ്ടായ ഒരു കാര്യം എന്താണെന്നു വച്ചാല്‍ ലീഗ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രൂപാന്തരപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. പാണക്കാട്ട് തങ്ങമ്മാരെ അതിന്റെ ഡെക്കറേറ്റീവ് ചെയര്‍മാനായി വയ്ക്കുകയും ഇദ്ദേഹം അതിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയുമാണ്. പാര്‍ട്ടിക്ക് പൈസ വേണോ, താന്‍ കൊടുക്കും. തനിക്കെവിടെ നിന്നാണ് പൈസ കിട്ടുന്നത്; തന്റെ തറവാട്ടില്‍നിന്നല്ല. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്, മന്ത്രിയായി പദവികള്‍ അര്‍ഹിക്കുന്ന ഘട്ടത്തില്‍ അതിന്റെ മറവിലാണ് ഈ പണം മുഴുവന്‍ ഉണ്ടാക്കുന്നത്. എന്നിട്ട് ആ പണം ഉപയോഗിച്ച്, അല്ലെങ്കില്‍ ആ പണം ബാങ്കിലിട്ട് അവിടെനിന്ന് അതിന്റെ പലിശ വാങ്ങി ലീഗിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു പുതിയ പലിശാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനം കേരളത്തില്‍ത്തന്നെ ആംഭിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ജനങ്ങളില്‍നിന്നു ഫണ്ട് പിരിക്കുക എന്നതുതന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ആ രാഷ്ട്രീയ പ്രവര്‍ത്തനം മരവിപ്പിച്ചു. അങ്ങനെ ആയാല്‍ മുസ്ലിം ലീഗ് എല്ലാവരുടേതുമാകും; മുസ്ലിം ലീഗ് മുസ്ലിം ലീഗുകാരുടേതാകും. ഇതിപ്പോള്‍ മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയുടേതു മാത്രമാണ്. പലരും പറയുന്നതെന്താ, കുഞ്ഞാലിക്കുട്ടി ഇല്ലെങ്കില്‍പ്പിന്നെ പണത്തിന് എന്തുചെയ്യും. ഒരു നോട്ടടി യന്ത്രം എന്ന നിലയിലാണ് ഇവര്‍ അദ്ദേഹത്തെ കാണുന്നത്. ആലങ്കാരികമായി പറഞ്ഞാല്‍, ഈ നോട്ടടി യന്ത്രത്തിലൂടെ അദ്ദേഹം ഉണ്ടാക്കുന്നു എന്നു പറയുന്ന പണം മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ വലിയ അഴിമതികളുടെ ഫലമായി ഉണ്ടായിട്ടുള്ളതാണ്. അദ്ദേഹം വ്യവസായ മന്ത്രിയായിരിക്കെ ആര് അദ്ദേഹത്തെ ഒരു പുതിയ പ്രൊജക്റ്റുമായി സമീപിച്ചാലും അദ്ദേഹം ആദ്യം തന്റെ ഷെയറിനെക്കുറിച്ചാണ് സംസാരിക്കുക. അദ്ദേഹത്തിന്റെ ഒരു ബെനാമി ആ ബിസിനസ്സില്‍ പങ്കാളിയായിരിക്കും; ഒരു തര്‍ക്കവുമില്ല. 

പികെ കുഞ്ഞാലിക്കുട്ടി
പികെ കുഞ്ഞാലിക്കുട്ടി

കേന്ദ്ര സര്‍ക്കാര്‍ പുതുതായി സഹകരണ വകുപ്പ് രൂപീകരിച്ചത് സംസ്ഥാനങ്ങളിലെ സഹകരണ മേഖലയില്‍ ഇടപെടാനാണ് എന്ന വിമര്‍ശനം നിലനില്‍ക്കുകയാണ്. അപ്പോഴാണ് രാജ്യത്തുതന്നെ ശക്തമായ സഹകരണമേഖലയുള്ള കേരളത്തില്‍ ഒരു സഹകരണ ബാങ്ക് ഇത്ര വലിയ അഴിമതിയുടെ പേരില്‍ തുറന്നുകാട്ടപ്പെടുന്നത്. അതിന്റെയൊരു പ്രത്യാഘാതം എന്തായിരിക്കും? 

ബി.ജെ.പിയുടെ സഹകരണ മേഖലയിലേക്കുള്ള കടന്നുവരവിനെ എന്തുവിലകൊടുത്തും പ്രതിരോധിക്കേണ്ടതാണ്. കേരളത്തില്‍ സഹകരണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ സാമ്പത്തിക വൈഷമ്യങ്ങള്‍ അകറ്റുന്നതിനുവേണ്ടിയാണ് തുടങ്ങിയത്. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിലാണ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും സഹകരണ പ്രസ്ഥാനം സുശക്തമായി മുന്നോട്ടു പോകുന്നത്. ചില പുഴുക്കുത്തുകള്‍ ഉണ്ടാകാം. അത് എല്ലാത്തിലുമുണ്ട്. പക്ഷേ, ഒരു സഹകരണ സ്ഥാപനത്തെ ഇത്രമാത്രം ഒരു രാഷ്ട്രീയ നേതാവ് ദുരുപയോഗം ചെയ്തതിന് രാജ്യത്തുതന്നെ ഉദാഹരണം ഉണ്ടാകില്ല. പക്ഷേ, ഏതു കള്ളത്തരവും പൊളിയാന്‍ ദൈവം ഒരു പഴുത് ബാക്കിവയ്ക്കും എന്നു പറയാറുള്ളതുപോലെ ഒരുപക്ഷേ, ആഷിഖിന്റെ പേരില്‍ എ.ആര്‍. നഗര്‍ ബാങ്കിലുള്ള മൂന്നു കോടി രൂപയുടെ നിക്ഷേപം അത്തരമൊരു ത്രെഡ്ഡാകാം. അതിന്റെ ഒരു കോടി 14 ലക്ഷം രൂപ പലിശ അദ്ദേഹം വാങ്ങിയിട്ടുണ്ട്. പലിശ ഹറാമാണ്, മതനിഷിദ്ധമാണ്, വിശ്വാസ നിഷിദ്ധമാണ് എന്നു കരുതുന്നവരാണ് മുസ്ലിങ്ങള്‍. കേരളത്തിലെ പല ബാങ്കുകളിലും ഒരുപാട് മുസ്ലിങ്ങളുടെ നിക്ഷേപത്തിന്റെ പലിശ വാങ്ങാതെ കിടപ്പുണ്ട്. എത്രയോ സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ പലിശ വാങ്ങാതെ കിടപ്പുണ്ട്. ആ സമയത്താണ് ഈ നിക്ഷേപങ്ങളുടെ പലിശ ഒരു രൂപപോലും പാഴാക്കാതെ വാങ്ങി സ്വന്തം ആവശ്യത്തിനും മുസ്ലിം ലീഗിന്റെ ആവശ്യത്തിനും ചെലവാക്കുന്നത്. 

ഹരികുമാറിന്റെ സി.പി.എം ബന്ധം ചര്‍ച്ചയായിട്ടുണ്ടല്ലോ. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിന്റെ ബന്ധുവാണ് ഹരികുമാര്‍ എന്നു ചൂണ്ടിക്കാട്ടിയാണ് ഇത്തരം ചര്‍ച്ചകള്‍. ആ ബന്ധം കുഞ്ഞാലിക്കുട്ടിക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുണ്ടോ? 

ഞാന്‍ അങ്ങനെ കരുതുന്നില്ല. കാരണം, നമ്മുടെ എല്ലാ ബന്ധുക്കളും നമ്മളെപ്പോലെ ആയിരിക്കണമെന്നില്ല; നമ്മുടെ പാര്‍ട്ടിയും രാഷ്ട്രീയവും ആയിരിക്കണമെന്നില്ല. അറിഞ്ഞിടത്തോളം ഹരികുമാര്‍ ഒരു കോണ്‍ഗ്രസ്സുകാരനാണ്. ഏതെങ്കിലും സി.പി.എമ്മുകാരന്റെ ബന്ധുവാണ് എന്നതുകൊണ്ട് ആ സി.പി.എമ്മുകാരന്‍ അറിഞ്ഞാണ് ഇതൊക്കെ നടക്കുന്നത് എന്നു വിശ്വസിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ അങ്ങനെ കരുതുന്നില്ല. എന്റെ ഏതെങ്കിലുമൊരു കുടുംബക്കാരന്‍ ഇങ്ങനെ എന്തെങ്കിലും തട്ടിപ്പു നടത്തിയാല്‍ ഞാന്‍ അതില്‍ എങ്ങനെയാണ് ഭാഗഭാക്കാവുക. അത്രയേ ഞാനതിനെ കാണുന്നുള്ളൂ. ഒരുതരത്തിലുള്ള സഹായവും അവര്‍ക്ക് സി.പി.എമ്മില്‍നിന്നു കിട്ടുന്നില്ല എന്നാണ് എന്റെ വിശ്വാസം.

സാദിഖലി തങ്ങൾ
സാദിഖലി തങ്ങൾ

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ വിഷയത്തിലെ ഇടപെടല്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്? 

ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു ഞാന്‍ ഇ.ഡിക്കു പരാതി കൊടുത്തിട്ടില്ല. സഹകരണ ബാങ്കുകളിലേക്ക് ഇ.ഡിപോലുള്ള ഒരു കേന്ദ്ര ഏജന്‍സി കടന്നുവരുന്നതിനു കാരണമാകും എന്നതുകൊണ്ട്; അങ്ങനെയൊരു ആശങ്ക പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഉള്ളതുകൊണ്ട് വ്യക്തിപരമായ എന്റെ ആ ഒരു നീക്കത്തില്‍നിന്നു ഞാന്‍ പിറകോട്ടു പോരുകയാണ് ഉണ്ടായിട്ടുള്ളത്. വ്യക്തിപരമായ എന്റെ അഭിപ്രായം അതാണെങ്കിലും പാര്‍ട്ടിയുടേയും മുഖ്യമന്ത്രിയുടേയും അഭിപ്രായം വന്ന സാഹചര്യത്തില്‍ ആ അഭിപ്രായത്തെ ഞാന്‍ മുഖവിലയ്‌ക്കെടുക്കുന്നു. എന്നാല്‍, കേരളത്തില്‍ ഇത് അന്വേഷിക്കേണ്ട ഏജന്‍സികള്‍ തീര്‍ച്ചയായും ഇത് അന്വേഷിക്കും. അതിന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പ് ഇപ്പോള്‍ത്തന്നെ നല്ല നിലയിലുള്ള അന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇനിയുമൊരു റിപ്പോര്‍ട്ടുകൂടി അവര്‍ തയ്യാറാക്കുന്നതായാണ് മനസ്സിലാകുന്നത്. അതുകൂടി വരുന്നതോടെ കൂടുതല്‍ കള്ളത്തരങ്ങള്‍ വെളിവാകും. 

കുഞ്ഞാലിക്കുട്ടിയും ഹരികുമാറുമൊക്കെ ഉള്‍പ്പെടുന്ന ഒരു വിജിലന്‍സ് കേസാണോ ഇനി ഉടനെ താങ്കള്‍ പ്രതീക്ഷിക്കുന്നത്? 

അതെ. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി നമുക്കു കാണാന്‍ കഴിയില്ല. മലപ്പുറം ജില്ലയില്‍ ആ അനധികൃത, അവിഹിത പണം ഉപയോഗിച്ചാണ് ലീഗ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതും അവിടെ മത്സരിക്കുന്നതുമെല്ലാം.

മുസ്ലിം ലീഗ് ഒരു മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണെന്നു വിശ്വസിക്കുന്ന നിരവധിയാളുകള്‍ പുറത്തുണ്ട്. ലീഗിനുള്ളില്‍ ഇത്തരം തെറ്റായ പോക്കിനെതിരെ തിരുത്തല്‍ ശക്തികളാകാന്‍ കഴിയുന്ന നേതാക്കളും പ്രവര്‍ത്തകരുമില്ലേ? 

നമ്മുടെ നാട്ടില്‍ ലീഗിനെക്കുറിച്ച് അങ്ങനെയൊരു തെറ്റായ ധാരണ പരത്താന്‍ ശ്രമം നടക്കുന്നുണ്ട്. അതായത്, കുഞ്ഞാലിക്കുട്ടി ദി മോസ്റ്റ് സെക്കുലര്‍ ലീഗ് നേതാവാണ്. കുഞ്ഞാലിക്കുട്ടി നേതൃത്വത്തിലിരിക്കുന്നതാണ് മറ്റേത് നേതാവ് ഇരിക്കുന്നതിനേക്കാള്‍ നല്ലത്. അതിനാല്‍ കുഞ്ഞാലിക്കുട്ടി ചെയ്യുന്ന ഈ തോന്ന്യാസങ്ങള്‍ നമുക്ക് അംഗീകരിച്ചുകൊടുക്കാം എന്ന രീതിയിലാണ് പലരും ചിന്തിക്കുന്നത്. സത്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ, ഈ സെക്കുലര്‍ മനോഭാവം എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന, അങ്ങനെ മറ്റുള്ളവര്‍ കാണുന്ന ഈ രീതി അദ്ദേഹം ചെയ്യുന്ന തനി തോന്ന്യാസങ്ങളും തെമ്മാടിത്തങ്ങളും കൊള്ളരുതായ്മകളും അവിഹിത ഇടപാടുകളും സാമ്പത്തിക ക്രമക്കേടും മൂടിവയ്ക്കാനുള്ളതാണ്. കുഞ്ഞാലിക്കുട്ടിയുടെ വളരെ അടുത്ത ആളാണ് ഹരികുമാര്‍; അതുകൊണ്ട് കുഞ്ഞാലിക്കുട്ടി സെക്കുലറാണ് എന്നു പറയാന്‍ പറ്റുമോ? ഹരികുമാര്‍ എന്ന ആളെ അദ്ദേഹം വശപ്പെടുത്തിയിരിക്കുന്നത് തന്റെ കള്ളപ്പണ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലാണ്. കുഞ്ഞാലിക്കുട്ടി സെക്കുലറാണ് എന്നു പറയുന്നത്, അദ്ദേഹം വേണ്ടത്ര മതബോധം ഇല്ലാത്ത ആളാണ് എന്ന അര്‍ത്ഥത്തിലാണെങ്കില്‍ ശരിയാണ്. 

ലീഗിലെ ഇതു തിരിച്ചറിയുന്ന ആളുകളുടെ പിന്തുണ താങ്കള്‍ക്കുണ്ടോ? 

തീര്‍ച്ചയായും. മുസ്ലിം ലീഗില്‍ ഇതു തിരിച്ചറിയുന്ന ഒരുപാടാളുകളുണ്ട്. അവര്‍ ഞാനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞാന്‍ മുസ്ലിം ലീഗില്‍നിന്നു പോരണമെന്ന് മനസ്സാ വാചാ ആഗ്രഹിച്ചിട്ടുള്ള ഒരാളല്ല. അതിനു നിര്‍ബ്ബന്ധിതമായതാണ്. മുസ്ലിം ലീഗിനെ റിഫൈന്‍ ചെയ്യണം എന്നേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. യൂത്ത് ലീഗിന്റെ സെക്രട്ടറി എന്ന നിലയിലും ഞാന്‍ അതേ ആഗ്രഹിച്ചിട്ടുള്ളൂ. അങ്ങനെയുള്ള എന്നെ പുറത്താക്കാന്‍ വേണ്ടിയാണ് അന്നോളമില്ലാത്ത ഒരു കീഴ്വഴക്കം ആരംഭിച്ചത്. മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്ടെ തങ്ങമ്മാരാകുക എന്നത് കാലങ്ങളായി സ്വീകരിച്ചു വരുന്ന ഒരു രീതിയാണ്. ബാഫഖി തങ്ങള്‍ക്കു ശേഷം പൂക്കോയ തങ്ങളും അദ്ദേഹത്തിനുശേഷം മുഹമ്മദലി ശിഹാബ് തങ്ങളും പിന്നീട് അദ്ദേഹത്തിന്റെ അനുജന്‍ ഹൈദരലി ശിഹാബ് തങ്ങളും. അങ്ങനെ പോരുകയാണ്. പക്ഷേ, യൂത്ത് ലീഗില്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടേ ഇല്ല. സാദിഖലി തങ്ങളാണ് പാണക്കാട് കുടുംബത്തില്‍നിന്ന് ആദ്യമായി യൂത്ത് ലീഗ് അധ്യക്ഷനായി വരുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ അദ്ദേഹത്തിന് അന്ന് യൂത്ത് ലീഗിനു നിശ്ചയിച്ചിരുന്നതിനേക്കാള്‍ രണ്ടു വയസ്സ് കൂടുതലായിരുന്നു. അദ്ദേഹത്തെ കൊണ്ടുവന്നത് സാദിഖലി തങ്ങളോടുള്ള കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടം കൊണ്ടല്ല. ഞാന്‍ പ്രസിഡന്റാകുന്നത് തടയാന്‍ ഏറ്റവും നല്ല വഴി അതാണ് എന്ന നിലയിലാണ്. അതിനുശേഷം പിന്നെ മുനവ്വറലി തങ്ങള്‍ പ്രസിഡന്റായി. 

മുനവ്വറലി തങ്ങൾ
മുനവ്വറലി തങ്ങൾ

മുഈനലി തങ്ങളുടെ പ്രതികരണങ്ങളും ചര്‍ച്ചയായല്ലോ. അദ്ദേഹത്തിനെതിരെ നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുമെന്നു താങ്കള്‍ പറയുന്ന സാഹചര്യം വരെ ഉണ്ടായി. മുഈനലി തങ്ങള്‍ കുഞ്ഞാലിക്കുട്ടിയുടെ ഈവിധ പ്രവര്‍ത്തനങ്ങളെ പാണക്കാട്ടു തറവാട്ടില്‍നിന്ന് എതിര്‍ക്കുന്ന, സമീപഭാവിയില്‍ പുറത്തുപറയാന്‍ സാധ്യതയുള്ള ആളാണോ? 

അങ്ങനല്ല. എന്തുകൊണ്ടാണ് ഞാന്‍ ആ പറഞ്ഞതിനെതിരായി മുസ്ലിം ലീഗില്‍നിന്നു പ്രതികരണം ഉണ്ടാകാതിരുന്നത്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ പറയേണ്ടതെന്താ. പുറത്തുവിടാനല്ലേ പറയേണ്ടത്. മുഈനലി തങ്ങളെ ഞങ്ങള്‍ എന്തു ചെയ്യുന്നു എന്നുള്ളത് പിന്നെ തീരുമാനിക്കാം, അത് ജലീലിന്റെ വിഷയമല്ല; അതുകൊണ്ട് ആ ഓഡിയോ പുറത്തു വിടണം എന്നല്ലേ എന്നെ വെല്ലുവിളിക്കേണ്ടത്. അവരതു ചെയ്‌തോ. ഇല്ലല്ലോ. അപ്പോള്‍ എന്തോ പറഞ്ഞിട്ടുണ്ട്. മുഈനലി തങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് കുടുംബത്തിലെ പുതിയ തലമുറ കുഞ്ഞാലിക്കുട്ടിയുടെ ഈ അപ്രമാദിത്വം അംഗീകരിക്കുന്നവരല്ല. അവരെ കുഞ്ഞാലിക്കുട്ടിക്കെന്നല്ല ആര്‍ക്കും വിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ഒരു സംശയവും അക്കാര്യത്തിലില്ല. അവര്‍ ശക്തമായി അവരുടെ അഭിപ്രായങ്ങള്‍ പറയും, അതോടെ കുഞ്ഞാലിക്കുട്ടിക്ക് ഇതുവരെ ലീഗില്‍ ഉണ്ടായിരുന്ന മേല്‍ക്കൈ ദുര്‍ബ്ബലമാകും. 

സി.പി.എമ്മും സര്‍ക്കാരും കുഞ്ഞാലിക്കുട്ടിയുടെ അഴിമതിക്കെതിരായ വിഷയത്തില്‍ താങ്കളെ പിന്നോട്ടു പിടിച്ചുവലിക്കുന്നു എന്ന തോന്നല്‍ ഇടക്കാലത്തുണ്ടായല്ലോ. ആ സാഹചര്യത്തെ എങ്ങനെയാണ് മറികടന്നത്? 

ഒരിക്കലും എന്നോട് പാര്‍ട്ടിയോ മുഖ്യമന്ത്രിയോ ഈ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍നിന്നു മാറിനില്‍ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടേയില്ല. നേരത്തെ പല കാര്യങ്ങളിലും ഇ.ഡിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സമീപനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞത്. അതില്‍ ശരിയുണ്ട് എന്നെനിക്കു ബോധ്യമായി. എന്നാല്‍, മറ്റു തരത്തിലുള്ള ഒരു ഇടപെടലിനും അവര്‍ തടസ്സമല്ല. അവര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശങ്ങളേത്തുടര്‍ന്ന് ഇടതുപക്ഷത്തുനിന്നുണ്ടായ ചില പ്രതികരണങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയല്ലോ. ബിഷപ്പിന്റെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ എന്താണ് പ്രതികരണം? 

ബി.ജെ.പിയാണ് സമീപകാലത്ത് ക്രിസ്ത്യന്‍, മുസ്ലിം ശത്രുത ഉണ്ടാക്കുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കാരണം ബി.ജെ.പിക്ക് ഇവിടെ എന്തെങ്കിലും തരത്തിലുള്ള ഒരു രാഷ്ട്രീയ മുന്നേറ്റം നടത്തണമെങ്കില്‍ ഏതെങ്കിലുമൊരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണ ആവശ്യമാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു കഴിഞ്ഞില്ലെങ്കില്‍ അവരുടെ പാര്‍ലമെന്ററി മോഹങ്ങള്‍ വ്യാമോഹങ്ങളായി അവശേഷിക്കുക തന്നെ ചെയ്യും. കേരളത്തിലെ 46 ശതമാനം ന്യൂനപക്ഷങ്ങളാണ്. മുസ്ലിങ്ങള്‍ അടിസ്ഥാനപരമായി ബി.ജെ.പിയോട് ഒരു നിലയ്ക്കും ഒത്തുപോകുന്നവരോ കൂട്ടുചേരുന്നവരോ അല്ല. നേരത്തെ മൂവാറ്റുപുഴയില്‍നിന്ന് പി.സി. തോമസ് ബി.ജെ.പിയുടെ പിന്തുണയോടുകൂടി ഇടതുപക്ഷത്തേയും യു.ഡി.എഫിനേയും തോല്‍പ്പിച്ച് എം.പിയായിട്ടുണ്ട്. പിന്നെ, അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ എന്‍.ഡി.എയിലാണ് താനും. അപ്പോള്‍, കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായമാണ് തങ്ങള്‍ക്കു സമീപിക്കാവുന്നത് എന്നും അവരെ എങ്ങനെ യു.ഡി.എഫില്‍നിന്ന് അടര്‍ത്തിയെടുത്തു കൊണ്ടുവരാം എന്നുമാണ് ബി.ജെ.പി ആലോചിക്കുന്നത്. അതുകൊണ്ടാണ്, അതു മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഇടതുപക്ഷം വലിയ ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്. 

ക്രൈസ്തവ സമുദായത്തില്‍ അടിത്തറയുള്ള ഏതെങ്കിലും പാര്‍ട്ടി യു.ഡി.എഫ് വിട്ടുവന്നാല്‍ അവര്‍ ബി.ജെ.പിയിലേക്കു പോകാന്‍ സാധ്യതയുണ്ട്. അത് ബി.ജെ.പിക്ക് വിദൂര ഭാവിയിലെങ്കിലും രാഷ്ട്രീയമായ മൈലേജ് നല്‍കിയേക്കാം. അതുപോലും ഉണ്ടാകാന്‍ പാടില്ല എന്ന ദൃഢനിശ്ചയത്തിലാണ് ഇടതുപക്ഷം വളരെ പ്രായോഗികമായ ഒരു രാഷ്ട്രീയ സമീപനം സ്വീകരിച്ചത്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസത്തോടു പൊരുതാന്‍ യോജ്യമായ തീരുമാനമാണ് അത്. ഒരുപാടു പഴി കേട്ടിട്ടും അങ്ങനെയൊരു തീരുമാനമെടുത്തത് അതുകൊണ്ടാണ്. അല്ലെങ്കില്‍, പോയി പണി നോക്കട്ടെ എന്നല്ലേ ഇടതുപക്ഷം കരുതേണ്ടത്. അങ്ങനെയല്ല ഇടതുപക്ഷം കരുതിയത്.

ആനപ്പുറത്ത് അങ്ങാടിയിലൂടെ പോകണം, ആളുകളാരും കാണാനും പാടില്ല

യു.ഡി.എഫ് നേതൃത്വം, പ്രത്യേകിച്ചും കോണ്‍ഗ്രസ് ഈ ആരോപണങ്ങളോടു പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലല്ലോ. ഒരു പ്രധാന ഘടകകക്ഷി നേതാവിനെതിരെ ഉയരുന്ന ഗുരുതരമായ സാമ്പത്തിക ആരോപണത്തില്‍ ഈ മൗനം എന്തുകൊണ്ടാണ്? 

സത്യത്തില്‍ ലീഗ് വലിയ വഞ്ചനയാണ് ചെയ്യുന്നത്. മുന്നണി രാഷ്ട്രീയ മര്യാദകള്‍ മുഴുവന്‍ ലംഘിക്കുകയാണ് അവര്‍. ലീഗ് പറയട്ടെ, ഞങ്ങളുടെ അഫിലിയേഷന്‍ ഇടതുപക്ഷത്തോടാണെന്ന്; തുറന്നുപറയട്ടെ. ഒരു മുന്നണിയില്‍ നില്‍ക്കുകയും വേറൊരു മുന്നണിയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതി എന്തിനാണ് അവലംബിക്കുന്നത്. ഇപ്പോഴും തുടരുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എന്താണ് പറയാനുള്ളത്? ഒന്നും അവര്‍ മിണ്ടുന്നില്ല. എന്നാല്‍, ഇപ്പുറത്തുള്ളത് അങ്ങനെയുള്ള ആളല്ല. ലീഗ് വിചാരിക്കുന്നതു പോലെ നടക്കില്ല. ലീഗ് വിരുദ്ധ രാഷ്ട്രീയം തന്നെയാണ് ഇക്കാര്യത്തില്‍ സി.പി.എമ്മിന്റേത്; ലീഗിന്റെ ഈ കച്ചവട രാഷ്ട്രീയത്തിന് എതിരായ നിലപാടാണ് എക്കാലത്തും സി.പി.എം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. എനിക്ക് സി.പി.എം നല്‍കിയിട്ടുള്ള പിന്തുണയും അതുകൊണ്ടുതന്നെയാണ്. 2006-ല്‍ പിന്തുണച്ചു; അതിനുശേഷവും അതുണ്ടായി. ലീഗിന്റെ ഏറ്റവും വലിയ ഗുണമായിരുന്നത് വിശ്വാസ്യതയാണ്. ഇപ്പോള്‍ യു.ഡി.എഫില്‍ത്തന്നെ അവരെ വിശ്വാസമില്ല. പല സന്ദിഗ്ദ്ധ ഘട്ടങ്ങളിലും യു.ഡി.എഫിന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാടല്ല ലീഗ് സ്വീകരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ താല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് അങ്ങനെ സ്വീകരിക്കേണ്ടിവരുന്നത്. അതുപോലെ കുഞ്ഞാലിക്കുട്ടി എന്ന പാലത്തിലൂടെയാണ് ബി.ജെ.പിയുമായി ലീഗ് ഒരു അവിഹിത ബാന്ധവം ഉണ്ടാക്കിയിട്ടുള്ളത്. എന്നെ തോല്‍പ്പിക്കാന്‍ ഇത്തവണ തവനൂര്‍ നിയോജകമണ്ഡലത്തില്‍ ബി.ജെ.പിയുടെ പതിനായിരത്തിലധികം വോട്ടുകളാണ് മറിച്ചു ചെയ്യിച്ചത്. അതും ആ ബന്ധത്തിന്റെ അനുരണനം എന്ന നിലയിലാണ് നടന്നിട്ടുള്ളത്. കുഞ്ഞാലിക്കുട്ടിയുടെ ലീഗ് ആഗ്രഹിക്കുന്നത് ആനപ്പുറത്തു പോകണം, അങ്ങാടിയിലൂടെയാകണം, ആളുകളാരും കാണാനും പാടില്ല എന്ന രാഷ്ട്രീയ സമീപനമാണ്. ഇത് ലീഗിനു കാലമിത്രയും ഉണ്ടായിട്ടുള്ള വിശ്വാസ്യതയ്ക്ക് വലിയ പോറലാണ് യു.ഡി.എഫില്‍ ഏല്പിച്ചിട്ടുള്ളത്. ഇങ്ങനെ അര്‍ദ്ധ മനസ്സുള്ള ലീഗിനേയും കൊണ്ട് എത്ര കാലം കോണ്‍ഗ്രസ്സിനു പോകാന്‍ പറ്റും. ലീഗ് ഇവിടെ ഒരു ചാന്‍സുണ്ടോ എന്നു നോക്കി നടക്കുകയാണ്, ചാടാന്‍; ഒരു ഇടം നോക്കി നടക്കുകയാണ്, ഇടതുപക്ഷത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com