തലമുറകളുടെ സച്ചിദാനന്ദന്‍

ഇതുപോലൊരു മനുഷ്യനില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞങ്ങളില്‍ പലരും കവിതയെഴുതുക തന്നെയില്ലായിരുന്നു
കവിതയുടെ സംവാദ മണ്ഡലം: സച്ചിദാനന്ദൻ
കവിതയുടെ സംവാദ മണ്ഡലം: സച്ചിദാനന്ദൻ

എഴുപതിനും എഴുപത്തഞ്ചിനുമിടയിലുള്ളവര്‍
യുവാക്കളെപ്പോലെ പെരുമാറുന്നുവെങ്കില്‍
സൂക്ഷിക്കുക: കാരണം, അവര്‍ യുവാക്കളാണ്.
അവര്‍ക്ക് പ്രേമിക്കാന്‍ കഴിയും,
സംഗീതം കേട്ട് നൃത്തം ചെയ്യാന്‍ കഴിയും,
വേണ്ടിവന്നാല്‍ ഒരു യുദ്ധമോ വിപ്ലവമോ
നയിക്കാന്‍ അവര്‍ക്കു കഴിയും
വാസ്തവത്തില്‍ അവര്‍ ഇനിയും
മരിച്ചിട്ടില്ല, ഒട്ടേറെ യുവാക്കളുടെയത്ര.

(സച്ചിദാനന്ദന്റെ 'എഴുപതിനും എഴുപത്തഞ്ചിനുമിടയില്‍' എന്ന കവിതയില്‍നിന്ന്)

ലയാളകവിതയില്‍ ജീവിക്കുന്ന ഏതൊരാളുടേയും തൊട്ടുമുന്നില്‍ എല്ലായ്പോഴും സംവാദങ്ങള്‍ക്കു തയ്യാറായി നില്‍പ്പുണ്ട് കവിയും ധൈഷണികനുമായ ഒരാള്‍-സച്ചി മാഷ് എന്നു ഞങ്ങള്‍ ഇളമുറക്കാര്‍ വിളിക്കുന്ന കെ. സച്ചിദാനന്ദന്‍. ഭാവനയുടേയും ചിന്തയുടേയും ഏതു മേഖലയും ആ സംവാദത്തിന്റെ പരിധിയില്‍ വരാം. ആധുനിക മലയാളകവിതയുടെ ചരിത്രത്തില്‍ ഏകദേശം നാലു തലമുറകളിലായി വ്യാപിച്ചുകിടക്കുന്നു സച്ചിദാനന്ദന്റെ സംവാദമണ്ഡലം. തന്റേതും തൊട്ടുമുന്നിലേതും എന്നു സാമാന്യവല്‍ക്കരിക്കാവുന്ന രണ്ടു തലമുറ. തനിക്കു ശേഷമുള്ള രണ്ടു തലമുറ. ഒരുപക്ഷേ, നാലാം തലമുറയും കവിഞ്ഞേക്കാം അതിന്റെ വ്യാപനം.

അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' പ്രകാശിതമാവുന്നത് 1957-ലാണ്. അന്നു മുതല്‍ ഒരു പതിറ്റാണ്ടോളം തുടരുന്ന ആധുനികതയുടെ രൂപാധിഷ്ടിതമായ സാമാന്യ നിലപാടുകളോട് ദീര്‍ഘസംവാദങ്ങള്‍ നടത്തിക്കൊണ്ടാണ് 1965-കള്‍ക്കുശേഷം സച്ചിദാനന്ദന്‍ മലയാളകവിതയിലേയ്ക്കു വരുന്നത്. ജ്വാലാബുക്‌സ് പ്രസിദ്ധീകരിച്ച കുരുക്ഷേത്രം (1969) എന്ന ആദ്യ പുസ്തകത്തിന്റെ ഉള്ളടക്കം സ്വന്തം കവിതകളായിരുന്നില്ല. മറിച്ച് കവിതാപഠനങ്ങളായിരുന്നു. 1969-'70 കാലഘട്ടത്തില്‍ ആദ്യകാല ആധുനികതയുമായി പിന്നാലെവന്ന യുവകവി നടത്തിയ വിമര്‍ശനാത്മകവും യൗവ്വനതീക്ഷ്ണവുമായ സംവാദത്തിന്റെ ദൃഷ്ടാന്തം കൂടിയാണ് ആ പുസ്തകം.

കാവ്യനിരൂപകനായ സച്ചിദാനന്ദന്‍ എഴുപതുകളില്‍ ആദ്യകാല ആധുനികതയെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനങ്ങളില്‍ മുഖ്യം അതിന്റെ ആവിഷ്‌കാരങ്ങളില്‍ മുന്തിനിന്ന രൂപപരതയെ കുറിച്ചായിരുന്നു. ഗുരുതുല്യനായ അയ്യപ്പപ്പണിക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ കവിതയും ആധുനികതാ സങ്കല്പനങ്ങളും രൂപപരതയില്‍ അഭിരമിച്ച് അരാഷ്ട്രീയമാകുന്നുവെന്നും ആധുനികതയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും '70-കളിലെ ചുവന്ന ആധുനികത പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ മുഖ്യവക്താവ് സച്ചിദാനന്ദനായിരുന്നു. രാഷ്ട്രീയ നൈതികോല്‍ക്കണ്ഠകളുടെ ജ്വരബാധയേറ്റ് ചുട്ടുപൊള്ളുന്ന അക്കാലത്തെ ചില സച്ചിദാനന്ദന്‍ കവിതകള്‍ അങ്ങനെ കൂടിയാണ് പിറവിയെടുക്കുന്നത്. 1973-ല്‍ എഴുതപ്പെട്ട 'സത്യവാങ്മൂല'വും 'പനി'യും 'മഴയുടെ നാനാര്‍ത്ഥ'ങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

എന്നാല്‍, ഇതേ കവിതകളിലും കാലത്തിലും തന്നെ, തന്നോടും തന്റെ തലമുറയോടുമുള്ള സംഘര്‍ഷഭരിതമായ സംവാദത്തിനും സച്ചിദാനന്ദന്‍ തുടക്കം കുറിക്കുന്നുണ്ട്. 'സത്യവാങ്മൂല'ത്തിലെ ഞാന്‍ 'ഒരു വീടിനുമുള്‍ക്കൊള്ളാനാകാത്ത മുറി'യോളം അസാധാരണനായിരിക്കെത്തന്നെ ''രൂക്ഷമായ വെറുപ്പുകളും അതിലും രൂക്ഷമായ സ്‌നേഹങ്ങളുമുള്ള ഒരു സാധാരണ മനുഷ്യനു''മാണ്. ആധുനികതയുടെ അരാഷ്ട്രീയ അപരത്തോട് ഇടയുന്ന രാഷ്ട്രീയ പ്രബോധകന്‍ 'സത്യവാങ്മൂല'ത്തിന്റെ കര്‍ത്തൃകേന്ദ്രമാണെങ്കിലും കാവ്യപാഠത്തിനുള്ളില്‍വെച്ച് അയാളുടെ രാഷ്ട്രീയസ്വത്വം പലതായി പിളരുകയും ചിതറുകയും ചെയ്യുന്നുണ്ട്. 'പനി'യില്‍ സ്വന്തം തലമുറയുമായുള്ള വിമര്‍ശനാത്മക സംവാദം കൂടുതല്‍ പ്രത്യക്ഷമാണ്. മകളുടെ പനിക്കിടക്കയും അതിനരികിലിരുന്ന് നക്‌സലൈറ്റുകള്‍ നടത്തുന്ന ആഗോള രാഷ്ട്രീയ ചര്‍ച്ചയും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ ഭൗതിക സാഹചര്യത്തിലാണ് 'പനി' വികസിക്കുന്നത്. ഇന്ന് അതു വീണ്ടും വായിക്കുമ്പോള്‍ ആ സാഹചര്യം തന്‍നിലയില്‍ത്തന്നെ ആത്മവിമര്‍ശനമായി അനുഭവപ്പെടുന്നുണ്ട്. ആത്മസംവാദം കൂടുതല്‍ വിപുലമായ ലോകസാഹചര്യത്തിലേക്ക് വളരുന്ന കവിതയാണ് 'വേനല്‍മഴ' (1981). വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന ദക്ഷിണ കൊറിയന്‍ കവി കിം ജി ഹായെ അഭിസംബോധന ചെയ്യുന്ന കവിത, കുരുതികളേയും സ്വയംഹത്യകളേയും കുറിച്ച് ഉച്ചസ്ഥായിയിലുള്ള ഏറ്റുപറച്ചിലാണ്. ഇത്തരം കവിതകളിലൂടെ, രക്തസാക്ഷിത്വം/ സ്വയംഹത്യ സര്‍ഗ്ഗകലാപമാണെന്നു കാവ്യാത്മകമായി സ്ഥാപിക്കാന്‍ 1970-കളിലെ ചുവന്ന ആധുനികതയ്ക്ക് കഴിഞ്ഞുവെന്നത് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, എന്നെപ്പോലുള്ള കടുസന്ദേഹികളെ അമ്പരപ്പിക്കുന്നുണ്ട്. പക്ഷേ, അന്നു കവിതയ്ക്കകത്തു നടത്തിവന്ന തീക്ഷ്ണവും വിമര്‍ശനാത്മകവുമായ സംവാദങ്ങളിലൂടെ തന്നെ സച്ചിദാനന്ദനും കടമ്മനിട്ടയും കെ.ജി.എസ്സും അതു സാധിച്ചിരുന്നു.

1980-കള്‍ക്കു ശേഷം ആധുനികതയുടെ തിരയിളക്കങ്ങള്‍ അവസാനിച്ച കാലത്ത്, ഞങ്ങളെപ്പോലുള്ള ഇളയ തലമുറയിലെ എഴുത്തുകാരുമായും തുടര്‍ച്ചയായ സംവാദങ്ങള്‍ക്ക് സച്ചിമാഷ് മുന്‍കയ്യെടുത്തിട്ടുണ്ട്-കവിതയിലൂടെയും കത്തുകളിലൂടെയും നേരിട്ടും. അത്തരം സംഭാഷണങ്ങളുടെ പ്രയോജനത്തെക്കുറിച്ച് ഇന്നു തിരിച്ചറിവുണ്ടെങ്കിലും കൗമാരയൗവ്വനങ്ങളുടെ ഉച്ചയില്‍ വാസ്തവത്തില്‍ ഞങ്ങളില്‍ മിക്കവര്‍ക്കും അക്കാര്യം ബോധ്യപ്പെട്ടിരുന്നില്ല. സച്ചിദാനന്ദന്റേയും കെ.ജി.എസ്സിന്റേയും കവിതയിലെ പ്രമേയഗദ്യത്തോടുള്ള എതിര്‍പ്പ് വീണ്ടും വീണ്ടും എഴുതുന്നതിലായിരുന്നു എന്റെ ശ്രദ്ധ. സച്ചിദാനന്ദന്റെ ഇടപെടലുകളെ ഇന്നു പക്ഷേ, സംവാദത്തിന്റെ ജനാധിപത്യ സ്ഥലമായി ഞാന്‍ മനസ്സിലാക്കുന്നു. ആ സ്ഥലം അന്ന് അവിടെ ഉണ്ടായിരുന്നത് അബോധത്തില്‍ ഞങ്ങള്‍ക്കും വെളിപ്പെട്ടിരുന്നതുകൊണ്ടാവുമല്ലോ, എതിര്‍പ്പുകള്‍ ഇടംവലം നോക്കാതെ പ്രകടിപ്പിക്കാന്‍ കഴിഞ്ഞതെന്നു തിരിച്ചറിയുന്നു.

1998-'99 കാലത്ത് സമകാലിക മലയാളം വാരികയിലെ തന്റെ കോളത്തില്‍ പുതു കവിതകളില്‍ ഹൃദയത്തിന്റെ ഭാഷയില്ലെന്നു സാന്ദര്‍ഭികമായി അദ്ദേഹം എഴുതിയതിനോട് പ്രതികരണമായി, ഹൃദയം മരക്കൊമ്പത്തു മറന്നുവെച്ച കുരങ്ങച്ചാരുടെ കഥ വച്ച് 'കുരങ്ങെഴുത്ത്' എന്നൊരു വിമര്‍ശന കവിത ഞാന്‍ എഴുതിയതും അതിനോട് സച്ചിമാഷ് രൂക്ഷമായി പ്രതികരിച്ചതും ഓര്‍ക്കുന്നു. 'യുവകവി, വിമര്‍ശകനോട്' എന്ന പേരില്‍ ഒരു സച്ചിദാനന്ദന്‍ കവിതയുണ്ട്. ടി.പി. രാജീവന്‍, പി.പി. രാമചന്ദ്രന്‍, കെ.ആര്‍. ടോണി, പി. രാമന്‍, അന്‍വര്‍ അലി തുടങ്ങിയവരുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്, 2001-'02 കാലത്തെ യുവകവിതയുടെ പ്രതിനിധാനമായ 'ഞങ്ങള്‍' എന്ന വക്താവ്, വിമര്‍ശകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന രചനയാണത്. ഞങ്ങള്‍ക്കിടയിലെ സംവാദങ്ങളിലേക്ക് ഇറങ്ങിവന്നുള്ള സച്ചിദാനന്ദന്റെ പങ്കാളിത്തമായല്ല, ഞങ്ങളുടെ അനുഭവമണ്ഡലത്തെ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവങ്ങളായാണ് ഞാന്‍ അന്ന് ആ കവിതയെ മനസ്സിലാക്കിയത്. ഇന്ന് ഞാനത് തിരുത്തുന്നു. ഞങ്ങളുടെ തലമുറയുമായി വിവിധ ഗണങ്ങളിലും തലങ്ങളിലും സച്ചിദാനന്ദന്‍ നടത്തിവന്ന സര്‍ഗ്ഗാത്മക സംവാദത്തിന്റെ തുടര്‍ച്ചയാണ് ആ കവിത.

ഇന്റര്‍നെറ്റില്‍ എഴുത്തുകാര്‍ക്ക് സ്വയം പ്രസിദ്ധീകരണം സാധ്യമായ കാലത്താണ് ഞങ്ങളെ വിട്ട് സച്ചിമാഷ് നാലാം തലമുറയുമായുള്ള സംവാദത്തിലേക്കു നീങ്ങുന്നത്. ഏതാണ്ട് 2007-'08നു ശേഷമാണത്. രണ്ടു ഘട്ടങ്ങളുണ്ടതിന്-മികച്ച ബ്ലോഗുകളിലൂടെ ശക്തമായ സൈബര്‍ കവിതകള്‍ പുറത്തുവന്ന കാലവും ബ്ലോഗുകളേയും കവിഞ്ഞ് സാമൂഹിക മാദ്ധ്യമങ്ങള്‍ വളര്‍ന്നുതുടങ്ങിയ കാലവും.

സച്ചിദാനന്ദന്റെ പത്രാധിപത്യത്തില്‍ ഇറങ്ങിയ കേരളകവിത 2010-ല്‍ സൈബര്‍ രചനകളുടെ പ്രതിനിധാനമായി ഏതാനും കവിതകള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. ബ്ലോഗുകളില്‍നിന്നു കവിതകള്‍ തെരഞ്ഞെടുക്കാനുള്ള ചുമതല അന്ന് അദ്ദേഹം എന്നെയാണ് ഏല്പിച്ചത്. തുടര്‍ന്ന്, ബ്ലോഗ് കവിതകളുടെ ഒരു സമാഹാരം എന്ന ആശയം കവി വിഷ്ണുപ്രസാദ് ഡി.സി ബുക്‌സിനു മുന്നില്‍ വച്ചപ്പോള്‍ അതിന്റെ എഡിറ്റര്‍ സ്ഥാനത്തേക്ക് അവര്‍ നിര്‍ദ്ദേശിച്ചതും സച്ചിമാഷുടെ പേരാണ്. അങ്ങനെയാണ് നാലാം തലമുറയുമായുള്ള സച്ചിദാനന്ദന്റെ സംവാദത്തെക്കൂടി വ്യഞ്ജിപ്പിക്കുന്ന നാലാമിടംഎന്ന ശീര്‍ഷകവുമായി ആ സമാഹാരം പുറത്തു വരുന്നത്.

ഫെയ്സ് ബുക്ക് കവിതയുടെ തട്ടകമായതോടെ സച്ചിമാഷ് ഏറ്റവും പുതിയ ചെറുപ്പക്കാരുടെ കവിതകളോടും നിലപാടുകളോടും നേരിട്ട് പ്രതികരിക്കാന്‍ തുടങ്ങി. അവരോടൊപ്പം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലിരുന്ന് അവരുടെ അതേ പ്രായത്തിലുള്ള ഒരാളെപ്പോലെതന്നെ സാഹിതീയമായ തര്‍ക്കങ്ങളിലും സാഹിത്യക്കവലകളിലെ വക്കാണങ്ങളിലും സ്വയംപ്രകാശനത്തിന്റെ ആവേശങ്ങളിലും മുഴുകി. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി സ്വന്തം കവിതകളെത്തന്നെ നവീകരിക്കുന്ന രീതിയില്‍ ഈ സംവാദം മുന്നോട്ടു കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ബഹുരൂപിയും നില്‍ക്കുന്ന മനുഷ്യനും മുതല്‍ ദുഃഖം എന്ന വീടും ഇല്ല വരില്ലിനിയും വരെയുള്ള അദ്ദേഹത്തിന്റെ സമീപകാല കവിതാസമാഹാരങ്ങള്‍. ഈ കുറിപ്പിന് ആമുഖമായി ചേര്‍ത്ത കവിതാശകലം-ഒട്ടേറെ യുവാക്കളുടെയത്ര മരിച്ചിട്ടില്ല തന്നിലെ യുവാവിന്റെ ഊറ്റങ്ങളെന്ന് നിര്‍മ്മമഹാസമൂറുന്ന വരികള്‍ സച്ചിമാഷ് എഴുതിയത് കഷ്ടിച്ച് രണ്ടു കൊല്ലം മുന്‍പാണ്. ഏറ്റവും പുതിയ യുവതയോട് കട്ടയ്ക്കു കട്ട നിന്ന് 75 വയസ്സുള്ള 'യുവ'സച്ചിദാനന്ദന്‍ നടത്തുന്ന വിമര്‍ശന സംവാദമായിത്തന്നെ വായിക്കാം, ആ വരികള്‍.

അടച്ചിരിപ്പുകാലം നീണ്ടുനീണ്ടു പോകെ, വെബ് ജേണലുകളിലും വെര്‍ച്ച്വല്‍ യോഗങ്ങളിലും ഏറ്റവും പുതിയ കവികള്‍ക്കൊപ്പവും കാവ്യാസ്വാദകര്‍ക്കൊപ്പവും ലേഖകര്‍ക്കൊപ്പവും വിവര്‍ത്തകര്‍ക്കൊപ്പവും പ്രഭാഷകര്‍ക്കൊപ്പവും ദിനേനയെന്നോണം സച്ചി മാഷെ കാണാം. കഴിഞ്ഞ രണ്ടു കൊല്ലത്തോളമായി (2020-'21), മാനവികതയുടെ എക്കാലത്തേയും ആവിഷ്‌കാരങ്ങളായ ചില മദ്ധ്യകാലരചനകള്‍ മലയാളത്തിന്റെ ഇന്റര്‍നെറ്റ് തലമുറയ്ക്കു മുന്നില്‍ മൊഴിപ്പെടുത്തുന്ന ഉത്സാഹത്തിലാണദ്ദേഹം. കബീറിന്റേയും തുക്കാറാമിന്റേയും ബസവണ്ണയുടേയും അക്കയുടേയും ഷേക്സ്പിയറുടേയുമെല്ലാം കൃതികള്‍ ഒന്നൊന്നായി പരിഭാഷപ്പെടുത്തുകയും അവ സോഷ്യല്‍ മീഡിയയിലും പ്രിന്റിലും ഒരേ സമയം പ്രകാശിപ്പിക്കുകയും ചെയ്യുക വഴി അദ്ദേഹം കവിതയിലെ പലകാല സംവാദങ്ങളെ കലുഷമായ പുതുകാലത്തിണകളിലേക്ക് ചരിത്രപരമായി വിളക്കിച്ചേര്‍ക്കുന്നു. പുതുകാലത്തിന്റെ പകപ്പുകളെ പലകാല സംവാദഭൂമികകളിലേക്ക് നിശ്ചയദാര്‍ഢ്യത്തോടെ കൂട്ടിക്കൊണ്ടു പോകുന്നു.

നാലു തലമുറകളോട് അപ്പുറമിപ്പുറം നിന്നു കേവലം തര്‍ക്കിക്കുകയായിരുന്നില്ല; മറിച്ച്, സംവാദങ്ങളുടെ സങ്കീര്‍ണ്ണവും വിശാലവുമായ ജനാധിപത്യസ്ഥലത്തു നിന്നുകൊണ്ട് സ്വയം നവീകരിക്കുകയായിരുന്നു സച്ചിദാനന്ദന്‍. ഞങ്ങളുടെ തരുണബുദ്ധിക്ക് കൂടുതല്‍ വെളിപ്പെട്ടത് തര്‍ക്കങ്ങളാണെന്നു മാത്രം.
കടലുപോലെ വിപുലമാണ് സച്ചിദാനന്ദന്‍ എന്ന കാവ്യലോകം. തുടര്‍ച്ചയായ പര്യവേക്ഷണങ്ങളിലൂടെ മാത്രമേ അതിന്റെ ആഴപ്പരപ്പുകളിലേക്കും ലവണജൈവ വൈവിധ്യങ്ങളിലേക്കും ചാലുകള്‍ തുറന്നുകിട്ടുകയുള്ളൂ. ഈ ചെറുകുറിപ്പ് ആ സാഹസത്തിനു മുതിരുന്നില്ല. ആഴത്തേയും പരപ്പിനേയും കുറിച്ച് ചില സാമാന്യ നിരീക്ഷണങ്ങള്‍ മാത്രം.

വാചാലം എന്നും സ്ഥൂലം എന്നും പഴികേട്ട ഒരു സച്ചിദാനന്ദപ്പരപ്പുണ്ട്. ആ പരപ്പിനെക്കുറിച്ച് ആലോചിച്ചിരിക്കെ ആഴത്തെക്കുറിച്ചുള്ള ഒരയ്യപ്പപ്പണിക്കര്‍വരി കടന്നുവരുന്നു.

എത്രയഗാധതലങ്ങളില്‍നിന്നു
വരുന്നൂ നമ്മുടെ പുഞ്ചിരി പോലും (കുടുംബപുരാണം)

അഗാധതലങ്ങളില്‍നിന്നാണ് ചിരിയും ചിന്തയും കരച്ചിലും കലാപവുമെല്ലാം വരുന്നതെന്ന വാദം ആധുനികതാ പ്രസ്ഥാനത്തില്‍ പ്രബലമാണ്. തങ്ങള്‍ക്കു മുന്‍പുള്ള കാല്പനികത, സോഷ്യലിസ്റ്റ് റിയലിസം ഇവയൊന്നും അഗാധമല്ല. താരതമ്യേന ഉപരിപ്ലവമാണ് എന്നൊരു വിമര്‍ശനം ആധുനികതയുടെ ആദ്യകാല സംവാദങ്ങളിലെല്ലാം മുനകൂര്‍ത്തുനിന്നിരുന്നു. അതിന്റെ കൂടി ഭാഗമായിട്ടാണ് അഗാധതയില്‍നിന്നു സൗന്ദര്യവും സര്‍ഗ്ഗാത്മകതയും ചരിത്രവുമെല്ലാം രൂപംകൊള്ളുന്നു എന്ന മുന്‍ധാരണയിലേക്ക് ആധുനികത നീങ്ങുന്നത്. എന്നാല്‍ സച്ചിദാനന്ദനിലെത്തുമ്പോള്‍ അഗാധതയ്ക്ക് സ്ഥാനഭ്രംശമുണ്ടാവുന്നു-

ഒരു വരി അവസാനിക്കുന്നിടത്ത് ഒരഗാധത പൊട്ടിത്തുറക്കുന്നു

അഗാധതയില്‍നിന്നല്ല തുടങ്ങേണ്ടത്. നിങ്ങള്‍ ഈ ലൗകികമായ ലോകപ്പരപ്പില്‍, വിശാലമായ ഭൗതികപ്രപഞ്ചത്തില്‍ നിലകൊള്ളുന്നവരാണ്. അവിടം കുഴിച്ചു ചെന്നാല്‍ മാത്രമേ ആഴം കണ്ടെത്താനാവൂ. അഗാധതയുടെ റഫറന്‍സ് പോയിന്റ് ലോകമെന്ന പരന്ന യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെ പൂര്‍വ്വാധുനികതയെ തിരിച്ചിടുന്നു സച്ചിദാനന്ദന്‍. ആധുനികതയെ ചരിത്രവല്‍ക്കരിക്കുന്നതിനുള്ള ശ്രമമാണ് എഴുപതുകളില്‍ നടന്നതെന്ന സച്ചിദാനന്ദന്റെ കാവ്യചരിത്രവാദം (ചരിത്രപുസ്തകമായിട്ടല്ലെങ്കിലും മലയാളാധുനികതയുടെ കാവ്യചരിത്രം ഏതെങ്കിലും രീതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് സച്ചിദാനന്ദന്റെ നിരൂപണങ്ങളാണ്) മനസ്സിലാവണമെങ്കില്‍ ലോകപ്പരപ്പിന്റെ വിശാലതയില്‍ അഗാധത്തെ ദര്‍ശിക്കുന്ന ആ തിരിച്ചിടല്‍ ആദ്യം മനസ്സിലാക്കണം. അഗാധതയ്ക്ക് എതിരായ, അതായത് ഉപരിപ്ലവമായ ഒരു ലോകമാണ് ഇതുവരെ ഇവിടെ നിലനിന്നത്; ഞങ്ങളിതാ അഗാധതയില്‍നിന്ന് ഒരു പുതുലോകം തുടങ്ങുന്നു എന്ന പ്രബോധകാധികാരം ധ്വനിക്കുന്ന അവകാശവാദത്തെ അത് നിരസിക്കുന്നു. കുഴിച്ചുകുഴിച്ചു പോകെ വെള്ളം ഉറപൊട്ടും പോലെ ലൗകിക സഞ്ചാരങ്ങള്‍ക്കിടയില്‍നിന്ന് അഗാധതകള്‍ ഉണ്ടായിവരുന്നു. ലോകപ്പരപ്പ് കുഴിച്ചുകുഴിച്ച് അഗാധത കണ്ടെത്തലായിത്തീരുന്നു കവിത.

മേലുദ്ധരിച്ച വരി 'കവിതാവിവര്‍ത്തനം' എന്ന കവിതയിലേതാണ്. മാഷ്, ഞങ്ങളുടെ വിവര്‍ത്തന ശില്പശാലകളിലെല്ലാം ആ കവിത വായിക്കും, ഓരോ തവണയും ഒന്നിച്ചിരുന്നുള്ള ഞങ്ങളുടെ വിവര്‍ത്തനയത്‌നങ്ങളെ അതു പ്രചോദിപ്പിക്കും. പക്ഷേ, ഒരിക്കലും ഞാനാലോചിച്ചിട്ടില്ല, മാഷ് അത് എന്നെഴുതിയ കവിതയാണെന്ന്. വിവര്‍ത്തനകലയിലെ ദീര്‍ഘകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ മദ്ധ്യവയസ്സിലെപ്പൊഴോ എഴുതിയ കവിത പോലെയായിരിക്കണം എനിക്കത് വെളിപ്പെട്ടിരുന്നത്. യഥാര്‍ത്ഥത്തില്‍ സച്ചിമാഷ് അതെഴുതിയത് 1977-ല്‍ തന്റെ 31-ാം വയസ്സിലാണ്. അതിരെഴാത്ത അനുഭവസമുദ്രമാണ് തനിക്കു കവിതയെന്ന് യൗവ്വനകാലത്തുതന്നെ സച്ചിദാനന്ദന്‍ പ്രഖ്യാപിക്കുകയായിരുന്നില്ലേ? കവിത മുഴുവനായി ചുവടെ ഉദ്ധരിക്കട്ടെ:

കവിതാവിവര്‍ത്തനം ഒരു കൂടുവിട്ടു കൂടുമാറ്റമാണ്
മത്സ്യം വെള്ളത്തിലൂടെ ഊളിയിടുന്നതുപോലെ 
വിവര്‍ത്തകന്‍ മനസ്സുകളിലൂടെ ഊളിയിടുന്നു
ഓരോ വാക്കിന്റേയും തീരത്ത്
അവന്‍ തരിമണലില്‍ കുനിഞ്ഞിരിക്കുന്നു 
ഓരോ കക്കയുടേയും നിറം പഠിക്കുന്നു
ഓരോ ശംഖും ഊതിനോക്കുന്നു. 
കവിതാവിവര്‍ത്തനം വിക്രമാദിത്യന്‍ കഥയിലെ
അമ്പരപ്പിക്കുന്ന തലമാറ്റിവെയ്ക്കലാണ്
വിവര്‍ത്തകന്‍ തന്റെ ഉടലില്‍
മറ്റൊരു കവിയുടെ ശിരസ്സു താങ്ങിനിര്‍ത്തുന്നു
ഓരോ വരിയും ഓരോ വഴിയാണ്
ദുഃഖവും യുദ്ധവും മടുപ്പും കൊണ്ടു
കീറിപ്പറിഞ്ഞ ഒരു വഴി
അനശ്വരരായ മനുഷ്യരും ദൈവങ്ങളും
മരങ്ങളും വിഹരിക്കുന്ന
സംഗീതാത്മകമായ ഒരു പിന്‍വഴി.
ഒരു വരി അവസാനിക്കുന്നിടത്ത്
ഒരഗാധത പൊട്ടിത്തുറക്കുന്നു
അവിടെ മരിച്ചവരുടെ ആത്മാക്കള്‍
ദാഹം തീര്‍ക്കാനെത്തുന്നു.
വിശുദ്ധമായ ഈ വഴിയേ പോരുന്നവര്‍
ചെരിപ്പും ഉടുപ്പും അഴിച്ചുവെയ്ക്കണം
അടിവാരത്തിലെ കാറ്റുകളെപ്പോലെ
നഗ്നരായി നൂണുപോകണം.

ഒരു ദിവസം ഞാന്‍ എന്റെ കവിത
എന്റെ തന്നെ ഭാഷയിലേക്കു
വിവര്‍ത്തനം ചെയ്യുന്നതായി സ്വപ്‌നം കണ്ടു

നാമേവരും ഓരോ കവിതയും
നമ്മുടെ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുന്നു
പിന്നെ നാം അര്‍ത്ഥത്തെച്ചൊല്ലി വഴക്കിടുന്നു

എനിക്കു തോന്നുന്നു,
ബാബേല്‍ ഒരിക്കലും പണിതീരുകയില്ല

കേരളം, മലയാളം തുടങ്ങിയ വരമ്പുകളില്‍നിന്നു ലോകപ്പരപ്പിലേക്കു കുതിക്കുന്ന കവിതയാണ് 'കവിതാവിവര്‍ത്തനം.' സ്വാനുഭവലോകമല്ലേ പ്രധാനം എന്നൊരു ചോദ്യം ഉയരാം. ഉയര്‍ന്നിട്ടുമുണ്ട്. വാസ്തവത്തില്‍ സച്ചിദാനന്ദന്റെ കവിതകളില്‍ ഗണ്യമായൊരു പങ്ക് സ്വാനുഭവലോകം തന്നെയാണ്. സ്വന്തം വീട്, നാട്, വ്യക്തിബന്ധങ്ങള്‍ എന്നിങ്ങനെ. പക്ഷേ, അതു ലോകപ്പരപ്പിന്റെ ഏതു ദിക്കിലേക്കും എപ്പോള്‍ വേണമെങ്കിലും വളരാം. എട്ടോ പത്തോ വരിയുള്ള കവിതയില്‍ പൊടുന്നനെ ലോകത്തിന്റെ ഏതൊരു കോണും പരാമര്‍ശിക്കപ്പെടാം. ഏതൊരു കവിയും കവിതയും കടന്നുവരാം. ആറുവയസ്സുകാരിയെ എന്നപോലെ മുപ്പതുകാരിയായ മകളെ കുളിപ്പിക്കുമ്പോള്‍, അവളുടെ 'മുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറും മുഴുവന്‍ കഴുകി'ക്കളഞ്ഞു കഴിയുമ്പോള്‍, വക്താവ് കാണുന്നത് ''ഇപ്പോള്‍ അവള്‍ അമിച്ചായിയുടെ/ഒരു കൊച്ചു കവിത പോലെ/സ്വര്‍ഗ്ഗീയമായ ജലതേജസ്സില്‍ തിളങ്ങുന്ന'' (മകള്‍) ദൃശ്യമാണ്. തികച്ചും വൈയക്തികമായ ഒരു വൈകാരിക നിമിഷത്തെ, കുറിയ കവിതകളുടെ മഹാകവിയായ യഹൂദാ അമിച്ചായി(അമിഖായി എന്നായിരിക്കണം കൃത്യമായ ഉച്ചാരണം)യുടെ റഫറന്‍സിലേക്ക് ഒരു സ്ട്രോക്ക് കൊണ്ട് വരച്ചുചേര്‍ക്കല്‍ ആ കാവ്യലോകപ്പരപ്പിനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികം. സച്ചിദാനന്ദന്‍ എന്ന സ്ഥലം അനന്തവിശാലമായ ഒരു സ്വാനുഭവലോകമാണ്. മൗലികമായ സച്ചിദാനന്ദമുദ്രയെന്നാല്‍ ഭാഷയിലെ പരമ്പരാഗത നാട്ടുമുദ്രയെ അതിലംഘിക്കുന്ന പുതിയൊരു ലോകമുദ്രയും.

കവിതയില്‍ ഒരു വിവര്‍ത്തനപ്രക്രിയയുെണ്ടന്ന സങ്കല്പത്തില്‍നിന്നുകൂടിയാണ് സച്ചിദാനന്ദന്റെ കാവ്യലോകപ്പരപ്പിനെ നാം കാണേണ്ടത്; നമ്മെ നമ്മുടെ ലോകത്തിലേക്കും ലോകത്തെ നമ്മളിലേക്കും നിരന്തരം വിവര്‍ത്തനം ചെയ്യുന്ന ഒരു പ്രക്രിയ. കവിതയും വിവര്‍ത്തനവും ഒന്നാകുന്ന നിമിഷത്തിന്, സ്ഥലത്തിന് ആഗോളമായൊരു ആധുനികാര്‍ത്ഥവുമുണ്ട്. 'ബാബേല്‍ ഒരിക്കലും പണിതീരുകയില്ല' എന്ന് സച്ചിദാനന്ദന്‍ എഴുതുമ്പോള്‍ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്, ബാബേലോടുകൂടി പ്രശ്‌നഭരിതമാക്കപ്പെട്ട ഭാഷാലോക വൈവിധ്യത്തിന്റെ ചരിത്രത്തെ മുഴുവനുമാണ്. ഭാഷയുടെ അപൂര്‍ണ്ണവും വിവിധവുമായ തുരുത്തുകള്‍ താണ്ടിയുള്ള സമുദ്രസഞ്ചാരങ്ങള്‍ മുഴുവന്‍ സച്ചിദാനന്ദന് കവിതയുടെ പൂര്‍ണ്ണത തേടലാണ്. 1977-ല്‍ വിവര്‍ത്തനത്തെക്കുറിച്ച്' മത്സ്യം വെള്ളത്തിലൂടെ ഊളിയിടുന്നതുപോലെ' എന്നെഴുതും മുന്‍പ് 1973-ല്‍ ''മത്സ്യം അതിന്റെ സമുദ്രത്തിലേക്കു പോകുന്നപോലെ ഞാന്‍ പോകുന്നു'' എന്ന് അദ്ദേഹം തന്റെ 'സത്യവാങ്മൂല'ത്തില്‍ത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. അതു യാദൃച്ഛികമെന്നു കരുതാനാവില്ല. 50 കൊല്ലത്തോളം കഴിഞ്ഞ് ബാള്‍ട്ടിക് തീരത്ത് കവികളുടെ ഒരത്താഴമേശയ്ക്കരികിലിരുന്ന് മാസിഡോണിയന്‍ കവി നിക്കൊളായ് മസ്ദായേവിനു സമര്‍പ്പിച്ചുകൊണ്ട് ആഗോളമലയാളത്തില്‍ അദ്ദേഹമെഴുതി:

കവികളുടെ അത്താഴമേശയില്‍നിന്ന്
പല ഭാഷകള്‍ പറക്കുന്നു
ആ മേശ ഇപ്പോഴും
പല പക്ഷികള്‍ ചേക്കേറിയിരുന്ന
ഒരു വൃക്ഷമാണെന്നപോലെ
ഓരോ വിഭവത്തിലും 
അവ പറന്നിറങ്ങിവന്നിരിക്കുന്നു,
പല ലോകങ്ങളുടെ രുചികളറിയുന്നു

(അത്താഴം)

കാവ്യസാംസ്‌കാരികതയുടെ സര്‍വ്വ മേഖലകളിലും അനുദിനം ഇടപെട്ട്, ഒരു കോസ്മിക് വൃക്ഷത്തെപ്പോലെ പടര്‍ന്നുപന്തലിക്കുകയും വേരുകളെ സ്വന്തം മണ്ണില്‍ത്തന്നെ ഉറപ്പിക്കുകയും തൊട്ടടുത്തുള്ള മറ്റു ചെടികള്‍ക്ക് അതില്‍നിന്നുള്ള പോഷകോര്‍വ്വരങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്ന സമഗ്രതയാണ് സച്ചിദാനന്ദന്‍. ഇതുപോലൊരു മനുഷ്യനില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞങ്ങളില്‍ പലരും കവിതയെഴുതുക തന്നെയില്ലായിരുന്നു. ടോണിയുടെ 'ശിഷ്ടം' എന്നൊരു കവിതയുണ്ട്. ആധുനികതയുടെ ദൈവതുല്യമായ കര്‍ത്തൃത്വത്തെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യുന്ന കവിത. സച്ചിദാനന്ദന്‍, ആദര/സമര്‍പ്പണ കവിതകള്‍ എഴുതിയിട്ടുള്ള ഏതാനും കവികളുടേയും വിപ്ലവകാരികളുടേയും പേരുകള്‍ ബ്രാക്കറ്റ് ചെയ്ത ശേഷം രക്തസാക്ഷികളെക്കുറിച്ച് ഇതുവരെ കവിതയെഴുതിയിട്ടില്ലാത്ത തന്റെ കാര്യം കഷ്ടം തന്നെ എന്ന കഠിനപരിഹാസം കൊണ്ട് അരംവയ്ക്കുന്ന കവിതയാണ് 'ശിഷ്ടം.' ക്രൂരമെങ്കിലും ശക്തമാണത്. പക്ഷേ, അങ്ങനെയൊരു വിധ്വംസക രചന ഉണ്ടാവുന്നത്, സച്ചിദാനന്ദക്കവിതയുടെ, നിരന്തരം പരിണമിക്കുന്ന കാവ്യപാഠങ്ങള്‍ സംവാദസ്ഥലമായി മുന്നില്‍ ഉള്ളതുകൊണ്ടുകൂടിയാണ്. എന്റെ കവിതാപരിശ്രമങ്ങള്‍ക്ക് സച്ചിദാനന്ദന്റെ എഴുത്തുമുറ തെളിച്ചുതന്ന ഒരു വഴിയെക്കുറിച്ചുകൂടി സൂചിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

കഥയോ സംഭവമോ വിവരിക്കുന്നതും പദ്യപരതയോ മതപരതയോ ഇല്ലാത്തതുമായ ഒരുപിടി ആഖ്യാനകവിതകളുണ്ട് സച്ചിദാനന്ദന്റേതായി. അവയിലൊന്നാണ് 'തലമുറകള്‍.' '90-കളാദ്യം ഏതോ ആനുകാലികത്തില്‍ വായിച്ച ഉടന്‍ തുളച്ചുകയറിയ കവിത. നിങ്ങള്‍ക്കെന്നെ മനസ്സിലാവില്ലെന്നു പ്രഖ്യാപിക്കുന്ന മകള്‍, അരുമക്കുഞ്ഞ് തന്നിഷ്ടങ്ങളിലേക്കു വളര്‍ന്നുവെന്ന് ആധിയോടെ അറിയുന്ന അച്ഛനമ്മമാര്‍. ''സങ്കടം തന്റേടത്തില്‍ മുട്ടുന്നൊരതിര്‍ത്തിയില്‍ പുലരിസ്സൂര്യനെപ്പോലെ'' നിന്ന് അമ്മയെ ചോദ്യം ചെയ്യുകയും രാത്രി ഇടിമിന്നലും കാറ്റും കൊടുമ്പിരിക്കൊള്ളുമ്പോള്‍ അതേ അമ്മയില്‍ അഭയം തേടുകയും ചെയ്യുന്ന മകളെക്കുറിച്ചുള്ള നാടകീയാഖ്യാനമാണ് 'തലമുറകള്‍.' തേക്കടിയിലെ എ.ജെ. തോമസിന്റെ ക്വാര്‍ട്ടേഴ്സിലെ ഒരു തണുരാത്രിയിലിരുന്ന് അതു വായിച്ചത് പകല്‍ത്തെളിപോലെ ഓര്‍മ്മയുണ്ട്. ഇടത്തരക്കാരുടെ ജീവിതത്തിലെ ഒരു സാധാരണ സന്ദര്‍ഭം എന്തൊരൊഴുക്കോടെ കവിതയായി മാറുന്നുവെന്ന് ആ ആദ്യവായന വന്ന് ഉള്‍ക്കാതിലലയ്ക്കുന്നത് ഇപ്പോഴും എനിക്കു കേള്‍ക്കാം. കവിതയുടെ മറുഭാഷയിലും ആന്തരലയത്തിലും കഥപറയുന്ന കാവ്യകലാസങ്കേതത്തിന്റെ അപാരമായ ശക്തിയാണ് അന്ന് എന്നിലേക്ക് ഇരച്ചുകയറിയത്. നാലഞ്ചു കൊല്ലം കഴിഞ്ഞു ഞാന്‍ 'ഏകാന്തതയുടെ അമ്പതു വര്‍ഷങ്ങള്‍' എഴുതി. ആ ദീര്‍ഘമായ കഥനകവിതയിലേക്കു കടക്കാന്‍ സച്ചിമാഷ് എനിക്കു തന്ന പേശീദാര്‍ഢ്യമുള്ള പാലമായിരുന്നു 'തലമുറക'ളുടെ ആഖ്യാനഘടന. അതിന്റെ ആദ്യ ഈരടികള്‍ ഇങ്ങനെ:

''ഇല്ലൊരിക്കലും നിങ്ങള്‍ക്കാവില്ല മനസ്സിലാ-
വില്ലെന്നെ'' ശ്ശബ്ദം കേട്ടു തിരിഞ്ഞുനോക്കുന്നച്ഛന്‍.
നില്‍ക്കയാണിളയവള്‍ സങ്കടം തന്റേടത്തില്‍
മുട്ടുന്നൊതിര്‍ത്തിയില്‍ പുലരിസ്സൂര്യന്‍ പോലെ.
വൈദ്യുതാഘാതത്തിനാല്‍ തരിച്ചുനില്പാണമ്മ
കണ്മണി പെട്ടെന്നന്യയായപോല്‍, മരിച്ചപോല്‍.
'പ്രായപൂര്‍ത്തിയായിന്നു മകളേ നിനക്കെ'ന്നു
നീരവമച്ഛന്‍ നിന്നു പെയ്യുന്നു സകൗതുകം.

1997-ല്‍ ഞാന്‍ 'ഏകാന്തത...' എഴുതുമ്പോള്‍, എനിക്കറിയുമായിരുന്നില്ല, ദൃശ്യചിത്രണ രീതിയില്‍, ഗാനത്വം കുറഞ്ഞ കേകയില്‍, ഗദ്യത്തോടടുത്ത വാക്യഘടനയില്‍, രൂപകാത്മകതയും വ്യവഹാരഭാഷയും ഇടകലരുന്ന വിവരണത്തില്‍, മുഹൂര്‍ത്തത്തിന്റേയും സംഭാഷണത്തിലേയും നാടകീയതയില്‍ ഒക്കെ എന്റെ അബോധത്തിന്റെ റഫറന്‍സ് പോയിന്റ് 'തലമുറക'ളായിരുന്നുവെന്ന്. ആ സത്യം ഇന്നെനിക്കറിയാം. 'ഏകാന്തത...'യില്‍നിന്ന് ഒരുദാഹരണം മാത്രം:

''ഗാന്ധിജി ഒറ്റയ്ക്കാവാന്‍ പോകുന്നു ചേച്ചീ'' പുര
കത്തുന്നൊരുച്ചയ്ക്കൂണുപാത്രത്തില്‍ കണ്ണുംനട്ട്
നൊന്തവന്‍; വെറിക്കാറ്റ് മൂത്ത നെല്ലോല തൂര്‍ത്തും
നാദമാണവനിപ്പോള്‍; മിണ്ടിയില്ലൊന്നും പാറു.
മേല്‍പ്പുര തുള,ച്ചര്‍ക്കനാര്യനൂലൂടില്‍ ധൂമ
പാളി പാവിട്ടു നെയ്യുന്നുഷ്ണപടങ്ങള്‍, പണ്ട്
കപ്പയും കമ്പന്‍പുല്ലും വെന്ത ചട്ടിയില്‍നിന്നും
കളിയായവന്‍ കോരി വീര്‍പ്പിച്ച വെയില്‍പ്പോള
നെറ്റിയില്‍ വീണുപൊട്ടി വേര്‍പ്പുചാലിലൂടിറ്റു
വറ്റില്‍ വീഴുന്നൂ, 'ചോറു തണുക്കും മോനേ' പുക-
ക്കമ്പളം കീറുമിടര്‍ത്തൊണ്ടയില്‍ നീറുന്നമ്മ.

ഇന്നെനിക്കറിയാം, വള്ളത്തോള്‍ക്കളരിയില്‍ ചിന്തേരിട്ട വൈലോപ്പിള്ളിയുടെ കേകയല്ല, മിത്തോളജിയുടേയും പദ്യത്വത്തിന്റേയും ആടകളില്ലാത്ത സച്ചിദാനന്ദന്റെ കേകയാണ് 'ഏകാന്തതയുടെ അമ്പതു വര്‍ഷങ്ങള്‍' നീട്ടിപ്പിടിച്ചെഴുതാനുള്ള ഊറ്റം എനിക്കു നല്‍കിയത്. ആധുനികാനന്തര കാലത്തിന്റെ എല്ലാ വാദങ്ങള്‍ക്കും വിയോജനങ്ങള്‍ക്കും അപ്പുറത്ത്, സച്ചിദാനന്ദന്‍ എന്ന പെരുമരത്തിന്റെ ചോലയില്‍ ഏതോ പടര്‍വേരുശയ്യയില്‍ കിളര്‍ന്ന്, നിവര്‍ന്നു നിന്ന് അതു പറയുന്നതിലെ നൈതികാനന്ദമായിരിക്കാം ഈ കുറിപ്പിന്റെ സാഫല്യം.

2019 ഓഗസ്റ്റില്‍ വടക്കന്‍ മാസിഡോണിയയിലെ വിശ്രുതമായ സ്ട്രൂഗാ കാവ്യോത്സവത്തിന്റെ പാലംവേദിയില്‍ വച്ച് പ്രപഞ്ചപ്പരപ്പിലെ എല്ലാ കവികള്‍ക്കും വേണ്ടി സച്ചിദാനന്ദന്‍ എഴുതി:

ഇത് സ്ട്രൂഗയിലെ പാലം
കവികളുടേത് ഭാഷകളുടേയും.
ഇവിടെനിന്ന് അരനൂറ്റാണ്ടിലേറെയായി
കവിത വായിച്ച പലരും ഇപ്പോഴില്ല.
ഓഡന്‍ അല്ലെങ്കില്‍ ട്രാന്‍സ്ട്രോമര്‍.
പക്ഷേ, അവരുടെ നിഴലുകള്‍ ഇപ്പോഴും
താഴെ ഡ്രിം നദിയില്‍ വീഴുന്നു.
അവര്‍ കുമിളകളിലൂടെ ചിരിക്കുന്നു
അലകളായി ഉയര്‍ന്നുവന്ന്
പാലത്തില്‍നിന്ന് കവിത വായിക്കുന്ന
പിന്‍ഗാമികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നു

ഞാന്‍ പാലത്തില്‍നിന്ന് കവിത വായിക്കുമ്പോള്‍
താഴെയിരുന്ന കേള്‍വിക്കാര്‍ ജലത്തില്‍ കണ്ടത്
അയ്യപ്പപ്പണിക്കരുടെ പ്രതിബിംബമായിരുന്നു.
ഞാന്‍ വെറുമൊരു പ്രതിനിധിയാണ്
എല്ലാ കവികളുമതെ, അവര്‍ ഒന്നിച്ച്
പ്രതിധ്വനികളുടെ ഒരു പാലം പണിയുന്നു.
അത് ഭൂമിയിലൂടെ മുഴുവന്‍ കടന്നുപോകുന്നു
ഇലകളും പൂക്കളും മഞ്ഞും നിലാവും
അതില്‍ മാറി മാറി വീഴുന്നു.
ചരങ്ങളും അചരങ്ങളും മുഴുവന്‍
അതിലൂടെ കടന്നുപോകുന്നു,
നദിയില്‍ നിഴല്‍ വീഴ്ത്തിക്കൊണ്ട്.

(സ്ട്രൂഗാ പാലത്തിലെ കവിതവായന - 'പശ്ചിമകാണ്ഡം' എന്ന പരമ്പരയില്‍നിന്ന്)

ഹാറ്റ്സ് ഓഫ്, സച്ചിമാഷേ....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com