ജി.എസ്.ടി; പെട്രോള്‍ വില കുറയുമോ?

വിലവര്‍ദ്ധന ഒഴിവാക്കാന്‍ പെട്രോളും ഡീസലും ഏകീകൃത നികുതി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്നതാണ് വാസ്തവം
ജി.എസ്.ടി; പെട്രോള്‍ വില കുറയുമോ?

വിലവര്‍ദ്ധന ഒഴിവാക്കാന്‍ പെട്രോളും ഡീസലും ഏകീകൃത നികുതി സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന പ്രചരണങ്ങള്‍ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ലെന്നതാണ് വാസ്തവം. കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന അധിക സെസും എക്സൈസ് തീരുവ കുറയ്ക്കുകയും ചെയ്താല്‍ മാത്രമേ ഇവയുടെ വില കുറയൂ. അതിനു വേണ്ടത് നയതീരുമാനമാണ്. പെട്രോള്‍, ഡീസല്‍, പ്രകൃതിവാതകം, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ എന്നിവ ഭരണഘടനാപരമായി  ജി.എസ്.ടി നികുതിസമ്പ്രാദയത്തില്‍ വരുന്നതാണ്. എന്നാല്‍, ഈ ഉല്പന്നങ്ങള്‍ക്ക് നികുതി പിരിക്കാനുള്ള നയതീരുമാനം ജി.എസ്.ടി കൗണ്‍സില്‍ എടുത്തിട്ടില്ലെന്നു മാത്രം. 

ഏറ്റവുമൊടുവില്‍ ലക്നൗവില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ചയായി. ഉടന്‍ നികുതി പിരിക്കാന്‍ തീരുമാനമില്ലെന്നും ഭാവിയില്‍ അത്തരമൊരു നീക്കത്തിനു സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. അപ്പോള്‍ പിന്നെ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കും ജി.എസ്.ടി കൗണ്‍സിലില്‍ വിഷയം ഉന്നയിക്കപ്പെട്ടതും എന്തിനെന്ന ചോദ്യത്തിനു ഉത്തരം ലളിതമാണ്. ഇപ്പോഴത്തെ വിലവര്‍ദ്ധനയുടെ ബാധ്യത സംസ്ഥാനങ്ങള്‍ക്കാണെന്ന വ്യാജപ്രചരണത്തിനു മൂര്‍ച്ചകൂട്ടുക. പാപഭാരം സംസ്ഥാനങ്ങള്‍ക്കു കൂടിയുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തന്ത്രം. നികുതിവരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നറിയാവുന്ന സംസ്ഥാനങ്ങള്‍ സ്വാഭാവികമായും ഈ ആവശ്യത്തെ എതിര്‍ക്കുമല്ലോ.

2015 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെ പെട്രോള്‍, ഡീസല്‍ ഉല്പന്നങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചെടുത്ത എക്സൈസ് ഡ്യൂട്ടി 13.7 ലക്ഷം കോടിയാണ്. തീരുവ വീണ്ടും വര്‍ദ്ധിപ്പിച്ചതിനാല്‍ ഇപ്പോള്‍ ഈ വരുമാനം കൂടുതലുമാണ്. ഇങ്ങനെ ഒരു വര്‍ഷത്തെ വരുമാനം അഞ്ചു ലക്ഷം കോടി രൂപയാണെന്നാണ് ഏകദേശ കണക്ക്. 2014 ഒക്ടോബറില്‍ പെട്രോളിന്റെ എക്സൈസ് നികുതി 9.48 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 32.90 രൂപയാണ്. അതായത് വര്‍ദ്ധന 250 ശതമാനത്തിലധികം. 2014 ഒക്ടോബറില്‍ ഡീസലിന് 3.56 രൂപയായിരുന്നു നികുതിയെങ്കില്‍ ഇന്ന് 31.80 രൂപയാണ്. ഏകദേശം 800% വര്‍ദ്ധന. ഈ വര്‍ഷം മൂന്നുമാസം കൊണ്ടുമാത്രം, അതായത് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എക്സൈസ് ഡ്യൂട്ടി വഴി നേടിയ വരുമാനം 94,181 കോടിയാണ്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മാത്രം വരുമാനം നാലു ലക്ഷം കോടിയാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. കൊവിഡിന്റെ രണ്ടാംതരംഗത്തെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കാലയളവായിരുന്നു ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍. അതായത് പെട്രോള്‍-ഡീസല്‍ വില്‍പ്പന കുറഞ്ഞ നാളുകള്‍. ഈ കാലയളവിലാണ് നാലു ലക്ഷം കോടി ലഭിച്ചതെങ്കില്‍ ബാക്കി മാസങ്ങളിലെ വരുമാനം ഊഹിക്കാവുന്നതേയുള്ളൂ.

നിർമല സീതാരാമൻ
നിർമല സീതാരാമൻ

സംസ്ഥാനങ്ങള്‍ക്കും വരുമാനമില്ലേ? 

ഈ സാമ്പത്തിക വര്‍ഷം മൊത്തം നികുതി വരുമാനം 22.17 ലക്ഷം കോടിയാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ മൊത്തം നികുതിയുടെ 18 ശതമാനം പെട്രോള്‍-ഡീസല്‍ വില്‍പ്പനയിലൂടെ നേടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ആശ്രയത്വം ഇന്ധനവിലയെ ആശ്രയിച്ചാണ്. വില്‍പ്പന നികുതി-വാറ്റ് ഇനത്തില്‍ പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങളും എക്സൈസ് നികുതി ഈടാക്കുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ഈ നിരക്ക് വ്യത്യസ്തമായിരിക്കും. 2020-'21 കാലയളവില്‍ 2.08 ലക്ഷം കോടിയാണ് സംസ്ഥാനങ്ങള്‍ക്ക് കിട്ടിയത്. ഈ കാലയളവില്‍ സംസ്ഥാനങ്ങളുടെ ആകെ നികുതി വരുമാനം 14.93 ലക്ഷം കോടിയാണ്. അതായത് മൊത്തം വരുമാനത്തിന്റെ 13.6 ശതമാനം ഇന്ധനവില്‍പ്പനയുടേതാണ്. 2019-'20, 2018-'19 കാലയളവില്‍ ഇത് യഥാക്രമം 15%, 16.7% എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പ്രധാന നികുതി വരുമാനം പെട്രോളും ഡീസലും തന്നെ. 

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101 രൂപയിലധികമാണ് വില. അടിസ്ഥാന വില 41 രൂപ. ഡീലര്‍ കമ്മിഷന്‍ നാലു രൂപയും ചേര്‍ത്ത് 45 രൂപ. ബാക്കി 56 രൂപ നികുതിയാണ്. ഇതില്‍ 33 രൂപ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയായി പിരിച്ചെടുക്കുന്നു. ബാക്കി ഡല്‍ഹി സര്‍ക്കാരും. അതായത് ഡീലര്‍ കമ്മിഷന്‍ കഴിച്ചു നിര്‍ത്തിയാല്‍ അടിസ്ഥാന വിലയുടെ 125 ശതമാനത്തിലധികമാണ് നികുതി. ഓരോ സംസ്ഥാനത്തും നികുതി നിരക്കുകള്‍ വ്യത്യസ്തമാണെങ്കിലും 100 ശതമാനത്തില്‍ കുറവ് നികുതി ഒരിടത്തുമില്ല എന്നതാണ് യഥാര്‍ത്ഥ്യം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വാറ്റ് നികുതി ആറു ശതമാനമാണെങ്കില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അത് 25 ശതമാനത്തിലധികമാണ്. കര്‍ണാടകയില്‍ പെട്രോളിനു 35 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഡീസലിന്റെ കാര്യത്തില്‍ നികുതിയില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂ. 2020-'21 കാലയളവില്‍ പെട്രോളിയം ഉല്പന്നങ്ങളില്‍ നികുതി വരുമാനത്തില്‍ 57 ശതമാനവും ഡീസലില്‍ നിന്നായിരുന്നു. 

ഇപ്പോഴത്തെ നികുതി ഘടന എങ്ങനെ?

ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍പ്പോലും പെട്രോളിനും ഡീസലിനും വില കുറയില്ല.  ഈ വര്‍ഷം ഫെബ്രുവരിയില്‍ കേരളത്തില്‍ 37.29* രൂപയാണ് പെട്രോളിന്റെ അടിസ്ഥാന വില. കേന്ദ്ര നികുതി 32.9 ശതമാനം. അതായത് അടിസ്ഥാന വിലയുടെ 88.2 ശതമാനം കേന്ദ്ര നികുതിയാണ്.  ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തിനു കിട്ടുന്ന നികുതി വരുമാനം 25.13 രൂപയാണ്. അതേസമയം കേന്ദ്രനികുതി 33 രൂപയും. ഇതിനു പുറമേ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന സെസുമുണ്ടാകും. 

ഇപ്പോള്‍ അടിസ്ഥാന വില തന്നെ കൂടിയിട്ടുണ്ട്. നിലവില്‍ 26 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സെസായി ചുമത്തുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറയുന്നു. ഇതിനു പുറമേ കാര്‍ഷിക സെസായി നാലു രൂപ വീണ്ടും പിരിക്കുന്നു. അതായത് കേന്ദ്രത്തിന് ഇന്ധനവില കുറയ്ക്കണമെങ്കില്‍ ഈ സെസ് ഒഴിവാക്കിയാല്‍ മതി. ഇതാണ് ജി.എസ്.ടി കൗണ്‍സിലില്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്. കേന്ദ്രനികുതിയില്‍ ഒരു പൈസ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നത്. കേന്ദ്രം പിരിക്കുന്ന നികുതിയില്‍ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കാണെന്ന പ്രചരണം വ്യാജമാണെന്നും അദ്ദേഹം പറയുന്നു. 

നികുതി എത്ര ശതമാനം?

ജി.എസ്.ടി സമ്പ്രദായത്തില്‍ മൂന്ന് നിരക്കുകളിലാണ് നികുതി ഈടാക്കുക. 5 ശതമാനം, 12 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് ആ സ്ലാബുകള്‍. ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതിയാണ് പെട്രോളിനു ചുമത്താന്‍ സാധ്യത. അങ്ങനെ വന്നാല്‍ അടിസ്ഥാന വിലയുടെ കൂടെ 28 ശതമാനം നികുതി കൂടി ഉള്‍പ്പെടുത്തും. അടിസ്ഥാന വില 32 രൂപയാണെങ്കില്‍ അതിന്റെ 28 ശതമാനമായ 8.96 രൂപ കൂടി ഈടാക്കും. ഡീലര്‍മാരുടെ കമ്മിഷനും ചരക്കുനീക്ക ചെലവും ഉള്‍പ്പെടെ ലിറ്ററിന് 45 രൂപയില്‍ താഴെയാകും.  ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 37.29 രൂപയാണ് അടിസ്ഥാന വില. ഇതിന്റെ 28 ശതമാനം 10 രൂപയിലധികം വരും. ഡീലര്‍മാരുടെ കമ്മിഷനും ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജും കൂടി ചേര്‍ക്കുമ്പോള്‍ 70 രൂപയില്‍ താഴെ വരും. സ്റ്റേറ്റ് ജി.എസ്.ടി (എസ്.ജി.എസ്.ടി) 14 ശതമാനം സംസ്ഥാനത്തിനു ലഭിക്കുന്നു. ഇതില്‍ കുറഞ്ഞ സ്ലാബിലേക്കു പോകാന്‍ യാതൊരു സാധ്യതയുമില്ല.

കെഎൻ ബാല​ഗോപാൽ
കെഎൻ ബാല​ഗോപാൽ

പ്രത്യേക സ്ലാബ് വന്നാല്‍?

ഈ മൂന്ന് ജി.എസ്.ടി സ്ലാബുകള്‍ക്കു പുറമേ ചില ഉല്പന്നങ്ങള്‍ക്ക് പ്രത്യേക നിരക്കുകളുണ്ട്. ഉദാഹരണത്തിന് സ്വര്‍ണ്ണത്തിന് മൂന്നു ശതമാനമാണ് നിരക്ക്. റെഡിമെയ്ഡ് തുണിത്തരങ്ങള്‍ക്ക് 12 ശതമാനവും. 500 രൂപ വരെയുള്ള ചെരുപ്പിന് അഞ്ച് ശതമാനം നികുതി നല്‍കിയാല്‍ മതി. അതിനു മുകളിലാണെങ്കില്‍ 18 ശതമാനവും. ഇതേപോലെ ഒരു പ്രത്യേക നികുതി സ്ലാബ് പെട്രോളിനും ഡീസലിനുമുണ്ടാക്കാം. ഇത് 28 ശതമാനത്തേക്കാള്‍ കൂടുതലാവാം. ഉദാഹരണത്തിന് 50 ശതമാനമായി കണക്കാക്കാം. അങ്ങനെയെങ്കില്‍ അടിസ്ഥാന വില 37 രൂപ. അതിന്റെ അമ്പതു ശതമാനം 18.5 രൂപ. ചരക്കുനീക്ക നിരക്കുകള്‍ കൂടി നോക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 60 രൂപയിലധികം വരും. 50 ശതമാനം എന്ന നികുതി സ്ലാബിനു പകരം 100 ശതമാനമോ 150 ശതമാനമോ ആകാം. അതായത് അത് നിശ്ചയിക്കാനുള്ള അധികാരമാണ് വില നിര്‍ണ്ണയിക്കുക. 100 ശതമാനമാണെങ്കില്‍ 37 രൂപ അടിസ്ഥാന വിലയ്ക്ക് പെട്രോള്‍ കിട്ടിയാല്‍ നികുതി 37 ശതമാനമായിരിക്കും. അതായത് 74 രൂപ. ബാക്കി നികുതികള്‍ കൂടി പരിഗണിച്ചാല്‍ 80 രൂപയില്‍ താഴെ പെട്രോള്‍ വില്‍ക്കാവുന്നതേയുള്ളൂ.

നഷ്ടം കേന്ദ്രം സഹിക്കുമോ?

ജി.എസ്.ടി നടപ്പാക്കിയാലും എക്സൈസ് നികുതി പിരിച്ചെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടാകും. ഭരണഘടനയുടെ ഏഴാമത് ഷെഡ്യൂള്‍ പ്രകാരം നിയമം ഇത് അനുവദിക്കുന്നു. സെസുകളും എക്സൈസ് ഡ്യൂട്ടിയും ഈടാക്കാതിരുന്നാല്‍ കേന്ദ്രത്തിന് കനത്ത വരുമാന നഷ്ടമുണ്ടാക്കും. എക്സൈസ് നികുതിയും സെസും തുടര്‍ന്നാല്‍ വില എങ്ങനെയാകുമെന്ന് നോക്കാം. റോഡ് സെസ് 18 രൂപ, കൃഷി വികസന സെസ്- 2.50 രൂപ. എക്സൈസ് നികുതിയും സെസും ചേര്‍ത്ത് 33 രൂപയോളം വരും. അടിസ്ഥാന വില 37 രൂപ കൂട്ടിയാലും പെട്രോള്‍ വില 90 രൂപ നിരക്കിലെത്തും. 

കേന്ദ്രം നല്‍കുന്നത് ഒരു പൈസ

ജി.എസ്.ടി നടപ്പാക്കിയാല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥ ദയനീയമാകും. പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയും സെസുകളും എക്സൈസ് ഡ്യൂട്ടികളും പിരിച്ചെടുക്കാന്‍ കേന്ദ്രം അധികാരം നിലനിര്‍ത്തുകയും ചെയ്താല്‍ നഷ്ടം സംസ്ഥാനങ്ങള്‍ക്കു മാത്രമാണ്. നികുതി വരുമാനം ഗണ്യമായി കുറയും. ജി.എസ്.ടിയുടെ പകുതി അതായത് 14 ശതമാനം മാത്രമാണ് സംസ്ഥാനങ്ങള്‍ക്കു ലഭിക്കുക.

എക്സൈസ് നികുതിയുടെ 41 ശതമാനം കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ചു നല്‍കുന്നുണ്ടെങ്കിലും അത് തുച്ഛമായ തുകയാണ്. എക്സൈസ് നികുതിയായ 1.40 രൂപയില്‍ 59 ശതമാനം കേന്ദ്രത്തിനാണ്. 1.40 രൂപ കിട്ടുമ്പോള്‍ 83 പൈസ കേന്ദ്രം എടുത്തിട്ട് ബാക്കി 57 പൈസയാണ് വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കുന്നത്. സംസ്ഥാനങ്ങളുടെ ജനസംഖ്യയും മറ്റ് അനേകം ഘടകങ്ങളും പരിഗണിക്കുകയും ചെയ്യും. താരതമ്യേന ജനസംഖ്യ കുറവുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന വിഹിതവും കുറവായിരിക്കും. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളത്തിന് ഇതില്‍നിന്നു ലഭിക്കുന്നത് 1.9 ശതമാനം മാത്രം. ഏകദേശം ഒരു പൈസ. നിലവില്‍ 25 ശതമാനമാണ് കേരളത്തിനു ലഭിക്കുന്ന വില്‍പ്പന നികുതി. ഇതോടൊപ്പം രണ്ടു സെസുകളുമുണ്ട്. ഇവ രണ്ടും കൂടി ഏകദേശം ഒന്നേകാല്‍ രൂപ വരും. 

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സൈക്കിൾ ചവിട്ടി പ്രതിഷേധിക്കുന്നു
ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സൈക്കിൾ ചവിട്ടി പ്രതിഷേധിക്കുന്നു

സെസ് കേന്ദ്രത്തിന്റെ കൊള്ള

പെട്രോള്‍ വിലയുടെ നികുതി കൂട്ടുമ്പോള്‍ സെസും അധിക എക്സൈസ് നികുതിയുമാണ് കേന്ദ്രസര്‍ക്കാര്‍ കൂട്ടുക. അടിസ്ഥാന എക്സൈസ് നികുതി കൂട്ടുന്നതിനു പകരം കുറച്ചു. അതായത് അടിസ്ഥാന നികുതി കൂട്ടിയാല്‍ അതിന്റെ വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ടിവരും. ഇതൊഴിവാക്കാനാണ് അഡീഷണല്‍ എക്സൈസ് നികുതി എന്ന പേരില്‍ നികുതി വര്‍ദ്ധന കൊണ്ടുവരുന്നത്. 

2020 മാര്‍ച്ചില്‍ രണ്ടു തവണ നികുതി കൂട്ടിയപ്പോഴും അഡീഷണല്‍ നികുതിയാണു കൂട്ടിയത്. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പെട്രോളിന് 2.50 രൂപയും ഡീസലിന് 4 രൂപയും കൃഷി, അടിസ്ഥാന സൗകര്യ വികസന സെസ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസം ഉണ്ടായിരുന്നില്ല. ഈ സമയത്ത് എക്സൈസ് ഡ്യൂട്ടി കുറച്ചതുകൊണ്ടാണ് വില കൂട്ടാതിരുന്നത്. 2.93 രൂപയായിരുന്ന എക്സൈസ് നികുതി 1.40 രൂപയിലേക്ക് കുറച്ചു. അതേസമയം അതോടെ സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന ചെറിയ വിഹിതം പകുതിയായി കുറഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ കേന്ദ്രത്തിനു മാത്രമെടുക്കാവുന്ന അഡീഷണല്‍ എക്സൈസ് നികുതിയും സെസുകളും കൂട്ടുകയും സംസ്ഥാനങ്ങള്‍ക്കു വീതിച്ചു നല്‍കേണ്ട അടിസ്ഥാന എക്സൈസ് നികുതി പരമാവധി കുറയ്ക്കുകയും ചെയ്ത് വരുമാനം സ്വരുക്കൂട്ടുകയാണ് കേന്ദ്രം ചെയ്യുന്നത്.

*വില പ്രതിദിനം  വ്യത്യാസപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com