ഡോണുകളുടെ മഹാസാമ്രാജ്യത്തില്‍ ഒരു മലയാളി

രണ്ടര കോടിയോളം ജനങ്ങളുള്ള മുംബൈ മഹാനഗരത്തിന് ഏറെ സവിശേഷതകളുണ്ട്
ലോക പ്രശസ്ത ഫോട്ടോ​ഗ്രാഫർ ഭൂപേന്ദ്ര കാരിയ പകർത്തിയ എഴുപതുകളിലെ ബോംബെ (മുംബൈ)
ലോക പ്രശസ്ത ഫോട്ടോ​ഗ്രാഫർ ഭൂപേന്ദ്ര കാരിയ പകർത്തിയ എഴുപതുകളിലെ ബോംബെ (മുംബൈ)

ണ്ടര കോടിയോളം ജനങ്ങളുള്ള മുംബൈ മഹാനഗരത്തിന് ഏറെ സവിശേഷതകളുണ്ട്. എങ്ങുമെത്താത്ത റോഡുകളില്‍ പരന്നൊഴുകുന്ന പരശ്ശതം കാറുകള്‍. ബി.ഇ.എസ്.റ്റി ബസുകള്‍. ആയിരങ്ങളെ വഹിച്ച് കടകടാരവം മുഴക്കി പായുന്ന ഇലക്ട്രിക് സബര്‍ബന്‍ ട്രെയിനുകള്‍. കൊവിഡ്-19 ബോംബെയില്‍ പടര്‍ന്നതോടെ ട്രെയിന്‍ സര്‍വ്വീസുകളുടെ എണ്ണം ഇപ്പോള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. വടാപാവ് സെന്ററുകള്‍. സാസൂണ്‍സോക്കിലെ മത്സ്യവില്‍പ്പനക്കാരികളായ കോലിസ്ത്രീകള്‍ ബീഡി പുകയ്ക്കുന്നുണ്ട്. പ്രാവിന്‍കൂട്ടത്തെ സ്വന്തമാക്കിയ ഗേയ്റ്റ്വേ ഓഫ് ഇന്ത്യ. ഡോങ്ങ്ഗ്രിയിലെ അഫ്ഗാനി ഹോട്ടലുകളില്‍ നിന്നുയരുന്ന കശ്മീരിപുലാവിന്റെ മാസ്മരികഗന്ധം. കാമാഠിപുരയിലുള്ള ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളിലെ ബാല്‍ക്കണിയില്‍ ഇതികര്‍ത്തവ്യതാമൂഢരായി ഇരയെ കാത്തുനില്‍ക്കുന്ന പെണ്ണുങ്ങള്‍ക്ക് ഇനി തങ്ങളുടെ ജീവിതത്തില്‍ വലിയ പ്രതീക്ഷകളൊന്നുമില്ലെന്ന് തോന്നുന്നു. ഒരു ഗിരാക്ക് (കസ്റ്റമര്‍) പോലും അവിടേയ്ക്കു കടന്നുവരുന്നില്ല. ഡാന്‍സ്ബാറുകള്‍ നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നു. 'ഇന്‍സൊമാനിയ', 'സിസ്ലേഴ്സ്' തുടങ്ങിയ ഡിസ്‌കോത്തിക്കുകള്‍ ആരേയും ആകര്‍ഷിക്കുന്നില്ല. പുലര്‍ച്ചെ വരെ പ്രവര്‍ത്തിച്ചിരുന്ന കൊളാബയിലെ അഹ്മ്മദ്മിയയുടെ കബാബ് വില്പനകേന്ദ്രത്തിന് ഷട്ടറിട്ടിട്ട് നാളുകളേറെയായി. ബോംബെ (അല്ലെങ്കില്‍ മുംബൈ)യുടെ ഇപ്പോഴത്തെ ചിത്രം ഏതാണ്ട് ഇങ്ങനെയൊക്കെയാണ്! യഹിഹെ, മുംബൈ മേരിജാന്‍. 

ഒന്ന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ചില മലയാളപത്രങ്ങളില്‍ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അബ്ദുള്‍ മജീദ് കുട്ടിയെ ജാര്‍ഖണ്ഡില്‍നിന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എ.റ്റി.എസ്) പിടികൂടിയ വാര്‍ത്ത വന്നിരുന്നു. 1997-ല്‍ റിപ്പബ്ലിക് ദിനത്തില്‍ ഗുജറാത്തിലും ബോംബെയിലും ഭീകരാക്രമണത്തിന് ദാവൂദ്സംഘം പ്ലാനിട്ടിരുന്നതായും എന്നാല്‍ എന്തുകൊണ്ടോ ആ പദ്ധതി പൊളിയുകയും ചെയ്തതിനാല്‍ അബ്ദുള്‍ മജീദ് കുട്ടി മുങ്ങുകയായിരുന്നെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു സംഭവം, എറണാകുളം കലൂരിലുള്ള ഒരു പോഷ് ബ്യൂട്ടിപാര്‍ലറിലെത്തി വെടിയുതിര്‍ത്ത് അതിന്റെ ഉടമസ്ഥയേയും പരിസരവാസികളേയും ചില അജ്ഞാതര്‍ വിറപ്പിച്ചതായുള്ള വാര്‍ത്തയാണ്. ഈ 'കലാപരിപാടി' ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ദാവൂദ് ഇബ്രാഹിമിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന രവി പൂജാരിയുടെ ഭീകരസംഘമാണെന്ന് അവരിലൊരാള്‍തന്നെ പത്രമോഫീസില്‍ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നത്രെ. ഇത്തരം ഏര്‍പ്പാടുകള്‍ നടത്തുന്ന അധോലോകം തങ്ങളുടെ പരാക്രമങ്ങളുടെ 'ക്രെഡിറ്റ്' മറ്റാരും 'ഹൈജാക്' ചെയ്യുന്നത് ഇഷ്ടമില്ലാത്തതായിരിക്കാം അതിന്റെ കാരണമെന്ന് തോന്നുന്നു. പവനന്റെ ഒരു ലേഖനത്തില്‍ 'ചന്ദ്രനില്‍ ചായക്കട' നടത്തുന്നവരാണ് മലയാളികള്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളിലും ചെന്നെത്തുന്ന മലയാളി അധോലോക സംഘത്തിലും തങ്ങളുടെ സ്ഥാനമുറപ്പിച്ചിട്ടുള്ളത് അത്രകണ്ട് അത്ഭുതാവഹമായി തോന്നുന്നില്ല. ചില പഴയകാല മലയാള കഥകളിലെ വരികള്‍ പോലെ 'കാലചക്രം പിന്നോട്ട് തിരിക്കുമ്പോള്‍' ഇന്ത്യന്‍ അധോലോക ചരിത്രത്തില്‍ ആദ്യത്തെ മലയാളി ഡോണ്‍ രാജന്‍നായരെ ആണ് ഓര്‍മ്മവരിക. 

വരദരാജൻ മുതലിയാർ
വരദരാജൻ മുതലിയാർ

കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1974 അവസാനത്തോടെ ജോലിതേടി ഞാന്‍ ബോംബെയില്‍ എത്തിപ്പെട്ടു. അക്കാലത്ത് ധാരാളം തൊഴിലവസരങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ താമസിച്ചുപോന്നത് തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍ പൊതുവെ 'തല്ലിപ്പൊളി സെറ്റപ്പുള്ള' ചെമ്പൂര്‍ ഘാഠ്ളാ ഗാവിലായിരുന്നു. അവിടെ ബഹുനിലക്കെട്ടിടങ്ങള്‍ ഒന്നും ഉയര്‍ന്നുവന്നിരുന്നില്ല. രാജ്കപൂറിന്റെ ആര്‍.കെ. സ്റ്റുഡിയോവിന് എതിര്‍വശത്തുള്ള വഴി ഘാഠ്ളയിലേക്ക് നീളുന്നു. ആ വഴിയുടെ മധ്യഭാഗത്തായി കുറച്ച് ഉള്ളിലോട്ട് നീങ്ങിയാല്‍ യു.പി. ഭയ്യമാരുടെ തബേലയും (എരുമത്തൊഴുത്ത്) അല്പം ചില ചെറുകിട ഫാക്റ്ററികളും അവയ്ക്കിടയില്‍ ഞെരുങ്ങിയമര്‍ന്ന രീതിയിലെന്നു പറയാവുന്ന രണ്ടുമൂന്നു ചോളുകളും കാണാം. അവയൊന്നിലെ ഒറ്റ മുറിയിലാണ് രാജന്‍നായര്‍ ജനിച്ചുവളര്‍ന്നത്. ഞാന്‍ താമസിച്ചുകൊണ്ടിരുന്ന 1+1 നിലയുള്ള കെട്ടിടത്തിനു നേരെ എതിര്‍വശത്താണ് 'ഗാഠ്ളഗാവ് പ്രാഥമിക് മറാഠിശാള' സ്ഥിതിചെയ്യുന്നത്. അതായത് രാജന്‍നായര്‍ അക്ഷരം പഠിച്ച സ്ഥലം! ഈ ഗാവില്‍ 'ദേശിദാരു ചി ദുഖാന്‍' (ചാരായഷാപ്പ്), ലാലയുടെ കിരാണ ചി ദുഖാന്‍ (പലചരക്കുകട), ഡോ. ദേശ്മുഖിന്റെ ഡിസ്പെന്‍സറി, തമിഴ്നാട്ടുകാരനായ മുത്തുഅണ്ണന്റെ മഹാരാഷ്ട്ര ഹെയര്‍ കട്ടിങ് സലൂണ്‍, അല്‍ക്കാ ടെയ്ലേഴ്സ്, ദത്തുവിന്റെ പാന്‍പെട്ടിക്കട തുടങ്ങിയവയാണ് പ്രധാന വ്യാപാരകേന്ദ്രങ്ങള്‍. കോലിസ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ മുന്നില്‍ നിരത്തിവെച്ചിട്ടുള്ള മീനുകളില്‍ വട്ടമിട്ട് പറക്കുന്ന ഈച്ചകളെ കയ്യിലെ തുണികൊണ്ട് ആട്ടിയോടിക്കുന്നു. ചാരായഷോപ്പിനു തൊട്ടുപിന്നിലായി മഡ്ക കേന്ദ്രവും (ചൂതാട്ടം) പൊലീസിന്റെ ഒത്താശയോടെ പ്രവര്‍ത്തിച്ചുപോന്നു. സാധാരണക്കാര്‍ 'പാവ്സേര്‍' (100 എം.എല്‍) ചാരായം മോന്തി മഡ്ക കേന്ദ്രത്തിലേക്ക് ഊളിയിട്ട് പായുന്നതും കാണാം. മണ്‍കുടുക്ക എന്ന അര്‍ത്ഥമുള്ള മഡ്ക കേന്ദ്രത്തില്‍ പണംവച്ചുള്ള ചീട്ടുകളിയാണ്. കല്യാണ്‍ മഡ്ക, രത്തന്‍ ഖത്രിയുടെ വര്‍ലി മഡ്ക തുടങ്ങിയവ നിയന്ത്രിക്കുന്നതും ബോംബെ അധോലോകംതന്നെ ആയിരുന്നു.

ബോംബെയില്‍ എത്തി അധികനാളായിട്ടില്ല. ഒന്നു മുടിവെട്ടിക്കളയാം എന്നു കരുതി മുത്തുഅണ്ണന്റെ മഹാരാഷ്ട്ര ഹെയര്‍കട്ടിങ് സലൂണില്‍ കയറി. സമയം രാവിലെ ഒമ്പതുമണിയായിട്ടുണ്ട്. ഏതു സ്‌റ്റൈല്‍ വേണമെന്ന് മുത്തുഅണ്ണന്‍ ചോദിച്ചു. അമിതാബ് ബച്ചന്‍, വിനോദ് ഖന്ന തുടങ്ങിയ സിനിമാതാരങ്ങളുടെ ഫോട്ടോകള്‍ അവിടെ പതിച്ചിട്ടുണ്ട്. ചെറിയ ഓടകളുടെ വക്കില്‍ നമ്പര്‍ റ്റൂവിന് പോകാന്‍ രാവിലെ അഞ്ചാറു കുട്ടികള്‍ നിരന്നിരിക്കുന്നു. ചെറിയ ഡാല്‍ഡ ടിന്നുകളില്‍ വെള്ളവും അവര്‍ കരുതിയിട്ടുണ്ട്. ശരീരമാകെ ചോരയൊലിച്ച ഒരു യുവാവ് പെട്ടെന്ന് അതുവഴി പായുന്നതു കണ്ടു. ജീവന്‍ കയ്യിലേന്തിയുള്ള ആ മരണപ്പാച്ചിലിനിടെ നിര്‍ഭാഗ്യവശാല്‍ അയാള്‍ കല്ലില്‍ തടഞ്ഞുവീണു. അയാളുടെ പിറകെ അഞ്ചുപത്തുപേര്‍ കയ്യില്‍ ഖോയ്ത്തി (വാള്‍)യും ഹോക്കിസ്റ്റിക്കും മറ്റുമായി അലറിവിളിച്ച് പാഞ്ഞുവന്നു. ''രുക് സാലേ, രുക് തു'' എന്ന് ആക്രോശിച്ചുകൊണ്ട് അവര്‍ ആ പാവത്തിനെ വീണ്ടുംവീണ്ടും മര്‍ദ്ദിച്ച് അവശനാക്കി. നിര്‍ദ്ദാക്ഷിണ്യം ഒരു ഗുണ്ട തന്റെ വാള്‍ അയാളുടെ വയറില്‍ കുത്തിത്താഴ്ത്തി. ഒന്നു ഞരങ്ങുകമാത്രം ചെയ്ത് ആ മനുഷ്യന്‍ അങ്ങനെ ലോകത്തോടു വിടപറഞ്ഞു. പൈപ്പില്‍ വെള്ളമെടുക്കാനെത്തിയ സ്ത്രീകളും മത്സ്യം വിറ്റുകൊണ്ടിരുന്ന കോലിപെണ്ണുങ്ങളും മറ്റു കാണികളും ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല. അല്ലെങ്കില്‍ അവിടെ നടമാടിയിരുന്ന ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിച്ചിട്ടെന്തു കാര്യം എന്ന തോന്നലാകാം കാരണം. ഈ കൊടും ക്രൂരത കണ്ട എന്റെ സപ്തനാഡികളും തളര്‍ന്ന് ശ്വാസോച്ഛ്വാസം നിലച്ചപോലായി. ബാര്‍ബര്‍ മുത്തുവണ്ണന്‍ അപ്പോള്‍ പറഞ്ഞു: ''യേ ഡേഞ്ചര്‍ ലോക് ഹെ, ബഹുത്ത് ഡേഞ്ചര്‍!''

ബോംബെയെക്കുറിച്ച് പറയുമ്പോള്‍ എഴുത്തുകാര്‍ പലതരത്തിലുള്ള വിശേഷണപദങ്ങള്‍ ഉപയോഗിച്ചതായി കാണാം. സാധാരണക്കാരന്റെ 'സുവര്‍ണ്ണ ഭിക്ഷാപാത്രം', 'മാറോടണയ്ക്കുന്ന അമ്മ', 'പിരിയാന്‍ വിടാത്ത കാമുകി' എന്നു തുടങ്ങി എഴുത്തുകാരന്റെ ഭാവനയ്ക്കൊത്തു നീട്ടിയും പരത്തിയും കുറുക്കിയുമുള്ള ഉപമകള്‍ക്ക് അന്തമില്ല. എന്നാല്‍ മഹാനഗരത്തിന്റെ പുഴുക്കുത്തേറ്റ വശം അങ്ങനെ ഇവരില്‍ അധികംപേര്‍ കണ്ടെത്തിയിട്ടില്ലേ എന്നു തോന്നിപ്പോകുന്നു. 'സെലിബ്രിറ്റി ക്രിമിനല്‍' എന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ച വരദാഭായി ബോംബെ അധോലോകത്തില്‍ മുടിചൂടാമന്നനായിരുന്ന കാലം. മാട്ടുംഗയ്ക്ക് സമീപമുള്ള ആന്റോപ് ഹില്‍ പരിസരം കേന്ദ്രമാക്കി വരദരാജമുതലിയാരുടെ കള്ളവാറ്റും അതിന്റെ നീണ്ട വിതരണവും ബോംബെ പൊലീസിന്റെ മൂക്കിനു താഴെ നടന്നുകൊണ്ടിരുന്നെങ്കിലും അടിയന്തരാവസ്ഥ എന്ന ഇന്ദിരാഗാന്ധിയുടെ ഉരുക്കുചട്ടം നടപ്പിലാക്കിയതോടെയാണ് വാറ്റിനും കള്ളക്കടത്തിനുമൊക്കെ സാമാന്യരീതിയില്‍ ഒരു അറുതി ഉണ്ടാകുന്നത്. നെറ്റിയിലും കണ്ഠത്തിലും ഭസ്മം പൂശി, മുറിക്കയ്യന്‍ ഷര്‍ട്ടും ധരിച്ച്, കൃശഗാത്രനായ വരദരാജമുതലിയാര്‍ ചാരായവാറ്റിനു പുറമേ, സ്വര്‍ണ്ണവും കള്ളക്കടത്ത് നടത്തിപ്പോന്നു. അദ്ദേഹത്തിന്റെ കയ്യാളായ ഒരു തമിഴ് പത്രമുടമയ്ക്ക് രത്‌നഗിരി കടലോരത്തിനോടു ചേര്‍ന്ന് പത്ത് ഏക്കറോളം മാന്തോപ്പ് വാങ്ങിനല്‍കിയിരുന്നു. അറബ് രാജ്യങ്ങളില്‍നിന്ന് ലോഞ്ചുകളില്‍ വന്നെത്തുന്ന സ്വര്‍ണ്ണബാറുകള്‍ രഹസ്യമായി അവിടെ ഒളിപ്പിച്ചുവെച്ചിരുന്നതായും ചില മറാഠി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, വരദരാജന്റെ മരണംവരെ രത്‌നഗിരി കേന്ദ്രമാക്കി ഒരു റെയ്ഡിനുപോലും ബോംബെ പൊലീസോ കസ്റ്റംസോ തയ്യാറായില്ല എന്നത് എടുത്തുപറയേണ്ടതുണ്ട്. 

രാജന്‍നായരിലേക്ക് നമുക്ക് മടങ്ങിപ്പോകാം. ഘാഠ്ളയിലെ മഹാരാഷ്ട്ര സലൂണ്‍ ഉടമ മുത്തു പറയുന്നതു നോക്കുക: ''നമ്മ രാജന്‍നായര്‍ റൊമ്പ നല്ല പയ്യന്‍ താന്‍; ചിറുവയതിലിരുന്തേ എനക്ക് അവനെ നന്നാ തെരിയും; ആനാല്‍ അന്ത കെട്ടക്കൂട്ടം താന്‍ അവനെ ഇന്ത്നിലമയ്ക്ക് ആളാക്കിയത്!'' പെട്ടെന്നു പണക്കാരാകാനുള്ള അത്യാഗ്രഹവും സാഹചര്യവുമാണ് രാജനെ ഗുണ്ടയാക്കിയതെന്നു പറയണം. കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുന്നവരും അതിലേയ്ക്ക് എടുത്തുചാടുന്നവരുമുണ്ട്. രാജന്‍ ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ പെടുമെന്നു പറയാം.

രാജൻ നായരും ദാവൂദ് ഇബ്രാ​ഹിമും
രാജൻ നായരും ദാവൂദ് ഇബ്രാ​ഹിമും

രാജന്‍ നായരെന്ന അധോലോക നായകന്‍

ഘാഠ്ളഗാവ് 'പ്രാഥമിക് ശാളയി'ല്‍നിന്ന് 5-ാംതരം ജയിച്ച രാജന്‍നായര്‍ ചെമ്പൂര്‍ നാക്കയിലെ ന്യൂ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് തുടര്‍ന്നു പഠിച്ചത്. വീട്ടിലെ സാമ്പത്തികസ്ഥിതി അത്ര മെച്ചവുമായിരുന്നില്ല. അയാളുടെ അച്ഛന്‍ അശോകന്‍ തന്റെ വീടിനോട് ചേര്‍ന്ന ചായ്പില്‍ ലെയ്ത്ത് മെഷിന്‍ നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. എഴുപതുകളില്‍ ബോംബെയില്‍ ഗുണ്ടകളുടെ തേര്‍വാഴ്ച നടമാടിയിരുന്നു. ചെമ്പൂര്‍ തിലക്നഗറിലെ സഹകാര്‍ തിയേറ്റര്‍ പരിസരത്ത് സിനിമാടിക്കറ്റ് ബ്ലാക്കില്‍ വിറ്റാണ് രാജന്‍നായര്‍ തന്റെ കരിപുരണ്ട ജീവിതം ആരംഭിച്ചത്. ചെത്തിനടക്കാനുള്ള പണം അയാള്‍ അങ്ങനെ ഉണ്ടാക്കി. ആവശ്യങ്ങള്‍ കണ്ടുപിടുത്തങ്ങളുടെ മാതാവാണല്ലോ! അയാളോടൊപ്പം കുറെ തെറിച്ച പിള്ളേരും കൂടിയത് സ്വഭാവികം മാത്രം. ചെമ്പൂര്‍ സ്റ്റേഷന്‍ റോഡിലെ നടരാജ് തിയേറ്ററില്‍ സിനിമ കാണാനെത്തിയ എന്നേയും സുഹൃത്തിനേയും വിരട്ടി ഓടിച്ച് മുന്‍പില്‍ ഷോട്ടി (Shortey) എന്ന രാജന്‍ സംഘാംഗം മുന്നില്‍ കയറി കൗണ്ടറില്‍നിന്ന് എല്ലാ ടിക്കറ്റും വലിച്ചെടുത്ത് Tickets Sold Out എന്ന ബോര്‍ഡ് വെച്ചത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഷോട്ടിയും രാജനും സഹപാഠികളായിരുന്നു. രണ്ടു മൂന്ന് പൊലീസുകാര്‍ അവിടെ നോക്കുകുത്തിയെപ്പോലെ നില്‍ക്കുന്നുണ്ടായിരുന്നു. എളുപ്പവഴിയില്‍ പണമുണ്ടാക്കുക എന്ന തത്ത്വം മനസ്സില്‍ സൂക്ഷിച്ച രാജന്‍നായര്‍ എസ്.എസ്.സി ഡ്രോപ്പ് ഔട്ട് ആയി വിദ്യാഭ്യാസം അവസാനിപ്പിച്ചു. തുടര്‍ന്ന് രാജനും സംഘവും അടിക്കടി ലോക്കപ്പിലെ അഴികളെണ്ണി. തങ്ങളുടെ അന്തസ്സിന്റെ ഒരു ഭാഗമായി അവര്‍ അത് കരുതുകയും ചെയ്തു. ഹിപ്പിയുഗം ഏതാണ്ട് അവസാനിച്ചു തുടങ്ങിയിരുന്നു. അതിന്റെ അടയാളമായ വീതുളിപോലുള്ള കൃതാവും നീട്ടിവളര്‍ത്തിയ തലമുടിയും ബെല്‍ബോട്ടം പാന്റും അണിഞ്ഞ് പോക്കറ്റില്‍ രാംപുരി കത്തിയുമേന്തി രാജന്‍സംഘം ആളുകളെ വിറപ്പിച്ചു.
 
തന്റെ 'വീരസാഹസങ്ങള്‍' പൊലീസും ചെമ്പൂര്‍വാസികളും അംഗീകരിച്ചതോടെ രാജന്‍നായര്‍ തന്റെ  പ്രവര്‍ത്തനമണ്ഡലം ഒന്നുകൂടി വിപുലീകരിച്ച് ചെമ്പൂരിന് സമീപസ്ഥമായ ഘാട്ട്കോപ്പര്‍, ഗോവണ്ടി, വിക്രോളി, ചീതാക്യാമ്പ്  എന്നീ സ്ഥലങ്ങളിലേക്ക് നീട്ടി. കൂലിത്തല്ല്, വീടൊഴിപ്പിക്കല്‍ തുടങ്ങിയ ചില്ലറ ഗുണ്ടായിസം കൊണ്ടുനടന്ന് വലിയ പ്രയോജനമൊന്നുമില്ലെന്ന് മനസ്സിലാക്കിയ അയാള്‍ ചെമ്പൂര്‍ ഷെല്‍കോളനി ഭാഗത്തുള്ള അപകടകാരികളായ (ഖതര്‍നാക്ക്) തെമ്മാടികളെക്കൂടി തന്റെ സംഘത്തോടൊപ്പം ചേര്‍ത്തു. മലയാളികളും തമിഴരുമായ യുവാക്കള്‍ ഈ ഗ്യാങ്ങിലുണ്ടായിരുന്നു. അംഗസംഖ്യാബലവും മുഷ്ടിബലവും വര്‍ദ്ധിച്ചതോടെ രാജന്‍നായരെ വരദരാജന്‍ തന്റെ സേനയിലേക്ക് സ്വാഗതം ചെയ്യുകയാണുണ്ടായത്. അതോടെ രാജന്‍ അധോലോകത്ത് അംഗീകരിക്കപ്പെട്ട ഒരു ഗുണ്ടയായി. ധനികരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങുക, (സുപ്പാരി അല്ലെങ്കില്‍ ക്വട്ടേഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്) അതിനു വഴങ്ങാത്തവരുടെ തല കൊയ്യുകവരെ രാജന്‍സംഘത്തിന്റെ സ്ഥിരം ഏര്‍പ്പാടായി. ബോംബെയിലെ തുണിമില്ലുടമകളും രത്‌നവ്യാപാരികളും ഇയാളുടെ ഭീഷണിക്ക് ഇരകളായി. ചുരുങ്ങിയത് 10 ലക്ഷം രൂപയാണ് പ്രൊട്ടക്ഷന്‍ മണിയായി ഒരു മാസം രാജന്‍നായര്‍ ഇവരില്‍നിന്ന് വാങ്ങിയിരുന്നത് എന്ന് പറയപ്പെടുന്നു. രാഷ്ട്രീയവൈരം തീര്‍ക്കാന്‍ അന്നത്തെ ബോംബെ ഭരണകൂടവും വരദരാജന്റേയും രാജന്‍നായരുടേയും സഹായം തേടിപ്പോന്നത്രേ!

'വെര്‍സോവ ബീച്ചി'ന് എതിര്‍വശം ആറ് ബെഡ്റൂം, ഹാള്‍, കിച്ചണും മറ്റ് സൗകര്യവുമുള്ള ബംഗ്ലോ വില്പനയ്ക്ക് തയ്യാര്‍. കറയറ്റ ആധാരം. ബ്രോക്കര്‍മാര്‍ ക്ഷമിക്കുക; നേരിട്ട് എഴുതുക. (ബോക്സ് നമ്പര്‍ ഃഃഃ) എന്നുമൊക്കെ ചില പത്രങ്ങളില്‍ ക്ലാസ്സിഫൈഡ് ഡിസ്പ്ലേ പരസ്യം കാണാം. ഇവയില്‍ ആകൃഷ്ടരാകുന്നത് രണ്ടാം നമ്പര്‍ ബിസിനസ്സ് ഉള്ള കള്ളപ്പണക്കാരായ ധനാഢ്യരായിരിക്കും. അവരെ കെണിവെച്ച് പിടിക്കാന്‍ അന്നുകാലത്തെ ഈ നൂതനമാര്‍ഗ്ഗം രാജനുള്‍പ്പെടെയുള്ള അധോലോകം സ്വീകരിച്ചിരുന്നു. വലയില്‍ വന്നുപെടുന്നവരെ സൈറ്റ് കാണിക്കാനെന്ന വ്യാജേന പാര്‍ഘര്‍, ധാനു തുടങ്ങിയ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി വന്‍തുക കൈക്കലാക്കുകയാണ് ഇവരുടെ തന്ത്രം. കണക്കിലധികം പണമുണ്ടാക്കാന്‍ സഹായിക്കുന്ന നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സ്വര്‍ണ്ണ വിഗ്രഹം, നാഗമാണിക്യം തുടങ്ങിയവ തങ്ങളുടെ കൈവശമുണ്ടെന്ന് ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടുന്ന ഇന്നത്തെ വഞ്ചനകള്‍ കുറച്ചുകൂടി വിശ്വസനീയമായ രീതിയിലാണ് അക്കാലങ്ങളില്‍ രാജനെപ്പോലുള്ളവര്‍ നടത്തിപ്പോന്നിരുന്നത്.
  
''ജീവസ്പന്ദവും ചലനാത്മകവും അതേയവസരത്തില്‍ ആപല്‍ക്കരവുമായ ജീവിതശൈലിയാണ് രാജന്‍നായര്‍ അടക്കമുള്ള ഭായിമാര്‍ നയിക്കുന്നത്. വരദരാജന്‍, കരിംലാല, ഹാജി മസ്താന്‍ തുടങ്ങി ദാവൂദ് ഇബ്രാഹിം വരെയുള്ളവരുടെ ഒരു ദിവസം ആരംഭിക്കുന്നത് വൈകീട്ട് പത്തുമണിക്ക് ശേഷമാണ്. അപ്പോഴാണ് അധോലോകത്തിന്റെ 'ദന്തെ കാ ടൈം' (ബിസിനസ്സ് സമയം)''. അഞ്ചുപത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അധോലോക സംഘത്തിന്റെ വെടിയുണ്ടയ്ക്കിരയായി മരണമടഞ്ഞ 'മിഡ് ഡെ' ഇംഗ്ലീഷ് ടാബ്ലോയ്ഡിന്റെ ക്രൈം റിപ്പോര്‍ട്ടര്‍ ലേഖനത്തിലെ വരികളാണിവ. അദ്ദേഹം തുടര്‍ന്നു പറയുന്നു: ''ബോംബെ ഉറങ്ങുമ്പോള്‍ ഡാന്‍സ്ബാറുകള്‍ ഉണരുന്നു. വി.സി.ആര്‍ പ്ലെയറില്‍ നിന്നുയരുന്ന മാസ്മരിക സംഗീതത്തിനൊപ്പം അസാന്മാര്‍ഗ്ഗികളുടെ അഴിഞ്ഞാട്ടവും ഡാന്‍സ് ബാറുകളിലെ നിത്യചിത്രമാണ്. ഇവിടെ സുപ്പാരി ഏറ്റെടുക്കുന്ന അധോലോക സംഘത്തിലെ അനുചരന്മാര്‍ എത്തുന്നു. പണവും തട്ടിക്കളയപ്പെടേണ്ട ആളുടെ ഫോട്ടോയ്ക്കൊപ്പം അയാളുടെ പതിവ് സഞ്ചാരവഴികളും മനസ്സിലാക്കി, രണ്ടുമൂന്നു പെഗ് അടിച്ച് ഈ സുപ്പാരിക്കാരന്‍ സ്ഥലംവിടുന്നു.  മയക്കുമരുന്ന് സുലഭമായി ലഭിക്കുന്ന ഇത്തരം ബാറുകളില്‍ നാരീഖാന്‍, ഘാശിറാം സോളങ്കി തുടങ്ങിയ ഈ രംഗത്തെ വമ്പന്‍ സ്രാവുകളുടെ കയ്യാളന്മാരെത്തി കച്ചവടമുറപ്പിച്ചിരുന്നു. ഡാന്‍സ് ബാറുകളുടെ ഉടമകളില്‍ പലര്‍ക്കും അണ്ടര്‍വേള്‍ഡ് ബന്ധമുണ്ടെന്ന് ബോംബെ ഐ (Bombay Eye) എന്ന ടാബ്ലോയ്ഡിന്റെ പത്രാധിപര്‍ പറയുന്നു. ഇത്തരക്കാരുടെ കള്ളത്തരങ്ങള്‍ തുറന്നുകാണിച്ചുപോന്ന ഈ സായാഹ്നപത്രത്തിന് കുറേനാള്‍ മുന്‍പ് ഷട്ടറിടേണ്ടിവന്ന കഥയും ഇവിടെ പറയാതെ വയ്യ. 

എഴുപതുകളിലെ ബോംബെ
എഴുപതുകളിലെ ബോംബെ

അണ്‍ബിലീവബിള്‍ അംബിയന്‍സ്

ഒരു വിവാഹസല്‍ക്കാരവേളയില്‍ കണ്ടുമുട്ടിയ സഫാരിക്കാരനായ ഒരാളെ ഇവിടെ പരിചയപ്പെടുത്താം. അതൊരു ഗോവന്‍ സുഹൃത്തിന്റെ കല്യാണമായിരുന്നതിനാല്‍ ഒറിജിനല്‍ റോയല്‍സ്റ്റാഗും സിഗ്‌നേച്ചര്‍ വിസ്‌കിയും അതിഥികള്‍ക്കിടയില്‍ സുലഭമായി വിളമ്പുന്നുണ്ട്; ഒപ്പം ചിക്കന്‍ ലോലിപോപ്പും ബീഫും (പശു അന്ന് രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ടില്ല).  വധൂവരന്മാര്‍ക്ക് സമ്മാനങ്ങളും ആശീര്‍വ്വാദവും നല്‍കിക്കൊണ്ടിരിക്കെ അതിഥികള്‍ വധുവിനെ ചേര്‍ത്തുപിടിച്ച് അവളുടെ കവിളില്‍ ഉമ്മവെയ്ക്കുന്നതും കണ്ടു. എനിക്ക് അതൊരു പുത്തന്‍ കാഴ്ചയായിരുന്നു. ക്യാമറകള്‍ മിന്നിക്കൊണ്ടിരുന്നു. വീഡിയോഗ്രാഫര്‍ ഹാളിലാകെ ഓടിനടന്ന് എല്ലാ അതിഥികളേയും കവര്‍ ചെയ്യുന്നുണ്ട്. ഏറെനേരം ഇതു നോക്കിനിന്നു മടുത്തപ്പോള്‍ ഞാന്‍ പുറത്തിറങ്ങി ഫോര്‍സ്‌ക്വയര്‍ കിങ്ങിന് തീ പറ്റിച്ചു. മുളുണ്ട് പയസ് നഗറിലെ ആ ഹാള്‍ അലങ്കരിച്ചിരിക്കുന്നതുകണ്ടാല്‍ എത്ര പണം വധുവിന്റെ വീട്ടുകാര്‍ ചെലവഴിച്ചിട്ടുണ്ടാകുമെന്ന ചിന്തയിലായിരുന്നു ഞാനപ്പോള്‍. കോട്ടുധാരികളായ പുരുഷന്മാര്‍ക്കൊപ്പം അവരുടെ വാമഭാഗങ്ങള്‍ ഹൈഹീല്‍ ചെരിപ്പിട്ട് ടക്, ടക് എന്ന ശബ്ദമുണ്ടാക്കി വിവാഹവേദിയിലേക്ക് നടന്നുനീങ്ങുന്നുണ്ട്. അസ്സല്‍ ബ്രൂട്ടിന്റേയും ഇന്റിമേറ്റിന്റേയും സുഗന്ധം അവര്‍ കടന്നുപോയപ്പോള്‍ മൂക്കിലേക്ക് അടിച്ചുകയറി. ഡി.ജെ. ജോക്കി കീബോര്‍ഡില്‍ വിരലുകളോടിച്ചും ഡ്രംസെറ്റില്‍ ഇടയ്ക്കിടെ കൊട്ടിയും ഒരാള്‍ സാക്സോഫോണില്‍ വിരലമര്‍ത്തിയും അന്തരീക്ഷം സംഗീതസാന്ദ്രമാക്കുന്നുണ്ട്. മെലിഞ്ഞ് അല്പം ഉയരക്കൂടുതലുള്ള ഒരു ലലനാമണി ഏതോ ഒരു ഇംഗ്ലീഷ് ഗാനം ആലപിക്കുന്നു. സഫാരിസൂട്ട്ധാരി അപ്പോള്‍ എന്റെ സമീപമെത്തി സിഗരറ്റ് ലൈറ്ററിന് കൈനീട്ടി. സിഗരറ്റ് പുകയ്ക്കുന്നതിനിടയില്‍ ആ കക്ഷി വെറുതെ വായും പൊളിച്ചുനിന്നിരുന്ന ചിലരെ ശകാരിച്ചോടിച്ചു. ''ഫാള്‍തു ലോഗ്... കുച്ച് കാം നഹി കര്‍ത്താ;'' കൂട്ടത്തില്‍ അയാള്‍ മലയാളത്തില്‍ രണ്ട് മുട്ടന്‍ തെറിയും പറഞ്ഞു. ഞാനയാളെ നോക്കി വെറുതെയൊന്നു പുഞ്ചിരിച്ചു. ഈ മാന്യന്‍ പന്തല്‍ ഡെക്കറേറ്ററാണ്. സഫാരിയുടെ കീശയില്‍ കയ്യിട്ട് അയാളുടെ വിസിറ്റിങ്ങ് കാര്‍ഡ് എനിക്കുനേരെ നീട്ടി പറഞ്ഞു: ''ഇവന്മാര്‍ പണിയെടുക്കാതെ ഉഴപ്പുന്നതു കണ്ടില്ലേ? ഇനി പരിപാടി അവസാനിക്കുമ്പോള്‍ കാശിനായ് കൈനീട്ടും. അസത്തുക്കള്‍.'' ആ വിസിറ്റിങ് കാര്‍ഡില്‍ ആന്റോ പൈലോക്കാരന്‍ (യഥാര്‍ത്ഥ പേരല്ല) 'പൊലീസ് ബന്ധു' എന്നു കാണാം. കേരള സ്റ്റേജ് ഡെക്കറേറ്റേഴ്സ് ആന്റ് കാറ്ററിങ്ങ് സര്‍വ്വീസ് എന്ന വിലാസവും കൊടുത്തിട്ടുണ്ട്. ഉണക്കമീന്‍, ഗുരുവായൂര്‍ പപ്പടം, ഹാന്റ്ലൂം സാരികള്‍ തുടങ്ങിയവ ഇവിടെ ലഭിക്കുമെന്നും മലയാളത്തില്‍ കാര്‍ഡില്‍ അച്ചടിച്ചിരിക്കുന്നു. വധുവിന്റെ കയ്യിലേന്തിയ ബൊക്കെയിലെ ഓര്‍ക്കിഡ് പൂക്കളുടെ സ്റ്റിക്ക് ഒന്നിന് ഇത്രവില വരുമെന്നും ഫോട്ടോഗ്രാഫര്‍, വീഡിയോ കവറേജ് തുടങ്ങിയവയുടെ റേറ്റുകളും ഞാന്‍ ചോദിക്കാതെതന്നെ പറഞ്ഞുകൊണ്ടിരുന്നു. 'പൊലീസ് ബന്ധു' എന്നത് എന്താണ് വിശേഷിപ്പിക്കുന്നതെന്ന എന്റെ ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞതിങ്ങനെ: ''ഞാനൊരു സോഷ്യല്‍ വര്‍ക്കറാണ്. എന്റെ ജോലികള്‍ താന (അന്ന് താന ജില്ല 'താനേ' ആയിരുന്നില്ല) മുളുണ്ട് പൊലീസുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ കാര്‍ഡില്‍ പൊലീസിന്റെ ലോഗോ ഒന്നുമില്ലല്ലോ എന്ന ചോദ്യം അയാള്‍ കേട്ടഭാവം നടിച്ചില്ല. താങ്കള്‍ പൊലീസ് ഇന്‍ഫോര്‍മറാണോ എന്ന ചോദ്യത്തിനും സഫാരി സൂട്ട്ധാരി മൗനംദീക്ഷിച്ചു. 

പിന്നീട് ഈ പൊലീസ് ബന്ധുവിനെ കണ്ടുമുട്ടുന്നത് മുളുണ്ടിലെ ദീപ റെസ്റ്റോറന്റ് ആന്റ് ഡാന്‍സ് ബാറില്‍ വെച്ചാണ്. ബാര്‍ഡാന്‍സര്‍ തരന്നുംഖാന്‍ അരങ്ങു തകര്‍ക്കുന്ന കാലം. ബക്ഷീസ് ഇനത്തില്‍ ദിനവും ഒരുലക്ഷത്തോളം രൂപ അവള്‍ സമ്പാദിച്ചിരുന്നത്രേ! സുഹൃത്ത് നിഥിന്‍ മഡ്ക്കറുമൊത്ത് ഒരുനാള്‍ അവിടെയെത്തിയപ്പോള്‍ കേരള ഡെക്കറേറ്റര്‍ ഉടമ ഡാന്‍സ് ഫ്‌ലോറിന് അധികം അകലെയല്ലാതെ ഒറ്റയ്ക്കിരുന്ന് വിസ്‌കി മോന്തുകയാണ്. ഞാന്‍ പരിചയഭാവത്തില്‍ അടുത്തുചെന്ന് തോളില്‍ കൈവച്ചു. ''ഇരിക്ക് മാഷേ'' എന്ന് ആംഗ്യഭാഷയില്‍ അയാള്‍ പറഞ്ഞു. ആ ഹാളിലെ ഇരുണ്ട വെളിച്ചത്തില്‍ അയാളുടെ സുഹൃത്തുക്കളോ പരിചയക്കാരോ എന്നറിയില്ല, ചിലര്‍ വന്ന് കാതില്‍ എന്തോ മന്ത്രിച്ച് സ്ഥലംവിട്ടു. ഇതിനിടെ ഒരു യുവാവും മറ്റു രണ്ടു മൂന്നുപേരും അവിടെയെത്തി. കസേര വലിച്ചിട്ട് ഇരിപ്പുറപ്പിച്ചു. സുഹൃത്ത് പതിയെ പറഞ്ഞു: ''യേ ഹേ രാജന്‍നായര്‍, ബഡാ രാജന്‍.'' രാജനെ കണ്ടാല്‍ അയാള്‍ അധോലോകത്തിലെ 'എണ്ണംപറഞ്ഞ' ക്രിമിനലാണെന്ന് തോന്നില്ല. വെള്ളമുറിക്കയ്യന്‍ ഷര്‍ട്ടും നേവിബ്ലൂ കളറിലുള്ള പാന്റും ധരിച്ച അയാള്‍ക്ക് എടുത്തുപറയത്തക്ക കായികശക്തി ഉണ്ടെന്നും പറയാനാകില്ല. ബാര്‍മെയ്ഡുകള്‍ അയാളെ തൊട്ടുരുമ്മിനിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പന്തല്‍ ഡെക്കറേറ്ററും ഭവ്യതയോടെ രാജന്റെ അടുത്തുചെന്ന് കുശലമന്വേഷിക്കുന്നത് കണ്ടു. ഡാന്‍സ് പൊടിപൊടിച്ചുകൊണ്ടിരുന്നു. ''ലൈലാ ഹോ ലൈലാ, മേ ഹും ലൈല'' എന്ന് പാകിസ്താനി ഗായിക പാടിയ ഹിന്ദി ഹിറ്റ് ഗാനമാണ് വി.സി.ആറില്‍നിന്ന് ഉയരുന്നത്. തരന്നുംഖാനും മറ്റ് നര്‍ത്തകികളും കാണികളെ ഉന്മാദത്തിലാക്കുന്ന ശൈലിയില്‍ ചുവടുവെയ്ക്കുന്നുണ്ട്. ബാര്‍മെയ്ഡ്സ് ഞങ്ങള്‍ക്കിരുവര്‍ക്കും ഓരോ പെഗ് വിസ്‌കിയും പ്ലാസ്റ്റിക്ഡബ്ബയില്‍ ഐസ്‌ക്യൂബുകളും പ്ലേറ്റില്‍ മറ്റ് ഉപദംശങ്ങളും മേശമേല്‍  വെച്ച് എന്റെ തോളില്‍ കൈവച്ച് വശ്യതയാര്‍ന്ന ചിരി നല്‍കി അവിടെത്തന്നെ നിന്നു. ഇനാംവകയില്‍ സുഹൃത്ത് നൂറിന്റെ പടം അവള്‍ക്കു സമ്മാനിച്ചു. ഞങ്ങളുടെ കവിളില്‍ തലോടി അടുത്ത ടേബിളിലേക്ക് അവള്‍ നീങ്ങി. അതിഥികള്‍ക്ക് മദ്യം വിളമ്പിയ വകയില്‍ പത്തിലധികം ശതമാനം കമ്മിഷന്‍ ബാര്‍മെയ്ഡുകള്‍ക്ക് ലഭിക്കാറുണ്ടെന്ന് മഡ്ക്കര്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ ആരെയും ത്രസിപ്പിക്കുന്ന ആംബിയന്‍സ് ദീപാബാറിലുണ്ട്. ഇതിനിടെ വേറെ രണ്ടുപേര്‍ വന്ന് രാജന്‍നായരോട് എന്തോ പതിയെ പറഞ്ഞു. ഒരു ഉള്‍വിളി കേട്ടപോലെ രാജനും കൂട്ടാളികളും പെട്ടെന്ന് സ്ഥലംവിട്ടു. 

ഹാജി മസ്താൻ 
ഹാജി മസ്താൻ 

ചില 'ഫിഷി' കാര്യങ്ങള്‍!

രാജന്‍നായരുടെ 'ഇതര ലീലാവിലാസങ്ങള്‍' സമാന്തരമായി ബോംബെയില്‍ നടന്നുകൊണ്ടിരുന്നു. ഇയാളെ ചുറ്റിപ്പറ്റിയുള്ള പുതുപുത്തന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍മാര്‍ അടിക്കടി വായനക്കാര്‍ക്ക് നല്‍കി അവരെ ത്രില്ലടിപ്പിച്ചു. രാജന്‍ ലോക്കപ്പ്മുറിയിലെ ഇരുമ്പഴികള്‍ പിടിച്ചുനില്‍ക്കുന്നതും അയാളെ പൊലീസ് ജീപ്പില്‍ കയറ്റുന്നതും മറ്റുമായുള്ള ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പത്രങ്ങള്‍ മത്സരിക്കുന്നതായി തോന്നി. അപ്പോഴും തന്റെ ഗ്യാങ്ങിലേക്ക് പുതിയ ആളുകളെ രാജന്‍നായര്‍ റിക്രൂട്ട് ചെയ്തുകൊണ്ടിരുന്നു. അവരില്‍ പ്രധാനി ഹനീഫ് ഏലിയാസ് അനീസ് കുഞ്ഞിന് (കാലിയാ കുഞ്ചു) ഒരുദിവസംതന്നെ മൂന്നുപേരെ നിഷ്‌കരുണം വെട്ടിക്കൊലപ്പെടുത്തിയ റെക്കോര്‍ഡും ഉണ്ട്. ചോപ്പര്‍ പ്രയോഗത്തില്‍ നിപുണനാണ് കാലിയ കുഞ്ചു എന്ന കുപ്രസിദ്ധിയും ഇതിനകം ഇയാള്‍ കൈക്കലാക്കിയിരുന്നു. ഷോട്ടി, കാലിയ കുഞ്ചു, രാജന്‍നായര്‍ അടങ്ങുന്ന മൂവര്‍സംഘം 'ഘര്‍കാലി' (വീടൊഴിപ്പിക്കുക) കലയില്‍ പ്രത്യേക പ്രാവീണ്യം നേടിയ കഥകളും അക്കാലത്ത് ചെമ്പൂര്‍വാസികള്‍ക്കിടയില്‍ പരന്നിരുന്നു. ഒരു മലയാളി വിധവയുടെ വണ്‍ റൂം കിച്ചണ്‍ ഫ്‌ലാറ്റ് അവര്‍ വാടകയ്ക്ക് കൊടുത്തത് മറ്റൊരു മലയാളിക്ക്. എന്നാല്‍, മാസങ്ങള്‍ നിരവധിയായി അയാള്‍ വാടകയിനത്തില്‍ ഒന്നും ഉടമസ്ഥയ്ക്ക് നല്‍കിയതുമില്ല. കച്ചേരി (കോര്‍ട്ട്), പൊലീസ് സ്റ്റേഷന്‍ തുടങ്ങിയവയില്‍ കയറി ഇറങ്ങി അവര്‍ക്ക് മടുത്തപ്പോള്‍ അവരുടെ മരുമകന്‍ രാജന്‍നായരുടെ സഹായം തേടാനുറച്ചു. 1980 ആദ്യനാളുകളിലായിരുന്നു ഈ സംഭവം. രാജന്‍ തന്റെ സില്‍ബന്ധികളുമായി ചെമ്പൂര്‍ ഷെല്‍ കോളനിയിലെ വിധവയുടെ ഫ്‌ലാറ്റിലെത്തി കാര്യങ്ങള്‍ മനസ്സിലാക്കി. ''അമ്മ വിഷമിക്കേണ്ട. ഞാന്‍ ഫ്‌ലാറ്റ് തിരികെ വാങ്ങിത്തരാം'' എന്ന് ഉറപ്പും നല്‍കി ഇതിന്റെ ഇനീഷ്യല്‍ എക്സ്പന്‍സിന് മൂവായിരം രൂപയും വാങ്ങി സ്ഥലംവിട്ടു. അവരുടെ കാല്‍തൊട്ടു വന്ദിക്കാനും അയാള്‍ മറന്നില്ല. വിധവ നെടുവീര്‍പ്പിട്ടു ആശ്വസിച്ചു. അടുത്തയാഴ്ച രാജന്‍സംഘത്തിലൊരുവന്‍ വിധവയുടെ വീട്ടിലെത്തി പറഞ്ഞുറപ്പിച്ച പതിനായിരത്തില്‍നിന്ന് ബാക്കി തുകയും വാങ്ങി. ''അമ്മാ കവലൈപ്പെടാതെ. ഇപ്പോത് കാലി പണ്ണിക്കലാം'' എന്ന സമാധാനവാക്കും സൗജന്യമായി നല്‍കി മോട്ടോര്‍ സൈക്കിളില്‍ പറന്നു. എന്നാല്‍, ഏറ്റവും ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, രാജന്‍നായര്‍ എതിര്‍പക്ഷ മലയാളിയില്‍നിന്നും വലിയൊരു തുക വാങ്ങിയിരുന്നു. അതിന്റെ ഉറപ്പായി അയാളോട് വീട് ഒഴിയേണ്ട കാര്യമില്ല എന്നും എല്ലാം ഞാന്‍ നോക്കാം എന്ന വാഗ്ദാനവും നല്‍കിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ആ പാവം മലയാളിവിധവയുടെ കാര്യം വട്ടപ്പൂജ്യമായെന്നു സാരം. 

ഇത്തരം തട്ടിപ്പും മത്തങ്ങയും കൊല്ലും കൊലയുമായി രാജന്‍നായരുടെ 'ജീവിതസമരം' മുന്നോട്ട് നീങ്ങി. വരദരാജമുതലിയാരുടെ എല്ലാ അനുഗ്രഹാശിസ്സുകളും ഇവിടെ പ്രകടമായിരുന്നു. ചാരായവാറ്റ്, കള്ളക്കടത്ത് എന്നിവ; ഡോണ്‍ ഹാജിമസ്താന്‍, കരിംലാല, വരദരാജന്‍ എന്നീ ത്രിമൂര്‍ത്തികളുടെ കരിപുരണ്ട ജീവിതം ബോംബെ പൊലീസിന്റെ മൈഗ്രെയ്ന്‍ തലവേദനപോലെയായി. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ അന്നത്തെ പൊലീസ് മേധാവി ജൂലിയോ റെബയ്റോ ഇറങ്ങിപ്പുറപ്പെട്ടു. ഡി.സി.പി വൈ.സി. പവാര്‍ മരോള്‍ പൊലീസ് ക്യാമ്പിലെ ചുണക്കുട്ടന്മാരില്‍ ചിലരേയും തന്റെ ടീമില്‍ ചേര്‍ത്തു. മാഹിം ക്രീക്കിനു സമീപവും ധാരാവി, ആന്റോര്‍പ് ഹില്‍ പരിസരങ്ങളിലുള്ള വരദരാജന്റെ ഖാഡികള്‍ (വാറ്റുകേന്ദ്രങ്ങള്‍) അവര്‍ തല്ലിത്തകര്‍ത്തു. അയാളുടെ ചാരായവിതരണശൃംഖലയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന കാജാ ഭായി (കുര്യന്‍) എന്ന മലയാളിയെ അരമണിക്കൂര്‍ നീണ്ടുനിന്ന തീപാറുന്ന പോരാട്ടത്തില്‍ പവാര്‍ കീഴടക്കി. ചാരായം കടത്തുന്ന ബൂട്ട്ലെഗേഴ്സിനെ വരെ തിരഞ്ഞുപിടിച്ച് ലോക്കപ്പിലടച്ചു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും വരദരാജനെ പൊലീസിന് പിടികൂടാനായില്ല. അയാള്‍ ബോംബെയില്‍നിന്ന് ഒളിച്ചുകടന്നു ചെന്നൈയിലെത്തി. എങ്ങനെയോ പിടിക്കപ്പെട്ട വരദരാജന്‍ ഒരൊറ്റ ദിവസം മാത്രം മാട്ടുംഗ ലോക്കപ്പില്‍ കിടന്ന് പിറ്റേന്ന് പുറത്തുവന്നു. അയാളുടെ കൈപ്പിടിയിലൊതുങ്ങുന്നതായിരുന്നു ബോംബെ പൊലീസ് എന്നതിന് ഈ ഒരൊറ്റ ഉദാഹരണം മാത്രം മതി.

1985-ല്‍ മൊറാര്‍ജിയുടെ മദ്യനിരോധന നയം പിന്‍വലിക്കപ്പെട്ടു. ബോംബെയില്‍ അതുവരെ അടഞ്ഞുകിടന്നിരുന്ന, മുക്കിലും മൂലയിലുമുള്ള വൈന്‍ഷോപ്പുകള്‍ ഒരു നീണ്ട കാലയളവിനുശേഷം തുറന്നു. അതോടെ വരദരാജന്‍ കള്ളക്കടത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിച്ചു. ഒരു വര്‍ഷത്തിനുശേഷം തില്ലു എന്ന ചെല്ലപ്പേരിലറിയപ്പെട്ടിരുന്ന ദര്‍ശന്‍കുമാര്‍ ദല്ലയെ വരദയ്ക്കൊപ്പം അറസ്റ്റ് ചെയ്തു. പക്ഷേ, വരദരാജമുതലിയാര്‍ പിന്നെയും ബോംബെയില്‍നിന്നു മുങ്ങി മദ്രാസിലെത്തി. തന്റെ പ്രധാന ലഫ്റ്റനന്റുകളായ ദല്ലയും കാജാഭായി കുര്യനും പിടിക്കപ്പെട്ടതോടെ വരദഭായിക്ക് രണ്ടു ചിറകുകളും നഷ്ടപ്പെട്ട പക്ഷിയെപ്പോലെ അനങ്ങാനാകാത്ത അവസ്ഥയിലായി. മദ്രാസിലെ ഏതോ ഒരു ഒളികേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വരദ കാന്‍സര്‍ പിടിപെട്ടു വൈകാതെതന്നെ മരണമടഞ്ഞു. ഇയാളെ 'സെലിബ്രിറ്റി ക്രിമിനല്‍' എന്നാണ് പത്രങ്ങള്‍ വിശേഷിപ്പിച്ചത്. വരദരാജമുതലിയാരെക്കുറിച്ച് മണിരത്‌നം സംവിധാനം ചെയ്ത, കമല്‍ഹാസന്‍ വേഷമിട്ട 'നായകന്‍' എക്കാലത്തേയും നൂറു നല്ല സിനിമകളില്‍ ഒന്നാണെന്ന് ടൈം മാഗസിന്‍ വിലയിരുത്തിയിട്ടുണ്ട്. 

വരദാഭായി മരണമടഞ്ഞതോടെ ബോംബെയില്‍ കണ്‍ട്രി ലിക്കര്‍ ഉല്പാദനം ഏതാണ്ട് അവസാനിച്ചു. അധോലോകത്തില്‍ ഒന്നുകൂടി മിന്നിത്തിളങ്ങാന്‍ രാജന്‍നായര്‍ വഴിയേ ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയില്‍ ചേര്‍ന്നു.

ഛോട്ടാ രാജൻ
ഛോട്ടാ രാജൻ

ഏക് ഫൂല്‍ ദോ മാലി! 

ചെമ്പൂര്‍ ഫാട്ടക് (റെയില്‍വേ ഗേറ്റ്)ന് തൊട്ടുമുന്‍പ് ഇടതുഭാഗത്തുകൂടെ അല്പദൂരം നടന്നാല്‍ ഷെല്‍ കോളനിയിലെത്താം. ഇപ്പോള്‍ അവിടെ ഒരു കൂറ്റന്‍ ഓവര്‍ബ്രിഡ്ജ് വന്നിട്ടുണ്ട്. ബര്‍മ്മാ ഷെല്‍ പെട്രോളിയം തങ്ങളുടെ ജോലിക്കാര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയതാണ് അക്കാണുന്ന കെട്ടിടങ്ങളത്രയും. ബര്‍മ്മാ ഷെല്‍ ഇപ്പോള്‍ ഭാരത് പെട്രോളിയം കമ്പനി എന്ന പേരില്‍ അറിയപ്പെടുന്നു. മൂന്നു നിലകളുള്ള പത്തന്‍പതോളം കെട്ടിടങ്ങളും അവയ്ക്കു മുന്നില്‍ വിശാലമായൊരു കളിസ്ഥലവും അവിടെയുണ്ട്. കയ്യേറ്റക്കാര്‍ നിര്‍മ്മിച്ച ജോപ്ഡകളാണ് ഷെല്‍ കോളനിയിലേക്കു നിങ്ങളെ 'സുസ്വാഗതം' ചെയ്യുന്നത്. ടിന്‍ഷീറ്റുകൊണ്ടു മേഞ്ഞ ചെറിയ ജോപ്ഡകളില്‍ ഭൂരിഭാഗവും തമിഴ്വംശജര്‍ വസിച്ചുപോരുന്നു. ഷെല്‍ കോളനിയുടെ വലതുഭാഗത്തായി ഹാര്‍ബര്‍ ലൈന്‍ സബര്‍ബന്‍ ട്രെയിനുകള്‍ പാളങ്ങളിലൂടെ ഇടവിടാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. കോളനിയിലേക്ക് നീളുന്ന റോഡിന് ഇരുവശങ്ങളിലും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വെട്ടിപ്പിടിച്ച സ്ഥലങ്ങളില്‍ ചെറുകിട കച്ചവട സ്ഥാപനങ്ങളും ഡോക്ടര്‍മാരുടെ ക്ലിനിക്കുകളും മറ്റും പ്രവര്‍ത്തിച്ചു വരുന്നു. ഇവ കൂടാതെ, മലയാളികളുടെ രണ്ടു ഹോട്ടലുകളും കാണാം. അവയ്ക്ക് തൊട്ടടുത്ത് കംപ്യൂട്ടര്‍ ഗെയിം കളിക്കുന്ന 'മൈനേഴ്സ് ക്ലബ്ബി'ല്‍ കളിക്കാനെത്തുന്നവരില്‍ കുട്ടികളും മുതിര്‍ന്നവരും മുതിര്‍ന്ന കുട്ടികളും ഉള്‍പ്പെടും. ഒരു തൃശൂര്‍ക്കാരന്‍ മലയാളിയാണ് ഇതിന്റെ ഉടമസ്ഥന്‍. കയറ്റുമതിക്കായി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ തുന്നുന്ന തയ്യല്‍ഫാക്ടറികളില്‍ ജോലിയെടുക്കുന്നവര്‍ ഭൂരിഭാഗവും മലയാളികളാണ്. ഓട്ടോറിക്ഷകളുടേയും കാറുകളുടേയും ഹോണടിയാലും ചെത്തില പട്ടികളുടെ നിര്‍ത്താതെയുള്ള കുരയാലും ഷെല്‍കോളനി റോഡ് എപ്പോഴും ശബ്ദമുഖരിതമായിരിക്കും. ഈ ഭാഗത്താണ് ഏറ്റവും അപകടകാരിയായ ഹനീഫ് എന്ന അനീസ് കുഞ്ഞിന്റെ വിഹാരരംഗം. 

ഷെല്‍കോളനി റോഡിലെ ഒരു കച്ചവടസ്ഥാപനത്തിന്റെ മേല്‍ഭാഗത്ത് തട്ടിക്കൂട്ടിയുണ്ടാക്കിയ അറ്റിക്കില്‍ (മേല്‍ത്തട്ട്) വര്‍ഷങ്ങള്‍ അനവധിയായി ജോണിയും മറ്റു ചിലരും താമസിച്ചുപോരുന്നു. മഹാനഗരത്തില്‍ അരിക്ക് ദൗര്‍ലഭ്യമുണ്ടായിരുന്ന കാലത്ത് ജോണി ധാനു, വീരാര്‍, വസായി തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് മട്ട, കോലന്‍ അരി കൊണ്ടുവന്ന് ചെമ്പൂരില്‍ മലയാളികള്‍ക്കിടയില്‍ വിറ്റ് ജീവിതം നയിച്ചിരുന്നു. പ്രൊഫഷണല്‍ രീതിയിലല്ലെങ്കിലും കൈനോക്കി ഫലം പറഞ്ഞിരുന്ന അയാള്‍  ഹസ്തരേഖാ ശാസ്ത്രത്തില്‍ ആധികാരികമായി വിജ്ഞാനമുള്ള കീറോവിന്റെ ഇംഗ്ലീഷ് പുസ്തകം കയ്യിലേന്തിയാണ് സഞ്ചരിക്കുക പതിവ്. ചുവന്ന ഫുള്‍ക്കൈ ഷര്‍ട്ടിന്റെ കൈ അല്പം മടക്കിവെച്ച് ഡബിള്‍ മുണ്ടും പതിവായി ധരിക്കുന്ന ജോണിയോട് കാലിയാ കുഞ്ചുനെപ്പറ്റി ചോദിച്ചറിയാം. സ്വസ്ഥമായിരുന്ന് സംസാരിക്കാന്‍ ഞങ്ങള്‍ ഇരുവരും നടരാജ് തിയേറ്ററിനു സമീപമുള്ള സരോജ് ലഞ്ച് ഹോമില്‍ കയറി ഒഴിഞ്ഞ മൂലയിലിരുന്നു. 'പാന്‍പോളി (ഇലയട)ക്ക് പ്രസിദ്ധമാണ് ഈ മാംഗ്ലൂരിയന്‍ ഹോട്ടല്‍.  നെസ് കാപ്പി മൊത്തിക്കുടിച്ച് ഞങ്ങള്‍ സംഭാഷണം ആരംഭിച്ചു.

''ഞാന്‍ തൃശൂരില്‍നിന്ന് 1970-ല്‍ ആണ് ജോലി തേടി ഇവിടെയെത്തിയത്. ആദ്യം കുറേനാള്‍ വരദ അണ്ണന്റെ ഖാഡിയില്‍ ജോലി ചെയ്തു. ചാരായം വാറ്റാന്‍ തീ കത്തിക്കുന്നതിന് ആവശ്യമായ വിറക് പാല്‍ഘറില്‍നിന്ന്  കൊണ്ടുവരുന്ന ഡ്യൂട്ടിയാണ് എനിക്കു കിട്ടിയത്. വരദ അണ്ണന്‍ പിടിക്കപ്പെട്ടതോടെ ബോംബെയിലെ വാറ്റുചാരായവ്യവസായത്തിന് തിരശ്ശീല വീണു. പിന്നീട് ഷെല്‍ കോളനിയില്‍ ചില്ലറ ജോലി പലതും ചെയ്‌തെങ്കിലും അവയില്‍നിന്ന് പറയത്തക്ക ഗുണമൊന്നുമുണ്ടായില്ല. ചെമ്പൂരിലെ ഹോട്ടലുകളിലേക്ക് ബൈക്കുള ബാജിമാര്‍ക്കറ്റില്‍നിന്ന് പച്ചക്കറി കൊണ്ടുവരികയാണിപ്പോള്‍.'' ജോണി തന്റെ ജീവിതകഥയ്ക്ക് തുടക്കമിട്ടു. 

''ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി ബോംബെയില്‍ വന്‍തോതില്‍ പ്രശ്നങ്ങളുണ്ടാക്കി. രാജന്‍നായരുടെ കൂട്ടാളി അനീസ് കുഞ്ഞ്, ഷോട്ടി എന്നിവര്‍ ചേര്‍ന്ന് പിടിച്ചുപറി, കൊലപാതക ശ്രമങ്ങള്‍ തുടങ്ങി അരുംകൊലപാതകങ്ങള്‍വരെ നടത്തി. രത്‌നവ്യാപാരികള്‍, വലിയ വ്യവസായ ഉടമകള്‍ തുടങ്ങിയവരില്‍നിന്നും 'പ്രൊട്ടക്ഷന്‍ മണി'യായി നല്ലൊരു സംഖ്യ രാജനും സംഘവും ഈടാക്കിപ്പോന്നു. വോയില്‍സാരിക്ക് പുകഴ്പെറ്റ ഖട്ടാവുമില്ലിന്റെ ഉടമയെ കുര്‍ള സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ അരുണ്‍ ഗാവ്ലി സംഘത്തില്‍പ്പെട്ടവര്‍ പട്ടാപ്പകല്‍ മൃഗീയമായി കുത്തിക്കൊലപ്പെടുത്തിയതോടെ വമ്പന്‍ തുണിമില്‍ വ്യവസായികളില്‍ പലരും പ്രാണരക്ഷാര്‍ത്ഥം തങ്ങളുടെ മില്ലുകള്‍ ഗുജറാത്തിലെ വാപി, സില്‍വാസ തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചു. മരണത്തിന്റെ ചിറകടിയൊച്ചകള്‍ അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നു.'' ജോണി ആലങ്കാരികമായി പറഞ്ഞു. 

പ്രൊട്ടക്ഷന്‍മണിയെക്കുറിച്ച് പ്രസിദ്ധ കോളമിസ്റ്റ് ബെഹ്റം കോണ്‍ട്രാക്റ്ററുടെ വരികള്‍ നോക്കുക: 'Now a days bedsheets are in big demand. Because, the industrialist use these for carrying their money.' ബോംബെ ഡെയ്ങ്ങ് ഉടമ നുസ്ലി വാഡിയ തന്റെ ടെക്സ്‌റ്റൈല്‍മില്‍ ഗുജറാത്തിലേക്ക് പറിച്ചുനട്ടതിനെ ഭംഗ്യന്തരേണ കളിയാക്കുന്ന രീതിയിലാണ്  കോണ്‍ട്രാക്റ്റര്‍ (Busybee) തന്റെ 'റൗണ്ട് എബൗട്ട്' (Round About) കോളത്തില്‍ എഴുതിയത്.

''അധോലോകങ്ങള്‍ തമ്മില്‍ കുടിപ്പകയുണ്ടാകാന്‍ പ്രത്യേക കാരണങ്ങളൊന്നും വേണ്ട. ഇന്നത്തെ അവരുടെ ശത്രു നാളെ മിത്രമായേക്കാം. അതുപോലെ മറിച്ചും ആകാറുണ്ട്. അവര്‍ നിയന്ത്രിക്കുന്ന ഇലാക്കയിലേക്ക് (പ്രദേശങ്ങളിലേക്ക്) മറ്റു സംഘങ്ങള്‍ കയറിപ്പറ്റി ആധിപത്യത്തിന് ശ്രമിക്കുക, അതല്ലെങ്കില്‍ അവരോട് ഏതെങ്കിലും തരത്തിലുള്ള വ്യക്തിവൈരാഗ്യം, അസൂയ തുടങ്ങിയവയൊക്കെ ഇതിന് കാരണമാകാറുണ്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലോ അല്ലെങ്കില്‍ വ്യാജ എന്‍കൗണ്ടറുകളിലോ അധോലോകാംഗങ്ങള്‍ പലപ്പോഴും കൊല്ലപ്പെടാറുണ്ട്. ഇവരുടെ സഞ്ചാരവഴികളും നീക്കങ്ങളും ശ്രദ്ധിച്ച് അവ പൊലീസിനെ അപ്പപ്പോള്‍ അറിയിക്കുന്ന പൊലീസിന്റെ ഇന്‍ഫോര്‍മര്‍മാരും മഹാനഗരത്തിലുണ്ട്. പൊലീസില്‍ നിന്നു ലഭിക്കുന്ന ഇനാമിന് (സമ്മാനം) വേണ്ടിയാണ് ഇവര്‍ കൂട്ടാളികളെ ഒറ്റുകൊടുക്കുന്നത്. ഇവരെല്ലാം പൊലീസിനോട് നല്ല കുമ്പസാരം നടത്തി തങ്ങള്‍ അകപ്പെട്ട കേസുകളില്‍നിന്ന് താല്‍ക്കാലികമായി രക്ഷപ്പെട്ടവരാണ്.'' ജോണി പറഞ്ഞു. 

പ്രേമത്തെക്കുറിച്ച് ഷേക്സ്പിയര്‍ മുതല്‍ ചങ്ങമ്പുഴയും വയലാറും പി. ഭാസ്‌കരനും റഫീഖ് അഹമ്മദും വരെയുള്ള കവികള്‍ വിവിധതരത്തില്‍ എഴുതിയിട്ടുണ്ട്. പ്രണയം അതിമധുരമുള്ളതാണെന്ന് പല അനുഭവസ്ഥരും പറയുന്നു. അധോലോക ചരിത്രം പരിശോധിച്ചാല്‍ ധീരധിക്കാരികളായ പുരുഷന്മാരെയാണ് കൂടുതല്‍ സ്ത്രീകള്‍ക്കിഷ്ടമെന്നു കാണാം. അബു സലാം-മോനിക്ക ബേഡി, നീത-അശ്വിന്‍നായക്ക് തുടങ്ങിയവരും ഛോട്ടാഷക്കീലിന്റെ  വെപ്പാട്ടി ഷമീം, അരുണ്‍ ഗാവ്ലിയുടെ പ്രിയ പത്‌നി ആശാ ഗാവ്ലി, ഇന്ത്യയില്‍നിന്ന് വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് അപ്രത്യക്ഷരായ രവി പൂജാരി- പത്മപൂജാരി തുടങ്ങിയവര്‍ ഇതിന് ഉദാഹരണങ്ങളാണ്. 

''പൊടിമീശ മുളയ്ക്കണ കാലം... ഇടനെഞ്ചില്‍ ബാന്റടി മേളം.... എന്ന് തുടങ്ങുന്ന റഫീഖ് അഹമ്മദിന്റെ വരികള്‍പോലെ തൊട്ടാല്‍ ആയിരം വാട്ടിന്റെ ഇലക്ട്രിക് കറന്റ് അനുഭവപ്പെടുന്ന ആ പെണ്ണ്-  എലിസബത്തിനെ കണ്ടപ്പോള്‍ രാജന്‍നായരുടെ നെഞ്ചില്‍ ബാന്റടി മേളം മുഴങ്ങിയിരിക്കണം! ഘാട്ട്കൂപ്പര്‍ ജൂന്‍ജൂന്‍വാല കോളേജ് വിദ്യാര്‍ത്ഥിനിയും അസ്സല്‍ മലയാളിയുമായ അവള്‍ക്ക് പഴുത്തു ചുമന്ന ആപ്പിളിന്റെ നിറമാണുള്ളത്. പരല്‍മീന്‍പോലുള്ള കണ്ണുകളും. കോളേജിലെ റോമിയോമാര്‍ എലിസബത്തിന്റെ പ്രീതി സമ്പാദിക്കാന്‍ ഏറെ പണിപ്പെട്ടു. ഓസിലേറ്റിങ്ങ് ഫാന്‍ കറങ്ങുന്നതുപോലെ എല്ലാവരേയും വശ്യമായി മന്ദഹസിച്ചും കളിതമാശ പറഞ്ഞും സുഖിപ്പിച്ചെങ്കിലും അവള്‍ക്ക് രാജന്‍നായരോടാണ് യഥാര്‍ത്ഥ പ്രണയം തോന്നിയത്. രാജന് ലോക്കപ്പ് മുറിയില്‍നിന്നും 'കയറ്റം കിട്ടി' ആര്‍തര്‍ റോഡ് ജയിലിലും നാസിക് ജയിലിലും മാറി മാറി താമസിക്കാന്‍ പോയെങ്കിലും ആ പെണ്‍കുട്ടി തന്റെ പ്രണേതാവിനെ ഉപേക്ഷിച്ചില്ല. അവള്‍ അയാള്‍ക്ക് മുറതെറ്റാതെ കത്തെഴുതിക്കൊണ്ടിരുന്നു. പരോളിലിറങ്ങിയ രാജന്‍ ഖണ്ഡാലയിലെ റിസോര്‍ട്ടുകളില്‍ എലിസബത്തിനൊപ്പം ദിനരാത്രങ്ങള്‍ ആസ്വദിച്ചു. ഈ പ്രേമകഥയിലെ വില്ലനായി പ്രത്യക്ഷപ്പെട്ടത് അനീസ് കുഞ്ഞാണ്. അതായത് രാസ്തേ കാ കാണ്‍ഡാ (വഴിയിലെ മുള്ള്). അനീസ് അപ്പോള്‍ കൊടുംക്രൂരനായ കുറ്റവാളിയെന്ന് അംഗീകരിക്കപ്പെട്ടിരുന്നു. രാജന്റെ വലംകയ്യായിരുന്ന അനീസ് കുഞ്ഞിന് മധുരമായി പുഞ്ചിരിക്കുക, പ്രേമപൂര്‍വ്വം സംസാരിക്കുക, നന്നായി പെരുമാറുക തുടങ്ങിയ നല്ല സ്വഭാവങ്ങളൊന്നുമുണ്ടായിരുന്നില്ല'' - ജോണി പറഞ്ഞു. 'വെട്ടൊന്ന് മുറി രണ്ട്' എന്ന പക്ഷക്കാരനായ അയാള്‍ക്ക് തന്റെ മനസ്സില്‍ അണയാതെ എരിഞ്ഞുകൊണ്ടിരുന്ന എലിസബത്തിനോടുള്ള പ്രേമം നേരാംവണ്ണം പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതെ പോയിരിക്കാം... എന്നാണ് ജോണിയുടെ നിഗമനം.

ദഹേജ് കി വാസ്തെ!

ജോണി പാന്‍പോളി പൊതിഞ്ഞ വാഴയില നീക്കിക്കൊണ്ട് തന്റെ സംസാരം വീണ്ടും തുടര്‍ന്നു. ദാവൂദ് സംഘത്തില്‍ ചേര്‍ന്നതോടെ രാജന്‍നായര്‍ക്ക് നിന്നുതിരിയാന്‍പോലും സമയം കിട്ടിയില്ല. ഒരു മെമു ട്രെയിന്‍ യാത്രക്കാരനെപ്പോലെ ജയിലുകളില്‍നിന്ന് പുറത്തേയ്ക്കും വീണ്ടും ജയിലിലേയ്ക്കും രാജന്‍ കയറി ഇറങ്ങിക്കൊണ്ടിരുന്നു. ജോണിയുടെ വാക്കുകള്‍ ഇങ്ങനെ: ''വലിയൊരു കേസില്‍ പിടിക്കപ്പെട്ടതോടെ രാജന് കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. ഇതിന്റെ പിന്നില്‍ വലിയൊരു ഗൂഢാലോചന ഉണ്ടായിരുന്നു. ചെമ്പൂരിലെ ഒരു ജ്വല്ലറി ഉടമയെ തട്ടിക്കൊണ്ടുപോയ മറ്റൊരു കേസിന്റെ വിധിപ്രസ്താവം കഴിഞ്ഞിരുന്നില്ല. രാജനുവേണ്ടി ഹാജരായിക്കൊണ്ടിരുന്ന വക്കീലിനെ പണം നല്‍കി സ്വാധീനിച്ചത് മറ്റാരുമല്ല, ഹനീഫ് കുഞ്ഞ് എന്ന കാലിയ കുഞ്ചു തന്നെ. ആ വക്കീല്‍ പലപ്പോഴും കോടതിയില്‍ ഹാജരായില്ല. അത് പ്രോസിക്യൂഷന് സഹായകമായി.''

''എലിസബത്തിനെ പാട്ടിലാക്കാന്‍ കാലിയ കുഞ്ചു ഈ അവസരം നന്നായി ഉപയോഗിച്ചു. നക്ഷത്രവിളക്കുകള്‍ തൂക്കിയും പടക്കം പൊട്ടിച്ചും ജനം അക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷിച്ചു. വിലകൂടിയ ക്രിസ്തുമസ് കേക്കില്‍ To Elizabath with Love എന്ന് എഴുതി ചുവന്ന റോസാപ്പൂക്കളുടെ ഗുലിദസ്തയും (ബൊക്കെ) അതില്‍ ഒരു പ്രേമലേഖനവും തിരുകി അയാളുടെ അനുചരന്മാരില്‍ ഒരാളെ ചെഡ്ഡാനഗര്‍ പരിസരത്തിലുള്ള എലിസബത്തിന്റെ ഫ്‌ലാറ്റിലേക്കു പറഞ്ഞയച്ചു. അവളാകട്ടെ, ആ പ്രേമലേഖനത്തിന്റെ അവസാന ഭാഗത്ത് 'ഐ ലവ് യു ടൂ' എന്നും എഴുതി  ഹംസത്തെ തിരിച്ചയച്ചു. കാലിയ കുഞ്ചു സന്തോഷത്താല്‍ മതിമറന്നു തുള്ളിച്ചാടിയത്രേ. എന്നാലും  കാലിയ തന്റെ ഇതര കലാപരിപാടികള്‍ക്ക് ഭംഗം വരുത്തിയില്ല.'' ജോണി തുടര്‍ന്നു പറഞ്ഞു: ''ദാവൂദ് ഇബ്രാഹിം കാമാഠിപുരയിലെ ഗുണ്ടയെ വകവരുത്താന്‍ രാജന്‍നായരുടെ സഹായം തേടി. പ്രതിഫലമായി ഒരു ലക്ഷംരൂപയും കച്ചേരിയില്‍ കേസ് വാദിക്കാനുള്ള സഹായവും അയാള്‍ വാഗ്ദാനം ചെയ്തു. രാജന്‍സംഘത്തിലൊരാള്‍ അമീര്‍ സദായെ വകവരുത്തി പ്രതിഫലം വാങ്ങാന്‍ ദാവൂദിന്റെ 'സോഷ്യല്‍ ക്ലബ്ബ്' എന്ന് അറിയപ്പെട്ടിരുന്ന തെലിഗലിയിലെ സങ്കേതത്തില്‍ ചെന്നു. പക്ഷേ, കാലിയ കുഞ്ചു പണം വാങ്ങിക്കൊണ്ടുപോയ വാര്‍ത്തയാണ് ദാവൂദില്‍നിന്നു കേട്ടത്. രാജന്‍ഗ്യാങ്ങിന്റെ സജീവ പങ്കാളിയായ കാലിയ സമാന്തരമായി ഇത്തരം വഞ്ചനകള്‍ നടത്തിയിരുന്ന വാര്‍ത്ത അതോടെ പുറത്തുവന്നു. രാജന്റെ നിര്‍ദ്ദേശാനുസരണം അയാളുടെ സംഘാംഗം കാലിയാ കുഞ്ചുവിനെ സമീപിച്ച് ദാവൂദ് ഇബ്രാഹിം നല്‍കിയ ഒരു ലക്ഷംരൂപ തിരികെ ചോദിച്ചു. എന്നാല്‍ കാലിയ കുഞ്ചു രാജന്‍സംഘാംഗങ്ങളെ അടിച്ചോടിക്കുകയാണ് ചെയ്തത്. എലിസബത്തിനെ സ്വപ്നം കണ്ടുകഴിഞ്ഞിരുന്ന കാലിയക്ക് രാജനെ വധിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ പിന്നീട് ആലോചിക്കേണ്ടിവന്നില്ല.''

''ഓട്ടോറിക്ഷ ഓടിച്ച് വീടു പുലര്‍ത്തിയിരുന്ന ചന്ദ്രശേഖര്‍ സഫാലിക്കറെ ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ കാലിയ തെരഞ്ഞെടുത്തു. ആ പാവം മനുഷ്യന്‍ അപ്പോള്‍ തന്റെ സഹോദരിയുടെ വിവാഹത്തിനായി ദഹേജ് (സ്ത്രീധനം) നല്‍കാന്‍ പണമില്ലാതെ കുഴങ്ങുകയായിരുന്നു. ചന്ദ്രശേഖര്‍ക്ക് ഉന്നംതെറ്റാതെ വെടിവെയ്ക്കാനുള്ള പരിശീലനം വിക്രോളിയുടെ ഒഴിഞ്ഞ ഭാഗത്തുവെച്ച് കാലിയ നേരിട്ട് നല്‍കി. ഒരാഴ്ച നീണ്ടുനിന്ന റിഹേഴ്സലിനുശേഷം രാജന്‍നായരെ എസ്പ്ലനേഡ് കോര്‍ട്ടില്‍ രണ്ടാമത്തെ കേസിന്റെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ കൊണ്ടുവരുന്ന ദിവസം കാലിയ കാത്തിരുന്നു.''

ജോണി സംഭാഷണം നിര്‍ത്തി ഹോട്ടലില്‍നിന്ന് പുറത്തുകടന്നു. തെരുവുവിളക്കുകള്‍ സ്റ്റേഷന്‍ റോഡിനെ പ്രകാശമാനമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ചന്തയില്‍നിന്ന് പച്ചക്കറി വാങ്ങാനെത്തുന്ന സ്ത്രീകള്‍ വിലപേശുന്നതു കണ്ടു. ഞങ്ങള്‍ ചെമ്പൂര്‍ ഗാര്‍ഡന്‍ ലക്ഷ്യമാക്കി നടന്നുനീങ്ങവെ രാജന്റെ കഥയിലെ മര്‍മ്മപ്രധാനമായ ഭാഗം ജോണി വെളിപ്പെടുത്തി:

''അങ്ങനെ ആ ദിവസമെത്തി. പൊലീസിന്റെ കനത്ത സുരക്ഷയോടെ ബന്ധനസ്ഥനാക്കി രാജന്‍നായരെ കോടതിമുറിയിലെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. പൊലീസുകാരും വക്കീല്‍മാരും മാധ്യമപ്രവര്‍ത്തകരും നിറഞ്ഞ മുറിയില്‍ ജഡ്ജി വിധിപറയാന്‍ തയ്യാറെടുത്തവേളയില്‍ പെട്ടെന്ന് രാജന്‍നായര്‍ വെടിയേറ്റ് പിടഞ്ഞുവീണു. നേവിക്കാരന്റെ വേഷം ധരിച്ചെത്തിയ ചന്ദ്രശേഖര്‍ സഫാലിക്കറാണ് ആ കടുംകൈ ചെയ്തത്. അയാളെ അപ്പോള്‍ത്തന്നെ പൊലീസ് പിടികൂടി വിലങ്ങുവെച്ചു ജീപ്പില്‍ കയറ്റി. ആ സാധുമനുഷ്യന്‍ അപ്പോള്‍ പൊട്ടിക്കരഞ്ഞിരുന്നതായി പിറ്റേന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അത്യന്തം നാടകീയമായ ഈ സംഭവം അരങ്ങേറി ഇപ്പോള്‍ നാല്‍പ്പതിലേറെ വര്‍ഷങ്ങളായിരിക്കുന്നു. രാജന്‍നായരുടെ കഥയ്ക്ക് ഇവിടെ വിരാമമായെങ്കിലും ഷെല്‍കോളനിയില്‍ ഗുണ്ടാരാജിന് അറുതിവന്നിരുന്നില്ല.'' ജോണി തന്റെ സംസാരം അര്‍ദ്ധോക്തിയില്‍ നിര്‍ത്തി സിഗററ്റ് കത്തിച്ച് പുകവിട്ടു. 

''ദാവൂദിന്റെ ഡി-കമ്പനിയുടെ തലച്ചോറാണെന്ന് പത്രങ്ങള്‍ വിശേഷിപ്പിച്ച, ഇപ്പോള്‍ ജയിലില്‍ കഴിയുന്ന രാജേന്ദ്ര സദാശിവ് നിഖല്‍ജി രാജന്‍നായരുടെ (ബഡാരാജന്‍) വിശ്വസ്തനായ ലെഫ്റ്റനന്റായിരുന്നു. തന്റെ തലവന്റെ നാമധേയത്തില്‍ അല്പം മാറ്റം വരുത്തി സദാശിവ് നിഖല്‍ജി 'ഛോട്ടാ രാജന്‍' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കൊലയ്ക്ക് കൊല, അടിക്ക് അടികളുടെ പൂരം എന്നുതന്നെ പറയാവുന്ന രീതിയിലാണ് അധോലോകത്തിന്റെ പെരുമാറ്റച്ചട്ടം.  രാജന്റെ ശല്യമൊഴിഞ്ഞതോടെ എലിസബത്തിനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി കാലിയാ കുഞ്ചു ചൗപ്പത്തി ബീച്ചും മലബാര്‍ ഹില്ലിലെ ഹാങ്ങിങ്ങ് ഗാര്‍ഡനുമൊക്കെ ചുറ്റിക്കറങ്ങി തന്റെ മനസ്സിനെ ലോലമാക്കാന്‍ ശ്രമിച്ചു.'' സംഭ്രമജനകമായ ഈ കഥയുടെ അന്തിമഭാഗത്തേക്ക് ജോണി കടന്നു: 

''ആ വര്‍ഷത്തെ ദീപാളി വന്നു. ചെരാതുകള്‍ കൊളുത്തിയും പൂത്തിരി കത്തിച്ചും ദാന്തെരസ് എന്ന് ഉത്തേരന്ത്യക്കാര്‍ വിളിക്കുന്ന ദീപാളിത്തലേന്ന് ഷെല്‍ കോളനിയിലെ ജനം ആഘോഷിച്ചുകൊണ്ടിരിക്കെ കാണികളെ നടുക്കുന്ന ആ സംഭവമുണ്ടായി. അനീസ്‌കുഞ്ഞും കുറെ യുവാക്കളും ഷെല്‍കോളനി മൈതാനത്തില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. കളി മുറുകിക്കൊണ്ടിരിക്കെ പെട്ടെന്നൊരു പയ്യന്‍ ഓടിച്ചെന്ന് അനീസിനെ നെഞ്ചില്‍ കുത്തിമലര്‍ത്തി എങ്ങോ ഓടിമറഞ്ഞു. കാണികള്‍ സ്തബ്ധരായി. ഇതുകണ്ട എന്റെ പരിചയക്കാരില്‍ ഒരാളായ മലയാളി വീട്ടമ്മ ബോധംകെട്ടുവീണു. നെഞ്ചിലേറ്റ മുറിവ് അമര്‍ത്തിപ്പിടിച്ച് അയാള്‍ അലറിവിളിച്ചു കരയുന്നുണ്ടായിരുന്നു. പെട്ടെന്ന് അനീസിന്റെ ഹൃദയതാളം നിലച്ചു. ഇതിന് ഒത്താശ ചെയ്തുകൊടുത്ത ഒരു മലയാളി ഹോട്ടലുടമയെ ചെമ്പൂര്‍ ഗോള്‍ഫ് ക്ലബ്ബിനു  സമീപമുള്ള ഫ്‌ലാറ്റില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുവന്നത് ആ യുവസുന്ദരി എലിസബത്തായിരുന്നു. താഴെ കാത്തുനിന്നിരുന്ന രാജന്റെ സംഘം അയാളേയും കാലപുരിയിലേക്ക് അയച്ചു. രാജന്‍നായര്‍ എന്ന തന്റെ തലവനെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ പ്രതികാരം ഛോട്ടാരാജന്‍ എലിസബത്തിന്റെ സഹായത്തോടെയാണ് ചെയ്തത്. നോക്കണേ, പ്രേമത്തിന്റെ ഒരു കഥയും കഥയില്ലായ്മയും...'' ജോണി തന്റെ സംസാരം അവിടെ അവസാനിപ്പിച്ചു. ഞാന്‍ താമസസ്ഥലത്തേക്ക് ടാക്സി പിടിച്ചു.

അവസ്ഥാന്തരങ്ങള്‍!

1990-ന്റെ അവസാനത്തില്‍ ഭീകരരുടെ തേര്‍വാഴ്ച വര്‍ദ്ധിച്ചതോടെ സംസ്ഥാന, അന്തര്‍ ദേശീയ പൊലീസ് സംയോജിച്ച് ഭീകരരുടെ മരണമണി മുഴക്കി. അനുയായികളുടെ അടിക്കടിയുള്ള കൂറുമാറ്റവും അവരില്‍ ഉളവായ വിശ്വാസച്യുതിയും അമരക്കാരെ കണ്ടെത്തുവാനുള്ള പ്രശ്നങ്ങളും അധോലോക നായകന്മാര്‍ക്ക് വെല്ലുവിളിയായി. വിശ്വാസരാഹിത്യത്തിന്റെ ഈ ദുര്‍മുഹൂര്‍ത്തത്തില്‍ മാഫിയ നേതാക്കള്‍ അവരുടെ വാമഭാഗങ്ങളിലേക്ക് അധികാര കൈമാറ്റം നടത്തിയെങ്കിലും പഴയ വീറോടെ ഇവര്‍ക്ക് തിരിച്ചുവരാനാകാത്തവിധം ബോംബെ പൊലീസ് പിടിമുറുക്കി. 1990-'91ല്‍ ഉണ്ടായ ബോംബെ വര്‍ഗ്ഗീയ കലാപവും തുടര്‍ന്ന് മഹാനഗരത്തിന്റെ ഏഴ് സിരാകേന്ദ്രങ്ങളില്‍ നടന്ന ബോംബ് സ്ഫോടന പരമ്പരകളും ബോംബെയിലെ ജനജീവിതം സ്തംഭിപ്പിച്ചു. എന്നാല്‍, എല്ലാ വെല്ലുവിളികളും നേരിട്ട് മഹാനഗരം ഇപ്പോഴും തലയുയര്‍ത്തി തന്നെയാണ് നിലകൊള്ളുന്നത്.

2008-ല്‍ ഭീകരവാദി കസബിന്റെ നേതൃത്വത്തിലുണ്ടായ താജ്മഹല്‍ ഹോട്ടല്‍ ആക്രമണത്തിനു ശേഷം മഹാനഗരത്തില്‍ പറയത്തക്ക അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. ബാര്‍ഡാന്‍സര്‍ തരന്നുംഖാന്റെ അന്ധേരി - വെര്‍സോവയിലെ ഫ്‌ലാറ്റില്‍ കണക്കില്‍പ്പെടാത്ത അനേകലക്ഷം രൂപ ആദായനികുതിവകുപ്പ് പിടിച്ചെടുത്തതോടെ അവള്‍ എങ്ങോ അപ്രത്യക്ഷയായി. അതോടെ 'ദീപാബാര്‍' അടച്ചുപൂട്ടി അവിടെ യോഗ പരിശീലിപ്പിക്കുന്ന കേന്ദ്രമായി മാറിയെന്നും പത്രവാര്‍ത്ത വന്നിരുന്നു. ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറില്‍ മധുര്‍ബണ്ഡാര്‍ക്കര്‍ സംവിധാനം നിര്‍വ്വഹിച്ച 'ചാന്ദ്നിബാര്‍' ബാര്‍ഡാന്‍സര്‍മാരുടെ കഥ പ്രേക്ഷകമനസ്സില്‍ തട്ടുംവിധം ചിത്രീകരിച്ചിട്ടുണ്ട്. അതുള്‍ കുല്‍ക്കര്‍ണിയും തബുവും നായിക നായകന്മാരായി അഭിനയിച്ച ചാന്ദ്നി ബാറിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയുണ്ടായി. ചെമ്പൂരിലെ ഘാഠ്ളാ ഗാവ് ഇപ്പോള്‍ സമ്പന്നരുടെ വാസഗൃഹങ്ങളായി മാറിയിട്ടുണ്ട്. പ്രസിദ്ധ ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടര്‍ രൂപകല്പന ചെയ്ത അനേകം രമ്യഹര്‍മ്മ്യങ്ങള്‍ അവിടെ ഉയര്‍ന്നുവന്നിരിക്കുന്നു. രാജന്‍നായര്‍ വിദ്യാര്‍ത്ഥിയായിരുന്ന പ്രാഥമിക് മറാഠി ശാളയില്‍ ഇപ്പോള്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്. മഹാനഗരത്തില്‍ കൂടുതല്‍ കൂടുതല്‍ സ്‌കൈവാക്കുകളും ഫ്‌ലൈ ഓവറുകളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഭൂഗര്‍ഭമെട്രോ റെയില്‍ സര്‍വ്വീസുകള്‍ മഹാനഗരത്തിന്റെ പലഭാഗങ്ങളിലേക്കും സഞ്ചാര സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുന്നു.   

ജനസഞ്ചയങ്ങളുടെ ഉപരിലോകത്തിനു താഴെ രാത്രിയുടെ നിയമങ്ങള്‍ മാത്രമുള്ള ഒരു അധോലോകമുണ്ടെന്നും ആ ലോകത്തെ നിയന്ത്രിക്കുന്ന ചരടുകള്‍ അദൃശ്യമായ കരങ്ങളിലാണെന്നും ഏവര്‍ക്കുമറിയാം. ഭീകരാക്രമണങ്ങളും കലാപങ്ങളും ഒളിപ്പോരുകളും മുംബൈ നഗരത്തെ ഉന്നംവെച്ചിട്ടും മുംബൈ വളരുകയാണ്. രാത്രികളില്‍നിന്ന് പകലുകളിലേക്ക്. നേരം എന്ന സത്യത്തിനു യാത്ര ചെയ്തേ മതിയാകൂ. 

യഹിഹേ മുംബൈ മേരിജാന്‍...!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com