ഇസ്രയേല്‍ മ്യൂസിയക്കാഴ്ചകളും കൊച്ചി ജൂത ശേഷിപ്പുകളും

ജെറുസലേമിലെ ഗിവാരത്ത് റാം കുന്നിന്റെ മനോഹാരിതയില്‍ സ്ഥിതിചെയ്യുന്ന ഇസ്രയേല്‍ മ്യൂസിയത്തിലെ കാഴ്ചാനുഭവങ്ങള്‍
മട്ടാഞ്ചേരി കടവുംഭാ​ഗം സിന​ഗോ​ഗിലെ അന്തർഭാ​ഗം ഇസ്രയേൽ സ്റ്റേഡിയത്തിൽ പുനഃസൃഷ്ടിച്ചിരിക്കുന്നു
മട്ടാഞ്ചേരി കടവുംഭാ​ഗം സിന​ഗോ​ഗിലെ അന്തർഭാ​ഗം ഇസ്രയേൽ സ്റ്റേഡിയത്തിൽ പുനഃസൃഷ്ടിച്ചിരിക്കുന്നു

ലോക മ്യൂസിയക്കാഴ്ചകളില്‍ ശ്രദ്ധേയമായ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള ജെറുസലേമിലെ ഇസ്രയേല്‍ മ്യൂസിയം എന്റെ ഇസ്രയേല്‍ സന്ദര്‍ശനകാലത്തെ വേറിട്ടൊരു കാഴ്ചാനുഭവമായിരുന്നു. ഒരു സര്‍വ്വവിജ്ഞാനകോശ തുല്യമായ ദൃശ്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് പ്രധാനം ചെയ്യുന്ന ഈ മ്യൂസിയം ജെറുസലേമിലെ ഗിവാരത്ത്റാം കുന്നിന്റെ മനോഹാരിതയില്‍ സ്ഥിതിചെയ്യുന്നു. ഹിബ്രു സര്‍വ്വകലാശാലയും ഇസ്രയേല്‍ സുപ്രീംകോടതിയും ഈ മ്യൂസിയത്തിന്റെ അടുത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. മ്യൂസിയക്കവാടത്തിന് അരികിലെത്തുമ്പോള്‍ ഇസ്രയേലി ബോര്‍ഡര്‍ പൊലീസുകാരായ യുവാക്കള്‍ പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിലും അത്യന്തം ജാഗരൂകരായി മ്യൂസിയക്കാഴ്ചകള്‍ കാണാന്‍ വരുന്ന സന്ദര്‍ശകരെ സശ്രദ്ധം വീക്ഷിക്കുന്നുണ്ട്. ടിക്കറ്റെടുത്ത് മ്യൂസിയത്തിനുള്ളില്‍ പ്രവേശിച്ചയുടന്‍ ഞാന്‍ റിസപ്ഷനില്‍ ഇരിക്കുന്ന മ്യൂസിയം ക്യൂറേറ്ററോട് ഫോട്ടോഗ്രാഫി അനുവദിക്കുമോയെന്നു ചോദിച്ചു. എന്റെ ആഗമനോദ്ദേശ്യവും ഏതു രാജ്യക്കാരനാണെന്നു തിരക്കിയതിനു ശേഷം ആ ഇസ്രയേലി വനിത സന്തോഷപൂര്‍വ്വം മ്യൂസിയക്കാഴ്ചകള്‍ ക്യാമറയിലാക്കാന്‍ എനിക്ക് അനുവാദം നല്‍കി.

മ്യൂസിയത്തിലെ കല്ലിൽ തീർത്ത ശവ പേടകങ്ങൾ
മ്യൂസിയത്തിലെ കല്ലിൽ തീർത്ത ശവ പേടകങ്ങൾ

ചാവുകടല്‍ ചുരുളുകള്‍ 

മ്യൂസിയത്തിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ആദ്യം സന്ദര്‍ശകരെ വരവേല്‍ക്കുന്നത് ചാവുകടല്‍ ചുരുളുകള്‍ (Dead Sea Scrolls) കാഴ്ചകളാണ്. ചാവുകടലിന്റെ വടക്കുപടിഞ്ഞാറ് പ്രദേശത്തിനടുത്തുള്ള പ്രാചീന ജനവാസകേന്ദ്രമായിരുന്ന കുമ്രാന്‍ താഴ്വരയിലെ 11 ഗുഹകളില്‍ നിന്ന് കണ്ടെടുത്ത ലിഖിത രേഖകളാണ് ചാവുകടല്‍ ചുരുളുകള്‍. 1947-നും 1956-നും ഇടയിലാണ് ഈ രേഖകള്‍ കണ്ടെടുത്തത്. ഏകദേശം തൊള്ളായിരത്തോളം ലിഖിത രേഖകള്‍ അരാമിക്, ഹിബ്രു, പ്രാകൃത ഗ്രീക്ക് ഭാഷകളിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ചെമ്പോലകളിലും പാപ്പിറസുകളിലും മൃഗത്തോലുകളിലും എഴുതിവെച്ചിരിക്കുന്ന ഈ ചുരുളുകള്‍ ഇസ്രയേല്‍ മ്യൂസിയത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രദര്‍ശനവസ്തുവാണ്. ദേവാലയ പുസ്തകം (Shrine of the book) എന്ന പേരില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വിഭാഗത്തിലെ ചാവുകടല്‍ ചുരുളുകള്‍ കാണാനാണ് സന്ദര്‍ശകരും ഗവേഷകരും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. മൂന്ന് വിഭാഗത്തില്‍പ്പെടുന്ന ലിഖിതങ്ങളാണ് ചാവുകടല്‍ ചുരുളുകളില്‍ നമുക്കു കാണാനാവുന്നത്. ഏകദേശം 40 ശതമാനത്തോളം ഹിബ്രു ബൈബിളുമായി ബന്ധപ്പെടുത്താവുന്നതും 30 ശതമാനം ചുരുളുകള്‍ ജൂതചരിത്രത്തിലെ രണ്ടാം ക്ഷേത്രകാലഘട്ടവുമായും ശേഷിക്കുന്ന ഭാഗങ്ങള്‍ ജൂതമതാശയങ്ങളും ജൂതജീവിതചര്യകളും യുദ്ധതന്ത്രങ്ങളും പ്രതിപാദിക്കുന്നവയുമാണ്. പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ ഈ ലിഖിതങ്ങള്‍ തയ്യാറാക്കിയവരെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. യെസ്സനസ് (Essenes) വിഭാഗക്കാരായ പ്രാചീന ജൂത വിഭാഗക്കാരാണ് ഇത് എഴുതിവെച്ചതെന്ന് ചില പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മറ്റു ചില ഗവേഷകരുടെ അഭിപ്രായത്തില്‍ സഡോകൈറ്റ്സ് (Zadokites) വിഭാഗക്കാരായ ചില ജൂതന്മാരോ ജൂത മതവിശ്വാസികളായ മറ്റു ചിലരോ ആയിരിക്കാം ഈ ചുരുളുകള്‍ എഴുതിയതെന്നു വിശ്വസിക്കപ്പെടുന്നു. ചാവുകടല്‍ ചുരുള്‍ ലിഖിതങ്ങളുടെ ഭൂരിഭാഗവും ഇസ്രയേല്‍ മ്യൂസിയത്തിന്റെ ഭാഗമായ ദേവാലയ പുസ്തക (Shrine of the book) പ്രദര്‍ശന വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1965 മുതല്‍ ഇസ്രയേല്‍ മ്യൂസിയശേഖരത്തിലാണ് ഇതു പ്രദര്‍ശിപ്പിച്ചു വരുന്നത്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന വേദപുസ്തക ചുരുളുകള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രസകരമായ മറ്റൊരു കാഴ്ചയിലേക്ക് ശ്രദ്ധിച്ചത്. 'നാല് ചാവുകടല്‍ ചുരുളുകള്‍' (The four Dead Sea Scrolls) എന്ന തലക്കെട്ടില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ 1954-ല്‍ പ്രസിദ്ധീകരിച്ച ഒരു പത്രപ്പരസ്യം ബി.സി. 200-ാം ആണ്ടില്‍ എഴുതപ്പെട്ട ബൈബിള്‍ സൂക്തങ്ങളടങ്ങിയ നാല് ചുരുളുകള്‍ വില്‍പ്പനയ്ക്കു എന്നു തുടങ്ങുന്ന പരസ്യവാചകത്തിന്റെ അടുത്തവരിയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിനോ മതസ്ഥാപനത്തിനോ വേണ്ടി ഒരു വ്യക്തിക്കോ ഒരു കൂട്ടം ആളുകള്‍ക്കോ നല്‍കാന്‍ പറ്റുന്ന അനുയോജ്യമായ സമ്മാനമാണ് ഇതെന്നും എഴുതിവെച്ചിരിക്കുന്നു. കൗതുകമേറിയ ഈ പത്രപ്പരസ്യത്തിന്റെ ദൃശ്യത്തില്‍നിന്നും മറ്റു കാഴ്ചകളിലേയ്ക്ക് നടന്നു വൈവിധ്യമായ പ്രദര്‍ശന വസ്തുക്കളാല്‍ സമൃദ്ധമായ മ്യൂസിയക്കാഴ്ചകളില്‍ വ്യത്യസ്തമായ വിഭാഗങ്ങളുണ്ട്. ഇസ്രയേലി ആര്‍ട്ട്, യൂറോപ്യന്‍ ആര്‍ട്ട്, മോഡേണ്‍ ആര്‍ട്ട്, ഫോട്ടോഗ്രാഫി, വാസ്തുശില്പങ്ങള്‍, ഏഷ്യന്‍ ആര്‍ട്ട്, ആഫ്രിക്കന്‍ ആര്‍ട്ട്, സമുദ്രകല ആര്‍ക്കിയോളജി വിഭാഗം എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വിഭാഗങ്ങള്‍ മ്യൂസിയക്കാഴ്ചകളെ സമ്പന്നമാക്കുന്നു. പ്രാചീന ശിലായുഗ കാലഘട്ടത്തിലേയും നവീന ശിലായുഗകാലഘട്ടത്തിലേയും അവശിഷ്ടങ്ങള്‍ പ്രദര്‍ശന വസ്തുക്കളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാകുന്നു. ജോര്‍ദ്ദാനില്‍നിന്നും കണ്ടെടുത്ത പ്രാചീന ശിലായുഗ അവശിഷ്ടങ്ങളും വെങ്കലയുഗ കാലഘട്ടത്തിലെ ശേഷിപ്പുകളും കാണുന്നു. ഇസ്രയേലിലെ ഹുലാ താഴ്വരയില്‍നിന്ന് ഉദ്ഖനനം ചെയ്‌തെടുത്ത സ്ത്രീയുടെ അസ്ഥികൂടത്തിനോടൊപ്പം ഒരു വളര്‍ത്തുനായയുടെ ശരീരാവശിഷ്ടവും വേറിട്ടൊരു കാഴ്ചയാണ്. നാത്തു ഫീയന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ഈ അസ്ഥികൂടവും മറ്റു ശേഷിപ്പുകളും മ്യൂസിയക്കാഴ്ചകളില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ദൃശ്യം ആണ്. ചാവുകടലിന് അടുത്തുള്ള യെന്‍ഗേദി താഴ്വരയില്‍നിന്നും മസാദ കോട്ട പ്രദേശത്തുനിന്നും ഉദ്ഖനനത്തിലൂടെ പുറത്തെടുത്ത ഭൗതികാവശിഷ്ടങ്ങളും പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. ഇസ്രയേലിലെ ദേശീയ ലൈബ്രറിയുടെ സഹകരണത്തോടെ പ്രദര്‍ശിപ്പിക്കുന്ന മൈമോനിഡിസ് എന്ന ജൂത പണ്ഡിതന്റെ പേരിലുള്ള എഴുത്തിന്റെ പൈതൃകം (Miamonides Legacy in Script) ആണ് ശ്രദ്ധേയമായ മറ്റൊരു കാഴ്ച. മൈമോനിസിസിന്റെ ജീവിതവും സംഭാവനകളും ലിഖിതങ്ങളിലൂടെയും വിവരണങ്ങളിലൂടെയും സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാകുന്നു. മൈമോനിഡിസ് 12-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭിഷഗ്വരനും തത്ത്വചിന്തകനും ജൂതമത പണ്ഡിതനുമായിരുന്നു. മ്യൂസിയക്കാഴ്ചകളില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഭാഗം ജൂതചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഈ മഹത്വ്യക്തിക്കുവേണ്ടി നീക്കിവെച്ചിരിക്കുന്നു. ജൂതചരിത്രത്തിലെ രണ്ടാം ക്ഷേത്ര കാലഘട്ടത്തിലെ (Second Temple Period) ശേഷിപ്പുകള്‍ കൂടുതല്‍ കാണാനുണ്ട്. റോമന്‍ വീഞ്ഞുഭരണികളും (Roman Amporae) ചാവുകടലിനടുത്തുള്ള മസാദകോട്ടയില്‍നിന്നും ഉദ്ഖനനം ചെയ്‌തെടുത്ത കല്ലുകൊണ്ട് നിര്‍മ്മിച്ച പാത്രങ്ങളും വേറിട്ട ചില കാഴ്ചകളാണ്. മ്യൂസിയത്തില്‍ സന്ദര്‍ശകരെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന ഒരു വിസ്മയദൃശ്യമാണ് മനുഷ്യശരീരത്തിന്റെ ആകൃതിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മണ്‍ഭരണികള്‍ (Anthropoid Sarcophagi). പ്രാചീനകാലത്ത് മൃതദേഹം അടക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ആന്ത്രോപോയ്ഡ് സര്‍ക്കോഫാഗി ഗാസയ്ക്ക് അടുത്തുള്ള ബേയര്‍ അല്‍ ബാല എന്ന ശ്മശാന പ്രദേശത്തു നിന്നാണ് ഉദ്ഖനനത്തിലൂടെ കണ്ടെത്തിയത്. കൈകൊണ്ടു നിര്‍മ്മിച്ച ഇത്തരം ധാരാളം മണ്‍ഭരണികള്‍ ഈ പ്രദേശത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രാചീന ഈജിപ്ത്യന്‍ സ്വാധീനം ഈ മണ്‍ഭരണികളില്‍ പ്രകടമായി കാണുന്നു. ബി.സി. 14-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനും ഇടയിലാണ് ഈ സര്‍ക്കോഫാഗസിന്റെ കാലഘട്ടമെന്നും പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

മ്യൂസിയത്തിന് കാവൽ നിൽക്കുന്ന ഇസ്രയേലി സുരക്ഷാ പൊലീസ്
മ്യൂസിയത്തിന് കാവൽ നിൽക്കുന്ന ഇസ്രയേലി സുരക്ഷാ പൊലീസ്

ജൂതകലയും ജീവിതവും 

നൂറ്റാണ്ടുകളുടെ ചരിത്രവഴികളിലൂടെ കടന്നുപോയ ജൂതസംസ്‌കാരവും ജീവിതവും സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാകുന്ന ജൂതകലയും ജീവിതവും (Jewish Art and Life) എന്ന വിഭാഗം മ്യൂസിയ കാഴ്ചകളെ കൂടുതല്‍ സമ്പന്നമാക്കുന്നു. ജൂതചരിത്രത്തിലെ ഒന്നാം ക്ഷേത്ര കാലഘട്ടത്തില്‍നിന്നും രണ്ടാം ക്ഷേത്ര കാലഘട്ടത്തില്‍നിന്നും ആരംഭിച്ച് 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ നീളുന്ന പുരാവസ്തുശേഖരങ്ങള്‍, അധിവസിച്ചിരുന്ന ജൂതന്മാരുടെ തനതു സംസ്‌കാരത്തിന്റെ ചിഹ്നങ്ങള്‍ മാത്രമല്ല, മറ്റു മതവിഭാഗക്കാരുടെ ജീവിതത്തിലേക്കും സംസ്‌കാരത്തിലേക്കും വെളിച്ചം വീശുന്ന പ്രദര്‍ശനവസ്തുക്കളും കാണുന്നുണ്ട്. ഇറാനിലേയും ജോര്‍ദ്ദാനിലേയും ഉസ്ബെക്കിസ്ഥാനിലേയും വസ്ത്രവൈവിധ്യങ്ങളുടെ കാഴ്ചകളില്‍ ഈ വസ്തുക്കള്‍ സന്ദര്‍ശകന് ബോധ്യപ്പെടുന്നു. 19-ാം നൂറ്റാണ്ടില്‍ ഇറാഖിലെ ബാഗ്ദാദില്‍നിന്നും കണ്ടെടുത്ത ചിത്രപ്പണികളാല്‍ മനോഹരമാക്കിയ വിവാഹവസ്ത്രം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രദര്‍ശനമാണ്. ജൂതാനുഷ്ഠാനത്തിന്റേയും ആചാരങ്ങളുടേയും ഭാഗമായ വസ്തുക്കളുടെ വലിയ ശേഖരം തന്നെ പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ജൂതമത വിഭാഗക്കാര്‍ ഉപയോഗിച്ചിരിക്കുന്ന ആഭരണങ്ങള്‍ പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. ജൂതമത അനുഷ്ഠാനങ്ങളില്‍ സജീവ സാന്നിദ്ധ്യമാകുന്ന വ്യത്യസ്ത തരം ഹനൂക്ക് വിളക്കുകള്‍ മ്യൂസിയത്തിലെ മറ്റൊരു പ്രധാന ദൃശ്യമാകുന്നു. 

ബുക്കാരൻ ജൂത കുടുംബം
ബുക്കാരൻ ജൂത കുടുംബം

രണ്ടു സ്ത്രീകള്‍ ഒരു വസ്ത്രം ഒരു നോട്ടുപുസ്തകം 

ഒരു ബുക്കാരന്‍ ജൂതകുടുംബത്തിന്റെ ഇസ്രയേലിലേക്കുള്ള പലായനത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന 'രണ്ടു സ്ത്രീകള്‍ ഒരു വസ്ത്രം ഒരു നോട്ടു പുസ്തകം' (Two Women, a Dress and a Note book) എന്ന ചിത്രം ഏതൊരു സന്ദര്‍ശകനിലും കൗതുകവും അല്പം വേദനയും സൃഷ്ടിച്ചുകൊണ്ടിരിക്കും. ഉസ്ബക്കിസ്ഥാനിലെ ബുക്കാരന്‍ എന്ന പ്രദേശത്തുനിന്നും കടുത്ത പീഡനങ്ങളാല്‍ മനംനൊന്ത് 19-ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഒട്ടകപ്പുറത്ത് ജറുസലേമിലേക്ക് യാത്ര പുറപ്പെട്ട ഒരു ദരിദ്ര ബുക്കാരന്‍ കുടുംബത്തിന്റെ സഹനത്തിന്റേയും അതിജീവനത്തിന്റേയും ഒരു അനുഭവകഥയും മ്യൂസിയത്തില്‍ ചിത്രത്തിന്റെ താഴെ വിവരിച്ചിരിക്കുന്നു. പരമ്പരാഗത ബുക്കാരന്‍ ജൂത സ്ത്രീയുടെ ഒരു വസ്ത്രം കുടിയേറ്റത്തിന്റേയും ബുക്കാരന്‍ ജൂത വിഭാഗം അനുഭവിച്ച ദുരിതത്തിന്റേയും സഹനത്തിന്റേയും കഥ പറയുന്നു. ഹഫ്ത് സിബാബയോഫ് എന്ന സ്ത്രീയുടെ വസ്ത്രവും നോട്ടു പുസ്തകവും കുടുംബഫോട്ടോയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഹഫ്ത് സിബാബയോഫിന്റെ പോളിന്‍ എന്നു പേരായ കൊച്ചുമകളാണ് ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ചലച്ചിത്രാഖ്യാനംപോലെ വികാരതീക്ഷ്ണമായി അനുഭവപ്പെട്ട ഈ ചിത്രവും അടിക്കുറിപ്പുകളും സമാനതകളില്ലാത്ത ദുരിതം അനുഭവിച്ച ജൂത സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജൂതന്മാര്‍ തങ്ങളുടെ തനത് സംസ്‌കാരത്തിന്റെ അടയാളങ്ങളുമായാണ് ഇസ്രയേലില്‍ എത്തിയത്. ജൂതകലയും ജീവിതവും വിവരിക്കുന്ന മ്യൂസിയ കാഴ്ചകളില്‍ സന്ദര്‍ശകര്‍ക്ക് ഇക്കാര്യം കൃത്യമായി ബോദ്ധ്യപ്പെടുന്നുണ്ട്. കേരളത്തില്‍നിന്ന് എത്തുന്ന സന്ദര്‍ശകര്‍ക്ക് നിത്യവിരുന്നായി മട്ടാഞ്ചേരിയിലെ കടവുംഭാഗം സിനഗോഗിന്റെ അന്തര്‍ഭാഗ കാഴ്ചകള്‍ ഒരുക്കിയിട്ടുണ്ട്. 1950-കളില്‍ ആലിയ ആരംഭിച്ചതിനു ശേഷം ഇസ്രയേലിലേക്ക് കുടിയേറിയതിനെത്തുടര്‍ന്ന് സിനഗോഗിന്റെ തോറ ആര്‍ക്ക് മെഷാവ് നെഹലാമിനു കൈമാറ്റം ചെയ്യപ്പെടുകയും പിന്നീട് ഈ പള്ളി നശിപ്പിക്കുകയും ചെയ്തു എന്ന് എഴുതിവെച്ചിട്ടുണ്ട്. 1991-ല്‍ ഈ സിനഗോഗിന്റെ ഉള്‍ഭാഗത്തുള്ള തോറ ആര്‍ക്ക്, സബാത്ത് നമസ്‌കാരം നടത്തുന്ന മരത്തിന്റെ ബാല്‍ക്കണിയും തോറ പാരായണം ചെയ്യുന്ന നിര്‍മ്മിതിയും സിനഗോഗിന്റെ മുകള്‍ത്തട്ടിന്റെ ഭാഗവും ജനലുകളും ഇസ്രയേല്‍ മ്യൂസിയം വിലയ്ക്ക് വാങ്ങുകയാണുണ്ടായത്. ഒരു ജൂത സിനഗോഗിന്റെ അന്തര്‍ഭാഗത്തിന്റെ കൃത്യമായ പ്രതീതി സൃഷ്ടിക്കുന്ന കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. ഒരു പുരുഷന്‍ ഒരു മണിക്കൂറുപോലും തന്റെ ഭാര്യയുമൊത്ത് ജീവിക്കാന്‍ അര്‍ഹനല്ല. കെത്തൂബ ഇല്ലാതെ എന്നെഴുതിയ ബോര്‍ഡിനു മുകളില്‍ സ്പെയിനിലേയും പോര്‍ച്ചുഗലിലേയും ജൂതവിഭാഗക്കാരുടെ കൈത്തൂബ (വിവാഹ ഉടമ്പടി കരാര്‍) പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പറവൂരിലെ കൊച്ചി ജൂതന്മാരുടെ കരാറുകളും കാണാം. സില്‍ക്ക് തുണികളില്‍ വ്യത്യസ്ത നിറങ്ങളാലും ചിത്രപ്പണികളാലും അലങ്കരിച്ചിരിക്കുന്ന വിവാഹ ഉടമ്പടികള്‍ രസകരമായ കാഴ്ചയാണ്. മ്യൂസിയത്തില്‍നിന്നു പുറത്തു കടന്നാല്‍ കാണുന്നത് രണ്ടാം ക്ഷേത്രകാലഘട്ടത്തിലെ ജറുസലേമിന്റെ മാതൃകയാണ്. പുരാവസ്തു ഗവേഷകനും ഹിബ്രു സര്‍വ്വകലാശാലയിലെ ആര്‍ട്ട് ഹിസ്റ്ററി പ്രൊഫസറുമായിരുന്ന മൈക്കിള്‍ അവിയോന(1907 1974)യുടെ നേതൃത്വത്തിലായിരുന്ന രണ്ടാം ക്ഷേത്ര കാലഘട്ടത്തിലെ (Second Temple Period) ജറുസലേമിന്റെ മാതൃക നിര്‍മ്മിച്ചത് പ്രാചീന ലിഖിതങ്ങളും ഉദ്ഖനനങ്ങളിലൂടെ  പുറത്തെടുത്ത വസ്തുനിഷ്ഠമായ തെളിവുകളും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചതിനുശേഷമാണ് അവിയോന ഈ രൂപമാതൃക നിര്‍മ്മാണത്തിനു തുടക്കം കുറിച്ചത്. രണ്ടാം ക്ഷേത്ര കാലഘട്ടത്തിലെ ജറുസലേമിനെ പുനഃസൃഷ്ടിച്ചെടുത്ത ഈ ദൃശ്യവിസ്മയം കണ്ട് പുറത്തേയ്ക്കിറങ്ങി.

ബുക്കാരൻ ജൂത സ്ത്രീയുടെ വസ്ത്രം
ബുക്കാരൻ ജൂത സ്ത്രീയുടെ വസ്ത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com