'കലയും കാലവും മാറുന്ന കാഴ്ചയും'- നടി ജലജയുമായി മധുപാൽ നടത്തിയ സംഭാഷണം

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രം 'ലൂസിഫറി'ല്‍ മലയാള സിനിമാ പ്രേക്ഷകര്‍ മറക്കാത്ത പ്രിയ നടി ജലജ ഉണ്ടോ?
ജലജ/ ഫോട്ടോ: ബിപി ദീപു- എക്സ്പ്രസ്
ജലജ/ ഫോട്ടോ: ബിപി ദീപു- എക്സ്പ്രസ്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രം 'ലൂസിഫറി'ല്‍ മലയാള സിനിമാ പ്രേക്ഷകര്‍ മറക്കാത്ത പ്രിയ നടി ജലജ ഉണ്ടോ? ഇല്ലെന്നു കണ്ണടച്ചു പറയാന്‍ വരട്ടെ; സാന്നിധ്യം കൃത്യമായി അറിയിച്ച സിനിമയാണത് എന്നു പറയുന്നത് ജലജ തന്നെയാണ്. സെന്‍സര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ അവര്‍ സ്വീകരിച്ച ശക്തമായ നിലപാടാണ് ആ സിനിമയിലെ ഒരു നിര്‍ണ്ണായക സന്ദര്‍ഭത്തിന്റെ രൂക്ഷഭാവം അതേവിധം പ്രേക്ഷകരിലെത്താന്‍ ഇടയാക്കിയത്. ജലജ ഇപ്പോഴൊരു അവകാശവാദമായി പറഞ്ഞതല്ലതാനും. ''ഓരോ സിനിമയുടേയും സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ചുള്ള ഇളവോ നിയന്ത്രണമോ ആയിരിക്കാം നല്ലത്. ഉദാഹരണത്തിന്, 'ലൂസിഫര്‍' സെന്‍സര്‍ ചെയ്യാന്‍ ഞാനും ഉണ്ടായിരുന്നു. അതിലെ ക്ലൈമാക്‌സിലേക്ക് എത്തുന്ന രംഗത്ത്, വില്ലന്‍ വിവേക് ഒബ്രോയിയുടെ ബോബിയെ പിടികൂടി വരുതിയിലാക്കിയ ശേഷം ''ഇവനെ എന്തുചെയ്യണം'' എന്ന് മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി ചോദിക്കുമ്പോള്‍ മഞ്ജു വാര്യരുടെ പ്രിയദര്‍ശിനി പറയുന്നത്, ''കില്‍ ദാറ്റ് ബാസ്റ്റാഡ്'' എന്നാണ്. അതിനേക്കുറിച്ച് ബോര്‍ഡില്‍ ഭിന്നാഭിപ്രായം ഉണ്ടായി. ആ ഡയലോഗ് പാടില്ല എന്നു മറ്റുള്ളവര്‍ പറഞ്ഞു. പൃഥ്വിരാജിനെ ഇത് അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞത് ഒരു സ്ത്രീ എന്ന നിലയില്‍ ഞാനാണെങ്കില്‍ ''കില്‍ ദാറ്റ് ബാസ്റ്റാഡ്'' എന്നുതന്നെയാകും പറയുക എന്നാണ്. അയാള്‍ കൊല്ലപ്പെടല്‍ അര്‍ഹിക്കുന്നു. ''കില്‍ ദാറ്റ് ബാസ്റ്റാഡ്'' എന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല. മറ്റുള്ളവര്‍ അതിനോടു യോജിക്കാന്‍ മടിച്ചപ്പോള്‍, അടുത്ത സിനിമയില്‍ അനവസരത്തില്‍ ബാസ്റ്റാഡ് പോലുള്ള ഡയലോഗ് പറഞ്ഞാല്‍ അനുവദിക്കരുത് എന്നുകൂടി ഞാന്‍ നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തില്‍ ആ ഡയലോഗ് അനുവദിക്കുക തന്നെയാണ് വേണ്ടത്. ഞാനാണെങ്കില്‍ തോക്കെടുത്ത് അവനെ കൊല്ലും. ഒരു ഫോണ്‍ കോളിന്റെ അപ്പുറത്ത് തോക്കിനു മുന്നില്‍ നില്‍ക്കുകയാണെങ്കില്‍ അയാള്‍ കൊല്ലപ്പെടുക തന്നെ വേണം.'' ആ സിനിമയില്‍ ആ സീനും ആ ഡയലോഗും അതേവിധം നിലനിര്‍ത്തിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്.

'മാലിക്' എന്ന ചിത്രത്തിലെ ജമീല ടീച്ചര്‍ എന്ന ശക്തമായ കഥാപാത്രമാണ് 28 വര്‍ഷത്തിനു ശേഷം മലയാള സിനിമയിലേക്ക് ജലജയെ തിരിച്ചെത്തിച്ചത്. മകള്‍ ദേവിയുമുണ്ട് അതില്‍. 1993-ല്‍ 'അപരാഹ്ന'മാണ് ഒടുവില്‍ അഭിനയിച്ച സിനിമ. ആ വര്‍ഷം തന്നെ പ്രകാശ് കുമാറിന്റെ ജീവിതപങ്കാളിയായി ബഹ്റൈനിലേക്കു പോയി. എങ്കിലും ഇടയ്ക്കു നാട്ടില്‍ വരുന്ന സമയത്ത് ടെലിഫിലിമുകളിലൊക്കെ അഭിനയിച്ചിരുന്നു. ഭരത് ഗോപി സംവിധാനം ചെയ്ത രണ്ട് എപ്പിസോഡുകളുള്ള ടെലിഫിലിമില്‍ നെടുമുടി വേണുവിനൊപ്പം, രാമചന്ദ്രന്‍ കള്ളിക്കാടിന്റെ ടെലിഫിലിം, മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവല്‍ 'വേരുകള്‍' ടി.എന്‍. ഗോപകുമാര്‍ സീരിയലാക്കിയപ്പോള്‍ അതില്‍ അമ്മുലു എന്ന കഥാപാത്രം. ''പിന്നെയും സിനിമയിലേക്കും ഇടയ്‌ക്കൊക്കെ ഒരു വിളിവരും. പക്ഷേ, അമ്മു(ദേവി)വിന്റെ പഠിത്തമായി, ഇടയ്ക്ക് വരാന്‍ ബുദ്ധിമുട്ടായി. മാത്രമല്ല, റോളുകളാണെങ്കിലും അത്രയ്ക്ക് എക്സൈറ്റിംഗ് ആയും എനിക്കു തോന്നിയില്ല. ആയിരുന്നെങ്കില്‍ എങ്ങനെയെങ്കിലുമൊക്കെ വന്നേനെ.'' നടനായി വന്നു ശ്രദ്ധ നേടുകയും സംവിധായകന്‍ എന്ന നിലയില്‍ അതിനേക്കാളധികം ഇടം ഉറപ്പിക്കുകയും ചെയ്ത, മികച്ച എഴുത്തുകാരന്‍ കൂടിയായ മധുപാലിനോട് ജലജ പറയുന്നു. അനൗപചാരിക വര്‍ത്തമാനത്തിന്റെ സ്വാഭാവികതയും ഔപചാരിക സംഭാഷണത്തിന്റെ ആധികാരികതയുമുണ്ട് ഈ രണ്ടു സിനിമക്കാര്‍ പറഞ്ഞുപോകുന്ന കാര്യങ്ങള്‍ക്ക്. 'തമ്പ്' മുതല്‍ 'മാലിക്' വരെയും അരവിന്ദന്‍ മുതല്‍ മഹേഷ് നാരായണന്‍ വരെയുമുള്ള സിനിമാക്കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല അത്; വാ, വന്നിരിക്ക്, ഇതു കേള്‍ക്ക് എന്ന് ദേവിയെക്കൂടി വിളിച്ച് അടുത്തിരുത്തി ജലജ സംസാരിക്കുന്നു: ജീവിതം, സമൂഹം, സ്ത്രീ, മഹാമാരിക്കാലം എന്നിവയെക്കുറിച്ച്.

കരുത്തുറ്റ കഥാപാത്രങ്ങളല്ലാത്തതുകൊണ്ടാണ് തിരിച്ചുവരാതിരുന്നത് എന്നു പറഞ്ഞല്ലോ. ഇപ്പോള്‍ അഭിനയിച്ച മാലിക്കില്‍ വളരെ ശക്തമായ കഥാപാത്രമാണ്. ഈയൊരു കണ്‍സപ്റ്റ് തന്നെയാണോ ആ കഥാപാത്രം തെരഞ്ഞെടുക്കാന്‍ കാരണം? 

ബഹ്റൈനില്‍നിന്നു താമസം മതിയാക്കി നാട്ടിലേക്കു വരാന്‍ പ്രധാന കാരണം അമ്മുവാണ്. അവള്‍ക്ക് അഭിനയിക്കണം. അവിടേയും ഇവിടേയുമായി നില്‍ക്കാന്‍ വേറെ തടസ്സങ്ങളില്ലായിരുന്നു. ചേട്ടനും (ഭര്‍ത്താവ് പ്രകാശ്) അത് ഇഷ്ടമായിരുന്നു. പക്ഷേ, അമ്മുവിന് കരിയര്‍ ഇതുതന്നെ വേണമെന്നു നിര്‍ബ്ബന്ധമാണ്. ഇങ്ങോട്ടു വന്നുകഴിഞ്ഞപ്പോള്‍ പലരും വിളിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ 'തലനാരിഴ' എന്നൊരു സിനിമയിലേക്കു വിളിച്ചു. എഡിറ്റര്‍ സജീന്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമ. സംസാരിച്ചു; പക്ഷേ, ചെയ്തു തുടങ്ങിയില്ല. നല്ല സ്ട്രോംഗ് അമ്മയുടെ കഥാപാത്രമാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് മകന്‍. ഇപ്പോഴത്തെ പുതിയ തലമുറ പടങ്ങളില്‍ അമ്മമാരും അച്ഛന്മാരുമില്ല; അവര്‍ സെറ്റ് പ്രോപ്പര്‍ട്ടിയാണ് എന്നു പറയുന്നുണ്ട്, നമ്മള്‍. പലതിലും അങ്ങനെ കാണുന്നുമുണ്ട്. പക്ഷേ, ചെറിയ റോളാണെങ്കിലും എന്റെ സാന്നിധ്യം അതില്‍ വേണം എന്നുണ്ടായിരുന്നു. ഇത്രയും പടങ്ങള്‍ ചെയ്തിട്ട് ഇനി വരുമ്പോള്‍ ചുമ്മാ ഒന്നു നിന്നിട്ടു പോകുന്നത് വിഷമമാണ്. അതില്‍ താല്പര്യമില്ല. അതുകൊണ്ട് നല്ല റോളുകളേതെങ്കിലും കിട്ടിയാല്‍ അഭിനയിക്കാം എന്നുണ്ടായിരുന്നു. കിട്ടിയില്ലെങ്കിലും വിരോധമില്ല. 'മാലിക്കി'ന്റെ സംവിധായകന്‍ മഹേഷ് നാരായണനെ പരിചയപ്പെടുന്നത് തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവലില്‍ വെച്ചാണ്. സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് അമ്മുവിനെക്കുറിച്ചാണ്. അഭിനയിക്കാന്‍ താല്പര്യമുണ്ട്, എന്തെങ്കിലും പ്രോജക്ട്‌സ് വന്നാല്‍ പറയണം. പിന്നീട് 2019 മേയിലോ മറ്റോ മഹേഷ് എന്നെ വിളിച്ചു പടത്തിന്റെ കാര്യം സംസാരിച്ചു. എനിക്കു സന്തോഷമായി. അമ്മുവിനുവേണ്ടിയാണ് എന്നാണ് വിചാരിച്ചത്. പക്ഷേ, ചേച്ചിക്കാണ്, മോള്‍ക്കും അഭിനയിക്കാം എന്നു പറഞ്ഞു. അങ്ങനെ സമ്മതിച്ചു. മഹേഷുമായി നേരിട്ടു സംസാരിച്ചു. അപ്പോഴാണ് ആദ്യമായി സ്‌ക്രിപ്റ്റ് കിട്ടുന്നത്. ഞങ്ങളുടെ സമയത്ത് സ്‌ക്രിപ്റ്റൊന്നും കിട്ടിയിട്ടില്ല. മറ്റുള്ളവര്‍ക്കു കിട്ടിയിട്ടുണ്ടോ എന്ന് അറിയില്ല; എനിക്കു കിട്ടിയിട്ടില്ല. ഞാനും അമ്മുവും കൂടി സ്‌ക്രിപ്റ്റ് വായിച്ചു. ജമീല ടീച്ചര്‍ എന്ന കഥാപാത്രമാണ് എന്ന് മഹേഷ് പറഞ്ഞു. 50-കള്‍ മുതല്‍ 80-കള്‍ വരെ പ്രായം വരുന്ന റോളാണ്. ഇത്രയും വര്‍ഷം അഭിനയിക്കാതിരുന്നിട്ട് ഇങ്ങനെയൊരു റോള്‍ ചെയ്യാന്‍ പറ്റുമോ എന്ന് ഒരു സംശയമുണ്ടായിരുന്നു. നമ്മള്‍ തുടര്‍ച്ചയായി ചെയ്തുവരുമ്പോള്‍ നമുക്കു മനസ്സിലാകും അങ്ങനെയൊരു സാഹചര്യം. ഇത് അങ്ങനെയല്ലല്ലോ. ഇത്രയും പ്രായമുള്ള കഥാപാത്രം ശരിയാകാതെ വരുമോ. പക്ഷേ, പേടിക്കേണ്ട എന്ന് മഹേഷ് പറഞ്ഞു. ഫഹദിനും അങ്ങനെയൊരു പ്രായം മാറിവരുന്ന കഥാപാത്രമാണ്. കഥ എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് സമ്മതിച്ചത്. നല്ല സിനിമ ആയിരിക്കും എന്നു സംശയമില്ലായിരുന്നു. എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സംശയം കണ്ടപ്പോള്‍ മഹേഷ് പറഞ്ഞു: ചേച്ചീ, ചേച്ചിയാണോ ഇത് പറയുന്നത്. ഞങ്ങളൊക്കെ യവനിക കണ്ടു വളര്‍ന്നവരാണ്. ചേച്ചി തന്നെ ഇതു ചെയ്യണം. അങ്ങനെ സ്‌നേഹത്തോടെയുള്ള നിര്‍ബ്ബന്ധം കൂടിയായപ്പോള്‍ ഞാന്‍ പറഞ്ഞു, ശരി. ഈ ഒരു നല്ല പ്രോജക്റ്റിന്റെ ഭാഗമാകാമല്ലോ. പിന്നെ, മകളുടെ കാര്യം പറഞ്ഞു. എന്റെ ചെറുപ്പമാണ്, കുറച്ചേയുള്ളൂ. അതിലും ഒരു വിഷമമുണ്ടായിരുന്നു. പുതുതായി വരുമ്പോള്‍ നായികാ കഥാപാത്രമാകുന്നതല്ലേ നല്ലത്. പക്ഷേ, അമ്മു പറഞ്ഞു, അമ്മയുടെ ചെറുപ്പം ഈയൊരു പടത്തില്‍ കിട്ടുന്നതുപോലെ ഇനി കിട്ടണമെന്നില്ല. വേറൊരു പടത്തില്‍ നമ്മള്‍ ഒന്നിച്ച് അഭിനയിച്ചേക്കാം. ചിലപ്പോള്‍ അമ്മയും മോളുമായിരിക്കും; അല്ലെങ്കില്‍ വേറെന്തെങ്കിലും കഥാപാത്രങ്ങളായിരിക്കും. ഇങ്ങനൊരു റോള്‍ വരുമെന്നു തോന്നുന്നില്ല. തുടക്കമാണ്, നല്ലൊരു പടത്തിന്റെ ഭാഗമാവുകയും ചെയ്യാം. അങ്ങനെയാണ് രണ്ടുപേരും ഇതിലെ കഥാപാത്രങ്ങളാകുന്നത്.

നഗരജീവിതമാണ് സ്വന്തം ജീവിതത്തില്‍ ഉണ്ടായിരുന്നത്. മലേഷ്യയില്‍ ജനിച്ചു; അവിടേയും ചെന്നൈയിലുമായി വളര്‍ന്നു. പക്ഷേ, അഭിനയിച്ചതില്‍ ഏറെയും ഗ്രാമീണ കഥാപാത്രങ്ങള്‍. അതിനോടൊക്കെ ഒന്നിനൊന്നു നീതിപുലര്‍ത്തി അഭിനയിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്

വേനല്‍, എന്റെ നന്ദിനിക്കുട്ടിക്ക്, ഒന്നു ചിരിക്കൂ എന്നിങ്ങനെ അപൂര്‍വ്വം ചിത്രങ്ങളേ ഗ്രാമീണ കഥാപാത്രങ്ങള്‍ അല്ലാതെയുള്ളൂ. എനിക്കറിയില്ല എന്തുകൊണ്ടാണ്, എങ്ങനെയാണ് അത്തരം കഥാപാത്രങ്ങള്‍ അധികവും കിട്ടിയതെന്ന്. മൈ ഫീല്‍, മൈ ലുക്ക്. ഒരു പാവക്കുട്ടി ഇമേജായിരിക്കാം, ഒരു സങ്കടമുള്ള മുഖഭാവമായിരിക്കാം കാരണം. എന്തുകൊണ്ട് എന്നു ഞാന്‍ ചിന്തിച്ചിട്ടില്ല. ഒന്നാമത്, ആ സമയത്ത് സിനിമയെക്കുറിച്ച് കാര്യമായി അറിയില്ല. ബ്ലൈന്‍ഡ്ലി ഇതിലേക്കു വന്നു. അതുകഴിഞ്ഞിട്ട് എന്റെ രൂപത്തിനും ഭാവത്തിനും ചേരുന്ന പടങ്ങളാണ് വന്നത്. കിട്ടിയ റോളുകളില്‍, ആ ഒഴുക്കില്‍പ്പെട്ട് അങ്ങു പോയി എന്നേ പറയാനുള്ളൂ. 

മാലിക്കിൽ ജലജ
മാലിക്കിൽ ജലജ

മലയാളസിനിമയുടെ മാറ്റത്തില്‍ എന്താണ്, അല്ലെങ്കില്‍ എന്തൊക്കെയാണ് വ്യക്തിപരമായി പ്രത്യേകം അനുഭവപ്പെടുന്നത്? 

ഈ പടം ചെയ്യുന്നതിനു വളരെ മുന്‍പേ, നാട്ടിലും ബഹ്റൈനിലുമായിരുന്ന കാലത്ത്, എന്റെ സമകാലികയായ ഒരു ആര്‍ട്ടിസ്റ്റ് കുറേക്കാലത്തിനുശേഷം അഭിനയിച്ചിരുന്നു. ''എന്റെ ജലജേ വേണ്ടിയിരുന്നില്ലാന്നു തോന്നിപ്പോയി'' എന്നാണ് അവര്‍ അതിനെക്കുറിച്ചു പറഞ്ഞത്. അതെന്റെ മനസ്സില്‍ക്കിടന്നു. ചെന്നു പെട്ടുകഴിഞ്ഞാല്‍പ്പിന്നെ എന്തുചെയ്യും. അഞ്ചെട്ടു വര്‍ഷം മുന്‍പാണത്. പക്ഷേ, മഹേഷ് വന്നു സംസാരിച്ചപ്പോള്‍ വേറൊരു അനുഭവമാണുണ്ടായത്. അത്രയ്ക്കു നല്ല മനുഷ്യനാണ്. അത് ചിന്തയില്‍ വലിയ മാറ്റമുണ്ടാക്കി. ഒരാള്‍ വന്നു നമ്മളോടു സംസാരിക്കുമ്പോള്‍ നമുക്ക് അയാളെ മനസ്സിലാകുമല്ലോ. ഇത്രയും കാലത്തെ ജീവിതാനുഭവങ്ങളില്ലേ. എനിക്കൊരു ആത്മവിശ്വാസമായി. അഭിനയിക്കുന്നില്ലെങ്കിലും പ്രേക്ഷക എന്ന നിലയില്‍ മലയാളത്തിലേയും മറ്റു പല ഭാഷകളിലേയും സിനിമകള്‍ കാണുന്നുണ്ടല്ലോ. ഗ്രാജ്വലായുള്ള മാറ്റങ്ങള്‍ അറിയുന്നുമുണ്ടായിരുന്നു. സാങ്കേതികവിദ്യയിലെ മാറ്റങ്ങളുള്‍പ്പെടെ അറിയാന്‍ പറ്റുന്നുണ്ട്. 'മാലിക്കി'ല്‍ വന്നപ്പോള്‍ കൊച്ചിയില്‍ ആസ്പിന്‍വാളിലായിരുന്നു ആദ്യ ചിത്രീകരണം. ജയിലിന്റെ സീന്‍. അവിടെ പോയപ്പോള്‍ മഹേഷിനെയേ എനിക്ക് അറിയുകയുള്ളൂ; ബാക്കി ഒറ്റ മനുഷ്യരെ അറിയില്ല. മേക്കപ്പിടുന്നതിനു മുന്‍പ് എല്ലാവരേയും പരിചയപ്പെട്ടു; വലിയ സ്‌നേഹവും പരിഗണനയുമാണ് എല്ലാവരില്‍നിന്നും കിട്ടിയത്. വളരെ സ്‌നേഹം നിറഞ്ഞ ഇടപെടല്‍. അതിന്റെ ഒരു വാംത് എനിക്ക് അനുഭവപ്പെട്ടു. അത് വല്ലാത്തൊരു ആത്മവിശ്വാസം നല്‍കി. നല്ല കംഫര്‍ട്ടായിരുന്നു. മഹേഷിനോടു ഞാനത് പറഞ്ഞു; ശരിക്കും ഒരു നഴ്സറി സ്‌കൂളില്‍ ചെന്ന കുട്ടിയെപ്പോലെയാണ് എനിക്കു തോന്നുന്നത്. ഇത്രയും ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്നതിലെ പ്രശ്‌നം. പക്ഷേ, മേക്കപ്പൊക്കെയിട്ട് ക്യാമറയ്ക്കു മുന്നില്‍ എത്തിയപ്പോള്‍ സ്ഥിതി മാറി. അഭിനയത്തെക്കുറിച്ച് എല്ലാവരും പറയുന്നതുപോലെ, ''ആക്ടിംഗ് ഈസ് ആക്ടിംഗ്.'' ഒരിക്കല്‍ നീന്തല്‍ പഠിച്ചാല്‍ എത്ര വര്‍ഷം കഴിഞ്ഞു വെള്ളത്തിലിട്ടാലും നീന്തി നില്‍ക്കുമല്ലോ. സ്വാഭാവികമായി ചെയ്യേണ്ട ഒരു റോള്‍ കിട്ടി; അത് എങ്ങനെ സ്വാഭാവികമായി ചെയ്യാം എന്നാണല്ലോ ഞാന്‍ നോക്കുന്നത്. അതായത്, വര്‍ക്ക് ചെയ്യുന്നതില്‍ എനിക്ക് മാറ്റം അനുഭവപ്പെട്ടില്ല. പക്ഷേ, ക്യാമറയിലൊക്കെ വലിയ മാറ്റം ഉണ്ടെന്നു മനസ്സിലായി. അതൊരു പുതിയ അനുഭവമായി. എനിക്ക് അതൊക്കെയാണ് മാറ്റമായി അനുഭവപ്പെട്ടത്. എങ്കിലും സ്വാഭാവിക ശബ്ദചിത്രീകരണത്തിന്റെ അനുഭവം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. ഇതില്‍ ഡബ്ബിംഗ് ആയിരുന്നു. പ്രധാനപ്പെട്ട ഒരു മാറ്റം കഥ മുഴുവനായി നേരത്തേ മനസ്സിലാകുന്നു എന്നതാണ്. അന്നൊക്കെ തിയേറ്ററില്‍ പോയി കാണുമ്പോഴാണ് ഇതായിരുന്നു സംഭവം എന്ന് അറിയുകയുള്ളൂ. നമ്മുടെ കഥാപാത്രം എന്താണെന്നു മാത്രം അറിയാം. അഭിനയിക്കുമ്പോള്‍ മറ്റുള്ളവരുടെ കൂട്ടത്തിലങ്ങു പോകും. ഇതിപ്പോള്‍ പ്രസന്റില്‍നിന്നു പാസ്റ്റിലേക്കു പോകുമ്പോള്‍ അതിന്റെ ഒരു തുടര്‍ച്ചയൊക്കെ നമുക്കു കൃത്യമായി കിട്ടും.

സംസ്ഥാന അവാര്‍ഡു കിട്ടിയ 'വേനലി'ലെ നായിക രമണിയുടെ നിസ്സഹായതയും സമീപകാലത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ നായികയുടെ ശക്തമായ പ്രതികരണവും താരതമ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ എങ്ങനെയാണ് വിലയിരുത്തുക. അന്നും ഇന്നും സമൂഹവും സ്ത്രീ ജീവിതവും മാറിപ്പോയതാണോ സിനിമയില്‍ പ്രതിഫലിച്ചത്? 

അങ്ങനെ തന്നെയാണ്. രണ്ടു കാലത്തെ സാമൂഹിക ജീവിതത്തിലെ മാറ്റമായാണ് വ്യക്തിപരമായി ഇതു രണ്ടിനേയും കാണുന്നത്. കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടികളോട് മാതാപിതാക്കള്‍ തന്നെ പറയുന്നത് നിങ്ങള്‍ അഡ്ജസ്റ്റു ചെയ്യണം എന്നാണ്. സമൂഹവും അങ്ങനെ തന്നെയാണ്. രണ്ടു വ്യത്യസ്ത വ്യക്തികളാണ് ഒന്നിച്ചൊരു ജീവിതം തുടങ്ങുന്നത്. ഉറപ്പായും ഒത്തിരി പ്രശ്‌നങ്ങള്‍ കാണും. ചിലര്‍ നല്ല രീതിയില്‍ പോകും; ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ മതി പൊട്ടിത്തെറിക്കാന്‍. അന്നത്തെ കാലത്ത് രമണി എന്ന കഥാപാത്രം സമൂഹം കാരണം അടിച്ചമര്‍ത്തപ്പെട്ട് ഗതിയില്ലാതെ സുകുമാരന്റെ കഥാപാത്രത്തിനൊപ്പം താമസിക്കുകയാണ്. ഇന്നത്തെ സമൂഹം അങ്ങനെയല്ല. പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗത്തിന്റെ സമീപനം മാറി. അവര്‍ ജോലി ചെയ്യുന്നു; പണം സമ്പാദിക്കുന്നു. അവര്‍ക്കും അവകാശങ്ങളുണ്ട് എന്ന് അവര്‍ മനസ്സിലാക്കുന്നു. എന്തുവന്നാലും ഭര്‍ത്താവിനെ അടിച്ചിട്ടു പോകാം എന്നല്ല; ഞാന്‍ അതിനോടു യോജിക്കുന്നില്ല. അവള്‍ പൊട്ടിത്തെറിക്കുന്നെങ്കില്‍ കാര്യമായ കാര്യമില്ലാതെ അങ്ങനെ പ്രതികരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ജനുവിനായിട്ടുള്ള കാര്യമാണെങ്കില്‍ നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി ബോള്‍ഡായിട്ടുതന്നെ സാഹചര്യങ്ങളെ നേരിടണം. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ നിമിഷയുടെ കഥാപാത്രം പുതിയ തലമുറയിലെ പെണ്‍കുട്ടിയാണ്. അവള്‍ക്ക് അവകാശബോധവും സ്വാതന്ത്ര്യബോധവുമുണ്ട്. എങ്കിലും അവള്‍ തിരിച്ചുവരുമ്പോള്‍ അതിനെ അനുകൂലിക്കാന്‍ കുടുംബം തയ്യാറാകാത്തത് സമൂഹത്തിന്റെ ഇപ്പോഴും മാറിയിട്ടില്ലാത്ത മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. എങ്കിലും അവള്‍ തിരിച്ചുപോകുന്നില്ല; സ്വയം സന്തോഷം ലഭിക്കുന്ന ജീവിതത്തിലേക്കാണ് പോകുന്നത്. അത് പെണ്‍കുട്ടികളുടെ മനോഭാവത്തില്‍ വന്ന മാറ്റം തന്നെയാണ്; അതാണ് സിനിമയില്‍ വരേണ്ടതും.

കുടുംബ ചിത്രം/ ഫോട്ടോ: ബിപി ദീപു- എക്സ്പ്രസ്
കുടുംബ ചിത്രം/ ഫോട്ടോ: ബിപി ദീപു- എക്സ്പ്രസ്

പക്ഷേ, പൊതുവേ പെണ്‍കുട്ടികള്‍ക്ക് ജീവിതപങ്കാളിയില്‍നിന്ന് എത്രയൊക്കെ ദുരനുഭവം ഉണ്ടായാലും അയാള്‍ സ്‌നേഹം കാണിക്കുമ്പോള്‍ തിരിച്ചുപോയി ജീവിക്കാന്‍ തുടങ്ങുന്നതെന്തുകൊണ്ടാണ്? 

അഡ്ജസ്റ്റു ചെയ്യാനുള്ള പ്രേരണ ഇപ്പോഴും പെണ്‍കുട്ടികളില്‍ ഉള്ളതാണ് കാരണം. ജീവിതത്തില്‍ അവര്‍ക്ക് എവിടെനിന്നും പിന്തുണ കിട്ടാതെ വരുന്നു. ഒന്നുകില്‍ അച്ഛനമ്മമാരുടെ പിന്തുണ വേണം. നിസ്സാര പ്രശ്‌നത്തിന് ഇറങ്ങിപ്പോരുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കി ഭര്‍ത്താവിനെതിരെ ഇറങ്ങിപ്പുറപ്പെടുന്ന രക്ഷിതാക്കളുണ്ട്. അതല്ലാതെ, ജനുവിന്‍ ആയിട്ടുള്ള പ്രശ്‌നം കണ്ടാല്‍ രക്ഷിതാക്കള്‍ക്ക് ഇടപെടാന്‍ കഴിയണം. ആണ്‍കുട്ടിയോ അയാളുടെ കുടുംബമോ ആയി സംസാരിക്കണം; സെറ്റില്‍ ചെയ്യണം എന്നല്ല. മനുഷ്യര്‍ പലവിധമാണല്ലോ. മകന്‍ മാത്രമുള്ള വീട്ടില്‍ മകന്‍ അവന്റെ പെണ്ണിനോടു തോന്നിയാസം കാണിച്ചാല്‍ രക്ഷിതാക്കള്‍ മകനെ പിന്തുണയ്ക്കുന്നതു കാണുന്നു. നേരെ മറിച്ച് അവര്‍ക്ക് ഒരു മകളുണ്ടെങ്കില്‍ ഇങ്ങനെയൊരു അനുഭവം വന്നാല്‍ എന്തുചെയ്യും. അതു ചിന്തിച്ചു മകന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയണം. പെണ്‍കുട്ടികളോടു നന്നായി പെരുമാറാനും അവളെ ബഹുമാനിക്കാനും അംഗീകരിക്കാനും പഠിപ്പിച്ച് ആണ്‍കുട്ടികളെ വളര്‍ത്തണം.

ഭരതന്റെ 'മര്‍മര'ത്തിലെ ജലജയുടെ കഥാപാത്രം വളരെ പക്വതയുള്ള സ്ത്രീയാണ്; കുട്ടിയുടെ അമ്മയാണ്. അതുവരെ ചെയ്തതില്‍നിന്നു വ്യത്യസ്തം. മറ്റൊരു സിനിമയ്ക്കു ഡേറ്റ് കൊടുത്തതുകൊണ്ട് 'മര്‍മരം' ആദ്യം സ്വീകരിച്ചില്ലെന്നും ആ പടം മാറിപ്പോയപ്പോള്‍ വീണ്ടും ഭരതന്‍ ക്ഷണിക്കുകയായിരുന്നുവെന്നും കേട്ടിട്ടുണ്ട്. രണ്ട് അനുഭവങ്ങളും എങ്ങനെയായിരുന്നു? 

ഞാന്‍ ചെന്നൈയിലായിരിക്കുമ്പോഴാണ് ഭരതേട്ടന്‍ വന്ന് 'മര്‍മര'ത്തിലേക്കു വിളിക്കുന്നത്. ആ സമയത്ത് കമേഴ്സ്യല്‍ പടങ്ങളിലും അഭിനയിക്കുന്നുണ്ട്. അങ്ങനെ ഏതോ ഒരു പടത്തിനാണ് ഡേറ്റ് കൊടുത്തിരുന്നത്. ഭരതേട്ടന്‍ വന്നു പുതിയ പടത്തെക്കുറിച്ചു പറഞ്ഞുകേട്ടപ്പോള്‍ത്തന്നെ വലിയ താല്പര്യം തോന്നി. ഒന്നാമതായി, ഭരതേട്ടന്റെ പടം. പിന്നെ, വളരെ കരുത്തുള്ള കഥാപാത്രം. പക്ഷേ, നേരത്തെ കൊടുത്ത ഡേറ്റ് മാറ്റാന്‍ പറ്റില്ല. ഇത്രയും കാലം ഞാന്‍ ഉറച്ചുനിന്ന ചില മൂല്യങ്ങളുണ്ട്. അതിന്റെ ഭാഗമാണ് എന്റെ പ്രൊഫഷണല്‍ എത്തിക്‌സ്. അതൊരു ചെറിയ പടമായിരിക്കാം. പക്ഷേ, കൊടുത്ത ഡേറ്റ് മാറ്റാന്‍ കഴിയില്ല. വേറൊരു നല്ലപടം പിന്നാലെ വന്നാല്‍ അതു കളഞ്ഞിട്ടു പോകാറില്ല; പോയിട്ടില്ല. എങ്കില്‍ ഇനി അടുത്ത പടത്തില്‍ നോക്കാം എന്നു ഭരതേട്ടന്‍ പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞ് ഒരു സിനിമയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ വന്നപ്പോള്‍ വീണ്ടും ഭരതേട്ടനെ കണ്ടു. 'മര്‍മരങ്ങളു'ടെ ഷൂട്ടിംഗ് എന്തായി എന്നു ഞാന്‍ ചോദിച്ചു. 'മര്‍മരങ്ങള്‍' എന്നാണ് എന്റെ മനസ്സില്‍ കിടന്നത്. 'മര്‍മരങ്ങള'ല്ല, 'മര്‍മരം' എന്ന് അദ്ദേഹം തിരുത്തി. അത് ജലജയ്ക്കുള്ള പടമല്ലേ എന്നായിരുന്നു മറുപടി. അതെന്തു പറ്റി എന്നു ചോദിച്ചപ്പോഴാണ് പറയുന്നത് അതില്‍ അഭിനയിച്ച കുട്ടിക്ക് സുഖമില്ലാതെയോ മറ്റോ നിര്‍ത്തേണ്ടിവന്നു. അത് ജലജയ്ക്കുവേണ്ടി വച്ചിരിക്കുകയാണ് എന്നു പറഞ്ഞു. ഞാനപ്പോള്‍ ബി.എയ്ക്കു പഠിക്കുകയാണ്. പരീക്ഷയാണ് ഏപ്രിലില്‍. അതേസമയത്താണ് ഷൂട്ടിംഗ്. ഇതിപ്പോള്‍ രണ്ടാമതു വന്നിരിക്കുകയാണ്; കളഞ്ഞാല്‍പ്പിന്നെ എനിക്കൊന്നും പറയാനില്ല എന്ന് ഭരതേട്ടന്‍ പറഞ്ഞു. ഞാന്‍ അച്ഛന്റടുത്തും ആലോചിച്ചപ്പോള്‍ പരീക്ഷ സെപ്റ്റംബറില്‍ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെയാണ് അതില്‍ വരുന്നത്. ഭയങ്കര സന്തോഷമായി. ആ സമയത്ത് അങ്ങനെയൊരു വേറിട്ട കഥാപാത്രം ചെയ്തതിന്റെ സംതൃപ്തി പറഞ്ഞറിയിക്കാന്‍ പറ്റില്ല. ആ കഥാപാത്രം ചെയ്യുന്നതില്‍ വേണുച്ചേട്ടന്റെ (നെടുമുടി വേണു) സഹായം എനിക്കു വളരെ ഉപകാരപ്പെട്ടിട്ടുണ്ട്. വേണുച്ചേട്ടനും ഭരതേട്ടനും സംഗീതം അറിയുന്നവരാണ്. ഞാന്‍ ആസ്വദിക്കുമെന്നേയുള്ളൂ. ദീപാവലി ആഘോഷത്തില്‍ ഒരു സീനില്‍ ഞാനൊരു പാട്ട് പാടണം. അനിയത്തിക്കൊച്ചിനാണ് വീണ. ഞാന്‍ വീണ ചെയ്യാം, ആ കുട്ടി പാടിക്കോട്ടെ എന്നു പറഞ്ഞു. അതു സമ്മതിച്ച് വീണ കയ്യില്‍പ്പിടിപ്പിച്ചു തന്നു. ആരോഹണം, അവരോഹണം പറയുമ്പോള്‍ അതുപോലെ ചെയ്യണം. അങ്ങനെ പറഞ്ഞാല്‍ എനിക്കു തെറ്റും; അതുകൊണ്ട് അപ്പും ഡൗണും പറയണം എന്നായി ഞാന്‍. വേണുച്ചേട്ടനാണ് അപ്, ഡൗണ്‍ പറഞ്ഞത്. ഞാനതു കേട്ട് വലിയ 'വീണാ വിദുഷി'യായിട്ടൊക്കെ ചെയ്തു. ആ കഥാപാത്രത്തിന്റെ കാമ്പ് ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതില്‍ കൂടെ അഭിനയിച്ച വേണുച്ചേട്ടന്റേയും ഭരതേട്ടന്റെ സംവിധാനത്തിന്റേയും ഒരുപാട് പിന്തുണ കിട്ടിയിട്ടുണ്ട്.

മകൾ ദേവിയ്ക്കൊപ്പം ജലജ/ ഫോട്ടോ: ബിപി ദീപു- എക്സ്പ്രസ്
മകൾ ദേവിയ്ക്കൊപ്പം ജലജ/ ഫോട്ടോ: ബിപി ദീപു- എക്സ്പ്രസ്

കെ.ജി. ജോര്‍ജിന്റെ 'യവനിക'യിലെ രോഹിണി വഴിത്തിരിവായ കഥാപാത്രമാണല്ലോ. 'യവനിക പോലെയൊരു സിനിമ അതിനു മുന്‍പും ശേഷവും ഉണ്ടായിട്ടില്ല. ഒരു മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്റെ' ഇതിഹാസതുല്യമായ സിനിമയാണ്. ഗോപി, നെടുമുടി വേണു, മമ്മൂട്ടി, വേണു നാഗവള്ളി തുടങ്ങി വലിയ പ്രതിഭകള്‍ക്കൊപ്പമായിരുന്നു അതു ചെയ്തത്. ഇന്നും എല്ലാവരും ആദ്യം 'യവനിക'യെക്കുറിച്ചു പറയുമ്പോള്‍ ആ സിനിമയെ എങ്ങനെയാണ് ഓര്‍ക്കാറ്? 

'യവനിക' ഒരു മാസ്റ്റര്‍ ക്ലാസ്സിക് സിനിമയാകും എന്ന് ആ സമയത്ത് ഒരിക്കലും തോന്നിയിട്ടില്ല. കെ.ജി. ജോര്‍ജ് സാറിന്റെ 'ഉള്‍ക്കടലില്‍' അതിനുമുന്‍പേ ചെറിയൊരു റോള്‍ ചെയ്തിട്ടുണ്ട്. ഒരുപക്ഷേ, രോഹിണി എന്ന കഥാപാത്രത്തെ എന്നെ ഏല്പിക്കാന്‍ അദ്ദേഹത്തിനു തോന്നിയത് ആ സിനിമയിലെ അഭിനയം വച്ചിട്ടായിരിക്കാം. കഥ പറഞ്ഞുതന്നു. മുഴുവനല്ല; നമ്മുടെ റോള്‍. കഥാപാത്രമായി മാറുന്നതില്‍ നിയന്ത്രണങ്ങളില്ലായിരുന്നു. രാവിലെ വരുമ്പോള്‍ അന്നത്തെ സീനുകള്‍ പറഞ്ഞുതരും. അന്നത്തെ സീനുകളേ നമ്മളും അറിയുന്നുള്ളൂ. പക്ഷേ, കഥാപാത്രം നമ്മുടെ കയ്യിലേക്കു വന്നുകഴിയുമ്പോള്‍ കുറച്ചു കൂട്ടണം അല്ലെങ്കില്‍ കുറയ്ക്കണം എന്നതൊക്കെ സാറ് പറഞ്ഞിട്ടാണ് ചെയ്യുന്നത്. ഫ്‌ലാഷ്ബാക്കിലാണ് സിനിമയെങ്കിലും പല രംഗങ്ങളും പലപ്പോഴായാണ് എടുത്തത്. ഒറ്റ ഷെഡ്യൂളിലാണ് തീര്‍ത്തത്. ചില ദിവസങ്ങളിലൊക്കെ രാത്രി മുഴുവന്‍ ജോലി ചെയ്തിട്ടുണ്ട്. അനുഭവസമ്പത്തുള്ള പ്രതിഭകളുടെ കൂടെയുള്ള അഭിനയം വളരെ വലിയ അനുഭവം തന്നെയായിരുന്നു. ഗോപിച്ചേട്ടന്റെ കൂടെ എങ്ങനെയാണ് അഭിനയിക്കുക എന്നു ചിലര്‍ ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഞാന്‍ അതേവിധം പ്രതികരിക്കണം. അതും നമുക്കൊരു അനുഭവമാണ്. മറുവശത്ത് നില്‍ക്കുന്നയാള്‍ പവര്‍ഫുള്‍ ആകുമ്പോള്‍ നമുക്കെത്ര കഴിവില്ലെങ്കിലും നാം സടകുടഞ്ഞെണീക്കുക തന്നെ ചെയ്യും. കഥാപാത്രമായിക്കഴിഞ്ഞാല്‍പ്പിന്നെ ഗോപിച്ചേട്ടന്‍ ഒരു രക്ഷയുമില്ല. എന്റെ കഴുത്തിനുപിടിക്കുന്ന ആ പോസ്റ്ററാണല്ലോ എവിടെപ്പോയാലും ഇപ്പോഴും 'യവനിക'യുടേതായി കാണുന്നത്. അതില്‍ അഡ്ജസ്റ്റുമെന്റ് പിടിത്തമൊന്നുമില്ല. നമ്മളും അതേവിധം റിയാക്റ്റ് ചെയ്‌തേ പറ്റൂ. എന്റെ കഥാപാത്രം അത്രയ്ക്കു മനോഹരമായിട്ടുണ്ടെങ്കില്‍ അതില്‍ ഗോപിച്ചേട്ടന്റെ പങ്ക് വളരെ വലുതാണ്. 

അപ്പോള്‍ തുടക്കക്കാരി ആയിരുന്നില്ല. എങ്കിലും ആ ഒരു സെലക്ഷന്‍ കരിയറും ജീവിതവും മാറ്റിമറിച്ചോ? 

1979-ലാണ് ബാലചന്ദ്ര മേനോന്‍ സാറിന്റെ 'രാധ എന്ന പെണ്‍കുട്ടി' ചെയ്യുന്നത്. നായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത് ആ സിനിമ മുതലാണ്. 'യവനിക' കരിയറിനെ മാറ്റിയോ എന്നു ചോദിച്ചാല്‍, ഒരു വ്യക്തി എന്ന നിലയില്‍ അതൊരു ചാലഞ്ചിംഗ് റോളായതുകൊണ്ട് വളരെ വലിയ അനുഭവം തന്നെയായിരുന്നു. 'രാധ എന്ന പെണ്‍കുട്ടി' അവസാനത്തെ ബ്ലാക് ആന്റ് വൈറ്റ് സിനിമയായിരുന്നു. കലാകാരി എന്ന നിലയില്‍ എനിക്ക് ശക്തമായ അടിത്തറ തന്നതും എന്നെ മോള്‍ഡ് ചെയ്തതും ആ സമയത്തെ കുറേ ശക്തമായ കഥാപാത്രങ്ങളാണ്. 

മഹാപ്രതിഭകളുടെ ചിത്രങ്ങള്‍ ജലജ എന്ന നടിക്ക് മലയാളികള്‍ ഉള്ളിടത്തെല്ലാം വിലാസമുണ്ടാക്കിയല്ലോ. അരവിന്ദന്‍, അടൂര്‍, കെ.ജി. ജോര്‍ജ്, ഭരതന്‍, ടി.വി. ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരുടെയൊക്കെ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. അധികം പേര്‍ക്കു കിട്ടാത്തതാണ് ആ ഭാഗ്യം? 

ശരിക്കും വലിയ അനുഗ്രഹമായിരുന്നു അവരുടെ സിനിമകള്‍ എന്നുതന്നെ പറയുന്നു ഞാന്‍. അത്രയും വലിയ ലെജന്‍ഡ്സിന്റെ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് ദൈവാധീനവും മഹാഭാഗ്യവുമാണ്. സിനിമയില്‍ ഭാഗ്യം പ്രധാനമാണല്ലോ. 25 വര്‍ഷമായിട്ട് ബഹറൈനിലായിരുന്നു. അവിടെ എവിടെപ്പോയാലും മലയാളികള്‍ വന്നു പരിചയപ്പെടുമ്പോള്‍ 'മര്‍മര'വും 'ശാലിനി എന്റെ കൂട്ടുകാരി'യുമൊക്കെ കണ്ട കാര്യം പറയും. ഇത്രയും കഥാപാത്രങ്ങള്‍ അവരുടെ മനസ്സില്‍ തങ്ങിനിന്നിട്ടുണ്ട്. ആ കഥാപാത്രങ്ങള്‍ വെച്ചാണ് എന്നെ കാണുന്നത്. അതിന്റെ സ്‌നേഹവും ബഹുമാനവും കിട്ടിയിട്ടുമുണ്ട്; കിട്ടിക്കൊണ്ടിരിക്കുന്നു. ആ സംവിധായകരോടു പ്രത്യേകമായുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാന്‍ പറ്റില്ല.

കരിയിലക്കാറ്റു പോലെ എന്ന ചിത്രത്തിൽ
കരിയിലക്കാറ്റു പോലെ എന്ന ചിത്രത്തിൽ

രസകരമായ ഒരു യാദൃച്ഛികത ഇതിനിടയില്‍ പറയാം. 1981-ല്‍ സംസ്ഥാന അവാര്‍ഡ് കിട്ടിയ ലെനിന്‍ രാജേന്ദ്രന്റെ 'വേനല്‍' സിനിമയില്‍ പുസ്തകം വായിച്ചിരിക്കുന്ന ജലജയോട് ഏതു പുസ്തകമാണെന്നു കൂട്ടുകാരി ചോദിക്കുമ്പോള്‍ 'വേരുകള്‍' എന്നാണ് പറയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം മലയാറ്റൂരിന്റെ 'വേരുകള്‍' ടെലിഫിലിം ആക്കിയപ്പോള്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായി? 

അതു രസകരമാണ്. അതിലെ അമ്മുലു വളരെ സ്ട്രോംഗ് കഥാപാത്രമായിരുന്നു.

ആദ്യ സിനിമയായ അരവിന്ദന്റെ തമ്പില്‍ അഭിനയിക്കുമ്പോള്‍ ഇതൊരു കരിയറാകും എന്ന പ്ലാനിങ് ഉണ്ടായിരുന്നില്ലല്ലോ. എങ്ങനെയാണ് അന്ന് അതിനെ കണ്ടത്? 

തീരെ പ്ലാനിങ് ഇല്ലായിരുന്നു. പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നല്ലോ. പഠിത്തമായിരുന്നു പ്രധാനം. അച്ഛന്‍ പ്രൊഫസറായിരുന്നു. അദ്ദേഹം പഠിത്തത്തിന്റെ കാര്യത്തില്‍ കടുംപിടുത്തമൊന്നും കാണിക്കാതെ തന്നെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം തന്നിരുന്നു. അടിച്ചു പഠിപ്പിച്ചിട്ടില്ല. പക്ഷേ, വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നത് കുഞ്ഞിലേ മുതല്‍ കേട്ടു വളര്‍ന്ന കാര്യമാണ്. 'തമ്പി'ല്‍ അഭിനയിക്കാന്‍ വഴിയൊരുങ്ങുന്നത് വേണുച്ചേട്ടന്‍ വഴിയാണ്. ഫോട്ടോ കൊടുത്തെങ്കിലും വിളിക്കുമോ എന്ന് അറിയില്ലായിരുന്നു. സിനിമകള്‍ ഒരുപാടു കാണുമായിരുന്നു. അച്ഛന്‍ കൊണ്ടുകാണിക്കും. മധുസാറിന്റെ പടമൊക്കെ കണ്ട് 'കരഞ്ഞുകൂവി'യാണ് തിരിച്ചുവരിക. അച്ഛന്‍ കളിയാക്കും, ''നിനക്കൊക്കെ എന്തിന്റെ സൂക്കേടാണ്; അവര്‍ പണത്തിനുവേണ്ടി അഭിനയിക്കുന്നതിന്റെ ഭാഗമല്ലേ കരച്ചില്‍. ഗ്ലിസറിനിട്ടാണ് അവര്‍ കരയുന്നത്.'' പക്ഷേ, നമ്മളതല്ലല്ലോ നോക്കുന്നത്, കഥാപാത്രത്തെയല്ലോ എന്ന് അച്ഛനോടു തിരിച്ചു പറയും. 'തമ്പ്' കഴിഞ്ഞു. പഠനം തുടരുന്നതിനിടെ ചില പടങ്ങളിലൊക്കെ അഭിനയിച്ചു. പക്ഷേ, 'രാധ എന്ന പെണ്‍കുട്ടി' വന്നതോടെയാണ് കരിയറില്‍ മാറ്റം വന്നത്. സിനിമകള്‍ ഉണ്ടായിരുന്നതുകൊണ്ട് ബി.എയ്ക്ക് റെഗുലറായി ചേരാന്‍ കഴിഞ്ഞില്ല. പ്രൈവറ്റായി പഠിച്ച് അത്യാവശ്യം നന്നായി ജയിച്ചു. എം.എയ്ക്കും ചേര്‍ന്നു. അതിനിടയിലാണ് ഇതൊരു തൊഴിലായി മാറിയത്. പക്ഷേ, ഒരു കാര്യമുള്ളത് സംവിധായകരുടെ പോപ്പുലാരിറ്റിയെക്കുറിച്ച് അന്ന് ഇത്രയും തിരിച്ചറിവു വന്നിട്ടില്ല. ഇത്രയും സിനിമകള്‍ ചെയ്ത ആളാണ് എന്നറിയാം. ഇന്നയാളുടെ പടത്തിലാണല്ലേ അഭിനയിക്കുന്നത് എന്ന് ആളുകള്‍ പറയുന്ന പറച്ചിലില്‍ നമുക്കറിയാം; നമ്മള്‍ ലക്കിയാണെന്ന്. ഒരു സിനിമയും വേണ്ടെന്നു വച്ചിട്ടില്ല. കമേഴ്സ്യല്‍ സിനിമകളിലും എന്റെ റോള്‍ മോശമല്ലാത്തതുകൊണ്ട് അഭിനയിച്ചു. വലിയ റേഞ്ചിലുള്ള സിനിമകളാണ് എനിക്കു കിട്ടിയത്. ആര്‍ട്ട് സിനിമകള്‍, വാണിജ്യ സിനിമകള്‍, സമാന്തര സിനിമകള്‍ തുടങ്ങി എല്ലാ വിശേഷണങ്ങളില്‍പ്പെടുന്ന സിനിമകളിലും അഭിനയിച്ചു. എന്റെ റോള്‍ നല്ലതാണെങ്കില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നസീര്‍ സാറിന്റെ മോളായിട്ട് അഭിനയിക്കുന്നതുതന്നെ വലിയ ഹൈലൈറ്റായി മാറിയിട്ടുണ്ട്. ഓരോ സംവിധായകന്റേയും വ്യത്യാസം അനുഭവപ്പെടുമെന്നേയുള്ളു. പക്ഷേ, എന്റെ റോള്‍ എങ്ങനെയുള്ളതാണ് എന്നാണ് ഞാന്‍ നോക്കിയത്. 

ജീവിതത്തില്‍, സിനിമയില്‍ യാദൃച്ഛികതകള്‍ ഏറെയാണല്ലോ. മറ്റൊരു നടി അഭിനയിക്കേണ്ടിയിരുന്ന കഥാപാത്രമാണ് വേനലില്‍ ജലജയിലേക്കു വന്നത്. മികച്ച നടിക്കുള്ള അവാര്‍ഡ് നേടിത്തന്നു; ആ അനുഭവവും ഓര്‍മ്മകളും എന്താണ്? 

മറ്റൊരു പ്രധാന നടിക്കുവേണ്ടിയാണ് ആ കഥാപാത്രം വച്ചിരുന്നത്. അവസാന നിമിഷം അവര്‍ക്കെന്തുകൊണ്ടോ അതില്‍ ചേരാന്‍ പറ്റാതെ വന്നു. നിര്‍മ്മാതാവും മറ്റും അടുത്ത ദിവസം പുലര്‍ച്ചെ വീട്ടില്‍ വന്നു. അച്ഛനും എനിക്കുമൊക്കെ അടുത്ത് അറിയാവുന്നവരാണ്. കുമാരി എന്നാണ് എന്നെ വിളിക്കുന്നത്. മുറിയില്‍നിന്നു ഞാന്‍ അവര്‍ അച്ഛനുമായി സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ട്. ഞാനപ്പോള്‍ ചിന്തിച്ചു, ഞാനെന്താ ഏഴാംകൂലിയോ? ആരുമില്ലാതെ വന്നപ്പോള്‍ പകരക്കാരിയോ. എനിക്ക് സ്റ്റാര്‍ വാല്യുവും മാര്‍ക്കറ്റ് വാല്യുവും ഇല്ലാത്തതുകൊണ്ടല്ലേ. സറീനാ വഹാബോ ഒക്കെ ഉണ്ടല്ലോ. അവരെപ്പോയി വിളിക്കാത്തതെന്താ എന്നു ചിന്തിച്ചു. ഒരാഴ്ചയ്ക്കുള്ളിലോ മറ്റോ ഷൂട്ടിംഗ് തുടങ്ങണം. സുകുമാരന്റെ ഡേറ്റ് അങ്ങനെയാണ്. അദ്ദേഹമൊക്കെ കത്തിനില്‍ക്കുന്ന സമയമല്ലേ. അടുപ്പമുള്ളതുകൊണ്ട് കണക്കിനു കൊടുത്തു, അവര്‍ക്ക്. കുമാരിയെ അന്ന് ഓര്‍മ്മയില്ലായിരുന്നോ, ഇന്നാണോ ഓര്‍ത്തത് എന്നൊക്കെ ചോദിച്ചു. ഒടുവില്‍ അച്ഛന്‍ പറഞ്ഞു, സാരമില്ല കുമാരീ, പോയി ചെയ്തുകൊടുക്ക്. അങ്ങനെ ചെയ്ത സിനിമ അവാര്‍ഡ് കൊണ്ടുവന്നു. എനിക്കാണ് വിധിച്ചിരുന്നത്; അതു തേടിവരികതന്നെ ചെയ്തു. 

ഓര്‍മ്മയിലെ ആദ്യ സിനിമാക്കാഴ്ച അനുഭവം മലേഷ്യയില്‍ വച്ച് അച്ഛന്‍ 'ചെമ്മീന്‍' കാണാന്‍ കൊണ്ടുപോയതാണ്. ഇപ്പോഴും കണ്ണടച്ചാല്‍ ആ ദൃശ്യം കാണാം. അന്ന് അച്ഛനും അമ്മയ്ക്കും ആര്‍ക്കും അറിയില്ലല്ലോ ജലജ കുമാരി ഭാവിയില്‍ എന്താണ് ആകാന്‍ പോകുന്നതെന്ന്. എനിക്കുമറിയില്ല. പക്ഷേ, ആ സിനിമ എന്നെ വല്ലാതെ ബാധിച്ചു എന്നല്ല, സ്വാധീനിച്ചു എന്നു പറയണം. അതിലെ കൊട്ടാരക്കര എന്ന മഹാനടന്റെ അഭിനയത്തെ നമിച്ചുപോയി. ചെമ്പന്‍ കുഞ്ഞ് എന്ന കഥാപാത്രത്തെ ആ സിനിമ കണ്ട ആര്‍ക്കും മറക്കാന്‍ കഴിയില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് 'രാധ എന്ന പെണ്‍കുട്ടി'യില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചു. എനിക്കു പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരമായിരുന്നു അന്ന്. കാലൊക്കെ തൊട്ടുതൊഴുതാണ് ഞാന്‍ തുടങ്ങിയത്. മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന നടനാണ് മുന്നില്‍. എന്റെ മനസ്സില്‍ അപ്പോള്‍ ഓടിവന്നത് 'ചെമ്മീനി'ലെ ചെമ്പന്‍കുഞ്ഞാണ്. അങ്ങനെയുള്ള ഒരാള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്നു. ജീവിതത്തിലെ വിശ്വസിക്കാനാകാത്ത ഒരു നിമിഷമായിരുന്നു അത്. അങ്ങനെയുള്ള ചെറിയ ചെറിയ ഭാഗ്യങ്ങള്‍ കൊണ്ടുത്തന്നത് സിനിമയാണ്. 'തമ്പി'ല്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ ആദ്യമായി ഗോപി സാറിനെ കാണുമ്പോഴും ഇതേതരം എക്സൈറ്റ്മെന്റ് അനുഭവിച്ചിട്ടുണ്ട്. 

വേനൽ എന്ന ചിത്രത്തിൽ സുകുമാരനൊപ്പം
വേനൽ എന്ന ചിത്രത്തിൽ സുകുമാരനൊപ്പം

ഒരുകാലത്തെ മലയാള സിനിമയുടെ ഭാഗമാണ് ജലജ. 'മാലിക്കി'ന്റെ വിജയത്തില്‍നിന്നുകൊണ്ട് സിനിമയുടെ മാറ്റങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും നിരീക്ഷിക്കുകയും ചെയ്തപ്പോള്‍ എന്താണ് തോന്നുന്നത്? 

ഇത്ര വലിയ പ്രതികരണം സ്വപ്നത്തില്‍പ്പോലും ഉണ്ടാകാത്തതാണ്. സമൂഹമാധ്യമങ്ങള്‍ക്കാണ് പ്രധാനമായും നന്ദി പറയേണ്ടത്. സിനിമ എല്ലാവരും കണ്ടു, അഭിനയം കണ്ടു എന്നല്ലാതെ എന്റെ റോളിന് ഇത്ര പ്രതികരണം പ്രതീക്ഷിച്ചില്ല. പ്രധാനമായും ഫഹദിന്റേയും നിമിഷയുടേയും കഥാപാത്രങ്ങള്‍ക്കു നല്ല പ്രതികരണം ഉണ്ടാകും എന്നുറപ്പായിരുന്നു. പക്ഷേ, എന്നെ ഒരുപാടാളുകള്‍ വിളിച്ച് അഭിനന്ദിച്ചു. ശരിക്കും അമ്പരപ്പിക്കുന്നവിധമാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ വന്ന പ്രതികരണങ്ങള്‍. 

മുന്‍പൊക്കെ നിരൂപണങ്ങളിലൂടെയാണ് സിനിമയെക്കുറിച്ച് അഭിപ്രായങ്ങള്‍ അറിയുന്നത്. അതിനു സമയമെടുക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ ഉടനെ അറിയാം. ഈ വ്യത്യാസം അനുഭവപ്പെട്ടു അല്ലേ? 

സത്യം. മുന്‍പൊക്കെ നമ്മള്‍ അഭിനയിക്കുന്ന സിനിമ എങ്ങനെയായിരിക്കും എന്നു തിയേറ്ററില്‍ പോയി കാണുമ്പോള്‍ മാത്രമാണ് മനസ്സിലായിരുന്നത്. ആലീസിന്റെ അന്വേഷണത്തെക്കുറിച്ച് സദാനന്ദ് മേനോന്‍ എഴുതിയ നല്ല നിരൂപണത്തിന്റെ കട്ടിംഗ് കുറേക്കാലം ഞാന്‍ സൂക്ഷിച്ചിരുന്നു. ഒരുപക്ഷേ, ഇപ്പോഴും തിരഞ്ഞാല്‍ അത് കിട്ടിയേക്കും. അങ്ങനെയുള്ള നിരൂപണങ്ങളൊക്കെ വായിക്കുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള അഭിമാനം വാക്കുകള്‍ക്ക് അപ്പുറമാണ്. മിക്കവാറും അച്ഛനായിരുന്നു കട്ടിംഗുകളൊക്കെ ശേഖരിച്ചു സൂക്ഷിച്ചിരുന്നത്. അതൊക്കെ അഭിനന്ദനവും അംഗീകാരവുമായിരുന്നു. എങ്കിലും ഇത്രയൊക്കെ ഉണ്ടായിരുന്നോ, ഞാന്‍ ഇത്രയൊക്കെ ചെയ്‌തോ എന്ന് എനിക്ക് സംശയമായിരുന്നു. ഇന്നിപ്പോള്‍ പെട്ടെന്നു കാര്യങ്ങള്‍ അറിയാം. ഇന്‍സ്റ്റന്റായി കിട്ടുന്ന പ്രതികരണങ്ങള്‍. ഇങ്ങനെയൊക്കെ വരുമോ എന്ന് ആലോചിച്ചുപോയി. അമ്മയേയും മകളേയും കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ആദ്യം വന്ന ഒരു കമന്റ് വളരെ രസകരമായി തോന്നി. അയ്യോ, അത് രണ്ടാളായിരുന്നോ എന്ന്. അതായത് അമ്മുവിന്റെ കഥാപാത്രംതന്നെ മേയ്ക്കപ്പിട്ട് പ്രായമായി അഭിനയിക്കുന്നതായി തോന്നി എന്ന മട്ടില്‍. ഈ ആള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു പോയാല്‍ മറ്റേ ആള്‍ തന്നെ എന്ന് മുഖത്തിന്റെ സാദൃശ്യത്തെ ഓര്‍മ്മിപ്പിക്കുന്ന പ്രതികരണം. പിന്നെ, സോഷ്യല്‍ മീഡിയ നമ്മളെയങ്ങ് ഏറ്റെടുക്കുകയാണല്ലോ. നമുക്കു പറയാനുള്ളതും അപ്പഴപ്പോള്‍ പറഞ്ഞുപോകണമെങ്കില്‍ പറഞ്ഞുപോകാം എന്ന സൗകര്യവുമുണ്ട്. 

യവനികയിലെ രോഹിണി, ഗോപിയുടെ അയ്യപ്പനോളം ആഘോഷിക്കപ്പെട്ടില്ല എന്നു തോന്നിയിട്ടുണ്ടോ? 

അന്നത്തെ റിവ്യൂകളില്‍ എനിക്കും പ്രാധാന്യം കിട്ടിയിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷപാതപരമായ പ്രതികരണങ്ങള്‍ ഉണ്ടായതായി തോന്നിയിട്ടില്ല. അയ്യപ്പനെക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രം രോഹിണി ആയിരുന്നല്ലോ. സ്‌ക്രീന്‍ സ്പേസ് കൂടുതല്‍ രോഹിണിക്കായിരുന്നു. 

മധുപാൽ, ജലജ, ദേവി/ ഫോട്ടോ: ബിപി ദീപു- എക്സ്പ്രസ്
മധുപാൽ, ജലജ, ദേവി/ ഫോട്ടോ: ബിപി ദീപു- എക്സ്പ്രസ്

പുതിയ തലമുറയിലെ നടികളുടെ പ്രതിനിധിയായ നിമിഷ സജയനെ 'മാലിക്കി'ന്റെ സെറ്റില്‍ പരിചയപ്പെട്ടല്ലോ. സ്വാഭാവിക അഭിനയത്തില്‍ കുറേയൊക്കെ ജലജയുള്ള ഒരു ആര്‍ട്ടിസ്റ്റാണ് നിമിഷ. കഥാപാത്രമാകാന്‍ വേഗം കഴിയുന്ന നടിയുമാണ്; 'യവനിക'യിലെ രോഹിണിയെക്കുറിച്ചു നിമിഷ പറഞ്ഞതെന്താണ്? 

'യവനിക' നിര്‍ബ്ബന്ധമായും കണ്ടുപഠിക്കണം എന്നാണ് അഭിനയത്തിലേക്കു വന്നപ്പോള്‍ അച്ഛനൊക്കെ പറഞ്ഞതെന്ന് എന്നെ വന്നു കണ്ട് പരിചയപ്പെട്ടപ്പോള്‍ നിമിഷ പറഞ്ഞു. 'യവനിക' പോലുള്ള സിനിമകളാണ് നിങ്ങള്‍ കണ്ടുവളരേണ്ടത് എന്നാണ് പറഞ്ഞത്. അതൊക്കെ കേള്‍ക്കുമ്പോള്‍, പുതിയ തലമുറയിലെ മിടുക്കിയായ ഒരു കുട്ടി എന്റെ തലമുറയിലെ നടിമാര്‍ അഭിനയിച്ച സിനിമകള്‍ വീണ്ടും വീണ്ടും കണ്ടു എന്നു പറയുമ്പോള്‍ ശരിക്കും നമുക്കൊരു ക്രെഡിറ്റാണ്. അങ്ങനെയുള്ള പടങ്ങള്‍ ഇവരെ സ്വാധീനിച്ചിട്ടുണ്ട് എന്നു പറയുന്നത് വളരെ സന്തോഷമുള്ള കാര്യാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും മുതല്‍ നിമിഷയുടെ എല്ലാ സിനിമകളും ഞാനും കണ്ടിട്ടുണ്ട്. ഏതു കഥാപാത്രത്തേയും വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിവുള്ള കലാകാരിതന്നെയാണ്. അവരില്‍ ജലജ എവിടെയോ ഉണ്ടായിരിക്കാം എന്ന തോന്നല്‍ ആഹ്ലാദിപ്പിക്കുന്നുണ്ട് എന്നെ. 

അന്നത്തെ സിനിമകളുടെ വലിയ പ്രത്യേകത ആദിമധ്യാന്തപ്പൊരുത്തമുള്ള കഥകളുണ്ടായിരുന്നു. പുതിയ കാലത്തെ സിനിമകളില്‍ പലതിലും ഒരു മിനിറ്റിന്റെ കഥയും ഒരു മണിക്കൂറിന്റെ കഥയും ഒരു ദിവസത്തിന്റെ കഥയുമൊക്കെയാണ് വരുന്നത്. ഈ രണ്ടു പാറ്റേണിലുള്ള സിനിമകളും കാണുന്ന കലാകാരി എന്ന നിലയില്‍, പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന മകളോട് എന്താകും പറയാനുണ്ടാവുക? 

അങ്ങനെയൊക്കെ ചോദിച്ചാല്‍ കുറച്ചു കഷ്ടമാണ്. ഞാന്‍ അപ്പുറത്തുനിന്നു വന്നു; ഇപ്പോള്‍ നില്‍ക്കുന്നത് ഈ സ്ട്രീമിലാണ്. ഈ സ്ട്രീമിലുള്ള സിനിമകളാണ് ഇനി വരാനുള്ളത്. അങ്ങനെയുള്ള പടങ്ങളില്‍ത്തന്നെ കഥാപാത്രത്തിനു കുറച്ചു ഡെപ്ത്തുള്ള, സ്പെയ്സുള്ള കഥാപാത്രം ചെയ്യണമെന്നാണ് ഞാന്‍ പറയുക. എങ്ങനെയുള്ള കഥാപാത്രങ്ങളാണ് വരാന്‍ പോകുന്നത് എന്നു കാണാനിരിക്കുന്നതേയുള്ളൂ. എങ്കിലും അങ്ങനെയാണ് ഞാന്‍ വിചാരിക്കുന്നത്. അവള്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്യണം. പിന്നെ, കാത്തിരുന്നു കാണാം. അതാതു കാലത്തെ സാമൂഹിക ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങള്‍ സിനിമയില്‍ വരികതന്നെ ചെയ്യും. പക്ഷേ, പഴയതുപോലുള്ള വമ്പന്‍ സിനിമകളേക്കാള്‍ ചെറിയ ചുറ്റുപാടുകളിലുള്ള സിനിമകളായേക്കാം ഇനി കൂടുതലായി വന്നേക്കുക എന്നു തോന്നുന്നു. അത്തരമൊരു സാഹചര്യമാണല്ലോ. 'മാലിക്' തന്നെ 2019-ല്‍ ചെയ്തതാണ്. അന്നതിന്റെ ഷൂട്ടിംഗ് ചെയ്തത് എത്ര നന്നായി. ഇപ്പോള്‍ അങ്ങനെയൊരു സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സാഹചര്യമല്ലല്ലോ ഉള്ളത്. കൊവിഡ് സൃഷ്ടിച്ച മാറിയ സാഹചര്യത്തില്‍ ഇനി 'ബാഹുബലി' പോലെ ഒരു സിനിമ കാണാന്‍ പറ്റില്ലല്ലോ എന്നു കഴിഞ്ഞ ദിവസവും കൂടി ഞങ്ങള്‍ തമ്മില്‍ പറഞ്ഞതേയുള്ളു. 

യവനികയിൽ ഭരത് ​ഗോപിയും ജലജയും
യവനികയിൽ ഭരത് ​ഗോപിയും ജലജയും

പക്ഷേ, നടക്കും, നടക്കാതിരിക്കില്ല. തെലങ്കാന പരിപൂര്‍ണ്ണമായി തുറക്കാന്‍ പോകുന്നു. ചിത്രീകരണവും തിയേറ്ററുകളുമെല്ലാം തുറക്കുന്നു. നമ്മളും ക്രമേണ അവിടേക്ക് എത്തേണ്ടിവരും. ഞാന്‍ അതിലേക്കു തന്നെയാണു വരുന്നത്. കൊവിഡ് കാലം എങ്ങനെയാണ് സിനിമയെ ബാധിച്ചത്? എല്ലാം നിയന്ത്രിക്കപ്പെട്ട കാലമാണല്ലോ. അകലമാണ് ഈ കാലത്തിന്റെ പ്രധാന സവിശേഷതയും ആവശ്യകതയും. സിനിമ അങ്ങനെ അകന്നുനിന്നു ചെയ്യാന്‍ പറ്റുന്ന ഒരു കലയേ അല്ല. മഹാമാരി സിനിമയെ വല്ലാതെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ കാലത്ത് പുതിയ സിനിമകളും പുതിയ മേയ്ക്കിംഗും ഉണ്ടാകാതെ പറ്റില്ല. ബ്രഹ്മാണ്ഡ സിനിമകള്‍ എന്ന അര്‍ത്ഥത്തിലുള്ള സിനിമകളും വരികതന്നെ ചെയ്യും. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഒരു കാര്യം ഞാന്‍ പറയാം. ചെറിയ സിനിമകള്‍ വര്‍ക്കൗട്ടാകും എന്നു തോന്നുന്നില്ല. കാരണം, ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്ന ഒ.ടി.ടി പ്ലാറ്റ്ഫോം നിലനിര്‍ത്തിക്കൊണ്ടുതന്നെ നമ്മള്‍ തിയേറ്ററിലേക്കും പോകും. കുറച്ചുകാലം കഴിയുമ്പോള്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പല പ്ലാറ്റ്ഫോമുകളും അതിജീവന പ്രതിസന്ധി നേരിടും. ഓരോ ദിവസവുമെന്നതുപോലെ പുതിയ ഒ.ടി.ടികള്‍ ഉണ്ടാകുന്നു. ആമസോണും നെറ്റ്ഫ്‌ലിക്‌സും കൂടാതെ നിരവധിയെണ്ണം. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ അഭിനയിച്ച ഒരു സിനിമ ഉടനെ വരാന്‍ പോകുന്നത് ആക്ഷന്‍ എന്ന ഒരു പ്ലാറ്റ്ഫോമിലാണ്. ചില നടന്മാര്‍ തന്നെ സ്വന്തമായി തുടങ്ങുന്നു. നമ്മുടെ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങാന്‍ പോകുന്നു. ഈ സാഹചര്യം മലയാള സിനിമയേയും സിനിമക്കാരേയും ഏതുവിധമാണ് സ്വാധീനിക്കാന്‍ പോകുന്നത് എന്ന ഒരു അന്വേഷണം മലയാളം വാരിക ഈയിടെ നടത്തിയത് ഓര്‍ക്കുന്നു. കുറച്ചു കഴിയുമ്പോള്‍ ഈ ചെറിയ പ്ലാറ്റ്ഫോമുകളെ വന്‍കിട ഒ.ടി.ടികള്‍ വിലയ്ക്കെടുക്കുന്ന സ്ഥിതിയുണ്ടാകും. യു.എസില്‍ സംഭവിച്ച കാര്യമാണിത്. ചെറുകിടക്കാര്‍ക്ക് അങ്ങനെ കൊടുത്തു പോകേണ്ടിവരും. അല്ലെങ്കില്‍ നിലനില്‍ക്കാനുള്ള കണ്ടന്റിന്റെ കാര്യത്തില്‍ അവര്‍ പ്രതിസന്ധിയിലാകും. മുഖ്യധാരാ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ നിലനില്‍ക്കുകയും അല്ലാത്തവ ഇല്ലാതാവുകയും ചെയ്യും. അതാണ് സംഭവിക്കാന്‍ പോകുന്നത്. ഫലത്തില്‍ വലിയ സിനിമകള്‍ക്കു മാത്രമാകും വലിയ വരുമാനമുണ്ടാക്കാന്‍ സാധിക്കുക. ക്രമേണ തിയേറ്ററുകള്‍ തുറക്കുന്ന സാഹചര്യം ഉണ്ടായാലും വമ്പന്‍ ഒ.ടി.ടികള്‍ തന്നെയാകും പ്രധാന സിനിമാ വേദിയായി കുറേക്കാലം കൂടി തുടരാന്‍ പോകുന്നത് എന്ന യാഥാര്‍ത്ഥ്യവുമുണ്ട്. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറന്നാലും ആളുകള്‍ പഴയതുപോലെ പോകില്ല. പേടിയാണ്. 

അതേ, അതിനു തെളിവ് ഒന്നാം തരംഗവും ലോക്ഡൗണുമൊക്കെ കഴിഞ്ഞ് തിയേറ്ററുകള്‍ തുറന്നപ്പോള്‍ ഉണ്ടായ പ്രതികരണമാണ്. ജനങ്ങള്‍ തിയേറ്ററിലേക്കു പോകാന്‍ മടിച്ചു. ഈ പേടി ഒരു വര്‍ഷംകൂടിയെങ്കിലും നീണ്ടേക്കാം? 

അതു ശരിയാണ്. അങ്ങനെ തന്നെയാണ് അനുഭവങ്ങള്‍ നമുക്കു മനസ്സിലാക്കിത്തരുന്നത്. ആളുകള്‍ക്കു പേടിയുണ്ടാക്കുന്ന വിവരങ്ങളാണ് കൊവിഡ് മഹാമാരിക്ക് അനുബന്ധമായി വന്നുകൊണ്ടിരിക്കുന്നത്. ഒരു കലാകാരി എന്ന നിലയില്‍ തിരിച്ചുവന്ന് സജീവമാകുക എന്നത് എന്റെ ചിന്തയിലേ ഇല്ലാതിരുന്ന കാര്യമാണ്. നല്ല വേഷം കിട്ടിയാല്‍ ചെയ്യുക, ഇല്ലെങ്കില്‍ ഇല്ല. ഞാന്‍ സന്തോഷവതിയല്ലാതിരിക്കുന്നില്ല. അതിനേക്കാളധികം ഞാന്‍ മകളുടെ കരിയറിലാണ് ശ്രദ്ധിക്കുന്നത്. പിന്നെ, നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ മാറിനില്‍ക്കില്ല. മലയാള സിനിമയില്‍ സീനിയര്‍ ആര്‍ട്ടിസ്റ്റുകളെ പരിഗണിക്കുന്ന സിനിമകള്‍ ഞാന്‍ കാണുന്നില്ല. അമിതാഭ് ബച്ചനെ നോക്കൂ. അദ്ദേഹം ലെജന്‍ഡ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ യൗവ്വന കാലഘട്ടം കഴിഞ്ഞുവന്ന ധര്‍മേന്ദ്രയെപ്പോലുള്ള നിരവധിപ്പേര്‍ ഫീല്‍ഡില്‍നിന്നു പോയിട്ടും അമിതാഭ് സജീവമായി നിലനില്‍ക്കുന്നു. ഏതാണ് ഒരു മോശം സിനിമ പറയാനുള്ളത്. ഇന്നത്തെ കാലത്തെ സിനിമ ഇന്നത്തെ കാലത്തു ജീവിക്കുന്നവരുടെ പരിച്ഛേദമാകും എന്നു നേരത്തെ പറഞ്ഞല്ലോ. അത്തരം സിനിമകള്‍, കൊതിപ്പിക്കുന്ന കരുത്തുള്ള കഥാപാത്രങ്ങള്‍ വല്ലപ്പോഴും കിട്ടിയാല്‍പ്പോലും കാര്യമാണ്. അങ്ങനെപോലും ഇവിടെ സംഭവിക്കുന്നില്ല. അത്തരം അവസരങ്ങള്‍ സീനിയേഴ്സിനു കിട്ടുന്നുമില്ല.

അതാണ് നേരത്തെ പറഞ്ഞത്: ഒരു മിനിറ്റിന്റേയും ഒരു മണിക്കൂറിന്റേയും ഒരു ദിവസത്തിന്റേയും സിനിമയില്‍ അമ്മയും അച്ഛനുമൊന്നും പ്രധാനമല്ല? 

പക്ഷേ, അവര്‍ക്കും കഥകളുണ്ട്; ജീവിതമുണ്ട്.

അതെ, ആ ഒരു രീതിയില്‍ ടാപ്പ് ചെയ്യപ്പെടുന്നില്ല

'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍' പോലെ ഒരു സിനിമ വന്നത് പ്രധാനമാണ്. അച്ഛന്റെ ഒറ്റപ്പെടല്‍ കാരണമാണല്ലോ റോബോട്ടിനെ കൊണ്ടുവരേണ്ടിവരുന്നത്. പക്ഷേ, ഒറ്റയ്ക്കും തെറ്റയ്ക്കുമല്ലേ അങ്ങനെയുള്ള സിനിമകള്‍ ഉണ്ടാകുന്നുള്ളൂ. മുഖ്യധാരാ സിനിമയില്‍ നായകനും നായികയും അവരെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് മുഖ്യമായും വരുന്നത്. പക്ഷേ, സ്ത്രീയുടെ മനസ്സ്, തീരുമാനങ്ങള്‍ ഇതൊക്കെ സമൂഹം മനസ്സിലാക്കുകയും അത്തരം പ്രമേയങ്ങളിലുള്ള സിനിമകളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്. സ്ത്രീപക്ഷ സിനിമകള്‍ ഉണ്ടാകാതിരിക്കുന്നില്ല. മുന്‍പെന്നത്തേക്കാള്‍ സ്ത്രീകളുടെ കരുത്തും സവിശേഷതയും അംഗീകരിക്കപ്പെടുന്നതുകൊണ്ടാണ് സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടാകുന്നതും അംഗീകരിക്കപ്പെടുന്നതും. 'നായാട്ടി'ലെ നിമിഷയുടെ കഥാപാത്രം ഒരു ഉദാഹരണമാണ്. ആ മൂന്നു പൊലീസുകാരില്‍ ഒരാള്‍ സ്ത്രീയാകുന്നത് ചെറിയ കാര്യമല്ല. മാത്രമല്ല, കഥാപാത്രത്തിന്റെ നിറം ഉള്‍പ്പെടെയുള്ളതൊന്നും അയാളെ അല്ലെങ്കില്‍ അവളെ മാറ്റിനിര്‍ത്താനുള്ള കാരണമായി കാണാന്‍ സോഷ്യല്‍ മീഡിയ അനുവദിക്കുന്നില്ല. അതൊരു പ്രത്യേകതയാണ്. ഒന്നും ഇപ്പോള്‍ മൂടിവയ്ക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയ വലിച്ചു പുറത്തിടും. 

വെളുത്ത അഭിനേതാവിനെ കറുത്ത കഥാപാത്രമാക്കാനുള്ള പണ്ടത്തെ ശ്രമങ്ങളുടെ സ്ഥാനത്ത് ഇന്ന് കറുത്ത അഭിനേതാക്കള്‍ക്കുതന്നെ ഇടം കിട്ടുന്നു. അത് പ്രധാനമാണ്, അല്ലേ? വെളുത്തവര്‍ കറുത്ത കഥാപാത്രമായി മേക്കപ്പിട്ടാല്‍ ഒന്നു വെള്ളത്തിലിറങ്ങണമെങ്കിലോ മുഖം കഴുകണമെങ്കിലോ യഥാര്‍ത്ഥമായി ചെയ്യാന്‍ ബുദ്ധിമുട്ടാണ്. കൃത്രിമമായി അനുഭവപ്പെടും. വിഗ് വച്ചയാള്‍ക്ക് മുടി നനയ്ക്കാനോ പ്രാന്തെടുത്തു മുടി വലിച്ചുപറിക്കാനോ പറ്റാത്തതുപോലെ. മുന്‍പ് സൂര്യ എന്ന ഒരു കലാകാരി മാത്രമാണ് ഒറിജിനല്‍ കറുപ്പില്‍ ഉണ്ടായിരുന്നത്. പക്ഷേ, ആലോചിച്ചു നോക്കുമ്പോള്‍ അവര്‍ക്കു കൊടുത്തതും ഉമ്മറത്തു വരാന്‍ പറ്റാത്ത പിന്നാമ്പുറത്തു നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. 

ശരിയാണ്; വളരെ.

ജലജ മകൾ ദേവിയ്ക്കൊപ്പം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (2017)
ജലജ മകൾ ദേവിയ്ക്കൊപ്പം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (2017)

സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് അരുതുകളുടെ ഒരു ലോകം സൃഷ്ടിക്കുന്നുണ്ടോ. കേന്ദ്ര സെന്‍സര്‍ ബോര്‍ഡംഗം എന്ന നിലയില്‍ എന്താണ് അഭിപ്രായം. നിലനില്‍ക്കുന്ന സെന്‍സര്‍ബോര്‍ഡ് നിയമങ്ങള്‍ ഒരു പരിധിവരെ മാറ്റിയെഴുതപ്പെടേണ്ടതല്ലേ? 

എന്നെ കുഴപ്പിച്ചേ അടങ്ങുവൊള്ളോ.

ഒരു ആശങ്ക പങ്കുവയ്ക്കുകയാണെന്നു കരുതിയാല്‍ മതി. എന്റെ അഭിപ്രായം മാറ്റിയെഴുതണം എന്നാണ്. നമ്മുടെ സമൂഹത്തില്‍ കേള്‍ക്കുന്ന കാര്യങ്ങളാണല്ലോ സിനിമയില്‍ വരുന്നത്? 

സെന്‍സര്‍ നിയമങ്ങള്‍ മാറ്റിയെഴുതുന്നതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്താണെന്നു വച്ചാല്‍, ചില കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ ഒരു ഇളവ് കൊടുക്കുന്നു എന്നുവയ്ക്കുക. അത് വ്യാപകമായി ദുരുപയോഗം ചെയ്തുകൂടായ്കയില്ല. അതാണ് പ്രശ്‌നം. കൊടുക്കുന്ന ഇളവിന് അപ്പുറത്ത് ഉപയോഗപ്പെടുത്തും. അതുകൊണ്ട് ബ്ലാങ്കറ്റായി ഒരു ഇളവ് കൊടുക്കേണ്ട എന്ന പൊതുധാരണ ഉള്ളതെന്നു തോന്നുന്നു. 'ലൂസിഫറി'ലെ ഡയലോഗിനു കൊടുത്ത അനുവാദം ചൂണ്ടിക്കാണിച്ചുകൊണ്ട് മറ്റൊരു സിനിമയില്‍ ഇതുപോലുള്ള ഡയലോഗിന് അനുവാദം വേണമെന്ന് അതിന്റെ ആളുകള്‍ ആവശ്യപ്പെട്ടു. ആ സിനിമയിലേയും ഈ സിനിമയിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന് അവരോട് പറയേണ്ടിവന്നു. അത് രാജുവിന്റെ പടമായതുകൊണ്ടായിരിക്കും എന്ന ധ്വനിയില്‍ അവര്‍ സംസാരിച്ചു. അതു ശരിയല്ലല്ലോ. ഒരു സാഹചര്യത്തില്‍ ഒരു ഡയലോഗ് അനുവദിച്ചപ്പോള്‍ അതെന്തുകൊണ്ടാണ് അനുവദിച്ചത് എന്ന് ആലോചിക്കുന്നില്ല. ഏതായാലും ഞാനതു ചെയ്തു. ഒരു പരിധിവച്ച് എന്തുവേണമെങ്കിലും ചെയ്യാം. അതിനപ്പുറം പോകുമ്പോള്‍ ഒരു നിയന്ത്രണമില്ലെങ്കില്‍ തോന്നിവാസം കാണിക്കാനുള്ള പ്രവണത കൂടും. 

ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായിട്ടും അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല എന്ന തോന്നല്‍ ഉണ്ടോ (വേനലിനു കിട്ടിയ അംഗീകാരങ്ങള്‍ക്കപ്പുറം)? 

ഇല്ല, അങ്ങനെ തോന്നിയിട്ടില്ല. വേനലിന്റെ സംസ്ഥാന അവാര്‍ഡില്‍ത്തന്നെ ഞാന്‍ സംതൃപ്തയാണ്. ആലീസിന്റെ അന്വേഷണത്തിന് പരിഗണിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. പ്രമുഖ സംവിധായകന്‍ ടിവി ചന്ദ്രൻ തന്നെ അതേക്കുറിച്ചു പിന്നീടു പറഞ്ഞിട്ടുണ്ട്. പക്ഷേ, കിട്ടിയില്ല. അത് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. പിന്നീടതു മാറി. കുറേ അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കിലും ഇത്രയും നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ലേ? ഞാന്‍ അങ്ങനയാണതിനെ കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com