'മലയാളത്തിനുമുണ്ട് ലോകസാഹിത്യത്തില്‍ ഒരിടം'- ഇ സന്തോഷ് കുമാറുമായി എസ് ഹരീഷ് നടത്തിയ സംഭാഷണം

മലയാള നോവല്‍ ഏതുവരെ വളര്‍ന്നിട്ടുണ്ടെന്ന് ചോദിച്ചാല്‍ ജ്ഞാനഭാരം വരെ എന്ന് പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നതായി ഡോ. രാജകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്
ഇ സന്തോഷ് കുമാർ/ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്
ഇ സന്തോഷ് കുമാർ/ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്

ലയാളത്തില്‍ ഇന്ന് കഥകളും നോവലുകളും എഴുതുകയും ഭാവുകത്വമാറ്റം ഉണ്ടാക്കുകയും ചെയ്തവരെ എന്‍.എസ്. മാധവന് ശേഷം വന്നവര്‍ എന്ന് വിളിക്കാമെന്ന് തോന്നുന്നു. സക്കറിയയുടേയും മാധവന്റേയും തുടര്‍ച്ചയും എഴുത്തിന്റെ നവീകരണവും ഒരേസമയം അവരില്‍ കാണാം. അക്കൂട്ടത്തില്‍ വേറിട്ട് കേള്‍ക്കുന്ന ഒച്ചയും സ്വന്തം വഴിയും ഉള്ളയാളാണ് ഇ. സന്തോഷ് കുമാര്‍. വായനയെ ഏറ്റവും ഗൗരവമായി എടുക്കുന്നവര്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ് അദ്ദേഹം. സന്തോഷ് കുമാറിന്റെ 'ജ്ഞാനഭാരം' എന്ന പുതിയ നോവല്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാള നോവല്‍ ഏതുവരെ വളര്‍ന്നിട്ടുണ്ടെന്ന് ചോദിച്ചാല്‍ ജ്ഞാനഭാരം വരെ എന്ന് പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നതായി ഡോ. രാജകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ കാര്യം പറഞ്ഞാല്‍ ഞാന്‍ ആദ്യം പരിചയപ്പെടുന്ന എഴുത്തുകാരിലൊരാള്‍ ഇ. സന്തോഷ് കുമാര്‍ ആണ്. ഇരുപത് വര്‍ഷത്തോളം നീളുന്ന സൗഹൃദം അദ്ദേഹവുമായി ഉണ്ടെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ബന്ധങ്ങളിലും എഴുത്തിലും ജീവിതത്തിലും പക്വതയും മാന്യതയും സൂക്ഷിക്കുന്ന ആളാണ് സന്തോഷ് കുമാര്‍. അദ്ദേഹത്തോട് പലപ്പോഴും ചോദിക്കുകയും ചോദിക്കണമെന്ന് തോന്നുകയും ചെയ്ത കാര്യങ്ങളാണ് ഈ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നോവലില്‍നിന്ന് തന്നെ തുടങ്ങാം. അമ്യൂസ്മെന്റ് പാര്‍ക്ക്, വാക്കുകള്‍, അന്ധകാരനഴി, ജ്ഞാനഭാരം: സന്തോഷ് കുമാറിന്റെ നാലു നോവലുകളും വായിച്ചയാളെന്ന നിലയില്‍ ക്രാഫ്റ്റിലും പ്രമേയ സ്വീകരണത്തിലും ഭാഷയിലും വലിയ മാറ്റം ഉണ്ടായതായി എനിക്ക് തോന്നിയിട്ടുണ്ട്. സ്വയം എങ്ങനെയാണ് ആ മാറ്റത്തെ കാണുന്നത്? നാല് നോവലുകളിലൂടെയും കടന്നുവന്നപ്പോള്‍ സ്വന്തം എഴുത്തിനുണ്ടായ മാറ്റമാണ് ഉദ്ദേശിക്കുന്നത്.

ഈ നോവലുകള്‍ തമ്മില്‍ പല വര്‍ഷങ്ങളുടെ അകലം ഉണ്ടല്ലോ. ആ കാലംകൊണ്ട് നമ്മളും മാറുകയല്ലേ? നമ്മുടെ ജീവിതം, അനുഭവം, വായന, സിനിമകള്‍, യാത്ര, കണ്ടുമുട്ടുന്ന ആളുകള്‍, ചെന്നെത്തുന്ന പ്രദേശങ്ങള്‍ - ഇവയിലെല്ലാം വലിയ മാറ്റം സംഭവിക്കുന്നു. ഒരു ഉദാഹരണം പറയാം. ആദ്യ പുസ്തകമെഴുതുന്ന കാലത്തുള്ള നമ്മുടെ ഒരു ഫോട്ടോഗ്രാഫെടുത്തു നോക്കൂ. പരിചയമുണ്ടായിരുന്ന വേറെയൊരാളെപ്പോലെ തോന്നുന്നില്ലേ? അപ്പോള്‍ ഇപ്പോഴത്തെ ആകാരം പോലും ചെറിയ ചെറിയ മാറ്റങ്ങളുടെ ഒരു സമാഹാരമായിട്ടാണ് അനുഭവപ്പെടുക. ദിവസവും കണ്ണാടി നോക്കുന്നതുകൊണ്ട് നാമതിനെപ്പറ്റി ബോധവാന്മാരായിരുന്നില്ലെന്നതേയുള്ളൂ. അതോടൊപ്പം തന്നെ ഒരു വിഷയം എഴുതിക്കഴിഞ്ഞാല്‍ പിന്നീട് അതില്‍നിന്നും വ്യത്യസ്തമായിട്ടു വേണം വേറൊരു രചനയ്ക്കു ശ്രമിക്കേണ്ടത് എന്നൊരു തോന്നല്‍ എന്റെ ഉള്ളിലുണ്ട്. കഥയിലായാലും നോവലിലായാലും. തീര്‍ച്ചയായും എന്റെ കഥകള്‍ക്കും പൊതുവായ ചില അടിയൊഴുക്കുകള്‍ കാണുമായിരിക്കും. പക്ഷേ, പ്രത്യക്ഷത്തില്‍ ഓരോ രചനയും വേറൊരു പ്രമേയം സ്വീകരിക്കുന്നു. അതൊരു ബോധപൂര്‍വ്വമായ ശ്രമം തന്നെയാണ്.

ഇ സന്തോഷ് കുമാർ, എസ് ഹരീഷ്
ഇ സന്തോഷ് കുമാർ, എസ് ഹരീഷ്

ദേശകഥയും കുടുംബ പുരാവൃത്തവും ഒക്കെ പറയുന്ന നോവലുകള്‍ മലയാളത്തില്‍ ധാരാളമുണ്ട്. എന്നാല്‍, ഈ നാല് നോവലുകളിലും മലയാളത്തില്‍ പതിവുള്ള ആഖ്യാനമാതൃകകളില്‍നിന്ന് താങ്കള്‍ മാറിനില്‍ക്കുന്നുണ്ട്. ഇത് മനപ്പൂര്‍വ്വമാണോ? ഇവിടുത്തെ സെന്‍സിബിലിറ്റിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തലാണോ?

ഇവിടുത്തെ സെന്‍സിബിലിറ്റിയോടുള്ള വിയോജിപ്പ് എന്നതിനേക്കാളുപരി എന്റെതന്നെ മുന്‍കാലങ്ങളിലെ സെന്‍സിബിലിറ്റിയോടുള്ള അനിഷ്ടങ്ങളാണെന്നു പറയാം. ഞാനെഴുതിയ പഴയ പല കൃതികളും ഇന്നു വായിക്കാന്‍ എനിക്കിഷ്ടമല്ല. മുന്‍പ് നമ്മള്‍ ആഹ്ലാദത്തോടെ ചെയ്തിരുന്ന ജോലികള്‍ ഇപ്പോള്‍ ചെയ്യാന്‍ ഇഷ്ടമില്ലാത്തതുപോലെ. 

ഒരുകാലത്തിന്റെ സെന്‍സിബിലിറ്റിയോട് വിയോജിപ്പുണ്ടെന്നുണ്ടെങ്കില്‍ത്തന്നെ അതിനോട് ഒറ്റയ്ക്കു പൊരുതുക സാധ്യമല്ല. ഒരു കൂട്ടം എഴുത്തുകാര്‍ കൊണ്ടുവരേണ്ടുന്ന പരിവര്‍ത്തനമാണ് അത്. വേറൊരു കാര്യം, നമ്മുടെ ഭാഷയിലിറങ്ങുന്ന എല്ലാ രചനകളേയും കൃത്യമായി പിന്തുടരുന്ന ഒരാളല്ല ഞാന്‍. എനിക്കിഷ്ടമുള്ള എഴുത്തുകാരേയും അവരുടെ രചനകളേയും അതല്ലെങ്കില്‍ എനിക്കു വിശ്വാസമുള്ള വായനക്കാര്‍ നിര്‍ദ്ദേശിക്കുന്ന കൃതികളേയും മാത്രമേ എനിക്കു വായിക്കാന്‍ സാധിക്കാറുള്ളൂ. അതുകൊണ്ടുതന്നെ മലയാളത്തിലെ ചില ആഖ്യാനമാതൃകകളെങ്കിലും എന്റെ പരിധിക്കു പുറത്തായിരിക്കണം. എല്ലാം വായിക്കുക മനുഷ്യസാധ്യമായ സംഗതിയല്ലല്ലോ. ഒരുപക്ഷേ, എഴുത്തുകാര്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പരന്ന വായനയ്ക്കു പകരം കുറേക്കൂടി ഫോക്കസ് ഉള്ള വായനയിലേക്കു പോകണം എന്നാണ് എന്റെ വിശ്വാസം. ഒരുപക്ഷേ, നമ്മെ രൂപപ്പെടുത്തിയെടുത്ത മികച്ച ചില കൃതികളെയെങ്കിലും പുന:സന്ദര്‍ശിക്കണം. വര്‍ഷങ്ങള്‍ക്കു ശേഷം ഏറെ പ്രിയപ്പെട്ട ഒരു സ്ഥലത്തു പോകുന്നതുപോലെ, ഏറെക്കാലമായി കാണാതിരുന്ന ഒരു ബന്ധുവിന്റേയോ സുഹൃത്തിന്റേയോ അടുക്കലെത്തുന്നതുപോലെ വളരെ വ്യത്യസ്തമായൊരു അനുഭവമായിരിക്കും അത്. ഒരുപക്ഷേ, ആ കണ്ടുമുട്ടല്‍ നമുക്കു കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ തരും. നമ്മെ പുതുക്കും. നേരേമറിച്ച്, പര്‍വ്വതങ്ങളായി തെറ്റിദ്ധരിച്ചിരുന്നതില്‍ ചിലതെങ്കിലും വെറും മണ്‍കൂനകള്‍ മാത്രമായിരുന്നു എന്നും തോന്നാം. 

സമകാലിക ലോക സാഹിത്യത്തെ നന്നായി പിന്തുടരുന്ന ആളായി തോന്നിയിട്ടുണ്ട്. ആ വായന ഈ നോവലുകളെ എങ്ങനെയാണ് സ്വാധീനിച്ചത്. എഴുത്തില്‍ സ്വാധീനിച്ച വായനകളെക്കുറിച്ച് പറയാമോ?

ഇക്കാര്യത്തിലും 'കുറച്ചൊക്കെ പിന്തുടരുന്ന' എന്നു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലോകത്ത് ഓരോ ദിവസവും ഇറങ്ങുന്ന ഒട്ടനവധി നോവലുകളെ, പുരസ്‌കാരം കിട്ടുന്ന രചനകളെയൊക്കെ വായിച്ച് അപ്ഡേറ്റഡ് ആവുക എളുപ്പമല്ല. ഞാനാണെങ്കില്‍ വളരെ പതുക്കെ വായിക്കുന്ന ഒരാളാണ്. വായനക്കിടയില്‍ മനോരാജ്യങ്ങളിലേയ്ക്കു പോകും. എന്നാലും ചില എഴുത്തുകാരുടെയൊക്കെ ഏറെക്കുറെ എല്ലാ പുസ്തകങ്ങളും വായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മറ്റു ചിലരുടെ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാവും. ഒരു സാമാന്യമായ ധാരണയുണ്ടാവും. അങ്ങനെയേയുള്ളൂ. വലിയ വായനക്കാരുടെ മുന്നിലെത്തുമ്പോള്‍ അവര്‍ പറയുന്ന എഴുത്തുകാരുടെ പേരുകള്‍ പോലും നമ്മള്‍ കേട്ടിട്ടില്ലല്ലോ എന്നൊരു കുറ്റബോധം തോന്നാം. പിന്നെ ആലോചിച്ചാല്‍ അതിലൊന്നുമില്ല. സാഹിത്യത്തില്‍ ഒരു പണ്ഡിതനായിരിക്കരുതേ എന്നു പണ്ടുകാലം മുതല്‍ക്കേ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. അതിനുള്ള കെല്പും ഇല്ലെന്നു കൂട്ടിക്കോളൂ. ഒന്നാലോചിച്ചാല്‍ ഓരോ ചെടിയും അതിനുവേണ്ട വെള്ളവും വളവും വെളിച്ചവും ചുറ്റുപാടുകളില്‍നിന്നും വലിച്ചെടുക്കും. എഴുത്തുകാരുമതേ. അവനവന് ആവശ്യമുള്ള വായന തെരഞ്ഞെടുക്കുന്നതിലാണ് കാര്യമുള്ളത് എന്നു തോന്നുന്നു. എല്ലാം വായിക്കുന്നവര്‍ക്ക് എഴുത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇംഗ്ലീഷില്‍ വായിക്കാന്‍ തുടങ്ങുന്ന കാലത്ത് - അത് ബിരുദപഠനത്തിനു ശേഷമൊക്കെയാണ് - നമ്മുടെ കാലത്തെ മിക്ക മലയാളികളേയും പോലെ മാര്‍ക്വേസ്, കുന്ദേര ഇവരൊക്കെയായിരുന്നു എന്റെയും തുടക്കം. ഇവരുടെ മിക്കവാറും എല്ലാ രചനകളും വായിക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീട് വ്യത്യസ്തരായ പലരും - കവാബാത്ത, മിഷിമ, താനിസാക്കി, യോസ, മുരകാമി, കാല്‍വിനോ, അമോസ് ഓസ്, ബൊലാനോ, കാര്‍വര്‍, ഇഷിഗുറോ അങ്ങനെ കുറേയേറെ പേരുടെ കുറേയൊക്കെ കൃതികള്‍ വായിക്കാന്‍ കഴിഞ്ഞു. അരികുകളില്‍ കുറിപ്പുകളെഴുതി വച്ചിട്ടുള്ള ആ പുസ്തകങ്ങളൊക്കെ മിക്കവാറും ഞാനിപ്പോഴും സൂക്ഷിക്കുന്നു. വല്ലപ്പോഴും മറിച്ചുനോക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ഇങ്ങനെയൊക്കെ സാധിച്ചുവല്ലോ എന്ന അത്ഭുതവുമുണ്ട്. ജോലിയിലൊക്കെ നല്ല തിരക്കുള്ള കാലമായിരുന്നു. ഏതായാലും അത്തരം ചെറിയ വായനകള്‍ തന്നെയാണ് എന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുള്ളത് എന്ന് ഉറപ്പായും പറയാം. ഇത്തരം വായനയുണ്ടായിരുന്നില്ലെങ്കില്‍, ചില സിനിമകള്‍ കണ്ടില്ലായിരുന്നുവെങ്കില്‍ എന്റെ എഴുത്ത് വേറൊരു വിധത്തില്‍ ആവുമായിരുന്നു. 

മാർക്വേസ്
മാർക്വേസ്

മാര്‍ക്വേസിനെ ഇഷ്ടപ്പെടുന്നയാളാണെന്നറിയാം. എന്നാല്‍, എഴുത്തില്‍ ആ രീതി അല്പം പോലും പിന്തുടരുന്നയാളായി തോന്നിയിട്ടില്ല. എന്ത് പറയുന്നു?

മാര്‍ക്വേസിന്റെ മിക്കവാറും എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്. ചിലതെങ്കിലും ഒന്നില്‍ക്കൂടുതല്‍ തവണ. കുറച്ചു ദിവസം മുന്‍പ് സംവിധായകന്‍ സജിന്‍ ബാബുവും കഥാകൃത്ത് ടി. അരുണ്‍കുമാറും ചേര്‍ന്ന് സംഘടിപ്പിച്ച, നിരൂപകന്‍ രാഹുല്‍ രാധാകൃഷ്ണന്‍ കൂടി പങ്കെടുത്ത ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ സംസാരിക്കാന്‍ വേണ്ടി മാര്‍ക്വേസിന്റെ രചനകളെല്ലാം ഒന്ന് വീണ്ടും ഓടിച്ചുനോക്കുകയുണ്ടായി. 1990-ലാണ് ഞാന്‍ ആദ്യമായി 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' വായിക്കുന്നത്. മലയാളത്തില്‍. 1991-ല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പു വാങ്ങി. ഈ മുപ്പതു വര്‍ഷങ്ങള്‍ക്കിടയ്ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി നാലു തവണയെങ്കിലും ഞാനതു വായിച്ചിട്ടുണ്ട്. ഇപ്പോഴും അതിന്റെ അമ്പരപ്പിക്കുന്ന സൗന്ദര്യം ഒട്ടും കുറഞ്ഞതായി തോന്നുന്നില്ല. മാര്‍ക്വേസ് കാലഹരണപ്പെട്ടു എന്നു പറയുന്ന നിരവധി ചര്‍ച്ചകളെപ്പറ്റി അറിയാതെയല്ല ഞാനിതു പറയുന്നത്. അതെല്ലാം നേരത്തേ പറഞ്ഞതുപോലെ പണ്ഡിതരുടേയും അക്കാദമിക്കുകളുടേയും വിഷയമാണ്. എനിക്കു പക്ഷേ, ഓരോ വായനയും പുതിയ ഒരുള്‍ക്കാഴ്ച തരുന്നതായിട്ടാണ് അനുഭവം. ഒരുപക്ഷേ, എന്റെ പരിമിതി ആയിരിക്കാം. അദ്ദേഹത്തിന്റെ സമാഹാരമായ 'സ്ട്രേഞ്ച് പില്‍ഗ്രിമേജി'ലെ ചില കഥകള്‍ ഈ സമയത്ത് ഒന്നുകൂടി വായിച്ചു. 'വിഷം തീണ്ടിയ പതിനേഴ് ഇംഗ്ലീഷുകാര്‍' (Seventeen Poisoned Englishmen) ഒക്കെ എമ്മാതിരി കഥയാണ്! സമീപകാലത്ത് ഹരീഷ് കൊടുത്ത ഒരഭിമുഖത്തില്‍ വര്‍ഗാസ് യോസയെ കൂടുതല്‍ ഇഷ്ടപ്പെടുന്നതായി പറയുന്നുണ്ടല്ലോ. അതിനുള്ള കാരണങ്ങളും പറഞ്ഞു. അതിനുശേഷം പല മികച്ച വായനക്കാരും നിരൂപകരും അവര്‍ക്കും ആ നിലപാടുകളുള്ളതായി എഴുതിയതു വായിക്കുകയും ചെയ്തിട്ടുണ്ട്.  ഞാന്‍ വായിച്ചിട്ടുള്ള യോസയുടെ 'രാഷ്ട്രീയ നോവലുകള്‍' ഉജ്ജ്വലമാണ്. വിശേഷിച്ചും 'ഫീസ്റ്റ് ഓഫ് ദ ഗോട്ടും' 'വേ ടു പാരഡൈസും.' ('കണ്‍വെര്‍സേഷന്‍ ഇന്‍ ദ കഥീഡ്രല്‍' തുടങ്ങി. 'വാര്‍ ഓഫ് ദ എന്റ് ഓഫ് ദ വേള്‍ഡും' വായിക്കുന്നതേയുള്ളൂ.)  അപ്പോഴും അവയിലൊക്കെ വലിയ ഗവേഷണത്തിന്റേയും അദ്ധ്വാനത്തിന്റേയും തെളിവുകള്‍ മാഞ്ഞുപോകാതെ നില്‍ക്കുന്നതു കാണാം. മാര്‍ക്വേസിനാണെങ്കില്‍ ആഖ്യാനത്തിന്റെ സൗന്ദര്യത്തിലൂടെ ഇവയൊക്കെ എളുപ്പം ഒളിപ്പിച്ചുനിര്‍ത്താന്‍ കഴിയും. ജീവിതസംഘര്‍ഷങ്ങള്‍ ചിത്രീകരിക്കുന്ന രീതികള്‍ കുറവാണെങ്കിലും സൗന്ദര്യം മാര്‍ക്വേസില്‍ കൂടുതലുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. അപ്പോഴും പറയുന്നു; ഇതെന്റെ അഭിപ്രായം മാത്രമാണ്. അശിക്ഷിതനായ ഒരു അമെച്ച്വര്‍ വായനക്കാരന്റെ അഭിപ്രായം എന്നു കണ്ടാല്‍ മതി.

അതേസമയം മാര്‍ക്വേസിന്റെ രചനാരീതി പിന്തുടരുക അസാധ്യമാണ്. വായനയും എഴുത്തും രണ്ടല്ലേ? ഒരു സംസ്‌കാരമാണ് നമ്മള്‍ വായനയില്‍നിന്നും സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നത്; എഴുത്തുരീതിയല്ല. അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഏറ്റവും കൂടുതല്‍ പാളാനിടയുള്ള ആഖ്യാനമാതൃകയാണ് മാര്‍ക്വേസിന്റേത്. ലോകത്തിലെ ഒട്ടനവധി എഴുത്തുകാര്‍ ആ കെണിയില്‍പ്പെട്ടു പോയിട്ടുണ്ട്. കാരണം നേര്‍രേഖയിലുള്ള കഥ പറച്ചിലല്ലല്ലോ അത്. ഒരു വാക്യത്തില്‍പ്പോലും ഭൂതകാലത്തിലേയ്ക്കും ഭാവിയിലേയ്ക്കുമുള്ള സഞ്ചാരമുണ്ടാവാം. ഒന്നോ രണ്ടോ ഖണ്ഡികകളില്‍ വന്നുപോകുന്ന ഒട്ടനവധി കഥാപാത്രങ്ങളുണ്ടാവാം. ഒരുപക്ഷേ, അനുകരിക്കാന്‍ പോലുമുള്ള കഴിവില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്.

'ജ്ഞാനഭാരം' മനസ്സിലെത്തിയത് എങ്ങനെ? ഏതെങ്കിലും ജീവിതസന്ദര്‍ഭവുമായി ബന്ധമുണ്ടോ?

അങ്ങനെ ഒരു സന്ദര്‍ഭം എന്നു കൃത്യമായി പറഞ്ഞുകൂടാ. കുറേക്കാലമായി തോന്നിയ ചില ആശയങ്ങള്‍ കൂടിച്ചേര്‍ന്നതാവണം. ജീവിതത്തെക്കുറിച്ചുള്ള പല കാലങ്ങളിലെ ആലോചനകളില്‍നിന്നും വന്നതാണ് ഈ നോവല്‍. എനിക്കു തോന്നുന്നു, 2015 മുതലുള്ള അഞ്ചുവര്‍ഷം മുംബൈ, പൂന, കൊല്‍ക്കത്ത എന്നീ മൂന്നു വലിയ നഗരങ്ങളില്‍ ജീവിച്ചതുകൊണ്ടാണ് ജ്ഞാനഭാരം എഴുതാന്‍ കഴിഞ്ഞത്. ഈ നോവലില്‍ ഉപയോഗിക്കുന്ന ആഖ്യാതാവിന്റെ ജോലി, സ്ഥലം മാറ്റം, യാത്രകള്‍, വായനകള്‍ ഇവയെല്ലാം ഒരു ചട്ടക്കൂട് എന്ന നിലയ്ക്ക് എന്റെതന്നെ ജീവിതത്തില്‍നിന്നും ഞാന്‍ സ്വീകരിച്ചിട്ടുള്ളതാണ്. അതാവുമ്പോള്‍ നമുക്ക് ഒരു നേരിട്ടുള്ള അനുഭവമാകുമല്ലോ. സ്ഥലങ്ങളോടും കുറേയേറെ ആളുകളോടുമെല്ലാമുള്ള പരിചയം എഴുത്തിനെ സ്വാഭാവികമാക്കുന്നു. അതേസമയം കൈലാസ് പാട്ടീല്‍ എന്ന, ഒരു വിജ്ഞാനകോശം ജീവിതം മുഴുവന്‍ വായിച്ചുകൊണ്ടിരിക്കുന്ന കഥാപാത്രം ഭാവനയാണ്. എല്ലാ എഴുത്തിലും ഭാവനയേയും വാസ്തവികതയേയും കൃത്യമായ അളവില്‍ അലിയിച്ചുചേര്‍ക്കുക, അതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഇവിടേയുമതേ. ഒന്നാലോചിച്ചാല്‍ എത്ര വിരസമാണ് കൈലാസ് പാട്ടീല്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍മ്മം! നമ്മുടെയൊക്കെ ജീവിതത്തിലും അത്തരം കാര്യങ്ങളില്ലേ?

ഞാന്‍ പൂനയില്‍ താമസിച്ചിരുന്ന മൂന്നു വര്‍ഷക്കാലം (2016-19) ആണ് ഇങ്ങനെയൊരു കഥാപാത്രനിര്‍മ്മിതിക്കു കാരണമായ സംഭവങ്ങള്‍ ഉണ്ടാകുന്നത്. വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്നതിനിടയില്‍ പരിചയപ്പെട്ട പ്രായം ചെന്ന ഒരു മനുഷ്യനാണ് കൈലാസ് പാട്ടീലിന്റെ മാതൃക. അദ്ദേഹത്തിന്റെ പേര് ഓര്‍മ്മയില്‍ വരുന്നില്ല. ഒരുപാട് രാജ്യങ്ങള്‍ കണ്ട്, വലിയ ജോലികള്‍ ചെയ്ത് ഒടുവില്‍ ജീവിതസായാഹ്നത്തില്‍ നാട്ടിലേക്കു തിരിച്ചുവന്ന ഒരാള്‍. ദേശകാലങ്ങളും അവയിലൂടെ സഞ്ചരിച്ച ദൂരങ്ങളും അദ്ദേഹത്തെ വല്ലാതെ ശാന്തനാക്കിയിരിക്കുന്നു. തൊട്ടടുത്ത് ബന്ധുക്കളായി ആരുമില്ല. നിത്യജീവിതത്തിന്റെ വലിയ ഏകതാനതയും ശൂന്യതയും അദ്ദേഹം അനുഭവിക്കുന്നതായി തോന്നും. എന്‍സൈക്ലോപീഡിയ വായിക്കുന്നത് അദ്ദേഹം അനുഭവിക്കുന്ന ശൂന്യതയെ അവതരിപ്പിക്കാനുള്ള ഒരു രൂപകമായിട്ടായിരുന്നു. എന്നാലും ഒരു കാര്യമുണ്ട്, അദ്ദേഹം മാത്രമല്ല കൈലാസ് പാട്ടീല്‍. സാഹിത്യകൃതികളിലെ ഒരു കഥാപാത്രം എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരാളല്ലെന്ന് ഹരീഷിനറിയാമല്ലോ. ഒരാള്‍ പലരാണ്. പല മനുഷ്യരുടേയും സ്വഭാവവൈചിത്ര്യങ്ങള്‍ ഒരാളില്‍ കൂടിച്ചേരുകയാണ്. 

അച്ഛനൊപ്പം
അച്ഛനൊപ്പം

ഒരുപാട് വിഭവവും സമയവും ആഖ്യാനവൈഭവവും ആവശ്യമുണ്ട് നോവലെഴുത്തിന്. ഈ നോവലുകളെഴുതിയപ്പോള്‍ എഴുത്തില്‍ പ്രതിസന്ധികള്‍ അനുഭവിച്ചിട്ടുണ്ടോ? സ്വന്തം എഴുത്തില്‍ വിശ്വാസം പോയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ? എങ്ങനെ മറികടന്നു?

ശരിയാണ്. ഗൗരവമുള്ള നോവലെഴുത്തിന് അത്രയേറെ സമയവും അദ്ധ്വാനവും ആവശ്യമുണ്ട്. മന:സ്ഥൈര്യം, ക്ഷമ ഒക്കെയും വേണം.  പല കാര്യങ്ങളും പഠിക്കണം, വായിക്കണം. അതേസമയം ഈ പഠിച്ചതൊന്നും മുഴച്ചുനില്‍ക്കാത്ത രീതിയില്‍ നോവലെഴുതാനും സാധിക്കണം. ഇതെല്ലാം കഠിനമായ സംഗതികളാണ്. ഇനി ചില നല്ല എഴുത്തുകാര്‍ക്കുപോലും നോവലിന്റെ ഫോര്‍മാറ്റ് വഴങ്ങിയെന്നും വരില്ല. അതുകൊണ്ടാണ് പലപ്പോഴും ആളുകള്‍ അതില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുന്നത്. നമ്മള്‍ ശ്രമിക്കുന്നു. നോവലെഴുത്തിനിടയില്‍ പല ഭാഗങ്ങളും ഉപേക്ഷിക്കേണ്ടിവരാറുണ്ടല്ലോ. ഒന്നും ശരിയായി പോകുന്നില്ലെന്നു തോന്നും. നിരാശ വരും. ഇതൊക്കെ നമ്മളെല്ലാവരും നിരന്തരം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. 'അന്ധകാരനഴി'- ഞാന്‍ ഇടയ്ക്കുവച്ച് ഉപേക്ഷിച്ചതാണ്. പിന്നെ വേറൊരു തുടക്കം കിട്ടുന്നു, വേറൊരു കഥാപാത്രത്തിന്റെ നോട്ടത്തില്‍ നിന്നുകൊണ്ടു കഥ പറയാന്‍ സാധിക്കുന്നു. ആഖ്യാനത്തിന്റെ രീതി മാറ്റി പരീക്ഷിക്കുന്നു. അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. അപ്പോഴും എഴുതിക്കഴിഞ്ഞ ചില ഭാഗങ്ങളെക്കുറിച്ചു നമുക്കു ചില വിശ്വാസങ്ങള്‍ കാണും. അതൊക്കെയാണ് രചന ഉപേക്ഷിക്കേണ്ട എന്നു തോന്നിപ്പിക്കുന്നത്. ആകപ്പാടെ നോക്കിയാല്‍ അസ്വസ്ഥത സമ്മാനിക്കുന്ന ഏര്‍പ്പാടാണ് എഴുത്ത്. അതില്ലായിരുന്നു എങ്കില്‍ കുറേക്കൂടി സമാധാനമായി ജീവിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അപ്പോഴുളവാകുന്ന ശൂന്യതയെ നേരിടുകയും വയ്യ. 

മലയാളത്തിലെ നല്ല വായനക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരനാണ് സന്തോഷ്‌കുമാര്‍. എന്നാല്‍ വിപണിയില്‍ ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? നല്ല എഴുത്ത് ജനപ്രിയമാകാത്തത് എന്തുകൊണ്ടാണ്?

അപൂര്‍വ്വമായെങ്കിലും നല്ല എഴുത്തും ജനപ്രിയമാകാറുണ്ട്. കൂടുതല്‍ ആളുകള്‍ വായിക്കണം എന്നുതന്നെയല്ലേ എല്ലാ എഴുത്തുകാരുടേയും ആഗ്രഹം? മാര്‍ക്വേസിന്റേയും ജെ.കെ. റൗളിങ്ങിന്റേയുമൊക്കെ കാര്യത്തിലെന്നപോലെ, എന്റെ പുസ്തകം ഇറങ്ങുന്ന ദിവസവും രാത്രിയില്‍ ആളുകള്‍ അതിനുവേണ്ടി വരിനില്‍ക്കുകയാണെങ്കില്‍ തരക്കേടില്ല എന്നൊക്കെ എനിക്കും തോന്നാറുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഞാനതു മുടക്കാന്‍ പോവുകയില്ല. അതു നടക്കുന്നില്ല എന്നതിലാണ് സങ്കടം. 

വിപണിയില്‍ ആഘോഷിക്കുന്നതു പോകട്ടെ, പലപ്പോഴും സാന്നിദ്ധ്യം തന്നെ കിട്ടുന്നില്ല എന്നുമുണ്ട്. പലരും എന്റെ പുസ്തകം ചോദിച്ചു ചെല്ലുന്നു, കിട്ടുന്നില്ല എന്നു വിളിച്ചു പറയുന്നു. ഒന്നോ രണ്ടോ തവണ അന്വേഷിച്ചു ചെന്നു കിട്ടാതായാല്‍ പിന്നെ ആരെങ്കിലും അതിനു ശ്രമിക്കുമോ? എന്താണ് സംഭവിക്കുന്നത്? നമ്മുടെ കൃതികള്‍ പ്രസാധകന്‍ ചോദിച്ചു വാങ്ങുന്നു. അഞ്ചോ പത്തോ കൊല്ലത്തേയ്ക്കുള്ള ഒരു കരാറില്‍ ഒപ്പുവയ്പിക്കുന്നു. ആയിരം കോപ്പിയോ മറ്റോ അടിക്കുന്നു. അതു മിക്കവാറും ആറുമാസംകൊണ്ട് ചെലവാകുന്നു. ഏതാനും കോപ്പികള്‍ മാത്രം ബാക്കിയാവും. അതിനുശേഷം രചനകള്‍ വിപണിയില്‍നിന്നും അപ്രത്യക്ഷമാകുന്നു. മറ്റു പല പ്രസാധകരും അതു വീണ്ടും അച്ചടിക്കാന്‍ തയ്യാറാണ്. പക്ഷേ, ഏഴു വര്‍ഷവും അതിനപ്പുറവുമൊക്കെ നീളുന്ന കരാറുകളുടെ കെണികളില്‍ കുടുങ്ങി നിലവിളിച്ച് പുസ്തകങ്ങളുടെ ജന്മം ഒടുങ്ങുന്നു.

ഇ സന്തോഷ് കുമാർ ഭാര്യ രോഷ്നിയ്ക്കും മക്കൾ ലക്ഷ്മി അനന്യയ്ക്കും അമൽ സന്തോഷിനുമൊപ്പം
ഇ സന്തോഷ് കുമാർ ഭാര്യ രോഷ്നിയ്ക്കും മക്കൾ ലക്ഷ്മി അനന്യയ്ക്കും അമൽ സന്തോഷിനുമൊപ്പം

ഈയിടെ, എഴുത്തില്‍ ശ്രദ്ധിക്കാമെന്നു കരുതി കേരളത്തില്‍ തിരിച്ചെത്തിയ മുറയ്ക്ക്,  വിവിധ നഗരങ്ങളിലെ ചില പുസ്തകശാലകളില്‍ കയറി നോക്കി. ഭാഗ്യത്തിന് വില്പനക്കാര്‍ക്കാര്‍ക്കും എന്നെ അറിയില്ല. എന്റെ പുസ്തകങ്ങള്‍ ഇല്ല, പലതും തീര്‍ന്നിട്ടു വര്‍ഷങ്ങളായി. ഏതെങ്കിലും ചിലതു വല്ല മൂലയ്ക്കും ഇരിക്കുന്നുണ്ടാവും എന്നതു നിഷേധിക്കുന്നില്ല. പുസ്തകങ്ങളുടെ കരാര്‍ വീണ്ടും പുതുക്കിയതാണല്ലോ എന്നോര്‍ത്തു. തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ പ്രസാധകസംഘത്തിലെ സുഹൃത്തിനെ വിളിച്ചു. രണ്ടോ മൂന്നോ തവണ വിളിച്ചപ്പോള്‍ ശല്യമായി തോന്നിയതു കൊണ്ടാവണം, മൂന്നു പുസ്തകങ്ങളുടെ മുന്നൂറു കോപ്പി വീതം വന്നു. നാലോ അഞ്ചോ പുസ്തകങ്ങള്‍ വീതം ഓരോ കടയിലും വയ്ക്കുമായിരിക്കും. ഈ മുന്നൂറു കോപ്പി അടിക്കുന്ന പുസ്തകങ്ങളുടെ കരാര്‍ വീണ്ടും ഏഴുവര്‍ഷത്തേക്കാണെന്ന് ഓര്‍ക്കണം. 

പുസ്തകം ഇറക്കുന്നില്ലെങ്കില്‍ വേണ്ട; പക്ഷേ, ലോകാവസാനം വരെയുള്ള കരാറില്‍ ഒപ്പിടുവിക്കുന്നതില്‍ ഒരു നീതികേടില്ലേ? വേറെയെവിടെയെങ്കിലും വില്‍ക്കാനുള്ള അവസരമല്ലേ അതിലൂടെ ഇല്ലാതാവുന്നത്? നമ്മള്‍ സൗമ്യമായി ആളുകളോടു പെരുമാറുന്നിടത്തോളം കാലം, വില്പനയുടെ കാര്യം ആക്രമണോത്സുകരായി പിന്തുടരാത്തിടത്തോളം കാലം, നമ്മുടെ പുസ്തകങ്ങള്‍ ഈ വിധിക്കു കീഴ്പെട്ടു കഴിയും എന്നാണ് വിപണിയില്‍ വിജയിച്ചവര്‍ പറയുന്നത്. അവരെല്ലാം നമ്മുടെ അടുത്ത സുഹൃത്തുക്കള്‍ തന്നെയല്ലേ? വെറുതേ പറയുമോ?

മലയാളത്തില്‍ എഡിറ്റര്‍മാര്‍ വേണം എന്ന് ഇടയ്ക്കിടെ പറയാറുണ്ടല്ലോ. വേണ്ടതുതന്നെയാണ്. നല്ല എഡിറ്ററുടെ സാന്നിദ്ധ്യം എഴുത്തുകാര്‍ക്കു ഗുണം ചെയ്യും. അതോടൊപ്പം തന്നെ, പ്രസാധകനേയും എഴുത്തുകാരേയും മനസ്സിലാക്കുന്ന ഒരു നല്ല ലിറ്റററി ഏജന്റും നമുക്ക് ആവശ്യമുണ്ട്. 

ലിറ്റററി ഏജന്റിന്റെ ആവശ്യത്തെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണെന്നു തോന്നുന്നു. എഴുത്തിനോടും പുസ്തകപ്രസാധനത്തോടും നമുക്ക് ഒട്ടും പ്രൊഫഷണല്‍ സമീപനമല്ല ഉള്ളത്. എഴുതിത്തീരുന്നതോടെ ഉത്തരവാദിത്വം കഴിയുന്നില്ലല്ലോ. പുസ്തകത്തിന്റെ കവര്‍, നിലവാരമുള്ള അച്ചടി, ഫലപ്രദമായി വായനക്കാരിലെത്തിക്കുക, ലഭിക്കേണ്ട പ്രതിഫലം, തര്‍ജ്ജമ ചെയ്യാനുള്ള സാധ്യതകള്‍ ഇതിലൊക്കെ ശ്രദ്ധ വേണ്ടതല്ലേ? എഴുത്തിനെ ഇത്രയധികം മാനിക്കുന്ന മലയാളി സമൂഹത്തില്‍ എഴുത്തുകാരന് എഴുത്തുകൊണ്ട് ജീവിക്കാന്‍ കഴിയാത്തതിന് ഇതും കാരണമാണെന്നു തോന്നുന്നു. എഴുത്തുകാരന്‍ പുസ്തകത്തിന്റെ വില്‍പ്പനസാദ്ധ്യതയെക്കുറിച്ച് സംസാരിക്കുന്നത് ഒരു കുറച്ചിലായി ചിലരെങ്കിലും കാണുന്നു. പണ്ടുകാലത്ത് എഴുത്തിനും എഴുത്തുകാരനുചുറ്റും സാങ്കല്പികമായി ഉണ്ടാക്കിയ അനാവശ്യപരിവേഷം മാറ്റേണ്ടതല്ലേ? എന്ത് പറയുന്നു?

''കവനത്തിന് കാശുകിട്ടണം പോല്‍, ശിവനേ സാഹിതി തേവിടിശ്ശിയാണോ'' എന്നല്ലേ പണ്ടേ മലയാളത്തിലെ നിലപാട്?  ഒരു പുസ്തകം വിറ്റാല്‍ എഴുത്തുകാരന് പരമാവധി 15 ശതമാനം വരെയാണ് കിട്ടുക. അതേസമയം പുസ്തകം പ്രസാധകനില്‍നിന്നും വാങ്ങിവില്‍ക്കുന്ന ചങ്ങാതിമാര്‍ക്കുപോലും 40 മുതല്‍ 50 ശതമാനം വരെ കമ്മിഷനുണ്ട്. വിറ്റുകഴിഞ്ഞാലും എഴുത്തുകാരന്റെ റോയല്‍റ്റി കൃത്യമായി കൊടുക്കുന്ന എത്ര പ്രസാധകര്‍ നിലവിലുണ്ട്? എല്ലാവരേയും കുറിച്ചല്ല ഇപ്പറയുന്നത്.

പിന്നെ എഴുത്തുകൊണ്ടു ജീവിക്കാനുള്ള സാഹചര്യം ഇപ്പോഴും മലയാളത്തില്‍ ഇല്ല. അല്ലെങ്കില്‍ അനുബന്ധമായി തിരക്കഥാരചനയിലോ മറ്റോ വിജയിക്കണം. അതൊക്കെ ഇതിനേക്കാളേറെ വൈദഗ്ധ്യം ആവശ്യമുള്ള ഇടങ്ങളാണല്ലോ. ഹരീഷ് പറഞ്ഞതു ശരിയാണ്. എഴുത്തിന്റെ വിപണിസാദ്ധ്യതയെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതില്‍ പലര്‍ക്കും മടിയുണ്ട്. മാര്‍ക്കറ്റില്‍ ഇല്ലാതാകുന്ന പുസ്തകങ്ങളെപ്പറ്റി പ്രസാധകനോടു പറയാന്‍ വിഷമമാണ്. ഒന്നോ രണ്ടോ തവണ ചോദിക്കും, പിന്നെ എന്തിന് സ്വന്തം പുസ്തകത്തെക്കുറിച്ചു ചോദിച്ചു സ്വയം നിലവിട്ടു താഴണം എന്നു വിചാരിക്കും. ആലോചിച്ചാല്‍ മേല്‍ജാതിബോധം പോലെയുള്ള ഒരുതരം മിഥ്യാഭിമാനം തന്നെയാണത്.  

ലിറ്റററി ഏജന്റ് തീര്‍ച്ചയായും ചില മാറ്റങ്ങള്‍ കൊണ്ടുവരും. കരാര്‍, പ്രതിഫലം, ഒരുപക്ഷേ, അഡ്വാന്‍സ് (അങ്ങനെയും ഒരു ഫലിതം മലയാളത്തിനു വെളിയില്‍ നിലവിലുണ്ട്) പുസ്തകത്തിന്റെ ഗുണമേന്മ, പരസ്യങ്ങള്‍, റിവ്യൂ, മാര്‍ക്കറ്റിംഗ് ഇവയിലെല്ലാം ഇടപെടാന്‍ സാധിക്കുന്ന ഒരു ലിറ്റററി ഏജന്റ് നമ്മുടെ കാലത്തിന്റെ ആവശ്യം തന്നെയാണ്. എഴുത്തുകാരന്റെ കാര്യത്തില്‍ കുറേക്കൂടി ശ്രദ്ധയും മാന്യതയും ഒരുപക്ഷേ, അലിവും ആ ഏജന്റ് കാണിച്ചേക്കും എന്നു കരുതാം. സത്യത്തില്‍ അതു പ്രസാധകര്‍ക്കും നല്ലതാണ്. പ്രസാധകന് നഷ്ടമുണ്ടാക്കുന്ന പുസ്തകങ്ങള്‍ അയാള്‍ പ്ലേസ് ചെയ്യാതെ നോക്കുകയില്ലേ? അവര്‍ നിലനില്‍ക്കണമല്ലോ. പ്രസാധകര്‍ എന്തിന് അനാവശ്യമായ ടൈറ്റിലുകള്‍ പുറത്തിറക്കി സ്വയം പാപ്പരാവണം? കടക്കെണിയില്‍ അകപ്പെടണം? 

കാല്‍ നൂറ്റാണ്ടിലധികമായി ഗൗരവമായി എഴുതുകയും വായിക്കുകയും ചെയ്യുന്ന ആളാണ് സന്തോഷ് കുമാര്‍. വായനക്കാരനെന്ന തരത്തില്‍ നോക്കുമ്പോള്‍ ഈ കാലയളവില്‍ മലയാളസാഹിത്യം ഗുണപരമായി മാറിയിട്ടുണ്ടോ? ലോകത്തിലെ മികച്ച നോവലുകളോടും കഥകളോടും അടുത്ത് നില്‍ക്കുന്ന എഴുത്ത് ഇവിടെ ഉണ്ടാകുന്നുണ്ടോ? അഥവാ ഉണ്ടെങ്കില്‍ അതൊക്കെ എന്താണ് കേരളത്തിനും ഇന്ത്യയ്ക്കും പുറത്ത് ആരും ശ്രദ്ധിക്കാത്തത്. എന്ത് തോന്നുന്നു. സത്യം പറയണം?

ഇക്കാര്യം നമ്മള്‍ മുന്‍പു പലപ്പോഴും സംസാരിച്ചിട്ടുള്ളതാണ്. ക്രാഫ്റ്റില്‍ മാത്രം സര്‍ക്കസ് കാണിച്ചാല്‍ പിടിച്ചുനില്‍ക്കാവുന്ന തരത്തിലുള്ള സാഹിത്യം മലയാളത്തിലെ മികച്ച വായനക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. എത്രമാത്രം സത്യമുണ്ട് എന്നറിയില്ല; ഒരുകാലത്ത് പത്രാധിപന്മാര്‍ ഓണപ്പതിപ്പിന്റെ സമയമാവുമ്പോള്‍ ''ആര്‍ക്കും മനസ്സിലാകാത്ത ഒരു കഥയെഴുതി ഉടനെത്തന്നെ അയയ്ക്കുമല്ലോ'' എന്ന് എഴുത്തുകാര്‍ക്കു കത്തെഴുതുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. കുറച്ച്  അതിശയോക്തിയുണ്ടാവുമെങ്കിലും അതില്‍ ചെറിയ വാസ്തവങ്ങളുണ്ടായിരുന്നു. അത്തരം കാപട്യം നമ്മുടെ എഴുത്തിനേയും വായനയേയും ബാധിച്ചിരുന്ന കാലമുണ്ട്. ലോകത്ത് ആരും വായിക്കാത്ത പുസ്തകം വായിച്ച് അഭിമാനം കൊള്ളുന്ന ചില സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അമേരിക്കയില്‍ നിന്നൊക്കെ വല്ലപ്പോഴും വരുന്ന ചില ബന്ധുക്കള്‍ കൊണ്ടുകൊടുക്കുന്ന ഈ പുസ്തകങ്ങളായിരുന്നു അവരുടെ അഭയം. അടുത്ത തവണ ബന്ധുക്കള്‍ വരുന്നതുവരെയുള്ള കാലം ആ പുസ്തകങ്ങളും കക്ഷത്തില്‍ വച്ച് ചങ്ങാതിമാര്‍ നമ്മുടെ 'കണ്‍ട്രി' ഭാഷയേയും സാഹിത്യത്തേയും പുച്ഛിച്ചുകൊണ്ടിരിക്കും. എന്നാലും പുസ്തകങ്ങള്‍ ആരേയും കാണിക്കുകയില്ല. കഷ്ടകാലത്തിന് സാങ്കേതികവിദ്യ അവരെ തകര്‍ത്തുകളഞ്ഞു. ഇപ്പോള്‍ ഏതു പുസ്തകവും ആര്‍ക്കും എവിടേയും ലഭിക്കും. അതോടെ അവര്‍ അതിനെക്കുറിച്ചു പറയാതായി. നിങ്ങള്‍ക്കും കൂടി പ്രാപ്യമായ ഒരു പുസ്തകം വായിച്ചിട്ട് എന്തു പ്രയോജനം! ഇപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ്വമായ താളിയോലകള്‍ വായിക്കുകയാണ് നേരമ്പോക്ക്. ആ പ്രാചീന സാഹിത്യത്തെ മറികടക്കാന്‍ പോന്ന എന്തുണ്ട് ഇക്കാലത്ത് എന്നതാണ് പരിദേവനം. ഞാന്‍ പറഞ്ഞുവരുന്നത്, സാഹിത്യത്തിലെ കള്ളത്തരങ്ങള്‍ ആളുകള്‍ക്കു മനസ്സിലാവുന്നുണ്ട്. ആര്‍ക്കും മനസ്സിലാകാത്ത കഥയെഴുതിയിട്ടൊന്നും ഇക്കാലത്തു പിഴച്ചുപോകാന്‍ പറ്റില്ല. അവ്വിധം ഗുണപരമായൊരു മാറ്റം നമ്മുടെ സാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് എന്റെ തോന്നല്‍. 

പിന്നെ ലോകസാഹിത്യം എന്നു പറയുമ്പോള്‍ പലപ്പോഴും നമ്മള്‍ മലയാളം, അല്ലെങ്കില്‍ ഇന്ത്യന്‍ സാഹിത്യം ഒഴിവാക്കിക്കൊണ്ടാണ് സംസാരിക്കുക. എന്റെ സംശയം, നമ്മുടെ സാഹിത്യവും ഈ ലോകസാഹിത്യത്തിന്റെ ഭാഗം തന്നെയല്ലേ? നമ്മുടെ നാടും ലോകത്തിന്റെ ഭാഗമല്ലേ? ഇവിടുത്തെ മനുഷ്യര്‍ക്ക് ജീവശാസ്ത്രപരമായി എന്തെങ്കിലും കുറവുകളുണ്ടോ? 

ലോകത്തിലെ അനേകം ഭാഷകളില്‍നിന്നും ഫില്‍റ്റര്‍ ചെയ്ത് ഇംഗ്ലീഷിലെത്തുമ്പോഴുള്ള സമൃദ്ധിയാണ് ഈ പറയുന്ന ലോകസാഹിത്യത്തിന്റെ കരുത്ത്. ഓരോ ഭാഷയേയും പ്രദേശത്തേയും വേറെ വേറെയെടുത്താല്‍ കുറച്ചു വര്‍ക്കുകള്‍ മാത്രമല്ലേ അവിടേയും ഉണ്ടാകുന്നുള്ളൂ? എത്രയോ നല്ല രചനകള്‍ നമ്മുടെ ഭാഷയിലും സംഭവിക്കുന്നുണ്ട്. എല്ലാ ദിവസവും ഉണ്ടാകുന്നു എന്നല്ല അതിനര്‍ത്ഥം. ന്യൂയോര്‍ക്കറിലൊക്കെ വരുന്ന കഥകള്‍ വായിച്ചു നോക്കൂ. അല്ലെങ്കില്‍ എല്ലാ വര്‍ഷവും ഇറങ്ങുന്ന ഗ്രേറ്റ് അമേരിക്കന്‍ സ്റ്റോറീസ്. അവയിലെ ചില രചനകളൊഴികെ മിക്കവാറുമൊക്കെ ശരാശരിക്കഥകള്‍ മാത്രമാണ്. പിന്നെ തര്‍ജ്ജമയിലും കൊണ്ടുവരാന്‍ സാധിക്കാത്ത അനുഭവങ്ങളുണ്ട്. 'ഖസാക്കിന്റെ ഇതിഹാസം' വിവര്‍ത്തനത്തില്‍ അധികമൊന്നും കൊണ്ടാടപ്പെട്ടില്ലല്ലോ. അതുകൊണ്ട് ഖസാക്ക് നല്ല നോവലാകാതെ പോകുന്നുണ്ടോ? ഖസാക്കിന്റെ ഇതിഹാസം നാടകമായിട്ട് ഞാന്‍ മുംബൈയില്‍ വച്ചു കണ്ടിരുന്നു. എന്റെ തൊട്ടടുത്തിരുന്നിരുന്ന മറാഠി നാടകപ്രവര്‍ത്തകന്, ദൃശ്യസങ്കേതമായിരുന്നിട്ടുപോലും, അതിലെ പല രംഗങ്ങളും അങ്ങനെ പിടികിട്ടുകയുണ്ടായില്ല എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നു. ചില രചനകളേ കൃത്യമായ വിവര്‍ത്തനത്തിനു വഴങ്ങൂ എന്നതാവാം. നമ്മുടെ മഹാകവികളൊക്കെ അന്യഭാഷയില്‍ ആസ്വദിക്കപ്പെടുമോ? അതുകൊണ്ട് അവരുടെ സാഹിത്യത്തിന് വല്ല കുറവും സംഭവിക്കുന്നുണ്ടോ?  മറ്റൊരു സംസ്‌കാരത്തിലും ഭാഷയിലും അവരുടെ രചനകള്‍ക്ക് അത്രതന്നെ പ്രാധാന്യമുണ്ടായില്ലെന്നു വരാം. അല്ലെങ്കില്‍ ചില കൃതികളുടെ പ്രാധാന്യം മറ്റൊരു സംസ്‌കാരത്തിലും ഭാഷയിലും നിന്നുകൊണ്ടു തിരിച്ചറിയാന്‍ സാധിക്കുകയില്ല എന്ന പരിമിതിയുമാവാം. 

പിന്നെ നോക്കൂ, ലോകത്ത് എത്രയേറെ ഭാഷകളുണ്ട്; എത്രയേറെ എഴുത്തുകാര്‍. അവരെല്ലാവരും വിവര്‍ത്തനത്തില്‍ വരുന്നുണ്ടോ? ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാര്‍ക്വേസിനു വില്‍ക്കാന്‍ കഴിഞ്ഞിരുന്ന പുസ്തകങ്ങളുടെ എണ്ണം 700-ല്‍ കൂടിയിരുന്നില്ല. അതിനുശേഷവും അദ്ദേഹത്തിന്റെ പല സുഹൃത്തുക്കളുടേയും വില്‍പ്പന ആ മട്ടില്‍ത്തന്നെ തുടര്‍ന്നു. കൊല്‍ക്കത്തയില്‍ ജതിന്‍ദാസ് പാര്‍ക്ക് മെട്രോയ്ക്കടുത്ത് സീഗള്‍ ബുക്സ് എന്നൊരു സ്ഥാപനമുണ്ട്. അവിടെ ലോകത്തിലെ പല ഭാഷകളില്‍ നിന്നുമുള്ള പുതിയ എഴുത്തുകാരുടെയൊക്കെ അനേകം പുസ്തകങ്ങളുണ്ട്. അവരില്‍ പലരും അതാതു ദേശങ്ങളില്‍ പോലും അത്രയേറെ ജനപ്രിയരാണെന്നു തോന്നുന്നില്ല. അവരെ ഇംഗ്ലീഷില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ്. ഒരുപക്ഷേ, അവരിലാരെങ്കിലും പില്‍ക്കാലത്ത് നൊബേല്‍സമ്മാനംവരെ നേടിയെന്നു വരാം. മാര്‍ക്വേസിനെക്കുറിച്ചുതന്നെ വന്ന ഒരു പുസ്തകത്തെക്കുറിച്ച് കുറച്ചു കാലം മുന്‍പ് ഞാന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയിരുന്നല്ലോ. ആഗോളശ്രദ്ധയിലേക്കു വരുന്നതില്‍ ആകസ്മികതകള്‍ക്കും വിപണിതന്ത്രങ്ങള്‍ക്കുമെല്ലാം വലിയ പങ്കുണ്ടെന്നു തോന്നുന്നു. 

അലങ്കാരസമൃദ്ധമായ ഭാഷ അധികം ഉപയോഗിക്കാത്തയാളാണ് സന്തോഷ് കുമാര്‍. സങ്കീര്‍ണ്ണത കുറവുള്ള ചെറിയ വാചകങ്ങളാണ് കൂടുതല്‍. റിയലിസ്റ്റിക് പ്രോസ് എന്ന് പറയാം. അലങ്കാരസമൃദ്ധ ഭാഷ ഇന്ന് എഴുത്തില്‍ കാലഹരണപ്പെട്ടു കഴിഞ്ഞു. ആദ്യമേ തന്നെ ആ ഭാഷയെ മറികടക്കണമെന്ന ധാരണ ഉണ്ടായിരുന്നോ? സ്വന്തം ഭാഷയിലേയ്ക്ക് എത്തിയ വഴികള്‍ വിശദമാക്കാമോ?

അലങ്കാരസമൃദ്ധമായ ഭാഷ എഴുതാനുള്ള ഭാഷാപാണ്ഡിത്യം എനിക്കില്ല. അതു നന്നായി എന്നു തോന്നുന്നു. മുന്‍പും ആളുകളെ ഞെട്ടിക്കണം എന്ന മട്ടില്‍ എഴുതാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എനിക്കു വായിക്കാന്‍ ഇഷ്ടമുള്ള നേര്‍ക്കുനേര്‍ ഭാഷയാണ് ഞാന്‍ എഴുതുമ്പോഴും പിന്തുടരാന്‍ ശ്രമിക്കുന്നത്. റെയ്മണ്ട് കാര്‍വര്‍ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്, പ്രതിഭയല്ല, എഴുതുന്നതിന്റെ രീതിയാണ് ഒരെഴുത്തുകാരനെ മറ്റൊരാളില്‍നിന്നും വ്യത്യസ്തനാക്കുന്നത് എന്ന്. അദ്ദേഹം പറഞ്ഞു: ''എഴുതുന്ന കുറച്ചു വിദ്യാര്‍ത്ഥികളോട് ജെഫ്രി വോള്‍ഫ് (അമേരിക്കന്‍ നോവലിസ്റ്റ്) പറയുന്നതു ഞാന്‍ കേട്ടു: വിലകുറഞ്ഞ തന്ത്രങ്ങള്‍ (No cheapt ricks) എഴുത്തില്‍ പ്രയോഗിക്കരുത്.''  കാര്‍വര്‍ തുടരുന്നു. ''ഞാന്‍ ജെഫ്രിയുടെ വാക്കുകള്‍ ഒന്നു പരിഷ്‌കരിക്കട്ടെ; തന്ത്രങ്ങള്‍ ഒട്ടുമേ അരുത് (Not ricks) എന്ന്. ഞാന്‍ തട്ടിപ്പുകളെ വെറുക്കുന്നു (I hatet ricks).'   കഴിഞ്ഞ വര്‍ഷം  ജോണ്‍ വില്യംസ് എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ 'സ്റ്റോണര്‍' എന്നൊരു നോവല്‍ ഞാന്‍ വായിച്ചു. കഥാകൃത്ത് ഇയാന്‍ മക്ഇവാന്‍, ജൂലിയന്‍ ബാണ്‍സ് എന്നീ എഴുത്തുകാര്‍ അദ്ദേഹത്തെക്കുറിച്ച് എഴുതിയിരുന്നതു വായിച്ചിട്ടാണ് ഞാന്‍ ആ പുസ്തകം വാങ്ങിയത്. ജീവിച്ചിരുന്ന കാലത്ത് ശ്രദ്ധ കിട്ടാതെ പോയ ആളായിരുന്നു ജോണ്‍ വില്യംസ്. മൂന്നു നോവലുകളേ എഴുതിയിട്ടുള്ളൂ. സ്റ്റോണറിലാണെങ്കില്‍ വലിയ കഥയൊന്നുമില്ല. വിഷാദഭരിതമായ ഒരന്തരീക്ഷം, ജീവിതം. പക്ഷേ, അതിന്റെ ഭാഷയിലെ അനിര്‍വ്വചനീയമായ ലാളിത്യമാണ് എന്നെ ആകര്‍ഷിച്ചത്. വായനയില്‍ നമുക്ക് ഇഷ്ടം തോന്നുന്ന രീതിയില്‍ത്തന്നെ എഴുതാനല്ലേ പൊതുവേ നമ്മളെല്ലാവരും പരിശ്രമിക്കുക?

മാത്രമല്ല, എനിക്കു തോന്നുന്നത് നമ്മളാരും തന്നെ നമ്മുടെ ഭാഷയെക്കുറിച്ച് അങ്ങനെ വേവലാതിപ്പെട്ടു നടക്കുന്നില്ല എന്നാണ്. എഴുതുന്ന സമയത്ത് അതാതു പ്രമേയത്തിന് അനുസൃതമായ ഭാഷ നമുക്കു കൈവരുന്നു. ക്രാഫ്റ്റും അങ്ങനെത്തന്നെ. അതിനുവേണ്ടി ഒരു എക്സട്രാ എഫര്‍ട്ട് നമ്മള്‍ എടുക്കുന്നില്ല. എടുക്കേണ്ടതുമില്ല.

സന്തോഷ് കുമാറിന്റെ ജീവിതത്തെക്കുറിച്ച് അധികം വായനക്കാര്‍ക്ക് അറിയില്ല. കുടുംബത്തെക്കുറിച്ച് പറയാമോ? അച്ഛന്‍ എഴുതുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് പറയാമോ? അദ്ദേഹം ഈ പുസ്തകങ്ങളൊക്കെ വായിച്ച് എന്ത് പറഞ്ഞു?

അതിസാധാരണമായ എന്റെ ജീവിതത്തെക്കുറിച്ച് വായനക്കാര്‍ക്ക് താല്പര്യം തോന്നുകയില്ല എന്ന ധാരണയിലാണ് ഞാന്‍ അതൊന്നും പറയാത്തത്. 

ശരിയാണ്, എന്റെ അച്ഛന്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഓണത്തുമ്പി' എന്ന പേരില്‍ 1970-ലോ മറ്റോ ആണ്. കുതിരാന്‍ മലയുടെ പശ്ചാത്തലത്തിലാണ് നോവല്‍. നാടിന്റെ പേരൊക്കെ കൂട്ടിച്ചേര്‍ത്ത് ഗോവിന്ദ് പട്ടിക്കാട് എന്ന തൂലികാനാമത്തിലായിരുന്നു എഴുത്ത്. ഗോവിന്ദന്‍ കുട്ടി എന്നാണ് അദ്ദേഹത്തിന്റെ പേര്. കറന്റ് ബുക്സ് ആയിരുന്നു പ്രസാധകര്‍. ജീവിതപ്രാരബ്ധങ്ങളൊക്കെ കാരണം എഴുത്തു തുടരാന്‍ സാധിക്കാതെ പോയ ഒരാളാണ് അച്ഛന്‍. എന്തിന്, 400 മാര്‍ക്കൊക്കെ കിട്ടിയിട്ടും എസ്.എസ്.എല്‍.സിക്കപ്പുറം പഠിക്കാന്‍ സാധിച്ചിരുന്നില്ല. അക്കാലത്ത് മിക്കവരുടേയും കാര്യം അങ്ങനെത്തന്നെയല്ലേ? പി.എസ്.സി എഴുതി ജോലി സമ്പാദിക്കുകയായിരുന്നു പ്രധാനം. അദ്ദേഹം 20 വയസ്സില്‍ മുനിസിപ്പല്‍ സര്‍വ്വീസില്‍ കയറി. ജോലിത്തിരക്കില്‍ എഴുത്തു മറന്നു. അമ്മ പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരാളാണ്. 

അച്ഛന്‍ മലയാളത്തിലെ എല്ലാ രചനകളും നന്നായി വായിക്കുന്ന ആളാണ്. സാഹിത്യം, യാത്രാവിവരണം, ചരിത്രം എന്നിവയാണ് അദ്ദേഹത്തിന്റെ തട്ടകം; വിവര്‍ത്തനങ്ങളും വായിക്കും. ചില പുസ്തകങ്ങളൊക്കെ മൂന്നോ നാലോ തവണ വായിക്കുന്നതു കണ്ടിട്ടുണ്ട്. ഉറൂബ്, തകഴി, ബഷീര്‍, പൊറ്റക്കാട്, എം.ടി, വിലാസിനി, എം. മുകുന്ദന്‍... ഇവരൊക്കെയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. നമ്മുടെ തലമുറയിലെ എല്ലാവരേയും അദ്ദേഹം വായിച്ചിട്ടുണ്ട്. പലരേയും ഇഷ്ടവുമാണ്. എന്റെ ചില കഥകളൊക്കെ നന്ന് എന്നു പറഞ്ഞിട്ടുണ്ട്. ജഞാനഭാരത്തെക്കുറിച്ചും അങ്ങനെ പറഞ്ഞു. പലതും ഇഷ്ടമായിട്ടുമില്ല. (ഇഷ്ടപ്പെടണം എന്നു നമുക്കു നിര്‍ബ്ബന്ധിക്കാന്‍ പറ്റില്ലല്ലോ).

പട്ടിക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അന്ന് അങ്ങനെ പ്രത്യേക ലക്ഷ്യമൊന്നുമില്ല. ചെറിയ എഴുത്തൊക്കെയുണ്ട്. സ്‌കൂളില്‍ യൂത്ത് ഫെസ്റ്റിവലിനു സമ്മാനം കിട്ടാനൊക്കെ വേണ്ടിയുള്ള ഒരു തമാശ. ശരാശരി പഠിത്തം. ചെറിയ വായന. അത്രയേയുള്ളൂ. ഒന്‍പതിലെത്തിയപ്പോള്‍ സ്‌കൂളില്‍ എല്ലാ വിഷയത്തിലും ജയിക്കണം എന്നൊരു ദുര്‍വ്വാശി തോന്നി. കാണാപ്പാഠം പഠിക്കാന്‍ തുടങ്ങി. പത്തില്‍ ഏതാണ്ടു തൊണ്ണൂറു ശതമാനം മാര്‍ക്കു കിട്ടി. 1984-ല്‍ അതു നല്ല മാര്‍ക്കാണ്. വലിയ അറിവൊന്നുമില്ലാതെയും അത്രയും മാര്‍ക്കു കിട്ടാം എന്നുള്ളതാണ് അതിന്റെ അര്‍ത്ഥം. പിന്നെ കേരളവര്‍മ്മ കോളേജില്‍ ചേര്‍ന്നു. ഫിസിക്സ് ബിരുദത്തിന് സെന്റ് തോമസ് കോളേജിലും. ഞാനൊക്കെ പഠിക്കുമ്പോള്‍ ഒരു പ്രൊഫഷണല്‍ കോഴ്സിനു ചേരണം എന്നല്ല, ടെസ്റ്റെഴുതി ജോലി വാങ്ങണം എന്നായിരുന്നു അച്ഛന്‍ പറയുക. സ്വന്തം കാലില്‍ നില്‍ക്കണം എന്നുള്ള നിര്‍ദ്ദേശം. എന്‍ട്രന്‍സൊന്നും എഴുതിയിട്ടില്ല. തിരിഞ്ഞുനോക്കുമ്പോള്‍ അതു വളരെ നന്നായി എന്നു തോന്നുന്നു. പതിനെട്ടുവയസ്സ് തികഞ്ഞതും ജോലിക്കുള്ള ടെസ്റ്റുകള്‍ എഴുതുകയായിരുന്നു എന്റെ പരിപാടി. ഡിഗ്രി അവസാന വര്‍ഷം എഴുതിയ രണ്ടു ടെസ്റ്റുകള്‍ എനിക്കു കിട്ടി. ഒന്ന് സ്റ്റാഫ് സെലക്ഷന്‍, ഹെല്‍ത് ആന്റ് ഫാമിലി വെല്‍ഫയര്‍ വകുപ്പില്‍ ദില്ലിയില്‍ നിയമനം. മറ്റേത് ഞാന്‍ ജോലി ചെയ്ത നാഷണല്‍ ഇന്‍ഷുറന്‍സില്‍. ഡിഗ്രി റിസള്‍ട്ടു വന്ന് വൈകാതെത്തന്നെ ഞാന്‍ സര്‍വ്വീസില്‍ ചേര്‍ന്നു. പെരുമ്പാവൂരിലായിരുന്നു ആദ്യത്തെ പോസ്റ്റിംഗ്. മുപ്പതു വര്‍ഷവും നാലു മാസവും ജോലി ചെയ്തു. ഒടുവില്‍ ചീഫ് മാനേജര്‍ (റീജനല്‍ മാനേജര്‍) കേഡറിലായിരുന്നു. കഴിഞ്ഞ വര്‍ഷം വി.ആര്‍.എസ് എടുത്തു. ടെസ്റ്റെഴുതാനുള്ള, അല്ലെങ്കില്‍ കാണാപ്പാഠം പഠിക്കാനുള്ള കഴിവുകൊണ്ടാവും, എല്ലാ സമയത്തും സര്‍വ്വീസില്‍ എനിക്ക് വേഗം പ്രൊമോഷന്‍ കിട്ടുമായിരുന്നു. ഞാന്‍ എക്കാലവും കമ്പനിയുടെ ഗുഡ് ബുക്സിലായിരുന്നു എന്നും പറയാം. എന്നാലും, കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്നും പിരിയാമെന്നു വച്ചു. ഇനിയും 9 വര്‍ഷം കൂടിയുണ്ടായിരുന്നു. ഏറ്റവും മുകളിലെത്താനുള്ള സാദ്ധ്യതയുണ്ട്. പക്ഷേ, അതിനനുസരിച്ച് ഏതാണ്ട് പന്ത്രണ്ടോ പതിനാലോ മണിക്കൂര്‍ ഓഫീസില്‍ത്തന്നെ ഇരിക്കേണ്ടിവരും. അങ്ങനെയൊക്കെത്തന്നെയായിരുന്നു കരിയറില്‍ മിക്കവാറും. എട്ടു മണിക്കു പോയാല്‍ എട്ട് ഒന്‍പതു മണിക്കാണ് തിരിച്ചുവരുക. 

പിന്നെ എന്നെ സംബന്ധിച്ച്  നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരു മികച്ച എംപ്ലോയര്‍ ആയിരുന്നു. കാര്യമായ ഒരു പ്രശ്നവും എനിക്കു സര്‍വ്വീസില്‍ ഉണ്ടായിരുന്നിട്ടില്ല. മൂന്നു സംസ്ഥാനങ്ങളിലായി പതിനൊന്ന് ഓഫീസുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതില്‍ത്തന്നെ മൂന്ന് ഓഫീസുകളുടെ ചുമതലയുണ്ടായിരുന്നു. എല്ലാ കേഡറിലുമുള്ള ഉദ്യോഗസ്ഥര്‍, ഏജന്റ്സ്, മേലധികാരികള്‍,  ഒപ്പം പ്രവര്‍ത്തിച്ച ചെയര്‍മാന്‍ വരെ- അവസാനം ഞാന്‍ ചെയര്‍മാന്റെ സെക്രട്ടേറിയറ്റിന്റെ ചുമതലക്കാരനായിരുന്നു- നല്ല പരിഗണനയോടുകൂടിയേ എന്നോടു പെരുമാറിയിട്ടുള്ളൂ. സാഹിത്യപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ('ജ്ഞാനഭാരം'  ഞാന്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്കാണ് സമര്‍പ്പിച്ചിട്ടുള്ളത്) എത്രയോ നല്ല മനുഷ്യരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. പലരും ജീവിതത്തില്‍ കൂടെ നിന്നിട്ടുള്ളവരാണ്. ഇപ്പോഴും നില്‍ക്കുന്നവരാണ്. ഞാനുമതേ, പബ്ലിക് സെക്ടറാണെന്നു വച്ച് ഓഫിസ് ജോലികളില്‍ ഉഴപ്പി സാഹിത്യകാരന്റെ 'അരാജകപ്പാര്‍ട്ട്' കളിക്കുന്ന പരിപാടിയേ ഇല്ലായിരുന്നു. കൂടുതല്‍ സമയം ഓഫിസില്‍ ചെലവഴിക്കാന്‍ സാധിക്കില്ല എന്നു തോന്നിയപ്പോഴാണ് ഞാന്‍ നിര്‍ത്തിയത്. ഏറ്റവും മാന്യമായൊരു വിടവാങ്ങലായിരുന്നു അത്. എന്നാലും മൂന്നുദശകം ജീവിച്ച സ്ഥാപനമല്ലേ, ഇപ്പോഴും ഒരു നിലയില്‍ ഞാന്‍ നാഷണല്‍ ഇന്‍ഷുറന്‍സിന്റെ ഭാഗം തന്നെയാണ്. 

എന്റെ ഭാര്യ ഒരു ഐ.സി.എസ്.സി സ്‌കൂളില്‍ അദ്ധ്യാപികയാണ്. രണ്ടു മക്കള്‍. മൂത്തയാള്‍ ഈ വര്‍ഷം എന്‍.ഐ.എഫ്.ടി ഹൈദരാബാദില്‍നിന്നും B Design കോഴ്സ് കഴിഞ്ഞു. അവന് അനിമേഷനിലാണ് താല്പര്യം. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ (എന്‍.ഐ.ഡി) പോസ്റ്റ് ഗ്രാജ്വേഷന്‍ അഡ്മിഷന്‍ കിട്ടിയിട്ടുണ്ട്. മകള്‍ എട്ടാം ക്ലാസ്സിലാണ്. 

അപ്പോള്‍ വളരെ നേരത്തെ തന്നെ ജോലിയില്‍നിന്ന് വിട്ടല്ലോ. ഇനിയുള്ള ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം എഴുത്തിന് തന്നെ ആയിരിക്കുമെന്ന് തീരുമാനിച്ചോ?

എഴുത്തും വായനയും യാത്രയുമൊക്കെയായി നീങ്ങണം എന്നാണ് വിചാരിക്കുന്നത്. ഒപ്പം ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യാം. അതെല്ലാം മടുക്കുകയാണെങ്കില്‍ അപ്പോള്‍ നോക്കാം. വലിയൊരു പ്ലാനിങ്ങൊന്നും ആലോചിച്ചിട്ടില്ല. 

കുറച്ചുനാള്‍ കേരളത്തില്‍നിന്ന് മാറിനിന്നത് എഴുത്തിനെ മാറ്റിയോ? പുതിയ തരം കഥാപാത്രങ്ങള്‍ വരുന്നതായി കാണുന്നു?

2015-ല്‍ കേരളം വിട്ടുപോകുന്നത് എനിക്കിഷ്ടമുണ്ടായിരുന്നില്ല. ഒരു കംഫര്‍ട്ട് സോണില്‍നിന്നും പറിച്ചുനടുന്നതിന്റെ ഉല്‍ക്കണ്ഠകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കേരളത്തിനു വെളിയില്‍ താമസിച്ച അഞ്ചുവര്‍ഷങ്ങള്‍ എന്റെ ജീവിതത്തെ നന്നായി അഴിച്ചുപണിതിട്ടുണ്ട് എന്നു വിചാരിക്കണം. ആദ്യം അത്തരമൊരു മാറ്റത്തോട് പൊരുത്തപ്പെടാന്‍ പ്രയാസമായിരുന്നെങ്കിലും അതു നന്നായി എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. മൂന്നു വലിയ നഗരങ്ങളില്‍ ജീവിക്കാന്‍ സാധിച്ചു. അപരിചിതമായ പ്രദേശങ്ങളില്‍, തിരക്കേറിയ തെരുവുകളിലാവുമ്പോള്‍ അജ്ഞാതനായിരിക്കുന്നതിന്റെ സുഖവും അതേസമയം ആരുമല്ലാതിരിക്കുന്നതിന്റെ അരക്ഷിതത്ത്വവും ഒരുമിച്ച് അനുഭവിക്കും. ഇപ്പോള്‍ വാസ്തവത്തില്‍ ഞാന്‍ അത്തരം ഒരു നഗരജീവിതം മിസ് ചെയ്യുന്നുണ്ട്. 

ഇപ്പോള്‍ ചില ചെറുകഥകള്‍, ജ്ഞാനഭാരം എന്ന നോവല്‍, ഒരുപക്ഷേ, ഇനി എഴുതാന്‍ പോകുന്ന ഒന്നോ രണ്ടോ കഥകള്‍: ഇവയിലെല്ലാം പൊതുവായുള്ളത് അന്യദേശത്തെ, അവിടുത്തെ ആളുകളെ ബന്ധപ്പെടുത്തിയുള്ള ജീവിതമാണ്. ഒരു മലയാളി ആ ജീവിതം നിരീക്ഷിക്കുന്ന വിധത്തിലുള്ളത്. ഒരല്പം മാറിനിന്നു കാണാനാവുന്നതിന്റെ സ്വാതന്ത്ര്യം അതിലുണ്ട്. മനുഷ്യജീവിതം സമാനമാണെങ്കിലും വിവിധ ദേശങ്ങളില്‍ അതിന് ഒരു രൂപമാറ്റം സംഭവിക്കുന്നുണ്ട്. ഭാഷ തന്നെ അങ്ങനെയല്ലേ? ഒരേ സംഗതി വിവിധ രീതിയില്‍ വിനിമയം ചെയ്യുന്ന രീതിയുടെ പേരുകൂടിയാണ് ഭാഷ. ഒരു കഥാപാത്രത്തിന്റെ പേരെടുക്കുക. മലയാളിക്കറിയാം, സന്തോഷ് എന്നോ ഹരീഷ് എന്നോ പറയുമ്പോള്‍ മിക്കവാറും ഏതു തലമുറയെ അതു പ്രതിനിധാനം ചെയ്യുന്നു എന്ന കാര്യം. പുറത്തെ പേരു കേട്ടാല്‍ നമുക്ക് അത് അറിയില്ല. ഏതു തലമുറക്കാരന്‍, പ്രദേശക്കാരന്‍, ജാതിക്കാരന്‍ ഇങ്ങനെ പല കാര്യങ്ങളും നമുക്കറിഞ്ഞുകൂടാ. നമുക്ക് ആ അടുപ്പമില്ല. അത്തരം പേരുള്ളവരെ നേരിട്ടു പരിചയമില്ല. പുറത്തുപോയി ജീവിക്കുമ്പോള്‍ അതെല്ലാം കുറച്ചൊക്കെ മനസ്സിലാവും. കഥാപാത്രങ്ങളെ കണ്ടെത്താനും അവരുടെ പേര് ഉപയോഗിക്കാനുമൊക്കെ എളുപ്പമാണ്.  ഉദാഹരണത്തിന് 'നാരകങ്ങളുടെ ഉപമ' എന്ന കഥയിലെ ഗണേഷ് തമാനെ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ഉല്ലാസ് തമാനെയില്‍നിന്നും രൂപംകൊണ്ടതാണ്. 

ഇ സന്തോഷ് കുമാർ/ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്
ഇ സന്തോഷ് കുമാർ/ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്

രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് കാണിക്കാറുള്ള സുഹൃത്തുക്കളെക്കുറിച്ച് മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ...?

അങ്ങനെ ചെയ്യും. അവരുടെ അഭിപ്രായങ്ങളില്‍ കുറേയൊക്കെ സ്വീകരിക്കാറുണ്ട്. മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുള്ളതുപോലെ എന്നെക്കൊണ്ട് ഒരു ഉപകാരവുമില്ലാത്ത ആളുകളാണ്. ഉള്ളതു പറയും. 
എന്റെ എഴുത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള സുഹൃത്താണ് മികച്ച വായനക്കാരനും നിരൂപകനുമായ എം.കെ. ശ്രീകുമാര്‍. 'ഗാലപഗോസ്' എന്ന കഥ ഭാഷാപോഷിണി പത്രാധിപര്‍ കെ.സി. നാരായണനു കൊടുത്തു പ്രസിദ്ധീകരിച്ചതും പിന്നീട് എന്റെ ആദ്യസമാഹാരത്തിന് പഠനം എഴുതിയിട്ടുള്ളതും ശ്രീകുമാറാണ്. സഹപ്രവര്‍ത്തകനായിരുന്ന ടി.കെ. സദാശിവന്‍, വി. ആര്‍. നരേന്ദ്രന്‍, എന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്ത പി.എന്‍. വേണുഗോപാല്‍, ഡോ. മനോജ് കുമാര്‍, ജി. ഉഷാകുമാരി ഇങ്ങനെ കുറച്ചു സുഹൃത്തുക്കളാണ് പല കാലങ്ങളിലായി കഥകള്‍ വായിക്കാറുള്ളത്. അതില്‍ത്തന്നെ എന്റെ പല രചനകളുടേയും ശീര്‍ഷകം നരേന്ദ്രന്‍ കണ്ടെത്തിയിട്ടുള്ളതാണ്. ചാവുകളി, ഉറുമ്പുകളെ ചവിട്ടിമെതിക്കുന്നതിലുള്ള സുഖം, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം, പിന്നെ അന്ധകാരനഴി... അങ്ങനെ പലതും.  അന്ധകാരനഴിയിലെ കവിതാശകലം ''വസന്തത്തിന്റെ അമ്പേറ്റു മുറിഞ്ഞ സൂര്യനെപ്പോലെ ഒരു കൊന്നമരം...'' അദ്ദേഹത്തിന്റെ വരികളാണ്. 

കൊല്‍ക്കത്ത എങ്ങനെ? അവിടുത്തെ എഴുത്തുകാരെ പരിചയപ്പെട്ടോ?

കൊല്‍ക്കത്തയില്‍ 1997 മുതല്‍ ഞാന്‍ പോകുന്നുണ്ട്. സ്ഥലംമാറ്റം കിട്ടിപ്പോകുന്നത് 2019-ലാണെന്നു മാത്രം. ഈ നഗരത്തിന് നിത്യനൂതനത്വമല്ല, ഒരു നിത്യ'പുരാതനത്വ'മാണുള്ളത് എന്നു പറയാം. എത്രകാലം കഴിഞ്ഞു ചെന്നാലും അതേപോലെ നിലനില്‍ക്കുന്ന ചില തെരുവുകളെങ്കിലും കാണാം. അന്‍പതുകളില്‍ ചിത്രീകരിച്ച 'അപരാജിതോ' കണ്ടുനോക്കൂ. അക്കാലത്തെ ചില തെരുവുകള്‍ ഇനിയും മാറിയിട്ടേയില്ല. മന്ദതാളമുള്ള ജീവിതം. കെട്ടിടങ്ങള്‍ക്കു മുകളില്‍ ആലുകള്‍ വേരുകള്‍ പടര്‍ത്തി, ഉയര്‍ന്ന് പന്തലിച്ചുനില്‍ക്കുന്നു. മുംബൈയിലോ ദില്ലിയിലോ ബാംഗ്ലൂരിലോ ഒക്കെ ഉള്ള തിടുക്കം കൊല്‍ക്കത്തയില്‍ കുറവാണ്. 

കൊല്‍ക്കത്തയില്‍ അങ്ങനെ കാര്യമായി എഴുത്തുകാരെയൊന്നും പരിചയപ്പെട്ടു എന്നു പറഞ്ഞു കൂടാ. ജോലിയിലിരിക്കുമ്പോള്‍ അങ്ങനെ കറങ്ങിനടക്കാനൊന്നും പറ്റില്ലല്ലോ. അപൂര്‍വ്വം ചിലരെ അറിയാം. സുസ്മേഷ് ചന്ത്രോത്ത് അധികം ദൂരെയല്ലാതെ താമസിക്കുന്നുണ്ടായിരുന്നു. സുസ്മേഷായിരുന്നു അക്കാലത്ത് കൂടെയുണ്ടാവുക. മിക്കവാറും വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ കാണാറുണ്ട്. നന്ദനിലും വിക്ടോറിയ മെമ്മോറിയലിലുമൊക്കെ പോകും. സുസ്മേഷ് വഴിക്ക് മലയാളികളായ പല സുഹൃത്തുക്കളേയും പരിചയമായി. കൊല്‍ക്കത്തയിലെ കൈരളിസമാജത്തിന്റെ ചില പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം കിട്ടി. എന്റെ കഥകളുടെ ഇംഗ്ലീഷ് കളക്ഷന്‍ വന്നപ്പോള്‍ കൈരളിസമാജമാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. അന്ന് തൃഷ്ണ ബാസക്കാണ് അതു പ്രകാശനം ചെയ്തത്. അവരുടെ ചില കഥകള്‍ സുനില്‍ ഞാളിയത്ത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സന്തോഷ് കുമാറിന്റെ കഥാപാത്രങ്ങള്‍ മിക്കവാറും നഗരത്തില്‍ ജീവിക്കുന്നവരാണ്. അല്ലെങ്കില്‍ ജനിച്ച ഗ്രാമത്തിന്റെ ഭാരം ചുമക്കുന്നവരല്ല. സ്വന്തം നാടായ പട്ടിക്കാട് എഴുത്തില്‍ സ്വാധീനിച്ചിട്ടുണ്ടോ? അവിടുന്ന് കഥയും കഥാപാത്രങ്ങളും ലഭിച്ചിട്ടുണ്ടോ?

രണ്ടുതരത്തിലുമുണ്ട്. പല കഥകളിലും 'അന്ധകാരനഴി' എന്ന നോവലിലും ഗ്രാമത്തില്‍ നിന്നുള്ള കഥാപാത്രങ്ങളെ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. മിക്കവാറും ഗ്രാമീണമായൊരു ക്യാന്‍വാസിലുള്ള കുറച്ചു വലിയ ഒരു നോവലാണ് ഞാന്‍ ഇപ്പോള്‍ എഴുതുന്നത്. അതിലൊക്കെ നാടിന്റെ സ്വാധീനം കാണും. 'പരുന്ത്' എന്ന കഥയ്ക്ക് ആസ്പദമായ, എന്റെ നാട്ടിലെ ഒരു മലയുടെ താഴെയുള്ള സ്ഥലത്ത് നമ്മള്‍ ഒരുമിച്ചു പോയിട്ടുണ്ടല്ലോ. ആ ജീവിതം എപ്പോഴും ഉണ്ട്. പക്ഷേ, 1997 മുതല്‍ ഞാന്‍ നഗരങ്ങളിലല്ലേ ജീവിക്കുന്നത്? അതാവാം നഗരജീവിതം എഴുതുന്നത്. നേരത്തെ പറഞ്ഞതുപോലെ നഗരങ്ങള്‍ തന്നെയാണ് ഒന്നൊളിച്ചിരിക്കാന്‍ ഇടം തരുക. ആരും അറിയാതെ, എന്നാല്‍ ജീവിതത്തിന്റെ തിരക്കുകള്‍ കണ്ട് ഒരു നിരീക്ഷകനെപ്പോലെ ജീവിക്കാന്‍ സൗകര്യം നഗരങ്ങളിലാണ്.

ഫിലിം ഫെസ്റ്റുകളില്‍ മിക്കവാറും താങ്കളെ കാണാറുണ്ട്. സിനിമ അത്രയ്ക്ക് ഇഷ്ടമാണോ? സിനിമാക്കാരെ നിലംപരിശാക്കിയ ഒരു കഥ എഴുതിയത് ഓര്‍ക്കുന്നു. ഇപ്പോഴത്തെ മലയാളസിനിമയെക്കുറിച്ച് എന്തു പറയുന്നു?

ഏതാണ്ട് കാല്‍നൂറ്റാണ്ടുകാലമായി മിക്കവാറും എല്ലാ വര്‍ഷവും ഫിലിം ഫെസ്റ്റിവലുകളില്‍ പോകാറുണ്ട്. ആദ്യം തിരുവനന്തപുരത്തായിരുന്നു. പിന്നെ ഗോവയിലും പൂനയിലും കൊല്‍ക്കത്തയിലുമൊക്കെ പോയിട്ടുണ്ട്. സിനിമ എന്റെ എഴുത്തിനെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിച്ച മാധ്യമമാണ്. 'ബാഘ് ബഹാദൂര്‍' എന്ന എന്റെ ആദ്യകാല കഥ എഴുതുന്നതുതന്നെ ബുദ്ധദേബ് ദാസ്ഗുപ്തയുടെ ചലച്ചിത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണല്ലോ. പല കഥകളുടേയും തുടക്കം സിനിമകളോ അവയിലെ ചില വിഷ്വലുകളോ ആണെന്ന് ഓര്‍ക്കുന്നു. അതേസമയം സിനിമക്കാരനാവണം എന്നോ അതില്‍ പ്രവര്‍ത്തിക്കണം എന്നോ കാര്യമായ ആഗ്രഹമൊന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. അതിനു ധാരാളം സമയം വേണ്ടേ? സിനിമകള്‍ക്കായി ചില കഥകള്‍ കൊടുത്തിട്ടുണ്ട്. അകാലത്തില്‍ മരിച്ചുപോയ മധു കൈതപ്രത്തിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഒരു തിരക്കഥ എഴുതി നോക്കിയിട്ടുണ്ട്. അതേ സമയം, സിനിമയുടെ മോഹവലയത്തില്‍ കുടുങ്ങി നടക്കുന്ന കുറേ സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരുടെ കഷ്ടപ്പാടുകള്‍ അറിയാം. വിജയിച്ചവരാരുമല്ല അവര്‍. അതുകൊണ്ട് അവരെ ആരും അറിയാന്‍ വഴിയില്ല. മുന്‍പും അങ്ങനെയൊക്കെയായിരുന്നല്ലോ. ഒരു പതിനായിരം പേര്‍ കോടമ്പാക്കത്തു പോകുമ്പോഴായിരിക്കും അവരിലൊരാള്‍ വിജയിക്കുന്നത്. ബാക്കിയുള്ളവരുടെ ജീവിതമാണ് 'സിനിമാ പറുദീസ' എന്ന കഥ. ക്ഷിപ്രപ്രസിദ്ധിയുടേയും സമ്പത്തിന്റേയും പ്രലോഭനത്തില്‍പ്പെട്ട് ഒരു പ്രതിഭയുമില്ലാത്തവരും അതിനെ ചുറ്റിപ്പറ്റി നടന്നെന്നിരിക്കും. അവരിലും ചിലര്‍ ചിലപ്പോള്‍ വിജയിച്ചെന്നിരിക്കും. 

പോയ ഒന്നുരണ്ടു ദശകങ്ങളില്‍ ശക്തിയാര്‍ജ്ജിച്ച പുതിയ മലയാളസിനിമ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പല സിനിമകളും മികച്ച നിലവാരം പുലര്‍ത്തുന്നു. മികച്ച തിരക്കഥാകൃത്തുക്കളുടേയും നല്ല ദൃശ്യധാരണയുള്ള സംവിധായകരുടേയും കഴിവുള്ള അഭിനേതാക്കളുടേയും ഒരു തലമുറ നിലയുറപ്പിച്ചു കഴിഞ്ഞു. ശക്തമായ പ്രമേയങ്ങളും പരിചരണരീതികളുമായി അവര്‍ മുന്നോട്ടുപോകുന്നു എന്നത് ആഹ്ലാദകരമാണ്.

ബം​ഗാളി ചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ​ഗുപ്തയ്ക്കൊപ്പം
ബം​ഗാളി ചലച്ചിത്രകാരൻ ബുദ്ധദേവ് ദാസ് ​ഗുപ്തയ്ക്കൊപ്പം

എഴുത്തിന്റെ തുടക്കസമയം എങ്ങനെയായിരുന്നു? പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ടോ? ആ കാലത്തെക്കുറിച്ചു പറയാമോ?

ഞാന്‍ കവിതകളാണ് എഴുതിയിരുന്നത്. നേരത്തെ പറഞ്ഞതുപോലെ അക്കാദമി സംഘടിപ്പിച്ച ക്യാമ്പിലൊക്കെ പോയിരുന്നു. ഏതാണ്ട് 1993-'94 കാലത്താണ് കഥയിലേയ്ക്കു മാറുന്നത്. അതിനു നിമിത്തമായത് 'ബാഘ് ബഹാദൂര്‍' എന്ന സിനിമയായിരുന്നു. ഞാനത് ബുദ്ധദേബ് ദാസ്ഗുപ്ത മരിച്ചപ്പോള്‍ ഒരു ലേഖനമായി എഴുതിയിരുന്നു. അക്കാലത്ത് നമ്മുടെ കഥാരംഗത്ത് വലിയ ഉണര്‍വ്വ് സംഭവിച്ച കാലമാണ്. പക്ഷേ, കഥ പ്രസിദ്ധീകരിക്കുക എളുപ്പമായിരുന്നില്ല. കടലാസില്‍ പകര്‍ത്തിയെഴുതി വാരികകള്‍ക്ക് അയച്ചുകൊടുക്കാനൊക്കെ വലിയ ധൈര്യം സംഭരിക്കണം. അയച്ചതിനുശേഷം വൈകാതെ തിരിച്ചു കിട്ടുന്നു. എല്ലാ ഊര്‍ജ്ജവും ചോര്‍ന്നുപോകും.  പിന്നെ ഒരു കഥ അയയ്ക്കുന്നത് മാസങ്ങള്‍ക്കു ശേഷമാവും. അങ്ങനെ മൂന്നും നാലും കൊല്ലമൊക്കെ പ്രസിദ്ധീകരണ സാധ്യതയൊന്നുമില്ലാതെ കാത്തിരുന്നിട്ടുണ്ട്. അത്തരം അനുഭവങ്ങള്‍ എല്ലാ എഴുത്തുകാര്‍ക്കും ഉണ്ടാവും എന്നാണ് എന്റെ ധാരണ. 1998-ല്‍ മാതൃഭൂമിയിലും ഭാഷാപോഷിണിയിലും ഒരേ ദിവസം കഥ പ്രസിദ്ധീകരിച്ചുവന്നു. അതാണ് ഒരു ബ്രേക്ക്. 2000-ത്തില്‍ ആദ്യസമാഹാരം വന്നതിനുശേഷം പിന്നെ പ്രസിദ്ധീകരണത്തിനു ബുദ്ധിമുട്ടുണ്ടായിട്ടില്ല. 

തിരിഞ്ഞു നോക്കുമ്പോള്‍ സ്വന്തം രചനകളെക്കുറിച്ച് എന്തു തോന്നുന്നു?

എല്ലാ എഴുത്തുകാര്‍ക്കും അവരുടെ പല കൃതികളും നല്ലതാണെന്നൊരു വിചാരമുണ്ടല്ലോ. ഞാനും അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ്. ഒരുപക്ഷേ, വാസ്തവം അതാവാനിടയില്ല. എന്റെ കൃതികള്‍ അങ്ങനെ കാലാകാലത്തോളം നിലനില്‍ക്കുകയൊന്നുമില്ല. മരിച്ചുപോയാല്‍ ഏറിവന്നാല്‍ ഒന്നോ രണ്ടോ മാസം. അതിനുശേഷം അവയെക്കുറിച്ചൊന്നും ആരും സംസാരിക്കാന്‍പോലും സാദ്ധ്യതയില്ല. സഹതാപം കിട്ടാന്‍ വേണ്ടി പറയുന്നതല്ല - അതാണ് സത്യം. ഇതിലും എത്രയോ വലിയ എഴുത്തുകാരെ ലോകം മറന്നുപോയിരിക്കുന്നു!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com