'സമൂഹ നന്മ മാത്രമായിരുന്നില്ല നാരായണഗുരുവിന്റെ ലക്ഷ്യം'- മുനി നാരായണ പ്രസാദുമായി എൻഇ സുധീർ നടത്തിയ അഭിമുഖം

നടരാജഗുരു തുടക്കമിട്ട ശ്രീനാരായണ ഗുരുകുലപ്രസ്ഥാനത്തിന്റെ അധ്യക്ഷനും ദാര്‍ശനികനുമായ മുനിനാരായണ പ്രസാദ് സംസാരിക്കുന്നു
മുനി നാരായണ പ്രസാദ്/ ഫോട്ടോ: വിമല്‍ കുമാര്‍
മുനി നാരായണ പ്രസാദ്/ ഫോട്ടോ: വിമല്‍ കുമാര്‍

നാരായണഗുരു മുന്നോട്ടുവെച്ച ജ്ഞാനമാര്‍ഗ്ഗത്തിന്റെ പരിചരണത്തിനും പ്രചാരണത്തിനുമായി അദ്ദേഹത്തിന്റെ ശിഷ്യന്‍ നടരാജഗുരു നാരായണഗുരുകുലം സ്ഥാപിച്ചു. 1923-ല്‍ വര്‍ക്കലയില്‍. അതിന്റെ പിന്നില്‍ നാരായണഗുരുവിന്റെ ആഗ്രഹവും ആശീര്‍വ്വാദവും ഉണ്ടായിരുന്നു. ഗുരുവിന്റെ ജ്ഞാനദര്‍ശനത്തെ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ പേരിനെ ദുരുപയോഗം ചെയ്യാന്‍ ഒരു ജാതിക്കൂട്ടായ്മ കച്ചകെട്ടിയിറങ്ങിയതോടെ ഗുരുദര്‍ശനത്തെ സംരക്ഷിക്കേണ്ട ബാധ്യത ഗുരുകുലത്തില്‍ നിക്ഷിപ്തമായി. രാജ്യത്തും പുറത്തുമായി ഇരുപത്തിമൂന്നോളം കേന്ദ്രങ്ങളോടെ ഗുരുകുലം നൂറ്റാണ്ടിന്റെ ഗരിമയിലേക്കെത്തുകയാണ്. നടരാജഗുരുവിനുശേഷം നിത്യചൈതന്യയതിയിലൂടെയും തുടര്‍ന്ന് മുനി നാരായണ പ്രസാദിലൂടെയും ആ സ്ഥാപനം നമ്മുടെ ബൗദ്ധിക മണ്ഡലത്തില്‍ നിറഞ്ഞുനിന്നു. നടരാജനും നിത്യനും ഉന്നത വിദ്യാഭ്യാസമൊക്കെ നേടി വലിയ അറിവോടെ ഗുരുകുലത്തിന്റെ ഭാഗമായവരാണ്. അവരിരുവരുടേയും ശിഷ്യത്വത്തിലൂടെ അറിവിന്റെ ലോകത്തെ കീഴടക്കിയ ഗുരുവാണ് മുനി നാരായണ പ്രസാദ്. മുനി നാരായണ പ്രസാദിനെ സൃഷ്ടിച്ചത് ഗുരുകുലം തന്നെയാണ്. 1960-ല്‍ തന്റെ 22-ാം വയസ്സില്‍ ഗുരുകുലത്തിലെത്തിയ അദ്ദേഹം 1999-ല്‍ നിത്യചൈതന്യയതി സമാധിയായതു മുതല്‍ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനും ഗുരുവുമാണ്. മുന്‍ഗാമികളുടെ അതേ ജ്ഞാനമാര്‍ഗ്ഗ സംസ്‌കാരത്തിലൂടെ പ്രസ്ഥാനത്തെ നയിക്കുന്ന ഗുരുവര്യന്‍. ലളിത ജീവിതവും ഏകാഗ്രമായ ജ്ഞാനദീക്ഷയും നിര്‍വ്വഹിച്ചു പോരുന്ന ഈ 84-കാരന്‍ അധികമൊന്നും പൊതുമണ്ഡലത്തില്‍ സ്വന്തം സാന്നിധ്യമറിയിക്കാറില്ല. ചാഞ്ചല്യമില്ലാത്ത മനസ്സിന്റെ ഉടമയായ അദ്ദേഹത്തിന്റെ തെളിമയാര്‍ന്ന ബുദ്ധി എഴുത്തിലും പ്രഭാഷണങ്ങളിലും അദ്ധ്യാപനത്തിലുമായി നിറഞ്ഞുകവിയുന്നു. ഗുരുകുലത്തിന്റെ വിചാരപ്രധാനമായ പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് നാരായണ ദര്‍ശനത്തേയും ബ്രഹ്മവിദ്യയേയും പഠിപ്പിച്ചുകൊണ്ട് വാര്‍ദ്ധക്യത്തേയും അനാരോഗ്യത്തേയും നേരിട്ടുകൊണ്ട് അദ്ദേഹം വര്‍ക്കല ഗുരുകുലത്തില്‍ കഴിഞ്ഞുകൂടുന്നു. 

നേരിട്ട് പരിചയമില്ലാത്ത അദ്ദേഹത്തെ തേടി ഒരു ദിവസം ഞാന്‍ വര്‍ക്കല ഗുരുകുലത്തിലെത്തി. ഒന്നു സംസാരിക്കണം എന്ന ആഗ്രഹം മുന്നോട്ടുവെച്ചു. ഞാനെന്തു പറയാന്‍ എന്ന മനോഭാവത്തോടെ മുനി നാരായണ പ്രസാദ് എന്നെ നോക്കി ചിരിച്ചു. ശാരീരിക വയ്യായ്മകള്‍ മാറ്റിവെച്ച് ആ ഒരു പകല്‍ മുഴുവന്‍ ഗുരുകുലത്തിന്റെ ശീതളിമയില്‍ ഞങ്ങളിരുന്ന് വര്‍ത്തമാനം പറഞ്ഞു. ജീവിതവും ദര്‍ശനവും ഗുരുകുലത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അതില്‍ നിറഞ്ഞു. യോജിച്ചും വിയോജിച്ചും തര്‍ക്കിച്ചും കടന്നുപോയ ഒരു നീണ്ടപകല്‍. അതില്‍നിന്നു കുറിച്ചെടുത്ത സംഭാഷണങ്ങളാണ് വരുന്ന പേജുകളില്‍. വലിയൊരു ബൗദ്ധിക പാരമ്പര്യത്തിന്റെ കരുത്തും എളിയ ജീവിതത്തിന്റെ ആര്‍ജ്ജവവും ആ വാക്കുകളില്‍ നിറഞ്ഞിരിപ്പുണ്ട്. നാരായണഗുരുവിനെ കേരളം കൊണ്ടുനടക്കുന്ന രീതിയില്‍ അദ്ദേഹം അസന്തുഷ്ടനാണ്. ആ ജ്ഞാനമാര്‍ഗ്ഗം വേണ്ടവിധം പ്രചാരത്തിലാവാത്തതില്‍ അദ്ദേഹം ഖിന്നനാണ്. നാരായണഗുരു തെറ്റിദ്ധരിക്കപ്പെടുന്നതില്‍ അദ്ദേഹം രോഷാകുലനാണ്. ഭാവിയെപ്പറ്റി പ്രതീക്ഷ വെച്ചുപുലര്‍ത്താതെ ജീവിക്കുന്ന ഒരാളാണ് മുനി. അദ്ദേഹം ആത്മകഥയില്‍ ഇങ്ങനെ എഴുതി: ''ഞാന്‍ അങ്ങനെയേ ജീവിച്ചിട്ടുള്ളൂ. ഇപ്പോഴും അങ്ങനെ തന്നെ ജീവിക്കുന്നു... എന്റെ ജീവിതവും മുന്നോട്ടു നീണ്ടുകിടക്കുകയാണ്. എന്റെ ഈ വ്യക്തിരൂപം മാഞ്ഞുപോകും. അങ്ങനെ മായുമ്പോള്‍ അതിന്റെ ആദ്യഘട്ടമായി ശരീരം ചേതനയില്ലാതായിത്തീരും. അത് എവിടെയെങ്കിലും കുഴിച്ചിടുന്നതാണ് ലയത്തിന്റെ അവസാന ഘട്ടം.''

ജീവിത സായാഹ്നത്തില്‍ മുനി നാരായണ പ്രസാദ് തന്റെ ജീവിതത്തെപ്പറ്റി മനസ്സ് തുറക്കുന്നു. 
 
ഒരു സന്ന്യാസിയോട് സന്ന്യാസത്തിനു മുന്‍പേയുള്ള ജീവിതത്തെക്കുറിച്ചു ചോദിക്കാമോ എന്നെനിക്കു നിശ്ചയമില്ല. പക്ഷേ, ഒരാള്‍ സന്ന്യാസത്തിലേക്ക് എങ്ങനെയാണ് വരുന്നതെന്നു തിരിച്ചറിയണമെങ്കില്‍ ആ ഭാഗം അറിഞ്ഞേ പറ്റൂ. എങ്ങനെയായിരുന്നു ആദ്യകാലം? ഞാന്‍ ഉദ്ദേശിക്കുന്നത് ബാല്യം, മാതാപിതാക്കള്‍, ജീവിതസാഹചര്യം ഒക്കെയാണ്. രണ്ടുമൂന്ന് ദുരന്തസംഭവങ്ങളൊക്കെ ജീവിതത്തില്‍ ആദ്യകാലത്തുണ്ടായി എന്നൊക്കെ ഞാന്‍ ആത്മകഥയില്‍ വായിച്ചിട്ടുണ്ട്. അതിന്റെയൊക്കെ സൃഷ്ടിയാണോ ഒരു സന്ന്യാസി എന്നൊരു ദുരുദ്ദേശ്യം കൂടി ഈ ചോദ്യത്തില്‍ ഉണ്ടെന്ന് കൂട്ടിക്കോളൂ. എങ്ങനെയൊക്കെയായിരുന്നു ആദ്യകാലം? അതൊക്കെ പറഞ്ഞ് നമ്മള്‍ക്ക് സന്ന്യാസത്തിലേക്ക് വരാമെന്നു തോന്നുന്നു? 

ഞാന്‍ ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ട് ജനിച്ചു. എന്റെ അച്ഛന്‍ നാരായണഗുരുവിനെ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. ഗുരുവിന്റെ പ്രസാദം ഒക്കെ വാങ്ങിച്ചിട്ടുണ്ട്. അതൊക്കെ എന്നോട് പലപ്പോഴും പറയുമായിരുന്നു. പത്തു വയസ്സുള്ളപ്പോഴാണ് അച്ഛന്‍ എന്നെ ആദ്യമായി ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിനായി കൊണ്ടുപോകുന്നത്. രണ്ടുമൂന്ന് ദിവസം ഞങ്ങള്‍ അവിടെ താമസിച്ച് പരിപാടികളില്‍ ഒക്കെ പങ്കെടുത്തിട്ടാണ് മടങ്ങിയത്. അക്കാലത്ത്, അതായത് നന്നേ ചെറിയ പ്രായത്തില്‍ത്തന്നെ നാരായണഗുരുവിനോട് ഒരു ആഭിമുഖ്യം എന്നില്‍ വന്നുപെട്ടു. അതൊക്കെ കഴിഞ്ഞ് പിന്നെ ജീവിതസാഹചര്യങ്ങള്‍ പലതായി മാറിമാറിവന്നു. പത്താമത്തെ വയസ്സില്‍ അമ്മ മരിച്ചു. പത്താമത്തെ വയസ്സിലൊക്കെ അമ്മയെ നഷ്ടമാവുക എന്നു പറയുന്നത് വലിയ ദുരന്തമാണ്. പക്ഷേ, എനിക്ക് ഇപ്പോള്‍ തോന്നുന്നു, അമ്മ അന്ന് മരിച്ചില്ലായിരുന്നെങ്കില്‍ എനിക്കിന്ന് സന്ന്യാസിയായിത്തീരാന്‍ സാധിക്കുകയില്ലായിരുന്നു. അതുകൊണ്ട് അത് നല്ലതായിരുന്നോ ചീത്തയായിരുന്നോ എന്നു പറയാന്‍ എനിക്ക് അറിഞ്ഞുകൂടാ. ലോകദൃഷ്ട്യാ നോക്കുകയാണെങ്കില്‍ അതൊരു വലിയ ദുരന്തമായിരുന്നു. പക്ഷേ, ആധ്യാത്മികദൃഷ്ട്യാ നോക്കിയാല്‍ എനിക്ക് തോന്നുന്നത് അതൊരു ദുരന്തമായിരുന്നില്ല എന്നാണ്.

ദർശനത്തിന്റെ ദീപ്തമുഖം:
മുനി നാരായണ പ്രസാദ് 

സന്ന്യാസിയുടെ മനസ്സ് തന്നെയാണ് ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ നേരിടുന്നത്. അതവിടെ നില്‍ക്കട്ടെ. ബാല്യകാലത്ത് പൊതുവായ വായനയൊക്കെ ഉണ്ടായിരുന്നോ? 

അങ്ങനെ വലിയ കാര്യമായിട്ട് വായനയൊന്നും ഇല്ലായിരുന്നു. പഠിക്കുന്ന കാലത്ത് അവിടെ ഒരു വായനശാലയില്‍ ചേര്‍ന്ന് അല്പസമയം മലയാള പുസ്തകങ്ങള്‍ ഒക്കെ വായിക്കുമായിരുന്നു. അന്നൊക്കെ മലയാള നോവലുകള്‍ വായിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അതൊക്കെ വായിക്കുമായിരുന്നു. ജനറല്‍ റീഡിങ്ങ് പൊതുവില്‍ കുറവായിരുന്നു എന്നുതന്നെ പറയാം.

നാരായണഗുരുവിന്റെ കൃതികളൊന്നും അക്കാലത്ത് വീട്ടില്‍ വായിച്ചിരുന്നില്ല? അങ്ങനെയൊരു ബന്ധം ആ ആശയങ്ങളുമായി ഉണ്ടായിരുന്നുവോ? 

അങ്ങനെയൊരു പതിവില്ല. എന്നാല്‍, ഒട്ടും പഠിച്ചിട്ടില്ലെന്നുപറയാന്‍ പറ്റില്ല. അന്ന് അച്ഛന്‍ നാരായണഗുരുവിന്റെ വലിയൊരു ഭക്തനായിരുന്നു. ഗുരുവിന്റെ കൃതികള്‍ ഉള്‍പ്പെട്ടതായിരിക്കാം, ഒരു ചെറിയ പ്രധാന പുസ്തകം വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്, അന്ന് ഒരു സ്ലേറ്റും ഒരു പാഠപുസ്തകവുമാണ് ആകെപ്പാടെയുള്ളത്. എന്റെ പാഠപുസ്തകം എങ്ങനെയോ നഷ്ടപ്പെട്ടുപോയി. പാഠാവലി നഷ്ടപ്പെട്ടത് സങ്കടമായി. അത് കിട്ടാനുമില്ലായിരുന്നു. സന്ധ്യക്ക് വിളക്ക് കത്തിച്ചു കഴിഞ്ഞാല്‍ പാഠം പഠിക്കണം എന്നൊരു ചിട്ടയുണ്ട് വീട്ടില്‍. പക്ഷേ, അതിനൊന്നും കയ്യില്‍ ഇല്ല. അപ്പോള്‍ അച്ഛന്‍ ഒരു പ്രാര്‍ത്ഥന പുസ്തകം എടുത്തിങ്ങ് തന്നു. അതിനകത്ത് നാരായണഗുരുവിന്റെ ദൈവദശകം, ''നാരായണ മൂര്‍ത്തേ ഗുരുനാരായണ മൂര്‍ത്തേ'' എന്ന് തുടങ്ങുന്ന കുമാരനാശാന്‍ എഴുതിയ ഗുരുസ്തുതിയും ഉണ്ടായിരുന്നു. ഇത്രണ്ടും ആയിരുന്നു എന്റെ ഒരു വര്‍ഷത്തെ പാഠപുസ്തക വായന. ഇതു രണ്ടും ഞാന്‍ അന്നേ കാണാതെ പഠിച്ചു. അതിന്റെ സംസ്‌കാരം ഉള്ളില്‍ക്കിടന്നു. പിന്നെ, അച്ഛന്‍ ഇടയ്ക്കിടക്ക് നാരായണഗുരുവിന്റെ ഓരോ കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതിന്റെ ഒരു സംസ്‌കാരവും ഉള്ളില്‍ വന്നിരിക്കും. അച്ഛന്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിച്ചിരുന്നത്, ഒരു പത്തു വയസ്സ് കഴിഞ്ഞതിനുശേഷം സാംസ്‌കാരിക സമ്മേളനം എവിടെയെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അച്ഛനോടൊപ്പം എന്നെയും കൂടെകൊണ്ടു പോകും. അതൊരു ചിട്ടയായിരുന്നു. ഏകദേശം 20 കിലോമീറ്റര്‍ നടന്ന് ഞങ്ങള്‍ കുമാരനാശാന്റെ ജന്മദിനം ആഘോഷിക്കാന്‍ കായിക്കരവരെ പോയിട്ടുണ്ട്. അന്നൊക്കെ ഞങ്ങളുടെ അടുത്ത പ്രദേശങ്ങളില്‍ മുസ്ലിങ്ങളുടെ മതപ്രഭാഷണങ്ങള്‍ ഇടയ്‌ക്കൊക്കെ ഉണ്ടാകാറുണ്ട്. ഞങ്ങളുടെ ഗ്രാമപ്രദേശത്തിന്റെ ഒരു ഭാഗത്ത് കൂടുതലായി ഉള്ളത് മുസ്ലിങ്ങള്‍ ആയിരുന്നു. വല്ലപ്പോഴുമൊക്കെ അവിടെ ഒരു മുസ്ലിം മൗലവി വന്നു മതപ്രഭാഷണം നടത്തും. അച്ഛന്‍ എന്നെയും കൂട്ടി അവിടേക്കു പോകും. ഇസ്ലാം മതത്തിലെ ചില അടിസ്ഥാനതത്ത്വങ്ങള്‍ പലതും അന്നേ എന്റെ മനസ്സില്‍ പതിഞ്ഞു. എല്ലാ മതങ്ങളോടുമുള്ള ഒരു സ്‌നേഹം അന്നേ ഉണ്ടായി വന്നു. പിന്നെ എസ്.എസ്.എല്‍.സി പാസ്സായി. എനിക്ക് നല്ല മാര്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങളുടെ സ്‌കൂളില്‍, ആറ്റിങ്ങല്‍ ഹൈസ്‌കൂളില്‍, അന്ന് നാല് പേര്‍ക്കാണ് ഫസ്റ്റ്ക്ലാസ്സ് ഉണ്ടായിരുന്നത്. അതില്‍ ഒന്ന് ഞാനായിരുന്നു. എന്നാല്‍ എന്റെ അച്ഛന് എന്നെ കോളേജില്‍ അയക്കാന്‍ നിവൃത്തിയില്ലായിരുന്നു. അപ്പോഴേക്കും അച്ഛന്‍ ജോലിയില്‍നിന്നു വിരമിച്ചിരുന്നു. അച്ഛന് അന്ന് പെന്‍ഷനും ഉണ്ടായിരുന്നില്ല. അതിനാല്‍ നല്ല പ്രയാസത്തിലായിരുന്നു. അതിനാല്‍ അതു നടന്നില്ല. അന്നൊക്കെ ഒരു അപേക്ഷ എഴുതി ട്രെയിനിങ് സ്‌കൂളില്‍ കൊണ്ടുകൊടുത്താല്‍ മിടുക്കന്മാര്‍ക്ക് ടി.ടി.സിക്കു പ്രവേശനം കിട്ടും. അതുകഴിഞ്ഞാല്‍ അടുത്ത വര്‍ഷം തന്നെ സ്‌കൂള്‍ അദ്ധ്യാപകന്‍ ആകാം. പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഞങ്ങളുടെ ഒരു അദ്ധ്യാപകന്‍ പറയുമായിരുന്നു, നിങ്ങളൊക്കെ വാദ്ധ്യാര്‍ ക്ലാസ്സാണ് പഠിക്കുന്നത് എന്നോര്‍ത്തോണം. അടുത്തവര്‍ഷം ട്രെയിനിങ് കഴിഞ്ഞാല്‍ അദ്ധ്യാപകനാകാം. അടിസ്ഥാന യോഗ്യത ഇതുമതി. എന്നിട്ടും എന്തോ ആ കാര്യം എന്റെ മനസ്സില്‍ തോന്നിയതേ ഇല്ല. അച്ഛന്‍ അദ്ധ്യാപകനായിരുന്നു. എന്നിട്ടും...

അച്ഛനും ആ വഴിക്ക് ആലോചിച്ചില്ല? 

അച്ഛന്‍ ആലോചിച്ചത് എന്നെ കോളേജില്‍ അയക്കാന്‍ വല്ല വഴിയുമുണ്ടോ എന്നാണ്. പലവഴിക്കും ശ്രമിച്ചു. ആരുടെയെങ്കിലും സഹായം കിട്ടുമോ എന്നൊക്കെ ആലോചിച്ചിട്ടും ഒന്നും നടന്നില്ല. അപ്പോഴാണ് ഞങ്ങളുടെ ഒരു ബന്ധുവിന്റെ കാര്യം എനിക്ക് ഓര്‍മ്മവന്നത്. അച്ഛന്റെ അനിയന്റ മകന്‍. അദ്ദേഹം വക്കത്തുള്ള എന്‍ജിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിവില്‍ എന്‍ജിനീയറിംഗ് പഠിച്ചതിനുശേഷം സിംഗപ്പൂരില്‍ പോയതും അവിടെനിന്ന് മലേഷ്യയില്‍ പോയി തിരിച്ചു വന്നതിനുശേഷം പട്ടത്ത് ജോലി ചെയ്യുന്നതുമായ കാര്യം എനിക്കറിയാം. അവിടെ പോയി എന്‍ജിനീയറിംഗ് പഠിക്കുകയാണെങ്കില്‍ എന്തെങ്കിലും ഒക്കെ ജോലി കിട്ടിയേക്കും എന്നെനിക്ക് തോന്നി. അച്ഛനോട് പറഞ്ഞപ്പോള്‍ പോയ്ക്കോളാനുള്ള അനുവാദവും തന്നു. അങ്ങനെ ഞാന്‍ അവിടെ പോയി ചേര്‍ന്നു. സംഭവിച്ചത് ഇതാണ്. ആ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്നയാള്‍ ഒരു വലിയ നാരായണഗുരു ഭക്തനായിരുന്നു. നടരാജഗുരുവിന്റേയും ഭക്തന്‍. അങ്ങനെ അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ നാരായണഗുരുവിന്റെ ജന്മശതാബ്ദി ആഘോഷം വര്‍ക്കല നാരായണഗുരുകുലത്തില്‍ നടക്കുന്നുണ്ട്. അതിനുവേണ്ടി എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യണം എന്നു പറഞ്ഞ് അദ്ദേഹം ഞങ്ങള്‍ കുട്ടികളെ പല ബാച്ചുകളായി തിരിച്ചു പിരിവിനയച്ചു. ഒരോ നോട്ട്ബുക്കും തന്നു. അവിടെ വീടുകളില്‍നിന്നും 25 പൈസ, 50 പൈസ, ഒരണ എന്നിങ്ങനെ ആളുകള്‍ തരുന്നതെല്ലാം വാങ്ങി ശേഖരിച്ചു; പിന്നെ സാറും കുറച്ചു പണം കയ്യില്‍ തന്നിട്ട് വര്‍ക്കല എത്തിച്ചു. ഗുരുകുലവുമായിട്ടുള്ള ആദ്യ ബന്ധം തുടങ്ങുന്നതും, ആദ്യ ഭിക്ഷയെടുക്കുന്നതും അങ്ങനെയാണ്.

അതു കൈമാറാനായി ഗുരുകുലത്തില്‍ വന്നോ? 

ഇല്ല. മറ്റേതോ വഴി അതവിടെ എത്തിക്കുകയായിരുന്നു. 

ഗുരുകുലത്തിനുവേണ്ടിയാണ് ആ പ്രവൃത്തി ചെയ്തത് അല്ലേ? 

അതെ. അത്രേയുള്ളൂ. അതു കഴിഞ്ഞിട്ട്, ആ ഡിസംബറില്‍ ഞാന്‍ എന്‍ജിനീയറിംഗ് വരകള്‍ ഒക്കെ പഠിച്ചുകൊണ്ട് ഇരിക്കുകയാണ്. അപ്പോള്‍ ഒരു ദിവസം ഇന്‍സ്റ്റിറ്റിയൂട്ട് ഉടമസ്ഥനായ എം.കെ. കുഞ്ഞുകൃഷ്ണന്‍ വിളിച്ചു ഇങ്ങനെ പറഞ്ഞു: ''പ്രസാദ് ഒന്ന് വര്‍ക്കല ഗുരുകുലത്തില്‍ പോകണം. അവിടെ നടരാജഗുരുവിന് ഒരു ക്ഷേത്രത്തിന്റെ പ്ലാന്‍ വരയ്ക്കണം. എന്തൊക്കെ വേണം എന്ന് ഗുരു തന്നെ പറഞ്ഞുതരും. പ്രസാദ് ചെന്ന് വരച്ചുകൊടുക്ക്. കണ്‍വെന്‍ഷന് അവിടെ പോയി താമസിച്ചാല്‍ മതി. ഗുരു അവിടെയുണ്ട്'' ഞാന്‍ ഇതിനായി കണ്‍വെന്‍ഷന്‍ തുടങ്ങുന്നതിന്റെ തലേദിവസം ഗുരുകുലത്തിലെത്തി. ആദ്യമായിട്ട് ഗുരുകുലത്തില്‍ കയറുകയാണ്.

അതു സംഭവിച്ചിട്ട് ഇപ്പോള്‍ എത്ര വര്‍ഷമായി കാണും? 

അത് 1955 ഡിസംബറിലാണ്. ആ കാണുന്ന കെട്ടിടത്തിന്റെ മുകളിലത്തെ മുറി (ഗുരുകുലത്തിലെ ഒരു കെട്ടിടം ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇന്ന് കാണുന്ന രീതിയിലല്ല. അന്ന് ഒരു ഷീറ്റ് ഒക്കെയിട്ട കുഞ്ഞുമുറിയായിരുന്നു. മുകളിലത്തെ ആ മുറി ഞങ്ങള്‍ക്കായിട്ട് തുറന്നുതന്നു. അന്ന് ആ ഒരു കെട്ടിടം അല്ലാതെ വേറെ കെട്ടിടങ്ങള്‍ ഒന്നുമിവിടെയില്ല. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വന്നവര്‍ക്കൊന്നും കിടക്കാന്‍ ഇടമില്ല. എന്തായാലും ഞങ്ങള്‍ക്ക് ആ മുറി വിട്ടുതന്നു. ഞാനും എന്നെ സഹായിക്കാനായിട്ട് വേറെ ഒരു വിദ്യാര്‍ത്ഥിയും കൂടി ഉണ്ടായിരുന്നു. ഞങ്ങള്‍ ഡ്രോയിങ് ഇന്‍സ്ട്രുമെന്റ്‌സ് ഒക്കെ കൊണ്ടുവന്നിരുന്നു. ടെക്നിക്കല്‍ വശത്തിലൊക്കെ എനിക്ക് നല്ല കഴിവുണ്ട്. മറ്റേയാള്‍ വരയ്ക്കാന്‍ മിടുക്കന്‍. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടിയാണ് ആ ജോലി പൂര്‍ത്തിയാക്കിയത്. ഒരാഴ്ചക്കാലം ഇവിടെ കഴിഞ്ഞു. കൂട്ടത്തില്‍ നടരാജഗുരുവിന്റെ ക്ലാസ്സുകള്‍ ഒക്കെ ഞങ്ങള്‍ ശ്രദ്ധിച്ചു.

നടരാജ ​ഗുരു
നടരാജ ​ഗുരു

നടരാജഗുരുവിനെ അന്ന് പരിചയപ്പെട്ടോ? 

അന്ന് കണ്ടു. അദ്ദേഹം വരയ്ക്കാവശ്യമായ വിവരങ്ങള്‍ ഒക്കെ പറഞ്ഞുതരും. ഞങ്ങള്‍ ഇവിടെ തന്നെ താമസിച്ചു. ക്ലാസ്സുള്ളപ്പോള്‍ അവിടെ ചെന്നിരിക്കും; ബാക്കി സമയമൊക്കെ ഞങ്ങള്‍ വരയ്ക്കും. അങ്ങനെ ഏഴു ദിവസം കൊണ്ട് ക്ലാസ്സും തീര്‍ത്തു; പ്ലാനും തീര്‍ന്നു. പ്ലാന്‍ തീര്‍ത്തതോടെ ഞങ്ങള്‍ മടങ്ങിപ്പോയി. രണ്ടുമാസം കഴിഞ്ഞപ്പോള്‍ ജോലി സ്ഥലത്തെ സാര്‍ പറഞ്ഞു: ''വര്‍ക്കല ഗുരുകുലത്തില്‍ ബ്രഹ്മവിദ്യ മന്ദിരം കെട്ടണം എന്ന് നടരാജഗുരുവിന് ഉദ്ദേശമുണ്ട്. അതൊരു വെറും മൊട്ടക്കുന്നാണ്. പ്രസാദും നിങ്ങള്‍ കുറച്ചുപേരും കൂടി പോയി അതിന്റെ കോണ്‍ടൂര്‍ സര്‍വ്വേ ഒന്ന് നടത്തണം. എങ്ങനെ നിരപ്പാക്കണം എന്നു തീരുമാനിക്കാനായിട്ടാണ്. ''അങ്ങനെ ആ സര്‍വ്വേ എടുക്കാനായി വന്നപ്പോള്‍ നടരാജഗുരുവുമായി കുറേക്കൂടി അടുത്ത ബന്ധമായി.

നിരന്തരം ഇങ്ങനെ ഓരോ കാര്യങ്ങള്‍ ആയിട്ട് ഇവിടെ വരാനിടയുണ്ടായി എന്നു പറയാം അല്ലേ? 

അതെ. അന്ന് ഒറ്റക്കൊല്ലത്തെ കോഴ്സ് ആയിരുന്നു എന്റേത്. ഞാന്‍ പരീക്ഷ നന്നായെഴുതി. അതു കഴിഞ്ഞപ്പോള്‍ പക്ഷേ, സാറ് എന്നെ പോകാന്‍ അനുവദിച്ചില്ല. വീട്ടില്‍ത്തന്നെ നിര്‍ത്തി. സ്ഥാപനം നടത്തുന്ന ആളായി എന്നെ അവിടെത്തന്നെ നിലനിര്‍ത്താന്‍ തോന്നി. അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗത്തെപ്പോലെ എന്നെ കരുതാന്‍ തുടങ്ങി. വര്‍ക്കല വന്നാല്‍ താമസിക്കാന്‍വേണ്ടി അദ്ദേഹം ഒരു വീടും പറമ്പും ഇവിടെ വാങ്ങിച്ചിരുന്നു. അദ്ദേഹവും കുടുംബവും ഇവിടേക്ക് വരുമ്പോള്‍ ഞാനും കൂടെപ്പോരും. ഞാന്‍ ആ കുടുംബത്തിന്റെ ഭാഗമായിരുന്നല്ലോ. അതു കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ റീ-ഓപ്പണിങ് ആയി. അപ്പോള്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു ബ്രാഞ്ച് ഇവിടെ വര്‍ക്കലയില്‍ തുടങ്ങി. ഇവിടെ ഒരു ഓലഷെഡ് ഉണ്ടായിരുന്നു; അത് ഒഴിഞ്ഞു കിടക്കുകയായിരുന്നു. വര്‍ക്കലയില്‍ വേറെ സ്ഥലം കിട്ടാത്തതുകൊണ്ട് അതിന്റെ ഒരറ്റത്തു നടത്തിക്കൊള്ളാന്‍ ഗുരു പറഞ്ഞു. നടരാജഗുരു പോളിടെക്നിക് എന്നു പേരുമിട്ടു. സിവില്‍ എന്‍ജിനീയറിംഗ് മാത്രമേ പഠിപ്പിക്കുന്നുള്ളൂ, ബാക്കി ഒക്കെ പിറകെ ചേര്‍ക്കും എന്നുള്ള ധാരണയില്‍ നടരാജഗുരു പോളിടെക്നിക് ആരംഭിച്ചു. എന്നെ അതില്‍ അദ്ധ്യാപകനും ആക്കി. എനിക്കപ്പോള്‍ 17 വയസ്സേയുള്ളൂ. എന്നാലും അദ്ധ്യാപകനായി. താമസം ഇവിടെത്തന്നെ. അങ്ങനെ വിചാരിച്ചിരിക്കാതെ ഞാന്‍ വീണ്ടും ഇതിനകത്തായി. 

വിടാതെ ഇതിനകത്ത് തന്നെ വന്നുകൊണ്ടിരിക്കുകയായിരുന്നു, അല്ലേ? 

അതെ. അതങ്ങനെ സംഭവിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഞാന്‍ സര്‍ക്കാര്‍ ജോലി കിട്ടിപ്പോയി. ഇവിടെ താമസിക്കുമ്പോള്‍ത്തന്നെ, അന്ന് എന്‍ജിനീയറിംഗ് സര്‍വ്വീസില്‍ ആളില്ലാത്തതുകൊണ്ട് കറച്ചു പഠിച്ചിട്ടുള്ളവരെ തെരഞ്ഞെടുത്തു പ്രത്യേക പരിശീലനം നല്‍കി സര്‍ക്കാര്‍ ജോലിക്ക് നേരിട്ട് എടുക്കുമായിരുന്നു. ആ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. എന്‍ജിനീയറിങ് കോളേജില്‍ ഒന്‍പത് മാസത്തെ ഒരു പ്രത്യേക പരിശീലനം തന്നു. ട്രെയിനിങ്ങിനുള്ള ആളുകളെ തെരഞ്ഞെടുത്ത തന്നെ പി.എസ്.സി. ആണ്. അപ്പോള്‍ പിന്നെ വേറെ കാര്യങ്ങള്‍ ഒന്നുമില്ല. ട്രെയിനിങ് കഴിഞ്ഞാല്‍ ഉടനെ നിയമനം, അവരുടെ ഒരു പരീക്ഷകൂടി പാസ്സാകണം എന്നേയുള്ളൂ. അങ്ങനെ ഞാന്‍ ഉദ്യോഗസ്ഥനായതോടെ താമസം മാറ്റി. താമസിക്കാനുള്ള സൗകര്യങ്ങള്‍ അന്നൊക്കെ വളരെ കുറവായിരുന്നു. അച്ഛന്റെ അനിയന്റെ വീട്ടില്‍; വര്‍ക്കലക്ക് കിഴക്ക് ഞെക്കാട് എന്ന ഒരു സ്ഥലത്ത് ഒരു വര്‍ഷത്തോളം താമസിച്ചു. ഒരു ദിവസം ചിറ്റപ്പന്‍ പറഞ്ഞു: ''നിന്റെ ജോലിയുടെ സൗകര്യത്തിന് അനുസരിച്ച് ഊണൊക്കെ ഉണ്ടാക്കിത്തരാന്‍ ലക്ഷ്മിക്ക് (ഭാര്യക്ക്) പ്രയാസമാണ്. അതുകൊണ്ട് നീ മറ്റെന്തെങ്കിലും വഴി നോക്ക്'' എന്ന്. അതോടെ ഇനിയെവിടെ താമസിക്കും എന്ന ചിന്തയായി. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ''എന്റെ ഗുരുകുലം ഇവിടെ ഉണ്ടല്ലോ'' എന്ന്. ഉടന്‍ തന്നെ മംഗളാനന്ദസ്വാമിക്ക് ഒരു കത്തെഴുതി, എനിക്കിങ്ങനെ വര്‍ക്കല ഗുരുകുലത്തില്‍ താമസിച്ചുകൊണ്ട് കൊല്ലത്ത് ജോലിക്ക് പോകാന്‍ ആഗ്രഹമുണ്ട്. അനുവദിക്കും എങ്കില്‍ നന്നായിരിക്കും. ''പ്രസാദിനെ അനുവദിച്ചില്ലെങ്കില്‍ പിന്നെ ആരെ അനുവദിക്കും'' എന്ന് സ്വാമിയുടെ മറുപടി. അടുത്തദിവസം ഇങ്ങു പോന്നു. അതില്‍പ്പിന്നെ ഇവിടെനിന്ന് ഇറങ്ങിയിട്ടില്ല.

അപ്പോള്‍ ജോലിയായി, താമസ സൗകര്യമുണ്ട്. ഈ പ്രായത്തില്‍ കുടുംബജീവിതത്തെക്കുറിച്ച്, വിവാഹത്തെക്കുറിച്ച് ആലോചനകള്‍ ഒന്നും ഉണ്ടായില്ല? 

ഉണ്ടായിട്ടില്ല. അതിനും, എനിക്ക് തോന്നുന്നു, ഒരു പ്രത്യേക കാരണമുണ്ട്.

അപ്പോഴും സന്ന്യാസി ആകാന്‍ തീരുമാനിച്ചിരുന്നില്ല? 

ഇല്ല. ഞാന്‍ തീരുമാനിച്ചിരുന്നില്ല. 

അതുകൊണ്ടാണ് ഞാന്‍ ആ ചോദ്യം ചോദിച്ചത്? 

പക്ഷേ, വിവാഹം കഴിക്കണ്ട എന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതിനു കാരണം, ഞാന്‍ കണ്ട എന്റെ അച്ഛന്റെ വിവാഹജീവിതം ഒരു വലിയ പരാജയം ആയിരുന്നു എന്നതായിരുന്നു. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് അദ്ദേഹം രണ്ടു വിവാഹം നടത്തിയിട്ടുണ്ട്; അവര്‍ രണ്ടുപേരും മരിച്ചുപോയി. എന്റെ അമ്മയാകട്ടെ; എന്റെ പത്താമത്തെ വയസ്സില്‍ മരിച്ചു. അതുകഴിഞ്ഞും അദ്ദേഹം രണ്ട് വിവാഹം നടത്തിയിട്ടുണ്ട്; ഞങ്ങളെ വളര്‍ത്താന്‍ വേണ്ടി. ഇതെല്ലാം അറിഞ്ഞ് എനിക്ക് വിവാഹം ഒരു വലിയ പരാജയമാണെന്നു തോന്നിത്തുടങ്ങി. അപ്പോഴേ എന്റെ കുട്ടിമനസ്സില്‍ അങ്ങ് തോന്നി, വിവാഹം കഴിക്കാതെ മനുഷ്യര്‍ക്ക് ജീവിച്ചുകൂടെ എന്ന്. അതു പിന്നെ മനസ്സില്‍നിന്നു മാറിയിട്ടേ ഇല്ല. വിവാഹപ്രായമൊക്കെ ആയപ്പോഴേക്കും ഞാന്‍ ഗുരുകുലത്തില്‍ വന്നു; ഇടക്കിടയ്‌ക്കൊക്കെ ഞാന്‍ അച്ഛന്റെ അടുത്തേക്ക് പോകും. ചെറിയ സഹായവും എത്തിക്കും. അപ്പോള്‍ അച്ഛന്‍ ഈ കാര്യങ്ങളൊക്കെ സംസാരിക്കും. ഞാന്‍ എല്ലാം അങ്ങനെ കേട്ടുനില്‍ക്കും. ഞാനൊന്നും മറുപടി പറയില്ല. അവസാനം ഊണും കഴിച്ചിങ്ങു പോരും. അങ്ങനെ പല പ്രാവശ്യം ആയപ്പോള്‍ ഒരുനാള്‍ അച്ഛന്‍ പറഞ്ഞു: ''ഇത്രയും നാള്‍ ഞാന്‍ നിന്റെയടുത്ത് സംസാരിച്ചു, നീ ഒന്നും മിണ്ടുന്നില്ല, ഇനി ഞാനും മിണ്ടുന്നില്ല.'' നടരാജഗുരു ഇതറിഞ്ഞു. അച്ഛന്‍ ഒരിക്കല്‍ ഇവിടെ വന്നപ്പോള്‍, ഇവിടെ ഉണ്ടായിരുന്ന കുറ്റിപ്പുഴ പരമേശ്വരന്‍ (കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അനിയന്‍) വഴി ഈ വിഷയം സംസാരിച്ചു. അദ്ദേഹം ഇവിടുത്തെ ഹൈസ്‌കൂള്‍ ഹെഡ്മാഷ് ആയിരുന്നു. ഗുരുകുലവുമായി വളരെ അടുത്ത ബന്ധമുള്ള ആള്‍. എനിക്കും വളരെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തെ ഒക്കെ സ്വാധീനിച്ച് എന്നെ വിവാഹത്തിന് പ്രേരിപ്പിക്കണം എന്ന് വിചാരിച്ചിരിക്കും. ഇതേത്തുടര്‍ന്ന് അദ്ദേഹവും എനിക്ക് കുറെ ഉപദേശങ്ങള്‍ ഒക്കെ തന്നു. ഇതും നടരാജഗുരു അറിഞ്ഞു. ഗുരു എന്നെ വിളിപ്പിച്ചു പറഞ്ഞു: ''അച്ഛനെ അനുസരിക്കാതെ ജീവിക്കുന്നത് നല്ലതല്ല.'' എന്റെ മനസ്സിന് അത് വലിയ വിഷമമുണ്ടാക്കി. 

നടരാജഗുരു അപ്പോഴേക്കും താങ്കളുടെ ജീവിതത്തില്‍ ഒരു സ്വാധീനമായി മാറിയിരുന്നോ? 

തീര്‍ച്ചയായും. എന്ന് തന്നെയല്ല, സന്ന്യാസി ആകാന്‍ തീരുമാനിച്ചില്ല എങ്കിലും അപ്പോഴേ ഗുരുകുലത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു; ഞാനത് മനസ്സില്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പിന്നെ ആ ഒരു കുറ്റബോധം മനസ്സിലുണ്ടായിരുന്നു. ആ കുറ്റബോധത്തില്‍നിന്ന് ഞാന്‍ മോചിതനായിത്തീര്‍ന്നത് 1970-ലാണ്. പയ്യന്നൂര്‍ വച്ച് നടന്ന, നടരാജഗുരു നടത്തുന്ന ലോകസമാധാന സമ്മേളനത്തിന് പോകുന്നതിനു മുന്‍പ് ഞാന്‍ അച്ഛനെ ചെന്നുകണ്ടു; അപ്പോള്‍ അച്ഛന്‍ പറഞ്ഞു: ''നീ വലിയ ആള്‍ ആകണം എന്നു ഞാന്‍ വിചാരിച്ചു. ഇപ്പോള്‍ നീ വളരെ വലിയ ആളായിരിക്കുന്നു.'' ഇത് കേട്ടതോടെ എന്റെ മനസ്സിലെ കുറ്റബോധം തീരെ ഇല്ലാതായി. 

അച്ഛന് അത് മനസ്സിലായി എന്നര്‍ത്ഥം. അങ്ങനെ ആ പ്രശ്‌നം തീര്‍ന്നു. അപ്പോള്‍, അതോടുകൂടി ജീവിതം വേറെ ഒരു തലത്തിലേക്ക് വഴിമാറി അല്ലേ? 

അതെ, മാറി. 
പുറകിലേക്ക് പോയാല്‍, അന്നുതന്നെ ഇതിന്റെ അന്തരീക്ഷത്തിലായി, സന്ന്യാസി ആകണം എന്ന് ആലോചിച്ചില്ല. പക്ഷേ... 
അപ്പോള്‍ത്തന്നെ ഞാന്‍ ഗുരുകുലം വിട്ടുപോകുന്നില്ല എന്നു തീരുമാനിച്ചു കഴിഞ്ഞിരുന്നു. സന്ന്യാസത്തിലേക്ക് പോകുന്നതിനെപ്പറ്റി ചിന്തിച്ചുമില്ല. 

സര്‍ക്കാര്‍ ജോലിയൊക്കെ അപ്പോഴേക്കും അവസാനിപ്പിച്ചുവോ? 

അതെ. ജോലി ഒക്കെ അവസാനിപ്പിച്ചു. അവസാനിപ്പിക്കാനും ഒരു കാരണം ഉണ്ടായി. കൊല്ലത്തേക്ക് പോയിട്ട് വരുന്നത് വളരെ എളുപ്പമാണ്. എന്നാല്‍, താമസിയാതെ എന്നെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരത്ത് പോകണം എന്നുവച്ചാല്‍ അതിരാവിലെ ആറുമണിക്ക് ഇവിടെ നിന്നിറങ്ങണം; രാത്രി ഏഴ് ഏഴരയാകും ഇവിടെ തിരിച്ചെത്താന്‍. അപ്പോള്‍ ഒന്നും നടക്കില്ല. അതു മാത്രമല്ല, അപ്പോഴേക്കും വര്‍ക്കല ഗുരുകുലത്തിന്റെ പല ചുമതലകളും എന്റെ മേലായി. അതും വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. മംഗളാനന്ദസ്വാമികള്‍ സമാധിയായി. ഇവിടെ ഉണ്ടായിരുന്ന മാനേജര്‍ രായ്ക്ക്രാമാനം ഒളിച്ചോടിപ്പോയി.

നടരാജഗുരു അപ്പോഴൊക്കെ യാത്രയിലായിരുന്നോ

അതെ, അദ്ദേഹം മിക്കപ്പോഴും യാത്രയിലായിരിക്കും. ഇവിടെ ഞാന്‍ മാത്രമാണ് ഉള്ളത്. എല്ലാം കൂടെ എന്റെ തലയില്‍ ഏല്പിച്ചു. അപ്പോള്‍ ഗുരുകുലത്തിന്റെ മുഴുവന്‍ ചുമതലയും എന്റെ മേലായി. അതിനിടയ്ക്ക് ഗുരുകുല മാസിക തുടങ്ങി; അതു നടത്തണം, എനിക്ക് ഉദ്യോഗത്തിനു പോകണം. 20-ഉം 25-ഉം കുട്ടികള്‍ ഗുരുകുലത്തില്‍ താമസിക്കുന്നുണ്ട്. അവരുടെ കാര്യം നോക്കണം. ഇതെല്ലാം കൂടി എന്റെ തലയില്‍ ഇങ്ങനെ വന്നപ്പോള്‍ ഞാന്‍ കറങ്ങിപ്പോയി. ഈ ഉദ്യോഗം ഏറെക്കാലം കൊണ്ടുപോകേണ്ടതല്ലെന്ന് ഞാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍പ്പിന്നെ ഇപ്പോള്‍ത്തന്നെ ആകാം. ഒരുദിവസം ഞാന്‍ തിരുവനന്തപുരത്തേക്ക് പോയി. പുതിയ ഓഫീസില്‍ ചെന്നു; അവിടുത്തെ ഓഫീസറെ കണ്ടു. ഞാന്‍ പറഞ്ഞു: ''എനിക്ക് കുറച്ചു നാളത്തേക്ക് അവധി തരണം. ഗുരുകുലത്തില്‍ എനിക്കിങ്ങനെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വന്നിരിക്കുകയാണ്. അതിനാല്‍ അവധി തരണം.'' എന്നാല്‍, സൂപ്രണ്ടിങ്ങ് എന്‍ജിനീയര്‍ സമ്മതിച്ചില്ല. ഞാന്‍ അന്നു തീരുമാനിച്ചു; ഞാന്‍ ഇനി ഈ ഓഫീസിലേക്ക് വരില്ല. ഞാന്‍ ഇവിടെ വന്ന് അദ്ദേഹത്തിന് ഒരു പേര്‍സണല്‍ കത്തും ലീവ് അപേക്ഷയും എഴുതി അയച്ചുകൊടുത്തു. പിന്നെ ഞാന്‍ ആ ഓഫീസിലേക്ക് പോയിട്ടില്ല. പിന്നീട് ലീവ് സാലറി ഇവിടെ മണിഓര്‍ഡര്‍ ആയിട്ടു വരുമായിരുന്നു. അത് അച്ഛന് കൊണ്ട് അങ്ങ് കൊടുക്കും. അതു കഴിഞ്ഞു; അവധി കഴിഞ്ഞപ്പോഴേക്കും ജോലി രാജിവെച്ചു. അത്രയേയുള്ളൂ. അതങ്ങനെ തേഞ്ഞുമാഞ്ഞുപോയി.

മുനി നാരായണ പ്രസാദ് 
മുനി നാരായണ പ്രസാദ് 

അങ്ങനെ ഒരു പുതിയ ജീവിതം. എന്താണോ ആഗ്രഹിച്ചത് അതിലേക്കെത്തി എന്നു പറയാമല്ലേ? 

അതെ. പിന്നെ അതിനിടയ്ക്ക് മറ്റൊരു കാര്യം കൂടി. ഞാന്‍ ഗുരുകുലത്തില്‍ വന്നകാലം തൊട്ടു തന്നെ വായന എന്റെ ഒരു ശീലമായി മാറി. ഞാന്‍ പലതും പഠിക്കാന്‍ തുടങ്ങി. 

അപ്പോഴേക്കും നിത്യചൈതന്യയതിയുമായിട്ടുള്ള ബന്ധമൊക്കെ തുടങ്ങിയോ? 

യതിയുമായിട്ടുള്ള ബന്ധം വക്കത്തെ സിവില്‍ എന്‍ജിനിയറിംഗ് പഠിക്കുന്ന കാലംമുതല്‍ തന്നെയുണ്ട്. നടരാജഗുരുവിനോട് ഏറെ ഭക്തിയുള്ള ആളായിരുന്നല്ലോ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയിരുന്ന കുഞ്ഞുകൃഷ്ണന്‍. ഗുരുവിന്റെ ശിഷ്യന്‍ ജയചന്ദ്രന്‍ മാസത്തില്‍ ഒരിക്കല്‍ അവിടെ വരും. വന്നാല്‍പ്പിന്നെ ഞങ്ങള്‍ ഒന്നിച്ചാണ്. അങ്ങനെ തുടങ്ങിയതാണ് ആ ബന്ധം. അതിനുശേഷമാണ് നടരാജഗുരുവിന്റെ അടുത്തേക്ക് പോലും വരുന്നത്.

എല്ലാംകൊണ്ടും നിങ്ങള്‍ ഇതിന്റെ ഭാഗം ആകുന്നു എന്നു നിങ്ങളെ ഇങ്ങനെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു?
 
അതെ, ഒരിക്കലും സ്വന്തമായി ഒരു തീരുമാനം എടുക്കാതെ തന്നെ ഞാന്‍ ഇതിനകത്ത് ആയിത്തീരുകയാണ് ചെയ്തത്. എന്റെ ഉള്ളിലുണ്ടായിരുന്ന വിചാരവും നിയതിയുടെ നിശ്ചയവും ചേര്‍ന്നിണങ്ങി...

അപ്പോഴൊന്നും ഇതിന്റെ അദ്ധ്യക്ഷ പദവിയിലേക്ക് വരുമെന്ന്...? 

ഇല്ല. ഒരിക്കലും വിചാരിച്ചിരുന്നില്ല. അപ്രതീക്ഷിതമായി മംഗളാനന്ദസ്വാമി സമാധിയായി. ഗുരുകുലത്തിന്റെ ഭരണരീതിയനുസരിച്ച് നിലവിലെ ഗുരു മൂന്നു പിന്മുറക്കാരെ തീരുമാനിക്കും. ഒരാള്‍ മരിച്ചുപോയാലും അടുത്തയാള്‍ വരത്തക്കവണ്ണം. അന്നു ജോണ്‍ സ്പിയേഴ്സ്, മംഗളാനന്ദസ്വാമി, നിത്യചൈതന്യയതി എന്നീ മൂന്നു പേരായിരുന്നു പരമ്പരയില്‍. അതിനകത്താണ് മംഗളാനന്ദസ്വാമി സമാധിയായത്. ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ തന്നെയാണ് സ്വാമിയുടെ സമാധി. 1970 കഴിഞ്ഞപ്പോഴേയ്ക്ക് ജോണ്‍ സ്പിയേഴ്സ് ഗുരുകുല സംവിധാനം വിട്ടുപോയി. അപ്പോള്‍ പരമ്പരയില്‍ നിത്യചൈതന്യയതി മാത്രമായി. അതു പോരാ, ഒരാള്‍ കൂടിയെങ്കിലും വേണം എന്നായി ഗുരു. അങ്ങനെ ഒരാളെ നോക്കിട്ടു കാണുന്നുമില്ല. കുട്ടികളുടെ ഇടയില്‍ ഒരു കുട്ടിയായി ജീവിച്ചിരിക്കുന്ന ഒരാളാണ് ഞാന്‍. എന്നെ വിളിച്ചിട്ടു പെട്ടെന്ന് നടരാജഗുരു പറഞ്ഞു: ''പ്രസാദിനെ അനന്തരാവകാശിയായി തീരുമാനിക്കുകയാണ്. നാളെ വില്‍പ്പത്രം രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്നു. അതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. നിത്യചൈതന്യയതിയുടെ അനന്തരഗാമിയായിട്ട് ഞാനോ? ഞാന്‍ അന്തംവിട്ടു നിന്നു! അതിനു മുന്‍പുതന്നെ അതിനൊക്കെ ആവശ്യമായ പഠനങ്ങള്‍ ഒക്കെ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ ഈ തീരുമാനത്തെത്തന്നെ ഒരു വെല്ലുവിളിയായി എടുക്കേണ്ടിവന്നു. സത്യത്തില്‍, നടരാജഗുരുവിന്റെ നിസ്സഹായതകൊണ്ട് അതു ചെയ്തതാണ്.

അതിന് ഏറ്റവും സാധ്യതയുള്ള ഒരാള്‍ എന്ന നിലയില്‍ താങ്കളെ കണ്ടെത്തിയതു കൊണ്ടാണല്ലോ...? 

ആയിരിക്കാം.

ഇവിടെ വന്നതിനുശേഷം എപ്പോഴെങ്കിലും തിരിച്ചു പോകണമെന്നോ അല്ലെങ്കില്‍ ഇത് വേണ്ടായിരുന്നെന്നോ ആലോചിച്ചിട്ടുണ്ടോ? 

ഇല്ല, ഒരിക്കലും തോന്നിയിട്ടില്ല.

താങ്കള്‍ക്ക് വ്യക്തിപരമായ ബന്ധം യതിയുമായിട്ടും നടരാജഗുരുവുമായിട്ടും ഉണ്ടായിരുന്നു. അതൊരു വലിയ സമ്പത്തായിട്ടു തോന്നിയിരുന്നോ? 

തീര്‍ച്ചയായും. അതൊരു വലിയ സമ്പത്താണ്.

ഇനി നാരായണഗുരുവിലേക്ക് വരുമ്പോള്‍, നാരായണഗുരുവിനെ ആഴത്തില്‍ അറിയുന്നത് ഇവിടെ വന്നതിനുശേഷമാണോ? 

തീര്‍ച്ചയായിട്ടും. നടരാജഗുരുവും നിത്യചൈതന്യയതിയും ഒക്കെ ഇവിടെയുള്ളപ്പോള്‍ ക്ലാസ്സുകള്‍ നടത്തും. അതിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാല്‍, വെറുതെ ഇങ്ങനെ തത്ത്വം പറയുകയല്ല. അതൊരു പ്രത്യേക രീതിയിലാണ്. ചാര്‍ട്ടൊക്കെ ഉണ്ടാക്കി, വരച്ചൊക്കെയാണ് എല്ലാം പഠിപ്പിച്ചിരുന്നത്. ഇപ്പോഴും ബ്ലാക്ബോഡ് ഇവിടെ കാണാം. അങ്ങനെ ഒരു പ്രത്യേക പഠനരീതിയായിരുന്നു ഇവിടെ നടന്നത്. ഞാന്‍ അതില്‍ വളരെ ആകൃഷ്ടനായിത്തീര്‍ന്നു. ഇപ്പോഴും ആ രീതിയില്‍ത്തന്നെയാണ് ഞാനും പഠിപ്പിക്കുന്നത്.

ഇപ്പോള്‍ നാരായണഗുരുകുലത്തിന്റെ അദ്ധ്യക്ഷനായി തുടരുമ്പോഴും വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല? 

ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പിന്നെ എന്റെ ഈ പ്രകൃതം. ഞാന്‍ ഒരു മൊരട്ട് സ്വഭാവക്കാരനാണ്. 

അതുകൊള്ളാം. അങ്ങനെ ഏറ്റുപറയുന്ന ഒരു മൊരട്ട് സ്വഭാവക്കാരനെ ഞാന്‍ ആദ്യമായിട്ട് കാണുകയാണ്?
 
അതുകൊണ്ടുതന്നെ എന്നെ അനന്തരഗാമിയായി തീരുമാനിച്ചപ്പോള്‍ പലയാളുകള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ''ഈ മൊരട്ട് മൂപ്പീന്നിനെയോ?'' എന്നു പലരും പറയുന്നതു ഞാന്‍ തന്നെ കേട്ടിട്ടുണ്ട്. എന്റെ സ്വഭാവം അങ്ങനെയാണ്. അങ്ങനെയല്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. അതുകൊണ്ടുതന്നെ പലര്‍ക്കും ആദ്യകാലത്ത് എന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പലരും അക്കാരണംകൊണ്ടുതന്നെ നടരാജഗുരുവിന്റെ സമാധിക്കുശേഷം ഗുരുകുലവുമായിട്ട് അകലാന്‍ തുടങ്ങി. അവരൊക്കെ കുറേ വര്‍ഷങ്ങള്‍ക്കുശേഷം, എന്റെ ക്ലാസ്സുകള്‍ യാദൃച്ഛികമായി കേള്‍ക്കാന്‍ ഇടയായപ്പോള്‍, നമ്മള്‍ വിചാരിച്ചപോലെ അല്ലല്ലോ എന്നു മനസ്സിലാക്കുകയും തിരിച്ചുവരികയും ചെയ്തിട്ടുണ്ട്.

നിത്യചൈതന്യ യതി, നടരാജ ​ഗുരു, ജോൺ സ്പിയേഴ്സ്
നിത്യചൈതന്യ യതി, നടരാജ ​ഗുരു, ജോൺ സ്പിയേഴ്സ്

കാലം ഒരുപാട് മാറിയിരിക്കുന്നു. നമ്മള്‍ ഈ പറഞ്ഞുവരുമ്പോള്‍, പുതിയൊരു നൂറ്റാണ്ടിലിരുന്നാണ്. ഗുരുകുലം തുടങ്ങിയിട്ട് നൂറുവര്‍ഷമായി അല്ലേ...? 

ഇല്ല. 98 വര്‍ഷം ആകുന്നു. 2023-ലാണ് നാരായണഗുരു കുലം തുടങ്ങിയിട്ട് നൂറുവര്‍ഷം തികയുന്നത്. 

സാങ്കേതിക രംഗത്ത് ഇപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് അതിനെ കാണുന്നത്? ഗുരുകുലം അതിനോട് ഒത്തുപോകുന്നുണ്ടോ? 

ഒരു പ്രയാസവും തോന്നുന്നില്ല. കാരണം, ഞങ്ങള്‍ ഇവിടെ പഠിക്കുന്ന പാഠങ്ങളും പഠിപ്പിക്കുന്ന പാഠങ്ങളും വെറുമൊരു ശുഷ്‌ക്കവേദാന്തമാണെന്നു പറയാന്‍ പറ്റില്ല. ഒരു വശത്ത്, ശാസ്ത്രീയരംഗത്ത് എന്തൊക്കെ അത്യാധുനിക വികാസങ്ങള്‍ ഉണ്ടായിട്ടുണ്ടോ അതിനെയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട്, അതിനെ നാരായണഗുരുവിന്റെ ദര്‍ശനത്തിനോടും പൊതുവേയുള്ള വേദാന്തദര്‍ശനത്തിനോടും ചേര്‍ത്തുവെച്ചു കാണാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ട് ഇതിനെയൊക്കെ ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസവും ഉണ്ടായിട്ടില്ല.

ഞാന്‍ ചോദിച്ചതിന്റെ ഉദ്ദേശ്യം പുതിയ തലമുറ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടോ എന്നറിയാനാണ്. പുതിയ ചെറുപ്പക്കാര്‍ ഗുരുദര്‍ശനത്തിന്റെ പഠനത്തില്‍ തല്പരരാണോ? 

അത് കുറവാണെന്നു പറയണം. കാരണം മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. പല കാരണങ്ങളുണ്ട്. ഒന്ന്, ആധുനിക സാങ്കേതികവിദ്യ ഇങ്ങനെ വികസിച്ചതുകൊണ്ട് ഒരുപാട് ചെറുപ്പക്കാര്‍ അതിലേക്ക് ആകൃഷ്ടരാകുന്നതുകൊണ്ട്, ഇതിലേക്കെല്ലാം വരാനുള്ള ആളുകളുടെ എണ്ണം വളരെ കുറയുന്നുണ്ട്. മറ്റൊന്ന്, ഞങ്ങളുടെയെല്ലാം കുട്ടിക്കാലത്ത് ഓരോ വീട്ടിലും ആറും ഏഴും എട്ടും ഒക്കെ മക്കള്‍ ഉണ്ടാകുമായിരുന്നു. ഇപ്പോള്‍ എവിടേയും രണ്ടുപേരേയുള്ളൂ. അന്നൊക്കെ ഒരു മോനോ മോളോ ഇതിനൊക്കെ പോകുന്നു എങ്കില്‍ ഒരു കുഴപ്പവും ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ ഒരു കാരണവശാലും വിട്ടുകൊടുക്കാന്‍ നിവൃത്തിയില്ല. അങ്ങനെ രണ്ട് കാര്യങ്ങളുണ്ട്.

പുതിയ തലമുറ കൂടുതലായി സാങ്കേതിക മേഖലയിലേക്കൊക്കെ പോകുമ്പോള്‍, ആ സാങ്കേതിക മേഖലയെ ഉപയോഗപ്പെടുത്തി ഈ പഠനപദ്ധതികളൊക്കെ അവരിലേക്ക് എത്തിക്കാനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടോ? 

അതു ചെയ്യുന്നുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

അതില്ലാതെ ഇനി അവരെ കിട്ടില്ല? 

അതെ. എനിക്കാണെങ്കില്‍, ഈ ആധുനിക ലോകത്തെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയുമായിട്ട് വലിയ പരിചയമില്ല. എന്നാലും എന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് അതുമായി പരിചയമുണ്ട്. യൂട്യൂബ് പോലെയുള്ള മാധ്യമങ്ങളില്‍ ഞാന്‍ നേരിട്ട് ഒന്നും ചെയ്യാറില്ല. എന്നാല്‍, ചിലയാളുകളൊക്കെ ഞാന്‍ നടത്തുന്ന ക്ലാസ്സുകള്‍ അതിലേക്ക് എടുത്തിടാറുണ്ട്.

നാരായണഗുരുവിന്റെ ചിന്തകള്‍ക്ക് പുതിയ കാലത്തിനോട് ഒത്തുചേര്‍ന്നു നില്‍ക്കാനുള്ള കഴിവുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല, അല്ലേ

തീര്‍ച്ചയായിട്ടും സാധിക്കും. 

അതിനകത്ത് ഒരു സംശയവും ഇല്ല അല്ലേ? 

ഒരു സംശയവും ഇല്ല എന്നുമാത്രമല്ല, അത് എങ്ങനെയാണെന്ന് വെച്ചാല്‍, നാരായണഗുരുവിന്റെ ദര്‍ശനത്തെ നടരാജഗുരു ഉള്‍ക്കൊണ്ടു. അതെങ്ങനെയെന്നാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. 'ഇന്റഗ്രേറ്റഡ് സയന്‍സ്' എന്നുള്ള അര്‍ത്ഥത്തിലാണത്. എന്നു പറഞ്ഞാല്‍, ഭൗതികത ഒരുവശത്തും ആധ്യാത്മികത മറുവശത്തുമായി വരുന്ന ഒരു സത്യദര്‍ശനമെന്ന തരത്തിലാണത്. പരമമായ സത്യം. സത്യം എന്നു പറയുന്നത് ഒരു വശത്തേയ്ക്കു മാത്രം ചാഞ്ഞു നില്‍ക്കുന്നതല്ല. മറിച്ച് രണ്ട് വശത്തിനേയും ഉള്‍ക്കൊള്ളുന്നതാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, അറിവെന്ന ഒന്നില്‍ ശാസ്ത്രമായാലും തത്ത്വചിന്തയായാലും ലോകത്തുള്ള ഏതെല്ലാം പഠനവിഷയങ്ങള്‍ ഉണ്ടായിരുന്നാലും അതെല്ലാം അറിവിന്റെ പലതരത്തിലുള്ള പ്രകടഭാവങ്ങളാണ്. ഗുരുവിന്റെ വാക്കുകളില്‍ പറഞ്ഞാല്‍: 

''അറിവിലടങ്ങുമഭേദമായിതെല്ലാ
വരുമറിവീലതിഗോപനീയമാകും.'' 

അങ്ങനെ നോക്കുമ്പോള്‍ അറിവ് എന്നതില്‍ എല്ലാ ശാസ്ത്രങ്ങളും എല്ലാ കലകളും വന്നു സന്ധിക്കും. നടരാജഗുരു പ്രധാനമായും ഉയര്‍ത്തിക്കാണിക്കുന്നത് രണ്ടുതലങ്ങളെയാണ്. ഒന്ന് ഭൗതിക ശാസ്ത്രത്തിന്റെ വശം, മറ്റേത് ആധ്യാത്മിക ശാസ്ത്രത്തിന്റെ വശം- ഇതുരണ്ടും വാസ്തവത്തില്‍ മനുഷ്യന്റെ അറിവിന്റെ രണ്ട് മുഖങ്ങളാണ്. അതുകൊണ്ട് ആ അറിവിനെപ്പറ്റിയൊരു ശാസ്ത്രമുണ്ടെങ്കില്‍ അതിനകത്ത് ഭൗതിക ചിന്തയും ആധ്യാത്മികചിന്തയും ഏകീകൃതമായിരിക്കും. ആ അറിവിനെപ്പറ്റിയുള്ള ശാസ്ത്രമെന്തെന്നു ചോദിച്ചാല്‍, അതാണ് വാസ്തവത്തില്‍ പണ്ടുകാലംതൊട്ടേ ഭാരതത്തില്‍ നിലനില്‍ക്കുന്ന ബ്രഹ്മവിദ്യ. ബ്രഹ്മവിദ്യ എന്നുവച്ചാല്‍, നമ്മള്‍ ബ്രഹ്മം എന്ന വാക്ക് പറയുന്നു, പക്ഷേ, അത് സാരത്തില്‍ എന്താണ്? അതു കേവലമായ അറിവ്, നാരായണഗുരുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അറിവാണ്. വേദാന്തശാസ്ത്രത്തില്‍ അതിനെ 'ചിദ്വസ്തു' എന്നും പറയും. 'ചിത്ത്' എന്നു പറഞ്ഞാല്‍ 'കോണ്‍ഷ്യസ്നെസ്' എന്നര്‍ത്ഥം. ബോധത്തെത്തന്നെ ഒരു വസ്തുവായി അല്ലെങ്കില്‍ സത്യമായി കണ്ടാല്‍, ആ സത്യംതന്നെയാണ് ഒരുവശത്ത് ആധ്യാത്മിക ശാസ്ത്രമായി വളര്‍ന്നുവന്നിരിക്കുന്നത്. അതുതന്നെയാണ് മറുവശത്ത് ഭൗതികശാസ്ത്രമായി വളര്‍ന്നുവന്നിരിക്കുന്നത്. ആ അറിവില്‍ ഇതുരണ്ടും സന്ധിക്കുന്നു. ആ അറിവിനെ സംബന്ധിക്കുന്ന ഒരു ശാസ്ത്രമുണ്ട്. ആ അടിസ്ഥാന ശാസ്ത്രത്തില്‍ ഈ രണ്ട് ശാസ്ത്രങ്ങളും ഒന്നായിത്തീരും. അങ്ങനെ ഒരു ശാസ്ത്രമായിട്ടാണ് ബ്രഹ്മവിദ്യയെ നാരായണഗുരു അവതരിപ്പിച്ചത്. അതിനെ കുറച്ചുകൂടി ആധുനിക ശാസ്ത്രത്തിന്റെ ശൈലിയില്‍ വികസിപ്പിച്ചു കാണിക്കാനാണ് നടരാജഗുരു ശ്രമിച്ചത്. അതു പഠനത്തിന്റെ ഒരു വലിയ അടിസ്ഥാനമാണ്. 'ആന്‍ ഇന്റഗ്രേറ്റഡ് സയന്‍സ് ഓഫ് ദി ആബ്സല്യൂട്ട്' എന്ന പേരില്‍ നടരാജഗുരു എഴുതിയ ഒരു ബൃഹദ്ഗ്രന്ഥമുണ്ട്. അതിനു രണ്ട് ഭാഗങ്ങളുണ്ട്. അതിന്റെ ആദ്യഭാഗം ഞാന്‍ തര്‍ജ്ജമ ചെയ്തുകഴിഞ്ഞു. രണ്ടാമത്തെ ഭാഗത്തിന്റെ ആമുഖത്തില്‍ നില്‍ക്കുകയാണ് ഇപ്പോള്‍. നടരാജഗുരുവിന്റെ കാലത്ത്, അന്നുവരെ ഉണ്ടായിരുന്ന ഭൗതികശാസ്ത്രത്തിന്റെ എല്ലാ സിദ്ധാന്തങ്ങളും അതിലുണ്ട്. ഒരു അറിവിലേക്ക് എങ്ങനെ അതിനെ ഏകോപിച്ചു കൊണ്ടുവരാന്‍ സാധിക്കും എന്നാണ് ഗുരു ഓരോ ഘട്ടത്തിലും എടുത്തുകാണിക്കുന്നത്. പാശ്ചാത്യ തത്ത്വചിന്തയുമുണ്ട്. ഒരു പാശ്ചാത്യ തത്ത്വചിന്തകനെ എടുത്തു, അദ്ദേഹത്തെ പഠിക്കുമ്പോള്‍ ഈ ഒരു പദ്ധതിയില്‍ അതിനെ നമുക്ക് എങ്ങനെ ഉള്‍പ്പെടുത്താം? ബെര്‍ഗ്സണിനെ പഠിച്ചു, എങ്ങനെ നമ്മള്‍ക്ക് ഉള്‍പ്പെടുത്താം? ഐന്‍സ്റ്റയിനെ പഠിച്ചു. അപ്പോള്‍ അറിവിന്റെ ഒരു മുഖമായിട്ടു എങ്ങനെ അതിനെ കാണാം? ആ അറിവ് വൃത്തികളോടുകൂടിയിരിക്കുമ്പോള്‍ അതിന്റേതായ, നടരാജഗുരുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ടോട്ടല്‍ സ്ട്രക്ചര്‍' ഉണ്ട്. അതു മനസ്സിലാക്കിയിട്ട് അതില്‍ ഒരു പ്രത്യേക ചിന്തയ്ക്ക് അഥവാ ശാസ്ത്രത്തിന് എവിടെ സ്ഥാനം നല്‍കാമെന്നു കണ്ടെത്തണം. ഇനി എത്ര ശാസ്ത്രങ്ങള്‍ ഉണ്ടായാലും ശരി, അതിനെയൊക്കെ ഇതിനകത്ത് ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. അങ്ങനെ ഒരു കാഴ്ചപ്പാടാണ് ഗുരുകുലത്തിനുള്ളത്. 

ആധ്യാത്മികതയുടെ കാര്യം പറയുമ്പോള്‍ ഒരു പ്രശ്‌നം കടന്നുവരുന്നു. ആധ്യാത്മികതയും മതവും തമ്മില്‍ മിക്കപ്പോഴും ഒരു കെട്ടുപിണയല്‍ സംഭവിക്കുന്നുണ്ട്. അതാണ് ലോകത്തിന്റെ മുന്നില്‍ എപ്പോഴും പ്രതിസന്ധിയുണ്ടാക്കിയിട്ടുള്ളത്. ഒരുപക്ഷേ, അതില്‍നിന്നുള്ള മോചനമായിരിക്കും നാരായണഗുരുപോലും ആഗ്രഹിച്ചിട്ടുണ്ടാവുക? 

അതെ. സുധീര്‍ പറഞ്ഞത് കൃത്യമാണ്. നാരായണഗുരു ദര്‍ശിച്ച ആധ്യാത്മികതയില്‍ മതങ്ങള്‍ക്കു സ്ഥാനമില്ല. അഥവാ അത് എല്ലാ മതങ്ങളുടേയും അന്തസ്സാരമായിരിക്കുന്നതാണ്. അതുകൊണ്ടാണല്ലോ ഗുരു പറഞ്ഞത്:

''പലമതസാരവുമേകമെന്നുപാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞുപാമരന്മാ-
രലവതുകണ്ടാലയാതമര്‍ന്നിടേണം.''

അതിനെന്തെങ്കിലും ചെയ്യാന്‍ ഗുരുകുലത്തിനു ഇപ്പോഴും സാധിക്കുന്നുണ്ടോ എന്നുള്ളതാണ് ഒരു ചോദ്യം? 

ഉണ്ട്, അത്തരത്തിലുള്ള ആശയങ്ങള്‍ വളരെയധികം എഴുതാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ പ്രഭാവം ചെന്നെത്തുന്ന സ്ഥലത്തിലല്ല ഈ മതങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചിട്ട് നടത്തുന്ന പ്രസ്ഥാനങ്ങള്‍ നിലകൊള്ളുന്നത്. നാട്ടില്‍ മതസൗഹാര്‍ദ്ദ സമ്മേളനങ്ങള്‍ നടക്കാറുണ്ട്, പലയിടത്തും. ഞാന്‍ പോവാറില്ല. എനിക്ക് ആ വിഷയത്തില്‍ താല്പപ്പര്യം ഇല്ലാത്തതുകൊണ്ടല്ല. ഇതു കേള്‍ക്കേണ്ടവരല്ല കേള്‍ക്കുന്നത് എന്നതുകൊണ്ടാണ്. അവിടെ ഈ വിഷയത്തില്‍ സമാന മന:സ്ഥിതിയുള്ള കുറച്ചു ആളുകള്‍ വന്നിരുന്നു ചിന്തിക്കും പറയും പോവും. അല്ലാതെ ഇതു കേള്‍ക്കേണ്ടവര്‍ കേള്‍ക്കില്ല. വെറുതേ എന്തിനു സമയം കളയുന്നു എന്നു വിചാരിച്ചു ഞാന്‍ പോവാറില്ല. അതുപോലെതന്നെയാണ് ഇന്നത്തെ കാലത്ത് മതതീവ്രവാദവും. മതങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നു.

അതിന്റെയൊരു തീവ്രത കൂടിയിട്ടില്ലേ? 

കൂടിയിട്ടുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടില്‍ നാരായണഗുരുവും നടരാജഗുരുവും യതിയും പോലും നോക്കിക്കണ്ടിരുന്ന അവസ്ഥയില്‍ അല്ല ഇന്നു കാര്യങ്ങള്‍? 

അല്ല.

വലിയ വിചിത്രമായ രീതിയില്‍ ഹിന്ദുവര്‍ഗ്ഗീയതയും അതിന്റെ രാഷ്ട്രീയമുഖങ്ങളും ഒക്കെ വളര്‍ന്നുവരികയാണ്. ഒരുപക്ഷേ, ഈ കാലാവസ്ഥയില്‍ ഗുരുകുലത്തിനു പിടിച്ചുനില്‍ക്കാന്‍ കഴിയുന്നുണ്ടോ? പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടോ? പിടിച്ചുനില്‍ക്കാന്‍ കഴിയുമോ? എനിക്കു സംശയമുണ്ട്? 

ഞങ്ങള്‍ പിടിച്ചുനില്‍ക്കും, പിടിച്ചുനിര്‍ത്തും. ഞങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഇതുവരെ ഞങ്ങള്‍ പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. ഇനിയും പിടിച്ചുനിര്‍ത്തും.

ഹിന്ദുത്വ എന്നും ഹിന്ദു എന്നും പറയുന്നത് രണ്ടായി കാണേണ്ടതുണ്ട് എന്നത് വളരെ പ്രധാനമാണ്. അതു വളരെ ഗാഢമായി ഇന്നത്തെ ഇന്ത്യയില്‍ മനസ്സിലാക്കേണ്ട ഒരു കാര്യമാണ്? 

അതെ.

ഭാരതീയ സംസ്‌കാരം എന്നു പറയുന്നത് വെറും ഹിന്ദു സംസ്‌കാരം അല്ലെന്നും ആ ഒരു തായ്വഴിയിലാണ് നാരായണഗുരു നില്‍ക്കുന്നതെന്നും അതിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാകും എന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്? 

അതെ. ഉദാഹരണത്തിന് 'ലോകസമസ്താഃസുഖിനോഭവന്തു' - ഭാരതീയ സംസ്‌കാരത്തിന്റെ ഒരു മഹാവാക്യമാണ്. 'ലോകസമസ്താഃ' എന്നു പറഞ്ഞാല്‍ ഹിന്ദുക്കള്‍ മാത്രമല്ല, ലോകത്തുള്ള സമസ്ത മനുഷ്യരും എന്നാണ് അതിന്റെ അര്‍ത്ഥം. അത്തരത്തില്‍ സകലതിനേയും ഉള്‍ക്കൊള്ളുന്ന, ഒന്നിനേയും വെളിയില്‍ നിര്‍ത്താത്ത തരത്തിലുള്ള ഒരു സംസ്‌കാരമാണ് നമ്മള്‍ക്ക് ഇവിടെ ഭാരതത്തില്‍ ഉണ്ടായിരുന്നത്. മതവും രാഷ്ട്രീയവും രാഷ്ട്രീയ താല്പര്യങ്ങളും അതിലുള്ള തീവ്രതയും എല്ലാം കൂടിച്ചേര്‍ന്നപ്പോഴേക്കും അത് ഒരു വശത്തേയ്ക്ക് ചാഞ്ഞുപോയിട്ടുണ്ട് എന്നെനിക്കറിയാം. 

ഹിന്ദുവിന്റെ മുഖത്തില്‍നിന്നു മോചിതരാകാന്‍ ഗുരുകുലത്തിനു കഴിയാതെ പോയിട്ടുണ്ടോ? കാഷായവസ്ത്രം, അല്ലെങ്കില്‍ അങ്ങനെയൊരു ചുറ്റുവട്ടം ഇതിനകത്തുണ്ടോ? ഹോമങ്ങളും മറ്റും? 

ഗുരുകുലത്തില്‍ ഞങ്ങള്‍ കാഷായവസ്ത്രങ്ങള്‍ സ്വീകരിക്കുന്നു. അതൊക്കെയുണ്ട്. എന്നാല്‍, ഏതര്‍ത്ഥത്തില്‍ അങ്ങനെ ചെയ്യുന്നു എന്നു വിവരിച്ചുകൊണ്ടാണങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ ഞായറാഴ്ച ഇവിടെ ഹോമം ചെയ്യും. നാരായണഗുരു തന്നെ എഴുതിത്തന്ന മന്ത്രം ചൊല്ലിക്കൊണ്ടാണ് ഇവിടെ ഹോമം ചെയ്യുന്നത്. അപ്പോള്‍ അതിന്റെ അര്‍ത്ഥം എന്ത്, ഏതര്‍ത്ഥത്തിലാണ് നമ്മള്‍ ഈ യജ്ഞത്തെ മനസ്സിലാക്കേണ്ടത് എന്നു വിവരിക്കാതെ ഞങ്ങള്‍ ചെയ്യില്ല. മതപരമായ കര്‍മ്മത്തെ ജ്ഞാനപ്രധാനമായ ഒരു പാഠമാക്കി രൂപാന്തരീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ ജ്ഞാനമാകട്ടെ, ഒരു മതത്തിന്റേതുമല്ലതാനും. അങ്ങനെയാണ് നടരാജഗുരു എപ്പോഴും ചെയ്തിട്ടുള്ളത്. ഞങ്ങള്‍ ഇപ്പോഴും ചെയ്യുന്നത്. ഹോമം നടത്തുന്നുണ്ടോ, എങ്കില്‍ അതിന്റെ അര്‍ത്ഥവും പറഞ്ഞിരിക്കും. എന്തിനുവേണ്ടി, എന്തുകൊണ്ട് എന്ന് വ്യക്തമായി പറഞ്ഞിട്ടേ എന്തും ഇവിടെ ചെയ്യാറുള്ളൂ. 

ഞാന്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് ഇതൊക്കെ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ള ഒരു കാലത്താണ് നമ്മള്‍ ഇപ്പോഴുള്ളത് എന്നുള്ളതുകൊണ്ടാണ്. അത്തരം കാര്യങ്ങളില്‍ ഒരു നവീകരണം ആവശ്യമാണ് എന്നൊരു തോന്നല്‍ ഉണ്ടോ എന്നുള്ളതാണ് എന്റെ കൃത്യമായ ചോദ്യം? 

എങ്ങനെയുള്ള നവീകരണം?

ഇന്നത്തെ കാലത്ത് ഈ രീതിയില്‍ അടയാളപ്പെടുത്തപ്പെട്ട് കഴിഞ്ഞാല്‍ അതു സമൂഹത്തിന് നല്‍കുന്ന തെറ്റായ ഒരു സന്ദേശമായി പോകുമോ എന്നുള്ള ഒരു സംശയം? 

ഇല്ല. ഹോമം പോലെയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഇരുന്നാലോ...?

കാരണം, വളരെ മോശപ്പെട്ടവര്‍ അതിന്റെ അര്‍ത്ഥം അറിയാതെ വളരെ വികലമായ ഒരുരീതിയില്‍ അതുചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളത്, അല്ലേ? 

പക്ഷേ, ഈ രീതികള്‍ വിട്ടുകളയാനും നിവൃത്തിയില്ല. കാരണം ഭാരതീയ സംസ്‌കാരത്തിന്റെ പല വിലപ്പെട്ട മൂല്യങ്ങളും ആശയങ്ങളും അതിനകത്ത് കിടക്കുകയാണ്.

അങ്ങനെയാണ് അതിനെ കാണുന്നത് അല്ലേ? 

ഭഗവദ്ഗീതയില്‍ പറയുന്നു 'യജ്ഞാര്‍ത്ഥാത്കര്‍മ്മണോന്യത്രലോകോയംകര്‍മ്മബന്ധന.' എന്നു പറഞ്ഞാല്‍, യജ്ഞം എന്നുള്ള തരത്തിലല്ലാതെ നീ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും നിന്നെ കര്‍മ്മബന്ധത്തില്‍ കൊണ്ട് ചാടിക്കുകയേയുള്ളൂ. എല്ലാ കര്‍മ്മബന്ധങ്ങളില്‍നിന്നും മോചിതരായി മനുഷ്യനു ജീവിക്കണം എന്നുണ്ട് എങ്കില്‍ ഒരു യജ്ഞം എന്നുള്ള നിലയ്ക്കു സകല കര്‍മ്മങ്ങളും ചെയ്യാന്‍ പഠിച്ചിരിക്കണം. ജീവിതത്തിലുള്ള സകല കാര്യങ്ങളേയും യജ്ഞമായിട്ട് കാണുന്നതിന്റെ ഒരു പാഠമാണ് ഞങ്ങള്‍ ചെയ്യുന്ന യജ്ഞം. അല്ലാതെ അതിനകത്ത് ആചാരപരമായ മൂല്യങ്ങള്‍ ഒന്നുംതന്നെയില്ല. നമ്മള്‍ വാക്കുകൊണ്ടു പറയുന്നു, അല്ലെങ്കില്‍ ബോര്‍ഡില്‍ എഴുതി പഠിപ്പിക്കുന്നു, ഇതു ചെയ്തു കാണിച്ചു പഠിപ്പിക്കുന്നു, അതൊരു പാഠമാണ്. അല്ലാതെ വേറെ ഒരു അര്‍ത്ഥവും അതിനില്ല. അതുകൊണ്ട് ഇതിനെ മതപരമായ ഒരു ചടങ്ങായിട്ട് പോലും ഞങ്ങള്‍ കണക്കാക്കിയിട്ടില്ല. പിന്നെ കാഷായവസ്ത്രം ധരിക്കുന്നത് ത്യാഗത്തിന്റെ ഒരു സൂചകമായിട്ടു മാത്രമേ എടുത്തിട്ടുള്ളൂ. മതപരമായ ഒന്നായിട്ടല്ല. പിന്നെ മറ്റൊന്നുള്ളത്, ഈ പ്രസ്ഥാനത്തെ ഒരു സ്ഥാപനമായി എടുക്കുമ്പോള്‍, പിന്തുടര്‍ച്ചാവകാശം പോലെയുള്ള കാര്യങ്ങള്‍ ഹിന്ദു ആക്ട് അനുസരിച്ചാണുള്ളത്. അതില്‍നിന്ന് വിട്ടുമാറാന്‍ സാധിക്കുകയുമില്ല. അതു വ്യവഹാരത്തിന്റെ ലോകത്ത് അങ്ങനെ കിടക്കും. കിടക്കാതെ നിവൃത്തിയില്ല. അതിനേയും ചിലപ്പോള്‍ ആളുകള്‍ എടുത്ത് തിരിച്ചു കാണിക്കാം, പക്ഷേ, ഒരു സ്ഥാപനമായി മുന്നോട്ടു പോകണമെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്തിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ആക്ട് അനുസരിച്ചായിരിക്കണം ഇതു തുടരേണ്ടത്.

മുനി നാരായണ പ്രസാദിനൊപ്പം എൻഇ സുധീർ
മുനി നാരായണ പ്രസാദിനൊപ്പം എൻഇ സുധീർ

പ്രായോഗിക നിസ്സഹായതകളാണ് എന്നാണ് പറഞ്ഞുവരുന്നത്, അല്ലേ? 

അതെ. അത്രേയുള്ളൂ. ഇതിനെല്ലാമുപരി, നാരായണഗുരുകുല പ്രസ്ഥാനം ലോകവാസനയനുസരിച്ചല്ല നടക്കുന്നത്. ലോകരെ ബോദ്ധ്യപ്പെടുത്തുകയല്ല, ജിജ്ഞാസുക്കളുടെ ജ്ഞാനതൃഷ്ണ ശമിപ്പിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം. 

നാരായണഗുരുവിലേക്ക് വരുമ്പോള്‍, കേരളത്തില്‍ ഈ അടുത്തകാലത്തായി നാരായണഗുരു പൊതുമണ്ഡലത്തില്‍ വളരെ സജീവമാണ്. ഒരുപക്ഷേ, ഇന്ത്യയില്‍പോലും ഗുരു വളരെയധികം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കാലമാണിത്. നല്ല രീതിയിലോ മോശം രീതിയിലോ എന്നുള്ളത് വേറെ കാര്യം. മുനിയുടെ ചില ലേഖനങ്ങളും വ്യാഖ്യാനങ്ങളും ഒക്കെ വായിക്കുമ്പോള്‍, ഒരു സാമൂഹിക പരിഷ്‌കര്‍ത്താവായിട്ടല്ല ഗുരുവിനെ കാണേണ്ടത് എന്നൊരു തോന്നല്‍ എനിക്കുണ്ടായിട്ടുണ്ട്. അതു ശരിയാണോ? 

ശരിയാണ്. ഒരു ഉദാഹരണം വെച്ചു പറയുകയാണെങ്കില്‍, നാരായണഗുരു എന്നു പറയുന്ന പ്രകാശമുള്ള ഒരു വിളക്ക്, ആ വിളക്കിനു ചുറ്റും... ശങ്കരാചാര്യരുടെ ഒരു ഉപമയുണ്ട്, 'നാനാച്ഛിദ്രഘടോദരസ്ഥിതമഹാദീപപ്രഭാഭാസുരം'; എന്നു പറഞ്ഞാല്‍, ധാരാളം ദ്വാരങ്ങള്‍ ഇട്ടിട്ടുള്ള ഒരു കുടം, ഒരു വിളക്ക് കത്തിച്ചു വച്ചിട്ട് അതിനെ ആ കുടംകൊണ്ട് മൂടുന്നു. അപ്പോള്‍ ഈ പ്രകാശം ഓരോ ദ്വാരത്തില്‍ കൂടിയും വെളിയിലേക്ക് വരും. നാരായണഗുരു എന്നു പറയുന്ന ആ മഹാപ്രകാശം കേരളത്തിലെ സമൂഹം എന്നു പറയുന്ന ഒരു ദ്വാരത്തില്‍ കൂടി പുറത്തുവന്നപ്പോള്‍ കണ്ടതിനെയാണ് ഗുരുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവെന്ന തരത്തില്‍ ആളുകള്‍ കാണുന്നത്. പക്ഷേ, ആ ഒരു ദ്വാരത്തില്‍ കൂടി വന്ന പ്രകാശത്തെയല്ല കാണേണ്ടത്, ഈ പ്രകാശരശ്മികള്‍ എവിടെനിന്നുണ്ടായോ അവിടെനിന്നു കാണണം. അത് ആരും കാണുന്നില്ല. ഇവിടെ എത്രയോ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചിരുന്നു. അവിടെയൊക്കെ എതിര്‍ക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നു. നാരായണഗുരുവിന്റെ വാക്കുകളെ എതിര്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ? അത്ര അനിഷേദ്ധ്യമായിട്ടുള്ള ഒരു ആജ്ഞാശക്തി ആ സൗമ്യമായ വാക്കുകള്‍ക്ക് ഉണ്ടായിരുന്നു. എന്തുകൊണ്ട്? അതിന്റെ പിന്നില്‍ ഒരു വലിയ അറിവ് ഇരിക്കുന്നു; ഒരു മഹാപ്രകാശമിരിക്കുന്നു. അതിന്റെ സ്ഫുരണമാണ് നമ്മള്‍ കേള്‍ക്കുന്ന ആ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 

അങ്ങനെ നോക്കുമ്പോള്‍, ആ അറിവിനെ ഒരു സമൂഹനന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ തെറ്റില്ലല്ലോ? 

തെറ്റൊന്നുമില്ല. പക്ഷേ, ആ സമൂഹനന്മ മാത്രമാണ് നാരായണഗുരുവിന്റെ ലക്ഷ്യം എന്നു കരുതുന്നിടത്താണ് തെറ്റ്. ഗുരുവിന്റെ പ്രകാശം ഒരു പ്രത്യേക രംഗത്ത് വീണ് അവിടെ പ്രതിഫലിച്ചപ്പോള്‍ അവിടെ അങ്ങനെയത് പ്രയോജനപ്പെട്ടു; പക്ഷേ, അതുമാത്രമാണ് ഗുരുവിന്റെ ദര്‍ശനത്തിന്റെ പ്രയോജനം എന്ന് ആരും പറയരുത്. അത്രേയുള്ളൂ. അതു മാത്രമല്ല, നാരായണഗുരു കേരളത്തിനുവേണ്ടി മാത്രം എഴുതിയതല്ല ആത്മോപദേശകവും ദര്‍ശനമാലയും ബ്രഹ്മവിദ്യാപഞ്ചകവും. അവ എടുത്തുവായിച്ചു നോക്കിയാല്‍ മനസ്സിലാകും, ലോകത്തിലുള്ള ഏവരുടേയും ജീവിതസത്യത്തെപ്പറ്റിയാണ് അവ പറയുന്നത് എന്ന്. അല്ലാതെ, കേരളവുമായിട്ട് അതിനു പ്രത്യേക ബന്ധമൊന്നുമില്ല. ഗുരുവിന്റെ ദര്‍ശനത്തേയും ഗുരുവിന്റെ ജീവിതത്തിലെ പ്രവൃത്തികളേയും നമ്മള്‍ക്ക് വെവ്വേറെ കാണാന്‍ പറ്റില്ല. ഗുരുവിനെ ഇത്തരത്തില്‍ തെറ്റായി വിലയിരുത്തുന്നത് ഗുരു ജീവിച്ചിരുന്ന കാലത്തുതന്നെ തുടങ്ങിയതാണ്. അതു കണ്ട് സഹികെട്ടാണ് ഗുരു ''ഇനി നാം മലയാളത്തിലേക്കില്ല'' എന്നു പറഞ്ഞ് തമിഴ്നാട്ടിലേക്ക് ഒറ്റയ്ക്കു യാത്രപോയത്. അവസാനം കേരളത്തിലെ പ്രമാണിമാരില്‍ ചിലര്‍ ചെന്ന് ഗുരുവിനോട് അവതാ പറഞ്ഞു നിര്‍ബ്ബന്ധിച്ചു കൂട്ടിക്കൊണ്ടു വരികയാണുണ്ടായത്. 

അങ്ങനെയുമുണ്ടായോ? അതെന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല? 

ഉണ്ടായി. അത് ജീവചരിത്രങ്ങളില്‍ സ്ഥാനംപിടിച്ചിട്ടില്ലെന്നു മാത്രം. 

ഗുരുവിന്റെ ദര്‍ശനത്തേയും ഗുരുവിന്റെ പ്രവൃത്തികളേയും വെവ്വേറെ കാണാന്‍ പറ്റില്ല എന്നതു നേരുതന്നെ. പക്ഷേ, അവസാന കാലത്തും ഇടയ്ക്കുവച്ചും അദ്ദേഹം ക്ഷേത്രങ്ങള്‍ ഉണ്ടാക്കുകയും ക്ഷേത്രങ്ങളില്‍ത്തന്നെ പ്രതിഷ്ഠ നടത്തുകയുമൊക്കെ ചെയ്തല്ലോ. വൈരുധ്യമുണ്ടാകുന്ന പ്രവൃത്തികളായി അതിനെയൊക്കെ കാണുകയും ചെയ്യാം. അതൊരു കേരളീയ സാഹചര്യത്തില്‍ ചെയ്തതല്ലേ? 

ഏതൊരു മഹാഗുരുവും ചെയ്യാനിടയാകുന്ന പ്രവൃത്തികള്‍ അവര്‍ ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ മാത്രമായിരിക്കും. അതാതു നാട്ടിലെ മനുഷ്യര്‍ക്ക് അത് നന്മ ചെയ്യുമെങ്കില്‍, ആ നന്മയെ ഗുരുവിന്റെ ദര്‍ശനം ലക്ഷ്യമാക്കുന്ന നന്മയില്‍ ഉള്‍പ്പെടുന്നതായി കാണണം. ആളുകള്‍ വന്നു ആവശ്യപ്പെടുമ്പോള്‍, ഈ കേരളത്തില്‍ത്തന്നെയുള്ള ആളുകള്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ക്കു നന്മവരട്ടെ, അവര്‍ അത്രയെങ്കിലും വളരട്ടെ എന്നു കരുതി ചെയ്തുകൊടുത്തു. ഇത്രേയുള്ളൂ.

പക്ഷേ, ആ ഒരു കരുതലോടുകൂടിയ ചെറിയൊരിടപെടല്‍ പിന്നീട് തെറ്റിദ്ധരിക്കപ്പെടാനിടയായല്ലോ? 

അതാണ് ഗുരു. ലോകര്‍ എങ്ങനെ തന്നെ വിലയിരുത്തുമെന്നു ഗുരു ചിന്തിക്കാറേയില്ല. 

അദ്ദേഹം തന്നെ പ്രതിഷ്ഠയായി മാറുന്ന അവസ്ഥയും വന്നു? 

അതും വന്നു. എന്തുചെയ്യാനാണ്...

കണ്ണാടിപ്രതിഷ്ഠ ചെയ്ത ആളാണ് ഗുരു. കണ്ണാടിപ്രതിഷ്ഠയെക്കുറിച്ചൊന്ന് വിശദീകരിക്കാമോ? 

കണ്ണാടിപ്രതിഷ്ഠയില്‍ അങ്ങനെ വലുതായി വിശദീകരിക്കാനുള്ള കാര്യങ്ങള്‍ ഒന്നുമില്ല.

അദൈ്വത സിദ്ധാന്തത്തിന്റെ പരമമായ ഒരു രൂപകമായൊക്കെ അത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആ പ്രതിഷ്ഠയിലൂടെ അവനവനെ കാണുന്നു എന്നൊക്കെയുള്ള വ്യാഖ്യാനങ്ങള്‍? 

അതില്‍ തെറ്റൊന്നുമില്ല. വാസ്തവത്തില്‍ ആ കണ്ണാടിപ്രതിഷ്ഠ യാദൃച്ഛികമായിട്ട് വന്നതാണ്. ഗുരു കരുതിക്കൂട്ടി ചെയ്തതല്ല. കളവങ്കോണത്ത് വേറെയൊരു പ്രതിഷ്ഠ പ്രതിഷ്ഠിക്കാനാണ് പോയത്. അവിടെ രണ്ട് കരക്കാര്‍ തമ്മില്‍ തര്‍ക്കമായി. ശ്രീകൃഷ്ണനെ പ്രതിഷ്ഠിക്കണമോ ശിവനെ പ്രതിഷ്ഠിക്കണമോ എന്ന കാര്യത്തില്‍. അവര്‍ ഒരിക്കലും ഒരു ഒത്തുതീര്‍പ്പില്‍ എത്തിയില്ല. ഗുരു അവിടെയിരുന്നു വിഷമിച്ചു. അപ്പോള്‍ ഒരാളുടെ അടുത്തു പറഞ്ഞു: ''നീ കൊച്ചിയില്‍ പോയി ഒരു ബെല്‍ജിയന്‍ ഗ്ലാസ് വാങ്ങിച്ചിട്ടുവാ'' എന്ന്. അയാള്‍ വാങ്ങിക്കൊണ്ട് വന്നു. വെളിയില്‍ ഓം എന്നു കാണത്തക്കവിധത്തില്‍ പിന്നില്‍ രസംചുരണ്ടിക്കളയാന്‍ പറഞ്ഞു. അങ്ങനെ ഒരു പ്രശ്‌നത്തിനു പരിഹാരം കണ്ടെത്തിയതാണ്. ചുരണ്ടിയപ്പോള്‍ 'ഒം' എന്നായിപ്പോയി. അപ്പോള്‍ ഗുരു പറഞ്ഞു; ''സാരമില്ല. അതിനും അര്‍ത്ഥമുണ്ട്'' പിന്നെ അതിനകത്തു നോക്കിയാല്‍ തത്ത്വം എത്ര വേണമെങ്കിലും കാണാം. നമ്മള്‍ നോക്കിയാല്‍ നമ്മളെത്തന്നെ കാണാം. ആത്മാവാണ് (ഞാനാണ് എന്ന സത്യം) എന്ന വേദാന്തരഹസ്യം അതിലുണ്ടുതാനും. 

ഇപ്പോള്‍ കേരളത്തില്‍ നാരായണഗുരു നവോത്ഥാനത്തിന്റെ നായകന്‍ അല്ലെങ്കില്‍ നവോത്ഥാനത്തിന് തുടക്കംകുറിച്ച ഒരാള്‍ എന്നൊക്കെയുള്ള നിലയില്‍ ആഘോഷിക്കപ്പെടുകയാണ്. പുരോഗമനശക്തികളാണ്, ഇടതുപക്ഷ കേന്ദ്രങ്ങളാണ് അതിനു നേതൃത്വം കൊടുക്കുന്നത്. ഗുരുവിന്റെ കാര്യത്തില്‍ പൊതുവില്‍ എല്ലാ പാര്‍ട്ടികളും യോജിപ്പിലുമാണ്. അങ്ങനെ ആഘോഷിക്കപ്പെടുമ്പോള്‍ അതൊരുതരത്തില്‍ ഗുരുവിനെ ചുരുക്കിക്കാട്ടല്‍ ആയാണോ താങ്കള്‍ കാണുന്നത്? അതൊരു പാര്‍ശ്വവീക്ഷണമാണ് എന്നാണ് നമ്മള്‍ ഇതുവരെ പറഞ്ഞുവന്നതില്‍നിന്ന് എനിക്കു മനസ്സിലാകുന്നത്. ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഗുരുവിലേക്കുള്ള അകലം വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കുമോ? അല്ലെങ്കില്‍ ഗുരുവിന്റെ വലിപ്പം അല്ലെങ്കില്‍ ഗുരുവിന്റെ അറിവിന്റെ വ്യാപ്തി കുറച്ചുകാണലായി തോന്നുന്നുണ്ടോ? എങ്ങനെയാണ് ഈ പ്രതിസന്ധിയെ മനസ്സിലാക്കി എടുക്കാന്‍ പറ്റുന്നത്? 

അതിനെ ഞാന്‍ ഇപ്പോള്‍ കാണുന്നത് ഇങ്ങനെയാണ്. നാരായണഗുരു മരുത്വാമലയില്‍ പോയി തപസ്സ് ചെയ്തു. മലയുടെ മുകളിലുള്ള പിള്ളത്തടത്തിലിരുന്നാണ് തപസ്സ് ചെയ്തത്. അതു കഴിഞ്ഞ് അവിടെനിന്ന് ഗുരു താഴേക്ക് ഇറങ്ങിവന്നു. സമൂഹത്തിലേക്ക് ഇറങ്ങിവന്നു. പക്ഷേ, അറിവുകൊണ്ട് ഗുരു ആ ഗിരിശൃംഗത്തില്‍നിന്നും ഇറങ്ങിവന്നിട്ടില്ല. പകരം ഈ സമതലത്തില്‍ കരഞ്ഞും വിളിച്ചും പലതരത്തില്‍ കഴിയുന്നവരുണ്ട്; അവരെയൊക്കെ എങ്ങനെ അറിവിന്റെ ഔന്നത്യത്തിലേക്ക് നയിച്ച്, അവരുടെ ജീവിതത്തില്‍ സാന്ത്വനം നല്‍കാന്‍ സാധിക്കും എന്ന് ഗുരു അന്വേഷിക്കുന്നു. പക്ഷേ, അവര്‍ക്ക് ആ ഔന്നത്യത്തിലേക്ക് കയറാനുള്ള കഴിവില്ല. പകരം അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുവിനെ താഴേക്ക് ഇറക്കിക്കൊണ്ടുവരാനാണ്. താഴേക്ക് ഇറക്കിക്കൊണ്ട് വന്നിട്ട് അവരുടെ ഇടയിലേക്ക്, അവരുടെ നിലയില്‍ നിര്‍ത്തും. എന്നിട്ട് അവര്‍ക്ക് മനസ്സിലാകുന്ന സാമൂഹിക, രാഷ്ട്രീയ, സാമുദായിക പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കും. സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന് മുദ്രകുത്തും. അതൊക്കെയാണ് എല്ലാവര്‍ക്കും പരിചയമുള്ളത്. അതിന്റെ ഇടയില്‍നിന്ന് നോക്കിയപ്പോള്‍ ഗുരുവിന്റെ പ്രചോദനം അവിടെ വളരെയുണ്ട്. അതോടെ തീര്‍പ്പുകല്പിക്കലായി. നമ്മളുടെ ഗുരു വളരെ വലിയ ആളാണ്. ഇവിടെ, ഇവിടെ എന്നാല്‍, പറയുന്നവര്‍ നില്‍ക്കുന്നിടത്ത്! അങ്ങനെ ചെയ്യുന്നത് അവര്‍ക്കൊന്നും ഗുരു നില്‍ക്കുന്ന ഗിരിശൃംഗത്തിലേക്ക് നോക്കാനോ കയറാനോ പോലും സാധിക്കുന്നില്ലെന്നതു മാത്രമാണ്. തന്നെപ്പോലെയുള്ളവരെ ഗുരു കാണുന്നത് ബ്രഹ്മവിത്തുകള്‍ ആയാണ്. അതായത്, ബ്രഹ്മജ്ഞാനികള്‍. അവരുടെ നിലപാടും കാഴ്ചപ്പാടും വിശദീകരിച്ചുകൊണ്ട് ദര്‍ശനമാലയില്‍ ഗുരു എഴുതിയിരിക്കുന്നു: 

''ദഗ്ധ്വാജ്ഞാനാഗ്‌നിനാസര്‍വ്വ-
മുദ്ദിശ്യജഗതാംഹിതം 
കരോതിവിധിവത്കര്‍മ
ബ്രഹ്മവിദ്ബ്യഹ്മണിസ്ഥിതഃ''

ഇതിന്റെ അര്‍ത്ഥം: ബ്രഹ്മത്തില്‍ സദാസ്ഥിതി ചെയ്തുകൊണ്ട്, ബ്രഹ്മവിത്ത് ജ്ഞാനമാകുന്ന അഗ്‌നിയില്‍ സര്‍വ്വത്തേയും ദഹിപ്പിച്ചുകൊണ്ട് (കര്‍മ്മങ്ങളേയും) ലോകരുടെ ഹിതത്തെ ഉദ്ദേശിച്ച് വിധിപ്രകാരമുള്ള സത്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് ബ്രഹ്മവിത്തുകള്‍ ജീവിക്കും. ഗുരു പറയുന്നു, താന്‍ സ്ഥിതിചെയ്യുന്നത് ബ്രഹ്മത്തിലാണെന്ന്. ലോകര്‍ പറയുന്നു, സമൂഹമധ്യത്തിലാണ് ഗുരു സ്ഥിതി ചെയ്തത് എന്നും. ഏതിനെ നമ്മള്‍ സ്വീകരിക്കണം? 

വലിയ ഒരു തെറ്റ് ചെയ്തത് എന്താണെന്ന് വെച്ചാല്‍, ഗുരു ആഗ്രഹിച്ചത് ഈ സമതലത്തില്‍ കിടക്കുന്ന സാധാരണക്കാരെ കഴിയുന്നിടത്തോളം അറിവിന്റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുക എന്നതായിരുന്നു. സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഗുരുവിനെ ഇങ്ങനെ താഴോട്ട് ഇറക്കിക്കൊണ്ട് വന്നു ലോകരുടെ തലത്തിലേക്ക് നിര്‍ത്തുക, എന്നിട്ട് ഗുരുവില്‍ ലോകര്‍ക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍, ലേഖകര്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍, അതിന്റെ പേരില്‍ ഗുരുവിനെ മഹത്വപ്പെടുത്തുക എന്നതാണ്. ഗുരുവിനെ മഹത്ത്വപ്പെടുത്തുന്നുണ്ട്; പക്ഷേ, ഈ വളരെ പരിമിതമായ മണ്ഡലത്തില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ട് ഗുരുവിനെ മഹത്ത്വപ്പെടുത്തുകയാണ്. അത് തെറ്റായ രീതിയാണ്. ഗുരുവിലെ ഗുരുത്വം അവിടെ തിരസ്‌കൃതമാകുന്നു. അതേസമയം ഗുരുവിന്റെ സത്യദര്‍ശനത്തിന്റെ സാര്‍വ്വത്രികതയെ ഉള്‍ക്കൊള്ളുന്ന ആ പ്രകാശം, അതിനെ കാണാന്‍ ഒരു കഴിവും ഇല്ലാത്ത ആളുകളാണ് ഇങ്ങനെ ചെയ്യുന്നത്. അവര്‍ ഗുരുവിനെ ചെറുതാക്കി കാണുകയാണ്. 

ആത്യന്തികമായി ഇത് ഗുരു ദര്‍ശനത്തിന് ദോഷം ചെയ്യാം...? 

തീര്‍ച്ചയായിട്ടും. എന്താണ് സംഭവിക്കുന്നത്? ഗുരുവിനെ കേരളത്തിന്റെ ഒരു ഇട്ടാവട്ടത്തിനകത്ത് ഒതുക്കിനിര്‍ത്തുന്നു. ഇവിടത്തെ ഒരു ഗുരു. ചിലപ്പോള്‍ ഈഴവരുടെ ഗുരു. ഇന്ത്യാ ഗവണ്‍മെന്റ് തന്നെ അച്ചടിച്ച് ഇറക്കിയ ഒരു പുസ്തകത്തില്‍ ഞാന്‍ കണ്ടു, ''ഈഴവര്‍ക്ക് പൗരോഹിത്യം നല്‍കിയ ഗുരു'' എന്ന്. ഇങ്ങനെ ഒക്കെയുള്ള കാഴ്ചപ്പാടുകളാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇതു വല്ലതും ഗുരു അറിഞ്ഞോ? വാസ്തവത്തില്‍ ഗുരുവിന്റെ അനുയായികള്‍ ചെയ്യേണ്ടത് ഗുരു എന്താണോ ഉദ്ദേശിച്ചത് അത് കാണണം. അത് കണ്ടിട്ട് സ്വയം ഗുരുവിന്റെ അറിവിലേയ്ക്ക് ഉയരാന്‍ ശ്രമിക്കണം. ഗുരുവിന്റെ അറിവിനെ രേഖപ്പെടുത്തിവെച്ചിരിക്കുന്ന കൃതികള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടു വേണം അതിനു ശ്രമിക്കാന്‍. അതിനുപകരം, നമ്മള്‍ക്കറിയാവുന്ന തലത്തിലേക്ക് ഗുരുവിനെ ഇറക്കിക്കൊണ്ടുവന്ന് പരിമിതപ്പെടുത്തിക്കളയുക എന്ന ദോഷം ഇപ്പോള്‍ വളരെയധികം സംഭവിച്ചിരിക്കുന്നു. താല്‍ക്കാലികമായ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി ശാശ്വതമൂല്യമുള്ള ഗുരുദര്‍ശനത്തെ ദുരുപയോഗപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ ഗുരുവിനെ നവോത്ഥാന നായകനായിട്ടും മറ്റും ചിത്രീകരിക്കുന്നത്. അടുത്തിടയ്ക്ക് ആ വാക്ക് കേള്‍ക്കുന്നത് തന്നെ ഒരു അരോചകമായിത്തീര്‍ന്നിട്ടുണ്ട്. എല്ലാവരുടേയും നാക്കില്‍നിന്ന് വരുന്നതും ഇതുതന്നെയാണ്. അയ്യന്‍കാളിയുടെ കൂട്ടത്തില്‍ ഗുരുവിനെ നിര്‍ത്തുന്നു. അയ്യന്‍കാളി എവിടെയിരിക്കുന്നു, നാരായണഗുരു എവിടെ ഇരിക്കുന്നു? അയ്യന്‍കാളി ഒരു ആത്മോപദേശ ശതകം എഴുതിയോ? ഒരു ദര്‍ശനമാല എഴുതിയോ? തപസ്വി ആയിരുന്നോ? ജ്ഞാനി ആയിരുന്നോ? ഒന്നും ആയിരുന്നില്ല. അദ്ദേഹം നല്ല സാമൂഹികബോധമുള്ള, നീതിമാനായ ഒരു നല്ല സാമൂഹിക പ്രവര്‍ത്തകനായിരുന്നു; അത് സമ്മതിച്ചു. പക്ഷേ, അതായിരുന്നോ നാരായണഗുരു? അല്ല. അപ്പോള്‍ തെറ്റായ വിലയിരുത്തല്‍ നാരായണഗുരുവിനെപ്പറ്റി നടത്താനായിട്ട് ഇതെല്ലാം ഇടയാക്കി. അതിനിടയാക്കിയത് നമ്മുടെ പരിമിതമായ കാഴ്ചപ്പാടാണ്.

അതൊരു ശരിയായ കാരണത്തിനുവേണ്ടിയാണ് എന്നു പറഞ്ഞു സമാധാനിക്കാന്‍ പറ്റുമോ?
 
ഏത്?

നാരായണഗുരുവിനെ അങ്ങനെ വിലയിരുത്തുന്നത് കേരള സമൂഹത്തില്‍ നവോത്ഥാനത്തിന്റെ ഒരു പുരോഗമനപരമായ പ്രത്യാശയുടെ ഉണര്‍വുണ്ടാക്കാന്‍വേണ്ടിയാണ് എന്നുള്ള രീതിയില്‍ അതിനെ കാണാന്‍ പറ്റുമോ?
 
അതിനെ അങ്ങനെ കാണാം. പക്ഷേ, അതു മാത്രമാണ് നാരായണഗുരു എന്നു പറയരുത് എന്നേയുള്ളൂ. അതില്ല എന്നു പറയുന്നില്ല. ഇവിടുത്തെ സാമൂഹിക പരിവര്‍ത്തനത്തില്‍ നാരായണഗുരുവിന്റെ സ്വാധീനം വളരെയധികം ഉണ്ടായിരുന്നു. പക്ഷേ, ഇതുംകൂടിയായിരുന്നു ഗുരു എന്നു പറയണം എന്നേയുള്ളൂ. ഗുരു ആര്‍ജ്ജിച്ച ജ്ഞാനമാണ് ഗുരുവിനെ ഗുരുവാക്കിയതെന്ന സത്യം ആരും മറക്കരുത്. 

ഒരുപക്ഷേ, ജ്ഞാനമാര്‍ഗ്ഗം മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാകാം. ഇപ്പോള്‍ ശങ്കരാചാര്യരുടെ അദൈ്വതത്തിന്റെ തുടര്‍ച്ചയാണ് ഗുരു എന്നു എഴുതിയിട്ടുണ്ടല്ലോ? 

ഉണ്ട്. ഗുരു പറഞ്ഞിട്ടുമുണ്ട്. തത്ത്വത്തില്‍ നമ്മള്‍ ശങ്കരനെ പിന്തുടരുന്നു എന്ന്.

ശങ്കരനും വന്നുചേര്‍ന്ന ഒരു പ്രശ്‌നമുണ്ട്. ശങ്കരനും ഇതെല്ലാം നിഷേധിച്ച ആളാണെങ്കിലും അവസാനം ബ്രാഹ്മണരുടെ ശങ്കരനായി മാറി. വേദാന്തം ബ്രാഹ്മണരുടേതായി. ഇതേ ദുരവസ്ഥ തന്നെയല്ലേ ഗുരുവിനും ഉണ്ടായത്? 

ശരിയാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മുനി തന്നെ പറഞ്ഞിട്ടുണ്ട്, ഒരു നീതിബോധവും കൂടെ ചേര്‍ന്ന രീതിയില്‍ അദൈ്വതത്തെ നവീകരിക്കാന്‍ ഗുരു ശ്രമിച്ചിട്ടുണ്ടെന്ന്. ശരിയല്ലേ? ശങ്കരന്റെ അദൈ്വതത്തിനെ പുതുക്കിപ്പണിയാനാണ് നാരായണഗുരു തയ്യാറായത് എന്നു പറയാമോ? 

നാരായണഗുരു ശങ്കരന്റെ അദൈ്വതത്തിനെ അങ്ങനെതന്നെ പാടെ പറഞ്ഞ ഒരാളല്ല. അദൈ്വതദര്‍ശനം അവതരിപ്പിക്കുന്ന കാര്യത്തിലായാലും ശരി, അതു ജീവിതത്തില്‍ പ്രായോഗികമാക്കി തീര്‍ക്കുന്ന വശം എടുത്താലും ശരി, എല്ലാം വളരെയധികം ശങ്കരാചാര്യരില്‍നിന്നു മാറിനില്‍ക്കുന്നു. പക്ഷേ, അടിസ്ഥാന തത്ത്വത്തില്‍ ശങ്കരാചാര്യരും നാരായണഗുരുവും പറഞ്ഞത് അദൈ്വതമാണ്. ആത്മോപദേശ ശതകത്തിലും ദര്‍ശനമാലയിലും ഒക്കെ നാരായണഗുരുവും അദൈ്വതമാണ് പറയുന്നത്. ദര്‍ശനമാലയില്‍ എങ്ങനെയാണ് അദൈ്വതം പറഞ്ഞിരിക്കുന്നത്? അതിന്റെ പ്രത്യേകത എന്താണ്? ലോകത്തില്‍ ഇന്നുവരെ ഒരു ചിന്തകനും ഒരു ആചാര്യനും ചെയ്തിട്ടില്ലാത്ത ഒരു ദര്‍ശനാവിഷ്‌കരണ ശൈലിയാണത്. നമുക്കു സത്യം അറിയണം, സത്യം നേരിട്ടു പറഞ്ഞാല്‍ പോരെ? പോരാ. ഇതു നേരിട്ടു പറയാന്‍ ഒക്കുന്ന സത്യം അല്ല. വാക്കുകൊണ്ടല്ലേ പറയേണ്ടത്? വാക്കിനും കൂടി കാരണമായിരിക്കുന്ന ഒരു സത്യം. വാക്കിനെ വാക്കാക്കി തീര്‍ത്ത ഒരു സത്യം. അതു കണ്ടെത്താന്‍ വാക്കിനു പറ്റില്ല. മനസ്സിനെ മനസ്സാക്കി തീര്‍ക്കുന്ന സത്യം കാണാന്‍ മനസ്സിനു പറ്റിയില്ല. അതിനെ പിന്നെ എങ്ങനെ കാണും? വാക്കില്ല, മനസ്സില്ല. അതിനെപ്പിന്നെ എങ്ങനെ ഉള്‍ക്കൊള്ളും? അതിന് ഗുരു കണ്ടെത്തിയ വഴി, ഒരു കെട്ടിടം നില്‍ക്കുന്നു, കെട്ടിടത്തിന്റെ ഏതെല്ലാം വശത്ത് നിന്ന് ചിത്രമെടുക്കാം? എത്രയോ വശത്തുനിന്ന് എടുക്കാം. ഓരോന്നും ഓരോ തരത്തിലുള്ള ചിത്രമായിരിക്കും കിട്ടുന്നത്. അല്ലേ? അതുപോലെ അദൈ്വത സത്യം എന്നു പറയുന്ന ഒന്ന് ഇവിടെ ഇരിക്കുന്നു. ആ സത്യത്തിന്റെ പത്തു മുഖങ്ങളില്‍ നിന്നുകൊണ്ട് പത്തു തരത്തിലുള്ള ദര്‍ശനങ്ങള്‍ ഒരേ സത്യത്തെ സംബന്ധിപ്പിച്ചു അവതരിപ്പിച്ചിട്ട് ആ സത്യം പറയാതെ ഇരിക്കുകയും ഈ ദര്‍ശനങ്ങളില്‍ക്കൂടി സത്യത്തെ അന്തര്‍ദൃഷ്ടിയില്‍ക്കൂടി കാണത്തക്ക രീതിയില്‍ അതിനെ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ഇതാണ് ദര്‍ശനമാല.

ഒരേ കാര്യത്തിനെത്തന്നെ പല കാഴ്ചപ്പാടുകളിലൂടെ കാണുന്നതിനെക്കുറിച്ചു നമ്മള്‍ ഇപ്പോള്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് തോന്നിയ ഒരു പ്രശ്‌നം, നാരായണഗുരുവിന്റെ കൃതികള്‍, മുഴുവന്‍ തന്നെയും എന്നു പറയാം, സ്‌തോത്രങ്ങളാണ്; കാവ്യങ്ങളാണ്. ഗദ്യരചനകള്‍ വളരെ ചുരുക്കമേയുള്ളൂ. അതൊരു പ്രതിസന്ധിയായിട്ട് ഞാന്‍ കാണുകയാണ്. സമൂഹത്തിനോട് സംസാരിക്കുന്നതില്‍, ഗുരു ഉദ്ദേശിക്കുന്ന ആളുകളിലേക്ക് അത് എത്തിക്കുന്നതില്‍, ഇതുപോലെതന്നെ പല വ്യാഖ്യാതാക്കളിലൂടെ അത് പലതായി വരുന്ന ഒരു അവസ്ഥ വരുന്നുണ്ട്. അത് എന്തുകൊണ്ടാണ് സംഭവിച്ചത്? 

നാരായണഗുരു ജന്മനാ ഒരു കവിയായിരുന്നു. ആ കവിക്ക് കവി മനസ്സോട് കൂടിയല്ലാതെ ഒന്നും പറയാനോ എഴുതാനോ സാധിക്കുകയില്ല. അതെല്ലാം ഒരു പരിമിതിയാണോ എന്നു ചോദിച്ചാല്‍, കാളിദാസന്‍ കാവ്യങ്ങള്‍ എല്ലാം എഴുതിവെച്ചു. അതു കാളിദാസന്റെ കുറവാണോ? അല്ല മഹിമയാണ്.

അത് കാവ്യമാണ്? 

അതെ, അതു കാവ്യമാണ്. ഇതുമതേ. കാവ്യത്തിന്റെ ഭാഷയില്‍ ദാര്‍ശനിക ചിന്ത എഴുതിയെന്നേയുള്ളൂ. ഇവ ദാര്‍ശനിക കാവ്യങ്ങളാണ്. 

മുന്‍പ് വേദാന്തം എന്ത് രീതിയില്‍ പോയി എന്നു പറഞ്ഞതുപോലെ, കാഴ്ചപ്പാടുള്ളവര്‍ ഇത് അവരുടെ കാഴ്ചപ്പാടിലൂടെ പറയുന്ന അവസ്ഥ വന്നില്ലേ എന്നുള്ളതാണ് എന്റെ ചോദ്യം. വ്യാഖ്യാനമില്ലാതെ സാധാരണക്കാര്‍ക്ക് മനസ്സിലാകില്ലല്ലോ? 

അത് ശരിയാണ്. വേദാന്തത്തിലെ മൂലഗ്രന്ഥങ്ങള്‍ എല്ലാം വ്യാഖ്യാനം കൂടാതെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. പിന്നെ നാരായണഗുരുവിന്റെ കാര്യത്തിലാണെങ്കില്‍, നാരായണഗുരുവിലൂടെ കാണുകയാണ്. രണ്ടുതരത്തില്‍ കാണാം. ഇപ്പോള്‍ തത്ത്വത്തില്‍ ശങ്കരാചാര്യരെ പഠിച്ചിട്ട് അത് വെച്ചുകൊണ്ട് ഇതിനെ പറയാം; അങ്ങനെ ചെയ്താല്‍ നാരായണഗുരുവിനെ കാണില്ല, ശങ്കരാചാര്യര്‍ക്ക് പകരം ഇവിടെ സമാന്തരമായി എന്തോ ഒന്നിനെ കാണാം. യഥാര്‍ത്ഥത്തില്‍ നാരായണഗുരു നല്‍കിയ സംഭാവനകള്‍ കാണില്ല. ചിന്തയിലുള്ള, രീതിയിലുള്ള, ഭാഷയിലുള്ള, കാവ്യാത്മകതയിലുള്ള, ഇങ്ങനെ പലതരത്തിലുള്ള തനിമകളുണ്ട്. അതൊന്നും കാണാതെ പോകരുത്. 

അത്, അതായത് ഈ കാവ്യാത്മകത ഒരു പരിമിതിയായി വരുന്നില്ലേ എന്നാണ് എന്റെ സംശയം? അതിനു സാധിക്കുന്നവര്‍ക്ക് മാത്രല്ലേ അത് ഉള്‍ക്കൊള്ളാന്‍ പറ്റുകയുള്ളൂ? 

അത് അത്രേയുള്ളൂ. ദാര്‍ശനിക ശാസ്ത്രങ്ങളും അതു സംബന്ധിച്ച പഠനങ്ങളും എല്ലാവര്‍ക്കും വേണ്ടിയുണ്ടായതല്ല എന്നത് പണ്ടുപണ്ടേ എല്ലാവര്‍ക്കും അറിയാം. ഗുരുവിനും അറിയാമായിരുന്നു.

അതുപോലെ അനാവശ്യക്കാര്‍ക്കിടയില്‍, ഇതൊന്നും അറിയാത്തവരുടെയിടയില്‍ ഗുരുവിനെ തെറ്റായ തരത്തില്‍ കൊണ്ടാടാനുള്ള സാഹചര്യം ഇതുവഴി ഒരുങ്ങിയോ എന്നുള്ള സംശയംകൂടിയാണ് ഞാന്‍ ഉന്നയിച്ചത്?
 
അത് അങ്ങനെ പറയാന്‍ സാധിക്കും എന്ന് എനിക്കു തോന്നുന്നില്ല. പിന്നെ ഗുരുവിനെ മനസ്സിലാക്കാതെ പാടിനടക്കുന്ന ആളുകളുണ്ട്. അതു ഗുരുവിന്റെ ചിന്തയുടേയും ദാര്‍ശനിക കാവ്യങ്ങളുടേയും മഹിമ കുറയ്ക്കുന്നില്ല. 

അവരുടെ കൂടെയും ആളുകളുണ്ട്? 

അതുണ്ടാവും. അതു ശരിയായിരിക്കാം. എന്നാലും ഇതിന്റെ മൂല്യം നഷ്ടപ്പെട്ടു എന്നു പറയാന്‍ പറ്റില്ല. പക്ഷേ, അതിനെ ഒരു പരിമിതിയായിട്ടോ ദോഷമായിട്ടോ ഇതുവരെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല.

ഭാഷാപരമായിട്ടു നോക്കിയാല്‍? സംസ്‌കൃതത്തിന്റെ പ്രയോഗം വളരെയുണ്ട്. ഗുരുവിന് നല്ല മലയാളം വശമുണ്ടായിരുന്നു. എന്നിട്ടും? 

അതു ശരിയല്ല. ഗുരുവിന്റെ മലയാള കൃതികളില്‍ സംസ്‌കൃതത്തിന്റെ പ്രഭാവം വളരെ കുറവാണ്. ആത്മോപദേശതകം തന്നെ നോക്കുക. വേദാന്തത്തിലെ ചില സാങ്കേതിക പദങ്ങളൊഴികെ മറ്റെല്ലാം മലയാള പദങ്ങളാണ്. ഭാഷാപ്രയോഗത്തിലും ഗുരു തനിമ പുലര്‍ത്തുന്നുണ്ട്. നാരായണഗുരുവില്‍ക്കൂടി തന്നെ ഗുരുവിന്റെ ഭാഷാപ്രയോഗരീതി കണ്ടെത്താന്‍ കഴിയണം. ഗുരുവിന്റെ ശിഷ്യനായിരുന്നു നടരാജഗുരു, അദ്ദേഹത്തില്‍നിന്ന് നമ്മള്‍ക്കു അതു പകര്‍ന്നുകിട്ടി. അത് മുന്‍പ് പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ്.

മുനി തന്നെ മുന്‍പ്പറഞ്ഞിട്ടുണ്ട്, ഗുരുഭക്തി എന്നു പറയുന്നത് വ്യക്ത്യാധിഷ്ഠിതമാകരുത് എന്ന്; ഗുരുഭക്തി എന്നു പറയുന്നത് ഒരു അറിവിന്റെ തുടര്‍ച്ച എന്ന രീതിയില്‍, അല്ലെങ്കില്‍ ഒരു ശ്രേണിയുടെ തുടര്‍ച്ച എന്ന രീതിയിലാണ് വേണ്ടതെന്ന്. നിര്‍ഭാഗ്യവശാല്‍ വ്യക്ത്യാധിഷ്ഠിതമായിപ്പോകുന്ന രീതിയിലാണ് കേരളത്തില്‍ ഗുരു വളര്‍ന്നിട്ടുള്ളത്. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, പ്രതിഷ്ഠയായിട്ടുപോലും പരിണമിക്കുന്ന ഒരു ഗതികേട് അല്ലെങ്കില്‍ ദൗര്‍ഭാഗ്യം അദ്ദേഹത്തിന് വന്നിട്ടുണ്ട്?

വന്നിട്ടുണ്ട്. ആര്‍ക്കും പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവിധത്തില്‍ ഒരു ട്രെന്‍ഡ് ആയിരിക്കുന്നു അത്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, നാരായണഗുരുവിനു ജീവിതത്തില്‍ ഒന്നും സ്വന്തമായി നേടാനില്ലായിരുന്നു. അങ്ങനെ ഒന്നും സ്വന്തമായി നേടാന്‍ ഇല്ലാതിരുന്ന ഗുരുവിന്റെ പ്രതിമ അല്ലെങ്കില്‍ വിഗ്രഹം വച്ചിട്ട് ഇഷ്ടകാര്യസിദ്ധിപൂജ ഇപ്പോള്‍ ധാരാളം നടക്കുന്നുണ്ട്. അങ്ങനെ ഒരു വൈരുധ്യം പോലും ഇപ്പോള്‍ ഗുരുവിന്റെ പേരില്‍ നിലനില്‍ക്കുന്നു. പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കുന്നുമില്ല.

ഈ വൈരുധ്യത്തിന് എന്തായിരിക്കാം കാരണം? അങ്ങനെ ആയിപ്പോവാന്‍? 

ഒന്ന്, ഗുരുവിനോടുള്ള മതപരമായിട്ടുള്ള അന്ധഭക്തി. ഗുരു എന്ന നിലയിലുള്ളതല്ല, ഒരു ഈശ്വരാവതാരമെന്ന നിലയിലുള്ള ഭക്തി.

ഈഴവ സമുദായം ഗുരുവിനെ ആ രീതിയിലേക്ക് കൊണ്ടുവന്നു? 

കൊണ്ടുവന്നു. ദൈവത്തിന്റെ അവതാരമാക്കി ചിത്രീകരിക്കുന്നു. അതിനു കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നു. ഈ സമുദായത്തിലുള്ളവരുടെ കയ്യില്‍ ഇഷ്ടംപോലെ പണമുണ്ട്. ക്ഷേത്രം പണിയാന്‍ കോടികള്‍ ചെലവിടുന്നു. പണത്തിന്റേയും ഒരുതരത്തില്‍ പറഞ്ഞാല്‍ ജാത്യാഭിമാനത്തിന്റേയും ഒക്കെ ശക്തിക്ക് അടിപ്പെട്ട് പോയി സമൂഹത്തില്‍ ഗുരു.

ഇതിന്റെ തുടക്കം ഗുരുവിന്റെ കാലത്ത് തന്നെ സംഭവിച്ചുവല്ലോ? ഗുരു അതിനെ തടയാന്‍ ശ്രമിച്ചതുമൊക്കെ...? 

ഉണ്ടായി. ഗുരു അവസാനകാലത്ത് ഇവിടെനിന്നു പോയ്ക്കളഞ്ഞല്ലോ. തമിഴ്നാട്ടില്‍ പോയി, ഇനി നാം കേരളത്തിലേക്കില്ല, മലയാളത്തിലേക്കില്ല എന്നുതന്നെ പറഞ്ഞ് അവിടെ തങ്ങിക്കളഞ്ഞു. ഇക്കാര്യം നേരത്തെ ഞാന്‍ വിശദീകരിച്ചുവല്ലോ. 

ഈ ജാതീയതയെക്കുറിച്ചു പറയുമ്പോള്‍, ജാതീയത ഇല്ലാതാക്കണം എന്നുള്ള ആഗ്രഹം ഗുരുവിനു വലിയ രീതിയില്‍ ഉണ്ടായിരുന്നു. സാമൂഹിക പരിഷ്‌കരണം എന്നു പറഞ്ഞില്ലെങ്കിലും അതിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടായിരുന്നു. ദര്‍ശനത്തിലും അതു പറഞ്ഞിട്ടുണ്ട്; അല്ലാതെ പ്രാസംഗികമായ വര്‍ത്തമാനത്തിലും അതു പറഞ്ഞിട്ടുണ്ട്. എവിടെയാണ് നമ്മള്‍ ഇപ്പോള്‍ വന്നുനില്‍ക്കുന്നത് എന്നതിനെക്കുറിച്ച് മുനിക്ക് എന്ത് തോന്നുന്നു? 

നാരായണഗുരു പറഞ്ഞ രീതിയിലല്ല ഇപ്പോള്‍ ജാതീയതയെ ഇല്ലാതാക്കാന്‍ നോക്കുന്നത്. നമ്മള്‍ ഔദ്യോഗിക രേഖകളില്‍ ഒന്നും ജാതി കാണിക്കരുത്. പിന്നെ, വിവാഹബന്ധത്തില്‍ ജാതി പരിഗണന ഒഴിവാക്കണം, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കണം എന്നൊക്കെ നാരായണഗുരു പറഞ്ഞിരുന്നു. ഗുരുവിന്റെ കാലത്തിനുശേഷം ഉണ്ടായ നമ്മളുടെ ഇന്ത്യന്‍ ഭരണഘടനയില്‍ത്തന്നെ ജാതിയുടെ പേരിലുള്ള സംവരണാവകാശങ്ങള്‍ അനുവദിച്ചു രേഖപ്പെടുത്തി വെച്ചിരിക്കുന്നു. ആ അവകാശങ്ങള്‍ വേണ്ട എന്ന് ഒരു സമുദായക്കാരെങ്കിലും പറയുമോ? ആരും പറയില്ല. നമ്മളുടെ ഭരണഘടനയില്‍ ജാതിയുടെ പേരിലുള്ള സംവരണം നിലനില്‍ക്കുന്നിടത്തോളം കാലം, കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ നിന്നുപോലും ഈ ജാതിചിന്ത ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. ജാതിയുടെ ഐഡന്റിറ്റി ഇല്ലെങ്കില്‍ ഈ അവകാശം ഇല്ല. അപ്പോള്‍ ഈ അവകാശം വേണോ, ജാതിവേണം. അതുകൊണ്ട് ഔദ്യോഗിക രേഖകളില്‍ ജാതി കാണിക്കണം. ജാതി തീരുമാനിക്കുന്നത് എവിടെയാണ്, ഔദ്യോഗിക രേഖകളിലാണ്. അതുകൊണ്ട് ഔദ്യോഗിക രേഖകളില്‍ ജാതിവേണം, ഗുരു പറഞ്ഞതെന്താണ്? ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത് എന്ന്. മനഃശാസ്ത്രപരമാണ്; ചോദിക്കാതിരിക്കാനുള്ള മനഃസ്ഥിതി, പറയാതിരിക്കാനുള്ള മനഃസ്ഥിതി, അതിനെപ്പറ്റി ചിന്തിക്കാതിരിക്കാനുള്ള മനഃസ്ഥിതി-ആ മനഃസ്ഥിതിയാണ് മനുഷ്യരുടെയിടയില്‍ ഒരു സംസ്‌കാരമായി വളരേണ്ടത്. അങ്ങനെ വരുമ്പോഴേ ജാതിചിന്തയില്‍നിന്ന് മനുഷ്യന്‍ മോചിതനായി തീരുകയുള്ളൂ. അതിനുപകരം ഇപ്പോള്‍ ജാതി ചോദിച്ചാലേ നിവൃത്തിയുള്ളൂ, പറഞ്ഞാലേ നിവൃത്തിയുള്ളൂ, രേഖയില്‍ കാണിച്ചാലേ നിവൃത്തിയുള്ളൂ എന്ന നിലയിലാണ്; അങ്ങനെയുള്ള ജീവിതസാഹചര്യത്തിലാണ് നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നത്.

അവിടെയൊരു വിയോജിപ്പ് എന്നുതന്നെ പറയാം. ''ജാതി ചോദിക്കരുത്, ചിന്തിക്കരുത്, പറയരുത്'' ഇത് ശരിയാണ്. ജാതി ചോദിക്കാതേയും പറയാതേയും ചിന്തിക്കാതേയും നിലനിന്ന ഒരു സമൂഹമാണിത്. ബ്രാഹ്മണ്യം എപ്പോഴും അങ്ങനെയായിരുന്നു? 

ജാതി ചോദിക്കാതെയോ?

ചോദിക്കാതെ തന്നെ ബ്രാഹ്മണര്‍ ആരാണ് എന്ന് ഇന്ത്യയില്‍ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ഒരു സമൂഹം ഉണ്ടായിരുന്നു. ബ്രാഹ്മണ്യത്തിന്റെ ആധിപത്യം അത്രയും ശക്തമായ ഒരു സമൂഹമായിരുന്നു ഇന്ത്യയില്‍ ഉണ്ടായിരുന്നത്. കേരളത്തിലായാലും അതെ. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ ഒരു സമത്വത്തിന്റെ വീക്ഷണം എന്ന രീതിയിലാണ് സംവരണം ഒക്കെ ഭരണഘടനയില്‍ വന്നിട്ടുള്ളത്? 

അത് ശരിയാണ്. സമ്മതിക്കുന്നു. പക്ഷേ, ബ്രാഹ്മണരെ അവരുടെ പൂണൂലുകൊണ്ട് ജാതി തിരിച്ചറിയാന്‍ സാധിക്കും. ബ്രാഹ്മണര്‍ മാത്രമല്ലല്ലോ ഇവിടെയുള്ളത്. ബാക്കിയുള്ളവരെ ജാതി പറഞ്ഞാല്‍ മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ.

അത് ശരിയാണ്. പക്ഷേ, അവിടെ 'സോഷ്യല്‍ എന്‍ജിനീയറിംഗി'ന്റെ ഭാഗമായിട്ട് ഒരു തിരുത്ത് എന്ന രീതിയിലാണ് ഭരണഘടനാ നിര്‍മ്മാതാക്കളും അല്ലെങ്കില്‍ സാമൂഹിക ശാസ്ത്രജ്ഞരും സംവരണത്തെ കൊണ്ടുവരുന്നത്. അടിസ്ഥാനപരമായി ഗുരു പറഞ്ഞ സത്യം അങ്ങനെ നില്‍ക്കുന്നുണ്ട്. പക്ഷേ, ആ അര്‍ത്ഥത്തില്‍ അല്ലാതെ സംവരണം കൊണ്ട് മാത്രമല്ലാതെ ജാതീയത സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കാലമാണ്. ഒരുപക്ഷേ, അങ്ങനെ ജാതീയത കുറഞ്ഞ ഒരു കാലം ഇല്ലെന്നുതന്നെ പറയാം. ആ അവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെട്ടവന് നീതിയെന്ന നിലയിലാണ് സംവരണമെന്ന സാമൂഹിക മൂല്യം പ്രവര്‍ത്തിക്കുന്നത്. അങ്ങനെ അവന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. സമൂഹത്തില്‍ തുല്യതയുടെ ഒരു കാഴ്ചപ്പാട് വികാസം കൊള്ളേണ്ടതുണ്ട്? 

ജാതിബോധം ഇന്നും സജീവമാണ്. കേരളത്തില്‍ ഇത് പൊതുരംഗങ്ങളില്‍ ഒന്നും ഇല്ലായിരിക്കാം. എന്നാല്‍, എല്ലാം സ്വകാര്യമായിട്ടു നടക്കുന്നുണ്ട്. കേരളത്തിന് വെളിയില്‍ പോയാല്‍ എല്ലാം പൊതുരംഗങ്ങളില്‍ത്തന്നെ നടക്കുന്നുണ്ട്. ജാതിയുടെ പേരില്‍ത്തന്നെ മനുഷ്യന്‍ മനുഷ്യനെ അടിച്ചുകൊല്ലുകതന്നെ ചെയ്യുന്നു. അതൊക്കെ നിലനില്‍ക്കുന്നുണ്ട്.

ഭരണകൂടം പോലും അതിനെ അനുകൂലിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഇന്ത്യയില്‍ വന്നുകൊണ്ടിരിക്കുന്നത്? 

അതു ശരിയാണ്. ഒരു കാര്യമുണ്ട്. ഈ ഭരണഘടന എഴുതിയവര്‍ തന്നെ ഇത് എക്കാലവും നിലനില്‍ക്കേണ്ടതല്ലെന്നുകൂടി അതിനകത്ത് എഴുതിയിട്ടുണ്ട്. 50 വര്‍ഷമാണ് അതിനകത്ത് പറഞ്ഞിരുന്നത്. 50 വര്‍ഷത്തിനുശേഷം സംവരണാവകാശം എടുത്തു മാറ്റണം എന്നുകൂടി അതിനകത്ത് പറഞ്ഞിട്ടുണ്ട്. അത് ഇതുവരെ മാറ്റിയിട്ടില്ല. എന്തുകൊണ്ട് മാറ്റിയിട്ടില്ലെന്നു ചോദിച്ചാല്‍, ഒരു സമുദായത്തിനും അവര്‍ പ്രത്യേകം അവകാശം അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ അത് വേണ്ട എന്ന് വെക്കാന്‍ പറ്റില്ല. അവരുടെ പിന്തുണയില്ലാതെ ഒരു പാര്‍ട്ടിക്കും നിലനില്‍ക്കാന്‍ സാധിക്കില്ല. രാഷ്ട്രീയക്കാരെല്ലാം മൗനം. ഈ അവകാശവും അവിടെ നിലനില്‍ക്കും, ജാതീയതയും നിലനില്‍ക്കും. ഇവിടെ ജാതിചിന്ത മാറണം എന്നുണ്ടെങ്കില്‍, ഭരണഘടനയില്‍ ജാതിയുടെ പേരിലുള്ള ഈ സംവരണം ഇല്ലാതാകണം, എന്നാലേ ഈ സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ.

അവിടെ വരുന്ന ഒരു പ്രശ്‌നം, സംവരണം പുതിയ ഇന്ത്യയില്‍ ആണല്ലോ നിലവില്‍ വന്നത്. അതിനു മുന്‍പുള്ള ഇന്ത്യയില്‍ ശക്തമായ ജാതീയത ഉണ്ടായിരുന്നല്ലോ. നാരായണഗുരു കണ്ട ഇന്ത്യയില്‍ ജാതിയുണ്ടായിരുന്നു. ജാതിയുടെ എല്ലാ വൈരൂപ്യങ്ങളും ഉണ്ടായിരുന്നു. അന്നു സംവരണമില്ല? 

അന്നു സംവരണവും ഇല്ല, ഇന്നത്തെ ഭരണസമ്പ്രദായവും ഇല്ല.

പക്ഷേ, ജാതീയത അക്കാലത്തും ശക്തമായി നിലനിന്നു. മനുഷ്യത്വരഹിതമായ നിലയില്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ സംവരണമല്ല അതിനെ നിലനിര്‍ത്തുന്ന അടിസ്ഥാന കാരണം? 

മനുഷ്യന് ജാതിക്ക് അതീതമായി ചിന്തിക്കാനുള്ള കഴിവ് തീര്‍ച്ചയായും ഉണ്ടാകണം. പക്ഷേ, മനുഷ്യന്‍ ജാതീയമായി ചിന്തിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ വന്നുനില്‍ക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞുവന്നത്. അതു നിഷേധിക്കാന്‍ പറ്റില്ല. നാരായണഗുരു ഉദ്ദേശിച്ചത് രണ്ട് കാര്യങ്ങളാണ്. ഔദ്യോഗിക രേഖകളില്‍നിന്ന് ജാതിപ്പേര് മാറ്റുക, ഇവിടെ മനുഷ്യനെ മനുഷ്യനായി മനസ്സിലാക്കുന്ന മനോഭാവമുള്ള സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്നതും. അതുകൊണ്ടാണ് ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നു പറയുന്നത്. ഇത് രണ്ടും ഒന്നിച്ചു വരണം. എന്നാലേ മാനസികമായി ഒരു സംസ്‌കാരം ഉണ്ടാവുകയുള്ളൂ. ഇതില്‍ ഒന്നുമാത്രം ഉള്ളപ്പോള്‍ നടക്കില്ല. ഈ സാഹചര്യം നാരായണഗുരുവിന്റെ കാലത്ത് ഇല്ലായിരുന്നു. അതുകൊണ്ട് സംവരണം എടുത്തുകളയണമെന്ന് ഗുരുവിനു ചിന്തിക്കേണ്ടിവന്നില്ല. ഇന്ന് നമുക്ക് അതു കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ നമ്മള്‍ എത്രതന്നെ പ്രസംഗിച്ചാലും ശരിതന്നെ, ജാതിചിന്ത ഇല്ലാതാകുകയില്ല. ഈ ജാതിചിന്തവേണ്ടെന്നു പറയുന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെ അപ്പുറത്ത് വോട്ട് കിട്ടാനായി ജാതി പറയുകയും ഔദ്യോഗിക സ്ഥാനങ്ങള്‍ കൊടുക്കുകയും ഒക്കെ ചെയ്യും.

അവസാനമായിട്ടൊരു ചോദ്യം. സന്ന്യാസമാണ് ജീവിതയാത്രയ്ക്കായ് തിരഞ്ഞെടുത്ത മാര്‍ഗ്ഗം. ഞാന്‍ തുടക്കത്തില്‍ പറഞ്ഞപോലെ സന്ന്യാസമെന്നു പറയുന്നതുതന്നെ വളരെ വിരുദ്ധമായ കാഴ്ചപ്പാടുകള്‍ ഉള്ളതാണ്. നമ്മുടെ മുന്നില്‍ ഇന്നുള്ള സന്ന്യാസി എന്നു പറയുന്നത് ആത്മീയവ്യാപാരിയാണ്. അല്ലാതെ ഭാരതീയ സംസ്‌കാരത്തില്‍ നമ്മള്‍ കേട്ടറിഞ്ഞ രീതിയിലുള്ള സത്യാന്വേഷിയല്ല. സന്ന്യാസമെന്നു പറയുന്നത് കൊണ്ട് അങ്ങെന്താണ് ഉദ്ദേശിക്കുന്നത്? 

ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് സന്ന്യാസത്തെക്കുറിച്ചുള്ള സങ്കല്പം. എന്നെ സംബന്ധിച്ച് ഭഗവദ്ഗീതയില്‍ പറയുന്ന സന്ന്യാസമാണ് എനിക്ക് അറിയാവുന്നത്. ''കാമ്യാനാംകര്‍മ്മണാംന്യാസംസംന്യാസംകവയോവിദുഃ'' എന്നാണ് സന്ന്യാസത്തെ ഭഗവദ്ഗീത നിര്‍വ്വചിച്ചിരിക്കുന്നത്. കാമ്യമായ കര്‍മ്മങ്ങളെ വേണ്ട എന്ന് വെക്കുക; കാമ്യം എന്ന് വെച്ചാല്‍ ഇന്ന കാര്യം സാധിച്ചുകിട്ടാനായി ഇന്ന കാര്യം ഞാന്‍ ചെയ്യും എന്നുള്ള ഉദ്ദേശത്തോടുകൂടി ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളേയും വേണ്ടെന്ന് വെക്കുക. അങ്ങനെ ചെയ്യാന്‍ കഴിവുള്ള, എന്നു പറഞ്ഞാല്‍ എന്റേതായിട്ടുള്ള പ്രത്യേക താല്പര്യം നിറവേറ്റുന്നതിനുള്ള ഒന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നു ഞാന്‍ ഉറപ്പുവരുത്തുകയാണെങ്കില്‍, ഒന്നും ചെയ്യുന്നില്ല എന്നല്ല, എന്റെ വ്യക്തിപരമായിട്ടുള്ള ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടാന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്യുന്നില്ല എന്നൊരു നിലപാടില്‍ എനിക്ക് ജീവിക്കാന്‍ സാധിക്കുന്നുണ്ട് എങ്കില്‍ ഞാന്‍ ഒരു സന്ന്യാസിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com