താലിബാന്റെ മാപ്പ് പാഴ്വാക്കാകുന്നത് എന്തുകൊണ്ട്?

തൊട്ടടുത്ത മണിക്കൂറുകളില്‍ പക്ഷേ, അഫ്ഗാനിസ്താനില്‍ നടന്നത് താലിബാന്‍ വക്താവ് പറഞ്ഞതിനു തികച്ചും നേര്‍വിപരീതമായ കാര്യങ്ങളാണ്
താലിബാന്റെ മാപ്പ് പാഴ്വാക്കാകുന്നത് എന്തുകൊണ്ട്?

രുപത് വര്‍ഷങ്ങള്‍ക്കുശേഷം താലിബാന്‍ വീണ്ടും അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചടക്കിയത് ആഗസ്റ്റ് 15-ന്. അതുകഴിഞ്ഞ് രണ്ടാം നാള്‍ അതിന്റെ വക്താവ് സബീഹുല്ല മുജാഹിദ് കാബൂളില്‍ പത്രസമ്മേളനം നടത്തി. അതില്‍ അയാള്‍ രണ്ടു കാര്യങ്ങള്‍ എടുത്തു പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്‍ മാനിക്കും എന്നതായിരുന്നു ഒന്ന്. തങ്ങളെ പ്രതിരോധിച്ചവര്‍ക്കെതിരെ പ്രതികാര നടപടികള്‍ കൈക്കൊള്ളില്ലെന്നും എല്ലാവര്‍ക്കും മാപ്പ് നല്‍കുമെന്നുമുള്ളതായിരുന്നു രണ്ടാമത്തേത്.

തൊട്ടടുത്ത മണിക്കൂറുകളില്‍ പക്ഷേ, അഫ്ഗാനിസ്താനില്‍ നടന്നത് താലിബാന്‍ വക്താവ് പറഞ്ഞതിനു തികച്ചും നേര്‍വിപരീതമായ കാര്യങ്ങളാണ്. സബീഹുല്ലയുടെ പത്രസമ്മേളനം നടന്ന ദിവസം തന്നെ, മുഖം മറയ്ക്കാതെ റോഡിലിറങ്ങിയ ഒരു സ്ത്രീയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. തലസ്ഥാന നഗരമായ കാബൂളില്‍ പുറത്തിറങ്ങിയ സ്ത്രീകള്‍ മര്‍ദ്ദനങ്ങള്‍ക്കിരയായി. ജലാലാബാദില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചവര്‍ക്കു നേരെ താലിബാന്‍ സേന നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുമുണ്ടായി ആക്രമണം. 1996-ല്‍ താലിബാന്‍ കൊലപ്പെടുത്തിയ ഹസാര ശിയ നേതാവ് അബ്ദുല്‍ അലി മസാരിയുടെ പ്രതിമ അടിച്ചുതകര്‍ക്കുകയും ചെയ്തു താലിബാന്‍ കിങ്കരര്‍.

പാശ്ചാത്യ വസ്ത്രമണിഞ്ഞ സ്ത്രീകളുള്ള പരസ്യചിത്രങ്ങളില്‍ ചായം പൂശുക, ജീന്‍സും ടീഷര്‍ട്ടും ധരിച്ച പുരുഷന്മാരുള്ള പരസ്യചിത്രങ്ങള്‍ വികൃതമാക്കുക തുടങ്ങിയ വിക്രിയകളിലും മുഴുകുകയുണ്ടായി മുല്ല മുഹമ്മദ് ഉമറിന്റേയും മകന്‍ മുല്ല യഹ്ക്കൂബിന്റേയും അരുമ ശിഷ്യന്മാര്‍. അതിനിടെ താലിബാന്റെ മറ്റൊരു വക്താവായ വഹീദുല്ല ഹാശ്മി ആഗസ്റ്റ് 18-നു വളച്ചുകെട്ടില്ലാതെ ഒരു കാര്യം വ്യക്തമാക്കി: താലിബാന്‍ അഫ്ഗാനിസ്താനെ ഒരു ജനാധിപത്യ രാഷ്ട്രമാക്കുകയില്ല. പിന്നെ ഏതുതരം രാഷ്ട്രം എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടിയും ഹാശ്മിയില്‍നിന്നു വന്നു: ശരീഅത്ത് നിയമവ്യവസ്ഥ പിന്തുടരുന്ന ഇസ്ലാമിക രാഷ്ട്രമായിരിക്കും അഫ്ഗാനിസ്താന്‍. ജനാധിപത്യത്തിനു പകരം മുല്ലാധിപത്യം നിലവില്‍ വരുമെന്നര്‍ത്ഥം. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍, ശിയ ഇസ്ലാം ഉള്‍പ്പെടെയുള്ള മുസ്ലിം ന്യൂനപക്ഷ മതങ്ങള്‍ക്കുപോലും യാതൊരു സ്ഥാനവുമില്ലാത്ത സുന്നി മുല്ലാധിപത്യത്തിലേക്കാണ് അഫ്ഗാനിസ്താന്‍ നീങ്ങുന്നത്.

താലിബാന്റെ ആശയങ്ങളേയും പ്രവര്‍ത്തനരീതികളേയും എതിര്‍ത്തുപോന്ന എല്ലാവര്‍ക്കും മാപ്പ് നല്‍കുമെന്നു പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയ താലിബാന്‍ പ്രയോഗതലത്തില്‍ മറിച്ചു പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം കിടക്കുന്നത് താലിബാന്റെ 'ജനിതക ഘടന'യിലാണ്. അഫ്ഗാനിസ്താനിലേയും ആ രാജ്യത്തോട് ചേര്‍ന്നുകിടക്കുന്ന പാകിസ്താന്റെ അതിര്‍ത്തി പ്രദേശങ്ങളിലേയും അതിയാഥാസ്ഥിതിക മദ്രസകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളെ ചേര്‍ത്ത് 1994-ല്‍ മുല്ല ഉമര്‍ രൂപവല്‍ക്കരിച്ച സംഘടനയാണ് താലിബാന്‍. വിദ്യാര്‍ത്ഥികള്‍ എന്നത്രേ താലിബാന്‍ എന്ന പഷ്തു പദത്തിനര്‍ത്ഥം. മദ്രസകളില്‍ അവര്‍ അഭ്യസിപ്പിക്കപ്പെട്ടത് ഇസ്ലാമിക സങ്കുചിതത്വത്തിന്റേയും മതാഹങ്കാരത്തിന്റേയും പാഠങ്ങളാണ്. ആധുനിക സാമൂഹിക ശാസ്ത്രത്തിന്റേയും നവീന ചിന്താപദ്ധതികളുടേയും വെളിച്ചത്തില്‍ ഇസ്ലാമിനെ കാലോചിതമായി വ്യാഖ്യാനിക്കുന്നതിനു പകരം സുന്നി ഇസ്ലാമിന്റെ പ്രാകൃത വ്യാഖ്യാനങ്ങള്‍ സ്വായത്തമാക്കുകയാണവര്‍ ചെയ്തത്. പഠനം മുന്നോട്ട് പോകുംതോറും മതാന്ധതയിലും അവര്‍ മുന്നോട്ട് പോയി. തങ്ങള്‍ അഭ്യസിച്ച ഇസ്ലാമിന്റെ അടിസ്ഥാനത്തിലുള്ള ഭരണം മാത്രമേ സ്വീകരിക്കപ്പെട്ടുകൂടൂ എന്നത് അവരുടെ അചഞ്ചലമായ അടിസ്ഥാന മുദ്രാവാക്യമായിത്തീര്‍ന്നു. ജനാധിപത്യമോ മതേതരത്വമോ ബഹുസ്വരതയോ മനുഷ്യാവകാശങ്ങളോ ഒന്നും അംഗീകരിക്കാത്തതും തങ്ങള്‍ വരച്ചിട്ട ഇസ്ലാമികാതിര്‍ത്തിക് പുറത്തുള്ള സകല രാഷ്ട്രീയ, സാംസ്‌കാരിക മാതൃകകളേയും നിര്‍ദ്ദയം പുറന്തള്ളുന്നതുമായ ഒരിടുങ്ങിയ ലോകവീക്ഷണത്തിന്റെ വാഹകരായി മാറി അവര്‍.

അത്യന്തം പ്രതിലോമപരമായ ആ ലോകവീക്ഷണമാണ് അവരില്‍ സ്ത്രീവിരുദ്ധതയും അപരമതങ്ങളോടും ആശയങ്ങളോടും സംസ്‌കാരങ്ങളോടുമുള്ള ഒടുങ്ങാത്ത അസഹിഷ്ണുതയും വളര്‍ത്തിയത്. ഇസ്ലാം എന്നു പറഞ്ഞാല്‍ അവര്‍ക്ക് പുരുഷ ഇസ്ലാമാണ്. മധ്യകാല മനഃസ്ഥിതിയില്‍ ഉറച്ചുനിന്നുകൊണ്ട് അവര്‍ ഖുര്‍ആനും ഹദീസും വ്യാഖ്യാനിക്കുന്നു. പുരുഷ മേധാവിത്വപരവും അപരമത-സംസ്‌കാരദ്വേഷപരവുമായ ആ വ്യാഖ്യാനങ്ങള്‍ ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതു മാത്രമാണ് സ്ത്രീകള്‍ ചെയ്യേണ്ടത്. സ്ത്രീകള്‍ എന്തു പഠിക്കണമെന്നും ഏതു തൊഴില്‍ ചെയ്യണമെന്നും എങ്ങനെ സഞ്ചരിക്കണമെന്നും ഏതു വസ്ത്രം ധരിക്കണമെന്നും അവര്‍ ഉത്തരവിടും. പുരുഷന്മാരുടെ അടിമകളായി ജീവിക്കുക എന്നതില്‍പ്പരം സ്ത്രീകള്‍ മറ്റൊന്നും ആഗ്രഹിച്ചുകൂടാ. അതാണ് അല്ലാഹുവിന്റെ മതമായ ഇസ്ലാം അനുശാസിക്കുന്നത് എന്നതില്‍ അവര്‍ അടിവരയിടുന്നു.

ഇസ്ലാമിനെ പുരുഷന്റെ മതമായി കാണുന്നതുപോലെ, ആ മതത്തെ ദൈവം നല്‍കിയ ഒരേയൊരു സത്യമതമായി താലിബാനികള്‍ വീക്ഷിക്കുകയും ചെയ്യുന്നു. ഇസ്ലാം അല്ലാത്ത മറ്റെല്ലാ മതങ്ങളും വ്യാജവും ഇസ്ലാമികമല്ലാത്ത മറ്റെല്ലാ സംസ്‌കാരങ്ങളും വര്‍ജ്ജ്യവുമായി അവര്‍ കണക്കാക്കുന്നു. അത്തരം മതങ്ങളിലും സംസ്‌കാരങ്ങളിലുമുള്ളവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും അഭിലഷണീയമായ കാര്യം ഇസ്ലാം മതത്തിലേക്കും അതിന്റെ സംസ്‌കാരത്തിലേക്കും കടന്നുചെല്ലുക എന്നതാണ്. അതിനു വിസമ്മതിക്കുന്നവരെ എന്തുചെയ്യുമെന്നതിന്റെ പല സൂചകങ്ങളിലൊന്നായിരുന്നു ബാമിയാനിലെ ബുദ്ധപ്രതിമകള്‍ക്കു സംഭവിച്ച ദുരന്തം.

അക്രാമക വീക്ഷണം

മുകളില്‍ പരാമര്‍ശിച്ച ഇടുങ്ങിയ ലോകവീക്ഷണത്തില്‍നിന്ന് അവര്‍ മെനഞ്ഞുണ്ടാക്കിയ ഒരു പ്രത്യയശാസ്ത്രമുണ്ട്. അതിന്റെ പേരാണ് ജിഹാദിസം. അല്‍ഖായ്ദയും ഐ.എസ്സും ബെക്കോ ഹറാമും ലശ്കറെ ത്വയ്യിബയും ജെയ്‌ഷെ മുഹമ്മദുമെല്ലാം നെഞ്ചേറ്റുന്ന പ്രത്യയശാസ്ത്രവും അതുതന്നെ. ആ പ്രത്യയശാസ്ത്രം ഐ.എസ്. തീവ്രവാദികള്‍ എങ്ങനെ മദ്രസാ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു എന്നു വ്യക്തമാക്കുന്ന ഒരു വീഡിയോ 'അല്‍ ജസീറ' പുറത്തു വിട്ടിരുന്നു. ഇസ്ലാമിക് സ്റ്റെയ്റ്റ് ഓഫ് ഖൊറാസാന്‍ അഫ്ഗാനിലെ കൊച്ചുകുട്ടികള്‍ക്ക് ജിഹാദിസത്തിന്റെ ബാലപാഠങ്ങള്‍ പകരുന്ന ആ മദ്രസാ ക്ലാസ്സില്‍ കാണുന്നത് അഞ്ചിനും എട്ടിനുമിടയ്ക്ക് പ്രായമുള്ള ബാലികാബാലകന്മാരെയാണ്. ഉസ്താദ് പഷ്തു ഭാഷയില്‍ അവര്‍ക്ക് ചൊല്ലിക്കൊടുക്കുന്നത് ജിഹാദിസത്തിന്റെ വിവക്ഷ. ഉപയോഗിക്കുന്ന പഠനോപാധികള്‍ കലാഷ്-നിക്കോവും റിവോള്‍വറും ഹാന്‍ഡ് ഗ്രനേഡും. അല്ലാഹുവിന്റെ മതം (ഇസ്ലാം) ലോകം മുഴുവന്‍ നടപ്പില്‍ വരുത്തുന്നതിന്റെ പേരാണ് ജിഹാദ് എന്ന് ഉസ്താദ് വിശദീകരിക്കുന്നു. ഇസ്ലാമിനെതിരേയുള്ള കുത്തിത്തിരിപ്പുകളും വിഗ്രഹാരാധനയും അവിശ്വാസവും ഭൂമുഖത്ത് ഇല്ലാതാകുന്നതു വരെ ജിഹാദ് നടത്തണം. എങ്ങനെ? താന്‍ കാണിച്ചുതന്ന ആയുധങ്ങളടക്കം ഉപയോഗിച്ച് അവിശ്വാസികള്‍ക്കെതിരെ പൊരുതിവേണം ജിഹാദിലേര്‍പ്പെടുക എന്ന് ഉസ്താദ് വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിക്കുന്നു.

ഐ.എസ്സും താലിബാനും അവിശ്വാസികള്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ ആരൊക്കെയാണ്? അമുസ്ലിങ്ങള്‍ മാത്രമല്ല അവരുടെ ദൃഷ്ടിയില്‍ അവിശ്വാസികള്‍. താലിബാനും ഐ.എസ്സും ഉള്‍പ്പെടെയുള്ള മുസ്ലിം മതമൗലിക, തീവ്രവാദ പ്രസ്ഥാനങ്ങളോട് ചേര്‍ന്നു നില്‍ക്കാത്ത മുസ്ലിങ്ങളും അവരുടെ കണ്ണില്‍ അവിശ്വാസികളാണ്. അതിനര്‍ത്ഥം ഇസ്ലാമിക ഭരണവാദം തള്ളിക്കളയുകയും ഇസ്ലാമിനെ ആധുനിക വിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ലിബറല്‍ മുസ്ലിങ്ങളേയും താലിബാന്‍ കാണുന്നത് ജിഹാദ് എന്ന 'വിശുദ്ധ യുദ്ധ'ത്തിലൂടെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരായാണ് എന്നത്രേ.

ഇമ്മട്ടിലുള്ള മതവിദ്യാഭ്യാസത്തിനും മസ്തിഷ്‌ക പ്രക്ഷാളനത്തിനും വിധേയരാക്കപ്പെട്ടവരാണ് ഇപ്പോള്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയിരിക്കുന്നത്. ലിംഗസമത്വം, മനുഷ്യാവകാശങ്ങള്‍, അപരമതാദരവ്, അപരസംസ്‌കാര ബഹുമാനം തുടങ്ങിയ പരികല്‌നകളൊന്നും അവരുടെ നിഘണ്ടുവിലില്ല. അതിനാല്‍ത്തന്നെയാണ് ആഗസ്റ്റ് 17-ന് നടന്ന പത്രസമ്മേളനത്തില്‍ താലിബാന്‍ വക്താവ് ഉറപ്പുനല്‍കിയ മാപ്പ് പാഴ്വാക്കായി പരിണമിക്കുന്നത്. 

1996-2001 കാലത്ത് അധികാരത്തിലിരുന്ന താലിബാന്റേതില്‍നിന്നു വ്യത്യസ്തമായ മുഖമായിരിക്കും ഇപ്പോഴത്തെ താലിബാന്റേത് എന്നു നിരീക്ഷിക്കുന്നവരുണ്ട്. മുന്‍കാലത്തില്‍നിന്നു വ്യത്യസ്തമായി ചൈന, റഷ്യ, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ താലിബാനെ അംഗീകരിക്കുന്ന സാഹചര്യത്തിലും അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ സ്വീകാര്യത ആര്‍ജ്ജിക്കേണ്ടതുണ്ടതുള്ളതിനാലും തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ താലിബാന്‍ നിര്‍ബ്ബന്ധിക്കപ്പെടുമെന്നാണ് അത്തരക്കാര്‍ അഭിപ്രായപ്പെടുന്നത്. 

ഈ ദിശയില്‍ നിരീക്ഷണം നടത്തുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കാതിരിക്കുന്നു. പ്രതിച്ഛായ മിനുക്കലും താലിബാന്‍ ഉദ്‌ഘോഷിക്കുന്ന ശരീഅത്തധിഷ്ഠിത ഭരണവും തമ്മില്‍ പ്രകടമായ വൈരുദ്ധ്യമുണ്ട്. രണ്ടും തമ്മില്‍ ഒത്തുപോവില്ല. മധ്യകാല ക്രിമിനല്‍ നിയമങ്ങളുടേയും സ്ത്രീവിരുദ്ധ സാമൂഹിക നിയമങ്ങളുടേയും സാകല്യമാണ് ശരീഅത്ത്. അതില്‍ വെള്ളം ചേര്‍ത്താല്‍ താലിബാന്‍ താലിബാനല്ലാതാവും. അതിനവര്‍ സന്നദ്ധരാകുമെന്നത് അമിതമായ ശുഭാപ്തി വിശ്വാസമാകാനാണിട.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com