സാമ്രാജ്യങ്ങളുടെ അധിനിവേശവും അന്ത്യവും

ഒരു പ്രദേശത്ത് ഒറ്റപ്പെട്ടുപോയ താലിബാന്‍ പടയാളികളെ അമേരിക്കന്‍ സേന വളഞ്ഞു. മരണം ഉറപ്പായ സംഘത്തിന്റെ അടുത്തനീക്കമാണ് യുഎസ് സൈനികരെ ഞെട്ടിച്ചത്
കാബൂളിന് സമീപം പരിശോധന നടത്തുന്ന താലിബാൻ സേനാം​ഗം
കാബൂളിന് സമീപം പരിശോധന നടത്തുന്ന താലിബാൻ സേനാം​ഗം

ര്‍ഷം 2001. പൊടിക്കാറ്റ് വീശിയടിക്കുന്ന അഫ്ഗാന്‍ കുന്നുകളാല്‍ ചുറ്റപ്പെട്ട ഷഹര്‍മൈതാന്‍ എന്ന പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കനത്ത യുദ്ധം നടക്കുകയാണ്. സ്ഫോടനശബ്ദത്തോടൊപ്പം പുകപടലങ്ങളും ആകാശത്ത് വിലയം ചെയ്യുന്നു. ഒരു പ്രദേശത്ത് ഒറ്റപ്പെട്ടുപോയ താലിബാന്‍ പടയാളികളെ അമേരിക്കന്‍ സേന വളഞ്ഞു. മരണം ഉറപ്പായ സംഘത്തിന്റെ അടുത്തനീക്കമാണ് യുഎസ് സൈനികരെ ഞെട്ടിച്ചത്. കരഘോഷം മുഴക്കി സമാധാനത്തോടെ എതിരാളികള്‍ക്ക് നേരേ നടന്നടുക്കുകയായിരുന്നു അവര്‍. ചിരിച്ചുകൊണ്ടാണ് അമേരിക്കന്‍ സൈനികത്തലവനോട് അതിലൊരു താലിബാന്‍കാരന്‍ സംസാരിച്ചു തുടങ്ങിയത്. ഞങ്ങളുടെ തലപ്പാവ് അടിയറവച്ചിരിക്കുന്നവെന്നായിരുന്നു അയാളുടെ വാക്കുകള്‍. തോല്‍വി സമ്മതിച്ചിരിക്കുന്നുവെന്നര്‍ത്ഥം. അതില്‍ യാതൊരു നാണക്കേടോ സംശയമോ ഇച്ഛാഭംഗമോ അവര്‍ക്കുണ്ടായിരുന്നില്ല. അര്‍ത്ഥമില്ലാത്ത മരണത്തേക്കാള്‍ നല്ലത് എതിര്‍പക്ഷത്തിന് കീഴടങ്ങുകയാണെന്ന് പ്രായോഗികമതികളായ അവര്‍ക്കറിയാമായിരുന്നു. അന്ന് കീഴടങ്ങിയവരില്‍ പലരും പിന്നീട് അഫ്ഗാന്‍ സേനയില്‍ ചേര്‍ന്നെന്ന് പറയുന്നു സി.എന്‍.എന്‍ പത്രപ്രവര്‍ത്തകനായ സാം കിലേ. തങ്ങള്‍ ആകൃഷ്ടരായ ഇസ്ലാമിക രാഷ്ട്രവാദവും ജിഹാദും ഉപേക്ഷിച്ചെന്നല്ല ഇതിന്റെ അര്‍ത്ഥം. എന്തുകൊണ്ട് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യം താലിബാന്‍കാര്‍ക്ക് കീഴടക്കാനായി എന്നതിന്റെ കാരണങ്ങളിലൊന്ന് ഈ വരികളിലുണ്ട്. പ്രായോഗികതയിലൂന്നിയ തന്ത്രമാണ് താലിബാന്‍ സ്വീകരിച്ചത്. അവരുടെ സമയത്തിനായി അവര്‍ കാത്തിരുന്നു. 

പത്തു ദിവസത്തിനുള്ളിലാണ് ഹെരാത്ത്, കുണ്ടൂസ്, കാണ്ടഹാര്‍, ഫൈസാബാദ്, മസാറെ ഷരീഫ്, ഗസ്നി, അസദാബാദ്, ഗര്‍ദേസ്, ജലാലാബാദ് തുടങ്ങിയ സുപ്രധാന നഗരങ്ങള്‍ താലിബാന്‍ കീഴടക്കിയത്. ഓഗസ്റ്റ് 15-ന് ചെറുത്തുനില്‍പ്പൊന്നും കൂടാതെതന്നെ രാജ്യതലസ്ഥാനമായ കാബൂളും അവരുടെ അധീനത്തിലായി. താലിബാനുമായി പോരാടാന്‍ സൈനികരോ സൈന്യമോ ശേഷിച്ചിരുന്നില്ല. പ്രധാനമന്ത്രിയും സൈന്യവും അതിനകം രാജ്യം ഉപേക്ഷിച്ചിരുന്നു. മൂന്നു ലക്ഷം ഭടന്മാരുള്ളതും അമേരിക്കക്കാര്‍ പരിശീലിപ്പിച്ചതുമായ അഫ്ഗാന്‍ സൈന്യത്തെ പരാജയപ്പെടുത്താന്‍ 75,000 പേര്‍ മാത്രമുള്ള താലിബാനു കഴിയില്ലെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു അമേരിക്ക. ചുരുങ്ങിയത് ഒരുമാസമെങ്കിലുമെടുക്കും കാബൂളില്‍ താലിബാനെത്താന്‍ എന്ന കണക്കുകൂട്ടലിലായിരുന്നു യു.എസ് ഇന്റലിജന്‍സ്. എന്നാല്‍, ഇതൊന്നുമായിരുന്നില്ല യാഥാര്‍ത്ഥ്യം. അഴിമതി ഗ്രസിച്ച ഭരണവ്യവസ്ഥയുള്ള അഫ്ഗാനില്‍ സൈനികര്‍ക്കുള്ള ശമ്പളമെത്തിയത് ഓഫീസര്‍മാരുടെ പോക്കറ്റുകളിലായിരുന്നു. സൈനികര്‍ നിത്യചെലവിനായി ആയുധങ്ങള്‍ ചന്തകളില്‍ വിറ്റു. ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ യു.എസ് അനുവദിച്ച തുക വകമാറ്റി. ദയാപൂര്‍വമായ കീഴടങ്ങലായിരുന്നു അനന്തരഫലം. 

കാബൂളിലെ ഒരു സം​ഗീത വിദ്യാലയം- പഴയകാല ചിത്രം 
കാബൂളിലെ ഒരു സം​ഗീത വിദ്യാലയം- പഴയകാല ചിത്രം 

ഇതില്‍ വലിയ അത്ഭുതമൊന്നുമില്ലെന്നതാണ് വാസ്തവം. 20 വര്‍ഷം നീണ്ട യു.എസ് അധിനിവേശകാലത്തും ഒളിഞ്ഞും തെളിഞ്ഞും താലിബാന്‍ നിലനിന്നിരുന്നു. 2001-ല്‍ അധികാരത്തില്‍നിന്ന് പുറത്തായെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും അവരുടെ ശക്തികേന്ദ്രങ്ങളായി തുടര്‍ന്നിരുന്നു. ഹമീദ് കര്‍സായി പ്രസിഡന്റായ, യു.എസ് സ്പോണ്‍സര്‍ ചെയ്ത സര്‍ക്കാരിന് കാബൂളിലും ചില പ്രവിശ്യകളിലും (ഇരുപതു ശതമാനത്തില്‍ താഴെ) മാത്രമായിരുന്നു അധികാരമേധാവിത്വം. 2003-ല്‍ യു.എസിന്റെ ലക്ഷ്യം ഇറാഖ് ആയതോടെ താലിബാന്‍ വീണ്ടും സജീവമായി. പല പ്രവിശ്യകളും അവരുടെ ഭരണത്തിന്റെ കീഴിലുമായി. 2018-ല്‍ താലിബാന്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയും നടത്തി. പെന്റഗണ്‍ വിലയിരുത്തല്‍ അനുസരിച്ച് 2001-ല്‍ അമേരിക്ക അഫ്ഗാന്‍ യുദ്ധം തുടങ്ങുമ്പോള്‍ താലിബാന്‍ കൈവശം വച്ച പ്രവിശ്യകളേക്കാള്‍ കൂടുതല്‍ സ്ഥലങ്ങള്‍ 2019-ല്‍ അവരുടെ അധീനതയിലായിരുന്നു. 2019 സെപ്റ്റംബറില്‍ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട അഫ്ഗാന്‍ പേപ്പേഴ്സില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. 2020 ഫെബ്രുവരിയില്‍ യു.എസും താലിബാനും സമാധാനക്കരാര്‍ ഒപ്പിട്ടു. ഈ വര്‍ഷം മേയില്‍ സ്വാഭാവികമായും യു.എസ് സൈന്യം പിന്‍മാറുന്നതോടെ താലിബാന്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായിരുന്നു. ഇത്രയും വേഗം അത് സാധ്യമായതില്‍പോലും അത്ഭുതമില്ല.

20 വര്‍ഷം മുന്‍പ് ഇസ്ലാമിക ഭീകരതയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ച അമേരിക്ക അഫ്ഗാനില്‍നിന്ന് പിന്‍മാറുമ്പോള്‍ അവശേഷിക്കുന്ന ചില ദുരന്തയാഥാര്‍ത്ഥ്യങ്ങളാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഒരു ട്രില്യണ്‍ ഡോളറിലധികമാണ് അഫ്ഗാന്‍ യുദ്ധത്തിന് യു.എസിന് ചെലവായത്. മൂന്നു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു. അതില്‍ ഭൂരിഭാഗവും സാധാരണക്കാര്‍. പരുക്കേറ്റവരുടെ എണ്ണം മൂന്നിരട്ടിയിലധികം. വാര്‍ ഓണ്‍ ടെറര്‍ എന്ന് വിശേഷിപ്പിച്ച ഈ അമേരിക്കന്‍ യുദ്ധങ്ങളുടെ ഫലമായി 37 ദശലക്ഷം പേര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അതായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ നൃശംസതകളിലൊന്നായിരുന്നു ഈ യുദ്ധങ്ങള്‍. അന്തരഫലമോ. ഭീകരരെന്ന് പ്രഖ്യാപിച്ചവരെ തന്നെ അധികാരമേല്‍പ്പിച്ച് അമേരിക്ക അഫ്ഗാന്‍ മണ്ണില്‍ നിന്ന് മടങ്ങുകയും ചെയ്തു. മതാന്ധത ബാധിച്ച ഒരു കൂട്ടം ആള്‍ക്കാരുടെ ക്രൂരതയെ നാം വിലപിക്കുമ്പോള്‍  മറുവശത്ത് പുരോഗമനമെന്നും ആധുനികരെന്നും ലിബറല്‍ ജനാധിപത്യമെന്നും വിശേഷിപ്പിക്കപ്പെടുന്ന സാമ്രാജ്യത്വങ്ങള്‍ നടത്തുന്ന വ്യവസ്ഥാപിതമായ ക്രൂരതകളെ ബോധപൂര്‍വം വിസ്മരിക്കുകയും ചെയ്യുന്നു.

ജലാലബാദിലെ തെരുവിൽ വാദ്യസംഘത്തിന്റെ പ്രകടനം ആസ്വദിക്കുന്ന ജനക്കൂട്ടം- പഴയകാല ചിത്രം
ജലാലബാദിലെ തെരുവിൽ വാദ്യസംഘത്തിന്റെ പ്രകടനം ആസ്വദിക്കുന്ന ജനക്കൂട്ടം- പഴയകാല ചിത്രം

ഉത്തരങ്ങളില്ലാത്ത യുദ്ധങ്ങള്‍ ഇനിയുമുണ്ട്. ഇറാഖ്, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2003 മുതല്‍ ഇറാഖില്‍ രക്തരൂഷിത അധിനിവേശം നടക്കുന്നു. ലിബിയയിലും സിറിയയിലും 2011 മുതല്‍ യുദ്ധം നടക്കുന്നു. മുല്ലപ്പൂ വിപ്ലവത്തിനു പിന്നാലെ ഏകാധിപതി ബഷാര്‍ അല്‍അസദിനെതിരേ സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം 10 വര്‍ഷം പിന്നിടുമ്പോള്‍ കെടുതിയില്‍ ജീവിച്ചിരുന്ന ഒരുപറ്റം മനുഷ്യരെ കൂടുതല്‍ നിസഹായകരാക്കുകയാണുണ്ടായത്. കൊല്ലപ്പെട്ടത് അഞ്ചു ലക്ഷത്തിലധികം പേര്‍. 10 ലക്ഷം പേര്‍ കടുത്ത ദാരിദ്ര്യത്തിലായി. 50 ലക്ഷം പേരാണ് പലയാനം ചെയ്തത്. 80 രാജ്യങ്ങളടങ്ങുന്ന സംഘമാണ് ഐ.എസിനെ ഇല്ലാതാക്കിയതായി അവകാശപ്പെടുന്നത്. അതിന് അഞ്ച് വര്‍ഷത്തെ ഘോരയുദ്ധം വേണ്ടിവന്നു. എന്നാല്‍, കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരായിരുന്നു. ഇപ്പോഴും ഐ.എസ് ആഫ്രിക്കയില്‍ സജീവമാണെന്നതാണ് യാഥാര്‍ത്ഥ്യം. 2013 മുതല്‍ ഫ്രെഞ്ച് സൈനിക ഇടപെടലുള്ള മാലിയിലും സ്ഥിതി വ്യത്യസ്തമല്ല. അല്‍ ക്വയ്ദ ബന്ധമുള്ള ജിഹാദിസ്റ്റ് സംഘങ്ങള്‍ തലസ്ഥാനമായ ബാമാകോ പിടിച്ചെടുക്കാനുള്ള ശ്രമം എട്ടുവര്‍ഷമായി ചെറുക്കുകയാണ് ഫ്രെഞ്ച് സേന. ഒരു വഴിത്തിരിവോ തീരുമാനമോ ഉണ്ടാകില്ലെന്നുറപ്പായതുകൊണ്ടാവണം സൈനികസാന്നിധ്യം കുറയ്ക്കാനാണ് ഫ്രാന്‍സിന്റെ തീരുമാനം. 

അതായത്, യുദ്ധങ്ങളും അതുണ്ടാക്കുന്ന കെടുതികളും വന്‍ശക്തി രാജ്യങ്ങളുടെ തന്ത്രപരമായ മുന്‍ഗണകളുമായുള്ള വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത. 2001-ല്‍ താലിബാന്‍ ഭരണകൂടം ബിന്‍ലാദനെ അമേരിക്കക്ക് കൈമാറാമെന്ന് സമ്മതിച്ചിരുന്നുവെന്നും വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോഴുണ്ട്. നയതന്ത്രബന്ധത്തിലൂടെ പ്രശ്നപരിഹാരമായിരുന്നില്ല അമേരിക്കയുടെ ലക്ഷ്യം. അവര്‍ക്കാവശ്യം ഒരു യുദ്ധമായിരുന്നു. അഫ്ഗാനും ഇറാഖുമടങ്ങുന്ന പ്രദേശങ്ങളിലെ അധിനിവേശമായിരുന്നു അവരുടെ അജണ്ട. ഇന്ന് ഈ മുന്‍ഗണനാക്രമണത്തില്‍ മാറ്റം വന്നിട്ടുണ്ട്. പശ്ചിമേഷ്യ-മിഡില്‍ ഈസ്റ്റുമടങ്ങുന്ന സ്ഥലങ്ങള്‍ അമേരിക്കയുടെ മുന്‍ഗണനാക്രമത്തില്‍ നിന്ന് മാറിക്കഴിഞ്ഞു. ഇന്ന് അമേരിക്കയുടെ ശത്രുനിര്‍മിതികളില്‍ മുന്‍ഗണന ചൈനയ്ക്കും ഒരുപരിധി വരെ റഷ്യക്കുമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഇസ്ലാമിക ഭീകരതയ്ക്കെതിരേയുള്ള യുദ്ധം എന്ന അമേരിക്കയുടെ മുന്‍ഗണനാക്രമം മാറിയെന്നര്‍ത്ഥം.

1980ൽ കനാർ പ്രവിശ്യയിൽ മുജാഹിദീൻ പടയാളികൾ. കുത്തിയൊഴുകുന്ന നദികൾ മുറിച്ചു കടക്കാൻ ഇവർ മൃ​ഗത്തോൽ വച്ച് നിർമിച്ച സഞ്ചികളാണ് ഉപയോ​ഗിച്ചിരുന്നത്
1980ൽ കനാർ പ്രവിശ്യയിൽ മുജാഹിദീൻ പടയാളികൾ. കുത്തിയൊഴുകുന്ന നദികൾ മുറിച്ചു കടക്കാൻ ഇവർ മൃ​ഗത്തോൽ വച്ച് നിർമിച്ച സഞ്ചികളാണ് ഉപയോ​ഗിച്ചിരുന്നത്

സാമ്രാജ്യത്വങ്ങളുടെ ശവപ്പറമ്പ്

രക്തരൂഷിതമായ കലാപങ്ങളുടെയും യുദ്ധങ്ങളുടെയും മണ്ണാണ് അഫ്ഗാന്‍. സാമ്രാജ്യത്വങ്ങള്‍ സമ്മാനിച്ച ദുരിതങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്. ഇതിനിടയില്‍ നിശ്വാസത്തിന്റെയും നെടുവീര്‍പ്പിന്റെയും ഇടവേളകളുണ്ടായിരുന്നെങ്കിലും സംഘര്‍ഷമൊഴിഞ്ഞ കാലം ഒരിക്കലും ആ ജനതയ്ക്ക് അനുഭവിക്കാനായിട്ടില്ല. അലക്സാണ്ടര്‍ ചക്രവര്‍ത്തി, ചെങ്കിസ്ഖാന്‍, മൗര്യരും മുഗളന്മാരും എന്നിങ്ങനെ പലരും ആ ഭൂമി കീഴടക്കിയിട്ടുണ്ട്. എന്നാല്‍, അതൊന്നും ശാശ്വതമായ അധികാരത്തണലുണ്ടാക്കിയില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഭൂമിശാസ്ത്രപരമായി പ്രധാന്യമുള്ള അഫ്ഗാനെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയായിരുന്നു ബ്രിട്ടണിന്റെ ലക്ഷ്യം. അധീശത്വം മാത്രമായിരുന്നില്ല ഉപദേശീയതകളെ തമ്മിലടിപ്പിക്കുന്നതിലും പിന്നിലെ ബുദ്ധികേന്ദ്രവും ഇവരായിരുന്നു. അമേരിക്കയും റഷ്യയും പിന്നീടാണ് എത്തിയതെങ്കിലും അവര്‍ ഈ തന്ത്രങ്ങള്‍ തുടര്‍ന്നു. വിഭജിച്ച് ഭരിക്കുക എന്ന നയം നടപ്പാക്കിയതുപോലെയൊന്നായിരുന്നു അത്. ഏതായാലും അമേരിക്കയും റഷ്യയും അഫ്ഗാന്‍ മണ്ണില്‍ അസ്ഥിരതയ്ക്ക് വിത്തിട്ടുവെന്നുറപ്പാണ്. ഒരു നൂറ്റാണ്ട് കാലം അസ്ഥിരതയ്ക്കും കലാപങ്ങളും രക്തച്ചൊരിച്ചിലുകള്‍ക്കും നിദാനം ഈ അധിനിവേശമായിരുന്നു.  

1838-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തോടെ ഷാ ഷൂജ രാജാവ് അധികാരത്തിലെത്തിയെങ്കിലും മൂന്നുവര്‍ഷത്തിനകം അദ്ദേഹം കൊല്ലപ്പെട്ടു. തിരിച്ചടികളോടെ ബ്രിട്ടീഷ്-ഇന്ത്യന്‍ സൈന്യത്തിന് പിന്‍മാറേണ്ടി വന്നു. തദ്ദേശീയരുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ ഷാ ഷൂജ ബ്രിട്ടീഷ് സൈന്യത്തിനെതിരേ തിരിഞ്ഞു. ഇതില്‍ പരാജയപ്പെട്ട അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മൂന്ന് ബ്രിട്ടീഷ് - അഫ്ഗാന്‍ യുദ്ധങ്ങളാണ് നടന്നത്. റഷ്യയ്ക്കും ഇന്ത്യക്കുമിടയിലുള്ള ഈ ഭൂപ്രദേശം അത്രമാത്രം ഭൗമപ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. റഷ്യന്‍ സാമ്രാജ്യത്തിന്റെ ഇടപെടല്‍ ഒഴിവാക്കുകയെന്ന ഗൂഢലക്ഷ്യം ബ്രിട്ടനുണ്ടായിരുന്നു. ഒന്നാം യുദ്ധത്തില്‍ തദ്ദേശീയരായ ഗോത്രവര്‍ഗക്കാരുമായി ഏറ്റുമുട്ടിയ ബ്രിട്ടീഷ് സൈന്യത്തിന് തിരിച്ചടി നേരിട്ടെങ്കിലും രണ്ടാംയുദ്ധത്തില്‍ മേല്‍ക്കൈ നേടാനായി. കരാറൊപ്പിട്ടതോടെ വിദേശകാര്യം സംബന്ധിച്ച നിയന്ത്രണം ബ്രിട്ടന് ലഭിച്ചു. ബ്രിട്ടണില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് മൂന്നാം യുദ്ധത്തിന്റെ പര്യവസാനം.

1919-ല്‍ അമാനുള്ളഖാന്‍ രാജാവ് ബ്രിട്ടണില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. റാവില്‍പ്പിണ്ടി സന്ധിയിലൂടെ അത് സാധ്യവുമായി. എന്നാല്‍, സാമൂഹ്യപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് രാജ്യത്തുനിന്ന് പലായനം ചെയ്യേണ്ടി വന്നു. യാഥാസ്ഥിതികമതമേധാവികളുടെ എതിര്‍പ്പായിരുന്നു കാരണം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും പര്‍ദ ഒഴിവാക്കാനുമുള്ള തീരുമാനവും അത്രമാത്രം എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയത്. ആഭ്യന്തരകലാപങ്ങള്‍ വ്യാപകവുമായി. അടുത്ത നാലു ദശാബ്ദം സാഹിര്‍ഷായുടെ രാജവാഴ്ചയായിരുന്നു. 1953-ല്‍ ജനറല്‍ മെഹാമ്മദ് ദൗദ് പ്രധാനമന്ത്രിയായി. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക-സൈനിക സഹായം കിട്ടിയ മൊഹമ്മദ് വീണ്ടും സാമൂഹ്യപരിഷ്‌കരണത്തിന് ശ്രമിച്ചു. പര്‍ദ വീണ്ടും ഉപേക്ഷിക്കപ്പെട്ടു. സ്ത്രീകള്‍ സമൂഹമധ്യത്തിലേക്ക് വന്നു. എന്നാല്‍ കൃത്യം പത്തുവര്‍ഷത്തിനു ശേഷം മൊഹമ്മദ് രാജിവച്ചു. 

51ാം ബ്രിട്ടീഷ് റെജിമെന്റ്. പിറകിലിരിക്കുന്ന മൂന്ന് പേർ പ്രദേശവാസികളാണ്- 1978ൽ പകർത്തിയ ചിത്രം (ഫോട്ടോ: കൊഡാക് കളക്ഷൻ)
51ാം ബ്രിട്ടീഷ് റെജിമെന്റ്. പിറകിലിരിക്കുന്ന മൂന്ന് പേർ പ്രദേശവാസികളാണ്- 1978ൽ പകർത്തിയ ചിത്രം (ഫോട്ടോ: കൊഡാക് കളക്ഷൻ)

1964-ല്‍ സാഹിര്‍ഷാ രാജാവ് ഒരു ഭരണഘടന കൊണ്ടുവന്നു. എന്നാല്‍ ഇത് രാഷ്ട്രീയധ്രുവീകരണത്തിലേക്കും അധികാരത്തര്‍ക്കങ്ങളിലേക്കുമാണ് വഴിതെളിച്ചത്. 1973-ല്‍ പട്ടാള അട്ടിമറിയിലൂടെ ദാവൂദ് ഖാന്‍ അധികാരത്തിലെത്തിയെങ്കിലും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 1978-ല്‍ സര്‍വിപ്ലവത്തിലൂടെ അഫ്ഗാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) ദാവൂദ് ഖാനെ വധിച്ച് അധികാരം പിടിച്ചെടുത്തു. തുടര്‍ന്ന് നൂര്‍ മുഹമ്മദ് തരാക്കി അധികാരത്തിലെത്തി. എന്നാല്‍ യു.എസ് പിന്തുണയുള്ള മുജാഹിദീന്‍ സംഘങ്ങളുടെ കടുത്ത ആക്രമണങ്ങളെത്തുടര്‍ന്ന് ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. 

പാകിസ്താന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വഴി സി.ഐ.എ തന്നെയാണ് മുജാഹിദീന്‍ സൈന്യത്തെ സൃഷ്ടിച്ചത്. ആയുധവും പണവും നല്‍കി. ദേശീയത ചേര്‍ന്ന ഇസ്ലാമിക ആശയങ്ങളായിരുന്നു ആ സംഘങ്ങളുടെ പ്രത്യയശാസ്ത്രം. 1979-ല്‍ കലാപത്തില്‍ തരാക്കി കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രി ഹഫീസുള്ള അമീന്‍ അധികാരത്തില്‍ വന്നു. മുജാഹിദീന്‍ സൈന്യത്തെ നേരിടാന്‍ സര്‍ക്കാര്‍ സോവിയറ്റ് സഹായം തേടി. തുടര്‍ന്ന് 1979 ഡിസംബറില്‍ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തി. ഏറ്റുമുട്ടലില്‍ ഹഫീസുള്ള കൊല്ലപ്പെട്ടു. പകരക്കാരനായി ബാബ്രക് കര്‍മാല്‍ സോവിയറ്റ് പിന്തുണയോടെ അധികാരത്തിലെത്തി. റഷ്യന്‍ ഇടപെടലോടെ മുജാഹിദീനുകള്‍ പോരാട്ടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. അമേരിക്കയും പാകിസ്താനും ചൈനയും ഇറാനും സൗദിയും പിന്തുണ നല്‍കി. ഈ യുദ്ധത്തില്‍ അഫ്ഗാന്‍ ജനതയുടെ പകുതിയിലധികം ഇറാനിലേക്കും പാകിസ്ഥാനിലേക്കും പലയാനം ചെയ്തെന്നാണ് കണക്ക്. സോവിയറ്റ് ഹെലികോപ്റ്ററുകള്‍ വെടിവച്ചിടാനുള്ള സ്റ്റിംഗര്‍ മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ അമേരിക്ക മുജാഹിദീന്‍ സംഘങ്ങള്‍ക്കു നല്‍കി. ഭിന്നിച്ചു നിന്നിരുന്ന ഗ്രൂപ്പുകള്‍ ഒന്നായി സോവിയറ്റ് സൈന്യത്തിനും ഭരണകൂടത്തിനുമെതിരേ തിരിഞ്ഞു. മുജാഹിദീന്‍, ഉസ്ബക്ക്, താജിക്ക് സംയുക്ത മുന്നേറ്റമാണ് പിന്നീടുണ്ടായത്.

ബാബ്രക് കര്‍മാലിനു പകരം നജീബുള്ള അധികാരത്തിലെത്തിയെങ്കിലും സോവിയറ്റ് യൂണിയന് അധികകാലം പിടിച്ചുനില്‍ക്കാനായില്ല. 1988-ലുണ്ടാക്കിയ കരാര്‍ പ്രകാരം സോവിയറ്റ് യൂണിയന്‍ സൈന്യത്തെ പിന്‍വലിച്ചു. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അഫ്ഗാന്റെ ഭാവി വീണ്ടും നിഴലിലായി. 1989-ല്‍ നജീബുള്ളയെ അധികാരഭ്രഷ്ടനാക്കാന്‍ മുജാഹിദീനുകള്‍ ആഭ്യന്തരയുദ്ധം തുടങ്ങി. 1992-ല്‍ സര്‍ക്കാര്‍ വീണെങ്കിലും യുദ്ധം തുടര്‍ന്നു. മുജാഹിദീനുകള്‍ കാബൂള്‍ പിടിച്ചടക്കിയതോടെ അവസാന പ്രസിഡന്റ് നജീബുള്ളയും കുടുംബവും കൊല്ലപ്പെട്ടു. ബുര്‍ഹാനുദിന്‍ റബാനി, അഹമദ് ഷാ മസൂദ്, അബ്ദുള്‍ റഷീദ് ദോസ്തം എന്നിവരുടെ സംയുക്ത നീക്കങ്ങള്‍ക്കൊടുവില്‍ റബാനിയെ പ്രസിഡന്റാക്കി പുതിയ ഇസ്ലാമിക സര്‍ക്കാര്‍ വന്നു. എന്നാല്‍ താജിക്ക് മേധാവിത്വം ആരോപിച്ച് മുജാഹിദീന്‍ നേതാവായ ഗുല്‍ബു ദിന്‍ ഹെക്മത്യാര്‍ പോരിനിറങ്ങി. അതോടെ ശീതസമരത്തിന് പകരം വംശീയതയായി യുദ്ധകാരണങ്ങള്‍. 

ബ്രിട്ടീഷ് സ്ഥാനപതി മേജർ കാവ്​ഗ്നറി അഫ്​ഗാനിലെ പ്രധാനികൾക്കൊപ്പം. 1879 പകർത്തിയ ചിത്രം. ബ്രാഡ്ഫോർഡിലെ നാഷണൽ മീഡിയ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നതിൽ നിന്ന് (ഫോട്ടോ: കൊഡാക് കളക്ഷൻ)
ബ്രിട്ടീഷ് സ്ഥാനപതി മേജർ കാവ്​ഗ്നറി അഫ്​ഗാനിലെ പ്രധാനികൾക്കൊപ്പം. 1879 പകർത്തിയ ചിത്രം. ബ്രാഡ്ഫോർഡിലെ നാഷണൽ മീഡിയ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നതിൽ നിന്ന് (ഫോട്ടോ: കൊഡാക് കളക്ഷൻ)

കാബൂള്‍ റബാനി നിയന്ത്രിച്ച സര്‍ക്കാര്‍ ഭരിച്ചു. ഹെരത്തില്‍  ഇസ്മെയില്‍ ഖാനും, കിഴക്ക് ഭാഗം പഷ്തൂണ്‍ യുദ്ധപ്രഭുക്കന്‍മാരും നിയന്ത്രിച്ചു. ഈ പ്രഭുക്കന്‍മാര്‍ തരം നോക്കി കൂറുമാറി. റബാനിയെ വിട്ട് ദോസ്തം എതിരാളിയായ ഹെക്മത്യാരുമായി സഖ്യമുണ്ടാക്കി. രാജ്യമെമ്പാടും അരാജകത്വം നിറഞ്ഞ ഈ സാഹചര്യത്തിലാണ് മുല്ല ഒമറിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ രംഗപ്രവേശം. 1996-ലാണ് കാബൂള്‍ താലിബാന്‍ പിടിച്ചെടുക്കുന്നത്. തൊട്ടടുത്തവര്‍ഷം പാകിസ്താനും സൗദിയും താലിബാനെ അംഗീകരിക്കുന്നു. കര്‍ക്കശമായ ഇസ്ലാമിക ആശയങ്ങളെ മുറുകെ പിടിച്ച താലിബാന്റെ പ്രവൃത്തിയില്‍ പഷ്തൂണ്‍ യുവാക്കള്‍ ആകൃഷ്ടരാവുകയായിരുന്നു. പാകിസ്താന്‍ ചാരസംഘടന താലിബാന് രഹസ്യ സഹായങ്ങളും നല്‍കി. എന്നാല്‍, ഒസാമ ബിന്‍ലാദന്‍ അമേരിക്കയ്ക്ക് എതിരേ തിരിഞ്ഞതോടെ കാര്യങ്ങളാകെ മാറി. 

ആഫ്രിക്കയിലെ യു.എസ് എംബസിയില്‍ നടന്ന ബോംബാക്രമണത്തിന്റെ സൂത്രധാരന്‍ തങ്ങള്‍ തന്നെ വളര്‍ത്തിയ ബിന്‍ലാദനാണെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്. തുടര്‍ന്ന് ബിന്‍ലാദന്റെ കേന്ദ്രങ്ങള്‍ക്ക് നേരേ അമേരിക്ക ആക്രമണം തുടങ്ങി. ബിന്‍ലാദനെ കൈമാറാത്തതിനെത്തുടര്‍ന്ന് യു.എന്‍ സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തി. 2001-ല്‍ മുഖ്യപ്രതിപക്ഷ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദ് കൊല്ലപ്പെട്ടു. സെപ്റ്റംബര്‍ 11 ആക്രമണത്തോടെയാണ് യു.എസ് അധിനിവേശം തുടങ്ങുന്നത്. 2001 ഒക്ടോബറില്‍ യു.എസ് ബോംബാക്രമണം തുടങ്ങി. ഗള്‍ഫ് ഉള്‍ക്കടലില്‍നിന്ന് യു.എസ് നാവികസേന ആക്രമണത്തിന് മിസൈലുകള്‍ തൊടുത്തു. തജക്കിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈനികരും കമാണ്ടോകളും താലിബാനെ നേരിട്ടു. ബ്രിട്ടനും റഷ്യയും പിന്തുണ നല്‍കി. തുടര്‍ച്ചയായ ഏറ്റുമുട്ടലുകളിലൂടെ താലിബാനെ പുറത്താക്കി നോര്‍ത്തേണ്‍ അലയന്‍സ് കാബൂള്‍ പിടിച്ചടക്കി. ജര്‍മനിയിലെ ബോണില്‍ വച്ചുണ്ടാക്കിയ കരാര്‍ പ്രകാരം ഹമീദ് കര്‍സായിയുടെ ഇടക്കാല അധികാരത്തിലെത്തി. സമാധാനം ഉറപ്പിക്കാന്‍ നാറ്റോ സൈന്യവും അവിടെ തുടര്‍ന്നു. 

താലിബാൻ അനുകൂലികൾ- പഴയ ചിത്രം
താലിബാൻ അനുകൂലികൾ- പഴയ ചിത്രം

ഇതിനിടയില്‍ സാഹിര്‍ഷാ രാജാവ് തിരിച്ചെത്തിയെങ്കിലും അധികാരം അദ്ദേഹം ആവശ്യപ്പെട്ടില്ല. 2007 അദ്ദേഹം മരണമടയുകയും ചെയ്തു. 2002-ല്‍ കൗണ്‍സില്‍ ഹമീദ് കര്‍സായിയെ നേതാവായി തെരഞ്ഞെടുത്തു. 2003-ല്‍ കാബൂളിന്റെ സുരക്ഷ നാറ്റോ സൈന്യം ഏറ്റെടുത്തു. 2004-ല്‍ ലോയ ജിര്‍ഗ പുതിയ ഭരണഘടന കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് നടത്തി ഹമീദ് കര്‍സായിയെ പ്രസിഡന്റാക്കി. 30 വര്‍ഷത്തിനു ശേഷം ആദ്യമായി അഫ്ഗാന്‍കാര്‍ വോട്ടു ചെയ്തു. യുദ്ധപ്രഭുക്കന്‍മാരായിരുന്നു ജയിച്ചവരിലധികവും. രാജ്യത്തിന്റെ മുഴുവന്‍ സുരക്ഷാചുമതലയും നാറ്റോ സൈന്യം ഏറ്റെടുത്തു. 2007-ല്‍ അഫ്ഗാനിലെ കറുപ്പ് ഉല്പാദനം റെക്കോഡിലെത്തിയെന്ന് യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. പാകിസ്താന്‍ മുജാഹിദീന്‍ തീവ്രവാദികളെ സഹായിക്കുകയാണെന്ന് കര്‍സായി കുറ്റപ്പെടുത്തി. ഇസ്ലാമബാദ് നടപടിയെടുത്തില്ലെങ്കില്‍ അഫ്ഗാന്‍ സൈന്യത്തെ അയക്കുമെന്നും തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കുമെന്നും കര്‍സായി 2008 ജൂണില്‍ പ്രഖ്യാപിച്ചു. തൊട്ടടുത്തമാസം ഇന്ത്യന്‍ എംബസിക്ക് നേരേ നടന്ന ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. സെപ്റ്റംബറില്‍ 4500 സൈനികരെ പ്രസിഡന്റ് ജോര്‍ജ് ബുഷ് അയക്കുന്നു. 2009 ഫെബ്രുവരിയില്‍ 17000 സൈനികരും കൂടി എത്തി. 

ജോര്‍ജ് ബുഷിനു ശേഷം അധികാരത്തിലെത്തിയ ഒബാമ 2009-ല്‍ പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിച്ചു. അഫ്ഗാന്‍ സൈന്യത്തെയും പൊലീസിനെയും പരിശീലിപ്പിക്കാന്‍ 4,000 സൈനികരെ നിയോഗിച്ചു. അതേ സമയം പ്രസിഡന്റ്-പ്രവിശ്യാ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ താലിബാന്‍ ആക്രമണമുണ്ടായി. 30,000 സൈനികരെ കൂടി വിന്യസിച്ച് ഒരു ലക്ഷം സൈനികരായി യു.എസ് സൈനികബലം ഉയര്‍ത്തി. 2011 മുതല്‍ സേനകള്‍ പിന്‍മാറുമെന്നു യു.എസ് പ്രഖ്യാപിച്ചു. 2010 ഓഗസ്റ്റില്‍ ഡച്ച് സേന പിന്‍മാറി. ജൂലൈയില്‍ വിക്കിലീക്ക്സ് അഫ്ഗാനുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടിരുന്നു. 2014 അവസാനത്തോടെ നിയന്ത്രണം അഫ്ഗാന്‍ സേനയ്ക്ക് കൈമാറാന്‍ നാറ്റോ 2010 നവംബറില്‍ തീരുമാനിച്ചു. പുതിയ ഫ്രെഞ്ച് പ്രസിഡന്റായി ചുമതലയേറ്റ ഫ്രാന്‍സിസ് ഹോളണ്ടെയും 2012 അവസാനത്തോടെ സേനയെ പിന്‍വലിക്കുമെന്ന് വ്യക്തമായി. 

ഹിന്ദുകുഷ് മലനിരകളിൽ മുജാഹിദീൻ പടയാളികൾ നിലയുറപ്പിച്ചപ്പോൾ- 1984ലെ ദൃശ്യം
ഹിന്ദുകുഷ് മലനിരകളിൽ മുജാഹിദീൻ പടയാളികൾ നിലയുറപ്പിച്ചപ്പോൾ- 1984ലെ ദൃശ്യം

ഇങ്ങനെ ഘട്ടംഘട്ടമായി അഫ്ഗാനില്‍നിന്ന് സേനാപിന്‍മാറ്റം നടന്നു. അതേസമയം യുദ്ധാനന്തരം വാഗ്ദാനം ചെയ്യപ്പെട്ട സ്ഥിരതയും സമാധാനവും മാത്രം സാധ്യമായില്ല. 2014-ല്‍ ഹമീദ് കര്‍സായി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് അഷറഫ് ഗാനി പ്രസിഡന്റായി. എന്നാല്‍ അഫ്ഗാന്‍ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയതാണ് കണ്ടത്. 2015-ല്‍ അഫ്ഗാന്‍ അധികൃതരും താലിബാന്‍ വക്താക്കളും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒരു നീക്കുപോക്ക് സാധ്യമായില്ല. വടക്കന്‍ പ്രവിശ്യയായ കുണ്ടുസ് താലിബാന്‍ പിടിച്ചെടുത്തത് 2015 സെപ്റ്റംബറിലാണെന്ന് ഓര്‍ക്കണം. അധികാരത്തില്‍നിന്നും പുറത്തായെങ്കിലും പ്രവിശ്യകളിലെല്ലാം താലിബാന്‍ ശക്തമായിരുന്നുവെന്നതാണ് വസ്തുത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com