'ഒരു താലിബാന്‍ ഹലാല്‍ ലൗ സ്റ്റോറി' ചിത്രീകരിക്കാനുള്ള ധൈര്യം കാണിക്കുമോ...? 

താലിബാന്‍ വിജയം ആഘോഷിക്കുന്നവരുടെ മുന്‍നിരയില്‍ 'താത്ത്വികമായ അവലോകനവുമായി' വരുന്നവരില്‍ ജമാഅത്തെ ഇസ്ലാമിയുമുണ്ട് എന്നത്, ആ പ്രസ്ഥാനത്തിന്റെ ചരിത്രമറിയുന്ന ആരില്‍ത്തന്നെയും ഒട്ടും അത്ഭുതമുണ്ടാക്കില്ല
കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍കാര്‍/ എപി
കാബൂള്‍ വിമാനത്താവളത്തിന് മുന്നില്‍ നിലയുറപ്പിച്ച താലിബാന്‍കാര്‍/ എപി

താലിബാന്‍ വിജയം ആഘോഷിക്കുന്നവരുടെ മുന്‍നിരയില്‍ 'താത്ത്വികമായ അവലോകനവുമായി' വരുന്നവരില്‍ ജമാഅത്തെ ഇസ്ലാമിയുമുണ്ട് എന്നത്, ആ പ്രസ്ഥാനത്തിന്റെ ചരിത്രമറിയുന്ന ആരില്‍ത്തന്നെയും ഒട്ടും അത്ഭുതമുണ്ടാക്കില്ല. ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ അമീര്‍ 'താലിബാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കുള്ള പാഠമാണ്' എന്ന് പറഞ്ഞിട്ടുമുണ്ട്. പിന്നെ കുറേ ഉദ്ബോധനങ്ങളും. കൂട്ടത്തില്‍, 'സ്ത്രീകളുടെ അവകാശങ്ങളും പ്രധാനമാണ്-' എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നുമുണ്ട്. ഇങ്ങനെ പറയേണ്ടിവരുന്നതെന്തു കൊണ്ടാണ്? സ്ത്രീകളുടെ നാമമാത്രമായ അവകാശങ്ങള്‍ പോലും ഇല്ല എന്നതുകൊണ്ടാണ്. ജമാഅത്തെ ഇസ്ലാമിയെ അലങ്കാരമായി ചൂടി നടക്കുന്ന ചില ചങ്ങാതിമാര്‍ 'ഹിജാബ്' ധരിച്ച വാര്‍ത്താവതാരകരുടേയും കോളേജ് വിദ്യാര്‍ത്ഥിനികളുടേയും ചിത്രങ്ങള്‍ അയച്ചുതരികയാണ്. പക്ഷേ, അവയൊന്നും 'താലിബാനി'ല്‍നിന്നുള്ള ചിത്രങ്ങളല്ല, കേട്ടോ. ഇസ്ലാമേതര രാജ്യങ്ങളിലെ 'മുസ്ലിം സ്ത്രീകളു'ടെ ചിത്രങ്ങളാണവ. ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പിന്റെ ഏറ്റവും ചെറിയ ഉദാഹരണം പറയാം. ഒരുപാട് പറഞ്ഞ, ആവര്‍ത്തന വിരസതയുള്ള വിഷയമാണ്, 'മാധ്യമം' ദിനപത്രത്തില്‍ സിനിമാ പരസ്യം കൊടുക്കില്ല, വാരികയില്‍ ഫഹദ് ഫാസില്‍, മമ്മൂട്ടി, പൃഥ്വിരാജ് ഇവരുടെയൊക്കെ പടം കവറായി വരും. പത്രത്തിന് സിനിമ 'ഹറാം', വാരികയ്ക്ക് 'ഹലാല്‍.' ഒരു ജനാധിപത്യ രാജ്യത്ത് സന്ദര്‍ഭോചിതമായി രൂപപ്പെടുത്തുന്ന ഒരു അടവുനയം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. ഈ ഹറാം/ ഹലാല്‍ വിവക്ഷകള്‍ ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധിക പ്രചോദനങ്ങളില്‍ ആകൃഷ്ടരായ ചെറുപ്പക്കാരിലും കാണാം. ഗസല്‍ ഇഷ്ടപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയിലെ സ്നേഹിതനോട് ഞാന്‍ ചോദിച്ചു: ''ഗസലിനേയും താലിബാനേയും ഇഷ്ടപ്പെടുക എന്നത് എങ്ങനെ സാധിക്കുന്നു? ഗസല്‍ കേള്‍ക്കുന്നു, ഇഷ്ടപ്പെടുന്നു എന്ന് നിങ്ങള്‍ 'നടി'ക്കുകയാണ്. മതമൗലിക പുരുഷ ഇസ്ലാമിസ്റ്റായ ഒരാള്‍ താനതല്ല എന്ന് മതേതര സമൂഹത്തിനു മുന്നില്‍ ബോദ്ധ്യപ്പെടുത്താന്‍ നടത്തുന്ന ബാലിശമായ ശ്രമം.'' 

എന്നാല്‍, സ്ത്രീകളുടെ കാര്യത്തില്‍, അത്ഭുതകരമായ ഇരട്ടത്താപ്പുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന് 'ശരീഅത്ത് സമര നാളു'കളില്‍ നാം കണ്ടതാണ്. ഷാ ബാനു കേസോടെയാണ് ഈ ഇരട്ടത്താപ്പ് പ്രകടമായി കണ്ടത്. അന്ന് ഞങ്ങളുടെ നാട്ടില്‍ മുസ്ലിം സംയുക്ത സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ശരീഅത്ത് സംരക്ഷണ സമരത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ വി. മൂസ മൗലവി നടത്തിയ പ്രസംഗം ഇപ്പോഴും ഓര്‍മ്മയുണ്ട്. വാക്കുകളില്‍ ഇ.എം.എസ്സിനെ കൂടുതല്‍ പരിഹസിച്ചത് അദ്ദേഹമായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ സ്ത്രീവിരുദ്ധത

മധ്യപ്രദേശ് ഇന്‍ഡോര്‍ നിവാസിയായിരുന്ന അഞ്ചു കുട്ടികളുടെ മാതാവായ 62 വയസ്സുള്ള ഷാ ബാനു എന്ന സ്ത്രീയെ അവരുടെ ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ 1978-ല്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയതോടെയാണ് ഷാ ബാനു കേസ് ആരംഭിക്കുന്നത്. എം. മുള്ള എന്ന ഇസ്ലാമിക നിയമപണ്ഡിതന്‍ രചിച്ച മുഹമ്മദന്‍ നിയമ തത്ത്വങ്ങള്‍ (Principles of Mahomedan law by Sir Dinshah Fardunji Mulla) എന്ന നിയമ സംഹിതയേയും ഇസ്ലാമിക മതസാഹിത്യത്തേയും ആധാരമാക്കി ബ്രിട്ടീഷ് ഭരണകാലത്ത് (1937ല്‍) ഇന്ത്യയില്‍ നിലവില്‍ വന്ന മുസ്ലിം ശരി അത്ത് നിയമത്തിലെ വിവാഹമോചനം സംബന്ധിച്ച സങ്കല്പമാണ് ഷാ ബാനു കേസില്‍ വിചാരണ ചെയ്യപ്പെട്ടത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം 1986-ലാണ് ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നു സുപ്രീം കോടതി വിധിച്ചത്. വിധിക്കെതിരെ മുസ്ലിം മതപൗരോഹിത്യം ശക്തമായി രംഗത്തു വരുകയും കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കോടതി വിധിക്കെതിരെ ബില്ല് പാസ്സാക്കിപ്പിക്കുകയും ചെയ്തു. രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് ഏറെ ഗുണകരമായിരുന്ന സുപ്രീം കോടതി വിധി മുസ്ലിം യാഥാസ്ഥിതകരുടെ പ്രതിഷേധം കണ്ട് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിലൂടെ അട്ടിമറിച്ചു. മുസ്ലിം വോട്ട് ബാങ്ക് രാഷ്ട്രീയം തന്റെ രാഷ്ട്രീയ ഭാവിയെ  അസ്ഥിരപ്പെടുത്തുമെന്നായിരുന്നു രാജീവ് ഗാന്ധിയുടെ ആശങ്ക. അതോടെയാണ് പാര്‍ലമെന്റിലെ അന്നത്തെ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീം കോടതി വിധി ദുര്‍ബ്ബലപ്പെടുത്തി മുസ്ലിം യാഥാസ്ഥിതിക നേതൃത്വത്തിന് ഹിതകരമായ മുസ്ലിം വിവാഹമോചന നിയമം Muslim Women (Protection of Rights on Divorce) Act, 1986 കോണ്‍ഗ്രസ് സര്‍ക്കാര്‍ പാസ്സാക്കിയത്. രാജീവ് ഗാന്ധി കൊണ്ടുവന്ന മുസ്ലിം വിവാഹമോചന നിയമം അനുസരിച്ച് വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീക്ക് മൂന്ന് ആര്‍ത്തവകാലത്തേക്കു മാത്രമേ മൊഴിചൊല്ലിയ മുന്‍ ഭര്‍ത്താവില്‍നിന്നും ജീവനാംശം ലഭിക്കാന്‍ അര്‍ഹതയുള്ളൂ. ഖുര്‍ ആന്‍ പ്രകാരമുള്ള ഇദ്ദ (iddat) അനുഷ്ഠിക്കേണ്ട കാലഘട്ടമാണിത്. 90 ദിവസം ആയാണ് ഈ കാലാവധി ബില്ലില്‍ നിജപ്പെടുത്തിയിട്ടുള്ളത്. ഈ കാലഘട്ടം കഴിയുന്നതോടെ മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് വേറെ വിവാഹം ചെയ്യാമെന്നതിനാലാണ് മുന്‍ ഭര്‍ത്താവില്‍നിന്നും ജീവനാംശത്തിന് അര്‍ഹതയില്ലാത്തത്. പുനര്‍വിവാഹം നടന്നാലും ഇല്ലെങ്കിലും അതാണവസ്ഥ. Muslim Women (Protection of Rights on Divorce) Act, 1986 എന്ന പ്രസ്തുത നിയമത്തിന്റെ സഹായത്തോടെ ഖാന്‍  വിജയം നേടി, ഷാ ബാനു അപമാനിതയായി.

ഇതാണ്, ഷാ ബാനു കേസിന്റെ ചുരുക്കം. നമ്മള്‍, തുല്യതയുടെ ബാലപാഠമറിയുന്നവര്‍ ആരോടൊപ്പമാണ് നില്‍ക്കുക? ഷാ ബാനു എന്ന സ്ത്രീയോടൊപ്പം. എന്നാല്‍, ജമാഅത്തെ ഇസ്ലാമി, പുരോഗമന മുഖം ചമയുന്ന ആ പ്രസ്ഥാനം, അന്ന്  കേരളത്തില്‍ ഇ.എം.എസ്സിനെതിരെ മുസ്ലിം ലീഗിനോടൊപ്പം ചേര്‍ന്നു നിന്നു. അതിനു മുന്‍പോ പിന്‍പോ അവര്‍ ഒരു തോണിയില്‍ യാത്ര ചെയ്തിട്ടില്ല. 

ഇനി ചോദ്യം വളരെ ലളിതമാണ്:

അഫ്ഗാനിസ്ഥാനില്‍ ചെന്ന് 'ഒരു താലിബാന്‍ ഹലാല്‍ ലൗ സ്റ്റോറി' ചിത്രീകരിക്കാനുള്ള ധൈര്യം കാണിക്കുമോ, എന്റെ യുവ സ്നേഹിതന്മാര്‍? ഓരോ വീട്ടിലും 'പ്രബോധന'മിട്ട്, 'സുന്ദരനായവനേ, സുബ്ഹാനേ...' എന്ന് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ പാടി നടക്കാന്‍ സാധിക്കുമോ?
നമ്മുടെ കൊടിയത്തൂരില്‍ കഴിയും. അഫ്ഗാനിസ്ഥാനില്‍ കഴിയില്ല. അതുകൊണ്ട്, ഒരുപാടങ്ങ് മതം പറയല്ലെ. നമുക്ക് സുന്ദരനായവനെ... പാടി നടക്കാന്‍ ജനാധിപത്യം വേണം, സ്ത്രീകള്‍ക്ക് ആത്മപ്രകാശനം സാധ്യമാവുന്ന സ്വാതന്ത്ര്യം വേണം.

സാദിഖലി തങ്ങളുടെ ഓണപ്പാട്ട്
സിംസാറുല്‍ ഹഖ് കേട്ടുവോ?

ഈ വര്‍ഷത്തെ ഓണം ഏറ്റവും സാര്‍ത്ഥകമായ നിമിഷങ്ങളിലൊന്ന്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഒരു ചാനലില്‍ പാടിയ ഓണപ്പാട്ടു കേട്ടപ്പോഴാണ്. ശ്രവ്യമധുരമായി പാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. 'സംഗീതം' ഹലാല്‍ ആണെന്ന് ഇതില്‍പ്പരം മനോഹരമായ തെളിവ് വേറെ എന്തിന്? ഓണം ആഘോഷങ്ങളില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നത് 'ഹറാ'മോ 'ഹലാലോ' എന്ന ബാലിശമായ ചിന്തകളില്‍ വ്യവഹരിച്ച് വാക്കുകള്‍ ദുര്‍വ്യയം ചെയ്യുന്ന സിംസാറുല്‍ ഹഖിനെപ്പോലെയുള്ള യുവ പണ്ഡിതന്മാരാണ് സാദിഖലി തങ്ങളുടെ പാട്ട് കേള്‍ക്കേണ്ടത്.

താലിബാന്‍ ഫാന്‍സ് കേരളത്തിലുണ്ട് എന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ പലതരം കമന്റുകളില്‍നിന്ന് ബോദ്ധ്യപ്പെടാതിരിക്കില്ല. എന്നാല്‍, അതിനെ നിഷ്പ്രഭമാക്കുന്ന മുസ്ലിം മതേതര ശബ്ദമുയരുന്നതും ഈ കേരളത്തില്‍നിന്നുതന്നെയാണ് എന്നതില്‍ ഒട്ടും സംശയമില്ല. വെളിച്ചം ഇരുട്ടില്‍ കൂടുതല്‍ പ്രഭയോടെ വെളിപ്പെടുന്നു.

താലിബാന്‍ ഒരുതരത്തിലും ന്യായീകരിക്കപ്പെടേണ്ട ഒരവസ്ഥയുടേയോ വ്യവസ്ഥയുടേയോ പേരല്ല. ചിറകരിഞ്ഞു വീഴ്ത്തിയ ഒരു പക്ഷിക്കും പറക്കാനാവില്ല. ചിറകില്ലാത്ത, മുറിവിലൂടെ ചോര കിനിയുന്ന പക്ഷിയെ നോക്കി 'അതാ, ഒരു പക്ഷി' എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പറന്നുപോകേണ്ട ചിറകില്ല, പറന്നുയരേണ്ട ആകാശവുമില്ല.

അവര്‍ താഴെ ജീവനറ്റ നിലയില്‍ വീഴുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com