താലിബാന്‍: ദക്ഷിണേഷ്യയിലെ രാഷ്ട്രീയ വെല്ലുവിളികള്‍

ചൈനയുടേയും റഷ്യയുടേയും രഹസ്യപിന്തുണയുണ്ടായിരുന്ന താലിബാന്‍ പതിന്മടങ്ങ് ശക്തിയോടെ ആഗസ്റ്റ് രണ്ടാംവാരം തിരിച്ചുവന്നത് ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുകയുണ്ടായി
കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന അഫ്​ഗാൻ ജനത. യുഎസ് സൈന്യത്തെ സഹായിച്ചവരും അവരെ ആശ്രയിച്ച് ജീവിച്ചവരുമാണ് രാജ്യം വിടാൻ ആദ്യം ഓടിയെത്തിയത്
കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ വിമാനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന അഫ്​ഗാൻ ജനത. യുഎസ് സൈന്യത്തെ സഹായിച്ചവരും അവരെ ആശ്രയിച്ച് ജീവിച്ചവരുമാണ് രാജ്യം വിടാൻ ആദ്യം ഓടിയെത്തിയത്

20 വര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശം അഫ്ഗാനിസ്ഥാനില്‍ അവസാനിപ്പിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കരാറില്‍ ഒപ്പിടുമ്പോള്‍ ഉണ്ടായ ഒരു വ്യവസ്ഥ അല്‍ ഖയിദയുമായുള്ള താലിബാന്റെ ബന്ധം വിച്ഛേദിക്കല്‍ ആയിരുന്നു. കൂടാതെ 18 വര്‍ഷത്തെ ദൗത്യം അവസാനിപ്പിക്കുന്നത് സമാധാന പുനഃസ്ഥാപനത്തിനാണെന്നും പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ വലിയ രാഷ്ട്രീയവഞ്ചനകളാണിവിടെ സംഭവിക്കുന്നത്.

ട്രംപിനുശേഷം വന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ജോ ബൈഡന്‍ ആ കരാറില്‍ ഉറച്ചുനില്‍ക്കുകയും അഫ്ഗാനില്‍നിന്നുമുള്ള പിന്മാറ്റം വളരെ വേഗത്തിലാക്കുകയുമായിരുന്നു. ചൈനയുടേയും റഷ്യയുടേയും രഹസ്യപിന്തുണയുണ്ടായിരുന്ന താലിബാന്‍ പതിന്മടങ്ങ് ശക്തിയോടെ ആഗസ്റ്റ് രണ്ടാംവാരം തിരിച്ചുവന്നത് ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുകയുണ്ടായി. അങ്ങനെ, 'കൊളോണിയല്‍ ശക്തികളുടെ ശവപ്പറമ്പാണ് അഫ്ഗാനിസ്ഥാന്‍' എന്നത് ലോകരാഷ്ട്രീയ ചരിത്രത്തെ വീണ്ടും തെളിയിച്ചു. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ നീണ്ട 20 വര്‍ഷത്തിനുശേഷം അമേരിക്ക അപമാനിതരായി ലോക ആധിപത്യം നഷ്ടപ്പെടുന്ന രീതിയില്‍ പിന്‍വാങ്ങിയിരിക്കുന്നു. ഇതിന് ആഗോള രാഷ്ട്രീയത്തില്‍ ഒട്ടേറെ വിവക്ഷകളുണ്ട്. 

അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ റോന്തുചുറ്റുന്ന താലിബാൻ ഭടൻമാർ
അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ റോന്തുചുറ്റുന്ന താലിബാൻ ഭടൻമാർ

2001 സെപ്റ്റംബര്‍ 11-ന് ആക്രമണത്തിനുശേഷമാണ് അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്താന്‍ യുഎസ് പദ്ധതിയിട്ടത്. അമേരിക്കയിലെ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി സമാ ബിന്‍ലാദനും സംഘവും ഉള്‍പ്പെട്ടിരുന്നു അല്ലെങ്കില്‍ അവരാണ് ഇതു നടപ്പിലാക്കിയത് എന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് അഫ്ഗാനിസ്ഥാന്‍ അധിനിവേശം നടത്തിയത്. അമേരിക്കയിലെ ആക്രമണങ്ങള്‍ അവര്‍ സ്വയം സംഘടിപ്പിച്ചതാണെന്നുള്ള പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിനു പ്രധാനകാരണം അഫ്ഗാനില്‍നിന്നോ അല്ലെങ്കില്‍ അറബിനാട്ടില്‍നിന്നോ ഉള്ള ഒരുകൂട്ടം യുവാക്കള്‍ കേവലമായി തട്ടിയെടുത്തു കൊണ്ടുപോയി ഇടിച്ചുകയറ്റി നശിപ്പിക്കാന്‍ മാത്രം ദുര്‍ബ്ബലമായ ഒന്നല്ല അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങള്‍. അറബി യുവാക്കളുടെ പങ്കാളിത്തം ഉണ്ടായെങ്കില്‍ അതില്‍ 100 ശതമാനവും അമേരിക്കയുടെ അകത്തുനിന്നുള്ള ഇടപെടലും സഹായവും ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്. യു.എസ് ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍ അത്രത്തോളം ആധുനികവല്‍ക്കരിക്കപ്പെട്ട സാങ്കേതികവിദ്യകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. സെപ്റ്റംബര്‍ 11-നു മുന്‍പ് തന്നെ അമേരിക്ക ലാദനെ പിടികൂടി വിചാരണ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു എന്നുള്ളത് മറ്റൊരു സത്യം.
 
രണ്ടാം ലോകയുദ്ധം അവസാനിച്ചതിനെ തുടര്‍ന്ന് ജേതാക്കളുടെ സഖ്യമായ അമേരിക്കയും സോവിയറ്റ് യൂണിയനും ലോകത്തെ എല്ലാ രാഷ്ട്രങ്ങളേയും അവര്‍ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവരാന്‍ പരസ്പരം മത്സരിച്ചു. അമേരിക്ക നേതൃത്വം നല്‍കുന്നത് മുതലാളിത്ത ചേരിയായിരുന്നെങ്കില്‍ സോവിയറ്റ് യൂണിയന്‍ സോഷ്യലിസ്റ്റ് ചേരി നയിക്കുന്നു എന്ന് അറിയപ്പെട്ടു. സോഷ്യലിസ്റ്റ് ചേരി വികസനത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്‍ എന്ന രാഷ്ട്രത്തില്‍ അധിനിവേശം നടത്തി. അതേസമയം ഇന്ത്യയിലെ ഉത്തര്‍പ്രദേശിലുള്ള ദയൂബന്ദ് മതപാഠശാലയുടെ ഒരു ഭാഗം ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് പാകിസ്താനില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അവിടെ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളില്‍നിന്നുമാണ് അഫ്ഗാന്‍ മുജാഹിദീനെ (പിന്നീട് താലിബാന്‍) സി.ഐ.എ-സൗദി-ഐ.എസ്.ഐ. സഖ്യം വളര്‍ത്തിയെടുത്തത്. പ്രസിദ്ധ ഇടതു ചിന്തകനും പാക് വംശജനും എഴുത്തുകാരനുമായ താരിഖ് അലി, 'Clash of fundamentalism: crusades, jihads and moderntiy (2008) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് സൗദി വഹാബി ഇസ്ലാമിനേക്കാളും തീവ്രതയാണ് ഈ പഷ്തൂണ്‍ വംശജരുടെ പ്രസ്ഥാനം എന്നാണ്. സഊദി അറേബ്യയോട് ഉസാമ ബിന്‍ ലാദനുണ്ടായിരുന്ന പ്രധാന പരാതിയും ഇതുതന്നെയായിരുന്നു, അവര്‍ കുറേകൂടി സോഫ്റ്റ് ഇസ്ലാം ആയിരിക്കുന്നു എന്നത്. എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാനാണ് 'യഥാര്‍ത്ഥ ഇസ്ലാം' എന്ന് ബിന്‍ ലാദന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഫ്ഗാന്‍ മുജാഹിദുകള്‍ക്ക് (താലിബാന്റെ) സഊദി അറേബ്യന്‍ ആശയവും (വഹാബിസം) പണവും ശീതസമര കാലഘട്ടത്തില്‍ നല്‍കിയിരുന്നു എന്നത് കുറേക്കാലമായി അക്കാദമിക ലോകത്ത് അംഗീകരിക്കപ്പെടുന്ന വസ്തുതയാണെങ്കില്‍, 2019-ല്‍ ഇന്നത്തെ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതു തുറന്നു സമ്മതിക്കുകയുണ്ടായി. താലിബാന്റെ ആദര്‍ശപ്രമാണമെന്നത് ഇസ്ലാമിലെ ഹനഫി-മാതുരീദി-വഹാബി ചിന്താധാരയുടെ ഒരു സംയുക്തരൂപമാണ്.

മുസ്ലിം ലോകത്തെ ഏറ്റവും വലിയ മതപാഠശാലയായ ഈജിപ്തിലെ അല്‍ അസ്ഹറിലെ പണ്ഡിതര്‍ താലിബാനെ തള്ളിക്കളഞ്ഞുവെന്നതാണ് പ്രത്യകത. താലിബാന്‍ അതിന്റെ വരുമാനം കണ്ടെത്തിയിരുന്നത് കറുപ്പ് കയറ്റുമതിയിലൂടെ തന്നെയാണ്. പാകിസ്താനാണ് താലിബാന്റെ ഏറ്റവും വലിയ സ്പോണ്‍സര്‍മാരും ഉപയോക്താക്കളുമെങ്കിലും അവര്‍ തന്നെയാണ് അതിന്റെ പേരില്‍ ഏറ്റവും ദുരന്തങ്ങള്‍ അനുഭവിക്കുന്നതും.

താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൽ ​ഗനി ബരാദർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിക്കൊപ്പം
താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൽ ​ഗനി ബരാദർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിക്കൊപ്പം

താലിബാന്‍ യഥാര്‍ത്ഥ ഇസ്ലാം ആണോ? 

താലിബാന്‍ കേവലം ഒരു കൂട്ടം മദ്രസ വിദ്യാര്‍ത്ഥികളുടെ ബുദ്ധിയില്‍നിന്ന് ഉണ്ടായതല്ല. അതിന് ആളും അര്‍ത്ഥവും പശ്ചാത്യലോകത്ത് നിന്നു ലഭിക്കുന്നു. അവരുടെ ആധുനിക ആയുധങ്ങള്‍ ഒചൈനയുടേയോ റഷ്യയുടേയോ മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളുടേയോ ആണ്. ചിലരെങ്കിലും താലിബാന്‍ യഥാര്‍ത്ഥ ഇസ്ലാമിന്റെ ആളുകളാണെന്നു തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. എന്നാല്‍, ഇസ്ലാമിനെ സംബന്ധിച്ചുള്ള ആഴത്തിലുള്ള അറിവില്ലായ്മയില്‍നിന്നും കേവലമായ അക്ഷര വായനയില്‍ (textual reading) നിന്നും ആധുനികലോകത്തെ സാമൂഹിക പരിവര്‍ത്തനം മനസ്സിലാകാത്ത ആളുകളാണ് താലിബാനെ പിന്തുണയ്ക്കുന്നത്. ബിന്‍ലാദന്‍ കേവലം മദ്രസ പഠിതാവ് മാത്രമല്ല, എന്‍ജിനീയറിങ് ബിരുദധാരിയായിരുന്നു. അതായത് ആധുനിക സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതിയും അറിവിന്റെ കേന്ദ്രത്തെക്കുറിച്ചും അറിവുള്ള ആളുതന്നെയാണ്. പക്ഷേ, ഇവിടെ തെറ്റ് സംഭവിക്കുന്നത് മതത്തെ കാലാനുസൃതമായി മനസ്സിലാക്കാനുള്ള ഭൗതികമായ ശേഷിയും അതിനുള്ള പരിശ്രമങ്ങള്‍ ഇല്ലാത്തതും തന്നെയാണ്.

ആധുനിക സാമൂഹ്യജീവിതത്തിലെ അനിവാര്യഘടകങ്ങളോട് താലിബാന് യാതൊരു പ്രതിജ്ഞാബദ്ധതയുമില്ല. പഷ്തൂണ്‍ ഗോത്രം ശക്തമായ അഫ്ഗാനില്‍, അതിനൊപ്പം അക്ഷരവായനയുടെ ഇസ്ലാമിക വീക്ഷണങ്ങളും കൂടിചേര്‍ന്നാല്‍ താലിബാന്‍ എന്ന ആശയം രൂപംകൊള്ളുന്നു. ഇത് അഫ്ഗാനില്‍ മാത്രമല്ല എവിടെയും രൂപം പ്രാപിക്കാം. മത-സാമൂഹ്യ ചിന്ത കേവല യാന്ത്രികമായ ധാരയിലൂടെ സഞ്ചരിക്കുമ്പോഴാണിത് സംഭവിക്കുക. മനുഷ്യന്റെ യുക്തിബോധത്തെ ഉണര്‍ത്തി വസ്തുതകളെ വിലയിരുത്തുക എന്നുള്ളതാണ് താലിബാന്‍ ഉണ്ടാകാതെയിരിക്കാന്‍ വേണ്ടത്. മതം, സമൂഹം, ശാസ്ത്രം, രാഷ്ട്രീയം എന്നിവ ഔചിത്യത്തോടെ മുസ്ലിം സമൂഹം മനസ്സിലാകാത്തതുകൊണ്ട് സംഭവിക്കുന്നതാണത്. മുന്‍പ് ഐ.എസ് ഉണ്ടായതും വിവിധ മത തീവ്രവാദ സഘടനകളും അങ്ങനെ തന്നെയാണ് രൂപം കൊള്ളുന്നത്.

പാകിസ്ഥാൻ അതിർത്തിയിൽ നിലയുറപ്പിച്ച താലിബാൻ ഭടൻമാർ
പാകിസ്ഥാൻ അതിർത്തിയിൽ നിലയുറപ്പിച്ച താലിബാൻ ഭടൻമാർ

മത പരിഷ്‌കരണം എന്ന പരിഹാരമാര്‍ഗ്ഗമാണ് പ്രതിവിധി. അഥവാ മതപ്രമാണങ്ങളെ കാലത്തിനനുസൃതമായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എഴുതപ്പെട്ടതൊന്നും പുതുതായി വ്യാഖ്യാനിച്ചുകൂടാ എന്നു പിടിവാശിയുള്ളവര്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പാഠത്തിന്റേയും പരിസരത്തിന്റേയും വൈരുദ്ധ്യങ്ങളെ തിരിച്ചറിയുക എന്നുള്ളതാണ്. ഒരു ഉദാഹരണം നോക്കിയാല്‍ കാര്യം വ്യക്തമാകും. പലിശയുമായി യാതൊരുവിധ ഇടപെടല്‍ നിഷിദ്ധമെന്ന് മത പ്രമാണമുണ്ടായിരിക്കേ, ബാങ്കുകള്‍ പലിശയുമായി അഭേദ്യബന്ധത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിട്ടും ഇന്ന് കേരളത്തില്‍ ബാങ്കില്‍ ഇടപാടുകള്‍ ഇസ്ലാമിസ്റ്റുകള്‍/മുസ്ലിം വിഭാഗങ്ങളുണ്ടോ എന്ന വസ്തുത ഇവിടെ നാം തിരിച്ചറിയണം.

സ്ത്രീകളെ പൂര്‍ണ്ണമായി മറയ്ക്കുന്നതോ, മുഖം മൂടുന്നതോ ആയ വസ്ത്രം (പര്‍ദ്ദ) ഇസ്ലാമിക പാരമ്പര്യമല്ലെന്ന് ലോകത്തെ നിരവധി മുസ്ലിം പണ്ഡിതരും, കേരളത്തില്‍ വക്കം മൗലവിയെ പോലുള്ള പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. താലിബാന്‍ സ്ത്രീകള്‍ക്ക് അടിച്ചേല്‍പ്പിക്കുന്ന വസ്ത്രം ആ നാട്ടിലെ പുരാതന ഗോത്രരീതിയാണ്. കൂടാതെ സ്ത്രീകളെ ആ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അകറ്റി, മുഖ്യധാരയില്‍നിന്നും പുറത്ത് നിര്‍ത്തുന്ന സംസ്‌കാരം ഈ കേരളത്തില്‍ പോലും ഗോത്ര സമൂഹത്തിന്റെ ആചാരമാണ് എന്നത് വസ്തുതയാണ്. അതാണല്ലോ ആര്‍ത്തവ സമയങ്ങളില്‍ ഇന്നും ഇന്ത്യയിലെ നിരവധി സ്ഥലങ്ങളില്‍ ഗോത്രവിഭാഗത്തിലെ സ്ത്രീകള്‍ പ്രത്യേക ഇടങ്ങളില്‍ ഏകാന്തവാസം നയിക്കുന്നത്. അങ്ങനെ മനുഷ്യജീവിതത്തില്‍ കൂടുതല്‍ ശുദ്ധിവാദം (puritanism) ഉന്നയിക്കുമ്പോള്‍ ആണ് താലിബാന്‍ ഉണ്ടാകുന്നത്. പരിസരത്തുനിന്നും പാഠം ഉള്‍ക്കൊള്ളാതെ പാഠത്തിന്റെ കേവലമായ അക്ഷരവായനയിലൂടെ യാന്ത്രികമായി ജീവിതം തുടര്‍ന്നാല്‍ താലിബാന്‍ എവിടെയും ഏതു മതത്തിലും രൂപം കൊള്ളാം. പരിസരത്ത് നിന്നും പാഠത്തെ ഉള്‍ക്കൊള്ളാന്‍ പാടില്ലെന്ന് അഫ്ഗാനിലെ പഷ്തൂണ്‍ ഗോത്ര മുസ്ലിങ്ങള്‍ പിടിവാശി കാണിക്കുമ്പോള്‍ അവിടെ താലിബാന്‍ ഉണ്ടാകുന്നു എന്നു മാത്രം. തീവ്ര ദേശീയതയും വംശീയതയും ഉണ്ടാകുന്നതും ഇങ്ങനെ തന്നെയാണ്.

ഇവിടെ സംഭവിക്കുന്ന മറ്റൊരു പ്രധാനവിഷയം ഇസ്ലാമിക വിജ്ഞാനലോകം ലോക രാഷ്ട്രീയത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തി ആധുനിക രാഷ്ട്രീയത്തിന്റെ ഗതികള്‍ മനസ്സിലാക്കാന്‍ പരിശ്രമിക്കുക എന്നുള്ളതാണ്. മുസ്ലിം ലോകത്തെ താലിബാന്‍ എന്ന സമസ്യ, തീര്‍ച്ചയായും മത പരിഷ്‌കരണമില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണമാണ്. അതിനാല്‍ത്തന്നെ സാമ്രാജ്യങ്ങള്‍ക്ക് രാഷ്ട്രീയ കുതന്ത്രങ്ങളില്‍ അവരെ വീഴ്ത്താനും എളുപ്പമാണ്. അമേരിക്കയുമായി ചേരുന്ന സഖ്യങ്ങളുടെ അനന്തരഫലം പ്രധാനമാണ്. സോവിയറ്റ് യൂണിയനെതിരെ ജിഹാദ് ചെയ്യാനായി നിയോഗിക്കപ്പെട്ട് അഫ്ഗാനില്‍ എത്തിയ ബിന്‍ലാദന്‍ ഒടുവില്‍ ലോകം കണ്ട ഏറ്റവും വലിയ ഭീകരന്‍ എന്നുള്ള മുദ്ര ചാര്‍ത്തപ്പെട്ടണ് ഈ ഭൂമിയില്‍നിന്ന് ഇല്ലാതായത്. 

താലിബാൻ വക്താവ് സബീബുള്ള മുജാഹിദ്
താലിബാൻ വക്താവ് സബീബുള്ള മുജാഹിദ്

ഒന്നാം താലിബാനും രണ്ടാം താലിബാനും തമ്മില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല. താലിബാന്‍ അതിന്റെ വിദേശനയങ്ങളില്‍ മാറ്റങ്ങള്‍ക്കു വിധേയമായേക്കാം. കാരണം നയതന്ത്ര ബന്ധങ്ങളിലൂടെയുള്ള ഇടപെടലുകളിലാണ് അവര്‍ക്ക് രാജ്യാന്തര സ്വീകാര്യത ലഭിക്കാന്‍ സഹായിക്കുന്നത്. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ താലിബാനെ അംഗീകരിക്കില്ലെന്നു പ്രസ്താവിച്ചിരിക്കുന്നു. ചൈനയും റഷ്യയും മാത്രമായിരിക്കും ഭാവിയില്‍ താലിബാനെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നത്. പക്ഷേ, ആഭ്യന്തരനയത്തില്‍ താലിബാന്‍ പഴയ താലിബാന്‍ തന്നെയായിരിക്കും. ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ അവര്‍ മുന്‍പേപോലെ ഇത്തവണയും തയ്യാറാകും. എന്നാല്‍, സാമൂഹ്യനയങ്ങളില്‍ ഒരു വ്യത്യാസവും അവരില്‍നിന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം അവരെ നിയന്ത്രിക്കുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്നേയുള്ള മതപ്രമാണങ്ങളും ഗോത്ര ആചാരങ്ങളുമായിരിക്കും. ലോകത്ത് ഏറ്റവും യാഥാസ്ഥിതികമായി മത പ്രമാണങ്ങള്‍ പിന്തുടര്‍ന്ന് വന്നിരുന്ന സൗദി അറേബ്യ ഈ അടുത്ത കാലത്താണ് പലതും പരിഷ്‌കരിക്കാന്‍ തയ്യാറായത്. അതായത് പ്രമാണങ്ങള്‍ തത്വത്തില്‍ മാറിയിട്ടില്ലെങ്കിലും പ്രയോഗത്തില്‍ മാറ്റം വരാന്‍ തയ്യാറായിട്ടുണ്ട്. ലോകത്ത് പലയിടത്തും മുസ്ലിം സമൂഹത്തില്‍ സംഭവിച്ചിട്ടുള്ളത് അതാണ്. അത് താലിബാന് സ്വീകാര്യമാവില്ല എന്നതാണ് അവരുടെ ആദ്യ നടപടികളില്‍ ഒന്നായ സഹവിദ്യാഭ്യാസം അനുവദിക്കില്ലെന്ന തിട്ടൂരം.

അമേരിക്കയുടെ രാഷ്ട്രീയ പരാജയം 

അഫ്ഗാനിസ്ഥാന്‍ എന്നത് കേവലമായി സൈനികശക്തികൊണ്ട് അതിക്രമിച്ച് കീഴടക്കി ദീര്‍ഘകാലം ഭരിക്കാം എന്നുള്ളത് കൊളോണിയല്‍ ശക്തികള്‍ക്ക് അസാധ്യമായ ഒന്നാണെന്ന് അമേരിക്കയുടെ പരാജയത്തോടെയുള്ള പിന്മാറ്റംകൊണ്ട് വീണ്ടും തെളിയിക്കുകയാണ്. 1979-1989 വരെയുള്ള പത്തുവര്‍ഷംകൊണ്ട് എന്താണ് അഫ്ഗാനിസ്ഥാന്‍ എന്ന് സോവിയറ്റ് യൂണിയന്‍ തിരിച്ചറിയുകയും തോറ്റ് പിന്മാറുകയും ഉണ്ടായി. അഫ്ഗാനിസ്ഥാന്‍ എന്നത് 'കൊളോണിയല്‍ ശക്തികളുടെ ശവപ്പറമ്പ്' ആയിരിക്കും എന്നുള്ളത് ഒന്നുകൂടി ചരിത്രത്തില്‍ രേഖപ്പെടുത്തുകയാണ് അമേരിക്കയുടെ പൂര്‍ണ്ണപരാജയത്തിലൂടെ. അമേരിക്കയുടെ അഫ്ഗാന്‍ ലക്ഷ്യം എന്നത് ആഗോള രാഷ്ട്രീയത്തിലെ 'അതിശക്തിരാഷ്ട്രം' (superpower) എന്നുള്ളത് മാത്രമായിരുന്നു. അവിടുന്നുള്ള, ധാതുക്കളോ, ഖനനമോ, അവര്‍ക്ക് ലക്ഷ്യമായിരുന്നില്ല എന്നുവേണം കരുതാന്‍. പശ്ചാത്യ ശക്തികളുടെ പൂര്‍വ്വദേശങ്ങളിലുള്ള ഇടപെടലുകളില്‍ ആത്യന്തികമായി പരാജയമാണ് എന്നുള്ളതിനു ക്ലാസ്സിക്കല്‍ ഉദാഹരണമാണ് അമേരിക്കയുടെ 20 വര്‍ഷത്തെ ദൗത്യം പരാജയപ്പെടുന്നതിലൂടെ തെളിയുന്നത് എന്ന് യിവണ്‍ റിഡലി എന്ന മുന്‍ താലിബാന്‍ തടവുകാരിയായ ബ്രിട്ടീഷ് എഴുത്തുകാരി പറയുന്നു: 'മിഡിലീസ്റ്റ് മോണിറ്റര്‍' എന്ന വെബ്‌സൈറ്റില്‍ പശ്ചാത്യരുടെ ഇടപെടലുകള്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ് റിഡലി 'The Taliban is steering the 'graveyard of empires' towards a new era' എന്ന ലേഖനത്തില്‍.
''എല്ലാ രാഷ്ട്രങ്ങളും എല്ലാ ദേശങ്ങളും ഇപ്പോള്‍ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ ഭീകരര്‍ക്കൊപ്പമാണ്'' എന്ന ഏറ്റവും കുപ്രസിദ്ധമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് 2001-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്താന്‍ തീരുമാനിച്ചത്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അത്രത്തോളമായിരുന്നു ഏകധ്രുവ രാഷ്ട്രീയ (Unipolar world) ആധിപത്യത്തിന്റെ ശക്തി. ഇന്ന് അഫ്ഗാനില്‍ താലിബാന് എല്ലാവിധ പിന്തുണയും നല്‍കാന്‍ ചൈനയും റഷ്യയും ഉണ്ട്. അതും മറ്റൊരു വിരോധാഭാസമാണ്. കമ്യൂണിസ്റ്റ് -മത രഹിത-സെക്കുലര്‍ രാഷ്ട്രമായ ചൈനയും റഷ്യയുമാണ് തീവ്ര മത സംഘമായ താലിബാനെ ഇപ്പോള്‍ പിന്തുണച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, ഇവിടെ ഈ രാഷ്ട്രങ്ങള്‍ക്കുള്ളത് തന്ത്രപരമായ പങ്കാളിത്തം മാത്രമായിരിക്കും എന്നതിനാല്‍ അധികം വിദൂരമല്ലാത്ത ഭാവിയില്‍ താലിബാന്‍ ഭരണം, മറ്റൊരു ദുരന്തത്തിനായിരിക്കും അഫ്ഗാന്‍ വേദിയാക്കുക എന്നത് ഉറപ്പാണ്. ഇതൊക്കെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയുന്നത് യഥാര്‍ത്ഥ മനുഷ്യത്വത്തെ കണ്ടെത്താന്‍ നമ്മെ പ്രേരിപ്പിക്കും.

ഖൈബർ ജില്ലയിലെ തോർഖാമിൽ പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ പടയാളികളും പാകിസ്ഥാൻ സൈനികരും കാവൽ നിൽക്കുന്നു
ഖൈബർ ജില്ലയിലെ തോർഖാമിൽ പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ പടയാളികളും പാകിസ്ഥാൻ സൈനികരും കാവൽ നിൽക്കുന്നു

ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ ആശങ്കകള്‍ 

അമേരിക്ക ഒഴിഞ്ഞ ഇടത്തില്‍ റഷ്യ, ചൈന, പാകിസ്താന്‍, താലിബാന്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒരു മേഖലശക്തികള്‍ ഭാവിരാഷ്ട്രീയം നിര്‍ണ്ണയിക്കുന്നതിനു ധാരണയിലെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം സമ്മര്‍ദ്ദത്തിനു വിധേയമാകുന്നത് മേഖലയിലെ മറ്റൊരു ശക്തിയായ ഇന്ത്യയാണ്. ചൈനയുടെ മേഖലയിലെ മറ്റൊരു സഖ്യകക്ഷിയായ ഇറാനും അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനു തീര്‍ച്ചയായും പങ്കെടുക്കും. കാരണം ഇറാന്റെ രാഷ്ട്രീയ ശത്രുവാണ് അമേരിക്ക. അതും ഭാവി രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ഘടകമാണ്. യൂറേഷ്യന്‍ മേഖലയില്‍ അങ്ങനെ അമേരിക്കന്‍ ആധിപത്യത്തിന് ഒരു മോചനമാണ് വരാന്‍ പോകുന്നത്. ഇന്ത്യയുടെ വിദേശനയങ്ങളിലും ദക്ഷിണേഷ്യയിലെ രാഷ്ട്രീയ തന്ത്രങ്ങളിലും കടുത്ത വെല്ലുവിളികളും ഇപ്പോള്‍ ഇന്ത്യയ്ക്കുണ്ട്. ഏറ്റവും വലിയ ഭീഷണി പാകിസ്താന് അനുകൂലമായ ഒരു സര്‍ക്കാര്‍ അവിടെ അധികാരത്തില്‍ വരുമെന്നുള്ളതാണ്. ഇത് ഇന്ത്യയുടെ കശ്മീര്‍ വിഷയങ്ങളില്‍ പ്രതിഫലിക്കാന്‍ ഇടയുണ്ട്. പക്ഷേ, അഫ്ഗാനില്‍ താലിബാന്റെ വരവ് ഭാവിയില്‍ പാകിസ്താനും പ്രതിലോമകരമായി തീരുമെന്ന് ഉറപ്പാണ്. 

അഫ്ഗാനില്‍ ഇന്ത്യ റോഡുകളും ഡാമുകളും വൈദ്യുതിനിലയങ്ങളും സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. 2011-ലെ കരാര്‍പ്രകാരം ഇന്ത്യയും അഫ്ഗാനും തമ്മില്‍ നിരവധി സഹകരണ നടപടികളിലും പങ്കാളികളായിട്ടുണ്ട്. 2021 ആഗസ്റ്റ് വരെ ഒരു ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് ഇന്ത്യയും അഫ്ഗാനുമായിട്ടുള്ളത്. ഇന്ത്യയുടെ വികസനപദ്ധതികളുടെ ആകെ മൂല്യം മൂന്ന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നുണ്ട്. മറ്റൊരു വിദേശ രാജ്യത്തൊന്നും ഇല്ലാത്ത അത്രയും നിക്ഷേപമാണ് ഇന്ത്യ ഇവിടെ നടത്തിയിട്ടുള്ളത്. 2020-ല്‍ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായുള്ള ഒരു ബില്യണ്‍ ഡോളറിന്റെ ആഗ ഖാന്‍ ഹെറിറ്റേജ് പ്രൊജക്റ്റ് ഇന്ത്യ നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്നു. അതില്‍ പലതും മുഗള്‍ കൊട്ടാരവും അതിന്റെ പുനര്‍നിര്‍മ്മാണവുമാണ്. അഫ്ഗാന്റെ പ്രധാന കയറ്റുമതി ഉണങ്ങിയ കായ് കനികള്‍ ആണ്. 85 ശതമാനവും ഉണങ്ങിയ കായ് കനികള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് അഫ്ഗാനില്‍നിന്നുമാണ്. പാകിസ്താനുമായി ഇന്ത്യ സംഘര്‍ഷത്തിലിരിക്കെ, പാകിസ്താനിലൂടെ റോഡ് മാര്‍ഗ്ഗമാണ് ഇവയൊക്കെ ഇന്ത്യയിലേക്ക് വരുന്നത്. 900 മില്യണ്‍ ഡോളറിന്റെ കയറ്റുമതി ഇന്ത്യയ്ക്ക് അഫ്ഗാനിലേക്ക് ഉണ്ടെങ്കില്‍ 500 മില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് അഫ്ഗാനില്‍നിന്നും ഇന്ത്യയിലേക്കുള്ളത്. ഇന്ത്യ കയറ്റി അയക്കുന്നത് കൂടുതലും ഫാര്‍മസ്യൂട്ടിക്കല്‍, മെഡിക്കല്‍, ഉല്പന്നങ്ങളും ഉപകരണങ്ങളും കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഉല്പന്നങ്ങളും പിന്നെ സിമന്റും പഞ്ചസാരയുമാണ്. ന്യൂഡല്‍ഹി-ഹെറാത്-കാബൂള്‍ വ്യോമപാതയും സജീവമായിരുന്നു ഇതുവരെ.

പലായനത്തിന്റെ ദയനീയ കാഴ്ച
പലായനത്തിന്റെ ദയനീയ കാഴ്ച

അഫ്ഗാനിലെ അമേരിക്കന്‍ പദ്ധതികളുടേയും നയങ്ങളുടേയും തന്ത്രങ്ങള്‍ മനസ്സിലാക്കാതെ പോയതാണ് ഇന്ത്യയ്ക്ക് ഇപ്പോള്‍ സംഭവിച്ച ഏറ്റവും വലിയ വീഴ്ച. അമേരിക്കയുടെ അഫ്ഗാന്‍ വിദേശനയങ്ങള്‍, പ്രത്യേകിച്ച് ട്രംപിന്റെ 2019-ലെ താലിബാനുമായുള്ള കരാറിനുശേഷം. താലിബാന്‍ അഫ്ഗാന്‍ ഭരിക്കുമെന്ന് ഉറപ്പായ സന്ദര്‍ഭത്തില്‍, ഇന്ത്യയുടെ ഇത്രത്തോളം നിക്ഷേപം നഷ്ടപ്പെടാതിരിക്കാനും ഭാവിയിലെ അതിര്‍ത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനും തന്ത്രപരമായ ബന്ധം താലിബാനുമായി സ്ഥാപിച്ചെടുക്കേണ്ടതാണ്.
താലിബാനുമായി നേരിട്ട് നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുക അല്ലെങ്കില്‍ ചര്‍ച്ചകള്‍ നടത്തുക എന്നതിന്റെ അര്‍ത്ഥം താലിബാന്റെ മത നിയമങ്ങള്‍ സ്വീകരിക്കുന്നു എന്നല്ല. 2021 ജൂലൈ മാസം 'താലിബാനുമായി ഇന്ത്യ നേരിട്ട് ചര്‍ച്ചകള്‍ നടത്തുക' എന്ന ലേഖനം 'ദി ഹിന്ദു' ദിനപത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഹാപ്പിമോന്‍ ജേക്കബ് എഴുതിയതിനു പിന്നാലെ അദ്ദേഹം സൈബര്‍ ആക്രമണം നേരിടുകയുണ്ടായി. എത്ര അര്‍ത്ഥശൂന്യമായ രാഷ്ട്രീയ ബോധമാണ് ഇവര്‍ക്കുള്ളത് എന്നത് ആലോചിച്ചു നോക്കുക. ഇന്ത്യയൊരു മതേതര രാജ്യമായിരിക്കുക എന്നുള്ളതിന്റെ ഏറ്റവും പ്രസക്തി ഇവിടെയാണ്. താലിബാന്റേയും ഇന്ത്യയുടേയും ഭരണഘടന മതാധിഷ്ഠിതമായെങ്കില്‍ താലിബാനും ഇന്ത്യയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഇന്ത്യ താലിബാനുമായി സംസാരിക്കാത്തിടത്തോളം അവിടെയുള്ള മേഖലാ രാഷ്ട്രീയത്തില്‍ ചൈന-റഷ്യ-പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ കൂട്ടായ്മ രൂപംകൊള്ളുകയും അതു ദീര്‍ഘകാലത്തേയ്ക്ക് ദക്ഷിണേഷ്യയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുരടിപ്പിനുമായിരിക്കും കാരണമാകുക. നിലവില്‍ അമേരിക്ക ബൈഡന്‍ ഭരണകൂടത്തിനു കീഴില്‍ പഴയ വികസന-സഹകരണ നടപടികള്‍ ഇന്ത്യയോട് പുലര്‍ത്തുമെന്നു പ്രതീക്ഷിക്കുക വയ്യ. കാരണം ലോകരാഷ്ട്രീയ സമവാക്യങ്ങളും അധികാരരൂപങ്ങളും മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. അമേരിക്കയുടെ സാമ്പത്തിക ആധിപത്യത്തിന് ചൈന ഒപ്പമെത്തിക്കൊണ്ടിരിക്കുന്നു.

താലിബാനിസം സംസ്‌കാരിക ഇടങ്ങള്‍ 

2005-ല്‍ മലയാളിയായ മണിയപ്പന്‍ എന്ന ഡ്രൈവറെ അഫ്ഗാനില്‍ വെച്ച് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തുകയുണ്ടായി. മലയാളി പൊതു മനസ്സിനെ ഞെട്ടിച്ച ഒന്നായിരുന്നു അത്. അതേ തുടര്‍ന്ന് മത സങ്കുചിതമായ മിക്കവാറും നടപടികളെ 'താലിബാനിസം' എന്ന പദപ്രയോഗത്തിലൂടെ കേരളത്തില്‍ രൂപപ്പെട്ടു. പിന്നെ 2010-ലെ പ്രവാചകനിന്ദാ വിവാദവും പ്രൊഫ. ജോസഫിന്റെ കൈവെട്ടല്‍ ദുരന്തവും ഈ പദപ്രയോഗത്തെ വളരെയധികം കുപ്രസിദ്ധമാക്കി. ആ നടപടി താലിബാന്‍ സ്വാഭാവമുള്ളത് തന്നെയായിരുന്നു എന്ന വിഷയത്തില്‍ ആര്‍ക്കും സംശയമില്ല. കാരണം മത നിയമം ഉപയോഗിച്ച് നിയമവാഴ്ചയും ജനാധിപത്യക്രമവും നിലനില്‍ക്കുന്ന ഒരിടത്ത് അത്തരം ചെയ്തി ജനാധിപത്യവാദികളെ ഞെട്ടിച്ചു. പക്ഷേ, അതിനെ സാമാന്യവല്‍ക്കരിച്ച് മുസ്ലിം സമുദായത്തെ ഒന്നാകെ വേട്ടയാടാന്‍ ഉള്ള ശ്രമങ്ങള്‍ തികച്ചും അപലപനീയമാണ്. 

കാരണം ആ കൃത്യം നടപ്പിലാക്കിയവര്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പഴയ കാല സിമി രൂപാന്തരം പ്രാപിച്ചവര്‍ തന്നെയായിരുന്നു. സിമി ദക്ഷിണേഷ്യ കണ്ട ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് ആയിരുന്ന അബുല്‍ അഅലാ മൗദൂദിയുടെ ആശയം പേറുന്നവര്‍ ആണ്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായം മൗദൂദിയേയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളേയും അംഗീകരിക്കാതെ, നിഷേധിക്കുന്നവരാണ്. താലിബാന്‍ ഇപ്പോള്‍ അധികാരത്തില്‍ വന്നപ്പോള്‍ ''കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഇല്ലാതെ പൂര്‍ത്തീകരിച്ചത് പ്രത്യാശ നല്‍കുന്നതാണെന്നു പറഞ്ഞത് അതോടൊപ്പം താലിബാന്‍ ഇസ്ലാം ക്ഷേമത്തിന്റേയും സമാധാനത്തിന്റേയും ദര്‍ശനമാണെന്ന വ്യവസ്ഥയാണെന്ന വസ്തുതയിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണ''മെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി (അല്‍ ഹിന്ദിന്റെ) അഖിലേന്ത്യ അമീര്‍ പ്രസ്താവിക്കുകയുണ്ടായി. അത് മൗലാന മൗദുദി മുന്നോട്ടുവെച്ച ഇസ്ലാമിക രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് അങ്ങനെ പ്രസ്താവിക്കേണ്ടി വന്നത്. എന്നാല്‍, കേരളത്തിലെ ജമാഅത്ത് ഘടകം ആ പ്രസ്താവന നടത്താന്‍ തയ്യാറാവില്ല. അതിനു കാരണം കേരളത്തില്‍ ആധുനിക മതേതര ജനാധിപത്യ സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നത് എന്നതുകൊണ്ടാണ്. ഇതേ കാരണം കൊണ്ടുതന്നെയാണ് ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരികയോ, പ്രതിപക്ഷത്തുപോലും ഇരിക്കാന്‍ യോഗ്യത നേടാത്തത്. കാരണം കേരള മതേതര-സാമൂഹ്യ രൂപീകരണം 19-20 നൂറ്റാണ്ടുകളില്‍ നടന്നത് ഒരു കൂട്ടം സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തകരുടെ, നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയാണ്. അതില്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെട്ടിരുന്നു എന്ന അപൂര്‍വ്വത കേരളത്തിലുണ്ടായി. ഉത്തരേന്ത്യയില്‍ അതുണ്ടാകാത്തതിന്റെ പ്രശ്‌നം ഇവിടെ കാണാം.

പലായനം ചെയ്യുന്ന അഫ്​ഗാൻ അഭയാർത്ഥികൾ
പലായനം ചെയ്യുന്ന അഫ്​ഗാൻ അഭയാർത്ഥികൾ

ഇളയിടവും മുനീറും ആക്രമിക്കപ്പെട്ടപ്പോള്‍ 

സുനില്‍ പി. ഇളയിടവും എം.കെ. മുനീര്‍ എം.എല്‍.എയും ഒരേ കാരണത്താല്‍ ആക്രമിക്കപ്പെട്ടു. അതിനു ചില പ്രത്യേക കാരണങ്ങളുമുണ്ട്. കേരളത്തിലെ മുസ്ലിം വ്യവഹാരം 2011 മുതല്‍ നിര്‍മ്മിച്ചെടുക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒ/ഫ്രറ്റേണിറ്റി പിന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്യാമ്പസ് ഫ്രണ്ടിന്റേയും സംയുക്ത പ്രവര്‍ത്തനത്തിലൂടെയായി മാറിയിരിക്കുന്നു. സമാന വാക് പ്രയോഗത്തിലൂടെ സോഷ്യല്‍ മീഡിയയിലൂടെ, ഉത്തരാധുനിക/പോസ്റ്റ് സ്ട്രക്ച്ചറലിസ്റ്റ് സിദ്ധാന്തങ്ങളുടെ വിവിധ സങ്കേതങ്ങളുടെ ദുരുപയോഗത്തിലൂടെയാണ് വ്യവഹാരനിര്‍മ്മിതികള്‍ സാധ്യമാക്കുന്നത്. ഇവിടെ ദുരുപയോഗം എന്നതിനര്‍ത്ഥം, ഇതു പറയുന്നത് എല്ലാ സാമൂഹ്യ സിദ്ധാന്തങ്ങള്‍ക്കും ജനാധിപത്യവല്‍ക്കരണം എന്ന ലക്ഷ്യമായിരിക്കണം ഉണ്ടാകേണ്ടത് എന്ന കാഴ്ചപ്പാടില്‍നിന്നുകൊണ്ടാണ്. അതു പുറന്തള്ളലുകളുടെ ആകാന്‍ പാടില്ല. പുറന്തള്ളല്‍ എന്നതുകൊണ്ട് ഇവിടെ ഉദേശിച്ചത് 2010-ല്‍ ജമാഅത്തിന്റെ തന്നെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചത് ദളിതരെ പ്രത്യേകമായി ഉള്‍കൊള്ളുന്നതിനുവേണ്ടി, മൂല്യാധിഷ്ഠിത രാഷ്ട്രീയം പറഞ്ഞുകൊണ്ടായിരുന്നു. അതിനുവേണ്ടി പല ദളിത് സമുദായ അംഗങ്ങളെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏഴ്-എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വ്യവഹാര നിര്‍മ്മാതാക്കള്‍ ആരെ/എന്തു പേരിലായിരുന്നോ അതുവരെ ആക്രമിച്ചുകൊണ്ടിരുന്നത് അതേ കാരണത്തില്‍ ഇവര്‍ തന്നെ കുറ്റക്കാരാക്കപ്പെടുകയും അതുവരെയുള്ള സോഷ്യല്‍ മീഡിയ വ്യവഹാര നിര്‍മ്മിതി വഞ്ചനപൂര്‍വ്വമായിരുന്നു എന്നു തെളിയിക്കപ്പെടുകയുമുണ്ടായി. 

അതായത് ഇവര്‍ 'സവര്‍ണ്ണ-ബ്രാഹ്മണ-ലിബറല്‍ മേധാവിത്വത്തിനെതിരെ' എന്നാണ് എല്ലാ വ്യവഹാരനിര്‍മ്മിതിയിലും നിരന്തരമായി ഉപയോഗിച്ച് കൊണ്ടിരുന്ന പദപ്രയോഗം. എന്നാല്‍, വെല്‍ഫയര്‍ പാര്‍ട്ടിയിലെ നിരവധി ദളിത് നേതാക്കള്‍ തങ്ങള്‍ അവിടെ അനുഭവിക്കുന്ന ജാതി വിവേചനത്തിന്റെ പേരില്‍ പാര്‍ട്ടി വിടുകയായിരുന്നു. ഈ നവ ഇസ്ലാമിസ്റ്റ് വ്യവഹാര നിര്‍മ്മിതികള്‍ യഥാര്‍ത്ഥത്തില്‍ മതേതരത്വത്തേയും ജനാധിപത്യത്തേയും ലിബറല്‍ ചിന്താധാരയേയും സോഷ്യല്‍ മീഡിയയിലൂടെ വെല്ലുവിളിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. ജനാധിപത്യത്തേയും മതേതരത്വത്തേയും ലിബറല്‍ ചിന്താധാരയേയും വെല്ലുവിളിക്കുകയാണ് സംഘ്പരിവാറും ചെയ്യുകയെന്നത് അവര്‍ സൗകര്യപൂര്‍വ്വം മറക്കുകയും ചെയ്യുന്നു. ഒരു കാലത്ത് മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നും മതേതര-ജനാധിപത്യ വ്യവഹാരങ്ങള്‍ നിര്‍മ്മിക്കുകയും അത് കേരള മുസ്ലിം വ്യവഹാരമായി മാറുകയും ചെയ്ത 2010 വരെയുള്ള കാലഘട്ടത്തെ സോഷ്യല്‍ മീഡിയ വ്യവഹാരനിര്‍മ്മിതികള്‍ ഉപയോഗിച്ച് ഇവര്‍ മറികടക്കുന്നതാണ് കാണുന്നത്. ഇതു തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. കാരണം മൗദൂദിയേയും മത രാഷ്ട്രീയത്തേയും നിഷേധിക്കുന്ന, തള്ളിക്കളയുന്ന മുസ്ലിം സമുദായ അംഗങ്ങള്‍ അതില്‍ നിഷ്‌കളങ്കമായി സ്വാധീനിക്കപ്പെടുന്നുണ്ട്. 

ഈ സന്ദര്‍ഭത്തിലാണ് കേരള മുഖ്യധാരയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മതേതര ജനാധിപത്യ പൊതുമണ്ഡലത്തിനു പ്രഭാഷണങ്ങളിലൂടെ പണ്ഡിതോചിതമായി ഏറ്റവുമധികം സംഭാവന നല്‍കിയ സുനില്‍ പി. ഇളയിടത്തെ താലിബാനെ സംബന്ധിച്ച ഒരു ഫേസ്ബുക് പോസ്റ്റ് ഷെയറിന്റെ പേരില്‍ ആക്രമിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം തുല്യതയില്ലാത്ത രീതിയില്‍ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സുനില്‍, മുസ്ലിം വ്യവഹാര നിര്‍മ്മിതിയുടെ മറ്റു വേദികളായ വേദികളായ, മുസ്ലിം യൂത്ത് ലീഗിന്റേയും എം.ഇ.എസ്സിന്റേയും വക്കം മൗലവി റിസര്‍ച്ച് സെന്ററിന്റേയും വേദികളില്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും പാഠങ്ങള്‍ പകര്‍ന്നുകൊടുത്ത വ്യക്തികൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു ബൗദ്ധികപ്രഭാഷണത്തിനു രണ്ടു മില്യണിലേറെ കേള്‍വിക്കാരുണ്ടായിട്ടുള്ളത് മലയാളത്തില്‍ ഒരുപക്ഷേ, സുനില്‍ പി. ഇളയിടത്തിനു മാത്രം അവകാശപ്പെട്ടതായിരിക്കും. എം.കെ. മുനീര്‍ തത് വിഷത്തില്‍ പുസ്തകങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുള്ളതുമാണ്. ഇവരെ സൈബറിടത്തില്‍ അക്രമിച്ചവര്‍ താലിബാന്റെ മനുഷ്യത്വവിരുദ്ധമായ നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണോ (താലിബാന്‍ ഫാന്‍സ്) അതിലൂടെ ചെയ്യുന്നത് എന്ന തീര്‍പ്പിലെത്തുന്നതിനുപകരം അവര്‍ മത രാഷ്ട്രീയബോധത്തിന്റെ മേധാവിത്ത ചിന്തയാല്‍ ജനാധിപത്യ-മതേതര വിരുദ്ധരാണ് എന്നാണ് വിലയിരുത്തേണ്ടതാണ്.

അഷ്റഫ്​ ​ഗാനി
അഷ്റഫ്​ ​ഗാനി

കേരള ഇസ്ലാമിസ്റ്റുകളെ പേടിക്കണോ?

ഇന്ത്യന്‍ ഇസ്ലാമിസ്റ്റുകളെ ഭയപ്പെടേണ്ടതില്ല. കാരണം അവര്‍ ക്രമേണയുള്ള ജനാധിപത്യ-മതേതര വല്‍ക്കരണത്തിനു വിധേയമാകുകയാണ്. ഈ ഇസ്ലാമിസ്റ്റുകള്‍ക്ക് സൈബര്‍ ആക്രമണം മാത്രമാണ് പ്രവര്‍ത്തനയിടം. അതില്‍ മാത്രം അഭിരമിക്കുന്നതിലാണ് അവര്‍ക്ക് ഔല്‍സുക്യമുള്ളത്. അനുഭവലോകത്ത് അവര്‍ക്ക് സ്വാധീനം ഇല്ലെന്നു മാത്രമല്ല, അവര്‍ക്ക് വളര്‍ന്നുവികസിക്കാനുള്ള ഇടവും കേരളത്തില്‍ ഉണ്ടാവില്ല. കേരളത്തിലെ മതേതര പൊതുവിദ്യാഭ്യാസരംഗം, എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ ജനാധിപത്യത്തിനും മതേതരവല്‍ക്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുറമേയ്ക്ക് അതത്ര വ്യക്തമല്ലെങ്കിലും സൂക്ഷ്മമായി കേരളത്തിലെ ക്യാമ്പസുകളിലേക്കും സ്‌കൂളുകളിലേക്കും നോക്കിയാല്‍ മതി. 

പക്ഷേ, ജനാധിപത്യ-മതേതരവല്‍ക്കരണ പ്രക്രിയയ്ക്ക് സ്റ്റേറ്റിന്റെ നിരന്തരമായ ഇടപെടലുകള്‍ തുടര്‍ന്നും ഉണ്ടാകേണ്ടതുണ്ട്. കേരളത്തില്‍ താലിബാന്‍ ഫാന്‍സ് ഉണ്ടെന്നുള്ള സംശയത്തില്‍ ആണല്ലോ ഇവിടെ വിവാദം. അതു പറയപ്പെടുന്ന വലുപ്പത്തില്‍ കണക്കാക്കപ്പെടേണ്ടുന്ന ഒന്നല്ല. അതു സോഷ്യല്‍ മീഡിയയില്‍ വരുന്ന ചിലരുടെ ആവേശ ഭ്രാന്തില്‍നിന്നുമാണ് അതിനു വലുപ്പമുണ്ടെന്നുള്ള തോന്നലുണ്ടാക്കുന്നത്. ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയെ ആദര്‍ശവല്‍ക്കരിക്കുന്നവര്‍ക്ക് താലിബാന്‍ ഒരു മാതൃകയായി തോന്നാം. സോഷ്യല്‍ മീഡിയയ്ക്ക് അപ്പുറം, അനുഭവതലത്തിലെ ഒരു സംവാദത്തിന് അക്കൂട്ടരെ പങ്കെടുപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ മതേതര വിശ്വാസികള്‍ക്ക് ഉള്ളൂ.
 
സംവാദത്തിനു തയ്യാറാവുന്നവര്‍ ആണ് കേരളത്തിലെ ഇസ്ലാമിസ്റ്റുകള്‍. ഈ വേദി കേരളത്തില്‍ സാധ്യമാക്കപ്പെടേണ്ടതാണ്. സോഷ്യല്‍ മീഡിയയില്‍ വെറുപ്പ് വിതറി ഒളിച്ചിരിക്കുന്ന രീതിയായിരിക്കില്ല സംവാദത്തിന്റെ തുറന്ന വേദികള്‍. അവിടെ മേല്‍ക്കൈ ആര്‍ക്കാണെന്ന് ലോകം കാണട്ടെ. കൂടാതെ കേരളത്തിലെ സലഫി ചിന്താധാരയുടെ വക്താക്കളായ കേരള നദ്വത്തുല്‍ മുജാഹിദീന്‍ അവരുടെ നിലപാട് വ്യക്തമായി ഈ സന്ദര്‍ഭത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതായത്, ''മതത്തെ അതിതീവ്രമായി അവതരിപ്പിക്കുന്ന എല്ലാ അതിവാദ സംഘങ്ങളേയും ബൗദ്ധികമായി പ്രതിരോധിക്കുന്നതില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന്'' കെ.എന്‍.എം പ്രസ്താവിക്കുകയുണ്ടായി. താലിബാന്‍ വിഷയത്തില്‍ ആദ്യമായി നിലപാട് പ്രഖ്യാപിച്ച സംഘടനയാണിവര്‍. താരതമ്യേന മതപ്രമാണങ്ങളുടെ അക്ഷരവായന ശീലമാക്കിയവര്‍ ആയിരുന്നിട്ട് കൂടി അവര്‍ ഇതിനു തയ്യാറായത് നമ്മുക്കു സംവദിക്കാന്‍ ഇടങ്ങളുണ്ടെന്ന അര്‍ത്ഥത്തില്‍ കൂടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com