പൊതുയോഗത്തില്‍ കരുണാകരന്റെയും ആന്റണിയുടെയും അനുയായികള്‍ ചേരിതിരിഞ്ഞ് സിന്ദാബാദ് വിളിച്ചു

ഒട്ടും പ്രതീക്ഷിക്കാത്ത മുഖഭാവമായിരുന്നു മുന്നിലിരുന്ന എ.എസ്.പിയുടേത്. അയാള്‍ ജില്ലാ എസ്.പിയായ എന്നെ കാണാന്‍ വന്നതാണ്; ഔദ്യോഗിക മര്യാദയുടെ പേരില്‍ മാത്രം
കെ കരുണാകരൻ, എകെ ആന്റണി
കെ കരുണാകരൻ, എകെ ആന്റണി

ട്ടും പ്രതീക്ഷിക്കാത്ത മുഖഭാവമായിരുന്നു മുന്നിലിരുന്ന എ.എസ്.പിയുടേത്. അയാള്‍ ജില്ലാ എസ്.പിയായ എന്നെ കാണാന്‍ വന്നതാണ്; ഔദ്യോഗിക മര്യാദയുടെ പേരില്‍ മാത്രം.  തൊട്ടടുത്ത ജില്ലയില്‍ ഒരു സബ്ബ് ഡിവിഷനില്‍ എ.എസ്.പിയായി ചാര്‍ജ്ജെടുത്തതിന്റെ ഉണര്‍വ്വും ഉന്മേഷവും ഒന്നും ആ മുഖത്ത് വായിച്ചെടുക്കാനായില്ല.    നിരാശാഭരിതമായ ആ മുഖം കണ്ടപ്പോള്‍ പഠിച്ചുമറന്ന ഒരു കവിതയിലെ ആദ്യ വരി ഓര്‍ത്തു. 'What ails John Winter?' (ജോണ്‍വിന്ററിനെ എന്താണ് അസ്വസ്ഥമാക്കുന്നത്?) നേരിട്ടങ്ങ് ചോദിച്ചു: ''നിങ്ങളെ കണ്ടാല്‍ എന്തോ അലട്ടുന്നുണ്ടെന്ന് വ്യക്തം?'' അയാള്‍ പറഞ്ഞു: ''അതെ സാര്‍, ഡി.വൈ.എസ്.പി ക്വാര്‍ട്ടേഴ്സ് ഒഴിഞ്ഞിട്ടില്ല ഇതുവരെ.'' എനിക്ക് അത്ഭുതം തോന്നി. വീടൊഴിയാത്തതിന് ഇത്രത്തോളം ദുഃഖിക്കേണ്ടതുണ്ടോ? ''അപ്പോള്‍ ഒരു താമസ സൗകര്യത്തിന്റെ പ്രശ്‌നം മാത്രമേ ഉള്ളോ'', വീണ്ടും ചോദിച്ചു.  ''അതല്ല സാര്‍ പ്രശ്‌നം. അയാളെന്നെ മാറ്റി വീണ്ടും അവിടെ വരാന്‍ ശ്രമിക്കുകയാണ്.'' അങ്ങനെ ഒരു പ്രശ്‌നമുണ്ട്. ചില ഉദ്യോഗസ്ഥര്‍ പരസ്യമായങ്ങ് പ്രഖ്യാപിച്ചുകളയും, ''ഞാനിവിടെത്തന്നെ തിരിച്ചുവരും'' എന്ന്. പുതുതായി സ്ഥാനമേല്‍ക്കുന്ന ഉദ്യോഗസ്ഥന്റെ ചെവിയിലും ഈ പ്രഖ്യാപനം എത്തും. പല ഉദ്യോഗസ്ഥരുടേയും സ്വസ്ഥത നഷ്ടപ്പെടുത്താന്‍ അതുമതി. 
   
അയാളെ ആശ്വസിപ്പിക്കാന്‍ ഞാനെന്തൊക്കെയോ തത്ത്വശാസ്ത്രങ്ങള്‍ പറഞ്ഞു. പക്ഷേ, മുഖം പ്രസന്നമായില്ല; അസംതൃപ്തമായ ആ  'ജോണ്‍വിന്റര്‍ ഭാവം' മാഞ്ഞുപോയില്ല. താത്ത്വികമായി എന്തെല്ലാം പറഞ്ഞാലും വലിയ പ്രതീക്ഷയോടെ സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ത്തന്നെ നിയമനത്തിന്റേയും സ്ഥലംമാറ്റത്തിന്റേയും അനിശ്ചിതത്വത്തില്‍ അകപ്പെടുന്നത് അവരുടെ മനോവീര്യത്തെ ദോഷകരമായി ബാധിക്കും. ഇതിന്റെയൊക്കെ പരിണതഫലം  അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അവര്‍ക്ക് അവകാശപ്പെട്ട സേവനം ഈ ഉദ്യോഗസ്ഥ സംവിധാനത്തിലൂടെ ആണല്ലോ ലഭ്യമാകേണ്ടത്. പക്ഷേ, അങ്ങനെയുള്ള പരിഗണനകള്‍ ഉദ്യോഗസ്ഥ നിയമനത്തില്‍ വളരെ കുറവാണെന്നു തോന്നുന്നു.

സ്ഥലംമാറ്റത്തിന്റെ ഉല്‍ക്കണ്ഠകള്‍ പൊലീസിന്റെ എല്ലാ തലത്തിലുമുണ്ട്. ജില്ലാ എസ്.പിയായി ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് കീഴുദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും നിയമനത്തിലും വലിയ അധികാരവും ചുമതലയുമാണുള്ളത്. പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ വരെയുള്ളവരുടെ സ്ഥലംമാറ്റം എസ്.പിയാണ് നടത്തേണ്ടത്. ആലപ്പുഴയില്‍ ഞാനെത്തുമ്പോള്‍ ഈ ചുമതല അവധാനതയോടെ നിര്‍വ്വഹിക്കേണ്ട ഒന്നാണെന്ന പൊതുവിജ്ഞാനം ആര്‍ജ്ജിച്ചിരുന്നു. ചാര്‍ജ്ജെടുത്ത് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വളരെ 'ആവേശം കൊള്ളിച്ച' ഒരു സന്ദേശം പൊലീസ് ആസ്ഥാനത്തുനിന്നും ലഭിച്ചു. അതിന്റെ ഉള്ളടക്കം മറക്കാവതല്ല. ''എസ്.ഐമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയില്‍ വലിയ തെറ്റിദ്ധാരണ നിലനില്‍ക്കുന്നു. സംസ്ഥാന വ്യാപകമായി എസ്.ഐമാരുടെ സ്ഥലംമാറ്റം പൊലീസ് ആസ്ഥാനത്തുനിന്നും നടത്താന്‍ പോകുന്നു എന്നാണത്. ആ ധാരണ തെറ്റാണ്. ജില്ലയില്‍ എസ്.ഐമാരുടെ  സ്ഥലംമാറ്റം  നടത്താനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എസ്.പിമാരുടേത് മാത്രമാണ്. ജില്ലയിലെ സാഹചര്യം വിലയിരുത്തി ആവശ്യമായ മാറ്റം എസ്.പിമാര്‍ നടത്തേണ്ടതാണ്.'' സന്ദേശം വായിച്ച് ഹര്‍ഷപുളകിതനായി എസ്റ്റാബ്ലിഷ്മെന്റ് സൂപ്രണ്ടിനെ വിളിച്ച് എസ്.ഐമാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. 'വിലപ്പെട്ട' സന്ദേശം ഞാന്‍ തന്നെ സൂക്ഷിച്ചു. കൂട്ടത്തില്‍ മറ്റൊരു സന്ദേശവുമുണ്ടായിരുന്നു. എല്ലാ  എസ്.പിമാരും ആ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിക്കു മുന്‍പ് പൊലീസ് ആസ്ഥാനത്തുള്ള ഐ.ജിയെ ഫോണില്‍ ബന്ധപ്പെടണം എന്നായിരുന്നു അത്. അതും അല്പം അസാധാരണമായി തോന്നി. ഞാനങ്ങോട്ട് വിളിക്കും മുന്‍പേ അദ്ദേഹം ഇങ്ങോട്ട് വിളിച്ചു. ആദ്യത്തെ സന്ദേശം കിട്ടിയോ എന്ന് ചോദിച്ചു. കിട്ടി എന്ന് പറഞ്ഞു. അതിന്റെ മാഹാത്മ്യം  വര്‍ണ്ണിക്കണമെന്നുണ്ടായിരുന്നു. വര്‍ണ്ണന ആരംഭിക്കും മുന്‍പ് ഇങ്ങോട്ട് പറഞ്ഞു. അതില്‍ പറഞ്ഞിരിക്കുന്നത് പൂര്‍ണ്ണമായും ശരിയാണ്. അത് കേട്ടപ്പോള്‍ ലേശം സംശയം തോന്നി. അങ്ങനെ തന്നെയാണ് സ്ഥലംമാറ്റം നടത്തേണ്ടത്. അദ്ദേഹം ഇത് പറഞ്ഞപ്പോള്‍ സംശയം ഒന്നുകൂടി ബലപ്പെട്ടു. തുടക്കത്തില്‍  പൊലീസ് ആസ്ഥാനത്തുനിന്ന് ചില നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. അതുകൂടി കിട്ടിയശേഷം പിന്നെ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. നാട്ടിന്‍പുറത്തെ ചായക്കടകളില്‍ കണ്ടിട്ടുള്ള ഒരു വാചകം ഓര്‍മ്മവന്നു: ''ഇന്ന് രൊക്കം, നാളെ കടം.'' ആദ്യ സന്ദേശം വായിച്ചപ്പോഴുണ്ടായ 'ഉള്‍പ്പുളകം' ഏതോ വഴിക്കു പോയി.  

എങ്കിലും, അന്ന് ആലപ്പുഴയില്‍ പൊലീസ് ആസ്ഥാനത്തുനിന്നും ഉദ്യോഗസ്ഥ തലത്തിലെ സ്ഥലംമാറ്റത്തിലുള്ള ഇടപെടലുകള്‍ തീരെ അപൂര്‍വ്വമായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ മാത്രം ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പുതിയ സബ്ബ് ഇന്‍സ്പെക്ടറെ നിയമിച്ചപ്പോള്‍ പഴയ ഉദ്യോഗസ്ഥനുവേണ്ടി  ഡി.ജി.പി പല തവണ സമ്മര്‍ദ്ദത്തിന്റെ ഭാഷയില്‍  എന്നോട് സംസാരിച്ചു. അദ്ദേഹം പൊതുവേ അത്തരം ഇടപെടല്‍ നടത്തുന്ന ഉദ്യോഗസ്ഥനായിരുന്നില്ല. എന്നിട്ടും ഇക്കാര്യത്തില്‍ അല്പം അക്ഷമ പ്രകടിപ്പിക്കുകതന്നെ ചെയ്തു. ഒരു ജനപ്രതിനിധിയും മന്ത്രിയും ആയിരുന്നു അതിന്റെ പിന്നില്‍ എന്നാണ് മനസ്സിലാക്കിയത്.  ആ സബ്ബ് ഇന്‍സ്പെക്ടര്‍ കാണാന്‍ വന്നപ്പോള്‍, എസ്.പിയുടെ തലയ്ക്ക് മുകളിലൂടെ ഇപ്രകാരം ശ്രമിക്കുന്നത് ശരിയല്ല എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ആ ജനപ്രതിനിധിയെ ആയിരുന്നു പഴിച്ചത്. ഏതായാലും അക്കാര്യത്തില്‍ പിന്നീട് എന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടായില്ല. ''സ്വരാജ്യം എന്റെ ജന്മാവകാശമാണ്; അത് ഞാന്‍ നേടുകയും ചെയ്യും'' എന്ന ബാലഗംഗാധര തിലകന്റെ വാക്കുകള്‍ പ്രസിദ്ധമാണല്ലോ. അതുപോലെ ''ഞാന്‍ സ്ഥലത്തെ ഭരണകക്ഷി എം.എല്‍.എ ആണ്; ഇവിടുത്തെ എസ്.ഐ നിയമനം എന്റെ ജന്മാവകാശമാണ്'' എന്ന ധാരണവെച്ച് പുലര്‍ത്തിയിരുന്നവരും ഉണ്ട്.   ജില്ലാ എസ്.പി ആയി ജോലി നോക്കിയ മുഴുവന്‍ കാലവും  രാഷ്ട്രീയ നേതാക്കളുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും  ധാരാളം  വാദപ്രതിവാദങ്ങള്‍ ഉണ്ടായിട്ടുള്ളത് സബ്ബ് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ്. ഒരു പ്രദേശത്തെ ഭരണസ്വാധീനമുള്ള രാഷ്ട്രീയ നേതാക്കള്‍ അഴിമതിക്കാരാണെങ്കില്‍ അവിടെ സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ നിലനില്‍പ്പ് ദുഷ്‌കരമാണ്. അതില്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് സബ്ബ് ഇന്‍സ്പെക്ടര്‍മാരാണ്. സത്യസന്ധത പുലര്‍ത്തുകയും നിയമാനുസരണം നിലപാടെടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരോട് ഒരുതരം അസഹിഷ്ണുത പല രാഷ്ട്രീയ നേതാക്കളും ചില മേലുദ്യോഗസ്ഥരും വച്ചുപുലര്‍ത്തുന്നതു കണ്ടിട്ടുണ്ട്. മൂല്യബോധമുള്ള സഹപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട കടമ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. അതിനുള്ള ആത്മധൈര്യം ഇല്ലെങ്കില്‍ ഒരു കൗശലവും അതിന് പകരമാവില്ല. അത്തരം കൗശലവും സാമര്‍ത്ഥ്യവും അത് സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുകയും ചെയ്യും.

പൊതുമണ്ഡലത്തില്‍ വലിയ ശ്രദ്ധ വരാത്തതും എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമാണ് പൊലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍സ്റ്റബിള്‍മാരുടേയും ഹെഡ് കോണ്‍സ്റ്റബിള്‍മാരുടേയും സ്ഥലംമാറ്റം. അവരുടെ ജോലിസമയം  അനിശ്ചിതത്വം നിറഞ്ഞതാണല്ലോ. അപ്രതീക്ഷിത സംഭവങ്ങള്‍ അവരുടെ ജോലിസമയത്തിന്റെ ക്രമം തെറ്റിക്കും. അങ്ങനെയാകുമ്പോള്‍ പലപ്പോഴും രാത്രിയിലോ അസമയത്തോ ആകും വീട്ടില്‍ പോകാന്‍ കഴിയുക.  അവരുടെ പോസ്റ്റിംഗ് വീട്ടില്‍നിന്ന് വളരെ അകലെയായാല്‍ അവര്‍ക്ക്  കുടുംബാംഗങ്ങളുമായി ജീവിക്കുന്നതിനുള്ള അവസരം കുറയും. പത്ത് നാല്‍പ്പത് വര്‍ഷം മുന്‍പ് പല പൊലീസുകാരും ജോലിയും താമസവും എല്ലാം പൊലീസ് സ്റ്റേഷനില്‍ തന്നെയായിരുന്നു.  അതവരുടെ കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലുമൊക്കെ  പ്രശ്‌നങ്ങള്‍   സൃഷ്ടിച്ചിട്ടുമുണ്ട്.  ആ അവസ്ഥയ്ക്ക് കാലക്രമേണ നല്ല  മാറ്റം വന്നു. പൊലീസുകാര്‍, ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ സൗകര്യത്തിന് പോസ്റ്റിംഗ് ആവശ്യപ്പെട്ടു തുടങ്ങി. അതൊരു നല്ല കാര്യമായാണ് എനിക്കു തോന്നിയത്. പക്ഷേ, മറിച്ച് ചിന്തിക്കുന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ''ഇപ്പോഴത്തെ പൊലീസുകാര്‍ക്കെല്ലാം, സന്ധ്യയായാല്‍ പിന്നെ വീട്ടില്‍ പോണം. അതാണ് കുഴപ്പം'' എന്ന് പറയുന്ന പഴയകാല ഉദ്യോഗസ്ഥരേയും അക്കാലത്ത് കണ്ടിട്ടുണ്ട്. രാത്രി ആയാലും വീട്ടില്‍ പോകണമെന്ന് തോന്നാത്തതാണ് കുഴപ്പം എന്നായിരുന്നു എന്റെ പക്ഷം. പൊലീസ് ഉദ്യോഗസ്ഥന്റേത്  സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജോലിയാണ്. അത് നേരെ ചൊവ്വെ നിര്‍വ്വഹിക്കുന്നതിന് ആരോഗ്യകരമായ കുടുംബജീവിതം അത്യന്താപേക്ഷിതമാണ്. 

വ്യക്തിപരമായ ഒരനുഭവം കുറിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ഒരവധി ദിവസം രാവിലെ ആലപ്പുഴയിലെ വീട്ടില്‍ ഒരു സി.ഐ ഫോണില്‍ വിളിച്ചു. സംഭാഷണത്തിനിടയില്‍ ഞാന്‍ നല്‍കിയ ഏതോ നിര്‍ദ്ദേശം പാലിക്കുന്നതില്‍ അയാള്‍ വീഴ്ചവരുത്തി എന്നു മനസ്സിലായി. അതൃപ്തി പ്രകടിപ്പിച്ച് വേഗത്തില്‍  സംഭാഷണം അവസാനിപ്പിക്കുമ്പോള്‍  ശബ്ദം അല്പം ഉയര്‍ന്നു എന്നത് ഞാന്‍ ശ്രദ്ധിച്ചില്ല. ആ മുറിയിലുണ്ടായിരുന്ന മൂന്ന് വയസ്സുകാരനായ മകന്‍ ''അച്ഛന്‍ ആരോടാണ് സംസാരിച്ചത്'' എന്ന് ചോദിച്ചു. സര്‍ക്കിളിനോടായിരുന്നു എന്ന് പറഞ്ഞു. പിന്നീട് അവനൊന്നും ചോദിച്ചില്ല. അല്പം അസാധാരണമായി തോന്നിയതുകൊണ്ട്  വീണ്ടും അതേപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്റെ ശബ്ദം ഉയര്‍ന്നത് എന്തിന് എന്നതാണ് മൂന്ന് വയസ്സുകാരന്റെ സംശയം. വിശദീകരിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടി. വിലപ്പെട്ട ഇത്തരം പ്രതികരണങ്ങള്‍ മറ്റെവിടെ നിന്നു കിട്ടും? അധികാരത്തിന്റെ സ്വരം എവിടെയും ആവശ്യത്തില്‍ കൂടുതല്‍ ഉച്ചത്തിലാണ്. ''ആ ശബ്ദം ആവശ്യത്തിലധികം ഉച്ചത്തിലാണ്. അമ്മ, അമ്മാവന്‍, ചെറിയമ്മ, വല്ലപ്പോഴും വീട്ടില്‍ വരുന്ന പരമേശ്വരേട്ടന്‍ - തലമൂത്തവരെല്ലാം ആവശ്യത്തില്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നു.'' എം.ടിയുടെ 'കാലം' എന്ന നോവലിലെ നായകന്റെ കൗമാരകാല വിചാരമാണിത്. വീടായാലും ഓഫീസായാലും അധികാരത്തിന്റെ സ്വഭാവം സമാനമാണ്.  

പൊലീസുകാരുടെ സ്ഥലംമാറ്റവും അസോസിയേഷനും

പൊലീസുകാരുടെ സ്ഥലംമാറ്റത്തിന് എസ്.പി  ചില നിര്‍ദ്ദേശങ്ങള്‍ നല്‍കും; അതനുസരിച്ച്  മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഉത്തരവ്  തയ്യാറാക്കും. അതായിരുന്നു രീതി. സ്ഥലംമാറ്റത്തിന്റെ  പ്രാധാന്യം കണക്കിലെടുത്ത്  അത്   നേരിട്ടു ചെയ്യാമെന്ന് തീരുമാനിച്ചു. ആയിരക്കണക്കിന് അപേക്ഷകള്‍ പരിഗണിച്ച് ഓരോരുത്തരുടേയും സീനിയോറിറ്റിയും ആവശ്യവും എല്ലാം കണക്കിലെടുത്ത് പോസ്റ്റിംഗ് നടത്തുക ശ്രമകരമായ ജോലിയായിരുന്നു. സ്വയം ഏറ്റെടുത്ത ഉത്തരവാദിത്വമായിരുന്നെങ്കിലും അത് ശരിയാംവണ്ണം നിര്‍വ്വഹിക്കുന്നതിന് കഠിനമായ അദ്ധ്വാനം വേണ്ടിവന്നു. ആ അദ്ധ്വാനം ഫലം കണ്ടു. സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നപ്പോള്‍ പൊലീസുകാരുടെ ഇടയില്‍ അതിനു വലിയ സ്വീകാര്യത ഉണ്ടായി. അവരുടെ അപേക്ഷകള്‍ക്കു പരമാവധി പരിഗണന നല്‍കിയിരുന്നു. പലപ്പോഴും പൊലീസ് അസ്സോസിയേഷനുകളാണ് വലിയതോതില്‍ ഇതില്‍ കൈകടത്തിക്കൊണ്ടിരുന്നത്. അവരുടെ  ശക്തി കാണിക്കുന്നത് 'എതിര്‍ചേരി'യിലുള്ള ആരെയെങ്കിലുമൊക്കെ ദൂരോട്ടോടിച്ചുകൊണ്ടാണ്. അതൊന്നും നടന്നില്ല. അതുള്‍പ്പെടെ ഒരു  ബാഹ്യ ഇടപെടലും അനുവദിച്ചില്ല. അപൂര്‍വ്വം ചില ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുണ്ടായിരുന്നു. അങ്ങനെയുള്ളവരെ സ്ഥാപിത താല്പര്യങ്ങളുടെ മേഖലയ്ക്ക് വെളിയില്‍  പോസ്റ്റ് ചെയ്തു. പൊലീസുകാരുടെ സ്ഥലംമാറ്റത്തിന് ദല്ലാളുമാരുടെ ആവശ്യമില്ല എന്ന സന്ദേശം വേഗം അവര്‍ക്കു കിട്ടി. 

ആലപ്പുഴയിലെ  ഇതേ രീതി തന്നെയാണ് ജില്ലാ എസ്.പി ആയി പ്രവര്‍ത്തിച്ച എല്ലായിടത്തും സ്വീകരിച്ചത്.  ഒരു രാഷ്ട്രീയ നേതാവും ഇക്കാര്യത്തില്‍ ഒരു പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ല; ഇരു മുന്നണിക്കാലത്തും.  ചില ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ രസകരമായി തോന്നി. ആ സമയത്ത് ഞാന്‍ തൃശൂര്‍ എസ്.പി ആയിരുന്നു.  പൊലീസ് ആസ്ഥാനത്തുനിന്ന് ഒരു ഡി.ഐ.ജി എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ''ചെറുതുരുത്തിയില്‍നിന്നൊരു മൂന്ന് പൊലീസുകാരെ മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.'' ''സര്‍ക്കാരിനു വേണ്ടത് സര്‍ക്കാരിനു ചെയ്യാമല്ലോ''  എന്ന് ഞാന്‍  പറഞ്ഞു. ''അല്ല, അത് എസ്.പി ചെയ്യണം എന്നാണ്'' എന്നായി ഡി.ഐ.ജി. ''എങ്കില്‍ സര്‍ക്കാര്‍ ഉത്തരവു വരട്ടെ'' എന്ന്  മറുപടി പറഞ്ഞു. അങ്ങനെ  ആ സംഭാഷണം അവസാനിച്ചു. സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനും  വ്യവസ്ഥാപിത നടപടിക്രമമുണ്ട്. പക്ഷേ, പല ഉദ്യോഗസ്ഥര്‍ക്കും മന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിയോ പ്രൈവറ്റ് സെക്രട്ടറിയോ പറയുന്നതാണ് 'സര്‍ക്കാര്‍ ഉത്തരവ്.' പൊലീസുകാരുടെ സ്ഥലംമാറ്റത്തില്‍ വഴിവിട്ട് ചിലരെ സഹായിക്കാന്‍ കണ്ടുപിടിച്ച കുറുക്കുവഴി ആയിരുന്നു ഈ 'സര്‍ക്കാര്‍ ഉത്തരവ്.' പൊലീസ് അസ്സോസിയേഷന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കയായിരുന്നു ലക്ഷ്യം. 'സര്‍ക്കാര്‍ ഉത്തരവിന്' ഞാന്‍ വഴങ്ങില്ലെന്നു കണ്ടപ്പോള്‍ അടുത്ത ദിവസം തലസ്ഥാനത്തുനിന്ന് ഒരു ഐ.ജി ഫോണ്‍ ചെയ്തു.  അദ്ദേഹത്തിന് ഇതുമായി  ഒരു ബന്ധവുമില്ലായിരുന്നു. എന്നിട്ടും ഇതില്‍ കൈകടത്താന്‍ ശ്രമിച്ചപ്പോള്‍  വ്യക്തമായി മറുപടി പറഞ്ഞു: ''സാര്‍, ഞാന്‍ എസ്.പി എന്ന നിലയില്‍ നടത്തുന്ന പൊലീസുകാരുടെ അവസാന ട്രാന്‍സ്ഫര്‍ ആണിത്. ഇതുവരെ പൊലീസുകാരെ മാര്‍ക്സിസ്റ്റ് പൊലീസും കോണ്‍ഗ്രസ് പൊലീസുമായി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഇതും സാദ്ധ്യമല്ല.'' അദ്ദേഹം പിന്മാറി.  ഇത്തരം ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പൊലീസ് അസ്സോസിയേഷനുകളുടെ രാഷ്ട്രീയവല്‍ക്കരണത്തിനു കൂട്ടുനില്‍ക്കുന്നത്. അക്കാലത്ത് അതുപോലുള്ള വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറവായിരുന്നു. ആ 'കുറവ്' പരിഹരിക്കപ്പെട്ടുവരുന്നുണ്ട്. 

എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ അറിയില്ല; വ്യക്തിപരമായി സ്ഥലംമാറ്റ ഉല്‍ക്കണ്ഠകള്‍ എന്നെ  ഒരുകാലത്തും ഒരു പരിധിക്കപ്പുറം ബാധിച്ചിരുന്നില്ല എന്നിപ്പോള്‍ തോന്നുന്നു. ആലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ആ ഭീഷണിയുണ്ടായിരുന്നു. പക്ഷേ, അതൊരു വലിയ വിഷയമായി മനസ്സില്‍ തോന്നിയിരുന്നില്ല. അങ്ങനെയിരിക്കെ തികച്ചും അപ്രതീക്ഷിതമായി ഒരു സ്ഥലംമാറ്റ ഉത്തരവ് വന്നു. 'അപായ' സൂചനയൊന്നുമില്ലാതെയാണത് വന്നത്. എന്നെ പാലക്കാട് ജില്ലാ എസ്.പി  ആയും പകരം കെ.ടി. മൈക്കിളിനെ ആലപ്പുഴയ്ക്കും മാറ്റി ഉത്തരവിറങ്ങി. എനിക്ക് അല്പം സന്തോഷമാണ് തോന്നിയത്. വ്യക്തിപരമായി ഒരസൗകര്യവുമില്ല. പുതിയൊരു സ്ഥലം എന്ന ചിന്ത മനസ്സില്‍ ഉണര്‍വ്വുണ്ടാക്കിയെന്നു തോന്നുന്നു. ഉത്തരവ് വന്ന ഉടനെ ഭാര്യ, സാധനങ്ങളെല്ലാം അടുക്കി പെട്ടികളിലാക്കി. ഞാനുടനെ മൈക്കിളിനെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം  ആലപ്പുഴയ്ക്ക് വേഗം വരാന്‍ തയ്യാറായിരുന്നു. പെട്ടെന്ന് സ്ഥാനമേല്‍ക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. നാലോ അഞ്ചോ ദിവസം കഴിഞ്ഞ് കായംകുളത്ത് റെയില്‍വേയുടെ വലിയൊരു പരിപാടി ഉണ്ടായിരുന്നു. കായംകുളം-ആലപ്പുഴ റെയില്‍പ്പാത വീതികൂട്ടുന്ന വലിയ പൊതുപരിപാടി മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. നേരത്തെ ചാര്‍ജ്ജെടുത്താല്‍ ആ പൊതുപരിപാടിയുടെ ചുമതല വഹിക്കാനും കഴിയുമല്ലോ. അദ്ദേഹത്തിനും  അനുകൂല നിലപാടായിരുന്നു. 

അതിനിടെ മനോരമയില്‍ പ്രാധാന്യത്തോടെ ഒരു വാര്‍ത്ത വന്നു. കര്‍ശന സ്വഭാവക്കാരനായ ആലപ്പുഴ എസ്.പിയെ പാലക്കാട്ട് നിയമിച്ചത്  അവിടുത്തെ സ്പിരിറ്റ് ലോബിക്ക് ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു വാര്‍ത്ത.  എന്റെ സ്വഭാവം ആരെല്ലാമാണ് നിരീക്ഷിക്കുന്നത് എന്നത് കൗതുകകരമായി തോന്നി. ഉദ്യോഗസ്ഥന്റെ  സ്വഭാവം, സ്ഥലത്തെ രാഷ്ട്രീയ നേതാക്കളുടെ സ്വഭാവം, സ്ഥലംമാറ്റം, നിയമനം ഇവയൊക്കെ തമ്മിലുള്ള ബന്ധം നല്ലൊരു  ഗവേഷണ വിഷയമായിരിക്കും. കെ.ടി. മൈക്കിള്‍ അടുത്ത ദിവസം  വീണ്ടും ഫോണ്‍ ചെയ്തു. മുഖ്യമന്ത്രിയുടെ കായംകുളത്തെ പൊതുയോഗം കഴിഞ്ഞ് തൊട്ടടുത്ത ദിവസം അദ്ദേഹം ചുമതലയേല്‍ക്കാമെന്ന് പറഞ്ഞു. ചെറിയൊരു നിലപാട് മാറ്റം പോലെ തോന്നി. അതിന്റെ  പിന്നിലെ രഹസ്യം  മാസങ്ങള്‍ കഴിഞ്ഞ് മൈക്കിള്‍ എന്നോട് പങ്കിട്ടു. 

കായംകുളം റെയില്‍വേയുടെ ചടങ്ങിന് മുഖ്യമന്ത്രി കരുണാകരനെത്തിയപ്പോള്‍ അപ്രതീക്ഷിതമായ ഒരു സംഭവവികാസമുണ്ടായി. അദ്ദേഹം ഗസ്റ്റ് ഹൗസിലെത്തുമ്പോള്‍ അവിടെ അദ്ദേഹത്തെ കാണാന്‍ ഒരുത്സവത്തിന്റെ ആള്‍ക്കൂട്ടമുണ്ടായിരുന്നു. അക്കാലത്ത് അത് സാധാരണയായിരുന്നു. പില്‍ക്കാലത്ത് അധികാരം നഷ്ടമായപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആരവം ഇല്ലാതെയും കണ്ടിട്ടുണ്ട്. സുരക്ഷിതമായി അദ്ദേഹം മുറിക്കുള്ളില്‍ കയറി എന്നുറപ്പാക്കിയ ശേഷം ഞാന്‍ തിരക്കില്‍നിന്ന് പുറത്തുകടന്നു. കുറെ കഴിഞ്ഞപ്പോള്‍ ആരോ വന്ന് എന്നെ മുഖ്യമന്ത്രി വിളിക്കുന്നുവെന്നറിയിച്ചു. ഞാനുടനെ അദ്ദേഹത്തിന്റെ മുറിയിലെത്തി. ആ സമയം എല്ലാപേരേയും പുറത്താക്കിയിരുന്നു. അദ്ദേഹം പറഞ്ഞു: ''പാലക്കാട്ട് ഞാന്‍ പലരേയും പോസ്റ്റ് ചെയ്തു. അവിടെ എല്ലാപേരും'' എന്ന് പറഞ്ഞ് നിര്‍ത്തിയ ശേഷം കൈകൊണ്ട് നോട്ട് എണ്ണുന്നപോലെ കാണിച്ചു. ''സര്‍ക്കാരിന് അത് ദുഷ്പേരാണ്.'' ഇത്രയും പറഞ്ഞപ്പോള്‍ പാലക്കാട്ടേയ്ക്കുള്ള മാറ്റം എനിക്കിഷ്ടമല്ല എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതായെനിക്കു മനസ്സിലായി. ''സാര്‍ എനിക്കിതൊരു നല്ല അവസരമാണ്. ആ മേഖലയില്‍ ഞാന്‍ നേരത്തെ ജോലിചെയ്തിട്ടില്ല. അതുകൊണ്ട് സന്തോഷമാണ്.'' ഞാന്‍ വ്യക്തമാക്കി. അദ്ദേഹത്തിന് ആശ്വാസമായി എന്നു കരുതിയപ്പോള്‍ എന്റെ ഒരു വശത്ത് നിന്നൊരു ശബ്ദം: ''സാര്‍, അത് ഹേമചന്ദ്രന്റെ പ്രശ്‌നമല്ല'' ഡി.ഐ.ജി സുകുമാരന്‍ നായര്‍ സാര്‍ കൂടി മുറിയില്‍ കയറിയത്  അപ്പോള്‍ മാത്രമാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് ആലപ്പുഴയില്‍ അന്നുണ്ടായിരുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചും അത് നേരിടുന്നതിനെക്കുറിച്ചും ഒക്കെ അദ്ദേഹം വിശദീകരിച്ചു. സംഭാഷണത്തിന്റെ പോക്ക് കണ്ടപ്പോള്‍ സ്ഥലംമാറ്റം റദ്ദാക്കുമോ എന്നൊരു സംശയം ഉള്ളിലുണ്ടായി. കായംകുളത്തെ മുഖ്യമന്ത്രിയുടെ യോഗം കഴിഞ്ഞ ഉടനെ ആലപ്പുഴയില്‍ എനിക്ക് ഉദ്യോഗസ്ഥരുടെ യാത്ര അയപ്പ് അന്നുണ്ടായിരുന്നു. അടുത്ത ദിവസം മൈക്കിള്‍ ആലപ്പുഴയില്‍ ചാര്‍ജ്ജെടുക്കേണ്ടതാണ്. അന്ന് രാവിലെ അദ്ദേഹം ഇന്റലിജെന്‍സില്‍നിന്നും ചാര്‍ജ്ജ് വിട്ടിരുന്നു. മാറാനായിരുന്നു എന്റേയും മോഹം. അതുകൊണ്ട്, മൈക്കിള്‍ ചാര്‍ജ്ജ് വിട്ടകാര്യം ഞാന്‍ പറഞ്ഞു. ഉടന്‍ കരുണാകരന്റെ മറുപടി. ''അവിടെ വിട്ടെന്നല്ലെ ഉള്ളു. ഇവിടെ വന്നിട്ടില്ലല്ലോ. അവിടെത്തന്നെ നില്‍ക്കാന്‍ പറയൂ.'' അങ്ങനെ പാവം മൈക്കിള്‍ ത്രിശങ്കുവിലായി. കുറേ വൈകിയാണ്  അദ്ദേഹത്തിന് കോട്ടയം എസ്.പി ആയി നിയമനം ലഭിച്ചത്. പൊലീസ് ഘടനയില്‍ വന്ന മാറ്റം മൂലം കോട്ടയം കേന്ദ്രമായി പുതിയ 'കിഴക്കന്‍ മേഖല'  നിലവില്‍ വന്നപ്പോള്‍ ആലപ്പുഴയും കോട്ടയവും ഇടുക്കിയും  അതിനു കീഴിലായി. 'മദ്യമേഖല' എന്നൊരു വിളിപ്പേരും ഇതിന് കൈവന്നു.  പല മീറ്റിങ്ങുകളിലും ഞങ്ങള്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. അക്കാലത്ത്  വഴിവിട്ട് പ്രവര്‍ത്തിച്ച ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മൈക്കിളിന്റെ സമീപനത്തോട് എനിക്ക് ബഹുമാനം തോന്നി. 

അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ആലപ്പുഴ എസ്.പി ആയി ചാര്‍ജ്ജെടുക്കാന്‍ വൈകിച്ചതിന്റെ 'രഹസ്യം' വെളിപ്പെടുത്തി. കായംകുളത്തെ ആ ചടങ്ങില്‍ മുഖ്യമന്ത്രിക്കു പുറമേ എ.കെ. ആന്റണിയും പങ്കെടുക്കുന്നുണ്ടായിരുന്നു. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരുന്ന അക്കാലത്ത് കരുണാകരനും ആന്റണിയും ഒരുമിച്ച് ഒരു പൊതുയോഗത്തില്‍ പങ്കെടുക്കുന്നത് ഏറെ കാലത്തിനു ശേഷമായിരുന്നു. അതുകൊണ്ട് ഇരുകൂട്ടരും തമ്മില്‍ വലിയ പ്രശ്‌നമാകുമെന്നും യോഗം കുഴപ്പത്തിലേ കലാശിക്കൂ  എന്നും മൈക്കിളിനോട് ഇന്റലിജന്‍സിലെ ഒരുന്നതന്‍ പറഞ്ഞു. അതുകൊണ്ട് ആ 'കുഴപ്പം' എന്റെ തലയിലാക്കി, അതുകഴിഞ്ഞ് ചാര്‍ജ്ജെടുക്കാന്‍ മൈക്കിളിനെ അദ്ദേഹം ഉപദേശിച്ചു. പൊതുയോഗത്തില്‍ കരുണാകരനേയും ആന്റണിയേയും അനുയായികള്‍ ചേരിതിരിഞ്ഞ് സിന്ദാബാദ് വിളിച്ചു എന്നതിനപ്പുറം 'മഹാ'പ്രശ്‌നമൊന്നുമുണ്ടായില്ല. ഞങ്ങളുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദായി എന്നതായിരുന്നു സംഭവിച്ച 'മഹാകാര്യം.' കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ആര്‍ക്കാണ് പ്രവചിക്കാനാകുക?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com