പ്രതിരോധമോ പിഴവോ? കേരളത്തില്‍ കോവിഡ് കുറയാത്തതെന്ത്

തുടര്‍ഭരണം നേടി അധികാരത്തില്‍ നൂറാം ദിനം പിന്നിടുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക വിജയിച്ചെന്ന വാദത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാരും സി.പി.എമ്മും
പ്രതിരോധമോ പിഴവോ? കേരളത്തില്‍ കോവിഡ് കുറയാത്തതെന്ത്

തുടര്‍ഭരണം നേടി അധികാരത്തില്‍ നൂറാം ദിനം പിന്നിടുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക വിജയിച്ചെന്ന വാദത്തില്‍ അടിയുറച്ചു നില്‍ക്കുകയാണ് പിണറായി സര്‍ക്കാരും സി.പി.എമ്മും. എന്നാല്‍, ഈ പ്രതിരോധമാതൃക പരാജയമാണെന്നും അത് പുനഃസംഘടിപ്പിക്കപ്പെടണമെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു. അതേസമയം ആരോപണങ്ങളും അവകാശവാദങ്ങളും നിലനില്‍ക്കെ പുറത്തുവരുന്ന വ്യാപനത്തിന്റെ കണക്കുകള്‍ ആശങ്ക സൃഷ്ടിക്കുന്നു. നിയന്ത്രണങ്ങള്‍ മാത്രമാണ് പോംവഴിയെന്ന നിലപാടിലാണ് ഇപ്പോഴും സര്‍ക്കാര്‍. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ആറുമാസം പോലും തികയാതെ വീണ്ടുമൊരു അടച്ചുപൂട്ടലിന്റെ വക്കിലാണ് സംസ്ഥാനം. മേയ് എട്ടിനാണ് സംസ്ഥാനത്ത് കഴിഞ്ഞ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ അടച്ചുപൂട്ടല്‍ ജീവനോപാധികളും തൊഴിലുകളും വരുമാനവും സാമ്പത്തികസ്ഥിരതയും എത്രമാത്രം തകര്‍ത്തെന്നറിയാന്‍ ആത്മഹത്യകളുടെ കണക്കെടുത്താല്‍ മതി. വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക് കേരളം മാറാന്‍ ഒരുങ്ങുമ്പോള്‍ അതിനു കാരണമാകുന്ന രോഗപ്രതിരോധവും നിയന്ത്രണങ്ങളും എത്രമാത്രം ഫലപ്രദമാണോ എന്ന അന്വേഷണം കൂടി വേണം.ഇപ്പോള്‍ രാജ്യത്തെ മുഴുവന്‍ കൊവിഡ് രോഗികളുടെ കണക്കില്‍ 65 ശതമാനവും കേരളത്തിലാണ്. ഓഗസ്റ്റ് 23 മുതല്‍ 29 വരെ 2.9 ലക്ഷം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1.9 ലക്ഷം കേസുകളും കേരളത്തില്‍നിന്ന്. രോഗികളുടെ എണ്ണം കുറഞ്ഞപ്പോഴും മരണനിരക്ക് അതേപോലെ തുടര്‍ന്നു. മരണനിരക്ക് കുറച്ചു നിര്‍ത്താന്‍ കഴിഞ്ഞുവെന്നതായിരുന്നു സര്‍ക്കാരിന്റെ അവസാന അവകാശവാദം. കൊവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന വിവരം തെളിവു സഹിതം പുറത്തുവന്നപ്പോഴാണ് ജില്ലാതലത്തില്‍ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. 

കൊവിഡാനന്തര ചികിത്സ ഇനി സൗജന്യമല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്-ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിങ്ങനെ എല്ലാതലത്തിലും കൊവിഡാനന്തര ചികിത്സയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തെ 90.67 ലക്ഷം കുടുംബങ്ങളില്‍ 51.77 ലക്ഷം പേരും എ.പി.എല്‍ വിഭാഗത്തിലാണ്. അപ്രായോഗികവും അശാസ്ത്രീയവും സമാന്യബുദ്ധിക്കുപോലും നിരക്കാത്തതുമായ നിയന്ത്രണ നടപടികളുടെ മേല്‍നോട്ടം പൊലീസിനെ ഏല്‍പ്പിച്ചതാണ് പിഴച്ചുപോയ മറ്റൊരു നടപടി. 

മറ്റു സംസ്ഥാനങ്ങളിലേതു പോലെ തന്നെ നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തിനും വീഴ്ചകളുണ്ടായെന്നു വേണം വിലയിരുത്താന്‍. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ കാലത്ത് രോഗികളുടെ എണ്ണം തീരെ കുറവായിരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ചതായി അവകാശപ്പെട്ടതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.  2020 ജനുവരി 30-ന് ചൈനയില്‍ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോള്‍ അത് രാജ്യത്തെ തന്നെ ആദ്യ കേസായിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ ജാഗ്രതയോടെ സംഘടിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. വ്യാപനഘട്ടത്തിന്റെ തുടക്കത്തില്‍ കേസുകള്‍ വളരെ കുറവുള്ള സാഹചര്യത്തിലാണ് നാം കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ചെന്ന് വ്യാഖ്യാനിച്ചതും അതിനായി അവകാശവാദം ഉന്നയിച്ചതും-ഇതാണ് പ്രതിപക്ഷത്തിന്റെ വാദം. മാര്‍ച്ച് മുതല്‍ മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം അന്നും കൂടുതലുണ്ടായിരുന്നത് കേരളത്തിലായിരുന്നു. അതിന് സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ ഒട്ടേറെ കാരണങ്ങളുമുണ്ടായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധം വാര്‍ത്തകളില്‍ നിറയുമ്പോള്‍ അത് ആത്മപരിശോധനയോടെ നോക്കിക്കാണാന്‍ നമുക്ക് കഴിഞ്ഞില്ല.

പിന്നീടുള്ള ദിവസങ്ങളില്‍ അത് കൂടുതല്‍ വ്യക്തവും പ്രകടവുമായി. ഒന്നാം തരംഗത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നു മാസത്തോളം വൈകിയാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയിലേക്ക് എത്തിയത്. ഫ്‌ലാറ്റനിങ് ദ കര്‍വ് എന്നതായിരുന്നു തന്ത്രം. കോണ്‍ടാക്റ്റ് ട്രേസിങ്, ഐസൊലേഷന്‍, ദീര്‍ഘമായ ക്വാറന്റൈന്‍ പീരിയഡ് എന്നിവയൊക്കെ നടപ്പാക്കിയ പില്‍ക്കാലത്ത് തമാശയായി തോന്നുമെങ്കിലും അതൊക്കെ നടപ്പാക്കിയാണ് കൊവിഡിനെ നിയന്ത്രിച്ചതായി ഒന്നാം പിണറായി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നിയിലെ കുടുംബവും അവരുടെ റൂട്ട് മാപ്പുമൊക്കെ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഒരുകാലത്ത് അവിശ്വസനീയമായി തോന്നിയേക്കാം. കാസര്‍ഗോട്ടെ രോഗവ്യാപനം നിയന്ത്രിക്കാന്‍ രംഗത്തിറങ്ങിയത് പൊലീസ് സേനയാണ്. കേരളത്തിലെ ആദ്യ സൂപ്പര്‍സ്പ്രെഡ് മേഖലയായി പ്രഖ്യാപിച്ച പൂന്തുറയില്‍ കമാന്‍ഡോ സംഘമാണ് ജനത്തെ നിയന്ത്രിക്കാനിറങ്ങിയത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിന് ചുമതല നല്‍കിയ വേറൊരു ഭരണകൂടവുമുണ്ടായേക്കില്ല. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എന്ന ആക്ഷന്‍ പ്ലാനാണ് വിജയ് സാഖറെ നടപ്പാക്കിയത്. ഓരോ വീടും നിരീക്ഷണത്തിലായിരുന്നു. സാധനം വാങ്ങാന്‍ പുറത്തിറങ്ങാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍, ഈ കര്‍ക്കശ നിലപാടുകള്‍ കൊണ്ടൊന്നും ഫലമുണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

പൊലീസിന്റെ ഇനീഷ്യേറ്റീവാണ് ട്രിപ്പിള്‍ ലോക്ക്ഡൗണെന്നും അത് ഫലപ്രദമാണെന്നും സാമൂഹ്യവ്യാപനത്തിലേക്ക് പോകാതെ തടഞ്ഞെന്നുമുള്ള വിജയ് സാഖറെയുടെ പ്രസ്താവന ഇന്ന് പമ്പരവിഡ്ഢിത്തമായേ കണക്കാക്കാനാകൂ. ജനത്തെ ഏത്തമിടീച്ച യതീഷ് ചന്ദ്രയെപ്പോലെയുള്ളവരാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുപകരം രോഗികളെ നേരിട്ടതെന്ന് ആലോചിക്കണം.   

ഒന്നാം തരംഗത്തിനു ശേഷം നമ്മുടെ ആരോഗ്യസംവിധാനങ്ങളെല്ലാം പഴയ പടിയായെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. കൊവിഡ് ആശുപത്രികളും ഇല്ലാതായി. ഒന്നാം തരംഗം മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഒരിക്കലും ഈ ഗ്രാഫ് കുറയുകയല്ലാതെ ബേസ് ലൈനില്‍ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കാം. അതായത് മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ചതു പോലെ കേരളത്തില്‍ വലിയ തോതില്‍ ഒരു കുറവ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെയുണ്ടായിട്ടില്ല. ഉദാഹരണത്തിന്, ഏപ്രില്‍ രണ്ടാംവാരമാണ് രണ്ടാം തരംഗം കേരളത്തില്‍ തുടങ്ങുന്നത്. മേയ് പകുതിയോടെ വ്യാപനം മൂര്‍ധന്യത്തിലെത്തി. അന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് പ്രതിദിനം 44,000 കേസുകളായിരുന്നു. നാലര ലക്ഷം പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ടായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതു ശതമാനവുമായി. ലോക്ക്ഡൗണിനൊടുവില്‍ കേസുകളുടെ എണ്ണം വീണ്ടും കുറയാന്‍ തുടങ്ങി. ജൂലൈ 20 വരെ പ്രതിദിന രോഗികളുടെ എണ്ണം 10,000-12000ത്തില്‍ തുടര്‍ന്നു. ടി.പി.ആര്‍ ആകട്ടെ 10-11 ശതമാനത്തിലും തുടര്‍ന്നു. ഈ സമയത്ത് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തോളം കേരളത്തിലെ കേസുകളായി. ഇന്നത് 65 ശതമാനമാണ്. ഒരു ഘട്ടത്തില്‍ രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്രയില്‍ അയ്യായിരത്തില്‍ താഴെയായിരുന്നു രോഗികളുടെ എണ്ണം.

സമ്പൂർണ ലോക്ക്ഡ‍ൗൺ പ്രഖ്യാപിച്ച ഞായറാഴ്ച പരിശോധന നടത്തുന്ന പൊലീസുകാരൻ. കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കർക്കശമാക്കി
സമ്പൂർണ ലോക്ക്ഡ‍ൗൺ പ്രഖ്യാപിച്ച ഞായറാഴ്ച പരിശോധന നടത്തുന്ന പൊലീസുകാരൻ. കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കർക്കശമാക്കി

എന്തുകൊണ്ട് കുറയുന്നില്ല?

ആദ്യഘട്ടത്തിലുണ്ടായതിന്റെ ആവര്‍ത്തനം തന്നെയാണ് രണ്ടാംഘട്ടത്തിലുമുണ്ടായതെന്ന വാദമാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്. ആദ്യ തരംഗം മൂര്‍ധന്യത്തിലെത്തിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു. പിന്നീട് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ ബേസ്ലൈന്‍ എത്തിയിരുന്നില്ല. ദീര്‍ഘകാലത്തേക്ക് ഗ്രാഫ് അങ്ങനെ സ്ഥിരതയാര്‍ജിച്ചു. ജനുവരി-ഫെബ്രുവരി കാലയളവില്‍ 1500-നും 3000-നുമിടയില്‍ രോഗികള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ആ സമയത്ത് രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണത്തിന്റെ 45 ശതമാനവും കേരളത്തിലായിരുന്നു. എന്തുകൊണ്ട് എപ്പിഡമിക് കര്‍വ് ബേസ് ലൈനില്‍ എത്തുന്നില്ല എന്നതിന് ആരോഗ്യ വിദഗ്ദ്ധര്‍ രണ്ട് കാരണങ്ങളാണ് പറയുന്നത്. ഒന്ന് ഏപ്രിലിലെ തെരഞ്ഞെടുപ്പ് പ്രചരണവേളകളില്‍ വന്‍തോതില്‍ ആള്‍ക്കൂട്ടമുണ്ടായി. രണ്ടാമത്തേത് ഡെല്‍റ്റ വകഭേദത്തിന്റെ വരവും. ആദ്യ തരംഗം അവസാനിക്കുന്നതിനു മുന്‍പ് തന്നെ രണ്ടാംതരംഗത്തിലേക്ക് കേരളം കടന്നിരുന്നു. ഏപ്രില്‍ രണ്ടാം വാരം പ്രതിദിനരോഗികളുടെ എണ്ണം 2500 രോഗികളിലധികമായിരുന്നു. അതായത് കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരാന്‍ തുടങ്ങുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ പ്രതിദിന രോഗികളുടെ എണ്ണം 3000-ത്തില്‍ താഴെയായിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി എട്ടു ശതമാനത്തില്‍ കുറഞ്ഞിട്ടില്ല. അതേസമയം മാര്‍ച്ചില്‍ ടി.പി.ആറും രോഗികളുടെ എണ്ണവും കുറഞ്ഞു. മാര്‍ച്ച് എട്ടിന് ടി.പി.ആര്‍ 3.62 ശതമാനമായിരുന്നു. ആകെ രോഗികളുടെ എണ്ണം 1412. എന്നാല്‍, അന്ന് പരിശോധനകളുടെ എണ്ണവും കുറവായിരുന്നു. അതുകൊണ്ട് തന്നെയാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വീണ്ടും കേരളം അടച്ചിടുന്നത് അശാസ്ത്രീയമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നതും. അടച്ചിട്ടാല്‍ ഇപ്പോഴത്തെ രോഗവ്യാപനം താല്‍ക്കാലികമായി നിയന്ത്രിക്കാനായേക്കും. എന്നാല്‍, വീണ്ടും നിയന്ത്രണങ്ങള്‍ മാറ്റുമ്പോള്‍ രോഗവ്യാപനം കൂടും. ഡെല്‍റ്റയെപ്പോലെ കൊവിഡ് വൈറസിന് വീണ്ടും വകഭേദം വരികയാണെങ്കില്‍ അപകടസാധ്യത വീണ്ടും വര്‍ദ്ധിക്കും. അതുകൊണ്ട് വാക്സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കുകയും കൊവിഡിനൊപ്പം സുരക്ഷിതമായി ജീവിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്നും വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഒപ്പം ആശുപത്രികളിലെ തിരക്ക് കൂടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഐ.സി.യു, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കേണ്ടി വരും.

എത്രമാത്രം സാമൂഹ്യവ്യാപനം?

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ മൂന്നാമത്തെ സീറോ സര്‍വേ കേരളത്തില്‍ മൂന്ന് ജില്ലകളിലാണ് നടത്തിയത്. ജനുവരിയില്‍ നടത്തിയ സര്‍വേ പ്രകാരം 11.6 ശതമാനം പേരില്‍ മാത്രമാണ് വൈറസ് ബാധിച്ചത്. അതേസമയം ദേശീയ ശരാശരി 21 ശതമാനമായിരുന്നു. അതായത് രണ്ടാം തരംഗത്തില്‍ മൂന്നരക്കോടി വരുന്ന 89 ശതമാനം രോഗബാധിതരാകാന്‍ ബാക്കിയുണ്ടെന്നായിരുന്നു ആദ്യ സര്‍വേയുടെ ഫലം. ഇക്കഴിഞ്ഞ മേയില്‍ നടന്ന ആന്റിബോഡി സര്‍വേ അനുസരിച്ച് കേരളത്തില്‍ 42 ശതമാനം പേരില്‍ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് മൊത്തം 67 ശതമാനവും. രണ്ടു രീതിയില്‍ മാത്രമേ ശരീരത്തില്‍ കൊവിഡ് ആന്റിബോഡി വരികയുള്ളൂ. രോഗം വന്ന് മാറിയവരിലും വാക്സിന്‍ സ്വീകരിച്ചവരിലും. ഒന്നുകില്‍ വാക്സിന്‍ കൂടുതല്‍ വിതരണം ചെയ്തിരിക്കണം. അല്ലെങ്കില്‍ കൊവിഡ് വന്നുപോയിരിക്കണം.  

നേരത്തേ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്തിയെന്നും രോഗം ബാധിക്കാത്ത ഒട്ടേറെ പേര്‍ ബാക്കിയുള്ളതുകൊണ്ടാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിനു കാരണമെന്ന സര്‍ക്കാര്‍ വാദത്തിന് ഈ കണക്കുകള്‍ ബലം നല്‍കുന്നു. വാക്സിന്‍ വിതരണത്തിന്റെ കണക്കുകള്‍ പരിശോധിച്ച്  മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കൊവിഡിന്റെ പകര്‍ച്ച ഏറ്റവും ഫലപ്രദമായി തടഞ്ഞത് കേരളത്തിലാണെന്ന് പറയുന്നു വിദഗ്ധര്‍. കൂടാതെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളും സിറോ സര്‍വേ ഫലവുമായി താരതമ്യം ചെയ്താല്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചമായ റിപ്പോര്‍ട്ടിങ്ങ് കേരളത്തില്‍ നടക്കുന്നുണ്ട്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ സിറോ പോസിറ്റിവിറ്റി 44 ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തില്‍ കേരളം മിക്ക സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് എങ്കില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൃത്യതയുള്ള റിപ്പോര്‍ട്ടിങ്ങ് ഇവിടെ നടന്നു.

 വിവിധ സംസ്ഥാനങ്ങളില്‍ ജൂണ്‍ അവസാനവും ജൂലൈ ആദ്യവും നടത്തിയ സിറോ സര്‍വെ ഫലം അനുസരിച്ച് മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ഗുജറാത്ത്, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സിറോ പോസിറ്റിവിറ്റി 70 ശതമാനത്തിനു മുകളിലാണെന്നാണ്. അതായത് 100 പേരില്‍ കൊവിഡ് ആന്റിബോഡി പരിശോധന നടത്തുമ്പോള്‍ 70 ശതമാനത്തിനു മുകളില്‍ ആള്‍ക്കാരില്‍ ആന്റിബോഡി കണ്ടെത്തിയെന്നര്‍ത്ഥം. ഡെല്‍റ്റ വകഭേദം പടര്‍ന്നെന്ന് വ്യക്തമായതോടെ മാസ്‌കും സാമൂഹിക അകലവും പാലിച്ചതുകൊണ്ടു മാത്രം വ്യാപനം തടയാനാകില്ലെന്നുറപ്പ്. സാമൂഹ്യവ്യാപനം എത്രത്തോളമുണ്ടെന്നും കൃത്യമായ ഒരു ധാരണയിലെത്താനാകില്ല.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോ​ഗ്യ പ്രവർത്തകർ
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോ​ഗ്യ പ്രവർത്തകർ

എന്താണ് തന്ത്രം

ടാര്‍ജറ്റ് ചെയ്തുള്ള പരിശോധന, സമ്പര്‍ക്കപ്പട്ടിക കണ്ടെത്തുക, ഓരോരുത്തരെയും ഐസൊലേഷനിലാക്കുക. ഇതാണ് സംസ്ഥാനം ഇത് വരെ സ്വീകരിച്ചിരുന്ന തന്ത്രം. ഈ നീക്കം രോഗവ്യാപനത്തിന്റെ ഗ്രാഫ് പൊടുന്നനെ ഉയരാതിരിക്കാന്‍ കാരണമാകും. പെട്ടെന്ന് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നാല്‍ ചികിത്സാസംവിധാനത്തിന് അത് നേരിടാന്‍ കഴിയാതെ വരും. ഇതൊഴിവാക്കാനാണ് വ്യാപനത്തോതിന്റെ സമയം ദീര്‍ഘിപ്പിക്കുന്നത്. രണ്ടാം തരംഗമുണ്ടായപ്പോള്‍ പോലും ആശുപത്രികള്‍ നിറയുകയും വെന്റിലേറ്ററുകള്‍ ഒഴിവില്ലാതാകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി ഒരു താരതമ്യം അര്‍ഹിക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അതിവേഗം പടര്‍ന്നു പിടിച്ചപ്പോള്‍ കേരളം വ്യാപനത്തിന്റെ വേഗം നിയന്ത്രിച്ചു. അതിന്റെ ഫലമായാണ് കേരളത്തില്‍ കൊവിഡ് മരണനിരക്ക് ഇത്രയും കുറഞ്ഞതെന്നും വിദഗ്ധര്‍ വാദിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ മരണക്കണക്കുകള്‍ എത്രയോ ഇരട്ടി അധികമാകാമെന്ന സാധ്യതയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ഡല്‍ഹിയിലുണ്ടായ സാമാനസ്ഥിതി കേരളത്തിന് ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നാണ് ഇവരുടെ വാദം.

ജാഗ്രതയും കരുതലും

70 ശതമാനത്തിനു മുകളില്‍ ആന്റിബോഡി ലഭിച്ച സ്ഥലങ്ങളേക്കാള്‍ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതല്‍ 50 ശതമാനത്തില്‍ താഴെ ലഭിച്ച സ്ഥലത്താണ്. ജൂലൈ ആദ്യ വാരത്തിന് ശേഷം എല്ലാ സംസ്ഥാനങ്ങളിലും വാക്സിനേഷന്‍ തോത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതു കൂടി പരിഗണിച്ചാല്‍ സിറോ സര്‍വയലന്‍സ് ഫലത്തില്‍ 44 ശതമാനം ആയിരുന്ന കേരളത്തില്‍ തന്നെയാവും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയും. കേരളം ഇപ്പോള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലാണ് എന്നതിനര്‍ത്ഥം കേരളത്തില്‍ ഇതുവരെയുള്ള പ്രതിരോധം ഫലപ്രദമല്ല എന്നല്ല. വാക്സിനേഷന്‍കൊണ്ട് നേട്ടമുണ്ടാകുക ഇനി വരുന്ന തരംഗങ്ങളിലായിരിക്കുമെന്നു പറയുന്നു ആരോഗ്യ വിദഗ്ദ്ധനായ ഡോ. ജയദേവന്‍ (ഇന്ത്യാ സ്പെന്‍ഡ്). വീടുകള്‍ക്കുള്ളില്‍ തന്നെ വ്യാപനം നടക്കുകയാണ്. എന്നാല്‍, ഇതില്‍ മിക്കവരുടെ ആരോഗ്യസ്ഥിതി തീവ്രമാകുന്നില്ല. അതുകൊണ്ട് തന്നെ ആശുപത്രികള്‍ നിറയുന്നില്ല. ഇത് വാക്സിനേഷന്‍ എഫക്ട് തന്നെയാണെന്ന് ഇന്ത്യാ സ്പെന്‍ഡിനു നല്‍കിയ അഭിമുഖത്തില്‍ ഡോ. ജയദേവന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com