എന്റെ കാല്‍പ്പാടുകള്‍

കയ്യില്‍ ചില്ലിക്കാശ് കരുതാതെ പര്‍വ്വതങ്ങളും താഴ്വാരങ്ങളും മരുഭൂമികളും ഗ്രാമങ്ങളും നഗരങ്ങളും താണ്ടി 8000 മൈലുകള്‍ കാല്‍നടയായി സഞ്ചരിച്ച ഇ.പി. മേനോന്‍
ഇപി മേനോൻ
ഇപി മേനോൻ

1962 ജൂണ്‍ ഒന്നിന് തൃശൂര്‍ ചൊവ്വൂര്‍ ഗ്രാമത്തിലെ എടത്തില്‍ പ്രഭാകര മേനോന്‍ എന്ന മലയാളി യുവാവും സതീഷ് കുമാര്‍ എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട രാജസ്ഥാനി യുവാവ് ഭൈരവ്ദാനും ന്യൂഡല്‍ഹിയിലെ ബാപ്പുജി സമാധിയില്‍നിന്ന് നാല് ആണവ രാജ്യ തലസ്ഥാനങ്ങളിലേക്ക് നടന്നുപോകാന്‍ തീരുമാനിച്ചത് വിനോദസഞ്ചാരികള്‍ എന്ന നിലയിലോ ബിസിനസ് ഭാഗ്യാന്വേഷികള്‍ എന്ന നിലയിലോ ഒന്നുമായിരുന്നില്ല. കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിലെ ഭരണാധികാരികളുടെ ആണവായുധ നിര്‍മ്മാണ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നതിനും ലോകസമാധാനം എന്ന മഹനീയ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനുമുള്ള സമര്‍പ്പിത ഭടന്മാര്‍ എന്ന നിലയിലായിരുന്നു. കയ്യില്‍ ചില്ലിക്കാശ് കരുതാതെ പര്‍വ്വതങ്ങളും താഴ്വാരങ്ങളും മരുഭൂമികളും ഗ്രാമങ്ങളും നഗരങ്ങളും താണ്ടി 8000 മൈലുകള്‍ കാല്‍നടയായി സഞ്ചരിച്ച ഇ.പി. മേനോന്‍ ഇപ്പോള്‍ ബംഗളൂരുവിലെ ഗാന്ധിഭവനിലും സതീഷ് കുമാര്‍ കുടുംബസമേതം ഇംഗ്ലണ്ടിലെ ഹാര്‍ട്ട് ലാന്‍ഡിലും ജീവിക്കുന്നു. തന്റെ സുദീര്‍ഘമായ പദയാത്രാ അനുഭവങ്ങളെക്കുറിച്ച് 'Footprints on the Friendly Road' എന്ന ഗ്രന്ഥം രചിച്ചിട്ടുള്ള 87-കാരനായ ഇ.പി. മേനോനുമായി ബംഗളൂരുവില്‍ വെച്ച് നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്.

''1957 ഒക്ടോബര്‍ മുതല്‍ ഞാന്‍ ബംഗളൂരുവിലാണ് താമസം. വിനോബാജിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഗുജറാത്തുകാരനായ വല്ലഭ് സ്വാമിയോടൊപ്പം ഞാന്‍ ബിഹാറിലെ ബോധ്ഗയയില്‍നിന്ന് ബംഗളൂരുവില്‍ എത്തിയത്. ഇവിടെ 'വിശ്വനീഡം' എന്ന പേരില്‍ ഗാന്ധിയന്‍ സര്‍വ്വോദയ സെന്റര്‍ സ്ഥാപിക്കണമെന്നതായിരുന്നു വിനോബാജിയുടെ ആഗ്രഹം. 1954 മുതല്‍ ഞാന്‍ ബോധ്ഗയയില്‍ 'സമന്വയ' ആശ്രമത്തില്‍ അന്തേവാസിയായിരുന്നു. സര്‍വ്വോദയ സെന്ററിനുവേണ്ടി ഒരേക്കര്‍ സ്ഥലം അനുവദിക്കാന്‍ ആവശ്യപ്പെട്ട് നിജലിംഗപ്പ, രാമകൃഷ്ണ ഹെഗ്‌ഡെ എന്നിവരുമായി ഞാന്‍ ചര്‍ച്ച നടത്തുകയും 1961-ല്‍ കര്‍ണാടക ഗവണ്‍മെന്റ് ബംഗളൂരു നഗരത്തിലെ കുമരകൃപ ഗസ്റ്റ് ഹൗസ് എസ്റ്റേറ്റില്‍ ഒരേക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു. അതില്‍ പണിത 'വല്ലഭനികേതന്‍' എന്ന ചെറിയ കെട്ടിടത്തില്‍ ഇപ്പോള്‍ ചേരികളിലെ പാവപ്പെട്ടവരുടെ 25 കുട്ടികള്‍ താമസിച്ചു പഠിക്കുന്നുണ്ട്. അവരോടൊപ്പമാണ് ഞാനും ജീവിക്കുന്നത്.''- ഇ.പി. മേനോന്‍ പറഞ്ഞുതുടങ്ങി.

സതീഷ് കുമാര്‍ എഴുതിയ 'നോ ഡെസ്റ്റിറ്റിനേഷന്‍' വായിച്ചപ്പോഴാണ് താങ്കളെക്കുറിച്ച് അറിയാനിടയായത്. പണമൊന്നും കയ്യില്‍ കരുതാതെ ഇത്തരമൊരു അപകടകരവും സാഹസികവുമായ കാല്‍നടയാത്രയ്ക്ക് പ്രചോദിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു? 

'വിശ്വനീഡം' സര്‍വ്വോദയ സെന്ററില്‍ താമസിക്കവേ 1961 സെപ്തംബറില്‍ ഞാന്‍ ഒരു പത്രവാര്‍ത്ത കണ്ടു. ബര്‍ട്രാന്റ് റസ്സലും 1600-ഓളം അനുയായികളും ഹിരോഷിമ ദിനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വന്‍ശക്തികളുടെ ആണവായുധ പദ്ധതിക്കെതിരെ അഹിംസാത്മകമായ നിയമലംഘന സമരം നടത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ട 91-കാരനായ റസ്സലിന്റെ ആഹ്വാനം വായിച്ച് എന്റെ രക്തം തിളച്ചു: ''ലോകത്ത് ഇന്ന് ഇരുചേരികളും മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ് ആണവായുധ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നു വാദിക്കുന്നു. എന്നാല്‍, കെന്നഡിയും ക്രൂഷ്ചേവും അഡെനോവറും ഡിഗോളും മാക്മിലനും ഗെയ്റ്റ്സ്‌കെലും എല്ലാം സത്യത്തില്‍ ഒരു പൊതുലക്ഷ്യത്തിലേക്കാണ് മുന്നേറുന്നത്- മനുഷ്യരാശിയെ നശിപ്പിക്കുക എന്നതാണത്. മൃഗീയവാസനയുള്ള ചില പരമാധികാര ശക്തികളുടെ പൊതുതീരുമാനം നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും സുഹൃത്തുക്കളേയും മാതൃരാജ്യത്തേയുമെല്ലാം ഭൂമിയില്‍നിന്നു തുടച്ചുനീക്കുന്നതിനു മുന്‍പ് ഈ മഹാവിപത്തിനെതിരെ ചെറുത്തുനില്‍ക്കാന്‍ ഉണര്‍ന്നെണീക്കണമെന്ന് ലോകമെമ്പാടുമുള്ള മനുഷ്യരോട് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.''

91-കാരനായ ബര്‍ട്രാന്റ് റസ്സല്‍ തന്റെ വാര്‍ദ്ധക്യാവസ്ഥയെ ഗൗനിക്കാതെ സമാധാനത്തിനു വേണ്ടി പോരാട്ടം നടത്തി ജയില്‍ശിക്ഷ വരിച്ച വാര്‍ത്ത വായിച്ച് ഞാന്‍ ലജ്ജിച്ചു. എന്നെപ്പോലുള്ള യുവാക്കള്‍ മനുഷ്യരാശിയെ മുഴുവന്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ നിസ്സംഗരാണെന്ന വസ്തുതയാണ് എന്നെ ചിന്തിപ്പിച്ചത്.

റസ്സലിന്റെ നിയമലംഘന സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന ശക്തമായ വികാരമാണ് എന്നിലുണ്ടായത്. ഈ അവസരത്തില്‍ ന്യൂയോര്‍ക്കിലെ 'നേഷണല്‍ കമ്മിറ്റി ഫോര്‍ നോണ്‍ വയലന്റ് ആക്ഷന്‍' എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ആറ് യുവതീയുവാക്കള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് വാഷിംഗ്ടണിലേക്കും മോസ്‌കോയിലേക്കും ആണവനിരായുധീകരണം ആവശ്യപ്പെട്ടുകൊണ്ട് ഒരു സമാധാന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെട്ടു. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ ഒരു വന്‍ റാലിയോടെയാണ് 6000 മൈലുകള്‍ താണ്ടിയ ആ മാര്‍ച്ച് സമാപിച്ചത്. ഡല്‍ഹിയില്‍നിന്നും മോസ്‌കോ, പാരീസ്, ലണ്ടന്‍, വാഷിംഗ്ടണ്‍ എന്നീ ആണവ രാജ്യ തലസ്ഥാനങ്ങളിലേയ്ക്ക് അത്തരമൊരു മാര്‍ച്ച് നടത്താനുള്ള ആശയം അങ്ങനെയാണ് എന്റെ മനസ്സില്‍ പ്രബലമായത്. മാര്‍ച്ചിന്റെ കോ-ഓഡിനേറ്റര്‍ ബ്രാഡ്ഫോഡ് ലൈറ്റിലിനു ഞാന്‍ എന്റെ ആശയം വ്യക്തമാക്കിക്കൊണ്ട് ഒരു കത്തെഴുതി. പ്രത്യയശാസ്ത്ര ബോധ്യവും ആദര്‍ശ ദാര്‍ഢ്യവുമുള്ള ഊര്‍ജ്ജസ്വലനായ ഒരു യുവാവായിരുന്നു ലൈറ്റില്‍. ഗാന്ധിജിയുടെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായിരുന്ന അദ്ദേഹം 1950 കാലത്ത് ഇന്ത്യയില്‍ വരികയും രണ്ട് വര്‍ഷം സേവാഗ്രാമില്‍ താമസിച്ച് ഗാന്ധിയന്‍ പ്രവര്‍ത്തനമാര്‍ഗ്ഗത്തെക്കുറിച്ചു പഠിക്കുകയും പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും മോസ്‌കോയിലേക്കുള്ള തങ്ങളുടെ മാര്‍ച്ച് പൂര്‍ത്തിയാക്കാന്‍ 10 മാസം വേണ്ടിവന്നുവെന്നും മാര്‍ച്ചിന് 55,000 ഡോളര്‍ ചെലവ് വന്നിട്ടുണ്ടെന്നും അദ്ദേഹം തന്റെ മറുപടിക്കത്തില്‍ എന്നെ അറിയിച്ചു. എന്റെ സംരംഭത്തില്‍ വിജയം കൈവരിക്കണമെങ്കില്‍ മാര്‍ച്ചിനു കൂടെ വരാന്‍ മറ്റാരും ഉണ്ടാവില്ലെന്നു സ്വയം തീരുമാനിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ബര്‍ട്രാന്റ് റസ്സലിനും ഞാന്‍ കത്തെഴുതിയിരുന്നു. തനിക്കു സാധ്യമായ സഹായവും പ്രചാരണവും നല്‍കാന്‍ തയ്യാറാണെന്ന് റസ്സലും എനിക്കുറപ്പു നല്‍കി.

ഇപി മേനോനും സതീഷ് കുമാറും 1962ൽ ​ന്യൂഡൽഹിയിൽ ​ഗാന്ധി സമാധിയിൽ നിന്ന് യാത്ര തുടങ്ങുന്നു
ഇപി മേനോനും സതീഷ് കുമാറും 1962ൽ ​ന്യൂഡൽഹിയിൽ ​ഗാന്ധി സമാധിയിൽ നിന്ന് യാത്ര തുടങ്ങുന്നു

തനിച്ച് മാര്‍ച്ച് നടത്താന്‍ തന്നെയായിരുന്നോ തീരുമാനം? 

ഒരു തീരുമാനമെടുക്കുന്നതാണ് പ്രവര്‍ത്തനത്തില്‍ മുഴുകുന്നതിനേക്കാള്‍ ദുഷ്‌കരം. എന്റെ മനസ്സ് സംഘര്‍ഷഭരിതമായിരുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന മനുഷ്യര്‍ ലോകത്തെവിടെയും ഉണ്ടാകാം എന്ന നിഗമനത്തില്‍ ഒടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. മനുഷ്യന്റെ അടിസ്ഥാന സ്വഭാവം എല്ലായിടത്തും ഒന്നുതന്നെയാണ്. മറ്റുള്ളവരും എനിക്കുമിടയിലുള്ള എല്ലാ തടസ്സങ്ങളും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണ്. കൃത്രിമമായ ഈ അതിര്‍വരമ്പുകള്‍ മനസ്സില്‍നിന്നും നീക്കം ചെയ്യപ്പെട്ടാല്‍ നാമെല്ലാം ഒരേ ഒരു പ്രപഞ്ചത്തിന്റെ ഭാഗം മാത്രമാണ്. മനുഷ്യനിലെ അടിസ്ഥാന നന്മയിലുള്ള ദൃഢവിശ്വാസം മാത്രം നമുക്ക് ഉണ്ടായാല്‍ മതി. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഹൃദയത്തിലൂടെ സഞ്ചരിക്കാനുള്ള ഉറച്ച തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. 'If no one comes with you, walk alone, walk alone' എന്ന ടാഗോറിന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അതെനിക്ക് വലിയ പ്രചോദനമായിത്തീര്‍ന്നു. ആരുമില്ലെങ്കില്‍ തനിച്ചുതന്നെ മാര്‍ച്ച് ചെയ്യാം. എങ്കിലും സുഖദു:ഖങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരാള്‍ കൂടെയുണ്ടാവുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് എനിക്കു തോന്നി. ആദര്‍ശനിഷ്ഠനും സമര്‍പ്പണ ബോധത്തോടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയുമായ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് പൂനെയിലെ നോഷിര്‍ ബില്‍ പോഡി വാലയ്ക്ക് ഞാന്‍ ഒരു കത്തെഴുതി. അടിയന്തര പ്രാധാന്യമുള്ള പല വിഷയങ്ങളുമുണ്ടാകാമെങ്കിലും അണുബോംബ് സൃഷ്ടിക്കുന്ന ഭീകരതയുടെ പ്രശ്‌നം ഇന്നു ലോകം അഭിമുഖീകരിക്കുന്ന പരമപ്രധാനമായ സംഗതിയാണെന്ന് എനിക്കു തോന്നുന്നതുകൊണ്ടാണ് ഞാനിക്കാര്യത്തില്‍ ഇറങ്ങിപ്പുറപ്പെടാന്‍ തീരുമാനിച്ചത് എന്നു ഞാന്‍ നോഷിറിന് എഴുതി. അദ്ദേഹത്തിന്റെ മറുപടി വന്നു. അമേരിക്കന്‍ യാത്രികര്‍ തങ്ങളുടെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇത്തരമൊരു യാത്രയുടെ വിജയത്തില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും എന്നാല്‍, ഇതിലൂടെ എന്തു നേട്ടമാണ് നമുക്കു കൈവരിക്കാനാവുക എന്ന കാര്യത്തില്‍ താന്‍ ആശങ്കാകുലനാണെന്നും അദ്ദേഹം എഴുതി. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ദൃഢമായ തീരുമാനം അറിയിക്കാന്‍ പറ്റിയില്ല. എന്റെ ആദര്‍ശശാലികളായ മറ്റു ചില സുഹൃത്തുക്കളോട് ഈ ആശയം ഞാന്‍ പങ്കുവെച്ചെങ്കിലും പല കാരണങ്ങളാല്‍ ആരും കൂടെ വരാന്‍ തയ്യാറായില്ല. സതീഷ് കുമാറിനോടൊപ്പം എന്റെ സംഭവ ബഹുലമായ ദൗത്യം രണ്ടേകാല്‍ വര്‍ഷംകൊണ്ട് വിജയകരമായി പൂര്‍ത്തീകരിച്ച വിവരം അറിഞ്ഞപ്പോള്‍ നോഷിര്‍ ബില്‍ പോഡി വാല ഇങ്ങനെ എഴുതുകയുണ്ടായി:

''ആദര്‍ശനിഷ്ഠരായ ഈ രണ്ട് യുവാക്കള്‍ തങ്ങളുടെ ദുഷ്‌കരമായ പദയാത്രയിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളൊന്നും കൈവരിച്ചിട്ടുണ്ടാവണമെന്നില്ല. എങ്കിലും ലോകത്തു കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന മാരകശേഷിയുള്ള ആണവായുധങ്ങള്‍ക്കെതിരെ അവര്‍ കണ്ടുമുട്ടിയ ജനങ്ങളില്‍ വെറുപ്പും അവജ്ഞയും ജനിപ്പിക്കുന്നതിന് അവര്‍ക്കായിട്ടുണ്ട്. ആയുധമല്ല അപ്പമാണ് മനുഷ്യന്റെ ആവശ്യം. പരിഷ്‌കൃതമായ രീതിയില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ പഴയ ജീവിത ശൈലിയില്‍ സമാധാന ജീവിതം നിലനിര്‍ത്തുക തന്നെയാണ് വേണ്ടതെന്ന ഒരു പൊതുവികാരം ജനങ്ങളില്‍ ജനിപ്പിക്കാന്‍ അവരുടെ പദയാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്.''

ബർട്രാന്റ് റസ്സൽ
ബർട്രാന്റ് റസ്സൽ

രാജസ്ഥാനിയായ സതീഷ് കുമാറിനെ സഹയാത്രികനായി ലഭിച്ചതെങ്ങനെയാണ്? 

സതീഷ് കുമാറിനെ ഞാന്‍ പരിചയപ്പെട്ടത് 1956-ല്‍ ബോധ്ഗയയില്‍ വെച്ചാണ്. വല്ലഭ് സ്വാമിയെ കാണാന്‍ അദ്ദേഹം 'സമന്വയ' ആശ്രമത്തിലേക്ക് വരികയും പിന്നീട് അവിടത്തെ അന്തേവാസിയാവുകയും ചെയ്തു. ഒന്‍പതാം വയസ്സില്‍ വീടും വിദ്യാഭ്യാസവുമെല്ലാം ഉപേക്ഷിച്ച് ജൈനഭിക്ഷു സംഘത്തില്‍ ചേര്‍ന്ന് ഗ്രാമഗ്രാമാന്തരങ്ങളില്‍ ആത്മീയ ഭിക്ഷാടനജീവിതം നയിച്ച സതീഷ്, മാര്‍ക്‌സിന്റേയും ഗാന്ധിജിയുടേയും ആശയങ്ങളിലൂടെ പുതിയ ജീവിത ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും ഒന്‍പതു വര്‍ഷത്തിനുശേഷം ഭിക്ഷുജീവിതം മതിയാക്കി ഒളിച്ചോടി, ഒടുവില്‍ വിനോബയുടെ ആശ്രമത്തില്‍ എത്തുകയുമായിരുന്നു. 1954 മുതല്‍ ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഞാന്‍ വിനോബയോടൊപ്പം ബംഗാള്‍, ഒഡീഷ, ആന്ധ്ര, തമിഴ്നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ട്. സമാധാന സഹയാത്രികനാകാന്‍ പറ്റിയ ആള്‍ എന്ന നിലയിലാണ് ഞാന്‍ സതീഷിനെ കത്തയച്ചു വരുത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ ലത അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. ഭാര്യ പ്രസവിക്കും വരെ കാത്തിരിക്കുന്നതിനിടയില്‍ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ഉതാന്ത്, രാജഗോപാലാചാരി, നൊബേല്‍ ജേതാവ് ആല്‍ബര്‍ട്ട് ഷ്വെയ്റ്റ്സര്‍, നികിത ക്രൂഷ്ചേവ് എന്നിവര്‍ക്കെല്ലാം മാര്‍ച്ചിനെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ഞാന്‍ കത്തുകളെഴുതി. എല്ലാവരുടേയും ആശംസാ മറുപടികള്‍ ലഭിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു അറിയിച്ചത് ഇങ്ങനെയാണ്: ''താങ്കള്‍ മാര്‍ച്ച് ഏഴിന് അയച്ച കത്തു കിട്ടി. അതു വായിച്ചിട്ട് ഞാന്‍ അനുഭവിച്ചത് ഒരുതരം വൈകാരിക സംഘര്‍ഷമാണ്. സ്വന്തം ബോധ്യത്തിനനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള താങ്കളുടെ ആദര്‍ശദാര്‍ഢ്യത്തേയും ധീരതയേയും ഞാന്‍ ആദരിക്കുന്നു. അതേസമയം ഇതിലൂടെ എന്തു ഫലമാണ് സിദ്ധിക്കുക എന്ന കാര്യത്തില്‍ എനിക്ക് ഒരു വ്യക്തതയുമുണ്ടാകുന്നില്ല. എന്തുതന്നെയായാലും ഒരുകാര്യം സുനിശ്ചിതമാണ്. ആണവ യുദ്ധഭ്രാന്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാന്‍ നാം കഴിവിന്റെ പരമാവധി ശ്രമം നടത്തണം. ആണവ നിരായുധീകരണത്തിനുവേണ്ടി സമ്മതിക്കാന്‍ എല്ലാ രാഷ്ട്രങ്ങളുടെ മേലും നാം സമ്മര്‍ദ്ദം ചെലുത്തണം.''

നെഹ്റു
നെഹ്റു

പണമൊന്നും കയ്യിലെടുക്കാതെ ഇത്ര ദൂരം നടക്കാനുള്ള ധൈര്യം നിങ്ങള്‍ രണ്ടു പേര്‍ക്കും എങ്ങനെ കൈവന്നു? 

കുറേ സുഹൃത്തുക്കള്‍ പണം തന്നു സഹായിച്ചിരുന്നു. യാത്ര പുറപ്പെടും മുന്‍പ് ഞങ്ങളുടെ ആത്മീയഗുരുവായ വിനോബാജിയെ നേരിട്ട് കാണാന്‍ ഞങ്ങള്‍ ആസാമിലേയ്ക്കു പോയി. നേരത്തേ തന്നെ ഞങ്ങളുടെ തീരുമാനം ഞാന്‍ അദ്ദേഹത്തെ കത്തിലൂടെ അറിയിച്ചിരുന്നു. അദ്ദേഹം പതിവുപോലെ നടത്തത്തിലായിരുന്നു. അദ്ദേഹവും അനുയായികളും തമ്പടിച്ചിരുന്ന ഒരു പ്രൈമറി സ്‌കൂള്‍ റൂമില്‍വെച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. കാബൂളില്‍നിന്ന് ഹിന്ദുക്കുഷ് പര്‍വ്വതം കടന്നു നേരിട്ട് മോസ്‌കോയിലേക്ക് പോയിക്കൂടേ എന്ന് അദ്ദേഹം ചോദിച്ചു. മോസ്‌കോയിലെത്തും മുന്‍പ് വിവിധ രാജ്യങ്ങളിലെ ജനങ്ങളെ നേരില്‍ക്കണ്ട് ആശയവിനിമയം നടത്തേണ്ടുന്നതിന്റെ ആവശ്യകത ഞങ്ങള്‍ വിശദീകരിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് രണ്ട് ഉപദേശങ്ങള്‍ നല്‍കി. ഒന്ന്, എവിടെച്ചെന്നാലും സസ്യാഹാരശീലത്തില്‍ ഉറച്ചുനില്‍ക്കണം. രണ്ട്, യാത്രയില്‍ ചില്ലിക്കാശ് പോലും കയ്യില്‍ കരുതരുത്. ജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കാല്‍നടയായി സഞ്ചരിക്കണം. രണ്ടാമത്തെ ഉപദേശം ഞങ്ങളെ ആദ്യം ഞെട്ടിച്ചു. എന്നാല്‍, പിന്നീട് അത് ആവേശകരമായ വെല്ലുവിളിയായി ഞങ്ങള്‍ സ്വീകരിച്ചു. പതിവുപോലെ വൈകുന്നേരം ഗ്രാമീണര്‍ കൂട്ടമായി വിനോബാജിയെ കാണാന്‍ വന്നു. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം ആണവായുധ വിപത്തിനെക്കുറിച്ചും രാഷ്ട്രങ്ങള്‍ക്കിടയിലെ ആയുധമത്സരത്തെക്കുറിച്ചുമായിരുന്നു. പിന്നീട് അദ്ദേഹം ഞങ്ങളെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ''ഇതാ ഇവിടെ നിങ്ങള്‍ക്കു മുന്‍പിലിരിക്കുന്ന ഈ രണ്ട് ചെറുപ്പക്കാര്‍ ലോകസമാധാനത്തിനുവേണ്ടി അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തിരിക്കയാണ്. ബൃഹത്തായ ഒരു പദ്ധതിയുമായാണ് അവര്‍ വന്നിരിക്കുന്നത്. പണമൊന്നുമില്ലാതെ നടന്ന് ആണവ രാഷ്ട്രത്തലവന്മാരെ നേരില്‍ക്കണ്ട് അവരുടെ നശീകരണ പദ്ധതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ പോകുകയാണിവര്‍. വര്‍ഷങ്ങളായി എനിക്കീ ചെറുപ്പക്കാരെ അറിയാം. അതിനാല്‍ ഞാന്‍ അവര്‍ക്ക് എന്റെ അനുഗ്രഹവും ആശംസയും നല്‍കിയിരിക്കുകയാണ്.'' പിന്നീട് അദ്ദേഹം ആണവായുധങ്ങള്‍ക്കെതിരെ ലോകമെമ്പാടും ജനകീയ പ്രസ്ഥാനം വളര്‍ന്നു വരേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും നിലവിലെ സൈനികതന്ത്രങ്ങളുടെ നിരര്‍ത്ഥകതയെക്കുറിച്ചും വ്യര്‍ത്ഥതയെക്കുറിച്ചും സംസാരിച്ചു.

വിനോബയില്‍നിന്നു ലഭിച്ച ആത്മവീര്യവുമായി തിരിച്ചു യാത്ര ചെയ്യുമ്പോള്‍ മനസ്സ് നിറയെ വിവിധതരം ചിന്തകളായിരുന്നു. യാത്രയ്ക്കിടയില്‍ പോസ്റ്റല്‍ സ്റ്റാമ്പുകളും മറ്റു സ്റ്റേഷനറി സാധനങ്ങളും വേണ്ടിവരില്ലേ? നടക്കുമ്പോള്‍ ഷൂ ലേസ് പൊട്ടിപ്പോയാല്‍ എന്തു ചെയ്യും? പുതിയ ഷൂസുകള്‍ വാങ്ങേണ്ടിവന്നാല്‍ കാശില്ലാതെന്തു ചെയ്യും? വസ്ത്രങ്ങള്‍ കീറിപ്പോയാല്‍? റഷ്യയിലെ ഹിമസഞ്ചയത്തിലെ അസഹ്യമായ തണുപ്പില്‍ ഉറഞ്ഞുപോയാല്‍? വഴിയിലെവിടെയെങ്കിലും രോഗികളായി വീണുപോയാല്‍? ബ്ലേഡോ സോപ്പോ ടൂത്ത്പേസ്റ്റോ വേണ്ടിവന്നാല്‍?

എന്നിട്ടും സംഭരിച്ച പണമെല്ലാം സുഹൃത്തുക്കള്‍ക്ക് ഞങ്ങള്‍ തിരിച്ചുനല്‍കി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, പോളണ്ട്, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളിലൂടെ രണ്ടേകാല്‍ വര്‍ഷം നീണ്ടുനിന്ന യാത്രയ്ക്കിടയില്‍ ഞങ്ങള്‍ ആരില്‍നിന്നും പണം കൈപ്പറ്റിയില്ല. ജനങ്ങള്‍ ഞങ്ങള്‍ക്ക് അവരുടെ വീടുകളില്‍ താമസ സൗകര്യവും ആഹാരവും ഒരുക്കിത്തന്നു. പാസ്പോര്‍ട്ടിനുള്ള അപേക്ഷയില്‍ മതവും ജാതിയും കാണിക്കാതിരുന്നതിനാല്‍ പാസ്പോര്‍ട്ട് കിട്ടാതിരുന്നപ്പോള്‍, ഞങ്ങള്‍ക്ക് ജാതിയും മതവും ദേശാതിര്‍ത്തികളുമില്ലെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെടുകയും പ്രധാനമന്ത്രി നെഹ്‌റു, വിദേശകാര്യമന്ത്രി ലക്ഷ്മി എന്‍. മേനോന്‍, റാം മനോഹര്‍ ലോഹ്യ എന്നിവര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാന് ഞങ്ങള്‍ കത്തെഴുതിയിരുന്നു. വിസയ്ക്കുവേണ്ടി പാകിസ്താന്‍ ഹൈക്കമ്മിഷനെ സമീപിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇതുപോലെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളേയും സമീപിച്ച് പാസ്പോര്‍ട്ടുമായി ഞങ്ങളുടെ സുഹൃത്തുക്കള്‍ എത്തിച്ചേരുന്നതുവരെ വിസയും യാത്രാനുവാദവും നല്‍കണമെന്ന് ആവശ്യപ്പെടാനും ഞങ്ങള്‍ തീരുമാനിച്ചു. നെഹ്‌റുവിന്റേയും അയൂബ് ഖാന്റേയും തടവറകള്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണോ എന്നു ഞങ്ങള്‍ക്കു തോന്നി. എന്നാല്‍, ഇന്ത്യ ഗവണ്‍മെന്റ് പാസ്പോര്‍ട്ടും പാകിസ്താന്‍ ഗവണ്‍മെന്റ് വിസയും യാത്രയ്ക്കിടയില്‍ ഞങ്ങള്‍ക്കെത്തിച്ചു തന്നു. പാകിസ്താനിലൂടെയുള്ള യാത്രയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നവരെ വിസ്മയിപ്പിച്ചുകൊണ്ട് വാഗ അതിര്‍ത്തിയിലും പാകിസ്താനിലും ഞങ്ങള്‍ക്ക് സ്‌നേഹനിര്‍ഭരമായ സ്വീകരണം ലഭിച്ചു. ആണവ രാഷ്ട്രത്തലവന്മാരെ നേരില്‍ക്കണ്ട് ചര്‍ച്ച ചെയ്യാനുള്ള യാത്രയ്ക്കിടയില്‍ ജയില്‍വാസം ഉള്‍പ്പെടെ നിരവധി കടമ്പകള്‍ കടക്കേണ്ടി വന്നെങ്കിലും ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ സമാധാന തീര്‍ത്ഥാടനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. സതീഷിന് ഹിന്ദിയല്ലാതെ മറ്റൊരു ഭാഷയും അറിയുമായിരുന്നില്ല. യാത്രയ്ക്കിടയില്‍ ഇംഗ്ലീഷ്, റഷ്യന്‍, പേര്‍ഷ്യന്‍, ജാപ്പനീസ് ഭാഷകളെല്ലാം ഞങ്ങള്‍ പഠിച്ചു.

വിനോബ ഭാവേ
വിനോബ ഭാവേ

നടത്തത്തിനിടയില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന സാഹചര്യം എന്തായിരുന്നു? 

ഞങ്ങള്‍ പാരീസിലെത്തിയപ്പോള്‍ മറ്റു രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി പൊലീസില്‍നിന്നു ഞങ്ങള്‍ക്കു ലഭിച്ചത് പരുക്കന്‍ പെരുമാറ്റമായിരുന്നു. ജര്‍മനിയില്‍ ഏതു പൊലീസ് സ്റ്റേഷനിലും സ്വതന്ത്രമായി കയറിച്ചെല്ലാനും ഫോണ്‍ ചെയ്യാനും സൗകര്യം ഞങ്ങള്‍ക്ക് അനുവദിച്ചിരുന്നു. എന്നാല്‍, ഫ്രാന്‍സില്‍ വഴി ചോദിക്കാനും ഫോണ്‍ ചെയ്യാനുമൊക്കെ പൊലീസ് സ്റ്റേഷനില്‍ കയറിയപ്പോള്‍ ഒരന്വേഷണവും നടത്താന്‍ തയ്യാറാവാതെ അവര്‍ ഞങ്ങളെ നിര്‍ദ്ദയം ഇറക്കിവിട്ടു. ലണ്ടനില്‍നിന്നും ഞങ്ങളുടെ ഒരു സുഹൃത്ത് ഞങ്ങളെ അറിയിച്ചിരുന്നു: ''നോക്കൂ, മോസ്‌കോയിലേക്കുള്ള അമേരിക്കന്‍ സമാധാനയാത്രികരെ ഫ്രാന്‍സിലൂടെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ അവര്‍ക്ക് ബെല്‍ജിയത്തേയ്ക്ക് പോകേണ്ടിവന്നു. ഫ്രെഞ്ച് ഗവണ്‍മെന്റ് നിങ്ങളേയും അനുവദിക്കുമെന്നു തോന്നുന്നില്ല.'' മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വ്യത്യസ്തമായി സമാധാന പ്രവര്‍ത്തകരോടും രാഷ്ട്രീയ എതിരാളികളോടുമുള്ള ഫ്രെഞ്ച് ഗവണ്‍മെന്റിന്റെ മനോഭാവം തികച്ചും ജനാധിപത്യ വിരുദ്ധമായിരുന്നു. നീതിക്കുവേണ്ടി ശബ്ദിക്കുന്ന നൂറുകണക്കിനു സാമൂഹ്യപ്രവര്‍ത്തകര്‍ അവിടെ തടവറയില്‍ കഴിയുകയായിരുന്നു. ഒന്നര മാസത്തേയ്ക്കുള്ള വിസ ഞങ്ങള്‍ക്കു പ്രയാസം കൂടാതെ ലഭിച്ചിരുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഞങ്ങള്‍ക്കു വിസ സൗജന്യമായി ലഭിച്ചിരുന്നു. മറ്റു രാജ്യങ്ങളില്‍ സുഹൃത്തുക്കള്‍ പണം നല്‍കിയിരുന്നു. എന്നാല്‍, ഫ്രാന്‍സില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. പണമില്ലെന്നു ഞങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ വിസ തരാന്‍ തയ്യാറായില്ല. ജര്‍മന്‍കാരനായ ഞങ്ങളുടെ ആതിഥേയന്‍ ഇടപെട്ടാണ് വിസ ലഭ്യമാക്കിയത്. മറ്റു മൂന്ന് ആണവരാഷ്ട്രങ്ങള്‍ തയ്യാറാണെങ്കില്‍ ഫ്രാന്‍സിന്റെ കയ്യിലുള്ള മുഴുവന്‍ അണുബോംബുകളും കടലാഴത്തില്‍ നിര്‍വീര്യമാക്കാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് ഡി ഗോള്‍ മുന്‍പ് പറഞ്ഞിരുന്നു. ഇതു മനസ്സില്‍വെച്ചുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി: ''ബഹുമാനപ്പെട്ട പ്രസിഡന്റ്, എല്ലാ ആണവ പരീക്ഷണങ്ങളും നിര്‍ത്തിവെക്കാന്‍ അങ്ങ് സ്വമേധയാ തയ്യാറാവണമെന്നും അങ്ങനെ മനുഷ്യരാശിയുടെ ചിരകാലാഭിലാഷം സാക്ഷാല്‍ക്കരിക്കുന്നതിന് അങ്ങ് സഹായിക്കണമെന്നും സാദരം അഭ്യര്‍ത്ഥിക്കുന്നു. അങ്ങയെ നേരില്‍ കാണാനും ഞങ്ങളുടെ കാഴ്ചപ്പാട് നേരിട്ട് അവതരിപ്പിക്കാനും അങ്ങയുടെ മറുപടി നേരിട്ട് കേള്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' പ്രസിഡന്റ് ഡിഗോളില്‍നിന്നു മറുപടിയൊന്നും ലഭിക്കാതെ വന്നപ്പോള്‍ തുടര്‍ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പത്രങ്ങളിലെല്ലാം ഞങ്ങളുടെ മാര്‍ച്ചിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഗവണ്‍മെന്റില്‍നിന്നു യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോള്‍ ഞങ്ങള്‍ നേരിട്ടുള്ള പ്രവര്‍ത്തനത്തിനിറങ്ങാന്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനം ഞങ്ങള്‍ പ്രസിഡന്റ് ഡിഗോളിനെ അറിയിച്ചു. അതിനിടെ ഞങ്ങള്‍ ഒരു പത്ര പ്രസ്താവന നല്‍കി:

''...ആണവ പരീക്ഷണങ്ങള്‍ ഇനി ലോകത്ത് ഒരിടത്തും നടക്കരുത് എന്നാണ് ഞങ്ങള്‍ എല്ലാ ഗവണ്‍മെന്റുകളോടും ആവശ്യപ്പെടുന്നത്. നിലവിലുള്ള ആണവായുധങ്ങളെല്ലാം നശിപ്പിക്കാന്‍ നടപടിയെടുക്കണം. അതോടൊപ്പം എല്ലാ രാജ്യങ്ങളും നിരായുധീകരണക്കരാറില്‍ ഒപ്പിടണം. ഫ്രെഞ്ച് ഗവണ്‍മെന്റ് ഇക്കാര്യത്തിലെടുക്കുന്ന നിലപാടിനോട് ഞങ്ങള്‍ക്കു വിയോജിപ്പുണ്ട്. ''നിങ്ങള്‍ പശുവിനെ കൊന്നാല്‍ ഞങ്ങള്‍ നിങ്ങടെ കിടാവിനെ കൊല്ലും'' എന്ന വാദം യുക്തിക്ക് നിരക്കാത്തതാണ്. അതിനാല്‍ 1963 സെപ്തംബര്‍ 16-ന് വൈകീട്ട് 4.30 മുതല്‍ ഞങ്ങള്‍ എലിസി പാലസിനു മുന്‍പില്‍ അനിശ്ചിതകാല അഹിംസാ സമരം ആരംഭിക്കാന്‍ പോകുകയാണ്... ലോക പൗരന്മാരെന്ന നിലയില്‍ വിനാശകരമായ ആണവ പരീക്ഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് ഞങ്ങളുടെ കര്‍ത്തവ്യമാണെന്നു ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ ഉത്തമ ബോധ്യമനുസരിച്ചാണ് ഞങ്ങള്‍ ഈ സമരം ആരംഭിക്കുന്നത്...''

ഡെന്മാര്‍ക്കില്‍നിന്നുള്ള ഓലെ ഹെന്റിച്ച്സണും ജര്‍മനിയില്‍നിന്നുള്ള വൂള്‍ഫ്ഗാങ് സൂച്ചും ഈ സമയം സന്ദര്‍ശകരായി ഫ്രാന്‍സില്‍ എത്തിയിരുന്നു. അവരവരുടെ രാജ്യത്ത് നിരായുധീകരണത്തിനും സൈനികവല്‍ക്കരണത്തിനു മെതിരെയും ലോക സമാധാനത്തിനു വേണ്ടിയുമുള്ള പ്രവര്‍ത്തനത്തില്‍ സ്വയം ജീവിതമര്‍പ്പിച്ച ഊര്‍ജ്ജസ്വലരായ യുവാക്കളായിരുന്നു ഇരുവരും.

1963ൽ ശാന്തി യാത്ര തുടങ്ങി ഇം​ഗ്ലണ്ടിൽ എത്തിയ ഇപി മേനോനും സതീഷും
1963ൽ ശാന്തി യാത്ര തുടങ്ങി ഇം​ഗ്ലണ്ടിൽ എത്തിയ ഇപി മേനോനും സതീഷും

''നിങ്ങളുടെ പ്രതിഷേധ പ്രകടനത്തില്‍ ഞങ്ങളും പങ്കെടുക്കട്ടേ?'' എന്ന് അവര്‍ ഞങ്ങളോട് ചോദിച്ചു. ഞങ്ങള്‍ അവരെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തു. അങ്ങനെ ഞങ്ങള്‍ നാല് പേരായി. പത്രം, റേഡിയോ, ടെലിവിഷന്‍, പൊലീസ് എല്ലാവര്‍ക്കും ഞങ്ങള്‍ വിവരം നല്‍കിയിരുന്നു. കൃത്യസമയത്തുതന്നെ ഞങ്ങള്‍ 'ബോംബുകള്‍ നിരോധിക്കുക' എന്ന ബാനര്‍ നിവര്‍ത്തി കൊട്ടാരത്തിനു മുന്‍പില്‍ നിലയുറപ്പിച്ചു. ഞങ്ങളുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്ലൊരു ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. ഈ സമരം അനന്തമായി നീളും എന്നു ഞങ്ങള്‍ക്കു തോന്നി. എന്നാല്‍, മൂന്നു മിനിട്ടിനകം വലിയ ഒരു സംഘം പൊലീസ് സേന കൊട്ടാര കവാടത്തില്‍ അണിനിരന്നു. കൊട്ടാരം സുരക്ഷാസേനാ തലവന്‍ വന്നു പറഞ്ഞു: ''നിങ്ങള്‍ ഇരുവരേയും കൊട്ടാരത്തിനകത്തേയ്ക്ക് ക്ഷണിച്ചിരിക്കുന്നു.'' ഞങ്ങള്‍ നാല് പേരുണ്ടെന്നു ഞാന്‍ പറഞ്ഞു. എല്ലാവര്‍ക്കും അകത്തു വരാം എന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റിനെ നേരില്‍ കാണാനും അദ്ദേഹത്തിന്റെ മറുപടി നേരില്‍ കേള്‍ക്കാനും കഴിയും എന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ അകത്തേയ്ക്കു ചെന്നു. സുരക്ഷാ തലവന്റെ മുറിക്കകത്തെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''സുഹൃത്തുക്കളേ, നിങ്ങള്‍ പാരീസിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്.'' 

''ഞങ്ങള്‍ക്കു മറ്റെന്തു ചെയ്യാനാവും? ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍, ആരും പ്രതികരിക്കുന്നില്ല. അങ്ങ് ദയവ് ചെയ്ത് പ്രസിഡന്റിനെ വിവരമറിയിക്കൂ'' എന്നു ഞങ്ങള്‍ പറഞ്ഞു. 

''പ്രസിഡന്റിനു നിങ്ങളെ കാണാന്‍ സാധ്യമല്ല'' എന്നു മറുപടി. ''എങ്കില്‍ ഞങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചു പോകട്ടെ'' എന്നു ഞങ്ങള്‍ പറഞ്ഞു. ''സര്‍ക്കാറിന്റെ നയം മാറ്റാന്‍ നിങ്ങള്‍ക്കു കഴിയില്ല.'' ''ഞങ്ങളുടെ നിലപാട് മാറ്റാന്‍ സര്‍ക്കാറിനും കഴിയില്ല'' എന്നു ഞങ്ങളും തറപ്പിച്ചു പറഞ്ഞു. ഉടന്‍ തന്നെ സുരക്ഷാസേനാത്തലവന്‍ പൊലീസില്‍ വിവരമറിയിച്ചു. കൊട്ടാരത്തിന്റെ പിന്‍ഗേറ്റിലൂടെ ഞങ്ങള്‍ നാല് പേരേയും ജയിലിലേക്കു കൊണ്ടുപോയി. ഞങ്ങള്‍ക്കുവേണ്ടി ലഘുലേഖ വിതരണം ചെയ്ത വയോധികരായ സമാധാന പ്രവര്‍ത്തകര്‍ മാഡം പെറ്റിറ്റും മാഡം അസ്‌കിനാസിയും അപ്പോഴേക്കും ഞങ്ങളോടൊപ്പം തടവറയില്‍ എത്തിക്കഴിഞ്ഞിരുന്നു.

‍ഡി ​ഗോൾ
‍ഡി ​ഗോൾ

എങ്ങനെയാണ് ഇരുപതാം വയസ്സില്‍ വിനോബയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നത്? 

തൃശൂര്‍ ജില്ലയില്‍ ചെറുവത്തേരിക്കടുത്ത് ചൊവ്വൂരിലെ ഈശ്വര മേനോനും പാര്‍വ്വതി അമ്മയുമായിരുന്നു എന്റെ മാതാപിതാക്കള്‍. അവര്‍ക്ക് അഞ്ച് പെണ്‍മക്കളും മൂന്ന് ആണ്‍ മക്കളുമാണ്. ആണ്‍ മക്കളില്‍ മൂത്ത ആളാണ് ഞാന്‍. എനിക്കിപ്പോള്‍ 87 വയസ്സുണ്ട്. എന്റെ ചേച്ചി ഗൗരിയമ്മയ്ക്ക് ഇപ്പോള്‍ 96 വയസ്സായി. പത്താം ക്ലാസ്സ് വരെ ചേര്‍പ്പ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ഇന്റര്‍മീഡിയറ്റിനു പഠിച്ചത് ഭോപ്പാലിലാണ്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഡല്‍ഹിയില്‍ ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ ആഗ്രഹിച്ചു. പോകുന്ന വഴിക്ക് ഗാന്ധിജിയുടെ സേവാഗ്രാം കാണാനിറങ്ങി. അന്നെനിക്ക് വയസ്സ് 16. സേവാഗ്രാമില്‍ ഗാന്ധിജി താമസിച്ച മണ്‍കുടിലും അതിനകത്ത് അദ്ദേഹത്തിന്റെ ഊന്നുവടി, ചെരിപ്പ്, മെതിയടി, വിരിപ്പ്, മേശ എല്ലാം കണ്ടു. വൈദ്യുതിയും ടെലഫോണുമില്ലാത്ത അതിദരിദ്രമായ ഈ കുടിലിലാണ് നമ്മുടെ രാഷ്ട്ര പിതാവ് ജീവിച്ചതെന്നോര്‍ത്ത് കുറേനേരം ഞാനവിടെ ഇരുന്നു ചിന്തിച്ചു. എങ്ങനെ അദ്ദേഹത്തിന് ഇതു സാധ്യമായി? വാര്‍ധയില്‍ത്തന്നെ താമസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. സേവാഗ്രാമില്‍നിന്നു പറഞ്ഞതനുസരിച്ച് വാര്‍ധയില്‍ ജി.എസ്. കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായ മലയാളി എസ്.കെ. ജോര്‍ജിനെ ഞാന്‍ കാണാന്‍ പോയി. ഇവിടെയല്ലാതെ ഉന്നത വിദ്യാഭ്യാസം നേടാന്‍ വേറെ ഇടമില്ല എന്ന് പ്രൊഫസര്‍ ജോര്‍ജ് എന്നോട് പറഞ്ഞു: ''എന്നോടൊപ്പം താമസിച്ച് ഗാന്ധിജിയെക്കുറിച്ച് കൂടുതല്‍ പഠിക്കൂ'' എന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മേരി ജോര്‍ജ് ഇന്‍ഡോറിലെ കസ്തൂര്‍ബാ സെന്ററിന്റെ സെക്രട്ടറിയായിരുന്നു. മാസത്തിലൊരിക്കല്‍ അവര്‍ വാര്‍ധയില്‍ വരും. വാര്‍ധയിലെ ഗാന്ധിയന്‍ സ്ഥാപനങ്ങളെക്കുറിച്ച് ഞാന്‍ അന്വേഷിച്ചു. ഗാന്ധി വിചാര്‍ പരിഷത്ത്, മഗന്‍വാടി റൂറല്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളാണ് ഇവിടെ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി വിചാര്‍ പരിഷത്തിന്റെ സെക്രട്ടറി രവീന്ദ്ര വര്‍മ്മയും എന്നെ സഹായിച്ചിട്ടുണ്ട്. മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം നേടിയ തന്നെ ഒരു പുരോഹിതനാക്കാനായിരുന്നു രക്ഷിതാക്കളുടെ ലക്ഷ്യം എന്ന് പ്രൊഫ. ജോര്‍ജ് പറഞ്ഞു. എന്നാല്‍, അദ്ദേഹം ആകൃഷ്ടനായത് സ്വാതന്ത്ര്യസമരത്തിലായിരുന്നു. 'Gandhiji's Challenge to Christianity', 'Story of Bible' എന്നീ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. പഠിക്കുന്ന സമയത്ത് എഴുതിയ ഈ രണ്ട് പുസ്തകങ്ങളും പള്ളി മേധാവി കത്തിച്ചുകളഞ്ഞതായി അദ്ദേഹം എന്നോട് പറഞ്ഞു. പ്രൊഫസര്‍ ജോര്‍ജാണ് എന്നെ ഗാന്ധിയുടെ വഴിയിലേക്ക് നയിച്ചത്. രണ്ടു കൊല്ലത്തെ വാര്‍ധയിലെ ജീവിതത്തിനുശേഷമാണ് ഞാന്‍ വിനോബയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നത്.

​ഗാന്ധിജി
​ഗാന്ധിജി

യുവാവായിരിക്കുമ്പോള്‍ സമാധാനത്തിനുവേണ്ടി നടത്തിയ സുദീര്‍ഘമായ പദയാത്രയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്ത് തോന്നുന്നു? 

മാര്‍ച്ച് ആരംഭിക്കുമ്പോള്‍ എനിക്ക് 28-ഉം സതീഷിന് 26-ഉം വയസ്സായിരുന്നു. ലോക സാഹചര്യം ഇന്ന് ഏറെ മാറിയിട്ടുണ്ട്. സ്വന്തം സഹജീവികളെ സ്‌നേഹിക്കാനും ആദരിക്കാനും മനുഷ്യന്‍ പഠിക്കുന്നതുവരെ, ലോകമെമ്പാടും അധ്വാനത്തിന്റെ അന്തസ്സ് വ്യവസ്ഥാപിതമാകുന്നതു വരെ, മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥ മാറ്റപ്പെടുന്നതുവരെ, ഉല്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥത നീക്കം ചെയ്യപ്പെടുന്നതുവരെ, ദേശീയ പരമാധികാരത്തിന്റെ സങ്കുചിത താല്പര്യങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും പകരം സാര്‍വ്വദേശീയ സൗഭ്രാത്രത്തിന്റെ ഉന്നതമൂല്യങ്ങള്‍ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതുവരെ ഭൂമിയില്‍ ശാശ്വത സമാധാനം പുലരുകയില്ല എന്ന ആത്മവിവേകത്തിലാണ് ഞാന്‍ എത്തിപ്പെട്ടത്. അതിനാല്‍ സമാധാനത്തിനുവേണ്ടിയുള്ള സമരം അനവരതം തുടരുകതന്നെ വേണം.

1984 ഒക്ടോബര്‍ 19-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ വസതിയില്‍ ചെന്നു കണ്ട് സംസാരിക്കുന്നതിനിടെ ഞാന്‍ പറഞ്ഞു: ''മാഡം, അങ്ങയുടെ രക്തത്തിനുവേണ്ടി ദാഹിക്കുന്ന ഒട്ടേറെ പേര്‍ ഇവിടെ ഉണ്ടെന്നു ഞാന്‍ ഭയപ്പെടുന്നു.'' തന്റെ രക്തവും മാംസവുമല്ലാതെ തന്റെ ആത്മാവിനെ അവര്‍ക്കെടുക്കാനാവില്ലല്ലോ എന്ന് ഇന്ദിരാജി പറഞ്ഞു. ഒക്ടോബര്‍ 31-ന് ഇന്ദിരാജി കൊല്ലപ്പെട്ടു. 1987 ഡിസംബറില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നു കണ്ട് ഞാന്‍ പറഞ്ഞു: ''ഈ വര്‍ഷം തന്നെ അങ്ങ് ചൈന സന്ദര്‍ശിക്കണം. അങ്ങയുടെ മുത്തച്ഛന്‍ നെഹ്‌റുവും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ മാവോ സേ തൂങ്ങും ചേര്‍ന്നു സ്ഥാപിച്ച ഇന്ത്യാ-ചൈന ഭായി ഭായി ബന്ധം അങ്ങ് പുന:സ്ഥാപിക്കണം. നെഹ്‌റുവിന്റെ ജന്മ ശതാബ്ദി ആചരിക്കുന്ന 1989-ല്‍ അങ്ങയുടെ മുത്തച്ഛനു നല്‍കാവുന്ന ഏറ്റവും നല്ല സമ്മാനം അതായിരിക്കും.'' 1988 ജൂണില്‍ ജ്യോതിബസു ചൈന സന്ദര്‍ശിച്ചു. പിന്നാലെ സെപ്തംബറില്‍ രാജീവിന്റെ സന്ദര്‍ശനവും നടന്നു. വിദ്യാഭ്യാസം 'സാര്‍ക്കി'ന്റെ ഭാഗമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമം നടത്തി. ശ്രമിക്കാം എന്ന് അദ്ദേഹം മറുപടി നല്‍കി.

ഗാന്ധിജിയുടേയും അംബേദ്കറുടേയും മാര്‍ക്‌സിന്റേയും ആശയങ്ങളുടെ സമന്വയമാണിവിടെ വേണ്ടത്. ഇ.എം.എസ് മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് കോഴിക്കോട്ട് നടന്ന ഒരു സെമിനാറില്‍ അദ്ദേഹം പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു: ''ഇന്ത്യയില്‍ ഗാന്ധിജിയുടേയും മാര്‍ക്‌സിന്റേയും ആശയങ്ങളിലെ അനുകൂല ഘടകങ്ങളെ സമന്വയിപ്പിക്കാന്‍ സാധ്യമായതെല്ലാം നാം ചെയ്യണം.'' മറ്റാരും ഇത്തരത്തില്‍ പറഞ്ഞതു ഞാന്‍ കേട്ടിട്ടില്ല. നേതാജി സുഭാസ് ചന്ദ്രബോസ് എന്ന മഹാനായ രാജ്യസ്‌നേഹിയോട് നാം അനീതി കാണിച്ചു. ഭഗത്സിംഗിനെ ഏറ്റവും നന്നായി മനസ്സിലാക്കിയ നേതാവ് സുഭാസ് ബോസായിരുന്നു.

രവീന്ദ്ര വർമ്മ
രവീന്ദ്ര വർമ്മ

സാമൂഹ്യ മേഖലയിലെ മറ്റു ഇടപെടലുകളെക്കുറിച്ച് പറയാമോ? 

1967 മുതല്‍ 1991 വരെ 'ഫ്രന്‍സ് വേള്‍ഡ് കോളേജ്' എന്ന പേരില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി ഒരു കോളേജ് സ്ഥാപിച്ചു. അതിന്റെ സൗത്ത് ഏഷ്യന്‍ സെന്റര്‍ ബംഗളൂരുവിലായിരുന്നു. 24 വര്‍ഷം ഞാന്‍ അതിന്റെ ഡയറക്ടര്‍ പദവി വഹിച്ചു. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും ചതുര്‍വത്സര കോഴ്സില്‍ ചേരാം. ലോകമാണ് കാമ്പസ്. കെട്ടിടമില്ല. വിദഗ്ദ്ധരുടെ ഉപദേശമനുസരിച്ച് വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ തന്നെ സിലബസ് തയ്യാറാക്കുകയാണ് ചെയ്തത്. 1996-ല്‍ ഇന്ത്യ ഡവലപ്പ്മെന്റ് ഫൗണ്ടേഷന്‍ എന്ന പുതിയ സംഘടനയ്ക്കു രൂപം നല്‍കി. 18-നും 25-നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കുവേണ്ടി ആറു മാസത്തിലൊരിക്കല്‍ ഒരാഴ്ചത്തെ പഠനക്യാമ്പ്. മൗലിക പ്രാധാന്യമുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-നരവംശ ശാസ്ത്രവിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളായിരുന്നു ലക്ഷ്യം. 2018-ല്‍ സംഘടനയുടെ പ്രവര്‍ത്തനം നിലച്ചു. 1996 മുതല്‍ 22 വര്‍ഷം വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനു മൊത്തം 105 പേര്‍ക്ക് 'ദേശസ്‌നേഹി' അവാര്‍ഡ് നല്‍കി ആദരിച്ചു. ഡല്‍ഹി ഡവലപ്പ്മെന്റ് അതോറിറ്റി കമ്മിഷണര്‍ എന്ന നിലയിലെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം പരിഗണിച്ച് 1996-ല്‍ ആദ്യത്തെ ദേശസ്‌നേഹി അവാര്‍ഡ് സമ്മാനിച്ചത് അല്‍ഫോണ്‍സ് കണ്ണന്താനം ഐ.എ.എസ്സിനായിരുന്നു. അഴിമതിക്കെതിരെ നിര്‍ഭയം പൊരുതിയ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡപ്യൂട്ടി കമ്മിഷണര്‍ ജി.ആര്‍. ഖൈര്‍നാര്‍, ചേരിപ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥ വൈദ്യസേവനം നടത്തിയ ഡോക്ടര്‍ നന്ദിനി, ബെല്‍ഗാമിലെ ദരിദ്രര്‍ക്കിടയില്‍ സമര്‍പ്പിത സേവനം നടത്തിയ സ്വാതന്ത്ര്യസമര നായിക ചെന്നമ്മ, ഗ്ലോബല്‍ വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി മഹാദേവന്‍, സ്വന്തം വീട് വിറ്റ പണം കൊണ്ട് സാമൂഹ്യസേവനം നടത്തിയ ഭോപ്പാലിലെ അബ്ദുള്‍ ജബ്ബാര്‍... ഇങ്ങനെ തങ്ങളുടെ കര്‍മ്മമണ്ഡലങ്ങളില്‍ സത്യസന്ധമായ പ്രവര്‍ത്തനം കാഴ്ചവെച്ചവരെയാണ് അവാര്‍ഡിനു തെരഞ്ഞെടുത്തത്.

സതീഷ് കുമാറും ഇപി മേനോനും യാത്രയ്ക്കിടയിൽ
സതീഷ് കുമാറും ഇപി മേനോനും യാത്രയ്ക്കിടയിൽ

കുടുംബ ജീവിതം വേണ്ടന്നുവെച്ചതെന്താണ്? 

വേണ്ടെന്ന് വെച്ചതല്ല. 1963-ല്‍ മോസ്‌കോയിലേക്കുള്ള പദയാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ലൂദ എന്ന റഷ്യന്‍ പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: ''ഇന്ത്യയിലേയ്ക്ക് വരാന്‍ തയ്യാറാവണം.'' ലൂദയ്ക്കുള്ള കത്തിന്റെ രൂപത്തിലാണ് ഞാന്‍ 576 പേജുള്ള Footprints on 'Friendly Roads' എന്ന ഗ്രന്ഥം രചിച്ചത്. 1964-ല്‍ ടോക്കിയോയില്‍നിന്ന് ഹിരോഷിമയിലേക്കുള്ള യാത്രയില്‍ ഞങ്ങളോടൊപ്പം നടന്ന മിയോക്കോ ദോയി എന്ന ജാപ്പനീസ് യുവതി വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോഴും ഞാന്‍ ചോദിച്ചു: ''ഇന്ത്യയിലേക്ക് വരുമോ?'' അവളുടെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. 1970-ല്‍ കാലിഫോര്‍ണിയയിലെ ഒരു ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രൊഫസറായിരുന്ന സാന്ദ്ര എന്ന യുവതിയോടും ഞാന്‍ ഇതേ തരത്തില്‍ പ്രതികരിച്ചു. ഇന്ത്യയില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നു ഞാന്‍ പറഞ്ഞു. ആഗ്രയിലെ എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ മരുമകള്‍ക്കുവേണ്ടി ഒരു വിവാഹാഭ്യര്‍ത്ഥനയുമായി വന്നിരുന്നു. ആ സ്ത്രീയെ എനിക്ക് നേരിട്ട് പരിചയമില്ലായിരുന്നു.

സതീഷ് കുമാർ
സതീഷ് കുമാർ

കേരളത്തിലെ യുവജനങ്ങള്‍ക്ക് എന്തു സന്ദേശമാണ് നല്‍കാനുള്ളത്? 

90 വയസ്സ് കഴിഞ്ഞ ബര്‍ട്രാന്‍ഡ് റസ്സല്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കാണിച്ച സമര്‍പ്പണബോധവും ആര്‍ജ്ജവവും ഏറ്റവും കൂടുതല്‍ ആവശ്യകമായ ചരിത്രഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്വാതന്ത്ര്യസമരം ഒരിക്കലും അവസാനിപ്പിക്കേണ്ടതല്ല. ബ്രിട്ടീഷുകാര്‍ പോയിക്കഴിഞ്ഞാലാണ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഉജ്ജ്വലമായ പോരാട്ടം വേണ്ടിവരിക എന്ന രക്തസാക്ഷി ഭഗത്സിംഗിന്റ വാക്കുകള്‍ ഇന്ന് എത്രമാത്രം അന്വര്‍ത്ഥമായിരിക്കുന്നു എന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ഇരുണ്ട ഒരു കാലഘട്ടമാണിത്. നമ്മുടെ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഭഗത് സിങ്ങുമാര്‍ ഇന്നീ നാടിന് ആവശ്യമുണ്ട്. നമ്മുടെ യുവാക്കള്‍ ഗാന്ധിജിയേയും അംബേദ്കറേയും മാര്‍ക്‌സിനേയും ഭഗത്സിങിനേയുമെല്ലാം ഉള്‍ക്കൊള്ളുകയും പ്രബുദ്ധരാവുകയും ചെയ്യേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com