'സര്‍' വിളിയിലെ മൂപ്പിളമാവിചാരങ്ങളും ചില ജാതി യാഥാര്‍ത്ഥ്യങ്ങളും

സാര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകളാണ് 
'സര്‍' വിളിയിലെ മൂപ്പിളമാവിചാരങ്ങളും ചില ജാതി യാഥാര്‍ത്ഥ്യങ്ങളും

ഫീസ് ജീവനക്കാരേയും ഭരണസമിതി അംഗങ്ങളേയും 'സര്‍'/'മാഡം' എന്നു വിളിക്കുന്നത് ഒഴിവാക്കിക്കൊണ്ട് പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത് ഈയിടെ പാസ്സാക്കിയ പ്രമേയം അതിന്റെ രാഷ്ട്രീയം കൊണ്ടും മുന്നോട്ടുവെയ്ക്കുന്ന ചോദ്യങ്ങള്‍കൊണ്ടും ഏറെ പ്രസക്തമാണ്.

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും ബ്രിട്ടീഷ് കൊളോണിയല്‍ മുദ്രകള്‍ ചുമക്കുന്ന ഇത്തരം പദപ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രമേയം പാസ്സാക്കുന്നത് എന്ന് പഞ്ചായത്ത് വ്യക്തമാക്കുന്നു. ''സാര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകളാണ്. ബ്രിട്ടീഷുകാരില്‍നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനാധിപത്യ സര്‍ക്കാരുമാണ് നമ്മെ ഭരിക്കുന്നത്'' - പ്രമേയം അവതരിപ്പിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. പ്രസാദ് പറയുന്നു. മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിനു പകരം വേണമെങ്കില്‍ 'ചേട്ടന്‍', 'ചേച്ചി' തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാം. അതുപോലെ 'അപേക്ഷിക്കുന്നു', 'അഭ്യര്‍ത്ഥിക്കുന്നു' മുതലായ വിധേയത്വം കാണിക്കുന്ന പ്രയോഗങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുള്ള കത്തുകളില്‍ പൊതുജനം ഉപയോഗിക്കേണ്ടതില്ലെന്നും പഞ്ചായത്ത് പ്രമേയം പറയുന്നു. ഇതിനുപകരം 'ആവശ്യപ്പെടുന്നു', 'താല്പര്യപ്പെടുന്നു' എന്നീ വാക്കുകള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്; ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടേയും ഔദാര്യമല്ല എന്നും പഞ്ചായത്ത് സമിതി ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി പാസ്സാക്കിയ പ്രമേയം പറയുന്നു. ഒഴിവാക്കിയ പദങ്ങള്‍ക്കു പകരം ഉചിതമായ പദങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഔദ്യോഗിക ഭാഷാവകുപ്പിനോട് ആവശ്യപ്പെടുന്ന പ്രമേയം, അതു ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ പേരോ സ്ഥാനപ്പേരോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാനും നിര്‍ദ്ദേശിക്കുന്നു.

ഇതിനെത്തുടര്‍ന്ന്, കോളേജുകളില്‍ അദ്ധ്യാപകരെ 'സര്‍'/'മാഡം' എന്നു വിളിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ജില്ലയിലെ തന്നെ ചിറ്റൂര്‍ കോളേജില്‍ ആവശ്യം ഉയര്‍ന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ 'സര്‍' വിളിയെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങളും സജീവമായി നടക്കുന്നു. എന്താണ് 'സര്‍'/'മാഡം' വിളിയെ ഇത്രമാത്രം പ്രശ്‌നമാക്കുന്നത്?

ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, ആധുനിക ആചാരവാക്കുകളെക്കുറിച്ചുള്ള സംവാദത്തില്‍, 'സര്‍' വിളി മാത്രമേ ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യത്തിന്റെ അവശിഷ്ടം എന്നു വിളിക്കപ്പെടാന്‍ അര്‍ഹതയുള്ളൂ. 'താഴ്മയായി' 'അപേക്ഷിക്കലും' 'വിനീതമായി' 'അഭ്യര്‍ത്ഥിക്കലും' ഒക്കെ ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്നേയുള്ള കേരളത്തിലെ തന്നെ പഴയ നാടുവാഴി കാലത്തിന്റെ തുടര്‍ച്ചയാണ്. അവയ്ക്കുപകരം 'ആവശ്യപ്പെടുന്നു', 'താല്പര്യപ്പെടുന്നു' മുതലായ വാക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തിക്കഴിഞ്ഞിട്ടും 'സര്‍' വിളിക്കു പകരം വാക്ക് കിട്ടാന്‍ നമ്മള്‍ ഇപ്പോളും നിഘണ്ടു പരതിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ വരുന്ന കാലത്തുള്ള കേരളത്തിലെ സാമൂഹിക ശ്രേണിയെ ആംഗലവല്‍ക്കരിക്കുക മാത്രമാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. പക്ഷേ, 'സര്‍' വിളിയിലെ കൊളോണിയല്‍ വേരുകള്‍ ചികയുന്ന തിരക്കില്‍ കേരള സമൂഹത്തിലെ സമൂഹബന്ധങ്ങളിലെ ജാതിവഴക്കങ്ങളും അയിത്ത/തീണ്ടായ്മാ നിയമങ്ങളും ഇപ്പോളും ഏതൊക്കെ രീതിയില്‍ തുടര്‍ന്നുവരുന്നു എന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം മറക്കുന്നുണ്ട് നമ്മള്‍. ബ്രിട്ടീഷുകാര്‍ വരുന്നതിനു മുന്നേ പല ജാതിതട്ടുകളായി പരസ്പരം കൂട്ടിത്തൊടാതെ തീണ്ടലും അയിത്തവും ആചാര/ഉപചാര നിഷ്ഠകളും ആയി ജീവിച്ചിരുന്ന നമ്മുടെ സമൂഹത്തെ യഥാര്‍ത്ഥത്തില്‍ പരിഷ്‌കരിച്ചത് ആധുനിക വിദ്യാഭ്യാസം തന്നെയാണ്. പ്രധാനമായും ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണെങ്കിലും ബ്രിട്ടീഷുകാര്‍ വ്യാപകമായി നടപ്പാക്കിയ സാര്‍വ്വത്രിക വിദ്യാഭ്യാസമാണ് അടിയാന്മാരേയും തീണ്ടിക്കൂടാത്തവരേയും മാന്യമായ ജീവിതത്തിനു പ്രാപ്തരാക്കിയത്. 

പ്രമേയത്തില്‍ സൂചിപ്പിച്ചതുപോലെ ബ്രിട്ടീഷ് ഭരണകാലത്താണ് ഓഫീസുകളിലെ ഈ 'സര്‍' വിളി ആരംഭിച്ചത്. ഇതുപോലെ ജഡ്ജിമാരെ 'യുവര്‍ ഓണര്‍' എന്നും ഗവര്‍ണര്‍മാരേയും അംബാസഡര്‍മാരേയും 'ഹിസ് എക്‌സല്ലന്‍സി' എന്നുമൊക്കെ വിളിക്കുന്നത് ബ്രിട്ടീഷ് രാജഭരണത്തിന്റെ മൂപ്പിളമ ചിട്ടകളുടേയും ആചാരങ്ങളുടേയും ഭാഗമായായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയെങ്കിലും ഈ ആചാര/ഉപചാര മര്യാദകള്‍ അതേപടി തുടര്‍ന്നു. എന്നാല്‍, പഴയ ബ്രിട്ടീഷ് നാടുവാഴി കാലഘട്ടത്തിലെ അര്‍ത്ഥത്തില്‍ അല്ല ഇന്ന് കേരളത്തില്‍ 'സര്‍' എന്ന അഭിസംബോധനാ പദം ഉപയോഗിക്കപ്പെടുന്നത്. വര്‍ഗ്ഗ, വര്‍ണ്ണ, ജാതി, പദവി, നിരപേക്ഷമായ ഒരു ഔപചാരിക അഭിസംബോധനാ പദം എന്ന നിലക്കാണ് സര്‍ ഇന്നു പ്രയോഗിക്കപ്പെടുന്നത്. പദവിയിയില്‍ ഇരിക്കുന്നവരെ പൗരന്മാരും തിരിച്ച് പൗരന്മാരെ പദവിയില്‍ ഇരിക്കുന്നവരും ഒരുപോലെ 'സര്‍' എന്നു വിളിച്ച് അഭിസംബോധന ചെയ്യുന്ന രീതി അപൂര്‍വ്വമായെങ്കിലും നിലവില്‍ ഉണ്ട്.  

സര്‍ വിളിയെക്കുറിച്ച് അടുത്തകാലത്ത് ഒരു വിശദീകരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 'Slave I Remain' എന്നതിന്റെ ചുരുക്കരൂപമാണ് സര്‍ വിളി എന്നാണ് പ്രസ്തുത സന്ദേശം പറയുന്നത്. കേള്‍ക്കുമ്പോള്‍ വിശ്വസനീയം ആണെന്നു തോന്നുമെങ്കിലും 'Slave I Remain' എന്നതിന്റെ ചുരുക്കമല്ല ടശൃ/സര്‍. ലാറ്റിനിലെ ലെിശീൃ എന്ന പദത്തില്‍നിന്നാണ് sir ഉത്ഭവിച്ചത്. മധ്യകാല ഇംഗ്ലീഷിലെ sire ആണ് ലോപിച്ച് ആധുനിക ഇംഗ്ലീഷിലെ ശെൃ ആവുന്നത്. സമാന ബഹുമാന പദങ്ങള്‍ ആയ ഫ്രെഞ്ചിലെ monsieur എന്നതും സ്പാനിഷിലെ senor എന്നതും ഒക്കെ ഉത്ഭവിച്ചത് ലാറ്റിന്‍ വാക്കായ senior-ല്‍നിന്നാണ്. ബ്രിട്ടനിലെ പ്രഭുക്കന്മാരേയും നാടുവാഴികളേയും അഭിസംബോധന ചെയ്യാനാണ് 'സര്‍' എന്ന വാക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെ അഭിസംബോധന ചെയ്യാനും ഇതേ പദം ഉപയോഗിച്ചു തുടങ്ങി. ബ്രിട്ടീഷുകാര്‍ വഴി ഇന്ത്യയിലും മറ്റു കോളനികളിലും ഈ വാക്ക് എത്തി. കാലക്രമേണ അദ്ധ്യാപകരെ വിളിക്കാനും ബാങ്കിലും കടകളിലും ഉപഭോക്താക്കളെ വിളിക്കാനുമൊക്കെ 'സര്‍' എന്ന് ഉപയോഗിച്ചു തുടങ്ങി. 

'സര്‍' വിളിയിലെ കൊളോണിയല്‍ വിധേയത്വം ആണല്ലോ വിഷയം. നമ്മുടെ നാട്ടില്‍ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഉച്ചനീചത്വം ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചതൊന്നും അല്ല. നാടുവാഴിത്തവും പൗരോഹിത്യവും ചേര്‍ന്നു ജനങ്ങളെ പല തട്ടുകളായി വിഭജിച്ചു ഭരിച്ച എല്ലാ ഇടങ്ങളിലും കാലങ്ങളിലും ചില വിഭാഗം ആളുകള്‍ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെക്കാള്‍ മുകളില്‍ ആണെന്നും തങ്ങള്‍ക്കു സവിശേഷമായ ബഹുമാനത്തിനു അര്‍ഹതയുണ്ട് എന്നും കരുതിപ്പോന്നിരുന്നു. കേരളമെന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്ന പ്രദേശത്ത് ബ്രിട്ടീഷുകാര്‍ 'സര്‍' വിളി കൊണ്ടുവരുന്നതിനു മുന്നേ നിലനിന്നിരുന്ന അഭിസംബോധനകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാവും. നമ്മുടെ നാട്ടില്‍ അടുത്തകാലം വരെയും കസേരയിട്ട് ഭരിക്കുന്നവര്‍ 'അങ്ങുന്നും' തലേക്കെട്ടഴിച്ച് അരയില്‍ക്കെട്ടി വാക്കൈ പൊത്തി നടുവളച്ചു ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ 'അടിയങ്ങളും' 'റാനും' ആയിരുന്നു. ആചാര/ഉപചാര ഭാഷയുടെ ചരിത്രം എന്നത് കേരളത്തിലെ ജാതിയുടെ ചരിത്രം കൂടിയാണെന്നു നിസ്സംശയം മനസ്സിലാക്കാം.

പഞ്ചായത്ത് പാസ്സാക്കിയ പ്രമേയത്തിനു രണ്ട് ഭാഗങ്ങള്‍ കാണാം. 'സര്‍' വിളിയെ ചരിത്രവല്‍ക്കരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് അത്തരം കൊളോണിയല്‍ സ്മരണകള്‍ പേറുന്ന ഭാഷാചിഹ്നങ്ങള്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആദ്യഭാഗവും 'സര്‍', 'മാഡം' വിളികള്‍ക്കു പകരം വാക്കുകള്‍ നിര്‍ദ്ദേശിക്കാന്‍ ഔദ്യോഗിക ഭാഷാവകുപ്പിനോട് ആവശ്യപ്പെടുന്ന രണ്ടാംഭാഗവും. ഇതിലെ രണ്ടാംഭാഗത്താണ് പ്രശ്‌നത്തിന്റെ മര്‍മ്മം നിലകൊള്ളുന്നത്. എന്തുകൊണ്ടാണ് നിലവില്‍ മലയാള ഭാഷയില്‍ 'സര്‍'/'മാഡം' പ്രയോഗങ്ങള്‍ക്കുപകരം വാക്കുകള്‍ ഇല്ലാത്തത്? 'മൊബൈല്‍ ഫോണ്‍', 'ഷോപ്പിംഗ് കോംപ്ലക്‌സ്' മുതലായ പദങ്ങള്‍ക്കു തുല്യമായ മലയാള പദങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതുപോലെ എളുപ്പത്തില്‍ സാറിനോ മാഡത്തിനോ പകരം അഭിസംബോധനാപദങ്ങള്‍ ഉണ്ടാക്കാന്‍ എന്താണ് ബുദ്ധിമുട്ട്?

അത്ര എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നതല്ല സാറിനുപകരം ഒരു മലയാളപദം. കാരണം 'സാറി'നേക്കാള്‍ ഉച്ചനീചത്വം പേറുന്ന 'അങ്ങുന്ന്', 'തമ്പ്രാന്‍' മുതലായ ഉപചാര/ആചാര വാക്കുകള്‍ ഉപയോഗിച്ചായിരുന്നു വളരെ പണ്ടൊന്നും അല്ലാത്ത ഒരുകാലത്ത് ഈ നാട്ടില്‍ അധികാരികളെ അഭിസംബോധന ചെയ്തിരുന്നത്. പൗരന്‍ എന്ന സങ്കല്പമേ അന്ന് ഉണ്ടായിരുന്നില്ല; പകരം 'അടിയാന്‍' എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന പ്രജകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മനുഷ്യരെ തുല്യരായി പരിഗണിച്ചിരുന്ന ഒരു പതിവും ഇവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിലല്ലേ അതിനനുസരിച്ച വാക്കുകളും പ്രയോഗങ്ങളും ഉണ്ടാകൂ? ജാതീയമായ വേര്‍തിരിവുകള്‍ കൃത്യമായും കണിശമായും നിശ്ചയിച്ചിരുന്ന ശുദ്ധാശുദ്ധ അയിത്ത നിയമങ്ങളുടെ (pollution laws) ഭാഗമായി പദവികളും അധികാരവും വഹിക്കുന്ന സ്ഥാനികളെ എന്ത് ഉപചാര വാക്കുകള്‍ വിളിച്ച് അഭിസംബോധന ചെയ്യണം എന്നു നിഷ്‌കര്‍ഷ ഉണ്ടായിരുന്നതായി ഭാസ്‌കരനുണ്ണിയുടെ 19-ാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തില്‍ കാണാം. 

ആചാരപദങ്ങളുടെ കാര്യത്തിലും വര്‍ണ്ണ, വര്‍ഗ്ഗവിവേചനം നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്.
 
''ഓരോ ജാതിയും ജാതിയിലെ പ്രമാണിമാരെ, അവര്‍ മേല്‍ജാതിക്കാരെ, മേല്‍ജാതിക്കാര്‍ അവരുടെ സ്ഥാനികളെ, എല്ലാവരും രാജാക്കന്മാരെ, നമ്പൂതിരിമാരെ, മഹാരാജാവും നമ്പൂതിരിയുമെല്ലാം പീരങ്കിയും വെടിമരുന്നുമായി വന്ന വിദേശികളിലെ പ്രമാണിമാരെ- അങ്ങനെ ഈ ആചാരപദശൃംഖല ക്രമാനുക്രമമായി നീണ്ടുനീണ്ടുപോയി. ശ്രീ, രാജശ്രീ, രാജമാന്യശ്രീ, മഹാരാജ രാജമാന്യശ്രീ, ശ്രീ മഹാരാജ രാജമാന്യശ്രീ...'' എന്നിങ്ങനെ (221).

അങ്ങനെ നീണ്ടുപോകുന്നതാണ് ആചാരപദ സഞ്ചയം എന്ന് ഭാസ്‌കരനുണ്ണി പറയുന്നു. നാടുവാഴിത്ത വ്യവസ്ഥയുടെ ഉപോല്പന്നമായ ഈ ആചാര ഭാഷ; സമ്പത്തും വിദ്യയും പൗരോഹിത്യവും വാഴ്ചയും കയ്യടക്കിവെച്ച ചെറിയൊരു ന്യുനപക്ഷത്തിന്റെ മേധാവിത്വം അഭംഗുരം അനുസ്യുതം തുടരാനുള്ള കുറുക്കുവഴിയായാണ് നിലവില്‍ വന്നത്. 

''സര്‍-ഉം റെസ്പെക്റ്റഡ് സര്‍-ഉം ഒബീഡിയന്റ്ലിയും എക്സ്ട്രീമിലി ഒബീഡിയന്റ്ലിയും ഓണറബിള്‍ മിനിസ്റ്ററും ഹിസ് മജെസ്റ്റിയും ഹിസ് എക്സെലന്‍സിയുമൊന്നും ഇന്നും നമ്മുടെ ഭാഷയുടെ ആചാരക്കലവറയില്‍നിന്നു ചേതപ്പെട്ടിട്ടില്ല'' (222) 

എന്നു നിരീക്ഷിക്കുന്ന ഗ്രന്ഥകാരന്‍ പഴയ ആചാരഭാഷാസമൃദ്ധിയുടെ ഇങ്ങേ അറ്റത്തുള്ള മുന മാത്രമാണ് 'സര്‍' വിളിപോലുള്ള പ്രയോഗങ്ങള്‍ എന്നും കൂട്ടിച്ചേര്‍ക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പൗരന്‍ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിന്റെ മുറിവട്ടത്തിനകത്തുനിന്നുകൊണ്ട് ഇന്ന് 'യെസ് സര്‍' എന്നു വിനയാദരപൂര്‍വ്വം പറയുന്നതും പഴയകാലത്തെ 'ഏറാന്‍', 'റാന്‍', 'അടിയാന്‍' തുടങ്ങിയ പദങ്ങളും ഒരേ ധര്‍മ്മം തന്നെയാണ് നിര്‍വ്വഹിക്കുന്നത് എന്ന് ഭാസ്‌കരനുണ്ണി നിരീക്ഷിക്കുന്നു (222). 

സമൂഹത്തിലെ മേലാളരും കീഴാളരും തമ്മിലുള്ള അവസ്ഥാഭേദങ്ങള്‍ സൂചിപ്പിക്കുന്ന ആചാര ഭാഷ പൊതുവെ ആവിഷ്‌കരിക്കുന്നത് ആദരവും വിനയവും ആണെന്ന് കേരളത്തിലെ ആചാര ഭാഷ എന്ന പുസ്തകത്തില്‍ പി.എം. ഗിരീഷ് ചൂണ്ടിക്കാണിക്കുന്നു.(10)

'അങ്ങുന്നും' 'അങ്ങത്തയും' പോയി പകരം സാര്‍വ്വലൗകിക അഭിസംബോധനയായി 'സര്‍' വന്നു എന്നതാണ് ബ്രിട്ടീഷുകാരുടെ വരവിനുശേഷം ഉണ്ടായ പ്രധാന മാറ്റം. 'ഏമാന്‍' പോയി പകരം 'സര്‍' വന്നു. ഈ 'സര്‍' എന്ന വിളിയും പോകേണ്ടതുതന്നെ എന്നു തത്ത്വത്തില്‍ സമ്മതിച്ചാല്‍ത്തന്നെ പകരം എന്ത്?

ഇതിന്റെ ഉത്തരം കിട്ടണമെങ്കില്‍ ആധുനിക ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു തുടക്കം കുറിച്ച ഫ്രെഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യമായ, 'സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം' എന്നിവ എത്രത്തോളമാണ് നമ്മുടെ സമൂഹത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടുള്ളത് എന്നു പരിശോധിക്കണം. ലോകമെങ്ങും പിന്നീട് പ്രചരിച്ച ജനാധിപത്യ സങ്കല്പത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്ന ഈ മൂന്നു മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തിയതുകൊണ്ടാണല്ലോ ഫ്രെഞ്ച് വിപ്ലവത്തെ വിപ്ലവങ്ങളുടെ മാതാവ് എന്നു വിളിക്കുന്നത്. മധ്യകാലങ്ങളിലെ പൗരോഹിത്യവും നാടുവാഴിത്തവും അടിച്ചേല്പിച്ച നാനാവിധമായ അടിമത്തങ്ങളില്‍നിന്നും മനുഷ്യന്‍ സ്വതന്ത്രരാവാന്‍ തുടങ്ങിയതോടുകൂടിയാണ് ലോകത്ത് എല്ലായിടത്തും മനുഷ്യരെല്ലാം തുല്യരാണ് എന്ന ചിന്തയും വ്യാപകമാവുന്നത്. യൂറോപ്യന്‍ നവോത്ഥാന, മത നവീകരണ ചിന്തകളില്‍ ഉത്ഭവിച്ച സ്വതന്ത്ര ചിന്തയും തുല്യതാ വാദവും '18-'19 നൂറ്റാണ്ടുകളില്‍ ശക്തി പ്രാപിക്കുകയും പല യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും സ്വാതന്ത്ര്യബോധത്തിന്റേയും മാനവികതുല്യതാ ആശയങ്ങളുടേയും വിത്തുകള്‍ പാകുകയും ചെയ്തു. അമേരിക്കയില്‍ 19-ാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച അടിമത്ത നിരോധന ചിന്ത ഇതിന്റെ നല്ല ഉദാഹരണം ആണ്. 

ലോകത്തെല്ലായിടത്തുമുള്ള നാടുവാഴിത്ത/പൗരോഹിത്യ മേല്‍ക്കോയ്മകളെ ചോദ്യം ചെയ്യുന്ന രീതിയില്‍ വളര്‍ന്ന മുദ്രാവാക്യം ആണ് 'സ്വാതന്ത്ര്യം (liberty), തുല്യത (equality), സാഹോദര്യം (fraternity)'. ഇതേ ആശയങ്ങള്‍ നമ്മുടെ ഭരണഘടനയിലും കാണാവുന്നതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിലും നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ കാര്യങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ഉറപ്പു വരുത്തും എന്ന് എഴുതിവെച്ചിട്ടുള്ളത് കേവലം ഭംഗിവാക്കുകള്‍ ആയല്ല. ഈ കാര്യങ്ങള്‍ എല്ലാം ഒരുപോലെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാകുന്ന സാഹചര്യത്തില്‍ മാത്രമേ ജനാധിപത്യം പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനക്ഷമം ആവുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ വിദേശ അധിനിവേശ ശക്തികളില്‍നിന്ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും നീതി, തുല്യത, സാഹോദര്യം എന്നീ ആശയങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ഒരു ജനാധിപത്യ സമൂഹം എന്ന നിലയ്ക്ക് നമുക്കു സാധിച്ചിട്ടില്ല. എല്ലാ മനുഷ്യര്‍ക്കും അര്‍ഹതപ്പെട്ട അവസര സമത്വം/തുല്യത ഉറപ്പു വരുത്താന്‍ സംവരണം പോലെയുള്ള ഭരണഘടനാപരമായ നടപടികളിലൂടെ ചെറിയ തോതിലെങ്കിലും സാധിക്കുന്നുണ്ടെങ്കിലും സാഹോദര്യം എന്ന മര്‍മ്മ പ്രധാനമായ ജനാധിപത്യ ധര്‍മ്മം ഇപ്പോളും പ്രാവര്‍ത്തികമായിട്ടില്ല. നിയമം മൂലമോ ചട്ടങ്ങള്‍ വഴിയോ നടപ്പിലാക്കാന്‍ സാധിക്കുന്ന ഒന്നല്ല സാഹോദര്യം. അതൊരു മൂല്യമാണ്. സഹാനുഭൂതി, അനുകമ്പ മുതലായ മാനവിക മൂല്യങ്ങളുടെ തുടര്‍ച്ചയായി അപരനോട് ഉണ്ടായി വരുന്ന കരുതലില്‍ നിന്നാണ് സാഹോദര്യം ജനിക്കുന്നത്. ജനാധിപത്യത്തിന്റെ മറ്റൊരു പേരാണ് സാഹോദര്യം എന്നാണ് അംബേദ്കര്‍ തന്റെ 'ജാതിയുടെ ഉച്ചാടനം' എന്ന കൃതിയില്‍ വിശേഷിപ്പിക്കുന്നത് (260). പരസ്പര ബഹുമാനത്തിലൂടെയാണ് അത് സാധ്യമാകുന്നത്. സ്വാതന്ത്ര്യവും നീതിയും തുല്യതയും ചേര്‍ന്നു പുലര്‍ന്നാലും ജനങ്ങള്‍ക്കിടയില്‍ സാഹോദര്യം അന്യമാണെങ്കില്‍ ജനാധിപത്യം ഇനിയും വളര്‍ച്ച മുരടിച്ചു തന്നെയാണ് നില്‍ക്കുന്നത് എന്നു വേണം മനസ്സിലാക്കാന്‍.

ഒഴിവാക്കേണ്ട കൊളോണിയല്‍ അഭിസംബോധന

തീര്‍ച്ചയായും കൊളോണിയല്‍ നാടുവാഴിത്ത അവശിഷ്ടങ്ങള്‍ പലതും ഒഴിവാക്കേണ്ടതുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടതാണോ 'സര്‍' വിളി എന്നതാണ് പ്രശ്‌നം. ജനങ്ങള്‍ക്കു തുല്യതയും ബഹുമാനവും സാഹോദര്യപൂര്‍വ്വമായ പരസ്പരപെരുമാറ്റവും ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആശയങ്ങള്‍ കൃത്യമായി നടപ്പാക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഉദ്യോഗസ്ഥനെ 'ചേട്ടാ, ചേച്ചി, ഇക്കാക്കാ, ഇത്താത്താ' എന്നൊക്കെ വിളിക്കാന്‍ അനുമതി ലഭിക്കുന്നതിലൂടെ മാത്രം സാധ്യമാകുന്നതല്ല ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും സാഹോദര്യവും. തങ്ങള്‍ക്കു ന്യായമായും ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ 'ചേട്ടനോടും ഇത്താത്തയോടും' ഇടപെടുന്നതിനേക്കാള്‍ സൗകര്യം 'സാറിനോട്' ഇടപെടുന്നതുതന്നെയാണ്. 

'സര്‍' വിളി വിവാദവുമായി ബന്ധപ്പെട്ടു ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന വശം കൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളായി പൊതുമണ്ഡലത്തില്‍ അസ്പൃശ്യരായിരുന്ന കീഴാള സമൂഹം തങ്ങളെ പുറകോട്ടു വലിക്കുന്ന നിരവധി സാഹചര്യങ്ങളോട് പൊരുതി ആധുനിക വിദ്യാഭ്യാസം കൈവരിച്ച് സര്‍ക്കാര്‍ ജോലിയും മറ്റ് അവസരങ്ങളും നേടി അധികാരസ്ഥാനത്ത് തങ്ങളുടെ ദൃശ്യത പ്രകടിപ്പിക്കുന്ന ഘട്ടത്തില്‍ ആണ് പൊടുന്നനെ സര്‍ വിളി കൊളോണിയല്‍ പാരമ്പര്യം ആണ് എന്ന ചര്‍ച്ച ഉയര്‍ന്നുവരുന്നത്. ഓഫിസുകളില്‍ ദളിത് മേലധികാരികളോട് സഹകരിക്കാന്‍ വിമുഖത കാണിക്കുന്ന സവര്‍ണ്ണ കീഴ്ജീവനക്കാരുള്ള നാട് കൂടിയാണ് നമ്മുടേത്. ഈ വിഷയത്തില്‍ കവി എസ്. ജോസഫ് എഴുതിയ എഫ്.ബി കുറിപ്പ് ശ്രദ്ധേയമാണ്.  ''കീഴാളര്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങിയ വിഭാഗങ്ങളെ ആളുകള്‍ വെറും പേരുവിളിക്കുകയോ അതു ചളുക്കി വിളിക്കുകയോ ഒക്കെ ചെയ്തിരുന്ന കാലത്തുനിന്ന് ഇക്കാലത്ത് ചേട്ടാ, ചേച്ചി എന്നോ സാര്‍, മേഡം എന്നോ വിളിച്ചുവരുന്ന രീതിയിലേയ്ക്കു സമൂഹം പതുക്കെ മാറിവരുമ്പോഴാണ് അതു വേണ്ടാ എന്ന ചിന്തയും പ്രയോഗവും വരുന്നത്. ഒറ്റനോട്ടത്തില്‍ പുരോഗമനം എന്നു തോന്നാമെങ്കിലും ഇതു വരുത്തിവയ്ക്കുന്നത് മറ്റൊരു വലിയ അപകടമാണെന്ന് ഞാന്‍ കരുതുന്നു. അതായത് മുകളില്‍ പറഞ്ഞ പിന്നോക്ക സമുദായങ്ങളെ വീണ്ടും പേരുവിളിക്കാം എന്ന സവര്‍ണ്ണ ധാര്‍ഷ്ട്യം ഇവിടെ തിരിച്ചുവരും എന്നതാണത്. 60 ശതമാനം മുതല്‍ 65 ശതമാനം വരെ സവര്‍ണ്ണരാണ് സര്‍ക്കാര്‍ ജോലികളില്‍ എന്നതുകൊണ്ട് അവരെ സാര്‍, മേഡം എന്ന് വിളിച്ചുകൊണ്ടിരുന്ന വിളി തുടരുകയും ചെയ്യും.''

അതായത് സര്‍ക്കാര്‍ ജോലിയോ പദവിയോ ലഭിക്കുന്ന സന്ദര്‍ഭത്തില്‍ മാത്രമാണ് കീഴാളനു സാമൂഹിക അംഗീകാരം അവകാശപ്പെടാന്‍ സാധിക്കുന്നത്. ഒരു മേല്‍ജാതിക്കാരന്‍ ചരിത്രപരമായിത്തന്നെ തമ്പ്രാനും യജമാനനും സാറും ആണ്. സവര്‍ണ്ണനായി ജനിച്ചു എന്നതു കൊണ്ട് മാത്രം അവനു കിട്ടുന്ന സാമൂഹിക അംഗീകാരങ്ങള്‍ നിരവധിയാണ്. അത്തരം അംഗീകാരങ്ങളുടെ ഒരു ശതമാനമെങ്കിലും എത്തിപ്പിടിക്കാന്‍ ഒരു കീഴാളന് വിദ്യാഭ്യാസവും ജോലിയും നേടണം (അതില്‍പ്പോലും സംവരണക്കാരന്‍ എന്ന അവമതി വേറെ നേരിടണം, അതവിടെ നില്‍ക്കട്ടെ). അതിനുശേഷം മാത്രമാണ് അവനു പൊതുസമ്മതിയുള്ള ഒരു ഉപചാരം ലഭിക്കാന്‍ സാധിക്കുന്നത്. ആ അര്‍ത്ഥത്തില്‍ 'സര്‍' വിളി ഒരു കീഴ്ജാതിക്കാരനെ സംബന്ധിച്ച് ചരിത്രത്തില്‍ നടത്തുന്ന ഒരു തിരുത്തല്‍ കൂടിയാണ്. അവനെ ബഹുമാന്യനായ മനുഷ്യന്‍ ആക്കുന്ന ഒരു സംഗതി കൂടിയാണ് 'സര്‍' വിളി.

'ചേട്ടാ', 'ചേച്ചി' എന്നൊക്കെ വിളിക്കാനും ആ വിളി ആ രീതിയില്‍ എടുക്കാനും ശിശോമര്യ/അടുപ്പത്തിന്റെ ഒരു തലം അത്യാവശ്യമാണ്. അതില്ലാത്തവര്‍ക്കിടയില്‍ ആ വിളി മുഴച്ചു നില്‍ക്കും. ഒരു സര്‍ക്കാര്‍ ഓഫീസര്‍ക്കും പൗരനും ഇടയില്‍ ഉള്ള ബന്ധം കണിശമായും പ്രൊഫഷണല്‍ തലത്തില്‍ നിലനില്‍ക്കുന്നതാണ് ഉചിതവും. എന്നു മാത്രമല്ല, ഒരു പ്രൊഫഷണല്‍ ഔപചാരികതയുടെ ഇടത്തില്‍ അങ്ങനെ ഇല്ലാത്ത ഒരു അടുപ്പം കൃത്രിമമായി ഉണ്ടാക്കി എടുക്കേണ്ട കാര്യം ഉണ്ടോ? പ്രൊഫഷണല്‍ ഇടം അതിന്റെ ഔപചാരികതയോടെ നിലനില്‍ക്കുന്നതുതന്നെയല്ലേ നല്ലത്? അത്തരം ഔപചാരികത അനിവാര്യമായ തൊഴിലിടത്തിലും ഓഫീസിലും അതു പ്രകടിപ്പിക്കാന്‍ 'സര്‍' എന്ന പദത്തിനോളം ചേര്‍ന്ന വേറൊരു പദം കഷ്ടപ്പെട്ട് ഇനി കണ്ടുപിടിക്കേണ്ടതുണ്ടോ?

പരസ്പര ബഹുമാനം ഉറപ്പുവരുത്തുന്ന ഔപചാരിക അഭിസംബോധനയായി സര്‍/മാഡം എന്നിവ തുടരുന്നതുകൊണ്ട് വലിയ തെറ്റില്ല എന്നുതന്നെയാണ് തോന്നുന്നത്. പൗരന്‍ ഉദ്യോഗസ്ഥനേയും ഉദ്യോഗസ്ഥന്‍ തിരിച്ച് പൗരനേയും ഒരേപോലെ സര്‍ എന്നു വിളിക്കുന്ന രീതി പല ഓഫീസുകളിലും ഉണ്ട്. നീതിയും സ്വാതന്ത്ര്യവും തുല്യതയും സാഹോദര്യവും ഒരേപോലെ പുലരുന്ന പൂര്‍ണ്ണ വികാസമെത്തിയ ജനാധിപത്യ സമൂഹത്തിലേ 'തമ്പ്രാനും', 'അങ്ങുന്നിനും' പകരമുള്ള പരസ്പര ബഹുമാനം സ്ഫുരിക്കുന്ന അഭിസംബോധനാപദങ്ങള്‍ നിലവില്‍ വരൂ. സിംഹ വാലന്‍ മേനോന്‍ എന്ന സിനിമയിലെ മധു ചെയ്ത, മലയാള വാക്കുകള്‍ മാത്രം പ്രയോഗിക്കണമെന്നു പിടിവാശി കാണിക്കുന്ന കഥാപാത്രത്തെപ്പോലെ, 'ശ്രീമാന്‍', 'ശ്രീമതി' തുടങ്ങിയ അഭിസംബോധനകള്‍ കൊണ്ടൊന്നും ജനാധിപത്യത്തിലെ ഈ വിടവ് നികത്താന്‍ സാധിക്കില്ല. സാറിനും മാഡത്തിനും പകരം വര്‍ഗ്ഗ, വര്‍ണ്ണ, ജാതി പദവി നിരപേക്ഷമായ ഒരു അഭിസംബോധനാ പദം മലയാളത്തില്‍ ഇല്ല. എന്നു മാത്രമല്ല, സാറും മാഡവും ഒക്കെ പദവി സൂചിപ്പിക്കുന്ന മലയാളപദങ്ങള്‍ ആയിത്തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതും. ശരിക്കു പറഞ്ഞാല്‍ തനിക്കു മുന്നില്‍ വരുന്ന പൗരന്മാരെ തുല്യരായി കണക്കാക്കി തിരിച്ചും 'സര്‍' എന്നു വിളിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ ശീലമാക്കുന്നതാണ് ഈ കൊളോണിയല്‍ പാരമ്പര്യത്തേയും ജാതിയധിഷ്ഠിത സവര്‍ണ്ണ-അവര്‍ണ്ണ വിവേചനത്തേയും ഒരുമിച്ചു ഇല്ലാതാക്കാന്‍ നല്ലത്. ഏതെങ്കിലും ഒരുകൂട്ടര്‍ മാത്രം മുകളിലും ബാക്കിയുള്ളവര്‍ എല്ലാം താഴെയും എന്ന അവസ്ഥ ഇതുവഴി ഇല്ലാതാവും. 

വ്യക്തികള്‍ തമ്മിലുള്ള അഭിസംബോധനാ വാക്കുകള്‍ ആരും അടിച്ചേല്പിക്കാതെ തന്നെ കാലാന്തരേണ ഉപയോഗത്തിലൂടെ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ചരിത്രമൊക്കെ നമുക്കു മുന്നില്‍ ഉണ്ട്. ഭര്‍ത്താവിനെ പേരു ചൊല്ലി വിളിക്കുന്നത് വലിയ അപരാധമായും ആചാരലംഘനമായും ഒക്കെ കണക്കാക്കിയിരുന്ന അവസ്ഥ മാറിയത് ഉദാഹരണം. ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ സാമൂഹിക പദവികളുടെ അധികാരബന്ധത്തില്‍ വന്ന പുരോഗമനപരമായ മാറ്റം ആണ് ഭര്‍ത്താവിനെ വിളിച്ചിരുന്ന പേരായ 'കൊച്ചിന്റെ അച്ഛന്‍' മാറി 'ചേട്ടന്‍' ആയതിനും 'ചേട്ടന്‍' പോയി പകരം യഥാര്‍ത്ഥ പേരും 'ഡാ'യും ഒക്കെ ആയും പരിണമിച്ചതിനു കാരണം. ഈ മാറ്റങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ വഴി ഉണ്ടായതല്ല. ഇതേപോലെ സാറും മാഡവും ഒക്കെ പോയി 'ബ്രോ'യും (bro) ബഡിയും (buddy) 'സിസും' (sis) 'ഫ്രണ്ടും' (friend) ഡ്യുഡും (dude) ഒക്കെ അഭിസംബോധനാ വാക്കുകള്‍ ആയി സ്വാഭാവികമായി വരുമായിരിക്കും. വ്യക്തികള്‍ തമ്മിലുള്ള അധികാരബന്ധത്തിലെ വിവേചനങ്ങള്‍ ഇല്ലാതാവുക എന്നതാണ് പ്രധാനം. അധികാരിയും പ്രജയും തമ്മിലുള്ള വേര്‍തിരിവുകള്‍ ഇല്ലാതാക്കി പ്രജയെ പൗരന്‍ ആക്കാനുള്ള നീക്കമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്. തുല്യതയോ സാഹോദര്യമോ സര്‍ക്കാര്‍ ഉത്തരവ് വഴി അടിച്ചേല്പിക്കാന്‍ സാധിക്കുന്ന ഒന്നല്ല. സംവരണം മൂലം കീഴ്ജാതിക്കാരനു സ്‌കൂളിലും കോളേജിലും സര്‍ക്കാര്‍ ഓഫീസിലും അവസരം നേടാന്‍ സാധിച്ചു എന്നു വരാം. പക്ഷേ, തുല്യ മനുഷ്യനായി പരിഗണിക്കപ്പെടാന്‍ ഇതുവരെ സാധിച്ചിട്ടില്ല അവന്. സാഹോദര്യം പുലര്‍ന്നാലേ അതു സാധ്യമാകൂ. സര്‍ വിളിയിലേക്കും കൊളോണിയല്‍ പാരമ്പര്യത്തിലേക്കും ചര്‍ച്ചകള്‍ ചുരുങ്ങുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തമസ്‌കരിക്കപ്പെടുന്നത് നമ്മുടെ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇപ്പോളും അഭംഗുരം തുടരുന്ന ജാതിയുടേയും സവര്‍ണ്ണ കോയ്മയുടേയും പ്രശ്‌നങ്ങള്‍ ആണ്. ബ്രിട്ടീഷുകാര്‍ വരുന്നതിനു നൂറ്റാണ്ടുകള്‍ മുന്നേ നിലനിന്നിരുന്നതും ഇപ്പോളും തുടരുന്നതുമായ ജാതിവഴക്കങ്ങള്‍ അവസാനിപ്പിച്ചിട്ടു പോരെ 'സര്‍' വിളിക്കു പകരം മലയാളം വാക്ക് അന്വേഷിക്കല്‍?
...........................................................................................................

റഫറന്‍സ്:
Ambedkar B.R. 2014 Annihilation of Caste. Navayana.
ഭാസ്‌കരനുണ്ണി പി. 2012, 19-ാം നൂറ്റാണ്ടിലെ കേരളം. 
കേരള സാഹിത്യ അക്കാദമി.
ഗിരീഷ് പി.എം. 2008. കേരളത്തിലെ ആചാര ഭാഷ. 
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com