വേൾഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ
വേൾഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

9/11 ആക്രമണത്തിന് ഇരുപതാണ്ട്; പരാജയപ്പെട്ട ഭീകരവിരുദ്ധ യുദ്ധങ്ങള്‍

അമേരിക്കന്‍ നഗരങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന നാലു വിമാനങ്ങള്‍ വിദേശികളായ അക്രമികള്‍ ഒരേസമയം റാഞ്ചി

ആക്രമണം നടന്നത് അമേരിക്കന്‍ മണ്ണിലാണ്. എന്നാല്‍ ഇത് പരിഷ്‌കൃതമായ ലോകത്തിന്റെ ഹൃദയത്തേയും ആത്മാവിനേയുമാണ് മുറിവേല്‍പ്പിച്ചത്. വ്യത്യസ്തവും നൂതനവുമായ ഒരു യുദ്ധത്തിനു ലോകം അണിനിരക്കണം.

11-10-2001

ജോര്‍ജ് ഡബ്ല്യു ബുഷ്
(യു.എസ് പ്രസിഡന്റ്)

രുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് സെപ്റ്റംബറിലെ ഒരു ചൊവ്വാഴ്ച. അമേരിക്കന്‍ നഗരങ്ങളില്‍ നിന്ന് പറന്നുയര്‍ന്ന നാലു വിമാനങ്ങള്‍ വിദേശികളായ അക്രമികള്‍ ഒരേസമയം റാഞ്ചി. എണ്ണത്തില്‍ കൂടുതലൊന്നുമില്ലായിരുന്നു അവര്‍. മൂന്നോ നാലോ പേരടങ്ങുന്ന നാലു സംഘങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ റാഞ്ചിയ രണ്ടു വിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളില്‍ ഏഴു മിനിട്ട് മാത്രം വ്യത്യാസത്തില്‍ ഇടിച്ചിറങ്ങി. 110 നിലകളുള്ള ആ കെട്ടിടങ്ങള്‍ നിലം പറ്റാന്‍ തികച്ചു രണ്ട് മണിക്കൂര്‍ വേണ്ടിവന്നില്ല. പുകപടലം കൊണ്ട് ന്യൂയോര്‍ക്ക് നഗരം നിറഞ്ഞു. ശ്വാസം കിട്ടാതെ ജനം പരിഭ്രാന്തരായി. 9.37ന് മൂന്നാമത്തെ വിമാനം യു.എസ് സൈന്യത്തിന്റെ ആസ്ഥാനമായ പെന്റഗണിനു പടിഞ്ഞാറ് വശത്ത് ഇടിച്ചിറങ്ങി. നാലാമത്തെ വിമാനം 10.03-ന് പെന്‍സില്‍വാനിയയിലെ പാടത്ത് തകര്‍ന്നുവീണു. വാഷിങ്ടണ്‍ ഡിസിയിലെ ക്യാപ്പിറ്റോള്‍ ബില്‍ഡിങ് ആക്രമിക്കാന്‍ ലക്ഷ്യംവച്ചാണ് ഈ വിമാനം നീങ്ങിയതെന്നാണ് ഇപ്പോഴും കരുതപ്പെടുന്നത്.

2977 പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഭൂരിഭാഗവും ന്യൂയോര്‍ക്ക് നഗരവാസികള്‍. നാലു വിമാനങ്ങളിലെ 246 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു. ഇരട്ടഗോപുരത്തിലുണ്ടായിരുന്ന 2606 പേരാണ് കൊല്ലപ്പെട്ടത്. പെന്റഗണില്‍ കൊല്ലപ്പെട്ടത് 125 പേര്‍. രണ്ടുവയസ്സുകാരിയായ ക്രിസ്റ്റീന്‍ ലീ ഹാന്‍സനാണ് കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞത്. ക്രീസ്റ്റീന്റെ അച്ഛന്‍ പീറ്ററും അമ്മ സ്യൂം വിമാനത്തിലെ യാത്രികരായിരുന്നു. 82 വയസ്സുള്ള റോബര്‍ട്ട് നോര്‍ട്ടണാണ് ഏറ്റവും പ്രായമേറിയ ആള്‍. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭാര്യ ജാക്വിലിനുമായി പോകുകയായിരുന്നു റോബര്‍ട്ട്. വിമാനം ഇടിച്ചിറങ്ങുമ്പോള്‍ ഇരട്ടഗോപുരങ്ങളിലുണ്ടായിരുന്നത് 17,400 പേര്‍. 77 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. ബിന്‍ ലാദന്‍ നേതൃത്വം നല്‍കുന്ന ഇസ്ലാമിക ഭീകരസംഘടനയായ അല്‍-ഖ്വയ്ദയാണ് അക്രമത്തിനു പിന്നിലെന്നാണ് അമേരിക്ക ആദ്യം മുതല്‍ക്കേ പറഞ്ഞുകൊണ്ടിരുന്നത്. 

19 പേരടങ്ങുന്ന സംഘമായിരുന്നു റാഞ്ചലിനു പിന്നില്‍. അഞ്ച് പേരുള്ള മൂന്നു സംഘങ്ങള്‍. ശേഷിക്കുന്നവര്‍ ഒരു സംഘവും. ഈ സംഘങ്ങളിലെ ഒരാള്‍ക്ക് വിമാനം പറത്താനുള്ള പരിശീലനവും കിട്ടി. 15 പേര്‍ സൗദി പൗരന്മാരായിരുന്നു. രണ്ട് പേര്‍ യു.എ.ഇ രാജ്യക്കാര്‍. ഒരു ഈജിപ്റ്റ് പൗരനും ലെബനന്‍ പൗരനും റാഞ്ചികളുടെ കൂട്ടത്തിലുണ്ടായിരുന്നു. 

ജോർജ് ബുഷ്
ജോർജ് ബുഷ്

സാമ്പത്തിക-സൈനികലോകത്തെ അജയ്യതയുടെ പര്യായങ്ങളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും. ഇതാദ്യമായിരുന്നില്ല വേള്‍ഡ് ട്രേഡ് സെന്ററിനു നേരേ ഭീകരാക്രമണങ്ങള്‍. 1993-ല്‍ ഒരു കാര്‍ബോംബ് സ്ഫോടനമുണ്ടായി. ഏഴു നിലകളാണ് അന്ന് തകര്‍ന്നുവീണത്. കൊല്ലപ്പെട്ടത് ആറു പേര്‍. പിന്നീടങ്ങോട്ട് ചില വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ അമേരിക്കയില്‍ ഭീകരാക്രമണങ്ങളുണ്ടായി. 1998-ല്‍ യു.എസിലെ കെനിയന്‍, താന്‍സാനിയന്‍ എംബസികള്‍ക്കു നേരേ ആക്രമണം നടന്നു. 2000-ത്തിലും ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍, വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനകളായി അതിനെ കാണാന്‍ അമേരിക്കന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല. റാഞ്ചിയ വിമാനങ്ങള്‍ ഇടിച്ചിറക്കിയ ഇരട്ടഗോപുരങ്ങള്‍ നിലംപറ്റുമ്പോള്‍ അതൊരു തുടക്കമായിരുന്നു. ആക്രമണംനടന്നുകഴിഞ്ഞ് ഒരു മാസത്തിനകം പ്രസിഡന്റ് ജോര്‍ജ് ബുഷ് ഭീകരതയ്ക്കെതിരേയുള്ള യുദ്ധം പ്രഖ്യാപിച്ചു. ഒരിക്കല്‍ തങ്ങള്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും അകമഴിഞ്ഞ് സഹായിക്കുകയും ചെയ്ത അല്‍-ഖ്വയ്ദയും ബിന്‍ലാദനും ലോകഭീകരരായി അറിയപ്പെട്ടു. ഇതിനു പിന്നാലെ 2001-ല്‍ അഫ്ഗാന്‍ അധിനിവേശവും 2003-ല്‍ ഇറാഖ് അധിനിവേശവും നടന്നു. 250 ലക്ഷം ഡോളറാണ് ബിന്‍ലാദന്റെ തലയ്ക്ക് അമേരിക്ക വിലയിട്ടത്. പത്തുവര്‍ഷം കഴിഞ്ഞാണ് പാകിസ്താനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിന്‍ലാദനെ അമേരിക്കന്‍ കമാന്‍ഡോകള്‍ കണ്ടെത്തുന്നതും വധിക്കുന്നതും.  

ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദ് 2003-ല്‍ പാകിസ്താനില്‍ അറസ്റ്റിലായി. ഗ്വാണ്ടനോമോ തടവറയിലായിരുന്ന ഖാലിദിനെ ഇതുവരെ വിചാരണ ചെയ്തിട്ടില്ല. അല്‍-ഖ്വയ്ദയാകട്ടെ, ഇപ്പോഴും നിലനില്‍ക്കുന്നു. ആഫ്രിക്കയിലെ സഹാറന്‍ പ്രദേശങ്ങളില്‍ മുന്‍പത്തേക്കാള്‍ ശക്തിയോടെ അല്‍-ഖ്വയ്ദ ഇന്നുണ്ട്. രണ്ടു ദശാബ്ദത്തിനു ശേഷം ഭീകരതയ്ക്കെതിരേയുള്ള യുദ്ധം അവസാനിപ്പിക്കുമ്പോള്‍ അഫ്ഗാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഈ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ സജീവമാകുമെന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബര്‍ ആക്രമണങ്ങളെക്കുറിച്ച് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പശ്ചിമേഷ്യയില്‍ അധിനിവേശം നടത്താനായി അമേരിക്ക തന്നെ സൃഷ്ടിച്ചതാണ് ഇതെന്നാണ് അതിലൊന്ന്. ഒപ്പം ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളിലും അമേരിക്കന്‍ ഇടപെടലുണ്ടായി. 

ഗൂഢാലോചനകള്‍ അധിനിവേശത്തിന്

അഞ്ചു വര്‍ഷത്തെ താലിബാന്‍ ഭരണംകൊണ്ട് നാശോന്മുഖമായ അഫ്ഗാനിലാണ് 2001-ല്‍ അമേരിക്ക ആക്രമണം തുടങ്ങുന്നത്. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ടൈഫോയ്ഡും കോളറയും വ്യാപകമായി പടരുമ്പോഴാണ് അമേരിക്കന്‍ വിമാനങ്ങള്‍ 18,000 ബോംബുകള്‍ വര്‍ഷിച്ചത്. മൂന്നു വര്‍ഷത്തെ വരള്‍ച്ചകൊണ്ട് വിണ്ടുകീറിയ നിലങ്ങളാണ് ശവപ്പറമ്പായത്. മാനുഷികദുരന്തമെന്നാണ് യു.എന്‍ ഹൈക്കമ്മിഷണറായ റൗഡ് ലൂബര്‍ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. ആ വര്‍ഷം അവസാനം താലിബാന്‍ വീഴുമ്പോള്‍ അഫ്ഗാനിലെ മനുഷ്യരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 43 വയസ്സായിരുന്നു. ഇറാഖ് ഇന്റലിജന്‍സ് സര്‍വ്വീസും അല്‍-ഖ്വയ്ദയും പരസ്പര ബന്ധിതമാണെന്ന് ആരോപിച്ചാണ് ഇറാഖില്‍ അമേരിക്ക ആക്രമണം നടത്തിയത്. മാനവരാശിയെ ഉന്മൂലനം ചെയ്യാനുള്ള ആയുധങ്ങള്‍ ഇറാഖിന്റെ കൈവശമുണ്ടെന്നായിരുന്നു അമേരിക്കയുടെ ആരോപണം. എന്നാല്‍, പിന്നീട് ഈ വാദം തെറ്റാണെന്നു തെളിഞ്ഞു.

എന്നാല്‍, ഈ അധിനിവേശ യുദ്ധങ്ങളുടെ ആത്യന്തിക ഫലം എന്താണ്? 20 വര്‍ഷത്തെ സുദീര്‍ഘമായ അഫ്ഗാന്‍ യുദ്ധം അവസാനിച്ചെങ്കിലും അത് മറവിയിലേക്കു മാറാത്ത ദുരന്തപര്യവസായിയായി നിലനില്‍ക്കുന്നു. യു.എസ് പിന്‍മാറ്റത്തിന്റെ അവസാന നാളുകളില്‍ ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരും വിദേശികളും നാടുവിട്ട് പോകാനുള്ള പരക്കം പാച്ചിലിലായിരുന്നു. അവസാന പതിനെട്ട് ദിവസത്തിനുള്ളില്‍ ചരക്കുവിമാനങ്ങളില്‍ രക്ഷപ്പെട്ടത് ഒന്നേകാല്‍ ലക്ഷം പേരാണ്. ഇത്രയും തിടുക്കത്തിലുള്ള ഒഴിപ്പിക്കല്‍ ചരിത്രത്തിലുണ്ടായിട്ടില്ലത്രെ. അഫ്ഗാനില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. യുദ്ധംകൊണ്ട് ഒരു രാജ്യവും പുനര്‍നിര്‍മ്മിക്കാനാവില്ലെന്നാണ് ജോ ബൈഡന്‍ ഒടുവില്‍ പറഞ്ഞത്. അഫ്ഗാനിലെ പിന്‍മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ബൈഡന്റെ ഈ മറുപടി.

ഒസാമ ബിൻ ലാദൻ 
ഒസാമ ബിൻ ലാദൻ 

അഫ്ഗാന്റെ ദേശീയ പുനര്‍നിര്‍മ്മാണം ഒരിക്കലും അര്‍ത്ഥമുള്ള ഒന്നായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സേനാ പിന്മാറ്റവും നയവ്യതിയാനവും അഫ്ഗാനില്‍ മാത്രമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അധിനിവേശ യുദ്ധങ്ങളിലൂടെ നഷ്ടമല്ലാതെ നേട്ടങ്ങളുണ്ടായിട്ടില്ലെന്ന തിരിച്ചറിവുണ്ടായിട്ടുണ്ടാകണം.

 ഭീകരതയ്ക്കെതിരേയുള്ള യുദ്ധം ഒരര്‍ത്ഥത്തില്‍ കൂടുതല്‍ ഭീകരരെ സൃഷ്ടിക്കുകയാണുണ്ടായത്. അഫ്ഗാനില്‍ താലിബാനേയും അല്‍-ഖ്വയ്ദയേയും പ്രോത്സാഹിപ്പിച്ചതുപോലെ അമേരിക്കയുടെ മറ്റൊരു ഉല്പന്നമാണ് ഐ.എസ്. സദ്ദാം ഹുസൈന്റെ പതനശേഷമാണ് ഇറാഖില്‍ ഐ.എസ് ആധിപത്യം നേടിയത്. പശ്ചിമേഷ്യയിലെ സിറിയയിലും ഇറാഖിലും ഈ ഐ.എസിനെ ചെറുത്തുതോല്‍പ്പിച്ചെന്നായിരുന്നു യു.എസിന്റെ അവകാശവാദം. എന്നാല്‍, അല്‍-ഖ്വയ്ദയേക്കാള്‍ തീവ്രതയേറിയ ഭീകരസംഘമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊസാന്‍ കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയിരുന്നു. 13 യു.എസ് മറീനുകളാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. താലിബാനും ഇവരുടെ ശത്രുക്കളാണ്. കാബൂളില്‍ കഴിഞ്ഞ മേയില്‍ 68 വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ സ്‌കൂള്‍ ബോംബ് സ്ഫോടനം നടത്തിയതും ഈ ഐ.എസ് ഖൊറസാനാണ്. ജൂണില്‍ ബ്രിട്ടീഷ്-യു.എസ് സംയുക്ത സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരേ നടന്ന ആക്രമണത്തില്‍ 10 പേര്‍ മരിച്ചിരുന്നു. 

പിന്മാറ്റവും പുതിയ ഭീകരശക്തികളും

ഐ.എസ് ഖൊറസാനെതിരേ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അഫ്ഗാനില്‍ മാത്രമല്ല, ലോകമെമ്പാടും ഈ സംഘത്തിനെതിരേയുള്ള പോരാട്ടം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കാബൂള്‍ വിമാനത്താവളത്തിലെ സ്ഫോടനത്തിനു ശേഷം അമേരിക്ക ഐ.എസിനെതിരെ വന്‍തോതില്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതില്‍ ഐസിസ് ഖൊറസാന്റെ രണ്ട് മുന്‍നിര നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു. അഫ്ഗാനില്‍നിന്ന് സൈനിക പിന്‍മാറ്റം പൂര്‍ണ്ണമായിട്ടുണ്ടെങ്കിലും ഐ.എസ് ഖൊറസാന്‍ ശക്തിയാര്‍ജ്ജിച്ച സ്ഥലങ്ങളില്‍ അക്രമണങ്ങള്‍ തുടരാനാണ് പദ്ധതി. ഇപ്പോള്‍ താലിബാന് ആധിപത്യമുണ്ടെങ്കിലും 2000 ഐ.എസ് ഭീകരര്‍ അഫ്ഗാനിലുണ്ടെന്നാണു കണക്ക്. നൂറിസ്ഥാന്‍, ബാഡ്ഗിസ്, സാരി പല്‍, ബാഗ് ലാന്‍, കുണ്ടൂസ് എന്നിവിടങ്ങളിലും തലസ്ഥാനമായ കാബൂളിലും ഐ.എസിന്റെ ഒളിസംഘങ്ങള്‍ സജീവമാണ്. അയല്‍രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാനിലും താജക്കിസ്ഥാനിലുമൊക്കെയുള്ള ഭീകരസംഘടനകള്‍ ഇവര്‍ക്ക് സഹായവും ചെയ്യുന്നു.

ഒരു ഭീകരസംഘത്തിനു പിന്നാലെ കൂടുതല്‍ തീവ്രമായ അടുത്തത് രൂപംകൊള്ളുന്നുവെന്ന് അര്‍ത്ഥം. പൂര്‍ണ്ണമായി തുടച്ചുനീക്കാനാവാത്ത ഒന്നാണ് ഭീകര പോരാട്ടങ്ങളെന്നതാണ് യഥാര്‍ത്ഥ്യം. അതിനു യുദ്ധങ്ങളല്ല, നയങ്ങളാണ് വേണ്ടത്. ഇറാഖിലും നടന്നത് സമാനരീതിയിലാണ്. സദ്ദാം ഹുസൈന്റെ പതനശേഷം ഇറാഖില്‍ ആധിപത്യം നേടിയ ഐ.എസ് അമേരിക്കയ്ക്ക് നേരെ തിരിഞ്ഞു. ഒര്‍ലന്‍ഡോ, സെന്റ് ബെര്‍ണാഡിനോ ആക്രമണങ്ങളുണ്ടായി. ഈ സംഘങ്ങള്‍ക്കെല്ലാം ആയുധവും സഹായവും നല്‍കി വളര്‍ത്തിയതും അമേരിക്ക തന്നെയായിരുന്നു.

തങ്ങളുടെ ശക്തമായ സുരക്ഷാവലയത്തിനുള്ളില്‍ ഭീകരാക്രമണം ഉണ്ടായതെന്തുകൊണ്ട് എന്നുള്ള ഗൗരവപൂര്‍ണ്ണമായ അന്വേഷണങ്ങളൊന്നും നാളിതുവരെ അമേരിക്കന്‍ ഭരണകൂടവും സുരക്ഷാ നയതന്ത്ര വിദഗ്ദ്ധരും നടത്തിയതായി തെളിവില്ല; തീര്‍ത്തും അടിസ്ഥാനമില്ലാത്ത തങ്ങളുടെ ഏകപക്ഷീയമായ ബോധ്യങ്ങളുടേയും ഭാവനയുടേയും വിചിത്രയുക്തികളുപയോഗിച്ചു കൊണ്ടാണ് ഭീകരതയ്ക്കെതിരേയുള്ള യുദ്ധം തുടങ്ങിവച്ചത്. 20 വര്‍ഷങ്ങള്‍ക്കിപ്പുറം അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് അഫ്ഗാനിലേയും ഇറാഖിലേയും ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ സാമാന്യ ജനങ്ങളും.  

ഇരട്ട ​ഗോപുരത്തിൽ വിമാനങ്ങൾ ഇടിച്ചു കയറിയപ്പോൾ
ഇരട്ട ​ഗോപുരത്തിൽ വിമാനങ്ങൾ ഇടിച്ചു കയറിയപ്പോൾ

വ്യാപകമായി ഇസ്ലാമോഫോബിയ

സെപ്റ്റംബര്‍ ആക്രമണത്തിനു ശേഷം സംശയദൃഷ്ടിയോടെയാണ് മുസ്ലീം സമൂഹം വീക്ഷിക്കപ്പെട്ടത്. വിമാനത്താവളങ്ങളില്‍ ഇവരെ മാറ്റിനിര്‍ത്തി പരിശോധിച്ചു തുടങ്ങി. അമേരിക്കന്‍ കലാലയങ്ങളില്‍ അറബ് വിദ്യാര്‍ത്ഥികള്‍ക്കു പഠനാവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. സംശയത്തിന്റെ ദൃഷ്ടികള്‍ സദാ അവരെ പിന്തുടര്‍ന്നു. ഹോളിവുഡ് സിനിമകളിലെ മുസ്ലിം പ്രതിനിധാനം പോലും നിഷേധിക്കപ്പെട്ടു.  തീവ്രവാദം വളര്‍ത്തുന്ന ഇടങ്ങളാണ് മുസ്ലിം ആരാധനാലയങ്ങളെന്ന പ്രചാരണമുണ്ടായി. അതിന്റെ പേരില്‍ ഇവയ്ക്കു നേരേയും അതിക്രമങ്ങള്‍ നടന്നു. ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ട്രംപ് ഭരണകൂടം വിസ നിഷേധിച്ചു. എന്നാല്‍, 2001 മുതല്‍ അമേരിക്കയിലുണ്ടായ ആക്രമണങ്ങള്‍ പരിശോധിച്ചാല്‍ ഇസ്ലാമിസ്റ്റ് ഭീകരാക്രമണങ്ങള്‍ കുറവാണ്. ഗ്ലോബല്‍ ടെററിസം ഡാറ്റാബേസിന്റേയും എഫ്.ബി.ഐയുടേയും മറ്റും കണക്കുകള്‍ പ്രകാരം ട്രംപ് വിലക്കേര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ആക്രമണങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com