വംശനാശത്തിന്റെ വഴിത്താരകള്‍

മനുഷ്യന്‍ സ്വയം തിരി കൊളുത്തിയ ആറാം വംശനാശത്തിന്റെ കാഴ്ചക്കാരന്‍ മാത്രമല്ല അതിന്റെ ഇര കൂടിയാണ്. ഈ തിരിച്ചറിവ് വൈകിയാണെങ്കിലും മനുഷ്യനെ വിവേകത്തിന്റെ വഴിയില്‍ കുറച്ചെങ്കിലും എത്തിച്ചിട്ടുണ്ട് 
ഓസ്ട്രേലിയയിലെ സ്ട്രെസ്ലെക്കി മരുഭൂമിയിൽ നിന്നുള്ള ദൃശ്യം. ഈ വൻകരയിലെ ഏറ്റവും വലിയ ഏഴാമത്തെ മരുഭൂമിയാണ് ഇത്
ഓസ്ട്രേലിയയിലെ സ്ട്രെസ്ലെക്കി മരുഭൂമിയിൽ നിന്നുള്ള ദൃശ്യം. ഈ വൻകരയിലെ ഏറ്റവും വലിയ ഏഴാമത്തെ മരുഭൂമിയാണ് ഇത്

1
കാള്‍ ലിനേയസ് 1758-ല്‍ ആണ് ജീവജാലങ്ങളെ ശാസ്ത്രീയമായി നാമകരണം ചെയ്യുന്നതിന് അടിസ്ഥാനമിട്ട സിസ്റ്റമ നാച്യൂറ പ്രസിദ്ധീകരിക്കുന്നത്. അദ്ദേഹത്തിനു പരിചയമുള്ള ജീവജാലങ്ങള്‍ സ്വാഭാവികമായും പരിമിതമായിരുന്നെങ്കിലും അതില്‍ വംശനാശം സംഭവിച്ച ഒരു ജീവിയുടെ പേരുപോലും ഉണ്ടായിരുന്നില്ല. ഭൂമിയില്‍ അന്യംനിന്നുപോയ അനേകകോടി ജീവികളുണ്ടെന്നോ വംശനാശം എന്ന പ്രക്രിയയെപ്പറ്റിയോ അക്കാലത്ത് മനുഷ്യന്‍ തീര്‍ത്തും അജ്ഞനായിരുന്നു. വിചിത്രവും അപരിചിതവുമായ ജീവികളുടെ പല്ലുകളും എല്ലുകളുമൊക്കെ, യൂറോപ്പിലെ ശാസ്ത്രകുതുകികളുടെ ശേഖരങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും അവ എന്നോ അന്യംനിന്നുപോയ ജീവികളുടേതാകാം എന്ന ഊഹംപോലും ആര്‍ക്കും ഉണ്ടായില്ല. എല്ലാം ദൈവസൃഷ്ടി മാത്രമായി കരുതപ്പെട്ട കാലത്ത്, ദൈവം ജന്മംനല്‍കിയ ജീവികള്‍ വംശനാശത്തിനു വിധേയമാകുമെന്ന ചിന്ത അപ്രസക്തവും ഒരുപക്ഷേ ദൈവനിന്ദയുമായിരുന്നു. മാമത്തിന്റെ ശരീരഭാഗങ്ങള്‍ ആനകളില്ലാത്ത സൈബീരിയയില്‍നിന്നും കണ്ടുകിട്ടിയപ്പോള്‍ അതിന്റെ വിശദീകരണത്തിന് ബൈബിള്‍ കഥയായിരുന്നു ശരണം. അവ ഉല്‍പ്പത്തി പുസ്തകത്തിലെ മഹാപ്രളയത്തില്‍ സൈബീരിയയിലേയ്ക്ക് ഒഴുകിയെത്തിയ ആനകളുടെ അവശിഷ്ടങ്ങള്‍ ആണെന്നായിരുന്നു ശാസ്ത്രലോകത്തിന്റേയും വിശ്വാസം. എന്നാല്‍, വംശനാശം എന്ന ആശയം രൂപപ്പെടാന്‍ നിമിത്തമായത് മാമത്തല്ലെങ്കിലും ആന വര്‍ഗ്ഗത്തില്‍പ്പെട്ട, മണ്‍മറഞ്ഞ, മറ്റൊരു ജീവിയാണ്. 

2
പതിനെട്ടാം നൂറ്റാണ്ടില്‍ അമേരിക്കന്‍ വന്‍കര യൂറോപ്യന്മാരുടെ വെട്ടിപ്പിടിക്കലിന്റെ കാലമായിരുന്നു. ഒരു പര്യവേക്ഷണ സംഘത്തിന് ന്യൂയോര്‍ക്കിനു സമീപത്തു നിന്നാണ് രണ്ട് കിലോയിലധികമുള്ള ഭീമാകാരമായ ഒരു അണപ്പല്ല് ലഭിക്കുന്നത്. ആനയുടേതുപോലെ വലിപ്പമുള്ള പല്ലും എല്ലും അമേരിക്കയില്‍ പലയിടത്തു നിന്നും പിന്നെയും ലഭിക്കുകയുണ്ടായി. എന്നാല്‍, ആന പോയിട്ട് കാട്ടുപോത്തിനേക്കാള്‍ വലിപ്പമുള്ള ഒരു ജീവിയെ അമേരിക്കന്‍ വന്‍കരയില്‍ ആരും കണ്ടിട്ടുമില്ല. അവസാനം ഈ അജ്ഞാതജീവിയുടെ പുറകിലുള്ള നിഗൂഢതയുടെ മറനീക്കിയത് ജോര്‍ജ് കുവിയേ (Georges Cuvier) എന്ന വിഖ്യാത ഫ്രെഞ്ച് പ്രകൃതി ശാസ്ത്രജ്ഞനാണ്. ശ്രീലങ്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നും ലഭിച്ച അണപ്പല്ലുകളുടെ രൂപഘടനയില്‍നിന്നും ആഫ്രിക്കന്‍ ആനയും ഏഷ്യന്‍ ആനയും രണ്ട് സ്പീഷീസുകളാണെന്ന് കുവിയേ സമര്‍ത്ഥിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍നിന്നും ലഭിച്ച പല്ലുകള്‍ ആന വര്‍ഗ്ഗത്തില്‍പ്പെട്ട എന്നാല്‍, മനുഷ്യന് അജ്ഞാതമായ മറ്റൊരു മൃഗത്തിന്റേതാണെന്നും അദ്ദേഹം വാദിച്ചു. ആകൃതിയില്‍ സ്തനസമമായ പല്ലില്‍നിന്നും അതിന് മസ്റ്റഡോണ്‍ എന്ന പേരു ലഭിച്ചു. അതിനുശേഷം മനുഷ്യന്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കൂടുതല്‍ കൂടുതല്‍ ജീവികളുടെ ഫോസില്‍ തെളിവുകള്‍ ലഭിക്കുകയുണ്ടായി. ഈ ജീവികളൊക്കെ ഇന്നില്ലാത്ത സ്പീഷീസുകളില്‍ പെട്ടതാണെങ്കിലും ഇന്നുള്ള മറ്റു ജീവികളുമായി അവയ്ക്കു ബന്ധമുണ്ടെന്നും തെളിഞ്ഞു. അങ്ങനെ ജീവികളുടെ വംശനാശമെന്ന ആശയത്തിനു ശാസ്ത്ര സ്വീകാര്യതയായി. മനുഷ്യന്റെ പഴംപുരാണങ്ങളിലോ സങ്കല്പങ്ങളിലോ ഇല്ലാത്ത, എണ്ണമില്ലാത്ത ജീവികള്‍, കോടിക്കണക്കിനു വര്‍ഷം, ഭൂമുഖത്ത് വിഹരിച്ചിരുന്നതിന്റെ ചിത്രം അനാവരണം ചെയ്യപ്പെട്ടു. എന്നിരുന്നാലും അവയെല്ലാം എങ്ങനെ അപ്രത്യക്ഷമായി എന്നുള്ളത് പിന്നെയും ഒരു നൂറ്റാണ്ട് പ്രഹേളികയായി തുടര്‍ന്നു. 

കാൾ ലിനിയസ്
കാൾ ലിനിയസ്

3
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ചാള്‍സ് ഡാര്‍വിന്റേയും ആല്‍ഫ്രഡ് വാലസിന്റേയും നിരീക്ഷണങ്ങളാണ് പുതിയ ജീവവര്‍ഗ്ഗങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് മനുഷ്യര്‍ക്ക് അറിവ് നല്‍കുന്നത്. വിപ്ലവാത്മകമായ പരിണാമസിദ്ധാന്തം രൂപപ്പെടുത്തുമ്പോള്‍ പുതിയ സ്പീഷീസുകള്‍ ഉരുത്തിരിയുന്നതിനോടൊപ്പം പഴയവ മണ്‍മറയുന്നുവെന്ന വസ്തുതയും ഡാര്‍വിനു ബോദ്ധ്യം വന്നു. എങ്കിലും ജീവികളുടെ വംശനാശം എങ്ങനെ സംഭവിക്കുന്നു എന്നതിന് ഉത്തരം നല്‍കാന്‍ ഡാര്‍വിനും കഴിഞ്ഞില്ല. പക്ഷേ, അതിലേയ്ക്കു വിരല്‍ചൂണ്ടുന്ന ചില പ്രതിഭാസങ്ങള്‍ തെക്കേ അമേരിക്കന്‍ തീരത്തും ഗാലപ്പഗോസ് ദ്വീപുകളിലും ഡാര്‍വിന്റെ ശ്രദ്ധയില്‍പ്പെട്ടു. ജീവവര്‍ഗ്ഗങ്ങള്‍ക്ക് ഉല്പത്തിയും വംശനാശവും ഉണ്ടാകുന്നതുപോലെ ഭൗമോപരിതലവും കാലാകാലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. പിന്നീട് പല ഭൗമശാസ്ത്രകാരന്മാരും പുതിയ കരകളും പര്‍വ്വതങ്ങളും നദികളുമൊക്ക രൂപപ്പെടുന്നതിന്റേയും പഴയവ ഇല്ലാതാകുന്നതിന്റേയും തെളിവുകള്‍ കണ്ടെത്തി. എങ്കിലും ഡാര്‍വിന്റെ മരണശേഷം ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞ് ഒരു ഭൗമശാസ്ത്രപഠനത്തിനടിയിലെ ആകസ്മിക കണ്ടെത്തലാണ് വംശനാശത്തിന്റെ ചുരുളുകള്‍ നിവര്‍ത്താന്‍ തുണയായത്. 

4
ഇറ്റലിയുടെ തെക്ക് വടക്ക് നെടുകെ കിടക്കുന്ന അപനയന്‍സ് പര്‍വ്വതനിരകളുടെ രൂപപ്പെടലിനെക്കുറിച്ചു പഠിക്കാനാണ് വാള്‍ട്ടര്‍ ആല്‍വാരെസ് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ എഴുപതുകളില്‍ ഗബ്ബിയോ എന്ന പുരാതന പട്ടണത്തില്‍ എത്തുന്നത്. അപനയന്‍സ് ഹിമാലയ പര്‍വ്വതംപോലെ ഭൂഖണ്ഡപാളികളുടെ പരസ്പര സമ്മര്‍ദ്ദത്തിന്റെ ഫലമായി ഭൗമോപരിതലത്തില്‍ വലിയ മടക്കുകളായി ഉണ്ടായതാണ്. ഗബ്ബിയോ പട്ടണത്തിനു സമീപമുള്ള മലയിടുക്കുകള്‍ അഡ്രിയാറ്റിക് കടലില്‍നിന്ന് ഉയര്‍ന്നുവന്ന ഭാഗങ്ങളാണ്. കാല്‍സ്യകവചങ്ങളുള്ള സമുദ്രജീവികളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ കടല്‍ത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്നതിനാല്‍ ഈ മലയിടുക്കുകള്‍ സ്വാഭാവികമായും ചുണ്ണാമ്പു കല്ലുകൊണ്ടാണ് ഉണ്ടായിരിക്കുന്നത്. ഓരോ കാലത്ത് രൂപംകൊണ്ട ചുണ്ണാമ്പു കല്ലുകള്‍ വ്യത്യസ്ത അടരുകളായാണ് കാണപ്പെടുന്നത്. 'ഫോറമിനിഫെറ' എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ അവശിഷ്ടങ്ങളാല്‍ ഈ ശിലാപാളികള്‍ സമ്പന്നമാണ്. കാര്‍ബണ്‍ ഡേറ്റിങ് വഴി ഫോറമിനിഫെറയുടെ കാലം നിര്‍ണ്ണയിക്കാന്‍ കഴിയുമെന്നതിനാല്‍ അതുവഴി ചുണ്ണാമ്പുശിലകളുടെ കാലഗണന സാധ്യമാണ്. അതില്‍നിന്നാണ് ശാസ്ത്രലോകത്തെ പിടിച്ചുലച്ച; ഇന്നും വിവാദം വിട്ടൊഴിയാത്ത കണ്ടുപിടുത്തത്തിലേക്ക് വാള്‍ട്ടര്‍ അല്‍വാരെസ് എത്തിച്ചേരുന്നത്. 

ജോര്‍ജ് കുവിയേ
ജോര്‍ജ് കുവിയേ

5
ശിലകളുടെ ഒരു പ്രത്യേകപാളി ഫോറമിനിഫെറകളുടെ അസാന്നിധ്യംകൊണ്ട് അല്‍വാറീസിന്റെ ശ്രദ്ധ ആകര്‍ഷിച്ചു. അതിനു കീഴെയുള്ള പാളി വൈവിധ്യമേറിയ താരതമേന്യ വലിയ ഫോറമിനിഫെറകളെകൊണ്ട് സമ്പന്നമായിരുന്നെങ്കില്‍ അതിനു മുകളിലെ പാളി എണ്ണത്തിലും തരത്തിലും കുറവും താഴെയുള്ളവയില്‍നിന്നു വ്യത്യസ്തവുമായിരുന്നു. കാലത്തിന്റെ മഹാപ്രവാഹത്തിനിടയില്‍ പൊടുന്നനെ എന്തോ ഫോറാമിനഫെറകള്‍ക്ക് അന്ത്യവചനവുമായി എത്തി എന്നും, അതു സംഭവിച്ചത് ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പേയാണെന്നും അല്‍വാരെസിനു ബോദ്ധ്യപ്പെട്ടു. ഇതേ കാലത്തുതന്നെയാണ് ഭൂമി അടക്കിവാണിരുന്ന ദിനോസറുകളും അപ്രത്യക്ഷമാകുന്നത്. ദിനോസറുകളുടെ വംശനാശത്തെക്കുറിച്ച് അവയ്ക്കു ജീവിതം മതിയായിക്കാണും എന്ന തരത്തിലുള്ള തമാശകള്‍ക്കപ്പുറം ശാസ്ത്രീയമായ ബോധ്യം ഒന്നും തന്നെ ഇല്ലായിരുന്നു. ഏതായാലും വാള്‍ട്ടര്‍ അല്‍വാരെസ് തന്റെ പിതാവും ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ ജേതാവുമായിരുന്ന ലൂയിസ് അല്‍വാരെസിന്റെ സഹായം തേടി. പിന്നീടുള്ള പഠനങ്ങളും പരികല്പനകളും ലേഖനമായി 1980-ല്‍ സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഫോറമിനിഫെറകളുടെ അസാന്നിധ്യംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ശിലാപാളി മറ്റൊന്നിന്റെ അസാധാരണ സാന്നിധ്യംകൊണ്ട് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു. ഭൗമോപരിതലത്തിലെ അപൂര്‍വ്വ മൂലകങ്ങളില്‍ ഒന്നായ ഇറിഡിയമായിരുന്നു അത്. ഭൗമോപരിതലത്തില്‍ വളരെ വിരളമാണെങ്കിലും ഉള്‍ക്കകള്‍ ഇറിഡിയത്താല്‍ സമ്പന്നമാണ്. അങ്ങനെ ഒരു നൂറ്റാണ്ടിനപ്പുറം ശാസ്ത്രത്തെ വിഷമിപ്പിച്ച പ്രഹേളികയ്ക്ക് ഉത്തരം സത്വരം കുറിക്കപ്പെട്ടു. 

6 
ഭാവനാതീതമായ ഭയാനകതയുമായി ഭൂമിയില്‍ നരകം അവതരിച്ച ദിവസമായിരുന്നു അത്. ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പെ ഭീമാകാരമായ ഒരു ഉല്‍ക്ക ഭൂമിയില്‍ ഇടിച്ചിറങ്ങി. അതിന്റെ ആഘാതം അനേകകോടി ആണവബോംബുകള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്നതിനു സമാനമായിരുന്നു. ഭൂഖണ്ഡങ്ങളെത്തന്നെ തരിപ്പണമാക്കിയ ഭൂകമ്പങ്ങള്‍ ഉണ്ടായി. വാനോളമുയര്‍ന്ന സുനാമിത്തിരകള്‍ വന്‍കരകളിലാകെ വീശിയടിച്ചു. തിരകള്‍ എത്താത്തിടം അണയാതെ കത്തിപ്പടര്‍ന്ന് അഗ്‌നിക്കിരയായി. ഉല്‍ക്കാപതനത്തില്‍ നിന്നുയര്‍ന്ന പൊടിപടലങ്ങള്‍ സൂര്യനെ മാസങ്ങളോളം ഭൂമിയില്‍നിന്നു മറച്ചു. സൂര്യതാപം കിട്ടാതെ ഭൂമി ക്രമേണ തണുത്തുറഞ്ഞു. ആവാസവ്യവസ്ഥകള്‍ കീഴ്മേല്‍ മറിഞ്ഞ് ഭൂമുഖത്തെ മുക്കാലും ജീവജാലങ്ങള്‍ എന്നെന്നേയ്ക്കുമായി മണ്‍മറഞ്ഞു. 

ചാൾസ് ഡാർവിൻ 
ചാൾസ് ഡാർവിൻ 

7
ഒരു യക്ഷിക്കഥപോലെയുള്ള അല്‍വാരെസ് തിയറിക്ക് ശാസ്ത്രലോകത്ത് മിശ്ര പ്രതികരണമാണ് ലഭിച്ചത്. കാള്‍ സാഗനെപ്പോലുള്ള ഭൗതികശാസ്ത്രജ്ഞര്‍ അതിനെ സ്വീകരിച്ചപ്പോള്‍ മറ്റു ശാസ്ത്രജ്ഞര്‍ പ്രത്യേകിച്ചും പാലിയന്റോളോജിസ്റ്റുകള്‍ പല സംശയങ്ങളും ഉയര്‍ത്തി. ഒരു ദുരന്തദിനത്തിന്റെ ബാക്കിപത്രമാണ് ദിനോസറുകളുടെ ആകെ തിരോധാനം എന്ന വാദം പലരും അംഗീകരിച്ചില്ല. 1978-ല്‍ തന്നെ അവതരിപ്പിക്കപ്പെട്ട മറ്റൊരു തിയറിയാണ്. ഭൂമിയില്‍ ജീവന്റെ നാള്‍വഴികള്‍ തിരയുന്ന പാലിയന്റോളോജിസ്റ്റുകള്‍ക്കു കൂടുതല്‍ സ്വീകാര്യമായത്. ഇതനുസരിച്ച് ഇന്ത്യയിലെ ഡെക്കാന്‍ ഭൂപ്രദേശത്ത് 30,000 വര്‍ഷങ്ങള്‍ നീണ്ടുനിന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനപരമ്പരയാണ് കൂട്ടവംശനാശത്തിനു കാരണമായത്. പശ്ചിമ-മദ്ധ്യ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ രണ്ട് കിലോമീറ്റര്‍ വരെ കനത്തില്‍ കാണപ്പെടുന്ന അഗ്‌നിപര്‍വ്വതജന്യമായ ഭൂഭാഗമാണ് ഡെക്കാന്‍ ട്രാപ്‌സ് എന്നറിയപ്പെടുന്നത്. തുടര്‍ച്ചയായ അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍ വഴി ഭൂഗര്‍ഭത്തില്‍നിന്നും പരന്നൊഴുകിയ ലാവ തണുത്തുറഞ്ഞുണ്ടായതാണ് ഡെക്കാന്‍ ട്രാപ്‌സ്. കാലഗണനപ്രകാരം ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പേ ദിനോസറുകളുടെ അന്ത്യകാലത്താണ് ഇതു സംഭവിച്ചത്. ലാവയോടൊപ്പം ദീര്‍ഘകാലം നിര്‍ഗ്ഗമിക്കപ്പെട്ട സള്‍ഫര്‍ വാതകങ്ങള്‍ ഭൂമിയില്‍ അതിശൈത്യത്തിനു കാരണമായി. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിനും അഗ്‌നിപര്‍വ്വതജന്യമായ വിഷവാതകങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ വളരെക്കുറച്ച് ജീവവര്‍ഗ്ഗങ്ങള്‍ക്കേ കഴിഞ്ഞുള്ളൂ. 


വംശനാശത്തിന്റെ കാരണം ഉല്‍ക്കാപതനമായാലും അഗ്‌നിപര്‍വ്വത സ്ഫോടനമായാലും ഇന്നു ഭൂമിയില്‍ ജീവിച്ചിരിക്കുന്ന എല്ലാ ജീവികളും അന്നു രക്ഷപ്പെട്ട ജീവികളുടെ പിന്‍ഗാമികളാണ്. ക്രെറ്റേഷ്യസ്-പാലിയൊജീന്‍ (KPg) കൂട്ടവംശനാശമെന്നാണ് ഇതറിയപ്പെടുന്നത്. ക്രെറ്റേഷ്യസ്-പാലിയൊജീന്‍ (KPg) വംശനാശമുള്‍പ്പടെ കഴിഞ്ഞ 100 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് കൂട്ട വംശനാശങ്ങള്‍ ഉണ്ടായിട്ടുള്ളതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനം സംഭവിച്ചതാണ് ഗജഴ കൂട്ടവംശനാശം. 45 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഓഡോവിഷ്യന്‍- സിലൂറിയന്‍, 37 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പേയുണ്ടായ ഡെവോണിയന്‍, 25 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ പെര്‍മിയന്‍-ട്രയാസ്സിക് എന്നിവയാണ് ആദ്യ മൂന്നുകൂട്ട വംശനാശങ്ങള്‍. മൂന്നാം കൂട്ട വംശനാശമായിരുന്നു ഏറ്റവും വലുത്. നട്ടെലില്ലാത്ത സമുദ്രജീവികളില്‍ ഏതാണ്ട് 90 ശതമാനവും നശിച്ചു. പവിഴപ്പുറ്റുകളും വലിയരീതിയില്‍ നാശം നേരിട്ടു. 

ആൽഫ്രഡ് റസൽ
ആൽഫ്രഡ് റസൽ

9
20 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ട്രയാസ്സിക്-ജുറാസിക് വംശനാശത്തോടെയാണ് ഭൂമിയില്‍ ദിനോസറുകളുടെ യുഗം ആരംഭിക്കുന്നത്. ഈ നാലാം വംശനാശത്തിലാണ് ശംഖ് പോലുള്ള അമനൈററ്റുകള്‍ വംശനാശം നേരിട്ടത്. നേപ്പാളിലും മറ്റും ധാരാളമായി കാണപ്പെടുന്ന സാളഗ്രാമ ശിലകള്‍ കടലിനടിയില്‍ അടിഞ്ഞുകൂടി പിന്നീട് ശിലാരൂപത്തിലായ അമനൈററ്റുകളുടെ പുറംതോടാണ്. ഈ ശിലകള്‍ക്ക് ഹൈന്ദവ വിശ്വാസത്തിലുള്ള സവിശേഷ പ്രാധാന്യം കൗതുകകരമാണ്; ഉദാഹരണത്തിന്, പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം സാളഗ്രാമ ശിലകളാലാണ് നിര്‍മ്മിതം. നാലാം വംശനാശത്തിനുശേഷമുള്ള 14 കോടി വര്‍ഷങ്ങള്‍ നാനാജാതി ദിനോസറുകളുടെ ആധിപത്യകാലമായിരുന്നു. ആറ് കോടി വര്‍ഷങ്ങള്‍ക്കപ്പുറം ദിനോസറുകളുടെ കൂട്ടമരണത്തോടെ ഭൂമിയില്‍ സസ്തനികളുടെ യുഗം ആരംഭിച്ചു. ആത്യന്തികമായി മനുഷ്യജനനത്തിനു കാരണമായ പരിണാമപ്രക്രിയയുടെ തുടക്കവും പ്രസ്തുത കൂട്ടവംശനാശമാണെന്നു പറയാം. കേവലം മൂന്നു ലക്ഷം വര്‍ഷങ്ങളുടെ ചരിത്രം മാത്രമുള്ള ഒരു സസ്തനിയായ ആധുനിക മനുഷ്യന്‍ കഴിഞ്ഞ രണ്ട് മൂന്നു നൂറ്റാണ്ടുകളിലാണ് ഭൂമിയുടെ സര്‍വ്വാധിപതിയായി മാറുന്നത്. ഇതോടെ ഭൂമിയില്‍ ഇദംപ്രഥമാമായി പ്രകൃതി പ്രതിഭാസങ്ങളല്ലാതെ ഒരു പ്രത്യേക ജീവവര്‍ഗ്ഗം കാരണമുണ്ടാകുന്ന കൂട്ടവംശനാശത്തിനു തുടക്കം കുറിക്കപ്പെട്ടു. ഇങ്ങനെ നേരിട്ടും അല്ലാതേയും മനുഷ്യകരങ്ങളാല്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൂട്ടവംശനാശത്തെയാണ് ആറാം കൂട്ടവംശനാശം, ഹോളോസീന്‍ വംശനാശം അല്ലെങ്കില്‍ ആന്‍ത്രൊപോസീന്‍ വംശനാശം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നത്. 

10
ഇവിടെ കൂട്ടവംശനാശത്തെ സാധാരണഗതിയിലുള്ള ഒരു സ്പീഷീസിന്റെ വംശനാശവുമായി വേറിട്ട് കാണണം. പരിണാമ പ്രക്രിയവഴി പുതിയ സ്പീഷീസുകള്‍ ഉണ്ടാകുന്നതുപോലെ നിലവിലുള്ളവ അന്യംനിന്നുപോകുന്നതിനെയാണ് പശ്ചാത്തല വംശനാശം (background extinction) എന്നു പറയുന്നത്. അത് അപൂര്‍വ്വമായാണ് സംഭവിക്കുന്നത് എന്നു പറയാം. ഇത് വ്യത്യസ്ത ജീവവിഭാഗങ്ങള്‍ക്കു വ്യത്യസ്ത തോതിലാണ് ഉണ്ടാകാറുള്ളത്. ഉദാഹരണത്തിന് 5000-നു മുകളില്‍ സ്പീഷീസുകളുള്ള സസ്തനിവര്‍ഗ്ഗത്തില്‍ ഏതെങ്കിലും ഒരു സ്പീഷീസ് 700 വര്‍ഷത്തിലൊരിക്കല്‍ വംശനാശം നേരിടും. പക്ഷേ, കൂട്ടവംശനാശം ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. കൂട്ടവംശനാശത്തില്‍ ഭൂമുഖത്തുള്ള ജീവവര്‍ഗ്ഗങ്ങളില്‍ നല്ലൊരു ശതമാനം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വംശനാശത്തിന് ഇരയാകും. 

കാർബൺ ബഹിർ​ഗമനം കുറയ്ക്കാൻ സഹായിക്കുന്ന എന്ത് നടപടിയും ആ​ഗോള താപനത്തിന്റെ പ്ര‌ത്യാഘാതം കുറയ്ക്കാനാകും
കാർബൺ ബഹിർ​ഗമനം കുറയ്ക്കാൻ സഹായിക്കുന്ന എന്ത് നടപടിയും ആ​ഗോള താപനത്തിന്റെ പ്ര‌ത്യാഘാതം കുറയ്ക്കാനാകും

11
ആഫ്രിക്കയില്‍ പരിണമിച്ചുണ്ടായ ആധുനിക മനുഷ്യന്റെ ആഫ്രിക്കയ്ക്ക് പുറത്തേയ്ക്കുള്ള പാലായനം ആരംഭിക്കുന്നത് ഏകദേശം 75,000 വര്‍ഷങ്ങള്‍ക്കു മുന്‍പെയാണ്. ഈ കുടിയേറ്റം മെഗാഫാന (magafauna) എന്നറിയപ്പെടുന്ന വലിയ മൃഗങ്ങളുടെ മാത്രമല്ല, മറ്റു പല മനുഷ്യവര്‍ഗ്ഗങ്ങളുടേയും വംശനാശത്തിന് ഇരയാക്കി. പരിണാമചരിത്രത്തിന്റെ ഏതോ ഒരു ഏടില്‍ ആര്‍ജ്ജിച്ച ബൗദ്ധിക വളര്‍ച്ചയും ശരീരഘടനാ വ്യത്യാസങ്ങളും ഒരു ദുര്‍ബ്ബല ആള്‍ക്കുരങ്ങന്‍ മാത്രമായിരുന്ന മനുഷ്യനെ ഏറ്റവും കരുത്തനായ വേട്ടമൃഗമാക്കി. ഭാഷയുടെ ആവിര്‍ഭാവവും ആയുധങ്ങളുടെ ഉപയോഗവും ഏതു ഭീകരജീവിയേയും കീഴ്പ്പെടുത്താനുള്ള കരുത്ത് മനുഷ്യനു നല്‍കി. അതുവരെ മൃഗങ്ങളെ സംബന്ധിച്ചിടത്തോളാം ശരീരവലുപ്പം സ്വസുരക്ഷയ്ക്കു പരിണാമപരമായി ആര്‍ജ്ജിച്ച ഏറ്റവും വലിയ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു. മനുഷ്യന്റെ ആധിപത്യത്തോടെ ശരീരവലുപ്പം പല ജീവികളുടേയും ഏറ്റവും വലിയ പരാധീനതയായി. മനുഷ്യ സൃഷ്ടിയായ ആറാം വംശനാശത്തിന്റെ ആദ്യ ഇരകള്‍ മിക്കവയും വലുപ്പമുള്ള ജീവികളായിരുന്നു. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം മനുഷ്യന്‍ പുതിയതായി എത്തിയ ദ്വീപുകളിലെ ചെയ്തികളാണ് . 

12 
ഏകദേശം 50,000 വര്‍ഷങ്ങള്‍ക്കു മുന്‍പേയാണ് ഇന്നത്തെ ആസ്ട്രേലിയന്‍ ആദിവാസികളുടെ മുന്‍ഗാമികള്‍ കടല്‍ കടന്നു സഞ്ചിമൃഗങ്ങളുടെ നാട്ടില്‍ എത്തുന്നത്. ഏതാണ്ടിതേ കാലത്താണ് ആസ്‌ട്രേലിയയില്‍ ജീവിച്ചിരുന്ന ഹിപ്പോയ്ക്ക് സമാനമായ എന്നാല്‍, സഞ്ചിമൃഗമായി അപ്രത്യക്ഷമാകുന്നത്. ഇവിടെ പ്രതിസ്ഥാനത്ത് ഏതെങ്കിലും പ്രകൃതി പ്രതിഭാസത്തിനു പകരം സ്വന്തം സ്പീഷീസിനെത്തന്നെയാണ് മിക്ക ശാസ്ത്രജ്ഞരും പെടുത്തുന്നത്. എങ്കിലും പ്രാകൃതമായ ശിലായുധങ്ങള്‍ മാത്രം കൈവശമുണ്ടായിരുന്ന ഒരു ആദിമജനതയ്ക്ക് എങ്ങനെയാണ് ഒരു വന്‍കരയാകെ വിഹരിച്ചിരുന്ന ഈ ഭീമന്‍ ജീവികളെ കൊന്നൊടുക്കാന്‍ കഴിയുന്നത്. ഇവിടെ ഡൈപ്രോടോഡോണിന് ഏറ്റവും വലിയ ശാപമായി മാറിയത് അതിന്റെ വലുപ്പം തന്നെയാണ്. ഇതുപോലെ വലുപ്പമാണ് വടക്കേ അമേരിക്കയിലെ മസ്റ്റഡോണിന്റെ കാര്യത്തിലും സൈബീരിയയിലെ മാമത്തുകളുടെ കാര്യത്തിലും വിനയായി മാറിയത്. കുട്ടിക്കാലം കഴിഞ്ഞാല്‍ ആനയുടേയും ഹിപ്പോയുടേയും മറ്റും വലുപ്പമുള്ള ജീവികള്‍ക്കു മറ്റൊരു മൃഗത്തേയും ഭയപ്പെടേണ്ടതില്ലായിരുന്നു. പക്ഷേ, ഇരയുടെ ശരീരവലുപ്പത്തെ മനുഷ്യന്‍ ബുദ്ധികൊണ്ട് കീഴടക്കി. ഇരയുടെ ശരീരവലുപ്പം ആഹാരത്തിന്റെ കാര്യത്തില്‍ മനുഷ്യനു കൂടുതല്‍ ആകര്‍ഷകവുമായി. കൂടാതെ വലുപ്പക്കൂടുതലുള്ള ജീവികളുടെ മറ്റൊരു പ്രത്യേകത അതിന്റെ നീണ്ട ഗര്‍ഭകാലമാണ്. മാത്രമല്ല, ഒരു പ്രസവത്തില്‍ സാധാരണ ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടാവില്ല. പ്രത്യുല്‍പ്പാദന പ്രായത്തില്‍ എത്തുന്നതാകട്ടെ താമസിച്ചുമാണ്. മനുഷ്യന്റെ കടന്നാക്രമണത്തോടെ ഇതെല്ലാം അവയുടെ വംശനാശത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളായി.

ടെക്സാസിലെ മ്യൂസിയത്തിൽ മാമത്തിന്റെ ഫോസിൽ. ആനകളിലെ വംശനാശം എന്ന വകഭേദമാണ് മാമത്ത്
ടെക്സാസിലെ മ്യൂസിയത്തിൽ മാമത്തിന്റെ ഫോസിൽ. ആനകളിലെ വംശനാശം എന്ന വകഭേദമാണ് മാമത്ത്

13 
ആസ്ട്രേലിയന്‍ വന്‍കരയോട് അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ന്യൂസിലന്റ്. മനുഷ്യന്‍ ഏകദേശം 50,000 വര്‍ഷങ്ങള്‍ക്കു മുന്‍പെ ആസ്ട്രേലിയയില്‍ എത്തിയെങ്കിലും ഏകദേശം 700 വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് പോളിനേഷ്യക്കാരായ മാവോറികള്‍ കെട്ടുചങ്ങാടത്തില്‍ ന്യൂസിലന്റില്‍ എത്തുന്നത്. അന്ന് അവര്‍ക്കു വിസ്മയമായും പ്രധാന ഭോജനമായും മാറിയത് മോവ പക്ഷികളും അവയുടെ മുട്ടകളുമാണ്. രണ്ട് മൂന്ന് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ മനുഷ്യവന്യതയുടെ മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളിലൊന്നായി മോവ പക്ഷികള്‍ മാറി. ഒന്‍പതോളം സ്പീഷീസുകളില്‍പ്പെട്ട മോവ പക്ഷികള്‍ ഉണ്ടായിരുന്നു. ഇതില്‍ ഏറ്റവും വലുതിന് ആനയോളം ഉയരം ഉണ്ടായിരുന്നു. എട്ടരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പേ മറ്റു വന്‍കരകളില്‍നിന്നു വേര്‍പ്പെട്ട് ഒറ്റപ്പെട്ട ഭൂഭാഗമായി നിലനിന്ന കാരണം ന്യൂസീലാന്‍ഡിലെ ജീവജാലങ്ങളും വേറിട്ടവയായി. സസ്തനികളോ (വവ്വാല്‍ ഒഴിച്ച്) അടുത്തുള്ള ആസ്ട്രേലിയയിലെ സഞ്ചിമൃഗങ്ങളോ അവിടെ ഉണ്ടായില്ല. മറ്റെങ്ങും കാണാത്ത പക്ഷികളുടെ പറുദീസയായി ന്യൂസിലാന്‍ഡ് മാറി. ശത്രുക്കളുടെ അഭാവത്തില്‍ മിക്ക പക്ഷികള്‍ക്കും പറക്കേണ്ട കാര്യമില്ലായിരുന്നു. അവയുടെ ചിറകുകള്‍ കുറുകിപ്പോയി. മനുഷ്യന്‍ എന്ന വേട്ടമൃഗം അവയുടെ സാമ്രാജ്യത്തില്‍ പൊടുന്നനെ എത്തിയപ്പോള്‍ പരിണാമത്തിലൂടെ ആര്‍ജ്ജിച്ച സവിശേഷതകള്‍ അവയ്ക്കു വിനയായി. ന്യൂസീലന്‍ഡില്‍ വെള്ളക്കാരുടെ വരവിനു മുന്‍പേ തന്നേ മോവ പക്ഷികള്‍ മാവോറികളുടെ കടംകഥകളിലും പഴംചൊല്ലുകളിലും മാത്രമായി മാറി.

14 
ആഫ്രിക്കന്‍ വന്‍കരയില്‍നിന്നു 400 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന ദ്വീപാണെങ്കിലും ആഫ്രിക്കയില്‍നിന്നു വളരെ വ്യത്യസ്തവും വൈചിത്ര്യവുമായ ജൈവമണ്ഡലമാണ് മഡഗാസ്‌കറിന്റേത്. ഏതാണ്ട് എട്ട് കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഭൂവല്‍ക്കഫലകം മഡഗാസ്‌കറില്‍നിന്നു വേര്‍പ്പെട്ട് ഏഷ്യാവന്‍കരയുമായി കൂടിച്ചേരാനുള്ള യാത്ര ആരംഭിക്കുന്നതോടെ, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒറ്റപ്പെട്ട ദ്വീപായി മാറിയ മഡഗാസ്‌കറില്‍, ന്യൂസിലാന്റിലെപോലെ മറ്റെങ്ങുമില്ലാത്ത ജീവജാലങ്ങള്‍ പരിണമിച്ചുണ്ടായി. മഡഗാസ്‌കര്‍ എന്നു കേള്‍ക്കുമ്പോള്‍ മിക്കവരുടേയും മനസ്സിലെത്തുന്ന ജീവികളാണ് ലീമറുകള്‍. കുരങ്ങുകളുടേയോ മനുഷ്യന്‍ ഉള്‍പ്പടെയുള്ള ആള്‍ക്കുരങ്ങുകളുടേയോ അഭാവത്തില്‍ ലീമറുകള്‍ നൂറോളം സ്പീഷീസുകളിലായി വളര്‍ന്നു മഡഗാസ്‌കറിന്റെ മുഖമുദ്രയായി മാറി. മനുഷ്യന്‍ മഡഗാസ്‌കറില്‍ കൊടിനാട്ടിയതോടെ അവയില്‍ മിക്കവയുടേയും നിലനില്‍പ്പ് നൂല്‍പ്പാലത്തിലായി. അവിടേയും ശരീര വലുപ്പം കൂടിയ ജീവികള്‍ക്കായിരുന്നു ആദ്യം ശനിദശ തുടങ്ങിയത്. വലുപ്പമുള്ള ലീമറുകള്‍ക്കെല്ലാം വംശനാശം സംഭവിച്ചു. പേരുപോലെ തന്നെ വലിയ പക്ഷിയായിരുന്നു മഡഗാസ്‌കറിലെ ആനപ്പക്ഷി. ഒന്‍പതടിയോളം ഉയരമുണ്ടായിരുന്ന ആനപ്പക്ഷി ലോകം കണ്ട ഏറ്റവും വലിയ പക്ഷിയാണ്. മധ്യേഷ്യന്‍ പുരാവൃത്തങ്ങളെ ആസ്പദമാക്കിയുള്ള മാര്‍ക്കോപോളയുടേയും മറ്റും വിവരണങ്ങളില്‍നിന്നാണ് ആനപ്പക്ഷി എന്ന സംജ്ഞയുണ്ടാവുന്നത്. ഏതായാലും മാര്‍ക്കോപോള തന്റെ സഞ്ചാരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പേ ആനപ്പക്ഷി കഥയായി മാറിക്കഴിഞ്ഞിരിക്കണം. വംശനാശത്തിന്റെ പര്യായമാണ് മൊറീഷ്യസിലെ ഡോഡോ പക്ഷികള്‍. ഡച്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയിലെ നാവികരാണ് ഡോഡോ പക്ഷികളെക്കുറിച്ചുള്ള ആദ്യ വിവരണം 1598-ല്‍ രേഖപ്പെടുത്തുന്നത്. ഒരു നൂറ്റാണ്ടിനുള്ളില്‍ അവസാന ഡോഡോയും ലോകത്തോട് വിടപറഞ്ഞു. 

മോവ പക്ഷി. ഒമ്പതോളം സ്പീഷിസുകളുണ്ടായിരുന്ന ഈ പക്ഷികളിൽ വലുതിന് ആനയോളം ഉയരമുണ്ടായിരുന്നു
മോവ പക്ഷി. ഒമ്പതോളം സ്പീഷിസുകളുണ്ടായിരുന്ന ഈ പക്ഷികളിൽ വലുതിന് ആനയോളം ഉയരമുണ്ടായിരുന്നു

15 
മാംസഭുക്കുകളായ സഞ്ചിമൃഗങ്ങളില്‍ ഏറ്റവും വലുതായിരുന്ന ടാസ്മേനിയന്‍ കടുവ, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഹിസ്പാനിയോള കുരങ്ങ്, മഡഗാസ്‌കറിലെ കുള്ളന്‍ ഹിപ്പൊപ്പൊട്ടാമസ്, ജാപ്പനീസ് കടല്‍ സിംഹം, ഇന്ത്യയില്‍ പരക്കെയുണ്ടായിരുന്ന ഏഷ്യന്‍ ചീറ്റപ്പുലി തുടങ്ങി അനേകം ജീവികള്‍ ഇന്നു മനുഷ്യന്റെ ഓര്‍മ്മകളില്‍ മാത്രമാണ് ജീവിക്കുന്നത്. ആന, സിംഹം, കടുവ, കാണ്ടാമൃഗം തുടങ്ങിയ വലിയ ജീവികളെല്ലാം തന്നെ ഒന്നു രണ്ട് നൂറ്റാണ്ടുകൊണ്ട് എണ്ണത്തില്‍ അതിഭീകരമായി കുറഞ്ഞു. ഭാഗ്യം കൊണ്ടുമാത്രമാണ് ഇന്ത്യയില്‍ സിംഹങ്ങള്‍ വംശനാശത്തില്‍നിന്നു രക്ഷപെട്ടത്. പല ജീവികളും ഇന്ന് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍നിന്നു തികച്ചും അപ്രത്യക്ഷമായി. അവയില്‍ ചിലത് പ്രകൃതി സ്‌നേഹികളുടേയും ഗവേഷകരുടേയും അക്ഷീണ പ്രയത്‌നഫലമായി കാഴ്ചബംഗ്ലാവുകളിലും പരീക്ഷണ ശാലകളിലുമായി ജീവിക്കുന്നു. മിക്കവാറും വലുതും നിറപ്പകിട്ടാര്‍ന്നതുമായ ജീവികളുടെ അവസ്ഥയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന്റെ അനേകായിരം മടങ്ങ് ജീവികള്‍ മനുഷ്യരറിയാതെ പക്ഷേ, മനുഷ്യര്‍ കാരണം വംശനാശം നേരിടുന്നുണ്ട്. പെറ്റുപെരുകുന്ന മനുഷ്യരുടെ ആവശ്യങ്ങളും അനാവശ്യങ്ങളും ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളുമാണ് പലരീതിയില്‍ അനേകായിരം ജീവികള്‍ക്കു കൊലവിളി ഉയര്‍ത്തുന്നത്.

16
ആധുനിക മനുഷ്യന്‍ അന്യജീവികള്‍ക്കു മാത്രമല്ല, അന്തകനായത്. നിയാണ്ടര്‍ഥാല്‍ മനുഷ്യരെപ്പോലെ സ്വന്തം സഹോദര സ്പീഷിസുകള്‍ക്കും അവന്‍ കാലനായി. ഏതാണ്ട് ഒരു ലക്ഷത്തോളം വര്‍ഷം നിയാണ്ടര്‍ഥാല്‍ മനുഷ്യന്‍ യൂറോപ്പിന്റെ പല ഭാഗങ്ങളിലായി കഴിഞ്ഞിരുന്നു. ആധുനിക മനുഷ്യന്റെ കടന്നുകയറ്റത്തിനു മുന്നില്‍ അവര്‍ക്കു പിടിച്ചു നില്‍ക്കാനായില്ല. എന്നാല്‍, അതു സംഘര്‍ഷത്തിന്റെ മാത്രം കഥ ആയിരുന്നില്ല. ആധുനിക മനുഷ്യന്‍ നിയാണ്ടര്‍ഥാല്‍ മനുഷ്യരുമായി മത്സരിക്കുന്നതിനോടൊപ്പം അവരോട് ഇണ ചേരുകയുമുണ്ടായി. നിയാണ്ടര്‍ഥാല്‍ മനുഷ്യര്‍ വംശനാശം നേരിട്ടിട്ട് ഏകദേശം 50,000 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആധുനിക മനുഷ്യന്‍ നിയാണ്ടര്‍ഥാല്‍ ബാന്ധവത്തിന്റെ അടയാളങ്ങള്‍ പേറുന്നുണ്ട്. ആഫ്രിക്കന്‍ ജനവിഭാഗങ്ങള്‍ ഒഴിച്ചുള്ള എല്ലാ മനുഷ്യരുടെ ജിനോമിലും നാല് ശതമാനം വരെ നിയാണ്ടര്‍ഥാല്‍ ഉചഅ ഉണ്ട്. മറ്റൊരു പുരാതന മനുഷ്യ വര്‍ഗ്ഗമായിരുന്ന ഡെനിസോവന്‍ മനുഷ്യരുടെ വംശനാശ കഥയിലും ആധുനിക മനുഷ്യനാണ് വില്ലന്‍. പൂര്‍വ്വേഷ്യയിലെ മിക്ക ജനവിഭാഗങ്ങളിലും ഡെനിസോവന്‍ ബന്ധത്തിന്റെ ജനിതക രേഖകളുണ്ട്.  

ഏഷ്യൻ ചീറ്റ. ടെഹ്റാനിൽ നിന്നുള്ള ചിത്രം
ഏഷ്യൻ ചീറ്റ. ടെഹ്റാനിൽ നിന്നുള്ള ചിത്രം

17
കഴിഞ്ഞ പത്ത് ലക്ഷം വര്‍ഷത്തെ ചരിത്രമെടുത്തല്‍ മനുഷ്യരുടെ എണ്ണം പത്ത് ലക്ഷത്തിനു മുകളിലേയ്ക്ക് കടക്കുന്നത് 10,000 ബി.സിയില്‍ മാത്രമാണ്. കാര്‍ഷികവൃത്തിയുടെ ആരംഭത്തോടെ ഭക്ഷണ ലഭ്യതയിലുണ്ടായ സ്ഥിരത മനുഷ്യന്റെ എണ്ണവും ആയുസ്സും മെല്ലെ വര്‍ദ്ധിപ്പിച്ചു. യേശുവിന്റെ കാലത്ത് ലോക ജനസംഖ്യ മൂന്ന് കോടിയോളമായിരുന്നു. എങ്കിലും അടിക്കടിയുണ്ടാകുന്ന പ്ലേഗ് പോലുള്ള മഹാമാരികളും മറ്റ് അസുഖങ്ങളും ജനസംഖ്യയെ നിയന്ത്രിച്ചിരുന്നു. 18-ാം നൂറ്റാണ്ടില്‍ വ്യാവസായിക വിപ്ലവത്തിന്റ ഉദയത്തോടെ ഭൂമിയുടെ ഏക അവകാശികള്‍ താനാണെന്നുള്ള രീതിയില്‍ മനുഷ്യന്റെ കയ്യേറ്റം ആരംഭിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളോടെ ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു. വനം വെട്ടിയും ജീവികളെ കൊന്നൊടുക്കിയും മനുഷ്യന്‍ ഭൂമിയിലെ ആവാസവ്യവസ്ഥകളെല്ലാം തന്റേതാക്കി. ഇന്ന് ലോക ജനസംഖ്യ 800 കോടിക്കടുത്താണ്. 20-ാം നൂറ്റാണ്ടിലെ ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ച് പ്രശ്ശസ്ത ജീവശാത്രജ്ഞനായ ഇ.ഒ. വില്‍സണ്‍ അഭിപ്രായപ്പെട്ടത് അത് ബാക്ടീരിയയുടെ കോശവിഭജന പ്രത്യുല്‍പ്പാദനത്തിനു സമാനമെന്നാണ്. 

18
ഭൗമശാസ്ത്ര കാലഗണന അനുസരിച്ചു വര്‍ത്തമാന കാലമുള്‍പ്പെടെയുള്ള കഴിഞ്ഞ 10,000 വര്‍ഷങ്ങള്‍ അറിയപ്പടുന്നത് ഹോളൊസീന്‍ കാലം എന്നാണ്. എന്നാല്‍, മനുഷ്യപ്രവര്‍ത്തനങ്ങള്‍ അനിയന്ത്രിതവും ഗതിമാറ്റവുമില്ലാത്ത തരത്തില്‍ ഭൂമിയെ ബാധിക്കാന്‍ തുടങ്ങിയ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തെ ഇപ്പോള്‍ ആന്‍ത്രൊപൊസീന്‍ കാലം എന്നു വിളിക്കാറുണ്ട്. പോള്‍ ക്രട്സെന്‍ എന്ന ഡച്ച് കാലാവസ്ഥാ ശാസ്ത്രജ്ഞനാണ് ഈ നാമകരണം നടത്തിയത് (പോള്‍ ക്രട്സെന്‍ ഓസോണ്‍ പാളികളിലുണ്ടാവുന്ന വിള്ളലുകളെക്കുറിച്ചുള്ള പഠനത്തിന് നൊബേല്‍ സമ്മാന ജേതാവാണ്). ഗ്രീക്ക് ഭാഷയിലെ മനുഷ്യന്‍ എന്ന് അര്‍ത്ഥം വരുന്ന ആന്‍ത്രൊപൊ (anthrapo) പുതിയത് എന്ന് അര്‍ത്ഥം വരുന്ന സീന്‍ (cene) എന്നീ വാക്കുകളിലാണ് ഈ നാമത്തിന്റെ വേരുകള്‍. ചില ഗവേഷകരുടെ അഭിപ്രായത്തില്‍ ആന്‍ത്രൊപൊസീന്‍ കാലം 1800-കളിലെ വ്യാവസായിക വിപ്ലവത്തോടെ ആരംഭിച്ചിട്ടുണ്ടെങ്കില്‍ മറ്റു ചിലരെ സംബന്ധിച്ചെടുത്തോളം ഹിരോഷിമ ദുരന്തത്തോടെ തുടങ്ങിയ ആണവയുഗത്തോടെയാണ് ഈ കാലത്തിന്റെ തുടക്കം. അത് എന്തുതന്നെ ആയാലും ആന്‍ത്രൊപൊസീന്‍ കാലം ആറാം കൂട്ടവംശനാശത്തിനു സാക്ഷിയാവുകയാണ്. ഈ മനുഷ്യജന്യ വംശനാശത്തിന്റെ തോത് സാധാരണ വംശനാശത്തിന്റേതിനേക്കാളും നൂറോ ആയിരമോ മടങ്ങാണ് എന്നു ചില പഠനങ്ങള്‍ കാണിക്കുന്നു. ഇങ്ങനെയൊരു കണക്കാക്കലില്‍ എത്തിച്ചേര്‍ന്നത് നമുക്കറിയാവുന്ന ജീവികളുടെ മാത്രം അടിസ്ഥാനത്തിലാണ് എന്നുള്ളതിലാണ് ഇതിന്റെ ഭീകരത ഒളിഞ്ഞിരിക്കുന്നത്. മഴക്കാടുകളുടെ നിബിഡതയിലും മഹാസമുദ്രങ്ങളുടെ ആഴങ്ങളിലുമൊക്കെ എത്രയോ ജീവികള്‍ ഇന്നും നമുക്ക് അജ്ഞാതരായി തുടരുന്നു. അവയില്‍ പലതും മനുഷ്യന്‍ ഒരു നോക്ക് കാണുന്നതിനും മുന്‍പേ, ഒരുപക്ഷേ ഒരടയാളം പോലും അവശേഷിപ്പിക്കാതെ, മനുഷ്യഹേതുവായ കൂട്ടവംശനാശത്തിന് ഇരയാകാം.
 

കത്തിയെരിഞ്ഞു തീർന്ന ആമസോൺ കാടുകൾ
കത്തിയെരിഞ്ഞു തീർന്ന ആമസോൺ കാടുകൾ

19 
കാലാവസ്ഥ എന്ന വന്യമൃഗത്തെ നമ്മള്‍ കമ്പുകള്‍ കൊണ്ട് കുത്തികൊണ്ടിരിക്കുകയാണ്'-ഇത് വാലസ് ബ്രോക്കെറുടെ പ്രശസ്തമായ ഉദ്ധരണിയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ അഗ്രഗാമിയും അവസാന വാക്കുമായിരുന്നു വാലസ് ബ്രോക്കെര്‍. അദ്ദേഹമാണ്  ആഗോള താപനം എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. കാലാവസ്ഥയെന്ന വന്യമൃഗത്തെ മനുഷ്യന്‍ ഏറ്റവും മാരകമായി നോവിക്കുന്നത് കാര്‍ബണ്‍ ഡയോക്സയിഡ് വാതകം അന്തരീക്ഷത്തിലേക്ക് വിസര്‍ജിച്ചാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സയിഡിന്റെ അളവിലെ നേരിയ വ്യതിയാനം പോലും ആഗോളതാപനിലയെ ബാധിക്കും. ആഗോളതാപനിലയിലെ അല്പം കയറ്റം പോലും അന്റാര്‍ട്ടിക്കയില്‍ മരം വളരാനും മഴക്കാടുകളെ മണലാരണ്യം ആക്കുവാനും ഇടയാക്കും.അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വര്‍ദ്ധനവ് സമുദ്രത്തില്‍ നിന്ന് നേര്‍പ്രതികരണം ഉണ്ടാക്കും.സമുദ്രോപരിതലം ചൂടുപിടിച്ച് കൂടുതല്‍ നീരാവിയുണ്ടാവും. ഉഷ്ണവവായു കൂടുതല്‍ നീരാവിയെ ആവാഹിക്കും. അടുത്ത കാലത്ത് കേരളം കണ്ടതുപോലുള്ള നൂറ്റാണ്ടുകാലത്തെ പേമാരികള്‍ വാര്‍ത്ത അല്ലാതെയാവും. ജര്‍മ്മനിയുടെ ഓര്‍മ്മകളിലൊന്നും തന്നെ ഇല്ലാത്ത മഹാപ്രളയത്തിനാണ് ഈ ജൂലൈ മാസം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ മാസങ്ങളിലെ അഭൂതപൂര്‍വമായ വേനല്‍ച്ചൂടില്‍,അഞ്ഞൂറോളം ജീവനാണ് മഞ്ഞ് പെയ്യുന്ന കാനഡയില്‍ പൊലിഞ്ഞത്. കാലവും കോലവും തെറ്റി പെയ്യുന്ന മഴയും കേട്ടുകേള്‍വിയില്ലാത്ത ചൂടുകാറ്റുകളും ആവാസവ്യവസ്ഥകളെ തച്ചുടക്കും.വംശനാശങ്ങളെ ക്ഷണിച്ചു വരുത്തും. 

20
കാര്‍ബണ്‍ ഡയോക്സയിഡ് മറ്റൊരു രീതിയിലും കൂട്ടവംശനാശത്തിന് കാരണമാകും.അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സയിഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് അത് സമുദ്രജലത്തിലേക്ക് കൂടുതല്‍ ആഗിരണം ചെയ്യപ്പെടും. ഇത് സമുദ്രത്തിന്റെ അമ്ലത വര്‍ദ്ധിപ്പിക്കും.ഉയര്‍ന്ന അമ്ലതയില്‍ പവിഴപ്പുറ്റുകള്‍ക്ക് ദ്രവീകരണം സംഭവിക്കും. ഉഷ്ണമേഖലാ സമുദ്രങ്ങളിലെ ജൈവ വൈവിധ്യത്തിന് അടിത്തറ കടലിലെ മഴക്കാടുകളായ പവിഴപുറ്റുകളാണ് .പവിഴപ്പുറ്റുകളുടെ നാശം മനുഷ്യന് എന്നും അക്ഷയപാത്രമായിരുന്ന കടലിലെ മല്‍സ്യസമ്പത്തിനെ നശിപ്പിക്കും.പവിഴപുറ്റുകളുടെ കൂട്ടനശീകരണത്തെ ജിയോളജിയില്‍ 'പവിഴ വിള്ളലുകള്‍' എന്ന് വിളിക്കുന്നു. ഭൗമചരിത്രത്തിലെ അഞ്ച് കൂട്ടവംശനാശങ്ങളിലും പവിഴവിള്ളലുകളുടെ വ്യക്തമായ അടയാളങ്ങള്‍ തെളിഞ്ഞ് നില്‍പ്പുണ്ട്. ഒരു  യുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2014 നും 2016 നുമിടയില്‍ പവിഴ വെളുപ്പിക്കല്‍  എന്നറിയപ്പെടുന്ന നാശപ്രക്രീയ ലോകമെമ്പാടും വ്യാപകമായ രീതിയില്‍ നടന്നു.ഇവിടെ മനുഷ്യനെ ആശങ്കപ്പെടുത്തേണ്ട വസ്തുത ഇത് മറ്റൊരു പവിഴവിള്ളലിന്റെ തുടക്കമാണോ എന്നതാണ്. അങ്ങനെയെങ്കില്‍ ആറാം വംശനാശത്തിന്റെ ഗതിവേഗം വിചാരിക്കുന്നതിനുമപ്പുറമാണ് . 

പാരിസ് ഉച്ചകോടിയിൽ നിന്ന്. ലോക രാഷ്ട്രങ്ങൾ പാരിസിൽ ഒപ്പിട്ട കാലാവസ്ഥാ ഉടമ്പടി പ്രകാരം 2050 ആകുമ്പോഴേയ്ക്കും ലോകത്തെ മുൻനിര ഊർജ വിനിയോ​ഗത്തിന്റെ പകുതിയെങ്കിലും സൗരോർജം പോലെയുള്ള കാർബൺ രഹിത സ്രോതസുകളിൽ നിന്നാകണമെന്നാണ് വ്യവസ്ഥ
പാരിസ് ഉച്ചകോടിയിൽ നിന്ന്. ലോക രാഷ്ട്രങ്ങൾ പാരിസിൽ ഒപ്പിട്ട കാലാവസ്ഥാ ഉടമ്പടി പ്രകാരം 2050 ആകുമ്പോഴേയ്ക്കും ലോകത്തെ മുൻനിര ഊർജ വിനിയോ​ഗത്തിന്റെ പകുതിയെങ്കിലും സൗരോർജം പോലെയുള്ള കാർബൺ രഹിത സ്രോതസുകളിൽ നിന്നാകണമെന്നാണ് വ്യവസ്ഥ

21
മനുഷ്യന്‍ സ്വയം തിരി കൊളുത്തിയ ആറാം വംശനാശത്തിന്റെ കാഴ്ചക്കാരന്‍ മാത്രമല്ല അതിന്റെ ഇര കൂടിയാണ്. ഈ തിരിച്ചറിവ് വൈകിയാണെങ്കിലും മനുഷ്യനെ വിവേകത്തിന്റെ വഴിയില്‍ കുറച്ചെങ്കിലും എത്തിച്ചിട്ടുണ്ട് .1997 -ലെ ക്യോട്ടോ പ്രോട്ടൊക്കോളിന് ശേഷം 2016-ല്‍ നിലവില്‍ വന്ന പാരിസ് ഉടമ്പടി ശുഭോദാര്‍ക്കമാണ്. പാരിസ് ഉടമ്പടി അനുസരിച്ച് ആഗോളതാപനം, വ്യാവസായിക വിപ്ലവത്തിന് മുമ്പേയുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ , 2 ഡിഗ്രിയില്‍ കുറവായി (1.5 ഡിഗ്രിയാണ് അഭിലഷണീയം) നിലനിര്‍ത്താന്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്. ഈ ഉത്തരവാദിത്തത്തോട് ഉപേക്ഷ വിചാരിച്ചാലോ അതിനെ നിസ്സാരവല്‍ക്കരിച്ചാലോ, വംശനാശങ്ങളുടെ മഹാപട്ടികയില്‍ നമുക്ക് അതിവേഗം സ്വയം കൂടാം. മനുഷ്യന്‍ കെട്ടിപ്പൊക്കിയ അംബരചുംബികളും റോഡുകളും ഡാമുകളുമൊക്കെ മണ്ണിനടിയില്‍ അമര്‍ന്നമരും: ശതകോടി വര്‍ഷങ്ങളായി അനസ്യൂതം തുടരുന്ന പരിണാമകഥയില്‍ മനുഷ്യനെപ്പോലെ ബുദ്ധി വളര്‍ച്ച നേടിയ മറ്റൊരു ജീവി- അത് എലിയുടെയോ പന്നിയുടെയോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ജീവിയുടെ പിന്‍ഗാമി - വംശനാശങ്ങളുടെ കഥകള്‍ തിരയുമ്പോള്‍ മനുഷ്യനും അവന്റെ മഹാനഗരങ്ങളും കേവലം മില്ലി മീറ്ററുകളുടെ കനത്തിലുള്ള ശിലാപാളിയായി സ്വയംകൃത വംശനാശത്തിന്റെ കഥ പറയും. 

(മനുഷ്യന്‍ പല ജീവികളുടേയും വംശനാശത്തിന് കാരണക്കാനാണെങ്കിലും, അതൊന്നും തന്നെ ഒരു കൂട്ടവംശനാശത്തിന്റെ സ്വഭാവത്തില്‍ ഉള്ളതല്ലെന്നും, അതുകൊണ്ട് തന്നെ ആറാം കൂട്ടവംശനാശത്തിന്റെ തുടക്കം ഇതുവരെ ആയിട്ടില്ലെന്ന് കരുതുന്നവരും ശാസ്ത്രലോകത്തുണ്ട്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com